പ്രഭുക്കന്മാരും രാജാക്കന്മാരുമായിരുന്നു ഇസ്ലാമിക അന്തരീക്ഷത്തില്‍ പരിപാലിക്കപ്പെട്ട അടിമകളില്‍ ചിലര്‍. ഭൂമിശാസ്ത്രപരവും രാഷ്ട്രീയ സ്വഭാവമുള്ളതുമായ രാജാക്കന്മാര്‍ ആയിരുന്നുചിലര്‍; അവരുടെ കാലം കഴിഞ്ഞു പോയി എന്ന് പറയാം; ചില ശേഷിപ്പുകള്‍ ബാക്കിവെച്ചുകൊണ്ട്. എന്നാല്‍, ജ്ഞാനത്തിന്‍റെയും കര്‍മ്മത്തിന്‍റെയും ആധ്യാത്മികതയുടെയും മേഖലയില്‍ പ്രഭുക്കളായിരുന്ന ഒട്ടേറെ അടിമകളെ ഇസ്‌ലാം സംഭാവന ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോഴും പഠിതാക്കള്‍ക്ക്, സാധകര്‍ക്ക് രാജാക്കന്മാര്‍ തന്നെ. അവര്‍ അടിമകളായി ഇസ്ലാമിലേക്ക് വന്നു, രാജാക്കന്മാരായി വാഴുന്നു. വ്യത്യസ്ത മേഖലകളില്‍ സിംഹാസനങ്ങളില്‍ കഴിയുന്ന ചിലരെ പരിചയപ്പെടാം.

(കേരളത്തിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും നടപ്പുണ്ടായിരുന്ന അടിമ സമ്പ്രദായവുമായി ഇസ്ലാമിലെ നാമമാത്ര അടിമ വ്യവസ്ഥയെ സമീകരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍)

❤️

#ഇക്രിമ മൌല ഇബ്നു അബ്ബാസ്‌- #ഖുര്‍ആന്‍ #വ്യാഖ്യാതാവ്

ഹി 68 ല്‍ ത്വാഇഫില്‍ മരണപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് അബ്ദുല്ലാഹി ബ്നു അബ്ബാസിന്‍റെ ഖുര്‍ആന്‍ അറിവുകള്‍ പിന്ഗാമികള്‍ക്ക് പകര്‍ന്നു നല്‍കിയതില്‍ തന്‍റെ മുപ്പത് വര്‍ഷത്തെ ശിഷ്യന്‍ ഇക്രിമയ്ക്കുള്ള പങ്ക് വലുതായിരുന്നു. അബ്ദുല്ലാഹിബ്നുഅബ്ബാസ്‌ റ യുടെ വിമോചിത അടിമയായിരുന്നു ഇക്രിമ: റഹി.
ഇസ്‌ലാമിക ദൃഷ്ടിയില്‍ നബി സ്വ യുടെ കുലത്തേക്കാള്‍ ഔന്നത്യമുള്ള മറ്റൊരു കുലമില്ല. ഖുറൈശികളെ വെല്ലാന്‍ യോഗ്യതയുള്ള ഒരു ‘ഖുറൈശി’ യും ഇല്ല. ഖുറൈശി പ്രമുഖനായിരുന്ന അബ്ദുല്‍ മുത്വലിബിന്‍റെ മകനാണ് അബ്ബാസ്. പില്‍ക്കാലത്ത് മുസ്‌ലിം ലോകത്തിനു നേതൃത്വം നല്‍കിയ അബ്ബാസികളുടെ കുലപിതാവ്. നബി സ്വ യുടെ സ്വന്തം മൂത്താപ്പ. ഇവരുടെ പുത്രനാണ് അബ്ദുല്ലാഹ്. അഞ്ച് പ്രമുഖരായ അബ്ദുല്ലമാരില്‍ ഒരാള്‍. അബ്ദുല്ലാഹിബ്നു ഉമര്‍, അബ്ദുല്ലാഹിബ്നു സുബൈര്‍, അബ്ദുല്ലാഹിബ്നു അമൃ ബ്നുല്‍ ആസ്വ്, അബ്ദുല്ലാഹിബ്നു മസ്ഊദ് എന്നിവരാണ് മറ്റു നാല്‍വര്‍. റളിയല്ലാഹു അന്ഹും. ആദ്യത്തെ നാലുപേര്‍ നബി സ്വ യുടെ വിയോഗ സമയത്ത് ചെറുപ്പം മിടുക്കന്മാരായിരുന്നു, അഞ്ചാമന്‍ ഇബ്നു മസ്ഊദ് മറ്റുള്ളവരേക്കാള്‍ പ്രായമുള്ളയാളും, അന്യദേശക്കാര്‍ അറിവ് തേടി മദീനയിലേക്കും മറ്റും ഒഴുകി വരുന്ന കാലത്തിനു മുമ്പേ മരണപ്പെട്ടയാളും ആയതിനാല്‍, ‘കുട്ടി അബ്ദുല്ലമാരെ’യാണ് ‘നാല്‍വര്‍ അബ്ദുല്ലാ’ (അല്‍അബാദിലത്തുല്‍ അര്‍ബഅ:) ഗ്രൂപ്പില്‍ പൊതുവേ ഉള്‍പ്പെടുത്താറുള്ളത്.

