മക്കയിലെ ശരീഫുമാരും ഉസ്മാനിയ ഖിലാഫത്തും

 

 

ഹിജ്ര നാലാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ ഒമ്പതര നൂറ്റാണ്ടു കാലം മക്ക മദീനയിലെ ഹറമുകള്‍ അടങ്ങുന്ന ഹിജാസില്‍ അധികാരം നടത്തിപ്പോന്ന ‘അഹ്ലുല്‍ ബൈത്ത്’ ഭരണാധികാരികളാണ് ശരീഫുമാര്‍ എന്നറിയപ്പെട്ടത്. ഇക്കാലയളവില്‍ കഴിഞ്ഞുപോയ അബ്ബാസി, ഫാത്വിമി, അയ്യൂബി, മംലൂകി, സ്വുലൈഹീ, ഉസ്മാനി ഭരണാധികാരികളുടെ സാമന്തന്മാരായി അവസരോചിതം നിറം മാറി ഭരണം കയ്യാളിയ ശരീഫുമാര്‍, ഒടുവില്‍ ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ച് വിശുദ്ധ ഹറമുകളില്‍ കുഴപ്പം സൃഷ്ടിക്കുകയും, ഖലീഫ പദവിക്ക് വേണ്ടി ഗൂഡ നീക്കം നടത്തുകയും, സുഊദി ഭരണവംശത്തിന്‍റെ ആഗമനത്തോടെ ഭരണ രംഗത്തു നിന്നും നീക്കപ്പെടുകയും ചെയ്യുകയായിരുന്നു. ശരീഫുമാരുടെ ചരിതം ഹ്രസ്വമായി പരിചയപ്പെടാം.

‘പ്രവാചക കുടുംബ’മായ ജഅഫരികളും അബ്ബാസികളും അലവികളും ഒരുപോലെ ആദ്യകാലങ്ങളില്‍ ‘ശരീഫ്’ എന്ന ബഹുമതി നാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. അബ്ബാസികളുടെ ഭരണം ശക്തമായിരുന്ന കാലഘട്ടത്തില്‍ പോലും അങ്ങനെയായിരുന്നു. അബ്ബാസികളുടെ കാഴ്ചപ്പാടില്‍ പുത്രിയിലൂടെ കടന്നുവരുന്ന കുടുംബ ബന്ധത്തേക്കാള്‍ മഹത്തരം പിതൃവ്യരിലൂടെ വരുന്ന ബന്ധങ്ങള്‍ക്കായിരുന്നു. അതായത്, നബി സ്വ യുടെ പുത്രി ഫാത്വിമ (റ) യില്‍ അലി(റ) നു ജനിച്ച മക്കള്‍ പരമ്പരയേക്കാള്‍ മഹത്തരമായ ‘നബി ബന്ധം’ അബ്ബാസ് (റ) ന്‍റെ സന്താന പരമ്പരയ്ക്ക് ആണെന്ന് അവര്‍ വിശ്വസിച്ചു. എന്നിരുന്നാലും, അബ്ബാസികളെയെന്ന പോലെ ജഅഫരികളെയും അലവികളെയും (ഫാത്വിമയിലും മറ്റു പത്നിമാരിലും ജനിച്ചവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു) അവര്‍ ശരീഫ് മഹത്വം നല്‍കി ആദരിച്ചു. പിന്നീട്, അബ്ബാസി ഭരണം ദുര്‍ബ്ബലമായ ഘട്ടത്തില്‍, ഫാത്വിമികള്‍  ശക്തിയാര്‍ജ്ജിച്ചപ്പോള്‍ അലി-ഫാത്വിമ ദമ്പതികളുടെ മക്കള്‍ പരമ്പരയില്‍ ഉള്ളവര്‍ക്ക് മാത്രമായി ശരീഫ് ബഹുമതി പരിമിതപ്പെടുത്തി. നബി പുത്രി ഫാത്വിമയിലേക്ക് ചേരുന്ന പാരമ്പര്യം വ്യാജമായി അവകാശപ്പെട്ട ഇവര്‍, ആ അവകാശവാദത്തെ തീവ്രമായി സ്ഥാപിക്കാന്‍ കൂടിയായിരുന്നു ഇങ്ങനെയൊരു ‘തലവെട്ട്’ ആരംഭിച്ചത്. അലിയാരുടെ മൂത്ത പുത്രന്‍ ഹസന്‍ റ ന്‍റെ പാരമ്പര്യമുള്ള ‘ഹസനി’യും, സഹോദരന്‍ ഹുസൈന്‍ റ ന്‍റെ പാരമ്പര്യത്തിലുള്ള ‘ഹുസൈനി’യും ഇക്കാലത്ത് ശരീഫ് തന്നെയായിരുന്നു. കാലക്രമത്തില്‍ ഇവരുടെ അംഗസംഖ്യ വര്‍ദ്ധിച്ചപ്പോള്‍, ഹസനികള്‍ ശരീഫ് ആയും ഹുസൈനികള്‍ സയ്യിദ് ആയും വക/വഴിതിരിഞ്ഞു.

