ഈമാന്‍ മരത്തിന്‍റെ വേരുകളും ചില്ലകളും

 

ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍
 
 

ആമുഖം

അല്ലാഹുവിന്‍റെ അന്ത്യദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം അരുളുന്നു:
 
ഈമാന്‍ (=സത്യവിശ്വാസം) വേരുകളും ചില്ലകളുമായി എഴുപതില്‍ ചില്ലാനം ഉണ്ട്. അതിലെ ഏറ്റവും ഉത്തമമായ ഭാഗം ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന ഹൃദയമറിഞ്ഞ പ്രഖ്യാപനമാണ്; വഴിയില്‍ നിന്നും പ്രയാസങ്ങള്‍ നീക്കം ചെയ്യുക എന്ന കര്‍മ്മമാണ്‌ ഏറ്റവും താഴെ പദവിയിലുള്ള ഭാഗം”.
 
(മൂന്നു മുതല്‍ പത്തു വരെയുള്ള എണ്ണത്തിന് ‘ചില്ലാനം’ പ്രയോഗിക്കാറുണ്ട്. ഒന്ന് മുതല്‍ പത്തുവരെ ഇതില്‍ പെടുമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ചിലര്‍ പറയുന്നത് മൂന്നു മുതല്‍ എഴുവരെയാണ് ചില്ലാനത്തില്‍ പെടുകയെന്നാണ്. അപ്പോള്‍ എഴുപതില്‍ ചില്ലാനം എന്നാല്‍, എഴുപത്തൊന്നോ രണ്ടോ മൂന്നോ .. അങ്ങനെ ഒമ്പതോ വരെ ആകാം.)
 
ഈമാന്‍റെ ശാഖകള്‍ എന്ന് പൊതുവേ പറയാറുണ്ടെങ്കിലും വേരുകളും ചില്ലകളും കായ്കളും പൂക്കളുമടങ്ങുന്ന വൃക്ഷഭാഗങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ ശാഖകളില്‍ ചിലത് വിശ്വാസ സംബന്ധമായതാണ്. ചിലത് വാചികവും മറ്റു ചിലത് അവസ്ഥകളും വേറെ ചിലത് ഉപേക്ഷിക്കേണ്ടതും ഇനിയും ചിലത് മറ്റുള്ളവ സ്വീകാര്യമാകാനുള്ള നിബന്ധനകളും, അവയുടെ അഭാവത്തില്‍ ഈമാന്‍ ഇല്ലാതാകുന്ന സംഗതികളും, ഈമാന്‍ പൂര്‍ത്തിയാകാന്‍ ആവശ്യമുള്ള കാര്യങ്ങളും ആണ്.
 
സ്വഹാബത്തിന്‍റെയും പിന്‍ഗാമികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും മിക്ക ജ്ഞാനികളുടെയും അഹ്ലുസ്സുന്നത്തില്‍ അധിക പേരുടെയും വീക്ഷണപ്രകാരം, അല്ലാഹുവിനെ അനുസരിച്ചുകൊണ്ടു ചെയ്യുന്ന നന്മകള്‍ കാരണം, ഈമാന്‍ വര്‍ദ്ധിക്കുകയും, അവന്‍റെ വിധിവിലക്കുകള്‍ ധിക്കരിക്കുക വഴി ഈമാന്‍ കുറയുകയും ചെയ്യുമെന്നാണ്. “അവരുടെ വിശ്വാസം പിന്നെയും വര്‍ദ്ധിക്കുന്നതിന്നായി”, “സത്യം വിശ്വസിക്കുന്നവരുടെ ഈമാന്‍ വര്‍ദ്ധിക്കുന്നു”, ഇത് ആരുടെ ഈമാനാണ് വര്‍ദ്ധിപ്പിക്കുക” , അപ്പോള്‍ സത്യം വിശ്വസിക്കുന്നവരുടെ ഈമാന്‍ വര്‍ദ്ധിക്കുന്നു”, “അവരെ ഭയക്കുവീന്‍ എന്ന് പറയുമ്പോള്‍ അവരുടെ ഈമാന്‍ വര്‍ദ്ധിക്കുന്നു”, “അവര്‍ക്ക് ഈമാനും സുരക്ഷാ ബോധവും വര്‍ദ്ധിക്കുന്നു എന്നല്ലാതെ” തുടങ്ങിയ ഖുര്‍ആനിക പ്രയോഗങ്ങള്‍ അവരുടെ വാദത്തിന് തെളിവായി കാണിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവ രക്തസ്രാവമുള്ള സമയങ്ങളില്‍ നിസ്കാരവും നോമ്പും അനുഷ്ടിക്കാനുള്ള കല്‍പന ഇല്ലാതിരുന്നിട്ടുപോലും,  അവ ഉപേക്ഷിക്കേണ്ടി വരുന്നതിനാല്‍, അവര്‍ക്ക് “ദീന്‍ കുറവാ”ണെന്ന് നബി സ്വ പ്രസ്താവിച്ചതും മേല്‍ വാദത്തിന് തെളിവായി കാണിക്കപ്പെടുന്നു.
 
( ഈമാന്‍ ഇല്ലാതാകുന്ന കാര്യങ്ങള്‍ വേറെയുണ്ട്. എന്നാല്‍ ദോഷങ്ങള്‍ , അത് വന്‍ദോഷങ്ങള്‍ ആയാല്‍ പോലും അടിസ്ഥാനപരമായി സത്യവിശ്വാസത്തെ ഇല്ലാതാക്കുന്നില്ല എന്ന് ചുരുക്കം. വന്‍പാപം ചെയ്യുന്നവരെ സത്യ നിഷേധി അഥവാ കാഫിര്‍ എന്ന് പറഞ്ഞുകൂടാ. ഫാസിഖ് അഥവാ ദുര്മ്മാര്‍ഗ്ഗി എന്ന് വിളിക്കാം.)
 
ഈമാന്‍ മരത്തെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍, ഖബ്ര്‍ ശിക്ഷയില്‍ നിന്നും, ഉയിര്‍പ്പ് നാളില്‍ മുഖം കറുത്തുപോകുന്നതില്‍ നിന്നും, ഇടത് കയ്യില്‍ നന്മ തിന്മകളുടെ കിതാബ് ലഭിക്കുന്നതില്‍ നിന്നും, ചെവിക്കുന്നിയോളം വിയര്‍പ്പില്‍ മുങ്ങുന്ന ഭീകര അവസ്ഥയില്‍ നിന്നും, സൂക്ഷ്മ വിചാരണയില്‍ നിന്നും, സ്വിറാത്വില്‍ ചുവടു പിഴക്കുന്നതില്‍ നിന്നും നരകത്തില്‍ ആപതിക്കുന്നതില്‍ നിന്നും, അവിടെ ചങ്ങലകളില്‍ ബന്ധിക്കപ്പെടുന്നതില്‍ നിന്നും, അഗ്നി പുടവകള്‍ അണിയിക്കപ്പെടുന്നതില്‍ നിന്നും, അങ്ങനെയുള്ള വിവിധ തരത്തിലുള്ള ശിക്ഷകളില്‍ നിന്നും വഷളത്തരത്തില്‍ നിന്നും, അന്നാളിലെ സകല ഭീകരതകളില്‍ നിന്നും  രക്ഷപ്പെടാം. എല്ലാവിധ അനുഗ്രഹങ്ങളും സന്തോഷങ്ങളും നേടാം. അവയെത്ര ഉണ്ടെന്നും എങ്ങനെയെല്ലാം ആണെന്നും അല്ലാവിന്നല്ലാതെ അറിയില്ല; അതിനുമാത്രമുള്ള അനുഗ്രഹങ്ങള്‍, സന്തോഷങ്ങള്‍.
 
പ്രത്യേക ശ്രദ്ധയ്ക്ക്:
 
എല്ലാ വിജയ സൗഭാഗ്യ ക്ഷേമങ്ങളുടെയും മുഖ്യം, ഇരുട്ടുകള്‍ നീങ്ങാനുള്ള നിമിത്തം, ശാശ്വത സ്വര്‍ഗ്ഗീയ പദവികള്‍ ഉയരുന്നതിനുള്ള അടിസ്ഥാനം ഈമാന്‍ അഥവാ സത്യവിശ്വസമാണ്; എല്ലാ പരാജയങ്ങളുടെയും അടിസ്ഥാനം സത്യനിഷേധവും. നബി സ്വ യുടെ പ്രവാചകത്വമാകുന്ന സൂര്യന്‍ ഉദിച്ചില്ലായിരുന്നെങ്കില്‍ ഈ ലോകം അന്ധകാര നിബിഡമാകുമായിരുന്നു. തിരു സൂര്യ പ്രഭയില്‍ നിന്നും വെളിച്ചം ഹൃദയത്തില്‍ കത്തിച്ചെടുക്കാത്തവരുണ്ടോ, ഉണ്ടെങ്കില്‍ അയാള്‍ ശപിക്കപ്പെട്ടവനാണ്; ആട്ടി അകറ്റപ്പെട്ടവനാണ്: സത്യ നിഷേധത്തിന്‍റെയും കൊടും പരാജയത്തിന്‍റെയും ഇരുട്ടുകള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവനും, ഇരുലോക വിജയത്തിന്നും നരകത്തിലെ ശാശ്വതമായി പ്രവേശിക്കാതെ രക്ഷപ്പെടുന്നതിന്നും നിദാനമായി വര്‍ത്തിക്കുന്ന ‘ഹൃദയ ജീവന്‍’(= ഹയാത്തുല്‍ ഖല്‍ബ്) നിഷേധിക്കപ്പെട്ടവനുമാണ്. ജന്തു സമാനമായ ശരീര ജീവന്‍ അയാള്‍ക്കുണ്ടെങ്കിലും ശരി. എന്നാല്‍ ഹൃദയ ജീവന്‍ ഉണ്ടാവുക അല്ലാഹുവിനെയും അവന്‍റെ അന്ത്യ ദൂതനെയും വഴങ്ങി അനുസരിക്കുമ്പോള്‍ മാത്രമാണ്.
 
അല്ലാഹു അരുളുന്നു: “സത്യ വിശ്വാസികളേ, അല്ലാഹുവിന്നും അവന്‍റെ അന്ത്യ ദൂതന്നും നിങ്ങള്‍ ഉത്തരം നല്‍കുവീന്‍. അവന്‍ നിങ്ങളെ നിങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി വിളിച്ചാല്‍
 
“ശവമായിരിക്കെ നാം ജീവന്‍ നല്‍കി ജനിപ്പിക്കുകയും എന്നിട്ടവന്ന് ജനങ്ങള്‍ക്കിടയില്‍ നടക്കാന്‍ നാം വെളിച്ചം സംവിധാനിച്ചവനുമായ വ്യക്തി, പുറത്തുവരാന്‍ ശ്രമിക്കാതെ ഇരുട്ടുകള്‍ക്കകത്ത് തന്നെ കഴിഞ്ഞുകൂടുന്ന ആളെപ്പോലെയാണോ?!”
 
പ്രായപക്വതയും ബുദ്ധിയും ഉള്ള മനുഷ്യര്‍ക്ക്, കേള്‍വിയും കാഴ്ചയും മറ്റു അനിവാര്യതകളും എത്രത്തോളം അത്യാവശ്യമാണോ അതിലേറെ ആവശ്യമുള്ള കാര്യമാണ് പ്രവാചകത്വ സന്ദേശം സ്വീകരിക്കുക എന്നത്. രോഗിക്ക് വൈദ്യന്‍ എത്രകണ്ട് അത്യാവശ്യമാണോ അതിലേറെ പ്രധാനമാണ് മനുഷ്യര്‍ക്ക് പ്രവാചകന്‍. വൈദ്യരുടെ അഭാവത്തില്‍ ഏറിയാല്‍ രോഗി മരിക്കുകയല്ലേ ഉള്ളൂ. എന്നാല്‍, പ്രവാചക വിളക്കില്‍ നിന്നും വെളിച്ചം പകര്‍ന്നെടുക്കാന്‍ വിസമ്മതിക്കുന്നവന്‍ ഒരു കാലത്തും വിജയം നേടാന്‍ പോകുന്നില്ല. വേദനാജനകമായ ശിക്ഷയ്ക്ക് പാത്രമാവുകയും ചെയ്യും. അല്ലാഹു തന്‍റെ ദാസന്മാര്‍ക്ക് ചെയ്ത ഏറ്റവും മഹത്തായ, വലിയ അനുഗ്രഹം, ദാനം പ്രവാചകന്മാരെ അയച്ചതും വേദങ്ങള്‍ ഇറക്കിയതുമത്രേ. അതിലൂടെയാണ് നേര്‍വഴി വ്യക്തമാക്കപ്പെട്ടത്. ഈ അനുഗ്രഹം ചെയ്തില്ലായിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ ജന്തു മൃഗാദികളുടെ അവസ്ഥയേക്കാള്‍ മോശമാകുമായിരുന്നു.