മക്കക്കാര്‍ നബി സ്വ യെയും കുടുംബത്തെയും ബന്ധുക്കളെയും ശിഅബു അബീ ത്വാലിബ്‌ മലഞ്ചെരുവില്‍ മൂന്ന് വര്‍ഷം ഉപരോധിച്ച കാലത്ത്, ആ ഉപരോധ താവളത്തിലാണ് അബ്ദുല്ലാ പിറക്കുന്നത്. നബി സ്വ യോടൊപ്പം ചെറുപ്പമായിരുന്ന അബ്ദുല്ലാ സഹവസിക്കുകയും ജ്ഞാനം നുകരുകയും ചെയ്തു. കുട്ടിയുടെ ജ്ഞാന തൃഷ്ണയും അനേഷണ വാജ്ഞയും കഠിനാധ്വാന ശീലവും കണ്ടപ്പോള്‍ നബി സ്വ തന്‍റെ തിരുമേനിയോട് ചേര്‍ത്തുപിടിച്ച് “അല്ലാഹുവേ, ഇവനെ നീ ഖുറാന്‍/ദീനീ പണ്ഡിതനാക്കണമേ’ എന്ന് പ്രാര്‍ഥിച്ചു. പിന്നീട് അബ്ദുല്ലാ അങ്ങനെത്തന്നെ ആയിത്തീര്‍ന്നു. നബി സ്വ യ്ക്ക് ശേഷം അവിടുത്തെ പ്രമുഖ സ്വഹാബിമാരെ സമീപിച്ചു ഖുര്‍ആന്‍ പഠിച്ച അബ്ദുല്ലാ യുവപണ്ഡിതനായി രംഗത്ത് വന്നു. ഖലീഫ ഉമറിന്‍റെയും ഖലീഫ അലിയുടെയും ഉബയ്യ് ബ്നു കഅബിന്‍റെയും ഖുര്‍ആനറിവ് അബ്ദുല്ലാ സ്വായത്തമാക്കി. അക്കാലത്തെ പ്രമുഖ ജ്ഞാനവൃദ്ധരോടൊപ്പം പലപ്പോഴും ഖലീഫ ഉമര്‍ റ യുവാവായിരുന്ന അബ്ദുല്ലായെ വൈജ്ഞാനിക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അബ്ദുല്ലാ രണ്ടാം ബാച്ചിലെ സര്‍വ്വാംഗീകൃത ഖുര്‍ആന്‍ പണ്ഡിതനായിരുന്നു. അദ്ദേഹത്തെ തിരഞ്ഞു ഖുര്‍ആന്‍ പഠിതാക്കള്‍ കൂട്ടംകൂട്ടമായി വിവിധ നാടുകളില്‍ നിന്നും വന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഇബ്നു അബ്ബാസ് നല്‍കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകാര്യമായ വഴിക്ക് ലഭിച്ചാല്‍, അത് കണ്ണില്‍ വെക്കാന്‍ മുസ്‌ലിം സമുദായം തിരക്കുകൂട്ടി. അലി റ ന്‍റെ ഖിലാഫത്ത് കാലത്ത് ബസ്വറയിലെ ഗവര്‍ണ്ണര്‍ ആയിരുന്നു. അക്കാലത്ത് ജനങ്ങള്‍ക്ക് റമദാന്‍ രാത്രികളില്‍ ഖുര്‍ആന്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ട് ജനങ്ങളെ ഖുര്‍ആന്‍ പണ്ഡിതന്മാരാക്കാന്‍ പരിശ്രമിച്ചു. അറഫ രാത്രിയിലും അസ്വര്‍ മുതല്‍ സമയത്തും ജനങ്ങള്‍ക്ക് ഖുര്‍ആന്‍ സദസ്സ് സംഘടിപ്പിച്ചു. അലി റ നു ശേഷം ഗവര്‍ണ്ണര്‍ പദവി ഒഴിവാക്കി മക്കയില്‍ മുദരിസായി സേവനം ചെയ്യുന്ന സമയത്ത് നടത്തിയിരുന്ന ഖുര്‍ആന്‍ സദസ്സുകള്‍ പ്രൌഡവും ജനനിബിഡവുമായിരുന്നു.

