തിരുക്കുറള്‍ സ്ത്രീകളെ വിലയിരുത്തുന്നു..

 ???

ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ മഹാസംസ്കാരത്തിന്‍റെ വലിയ ഈടുവെപ്പുകളില്‍ ഒന്നായിട്ടാണ് തിരുക്കുറളിനെ പരിചയപ്പെടുത്തുന്നത്. അത് കേവലം ഒരു കാവ്യമല്ല; സമകാലിക പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പ്രാചീന സംസ്കൃതിയുടെ തിളങ്ങുന്ന പ്രതീകമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സാഹിത്യപരമായ പ്രാധാന്യത്തോടൊപ്പം സാര്‍വ്വ ജനീനത, സാര്‍വ്വകാലിക പ്രസക്തി തുടങ്ങിയ ഗുണവിശേഷങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഗ്രന്ഥമായതിനാല്‍, കുറളിന്‍റെ ഭാവാര്‍ത്ഥപ്പൊലിമകളെ എല്ലാത്തരം വായനക്കാര്‍ക്കും അനുഭവബോധ്യമാക്കുക എന്ന താല്‍പര്യത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ അത് ചുരുങ്ങിയ വിലയ്ക്ക് എല്ലാവര്ക്കും എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു, പ്രസാധകനായ രവി ഡിസി നിര്‍വ്വഹിച്ചത്. തിരുക്കുറളില്‍ ഉര ചെയ്യാത്ത മാനുഷമൂല്യങ്ങള്‍ ഇല്ലതന്നെ. 1330 കുറളുകളില്‍ നിന്നും 901 മുതല്‍ 910 വരെയുള്ള വെറും പത്ത് കുറളുകളും , അവയ്ക്ക് കെജി ചന്ദ്രശേഖര്‍ നായര്‍ നല്‍കിയ അര്‍ത്ഥവും വ്യാഖ്യാനവും മാത്രം നമുക്ക് ഇവിടെ വായിക്കാം. മഹാകാവ്യത്തിന്‍റെ അവസാന ഭാഗത്ത് ഏഴ് അധ്യായങ്ങളിലായി എഴുപത് കുറളുകളില്‍, കാമുകിയുമായുള്ള രഹസ്യവേഴ്ചയുടെ വഴികളും സുഖങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താ, ഏതൊരു സ്ത്രീയെ കുറിച്ചും പുരുഷന്‍ പുലര്‍ത്തേണ്ട ജാഗ്രതകള്‍ വിവരിക്കുന്നുണ്ട്.

???

ഒന്നാമതായി കവിക്ക് ഉപദേശിക്കാനുള്ളത്, അമിതമായ രതിസുഖ താല്‍പര്യം ജീവിതത്തില്‍ ഒരു പ്രയോജനവും കൈവരുത്തില്ലെന്നാണ്. മഹല്‍കര്‍മ്മങ്ങള്‍ കാംക്ഷിക്കുന്നവര്‍ നാരീദാസ്യം വെടിയണം. വ്യാഖ്യാനം ഇങ്ങനെ: ‘സ്ത്രീയുടെ തലയണമന്ത്രം കേട്ട് നടക്കുന്ന പുരുഷന്മാര്‍ക്ക് നന്മയുണ്ടാകാന്‍ സാദ്ധ്യമല്ല. സ്ത്രീവാക്യം ആനത്തോട്ടി പോലെ പുരുഷനെ പ്രലോഭനങ്ങള്‍ വഴി വരുതിയില്‍ നിര്‍ത്തും’. അത്രയ്ക്ക് നന്ന് സ്ത്രീ എന്നര്‍ത്ഥം. വ്യാഖ്യാതാവ് തുടരുന്നു: ‘ഗ്രീക്ക് പുരാവൃത്തങ്ങളിലെ ആദര്‍ശങ്ങള്‍ അനുസരിച്ച് പുരുഷന്‍റെ ദൌര്‍ഭാഗ്യമാണ്‌ സ്ത്രീ. പുരുഷന്‍റെ എല്ലാ ദുരിതങ്ങളുടെ കാരണ ഭൂതയും അവള്‍ തന്നെയാണ്. ആദിയില്‍ പുരുഷ വര്‍ഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരുഷന്‍റെ അഹങ്കാരം അടക്കുവാന്‍ പ്രതികാര ബുദ്ധിയോടെ ആകാംക്ഷയുടെ പ്രതീകമാക്കി ദുഃഖം, ദുരിതം, രോഗം, പശ്ചാത്താപം, പ്രാരാബ്ധം, ആശങ്ക, ദുസ്വപ്നങ്ങള്‍, ഭയം, വ്യാമോഹം, നിരാശ തുടങ്ങിയ ആപത്തുകളുടെ പേടകമെന്നോണം ‘സീയുസ്’ ദേവന്‍ നിര്‍മ്മിച്ച പാന്‍ഡോരാ ആദ്യസ്ത്രീയെ എപ്പിമെത്തിയൂസ് എന്ന പുരുഷന്‍റെ നേര്‍ക്കയച്ചു. വീണ്ടുവിചാരം കൂടാതെ അയാള്‍ അവളെ ഭാര്യയാക്കി. അങ്ങനെ എല്ലാം തികഞ്ഞവള്‍ എന്നര്‍ത്ഥം വരുന്ന പാന്‍ ഡോരാ പരമ്പരയിലെ കണ്ണികളാണ് സ്ത്രീകള്‍(ഈഡിപ്പസ്)’.