 

സത്യവിശ്വാസത്തിന്‍റെ നിബന്ധന  

 

അസംതൃപ്തിയില്ലാത്ത സമര്‍പ്പണവും കീഴ്പ്പെടലും ഉണ്ടായിരിക്കുക എന്നതാണ് സത്യവിശ്വാസത്തിന്‍റെ ശര്‍ത്വ്. അതുണ്ടെങ്കിലേ ഈമാന്‍ ഉണ്ടെന്നു വരികയുള്ളൂ. അല്ലാഹുവിന്‍റെ താഴെ വചനങ്ങള്‍ അതിനു സാക്ഷിയാണ്.
“താങ്കളുടെ നാഥനാണു സത്യം, അവര്‍ വിശ്വസിക്കുന്നില്ല, അവര്‍ക്കിടയില്‍ ഭിന്നതയുള്ള കാര്യങ്ങളില്‍ താങ്കളെ വിധികര്‍ത്താവാക്കുകയും, എന്നിട്ട് താങ്കള്‍ വിധിച്ച കാര്യത്തോട് അവര്‍ക്ക് യാതൊരു വൈമനസ്യവും ഇല്ലെന്ന് അവര്‍ക്ക് തന്നെ അനുഭവപ്പെടുകയും , അവര്‍ സമ്പൂര്‍ണ്ണമായും കീഴ്പ്പെടാന്‍ തയ്യാറാകുകയും ചെയ്യുന്നത് വരെയും.”
 
“ആകാശ ഭൂമികള്‍ സൃഷ്ടിച്ചത് ആരാണെന്ന് താങ്കള്‍ അവരോടു ചോദിക്കുന്നുവെങ്കില്‍ അവര്‍ പറയുക സര്‍വജ്ഞനായ പ്രതാപവാനാകുന്നു അവ പടച്ചതെന്ന്” (43/6)
 
“അവയെല്ലാം ആരാണ് പടച്ചതെന്ന് അവരോടു താങ്കള്‍ ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറയുമായിരുന്നേനെ, അല്ലാഹു എന്ന്.”
ആകാശത്തു നിന്നും മഴ വര്‍ഷിപ്പിക്കുകയും ഭൂമിയെ അതിന്‍റെ മൃതാ വസ്ഥയില്‍ നിന്നും ജീവസ്സുറ്റതാക്കുകയും ചെയ്യുന്നതാരാകുന്നു എന്ന് അവരോടു താങ്കള്‍ ചോദിക്കുന്നപക്ഷം, അല്ലാഹുവാകുന്നു എന്നവര്‍ പറയുമായിരുന്നു”
 
കണ്ണു തുറപ്പിക്കുന നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌, ‘ഇത് വ്യക്തമായ മാരണം ആണെന്ന്?! ഉള്ളില്‍ ഉറച്ച ബോധ്യമുണ്ടായിട്ടും അക്രമമായും അഹങ്കാരത്തോടെയും അവര്‍ അതിനെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്!”
 
“നാം വേദം ആര്‍ക്കു നല്‍കിയോ, തങ്ങളുടെ മക്കളെ തിരിച്ചറിയുന്നപോലെ അവര്‍ അദ്ദേഹത്തെ തിരിച്ചറിയുന്നുണ്ട്”
“അവരില്‍ പെട്ട ഒരു വിഭാഗം സത്യം അറിഞ്ഞുകൊണ്ടുതന്നെ അതിനെ മൂടിവെക്കുകയാണ്”
 
നിശ്ചയമായും, വേദം നല്‍കപ്പെട്ടവര്‍ക്ക് നന്നായി അറിയാം, അവരുടെ രക്ഷിതാവിങ്കല്‍ നിന്നും വന്നിട്ടുള്ള സത്യമാണ് ഇതെന്ന് (മുഹമ്മദ്‌ നബി/ ഖുര്‍ആന്‍). നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ , അതായത് അറിഞ്ഞിട്ടും അതിന് കീഴ്പ്പെടാതെ നിഷേധവുമായി മുന്നോട്ടുപോകുന്നത്, ശ്രദ്ധിക്കാത്തവനല്ലട്ടോ അല്ലാഹു”
 
(ശരിയായ അംഗീകാരവും സമര്‍പ്പണവും ഉണ്ടാകുമ്പോഴാണ് സത്യവിശ്വാസം ഉണ്ടാകുന്നുള്ളൂ എന്ന് ഇത്തരം വചനങ്ങളില്‍ വ്യക്തമായി പഠിപ്പിക്കുന്നു)
 
അംഗീകരണവും സമര്‍പ്പണവും ഇല്ലാത്ത കേവല അറിവ് മതിയാകാത്തപോലെത്തന്നെ വിശ്വാസവും ഹൃദയ ബോധ്യവും ഇല്ലാതെയുള്ള പരസ്യ പ്രഖ്യാപനവും ശരിയായ വിശ്വാസത്തിന് പര്യാപ്തമല്ല. കപട വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞു: “ അവര്‍ പറയുന്നു, ‘നിശ്ചയം താങ്കള്‍ അല്ലാഹുവിന്‍റെ ദൂതന്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന്. പക്ഷേ, അല്ലാഹുവിന്നറിയാം മനസ്സില്‍ ബോധ്യമാകാതെ അവര്‍ കളവു പറയുകയാണെന്ന്.” “ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യനാള്‍ കൊണ്ടും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചിലര്‍ ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ അവര്‍ വിശ്വാസികളേ അല്ല.”
 
മൊഴിയാന്‍ തടസ്സമില്ലാത്ത ആളുകളുടെ കാര്യത്തില്‍, തീര്‍ച്ചയായും, പരസ്യപ്രഖ്യാപനം  അവരുടെ വിശ്വാസ സ്ഥിരീകരണത്തിനുള്ള മുഖ്യ ഘടകമാണ്. എന്നാല്‍ സംസാര ശേഷിയില്ലാത്ത വ്യക്തി , വേണ്ടപോലെ തന്‍റെ ഹൃദയം കൊണ്ട് സത്യബോധ്യം വരുത്തുകയും പകയും വെറുപ്പും, അല്ലാഹുവിന്‍റെയും അവന്‍റെ ദൂതരുടെയും വിധികള്‍ തിരസ്കരിക്കുന്ന അഹംഭാവവും ഒഴിവാക്കുകയും,  മനസ്സില്‍ നീരസമോ ശങ്കയോ ഒട്ടും അവശേഷിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം സത്യവിശ്വാസിയായി പരിഗണിക്കും. നബി സ്വ പ്രസ്താവിച്ചു: “ഞാന്‍ നിങ്ങളെ ഒരു സംഗതി കല്‍പിച്ചാല്‍ സാധ്യമാകുന്നത്ര അത് നടപ്പില്‍ വരുത്തുക”.
 
ഈമാന്‍ ശരിയാകാന്‍/ സാധുവാകാന്‍ സമര്‍പ്പണവും കീഴൊതുക്കവും നിബന്ധനയാണെന്ന് പറയുന്നതിനുള്ള മറ്റൊരു രേഖ ഇബ്ലീസിന്‍റെ കഥയാണ്. ഇബ്ലീസ്‌ പ്രാര്‍ഥിച്ചല്ലോ , “എന്‍റെ റബ്ബേ, അവര്‍ പുനര്‍ജനിക്കപ്പെടുന്ന കാലം വരേയ്ക്കും നീ എന്നെ നിലനിര്‍ത്തൂ” എന്ന്. അതായത്, അല്ലാഹുവിന്‍റെ രക്ഷാധികാരത്തെ സംബന്ധിച്ചും അല്ലാഹുവിന്‍റെ കഴിവിനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും അവന്‍ തുറന്നു പറഞ്ഞിരിക്കുന്നു, ഈ പ്രാര്‍ത്ഥനയില്‍. (എന്നിട്ടും അവന്‍ സത്യനിഷേധിയാണല്ലോ. കാരണം, തുറന്നു പറഞ്ഞപോലെയല്ല അവന്‍റെ വിശ്വാസം. അവന്‍ അല്ലാഹുവിന്‍റെ കല്പനയ്ക്ക് വഴങ്ങിയില്ലല്ലോ; ധിക്കരിക്കുകയായിരുന്നല്ലോ.)
 
ഒരാള്‍ വിശ്വസിച്ചു. രണ്ടു സാക്ഷ്യ വചനങ്ങുടെ ഉള്ളടക്കം തുറന്നു പറയാന്‍ ശാരീരിക വൈകല്യം ഒന്നുമില്ല. പക്ഷേ, തുറന്നു പറഞ്ഞില്ല. അയാളെ സത്യ നിഷേധിയായി ഗണിക്കുന്നു. ഒരാള്‍ രണ്ടു ശഹാദത്ത് കലിമ തുറന്നു പറഞ്ഞു. പക്ഷേ, അതിലെ ഉള്ളടക്കം വിശ്വസിക്കുന്നില്ല. അയാളെ മുനാഫിഖ് അഥവാ കപടന്‍ എന്ന് വിളിക്കും. ഒരാള്‍ വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു; എന്നാല്‍ വിശുദ്ധ ദീനിലെ ഏതെങ്കിലും ഒരു വിധിയെ അംഗീകരിക്കുന്നില്ല. അക്കാര്യം ദീനില്‍ ഉള്ളതാണെന്ന് രേഖ നിരത്തുകയും അതയാള്‍ക്ക് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്; എന്നിട്ടും ‘ഇതംഗീകരിക്കാന്‍ കഴിയില്ല’ എന്ന മട്ടില്‍ അതിനെ തിരസ്കരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അയാള്‍ ഇബ്ലീസുമാരില്‍ ഒരു ഇബ്ലീസായും സത്യനിഷേധികളില്‍ ഒരാളായും മനസ്സിലാക്കുക. (ഭാഗികമായി അംഗീകരിക്കുക എന്ന ഒരു രീതിയില്ല).
 