മക്ക- മദീനയില്‍ നിന്നും കൂഫയിലേക്കും സിറിയയിലേക്കും ബാഗ്ദാദിലേക്കും ഭരണകേന്ദ്രം മാറുകയും ഹറം നാടുകള്‍ സാമന്തന്‍മാരായ പ്രാദേശിക നേതാക്കളുടെ അധികാരത്തിനു കീഴിലാവുകയും ചെയ്ത പശ്ചാത്തലത്തില്‍, ഹറമുകളില്‍ രാഷ്ട്രീയ കലാപങ്ങള്‍ക്കും അട്ടിമറികള്‍ക്കും അധികാരവെട്ടിപ്പിടുത്തങ്ങള്‍ക്കും പരസ്യമായും രഹസ്യമായും അലവികള്‍ രംഗത്തുവന്നു.

ഉമവികള്‍ക്കെതിരെയും അബ്ബാസികള്‍ക്കെതിരെയും അലവികള്‍ നയിച്ച നിരവധി രാഷ്ട്രീയ കലാപങ്ങളാല്‍ ഇരുഹറമുകള്‍ ഏറെക്കാലം പ്രക്ഷുബ്ധമായി. ‘അലവി’ കളുടെ പ്രച്ഛന്ന വേഷമണിഞ്ഞും  ഖറാമിത്വികളെ പോലുള്ള ചില ഭീകരസംഘങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ പരിശുദ്ധ ഹറമുകള്‍ രക്തപങ്കിലമായി. വിശുദ്ധ മസ്ജിദുകള്‍ അടച്ചിടപ്പെട്ടു; ഹജ്ജ് തടസ്സപ്പെട്ടു; വിശ്വാസികള്‍ അനേകം കൊല്ലപ്പെട്ടു. രണ്ടും മൂന്നും നാലും അഞ്ചും നൂറ്റാണ്ടുകളില്‍, ഹറമുകളില്‍ മാത്രമല്ല, വിവിധ മുസ്‌ലിം നാടുകളില്‍, അതാതിടങ്ങളില്‍ സംഘടിച്ച ‘അലവിയ്യ’ സംഘങ്ങളുടെ രാഷ്ട്രീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്.

