മസ്ജിദുല്‍ ഹറാം പണിതു നാല്പത് വര്‍ഷം കഴിഞ്ഞാണ് മസ്ജിദുല്‍ അഖ്സ്വാ പണിതതെന്ന നബി വചനം ഏത് ചരിത്രവിധിതീര്‍പ്പ് അടിസ്ഥാനമാക്കിയാണ് നാം നിഷേധിക്കുക?
ചരിത്രഗവേഷകര്‍ക്ക് പ്രവാചക മൊഴികളിലെ സൂചനകള്‍ ഹൈപോതെസിസ് ആയി എടുക്കാന്‍ എന്താണ് തടസ്സം?
‘ഹാറൂന്റെ സഹോദരീ’ എന്ന് ജനം വിളിച്ചത് ഖുര്‍ആന്‍ ഉദ്ധരിച്ചു. മര്യമിന് ഹാറൂന്‍ എന്നൊരു സഹോദരന് ഇല്ലെന്ന് പറഞ്ഞു ഖുര്‍ആനെയും മുഹമ്മദ് നബിയേയും ആക്രമിക്കാന്‍ മിനക്കെടുന്ന സമയം, അതില്‍ ഉജ്ജ്വലിക്കുന്ന ചരിത്ര ഗവേഷണ സാധ്യതയെ കണ്ടറിയാനും അന്വേഷണം നടത്താനും ഉപയോഗപ്പെടുത്തരുതോ?!
മര്‍യമിനെ ഇമ്രാന്റെ പുത്രി എന്ന് ഖുറാന് വിളിക്കുന്നു. അത് ഖുര്‍ആന്‍ തന്നെ വിളിക്കുകയാണ്. മറ്റാരോ വിളിച്ചത് എടുത്തുദ്ധരിച്ചതല്ല. മര്‍യമിന്റെ പിതാവ് ജോക്കിം ആണെന്നും ഇമ്രാന് അല്ലെന്നും പറഞ്ഞ് ചിലര്‍ ഖുറാനെയും പ്രവാചകനെയും ചോദ്യം ചെയ്യുന്നു!
സത്യത്തില്‍, മര്‍യമിന്റെ കുടുംബത്തെ കുറിച്ചുള്ള പഠനവും അന്വേഷണവും കാര്യമായി മുന്നോട്ട് പോയിട്ടില്ല.
പിതാവിന്റെ പേര് സാര്‍വ്വാംഗീകൃതമായ ബൈബിള്‍ രചനകളില്‍ ഇല്ല. ‘വ്യാജസുവിശേഷ’ ങ്ങളില്‍ പെട്ട … ലാണ് ജോക്കിം (യാഹോക്കിം) പരാമര്‍ശിക്കുന്നത്.
ഇമ്രാനും ജോക്കിമും രണ്ടാണെന്ന് തെളിയിക്കാനുള്ള ചരിത്ര രേഖ എന്താണ്? മര്‍യം ഈസാ യ്ക്ക് ശേഷം വീണ്ടും പ്രസവിച്ചോ ഇല്ലേ?
തൊണ്ണൂറ് വയസ്സുള്ള ജോസെഫ് ഭാര്യ മരിച്ച ശേഷം മര്‍യമിനെ വിവാഹം ചെയ്യുമ്പോള്‍ മര്യമിന് പന്ത്രണ്ടു വയസ്സാണ്. ഈസായെ പ്രസവിച്ച ശേഷം പതിനാലാം വയസ്സിലാണ് ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ തുടങ്ങുന്നത്. ഏതാണ്ട് ഇരുപത് വര്‍ഷം അവര്‍ ഒന്നിച്ചു ജീവിച്ചു. ഇതിന്നിടയില്‍ ജോസെഫിനു മര്‍യമില്‍ മക്കള്‍ ഉണ്ടായിട്ടില്ലെന്ന് അന്തിമമായി തീരുമാനിക്കാന്‍ രേഖയുണ്ടോ?