പരലോകത്തില്‍ തന്‍റെ ഈമാന്‍ ഉപകരിക്കുന്ന സത്യവിശ്വാസിയാരാണ്? പറയാം. ജിബ്രീല്‍ അലൈഹിസ്സലാം ചോദിച്ചപ്പോള്‍ നബി സ്വ വിശദീകരിച്ചുകൊടുത്ത ആറു വിശ്വാസ കാര്യങ്ങളില്‍ വിശ്വസിക്കണം. അതുപോലെ, നബി സ്വ കൊണ്ടുതന്നതായി അറിയപ്പെട്ട സകല സംഗതികളും ശങ്കയില്ലാതെ സത്യമാണെന്ന് വിശ്വസിക്കണം. സാധിക്കുമെങ്കില്‍ ശഹാദത്ത് കലിമകള്‍ തുറന്നു പറയണം. പിന്നെ ഒരു പകയോ വെറുപ്പോ നീരസമോ ഹുങ്കോ യാതൊരു വിധിയോടും ഉണ്ടാകരുത്; ഹൃദയത്തിലും വാക്കുകകളിലും അവശേഷിക്കുന്ന അവയവങ്ങളിലും അതുണ്ടാകരുത്. ദീനുല്‍ ഇസ്ലാമിന് വിരുദ്ധമായതെല്ലാം അസത്യവും മിഥ്യയുമാണെന്ന് വിശ്വസിക്കണം. അത് അംഗീകരിക്കണം. സത്യത്തിന് കീഴ്പ്പെടുകയും അസത്യത്തോട് അഹങ്കരിക്കുകയും ചെയ്യുന്നത് ഈമാന്‍ ആണെന്നപോലെ, അസത്യത്തിന് കീഴ്പ്പെടുന്നതും സത്യത്തോട് അഹങ്കരിക്കുന്നതും കുഫ്ര്‍ ആകുന്നു. ബഹുമാനം കല്‍പിച്ചു കൊണ്ട് വല്ല പടപ്പിനും സുജൂദ് ചെയ്യുന്ന പോലെ. അഗ്നി ഉത്സവം പോലുള്ള അന്യമതാഘോഷങ്ങളെ ബഹുമാനിക്കുന്നപോലെ. വല്ല പടപ്പിനോടും ബഹുമാനം കാണിച്ചു ബലി നടത്തുന്നപോലെ. സത്യനിഷേധിയുടെ നിയമങ്ങളെ പ്രശ്ന വ്യവഹാരത്തില്‍  ശരീഅത്ത് നിയമങ്ങള്‍ക്ക് തുല്യമായി കാണുന്നതുപോലെ- ഹൃദയം കൊണ്ടോ നാക്ക് കൊണ്ടോ. അത്തരം നിയമങ്ങള്‍ വാസ്തവമാണെന്നോ അതില്‍ ക്ഷേമം/ ഗുണം ഉണ്ടെന്നോ കരുതുന്ന പോലെ. ഇക്കാര്യങ്ങളെല്ലാം സത്യനിഷേധമാണ്. കാരണം, ഇവയെല്ലാം മിഥ്യയെ ഇബാദത്ത് ചെയ്യലാകുന്നു. 
(وكما أن تسليم الحق والاستكبار عن الباطل إيمان وتسليم الباطل والاستكبار عن الحق كفر كالسجود تعظيما للمخلوق وتعظيم النيرون ونحوه والذبح تعظيما للمخلوق وجعلِ قانون الكافر كقانون الشرع في فصل القضايا سواء كان بقلب أو لسان وتصويبه وظن المصلحة فيه فإنه يكفر لأن هذه الاعمال عبادة غير الحق )
ഈമാന്‍റെ ശര്‍ത്വല്ലാത്ത വല്ല കാര്യവും  ഉപേക്ഷിക്കുകയോ ഈമാന്‍ മുറിച്ചുകളയുന്നതല്ലാത്ത വല്ല വന്പാപങ്ങളില്‍ നിരതനാകുകയോ ചെയ്‌താല്‍, അയാള്‍ അടിസ്ഥാനപരമായി ഈമാനില്‍ നിന്നും പുറത്തുപോകുന്നില്ല; പാപം ചെയ്തു എന്ന് പറയാം. അടിസ്ഥാന ഈമാന്‍ ഇല്ലാതാകാന്‍ അല്ലാഹുവിന്‍റെ വിധിയോടോ, ജിബ്രീല്‍ അലൈഹിസ്സലാം ചോദിച്ചപ്പോള്‍ നബി സ്വ വ്യക്തമാക്കിയ ആ ആറു കാര്യങ്ങളില്‍ വല്ലതിനോടോ അണുഅളവ് പകയോ ഹുങ്കോ ഉണ്ടായാല്‍ മതി. അതോടെ സത്യനിഷേധിയായി. ഈ ആശയം ചുമക്കുന്ന ഒരു നബി വചനം ഇങ്ങനെ: “തന്‍റെ ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരം ഉള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല”. മറ്റൊരു വചനം: “അല്ലാഹു പറയുന്നു, ‘അഹങ്കാരം എന്‍റെ മേല്‍ പുടവയാണ്; മഹത്വം എന്‍റെ വസ്ത്രവും. അവ ഏതെങ്കിലും എന്നില്‍ നിന്നും കവര്‍ന്നെടുക്കാന്‍ ഭാവിക്കുന്നവനെ ഞാന്‍ നരകത്തില്‍ തള്ളും”.
 
അതായത്, എല്ലാ മഹത്വവും അനിഷേധ്യമായ അസ്തിത്വവും അല്ലാഹുവിനു സ്വന്തമാണ്; ഒരു പടപ്പിനും അതില്ല. പിന്നെയും അതാരും തട്ടിയെടുക്കാന്‍ നിക്കണ്ട എന്ന്. ‘പുടവ/ വസ്ത്രം’ ഒരലങ്കാര പ്രയോഗമാണ്.  മഹത്വവും വലുപ്പവും അവനു മാത്രം. അതുകൊണ്ടത്രേ, നിസ്കാരത്തിലും വാങ്കിലും പെരുന്നാളിനും ഹജ്ജ് ഉമ്രകളിലും തക്ബീര്‍ ഇബാദത്തിന്‍റെ ഭാഗമായത്.
 
ദീനിന്‍റെ അടിസ്ഥാന നിയമങ്ങള്‍, ഈമാനും ദീനും ഇല്ലാതാക്കുന്ന കാര്യങ്ങള്‍ എന്നിവയെ ക്കുറിച്ച് അജ്ഞരായിരിക്കാന്‍ ഒരാള്‍ക്കും ഇളവില്ല. സത്യവിശ്വാസി ഒരു പാപത്തെയും നിസ്സാരമായി കാണരുത്. കാരണം, അല്ലാഹു തന്‍റെ കോപത്തെ പാപങ്ങളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. അതിനെ നിസ്സാരമാക്കുന്നത് അവന്‍റെ കോപത്തെ ക്ഷണിച്ചു വരുത്തലാണ്. ഈമാന്‍റെ അനിവാര്യ ഘടകങ്ങളും അതിനോടനുബന്ധിച്ച നിയമങ്ങളും പരിധികളും അതിരുകളും സുന്നത്തായ കാര്യങ്ങളും പൂര്‍ത്തീകരിക്കുവാനാണ് അവന്‍ പരിശ്രമിക്കേണ്ടത്. വന്‍പാപങ്ങള്‍, ചെറുദോഷങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ പശ്ചാത്തപിക്കുക. ഒരു പൂച്ചയുടെ കാര്യത്തില്‍ ഒരു സ്ത്രീ നരകത്തില്‍ കടന്ന സംഗതി ഹദീസില്‍ വന്നതാണ്..
 
എഴുപത്തി ഏഴ് ശാഖകളോരോന്നും ഇവിടെ വിശദീകരിക്കാം.

1. ലാ ഇലാഹ ഇല്ലല്ലാഹ്                            

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ് ഒന്നാമത്തേത്. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരും ഇല്ല’ എന്ന് സാരം. മറ്റു ശാഖകള്‍ ഓരോന്നും സാധുവാകണമെങ്കില്‍ ഈ ശാഖ കൂടാതെ കഴിയില്ല. ദൈവ നിയുക്തരായ എല്ലാ പ്രവാചകന്മാരുടെയും മതങ്ങളുടെ അടിത്തറയാണിത്‌. അല്ലാഹു തആലാ പറഞ്ഞു: “ഞാനല്ലാതെ ആരാധനയ്ക്കര്‍ഹതയുള്ള ഒരു ദൈവം വേറെയില്ല, അതിനാല്‍ എന്നെ ഇബാദത്ത് ചെയ്യുവീന്‍’ എന്ന സന്ദേശം ബോധനം ചെയ്യപ്പെട്ടിട്ടല്ലാതെ അങ്ങേയ്ക്ക് മുമ്പുള്ള ഒരു ദൂതനെയും നാം അയച്ചിട്ടില്ല”
നബി സ്വ പ്രസ്താവിച്ചു: ഇസ്ലാം ദീന്‍ പണിയപ്പെട്ടിരിക്കുന്നത് അഞ്ച് കാര്യങ്ങള്‍ക്ക് മേലാണ്. ഒന്ന്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സത്യസാക്ഷ്യം….”
 
സത്യസാക്ഷ്യം ചെയ്യേണ്ട രണ്ട് വചനങ്ങളും അവയുടെ അര്‍ത്ഥവും പഠിക്കേണ്ടത്, അതിലെ ആശയം മനസ്സുകൊണ്ട് വിശ്വസിക്കേണ്ടത്, ആ സാക്ഷ്യം നാക്ക് കൊണ്ട് പരസ്യ പ്രസ്താവന ചെയ്യേണ്ടത് ഓരോ മനുഷ്യന്‍റെ ചുമതലയില്‍ വരുന്ന ആദ്യത്തെ നിര്‍ബന്ധ കര്‍ത്തവ്യമാണ്. പ്രായപൂര്‍ത്തിയും സ്വബോധവും ഉള്ള ഓരോരുത്തര്‍ക്കും ബാധ്യതയുള്ള നിസ്കാരത്തിന്നും മറ്റെല്ലാ ഇബാദത്തുകള്‍ക്കും മുന്നേ. ശാരീരികമായി സാധ്യമായിരുന്നിട്ടും സത്യ സാക്ഷ്യം പരസ്യമായി നിര്‍വ്വഹിക്കുന്നില്ലെങ്കില്‍, അവയുടെ ആശയം മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അതില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ആ ആശയത്തിന് വിധേയപ്പെടുന്നില്ലെങ്കില്‍, നരകത്തില്‍ ശാശ്വതമായി വസിക്കുന്ന സത്യനിഷേധിയാണയാള്‍. ഒരുവേള, അയാള്‍ നിസ്കരിക്കുകയും വ്രതമനുഷ്ടിക്കുകയും ചെയ്യുന്നുവെങ്കില്‍ പോലും. അയാളില്‍ നിന്നും മുസ്‌ലിം ബന്ധുക്കള്‍ സ്വത്തുക്കള്‍ അനന്തരമെടുക്കാവതല്ല. അവരുടേത് അയാള്‍ക്കും നല്‍കിക്കൂടാ. ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ശഹാദത്ത് ചെയ്യണമെന്നാണല്ലോ തിരുമൊഴി. അറിഞ്ഞും വിശ്വസിച്ചും ആയിരിക്കണം സാക്ഷ്യപ്പെടുത്തല്‍. അതുകൊണ്ടാണ്, ‘തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ റസൂല്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്ന് പറഞ്ഞ കപട വിശ്വാസികളെ അല്ലാഹു കളവു പറയുന്നവരാണെന്ന് വിശേഷിപ്പിച്ചത്. കാരണം, അവര്‍ക്ക് ആ ശഹാദത്തില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. ലാ ഇലാഹ വെറുതെ മൊഴിഞ്ഞാല്‍ പോരാ, എന്താണെന്നറിയാന്‍ അവന്‍ കല്പിച്ചിട്ടുണ്ട്. “ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സത്യം നീ അറിയുക”. “ഇതാ, ഇത് ജനങ്ങള്‍ക്കുള്ള ഒരറിയിപ്പാണ്; അവരെ താക്കീത് ചെയ്യാന്‍. അവന്‍ മാത്രമാണ് ഏകനായ ഇലാഹ് എന്ന സത്യം അവര്‍ അറിയാന്‍ വേണ്ടിയും”.
 
ഫാരിസിയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് യുടെ അര്‍ഥം :
هيج خدايي نيست ونبوداست ونخوا هدبود ونتوانست بود ونتواند بود إلأ الله
ആരാധനയ്ക്കര്‍ഹത, ഏകത്വം, വല്ലതിനെയും ആശ്രയിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ അവകാശപ്പെട്ട വിശേഷകത്തിന്‍റെ നാമമാണ് അല്ലാഹു; അപൂര്‍ണ്ണതയുടെ വിശേഷണങ്ങളില്‍ നിന്നും പരിശുദ്ധന്‍. സൃഷ്ടികളുടെ വിശേഷണങ്ങളുമായി തന്‍റെ വിശേഷണങ്ങള്‍ സദൃശ്യമാക്കപ്പെടുന്ന സ്ഥിതിയില്‍ നിന്നും മുക്തന്‍. അവന്‍റെ ദാത്ത് മറ്റൊരു ദാത്തിനോടും സാദൃശ്യമുള്ളതല്ല.
 