ഹസനീ സംഘത്തിലെ പ്രമുഖനായ ജഅഫറുബ്നു മുഹമ്മദ്‌ 358/968 ല്‍ മക്ക മുകര്‍റമ കീഴടക്കുകയും, അബ്ബാസികളുമായുള്ള ബൈഅത്ത് തള്ളിക്കളഞ്ഞ് കൈറോവിലെ ഫാത്വിമകളുടെ സാമന്തന്മാരായി വിളംബരം ചെയ്യുകയും, ഖുത്വുബകളില്‍ ഫാത്വിമീ ഭരണാധികാരികളുടെ പേരുകള്‍ പറഞ്ഞ് പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടാണ്, മക്കയില്‍ ശരീഫ് ഭരണത്തിന് നാന്ദികുറിക്കുന്നത്. ഇതിനെത്തുടര്‍ന്ന്, രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, ഹുസൈനീ സംഘത്തിലെ ത്വാഹിര്‍ ബ്നു മുസ്‌ലിം മദീന കീഴടക്കുകയും ഫാത്വിമീ ഭരണത്തിന് ‘സിന്ദാബാദ്’ മുഴക്കുകയും ചെയ്തു. ഈജിപ്തിന് പുറമേ ഹറമുകളിലും പിന്തുണ ലഭിച്ചതോടെ, ഫാത്വിമികള്‍ മുസ്‌ലിം ലോകത്തെ എണ്ണപ്പെട്ട ശക്തിയായി പരിഗണിക്കപ്പെട്ടു. മക്ക മദീന നഗരികളിലെ ശരീഫുമാര്‍ക്ക് ഈജിപ്തില്‍ നിന്നും സാമ്പത്തിക-രാഷ്ട്രീയ- സൈനിക സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. (സാമന്തന്‍മാര്‍ക്ക് ഇങ്ങോട്ടു ‘കപ്പം’ കൊടുക്കുകയാണ് ‘ഖിലാഫത്തി’ലെ പതിവ്)

മക്ക കീഴടക്കിയ ജഅഫറുബ്നു മുഹമ്മദ്‌ ശരീഫുമാരില്‍ മൂസവിയായിരുന്നു. (പിതാമഹന്‍ മൂസയിലേക്ക് ചേര്‍ത്ത് മൂസവികള്‍ എന്നാണ് ഇവരെ പറയുക) ജഅഫറിനു(380/990) ശേഷം പുത്രന്‍ ഈസാ നാലുവര്ഷം ശരീഫ് പദവിയില്‍ ഭരിച്ചു. ശേഷം സഹോദരന്‍ അബുല്‍ ഫുത്തൂഹ് എന്ന ഹസന്‍ നീണ്ട നാല്പത്തി ആറു വര്ഷം ശരീഫ് ആയി വാണു. പിന്നെ മകന്‍ ശുക്ര്‍ പതിമൂന്ന് വര്‍ഷം. ഇതോടെ ആദ്യഘട്ടം (മൂസവികളുടെ ഭരണം) അവസാനിച്ചു. തൊണ്ണൂറ്റി അഞ്ചു വര്‍ഷം.

രണ്ടാം ഘട്ടത്തില്‍ സുലൈമാനികളായിരുന്നു ശരീഫുമാര്‍. സുലൈമാന്‍ ബ്നു ദാവൂദ് ഇവരുടെ കുലപിതാവ്. വെറും രണ്ടുവര്‍ഷം മാത്രം. ഫാത്വിമികളെ വിട്ട് അബ്ബാസികളുടെ കൂടെ കൂടിയ ഇവരെ യമനിലെ സ്വുലൈഹീ (ഫാത്വിമി ഭരണത്തെ പിന്തുണച്ച ഇസ്മാഈലികളായിരുന്നു ഇവര്‍) ഭരണാധികാരി കടന്നാക്രമിക്കുകയും, ഫാത്വിമികളെ പിന്തുണക്കാമെന്ന കരാര്‍ നല്‍കിയപ്പോള്‍ ഹാശിമികളെ ശരീഫ് സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. അതോടെ ശരീഫ് ഭരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു.

