അവളുടെ അമ്മ അങ്ങ് റോമില്‍ ജനിച്ച ക്രിസ്ത്യാനി. അവര്‍ അടിമപ്പെണ്ണായി ഈജിപ്തിലെ ചന്തയിലെത്തി. ഈജിപ്തിലെ വരേണ്യ ജനതയായ ഖിബ്തി(കോപ്റ്റിക്)കളില്‍പെട്ട ശംഊന്‍ അവരെ വാങ്ങി വീട്ടില്‍ കൊണ്ടുപോയി. അവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. മാരിയയയും സീറീനും. ഇസ്കന്ദരിയയുടെ രാജാവ് മുഖൗഖിസിന്‍റെ കൊട്ടാരത്തിലേക്ക് ആ പെണ്‍കുട്ടികള്‍ വില്‍പന ചെയ്യപ്പെട്ടു. അവര്‍ അവിടെ വളര്‍ന്നു വലുതായി. കൊട്ടാരദാസികളായും പിന്നീട് അടിമച്ചന്തകളിലും കഥാവശേഷരാകേണ്ടിയിരുന്ന ആ സ്ത്രീ ജന്മങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ദേയരായ ഭാഗ്യനക്ഷത്രങ്ങള്‍ ആയിമാറി, വിശിഷ്യാ മൂത്ത സഹോദരി മാരിയ. അക്കഥ പറയാം.

മദീനയിലെത്തിയ ആറാം വര്‍ഷം നബി സ്വ മദീനയ്ക്ക് ചുറ്റുമുള്ള നാട്ടു രാജാക്കന്മാര്‍ക്ക് തന്‍റെ സന്ദേശവുമായി ദൂതന്മാരെ അയച്ചിരുന്നു. അവരെയും ജനതയെയും ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതായിരുന്നു സന്ദേശം. പ്രമുഖ ശിഷ്യന്‍ ഹാത്വിം ബ്നു അബീ ബല്‍തഅ:യെയായിരുന്നു ഈജിപ്തിലെ ഇസ്കന്ദരിയ്യ കേന്ദ്രമാക്കി ഭരിച്ചിരുന്ന മുഖൗഖിസ് രാജാവിന്‍റെ അടുത്തേക്ക് അയച്ചത്. ഹാത്വിം അവിടെ എത്തിയപ്പോള്‍ രാജാവ് കടലില്‍ ഒരു കപ്പലില്‍ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ആയിരുന്നു. സമ്മതം വാങ്ങി ഹാത്വിം അങ്ങോട്ട്‌ കപ്പലേറി. രാജാവുമായി കണ്ടു. ക്രിസ്ത്യാനിയായ രാജാവ് തിരുനബി സ്വ യുടെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. സത്യം ബോധ്യപ്പെട്ടു. പ്രവാചകരുടെ സന്ദേശദൂതനെ മാന്യമായി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. പക്ഷേ, ചില ഭൗതിക താല്പര്യങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. ദൂതന് നൂറു ദീനാറും അഞ്ച് ജോഡി വസ്ത്രങ്ങളും സമ്മാനമായി നല്‍കി. പ്രവാചകന്‍ സ്വ യ്ക്ക് ധാരാളം സ്നേഹ സമ്മാനങ്ങള്‍ കൊടുത്തയച്ചു. ആയിരം മിസ്ഖാല്‍ സ്വര്‍ണ്ണം, ഇരുപത് മിസ്രി മേല്‍കുപ്പായം, ധാരാളം ഊദ്, കസ്തൂരി, പൊന്നമ്പര്‍, ബന്ഹാ നാട്ടിലെ മേല്‍ത്തരം തേന്‍ ഒരു പാത്രം, ദുല്‍ദുല്‍ എന്ന ഒരു കുതിര, അശ്ഹബ് എന്ന് പേരുള്ള ഒരു കഴുത, യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ശഹ്ബാ എന്നൊരു കോവര്‍ കഴുത. കൂട്ടത്തില്‍ രണ്ട് ദാസിമാരും: മാരിയയും സഹോദരി സീറീനും, അവരെ പരിചരിക്കാന്‍ മഅ്ബൂര്‍ എന്ന് പേരുള്ള ഒരു വേലക്കാരനും. അന്നത്തെ സമ്മാനം പോലും അടിമകള്‍ ആയിരുന്നു?!