പണ്ടുപണ്ടേ ഉള്ളവന്‍, ഉണ്ടായിരിക്കലിനു തുടക്കമില്ല. ഒടുക്കവുമില്ല. എന്നുമെന്നും ഉള്ളവന്‍; അനന്തകാലം ഉണ്ടായിരിക്കുന്നവന്‍. എന്നുമെന്നും ജീവിക്കുന്നവന്‍; മരിച്ചിട്ടില്ല; മരിക്കുകയുമില്ല. അവന് മരണം ചേര്‍ന്നതല്ല. അവന്‍റെ ജീവിതം ഒരു മരണത്തിനോ ഇല്ലായ്മക്കോ ശേഷം ഉണ്ടായതല്ല.
അസ്തിത്വത്തില്‍ പണ്ടേ ഉള്ള ജ്ഞാനം കൊണ്ട് ജ്ഞാനിയായവന്‍; ഉള്ളതിനെക്കുറിച്ചും ഇല്ലാത്തതിനെക്കുറിച്ചും അവന്‍ അറിയുന്നു; സൂക്ഷ്മവും സ്ഥൂലവുമായ, ചെറുതും വലുതുമായ, വിശാലവും സവിശേഷവുമായ അറിവുകള്‍. ഉദാ: ആകാശങ്ങളുടെ, മണല്‍തരികളുടെ, മലകളുടെ, സമുദ്രത്തിലെ ജലത്തുള്ളികളുടെ, മൃഗങ്ങളുടെ രോമങ്ങളുടെ , പടപ്പുകളുടെ ശ്വാസോച്ഛ്വാസങ്ങളുടെ എണ്ണം അവന് കൃത്യമായി അറിയാം. അങ്ങനെ ചെറുതും വലുതുമായ അറിവുകള്‍ അവനെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്. ഉള്ളതിനെ അറിയാമെന്നപോലെ ഇല്ലാത്തവയും അറിയാം. അവ ഉണ്ടായിരുന്നെങ്കില്‍ , എങ്ങനെ ആകുമായിരുന്നു എന്നെല്ലാം.
 
പണ്ടേ ഉള്ളതും എന്നും ഉണ്ടായിരിക്കുന്നതുമായ ശക്തി വിശേഷം ഉള്ളതിനാല്‍ അവന്‍ സര്‍വ്വശക്തനാണ്‌. ഉള്ളതും ഇല്ലാത്തതുമായ പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്ക് മേല്‍ അവന്‍ ശക്തനാണ്. സര്‍വ്വ പ്രപഞ്ചവും അവന്‍റെ ശക്തി വിശേഷത്തിനുള്ള ഉദാഹരണങ്ങളാണ്; മാതൃകയാണ്. ഉദാഹരണത്തിന്, ഓരോ നിമിഷവും ആയിരമായിരം, അതിന്‍റെ എത്രയോ മടങ്ങ്‌ അര്‍ശും കുര്‍സിയ്യും ആകാശവും ഭൂമിയും സ്വര്‍ഗ്ഗവും നരകവും പടക്കാന്‍ അവനു കഴിയും. അവന്‍റെ ശക്തിക്ക് ഒരു പരിധിയില്ല. അശക്തത/ ദൌര്‍ബ്ബല്യം അവന്‍റെ കാര്യത്തില്‍ അസംഭവ്യമാണ്. ആകാശങ്ങളും ഭൂമികളും അര്‍ശും കുര്‍സിയ്യും മറ്റും അല്ലാഹു അല്ലാത്ത വസ്തുക്കളാണ്. അവയുടെ വിശേഷണങ്ങളും വിശേഷങ്ങളും പുതുതായി വന്നതാണ്; അല്ലാഹു തന്‍റെ ശക്തി ഉപയോഗിച്ച് അവയെ ഇല്ലായ്മയില്‍ നിന്നും ഉണ്മയിലേക്ക് കൊണ്ടുവന്നതാണ്. എല്ലാ പടപ്പുകളും അവയുടെ അസ്തിത്വത്തിന് അല്ലാഹുവിലേക്ക് ആശ്രയിക്കുന്നു.
 
അല്ലാഹുവിന് പണ്ടേ ഉള്ള ഇച്ഛാ ശക്തിയുണ്ട്. സര്‍വ്വ പ്രപഞ്ചവും അവന്‍റെ ഇംഗിതത്തിനനുസൃതമായി നിലകൊള്ളുന്നു. അവന്‍റെ പണ്ടേ ഉള്ള അറിവും തീരുമാനവും ഇല്ലാതെ ഒരു തരിപോലും ഇളകില്ല. ഒരാള്‍ തന്‍റെ തല ചൊറിയുന്നു വെന്ന് കരുതുക. അക്കാര്യം അല്ലാഹു പണ്ടേ അറിഞ്ഞതാണ്. നിശ്ചിത സമയത്ത്, ദേശത്ത്, ഇന്ന വ്യക്തിയുടെ ബീജത്തിലൂടെ, ഇയാളെ ജനിപ്പിക്കാന്‍ അല്ലാഹു തീരുമാനിച്ചതാണ്. അയാളെ ചുമക്കുന്ന ഗര്‍ഭപാത്രം, സമയം, തിയതി എല്ലാം അവന്‍റെ മുന്‍പദ്ധതിയുടെ ഭാഗമാണ്. അവന്‍ തല ചൊറിയുന്നത് പോലും.
എന്നെന്നുമുള്ള കേള്‍വി ശക്തിയാല്‍ അവന്‍ എല്ലാ ശബ്ദങ്ങളും  കേള്‍ക്കുന്നു. രഹസ്യമായതും പരസ്യമായതും അവനെ സംബന്ധിച്ച് ഒരുപോലെയാണ്. ഒന്ന് കേള്‍ക്കേ മറ്റൊന്ന് കേള്‍ക്കുക അവനു തടസ്സമില്ല. ശബ്ദങ്ങള്‍ വകതിരിച്ചറി യുന്നു, ഒന്ന് മറ്റൊന്നുമായി മാറിപ്പോകുന്നില്ല. ഒന്നും അവന് അവ്യക്തമല്ല.
 
എന്നെന്നുമുള്ള കാഴ്ച ശക്തിയാല്‍ അവന്‍ കാണുന്നു, എല്ലാ വസ്തുക്കളും. ഇരുട്ടും വെളിച്ചവും അവന്‍റെ കാഴ്ചയെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്.
 
പണ്ടുപണ്ടേയുള്ള വചന ശേഷിയാല്‍ അവന്‍ സംസാരിക്കുന്നു. അവന്‍റെ വചനങ്ങള്‍ അവന്‍റെ സൃഷ്ടിയല്ല. ഖുര്‍ആനും തൌറാത്തും മറ്റും അവന്‍റെ വചനങ്ങളാണ്. അവന്‍റെ വചനം സൃഷ്ടികളുടെ വചനവുമായി സദൃശമല്ല.
സത്തയിലും വിശേഷണങ്ങളിലും അവന്‍ ഏകന്‍. പങ്കാളിയോ ഇണയോ പിതാവോ പുത്രനോ ഇല്ല. ഒരാളിലേക്കും അവന്‍ ആവശ്യക്കാരനല്ല. എല്ലാവര്‍ക്കും അവനെയാണ്‌ ആവശ്യം. “അവന്‍റെ ഉപമപോലുള്ള മറ്റൊന്നില്ല. അവന്‍ സര്‍വ്വ ശ്രോതാവും സര്‍വ്വ ദ്രഷ്ടാവും ആകുന്നു.”
ആരാധനയ്ക്കുള്ള അര്‍ഹത, ഏകത്വം, സമാനതയില്ലാത്ത സത്തയും വിശേഷണവും തുടങ്ങിയ മുകളില്‍ പറഞ്ഞ എല്ലാ വിവരണവും ലാ ഇലാഹ ഇല്ലല്ലാഹു’ വില്‍ അടങ്ങിയിരിക്കുന്നു.
 
അവന് സുന്ദര നാമങ്ങള്‍ ഉണ്ട്; അവ ഖുറാനിലോ സുന്നത്തിലോ പരാമര്ശിക്കപ്പെട്ടതാണ്; മറ്റുള്ളവര്‍ അവന് മറ്റു ‘നാമകരണം’ ചെയ്തുകൂടാ.  

2. മലക്കുകള്‍

 

മലക്കുകളില്‍ വിശ്വസിക്കല്‍ ഈമാന്‍റെ അടിസ്ഥാന സതംഭങ്ങളില്‍ പെടുന്നു. 
 
അല്ലാഹു അരുളി:
“സത്യവിശ്വാസികള്‍ സകലരും അല്ലാഹുവിലും അവന്‍റെ മലക്കുകളിലും കിതാബുകളിലും (വേദങ്ങള്‍) ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു”.
 
നബി സ്വ പ്രസ്താവിച്ചു:
 
“വിശ്വാസം എന്നാല്‍ അല്ലാഹുവിലും അവന്‍റെ മലക്കുകളിലും…. നീ വിശ്വസിക്കലാകുന്നു”
 
അതായത്, മലക്കുകളിലുള്ള വിശ്വാസം ഈമാന്‍റെ മുഖ്യ സ്തംഭങ്ങളില്‍ പെട്ടതാണെന്ന് അറിയായ്കയാല്‍ അങ്ങനെ വിശ്വസിക്കാതിരുന്നാല്‍, അറിഞ്ഞില്ല എന്ന കാരണത്താല്‍ ആ വ്യക്തി കുറ്റവിമുക്തനാകില്ല. (അനിവാര്യമായും അറിയേണ്ടതുണ്ട്). 
  
മലക്കുകള്‍ എന്നൊരു സൃഷ്ടി വിഭാഗം ഉണ്ടെന്ന് വിശ്വസിക്കലാണിത്. . അവര്‍ക്ക് ചിറകുകളും തൂവലുകളും ഉണ്ട്. അല്ലാഹുവിന്‍റെ ദാസന്മാരാണവര്‍. അവന്‍റെ പടപ്പുകള്‍. (അവന്‍റെ പെണ്മക്കള്‍ അല്ല). കല്പിക്കപ്പെട്ടതെന്തോ അതവര്‍ വൈമനസ്യമില്ലാതെ ചെയ്യുന്നു. അവര്‍ പുരുഷന്മാരോ സ്ത്രീകളോ അല്ല. അന്ത്യനാളിലെ ഒന്നാം ഊത്തിലാണ് മരിക്കുക (അതുവരെയും കര്‍മ്മ നിരതരാണ്). രണ്ടാം ഊത്തില്‍ മറ്റു പടപ്പുകള്‍ക്കൊപ്പം വീണ്ടും ജീവന്‍ ലഭിക്കും.
 
ആകാശം മലക്കുകളാല്‍ നിറഞ്ഞിരിക്കുന്നു. ബൈതുല്‍ മഅ്മൂര്‍ എന്ന പേരുള്ള ഒരു ‘ഭജനകേന്ദ്ര’ത്തില്‍ പ്രതിദിനം എഴുപതിനായിരം മലക്കുകള്‍ പ്രവേശിക്കുന്നു; എന്നാല്‍ അവര്‍ അവിടെ നിന്നും തിരിച്ചു വരുന്നില്ല” എന്നിങ്ങനെ സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. മലക്കുകളുടെ ആധിക്യത്തെ സൂചിപ്പിക്കുന്ന പരാമര്‍ശമാണത്.
 
പ്രത്യേകം അറിയാന്‍:
 
നിശ്ചയം, അല്ലാഹു മലക്കുകളെ പടച്ചിട്ടുള്ളത് പ്രകാശം കൊണ്ടാണ്. ഏതെങ്കിലും മലക്കിനോട് ശത്രുത ഉണ്ടായാല്‍ അയാള്‍ അവിശ്വാസിയായി. മലക്കുകളുടെ നാമങ്ങളെ പരിഹസിക്കുന്നത് കുഫ്രാണ്. അവമതിക്കുകയെന്ന ലക്ഷ്യത്തില്‍ ചില വിവരദോഷികള്‍ അക്രമികളായ ആളുകളെ ‘സബാനിയ’ എന്ന മാലാഖ സംഘത്തോട് ഉപമിക്കുന്നു. അതുപോലെ വിരൂപ മുഖികളെ മുന്കര്‍, നകീര്‍ എന്നീ മലക്കുകളോടും, ശത്രുവിനെ മരണത്തിന്‍റെ മാലാഖയോടും ഉപമിക്കാറുണ്ട്. അതെല്ലാം കുഫ്രാണ്.   