അബൂ ഹാശിം മുഹമ്മദ്‌ ബ്നു ജഅഫറായിരുന്നു ഹാശിമിയായ ആദ്യ ശരീഫ്. കൂടുതല്‍ ‘വിഭവങ്ങള്‍’ നല്‍കുന്നതാരെന്ന് നോക്കി ഇവര്‍ ഇടയ്ക്ക് അബ്ബാസികളെയും പിന്തുണച്ചുകൊണ്ട് ഫാത്വിമികളെ ‘ഭയപ്പെടുത്തി’ ക്കൊണ്ടിരുന്നു. മുപ്പത് വര്ഷത്തിനു ശേഷം, അബൂ ഹാശിം മരണപ്പെട്ടപ്പോള്‍, പുത്രന്‍ ഖാസിം ശരീഫായി, 474/1091 ല്‍. ഇക്കാലത്താണ് അബ്ബാസി സൈന്യാധിപന്‍ ഉസ്ബഹീദ് മക്ക ശരീഫിനെ ആക്രമിക്കുന്നത്. ഖാസിമിന് ശേഷം(518/1121) പുത്രന്‍ ഫലീത്ത(527/1132) ശരീഫായി. പിന്നീട് പുത്രന്മാര്‍ക്കിടയില്‍ അധികാരത്തര്‍ക്കം ഉയര്‍ന്നു. ഹാശിം അധികാരസ്ഥനായി, പതിനെട്ടു വര്‍ഷം. പിന്നെ മകന്‍ ഖാസിം. പിതൃവ്യന്‍ ഈസാബ്നു ഫലീത്ത കുഴപ്പമുണ്ടാക്കി, അധികാരം പിടിച്ചെടുത്തു(556/1160). ഇക്കാലത്താണ് സുല്‍ത്വാന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി ശക്തി പ്രാപിക്കുന്നത്. തുടര്‍ന്ന്, ഈസായുടെ മക്കള്‍, ദാവൂദും മുക്സിറും ശരീഫായി വാണു. മുക്സിറായിരുന്നു അവസാനത്തെ ഹാശിമീ ശരീഫ്. ഇദ്ദേഹത്തിന്‍റെ കാലത്ത് ഭരണം പാടേ ദുര്‍ബ്ബലമായിരുന്നു. യമ്പുഇല്‍ പാര്‍ത്തിരുന്ന ഖത്താദത്ത് ബ്നു ഇദ്രീസ്(മറ്റൊരു തറവാട്ടുകാരനായിരുന്നു) അവസരം മുതലെടുത്ത്‌, അധികാരം പിടിച്ചെടുത്തു. ശരീഫ് ഭരണം നാലാം ഘട്ടത്തിലേക്ക് കടന്നു.
ഖത്താദാത്ത് ശരീഫുമാരുടെ ഭരണം ആരംഭിക്കുന്നത് 597/1200 ലായിരുന്നു. ഇവര്‍ തുടര്‍ന്ന് ഏഴര നൂറ്റാണ്ടുകാലം ശരീഫ് പദവിയില്‍ തുടര്‍ന്നു. മിസ്രിലെയും യമനിലെയും ഭരണാധികാരികളുമായി മാറിമാറി ബന്ധം ‘ഉറപ്പിച്ചു’ ഇവര്‍ മുന്നോട്ടുപോയി. ശരീഫ് അബൂ നമീയുടെ കാലത്താണ് ഈജിപ്തില്‍ മമാലിക്കുകള്‍ അധികാരത്തിലെത്തുന്നത്. അവര്‍ ഹിജാസിലേക്ക് അധികാരത്തിന്‍റെ കൈകള്‍ നീട്ടി. പക്ഷേ, അബൂ നമീ യമനിലേക്ക് കൂറ് തിരിച്ചു. അബൂ നമീക്ക് ശേഷം(701/1301) മക്കള്‍ അധികാര വടംവലി തുടര്‍ന്നപ്പോള്‍ , മംലൂകികള്‍ ഹിജാസില്‍ ഇടപെടുകയും, അവര്‍ക്ക് പിന്തുണ നല്‍കുന്ന ശരീഫിനു സ്ഥാനം നല്‍കുകയും ചെയ്തു. ഈജിപ്തിലേക്ക് നോക്കുന്ന ശരീഫ്മാരുടെ കാലം മുന്നോട്ടുപോയി. ശരീഫ് ബറകാത്ത് ബ്നു മുഹമ്മദ്‌ ആയിരുന്നു അവസാനത്തെ മംലൂകി ബാന്ധവമുള്ള ശരീഫ്. മംലൂകി രാജന്‍ ഖ്വാന്‍സൂ ഗൌറിയുമായി നല്ല ബന്ധമായിരുന്നു ഇദ്ദേഹത്തിന്. മകന്‍ അബൂ നമീ (രണ്ടാമന്‍) ശരീഫ് അധികാര നിര്‍വ്വഹണത്തില്‍ പങ്കെടുത്തു. 923/1517 ല്‍ ഉസ്മാനികള്‍ ഈജിപ്ത് കീഴടക്കുകയും, മുസ്‌ലിം ലോകത്തിന്‍റെ ഖിലാഫത്ത് ഏറ്റെടുക്കുകയും ഹിജാസ് കീഴില്‍ വരികയും ശരീഫ്മാര്‍ തുര്‍ക്കിയിലേക്ക് കൂറ് തിരിക്കുകയും ചെയ്തു.

