“മാര്ക്സിന് തന്റെ വേലക്കാരിയില്‍ പിറന്ന ഒരു കുഞ്ഞ് ചരിത്രത്തിന്റെ വെളിമ്പുറങ്ങളില്‍ എവിടെയോ അലയുന്നു” എന്ന് മലയാളത്തിന്റെ അനുഗ്രഹീത എഴുത്തുകാരന് എണ്‍പതുകളില്‍ അവ്യക്തതയോടെ എഴുതുമ്പോള്‍ അതെക്കുറിച്ചുള്ള കൃത്യമായ പഠനം അക്കാലത്ത് പുറത്തുവന്നിട്ടില്ലെന്ന് വ്യക്തം. വിശ്വപ്രസിദ്ധനായ ഒരു നേതാവിനെ ക്കുറിച്ചുള്ള ശത്രുക്കളുടെ അപവാദം എന്ന് പ്രതികരിച്ച് പ്രതിരോധിക്കാന്‍, അദ്ദേഹത്തിന്റെ ഭക്തജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കുമായിരുന്നു. വിശിഷ്യാ, ഭഗവാന് മാര്‍ക്സ് എന്നെല്ലാം തങ്ങളുടെ നേതാവിനെ ഭക്ത്യാദരപൂര്‍വം വിശേഷിപ്പിക്കുന്ന (സി കേശവന് നേതാവിനെ ഇങ്ങനെ സംബോധന ചെയ്തിട്ടുണ്ട്) മലയാളി ഇടതന്മാര്ക്ക് സഹിക്കുന്നതായിരുന്നില്ല, ആസ്ഥാനനേതാവിന്റെ ജീവിതത്തിലെ ‘ചുവന്ന’ കഥകള്‍. പ്രസിദ്ധ അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ മേരി ഗബ്രിയേല്‍, മാര്‍ക്സിനെക്കുറിച്ചുള്ള ഈ കെട്ടുകഥയുടെ കെട്ടഴിച്ഛതോടെ, കാര്യങ്ങള്‍ ഏതാണ്ട് തീരുമാനമായി. കാള്‍ മാര്‍ക്സിന്റെ വ്യക്തി ജീവിതത്തെയും കുടുംബത്തെ ജീവിതത്തെയും വളരെ സമര്‍ത്ഥമായി അന്വേഷിച്ചു കണ്ടെത്തിയ മേരി ഗബ്രിയേല്‍ LOVE AND CAPITAL എന്ന പുസ്തകത്തില്‍ അവ മനോഹരമായി എഴുതി വെക്കുകയും ചെയ്തു. മേരി ഗബ്രിയേലിന്റെ അന്വേഷണ രചന ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയത് ഇടതു സഹയാത്രികരുടെ സംഘമാണെന്നതിനു പുറമേ, പഠനത്തിന്റെ ആധികാരികത സ്ഥിരീകരിച്ചുകൊണ്ട് മുഖവുര എഴുതിയിരിക്കുന്നത് സഖാവ് എം എ ബേബി യാണെന്ന സംഗതി ശ്രദ്ധേയമാണ്.
കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പേജില്‍ മേരി ഗബ്രിയേല്‍ ഇങ്ങനെ കുറിച്ചു വെച്ചു :
*Demuth, Helene*-domestic in the Westphalen household in Trier, who from age twenty-five lived
with Karl and Jenny Marx as a member of the family. Known as Lenchen, she gave birth to a son by Marx.
*Demuth, Henry Frederick Lewis*-illegitimate son of Karl Marx and Helene Demuth, he lived with
a foster family in East London and became a machinist, trade union member, and activist who admired Engels and Marx but died uncertain which of the two men, if either, was his father. Known as Freddy.
ക്രൂസ്നാക്കിലെ പ്രോട്ടസ്റ്റന്ട് പള്ളിയില്‍ വെച്ച് 1843 ജൂണ്‍ 19 ന് കാള്‍ മാര്‍ക്സും പ്രഭുകുമാരിയായ ജെന്നിവോണ്‍ വെസ്റ്റ്ഫാലനും തമ്മില്‍ വിവാഹിതരായി. പ്രണയ വിവാഹമായിരുന്നതിനാല്‍ അവര്‍ക്കിടയിലെ വയസ്സിലെ അന്തരം അത്ര പ്രസക്തമല്ല. ഇരുപത്തിയഞ്ചുകാരന് കാള്‍ ജെന്നിയെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് ഇരുപത്തി ഒമ്പത് വയസ്സുണ്ട്. സുമുഖ സുന്ദരിയായിരുന്നു ജെന്നി. കുലീനയും.
ജെന്നി കാളിന്റെ ഏഴു മക്കള്‍ക്ക് ജന്മം നല്കി. അവസാനത്തെ പ്രസവ സമയത്ത് ജെന്നിക്ക് നാല്പത്തി മൂന്ന് വയസ്സായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കിടയിലായിരുന്നു ഏഴ് പ്രസവങ്ങള്‍. ആദ്യത്തെ കുട്ടി പിറന്നത് 1844 മെയ് ഒന്നിന്. പെണ്‍കുട്ടി, പേര്: ജെന്നി. അമ്മയുടെ പേരുതന്നെ. കൊച്ചു ജെന്നി എന്നു വിളിച്ചു. അടുത്ത വര്‍ഷം (1845) മാസത്തില്‍ രണ്ടാം പ്രസവം, വീണ്ടും പെണ്‍കുട്ടി, പേര് ലോറ. മൂന്നാമത്തെ കുഞ്ഞ് 1847 ഫെബ്രുവരി മൂന്നിന് പിറന്ന എഡ്ഗാര്‍, ആദ്യത്തെ ആണ്‍കുട്ടി. നാലാമത്തെ കുഞ്ഞിന്റെ ജനനം 1849 നവംബര്‍ അഞ്ചിന്. ആണ്‍കുഞ്ഞായിരുന്നു, ഹെന്റിച്ച് ഗിദോ മാര്‍ക്സ്. ഒന്നാം പിറന്നാള്‍ കഴിഞ്ഞ പാടെ ന്യൂമോണിയ ബാധിച്ച് ഗിദോ മരണപ്പെട്ടു, അഞ്ചാമത്തെ കുഞ്ഞ് ഫ്രാന്‍സിസ്ക ജനിക്കുന്നതിനു അഞ്ച് മാസം മുമ്പ്. 