ഹുദൈബിയ്യ സന്ധി കഴിഞ്ഞ് നബി സ്വ മദീനയില്‍ തിരിച്ചെത്തിയ സമയത്താണ് ഈജിപ്തില്‍ നിന്നും രാജാവിന്‍റെ മറുപടി സന്ദേശവും സമ്മാനങ്ങളുമായി ഹാത്വിം എത്തുന്നത്. രാജാവിന്‍റെ രക്ഷപ്പെടല്‍ തന്ത്രം നബി സ്വ തിരിച്ചറിഞ്ഞു. ഔദ്യോഗിക പദവിയുടെ മാന്യതയ്ക്കനുസരിച്ച് സമ്മാനങ്ങള്‍ സന്തോഷപൂര്‍വ്വം കൈപറ്റി. ദാസി മാരിയയെ താന്‍ ഏറ്റെടുക്കുകയും അവരെ സ്വതന്ത്രയാക്കുകയും ചെയ്തു. സഹോദരി സീറീനെ പ്രസിദ്ധ ആസ്ഥാന കവി ഹസ്സാന് ബ്നു സാബിതിന് നബി സ്വ സമ്മാനിച്ചു. ഹസ്സാന്‍ അവരെയും സ്വതന്ത്രയാക്കി.

ചരിത്രത്തിന്‍റെ ആവര്‍ത്തനം ഇവിടെ കാണാം. തന്‍റെ പിതാമഹന്‍, കുലങ്ങളുടെ പിതാവ് ഇബ്രാഹീം നബിക്ക് ഇതുപോലൊരു ഈജിപ്ത്യന്‍ ദാസിയെ സമ്മാനമായി ലഭിച്ചിരുന്നു. പഴയ നിയമത്തിലെ മിസ്രയീം അടിമത്തത്തിന്‍റെ സ്വന്തം നാടായിരുന്നു. (പുറപ്പാട്- 20/1) നാട്ടുകാരുടെ ഭാഷയില്‍ ‘കറുത്ത മണ്ണിന്‍റെ നാട്’. ഭാര്യ സാറ തന്നെയായിരുന്നു, ഹാജര്‍ എന്ന് പേരുള്ള അടിയാത്തിയെ ഭര്‍ത്താവിന് വിട്ടുകൊടുത്തത്. ഇബ്രാഹീമിന് ഹാജറില്‍ പുത്രന്‍ ജനിച്ചതും (ഇസ്മാഈല്‍), സാറയ്ക്ക് സ്ത്രീ സഹജമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതും, ഹാജറിനെയും മകനെയും അറേബ്യയില്‍ മക്കയില്‍ വിശുദ്ധ ഗേഹത്തിനടുത്ത് താമസിപ്പിച്ചതും പ്രസിദ്ധ ചരിത്രമാണ്. അറബികളുടെ വംശ പിതാവായ ഇസ്മാഈല്‍ ഒരടിമ സ്ത്രീയുടെ പുത്രനാണ് എന്നോര്‍ക്കുക; അടിമ സ്ത്രീയായ ഹാജര്‍ ഇസ്‌ലാമിലെ വലിയ ആഘോഷ നാളുകളിലെ ഇതിഹാസ വനിതയാണെന്ന കാര്യവും വിസ്മരിക്കാതിരിക്കുക; ഒരു വ്യക്തിയുടെ ഇസ്ലാമിക അനുഷ്ഠാനം പൂര്‍ണ്ണമാക്കാന്‍ അത്യാവശ്യമായ ഹജ്ജ് )ഇസ്ലാമിന്‍റെ അഞ്ച് നെടും തൂണുകളില്‍ ഒന്ന്) കര്‍മ്മത്തിലെ മുഖ്യ ഭാഗമാണ് ഹാജറിനെ അനുസ്മരിക്കലും അനുകരിക്കലും എന്ന യാഥാര്‍ത്ഥ്യം മറക്കാനാകുമോ? ഇബ്രാഹീമീ സരണിയുടെ പുനരുദ്ധാരകനായി വന്നിട്ടുള്ള മുഹമ്മദ്‌ നബിക്കും ലഭിച്ചിരിക്കുന്നു രണ്ടു ദാസിമാരെ. സമ്മാനിച്ചിരിക്കുന്നത് ഒരു രാജാവും. ഹാജറും മാരിയയും ജന്മം കൊണ്ട് ഈജിപ്തുകാര്‍. ഈജിപ്ത് ചെയ്ത രണ്ടു പുണ്യങ്ങള്‍. അറബികളെയും ഈജിപ്തുകാരെയും പരസ്പരം ബന്ധുക്കളാക്കിയ ചരിത്രത്തിലെ രണ്ടു മഹാ സംഭവങ്ങള്‍. അടിമപെണ്ണുങ്ങള്‍ വഴി ഉണ്ടായ ഇരു രാജ്യങ്ങളുടെ രക്തബന്ധം.

