സമരവും സ്ത്രീ മുഷ്ടിയും ..
അറിയുക:
നബി സ്വ ജീവിച്ചിരിക്കുന്ന കാലത്ത് ജിഹാദ് മുസ്ലിംകളുടെ കൂട്ടുത്തരവാദിത്തം ആയിരുന്നു. എന്നാല് അവിടുത്തെ കാലശേഷം ശത്രുക്കളായ അവിശ്വാസികളുടെ (കുഫ്ഫാര്) നില രണ്ടാണ്. ഒന്ന്: അവര് അവരുടെ നാട്ടില് ശത്രുതയോടെ നിലകൊള്ളുന്നു. ഈ ഘട്ടത്തില് മുസ്‌ലിം രാജ്യത്തെ മുസ്‌ലിം ജനതയ്ക്ക് പ്രതിവര്ഷം അവര്ക്കെതിരെ ജിഹാദ്ചെയ്യല് സാമൂഹ്യ ബാധ്യത/ കൂട്ടുത്തരവാദിത്തം മാത്രം. ഇതിനു മതിയായ അത്രയും പേര് സജ്ജരായാല് മറ്റുള്ളവുടെ ബാധ്യത ഇല്ലാതായി. നാം ജീവിക്കുന്ന നാട്ടിലേക്ക് ശത്രുക്കള് കടന്നുവരുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഈ ഘട്ടത്തില് അന്നാട്ടിലെ ശക്തരായ പ്രായപൂര്ത്തി എത്തിയ മാനസികനില തകരാറില് ആകാത്ത ഓരോ മുസ്ലിമിനും വ്യക്തിഗത ബാധ്യതയാണ് പ്രതിരോധം. ദരിദ്രര്ക്കും മക്കള്ക്കും കടബാധ്യതനും അടിമയ്ക്കും പ്രതിരോധ സമരം ബാധ്യതയായി. മാതാപിതാക്കളുടെയോ കടം നല്കിയവനന്റെയോ യജമാനന്റെയോ സമ്മതം ആവശ്യമില്ല. ഏത് ദേശത്താണോ ശത്രു കയറിയത്, അതിനു ചുറ്റും നൂറ്റി മുപ്പത് കിലോമീറ്റര് പരിധിയില് ചുറ്റും ജീവിക്കുന്ന മുസ്ലിംകള്ക്കാണ് ആദ്യ ഘട്ടത്തില് പ്രതിരോധ മുന്നേറ്റം ബാധ്യതയാകുന്നത്. ഈ ദൂര പരിധിയില് ഉള്ളവര് മതിയാകാതെ വരികയോ അവര് ഉത്തരവാദിത്തം നിര്വ്വഹിക്കാതെ കീഴടങ്ങുകയോ ചെയ്യുന്ന ഘട്ടത്തില്, നേരത്തെ യുള്ള ദൂര പരിധിയ്ക്കപ്പുറം നൂറ്റി മുപ്പത് കിലോമീറ്റര് ചുറ്റുമുള്ള സകലര്ക്കും വ്യക്തിഗത ബാധ്യതയായി പ്രതിരോധ സമരം.”
വിശദീകരണ കുറിപ്പ്
———————–
ജിഹാദ് വിവിധ ഇനമാണ്. ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിതമായ നാടിന്റെ അഥവാ ഭരണകൂടത്തിന്റെ നേതൃത്വത്തില് നിര്വ്വഹിക്കേണ്ട പ്രതിവര്ഷ ഉത്തരവാദിത്തത്തില് വരുന്ന ജിഹാദ് ഉണ്ട്. ആക്രമണ താല്പര്യത്തോടെ സൈനിക സജ്ജരായി നില്ക്കുന്ന ശത്രു രാജ്യത്തെ ലക്‌ഷ്യം വെച്ചുള്ളതാണ് ഇതിന്റെ ഒരു സാഹചര്യം. പീഡനം അനുഭവിക്കുന്ന, വിശ്വാസ സ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും തടയപ്പെടുന്ന മറ്റ് രാജ്യങ്ങളിലെ ദുര്ബ്ബലരെ സഹായിക്കാനുള്ളതാണ് മറ്റൊരിനം. മുസ്‌ലിം രാജ്യത്തോട് വൈരം വെച്ചു പുലര്ത്തുകയും വ്യാപാരാദി ബന്ധങ്ങള് നിഷേധിക്കുകയും മനുഷ്യ ഭൂവിഭവങ്ങളും ഉത്പന്നങ്ങളും തടയുകയും മുസ്‌ലിം പ്രബോധകര്ക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷവും ഇത്തരമൊരു ജിഹാദിന് നേതൃത്വം നല്കാന് ഖലീഫയെ പ്രേരിപ്പിക്കുന്നു. ഖലീഫ നേതൃത്വം/ ആഹ്വാനം ചെയ്യുന്ന ജിഹാദാണിത്. ഇതില് പങ്കെടുക്കുക അന്നാട്ടുകാരായ മുസ്ലിംകളുടെ സാമൂഹ്യ ബാധ്യതയാണ്. ശാരീരിക ശേഷിയും യുദ്ധ സന്നാഹങ്ങളും ഉള്ളവര്ക്ക് മാത്രമാണ് ഈ ജിഹാദ് സാധാരണ ഗതിയില് ബാധ്യതയാകുന്നത്. എല്ലാവരുടെയും ബാധ്യതയല്ല. സ്ത്രീകള്ക്കും കുട്ടികള്ക്കും ദുര്ബ്ബലര്ക്കും ഇതില് പങ്കെടുക്കല് നിര്ബന്ധമില്ല. എന്നുവെച്ചാല് അവരെ നിര്ബന്ധിക്കരുത് എന്നര്ത്ഥം. ഭര്ത്താവിന്റെ അനുമതി ഉണ്ടെങ്കില് മാത്രം സ്ത്രീകള്ക്കും, മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം വിവേകമുള്ള കുട്ടികള്ക്കും പുണ്യം പ്രതീക്ഷിച്ച് പങ്കെടുക്കുന്നതിന് വിരോധമില്ല. വാജിബില്ല എന്നതിനര്ത്ഥം അവര് പങ്കെടുക്കരുത് എന്നല്ല. അങ്ങനെ ചിലര് തെറ്റായി വായിച്ചിരിക്കുന്നു. ഇയ്യാവശ്യാര്ത്ഥമുള്ള സൈനിക മുന്നേറ്റത്തില് സ്ത്രീ പടയാളികള് ആവശ്യമാണെന്ന് സൈന്യാധിപന് ബോധ്യമാകുന്ന സാഹചര്യത്തില് സ്ത്രീകളെ നിര്ബന്ധ റിക്രൂട്ട്മെന്റ്നടത്താം. അപ്പോള് ഭര്ത്താക്കള് അനുവാദ പത്രം എഴുതിക്കൊടുക്കണം. സ്ത്രീ പടയാളികള് അനിവാര്യമായിട്ടും ഭര്ത്താക്കന്മാര് ആരും അവര്ക്ക് അനുവാദം നല്കുന്നില്ലെങ്കില്, ഖലീഫയ്ക്ക് ഭര്ത്താവിനു മേല് അധികാരം പ്രയോഗിക്കാവുന്നതും സന്നദ്ധരായ പോരാളിനികളെ യുദ്ധത്തിന് കൊണ്ടുപോകാവുന്നതുമാണ്.
എ ല്ലാ സാമൂഹ്യ ബാധ്യതകളും പുരുഷന്മാരെപ്പോലെ ഓരോ സ്ത്രീക്കും ബാധകമാണ് എന്ന തെറ്റായ വായനയും സമുദായത്തില് ചിലര്ക്കുണ്ട്. ‘ലാ ജിഹാദ അലാ സ്വബിയ്യിന് വംറഅ:’ – സ്ത്രീകള്ക്കും കുട്ടികള്ക്കും പരാമൃഷ്ട ജിഹാദ് ബാധ്യത ഇല്ല’ എന്ന് എല്ലാ ഉലമാക്കളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവിയും ഇമാം കസാനിയും ഇമാം ഇബ്നു ഖുദാമയും ഇവ്വിഷയത്തില് ഏക സ്വരത്തിലാണ്. സൂറ അന്ഫാല് അറുപത്തഞ്ചാം സൂക്തത്തില്, “നബിയോരേ, സത്യവിശ്വാസികളെ അങ്കത്തിന് പ്രേരിപ്പിക്കുക” എന്ന സൂക്തത്തില് വിശ്വാസിനികളെ ഉള്പ്പെടുത്തിയിട്ടില്ല എന്നതു തന്നെ കാരണം. നബി സ്വ യുടെ അധ്യാപനങ്ങളും നടപടികളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. നബി സ്വ നേരിട്ട് നേതൃത്വം നല്കിയ യുദ്ധങ്ങളിലും യുദ്ധസജ്ജമായ യാത്രകളിലും അനുയായികളെ പറഞ്ഞയച്ച യുദ്ധങ്ങളിലും വിരലില് എണ്ണാവുന്ന സ്ത്രീകളുടെ സാന്നിദ്ധ്യം മാത്രമാണ് കാണുക. മുറിവേറ്റവരെ ശുശ്രൂഷിക്കുക, ജലസൗകര്യം ഒരുക്കുക പോലുള്ള പ്രത്യേക ആവശ്യങ്ങള്ക്ക് കൂടെ വന്നവരാണ് അവര് പോലും. യുദ്ധക്കളം ലക്ഷ്യമാക്കിയല്ല. അല്ലാമാ ഇബ്നുല് ഹുമ്മാം വ്യക്തമാക്കുന്നു: ‘യുദ്ധത്തില് മുറിവ് പറ്റുന്നവര്ക്ക് മുറിവ് കെട്ടാനും ശുശ്രൂഷിക്കാനും അവര്ക്ക് ജലപാന സൗകര്യങ്ങള് തീര്ക്കാനും സ്ത്രീകളെ കൊണ്ടുപോകുന്നു വെങ്കില് അതിനുത്തമം വൃദ്ധകളാണ്.. അനിവാര്യ ഘട്ടങ്ങളില് ഒഴികെ സ്ത്രീകളെ യുദ്ധങ്ങളില് പങ്കെടുപ്പിക്കരുത്. കാരണം, സ്ത്രീകള് രംഗത്തിറങ്ങി പടവെട്ടാന് മാത്രം മുസ്‌ലിംകള് ദുര്ബ്ബലരായിത്തീര്ന്നിട്ടുണ്ടെന്ന് ശത്രുക്കള് മനസ്സിലാക്കാന് ഇടവരും. ഉമ്മു സുലൈം ഹുനൈന് പടക്കളത്തില് ഇറങ്ങിയത് അനിവാര്യ ഘട്ടത്തിലായിരുന്നു. നബി സ്വ ആ പോരാട്ടത്തെ സമ്മതിക്കുകയും ശ്ലാഘിക്കുകയും ചെയ്തു…” (മിര്ഖാത്ത്)
 
