Muslim Discourse on Slavery in Kerala
ലോകത്തെവിടെയും ഇല്ലാതിരുന്ന ജാതി അടിമകളായിരുന്നു കേരളത്തില്‍ കൂടുതല്‍. അടിമത്തവും ജാതീയതയും ഒന്നിച്ചനുഭവിക്കുന്ന അവസ്ഥയാണ് ജാതി അടിമത്തം. കേരളത്തിലെ അടിമകളെ രണ്ടായി തിരിക്കാറുണ്ട്. ഗാര്‍ഹിക അടിമകളും കാര്‍ഷിക അടിമകളും. കാര്‍ഷിക അടിമകളെ അപേക്ഷിച്ച് ഗാര്‍ഹിക അടിമകള്‍ വളരെ കുറവായിരുന്നു. തൊടാനും അടുക്കാനും പാടില്ലാത്ത ജാതീയതയും കൂടെ ഉണ്ടായിരുന്നതിനാല്‍, സവര്‍ണ്ണ മുതലാളിമാരുടെ കീഴിലായിരുന്നു കാര്‍ഷിക അടിമകള്‍ ഉണ്ടായിരുന്നത്. എല്ലാത്തരം ബഹുമാന ആദരവുകളും അനുഭവിച്ച് മുസ്ലിം ധനികരുടെ വീട്ടുജോലികള്‍ ചെയ്യുന്നവരായിരുന്നു ഗാര്‍ഹിക അടിമകള്‍. അവര്‍ പൊതുവേ പീഡിതര്‍ അല്ലായിരുന്നു. സന്തുഷ്ടരായിരുന്നു. (കേരളത്തിലെ അടിമ സമ്പ്രദായത്തെ കുറിച്ച് വിശദമായി അന്യത്ര വിവരിക്കുന്നുണ്ട്) അതിന് മറ്റ് മതസമൂഹത്തില്‍ കാണപ്പെടാത്ത ചില കാരണങ്ങളുണ്ട്, അതെക്കുറിച്ച് പറയാം.
മുസ്ലിം സമൂഹത്തെ ഇസ്ലാമിക മര്യാദകളും നിയമങ്ങളും പഠിപ്പിക്കാന്‍ കേരളത്തിലെ മുസ്ലിം ജ്ഞാനനേതൃത്വം ധാരാളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ പൊന്നാനി കേന്ദ്രീകരിച്ച് മുസ്ലിംകള്ക്ക് ജ്ഞാനനേതൃത്വം നല്കിയ സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന് രചിച്ച ‘സത്യവിശ്വാസത്തിന്റെ ശാഖകള്‍’ എന്ന ഗ്രന്ഥത്തില്‍, വിശ്വാസ സംബന്ധവും കര്‍മ്മപരവുമായ സുപ്രധാനമായ എഴുപത്തിഏഴ് കാര്യങ്ങള്‍ വിവരിക്കുന്നു. അതില്‍ മുപ്പതാമത്തെ ശാഖയില്‍ അടിമ മോചനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നു. “ഐച്ഛികമായ പുണ്യകര്‍മ്മങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടമായ കര്‍മ്മമാകുന്നു അടിമവിമോചനം; നരക വിമുക്തിയ്ക്ക് കാരണമാകുന്ന പ്രധാന ആരാധനകളില്‍ ഒന്ന്”. മുപ്പത്തിഒന്നാമത്തെ ശാഖയില്‍, ചില തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അടിമയെ മോചിപ്പിക്കേണ്ട നിര്‍ബന്ധ ബാധ്യതയെ കുറിച്ച് വിവരിക്കുന്നു. അമ്പത്തിഎട്ടാം ശാഖയില്‍, അടിമകളോട് നന്മയോടെ സഹൃദയം വര്‍ത്തിക്കുന്നതിന്റെയും അവരുടെ അവകാശങ്ങള്‍ കാത്തു സംരക്ഷിക്കുന്നതിന്റെയും മഹത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ ഇത് സംബന്ധമായ നിര്‍ദ്ദേശം ആദ്യമായി പഠിപ്പിക്കുന്നു. (വി.ഖു. 4/36). “ആരേലും തന്റെ അടിമയെ തൊഴിക്കുകയോ ചവിട്ടുകയോ ചെയ്താല്‍, അതിനുള്ള പരിഹാരം അയാളെ മോചിപ്പിക്കലാകുന്നു” എന്ന നബി വചനം തുടര്‍ന്ന് പഠിപ്പിക്കുന്നു. അടിമയെ പ്രഹരിച്ച പാപം പൊറുപ്പിക്കുമെന്ന പ്രതീക്ഷയോടെ , കുറ്റം തന്റെ ചുമലില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ , ആ അടിമയെ മോചിപ്പിക്കല്‍ സുന്നത്താകുന്നു/പ്രതിഫലര്ഹമായ ഇബാദത്ത് ആകുന്നു. പ്രവാചക ശിഷ്യന്മാര് ഇത് നടപ്പില്‍ വരുത്തിയ ഒരനുഭവം ഗ്രന്ഥ കര്‍ത്താവ് പങ്കുവെക്കുന്നു: ഉമര്‍ ബ്നുല്‍ ഖത്വാബിന്റെ മകന് അബ്ദുല്ലാ (റ) ഒരു സന്ദര്‍ഭത്തില്‍ തന്റെ അടിമയുടെ പുറത്ത് തല്ലി. താമസിയാതെ കുറ്റ ബോധം തോന്നിയപ്പോള്‍ അയാളെ വിളിച്ചു, പുറം പരിശോധിച്ചു. അവിടെ അടിയുടെ പാട് കാണാം. ‘നിനയ്ക്ക് വേദനിച്ചോ?’, മുതലാളി ചോദിച്ചു. ഇല്ലെന്ന് അടിമ മറുപടി പറഞ്ഞെങ്കിലും മുതലാളിക്ക് സംതൃപ്തി ആയില്ല, അയാളെ മോചിപ്പിച്ചു. ‘നീ സ്വതന്ത്രനായിരിക്കുന്നു’. കുറച്ച് മണ്ണ് വാരി കയ്യില്‍ വെച്ചുകൊണ്ട് പറഞ്ഞു: ‘അടിമയെ മോചിപ്പിക്കുന്നതിനുള്ള പ്രതിഫലം ഇത്രയൊന്നുമല്ലട്ടോ, ‘ആരേലും ചെയ്യാത്ത കുറ്റത്തിന് അടിമയെ ശിക്ഷിക്കുകയോ തൊഴിക്കുകയോ ചെയ്താല്‍, നിശ്ചയമായും അതിനുള്ള പാപപരിഹാരം അയാളെ മോചിപ്പിക്കല്‍ ആകുന്നു’ എന്ന് നബി സ്വ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”.