ലൈംഗികദാഹശമിനികള്‍ എന്നതിനപ്പുറം അടിമപ്പെണ്ണുങ്ങള്‍ക്ക് യാതൊരു സ്ഥാനവും ആദരവും ബഹുമാനവും കല്‍പിക്കാത്ത അക്കാലത്ത്, ഒരടിയാത്തിയെ എങ്ങനെ മനുഷ്യനായി കാണാമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു മുഹമ്മദ്‌ നബി സ്വ. തന്‍റെ ശിഷ്യന്‍ ഹാരിസത്ത് ബ്നു നുഅ്മാന്‍ റ ന്‍റെ വീട്ടില്‍ മാരിയക്ക് പാര്‍പ്പിടം ഒരുക്കി. മദീനപള്ളിയുടെ സമീപത്ത് തന്നെ ആയിരുന്നു ആ വീട്. പിതാവും മാതാവും നഷ്ടപ്പെട്ട മാരിയക്ക് ധാരാളം സ്നേഹം നല്‍കി. ഒരന്യ നാട്ടിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടതിലെ മാനസിക അസ്വസ്ഥതകള്‍ കണ്ടറിഞ്ഞു തന്നെ നബി സ്വ ഒഴിവു സമയത്തൊക്കെയും അവര്‍ക്ക് തുണയായി, ചങ്ങാതിയായി. മദീനയില്‍ അക്കാലത്തും അടിയാത്തികള്‍ പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, മാരിയക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹ ലാളനകളും പരിചരണങ്ങളും പരിഗണനകളും അവിടുത്തെ സ്ത്രീ പുരുഷന്മാരെ ഒരുപോലെ അമ്പരപ്പിച്ചു; സ്ത്രീകള്‍ക്ക് അസൂയ പൊങ്ങി. ഒരടിയാത്തിയെ സേവിക്കാന്‍ വേലക്കാരനോ?! അവള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ഹിജാബ് പാലിക്കുകയോ?! യജമാനന് വേല ചെയ്യാനും അയാള്‍ക്ക് ഭോഗിക്കാനും മാത്രമായി ജീവിതം ഹോമിക്കേണ്ട അടിയാത്തികള്‍ അവരുടെ നഗ്നത മറയ്ക്കാന്‍ പാടില്ലായിരുന്നു അന്നത്തെ വ്യവസ്ഥയില്‍. നഗ്നത മറയ്ക്കാന്‍ സ്വതന്ത്ര സ്ത്രീകള്‍ക്ക് മാത്രമായിരുന്നു അവകാശം. അതവരുടെ അടയാളവും ആയിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം ക്രമേണ ക്രമേണ എടുത്തുനീക്കിയ ആധുനികര്‍ അവര്‍ക്ക് ഗോത്രകാലത്തെ അടിമസ്ത്രീകളുടെ നഗ്നത കാണിക്കുന്ന വസ്ത്രമാണ് ഇക്കാലത്ത് നിര്‍ദ്ദേശിക്കുന്നത്. അതിലെ പുരുഷ യജമാനന്മാരുടെ സ്വാര്‍ത്ഥ ലൈംഗിക താല്‍പര്യം തിരിച്ചറിയാനുള്ള കണ്ണും മസ്തിഷ്കവും സ്ത്രീകളില്‍ നിന്നും അവര്‍ ചങ്ങലക്കിട്ടിരിക്കുന്നു. നബി സ്വ ഏതായാലും നടപ്പു രീതികളുടെ പരിഷ്കര്‍ത്താവ്‌ ആയിരുന്നല്ലോ. തന്‍റെ അധീനത്തിലേക്ക് സ്വപ്നേപി കരുതാതെ കടന്നുവന്ന ദാസിക്ക് മറ്റു ഭാര്യമാരെപ്പോലെയുള്ള വസ്ത്രം തന്നെ നല്‍കി ബഹുമാനിച്ചു.

