അടിമകള്‍ക്ക് ഇഹ്സാന്‍ ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നു (നിസാഅ്/36). ഉടമയുടെ ബാധ്യതയാണിത്. അടിമകള്‍ക്ക് വസ്ത്രം നല്‍കല്‍ ഇഹ്സാനിലെ ഒരിനമാണ്‌. നബി സ്വ ഉപദേശിച്ചു: “നിങ്ങള്‍ ഭക്ഷിക്കുന്നത് അവരെയും ഭക്ഷിപ്പിക്കുക; നിങ്ങള്‍ ഉടുക്കുന്നത് അവരെയും ഉടുപ്പിക്കുക; സാധിക്കാത്ത കാര്യം കല്പിച്ച് അവരെ പ്രയാസപ്പെടുത്തരുത്” (മുസ്‌ലിം/ കിത്താബു സുഹ്ദ്; ബുഖാരി/അദബുല്‍ മുഫ്രദ്). അന്ത്യശ്വാസം വലിക്കുന്ന സമയത്ത് പോലും നബി സ്വ ഉപദേശിച്ചത് നിസ്കാരത്തെ കുറിച്ചും അടിമകള്‍ക്ക് ഗുണം ചെയ്യുന്നതിനെ കുറിച്ചും ആയിരുന്നു. അടിമകളോട് കാണിക്കേണ്ട ഇഹ്സാന്‍ എത്രമാത്രം ഗൗരവത്തോടെയാണ് നബി സ്വ കണ്ടിരുന്നത്?!

ഇമാം ശാഫിഈ റഹി കിതാബുല്‍ ഉമ്മില്‍ പറയുന്നു: അബൂ ഹുറൈറ റ നിവേദനം. നബി സ്വ പറഞ്ഞു: തനിക്ക് ആവശ്യമായതും മാന്യമായതുമായ ഭക്ഷണവും വസ്ത്രവും അടിമയുടെ അവകാശമാണ്; കഴിവിന്നപ്പുറമുള്ള പണി എടുക്കാന്‍ നിര്‍ബന്ധിക്കാതിരിക്കലും”. തന്‍റെ സംരക്ഷണത്തില്‍ കഴിയുന്ന ആണോ പെണ്ണോ ആയ അടിമകള്‍ക്ക് മാന്യമായ ഭക്ഷണവും വസ്ത്രവും നല്‍കല്‍ ഉടമയുടെ ബാധ്യതയാണ്… ഇബ്നു അബ്ബാസ് റ പ്രസ്താവിച്ചു: “നിങ്ങള്‍ ഭക്ഷിക്കുന്നത് അവരെയും ഭക്ഷിപ്പിക്കുക; നിങ്ങള്‍ ഉടുക്കുന്നത് അവരെയും ഉടുപ്പിക്കുക”. (നബി സ്വ യുടെ ഉപദേശം തന്നെയാണിത്. ഇമാം ശാഫിഈ റ ക്ക് നബി വചനമായി ഇതിന്‍റെ നിവേദനം ലഭിച്ചു കാണില്ല-ലേ). ഇത് പൊതുവായ ഒരു നിര്‍ദ്ദേശമായി എടുക്കാം. എന്നാല്‍, സംരക്ഷണത്തിലുള്ള അടിമകളുടെ നാട്ടില്‍ സാധാരണ കഴിക്കാറുള്ള ഭക്ഷണവും അണിയാറുള്ള വസ്ത്രവും അവര്‍ക്ക് നല്‍കല്‍ ഉടമയുടെ ബാധ്യതയാണ്. അടിമസ്ത്രീകള്‍ സുന്ദരികള്‍ ആണെങ്കില്‍ അത്ര തന്നെ സൗന്ദര്യം ഇല്ലാത്തവരേക്കാള്‍ സുന്ദരമായ വസ്ത്രം നല്‍കുകയാണ് വേണ്ടത്.” കിതാബുല്‍ ഉമ്മ് 5/112)

വസ്ത്രത്തിന്‍റെ ഇനത്തെയും അതിനുപയോഗിക്കുന്ന നൂലുകളുടെ നിലവാരത്തെയും മാത്രം ബാധിക്കുന്നതല്ല പ്രോക്ത നബിവചനം. അവരുടെ ശരീരം എത്ര മറയ്ക്കണം എന്ന പ്രശ്നത്തെ കൂടി അതുള്‍കൊള്ളുന്നുണ്ട്. മാന്യമായ വസ്ത്രം ശരീരത്തെ മാന്യമായി മറയ്ക്കുന്നത് കൂടി ആയിരിക്കണം. അടിമസ്ത്രീ പൊതു ദര്‍ശനത്തില്‍ തന്‍റെ ശരീരം എത്ര മറയ്ക്കണം, എന്തെല്ലാം പുറത്തു കാണിക്കാം എന്ന സംഗതിയെ കുറിച്ച് അല്ലാഹുവും റസൂലും മുസ്‌ലിം സമുദായത്തിലെ വിവിധ കര്‍മ്മ ശാസ്ത്ര ധാരകളും എന്ത് പറയുന്നു എന്ന് നോക്കാം.