ഇബ്നു അബ്ബാസ് റ ന്‍റെ മുഴുസമയ സേവകനും ശിഷ്യനുമായിരുന്ന ഇക്രിമ പുകള്‍പെറ്റ ഖുര്‍ആന്‍ പണ്ഡിതനായിത്തീര്‍ന്നു. മൊറോക്കോ ദേശത്തെ ബര്‍ബറി ഗണത്തില്‍ പെട്ട ഇക്രിമയെ യജമാനനായിരുന്ന ഹുസൈന്‍ ബ്നു അബില്‍ ഹുര്‍റില്‍ അമ്പരിയാണ്, ബസ്വറയിലായിരിക്കുമ്പോള്‍ ഇബ്നു അബ്ബാസ് റ യ്ക്ക് സമ്മാനിക്കുന്നത്. അപ്പോള്‍ ഇക്രിമക്ക് പന്ത്രണ്ട് പതിമൂന്ന് വയസ്സ്. ജ്ഞാനദാഹിയായിരുന്നു ഇക്രിമ. ഇക്രിമയെ തിരിച്ചറിഞ്ഞ ഇബ്നു അബ്ബാസ് തന്‍റെ ഖുര്‍ആന്‍ സദസ്സുകളില്‍ ഇക്രിമയുടെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു. “എനിക്ക് ഖുര്‍ആനും സുന്നത്തും അദ്ദേഹം പഠിപ്പിച്ചു തന്നു”, ഇക്രിമ അനുസ്മരിക്കുന്നു. ഇബ്നു അബ്ബാസിനൊപ്പം മക്കയിലേക്ക് വന്ന ഇക്രിമ, രക്ഷാകര്‍ത്താവിന്‍റെ വിയോഗാനന്തരം ജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനുമായി പത്തു വര്‍ഷക്കാലം അന്നത്തെ ജ്ഞാന നഗരങ്ങളായ മദീനയിലും ബസ്വറയിലും യമനിലും ശാമിലും മിസ്വ്രിലും ഖുറാസാനിലും തന്‍റെ രാജ്യമായ മൊറോക്കോവിലും സഞ്ചരിച്ചു; അവിടങ്ങളില്‍ താമസമാക്കിയ സ്വഹാബികളില്‍നിന്നും അറിവ് സമാഹരിച്ചു. നൂറു കണക്കിന് സ്വഹാബികളുമായി ജ്ഞാനവിനിമയം നടത്തിയിട്ടുണ്ട്. മഹതി ആഇശ, അബൂ ഹുറൈറ, ഇബ്നു ഉമര്‍, അബ്ദുല്ലാഹിബ്നു അമ്ര് ഉഖ്ബത്ത് ബ്നു ആമിര്‍, അലിയ്യ് ബ്നു അബീത്വാലിബ്‌, ഹസന്‍ ബ്നു അലി, മുആവിയ, സ്വഫ്വാന് ബ്നു ഉമയ്യ, ജാബിര്‍ ബ്നു അബ്ദില്ലാഹ്, അബൂ സഈദ് അല്‍ ഖുദരി, ഹംന ബിന്ത് ജഹ്ഷ്, ഉമ്മു അമ്മാറ അല്‍ അന്സ്വാരിയ്യ തുടങ്ങിയ ജ്ഞാന ഗോപുരങ്ങളില്‍ നിന്നായിരുന്നു ഇക്രിമ ഏറെയും പഠിച്ചത്.