നബി സ്വ തന്റെ ഒരു പ്രമുഖ ശിഷ്യന് നല്കിയ ശിക്ഷണത്തിന്റെ മാതൃകയും സൈനുദ്ധീന്‍ മഖ്ദൂം രേഖപ്പെടുത്തുന്നു. ബദര്‍ പോരാളികളില്‍ പെട്ട ഇബ്നു മസ്ഊദ് റ ന്റെ അനുഭവമായിരുന്നു അത്. ഞാന്‍ എന്റെ അടിമയെ ചാട്ടവാര്‍ കൊണ്ട് തല്ലുകയായിരുന്നു. പൊടുന്നനെ പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു: ‘ഇബ്നു മസ്ഊദ്, നീ മനസ്സിലാക്കണം..’. കോപാന്ധനായ എനിക്ക് ശബ്ദത്തിന്റെ ഉടമയെ ആദ്യം മനസ്സിലായില്ല. അപ്പോഴതാ, അല്ലാഹുവിന്റെ റസൂല്‍ കടന്നുവരുന്നു. അദ്ദേഹത്തെ കണ്ടതും എന്റെ കയ്യിലെ ചാട്ടവാര്‍ നിലത്തുവീണു. ‘ഇബ്നു മസ്ഊദ്, നീ മനസ്സിലാക്കണം’ എന്ന ആമുഖത്തോടെ അവിടുന്ന് പറഞ്ഞു തുടങ്ങുകയായിരുന്നു, “നിനയ്ക്ക് ഈ അടിമയുടെ മേല്‍ ശക്തി പ്രയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ കരുത്തോടെ, അല്ലാഹുവിന് നിന്റെ മേല്‍ ശക്തി പ്രയോഗിക്കാന്‍ കഴിയുമെന്ന് നീ മനസ്സിലാക്കണം”. ഞാന്‍ അവിടെവെച്ച് പ്രതിഞ്ജയെടുത്തു, ഇനി ഒരിക്കലും ഒരടിമയെയും അടിക്കില്ല’. ആ അടിമയെ ഞാന്‍ സ്വതന്ത്രനാക്കുകയും ചെയ്തു.
ഗ്രന്ഥകാരന് മലയാളിയെ പഠിപ്പിച്ച മറ്റൊരു നബി വചനം ഇങ്ങനെ: “അവര്‍ നിങ്ങളുടെ സഹോദരങ്ങള്‍ ആകുന്നു. നിങ്ങള്‍ ഭക്ഷിക്കുന്നത് അവരെയും ഭക്ഷിപ്പിക്കുക; നിങ്ങള്‍ ഉടുക്കുന്നത് അവരെയും ഉടുപ്പിക്കുക; അവര്‍ക്ക് വഹിപ്പാന്‍ കഴിയാത്ത പണികള്‍ നിര്‍ബന്ധിച്ച് കല്പിക്കരുത്; അഥവാ അത്തരം ജോലികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കുക”. ഒരു കൊച്ചു വിവരണവും: ‘അറിയുക. യജമാനന് അണിയുന്നത് അണിയാനും ഉണ്ണുന്നത് ഊട്ടാനും കല്പിച്ചത്, അങ്ങനെ ചെയ്താല്‍ പ്രതിഫലം ലഭിക്കും എന്ന അര്‍ത്ഥത്തിലാണ്. അടിമയുടെ ഭക്ഷണ-താമസ- ചികിത്സാ- വസ്ത്രാദി ചെലവുകള്‍ വഹിക്കേണ്ട ബാധ്യത മുതലാളിക്കാണ്. അത് നല്ല വിധത്തില്‍ മാന്യമായും സുന്ദരമായും ആയിരിക്കണം; ഓരോ നാട്ടിനും വ്യക്തിക്കും ആവശ്യമായതും അനുയോജ്യമായതുമായ തോതില്‍.’