1851 മാര്‍ച്ച് 28 ന് പിറന്ന ഫ്രാന്‍സിസ്ക അടുത്ത വര്‍ഷം ഏപ്രില്‍ 24 ന് ബ്രോങ്കൈറ്റിസിന്റെ മാരകമായ ആക്രമണത്തില്‍ മരണപ്പെട്ടു. മാര്‍ക്സിന്റെ വേലക്കാരി ഒരാങ്കുട്ടിയെ പ്രസവിച്ചത് ഇതിനു ശേഷമാണ്. ജെന്നിയുടെ ആറാം പ്രസവം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു, 1855 ജനുവരി 17 ന്. വേലക്കാരി ‘കൊച്ചു കള്ളി’യുടെ അവിഹിത പ്രസവം ഉണ്ടാക്കിയ ആഘാതമായിരിക്കാം അതുവരെ കാണാത്ത ഈ ദീര്‍ഘ ഇടവേളയ്ക്ക് കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു. പെണ്‍കുട്ടിയായിരുന്നു, പേര് എലിനോര്‍. ജന്മത്തിലേ ഗുരുതര അസുഖം. നവാഗത കടന്നുവന്ന് മൂന്ന് മാസം ആകുന്നേയുള്ളൂ, തന്റെ പ്രിയമകന് എഡ്ഗാര്‍ കുടല് ക്ഷയം ബാധിച്ച് മരണമടഞ്ഞു. ജെന്നിയുടെ ജീവിതത്തിലെ ഭീകരമായ ദിനം. ആശ്വസിപ്പിക്കാന്‍ എത്തിയവരോട്, ‘നിങ്ങള്‍ക്കാര്‍ക്കും എന്റെ കുഞ്ഞിനെ തിരിച്ചുതരാന്‍ കഴിയില്ലല്ലോ’ എന്ന് മാര്‍ക്സ് നിലവിളിച്ച മരണം. ശാരീരികമായ അവശതകളുടെയും സ്വാമ്പത്തിക കഷ്ടപ്പാടുകളുടെയും കൊടുംകയത്തില്‍ മുങ്ങിത്താഴുന്ന ആ മുഹൂര്‍ത്തത്തില്‍ ജെന്നി വീണ്ടും ഗര്‍ഭിണിയായി. ശക്തമായ മാനസിക വ്യഥകള്ക്കിടയില്, 1857 ജൂണ്‍ ആറിന് ജെന്നി ഒരാങ്കുട്ടിയെ പ്രസവിച്ചു. പേര് ഡാന. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ അവന് മരിച്ചുപോയി.
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താതെയും തൊഴിലൊന്നും എടുക്കാതെയും കക്ഷത്തില്‍ ‘മൂലധനചിന്ത’ ചുരുട്ടിപ്പിടിച്ചും തലയില്‍ ‘മാനിഫെസ്റ്റോ’ പുകഞ്ഞും അലഞ്ഞ കാളിന്റെ, ഒന്നിന് പിറകെ ഒന്നായി കുടുംബത്തിലേക്ക് കടന്നുവരുന്ന മക്കളുമായി ജീവിച്ചുപോകാന്‍, അവരുടെ നിരന്തര അസുഖങ്ങള്‍ക്ക് മതിയായ ചികിത്സ നല്കാന്, ഭാര്യ ജെന്നി വല്ലാതെ പ്രയാസപ്പെട്ടു. കടുത്ത സാമ്പത്തിക ദുരിതത്തില്‍, പ്രഭു കുടുംബത്തിലെ ആ പെണ്‍കുട്ടി ജീവിച്ചു, എല്ലാം താന്‍ പ്രണയിക്കുന്ന തന്റെ ഭര്‍ത്താവിനു വേണ്ടി സഹിച്ചു. കടം വാങ്ങി കുഴഞ്ഞ ആ കുലീന അപമാനിതയായി. കാള്‍ വാങ്ങിക്കൂട്ടുന്ന കടങ്ങള്‍ തിരിച്ചുവാങ്ങാന്‍, നിര്‍ത്താതെ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നവരെ പറഞ്ഞുവിടാന്‍ പാത്രങ്ങള്‍ മുതല്‍ പാദുകങ്ങള്‍ വരെ പണയം വെക്കേണ്ടി വന്നു, ആ കുടുംബിനിക്ക്. ‘മാര്‍ക്കെറ്റില്‍ ചൂടപ്പം പോലെ വില്ക്കപ്പെടാന് സാധ്യതയുള്ള പുസ്തകം എഴുതുകയാണ്, അത് പ്രസിദ്ധം ചെയ്താല്‍ നമ്മുടെ എല്ലാ പരാധീനതകളും അവസാനിക്കും’ എന്ന മോഹന വാഗ്ദാനം സഫലമാകാന്‍ ആ പാവം പെണ്ണ് ഇരുപതോളം വര്‍ഷം ത്യാഗം സഹിച്ചു. പക്ഷേ ഇതിന്നിടയില്‍ വേണ്ട പരിചരണവും ചികിത്സയും ലഭിക്കാതെ മക്കള്‍ പലതും മരണപ്പെട്ടുകൊണ്ടിരുന്നു. മക്കളുടെയും ഭാര്യയുടെയും കാര്യത്തില്‍ കുറ്റകരമായ ഉദാസീനതയായിരുന്നു മാര്‍ക്സ് കാണിച്ചത്. മൂലധനം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ മാര്‍ക്സ്ന് അവശേഷിച്ചത് മൂന്ന് പെണ്‍കുട്ടികള്‍. പിന്നെ അവിഹിത ജന്മമായ ചിത്രത്തിലില്ലാത്ത ഫ്രെഡ്ഡിയും.
രണ്ടാം കുഞ്ഞിന്റെ ജന്മമടുത്ത അവസരത്തിലായിരുന്നു, ജെന്നിയുടെ അമ്മ മകളെ സഹായിക്കാനും കുട്ടികളെ പരിചാരിക്കാനുമായി ഹെലെന് ദിമെത്തി (കൊച്ചുലെൻ )നെ ബ്രസല്‍സിലേക്ക് അയച്ചത്, 1845 ഏപ്രിലില്‍. ചെമ്പ മുടിയും നീലക്കണ്ണുകളുമുള്ള ഹെലെന് സുന്ദരിയായിരുന്നു. അവിടെ വരുമ്പോള്‍ വയസ്സ് ഇരുപത്തഞ്ച്. കാളിനേക്കാള് രണ്ട് വയസ്സ് ഇളപ്പം. തന്റെ പതിനൊന്നാം വയസ്സ് മുതല്‍ ജെന്നിയുടെ വീട്ടില്‍ പരിചാരികയായിരുന്ന അവള് സ്വയം ആ കുടുംബത്തിനു വേണ്ടി സമര്‍പ്പിച്ചു. വിവാഹാലോചനകള്‍ എല്ലാം ഒഴിവാക്കി. ഹെലന് പിന്നീട് മാര്‍ക്സിന്റെ ജീവിതത്തില്‍ നിറഞ്ഞു നിന്നു. മാര്‍ക്സിന്റെ മരണാനന്തരം എംഗല്‍സിന്റെയും. ഹെലന് കടന്നുവരുന്ന അക്കാലത്ത് തന്നെയായിരുന്നു മാര്‍ക്സുമായി എംഗല്‍സ് അടുത്ത സൗഹൃദം സ്ഥാപിക്കുന്നത്. അവര്‍ പിന്നീട് ഇരുകൈകളായി ജീവിച്ചു. ആദര്‍ശ ജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും കുടുംബ കാര്യങ്ങളിലും. മാര്‍ക്സിന്റെ കുടുംബജീവിതത്തിലെ കാറ്റിനും കോളിനും ഒരുപോലെ സാക്ഷിയായ രണ്ട് വ്യക്തിത്വങ്ങള്‍ എംഗല്‍സ്, ഹെലെന് എന്നിവരാണെന്ന് പറയാം.
ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ മറികടക്കാന്‍ വഴി ആലോചിച്ച്, അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്ന്, നാല് കുട്ടികളെയും വീട്ടിലാക്കി, കാളിന്റെ അമ്മാവനുമായി സംസാരിക്കാന്‍ ഹോളണ്ടില്‍ പോയിരിക്കുകയായിരുന്നു ത്യാഗിവര്യയായ ജെന്നി. മുപ്പത് മണിക്കൂര്‍ നേരത്തെ കഷ്ടതയാര്‍ന്ന കടല്‍ യാത്ര. അവിടെ എത്തിയപ്പോള്‍ അമ്മാവന് ഹൃദയ പൂര്‍വ്വം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. കാളിന്റെ പൈതൃക സ്വത്തില്‍ നിന്നും വല്ലതും തരപ്പെടുത്തുവാന്‍ സാധിക്കുമോ എന്നായിരുന്നു ജെന്നിയുടെ ശ്രമം. പക്ഷേ, വളരെയേറെ ശ്രമിച്ചിട്ടും അദ്ദേഹത്തിനു മുന്നില്‍ കുടുംബം അനുഭവിക്കുന്ന ഭീകര പ്രതിസന്ധി ബോധ്യപ്പെടുത്താന്‍ ജെന്നിക്ക് കഴിഞ്ഞില്ല. കണ്ണീരോടെ കിടപ്പറയില്‍ അഭയം തേടി അവര്‍. തിരിച്ചുവരാനുള്ള കാശുപോലും കിട്ടില്ലെന്ന മട്ടാണെന്ന് തന്റെ പ്രിയപ്പെട്ട കാളിന് ജെന്നി കത്തെഴുതി. അവള് വല്ലാതെ ഹൃദയവേദന അനുഭവിച്ചു. “എന്റെ പ്രിയങ്കരനായ കാള്‍, മരിക്കുമെന്ന ഭീതിയുണ്ട്, മുറിപ്പെട്ട മനസുമായിട്ടാണ് ഞാന്‍ അങ്ങോട്ട് തിരിച്ചു വരുന്നത്. എത്രയും പെട്ടെന്ന് അവിടെ വന്ന്, അങ്ങയെയും കുട്ടികളെയും കാണാന്‍ മനസ്സ് കൊതിക്കുന്നു. കുട്ടികള്‍ക്ക് ചുടുചുംബനങ്ങള്‍ നല്‍കണേ, ആ കുഞ്ഞു മാലാഖമാര്‍ക്ക് എന്റെ ഒരായിരം ഉമ്മകള്‍ നല്‍കൂ, അങ്ങും കൊച്ചുലെന്നും അവരെ വേണ്ടപോലെ നോക്കിക്കോളും എന്ന പ്രതീക്ഷയാണ് എനിക്ക് ഇവിടെ നില്ക്കാന് ശക്തി നല്‍കുന്നത്” എന്നെല്ലാം പ്രിയതമന് വേദനയോടെ, സ്നേഹത്തോടെ, നിഷ്കളങ്കതയോടെ എഴുതുന്ന ജെന്നി. എന്നാല്‍, മേരി ഗബ്രിയേല്‍ വ്യക്തമാക്കിയ പോലെ, ഈ സമയം കാള്‍ മാര്‍ക്സ് തന്റെ ഇണയോട് മാപ്പര്‍ഹിക്കാത്ത വിശ്വാസവഞ്ചന കാണിക്കുകയായിരുന്നു. ഡീന്‍ തെരുവില്‍ പരിചാരിക ‘കൊച്ചുകള്ളി’മായി അയാള്‍ കാമകേളിയില്‍ അഭിരമിക്കുകയായിരുന്നു?! ഇടയ്ക്കിടെ കത്തിലും മറ്റും ‘നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്ന് ആവര്‍ത്തിച്ചു പ്രണയം അറിയിച്ച ഭര്‍ത്താവില്‍ നിന്നും ഇത്തരത്തിലൊരു വഞ്ചന അവളല്ല, ആരും പ്രതീക്ഷിക്കില്ല. ഇത് അവരുടെ ആദ്യത്തെയോ അവസാനത്തെയോ അവിഹിത ലൈംഗിക ബന്ധം ആയിരുന്നുവെന്ന് ഉറപ്പിക്കാന്‍ വയ്യ. ജെന്നിയെ നാട്ടിലേക്ക് പറഞ്ഞയച്ച്, കൊച്ചുകള്ളിയും കുട്ടികളുമായി മാര്‍ക്സ് തനിച്ചുജീവിച്ച അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭീകരമായ പ്രത്യാഘാതം ഉണ്ടാക്കി ഈ അവിഹിതവേഴ്ച. കൊച്ചുലെന്‍ ഗര്‍ഭിണിയാവുക മാത്രമല്ല, അവള് ഒരാണ്കുഞ്ഞിന് ജന്മം നല്കി. 1851 ജൂണ്‍ 23 ന്. ഹെന്റി ഫെഡറിക്ക് എന്ന് പേരിട്ടു. ആറാഴ്ച കഴിഞ്ഞ് ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അമ്മ കുട്ടിയുടെ അച്ഛന്റെ പേര് കൊടുത്തില്ല. അവന് ഫ്രെഡറിക്ക് ഡിമത്ത് എന്ന് അമ്മയിലേക്ക് ചേര്‍ത്തു അറിയപ്പെട്ടു.