ഉസ്മാനികളുടെ കാലത്തെ ശരീഫുമാര്‍

ഹിജാസ് സാമ്രാജ്യത്തിന്‍റെ ഭാഗമാകുന്നതിന്‍റെ നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ, ഇരു ഹറംശരീഫുമായും ഇവിടത്തെ ഭരണാധികാരികളായിരുന്ന ശരീഫുമാരുമായും ഉസ്മാനി ഭരണാധികാരികള്‍ ഊഷ്മള ബന്ധം സ്ഥാപിച്ചുപോരുന്നുണ്ടായിരുന്നു. ഖിലാഫത്തുകളുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി, പ്രവാചക കുടുംബത്തിന്‍റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ‘നഖീബുല്‍ അശ്രാഫ്’( എന്ന പേരില്‍ ഒരുയര്‍ന്ന കേന്ദ്ര തസ്തിക  ഉസ്മാനീ സുല്‍ത്വാന്‍ ബായസീദ് ഒന്നാമന്‍(791/1379- 805/1402) തുടങ്ങിയിട്ടുണ്ടായിരുന്നു. ‘നഖീബുല്‍ അശ്രാഫി’ന്‍റെ ഓഫീസ് തലസ്ഥാന നഗരിയില്‍ തന്നെ. സാമ്രാജ്യത്തിലെ എല്ലാ നഗരങ്ങളിലും അതിന് റീജിയണല്‍ ഓഫീസ് ഉണ്ടായിരുന്നു. പ്രാദേശിക ഉദ്യോഗസ്ഥനെ ‘ഖാഇമഖാം നഖീബില്‍ അശ്രാഫ്’ എന്ന് വിളിച്ചു. സാമ്രാജ്യത്തിനകത്ത് ജീവിക്കുന്ന എല്ലാ ‘നബി കുടുംബങ്ങളുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു ഇവരുടെ ഡ്യൂട്ടി.
സുല്‍ത്വാന്‍ മുറാദ് രണ്ടാമന്‍ തന്‍റെ കൈകൊണ്ടുതന്നെ പ്രതിവര്‍ഷം ആയിരം സ്വര്‍ണ്ണ നാണയം വീതം സാമ്രാജ്യത്തിലെ ഓരോ നഗരത്തിലെയും ‘നബികുടുംബ’ത്തിന് വിതരണം ചെയ്യുന്നത് പ്രത്യേകം പതിവാക്കിയിരുന്നു. ഈ പതിവ് പില്‍ക്കാല സുല്ത്വാന്മാര്‍ തുടര്‍ന്നു. പുതിയ സുല്‍ത്വാന്‍ അവരോധിതനാകുമ്പോള്‍, അധികാര കസേരയില്‍ ഉപവിഷ്ടനായാല്‍ ആദ്യമായി ബൈഅത്ത് ചെയ്യുന്നത് നഖീബുല്‍ അശ്രാഫ് ആയിരിക്കണം എന്നൊരു ആചാരം തുടങ്ങി. നഖീബ് ആഗതമാകുമ്പോള്‍, സുല്‍ത്വാന്‍ എഴുന്നേറ്റ് ആദരിക്കുന്ന രീതിയും നടപ്പിലായി.