അടിമയ്ക്ക് വിദ്യാഭ്യാസം നല്‍കേണ്ട ബാധ്യത കൂടി മുതലാളിക്കുണ്ടെന്നു പഠിപ്പിക്കാനും ഗ്രന്ഥകാരന് മറന്നില്ല. അദ്ദേഹം മുതാളിമാരെ താക്കീത് ചെയ്തു: ‘യജമാനന് തന്റെ കീഴിലുള്ള അടിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത അറിവുകള്‍ നല്കിയിട്ടില്ലെങ്കില്, മതപരമായ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ കല്പിക്കുന്നതിലോ അവയ്ക്കുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിലോ തിന്മകള് കാണുമ്പോള്‍ വിലക്കുന്നതിലോ കുറവ് വരുത്തിയാല്‍, അതിനെ തുടര്‍ന്നുള്ള എല്ലാ പ്രത്യാഘാതങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും നാശങ്ങള്‍ക്കും ശിക്ഷയ്ക്കും മുതലാളി പങ്കാളി ആയിത്തീരുന്നതാണ്. ‘എല്ലാവരും ഇടയന്മാര്; അവരുടെ കീഴിലുള്ള ജനത്തെ കുറിച്ച് അവര്‍ ചോദ്യം ചെയ്യപ്പെടും’ എന്ന പ്രസിദ്ധ നബി വചനം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്’.
ഒന്നാം സൈനുദ്ധീന്‍ മഖ്ദൂം രചിച്ച മറ്റൊരു കൃതിയാണ് ‘സിറാജുല്‍ ഖുലൂബ്’. ഇതിലും കാണാം, അടിമകളോട് ഇഹ്സാന്‍ ചെയ്യുന്നതിനെ കുറിച്ചുള്ള അദ്ധ്യായം. മുകളില്‍ പരാമര്‍ശിച്ച ചില കാര്യങ്ങള്‍ ഇതില്‍ ആവര്‍ത്തിക്കുന്നു. വേറെയും ഉപദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “അടിമയുടെ ഭക്ഷണം തടഞ്ഞുവെക്കുന്നത് മാത്രം മതി ഒരാള്‍ വലിയ പാപി ആകാന്‍” എന്ന നബി വചനം ഇതില്‍ വായിക്കാം. നബി സ്വ യുടെ വിയോഗ നാഴികകളില്‍ അവിടുന്ന് ഗൗരവത്തോടെ, നിസ്കാരവും അടിമകളുമായുള്ള സഹവര്‍ത്തിത്വവും പ്രത്യേകം ശ്രദ്ധിക്കാന്‍ ഉണര്‍ത്തിയ കാര്യം ഓര്‍മ്മപ്പെടുത്തുന്നു. അടിമ സ്ത്രീയെ വാങ്ങുമ്പോഴും വില്ക്കുമ്പോഴും മറ്റും, ഉമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റി നിര്‍ത്തിയുള്ള ഇടപാട് വളരെ വലിയ അപരാധമാണെന്ന് ഉണര്ത്തിക്കൊണ്ടുള്ള നബി സ്വ യുടെ അരുളപ്പാട് ഉദ്ധരിക്കുന്നു: ‘ആരേലും ഉമ്മയെയും കുഞ്ഞിനേയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാതെ അകറ്റിയാല്‍, അവനെയും അവന്റെ സ്നേഹ ജനങ്ങളെയും അല്ലാഹു അന്ത്യനാളില്‍ അകറ്റുന്നതാണ്”.
ധര്‍മ്മോപദേശം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്നെ സമീപിച്ച സ്നേഹജനങ്ങള്‍ക്ക് വേണ്ടി മഖ്ദൂം ഒന്നാമന് തയ്യാറാക്കിയ റഫറന്‍സ് ആയിരുന്നു ‘മുര്‍ശിദുത്വുല്ലാബ്= പഠിതാവിന് സന്മാര്ഗ്ഗചൂണ്ടി’. അക്രമ(ളുല്‍മ്) ത്തിനെതിരെ അദ്ദേഹം ഗൗരവത്തോടെ സംസാരിച്ചതായി കാണാം ഇതില്‍. “ഒരു വ്യക്തിയെ അയാള്‍ക്ക് താല്പര്യമില്ലാത്ത പണിയെടുക്കാന്‍ സമ്മര്‍ദ്ദം പ്രയോഗിക്കുന്നത് ഹറാം ആകുന്നു. അയാള്‍ ജൂതനോ ക്രിസ്ത്യാനിയോ ആകട്ടെ; വിശിഷ്യാ ഏക ദൈവ വിശ്വാസി ആണെങ്കില്‍. ഇക്കാര്യം അല്ലാമാ തഖിയുദ്ദീന് അല്‍ ഹിസ്വനി തന്റെ ഫത്വവയില്‍ പറയുന്നുണ്ട്”. അദ്ദേഹം തുടരുന്നു: “അക്രമം/അന്യായം ചെയ്യല്‍ ദീനുല്‍ ഇസ്ലാമില്‍ മാത്രമല്ല, ജൂത ക്രൈസ്തവ മതങ്ങളിലും എല്ലാ മതങ്ങളിലും അത് നിഷിദ്ധം തന്നെയാകുന്നു. അവതീര്‍ണ്ണമായ വേദങ്ങളിലും പ്രവാചകന്മാരുടെയും ദൂതന്മാരുടെയും ജീവിത നടപടികളിലും അക്രമ/അന്യായ പ്രവര്‍ത്തനങ്ങളെ തടയുന്നതും അങ്ങനെ ചെയ്യരുതെന്ന് വിലക്കുന്നതും അതിന്റെ മോശമായ പരിണതികളെ കുറിച്ച് താക്കീത് ചെയ്യുന്നതും ഒരു വാക്ക് കൊണ്ടെങ്കിലും അതിനെ പ്രോല്സാഹിപ്പിക്കുന്നവരോട് അരുതെന്ന് പറയുന്നതും അക്രമികളുടെ നാശം വലുതാണെന്ന് ഉണര്‍ത്തുന്നതും നമുക്ക് വ്യക്തമായി കാണാം.” അതിനാല്‍, രക്ഷക ദൗത്യം നിര്‍വ്വഹിക്കാനുള്ള ബാധ്യത മുസ്ലിം സമുദായത്തിന് ഉണ്ടെന്നും അക്രമികളെ തടയാനും പീഡിതരെ രക്ഷപ്പെടുത്താനും മുസ്ലിംകള് രംഗത്ത് വരണമെന്നും അദ്ദേഹം ഉപദേശിക്കുന്നു: “എല്ലാ വ്യക്തിയുടെയും ബാധ്യതയാണ്, അക്രമത്തിനും അന്യായത്തിനും ഇരയാകുന്ന പീഡിത ജനങ്ങളെ സഹായിക്കുക. അക്രമം തടയുക. കായികമായി വേണമെങ്കില്‍ അങ്ങനെ, വാക്ക് കൊണ്ട് മതിയെങ്കില്‍ അങ്ങനെ. ആകാശങ്ങളുടെയും ഭൂമിയുടെയും നാഥന് വല്ലാതെ ഇഷ്ടപ്പെടുന്ന മഹാപുണ്യങ്ങളില് പെട്ടതാണത്. ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍, അവന് പരലോകത്ത് കനത്ത ശിക്ഷയുണ്ടായിരിക്കും”.
അടിമ കച്ചവടം മുസ്ലിം അന്തരീക്ഷത്തില്‍ നടന്നിരുന്നത്, അവരെ കഷ്ടതയില്‍ നിന്നും രക്ഷിച്ച് ജീവിതം നല്‍കാനുള്ള വഴി ആയിട്ടായിരുന്നു. അവരുടെ ഇരുലോക ജീവിതം ഐശ്വര്യവത്താക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു അതിനു പിന്നില്‍. ലക്ഷോപലക്ഷം മനുഷ്യര്‍ അങ്ങനെ സ്വാതന്ത്ര്യത്തിന്റെയും സൌഭാഗ്യത്തിന്റെയും ആകാശത്തേക്ക് പറന്നവര്‍ ഉണ്ടായിരുന്നില്ലെങ്കില്‍, ഇന്ന് ലോകത്തെ മുസ്ലിം ജനസംഖ്യ തുലോം കുറയുമായിരുന്നു. കേരളത്തില്‍ പോലും.
മുകളില്‍ സൂചിപ്പിച്ച രണ്ട് ഗ്രന്ഥങ്ങളില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ മുര്‍ശിദില്‍ നിന്നും കേരള മുസ്ലിംകള് പഠിച്ചു. സ്വഹീഹുല്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് സമാഹരണങ്ങളില്‍ വന്നിട്ടുള്ള ഒരു രംഗം: അബൂദര്ര് റ മുന്തിയ ഇനം കോട്ട് ധരിച്ചിരിക്കുന്നു, അതുപോലെ ഒരെണ്ണം തന്റെ അടിമപ്പയ്യനും അണിഞ്ഞിട്ടുണ്ട്. കണ്ടു പരിചയമില്ലാത്ത ആ രംഗത്തെ കുറിച്ച് അത്ഭുതത്തോടെ ഇബ്നു സുവൈദ് റ ചോദിച്ചറിഞ്ഞു. അബൂ ദര്ര് പറഞ്ഞു: റസൂലുല്ലാഹി സ്വ ഉള്ള കാലത്ത് ഞാന്‍ ഒരടിമയെ അവന്റെ ഉമ്മാനെ പറഞ്ഞ് കളിയാക്കി. അതുകേട്ടപ്പോള്‍ നബി സ്വ എന്നെ താക്കീത് ചെയ്തു: ‘ഇപ്പോഴും ജാഹിലിയ്യാ ഗോത്രബോധം കൊണ്ടുനടക്കുന്ന മനുഷ്യനാണോ നീ?! അവര്‍ നിങ്ങളുടെ സഹോദരങ്ങള്‍ ആണ്. നിങ്ങളുടെ രക്ഷാ കര്‍തൃത്വ ത്തില്‍ സുരക്ഷിതരും അഭിമാനികളുമായിട്ട് ജീവിക്കേണ്ടവരാണവര്. നിങ്ങള്‍ ഉണ്ണുന്നത് അവരെയും …”.