ഗര്‍ഭം പ്രകടമായപ്പോള്‍ തന്നെ ആ കുടുംബത്ത് പ്രശ്നങ്ങള്‍ തലപൊക്കുക സ്വാഭാവികം. കുട്ടിയുടെ അച്ഛന് താനല്ലെന്ന് വരുത്താനുള്ള വൃഥാ ശ്രമങ്ങള്‍ പാളുന്നുണ്ടായിരുന്നു. സല്‍പ്പേരിനെക്കുറിച്ച് വലിയ ആധിയൊന്നുമില്ലാതിരുന്ന എംഗല്‍സ് തന്റെ രാഷ്ട്രീയ സൈദ്ധാന്തികന്റെ മുഖം രക്ഷിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. പിതൃത്വം ഏറ്റെടുക്കാനുള്ള ധീരത കാണിച്ചില്ലെങ്കിലും, ജെന്നിയെയും കുട്ടികളെയും മറ്റു ബന്ധപ്പെട്ടവരെയും അങ്ങനെ തെറ്റുദ്ധരിപ്പിക്കാനുള്ള അടവുകള്‍ അയാള്‍ കാണിച്ചു. സുഹൃത്തിനെ തല്ക്കാലം മുഖപടമണിയിച്ചു. കുലീനയും സഹന ശീലയുമായ ജെന്നിയുടെ പക്വമായ നിലപാട് നിമിത്തം കുടുംബത്ത് പറയത്തക്ക പ്രക്ഷോഭങ്ങള്‍ ഉണ്ടായില്ല. മാനുഷികത്തിനു വേണ്ടി വിപ്ലവ സിദ്ധാന്തങ്ങള്‍ എഴുതി ഉപജീവനം കണ്ടെത്തുകയല്ലാതെ വയറ്റിപ്പിഴപ്പിനും ഭാര്യാ സന്തതികളെ സംരക്ഷിക്കാനും മറ്റ് തൊഴിലൊന്നും എടുക്കാത്ത ആ മാന്യന് തല്ക്കാലം ജനമധ്യേ വിചാരണ ചെയ്യപ്പെടാതെ രക്ഷപ്പെട്ടു. ജെന്നി ഒരുവേള എല്ലാം മനസിലാക്കി സഹിച്ചതായിരിക്കാം. പ്രണയ വിവാഹമായതിനാല്‍, കുടുംബത്തേക്ക് അഞ്ചു പൈതങ്ങളുമായി തിരിച്ചു ചെല്ലാനുള്ള ധൈര്യം അവര്‍ക്ക് ചോര്‍ന്നു പോയതായിരിക്കാം. മക്കളുടെ ഭാവിയോര്‍ത്ത് സഹിച്ചതാകാനും സാധ്യത ഏറെയാണ്.
ഒന്നുകില്‍ കാളിന്റെ, അല്ലെങ്കില്‍ സുഹൃത്തും പോരാളിയുമായ എംഗല്‍സിന്റെ, രണ്ടുപേരുടെതും അല്ലെങ്കില്‍ ഏതെങ്കിലും തെരുവ് മനുഷ്യന്റെ അവിഹിത സാന്നിദ്ധ്യം ഇതിനു പിന്നിലുണ്ടല്ലോ. വിശുദ്ധ മര്‍യം ഗര്‍ഭം ചുമന്ന പോലെ ദൈവദത്തം ആണെന്ന വിശ്വാസം ഏതായാലും ആര്‍ക്കുമുണ്ടായിരുന്നില്ല. അന്യവിവാഹങ്ങള് എല്ലാം തിരസ്കരിച്ച് കുടുംബത്തിലെ കാര്യക്കാരിയായി കഴിയുന്ന കൊച്ചുലെന്നിനെകുറിച്ചുള്ള എല്ലാ വിശ്വാസവും ജെന്നിക്ക് നഷ്ടപ്പെടുമെന്ന കാര്യം തീര്‍ച്ച. അവളെ പറഞ്ഞു വിടുകയെന്ന കടുത്ത തീരുമാനം സ്വാഭാവികമായും ചര്‍ച്ചയ്ക്ക് വരും. അതിനുമുന്നേ, അവള് ആ കുഞ്ഞിനെ കിഴക്കന്‍ ലണ്ടനിലെ ലെവി എന്നറിയപ്പെട്ട ദരിദ്ര കുടുംബത്തെ ഏല്പിച്ചു. ആ കുഞ്ഞിന് അമ്മയും ഇല്ലാതായി. ഇപ്പോള്‍ കൊച്ചുകള്ളി വീണ്ടും തനിച്ചായി. ഫ്രെഡ്ഡി എന്ന് വിളിച്ച ആ കുഞ്ഞ് ജെന്നിയുടെ അഥവാ കാളിന്റെ കുടുംബത്ത് വളര്‍ന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അങ്ങനെ മറികടന്നു, കുറച്ച് കാലത്തേക്കെങ്കിലും.
എട്ടു മക്കളുണ്ടായിരുന്ന കുടുംബത്തിലെ മൂത്ത പുത്രനായിരുന്നു കാള്‍. വളരെ പ്രതീക്ഷയിലാണ് മാതാപിതാക്കള്‍ ഉന്നത പഠനത്തിന്നയച്ചത്. പക്ഷേ, സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്തുതന്നെ മദ്യത്തിന്നടിമയായിരുന്നു . മദ്യപിച്ചു അടിപിടി കൂടിയതിന് ഒരു രാത്രി തടവില്‍ കഴിഞ്ഞത് മുതല്‍ കാളിലെ വിപ്ലവകാരി യൗവ്വനം പ്രാപിക്കുന്നുണ്ടായിരുന്നു. അക്കാലത്താണ് മറ്റൊരു ക്ലബംഗവുമായി വാള് കൊണ്ടുള്ള ദ്വന്ദ യുദ്ധം ഉണ്ടായത്. കണ്പുരികത്തില് അങ്ങനെ വിപ്ലവകാരിയുടെ ആദ്യത്തെ ആയുധമുദ്ര പതിഞ്ഞു. ഷാമ്പയിന്‍ വിഴുങ്ങുന്ന സഹപാഠികളെ ഉദാരമായി സഹായിക്കാനും കാളിന് ആവേശമായിരുന്നു. പരുക്കന്‍ മുഖപ്രകൃതം. ഷേവ് ചെയ്യാതെയും മുടി ചീകാതെയും മര്യാദ കെട്ട കോലം. ഒരു മല്ലന്റെ ശരീര ഘടന. അണിയുന്ന വസ്ത്രത്തിന്റെ കുടുക്കുകള്‍ ഇട്ടിരുന്നത് ക്രമത്തിലായിരുന്നില്ല. പരസ്യമായി ചുരുട്ടുവലിച്ചു നടന്നു.