എന്നാല്, മുസ്ലിംകള് ജീവിക്കുന്ന രാജ്യത്തേക്കോ, മഹല്ലുകളിലേക്കോ ചേരികളിലേക്കോ വീടുകളിലേക്കോ ആക്രമണ ലക്ഷ്യത്തോടെ ശത്രുക്കള് കടന്നുവന്നാല്, ആക്രമണ ലക്ഷ്യത്തോടെ നൂറ്റി മുപ്പത് കിലോമീറ്റര് പരിധിക്കുള്ളില് തമ്പടിച്ചാല്, ആ രാജ്യത്ത്/ചേരിയില്/മഹല്ലില്/ വീട്ടില് പാര്ക്കുന്ന എല്ലാ വ്യക്തികള്ക്കും സാധ്യമായ നിലയില് ജിഹാദ് നിര്ബന്ധമായി. ഇത് പ്രതിരോധ നടപടിയാണ്; സാങ്കേതികമായി ഇസ്ലാമിക പ്രമാണങ്ങളില് ജിഹാദ് എന്ന് ഈ പ്രതിരോധ പോരാട്ടത്തെയും പരിചയപ്പെടുത്തുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് വന്നാല് മാത്രമല്ല, മുസ്‌ലിം രാജ്യത്തേക്ക് കടന്നാല് തന്നെ സ്ത്രീകള്ക്കും കുട്ടികള്ക്കും പ്രതിരോധം ബാധ്യതയായി. ആവശ്യമനുസരിച്ച് നേരിട്ട് ഇടപെടണം. നാട്ടിലെ മസ്ജിദ് ആക്രമിക്കപ്പെടുന്നു, സമുദായത്തിലെ ഒരു യുവതിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നു എന്നീ സമാനമായ ഏതിനം ആക്രമണവും പ്രതിരോധം അനിവാര്യമാക്കുന്ന ജിഹാദില് പെടുന്നു.
നാട്ടിലും വീട്ടിലും കയറി അന്യായവും അക്രമവും കാണിക്കുമ്പോള് സ്ത്രീകള് ഭര്ത്താക്കന്മാരുടെയോ, മക്കള് മാതാപിതാക്കളുടെയോ, കരാര് തൊഴിലാളി യജമാനന്റെയോ സമ്മതം കാത്തിരിക്കേണ്ടതില്ല. പ്രതിരോധം എല്ലാ മനുഷ്യരുടെയും അവകാശമാണ്. ആരും ആരുടേയും സമ്മതം കാത്തു നില്ക്കേണ്ട സാഹചര്യം അല്ല അത്.
 
അതാതു കാലത്തെ രാഷ്ട്രീയ /യുദ്ധ /പ്രതിരോധ വഴികള് അടിസ്ഥാനമാക്കിയും ശത്രുവിന്റെ സ്ഥിതി നോക്കിയും വേണം പ്രതിരോധ മുറകള് തീരുമാനിക്കാന്. ഒന്നുറക്കെ ബഹളം വെച്ചാല് പിന്തിരിഞ്ഞു പോകുമെങ്കില് അത്ര മതി. ആയുധം ആവശ്യമാകുന്ന ഘട്ടത്തില് വധം അനിവാര്യമാണെങ്കില് മാത്രം അങ്ങനെ ചെയ്യണം. കല്ലോ വടിയോ എടുത്ത് പ്രായോഗിച്ചെങ്കിലും പ്രതിരോധം തീര്ക്കണം എന്നത്രെ കര്മ്മ ശാസ്ത്രം. ഒറ്റക്ക് സാധ്യമല്ലെങ്കില് സംഘമായി നേരിടണം. അധികാര കേന്ദ്രങ്ങള്ക്കെതിരെയാകുമ്പോള്, അതിനനുസരിച്ചായിരിക്കണം പ്രതിരോധ രീതി. ജനാധിപത്യ രീതി നടപ്പിലുള്ള രാജ്യങ്ങളില് പ്രതിരോധ മുറകള് വ്യത്യാസപ്പെടും. ആക്രമണകാരികളെ മുഖാമുഖം കാണുന്ന ഘട്ടത്തില്, ജനാധിപത്യ വ്യവസ്ഥയിലെ രീതികള് അവലംബിച്ച് പ്രതിരോധിക്കാമെന്ന് കരുതുന്നത് മൌഡ്യമാണെന്ന് ആര്ക്കും അറിയാം. നിയമപാലകര് തന്നെ അക്രമം കാണിക്കുന്ന ഘട്ടവും ഉണ്ടാകാം. അവിടെയും ആവശ്യമെങ്കില് സായുധ പ്രതിരോധം തന്നെയാണ് മനുഷ്യാവകാശം.
 