നാരീ ദാസ്യം കാണിക്കുന്ന പുരുഷന്‍ തന്നെമാത്രമല്ല, മറ്റുള്ളവരെയും നാണം കെടുത്തുന്നു എന്നാണു മഹാകവി തുടര്‍ന്ന് ഉണര്‍ത്തുന്നത്. ഇങ്ങനെ പറഞ്ഞതിന്‍റെ പൊരുളുകള്‍ വ്യാഖ്യാതാവ് വിവരിക്കുന്നു: ‘ശാസ്ത്രീയ രീതിയില്‍ സ്ത്രീകളുടെ സ്വഭാവം വിവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ മുന്നില്‍ അധികം ആസക്തി കാട്ടരുത്. പുരുഷന്‍ അത്യാസക്തന്‍ ആണെന്നു കണ്ടാല്‍ സ്ത്രീ അവനെ, ചിറക് നഷ്ടപ്പെട്ട കാക്കയെപ്പോലെ ഓടിച്ചും ചാടിച്ചും കളിപ്പിച്ചു കൊണ്ടിരിക്കും. ഏത് സ്ത്രീയും ദുര്ഗ്രാഹിയാണ്. എപ്പോഴാണ് അവളുടെ പ്രകൃതങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുകയെന്ന് മുന്‍കൂട്ടി കണ്ടറിയാനാവില്ല. സാഹസങ്ങളുടെ നഗരവും ദോഷങ്ങളുടെ ഗജനാവുമാണ് സ്ത്രീ. ഇവളുടെ മൃഗ തൃഷ്ണയ്ക്ക് സമാനമായ ചാപല്യങ്ങളെ ഏതൊരു പുരുഷന്നും പരിലാളിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് സ്ത്രീകളിലുള്ള അഭിനിവേശം പൗരുഷത്തിന്‍റെ നാണക്കേടാണെന് വള്ളുവര്‍ പറയുന്നത്.’ വിവേകചിന്താമണിയില്‍നിന്നും സമാനമായ ഒരു സൂക്തം ഉദ്ധരിക്കുന്നു: “വെമ്പലും വീഴലും വേഷം; പുറം തഴുകിക്കേഴലും വേഷം; എച്ചിലുണ്ണലും വേഷം; മരിക്കാനും മനസ്സാണെന്ന മൊഴിയും വേഷം. ഇപ്രകാരം കാപട്യമാര്‍ന്ന, ശരത്തെക്കാള്‍ കൂര്‍മ്മയാര്‍ന്ന നയനങ്ങളുള്ള, ആയിരം ചിന്തകള്‍ പേറുന്ന സ്ത്രീയെ വിശ്വസിച്ചവന്‍ ശ്വാനനേക്കാള്‍ കേവല ജന്മമാണ്’. സ്ത്രീ ആമൂലാഗ്രം കപടയാണെന്ന് ശാസ്ത്രം.