പില്ക്കാലത്ത് മുഖ്യ സഹചാരിയായി എത്തിയ എംഗല്‍സ് പൈപ്പ് വലിക്കാരനായിരുന്നു. അപ്പോഴും മാര്‍ക്സ് ചുരുട്ട് വലി തുടര്‍ന്നു. ഇരുവരും രാത്രിയില്‍ ഒത്തുകൂടിയാല്‍ പുലരുവോളം വെള്ളമടിക്കും. മറ്റുള്ളവരുടെ ലൈംഗിക കഥകളാണ് അധികവും സംസാരവിഷയം. കുടുംബത്ത് പരിചാരികയായി വരുകയും പിന്നീട് പാര്‍ട്ടിയുടെ ഉന്നത സ്ത്രീ സാന്നിധ്യമായി ഉയരുകയും ചെയ്ത ‘കൊച്ചു കള്ളി’യും നന്നായി മദ്യപിക്കും. മാര്‍ക്സും അനുയായികളും മിക്ക സമയങ്ങളിലും ഒത്തുകൂടുക വീഞ്ഞ് കടകളില്‍ ആയിരുന്നു. ഈ പാര്‍ട്ടി ഓഫീസിനെ അവര്‍ വിളിക്കുക സിനഗോഗ് എന്നായിരുന്നു. ഓരോ ഒത്തുകൂടലും ‘ഉഗ്രന്‍ വെള്ളമടി’യില്‍ കലാശിക്കും. ക്രിസ്തുമസ്-പുതുവത്സര രാത്രികള്‍ കുടിച്ചു കൂത്താടാന്‍ മാത്രമുള്ളതായിരുന്നു, ഈ വിപ്ലവ നായകന്. അതോടനുബന്ധിച്ച് ഒന്നും രണ്ടും ആഴ്ച സുഖമില്ലാതാകും. ആരോഗ്യം വീണ്ടെടുത്ത് ‘മൂലധനം’ എഴുതാന്‍ ഇരിക്കും. ഇതിനിടയില്‍ അര്‍ശസ് കഠിനമായി. മൂലക്കുരു വേറെയും. ആഘോഷങ്ങള്‍ക്ക് എംഗല്‍സ് എത്തും. ഒരു പെട്ടി വീഞ്ഞുമായാണ് വരിക. 1853 ലെ ക്രിസ്തുമസ് ആഘോഷം പൊടിപൊടിച്ചു. പതിവുപോലെ മാര്‍ക്സ് മൂന്നാഴ്ചയോളം കിടപ്പിലായി. കരള്‍ വീക്കം ശക്തിയാര്‍ജ്ജിച്ചു. വേദന അറിയാതിരിക്കാന്‍ കറുപ്പ്/ഓപ്പിയം ഉപയോഗിച്ചു. (മാനസിക വ്യഥകള്‍ ഒതുക്കാനുള്ള കഞ്ചാവാണ് മതമെന്ന നിരീക്ഷണം ഇതില്‍ നിന്നും ഉണ്ടായതാണ്).
ജെന്നി കൂടെയില്ലാത്ത ഘട്ടം പലതവണ ഉണ്ടായിട്ടുണ്ട്. മാര്‍ക്സിന്റെ മദ്യോല്‍സവ നാളുകള്‍ ആയിരിക്കും ആ ദിനങ്ങള്‍. കൂട്ടുകാരായ ലീബ്നിറ്റിക്, എഡ്ഗാര്‍ ബോവര്‍ എന്നിവരോടൊപ്പം ചേര്‍ന്നുള്ള മദ്യോത്സവ നാളുകള്‍ അവിസ്മരണീയങ്ങളാണ്. വഴിയിലുള്ള എല്ലാ പബ്ബിലും കയറി കുടിക്കുക എന്നതായിരുന്നു രീതി. വഴിയില്‍ കാണുന്ന ചരല്‍ക്കല്ലുകള്‍ എടുത്ത് കണ്ടിടത്തേക്ക് എറിഞ്ഞും ബഹളം വെച്ചും തങ്കപ്പെട്ട കച്ചറ പാര്‍ട്ടി രാത്രി മുഴുവന്‍ നിരത്തുകളില്‍ ഇഴയും. ഒരിക്കല്‍ നാലഞ്ച് വഴിവിളക്കുകള്‍ കല്ലേറില്‍ പൊട്ടിച്ചു. പോലീസുകാര്‍ വരുന്നത് കണ്ട് ഇടവഴികളിലൂടെ ആ വിപ്ലവകാരികള്‍ ഓടി രക്ഷപ്പെട്ടു. മാത്രമല്ല, പകല്‍ മുഴുവനും തളര്‍ന്നു കിടയ്ക്കും. ‘മൂലധനം’ എഴുതി പൂര്‍ത്തിയാക്കുന്ന നാളുകളിലെ കാള്‍ മാര്‍ക്സിന്റെ കഥ ഇതായിരുന്നു. കടം വാങ്ങി കണ്ടെത്തുന്ന പണമെല്ലാം കുടിച്ച് കാലിയാക്കും. കുടുംബം കഷ്ടപ്പാടിലും. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വേണ്ടി കുടുംബത്തെ ‘കഷ്ടപ്പെടുത്തി’ എന്ന മഹിതമുദ്രയും?!
മൂലധനം പുറത്തിറങ്ങുന്നതോടെ ഭൂമി സ്വര്‍ഗ്ഗ രാജ്യം ആകുമെന്ന വ്യാമോഹവുമായി ജീവിച്ച എംഗല്‍സ്, അതെഴുതി പൂര്‍ത്തിയാക്കി പ്രസാധകന് അയച്ചു കൊടുക്കുന്ന ദിവസം, വരാനിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തെ ഓര്‍ത്ത് ആഹ്ലാദിച്ച് തണ്ണിയടിക്കുമെന്ന് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ കള്ളുകുടിയന്മാരുടെ കൂട്ടത്തില്‍ വെച്ച് ഒരു ഇംഗ്ലീഷ്കാരന് എംഗല്‍സിനെ അപമാനിച്ചതിന് എംഗല്‍സ് അയാളെ കുടകൊണ്ട് കണ്ണിനു കുത്തിയതും നഷ്ടപരിഹാരം അടയ്ക്കേണ്ടി വന്നതും സംഭവിച്ചതാണ്. ഒരു വ്യാപാരത്തില്‍ ഇന്നത്തെ ഇരുപത് ലക്ഷം ഡോളര്‍ വിലവരുന്ന ലാഭം കിട്ടിയ വേളയില്‍, നാലാഴ്ച നീണ്ടുനിന്ന കുടിയാട്ടമായിരുന്നു എംഗല്‍സിന്റെ നേതൃത്വത്തില്‍. തന്റെ വീട്ടിലെ സ്ത്രീകളെയും പബ്ബില്‍ കൊണ്ടു പോയി കുടിപ്പിച്ചു. പോയപോലെ നടന്നു വരാന്‍ അവര്‍ക്ക് സാധിച്ചില്ല. അതായിരുന്നു ആ സ്ത്രീകളുടെ പോലും കുടിയുടെ അളവ്. ഈ ദിവസങ്ങളില്‍ എംഗല്‍സ് ഒരു വിനോദ യാത്ര കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത്, അയാളുടെ വീട്ടിലെ പെണ്ണുങ്ങളും വേലക്കാരത്തിയും കാര്യമായ വസ്ത്രങ്ങളൊന്നും ഇല്ലാതെ, തറയില്‍ കുടിച്ചു പൂസായി മലച്ചു കിടക്കുന്ന രംഗമാണ്.