ഇക്രിമയുടെ യോഗ്യത ഇബ്നു അബ്ബാസ് റ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഒരിക്കല്‍ സൂറ അഅ്റാഫ്/163 മുതല്‍ സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്ന ജനതയെക്കുറിച്ച് വിവരിക്കവേ, ഗുരുനാഥനായ ‘യജമാനന്‍’ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതിരുന്നപ്പോള്‍, ഇക്രിമ അതെക്കുറിച്ച് ക്ലാസ്സില്‍ കൂടുതല്‍ വിവരണം നല്‍കിയപ്പോള്‍, ഒരു കോട്ട് അണിയിച്ചു കൊണ്ട് അപ്പോള്‍ തന്നെ നൂറുകണക്കിന് പേരുള്ള ആ സദസ്സില്‍ ഇക്രിമയെ ‘യജമാനന്‍’ ആദരിച്ച രംഗം അദ്വിതീയമാണ്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം അറിയുന്ന കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ഫതവ നല്‍കാനുള്ള അനുമതി ഗുരു അന്നേ നല്‍കിയിരുന്നു. ഇന്നത്തെ ശൈലിയില്‍ പറഞ്ഞാല്‍, മുഫ്തി സര്‍ടിഫിക്കറ്റ് നല്‍കിയിരുന്നു. “പോകൂ, ജനങ്ങള്‍ക്ക് മതവിധി നല്‍കൂ; ഞാനുണ്ട് സഹായിക്കാന്‍”, ഗുരുവിന്‍റെ ഗുരുത്വവും പൊരുത്തവും ജ്ഞാനവും ഒരുപോലെ ആ അടിമയ്ക്ക് ലഭിച്ചു. അറിവും മതവിധിയും തേടി ഇബ്നു അബ്ബാസ് റ യുടെ വീട്ടില്‍ വരുന്നവര്‍ക്ക് കവാടത്തില്‍ ഇരുന്ന് ഇക്രിമ ആവശ്യമായ അറിവുകള്‍ പകര്‍ന്നു. രക്ഷിതാവിന്‍റെ വിയോഗശേഷം ഈദൗത്യം സജീവമായി നിര്‍വ്വഹിച്ചു. സ്വഹാബികളെ തുടര്‍ന്നു വന്ന തലമുറയിലെ (താബിഉകള്‍) ജ്ഞാനികളില്‍ മിക്കവരും ഇക്രിമയുടെ ശിഷ്യന്മാരായിരുന്നുവെന്ന് കാണാം. താബിഈ പണ്ഡിതനും ഉമ്മു ഹാനിയുടെ വിമോചിത അടിമയുമായ അബൂ സ്വാലിഹ് ഇവിടെ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഇക്രിമയില്‍ നിന്നും അറിവ് വിനിമയം ചെയ്ത വിവിധ നാടുകളിലെ മുന്നൂറ് മഹാജ്ഞാനികളുടെ ചരിത്രം നമുക്കറിവായിട്ടുണ്ട്, അവരുടെ പേരും നാടും സഹിതം. അവരില്‍ എഴുപതിലേറെ പേര്‍ താബിഉകള്‍ തന്നെയായിരുന്നു. മക്ക, മദീന, യമന്‍, കൂഫ, ബസ്വറ, വാസിത്, ശാം, ഐല, ജസീറ, സിജിസ്താന്‍, ഖുറാസാന്‍ തുടങ്ങിയ നാട്ടുകാര്‍ അക്കൂട്ടത്തിലുണ്ട്.