പരസ്യ ജീവിതത്തില്‍ ഒരടിമ സ്ത്രീയുടെ ഔറത്തിനെ (മറയ്ക്കേണ്ട ശരീര ഭാഗം) കുറിച്ച് ഖുര്‍ആനിലോ സുന്നത്തിലോ പ്രത്യേകം പറയുന്നില്ല. വസ്ത്ര ധാരണ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഒരേസ്വരത്തിലാണ് എല്ലാ സ്ത്രീകള്‍ക്കും ഖുര്‍ആന്‍ നല്‍കുന്നത്. അടിമ സ്ത്രീ എന്നോ സ്വതന്ത്ര സ്ത്രീ എന്നോ വ്യത്യാസം കാണില്ല. സൂറ നൂര്‍ സൂക്തം മുപ്പത്തി ഒന്നില്‍ സത്യ വിശ്വാസിനികളെ ഉപദേശിക്കാന്‍ നബിയോട് അല്ലാഹു കല്‍പിക്കുന്നത്, അവര്‍ “ശരീരത്തില്‍ നിന്നും പ്രകടമായി കാണുന്ന ഭാഗം ഒഴിച്ച് മറ്റ് ശരീരഭാഗങ്ങള്‍ അവര്‍ തുറന്നിടരുത്” എന്നാണ്. ഈ കല്‍പന സ്വതന്ത്ര സ്ത്രീകള്‍ക്ക് മാത്രം ബാധകമാണെന്ന് പറയാന്‍ പ്രത്യേകം തെളിവ് വേണം; അതില്ല. സൂറ അഹ്സാബ് സൂക്തം അമ്പത്തി ഒമ്പതില്‍ “അല്ലയോ നബിയേ, താങ്കളുടെ ഇണകളോടും പെണ്മക്കളോടും സത്യവിശ്വാസിനികളായ എല്ലാ സ്ത്രീകളോടും പറയൂ: അവര്‍ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍; അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും എളുപ്പമായ വഴിയാണത്. അല്ലാഹു എല്ലാം പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനുമാകുന്നു” എന്ന്‍ കല്‍പിക്കുന്നതും സ്വതന്ത്ര സ്ത്രീകളെ മാത്രം ഉദ്ദേശിച്ചാണെന്ന് വിധിക്കാന്‍ വഴിയില്ല. അടിമ സ്ത്രീകള്‍ക്ക് മുകളിലെ കല്പനകള്‍ ബാധകമല്ല എന്ന നിലക്കുള്ള തിരു നബിയുടെ നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായും കാണുന്നില്ല. ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആന്‍ സ്വതന്ത്ര സ്ത്രീകളോട് പരസ്യ ജീവിതത്തില്‍ എത്ര മറയ്ക്കാനും എങ്ങനെ വസ്ത്രം അണിയാനും ആണോ കല്‍പിച്ചിട്ടുള്ളത് അതുതന്നെയാണ് അടിമ സ്ത്രീകളോടും കല്‍പിക്കുന്നത്. സാധാരണ അവസ്ഥയില്‍ ശരീരം മൊത്തം മറയുന്ന മൂടുപടം അണിയാനും മുഖവും മുന്‍കൈകളും ആവശ്യമെങ്കില്‍ തുറന്നിടാനുമാണ് ആ നിര്‍ദ്ദേശം. അതുതന്നെയാണ് അടിമസ്ത്രീകളും ചെയ്യേണ്ടത്.

അടിമ സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വരാത്തതിനാലും അടിമ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ വസ്ത്രം നല്‍കുന്ന ഏര്‍പ്പാട് അക്കാലത്തെ പൊതുനടപ്പില്‍ ഇല്ലാതിരുന്നതിനാലും, മുസ്‌ലിം കര്‍മ്മ ശാസ്ത്രപണ്ഡിതന്‍മാര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലേറെ തെറ്റിദ്ധാരണ പരത്തിയിട്ടുള്ളത് തനിച്ചാകുമ്പോഴും നിസ്കരിക്കുമ്പോഴും തൊഴിലെടുക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും പാലിക്കേണ്ട വസ്ത്ര മര്യാദകള്‍ സംബന്ധമായ കര്‍മ്മശാസ്ത്രത്തിലെ വ്യത്യസ്തനിയമങ്ങള്‍ ആകെ കൂട്ടിക്കുഴച്ചു എന്തൊക്കെയോ ധരിച്ചുവെച്ചു എന്നതാണ്. പരസ്യ ജീവിതത്തില്‍ പാലിക്കേണ്ട വസ്ത്ര മാര്യാദ യെ ക്കുറിച്ച്/ അന്യര്‍ക്ക് കാണാന്‍ അനുവാദമുള്ള ശരീര ഭാഗത്തെ ക്കുറിച്ചുള്ള പ്രധാന വീക്ഷണങ്ങള്‍ മൂന്നാണ്:

ഒന്ന്‍: അടിമ സ്ത്രീ പരസ്യജീവിതത്തില്‍ ശരീരം മറയ്ക്കേണ്ടത് സ്വതന്ത്ര സ്ത്രീയെ പോലെത്തന്നെയാണ്
.
രണ്ട്: പൊതുവേ ഗാര്‍ഹിക- കാര്‍ഷിക തൊഴില്‍ മേഖലകളില്‍ മുഴുകുന്നവരായതിനാല്‍, അടിമ സ്ത്രീകള്‍ക്ക് അവരുടെ തല, മുഖം, ഭുജങ്ങള്‍, കാല്‍തണ്ടകള്‍ എന്നിവ തുറന്നിടാം.

മൂന്ന്‍: കാല്‍മുട്ടിനും പൊക്കിളിന്നും ഇടയിലുള്ള സ്ഥലം മാത്രമേ മറയ്ക്കേണ്ടതുള്ളൂ.