കവിളിലും പുറത്തും വലിയ കുരുക്കള്‍ മുഷ്ടിയോളം വലുപ്പത്തില്‍ പൊന്തിവന്ന് ചികിത്സയില്‍ കഴിയുന്ന മാര്‍ക്സിനു നല്ലോണം ഭക്ഷണം നല്കാന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, ആഹാരത്തില്‍ വലിയ താല്പര്യം ഇല്ലാത്ത മാര്‍ക്സ് ഈ ഘട്ടത്തില്‍ ബിയറും പോര്‍ച്ചുഗീസ് വീഞ്ഞും ബോര്‍ദോ വീഞ്ഞും നിത്യവും പതിവാക്കി. രോഗവും പ്രായവും വര്‍ദ്ധിച്ച കാലത്തും, ഡോക്ടര്‍മാര്‍ വിലക്കിയിട്ടും മാര്‍ക്സും എംഗല്‍സും പുകവലിയോ മദ്യപാനമോ നിര്‍ത്തിയില്ല. ഉല്ലാസത്തിന്റെ അവസാന നാളുകളില്‍, ഞാറാഴ്ചകളില്‍ എംഗല്‍സിന്റെ വീട്ടില്‍ സമ്മേളിക്കാറുള്ള പാര്‍ട്ടി നേതൃ കുടുംബം ഉച്ചതിരിഞ്ഞ് രാത്രി പിരിയുവോളം ബിയറും ക്ലാരറ്റും ഷാംപൈനും മൂക്കറ്റം പൂശുക പതിവായി. മരണത്തോടടുത്ത ദിനങ്ങളില്‍ കൊച്ചുലെന്‍ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച മാര്‍ക്സ്, ചിലപ്പോഴൊക്കെ റമ്മോ ബ്രാണ്ടിയോ ചേര്‍ത്ത് പാലായിരുന്നു കുടിച്ചിരുന്നത്.
ഉറ്റ ചങ്ങാതി എംഗല്‍സ് വിവാഹം ചെയ്തിട്ടല്ല പല സ്ത്രീകളുടെ കൂടെയും ജീവിച്ചത്. രണ്ട് ദശകത്തോളം കൂടെ ജീവിച്ചിരുന്ന മേരി ബേണ്‍സിനെ എംഗല്‍സ് വിവാഹം ചെയ്തിട്ടില്ലായിരുന്നു. മേരിക്ക് ശേഷം ‘ഭാര്യ’യായി ഉണ്ടായിരുന്ന മേരിയുടെ സഹോദരി ലിസ്സി ബേണ്‍സിനെയും എംഗല്‍സ് അവരുടെ അവസാന കാലം വരെ വിവാഹം ചെയ്തിട്ടില്ലായിരുന്നു. അവളുടെ മരണത്തിന്റെ തലേന്നാള്‍ വീട്ടില്‍ വന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ലെ വികാരിയച്ചന് ഔദ്യോഗികമായി വിവാഹിതരാക്കുകയായിരുന്നു.
അടുത്ത പാര്‍ട്ടി സുഹൃത്തുക്കള്‍ പലരുടെയും ധാര്‍മിക ജീവിതത്തിന്റെ നിലവാരം പാടേ മോശമായിരുന്നു. മാര്‍ക്സിന്റെ കുടുംബത്തോടൊപ്പം കുറച്ചു കാലം ജീവിച്ച പീപ്പര് വീണ്ടുമൊരിക്കല്‍ അവിടെ വന്നത് മാരകമായി സിഫിലിസ് ബാധിച്ച്. വേശ്യകളുമായി ജീവിച്ചു സമ്പാദ്യമെല്ലാം തീരുമ്പോള്‍ വീണ്ടും മാര്‍ക്സിനെ സമീപിക്കും. മറ്റൊരു നേതാവ് ലൂപ്പസ് മദ്യത്തിന്നടിമയായിരുന്നു, വേശ്യാലയങ്ങളിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
ജെന്നിയെ തനിച്ചാക്കി മാര്‍ക്സ് ബെര്‍ലിനില്‍ ഹോളണ്ടില്‍ കഴിഞ്ഞിരുന്ന ഒരുമാസക്കാലം ജെന്നിയുമായുള്ള പറയത്തക്ക കത്തിടപാട് ഉണ്ടായില്ല. ഇതിനിടെ കൊച്ചുലെന്‍ മസ്തിഷ്കജ്വരം ബാധിച്ച് കിടപ്പിലായപ്പോള്‍, ഗത്യന്തരമില്ലാതെ ജെന്നിക്ക് എംഗല്‍സിനോട് സഹായം അഭ്യര്ഥിക്കേണ്ടിവന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് മാര്‍ക്സിന്റെ കത്ത് ജെന്നിയെ തേടി എത്തുന്നത്. ഈ കാലയളവില്‍, തന്നെക്കാള്‍ പാതി വയസുള്ള നാനേറ്റുമായി ശൃംഗരിച്ചു സമയം പോക്കുകയായിരുന്നു. മാര്‍ക്സിന്റെ മച്ചുനത്തി ആയിരുന്നു നാനെറ്റ് എന്ന ഈ യുവ സുന്ദരി. മാര്‍ക്സ് ബെര്‍ലിനില്‍ സാമാന്യം സുഖജീവിതം നയിക്കുന്ന ആ സമയത്ത്, ജെന്നി വീടുനടത്താന് കടം വാങ്ങിയും മറ്റും ബദ്ധപ്പെടുകയായിരുന്നു. മൂലധനം പൂര്‍ത്തിയാക്കിയ ശേഷം ഹാംബര്‍ഗിലേക്ക് പോയ സമയത്തും ഉണ്ടായിരുന്നു, കുടുംബത്തെ വിസ്മരിപ്പിക്കുന്ന ഒരു സ്ത്രീ സാന്നിദ്ധ്യം- മദാം ടെന്‍ഗേ. ഒരു ജര്‍മ്മന്‍ ഭൂവുടമയുടെ ഭാര്യ. അവളുടെ ഒരു ഫോട്ടോ മാര്‍ക്സ് തന്റെ ഫോട്ടോയുടെ പിറകില്‍ ഒളിപ്പിച്ചു വെച്ചിരുന്നു. മകള്‍ കൊച്ചുജെന്നി അച്ഛന്റെ നടപടികള്‍ ശരിക്കും മനസ്സിലാക്കിയിരുന്നു. അവള് അമ്മയില്‍ നിന്നും ഇക്കാര്യം ഒളിപ്പിച്ചു വെച്ചു. മകള്‍ ലോറയ്ക്കും ചിലതെല്ലാം മനസ്സിലായിട്ടുണ്ട്. പുതിയ സ്ത്രീയുമായുള്ള അച്ഛന്റെ അടുപ്പത്തെ അവള് ചോദ്യം ചെയ്യുന്നുണ്ട്. നാല്പത് ദിവസം കഴിഞ്ഞ് ഹാംബര്‍ഗില്‍ നിന്നും ലണ്ടനിലേക്ക് തിരിച്ചുവരുമ്പോള്‍, കപ്പലില്‍ വെച്ച് ഒരു ജര്‍മ്മന്‍ യുവതിയെ മാര്‍ക്സ് പരിചയപ്പെട്ടു. തന്നെ കാത്തിരിക്കുന്ന കുടുംബത്തിലേക്ക് എത്രയും വേഗം എത്തുന്നതിനു പകരം, ലണ്ടനില്‍ കപ്പലിറങ്ങിയ അവളുമായി ഹൈഡ് പാര്‍ക്കിലും ഐസ് ക്രീം കടകളിലും മറ്റു വിനോദകേന്ദ്രങ്ങളിലും, അമ്പത് വയസ്സുള്ള ആ മാനവസ്നേഹി ചുറ്റിക്കറങ്ങി. എലിസബത്ത് പുട്കാമര് എന്നായിരുന്നു ആ യുവകോമളയുടെ പേര്.