3. വിശുദ്ധ ഖുര്‍ആനും മറ്റു വേദങ്ങളും 

 

അല്ലാഹു പ്രസ്താവിച്ചു:
“അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതരിലും, തന്‍റെ ദൂതര്‍ക്ക് ഇറക്കിയ കിതാബിലും അതിനു മുന്നേ അവതരിപ്പിച്ച കിതാബിലും വിശ്വസിക്കുക”
 
മുസ്ലിംകളോടാണ്  ഉദ്ധൃത സൂക്തത്തിലെ സംബോധനയെന്നു വിചാരിച്ചാല്‍,  ‘വിശ്വാസികളേ.. വിശ്വസിക്കുക’ എന്ന പ്രയോഗത്തിന്‍റെ സാരം വിശ്വാസികളേ,. വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക’ എന്നത്രേ. മൂസായിലും തൌറാത്തിലും ഈസായിലും ഇഞ്ചീലിലും വിശ്വസിക്കുന്നവരെ സംബോധന ചെയ്യുകയാണെന്ന് ഗണിച്ചാല്‍, അവരോട് മുഹമ്മദ്‌ നബിയിലും അവര്‍ക്കിറങ്ങിയ ഖുര്‍ആനിലും വിശ്വസിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് മനസ്സിലാക്കണം. കപടന്മാരെ സംബോധന ചെയ്യുന്നു എന്നും വരാം. അപ്പോള്‍ അതിനര്‍ത്ഥം, കേവലം നാക്കുകൊണ്ടു വിശ്വാസം പറയുന്നവരേ, നിങ്ങള്‍ ഹൃദയത്തിലും വിശ്വാസം ഏറ്റെടുക്കൂ’ എന്ന സാരം കല്പിക്കാവുന്നതാണ്.
 
ഖുര്‍ആനിലും മറ്റു ദൈവിക വേദങ്ങളിലും വിശ്വസിക്കുക ഈമാന്‍ കാര്യങ്ങളില്‍ പ്രധാനമായ ഒന്നാണ്. അവ സത്യമാണെന്ന് വിശ്വസിക്കണം. ഖുര്‍ആനു മുമ്പ് അവതരിച്ച വേദങ്ങളില്‍ മൊത്തത്തില്‍ വിശ്വസിച്ചാല്‍ മതിയാകും, അതോരോന്നും വിശദമായി വിശ്വസിക്കണമെന്നില്ല. ‘മുഹമ്മദ്‌ നബി സ്വ യ്ക്ക് അല്ലാഹു അവതരിപ്പിച്ച കിതാബിന്‍റെ പേരാണ് ഖുര്‍ആന്‍. അത് അല്ലാഹുവിന്‍റെ വചനമാകുന്നു’ എന്ന രൂപത്തില്‍ ആയിരിക്കണം വിശുദ്ധ ഖുര്‍ആനിലുണ്ടാകേണ്ട വിശ്വാസം. അങ്ങനെ വിശ്വസിക്കല്‍  ഈമാന്‍റെ അനിവാര്യ ഘടകങ്ങളില്‍ പെടുന്നു. വിശുദ്ധ ഖുര്‍ആനെ കുറിച്ച് വിശദമായി മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം.
 
(വിശുദ്ധ ഖുര്‍ആനില്‍ രണ്ടിനം വചനങ്ങളുണ്ട്. വ്യക്തമായതും (മുഹക്കമാത്ത്) അവ്യക്തമായതും (മുതശാബിഹാത്ത്). ഇതില്‍) മുഹക്കമാത്തിന്‍റെ ആശയം പഠിക്കല്‍ മുസ്ലിംകളുടെ സാമൂഹ്യ ബാധ്യതയാണ്‌.
 
വിശുദ്ധ ഖുര്‍ആന്‍ എഴുതി സൂക്ഷിക്കുന്ന മുസ്ഹഫിനെയോ ഖുറാനിലെ ഏതെങ്കിലും അക്ഷരങ്ങളെയോ പരിഹസിക്കുകയോ, അവയെ ദുഷിക്കുകയോ ചെയ്യുന്നവന്‍ കാഫിര്‍ ആണ്. അതുപോലെയാണ് അതിലെ സൂറ തൗബ പോലെയുള്ള അദ്ധ്യായങ്ങള്‍ നിഷേധിക്കുകയോ അവമതിക്കുകയോ പഴിക്കുകയോ ചെയ്യുന്നവന്‍.
 
അല്ലാഹുവിന്‍റെ വചനം പണ്ടുപണ്ടേ ഉള്ള അവന്‍റെ സത്തയിലടങ്ങിയ വിശേഷണമാണ്. (ശക്തി, കേള്‍വി, കാഴ്ച ..പോലെ). മനപാഠം പഠിച്ചവരുടെ ഓര്‍മ്മകളിലും ഓതുന്നവരുടെ വാക്കുകളിലും എഴുതപ്പെട്ട ഏടുകളിലും ആ വചനങ്ങള്‍ സൂക്ഷിക്കപ്പെടുന്നു; അവ നാക്കിലോ താളുകളിലോ അവതരിക്കാതെത്തന്നെ എന്നത്രേ സലഫുസ്വാലിഹുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. …
 

 

 

4. ദൈവ ദൂതന്മാര്‍

അല്ലാഹുവിന്‍റെ വചനം: “സത്യവിശ്വാസികള്‍ സകലരും അല്ലാഹുവിലും അവന്‍റെ മലക്കുകളിലും കിതാബുകളിലും (വേദങ്ങള്‍) ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു”.
നബി സ്വ പ്രസ്താവിച്ചു: “വിശ്വാസം എന്നാല്‍ അല്ലാഹുവിലും അവന്‍റെ മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും….  നീ വിശ്വസിക്കലാകുന്നു”.
 
ഇവ പ്രവാചകന്മാരിലെ വിശ്വാസം ഈമാന്‍റെ മുഖ്യ ഘടകമാണെന്ന് പഠിപ്പിക്കുന്നു.
 
ആദം അലൈഹിസ്സലാം മുതല്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹിസ്സലാം വരെയുള്ള ദൈവ ദൂതന്മാരില്‍ വിശ്വസിക്കണം. അതിങ്ങനെ:
 
അവര്‍ യഥാര്‍ത്ഥ ദൂതന്മാരാണ്. അവരെ ചുമതലപ്പെടുത്തിയ ദൂത്/ സന്ദേശം അവര്‍ ജനങ്ങള്‍ക്കെത്തിച്ചു. അല്ലാഹു മനുഷ്യര്‍ക്കിടയില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്തതാണ് അവരെ. ഓരോരുത്തരുടെയും പ്രബോധിത സമുദായത്തിനും അല്ലാഹുവിനും ഇടയിലുള്ള മധ്യവര്‍ത്തികളാണ് (വസാഇത്വ്) അവര്‍. അവരുടെ നിയോഗം സത്യമാണ്. അവരുടെ പ്രബോധന വിഷയങ്ങള്‍ വാസ്തവമാണ്. പ്രവാചക നിയോഗം അവസാനിച്ചു എന്ന സംഗതിയും വാസ്തവം തന്നെ.
പ്രവാചകന്മാരില്‍ ഏറ്റവും ആദരവായവര്‍, ഏറ്റവും ഉന്നതന്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ആകുന്നു. അല്ലാഹു തന്‍റെയും മനുഷ്യരും ജിന്നുകളും അടങ്ങുന്ന തന്‍റെ ദാസന്‍മാരുടേയും മദ്ധ്യേ നിയമിച്ചിട്ടുള്ള മധ്യവര്‍ത്തി (വസ്വിത്വ) യാണ് അവിടുന്ന്. (ദാസന്മാരുടെ ആവശ്യങ്ങള്‍ വാങ്ങിത്തരുവാനുള്ള മധ്യവര്‍ത്തിയായിട്ടല്ല) കല്‍പനാ വിലക്കുകളും വാഗ്ദാന- മുന്നറിയിപ്പുകളും അനുവദിച്ചതും നിഷിദ്ധമാക്കിയതും ദാസന്മാര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള മധ്യവര്‍ത്തി.  
അവിടുന്ന് പരിചയപ്പെടുത്തിയ ഇസ്‌ലാം ദീനിന്‍റെ അവസാന പതിപ്പ് അതിനു മുമ്പുള്ള എല്ലാ പതിപ്പുകളെയും നിര്‍വ്വീര്യമാക്കുന്നു. ഇനി ഈ അവസാന പതിപ്പിനെ ഇല്ലാതാക്കുന്ന ഒരു വിധി ഉണ്ടാകില്ല. പ്രവാചകന്‍ ഈസാ അലൈഹിസ്സലാം ഇറങ്ങിവന്നാല്‍ മുഹമ്മദ്‌ നബി കൊണ്ടുവന്ന  പുതിയ പതിപ്പ് അംഗീകരിക്കുകയും അതുപ്രകാരം വിധി നടപ്പിലാക്കുകയും ചെയ്യും.
 
കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും അവരുടെ സമുദായവും ഒടുവില്‍ നിയോഗിതനാകുന്ന മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയില്‍ വിശ്വസിക്കാന്‍ കല്പിക്കപ്പെട്ടവരായിരുന്നു. അല്ലാഹു തആലാ പറയുന്നു: “അല്ലാഹു നബിമാരില്‍ നിന്നും ഉടമ്പടി എടുത്ത സന്ദര്‍ഭം ഓര്‍ക്കാം. (ഇതായിരുന്നു ആ ഉടമ്പടി) : ‘നിങ്ങള്‍ക്ക് ഞാന്‍ വേദവും ജ്ഞാനവും നല്‍കുന്ന പക്ഷം, പിന്നെ നിങ്ങള്‍ക്ക് തന്നിട്ടുള്ള വേദത്തെയും ജ്ഞാനത്തെയും വസ്തവമാക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്ക് വന്നെത്തുകയും ചെയ്താല്‍, നിങ്ങള്‍ അദ്ദേഹത്തെ ഉറപ്പായും വിശ്വസിക്കുകയും സഹായിക്കുകയും വേണം..
 
ആരാണോ മുഹമ്മദ്‌ നബി സ്വ യെ വാചാ കര്‍മ്മണാ അനുഗമിക്കുന്നത് അവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ ആകുന്നു. അല്ലാഹു തആലാ പറഞ്ഞു: “ നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ അനുഗമിക്കുവീന്‍; അപ്പോള്‍ അവന്‍ നിങ്ങളെ സ്നേഹിക്കും’ നിങ്ങളുടെ തെറ്റുകള്‍ പൊറുത്തുതരും..”
 
ഇസ്‌ലാം ആശ്ലേഷം , നിസ്കാരം, ഖുതുബ എന്നിവ നബി സ്വ യുടെ നാമമനുസ്മരിക്കാതെ സാധുവാകുന്നതല്ല. “താങ്കളുടെ സ്മരണ നാം ഉയര്‍ത്തിയിരിക്കുന്നു” എന്ന സൂക്തത്തിന്‍റെ വ്യാഖ്യാനമായി, ഇബ്നു അബ്ബാസ് റ യില്‍ നിന്നും, “ഞാന്‍ അനുസ്മരിക്കപ്പെടുകയില്ല; താങ്കളെ കൂടെ അനുസ്മരിക്കപ്പെടാതെ” എന്ന് നിവേദനം ചെയ്തിട്ടുണ്ട്.
 
സ്വഹീഹ് മുസ്ലിമില്‍ അബൂഹുറൈറ റ യില്‍ നിന്നും ഉദ്ദരിക്കുന്നു. നബി സ്വ പറഞ്ഞു: “എന്‍റെ ആത്മാവ് ആരുടെ നിയന്ത്രത്തിലാണോ അവനാണ് സത്യം, എന്‍റെ പ്രബോധിത സമൂഹത്തില്‍ പെട്ട ജൂതനോ ക്രിസ്ത്യനോ എന്‍റെ കുറിച്ച് കേള്‍ക്കുകയും എന്നിട്ട് ഞാന്‍ നിയോഗിക്കപ്പെട്ടത് ഇതൊരു സന്ദേശവുമായിട്ടാണോ അതില്‍ വിശ്വസിക്കാതെ അയാള്‍ മരണമടയുകയും ചെയ്താല്‍, തീര്‍ച്ചയായും അയാള്‍ നരകവകാശി ആയിരിക്കും”. ഈ മുന്നറിയിപ്പ് വേദക്കാരെ സംബന്ധിച്ചാണ്, അപ്പോള്‍ മറ്റുള്ളവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം.
 