മുസ്‌ലിം ലോകത്ത് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അനുധാവനം ചെയ്യുന്ന ഇമാം അബൂ ഹനീഫ റഹി ആസ്ഥാനഗുരുവായിട്ടുള്ള ഹനഫീ മദ്ഹബ്, സൗദി അറേബ്യ തുടങ്ങിയ ആധുനിക മുസ്‌ലിം രാജ്യങ്ങളില്‍ ഔദ്യോഗിക കര്‍മ്മ ശാസ്ത്രമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ള ഇമാം അഹ്മദ് ബ്നു ഹമ്പല്‍ റഹി നേതൃത്വം നല്‍കുന്നതും ഹദീസ് മാര്‍ഗ്ഗമെന്നറിയപ്പെടുന്നതുമായ ഹമ്പലി മദ്ഹബ്, ഇമാം ശാഫിഈ റഹി യുടെ നേതൃത്വത്തിലുള്ള ശാഫിഈ മദ്ഹബിലെ പ്രമുഖ വക്താക്കള്‍, ഹിജ്ര അഞ്ചാം നൂറ്റാണ്ടില്‍ സ്പെയിനില്‍ ജീവിച്ച മഹാപണ്ഡിതനും നിയമവിശാരദനുമായ ഇബ്നു ഹസ്മ് റഹി കേന്ദ്ര സ്ഥാനത്തുള്ള ളാഹിരി മദ്ഹബ് തുടങ്ങിയവരെല്ലാം മുകളില്‍ പറഞ്ഞവയില്‍ ഒന്നാമത്തെ അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ്. അതായത്, അടിമ സ്ത്രീ സ്വതന്ത്ര സ്ത്രീയെ പോലെത്തന്നെ പരസ്യജീവിതത്തില്‍ വസ്ത്ര മര്യാദ പാലിക്കണമെന്ന്.

പ്രമാണബദ്ധമായ നിലപാട് ഇതുതന്നെയാണ്. അവിഹിത സംസര്‍ഗ്ഗത്തിന് പ്രേരണ ഉണ്ടാകാതിരിക്കാന്‍ ആണല്ലോ നഗ്നത മറയ്ക്കുവാന്‍ കല്പിച്ചിരിക്കുന്നത് മുഖ്യമായും. വിവാഹ മൂല്യം നല്‍കി സ്വന്തമാക്കുന്ന ഭാര്യമാരെപ്പോലെ വലതുകരം ഉടമപ്പെടുത്തിയ സ്ത്രീകളെയും ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന അനുവാദം ഉടമയ്ക്ക് മാത്രമാണ്. ഒരാളുടെ അടിമ എല്ലാവരുടെയും അടിമയല്ല. അതിനാല്‍ തന്നെ, അവരെ ലൈംഗികമായി മോഹിക്കാന്‍ ഇടവരുന്ന ശരീര പ്രദര്‍ശനം പരസ്യമായി അനുവദിക്കുന്നത് ഔറത്ത് എന്ന സദാചാര സമ്പ്രദായത്തിന്‌ തന്നെ വിരുദ്ധമാണ്. ലൈംഗിക ബന്ധം അനുവദിച്ചവര്‍ തമ്മിലോ, ഒരു നിലയ്ക്കും അനുവദിക്കാത്തവര്‍ തമ്മിലോ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അനുവദിച്ച വസ്ത്ര രീതി, അവര്‍ക്ക് പുറത്തുള്ളവരുമായി ഇടപഴകുമ്പോള്‍ അനുവദിക്കുന്നത് മഹ്റം (ലൈംഗികബന്ധം ഒരു നിലയ്ക്കും പാടില്ലാത്തവര്‍) എന്ന ധാര്‍മ്മിക വ്യവസ്ഥയ്ക്കും എതിരാണ്. അടിമസ്ത്രീകളുടെ മുഖ്യമേഖല ഗാര്‍ഹികവും കാര്‍ഷികവുമായ തൊഴിലുകള്‍ ആണെന്നതിനാല്‍, തല, ഭുജങ്ങള്‍, മുഖം എന്നിവ അവര്‍ തൊഴിലവസരങ്ങളില്‍ മറയ്ക്കേണ്ടതില്ല എന്ന പ്രായോഗികമായ നിലപാടാണ് ഏറെ സ്വീകാര്യം . എന്നാല്‍, മറ്റുള്ളവര്‍ക്ക് ശരീരം ആസ്വദിക്കാന്‍ അവസരം നല്‍കുന്ന വസ്ത്ര രീതി അവര്‍ക്ക് നിര്‍ണ്ണയിക്കുന്നത് ഇസ്‌ലാമിക ശരീഅത്തിന്‍റെ അടിസ്ഥാന താല്പര്യങ്ങള്‍ക്ക് കടക വിരുദ്ധം തന്നെയാണ്. അങ്ങനെയൊരു നിലപാട് ആരുതന്നെ പറഞ്ഞാലും എഴുതിവെച്ചാലും അത് തള്ളുകമാത്രമേ മാര്‍ഗ്ഗമുള്ളൂ. വിശുദ്ധ ഖുര്‍ആനിലും നബി വചനങ്ങളിലും അങ്ങനെ ഒരു കല്‍പന വ്യക്തമായി വന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ വിശേഷിച്ചും.