പുതിയ നിയമത്തില്‍ പലയിടത്തും ഈസായുടെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. യാക്കോബ്, യൌസേഫ്, ശിമയോന്, യൂദാ എന്നിവരാണ് സഹോദരന്മാര്. സഹോദരിമാരുടെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അവര്‍ മൂന്നുപേരെങ്കിലും കാണും (മത്തായി 13/55,56).
ഗ്രീക്ക് ഭാഷയിലെ ‘അദേല്‍ഫോസ്’ എന്ന പദം ഒരാളുടെ സ്വന്തം സഹോദരരെയോ, കുറഞ്ഞപക്ഷം പിതൃ സഹോദര സന്താനങ്ങളെയോ സൂചിപ്പിക്കുവാനാണ് പൊതുവേ ഉപയോഗിക്കുക.
ഈശോയുടെ ഏഴ് സഹോദരങ്ങളില്‍ സ്വന്തം അമ്മയുടെ മക്കള്‍ ആരൊക്കെയുണ്ട്?
അച്ഛന്റെ ആദ്യ ഭാര്യയിലെ മക്കള്‍ ആരെല്ലാം?
അച്ഛന്റെ സഹോദരങ്ങള്‍ ആരെല്ലാം? അമ്മയുടെ സഹോദരിമാര്‍ ആരെല്ലാം?
ഇതെല്ലാം ആരാണ് കൃത്യമായി റെക്കോര്‍ഡ് ആക്കിയിട്ടുള്ളത്?
നല്ലൊരു ചരിത്രാന്വേഷണത്തിനുള്ള ചൂട്ടുവിളക്കായി ഖുര്‍ആനിലെ ‘ഹാറൂന്റെ സഹോദരി’ അഥവാ ‘ഇമ്രാന്റെ പുത്രി’ വെളിച്ചം പ്രസരിപ്പിക്കുന്നു എന്ന് കാണാവുന്നതാണ്.
തീര്‍ച്ചയായും അന്വേഷകര്‍ ആ പ്രയോഗത്തില്‍ ഒളിപ്പിച്ചുവെച്ച ചരിത്ര രഹസ്യങ്ങള്‍ കണ്ടെത്തും. കാരണം, ഖുര്‍ആന്‍ ദൈവ സൂക്തികള്‍ ആണ്.
ഖുര്‍ആന്‍- ബൈബിള്‍ ചരിത്രത്തില്‍ കടന്നുവരുന്ന ഒരേ പേരുള്ള രണ്ട് വ്യത്യസ്ത വ്യക്തികളാണ് മൂസാ നബിയുടെ പിതാവ് ഇമ്രാനും മര്‍യമിന്റെ പിതാവ് ഇമ്രാനും. മൂസയുടെ പിതാവ് ഇമ്രാനെ കുറിച്ച് ബൈബിള്‍ പരാമര്‍ശിക്കുന്നു, എന്നാല്‍ ഖുര്‍ആനില്‍ ഇല്ല. മര്‍യമിന്റെ പിതാവ് ഇമ്രാനെ ഖുര്‍ആന്‍ സ്മരിക്കുന്നു, എന്നാല്‍ ബൈബിളില്‍ ഇല്ല. ചരിത്ര കുതുകികള്‍ മുന്നോട്ട് പോകട്ടെ.
ചരിത്രാന്വേഷണത്തിന് ലോങ്ങ്ബെല്‍ മുഴങ്ങിയ ശേഷം നമുക്ക് ഖുറാനെയും നബിയെയും അപഹസിക്കാം. അതല്ലേ, ശാസ്ത്രീയ സമീപനം?
❤️❤️❤️
പ്രവാചകന് മുഹമ്മദ് നബി സ്വ യുടെ ഒരു ചരിത്ര വിശകലനത്തില്‍ മക്കയിലെ മസ്ജിദുല്‍ഹറാം പണിതു നാല്പത് വര്‍ഷം കഴിഞ്ഞാണ് പലസ്തീനിലെ മസ്ജിദുല്‍ അഖ്സ്വാ പണിതതെന്നു പറയുന്നു. ബുഖാരിയും മുസ്ലിമും സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ച ഈ ഹദീസ് സാമാന്യ യുക്തിക്ക് നിരക്കാത്തത് ആകുന്നത് എങ്ങനെ?!