നബി സ്വ യുടെ നിയമന നാള്‍ മുതല്‍ അന്ത്യനാള്‍ വരെ ഉള്ള ഏതെങ്കിലും ഒരു ‘ഔലിയ’യുടെ പക്കല്‍, നബി സ്വ യെ അനുധാവനം ചെയ്യാതെ തന്നെ അല്ലാഹുവിങ്കലേക്ക്‌ അണയാന്‍ (=വാസ്വിലാകാന്‍) വല്ല മാര്‍ഗ്ഗവും (=ത്വരീഖ്) ഉണ്ടെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കാഫിര്‍ ആയിത്തീര്‍ന്നു. അല്ലെങ്കില്‍, എതെങ്കിലൊരു മുകല്ലഫിന് (നിയമ ശാസന ബാധകമാകുന്ന പ്രായപരിധിയും ബോധനിലവാരവും ഉള്ളവന്‍) നബി സ്വ യുടെ വിധിവിലക്കുകളെ അനുസരിക്കാതെ ത്തന്നെ പരലോക മോക്ഷം നേടാമെന്ന് കരുതുന്നുവെങ്കില്‍ അവന്‍ കാഫിര്‍ ആയിത്തീര്‍ന്നു. ഭൗതിക വിരക്തിയിലും ജ്ഞാനത്തിലും കര്‍മ്മത്തിലും സാധ്യമാകുന്നത്ര അധ്വാനിച്ചുവെങ്കിലും നബി സ്വ കൊണ്ടുവന്ന ഏതെങ്കിലുമൊരു സത്യത്തില്‍ വിശ്വസിച്ചില്ലായെങ്കില്‍ അയാള്‍ കാഫിര്‍ തന്നെ.
  
(ومن اعتقد أن لأجد من الأولياء من زمان بعثته عليه السلام إلى القيامة طريقا يصل به إلى الله تعالى غير متابعته عليه السلام , أو ظنّ أنّ نجاة الآخرة تحصل لمكلف بغير إطاعته صلى الله عليه وسلم فهو كافر ومن 
اجتهد في الزهد والعلم والعبادة غاية الإمكان ولم يؤمن بشيئ مما جاء به صلى الله عليه وسلم فهو كافر )
 
മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അറബിയും (നാട്) ഖുറൈശിയും (ഗോത്രം) ഹാശിമിയും (കുലം) ആണെന്നും, ജനിച്ചതും വളര്‍ന്നതും മക്ക യില്‍ ആയിരുന്നെന്നും, ഹിജ്ര പോയതും അന്ത്യ വിശ്രമം കൊള്ളുന്ന റൌളയുള്ളതും മദീനയിലാണെന്നും ഓരോ മുകല്ലഫും അറിഞ്ഞിരിക്കണം. നബി സ്വ അറബിയാണോ അന്യനാണോ, ഹാശിമിയാണോ അല്ലയോ, മക്കക്കാരനാണോ മദീനയിലാണോ അതല്ല മറ്റേതെങ്കിലും നാട്ടുകാരന്‍ ആണോ എന്ന സംഗതി വകതിരിച്ചറിയാത്ത വ്യക്തി മുസ്ലിമാണെന്ന് വിധിക്കാന്‍ കഴിയില്ലെന്ന് ധാരാളം ഉലമാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
മുന്‍ പ്രവാചകന്മാരുടെ സന്ദേശത്തില്‍ മൊത്തത്തില്‍ വിശ്വസിക്കുന്നുണ്ട്, എന്നാല്‍ മുഹമ്മദ്‌ നബി സ്വ യുടെ മത നിയമങ്ങളില്‍ ചിലത് മാത്രം ലഭിച്ചു, ലഭിച്ചതാണെങ്കില്‍ ന്യൂനതകളോടെയും. പൂര്‍ണ്ണമായും ലഭിച്ചിരുന്നെങ്കില്‍ അതില്‍ വിശ്വസിക്കുമായിരുന്നു. എന്നാല്‍, പ്രധാന ഈമാന്‍ കാര്യങ്ങള്‍ ആറും വിശ്വസിക്കുന്നുണ്ട് (അതില്‍ മുന്കാലത്തും വ്യത്യാസം ഇല്ലല്ലോ). ഇങ്ങനെയുള്ളൊരു വ്യക്തി, തനിക്കു ലഭിച്ച ‘മുഹമ്മദീയ നിയമങ്ങള്‍’ പ്രകാരം പ്രവര്‍ത്തിക്കുന്നുവെങ്കില്‍, അയാളുടെ ഈമാന്‍റെയും ഭക്തിയുടെയും തോതനുസരിച്ച് അയാള്‍ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുന്നതാണ്. നബി സ്വ യുടെ മുഴുവന്‍ അദ്ധ്യാപനങ്ങള്‍ അറിഞ്ഞ് അതുപ്രകാരം പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ഈമാനും വിലായത്തും മുകളില്‍ പറഞ്ഞ വ്യക്തിയേക്കാള്‍ ഉയര്‍ന്നതായിരിക്കും. തന്‍റെ മേല്‍ ബാധ്യതയുള്ള പല മത നിയമങ്ങളും കൃത്യമായി മനസ്സിലാക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യക്തി പാപികളുടെ ഗണത്തിലാണ് ഉള്‍പ്പെടുക; ഔലിയാക്കളുടെ കൂട്ടത്തില്‍ അല്ല. ആരുടെ ഇബാദത്ത് വര്‍ദ്ധിക്കുന്നുവോ അയാളുടെ ദീന്‍ മികച്ചതായി മാറുന്നു.         
ഏതെങ്കിലും പ്രവാചകനെ നിഷേധിക്കുകയോ പഴിക്കുകയോ അവമതിക്കുകയോ അവര്‍ കൊണ്ടുവന്ന ഏതെങ്കിലും കാര്യം കള്ളമാണെന്ന് പറയുകയോ അവരെ വഷളാക്കുകയോ വിലകുറച്ചു കാണിക്കുകയോ ചെയ്യുന്നവന്‍ കാഫിര്‍ ആകുന്നു.   

5. അന്ത്യനാള്‍

 

മഹത്തായ ഖുറാന്‍ സൂക്തങ്ങളിലും സ്വഹീഹായ തിരു പ്രവാചക മൊഴികളിലും, അന്ത്യനാളിനെ കുറിച്ചുള്ള വിശ്വാസം ഈമാന്‍റെ പ്രധാന ഘടകമാണെന്ന് പഠിപ്പിക്കുന്നു.
 
അല്ലാഹു തആലാ പറഞ്ഞു: “അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കാത്ത യാതൊരുത്തരുമായി നിങ്ങള്‍ യുദ്ധം ചെയ്യുക”
 
ഭൗതിക ലോകത്തിന്‍റെ അവസാന ദിനത്തിലുള്ള വിശ്വാസമാണിത്. അവസാനത്തെ പകല്‍. പിന്നെയൊരു രാത്രി ഉണ്ടാകില്ല. അതങ്ങനെ അനന്തമായി തുടരും. എന്നാണ് ആ പകല്‍ സംഭവിക്കുക എന്ന കാര്യം അല്ലാഹുവിന്നല്ലാതെ അറിയില്ല. ഒന്നാം ഊത്തോടെയാണ് അന്ത്യ നാള്‍ തുടങ്ങുക, സ്വര്‍ഗ്ഗാവകാശികള്‍ സ്വര്‍ഗ്ഗത്തിലും നരകാവകാശികള്‍ നരകത്തിലും സ്ഥിരവാസമാകുന്നതുവരെ യും അന്ത്യനാള്‍ നിലനില്‍ക്കും. അത് ഇവിടെ ദുന്യാവിലെ അമ്പതിനായിരം വാര്‍ഷത്തിന്‍റെ ദൈര്‍ഘ്യമാണ്. അനുസരണ ശീലമുള്ള തന്‍റെ ഇഷ്ട അടിമയ്ക്ക് ആ ദീര്‍ഘ സമയം അല്ലാഹു ചുരുക്കിക്കൊടുക്കും; ഭൂമിയില്‍ താന്‍ നിര്‍വ്വഹിച്ചിരുന്ന നിസ്കാര ത്തിന്‍റെ ദൈര്‍ഘ്യമായേ അയാള്‍ക്ക് തോന്നുകയുള്ളൂ. (നിസ്കാരത്തില്‍ തല്‍പരരായ വിശ്വാസികള്‍ക്ക് അതിനാല്‍ ആ ദീര്‍ഘ സമയം ആനന്ദകരമായിട്ടായിരിക്കും അനുഭവപ്പെടുക).
 
ഇമാം അല്‍ഹലീമി പറഞ്ഞു: “ അന്ത്യ നാളിലുള്ള വിശ്വാസം ഈ ദുന്യാവിന് ഒരു അന്ത്യമുണ്ടെന്ന സംഗതിയെ വാസ്തവമാക്കുന്നു. ഈ ലോകം കടന്നുപോകുമെന്നും. അന്ത്യമുണ്ടെന്ന തിരിച്ചറിവ് ഒരു തുടക്കമുണ്ടായിരുന്നുവെന്ന തിരിച്ചറിവിനെ അനിവാര്യമാക്കുന്നു. പണ്ടുപണ്ടേ ഉള്ളതായിരുന്നെങ്കില്‍ അത് നശിക്കുമായിരുന്നില്ല; എന്നുമെന്നും അവശേഷിക്കുമായിരുന്നു. പ്രപഞ്ചം ഉണ്ടായതാണെന്ന് വിശ്വസിക്കാത്തവന്‍ കാഫിര്‍ ആകുന്നു.
     
ഓരോരുത്തരുടെയും അന്ത്യനാള്‍ അയാളുടെ മരണത്തോടെ ആരംഭിക്കുന്നു; സ്വര്‍ഗ്ഗ- നരക വാസികള്‍ അവരുടെ വാസസ്ഥലത്ത് സ്ഥിരമാകുന്നത് വരെയാണ് അതിന്‍റെ ദൈര്‍ഘ്യം.
അല്ലാഹുവിന്‍റെ തീരുമാനവും കല്‍പനയും അനുസരിച്ച്, മലക്കുകള്‍ ആത്മാവ്‌ പിടിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത് എന്ന് വിശ്വസിക്കണം. പിന്നെ ഖബ്രില്‍ അവരെ ജീവിപ്പിക്കുകയും ഇരുത്തുകയും ചോദ്യം ചെയ്യുകയും പിന്നീട് മരിപ്പിക്കുകയും ചെയ്യും. ഖബറില്‍ ആശ്വാസമോ ശിക്ഷയോ ഉണ്ടാകും. ഇതെല്ലാം വിശ്വസിക്കണം.
 