പൊതുവേ, നബി കുടുംബത്തെ ഇങ്ങനെയെല്ലാം ബഹുമാനിച്ചിരുന്ന ഉസ്മാനി സുല്ത്വാന്മാര്‍, ഹിജാസിലെ നബി കുടുംബത്തോട് സവിശേഷമായ അടുപ്പവും ബഹുമാനവും പുലര്‍ത്തിയിരുന്നു. മക്ക മദീന നഗരങ്ങളിലെ നബി കുടുംബങ്ങള്‍, ഉലമാക്കള്‍, സാധുജനങ്ങള്‍ എന്നിവര്‍ക്കായി പ്രതിവര്‍ഷം ദാനധര്‍മ്മങ്ങളും പ്രത്യേക ഉപഹാരങ്ങളും സുര്‍റത്ത് എന്ന പേരിലറിയപ്പെട്ട സമ്മാനപ്പൊതിയും കൊടുത്തയക്കുക പതിവായിരുന്നു. ഉസ്മാനികളുടെ പഴയ തലസ്ഥാന നഗരിയായിരുന്ന അദ്രിനയില്‍ നിന്നും സുല്‍ത്വാന്‍ ബായസീദ് ഒന്നാമന്‍ 791/1389 ല്‍ കൊടുത്തയച്ച സമ്മാനക്കെട്ടില്‍ എണ്ണായിരം സ്വര്‍ണ്ണനാണയം ഉണ്ടായിരുന്നു. ശരീഫുമാര്‍ക്കും ഉലമാക്കള്‍ക്കും ഹറമുകളിലെ ഖാദിമുകള്‍ക്കും വിതരണം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ഇദ്ദേഹത്തിന്‍റെ പുത്രന്‍ സുല്‍ത്വാന്‍ മുഹമ്മദ്‌ ഒന്നാമന്‍ 818/1413 ല്‍ കൊടുത്തയച്ച പാരിതോഷികം പതിനാലായിരം സ്വര്‍ണ്ണ നാണയം അടങ്ങുന്നതായിരുന്നു. ഹറമുകളില്‍ ജീവിക്കുന്ന സാധുജനങ്ങള്‍ക്കും ഇതില്‍ ഓഹരി ഉണ്ടായിരുന്നു. സുല്‍ത്വാന്‍ മുറാദ് രണ്ടാമന്‍റെ കാലമായപ്പോഴേക്കും പാരിതോഷികങ്ങള്‍ വര്‍ദ്ധിച്ചു. അദ്ദേഹം ഖുദ്സിലേക്കും ഇപ്രകാരം സമ്മാനങ്ങള്‍ അയച്ചു. ഹറമിലെ ദരിദ്രജനങ്ങള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും മാത്രമായി വര്‍ഷത്തില്‍ മുവായിരത്തി അഞ്ഞൂറ് ഉസ്മാനി നാണയം അയക്കാന്‍ തുടങ്ങി. അങ്കാറയ്ക്കടുത്ത ഏതാനും ഗ്രാമങ്ങളിലെ വരുമാനം മുഴുവന്‍ ഹറമുകളിലെ ദാരിദ്രര്‍ക്കായി വഖ്ഫ് ചെയ്തു. മരണവേളയില്‍ മക്കയിലെ ദരിദ്രര്‍ക്കും മദീനയിലെ ദരിദ്രര്‍ക്കും ഇത്രയും പണം വേറെവേറെ (3500+3500) നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യാനും അദ്ദേഹം മറന്നില്ല.
പ്രസിദ്ധനായ സുല്‍ത്വാന്‍ മുഹമ്മദ്‌ അല്‍ഫാത്തിഹ് പതിവ് തെറ്റിച്ചില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയ ഉടനെ മക്കയിലെ ഷരീഫിന് സന്തോഷമറിയിച്ചുകൊണ്ട് അദ്ദേഹം കത്തയച്ചു. കൂടെ ശരീഫിനും കുടുംബത്തിനും ദരിദ്ര ജനങ്ങള്‍ക്കും വലിയ പാരിതോഷികങ്ങളും. പണവും വിലപ്പെട്ട വസ്തുക്കളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കത്തിലെ വരികള്‍ ഇങ്ങനെ: ‘മുകളില്‍ സൂചിപ്പിച്ച സംഖ്യയും വസ്തുക്കളും ഞങ്ങളുടെ എളിയ സമ്മാനമാണ്. അതില്‍ ആയിരം ഫലൂരി താങ്കള്‍ക്ക് മാത്രമാണ്. അത് തനിതങ്കം കൊണ്ട് നിര്‍മ്മിച്ചതാണ്. ഗനീമത്ത് മുതലില്‍ നിന്നും നീക്കിവെച്ചതാണവ. ബാക്കി ഏഴായിരം ഫലൂരി ഹറ മിലെ ദരിദ്ര ജനങ്ങള്‍ക്കുള്ളതാണ്. രണ്ടായിരം ഫലൂരി മറ്റ് സയ്യിദന്‍മാര്‍ക്ക് നല്‍കുക. ഹറമില്‍ സേവനം ചെയ്യുന്നവര്‍ക്ക് നല്‍കാനുള്ള ആയിരം ഫലൂരി ഇതിലുണ്ട്. ബാക്കിയുള്ള നാണയങ്ങള്‍ മക്കയിലെയും മദീനയിലെയും  ആവശ്യക്കാര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുമല്ലോ.’