ബുഖാരിയില്‍ വന്നിട്ടുള്ള നബി ഉപദേശം ഇങ്ങനെ: “നിങ്ങള്‍ക്ക് സേവകന് ഭക്ഷണം കൊണ്ടുതന്നാല്‍ അവനെ അടുത്തിരുത്തി, ഒന്നോ രണ്ടോ വാര വായില്‍ വെച്ചുകൊടുത്ത് ഭക്ഷിക്കാന്‍ തുടങ്ങുക. അതവനുള്ള വലിയ ശുശ്രൂഷയാണ്”. മഖ്ദൂം കേരള മുസ്ലിംകളെ പഠിപ്പിച്ച മറ്റൊരു നബി വചനം: “സത്യവിശ്വാസത്തിലേക്ക് വന്ന ഒരടിമയെ മോചിപ്പിച്ചാല്‍ ആ മോചിതന്റെ ഓരോ അവയവത്തിനും പകരമായി അല്ലാഹു അന്ത്യനാളില്‍ മോചിപ്പിച്ച വ്യക്തിയുടെ അതത് അവയവത്തെ പാപ ശുദ്ധമാക്കി നരകത്തില്‍ നിന്നും മോചിപ്പിക്കുന്നു; കൈക്ക് പകരം കൈ, കാലിനു പകരം കാല്, ജനനേന്ദ്രിയങ്ങള്‍ക്ക് പകരം ജനനേന്ദ്രിയങ്ങള്‍.” (ബുഖാരി, മുസ്ലിം) ഇതിന്റെ അനുരണനം വലുതായിരുന്നു. ഗ്രന്ഥകാരന് പകര്‍ത്തിയ ഒരു ഉദാഹരണം. ഇമാം സൈനുല്‍ ആബിദീന്‍ എന്ന അലിയ്യ്ബ്നുല് ഹുസൈന് ഈ ഹദീസ് പകര്‍ന്നു കൊടുത്ത സഅ്ദു ബ്നു മര്ജാനയോട് ചോദിച്ചു: “താങ്കള്‍ ഈ ഹദീസ് അബൂഹുറൈറ യില്‍ നിന്നും നേരിട്ട് കേട്ടതാണോ?” അതെ എന്ന മറുപടി കിട്ടിയ ഉടനെ തന്റെ ഏറ്റവും വിലയേറിയ ഒരടിമയെ സ്വതന്ത്രനാക്കുകയായിരുന്നു സൈനുല്‍ ആബിദീന്‍ തങ്ങള്‍. (പതിനായിരം ദിര്‍ഹം വിലകിട്ടുന്ന അടിമയായിരുന്നു അതെന്ന് ഇമാം മുസ്ലിം വെളിപ്പെടുത്തുന്നു.)
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച നബിവചനം മറ്റൊന്ന്: അബൂദര്ര് റ നബി സ്വ യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഏറ്റവും ഉത്തമായ സല്‍ക്കര്‍മ്മം ഏതാണ്? അവിടുന്ന് പറഞ്ഞു: അല്ലാഹുവില്‍ വിശ്വസിക്കുക. പിന്നെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുക. പിന്നെ അടിമയെ മോചിപ്പിക്കുക. അബൂദര്ര് വീണ്ടും ചോദിച്ചു: ‘ഏതു തരം അടിമയെ മോചിപ്പിക്കുനതാണ് കൂടുതല്‍ ഉത്തമം? നബി സ്വ പ്രതിവചിച്ചു: ‘അതിന്റെ യജമാനന് ഏറ്റവും മൂല്യവത്തായ അടിമയെ’. ഒടുവില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയില്ലെങ്കിലോ?, അബൂ ദര്ര് വീണ്ടും. നിര്‍മ്മാണാത്മകമായ വല്ലതും ചെയ്യുന്ന വ്യക്തിയെ സഹായിക്കുക. ‘അതിനും സാധിക്കാതെവന്നാല്‍?. ‘ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കാതെ ജീവിക്കുക. അത് വലിയൊരു ധര്‍മ്മമാണ്. നിന്റെ ആത്മ സുരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന വലിയ ധര്‍മ്മം”.
ഇബ്നു ഉമര്‍ റ നിവേദനം ചെയ്ത ഒരു ഹദീസ് : ഒരാള്‍ നബി സ്വ യുടെ അരികില്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ സേവകര്‍ക്ക് മാപ്പ് നല്‍കാറുണ്ടോ? അദ്ദേഹം ഒന്നും മിണ്ടിയില്ല. ചോദ്യം വീണ്ടും വന്നു. പ്രതികരണമില്ല. മൂന്നാമതും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ഞാന്‍ ചുരുങ്ങിയത് എഴുപത് തവണയെങ്കിലും ഒരുദിനം വിട്ടുവീഴ്ച നല്‍കാറുണ്ട്.”