ചിലരുടെ ചോദ്യം ഇങ്ങനെ:
ആ രണ്ട് പ്രസിദ്ധ മസ്ജിദുകള്‍ പണിതത് നാല്പത് വര്‍ഷത്തെ വ്യത്യാസത്തില്‍ ആണോ?! അത്ര കുറച്ചേ അവ തമ്മില്‍ പ്രായ വ്യത്യാസം ഉള്ളൂ?! ഇബ്രാഹീം നബി മക്കയിലെ മസ്ജിദ് പണിതു, സുലൈമാന്‍ നബി പലസ്തീനിലും. ഇവര്‍ തമ്മില്‍ ചുരുങ്ങിയത് ആയിരത്തഞ്ഞൂറ് വര്‍ഷത്തെ കാലവ്യത്യാസം ഇല്ലേ, പിന്നെ എങ്ങനെ ഹദീസ് ചരിത്രപരമായി ശരിയാകും? ( ഇബ്രാഹീം- സുലൈമാന്‍ = 960 വര്‍ഷം- ഇബ്നു കസീര്‍). അതിനാല്‍, പ്രവാചകന് ചരിത്രം അറിയില്ലെന്നും അദ്ദേഹം വ്യാജ പ്രവാചകനാണെന്നതിനും ഇതുതന്നെ ധാരാളമല്ലേ?
മറ്റു ചിലരുടെ ആരോപണം:
സത്യവും വാസ്തവും മാത്രം ദൈവ പ്രചോദിതനായി പറയുന്ന നബിയുടെ മേല്‍ കെട്ടിവെച്ച ഹദീസ് ആണിവ, ഹദീസുകള്‍ മുഴുവന്‍ വ്യാജമാണ്, എല്ലാം തള്ളണം .
അപ്പോള്‍ വേറൊരു കൂട്ടര്:
സ്വീകാര്യമായ ഹദീസുകള്‍ക്കിടയില്‍ ഇത്തരം കള്ള ഹദീസുകള്‍ അനവധി ഉണ്ട്, ബുഖാരിയിലും മുസ്ലിമിലും പോലും അവ കാണാം, അതിനാല്‍, സാമാന്യ ബുദ്ധിക്ക് നിരക്കാത്തതോ, ചരിത്ര ദോഷം ഉള്ളതോ ആയ ഹദീസുകള്‍ മുഴുവന്‍ കുഴിച്ചിടണം.
മസ്ജിദുല്‍ ഹറാമിന് മുമ്പ് അഖ്സ്വാ പണിതു എന്നായിരുന്നെങ്കില്‍, അത് സ്ഥിരപ്പെട്ട ഒരു ചരിത്ര ധാരണയ്ക്കും വേണമെങ്കില്‍ സാമാന്യ യുക്തിക്കും നിരക്കുന്നതല്ല എന്ന് പറയാമായിരുന്നു. എന്നാല്‍, ഇവ തമ്മിലുള്ള നിര്‍മ്മാണ കാല വ്യത്യാസം ക്രമത്തില്‍ നാല്പത് വര്‍ഷമാണെന്ന് പറയുമ്പോള്‍, അതില്‍ സാമാന്യ യുക്തിക്കോ സ്ഥിരപ്പെട്ട ചരിത്രത്തിനോ വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ക്കോ എതിരാകുന്ന ഘടകം എന്താണ്? ഇതും പറഞ്ഞ് ഹദീസുകള്‍ ‘മാറ്റിവെക്കണം’ എന്ന് വിധി എഴുതിയാല്‍, മുകളില്‍ പറഞ്ഞ ‘ഹാറൂന്റെ സഹോദരി’യെയും ‘ഇമ്രാന്റെ പുത്രി’യെയും മാറ്റിവെക്കേണ്ടി വരില്ലേ? ആ പ്രസിദ്ധ മസ്ജിദുകള്‍ ആദ്യമായി പണി ആരംഭിക്കുന്നത് ആരാണ്? ഖുറാനില്‍ വ്യക്തമായ ആരംഭ ചരിത്രം ഉണ്ടോ? ചരിത്ര ഗവേഷണം പൂര്‍ത്തിയായോ?
തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്, വൃഥാ ശ്രമം.
❤️❤️❤️
വിശുദ്ധ കഅബാലയവും മസ്ജിദുല്‍ അഖ്സ്വായും അവയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പുനര്‍നിര്‍മ്മാണ യത്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭൂമിയിലെ ആദ്യത്തെ ആരാധനാ ഗേഹം ബക്കയില് പണികഴിപ്പിച്ച കാര്യം ഖുര്‍ആനില്‍ പറയുന്നുണ്ട്. (വേണമെങ്കില്‍, വാസ്തുവിദ്യാ+ Archeological ഗവേഷകര്‍ക്ക് പരിശോധിക്കാം. അതിനേക്കാള്‍ പഴക്കമുള്ള ആരാധനാ ഗേഹം കണ്ടത്താം. ശേഷം, ഈ പരാമര്‍ശത്തെ ചോദ്യം ചെയ്യാം.)
ഭൂമിയിലെ ആദ്യത്തെ ബുദ്ധിയുള്ള, മതശാസന നല്കാന് മാത്രം ബൌദ്ധികവളര്‍ച്ച ആയിട്ടുള്ള മനുഷ്യന് ആദം നബി യാണ്. സ്വാഭാവികമായും ആദം തന്നെ യായിരിക്കണം ആദ്യ മസ്ജിദ് പണിതത്. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഇബ്രാഹീം നബി കഅബ പുതുക്കി പണിതു.
ആദം തുടങ്ങിവെച്ച നിര്‍മ്മാണ പ്രക്രിയയെക്കുറിച്ച് “ആദ്യമായി സ്ഥാപിക്കപ്പെട്ട” (വുളിഅ- ആല് ഇമ്രാന്/96)) എന്നും, ഇബ്രാഹീം നബി നിര്‍വ്വഹിച്ച നവീകരണ പ്രവര്‍ത്തനത്തെ ക്കുറിച്ച് “പടുത്തുയര്‍ത്തിയ സന്ദര്‍ഭം” (യര്‍ഫഉ- ബഖറ/127)) എന്നുമാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്. ‘വുളിഅ’ ഫൌണ്ടേഷന് പ്രവര്‍ത്തനത്തിലേക്കും , ‘യര്‍ഫഉ’ തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കും കൃത്യമായി വെളിച്ചം തരുന്നു. ഇബ്രാഹീം കുഞ്ഞായിരിക്കുന്ന ഇസ്മാഈലുമായി മക്കയില്‍ വരുന്നതിനു മുമ്പേ അവിടെ ‘പരിശുദ്ധ ഗേഹം’ (ബൈതുകല മുഹര്‍റം’- ഇബ്രാഹീം/37) ഉണ്ടെന്നു വ്യക്തമായി സൂചിപ്പിക്കുന്നു. ഇസ്മാഈലിനു മുപ്പത് വയസ്സുള്ളപ്പോഴായിരുന്നു വിശുദ്ധ ഗേഹത്തിന്റെ പണിതുയര്‍ത്തല്‍. ഇക്കാര്യം സ്വഹീഹായ ഹദീസുകളില്‍ വിശദമായി വന്നിട്ടുണ്ട്.