ശാഫിഈ വക്താവായ ഇമാം നവവി റഹി രേഖപ്പെടുത്തുന്നു: ‘അല്‍ബയാന്‍’ (ശാഫിഈ ധാരയിലെ പ്രമുഖ ഗ്രന്ഥം. ഗ്രന്ഥകര്‍ത്താവ്‌ ഇമാം ഇമ്രാനി) കര്‍ത്താവും മറ്റു ചിലരും വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: അടിമസ്ത്രീ സ്വതന്ത്രസ്ത്രീയെ പോലെ ത്തന്നെയാണ് ഈ വിഷയത്തില്‍. അതുതന്നെയാണ് ഒട്ടേറെ ജ്ഞാനികളുടെ നിരുപാധിക പ്രസ്താവന. ആ വീക്ഷണത്തിനാണ് ബലമേറിയ പ്രമാണമുള്ളത്.” അദ്ദേഹം മറ്റൊരിടത്ത് എഴുതുന്നു: ““ഭിന്ന വീക്ഷണങ്ങള്‍ പരിശോധിച്ചു കൃത്യമായ നിലപാട് കണ്ടെടുക്കുന്ന കര്‍മ്മ ശാസ്ത്ര ജ്ഞാനികളുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ള അഭിപ്രായം അടിമസ്ത്രീ സ്വതന്ത്ര സ്ത്രീയെ പോലെയാണ് എന്നാകുന്നു”

അടിമ സ്ത്രീകള്‍ പരസ്യ ജീവിതത്തിലും മുട്ടിനും പൊക്കിളിനും ഇടയില്‍ മറയ്ച്ചാല്‍ മതി എന്ന അഭിപ്രായക്കാരെ ചോദ്യം ചെയ്തു കൊണ്ട് അല്ലാമാ ഇബ്നുല്‍ ഖയ്യിം റഹി യുടെ പറഞ്ഞു: “വൃദ്ധയും വിരൂപിയുമായ സ്വതന്ത്ര സ്ത്രീയുടെ നഗ്നത നോക്കുന്നത് നിഷിദ്ധവും, സുന്ദരിയായ അടിമസ്ത്രീയുടെ നഗ്നത കാണുന്നത് അനുവദനീയവും?! അത്ഭുതം തന്നെ. ഈ വിധിതീര്‍പ്പ്‌ അല്ലാഹുവിന്‍റെയും നബിയുടെയും മേല്‍ പച്ചക്കള്ളം ആരോപിക്കലാണ്. ആദ്യത്തേത് നിഷിദ്ധമാക്കിയ അല്ലാഹു രണ്ടാമത്തേത് അനുവദിച്ചുവെന്നോ?! അങ്ങനെ എവിടെ പറഞ്ഞു? നിശ്ചയം, അല്ലാഹു അരുളിയത് ഇങ്ങനെയാണ്: “നബിയേ, സത്യവിശ്വാസികളോട് പറയൂ… നബിയേ സത്യ വിശ്വാസിനികളോട് പറയൂ.. അവരുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാന്‍…” അല്ലാഹു ഇതിലെവിടെയും സുന്ദരികളായ അടിമ സ്ത്രീകളെ നോക്കാനുള്ള സ്വതന്ത്ര അനുവാദം ഒരു കണ്ണിനും നല്‍കിയിട്ടില്ല. അടിമ സ്ത്രീയുടെ ദര്‍ശിക്കുക മൂലം ലൈംഗികാഗ്രഹം ഒരാളില്‍ ഉണ്ടാകുമെങ്കില്‍ നിസ്സംശയം ആ നോട്ടം നിഷിദ്ധം തന്നെ. ഇവിടെ അഭിപ്രായ ഭിന്നത ഉണ്ടാകാന്‍ ഇടയായ കാര്യം ഇതാണ്: ശരീഅത്ത് അന്യരില്‍ നിന്നും മുഖം മറയ്ക്കാന്‍ സ്വതന്ത്ര സ്ത്രീകള്‍ക്ക് നിയമം വെച്ചു. എന്നാല്‍, അത് അടിമ സ്ത്രീകളോട് കല്പിച്ചില്ല. എന്നാല്‍, ഈ നിയമം യജമാന സേവനത്തില്‍ മുഴുകി ഗാര്‍ഹിക- കാര്‍ഷിക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ്. ലൈംഗിക ഇണകളായി ഏറ്റെടുക്കയും പരിരക്ഷണം നല്‍കുകയും ചെയ്യുന്ന ‘അടിയാത്തികളെ’ മറ്റുള്ളവരുടെ കാഴ്ചയില്‍ നിന്നും സംരക്ഷിക്കുകയാണ് സ്വാഭാവികമായി ചെയ്യുക. എന്നിരിക്കെ, മുഖം വെളിപ്പെടുത്തി അങ്ങാടികളിലും റോഡ്കളിലും ആളുകള്‍ കൂടുന്നിടത്തും അവര്‍ക്ക് വിഹാരിക്കാനുള്ള സ്വാതന്ത്ര്യവും, അവരെ നോക്കി ആസ്വദിക്കാന്‍ പുരുഷന് നല്‍കുന്ന അവസരവും അല്ലാഹുവും റസൂലും എവിടെ അനുവദിച്ചു എന്നാണ് ഇവര്‍ വിചാരിക്കുന്നത്,?! ഉറപ്പായും ഇത് ശരീഅത്തിനെ കുറിച്ചുള്ള ശുദ്ധ അബദ്ധധാരണയാണ്. ചില കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനകള്‍ ഈ അബദ്ധത്തെ ഊട്ടി ഉറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. (ഇഅ്ലാമുല്‍ മുവഖ്ഖിഈന്‍)

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹി യുടെ നിലപാടില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം തന്‍റെ പ്രസക്തമായ നയം രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം. “ നഗ്നത ദര്‍ശിച്ച് പുരുഷന്മാര്‍ ഫിത്നയില്‍ പതിക്കുക എന്ന കാര്യത്തില്‍ സ്വതന്ത്ര സ്ത്രീകളും അടിമസ്ത്രീകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല”, ശൈഖുല്‍ ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്.