മാരിയ ആഹ്ലാദത്തോടെ ജീവിച്ചു. ലോകത്തിലെ ഏറ്റവും ഉന്നത വ്യക്തിയുടെ സന്താനത്തിന് ജന്മം നല്‍കാന്‍ പോകുന്നുവെന്ന തിരിച്ചറിവ് അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. തന്‍റെ പുരുഷ തുണയ്ക്ക് മൂന്ന്‍ ആണും മൂന്ന്‍ പെണ്ണുമായി മക്കള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ ഫാത്വിമ എന്ന പെണ്‍കുട്ടി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂവെന്നും അവരുടെ മാതാവ് ഖദീജയ്ക്ക് ശേഷം നബി സ്വ വിവാഹം ചെയ്ത കന്യകയോ വിധവകളോ ആയ പത്ത് പത്നിമാരാരും തന്നെ നബി സ്വ യ്ക്ക് ഒരു കുഞ്ഞിനെ നല്‍കിയിട്ടില്ലെന്നും അറിഞ്ഞ മാരിയയ്ക്ക് ഉണ്ടായ അഭിമാനം വലുതാണ്‌. മറ്റ് സ്ത്രീകളില്‍ ഉണ്ടാകാന്‍ ഇടയുള്ള കുശുമ്പും അത്ര ചെറുതാകില്ല.
ഗര്‍ഭിണിയായ മാരിയ്ക്ക് സ്വന്തം വീടുവെച്ച് കൊടുത്ത് അങ്ങോട്ട്‌ താമസം മാറ്റി. ഹിജ്ര എട്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസം മാരിയ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി. പഞ്ചാര കുന്നിന്മേല്‍ തേന്മഴ പെയ്ത സന്തോഷം മാരിയയ്ക്ക്.

നബി സ്വ ഒരാണ്‍ കുഞ്ഞിനെ ആഗ്രഹിക്കുക സ്വാഭാവികം. നബിക്ക് പെരുത്ത് സന്തോഷമായി. അന്സ്വാരികള്‍ക്ക് ഗോതമ്പ്പൊടി ദാനം ചെയ്തു സന്തോഷം പങ്കുവെച്ചു. തിരുനബിയുടെ കുഞ്ഞിനെ മുലയൂട്ടാന്‍ മദീനയിലെ വനിതകള്‍ തിരക്കു കൂട്ടി. അവര്‍ക്ക് നബിയുമായി, അവിടുത്തെ കുഞ്ഞിലൂടെ മുലകുടി ബന്ധമെങ്കിലും സ്ഥാപിക്കാന്‍ അതിയായ മോഹമുണ്ടായിരുന്നു. ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ചിരുന്ന മനുഷ്യനാണ് മുഹമ്മദ്‌ നബി എന്നവര്‍ക്കറിയാം. ഖദീജയുടെ ഭര്‍ത്താവായി കുടുംബ ജീവിതം നയിക്കുന്ന അക്കാലത്ത്, തന്നെ ചെറുപ്പത്തില്‍ മുലയൂട്ടിയ ഹലീമ നാട്ടിലെ ക്ഷാമം നിമിത്തം കാലികളെല്ലാം ചത്തൊടുങ്ങിയ ദുരിത സമയത്ത് സഹായം തേടി തന്നെത്തിരഞ്ഞു വന്നപ്പോള്‍, ഖദീജയില്‍ നിന്നും നാല്പത് ഒട്ടകം അവര്‍ക്ക് ദാനമായി വാങ്ങിച്ചുകൊടുത്ത മുഹമ്മദ്‌ എന്ന ഉദാര മനുഷ്യനെ അവര്‍ക്ക് നന്നായറിയാം. ഹലീമയും ഭര്‍ത്താവും പിന്നീട് മുസ്ലിമായി. പലപ്പോഴും നബിയെ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആ മാതാവിനെയും പിതാവിനെയും ആദരവോടെ തുണി വിരിച്ച് അതിലിരുത്തി സ്നേഹോഷ്മളമായ കുശലാന്വേഷണങ്ങള്‍ നടത്തി വലിയ പാരിതോഷികങ്ങള്‍ നല്‍കി തിരിച്ചയക്കാറുള്ള മനുഷ്യനെ മദീനക്കാര്‍ പലതവണ കണ്ടിട്ടുണ്ട്. ഹലീമയുമായുള്ള ബന്ധത്തിലെ സഹോദര സഹോദരിമാരുമായും വളരെ നല്ല അടുപ്പമായിരുന്നു നബിക്ക്.