ഭാര്യക്ക് അടങ്ങി താഴ്ന്നു നടക്കുന്ന നാരീദാസ്യന്‍ സജ്ജനങ്ങളുടെ ഇടയില്‍ എപ്പോഴും നാണം കൊള്ളുന്നവന്‍ ആയിത്തീരുമെന്നാണ് മഹാകവി താക്കീത് ചെയ്യുന്നത്. ‘ശാസ്ത്ര മതം അതനുവദിക്കുന്നില്ല’, വ്യാഖ്യാതാവ് തുടരുന്നു, ‘സ്ത്രീ കേവലമായ വസ്തുക്കളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അഹങ്കാര പൂര്‍വ്വമായ അഭിപ്രായം പറഞ്ഞേക്കും. യാതൊരു ഗൃഹസ്ഥനും സ്ത്രീയെ അമിതമായി പ്രശംസിക്കരുത്. അങ്ങനെയുള്ള ഗൃഹസ്ഥര്‍ മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കേണ്ടി വരും. പൊതുവില്‍ സ്ത്രീകള്‍ സ്വാര്‍ത്ഥകളാണ്. സ്വന്തം സുഖങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഇംഗിതങ്ങള്‍ സഫലീകരിക്കാന്‍ ജനിച്ചവരാണവര്‍. ഇത് അവരിലെ ജന്മ ഗുണമാണ്. അഭിലാഷങ്ങള്‍ നേടാനാകാതെ വരുമ്പോള്‍ അവര്‍ എല്ലാ പരിഗണനകളും മാറ്റിവെക്കും. ഇങ്ങനെയാണ് സ്ത്രീകളെ ശുക്രാചാര്യര്‍ തന്‍റെ നീതിശാസ്ത്രത്തില്‍ പ്രവചിച്ചിട്ടുള്ളത്.’

ഭാര്യയെ ഭയപ്പെടുന്നവന്‍ കാര്യ ശേഷിയുള്ളവന്‍ ആയാലും അവന്‍റെ കര്‍മ്മങ്ങളെ വിദ്വാന്മാര്‍ അംഗീകരിക്കില്ല എന്ന ഉണര്‍ത്തല്‍ മഹാകവി നടത്തുമ്പോള്‍, അതിന്‍റെ അകം പൊരുള്‍ തുറന്നു കാണിക്കുന്നു വ്യാഖ്യാതാവ്: ‘ലോകത്തില്‍ പുരുഷന്മാര്‍ സല്‍ഫലങ്ങള്‍ ആശിക്കുന്നുവെങ്കില്‍ സ്ത്രീയെ സ്വജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തണം. സ്ത്രീയുടെ ഉള്ളിലുള്ള കാര്യം നാക്കിലെത്തുകയില്ല. നാക്കിലുള്ളത് വെളിയില്‍ വരില്ല. വെളിയില്‍ വന്നത് പ്രവൃത്തിയിലും വന്നെന്നിരിക്കില്ല. ദീപശോഭപോലെ സുന്ദരിയായ അവളിലേക്ക് അവളെ ചെന്നെത്തരുത്.’ ഭാര്യയെ ഭയപ്പെടുന്നവന്‍ മറ്റുള്ളവര്‍ക്കും നന്മ ചെയ്യാന്‍ ഭയപ്പെടും എന്നാണു മഹാകവി പറയുന്നത്. ‘സ്ത്രീകളുടെ വാക്കുകള്‍ വേദവാക്യമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്‍ നല്ലവര്‍ക്ക് നല്ലത് ചെയ്യാന്‍ മടിക്കും; ചെയ്തുകൂടാത്ത പലതും ചെയ്യേണ്ടിവരും; എത്തിച്ചേരാണ്ടിടത്ത് എത്തേണ്ടിവരും; അനുഭവിക്കേണ്ടാത്തത് അനുഭവിക്കാനും ഇടയുണ്ട്’, വ്യാഖ്യാതാവ് ഗൗരവത്തോടെ ഉണര്‍ത്തുന്നു, ‘ഇത് ശാസ്ത്ര വചനങ്ങളാണ്’.

‘ഭാര്യയുടെ മുളപോലെ മിനുസമാര്‍ന്ന തോളില്‍ കൊതിപൂണ്ട് അവളെ ഭയന്ന് ജീവിക്കുന്ന പുരുഷന്‍ യാതൊരു മേന്മയും പുലര്‍ത്തുന്നില്ല, ഹിമശൃംഗം പോലെ ഉയര്‍ന്ന പദവിയില്‍ ആയിരുന്നാലും.’ കവിയുടെ വാക്കുകള്‍, ശുക്രാചാര്യന്‍റെയും ബൃഹസ്പതി യുടെയും സ്ത്രീസ്വഭാവത്തെ കുറിച്ചുള്ള ശാസ്ത്രീയ വചനങ്ങള്‍ ഉദ്ധരിച്ച് വ്യാഖ്യാതാവ് വിശദീകരിക്കുന്നത് ഇങ്ങനെ വായിക്കാം: ‘സ്ത്രീ അമൃത് നിറച്ച ചെപ്പായിരുന്നാലും പുരുഷന്‍റെ ധര്‍മ്മ നാശത്തിനായി സൃഷ്ടിക്കപ്പെട്ടവളാണ്. കണ്ണുകളില്‍ ചാഞ്ചല്യം, മുഖത്തില്‍ അസത്യം, തലമുടിയില്‍ കുടിലത, വാക്കുകളില്‍ മന്ദത, ഹൃദയത്തില്‍ ഭീരുത്വം, ഭര്‍ത്താവിനു മുന്നില്‍ അനുരാഗ പ്രകടനം ഇവ ജന്മ സിദ്ധമായ ഇവളുടെ കഴിവുകളുമാണ്. പ്രകൃതി കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങളാണിവ. സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി സ്ത്രീ എവിടെയും ചിരിക്കും…’