മൂലധനം എഴുതിക്കഴിഞ്ഞ നാള് മുതല്‍ മാര്‍ക്സ് സമ്പന്നനാണ്. അത്രകാലം നേരിട്ട സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നൊന്നായി മറികടന്നു. മൂന്ന് മക്കളെയും സമ്പന്നരും കുലീനരുമായ ഭര്ത്താക്കന്മാര് വിവാഹം ചെയ്തു. പ്രണയിച്ചും അല്ലാതെയും. അവര്‍ക്കു വേണ്ടി ഒരു പിതാവിന്നു ചെയ്യാനുള്ളതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന മനോദുഃഖം മാര്ക്സിനുള്ളതായി കണ്ടില്ല. അതിന്റെ പാപപരിഹാരത്തിനായി പേരക്കുട്ടികള്‍ക്ക് വേണ്ടി വല്ലതും ചെയ്യാനും ആ മനുഷ്യനു താല്പര്യമുണ്ടായില്ല. ഇക്കാലത്ത് ത്യാഗപൂര്‍ണ്ണമായ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും താത്വിക രചനകള്‍ക്കും വിനിയോഗിച്ചതിലേറെ സമയം ഭാര്യയുമായി യാത്രകളിലും മറ്റും വിനിയോഗിച്ചു. ചില ഘട്ടങ്ങളില്‍ കൂട്ടിന് എംഗല്‍സും ലിസ്സിയും ഉണ്ടായിരുന്നു. അവര്‍ കൊച്ചുകുട്ടികളെപ്പോലെ വിനോദ കേന്ദ്രങ്ങള്‍ ആസ്വദിച്ചു ജീവിച്ചു.
ഇക്കാലത്തെപ്പോഴെങ്കിലും കൊച്ചുകള്ളിയില് തനിക്ക് പിറന്ന ഫ്രെഡ്ഡിയെ മാര്‍ക്സ് ഓര്‍ത്തില്ല, ബന്ധപ്പെട്ടില്ല, സാമ്പത്തികമായോ മറ്റോ സഹായിച്ചില്ല. എവിടെയും ഒരു പരാമര്‍ശവും ഇല്ല. ഒരിക്കല്‍ പോലും. ഇരുപത്തൊമ്പതിലെത്തിയ ഫ്രെഡ്ഡി ഇപ്പോള്‍ വിവാഹിതനാണ്. പഴയതു പോലെയല്ല, ഇപ്പോള്‍ അവനെ വേണ്ടപോലെ സഹായിക്കാനുള്ള സാമ്പത്തിക ഭദ്രത പാര്‍ട്ടി സൈദ്ധാന്തികനുണ്ട്. സഹായിക്കണ്ട, വിശേഷം അന്വേഷിച്ച് ഒരു കത്തെങ്കിലും എഴുതാമായിരുന്നു. അതുണ്ടായില്ല. എന്തായിരുന്നു ഈ അമാനുഷികമായ അവഗണനയുടെ രഹസ്യം?! മാര്‍ക്സിനു മുന്നേ ജെന്നി തന്റെ അറുപത്തി എഴാം വയസ്സില്‍ മരണപ്പെട്ടിട്ടുണ്ടായിരുന്നു. തനിക്കുപറ്റിയ ഒരബദ്ധം സ്നേഹനിധിയായ അവളെ അറിയിക്കാതെ കൊണ്ടുനടക്കുകയായിരുന്നുവെങ്കില് ഇനിമുതല്‍ അതിന്റെ ആവശ്യം കാണുന്നില്ല. എന്നിട്ടും മരണ ഒസ്യത്തില്‍ പോലും ഫ്രെഡ്ഡിയെ മാര്‍ക്സ് വിട്ടുകളഞ്ഞു. താനൊരു അധാര്‍മ്മികനാണ് എന്ന് മക്കളും ഭക്തരും ലോകവും അറിയുന്നതില്‍ ലജ്ജ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഇക്കാര്യത്തില്‍, അദ്ദേഹം തികച്ചും ദുര്‍ബ്ബലനായ നാലാം കിട മനുഷ്യനാകുകയായിരുന്നു. 1883 മാര്‍ച്ച് 14 ന് മാര്‍ക്സ് കസേരയിലിരുന്ന് മാര്‍ക്സ് മരണപ്പെട്ടു, തന്റെ അറുപത്തിനാലാം വയസില്‍.