പഴയ കാലത്ത്, സ്ത്രീകള് യുദ്ധത്തില് അണിനിരക്കുന്നത് ബലഹീനതയുടെ തെളിവായാണ് കണ്ടിരുന്നത്; ‘മതിയായ ആണുങ്ങള് ഇല്ലാത്ത കൂട്ടര്’ എന്ന അര്ത്ഥത്തില്. പ്രതിരോധഘട്ടത്തില് ആ പ്രശ്നം വരുന്നില്ല. ആധുനിക സമൂഹത്തില്, സ്ത്രീകളുടെ സാന്നിധ്യം സംഘബലത്തെയാണ് കാണിക്കുന്നത്; ‘സ്ത്രീകള് പോലും ശക്തരും സജ്ജരും’ എന്ന വായനയ്ക്ക് അതവസരം ഉണ്ടാക്കുന്നു. സ്ത്രീകളുടെ ശബ്ദത്തിനും സാന്നിധ്യത്തിനും വില കല്പിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില് അവരുടെ ശബ്ദം ഉച്ചത്തില് ഉയരുന്നതും അവരുടെ സാന്നിധ്യം കൊണ്ട് പ്രക്ഷോഭങ്ങള് തിളച്ചു മറിയുന്നതും അക്രമിയെ പിന്തിരിപ്പിക്കാന് പര്യാപ്തമാണ്. ജീവിതമോഹത്താല്, മരണ ഭയത്താല് സമര വീര്യം ചോര്ന്നുപോയ പുരുഷന്മാര്ക്ക് പുനര്വിചിന്തനത്തിനുള്ള അവസരം തീര്ക്കുവാനും സ്ത്രീകളുടെ സമരാവേശം ഇടയാക്കും.
 
പ്രതിരോധ ശേഷി മുന്കൂട്ടി ആര്ജ്ജിക്കുന്നതിന് ലോകത്തെ ഒരു നിയമവും തടസ്സമല്ല. സ്ത്രീകള്ക്കും ഇതിന് അവകാശമുണ്ട്. യുദ്ധായുധങ്ങളുടെ ഗണത്തിലുള്ളവ പരിശീലിക്കുന്നത് ഒഴികെ. ശത്രുക്കള് പ്രഥമവും പ്രധാനവുമായി ആക്രമിക്കുക സ്ത്രീകളെയാണ്. അവരെ ബലാല്സംഘം ചെയ്യുകയും പിടിച്ചുകൊണ്ടു പോവുകയും ചെയ്യുന്നത് ഒരു ‘ആക്രമണ മുറ’യായാണ്‌ മനുഷ്യാധമന്മാര് കണ്ടുവെച്ചിരിക്കുന്നത്. മിക്കപ്പോഴും അവരുടെ സംരക്ഷണത്തില് തന്നെയാണ് കുട്ടികളും വീടും സമ്പത്തും. അതായത്, സ്ത്രീകള് അവരെയും കുട്ടികളെയും വീടിനെയും ഒരുവേള സമ്പത്തും സംരക്ഷിക്കേണ്ട നിര്ബന്ധ സാഹചര്യം ഉണ്ടാകുന്നു. ഇക്കാര്യത്തില് അവര് എത്ര ദുര്ബ്ബലരാണോ അത്രയ്ക്ക് ഭീകരമായ പ്രഹരമായിരിക്കും ആക്രമണകാരികള് സമൂഹത്തില് വരുത്തുക. ഒരുവേള പ്രതിരോധം പോലും അസാധ്യമായ ഘട്ടം ഉണ്ടാകാം. ശത്രുക്കള് തന്നെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവര് ഉറപ്പായും തന്നെ വധിക്കുമെന്നും വ്യക്തമാകുന്ന ഘട്ടത്തില്, സാധ്യമാകുന്ന വിധം സ്വശരീരവും ജീവനും രക്ഷപ്പെടുത്താന് പൊരുതുക തന്നെ വേണമെന്നാണ് നിയമം. ആ ഘട്ടത്തില് കീഴടങ്ങരുത്. കീഴടങ്ങുന്ന പക്ഷം, തന്റെ ചാരിത്ര്യം നശിപ്പിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില് മാത്രമേ, കീഴടങ്ങാവൂ. തന്നെ ബലാല്സംഘം ചെയ്യുമെന്ന ഘട്ടത്തില്, ജീവത്യാഗം ചെയ്തു പോരാടുക തന്നെ വേണം.
 
സ്ത്രീകള് പ്രതിരോധ ശേഷി ആര്ജ്ജിച്ച, സമര വീര്യം നേടിയ ഒരു സമൂഹത്തെ ആര്ക്കും കീഴ്പ്പെടുത്തുക സാധ്യമല്ല തന്നെ. പുരുഷകോലങ്ങള് ‘ട്രാന്സ് വിമന്’ ആകാത്ത കാലത്തോളം.
 
പോര്ട്ടുഗീസ്‌ കാപാലികര് മുസ്‌ലിംകള് തിങ്ങി പാര്ക്കുന്ന നാടുകളിലും മുസ്‌ലിം വീടുകളിലും കയറി ആക്രമിക്കാന് തുടങ്ങിയ പശ്ചാത്തലത്തിലാണ് മഖ്ദൂം ജിഹാദിനെക്കുറിച്ചുള്ള ഈ പാഠം തയ്യാറാക്കുന്നത്. അതായത്, പ്രതിരോധ സമരമാണ് ഇവിടെ ജിഹാദ് കൊണ്ട് അര്ത്ഥമാക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിലെ അധികാരികളെ ജിഹാദിന് പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം രചിച്ച തഹ്രീളിലും പ്രതിരോധ സമരമാണ് പ്രമേയം. മുസ്ലിംകളോട് സ്നേഹത്തിലും നീതിയിലും വര്ത്തിച്ച ഇന്നാട്ടിലെ അമുസ്‌ലിം ഭരണകൂടങ്ങള്ക്കെതിരെയായിരുന്നില്ല ജിഹാദ്. തഹ്രീളില് അദ്ദേഹം കുറിക്കുന്നു: “ശാരീരിക കരുത്തും യുദ്ധ സാമഗ്രികളും ഭക്ഷ്യ ശേഖരവുമുള്ള എല്ലാ മുസ്ലിമിന്റെയും ബാധ്യതയാണ് ഇക്കൂട്ടര്ക്കെതിരെയുള്ള ജിഹാദ്. യജമാനന്റെ സമ്മതമില്ലാതെ അടിമയ്ക്കും മാതാപിതാക്കളുടെ അനുവാദമില്ലാതെ മക്കള്ക്കും ഭര്ത്താവിന്റെ അനുമതി കൂടാതെ ശേഷിയുള്ള സ്ത്രീക്കും ഈ ജിഹാദ് ബാധ്യതയാണ്. നിസ്കാരം ചുരുക്കി നിസ്കരിക്കാന് യാത്രക്കാരെ അനുവദിക്കുന്ന ദൂരപരിധിക്കകത്ത് താമസിക്കുന്നവര്ക്ക് ശത്രുക്കളെ പ്രതിരോധിക്കാന് ആവശ്യമായ കാര്യങ്ങള് ചെയ്യാന് സാധിക്കുന്നില്ലെങ്കില് ആ പരിധിക്കപ്പുറത്തുള്ള നാട്ടിലെ മുസ്ലിംകള്ക്കും ഇപ്രകാരം പ്രതിരോധ സമരം ബാധ്യതയാണ്. അഹ്മദ് നബിയുടെ സമുദായാംഗങ്ങളുടെ നാട്ടിലും വീട്ടിലും ശത്രുക്കള് കയറുകയും മതാനുയായികളെ തടവിലിടുകയും ചെയ്തിരിക്കുന്നത് കൊണ്ടാണ് ഈ സമരം അനിവാര്യമായി ത്തീര്ന്നിരിക്കുന്നത്”.(ഇരുപത്താറു മുതല് ഇരുപത്തൊമ്പത് വരെ വരികള്)