രാജോചിത സ്വീകരണവും ബഹുമാനവുമായിരുന്നു ഇക്രിമയ്ക്ക് ലഭിച്ചിരുന്നത്. ഇക്രിമ യെ കാണാനും അവരുടെ ജ്ഞാന ഭാഷണം കേള്‍ക്കാനും തിങ്ങിക്കൂടുന്ന ആളുകള്‍ സ്ഥലപരിമിതിക്കപ്പുറമായിരുന്നു, വീടിനു മുകളില്‍ കയറി നിന്നും ജനങ്ങള്‍ ജ്ഞാനദാഹം തീര്‍ത്ത രംഗങ്ങള്‍ പലരും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഒരുപാട് അകലെ നിന്നാണ് അയ്യൂബ് സഖ്തിയാനി റഹി ഇക്രിമയെ കാണാന്‍ വാഹനം കയറിയത്. അദ്ദേഹം ബസ്വറാ മാര്‍ക്കെറ്റില്‍ നില്‍ക്കവേ, ഇക്രിമ ഒരു കഴുതപ്പുറത്ത് അതിലൂടെ കടന്നുപോയി. ആളുകള്‍ ചുറ്റും തടിച്ചു കൂടുന്നത് കണ്ട് കാര്യം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു, അദ്ദേഹമാണ് ഇക്രിമ. “അറിവന്വേഷിക്കുന്ന ആളുകളുടെ തിക്കും തിരക്കും കാരണം എനിക്കൊന്നും ചോദിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ കഴുതക്കരികില്‍ സ്ഥലം പിടിച്ച ഞാന്‍ ആളുകള്‍ ചോദിക്കുന്ന കാര്യങ്ങളും അതിന് അദ്ദേഹം നല്‍കുന്ന മറുപടികളും ശ്രദ്ധിച്ചു ഓര്‍ത്തുവെച്ചു”, സഖ്തിയാനി പറയുന്നു.(ത്വബഖാതുല്‍ കുബ്രാ/ 5/221). “ജനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ജ്ഞാനി” എന്ന് ജാബിര്‍ ബിന്‍ സൈദും, അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ കുറിച്ച് ഇക്രിമയേക്കാള്‍ അറിയുന്ന ഒരാള്‍ ഇപ്പോള്‍ അവശേഷിക്കുന്നില്ല”ന്ന് ശിഅബിയും സമ്മതിക്കുന്നു. സുഫ് യാനു സ്സൌരി റഹി പറയാറുണ്ട്: “ ഖുര്‍ആന്‍ വ്യാഖ്യാനം നാലുപേരില്‍ നിന്നും നിങ്ങള്‍ പഠിക്കുക: സഈദ് ബ്നു ജുബൈര്‍, മുജാഹിദ്, ഇക്രിമ, ളഹ്ഹാക് എന്നിവരില്‍ നിന്നും” (ഹില്‍യ: അബൂ നുഐം). ഹിജ്ര നൂറ്റി അഞ്ചാം വര്‍ഷം മദീനയില്‍ മരണപ്പെടുമ്പോള്‍ ഇക്രിമയ്ക്ക് എണ്‍പത് വയസ്സായിരുന്നു.

ഇബ്നു അബ്ബാസ് റ ന്, ചെറുപ്പത്തില്‍ ഏറ്റെടുത്ത് വളര്‍ത്തി വലുതാക്കിയ , ഖുര്‍ആന്‍ നന്നായി പഠിപ്പിച്ച വേറെയും അടിമകള്‍ ഉണ്ടായിരുന്നു. അവരില്‍ കുറൈബ്, സുമൈഅ്, ശുഅ്ബ: എന്നിവര്‍ തികഞ്ഞ ഖുര്‍ആന്‍ പണ്ഡിതന്മാര്‍ തന്നെ ആയിരുന്നു. എന്നാല്‍ ഇക്രിമ അക്കൂട്ടത്തില്‍ മുന്‍നിരയില്‍ എത്തിപ്പെട്ടു. മുസ്‌ലിം ലോകത്ത് ഇറങ്ങിയ എണ്ണമറ്റ ഖുര്‍ആന്‍ വ്യാഖ്യാനകൃതികളില്‍ ഒന്നുപോലും ഇക്രിമയെ സ്മരിക്കാതെ, ഉദ്ധരിക്കാതെ ഉണ്ടാകില്ല. സംക്ഷിപ്ത വ്യാഖ്യാനങ്ങള്‍ അല്ലാതെ. അബൂ നുഐം പരിചയപ്പെടുത്തി: “ഇബ്നു അബ്ബാസ് റ ന്‍റെ വിമോചിത അടിമയായ ഇക്രിമ ഖണ്ഡിതമായ ആശയമുള്ള സൂക്തങ്ങളുടെ വ്യാഖ്യാതാവും വ്യാഖ്യാന നിവേദനങ്ങളില്‍ അവ്യക്തമായവയ്ക്ക് വെളിച്ചവുമായ മഹാ ജ്ഞാനിയാണ്‌.ഒട്ടേറെ നാടുകളിലേക്ക് ജ്ഞാന യാത്ര ചെയ്ത യാത്രികനാണ്; ആളുകള്‍ക്ക് അവ നന്നായി കൈമാറ്റം ചെയ്ത വ്യക്തിയാണ്”. ഖുര്‍ആനിലെന്ന പോലെ നബി ചരിതത്തിലും, വിശിഷ്യാ നബിയുടെ യുദ്ധ ചരിത്രത്തില്‍ ഇക്രിമ ആധികാരിക സ്രോതസ്സ് ആയിരുന്നു. റഹിമല്ലാഹു അലൈഹി റഹ്മത്തന്‍ വാസിഅ:

കൂടുതൽ പേരെ
#സ്വാതന്ത്ര്യം #അടിമത്തം പരിചയപ്പെടുത്തും.

Swalih Nizami Puthuponnani

❤️❤️❤️

Leave a Reply