 പ്രമാണങ്ങളില്‍ വന്നിട്ടുള്ള ‘ഖിയാമത്തിന്‍റെ അടയാളങ്ങള്‍’ (പൊതുവായ അന്ത്യനാള്‍ അടുത്തെത്തിയെന്ന്  കാണിക്കുന്ന ലക്ഷണങ്ങള്‍) വിശ്വസിക്കണം. വ്യാപകമായ പുക, ദജ്ജാല്‍ പുറത്തുവരല്‍, ദാബ്ബത്തുല്‍ അര്‍ള് എന്ന അപൂര്‍വ്വ ജീവി പ്രത്യക്ഷപ്പെടല്‍, പടിഞ്ഞാറ് നിന്നും സൂര്യന്‍ ഉദിക്കല്‍, ഈസാ നബിയുടെ ഇറക്കം (രണ്ടു മലക്കുകളുടെ തോളില്‍ കൈകള്‍ വെച്ചുകൊണ്ടായിരിക്കും ആ ഇറക്കം. മുഹമ്മദ്‌ നബി സ്വ യുടെ ദീനീ നിയമങ്ങള്‍ അനുസരിച്ചായിരിക്കും അദ്ദേഹം ജീവിക്കുക; വിധിക്കുക; അദ്ദേഹം ഇസ്ലാം പ്രബോധനം ചെയ്യും, അദ്ദേഹം ദജ്ജാലിനെ വധിക്കും), കിഴക്കും പടിഞ്ഞാറും അറേബ്യയിലും ഭീകരമായ ഭൂപിളരല്‍ ഉണ്ടാവുക, യഅ്ജൂജ്, മഅ്ജൂജ് പുറത്തുചാടുക, സിറിയയുടെ ഭാഗത്ത് നിന്നും ശക്തമായ കാറ്റടിക്കുക, അണുമണി തൂക്കം ഈമാന്‍ അകത്തുള്ളവരെല്ലാം മരിച്ചുതീരുക ഇങ്ങനെയുള്ള ഭീകര അടയാളങ്ങളെ കുറിച്ചു പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. അതിനെത്തുടര്‍ന്ന് രണ്ടുതവണ മഹാ കാഹളശബ്ദം ഉണ്ടാകുന്നു, ആദ്യത്തെ ശബ്ദത്തെ തുടര്‍ന്ന് എല്ലാ ജീവികളും നശിക്കുന്നു, രണ്ടാമത്തെ ഊത്തിനു ശേഷം എല്ലാ ജീവികളും പുനര്‍ ജനിക്കുന്നു, ആകാശം പൊട്ടിപിളരുന്നു, സൂര്യന്‍ കെട്ടുപോകുന്നു, നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുന്നു, ഭൂമി ആകപ്പാടെ മറ്റെന്തോ ആകുന്നു, മലകള്‍ കമ്പിളി രോമം പോലെ പാറിപ്പറക്കുന്നു, മനുഷ്യരുടെ കര്‍മ്മ പുസ്തകം വിതരണം ചെയ്യുന്നു. പിന്നെ വിചാരണ, കര്‍മ്മങ്ങള്‍ തൂക്കി നന്മ തിന്മകള്‍ തിട്ടപ്പെടുത്തല്‍, സ്വിറാ ത്വിലൂടെ കടന്നുപോകല്‍, മുഹമ്മദ്‌ നബി സ്വ യ്ക്ക് മാത്രം അധികാരമുള്ള മഹാ ശുപാര്‍ശാ ചടങ്ങ്, ഹൌളുല്‍ കൌസര്‍, സ്വര്‍ഗ്ഗവും നരകവും ലഭിക്കാത്ത ചിലരുടെ അഅ്റാഫിലെ വാസം, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കല്‍, സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന അല്ലാഹുവിന്‍റെ തിരുദര്‍ശനം,.. ഇങ്ങനെ അന്ത്യനാളുമായി ബന്ധപ്പെട്ട് പ്രമാണങ്ങളില്‍ ഖണ്ഡിതമായി സ്ഥിരീകരിച്ചിട്ടുള്ള എല്ലാ സംഗതികളിലും വിശ്വസിക്കണം.
 
പ്രത്യേകം അറിയാന്‍
 
നബിമാര്‍ക്ക് ഒന്നിലേറെ മരണം ഉണ്ടാകില്ല. അവരുടെ ആത്മാവ് പിടിക്കപ്പെടുന്നു വെങ്കിലും ആ ആത്മാക്കള്‍ക്ക് പ്രത്യേക പ്രസന്നതയും പ്രകാശവും ഉണ്ടാവും, അവരുടെ ശരീരവുമായുള്ള ബന്ധം നിലനില്‍ക്കും, അവരുടെ ശരീരം ഭൂമി ഭക്ഷിക്കുകയോ ദ്രവിക്കുകയോ ഇല്ല.       

6. പുനര്‍ജ്ജന്മം  

 

മരണാനന്തരം ജീവന്‍ തിരിച്ചു നല്‍കുമെന്നും ഖബ്രിലുള്ളവരെ അന്ത്യനാളില്‍ പുനരുജ്ജീവനം ചെയ്യുമെന്നും വിശ്വസിക്കുക.
ഇപ്രകാരം വിശ്വസിക്കുന്നത് ഈമാന്‍റെ മുഖ്യ ഘടകമാണ്. അല്ലാഹു തആലാ പറഞ്ഞു: “സത്യനിഷേധികള്‍ കരുതുന്നു അവര്‍ ഒരിക്കലും പുനര്‍ ജനിപ്പിക്കപ്പെടില്ലെന്ന്! അവരോടു പറ: അതല്ല ശരി. എന്‍റെ നാഥന്‍ സത്യം, നിങ്ങള്‍ പുനര്‍ജ്ജനിപ്പിക്കപ്പെടുക തന്നെ ചെയ്യും”
 
ഇല്ലായ്മയില്‍ നിന്നും അല്ലാഹു അസ്തിത്വം നല്‍കിയപോലെ, അവന്‍ പുനര്‍ജീവന്‍ നല്‍കും. എല്ലുകള്‍ നുരുമ്പിയിട്ടുണ്ടെങ്കിലും ശരി.  ശരീരഭാഗങ്ങള്‍ അവന്‍ ഒരുമിച്ചു കൂട്ടും. ഒരു പൊടി പോലും കുറയില്ല. എവിടെ കിടക്കുന്നെങ്കിലും അവ സമാഹരിച്ചു മനുഷ്യരൂപമാക്കി ജീവന്‍ നല്‍കും. അല്ലാഹു ചോദിക്കുന്നു: “മനുഷ്യന്‍ കാണുന്നില്ലേ, ഒരു ബീജ കണത്തില്‍ നിന്നും നാം അവനെ ജീവിപ്പിച്ചത്? എന്നിട്ടും അവന്‍ പുനര്‍ജ്ജനിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ താര്‍ക്കികന്‍ ആയിരിക്കുന്നു?! നമ്മെ അവന്‍ അനുചിതമായി ഉപമിക്കുന്നു?! തന്നെ അവന്‍ പടച്ച കാര്യം വിസ്മരിച്ചിരിക്കുന്നു?! ദ്രവിച്ച എല്ലുകള്‍ ഇനി ആരാണ് ജീവിപ്പിക്കുക എന്നവന്‍ ചോദിച്ചിരിക്കുന്നു?! അവനോടു പറ : അതിനെ ആദ്യം അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവന്‍ ആരോ അവന്‍ ഇവ പുനരുജ്ജീവിപ്പിക്കുന്നതാണ്”
 
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “നിങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ തന്‍റെ ശാശ്വത വാസം എവിടെയാണോ ആ സ്ഥലം അവന് പ്രഭാതത്തിലും പ്രദോഷത്തിലും പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കും. സ്വര്‍ഗ്ഗ വാസി ആണെങ്കില്‍ താന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന രംഗവും, നരക വാസി ആണെങ്കില്‍ നരക വാസ രംഗവും. ഇതാണ് നിന്‍റെ സങ്കേതം എന്ന് അവനോട് പറയും. അന്ത്യനാള്‍ വരെ ഇത് തുടരും”.

7. വിചാരണ  

 

ഖബ്രുകളില്‍ നിന്നും എഴുന്നേല്‍പിച്ച ശേഷം മനുഷ്യരെയഖിലം ഒരു മൈതാനിയില്‍ (മഹ്ഷര്‍) ഒരുമിച്ചു നിര്‍ത്തും. അല്ലാഹു പറയുന്നു: “സര്‍വ്വ ലോകങ്ങളുടെ സൃഷ്ടിസ്ഥിതി സംഹാരകനായ അല്ലാഹുവിന്‍റെ കല്പനയ്ക്ക്  കീഴ്പ്പെട്ട്‌ ജനങ്ങളഖിലം എഴുന്നേറ്റു നില്‍ക്കുന്ന നാള്‍”..
അവിടെ ഓരോരുത്തരുടെയും കര്‍മ്മഫലം തിട്ടപ്പെടുത്തും. നബി സ്വ പറഞ്ഞു: “ജനങ്ങളെ അന്ത്യനാളില്‍ നഗ്ന പാദരും വിവസ്ത്രരും ലിംഗാഗ്രം മുറിക്കാത്ത നിലയിലും സമ്മേളിപ്പിക്കുന്നതാണ്.” 
 
ജനിക്കുമ്പോള്‍ ഉണ്ടായിരുന്നതും പിന്നീട് നീക്കം ചെയ്തതുമായ ഒരു ഭാഗവും (രോമവും നഖവും എല്ലാം ) ഒഴിവാക്കാതെയായിരിക്കും മഹ്ശറില്‍ മനുഷ്യര്‍ നില്‍ക്കുക. ചേലാകര്‍മ്മത്തില്‍ നീക്കം ചെയ്ത ഭാഗം അവിടെത്തന്നെ  ഉണ്ടാകും. 
 
നബി സ്വ പറഞ്ഞു: (പരലോകത്തെ) സൂര്യന്‍ അന്ത്യനാളില്‍ പടപ്പുകളോട് അടുത്തായി സ്ഥിതിചെയ്യുന്നു. ഏകദേശം ഒരു മൈല്‍ മാത്രം അകലത്തിലായിട്ട്. അപ്പോള്‍ ജനങ്ങള്‍ താന്താങ്കളുടെ കര്‍മ്മതോതനുസരിച്ച് വിയര്‍പ്പില്‍ മുങ്ങുന്നു. ചിലര്‍ മടമ്പ് വരെ വിയര്‍പ്പിലായിരിക്കും. ചിലര്‍ കാല്‍മുട്ട് വരെയും വിയര്‍പ്പില്‍ മുങ്ങും. മറ്റുചിലരുടെ താടിയെല്ലോളം വിയര്‍പ്പായിരിക്കും. വേറെ ചിലരുടെ വായിലേക്ക് വിയര്‍പ്പ് തള്ളിക്കയറും. (തിരുദൂതര്‍ തന്‍റെ കൈകൊണ്ട് വായിലേക്ക് ചൂണ്ടിക്കാണിച്ചു.) മറ്റൊരു നബിവാക്യം ഇങ്ങനെ: “അന്ത്യനാളില്‍ ജനങ്ങള്‍ വിയര്‍ത്തൊലിക്കും. എഴുപത് മുഴം ഉയരത്തോളം അവരുടെ വിയര്‍പ്പ് ഉയരും. അവരുടെ ചെവിയോളം വിയര്‍പ്പ് പൊങ്ങി വായിലേക്ക് അത് കയറും”.
 
കാലികളും പക്ഷികളും മറ്റു ജീവികളും മഹ്ശറില്‍ ഒരുമിച്ചു കൂട്ടപ്പെടും. എല്ലാ പടപ്പുകളും അവിടെ ഉണ്ടാകും. മനുഷ്യ ജിന്നുകള്‍ക്കിടയില്‍ അവകാശ തര്‍ക്കങ്ങള്‍ പരിഹരിക്കും. ഓരോരുത്തരെയും അര്‍ഹിക്കുന്ന പദവിയില്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പ്രവേശിപ്പിക്കും. ജീവികളില്‍പോലും പ്രതിക്രിയാ നടപടികള്‍ നടക്കും. നിയമ ലംഘനം നടത്തിയെന്ന നിലയ്ക്കല്ല അവര്‍ക്കിടയില്‍ പ്രതിക്രിയ നടത്തുന്നത്; ദൈവ സൃഷ്ടികളെല്ലാം സമാന അവകാശബോധമുള്ളവര്‍ ആണെന്ന് കാണിക്കാന്‍. പിന്നെ ജന്തുവര്‍ഗ്ഗം അവിടത്തെ മണ്ണായി മാറും. അതുകണ്ട് സത്യനിഷേധി നിലവിളിക്കും: “അയ്യോ! ഞാനും മണ്ണായിമാറിയെങ്കില്‍!”
   
നബി സ്വ പറയുന്നു: അന്ത്യനാളില്‍ അവകാശങ്ങള്‍ അവയുടെ അവകാശിക്ക് തിരികെ നല്‍കപ്പെടും. കൊമ്പുള്ള ചെമ്മരിയാടില്‍ നിന്നും കൊമ്പില്ലാത്ത ആടുകള്‍ അനുഭവിച്ച പീഡനങ്ങളുടെ കണക്കുപോലും അവിടെ പരിശോധിക്കപ്പെടും; കൊമ്പില്ലാത്ത മൃഗത്തിന് പകരം വീട്ടാന്‍ അവസരം നല്‍കും.”
 