പൊതുനിരത്തില് പ്രകടനം നടത്താമോ, തക്ബീര് മുഴക്കാമോ മുഷ്ടി ചുരുട്ടാമോ എന്നൊരു ശങ്ക ഉയര്ന്നുവന്നിട്ടുണ്ട്. സാധാരണ സാഹചര്യത്തില് അതിന് അനുവാദം ഇല്ലെന്ന് മതതാല്പര്യം അറിയുന്ന ആര്ക്കും വ്യക്തമായി അറിയാം. എന്നാല് എല്ലാ സാഹചര്യത്തിലും അങ്ങനെയല്ല. സ്ത്രീക്ക് വാങ്കില്ല, അതിനാല് പരസ്യമായ മുദ്രാവാക്യവും പാടില്ല എന്നൊരു സമീകരണം ചിലരുടെ ഭാഗത്തുനിന്നും കേള്ക്കാനിടയായി. സാധാരണ സാഹചര്യത്തില് നിസ്കാരത്തിന് സമയമറിയിക്കുന്ന വാങ്ക് പുരുഷന്മാരാണ് നിര്വ്വഹിക്കേണ്ടത്. സ്ത്രീ ഉറക്കെ വാങ്ക് മുഴക്കുന്നത് ഹറാം ആണെന്ന് ശാഫിഈ കര്മ്മ ശാസ്ത്ര പണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഒരു ഫിത്ന ഉണ്ടാകുമെങ്കില്. അതായത് അവളുടെ ശബ്ദം കേട്ട്, ശബ്ദസൗന്ദര്യത്തില് വശംവദനായി ഏതെങ്കിലും പുരുഷന്ന് അവളോട്‌ കാമം ഉണര്ന്നാലോ എന്ന നിലയ്ക്ക്. വാങ്ക് മനോഹരമായ ശബ്ദത്തില് മുഴക്കണം എന്നാണല്ലോ. വാങ്ക് മുഴക്കുന്നവരെ നോക്കി നില്ക്കുക എന്നതും സുന്നത്താണ്. ഒരുവേള മനോഹരമായ സ്ത്രീ ശബ്ദം ഉയരുമ്പോള് ഫിത്ന എഴുന്നേറ്റു വരാം. ഈ വാങ്ക് സാമൂഹിക സുന്നത്തില് പെട്ടതാണ് എന്നോര്ക്കണം. പൊതുവേ അത്തരം സാമൂഹിക ഉത്തരവാദിത്തങ്ങള് സ്ത്രീകളുടെ മേല് ചുമത്താറില്ല. അതിനാല് അവള് അപ്പണിക്ക് തുനിയേണ്ട കാര്യമില്ല. എന്നാല്, നിസ്കാരസമയം അറിയിക്കാന് മാത്രമല്ല വാങ്ക്; അതിന് മറ്റുചില ആവശ്യങ്ങളും ഉണ്ട്. തീപിടുത്തം കണ്ടാല് വാങ്ക് വിളിക്കാന് ശാഫിഈ ധാരയിലെ ഗ്രന്ഥങ്ങള് നിര്ദ്ദേശിക്കുന്നു. ; ഇവിടെ പുരുഷനെ കാത്തിരിക്കുന്നില്ല; സ്വകാര്യ മന്ത്രം ആയിട്ടുമല്ല; ഉറക്കെ മുഴക്കണം. ആളുകള് അറിയണം; ജാഗ്രത്താകണം. അഗ്നിബാധ പടരുന്നത് കണ്ട് ഒരുകൂട്ടം സ്ത്രീകള് ഒന്നിച്ച് ഉറക്കെ വാങ്ക് മുഴക്കിയാല് അത് നിഷിദ്ധം ആകില്ല. വാങ്കും പ്രക്ഷോഭവും ഒരുപോലെ കാണുന്നവര് പ്രതിഷേധ പ്രക്ഷോഭങ്ങളിലെ തക്ബീര് അഗ്നിബാധ സമയത്തെ വാങ്കായി കണ്ടാല് മതി,. ശത്രുസൈന്യം കടന്നുവരുന്ന ഘട്ടത്തിലും വാങ്ക് മുഴക്കാന് നിര്ദ്ദേശിക്കുന്നു. അവിടെയും സ്ത്രീ പതുക്കെ ചെവിയില് മന്ത്രിച്ചാല് മതി എന്ന് അനുശാസിക്കുന്നത് പരിഹാസ്യമാണ്. ഒരു പ്രക്ഷോഭത്തിന് വീര്യമുണ്ടാക്കുന്ന പ്രധാനഘടകമാണ് ഉയര്‍ന്ന

ശബ്ദത്തിലുള്ള ആക്രോശങ്ങള്‍, മുദ്രാവാക്യങ്ങള്‍. ദിക്ര്‍ സദസ്സുകള്‍ക്ക് ആവേശം പകരാന്‍ കൊച്ചു നൃത്തങ്ങളും ഉച്ചത്തിലുള്ള വായ്ത്താരികളും ‘പുതുതായി’ സൃഷ്ടിച്ചവര്‍ക്ക് ഇക്കാര്യം വേഗം മനസ്സിലാകേണ്ടതാണ്. സമരക്കാരുടെ ആവേശവും ആര്‍ജ്ജവവും അളക്കുക മുദ്രാവാക്യങ്ങളും ശൂരത പ്രകടപ്പിക്കുന്ന ശരീര ഭാഷയും നോക്കിയാണ്. മയ്യിത്ത് കൊണ്ടുപോകുന്ന പ്രതീതിയല്ല, സമരമുഖത്ത് കാണുക. പെരുന്നാളുകളിലും യുദ്ധം വിജയിക്കുമ്പോഴും സമുദായം പ്രകടിപ്പിക്കുന്ന ആഹ്ലാദ ആരവങ്ങള്‍ എപ്പോഴും അനുവദിക്കുന്നതല്ല.

 

ഏതവസരത്തിലും വസ്ത്ര മര്യാദകളും സ്ത്രീപുരുഷ ഇടപെടലുകളിലും സാമീപ്യത്തിലും കരുതേണ്ട നിയമങ്ങളും പാലിക്കേണ്ടതുതന്നെയാണ്. വ്യത്യസ്ത അഭിപ്രായങ്ങളെ പരിഗണിച്ചാല്‍, മുഖവും മുന്‍കൈകളും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് സാധാരണ സ്ഥിതിയില്‍ അനുവാദമില്ല. ആവേശത്തില്‍ വസ്ത്രം നീങ്ങുന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പുരുഷന്‍ കാമാര്‍ത്തിയോടെ നോക്കിയാലും ഇല്ലെങ്കിലും സ്ത്രീ അവര്‍ക്കുള്ള നിര്‍ദ്ദേശം പാലിക്കണം. സ്ത്രീ പുരുഷ സങ്കലനം, അന്യ പുരുഷനുമായി തനിച്ചാകല്‍, വസ്ത്ര മര്യാദകള്‍ എന്നിക്കാര്യങ്ങളില്‍ ഇസ്‌ലാം ശക്തമായ ഭാഷയില്‍ മുന്നോട്ട് വെക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സമരങ്ങള്‍ ദൈവിക സഹായം വൈകാനേ കാരണമാകൂ. അത്തരം അച്ചടക്ക നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്തത്രയും രംഗം പ്രക്ഷുബ്ധവും അനിയന്ത്രിതവും ആയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ സമരക്കാര്‍, ആണും പെണ്ണും, അവരവരുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കാന്‍ ജാഗരൂകരാകണം. അല്ലാഹുവിന്‍റെ സഹായം അവന്‍റെ വിധിവിലക്കുകള്‍ ലംഘിച്ചുകൊണ്ട് നേടിയെടുക്കുക അസാധ്യമാണെന്ന് സമര മുഖത്തുള്ളവരാണ് മറ്റുള്ളവരേക്കാള്‍ ആലോചിക്കേണ്ടത്. “നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം, അല്ലാഹു നിങ്ങളെ സഹായിക്കുന്നതാണ്”. അവന്‍റെ വിധിവിലക്കുകള്‍ പാലിക്കുകയാണ് നാമവന് ചെയ്യുന്ന പ്രഥമവും പ്രധാനവുമായ സഹായം.  
 