ഹിജാസിലെ പല പ്രമുഖരും ഉസ്മാനികളുമായി നേരത്തെ ബന്ധം പുലര്‍ത്തിവന്നു. മക്കയിലെ ഖത്വീബ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ഇറാഖി, ശിഹാബുദ്ധീന്‍ ബ്നുല്‍ ഹുസൈന്‍ അല്‍അലീഫ് തുടങ്ങിയവര്‍ സുല്‍ത്വാന്‍ ബായസീദ് രണ്ടാമനുമായി അടുത്ത ബന്ധമുള്ളവര്‍ ആയിരുന്നു; അവര്‍ സുല്ത്വാനെ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഹറമിലെ പ്രമുഖര്‍ എന്ന നിലയ്ക്ക് സുല്‍ത്വാന്‍ അവരെ വളരെയേറെ ബഹുമാനിച്ചിരുന്നു. സുല്ത്വാനുമായി അടുപ്പമുള്ള ധാരാളം പേര്‍ വേറെയുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം മനം നിറയെ സമ്മാനങ്ങളും ലഭിച്ചു. സുല്‍ത്വാന്‍ ബായസീദ് രണ്ടാമന്‍ കേന്ദ്രത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍ മക്കക്കാര്‍ക്കും മദീനക്കാര്‍ക്കും വേറെവേറെയാക്കി. ബലിപെരുന്നാള്‍ സമയത്ത് പ്രതിവര്‍ഷം ഓരോ ഹറ മിലേക്കും നാലായിരം സ്വര്‍ണ്ണക്കട്ട വീതം കൊടുത്തയച്ചു. ഹറമുകള്‍ പരിപാലിക്കാന്‍ ആവശ്യമായ ചെലവുകള്‍ വഹിക്കാന്‍ തുടങ്ങി. അദ്നാ, തുര്‍ത്വൂസ് തുടങ്ങിയ നാടുകളിലെ ഹറമുകളിലേക്കുളള വര്‍ദ്ധിച്ച വഖ്ഫ് വരുമാനങ്ങള്‍ ഇസ്കന്ദരിയ്യ തുറമുഖം വഴി കപ്പല്‍ മാര്‍ഗ്ഗം എത്തിക്കാന്‍ ഈജിപ്ത് ഭരിച്ചിരുന്ന മംലൂകി ഭരണാധികാരികളുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. സുല്‍ത്വാന്‍ സലീം, ഈജിപ്ത് കീഴടക്കുന്നതിന് മുമ്പുതന്നെ കേന്ദ്രത്തില്‍ നിന്നും ഹറമിലേക്കുള്ള സമ്മാനങ്ങള്‍ ഇരട്ടിയാക്കി. ഹറമുകളിലെ ശരീഫുമാര്‍ അപ്പോഴും കൂറ് കാണിച്ചത്  മറ്റ് ഭരണകൂടങ്ങളോടായിരുന്നു. തങ്ങളുടെ ഭരണ പ്രദേശമല്ലാതിരുന്നിട്ടും ഉസ്മാനികള്‍ ഹറമുകളോടും ഇവിടത്തെ നബി കുടുംബത്തോടും ജ്ഞാനികളോടും ജനങ്ങളോടും സ്നേഹാദരവുകള്‍ കാണിച്ചു.

ഹറം ഉസ്മാനി കള്‍ ക്ക് വഴങ്ങു ന്നു….

തുടരും.

Leave a Reply