മാര്‍ക്സിന്റെ മൂത്തമകള്‍ കൊച്ചു ജെന്നിക്ക് ഫ്രെഡ്ഡിയെ നന്നായി അറിയാം. അവര്‍ തമ്മില്‍ നല്ല ബന്ധവും ഉണ്ടായിരുന്നു, ഒരുവേള അര്‍ദ്ധ സഹോദരന് എന്ന തിരിച്ചറിവോടെ തന്നെ ആയിരിക്കണം ആ അടുപ്പം. അച്ഛനു മുന്നേ അവള് മരിച്ചിട്ടുണ്ടായിരുന്നു. ഫ്രെഡ്ഡിയില്‍ നിന്നും കടം വാങ്ങിയ കുറച്ച് സംഖ്യ തിരിച്ചു നല്കാന് സാധിക്കാതെ ആയിരുന്നു അവരുടെ മരണം. അച്ഛന്റെ അതേ മുഖച്ഛായയുള്ള ഫ്രെഡ്ഡിയെ, അച്ഛന്റെ വിശാലമായ നെറ്റിയും വളഞ്ഞ പുരികവും ഉയര്‍ന്നു നില്ക്കുന്ന മൂക്കും ശരീര പ്രകൃതവും ഒപ്പിയെടുത്തിട്ടുള്ള ഫ്രെഡ്ഡിയെ ലോറയും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ടസ്സിയാണ് പിന്നെയും വസ്തുത വേണ്ടപോലെ ശ്രദ്ധിക്കാതെ പോയത്.
ഫ്രെഡ്ഡി അമ്മയുമായി ഇടയ്ക്കെല്ലാം ബന്ധപ്പെട്ടിരുന്നു. മാര്‍ക്സിനു ശേഷം എംഗല്‍സിനോടൊപ്പം ജീവിക്കുകയായിരുന്നു അവര്‍. മാര്‍ക്സിന്റെ വെളിച്ചം കാണാത്ത കുറിപ്പുകള്‍ പുറത്തുകൊണ്ടുവന്നതില്‍ അവളുടെ പങ്ക് വലുതാണ്. എംഗല്‍സിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിലും അവര്‍ സജീവമായിരുന്നു. 1890 നവംബര്‍ നാലിന്, തന്റെ തൊണ്ണൂറാം വയസ്സില്‍ കൊച്ചുലെന്‍ മൃതിയടഞ്ഞു, ഒട്ടേറെ രഹസ്യങ്ങള്‍ മൂടിവെച്ച്. മാര്‍ക്സും ജെന്നിയും അടക്കം ചെയ്യപ്പെട്ട അതേ സിമിത്തേരിയില്‍ അവരെയും അടക്കം ചെയ്തു. മാര്‍ക്സിനു വേണ്ടി സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച അവള് അവിഹിത ബന്ധങ്ങളുടെ അപകടം മനുഷ്യരെ ഓര്‍മ്മിപ്പിക്കാനുള്ള നിത്യ സ്മാരകമായി മാറി. ബാക്കിവെച്ച നാല്പത് പൌണ്ട് മകന് ഫ്രെഡ്ഡിക്ക് അവകാശപ്പെട്ടു.
മാര്‍ക്സിന്റെ കൃതികളുടെ റോയല്‍റ്റി മക്കള്‍ക്ക് ലഭിച്ചു കൊണ്ടിരുന്നു. പക്ഷേ, ഫ്രെഡ്ഡിക്ക് ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടോ മാര്‍ക്സിന്റെ മകള്‍ ടസ്സിക്ക് ഫ്രെഡ്ഡിയോട് എന്തെന്നില്ലാത്ത അടുപ്പവും സഹാനുഭൂതിയും തോന്നുന്നു. ഇതിനിടയില്‍ അയാളെയും മകനെയും ഭാര്യ ഉപേക്ഷിക്കുന്നു. ടസ്സിക്ക് ഫ്രെഡ്ഡിയോട് സഹതാപം വര്‍ദ്ധിച്ചു. മരണമടുത്ത എംഗല്‍സ് തന്റെ ഒസ്യത്ത് തയ്യാറാക്കുന്നു. എംഗല്‍സിന്റെ അവകാശിയായി ഫ്രെഡ്ഡി മാത്രമേ ഉള്ളൂ എന്നായിരുന്നു ടെസ്സി കരുതിയിരുന്നത്. പക്ഷേ, വില്‍പ്പത്രത്തില്‍ ഫ്രെഡ്ഡിയുടെ പേര് കാണുന്നില്ല?! അപ്പോള്‍ നാല്പത്തിനാല് വയസ്സായ ഫ്രെഡ്ഡിക്ക് അമ്മയില്‍ നിന്നും തന്റെ അച്ഛന് ആരാണെന്ന കൃത്യമായ സൂചനയൊന്നും കിട്ടിയതായി ഓര്‍മ്മയില്ല. എംഗല്‍സ് അല്ലെങ്കില്‍ പിന്നെയാര്? ടെസ്സി അസ്വസ്ഥയായി. ഉത്തരം തേടി അവള് നടന്നു. ടസ്സി എംഗല്‍സുമായി നേരില്‍ സംസാരിച്ചു. സംസാര ശേഷി നഷ്ടപ്പെട്ടിരുന്ന എംഗല്‍സ് ഒരു സ്ലേറ്റില്‍ എഴുതി കാണിച്ചു കൊടുത്തു: *മാര്‍ക്സാണ് ഫ്രെഡ്ഡിയുടെ അച്ഛന്*”. ലോകം ആദരിക്കുന്ന, സര്‍വ്വോപരി തന്റെ നിഷ്കളങ്കയായ അമ്മ ബഹുമാനിച്ച അച്ഛനെകുറിച്ച് അവള് കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടു. പിറ്റേദിവസം എംഗല്‍സ് മരണപ്പെട്ടു.
ഫ്രെഡ്ഡിയും നടുങ്ങി. സാമ്പത്തിക ശാസ്ത്രത്തില്‍ വിദഗ്ധനായ തന്റെ അച്ഛന്റെ അറിയപ്പെടാത്ത ഈ മൂലധനം വേണ്ടപ്പെട്ടവരെ അറിയിക്കണമെന്ന് ആ മകള്‍ക്ക് വാശിയായി. ജീവിതം മുഴുവന്‍ കൊണ്ടുനടന്ന നുണയും വഞ്ചനയും പുറം ലോകം അറിയട്ടെ എന്നവള്‍ കരുതി. ജര്‍മ്മന്‍ സോഷ്യലിസ്റ്റും എംഗല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ക്ലാര സെറ്റ്കിനിനെ നേരില്‍ കണ്ട് ടസ്സി ഫ്രെഡ്ഡിയെ കാണിച്ചു കൊടുത്തു: *ഇയാളെ അറിയുമോ, നിങ്ങളുടെ മൂറിന്റെ മകന്, നിമ്മിയുടെയും*.” (മാര്‍ക്സിനെയും കൊച്ചു ലെന്നിനെയും വിളിച്ചിരുന്ന പേരുകള്‍).