ആരാണ് ശത്രു?
===========
രണ്ടു വിധം ജിഹാദിലും (ശത്രു തന്റെ രാജ്യത്ത് ശാത്രവ നിലപാടുകളോടെ നിലകൊള്ളുന്ന അവസ്ഥയിലും, മുസ്‌ലിം രാജ്യത്ത് കടന്ന അഥവാ കടക്കാന് ലക്ഷ്യമിട്ട് പുറപ്പെട്ട ഘട്ടത്തിലും) ശത്രു എന്നത് കൊണ്ട് വിവക്ഷിക്കുന്നത് അന്യമതക്കാരന് എന്ന അര്ത്ഥത്തിലല്ല. ജീവിക്കാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക, മതത്തെ ആക്രമിക്കുക, ധനം തട്ടിയെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുക, ശാരീരികമായി ആക്രമിക്കുക, അഭിമാനം, ചാരിത്ര്യം നശിപ്പിക്കുക എന്ന് തുടങ്ങിയ ഏതിനം മനുഷ്യാവകാശ ഹനനത്തെയും ശത്രുത എന്ന സാങ്കേതിക ശബ്ദത്തിലാണ് ഇസ്ലാമിക കര്മ്മ ശാസ്ത്രം പരിചയപ്പെടുത്തിയിരിക്കുന്നത്. ശത്രു വ്യക്തിയാകാം; സംഘമാകാം; അധികാരികള് ആകാം; ഭരണ സംവിധാനം ആകാം. ശത്രു ഒരു മതമല്ല. മുസ്‌ലിം ആണെങ്കില് അവനോട് യുദ്ധമില്ല; കാഫിര് ആണോ അവനോടാണ് ജിഹാദ് എന്ന നയമില്ല ഇസ്ലാമില്. വിശുദ്ധ വേദത്തില് യുദ്ധം നിര്ദ്ദേശിക്കുന്ന സന്ദര്ഭങ്ങളില് യുദ്ധ ഹേതു എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “ജനങ്ങളില് ചിലരെ (അക്രമികളെ) ചിലരെക്കൊണ്ട്( പ്രതിരോധകര്) അല്ലാഹു പ്രതിരോധിക്കുന്നില്ലായെങ്കില് (അതിനുള്ള ആഹ്വാനം നല്കാതിരുന്നാല്) ഭൂമി(യിലെ മനുഷ്യവാസം) നാശമടയുമായിരുന്നു”. (അല്ബഖറ/251). വളരെ വ്യക്തവും കൃത്യവുമാണ് നയം. യുദ്ധം അനിവാര്യമാക്കുന്നത് ശത്രുതയാണ്; അനീതിയാണ്; അക്രമമാണ്. അവിശ്വാസം അല്ല. ഇസ്‌ലാം സ്വീകരിച്ചില്ല എന്ന കാരണത്താല് മാത്രം ആരോടും യുദ്ധം ഇല്ല. ഇസ്‌ലാമിക കര്മ്മ ശാസ്ത്ര പണ്ഡിതര് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തില് പങ്കെടുക്കാത്ത സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ആരാധനാലയങ്ങളിലെ മത കര്മ്മങ്ങള്ക്ക് നേതൃത്വം നല്കുന്നവരും നിരപരാധികളാണ്; അവരെ ആകമിച്ചുകൂടാ; അവര് കാഫിര് ആണെങ്കിലും. പ്രവാചകര് സ്വ യും ശേഷം വന്ന ഖലീഫമാരും സമുദായത്തെ പഠിപ്പിച്ച പാഠങ്ങള് ഇതാണ്.
 
അവിശ്വാസികളായ ശത്രുക്കളെന്ന അര്ത്ഥത്തില് കുഫ്ഫാര് എന്ന പദമാണ് മഖ്ദൂം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കേവല അവിശ്വാസി എന്ന അര്ത്ഥത്തില് കാഫിറൂന്, കഫറത്ത് തുടങ്ങിയ പദങ്ങള് ഖുര്ആനില് സന്ദര്ഭാനുസരണം ഉപയോഗിച്ചിട്ടുണ്ട്. കൊടുംനിഷേധികള് എന്നോ ശത്രുത വെച്ചു പുലര്ത്തുന്ന നിഷേധി എന്നോ ഉള്ള അര്ത്ഥ ധ്വനിയിലാണ് ചിലയിടങ്ങളില് കുഫ്ഫാര് ഖുര്ആനില് വന്നിട്ടുള്ളത്. അതായത് സത്യനിഷേധിയേക്കാള് സത്യവിരോധി എന്ന അര്ത്ഥമാണ് കുഫ്ഫാര് ഉള് വഹിക്കുന്നത്. ജിഹാദ് കല്പിക്കുന്ന സന്ദര്ഭങ്ങളില് കുഫ്ഫാര് പ്രയോഗം ശ്രദ്ധേയമാണ്. ‘കുഫ്ഫാറുകളോടും കപടരോടും ജിഹാദ് ചെയ്യാനാണ് ഒമ്പതാം അദ്ധ്യായം എഴുപത്തിമൂന്ന്, നൂറ്റി ഇരുപത്തി മൂന്ന് സൂക്തങ്ങളിലും, അറുപത്തി ആറാം അദ്ധ്യായം ഒമ്പതാം സൂക്തത്തിലും കല്പിക്കുന്നത്. കുഫ്ഫാറുകളോട് പരുഷ നിലപാട് സ്വീകരിക്കണമെന്ന് നാല്പത്തി എട്ടാം അദ്ധ്യായം ഇരുപത്തൊമ്പതാം സൂക്തവും നിര്ദ്ദേശിക്കുന്നു.
 
