സ്വിഫാത്തുല്ലാഹി സംബന്ധമായ വിവാദം ആരംഭിക്കുന്നത് മുശബ്ബിഹ വിഭാഗത്തിന്റെ രംഗ പ്രവേശത്തോടെയാണ്. *അല്ലാഹുവിനെ സൃഷ്ടികള്‍ക്ക് സദൃശമായി കാണുന്നവരാണ് മുശബ്ബിഹ:.* പ്രമാണങ്ങളിലെ പ്രയോഗങ്ങളെ ശുദ്ധമായ പ്രത്യക്ഷ അര്‍ത്ഥത്തില്‍ എടുക്കുകയായിരുന്നു അവരുടെ രീതി.
അവര്‍ പറഞ്ഞു:
*“അല്ലാഹു ജിസ്മാണ്. അതാണ് യുക്തിപരം. കാരണം, ബുദ്ധിക്ക് ഗ്രാഹ്യമാകുന്ന സംഗതികള്‍ രണ്ടേ ഉള്ളൂ: അത് ഒന്നുകില്‍ ജിസ്മാകണം, അല്ലെങ്കില്‍ അറളാകണം. അല്ലാഹുവിന് പ്രവൃത്തികള്‍ ഉണ്ടെന്ന കാര്യം സര്‍വ്വാംഗീകൃതം ആണല്ലോ. ഒരു ജിസ്മില്‍ നിന്നല്ലാതെ പ്രവൃത്തി ഉണ്ടാകില്ല. അതായത് അല്ലാഹു അറളല്ല. ജിസ്മാണെന്നു വന്നാല്‍ അതിനു ചലനം അനിവാര്യമാണ്…”*
അവരില്‍ ചിലര്‍ കൂട്ടിച്ചേര്‍ത്തു:
*“രക്തവും മാംസവും ചേര്‍ന്നതും, അംഗങ്ങളും അവയവങ്ങളും ഉള്ളതും ആണെങ്കില്‍ തന്നെയും അല്ലാഹു മറ്റു ജിസ്മുകള്‍ പോലെയല്ല.”*
ബുദ്ധിയും യുക്തിയും അടിസ്ഥാനമാക്കി തുടങ്ങിയ ഈ അനാവശ്യ വിശകലനം, തുടര്‍ന്ന് മുഅതസില വിഭാഗം രംഗം കയ്യടക്കിയതോടെ പ്രക്ഷുബ്ധമായി. *കാര്യങ്ങളെ യുക്തി അടിസ്ഥാനത്തില്‍ കാണുന്നതില്‍ അവര്‍ വളരെ മുന്നോട്ടുപോയി.*
അല്ലാഹുവിന് സ്വിഫത്തുകള്‍ ആരോപിക്കുന്നത് അവന്റെ വഹ്ദാനിയ്യത്തിന് എതിരാണെന്നും അഥവാ *ശിര്‍ക്ക്* ആണെന്നും അവര്‍ വാദിച്ചു. അങ്ങനെ തൗഹീദ് സംസ്ഥാപനത്തിന് വേണ്ടി അവര്‍ അല്ലാഹുവിന്റെ സ്വിഫത്തുകള്‍ പാടേ നിഷേധിച്ചു. *സ്വിഫത്തെന്നു മറ്റുള്ളവര്‍ ധരിച്ചു വെച്ചിരിക്കുന്ന പ്രയോഗങ്ങള്‍ എല്ലാം കേവല ആലങ്കാരിക (മജാസ്) പ്രയോഗങ്ങള്‍ മാത്രമാണെന്നും അവയെ ഹഖീഖത്തില്‍ എടുക്കരുതെന്നും അവയെല്ലാം അല്ലാഹുവിന്റെ പ്രവൃത്തികള്‍ മാത്രമാണെന്നും അവര്‍ യുക്തി ഉപയോഗിച്ചു വാദിച്ചു.*
ഋജു സരണിയില്‍ നിന്നും ഇരുപാര്ശങ്ങളിലേക്ക് തെന്നിത്തെറിച്ച ഇക്കൂട്ടരെ, യുക്തിയുടെ അടിസ്ഥാനത്തിലുള്ള പ്രമാണ/മത വിശകലനം ഒഴിവാക്കി, പരമ്പരാഗതമായ തസ്വ്ദീഖ്+ ഖബൂലിന്റെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുസ്ലിം ഉമ്മത്ത് സടകുടഞ്ഞെഴുന്നേറ്റു.