എന്നാല്‍, അഖ്സ്വാ മസ്ജിദ് ആരാണ് പണി തുടങ്ങിയത്? സുലൈമാന്‍ നബി നവീകരണ കര്‍മ്മം ആണോ നിര്‍വ്വഹിച്ചത്? ഇസ്ലാമിക ലോകത്തെ ആധികാരിക ചരിത്രകാരന്മാരും വാസ്തുവിദ്യാഗവേഷകരും വ്യക്തമാക്കുന്നത്, സുലൈമാന്‍ നബിക്ക് മുമ്പേ അഖ്സ്വാ പള്ളി ഉണ്ടെന്നു തന്നെയാണ്. ദാവൂദ് നബിയുടെ കാലത്ത് പ്രളയം ഉണ്ടായതും ജനങ്ങള്‍ മസ്ജിദില്‍ താമസിച്ചതും ചരിത്രത്തില്‍ വന്നിട്ടുണ്ട്.
ഒരാള്‍ തന്നെയാണ് രണ്ട് മസ്ജിദുകളും പണിതതെന്ന ചരിത്രത്തിലേക്കാണ് വിമര്‍ശിക്കപ്പെടുന്ന ഹദീസ് സൂചിപ്പിക്കുന്നത്. കേവല നാല്പത് വര്‍ഷത്തെ വ്യത്യാസത്തില്‍. ഘടനാപരമായി രണ്ട് മസ്ജിദുകളും ഒരേ തരത്തിലാണ്(വലുപ്പത്തില്‍ അഖ്സ്വാ അനേകമിരട്ടിയുണ്ട്). ആയിരത്തഞ്ഞൂറ് വര്‍ഷം കഴിഞ്ഞുള്ള ഒരു മോഡല്‍ വൈവിധ്യം അതിന്റെ ഘടനയില്‍ കാണില്ല. മുഹമ്മദ് നബി പണികഴിപ്പിച്ച മസ്ജിദ് ഇവ രണ്ടിനെയും അപേക്ഷിച്ച് രൂപത്തിലും ഘടനയിലും വളരെ ഭിന്നവും ലളിതവുമായിരുന്നു. അഖ്സ്വായുടെ ഓറിയന്റെഷന്‍ (കിടപ്പ്) പരിശോധിച്ചാല്‍ അതിന്റെ ദിശ മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് ആണെന്നു കാണാം.
മക്കയിലെ നിര്‍മ്മാണം കഴിഞ്ഞ്, ബൈതുല്‍ മുഖദ്ദസിലെത്തി ആദം നബി തന്നെ അഖ്സ്വായും പണികഴിപ്പിക്കുകയോ അടിത്തറ പണിയുകയോ ചെയ്തുവെന്നാണ് മനസിലാകുന്നത്. തന്റെ അനന്തരാവകാശി ശീസിന്റെ നേതൃത്വത്തില്‍ ആയിരിക്കണം ഈ നിര്‍മ്മാണം. ചരിത്ര രചയിതാക്കള്‍ തരുന്ന സൂചനകള്‍ അങ്ങനെയാണ്. പ്രമുഖ ചരിത്രകാരനായ അസ്രഖി, ഇബ്നു ഹിശാം, ഇബ്നുല്‍ അസീര്‍, മുഹമ്മദ് സ്വാലിഹീ, പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഖുര്‍തുബി, ഹദീസ് പരിശോധകരായ ഇമാം ഇബ്നുല്‍ ജൗസി, ഇമാം നവവി, ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി, അല്ലാമ സുയൂത്വി തുടങ്ങിയ പ്രമുഖജ്ഞാനികള് ഇക്കാര്യം സ്ഥിരീകരിക്കുന്നു.
അതായത്, പ്രാചീനരും പൌരാണികരുമായ പ്രമുഖ മുസ്ലിം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ ഹദീസിലെ പരാമര്‍ശത്തില്‍ (മത്നില്‍) ചരിത്ര ദോഷം കാണുന്നില്ല.
ഇത് തിരുത്താന്‍, തെറ്റാണെന്ന് തെളിയിക്കാനുള്ള അന്യചരിത്ര തീര്‍പ്പുകള്‍ എന്തുണ്ട്?!
Swalih Nizami Puthuponnani
27/06/2019