നാശം സൃഷ്ടിക്കുന്നതും രക്തം ചിന്തുന്നതും മനുഷ്യ സൃഷ്ടിപ്പിന്റെ ലക്‌ഷ്യം തന്നെയല്ലെന്ന്, മനുഷ്യസൃഷ്ടിപ്പിന്റെ പ്രാരംഭ ഘട്ടത്തില് അല്ലാഹു സൂചിപ്പിക്കുന്നു. “മാലാഖമാര് ചോദിച്ചു: ‘ഭൂമിയില് കുഴപ്പം കാണിക്കുന്ന, രക്തം ചിന്തുന്ന വര്ഗ്ഗത്തെയാണോ സൃഷ്ടിക്കാന് പോകുന്നത്?!” നാശമാണ് രക്തത്തിന്റെ ഹേതു. അക്രമമാണ് യുദ്ധത്തിന്റെ കാരണം. വിശുദ്ധ വേദത്തില് ശാന്തി/സമാധാനം എന്ന അര്ത്ഥമുള്ള ‘സലാം’ നൂറ്റി നാല്പത് തവണ വിവിധ രൂപത്തില് പരാമര്ശിക്കുമ്പോള്, വെറും ആറു പ്രാവശ്യം മാത്രമാണ് ഹര്ബ് അഥവാ യുദ്ധം കാണുക. ഭൂമിയില് നാശം (ഫസാദ്) ഉണ്ടാക്കുന്നതിനെതിരെയുള്ള രൂക്ഷമായ ഇടപെടലുകള് നാല്പത്തിയെട്ട് സ്ഥലങ്ങളില് നമുക്ക് വായിക്കാം. “അവര്ക്ക് സാധിക്കുമെങ്കില്, നിങ്ങളെ മതത്തില് നിന്നും പുറത്തുചാടിക്കാന് കഴിയുന്ന കാലമത്രയും അവര് നിങ്ങളുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു” (ബഖറ/217) എന്ന പ്രശ്നത്തെ മറികടക്കാനായിരുന്നു അല്ലാഹു ജിഹാദ് കല്പിക്കുന്നത്. വൈരം വെച്ചു പുലര്ത്തുന്ന ജൂതരും ക്രിസ്ത്യാനികളും താങ്കള് അവരുടെ മതം അനുഗമിക്കുന്നതുവരെ താങ്കളോട് സംതൃപ്തി കാണിക്കുകയില്ല” (ബഖറ/120) എന്ന പ്രതിസന്ധിയാണ് ഓരോ മുസ്‌ലിമും നേരിടുന്നത്. അവിടെയാണ് പ്രതിരോധം അത്യാവശ്യമാകുന്നത്. രാഷ്ട്രീയ- സാസ്കാരിക- സാമ്പത്തിക – ശാരീരിക പീഡനങ്ങളിലൂടെ മുസ്‌ലിംകളെ മതം മാറ്റാനുള്ള ശത്രുക്കളുടെ നിരന്തരമായ ആസൂത്രണങ്ങളും ശ്രമങ്ങളുമാണ് ജിഹാദ് എന്ന അനിവാര്യ നടപടിയുടെ അടിസ്ഥാന പ്രേരകങ്ങളിലൊന്നെന്ന് വേദം ഉദ്ഘോഷിക്കേ, അന്യരെ മതത്തിന്റെ പേരില് ശത്രുതയോടെ കാണുന്നു എന്ന ആരോപണം മുസ്ലിംകള്ക്കെതിരെ ഉന്നയിച്ചുകൊണ്ട്, തെറ്റിദ്ധാരണ പരത്തുകയും, അതിലൂടെ തങ്ങളുടെ പദ്ധതികള്ക്ക് മറ തീര്ക്കുകയുമാണ് ശത്രുക്കള്.
 
സൈനുദ്ധീന് മഖ്ദൂം തന്റെ മുര്ശിദിലെ ‘അക്രമം’ എന്ന അധ്യായത്തില്, അക്രമത്തിനും അന്യായത്തിനുമെതിരെ നിലകൊള്ളുന്നതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഉപന്യസിച്ചത് കാണുക: “അക്രമം/അന്യായം ചെയ്യല് ദീനുല് ഇസ്ലാമില് മാത്രമല്ല, ജൂത ക്രൈസ്തവ മതങ്ങളിലും എല്ലാ മതങ്ങളിലും അത് നിഷിദ്ധം തന്നെയാകുന്നു. അവതീര്ണ്ണമായ വേദങ്ങളിലും പ്രവാചകന്മാരുടെയും ദൂതന്മാരുടെയും ജീവിത നടപടികളിലും അക്രമ/അന്യായ പ്രവര്ത്തനങ്ങളെ തടയുന്നതും അങ്ങനെ ചെയ്യരുതെന്ന് വിലക്കുന്നതും അതിന്റെ മോശമായ പരിണതികളെ കുറിച്ച് താക്കീത് ചെയ്യുന്നതും ഒരു വാക്ക് കൊണ്ടെങ്കിലും അതിനെ പ്രോല്സാഹിപ്പിക്കുന്നവരോട് അരുതെന്ന് പറയുന്നതും അക്രമികളുടെ നാശം വലുതാണെന്ന് ഉണര്ത്തുന്നതും നമുക്ക് വ്യക്തമായി കാണാം.” അതിനാല്, രക്ഷക ദൗത്യം നിര്വ്വഹിക്കാനുള്ള ബാധ്യത മുസ്‌ലിം സമുദായത്തിന് ഉണ്ടെന്നും അക്രമികളെ തടയാനും പീഡിതരെ രക്ഷപ്പെടുത്താനും മുസ്‌ലിംകള് രംഗത്ത് വരണമെന്നും അദ്ദേഹം ഉപദേശിക്കുന്നു: “അക്രമത്തിനും അന്യായത്തിനും ഇരയാകുന്ന പീഡിത ജനങ്ങളെ സഹായിക്കുക എല്ലാ വ്യക്തിയുടെയും ബാധ്യതയാണ്‌. അക്രമം തടയുക. കായികമായി വേണമെങ്കില് അങ്ങനെ, വാക്ക് കൊണ്ട് മതിയെങ്കില് അങ്ങനെ. ആകാശങ്ങളുടെയും ഭൂമിയുടെയും നാഥന് വല്ലാതെ ഇഷ്ടപ്പെടുന്ന മഹാപുണ്യങ്ങളില് പെട്ടതാണത്. ഈ ഉത്തരവാദിത്തം നിര്വ്വഹിക്കുന്നില്ലെങ്കില്, അവന് പരലോകത്ത് കനത്ത ശിക്ഷയുണ്ടായിരിക്കും”. സ്വയം പ്രതിരോധത്തിനപ്പുറം വരുന്ന സാമൂഹ്യ പ്രാധാന്യമുള്ള പ്രതിരോധ ബാധ്യതയിലേക്കാണ് മഖ്ദൂം സൂചന നല്കുന്നത്.
 
രക്തസാക്ഷ്യത്തെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് നോക്കിയാല്, ഇസ്ലാമിന്റെ യുദ്ധതാല്പര്യത്തിന്റെ അടിസ്ഥാനമെന്തെന്നു കുറച്ചുകൂടി വ്യക്തമാകും. ശത്രുക്കളായ അവിശ്വാസികളുമായുള്ള പോരാട്ടത്തിലോ തന്റെ മത ജീവിതത്തിനു തടസ്സം നില്ക്കുന്നവര്ക്കെതിരെയുള്ള ‘ജിഹാദി’ലോ ജീവന് അര്പ്പിക്കുന്നവന് മാത്രമല്ല ശഹീദ്, മനുഷ്യാവകാശങ്ങള്ക്ക് വേണ്ടിയുള്ള പോരാട്ടത്തില് ജീവന് ത്യജിക്കുന്നവന് ശഹീദാണ്; സമ്പത്ത് സംരക്ഷിക്കാനുള്ള പോരാട്ടത്തില് മരണപ്പെടുന്നവന് ശഹീദ് ആണ്. ശരീര/ജീവന്റെ കാവലിനു വേണ്ടിയുള്ള ചെറുത്തുനില്പില് മരണം വരിക്കുന്നവനും ശഹീദാണ്..