(മക്ക കീഴടക്കിയ ശേഷമായിരുന്നു ഹുനൈന്‍ പടയോട്ടം. ഹവാസിന്‍ ഗോത്രക്കാരും സഖീഫ് ഗോത്രത്തിലെ പ്രമുഖരും ചേര്‍ന്ന് മാലിക് ബ്നു ഔഫ്‌ നുളൈരി യുടെ നേതൃത്വത്തില്‍ യുദ്ധത്തിനുള്ള കോപ്പ് കൂട്ടുന്നത് നബി സ്വ യ്ക്ക് അറിവായി. അവരെ കടന്നാക്രമണം ചെയ്യാന്‍ തീരുമാനിച്ച നബി സ്വ യുടെ സൈന്യം യുദ്ധത്തില്‍ വിജയിച്ചു. ധാരാളം സ്ത്രീകളും കുട്ടികളും പുരുഷന്മാരും തടവിലായി. യുദ്ധ നിയമമനുസരിച്ച് സ്ത്രീകളും കുട്ടികളും അടിമകളായി. യോദ്ധാക്കള്‍ക്ക് അവരെ വിഭജിച്ചു കൊടുത്തു. അപ്പോഴതാ, സ്ത്രീകളെയും കുട്ടികളെയും ഉപേക്ഷിച്ചു ഓടിപ്പോയ ഹവാസിന്‍ ഗോത്രക്കാരുടെ പ്രതിനിധി സംഘം നബിയെ തിരഞ്ഞു വരുന്നു. തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നുവെന്നും സ്ത്രീകളെയും കുട്ടികളെയും തടവിലാക്കിയ പുരുഷന്മാരെയും തിരിച്ചു തരണമെന്നും അവര്‍ അറിയിച്ചു. യുദ്ധ നിയമമനുസരിച്ച് ഇനി തിരിച്ചു നല്‍കേണ്ട ന്യായമൊന്നും ഇല്ലായിരുന്നു. മാത്രമല്ല, പിടിച്ചവരെ മുഴുവന്‍ ഓഹരി വെക്കുകയും ചെയ്തതാണ്. ഹവാസിന്‍ ഗോത്രക്കാരുടെ പ്രതിനിധിയായി സംസാരിച്ച സുഹൈര്‍ ബ്നു സര്ദ് നബിയോട് പറഞ്ഞു: “അല്ലാഹുവിന്‍റെ ദൂതരേ, താങ്കള്‍ പിടിച്ചു വെച്ചവരില്‍ അങ്ങയുടെ പിതൃ സഹോദരന്മാരും മാതൃ സഹോദരിമാരും ഉണ്ട്; ആ ഒരു പരിഗണനയിലെങ്കിലും..”. നബി സ്വ യുടെ ഉമ്മ ഹലീമ ഹവാസിന്‍ ഗോത്രക്കാരിയായിരുന്നു. അവരുടെ നാട്ടുകാരാണ് ഞങ്ങള്‍ എന്നായിരുന്നു സുഹൈര്‍ സൂചിപ്പിച്ചത്. ബന്ധങ്ങള്‍ക്ക് വിലകല്പിച്ചിരുന്ന നബി സ്വ ഉടനെ പറഞ്ഞു: “എനിക്കും അബ്ദുല്‍ മുത്വലിബ് സന്താനങ്ങള്‍ക്കും ലഭിച്ച ഓഹരി ഞാന്‍ വിട്ടുതരാം”. ഇതുകേല്‍ക്കേണ്ട താമസം, മുഹാജിറുകളും അന്സ്വാറുകളും ഏകസ്വരത്തില്‍ തീരുമാനം അറിയിച്ചു: “ഞങ്ങള്‍ക്കുള്ളതെല്ലാം നബിക്ക് വിട്ടു തന്നിരിക്കുന്നു; അങ്ങയുടെ ഇഷ്ടം പോലെ ചെയ്യാം”. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമായി ആറായിരം തടവുപുള്ളികളെ നബി സ്വ ആ പരിഗണനയില്‍ വിട്ടയച്ചു. നബിയുടെ യുദ്ധ തടവുകാരായ അടിമകളുടെ കഥ ഇങ്ങനെയൊക്കെയാണ്).