സ്വതന്ത്ര സ്ത്രീകളില്‍ നിന്നും വസ്ത്ര ധാരണത്തില്‍ അടിമ സ്ത്രീകള്‍ ഒട്ടും വ്യത്യസ്തരല്ലെന്ന ശക്തമായ ഇബ്നു ഹസ്മ് റഹി തന്‍റെ മുഹല്ലായില്‍ വളരെ വിശദമായി ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. “സ്വതന്ത്ര സ്ത്രീയും അടിമ സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചു പറയാം: അല്ലാഹുവിന്‍റെ മതം അവര്‍ രണ്ടുകൂട്ടര്‍ക്കും ഒരുപോലെയാണ്. അവരുടെ ശരീര ഘടനയും പ്രകൃതവും ഒന്നാണ്. അവര്‍ തമ്മില്‍ വ്യത്യാസം കാണിക്കുന്ന വ്യക്തമായ വല്ല പരാമര്‍ശവും അല്ലാഹുവിന്‍റെ/ നബിയുടെ ഭാഗത്ത് നിന്നും വരുവോളം അവര്‍ നിയമങ്ങളില്‍ തുല്യരാണ്. സൂറ അഹ്സാബിലെ അമ്പത്തി ഒമ്പതാം സൂക്തത്തില്‍, (“അല്ലയോ നബിയേ, താങ്കളുടെ ഇണകളോടും പെണ്മക്കളോടും സത്യവിശ്വാസിനികളായ എല്ലാ സ്ത്രീകളോടും പറയൂ: അവര്‍ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍; അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും എളുപ്പമായ വഴിയാണത്. അല്ലാഹു എല്ലാം പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനുമാകുന്നു”) അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും എന്ന് പറയുന്നത് സ്വതന്ത്ര സ്ത്രീകളുടെ കാര്യത്തെ കുറിച്ചാണ് എന്നൊരു വീക്ഷണം ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലി റ പറയുന്നു: ‘ഈ നാശകരമായ വ്യാഖ്യാനം ഒരുനിലയ്ക്കും നാം അംഗീകരിക്കില്ല. ഇത് ഒന്നുകില്‍ പണ്ഡിതര്‍ക്ക് ഉണ്ടായേക്കാവുന്ന ഇടര്ച്ചയാണ്. അല്ലെങ്കില്‍ ബുദ്ധിമാനായ ശ്രേഷ്ഠ മനുഷ്യര്‍ക്ക് സംഭവിക്കാറുള്ള ഭ്രംശമാണ്. അതുമല്ലെങ്കില്‍ തെമ്മാടിയായ പെരുംകള്ളന്‍ ഇറക്കിയ വ്യാജ വ്യാഖ്യാനമാണ്. തെമ്മാടികള്‍ ശല്യം ചെയ്യാതിരിക്കാന്‍ സ്വതന്ത്ര സ്ത്രീകള്‍ക്കുള്ള ഒരടയാളമായി മൂടുപടത്തെ വ്യാഖ്യാനിക്കുന്നവര്‍, അടിയാത്തികളെ ശല്യം ചെയ്യാനുള്ള അനുവാദം തെമ്മാടികള്‍ക്ക് നല്‍കിയിരിക്കുന്നു എന്നാണ് വ്യംഗ്യമായി പറഞ്ഞു വരുത്തുന്നത്. ഇത് വല്ലാത്ത ആപത്ത് തന്നെ. സ്വതന്ത്ര സ്ത്രീയുമായുള്ള വ്യഭിചാരം പോലെത്തന്നെ അടിമസ്ത്രീകളുമായുള്ള വ്യഭിചാരവും നിഷിദ്ധമാകുന്നു എന്ന കാര്യത്തിലോ , സ്വതന്ത്ര സ്ത്രീയുമായി വ്യഭിച്ചരിച്ചവന് നല്‍കുന്ന ശിക്ഷയും അടിമ സ്ത്രീയുമായി വ്യഭിച്ചരിച്ചവന്നുള്ള ശിക്ഷയും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്ന കാര്യത്തിലോ, സ്വതന്ത്ര സ്ത്രീയായാലും അടിമസ്ത്രീയായാലും അവരെ അഭിമാനഭംഗം വരുത്താന്‍ അവസരം നല്‍കുംവിധം വിവസ്ത്രരായി വിടുന്നത് നിരോധനത്തില്‍ ഒരു വ്യത്യാസവും ഇല്ല സംഗതിയിലോ മുസ്‌ലിം സമുദായത്തിലെ ആര്‍ക്കും തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. ഇതും ഇതുപോലെയുള്ളതുമായ ഓരോരോ വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കാണുന്നത് കൊണ്ടാണ് നാം പറയുന്നത്, റസൂലുല്ലാഹി സ്വ യുടെ അല്ലാതെ ശേഷമുള്ള ആരുടേയും വാക്കുകള്‍ അപ്പടി വിഴുങ്ങാന്‍ പാടില്ലെന്ന്”.