വനിതാ പോരാളി
////////////
ഇമാം അല്ഹിസ്വനി (الحصني) യുടെ ‘അല്മുഅ്മിനാതുസ്സ്വാലിഹാത്ത്’ (സച്ചരിത വിശ്വാസിനികള്) എന്ന കൃതിയില് നിന്നും സൈനുദ്ധീന് മഖ്ദൂം ഒന്നാമന് തന്റെ സിറാജുല് ഖുലൂബി’ല് ജിഹാദ് അദ്ധ്യായത്തില് ഉദ്ധരിച്ച ഈ കഥ ഇവിടെ ചേര്ത്തുവായിക്കാം.
അബൂഖുദാമ അശ്ശാമി തന്റെ അനുഭവം പങ്കുവെക്കുന്നു.
ഒരു യുദ്ധ പടയൊരുക്കത്തില് ഞാന് അതിന്റെ സൈന്യാധിപനായി രംഗത്തുള്ള സമയം. മുസ്‌ലിം നാടുകളില് കടന്നുചെന്ന് ജനങ്ങളെ യുദ്ധത്തിനു ക്ഷണിക്കുകയും അതിനു ലഭിക്കുന്ന വലിയ പ്രതിഫലത്തില് അവരെ ആഗ്രഹിപ്പിക്കുകയും ചെയ്യുകയായിരുന്നു. ശഹാദത്തിന്റെയും രക്തസാക്ഷിയുടെയും മഹത്വത്തെക്കുറിച്ച് ഞാന് അവരുടെ ഓര്മ്മ പുതുക്കി സംസാരിച്ചു. ജനം പിരിഞ്ഞുപോയി. ഞാന് വാഹനപ്പുറത്ത് കയറി വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴതാ, സുന്ദരിയായ ഒരു സ്ത്രീ എന്നെ വിളിക്കുന്നു. ‘ഇത് പിശാചിന്റെ കെണിവലയാണയ്’ എന്ന് വിളിച്ചു പറഞ്ഞ് ഞാന് അവളെ പരിഗണിക്കാതെ മുന്നോട്ട് നീങ്ങി. ‘സജ്ജനങ്ങള് ഇങ്ങനെത്തന്നെയാണ് പ്രതികരിക്കുക/ ഭയക്കുക’ എന്ന് ആ സ്ത്രീ പിന്നാലെ വന്ന് പറയുന്നുണ്ട്. അതുകേട്ടപ്പോള് ഞാന് അവിടെ നിന്നു. അവള് ബദ്ധപ്പെട്ട് എന്റെ അടുത്ത് വരികയും തോലിലെഴുതിയ കുറിപ്പും ഉള്ളില് എന്തോ നിറച്ച് കട്ടിയുള്ള കയര് പോലെ പിരിച്ചു ഭദ്രമാക്കിയ തുണിക്കഷ്ണവും എന്നെ ഏല്പിക്കുകയും കരഞ്ഞുകൊണ്ട്‌ തിരിച്ചുപോകുകയും ചെയ്തു. ഞാന് ആ കുറിപ്പ് നോക്കി. അതില് എഴുതിയിരിക്കുന്നത് ഇങ്ങനെ ആയിരുന്നു: ‘താങ്കള് ഞങ്ങളെ ജിഹാദിന്ആഹ്വാനം ചെയ്തു. പ്രതിഫലത്തെ ക്കുറിച്ചു പറഞ്ഞു ആശ വെപ്പിച്ചു. മഹാനരേ, എനിക്ക് അതിനുള്ള ശേഷിയില്ല. മറ്റൊന്നും സംഭാവന അര്പ്പിക്കാന് ഇല്ലാത്തതിനാല്, ഞാനെന്റെ ശരീരത്തില് നിന്നും സുന്ദരമായ ഭാഗം മുറിച്ചെടുത്തു. അതാണ്‌ ഞാനേല്പ്പിച്ച കയര്. ഇരു വശങ്ങളിലേക്ക് ഞാന് ചീകിയിടാറുള്ള എന്റെ നീളമേറിയ മുടികളാണത്. യുദ്ധത്തില് താങ്കള് ഉപയോഗിക്കുന്ന പടക്കുതിരയുടെ ജീനി കെട്ടിയിടാനെങ്കിലും താങ്കള് ഇതുപയോഗിക്കുക. അതുനിമിത്തമെങ്കിലും അല്ലാഹു എനിക്ക് പാപ വിശുദ്ധി നല്കട്ടെ എന്നാശിക്കുന്നു.’
 
പിറ്റേന്ന് പ്രഭാതത്തില് യുദ്ധസജ്ജരായി ആളുകള് സംഘടിച്ചു. യുദ്ധം ആരംഭിച്ചു. പടയാളികള്ക്കിടയില് ഒരു ബാലനെ ഞാന് ശ്രദ്ധിച്ചു. അവന് അങ്കം വെട്ടുകയാണ്. അവനെ സമീപിച്ചുകൊണ്ട്, ‘മോനേ, നീ ചെറുപ്പമാണല്ലോ, ഈ വലിയ കുതിരകള്ക്കിടയില് ഇങ്ങനെ നടന്നാല്, അവയുടെ ചവിട്ടുകൊള്ളാന് സാധ്യതയുണ്ട്. നീ പോയി അണിയില് നില്ക്കൂ. ആ ബാലന് നിരാശയോടെ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു: ‘അങ്ങ് എന്നെ തിരിച്ചയക്കുകയാണോ?! അല്ലാഹു അരുളുന്നത് ‘സത്യവിശ്വാസികളേ, സത്യ നിഷേധികള് പടയണിയായി നിങ്ങളെത്തേടി വരുന്നത് കണ്ടാല്, നിങ്ങള് പിന്തിരിഞ്ഞു പോകരുത്; യുദ്ധദിശ മാറുന്നതിനോ സ്വന്തം പക്ഷത്തെ മറ്റ് സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധ മുഖത്തുനിന്നും പിന്മാറിയാല്, അവന് അല്ലാഹുവിങ്കല് നിന്നുള്ള കോപത്തിന് പാത്രമാകുന്നതാണ്, അവനുള്ള സങ്കേതം നരകാഗ്നിയാണ്; അത് വളരെ മോശം പരിണതി യത്രെ’ എന്നല്ലേ?!’
 