പ്രത്യക്ഷ ഗ്രാഹ്യം ചുമത്തി അല്ലാഹുവിനെ ജിസ്മാക്കുന്നവരോടും പ്രത്യക്ഷ ഗ്രാഹ്യം പാടേ നിഷേധിച്ചു അല്ലാഹുവിന്റെ സ്വിഫത്ത് പാടേ നിഷേധിക്കുന്നവരോടും അവര്‍ നേര്‍ക്കുനേര്‍ സംവദിച്ചു.
ഇരുകൂട്ടരെയും മധ്യമവും ഋജുവുമായ പരമ്പര്യത്തിലെക്ക് തിരികെ നയിക്കണം.
*പ്രത്യക്ഷ വാദികളോട്* പറഞ്ഞു,
“നിങ്ങള്‍ കാണുന്ന വിധം പ്രത്യക്ഷ ഗ്രാഹ്യം ചുമത്തരുത്. അവന് രക്തവും മാംസവുമുള്ള കൈ ഇല്ല, മുഖമില്ല. അവന് കൈ എന്നോ മുഖം എന്നോ പ്രഥമ ഗ്രാഹ്യത്തില്‍ കടന്നു വരുന്ന പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അത് വിശ്വസിക്കുക, പക്ഷേ നമുക്കതിന്റെ യഥാര്‍ത്ഥം /രൂപം/ ഉദ്ദേശ്യം അറിയില്ല.”
ഇത് പ്രത്യക്ഷ വാദികളോട് സംസാരിക്കുന്ന രീതിയാണ്. ളാഹിര്‍ ചുമത്തരുത് എന്ന് പറഞ്ഞാല്‍, അവരുടെ രീതിയില്‍ ചുമത്തരുത് എന്നാണ്.
എന്നാല്‍, വിവാദ പ്രയോഗങ്ങള്‍ ഹഖീഖത്തില്‍ എടുക്കരുത്, അവയെല്ലാം മജാസിയ്യായ പ്രയോഗങ്ങള്‍ ആണെന്ന് വാദിച്ചുകൊണ്ട്, സ്വിഫത്തുകളെ നിഷേധിച്ചവരോട് അവര്‍ പറഞ്ഞത്,
“ഏയ് അങ്ങനെയല്ല, അവ ഹഖീഖത്തില്‍ എടുക്കുക, ളാഹിര്‍ വാദികളെ പോലെ എടുക്കണം എന്നല്ല. ജിസ്മായിട്ടുള്ള കൈയോ മുഖമോ അവന് ഉണ്ടെന്ന അര്‍ത്ഥത്തില്‍ അല്ല. അല്ലാഹുവിനെ കുറിച്ച് അവന് പറഞ്ഞത് നിഷേധിക്കരുത് എന്ന അര്‍ത്ഥത്തില്‍. അതെല്ലാം സത്യമാണെന്ന് നാം ഖബൂല്‍ ചെയ്യുക.”
*ആരോടാണോ സംവദിക്കുന്നത് അവര്‍ക്ക് ഏറ്റവും മനസ്സിലാകുന്ന ശൈലിയിലാണ് ഈ മറുപടി. പ്രത്യക്ഷ വാദികളോട് പ്രത്യക്ഷത്തില്‍ എടുക്കരുത് എന്നു പറയുമ്പോള്‍ തജ്സീം പാടില്ല എന്നും മജാസ് വാദികളോട് ഹഖീഖത്തില്‍ എടുക്കണം എന്നും പറയുമ്പോള്‍ സ്വിഫത്ത് നിഷേധിക്കരുത് എന്നുമാണ് സത്യപാതയില്‍ ഉള്ളവര്‍ പറയാന്‍ ശ്രമിക്കുന്നത്.*
*ഹഖീഖത്തില്‍ എടുക്കണം എന്നാല്‍, ളാഹിര്‍ വാദികളെ പോലെ എടുക്കണം എന്നല്ല, അതുകൊണ്ടാണല്ലോ അവര്‍ അംഗം ആണെന്നോ അവയവം ആണെന്നോ കാണരുതെന്ന് പറയുന്നത്.*
*ളാഹിരില് ചുമത്തരുത് എന്ന് പറയുന്നവരോ, മജാസ് ആയി കാണണം എന്ന അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്. ജിസ്മു വാദികളെ പോലെ ആകരുത് എന്നാണ്. അതുകൊണ്ടാണല്ലോ, അതിന്റെ മുറാദ് നമുക്ക് അറിയില്ല എന്ന് വെളിപ്പെടുത്തുന്നത്.*
ചുരുക്കത്തില്‍, രണ്ടു കൂട്ടരും ഒന്നാണ് പറയുന്നത്. രണ്ട് പ്രയോഗങ്ങളുടെയും ചൂണ്ടല്‍ പ്രതിയോഗികളായ രണ്ട് വ്യത്യസ്ത കൂട്ടരിലേക്ക് ആണെന്ന് മാത്രം.