“മുന്‍ഗാമികള്‍ ഒരു പ്രശ്നത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചാല്‍ നമ്മുടെ മുന്നിലുള്ള നിര്‍ബന്ധ വഴി, അല്ലാഹു നിര്‍ദ്ദേശിച്ച സ്രോതസ്സുകളെ ആശ്രയിക്കുകയാണ്. അത് അല്ലാഹുവിന്‍റെ കിതാബും നബിയുടെ സുന്നത്തും ആകുന്നു. സ്വതന്ത്ര – അടിമ സ്ത്രീകള്‍ക്ക് വ്യത്യസ്ത വസ്ത്രധാരണ നിര്‍ദ്ദേശിക്കുന്നതായി അവ രണ്ടിലും നാം കാണുന്നില്ല…സ്വതന്ത്ര സ്ത്രീകള്‍ക്കും അടിമസ്ത്രീകള്‍ക്കും നിസ്കാരം ഒരുപോലെയാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും നിസ്കാരം വാജിബാണ്‌; അതിനുവേണ്ട ശുദ്ധീകരണം, നിസ്കാരത്തിലെ ദിശ, റക്അത്തുകളുടെ എണ്ണം മുതലായവ എല്ലാം ഒരുപോലെ. പിന്നെ എവിടെന്നാണ് നിങ്ങള്‍ക്ക് ഔറത്തില്‍ വ്യത്യാസം കണ്ടെത്താന്‍ സാധിച്ചത്?!” (മുഹല്ലാ/ മസ്അല നമ്പര്‍ 349)
ആധുനിക കാലത്തെ ഹദീസ് പണ്ഡിതനായിരുന്ന അല്‍ബാനിയുടെയും സുഊദി പണ്ഡിതനായ ഇബ്നു ഉസൈമീന്‍റെയും നിലപാട് ഇതുതന്നെയാണു്. ഇബ്നു ഉസൈമീന്‍ പറയുന്നു: إن الأمة كالحُرَّة؛ لأن الطَّبيعة واحدة والخِلْقَة واحدة، والرِّقُّ وصف عارض خارج عن حقيقتها وماهيَّتها، ولا دليلَ على التَّفريق بينها وبين الحُرَّة.
സ്വതന്ത്ര സ്ത്രീയുടെ ശരീരം ദര്‍ശിക്കുന്നതു പോലെത്തന്നെയാണ് അടിമ സ്ത്രീയുടെ ശരീരം ദര്‍ശിക്കുന്നതും. രണ്ടും സ്ത്രീ ശരീരം തന്നെ; രണ്ടിന്‍റെയും പ്രകൃതം ഒന്നാണ്. അടിമത്തം എന്നത് ശാരീരികമല്ല, പ്രകൃത്യാ ഉള്ള സ്വതന്ത്ര സ്ഥിതിയില്‍ വന്ന് ചേരുന്ന താല്‍ക്കാലിക ആപത്ത് മാത്രമാണ് അടിമത്തം. ശരീരം പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് വ്യത്യസ്ത നിയമം പ്രഖ്യാപിക്കാന്‍ യാതൊരു തെളിവുമില്ല” (അല്‍മുസ്തഖ്നിഉ് ).

ഔറത്തും ആസ്വാദനവും

മൂന്നാം വീക്ഷണം ഉള്ളവര്‍, യഥാര്‍ത്ഥത്തില്‍, അടിമ സ്ത്രീകളെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ അനുവദിക്കുകയായിരുന്നോ? അല്ലെന്ന് വ്യക്തം. ശരീഅത്തിന്‍റെ ധാര്‍മ്മിക സദാചാര തത്വങ്ങള്‍ അറിയുന്ന ആര്‍ക്കും അതുചെയ്യാന്‍ കഴിയില്ല. നിര്‍ബന്ധമായും മറയ്ക്കേണ്ട ശരീര പരിധി നിശ്ചയിക്കുകയാണ് അവര്‍ ചെയ്തത്. അതുമാത്രമല്ല, അവരുടെ അധ്യാപനങ്ങളില്‍ കാണുക. ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ കൂടി വസ്ത്രം ധരിക്കുന്നതിലെ പുണ്യത്തെ കുറിച്ചും അന്യര്‍ അവിടങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്നതിന്‍റെ നിഷിദ്ധത്തെക്കുറിച്ചും അവര്‍ എഴുതിയിട്ടുണ്ട്. ഹമ്പലി ധാരയിലെ പ്രഗല്‍ഭനായ ഇബ്നു അബ്ദില്‍ ബര്‍റ് റഹി ‘കാഫി’യില്‍ എഴുതുന്നു:
“ويستحب لها كشف رأسها ويكره لها كشف جسدها ”
തല തുറന്നിടല്‍ അവള്‍ക്ക് അഭികാമ്യവും ശരീരം തുറന്നിടല്‍ വെറുക്കപ്പെട്ടകാര്യവും ആകുന്നു”.