 
അവന്റെ ആവേശവും നിരാശയും കണ്ടപ്പോള് ഞാന് അവനെ എന്റെ പക്കലുള്ള ഒട്ടകത്തിനു പുറത്തുകയറ്റി ഇരുത്തി. അപ്പോള് അവന് എന്നോട് മൂന്ന് അമ്പ് കടം ആവശ്യപ്പെട്ടു. ‘അല്ലടോ, ഇത് അനിവാര്യ സമയം തന്നെ ആണോ?’ എന്ന് ചോദിച്ച് ഞാനവനെ നിരുല്സാഹപ്പെടുത്തി നോക്കി. അവന് ആവശ്യം ആവര്ത്തിച്ചു കൊണ്ടിരുന്നു. അവന് പിന്മാറില്ലെന്ന് കണ്ടപ്പോള് ഒരു നിബന്ധനയോടെ ഞാനത് കൊടുത്തു. ‘നിനയ്ക്ക് അല്ലാഹു ശഹാദത്ത് ബഹുമതി നല്കി അനുഗ്രഹിക്കുകയാണെങ്കില്, ശുഹദാഇന് പരലോകത്ത് ലഭിക്കുന്ന ശഫാഅത്ത് പദവി വിനിയോഗിക്കുമ്പോള്, എന്നെ അതില് ഉള്പ്പെടുത്തണം’ എന്നായിരുന്നു ഞാന് വെച്ച നിബന്ധന. അവന് സമ്മതിച്ചു. ഞാന് അമ്പുകള് നല്കി. അവന് ഒരമ്പെടുത്ത് വില്ലില് വെച്ചു. ‘അസ്സലാമു അലൈകും അബൂ ഖുദാമ:- എന്നോട് സലാം പറഞ്ഞു കൊണ്ട് ആ ബാലന് ആദ്യം ഒരു റോമക്കാരനെ അമ്പെയ്തു. അടുത്ത അമ്പെടുത്ത് ‘‘അസ്സലാമു അലൈകും അബൂ ഖുദാമ:’ എന്നും പറഞ്ഞ് വീണ്ടും അയാളെത്തന്നെ ലക്ഷ്യമാക്കി അമ്പ് തൊടുത്തു. ഇത്തവണ അമ്പേറ്റയാള് വീണു. വീണ്ടും ‘അസ്സലാമു അലൈകും അബൂ ഖുദാമ: ഇത് വിട വാങ്ങുന്നവന്റെ സലാം ആകുന്നു’ എന്നും പറഞ്ഞ്, മൂന്നാമത്തെ അമ്പ് തൊടുക്കാന് ഒരുങ്ങവേ, ഒരമ്പ് ചീറിവന്നു. അവന്റെ കണ്ണുകള്ക്കിടയില് തറച്ചു. വേദന സഹിക്കാതെ അവന് ജീനിയുടെ മുഖപ്പില് തന്റെ വെച്ചു കിടന്നു. ഞാന് ഓടിച്ചെന്നു. ഞാനവനോട് ‘മറക്കരുത്’ എന്ന് ഓര്മ്മിപ്പിച്ചു. അവന് ഇല്ലെന്നും പ്രതികരിച്ചു. തനിക്ക് ഒരാവശ്യം കൂടി ഉണ്ടെന്ന് അവന് പറയുന്നുണ്ടായിരുന്നു. ‘താങ്കള് പട്ടണത്തില് കടന്നാല്, എന്റെ മാതാവിനെ സാമീപിക്കണം. എന്റെ ഈ സഞ്ചി ഉമ്മയെ ഏല്പിക്കണം. താങ്കളുടെ കുതിരയുടെ ജീനി കെട്ടാന് മുടി മുറിച്ച് സംഭാവന ചെയ്ത ആ സ്ത്രീയാണ് എന്റെ മാതാവ്. അവരോട് എന്റെ വര്ത്തമാനം അറിയിക്കുക. അവരോട് എന്റെ സലാം പറയുക. ഹാ,കഴിഞ്ഞ വര്ഷമാണ്‌ എന്റെ പിതാവ് രക്ത സാക്ഷിയായത്; ഈ വര്ഷം ഇതാ ഞാനും.” അതും പറഞ്ഞ് അവന് അന്ത്യ ശ്വാസം വലിച്ചു. ഖബര് ഒരുക്കി അടക്കം ചെയ്തെങ്കിലും കര്മ്മങ്ങള് കഴിഞ്ഞ് അവിടെ നിന്നും ഞങ്ങള് സ്ഥലം വിടുന്നതിനു മുമ്പ് ഭൂമി അവനെ പുറത്തേക്ക് തള്ളിയിരിക്കുന്നു. അവന്റെ അടക്കം ചെയ്യപ്പെട്ട ശരീരം അപ്പാടെ പുറത്ത്?!! ‘ചെറുപ്പമല്ലേ, ഉമ്മയുടെ സമ്മതമില്ലാതെ ഇറങ്ങി പുറപ്പെട്ടതാകും’ എന്നെല്ലാം എന്റെ കൂടെയുള്ളവര് അഭിപ്രായപ്പെട്ടു. ‘ഇതിലും മോശമായവരെ ഭൂമി സ്വീകരിക്കാറുണ്ട്, അതൊന്നുമാകില്ല കാര്യം’ എന്ന് ഞാനവരെ തിരുത്തി. ഞാന് രണ്ട് റക്അത്ത് നിസ്കരിച്ച് അല്ലാഹുവിനോട് പ്രാര്ഥിച്ചു. അപ്പോള് ഒരു ശബ്ദം കേള്ക്കായി: ‘അബൂ ഖുദാമ, അല്ലാഹുവിന്റെ വലിയ്യിനെ വിട്ടേക്കൂ, അവന് അവിടെ കിടന്നോട്ടെ’. താമസംവിനാ, കുറെ പക്ഷികള് പറന്നെത്തി, അവ ആ മൃത ശരീരം അശേഷം ഭക്ഷിച്ചു പറന്നുപോയി.
 
പട്ടണത്തില് തിരിച്ചെത്തിയപ്പോള് ഞാന് അവന്റെ മാതാവിനെ സന്ദര്ശിച്ചു. വാതില് മുട്ടിയപ്പോള് ആ ബാലന്റെ സഹോദരിയാണ് വാതില് തുറന്നത്. എന്നെ കണ്ടാരെ, ‘ഉമ്മാ, അബൂഖുദാമയാണ് വന്നിരിക്കുന്നത്’ എന്ന് വിളിച്ചു പറഞ്ഞു അവള് അകത്തേക്കോടി. ‘ഇക്കാക്ക കൂടെയില്ല’ എന്ന് കൂടി അവള് കൂട്ടിച്ചേര്ത്തു. ‘കഴിഞ്ഞ വര്ഷമാണ്‌ ഉപ്പ മരിച്ചത്; ഇക്കൊല്ലം ഇക്കയും’, അവള് അഭിമാനം കൊള്ളുന്നത് ഞാന് കേട്ടു. അവരുടെ ഉമ്മ ഉള്ളില് നിന്നും പുറത്തുവന്നു. എന്നോട് ചോദിച്ചു: ‘ഞങ്ങള്ക്ക് അഭിമാനിക്കാനുള്ള വാര്ത്തയുമായാണോ താങ്കളുടെ വരവ്?’ ‘മനസ്സിലായില്ല’ എന്ന് ഞാന് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് പ്രതികരിച്ചപ്പോള് അവര് പറഞ്ഞു: ‘അവന് യുദ്ധഭൂമിയില് മരണപ്പെട്ടുവെങ്കില് എനിക്ക് അന്തസ്സ് പ്രദാനം ചെയ്തു, അവന് യഥാര്ത്ഥ രക്തസാക്ഷിയായിട്ടുണ്ടെങ്കില് അതിനുള്ള അടയാളം ഉണ്ടായിക്കാണും, താങ്കള് വല്ലതും കണ്ടുവോ?’ ‘അതെ, ഭൂമി അവനെ ഉള്ളില് വെച്ചില്ല; എങ്ങുനിന്നോ പക്ഷികള് വന്ന് ശരീരം കൊത്തി ത്തിന്നു, എല്ലുകള് ഞങ്ങള് അടക്കം ചെയ്തു’, ഞാന് അനുഭവം വിവരിച്ചു. അപ്പോള് ആ മാതാവ് അല്ലാഹുവിനെ സ്തുതിച്ചു: അല്ഹംദു ലില്ലാഹ്’. അവന്റെ സഞ്ചി ഞാന് മാതാവിനെ ഏല്പിച്ചു. അത് തുറന്ന് അതില് നിന്നും ഒരു കട്ടിയുള്ള തുണി പുറത്തെടുത്തു. ജീനിമേല് മയത്തിനു വേണ്ടി ഇടുന്ന തുണിയായിരുന്നു അത്. പിന്നെ ഇരുമ്പ് കൊണ്ടുള്ള ചങ്ങലയും ഉണ്ടായിരുന്നു. അവയുമായുള്ള അവന്റെ ബന്ധത്തെക്കുറിച്ച് ഉമ്മ ഓര്ത്തു: ‘രാത്രി ഇരുള് മൂടിയാല്, ഈ തുണിയും പുതച്ച് ചങ്ങല കൊണ്ട് ശരീരം സ്വയം ബന്ധിച്ച്, അല്ലാഹുവിനോട് സംഭാഷണം തുടങ്ങും. അവന് ആ സ്വകാര്യ വിനിമയത്തില് ആവശ്യപ്പെടാറുള്ളകാര്യമാണ്, ‘അല്ലാഹുവേ, എന്നെ നീ പക്ഷികളുടെ അവശിഷ്ടത്തില് ലയിപ്പിക്കണേ’. എന്ന്. ആ അഭ്യര്ത്ഥന അല്ലാഹു കേട്ടിരിക്കുന്നു’.
 
ശരീരസുഖത്തിനും താല്പര്യങ്ങള്ക്കും ഒട്ടും പ്രാധാന്യം കല്പിക്കാത്ത ധീരമായ മരണം വരിക്കാനുള്ള ഉല്ക്കടമായ അഭിലാഷമാണ് ഈ പ്രാര്ഥനയില് അടങ്ങിയിരിക്കുന്നത്.
 
അണിയറയില്‍ :
ജിഹാദ്/സൈനുദ്ധീന്‍ മഖ്ദൂം കബീര്‍/ വിവര്‍ത്തനം , കുറിപ്പുകള്‍ by സ്വാലിഹ് നിസാമി പുതുപൊന്നാനി
 
 
 
Leave a Reply