കുഞ്ഞിനെ മുലയൂട്ടാന്‍ ഉമ്മു ബര്‍ദയ്ക്ക് അവസരം ലഭിച്ചു, ഭാഗ്യവതി. അവളുടെ വീട്ടിലേക്ക് ഏഴ് കറവയുള്ള ആടുകളെ എത്തിച്ചു; ഉണ്ണിക്ക് പാല്‍ കൊടുക്കുന്ന ഉമ്മയ്ക്ക് മതിയാവോളം പാല്‍ കുടിക്കാന്‍.

മാരിയ തന്ന കുഞ്ഞിന് വല്യുപ്പയുടെ പേരിട്ടു, ഇബ്രാഹീം. പേരില്‍ ആദര്‍ശം, ചരിത്ര സ്മരണ..അങ്ങനെ പലതും ഉണ്ടാകുമല്ലോ. ഇബ്രാഹീം വളര്‍ന്നു. നബി സ്വ തിരക്കിന്നിടയിലും കുഞ്ഞിനെ കാണാന്‍ ഇടയ്ക്കിടെ സമയം കണ്ടെത്തി. കൈതണ്ടയില്‍ എടുത്തു ഓമനിച്ചു. ഒന്നര വയസ്സ് കഴിഞ്ഞേ ഉള്ളൂ, ഇബ്രാഹീമിന് കലശലായ അസുഖം. അസുഖം വര്‍ദ്ധിച്ചു. മാതാവിനേക്കാള്‍ വലിയ സങ്കടം പിതാവിന്. സഹചാരി അബ്ദുറഹ്മാന്‍ ബ്നു ഔഫ്‌ റ ന്‍റെ കൂടെ നബി അവിടെ തുടരെ സന്ദര്‍ശിച്ചു. കുട്ടിയുടെ സ്ഥിതി വളരെ മോശമാണെന്ന് മനസ്സിലായ നബിയുടെ കണ്ണുകള്‍ തുള്ളിയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇബ്രാഹീം മരണപ്പെട്ടു. “മുലകൂടി മാറാത്ത കുഞ്ഞുമോനെ പാലൂട്ടാന്‍ സ്വര്‍ഗ്ഗത്തില്‍ രണ്ട് സ്ത്രീകള്‍ കാത്തിരിക്കുന്നു” എന്നെല്ലാം മാതാവിനെ സുവിശേഷിച്ച് ആശ്വസിപ്പിച്ചു.

മദീന ഇരുള്‍മൂടിയ ദിനം. അന്ന് സൂര്യ ഗ്രഹണമായിരുന്നു. നബിയുടെ പുത്രന്‍ മരണപ്പെട്ടതിന്‍റെ പ്രത്യാഘാതമാണ് ഗ്രഹണമെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. സംസ്കരണ ചടങ്ങുകളില്‍ ആദ്യാവസാനം നബി സ്വ പങ്കെടുത്തു; പിതൃവ്യന്‍ അബ്ബാസിന്‍റെ മകന്‍ ഫള്ല്‍ കുട്ടിയെ കുളിപ്പിച്ചു. നബി സ്വ ജനാസ നിസ്കരിച്ചു, ചെറിയൊരു കട്ടിലില്‍ കിടത്തി തോളില്‍ ചുമന്ന്‍, ജന്നത്തുല്‍ ബഖീഇല്‍ അടക്കം ചെയ്തു. തിരിച്ചു വന്ന ആ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ജനങ്ങളുടെ അന്ധ വിശ്വാസങ്ങളെ തിരുത്താന്‍ മറ്റൊരവസരം കാത്തിരുന്നില്ല. ജനങ്ങളുടെ അബദ്ധധാരണകളെ മുതലെടുക്കാന്‍ വന്ന വ്യാജ സാമൂഹ്യ പ്രവര്‍ത്തകന്‍ അല്ലായിരുന്നല്ലോ നബി; അവിടുന്ന് ഉറക്കെ പറഞ്ഞു: “ഒരാളുടെയും ജനനമോ മരണമോ നോക്കിയിട്ടല്ല സൂര്യന്നും ചന്ദ്രന്നും ഗ്രഹണം ഉണ്ടാകുന്നത്; ഗ്രഹണം കാണുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്ക”.