തിര്‍മിദി യുടെ ഹദീസ് സമാഹാരത്തില്‍ ആഇഷ റ യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസ് പരിചയപ്പെടാം. നബി സ്വ യുടെ മുന്നില്‍ ഒരാള്‍ ഇരുന്നു. അല്ലാഹുവിന്റെ ദൂതരേ, എന്റെ അധീനതയില്‍ രണ്ട് അടിമകള്ഉണ്ട്. അവര്‍ എന്നോട് കള്ളമേ പറയൂ, എന്നെ എപ്പോഴും വഞ്ചിക്കുന്നു, ഞാന്‍ പറയുന്നത് അനുസരിക്കാനും കിട്ടുന്നില്ല. ഇക്കാരണത്താല്‍, ഞാന്‍ അവരെ വഴക്ക് പറയുകയും അടിക്കുകയും ചെയ്യാറുണ്ട്. അവരുടെ കാര്യത്തില്‍ എന്റെ സ്ഥിതി എന്താണ്? ഞാന്‍ ശിക്ഷിക്കപ്പെടുമോ? നബി സ്വ ഉണര്‍ത്തി: അവര്‍ നിന്നെ വഞ്ചിക്കുന്ന, ധിക്കരിക്കുന്ന, കള്ളം പറയുന്ന തോതനുസരിച്ച് നിനയ്ക്ക് അവരെ ശിക്ഷിക്കാം. എന്നാല്‍, അവര്‍ അര്‍ഹിക്കുന്നതിലും കുറച്ചേ നീ ശിക്ഷിക്കുന്നുള്ളൂ വെങ്കില്‍ അത് നിന്റെ ഔദാര്യം. എന്നാല്‍, അവര്‍ അര്‍ഹിക്കുന്ന തിനേക്കാള്‍ കൂടുതലായി നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍, ഞാന്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിന്റെ എതിര്‍സ്ഥാനത്ത് ഉണ്ടാകും.” നബി സ്വ എതിര്‍പക്ഷത്ത് നില്‍ക്കുമെന്ന് കേട്ടാരെ, അയാള്‍ ഉറക്കെ കരയാന്‍ തുടങ്ങി. നബി സ്വ വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഓതി കേള്‍പ്പിച്ചു: “ഉയിര്‍പ്പ് നാളില്‍ നാം നീതിയുടെ തുലാസ്സുകള്‍ സ്ഥാപിക്കും. ഒരാത്മാവും അശേഷം അനീതി ചെയ്യപ്പെടില്ല. ഒരു കടുകു മണിയോളം ഉണ്ടെങ്കില്‍ പോലും നാം അവിടെ കൊണ്ടുവരും. കണക്ക് പരിശോധിക്കാന്‍ നാം ധാരാളം” (അന്‍ബിയാ/47). അല്ലാഹുവിന്റെ ദൂതരേ, അവരെ മോചിപ്പിക്കുന്നതിലും സുരക്ഷിതമായ ഒരു വഴി ഞാന്‍ കാണുന്നില്ല, ഞാനിതാ അങ്ങയോടു സാക്ഷ്യപ്പെടുത്തുന്നു: അവരെ സ്വതന്ത്രരാക്കിയിരിക്കുന്നു”.
നബി സ്വ അരുള്‍ ചെയ്തു: അടിമകളോട് മോശമായി പെരുമാറുന്നവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. നല്ല യജമാനത്തം ഐശ്വര്യമാകുന്നു. ചീത്ത സ്വഭാവം അഭംഗിയാകുന്നു. ദാന ധര്‍മ്മം ചീത്ത മരണത്തില്‍ നിന്നും തടയുന്നു. പുണ്യ കര്‍മ്മം ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു.”
ഗ്രന്ഥകാരന്റെ ജ്ഞാനദൗത്യം ഏറ്റെടുത്തുകൊണ്ട് പിന്നീട് ദൗഹിത്രന് സൈനുദ്ധീന്‍ മഖ്ദൂം (രണ്ടാമന്/ചെറിയ- പതിനാറാം നൂറ്റാണ്ട് ) രംഗത്ത് വന്നു. അദ്ദേഹമാണ് ശാഫിഈ കര്‍മ്മധാരയുടെ സംഗ്രഹമായ ഫത്ഹുല്‍ മുഈന്‍ രചിച്ചത്. ഇസ്ലാമിലെ ധര്‍മ്മോപദേശങ്ങള്‍ ഹ്രസ്വമായി സമാഹരിച്ച ‘ഇര്‍ഷാദുല്‍ ഇബാദ്’ = ദൈവ ദാസന്മാര്ക്കുള്ള സന്മാര്ഗ്ഗ ദര്‍ശനം’ എന്ന ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. നൂറ്റി പതിനാല് അദ്ധ്യായങ്ങളുള്ള അതിലെ തൊണ്ണൂറ്റി അഞ്ചാം അദ്ധ്യായം, അടിമകളെ മാന്യവും സുന്ദരവുമായി പരിപാലിക്കണം എന്ന ധര്‍മ്മം പഠിപ്പിക്കാന്‍ ഉള്ളതാണ്. അതിന് ശേഷമാണ് ജിഹാദ് പാഠം വരുന്നത്. പിതാമഹന് പകര്‍ന്നു തന്ന പാഠങ്ങള്‍ ഏറെക്കുറെ ആവര്‍ത്തിക്കുകയാണ് ഇദ്ദേഹം. അവയില്‍ കടന്നുവരാത്ത ചില സംഗതികള്‍ കൂടി പഠിപ്പിക്കുകയാണ് ഇര്‍ഷാദില്‍. ഇമാം അഹ്മദ്, ഇബ്നു മാജ തുടങ്ങിയവര്‍ ഉദ്ധരിച്ച ഹദീസ്. നബി സ്വ യോട് അനുയായികള്‍ ചോദിക്കുന്നു: ‘മറ്റ് സമുദായത്തെക്കാള്‍ കൂടുതല്‍ അടിമകളെയും അനാഥരെയും സംരക്ഷിക്കുന്ന സമുദായമാണ് നമ്മുടെത് എന്ന് പറഞ്ഞിരുന്നല്ലോ അങ്ങ്? ‘അതേ, നാം മറ്റാരെക്കാളും കൂടുതലായി അടിമകളെയും അനാഥരെയും സംരക്ഷിച്ച് കര കയറ്റുന്നവരായിരിക്കും. അതിനാല്‍ നിങ്ങള്‍ അവരെ ആദരിക്കുക, സ്വന്തം മക്കളെ ആദരിക്കുന്നപോലെ. നിങ്ങള്‍ ഭക്ഷിക്കുന്ന വിഭവങ്ങള്‍ അവരെയും ഭക്ഷിപ്പിക്കുക.” അവര്‍ ചോദിച്ചു: ‘ഇതുകൊണ്ടെല്ലാം ഞങ്ങള്‍ക്ക് ദുന്യാവില് വല്ല ഉപകാരവും ഉണ്ടാകുമോ?’ നബി സ്വ പറഞ്ഞു: “ഉണ്ട്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യാന്‍ നിങ്ങള്‍ കുതിരകളെ തയ്യാര്‍ ചെയ്യുന്നുണ്ടല്ലോ. അടിമകള്‍ ഉള്ളവര്‍ക്ക് യുദ്ധ സഹായികളായി അവര്‍ മതിയല്ലോ. നിസ്കാര ശീലം ഉള്ളവരാണെങ്കില്‍ അവരെ നിങ്ങള്‍ക്ക് സഹോദരന്മാരായി ഗണിച്ചു ഇതിലെല്ലാം സഹായത്തിന് കൂട്ടാമല്ലോ”.
അടിമകളെ കൊണ്ട് ചെയ്യിപ്പിക്കുന്ന തൊഴിലിനെ കുറിച്ചാണ് മറ്റൊന്ന്. ഇബ്നു ഹിബ്ബാന്‍, ബൈഹഖി എന്നിവര്‍ നിവേദനം ചെയ്തത്. “നിന്റെ സേവകനില്‍ നിന്നും നീ ജോലികള്‍ ലഘൂകരിച്ചു കൊടുക്കുന്നതിനു പകരമായി അന്ത്യനാളില്‍ നന്മയുടെ പ്രതിഫലം ലഭിക്കുന്നതാണ്” എന്ന നബി അരുള്‍.
നബി സന്നിധിയില്‍ ഉണ്ടായ ഒരു സംഭവം ഇര്‍ശാദില്‍ രേഖപ്പെടുത്തുന്നു: റസൂലുല്ലാഹി സ്വ സന്നിധിയില്‍ വന്ന് ഒരു സ്ത്രീ പരിഭവപ്പെട്ടു: ‘നബിയേ, ഞാന്‍ എന്റെ അടിമ സ്ത്രീയെ ‘തേവിടിച്ചീ’ എന്ന് വിളിച്ചുപോയി! (ഇനിയിപ്പോ എന്താ വേണ്ടത്?). നബി സ്വ ചോദിച്ചു: അവളില്‍ അത്തരമൊരു പ്രവൃത്തി ഉണ്ടായിട്ടുണ്ടോ?’ ‘ഇല്ല’. ‘അങ്ങനെ ആണെങ്കില്‍ അന്ത്യനാളില്‍ നീ പ്രതിയാകും, അവള്‍ക്ക് നീതി കിട്ടും?’ ആ സ്ത്രീ ഉടനെ അവിടെനിന്നും തിരിച്ചുപോയി, ഒരു ചാട്ടവാര്‍ എടുത്ത് അടിമസ്ത്രീയുടെ കയ്യില്‍ കൊടുത്തു. ‘അപരാധം പറഞ്ഞതിന് നിനയ്ക്ക് എന്നെ അടിക്കാം, ഇതാ അടിച്ചോളൂ’. ആ പെണ്ണ് അതിനു കൂട്ടാക്കിയില്ല. യജമാനത്തി അവളെ സ്വതന്ത്രയാക്കി. ശേഷം നബി സന്നിധിയില്‍ വന്നു. ഉണ്ടായ സംഭവം വിവരിച്ചു. നബി സ്വ അവളെ ആശ്വസിപ്പിച്ചു: ‘അവളെ മോചിപ്പിച്ചത് അവളെ കുറിച്ച് നീ അപരാധം പറഞ്ഞതിന് പകരം ആയേക്കുമെന്ന് കരുതാം’.
പേര്‍ഷ്യയില്‍ ജനിച്ച് അറേബ്യയില്‍ എത്തിയ സല്മാന് നബി സ്വ യുടെ അനുയായികളുടെ കൂട്ടത്തില്‍ പ്രമുഖനാണ്. പിന്നീട് അദ്ദേഹം മദാഇന്‍ നഗരിയുടെ ഗവര്‍ണ്ണര്‍ ആയി സേവനം ചെയ്യുന്ന കാലം. ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ പോയപ്പോള്‍ കാണുന്നത്, അദ്ദേഹം മാവ് കുഴക്കുന്ന രംഗമാണ്. അവര്‍ ചോദിച്ചു: സേവികയെ ഏല്പിച്ചു കൂടെ?’ അദ്ദേഹം പറഞ്ഞു: ‘അവള്‍ക്ക് മറ്റൊരു പണിയുണ്ട്. ഇതുംകൂടി അവളെ ഏല്പിച്ചു ഭാരം ഉണ്ടാക്കണ്ടാ എന്ന് കരുതിയാണ്’.