*മുജസ്സിമത്തിനോട് വാദിക്കുന്നവര്‍ ളാഹിരില് ചുമത്തരുത് എന്ന ഭാഗത്തിന് പ്രാമുഖ്യം കല്പിക്കുന്നു. മുഅതസിലത്തിനോട് സംവദിക്കുന്നവര്‍ ഹഖീഖത്തില്‍ ചുമത്തണം എന്നതില്‍ ഊന്നുന്നു. ഇരുപക്ഷവും തജ്സീമോ തഅത്വീലോ സമ്മതിക്കുന്നില്ല.*
എന്നാല്‍, അശ്അരി ഇമാമിന്റെ അനുയായികളായി പില്ക്കാലത്ത് വന്നവര്‍, അര്‍ഥം / ആശയം/ രൂപം വ്യക്തമല്ലാത്ത മുതശാബിഹാത്തുകള്ക്ക് അര്‍ത്ഥം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ആ പോക്കുകണ്ട് ഹഖീഖത്ത് വാദികള്‍ (ളാഹിര്‍ വാദികള്‍ അല്ല.) പ്രതിഷേധിച്ചു. അപ്പോള്‍ അവരെ മുജസ്സിമത്ത് ആക്കാന്‍ ശ്രമമായി. ഇങ്ങോട്ട് ജഹ്മിയ്യത്ത് ആരോപണവും.
സ്വിഫാത്തുകളെ ഹഖീഖത്തില്‍ ചുമത്തുകയും സാധാരണ ജനങ്ങളെ തശ്ബീഹില് നിന്നും രക്ഷപ്പെടുത്തുക എന്ന സദ്ഉദ്ദേശ്യത്തില് അവയെ അപകട രഹിതമായ മറ്റൊരു അര്‍ത്ഥത്തില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ ജഹ്മിയ്യ ആരോപണത്തിനു പ്രസക്തിയില്ല.
*കാരണം സ്വിഫത്തുകളുടെ ഹഖീഖത്ത് നിഷേധിക്കലാണ് ജഹ്മിയ്യത്ത്.*
അതിനു വേണ്ടിയാണ് അവര്‍ തഅവീല്‍ ചെയ്തത്. ഇവിടെ സ്വിഫതിനെ നിഷേധിക്കാതെ തന്നെ തശ്ബീഹ് വരാതെ നോക്കുന്ന, അപകടം പിടിച്ചതും ഒരു ഘട്ടത്തില്‍ അനിവാര്യമായതുമായ തന്ത്രമാണ് പ്രയോഗിക്കുന്നത്.
ഇതിനെ ജഹ്മിയ്യത്തായി ആക്ഷേപിക്കേണ്ടതില്ല.
എന്നാല്‍, ഈ വ്യാഖ്യാന വാദികളില്‍ ചിലരെങ്കിലും സ്വിഫത്തിനെ നിഷേധിക്കുന്നതിലേക്ക് വളരുന്നുണ്ടെന്ന് വ്യക്തമാണ്.
ജഹ്മിയ്യ ചാപ്പയുമായി ഒരു വിഭാഗം രംഗത്ത് വരുന്ന തിന്റെ പശ്ചാത്തലം അതാണ്.
ഇങ്ങേപ്പുറത്ത്, ഹഖീഖത്ത് വാ ദി കളെ ളാഹിര്‍ വാദികളായി ആരോപിച്ച്, മുജസ്സിമ ചാപ്പയുമായി മറ്റെ കൂട്ടരും.
മുജസ്സിമയോളം പോകത്തവരെയും പച്ച മുജസ്സിമത്തായി അവര്‍ ചീത്തവിളിക്കുന്നു.
സ്വിഫാത്ത് നിഷേധത്തോളം വളര്‍ന്നവരോ, അല്ലെങ്കില്‍ ആദ്യകാല അവസ്ഥ പോലെ തഫ്വീള് ചെയ്യാത്തവരോ ആയതിനാല്‍, ഹഖീഖത്ത് വാദികളെ ഒരാവേശത്തില്‍ മുജസ്സിമയായി തോന്നിയേക്കാം. പക്ഷേ വെറും തോന്നല്‍ അടിസ്ഥാനമാക്കി യുള്ള തജ്സീമും തക്ഫീറും തീവ്ര വാദമാണ്. സൂക്ഷ്മ വിശകലനത്തില്‍ അവര്‍ മുജസ്സിമ അല്ലെന്ന് മനസ്സിലാക്കാം.