മാരിയ തളര്‍ന്നു. വലിയൊരു പ്രതീക്ഷ അസ്തമിച്ചു. മാസങ്ങള്‍ക്കകം തന്‍റെ തുണയും യാത്രയായി. സഹോദരിയുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി. ലോകാവസാനം വരെ ഉള്ള വിശ്വാസികളുടെ മാതാവായി ചരിത്രത്തില്‍ ആദരവോടെ കയറി ഇരിക്കാന്‍ ഭാഗ്യം ലഭിച്ച ആ “അടിമപ്പെണ്ണ്‍”, ഉമര്‍ റ ന്‍റെ ഭരണകാലത്ത് ഹിജ്ര പതിനാറാം വര്‍ഷം, ദിവംഗതയായി. ഖലീഫ ജനാസ നിസ്കരിച്ചു, ബഖീഇല്‍ ഖബറടക്കി.

ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ച നബി സ്വ, അക്കാലത്തെയും എക്കാലത്തെയും ധാരണകള്‍ക്കും നടപ്പുകള്‍ക്കും മഹാതിരുത്തായി, തന്‍റെ അടിമപ്പെണ്ണിനോട് മാത്രമല്ല, അവളുടെ നാട്ടുകാരോടും ആത്മ ബന്ധം സ്ഥാപിച്ചു. വിശ്വാസികളുടെ മാതാവായ അവരുടെ നാട്ടുകാര്‍ വിശ്വാസികള്‍ക്ക് പ്രത്യേക സഹോദരന്‍മാര്‍ ആണെന്നും അവരോട് പ്രത്യേകം അടുപ്പം കാണിക്കണമെന്നും അവര്‍ക്ക് ഗുണം ചെയ്യണമെന്നും ആ മനുഷ്യന്‍, അടിമകളുടെ തോഴന്‍ ഒസ്യത്ത് ചെയ്യാന്‍ മറന്നില്ല; പിന്‍ഗാമികള്‍ അത് പാലിക്കാനും. ഹദീസ് സമാഹര്‍ത്താക്കള്‍ പ്രത്യേകം തലവാചകമാക്കി അത് എഴുതിവെക്കാനും മറന്നില്ല. “നിങ്ങള്‍ താമസിയാതെ ഈജിപ്ത് കീഴടക്കും. അന്നാട് കീഴടങ്ങിയാല്‍ അവര്‍ക്ക് നിങ്ങള്‍ ഇഹ്സാന്‍ ചെയ്യണം. അവരുമായി വിശ്വാസികള്‍ക്ക് ഒരു രക്തബന്ധം ഉണ്ട്”. ഈജിപ്ത് എന്ന നാട്ടിലെ മുഴുവന്‍ മനുഷ്യരെയും സഹോദരന്‍മാരായി കാണാന്‍ അവിടുന്ന് പഠിപ്പിച്ചു?! അതിനുള്ള കാരണമോ, അന്നാട്ടിലെ ഒരു ഗ്രാമത്തില്‍ അടിമ പെണ്ണിന്നു പിറന്ന ഒരടിയാത്തിയെ താന്‍ സംരക്ഷിച്ചു എന്നതും.!! ഹഫ്ന് എന്ന് പേരുള്ള ഗ്രാമത്തിലായിരുന്നു മാരിയ ജനിച്ചത്. നാലാം ഖലീഫ അലിയാരുടെ പുത്രന്‍ ഹസന്‍ റ മുആവിയറ വുമായി രമ്യതയില്‍ എത്തിയപ്പോള്‍ ഹസന്‍ റ മുന്നോട്ട് വെച്ച നിബന്ധനകളിലൊന്ന്‍, ഹഫ്ന് ഗ്രാമവാസികളെ നികുതി യില്‍ നിന്നും ഒഴിവാക്കണം എന്നായിരുന്നു. ഈജിപ്ത് കീഴടക്കിയ ഉബാദത്ത് ബ്നു സ്വാമിത്ത് ആ ഗ്രാമം സന്ദര്‍ശിച്ചു; പ്രിയപ്പെട്ട മാതാവ് മാരിയയുടെ സ്മരണയില്‍ അവിടെ ഒരു ജുമാ മസ്ജിദ് പണികഴിപ്പിച്ചു…

ഒരടിമപ്പെണ്ണിന് ഇതിലും വലിയൊരു അവസരം ലോകത്തുണ്ടായിട്ടുണ്ടോ?! ആദരവ് ലഭിച്ചിട്ടുണ്ടോ?

അധിക വായനയ്ക്ക്:
#സ്വാതന്ത്ര്യം _അടിമത്തം
സ്വാലിഹ് നിസാമി പുതുപൊന്നാനി

Leave a Reply