മറ്റൊരു സംഭവം കൂടി ഇര്‍ശാദു പങ്കുവെക്കുന്നു: പ്രഗല്ഭനായ ഉമര്‍ ബ്നു അബ്ദില്‍ അസീസ് ഖലീഫയാണ്. അദ്ദേഹത്തിന്റെ പരിചാരികയോട് വിശറി വീശി ഉറക്കിത്തരാന് ആവശ്യപ്പെട്ടു. അവള് വീശിക്കൊടുത്തു. ഖലീഫ ഉറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അവള് ഉറക്കത്തില്‍ വീഴുകയും ഖലീഫ ഉണരുകയും ചെയ്തു. അദ്ദേഹം വിശറി എടുത്ത് അവള്‍ക്ക് വീശിക്കൊടുത്തു. അവളും നന്നായി ഉറങ്ങി. അവള് ഉണരുമ്പോള്‍ കാണുന്നത് തനിക്ക് വീശിത്തരുന്ന ഖലീഫയെയാണ്. അവള് പരിഭ്രാന്തയായി ഒച്ചവെച്ച് ചാടി എഴുന്നേറ്റു. ഖലീഫ ആശ്വസിപ്പിച്ചു: ‘കാര്യമാക്കണ്ട. നീയും എന്നെപ്പോലെ ഒരു മനുഷ്യനല്ലേ. എന്നെപ്പോലെ നിനയ്ക്കും ചൂട് അനുഭവപ്പെടുമല്ലോ. നീ എന്നെ വീശി ഉറക്കിയപോലെ ഞാന്‍ നിന്നെയും വീശി ഉറക്കി. അത്രയല്ലേ സംഭവിച്ചുള്ളൂ”.
കേരളത്തിലെ മുസ്ലിം ജ്ഞാനനേതൃത്വങ്ങള് സമുദായത്തെ പഠിപ്പിച്ച ധര്‍മ്മ പാഠങ്ങള്‍ ആണിതെല്ലാം. അവരുടെ രചനകളില്‍ കടന്നുവന്നത് മാത്രം. ഏറെക്കുറെ അനുയായികളും അങ്ങനെത്തന്നെ ജീവിച്ചു. അടിമകളെ, വിശിഷ്യാ ജാതി അടിമകളെ മനുഷ്യരായി കാണാന്‍ വിസമ്മതിച്ച നാട്ടില്‍ ജീവിച്ച മുസ്ലിംകളുടെ ധര്‍മ്മ ബോധം വളരെ മഹത്തരമായിരുന്നു എന്നാണിതെല്ലാം കാണിക്കുന്നത് . അതുകൊണ്ടുതന്നെ, കേരളത്തില്‍ അടിമചന്തയും കച്ചവടവും അടിമ സമ്പ്രദായവും സജീവമായിരുന്ന കാലത്ത് മുസ്ലിം കുടുംബങ്ങളില്‍ കണ്ടിരുന്ന വളരെ കുറഞ്ഞ അടിമകളും പുതുതായി ഇസ്ലാമിലേക്ക് സ്വാതന്ത്ര്യം തേടി കടന്നുവന്നവരും, ലോകത്ത് മറ്റൊരു വ്യവസ്ഥയിലും ലഭിക്കാത്ത സ്നേഹത്തോടെ ജീവിച്ചു.
(സകല നാടുകളിലും അടിമകളെ ചരക്കായും മുതലായും വിനിമയം ചെയ്യപ്പെട്ടിരുന്ന അക്കാലത്ത്, അത്തരമൊരു വിനിമയം നടക്കുമ്പോള്‍ കടന്നുവരുന്ന കച്ചവട/പണയ നിയമങ്ങള്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കടന്നുവരിക സ്വാഭാവികം. ഇടപാട് നിയമങ്ങള്‍ക്ക് സാരോ/ധര്മ്മോപദേശങ്ങളുടെ ആര്‍ദ്രത ഉണ്ടാകില്ല. അവ രണ്ടും രണ്ട് രീതിയില്‍ വായിക്കണം. മുകളില്‍ സൂചിപ്പിച്ച സൈനുദ്ധീന്‍ മഖ്ദൂം എഴുതിയ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമാണ് ഫത്ഹുല്‍ മുഈന്‍. അതിലെ ചില പരാമര്‍ശങ്ങള്‍ കാണിച്ചു ഇസ്ലാമിനെ ആക്രമിക്കാന്‍ നടക്കുന്ന ചിലരെ വഴിയില്‍ കണ്ടു. ഇടപാട് നിയമങ്ങളുടെ ഭാഷയും വ്യവഹാര ശൈലിയും ഒട്ടും പരിചയമില്ലാത്തവരായിരിക്കും അവര്‍.
#സ്വാതന്ത്ര്യം #അടിമത്തം തുടരുന്നു..