മാലികി വഴിയിലുള്ള അല്ലാമാ മുഹമ്മദ്‌ അല്‍ഖിറശി റഹി ‘ശറഹു മുഖ്തസ്വറു ഖലീലി’ല്‍ ഇക്കാര്യം രേഖപ്പെടുത്തുന്നു. തല ഒഴിച്ചുള്ള മുഴുവന്‍ ശരീരവും മറയ്ക്കുക എന്നതാണ് ദീന്‍ അവളില്‍ നിന്നും തേടുന്നത്/ അതാണ്‌ അവള്‍ക്ക് പുണ്യം”. ഇത് സാധാരണ ചുറ്റുപാടില്‍ ആണ്. എന്നാല്‍, സാഹചര്യം മോശമായാല്‍ വേണ്ടത് എന്താണെന്ന് മാലികി ധാരയുടെ പ്രമുഖ വക്താവ് ഇമാം ഖാളി ഇയ്യാള് (ആറാം നൂറ്റാണ്ട്) രേഖപ്പെടുത്തുന്നു: “മിക്ക ജനങ്ങളിലും ധാര്‍മ്മിക ചിന്ത കുറഞ്ഞു കാണുന്നതിനാല്‍, അടിമ സ്ത്രീകള്‍ തല തുറന്നിട്ട്‌ അങ്ങാടികളിലും വഴിയോരങ്ങളിലും പോകുന്നത് ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ഭരണാധികാരി അവരെ നിര്‍ബന്ധ ബുദ്ധ്യാ തടയണം”. ഇക്കാര്യം അബ്ദുല്‍ മലിക് ബ്നു ഹബീബ് അല്‍ മാലികി യും രേഖപ്പെടുത്തിയിട്ടുണ്ട്.

ശാഫിഈ ആദ്യകാല വക്താക്കളില്‍ പ്രമുഖനാണ് ഇമാം അബുല്‍ ഹസന്‍ അല്‍മാവര്‍ദി റഹി. ഭാര്യയുടെ സേവനത്തിന് നിയമിക്കുന്ന വേലക്കാരെ പരിപാലിക്കുന്ന നിയമം വിവരിക്കവേ, അദ്ദേഹം കുറിക്കുന്നു: ഭാര്യയുടെ വേലക്കാരി ഒരടിമ സ്ത്രീ ആണെങ്കില്‍ അവളെ ഖമീസും മക്കനയും ധരിപ്പിക്കണം.” (അല്‍ഹാവി 11/ 431)
“കാമശൂന്യമായി നോക്കാം” (മിന്ഹാജ്) എന്ന ഇമാം നവവി (രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ശാഫിഈ വക്താവ്) യുടെ പ്രസ്താവനയെ വിശദീകരിച്ചുകൊണ്ട് അല്‍ഖത്വീബുശ്ശിര്‍ബീനി രേഖപ്പെടുത്തി: “കാമത്തോടെ നോക്കുന്നത് ശങ്കാലേശമന്യേ ഹറാം ആകുന്നു, മഹ്രം ആയാലും അല്ലെങ്കിലും, അതായത് ഭാര്യയെയോ സ്വന്തം അടിയാത്തിയെയോ അല്ലാത്ത ആരേയായാലും ശരി”.(മുഗ്നി- 3/175). ശാഫിഈ ധാരയിലെ പില്‍ക്കാലത്തെ പ്രമുഖ വക്താവാണ്‌ അല്ലാമാ ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹി. അദ്ദേഹം വ്യക്തമാക്കുന്നു: “ഭിന്ന വീക്ഷണങ്ങള്‍ പരിശോധിച്ചു കൃത്യമായ നിലപാട് കണ്ടെടുക്കുന്ന കര്‍മ്മ ശാസ്ത്ര ജ്ഞാനികളുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ള അഭിപ്രായം ഇതാണ്: നിശ്ചയമായും അടിമസ്ത്രീ സ്ത്രീത്വത്തിലും ലൈംഗിക മോഹം ജനിപ്പിക്കുന്നതിലും സ്വതന്ത്രസ്ത്രീയെ പോലെത്തന്നെയാണ്. എന്നല്ല, സ്വതന്ത്ര സ്ത്രീകളേക്കാള്‍ സൌന്ദര്യം കൂടുതലുള്ള ധാരാളം അടിമ സ്ത്രീകളുണ്ട്. സ്വാതന്ത്ര സ്ത്രീകളേക്കാള്‍ അക്കാര്യത്തില്‍ കൂടുതല്‍ ഭയക്കേണ്ടത് ഇവരെയാണ്.” (തുഹ്ഫ).

ശാഫിഈ മദ്ഹബിന് പ്രചാരമുള്ള കേരളത്തില്‍ ഫത്ഹുല്‍ മുഈനിലൂടെയും ഉംദയിലൂടെയും മറ്റും പഠിപ്പിക്കപ്പെട്ടത് മുകളില്‍ സൂചിപ്പിച്ച മൂന്നാം വീക്ഷണമാണ്. അവയുടെ പരിഭാഷ വായിച്ച പലരും അക്കാരണത്താല്‍ തെറ്റുദ്ധരിക്കപ്പെട്ടു. ആര്‍ക്കും അടിമ സ്ത്രീകളെ ആസ്വദിക്കാന്‍ വിട്ടിരിക്കുന്നു എന്ന്‍ ചിലരെങ്കിലും തെറ്റുദ്ധരിച്ചു. അതേ ഫത്ഹുല്‍ മുഈന്‍ അവരുടെ ശരീരം നോക്കി ആസ്വദിക്കുന്നതിനെ കുറിച്ച് പറയുന്ന ഭാഗം കാണൂ: “വളരെ പ്രധാനമുള്ള ഒരു സംഗതി പറയാം: പുരുഷന് നിഷിദ്ധമാണ്, പടുവൃദ്ധന്‍ ആണെങ്കില്‍ പോലും, സ്വതന്ത്രയോ അടിമയോ ആയ അന്യ സ്ത്രീയുടെ ശരീരത്തില്‍ നിന്നും വല്ല ഭാഗവും ശ്രദ്ധിച്ചു നോക്കല്‍- കാമാതുരമായ ചിന്തകള്‍ ഉണര്‍ത്തുന്ന തരത്തിലുള്ള നോട്ടം. ആ സ്ത്രീ വിരൂപി ആയിരുന്നാലും വൃദ്ധ ആണെങ്കിലും ഈ നോട്ടം നിഷിദ്ധമാണ്; വൃദ്ധന് പോലും.” (ബാബു നികാഹ്)