ഏതായാലും, ഇരുകൂട്ടരും ഒരു സമവായത്തില്‍ എത്തുന്നത് ഇരുവരുടെയും ഈമാന്‍ സുരക്ഷിതമാകാന്‍ നന്ന്.
ഹഖീഖത്തില്‍ ചുമത്തുക എന്നാല്‍, ഭാഷയില്‍ പ്രഥമമായി വരുന്ന അര്‍ത്ഥത്തില്‍ കാണുക എന്ന വാശി ഉപേക്ഷിക്കുക. അങ്ങനെയല്ല മുന്‍ഗാമികള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. കാരണം, ഹഖീഖത്തില്‍ ചുമത്തുവാന്‍ പറയുന്ന അതേ, ശ്വാസത്തില്‍ തന്നെ “അവയവമായ യദ് അല്ല” എന്നു വ്യക്തമാക്കുന്നുണ്ടല്ലോ. ഭാഷയില്‍ വരുന്ന ആദ്യ അര്‍ഥം അതാണല്ലോ. അങ്ങനെ വാദിക്കുകയും അതല്ല എന്ന് ഉടനെ പറയുകയും ചെയ്യുന്നതില്‍ ഒരു ഫാഇദയും ഇല്ല. അതില്‍ വാശിയോടെ കടിചു തൂങ്ങേണ്ടതില്ല. ആ വാശി ഉപേക്ഷിച്ചത് കൊണ്ട് ഒരു നഷ്ടവും വരാനില്ല. അവയവം അല്ലെന്ന് എന്തായാലും വിശ്വസിക്കുന്നുണ്ടല്ലോ. ഭാഷയിലെ പ്രഥമാര്‍ത്ഥം വേണം എന്ന വാശി കൊണ്ട് വിശ്വാസത്തില്‍ പുതിയൊരു കാര്യം കിട്ടുന്നുമില്ല.
എന്നാല്‍, ഇങ്ങനെ ഭാഷയിലെ പ്രഥമ അര്‍ഥം നല്കുന്നു എന്ന പേരില്‍ , വിശ്വാസികളെ മുജസ്സിം ആക്കാനുള്ള വഴി അടയുക വഴി , ആരോപകരുടെ പരലോകം രക്ഷപ്പെടുത്തുകയും ചെയ്യാം.
ളാഹിരില് ചുമത്തരുത് എന്ന് പറയുന്നവരും പ്രധാന പ്പെട്ട ഒരു കാര്യം ശ്രദ്ധിക്കണം. സ്വിഫത്തിനെ ആദ്യമേ അംഗീകരിക്കുകയും അങ്ങനെ തന്നെ പരിചയപ്പെടുത്തുകയും വേണം. ഇമാം അശ്അരി റഹി യുടെയും മറ്റും വഴി അതാണല്ലോ. യദും വജ്ഹും നിങ്ങളുടെ അധ്യാപനങ്ങളില്‍ മാറ്റിവെക്കരുത്. അവ പരിചയപ്പെടുത്താന്‍ വഹാബി ഗ്രന്ഥങ്ങള്‍ ആവശ്യമാകുന്ന വിധം അവയെ ലിസ്റ്റില്‍ നിന്നും വെട്ടിക്കളയരുത്. അതാണ് ജഹ്മിയ്യ ആക്ഷേപത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം.
സത്യത്തില്‍, അടുത്തറിയാനും മനസ്സും വികാരവും പങ്കുവെക്കാനും തയ്യാറാണെങ്കില്‍, അകറ്റി നിര്‍ത്താനുള്ള റാഫിദികളുടെയും മറ്റും കുതന്ത്രങ്ങള്‍ തിരിച്ചറിയുമെങ്കില്‍, നിങ്ങള്‍ തമ്മിലുള്ള സംഘട്ടനം, ഇമാം ഗസ്സാലി റഹി പറഞ്ഞപോലെ, *“ത്വവീലുദൈല് ഖലീലുനൈല്” = നീണ്ട വാലാണ്, പക്ഷേ ഒരു ഗുണവുമില്ല”* എന്നേ പറയാനുള്ളൂ.
രണ്ട് കാര്യം അത്യാവശ്യം :
*1- തഅസ്സുബ് അല്ലെങ്കിൽ ഹിസ്ബിയ്യത്ത് ഒഴിവാക്കുക.*
*2. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കുക.*