കവിയുടെ ഭാഷയില്‍, സ്ത്രീകളുടെ ആജ്ഞാനുവര്‍ത്തിയായി ജീവിക്കുന്ന നാണമില്ലാത്ത പുരുഷനേക്കാള്‍ ലജ്ജാവതിയായ സ്ത്രീയാണ് വമ്പത്തി. വ്യാഖ്യാതാവ് ഇതേക്കുറിച്ച് പറയുന്നത് ഇതാണ്: ‘സ്ത്രീകളുമായി പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആലോചിക്കരുത്. കുന്നിക്കുരുപോലെയാണ് സ്ത്രീകള്‍. പുറംതോട് ആകര്‍ഷകവും അകം വിഷമയവും. സ്ത്രീകള്‍ യാചിച്ചാല്‍ ഏതൊരുവനും എന്തും ചെയ്യും. ഏതും നല്‍കും. കുതിരയെപ്പോലെ ഓടും. കറുത്തവാവ്, അഷ്ടമി ദിവസങ്ങളില്‍ തല മുണ്ഡനം വരെ ചെയ്യും. പക്ഷെ സ്ത്രീ പറയണം.. നീതിശാസ്ത്രത്തില്‍ പ്രവചിച്ച പ്രകാരം, സ്ത്രീ പറയുന്നവ അതേ അര്‍ത്ഥത്തിലും ഗൌരവത്തിലും എടുത്ത് പ്രവര്‍ത്തിക്കരുത്‌..’ വിശ്വ കവി ഷേക്ക്‌സ്പിയറിന്‍റെ പരിഹാസോക്തിയും വ്യാഖ്യാതാവ് സഹായത്തിന് എടുത്തിട്ടുണ്ട്, ‘അസ്ഥിരതേ നിന്‍റെ പേരോ സ്ത്രീ’ (Frailty, thy name is woman). വിവേക ചിന്താമണി ഉരയ്ക്കുന്നതും സഹായത്തിനെത്തിയിരിക്കുന്നു: ‘ഹാലഹാല വിഷത്തെയും വിശ്വസിക്കാം, ഒഴുകും നദിയെയും കൊടുംകാറ്റിനെയും വിശ്വസിക്കാം, വമ്പാര്‍ന്ന മത്ത ഗജത്തെയും വിശ്വസിക്കാം, കൊലവിളി നടത്തുന്ന സിംഹത്തെയും പുലിയെയും വിശ്വസിക്കാം, കാലദൂതരെ വിശ്വസിക്കാം. എന്തിന്, കള്ളരെയും വേടന്മാരെയും മറവരെയും വരെ വിശ്വസിക്കാം. എന്നാല്‍ സാരി ചുറ്റിയ സ്ത്രീകളെ വിശ്വസിച്ചവന്‍ വീഥിയില്‍ നിന്ന് കലങ്ങി ദുഖിക്കാന്‍ ഇടയാകും”.
ചിന്താശേഷിയുള്ളവന്‍ ഒരിക്കലും ഭാര്യയുടെ അടിമയാകില്ലെന്ന് കവി ഉറച്ചു വിശ്വസിക്കുന്നു. ആംഗല കവിയുടെ വരികള്‍ പരിഭാഷ കൂടാതെ വ്യാഖ്യാതാവ് ഉദ്ധരിക്കുന്നു:
”A contradiction is her life;
Without all peace, within all strife
A dangerous friend, a fatal foe
Prime breeder of a world of woe”

സ്ത്രീകളെക്കുറിച്ച് ഇത്ര ഗംഭീരമായ ഒരു വിലയിരുത്തല്‍ അടുത്തൊന്നും വായിച്ചിട്ടില്ല.

??????

Leave a Reply