അടിമ സ്ത്രീകളുടെ ഔറത്ത് സംബന്ധമായ മൂന്നാം വീക്ഷണം ഉള്‍ക്കൊണ്ട്, അടിമസ്ത്രീകളെ നെഞ്ചും മാറിടവും വയറും മറയ്ക്കാതെ അര്‍ദ്ധ നഗ്നരായി നടത്തുന്ന ഏര്‍പ്പാട് മുസ്‌ലിം ലോകത്ത് എവിടെയും കാണാന്‍ കഴിയാത്തതിന്‍റെ കാരണവും അതുതന്നെ. . അടിമ ചന്തകളില്‍ പോലും അങ്ങനെ കാണപ്പെട്ടില്ല. തല തുറന്നിടാമെന്ന അഭിപ്രായമനുസരിച്ച് നീങ്ങിയവരായിരുന്നു ഏറെക്കുറെ. അവര്‍ ബാക്കി ഭാഗങ്ങള്‍ മറച്ചു; മുഖപടം ഉപയോഗിച്ചില്ല. മുസ്‌ലിം സമുദായത്തിലെ അടിമസ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് ഒരു ചരിത്ര പരാമര്‍ശം ഇങ്ങനെ വായിക്കാം: “മുടഞ്ഞ മുടി/കറുപ്പിച്ച മുടി കാണുംവിധം തല തുറന്നിട്ടല്ലാതെ പുറത്തു ഞാന്‍ ഒരടിമ സ്ത്രീയെയും- അവളെത്ര സുന്ദരി ആണെങ്കില്‍ പോലും-കണ്ടിട്ടില്ല; സ്വതന്ത്ര സ്ത്രീയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ അവര്‍ മുഖപടം അണിയുമായിരുന്നില്ല” (റുഐനീ/ മവാഹിബുല്‍ ജലീല്‍). മുസ്‌ലിംകള്‍ സംരക്ഷിച്ചിരുന്ന അടിമ സ്ത്രീകള്‍ മാറ് തുറന്നിട്ടിരുന്നില്ല, ക്രൈസ്തവ- ബ്രാഹ്മണ യജമാനന്മാരുടെ അധീനതയില്‍ ഉണ്ടായിരുന്ന അടിമ സ്ത്രീകളെപോലെ.

ഇസ്ലാമിക കര്‍മ്മ ശാസ്ത്രം സൂക്ഷ്മമായി പഠിക്കുന്നവര്‍ക്കറിയാം, അടിമസ്ത്രീകള്‍ എല്ലാവരെയും ഒരേ ഗണത്തിലല്ല പരിഗണിക്കുക. പുറത്തിറങ്ങാന്‍ നാണിക്കുന്നവരുണ്ട്; പുറം തൊഴിലില്‍ മടിയില്ലാത്തവരുണ്ട്. സുന്ദരികളുണ്ട്, വിരൂപരുണ്ട്. ഇണയായി ജീവിക്കുന്നവരുണ്ട്, ഗാര്‍ഹിക ജോലികള്‍ക്ക് വേണ്ടി ഉള്ളവരുണ്ട്. ഇവരെയെല്ലാം പ്രത്യേകം പരിഗണിക്കുന്ന വിധി വിലക്കുകളും കര്‍മ്മ ശാസ്ത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ചുരുക്കത്തില്‍, ഏതെങ്കിലും കാലത്ത്, ലോക വ്യവസ്ഥിതി അടിമത്തത്തെ തിരിച്ചു കൊണ്ടുവന്നാല്‍ തന്നെയും, അന്ന് മുസ്ലിംകള്‍ക്കിടയിലെ അടിമ സ്ത്രീകളുടെ ശരീരം ആസ്വദിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. ധാര്‍മ്മികതയുടെയും സദാചാര ജീവിതത്തിന്‍റെയും മുഴുവന്‍ പാഠങ്ങളും വിശുദ്ധ ഖുര്‍ആനിലും തിരു ഹദീസുകളിലും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും യാതൊരു തിരുത്തുമില്ലാതെ കിടപ്പുണ്ട്.

ഇവിടെ ഒരു സംഗതി പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. അടിമ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അനുവാദം ഇസ്‌ലാം നല്‍കുന്നില്ലെന്ന്‍ ആരോപിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വതന്ത്ര സ്ത്രീകള്‍ പോലും സ്വകാര്യ അവയവങ്ങള്‍ പുറത്തുകാട്ടുന്നതില്‍ പരാതി ഇല്ലാത്തവരാണ്.

പുറത്തിറങ്ങുന്നു..
#സ്വാതന്ത്ര്യം അടിമത്തം

സ്വാലിഹ് നിസാമി പുതുപൊന്നാനി

Leave a Reply