ഏയ്‌ മാന്യ മനുഷ്യാ, ഈ ഹദീസില്‍ നിനക്ക് ചിന്തിക്കാന്‍ ഉണ്ട്. അവകാശങ്ങള്‍ വാങ്ങിക്കൊടുക്കുന്ന ആ നാളെയെപ്പറ്റി, പ്രതിക്രിയ ചെയ്യിപ്പിക്കുന്ന ആ സമയത്തെ കുറിച്ച് നീ ഓര്‍ത്തോ. നിന്‍റെ അശ്രദ്ധയുടെ ശുഷുപ്തിയില്‍ നിന്നും ഉണരുക നീ. ആത്മരക്ഷയെ ഗൌരവത്തിലെടുക്കുക. പിന്നീട് പശ്ചാതപിക്കാം എന്ന് ചിന്തിക്കരുത്; നീ നിര്‍വ്വഹിക്കേണ്ട കടമകള്‍ പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്ക.
പ്രത്യേകം അറിയണം: തെറ്റായ വഴിക്ക് നീ നേടിയിട്ടുള്ള സമ്പാദ്യങ്ങള്‍ വിഷസര്‍പ്പമാണ്. അത് നിന്നെ കൊത്തും. എത്രകാലമായി നീ നിന്‍റെ ദുന്യാവിനെ കുറിച്ച് വിചാരപ്പെടുന്നു? നിര്‍ത്തൂ, ഇനിയത്രയും പരലോകത്തെക്കുരിച്ച് ചിന്തിക്കാന്‍ നോക്ക്. അല്ലാഹുവിനെയും അവന്‍റെ തിരുദൂതരെയും അനുസരിക്ക്. നിനക്കറിയില്ലേ, സര്‍വ്വലോക രക്ഷിതാവ് തന്‍റെ കൃപാവാത്സല്യം കൊണ്ട് മനുഷ്യനേതാവും തന്‍റെ ഇഷ്ടനുമായ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമിനെ ദൂതനായി യച്ച കാര്യം?! അവിടുത്തേക്ക്‌ മഹത്തായ ഖുര്‍ആന്‍ അവതരിപ്പിച്ച കാര്യം?! നിന്നെ ശാന്തിയുടെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് ക്ഷണിച്ചത്? അവന്‍ പറഞ്ഞു: “ അല്ലാഹു ശാന്തി നികേതനിലേക്ക് ക്ഷണിക്കുന്നു” . അതിനാല്‍ അവന്‍ നിന്നെ എവിടേക്ക് ക്ഷണിച്ചുവോ, അക്കാര്യം നീ ശ്രദ്ധയില്‍ നിന്നും വിടരുത്. അവന്‍റെ തിരുകല്‍പനകളെ നീ അവഗണിക്കരുത്. സത്യത്തിന്‍റെ പാതയില്‍ നീ ഉറച്ച മനസ്സോടെ കാലുറപ്പിക്കുക. ഈ നശ്വരമായ ഭൗതിക ലോകത്തെ സുഖം കണ്ട്, നരക മാര്‍ഗ്ഗത്തിനു നീ സ്വര്‍ഗ്ഗ വഴിയേക്കാള്‍ പ്രാധാന്യം നല്‍കല്ല. ഒരു ധാന്യത്തിന് വേണ്ടി നാശത്തിന്‍റെ വലയില്‍ പെട്ടുപോകുന്ന പൈങ്ങാക്കിളി യെപ്പോലെ നൈമിഷികവും നിന്ദ്യവുമായ ശരീര മോഹങ്ങളെ സംതൃപ്തിപ്പെടുത്താന്‍ സമയവും ഊര്‍ജ്ജവും സമ്പത്തും ചെലവഴിച്ച് നീ നിന്നെ നരകത്തില്‍ കൊണ്ടുപോയി തള്ളല്ലേ. പരലോക യാത്രയ്ക്കുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഏര്‍പ്പെട്ടോളൂ. കാരണം അങ്ങോട്ടുള്ള വഴി അല്‍പം ക്ലിഷ്ടമാണ്. ശരീഅത്ത് അനുധാവനം ചെയ്തുകൊണ്ട് നീ പരലോകത്തേക്കുള്ള പാഥേയം കരുതിവേച്ചോളൂ. ലോക രക്ഷിതാവ് വിളിച്ചിട്ടും അതിനു ചെവി കൊടുക്കാത്ത വരുടെ സ്ഥിതി എന്താണെന്ന് നീ ചിന്തിക്കൂ..

8. വിചാരണ 

 

സത്യവിശ്വാസികളുടെ വീടും മടക്കസ്ഥാനവും സ്വര്‍ഗ്ഗമാണെന്നും, സത്യനിഷേധികളുടെത് നരകമാണെന്നും വിശ്വസിക്കുക.
സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങളും നരകത്തിലെ ശിക്ഷകളും താല്‍ക്കാലികമല്ല; സ്ഥിരമാണ്; അത് ഒരുകാലത്തും അവസാനിക്കില്ല. സത്യനിഷേധിആയിരിക്കേ മരണപ്പെട്ട വ്യക്തി നരകത്തില്‍ ശാശ്വതമായി വസിക്കുന്നു. സത്യവിശ്വാസത്തോടെ മരണപ്പെടുന്ന ആള്‍ പാപങ്ങളില്‍ നിന്നും രക്ഷപ്പെട്ടവനോ പാപത്തില്‍ നിന്നും പശ്ചാത്തപിച്ചവനോ ആണെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ കടക്കും; നരക ശിക്ഷ തീരെ ലഭിക്കില്ല. നരകത്തിനു മുകളിലൂടെ യുള്ള സ്വിറാത്ത്വിലൂടെ അവരെയും നടത്തും. ആ നടത്തത്തില്‍ നിന്നും ഒരാളും ഒഴിവാകില്ല. ഇമാം നവവി റഹി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസി പാപിയാണ്, പക്ഷേ പശ്ചാത്താപിച്ചിട്ടില്ല എങ്കില്‍ അവന്‍റെ കാര്യം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനത്തിന് വിടുന്നു; പാപത്തിന്‍റെ തോതനുസരിച്ച് നരക ശിക്ഷ നല്‍കിയ ശേഷം സ്വര്‍ഗ്ഗത്തിലേക്ക് വിടാം, അല്ലെങ്കില്‍ മാപ്പാക്കി ശിക്ഷയില്ലാതെ സ്വര്‍ഗ്ഗത്തില്‍ കടത്താം, അതവന്‍റെ ഇഷ്ടം.
നബി സ്വ പറഞ്ഞു: “അല്ലാഹു സ്വര്‍ഗ്ഗക്കാരെ സ്വര്‍ഗ്ഗത്തിലും നരകക്കാരെ നരകത്തിലും പ്രവേശിപ്പിക്കുന്നു, തുടര്‍ന്ന് ഒരു വിളംബരക്കാരന്‍ വിളിച്ചു പറയും: “സ്വര്‍ഗ്ഗക്കാരേ, ഇനി നിങ്ങള്‍ക്ക് മരണമില്ല. നരക വാസികളേ, നിങ്ങള്‍ക്കും ഇനി മരണമില്ല; എല്ലാവരും അവരവരുടെ സങ്കേതത്തില്‍ ഇനി ശാശ്വതം.”
 
നബി സ്വ പറഞ്ഞു: “സ്വര്‍ഗ്ഗക്കാര്‍ സ്വര്‍ഗ്ഗത്തിലും നരകക്കാര്‍ നരകത്തിലും ആയ ശേഷം, മരണത്തെ കൊണ്ടുവന്ന് സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയില്‍ നിര്‍ത്തും. പിന്നെ അവിടെവെച്ച് അതിനെ അറുക്കും. ശേഷം വിളിച്ചുപറയുന്ന ആള്‍ ഉറക്കെ പറയും: ‘ സ്വര്‍ഗ്ഗവാസികളെ, ഇനി മരണമില്ലട്ടോ, നരക വാസികളേ, നിങ്ങള്‍ക്കും മരണമില്ല’. അപ്പോള്‍ സ്വര്ഗ്ഗക്കാര്‍ക്ക് സന്തോഷാനന്ദം പിന്നെയും കൂടും; നരകക്കാര്‍ക്ക് വിഷാദം വര്‍ദ്ധിക്കും.’”
 
അറിയാമല്ലോ, മരണം ഒരു പ്രതിഭാസമാണ്; ജീവന്‍ പോലെത്തന്നെ. ഒരു വസ്തുവല്ല. മുകളിലെ ഹദീസില്‍ പരാമര്‍ശിച്ച കാര്യം ഇങ്ങനെ വ്യാഖ്യാനിക്കണം: അല്ലാഹു തന്‍റെ ശക്തിയാല്‍ മരണത്തിന്‍റെ പ്രതീകമായി ഒരു ജീവിയെ സൃഷ്ടിക്കുന്നു, അറുക്കാന്‍ പാകത്തില്‍. സ്വര്‍ഗ്ഗ നരകങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഇനി ഒരു മരണം സംഭവിക്കില്ലെന്ന് പ്രതീകാത്മകമായി കാണിക്കാന്‍.
 
പ്രത്യേക അറിവിലേക്ക്
 
സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയില്‍ ഒരു ചുമരുണ്ട്. അഅ്റാഫ്’ എന്നാണ് പേര്‍. ചുമരുകള്‍ക്ക് മുകളില്‍  ഉയര്‍ന്നു കാണുന്നതാണ് അഅ്റാഫ് എന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും അഅ്റാഫില്‍ കുറച്ചു പേര്‍ ഉണ്ടാകും. സ്വര്‍ഗ്ഗക്കാര്‍ക്കും നരകക്കാര്‍ക്കും അവരെ അതിന്‍റേതായ അടയാളങ്ങള്‍ വഴി തിരിച്ചറിയാം. സ്വര്‍ഗ്ഗക്കാരെ കാണുമ്പോള്‍ അവര്‍ സലാം പറയും. നരകക്കാരെ കണ്ടുപോയാല്‍ അവരുടനെ പ്രാര്‍ഥിക്കും, :ഞങ്ങളുടെ തമ്പുരാനേ, അക്രമികളായ ആളുകളോടൊപ്പം ഞങ്ങളെ ഇടല്ലേ”. ഒരു നിശ്ചിത കാലം അവര്‍ അവിടെത്തന്നെ പാര്‍ക്കും. പിന്നെ, അവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗ പ്രവേശനത്തിന് അനുമതി നല്‍കും. ഇപ്പോള്‍ ഒന്നുകില്‍ സ്വര്‍ഗ്ഗക്കാര്‍, അല്ലെങ്കില്‍ നരകക്കാര്‍ മാത്രമായി.
 

അറിയുക 

 

അല്ലാഹു തആലാ തന്‍റെ ശക്തിയാല്‍, നരകത്തിന് ഒരു തരം ജൈവ പ്രകൃതവും വികാരങ്ങളും നല്‍കുന്നു. അങ്ങനെ നരകം തേങ്ങിയുറക്കെ ക്കരയുന്നു, ശ്വാസമയക്കാന്‍ അനുവാദം ചോദിക്കുന്നു. സ്വഹീഹായ ഹദീസില്‍ കാണുന്നു: “ നരകം റബ്ബിനോട് പരാതിപ്പെടുന്നു, നാഥാ, എന്‍റെ ചില ഭാഗം മറ്റു ഭാഗങ്ങളെ തിന്നു കേടുവരുത്തുന്നു. അപ്പോള്‍ അല്ലാഹു അതിന് രണ്ടു തവണ ശ്വാസം അയക്കാന്‍ അനുവാദം നല്‍കുന്നു. ഒന്ന് (ഇഹലോകവുമായി താരതമ്യം ചെയ്യുമ്പോള്‍) വര്‍ഷകാലത്തും മറ്റൊന്ന് വേനലിലും. ചൂട് ശക്തമാകുമ്പോഴും ശീതവിറയല്‍ ശക്തമാകുമ്പോഴും.”
ഏയ്‌ മാന്യരേ, ചിന്തിക്കൂ. നിന്‍റെ അശ്രദ്ധ മാറ്റൂ. നരകം അതിന്‍റെ സ്വന്തം ഭീകര സ്ഥിതി സഹിക്കാതെ അലറുന്ന കാര്യം ഓര്‍ത്ത് നീ ഭയക്കൂ. ശരീഅത്ത് അനുധാവനം ചെയ്ത് സുരക്ഷിതമായ കോട്ടയില്‍ നീ കയറി രക്ഷപെടാന്‍ നോക്കൂ. പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കൂ. നരകത്തില്‍ നിന്നും അകന്നകന്ന് സ്വര്‍ഗ്ഗത്തില്‍ ചെന്നണയുവോളം.
 

9. മുന്‍വിധി    

 

ഈമാന്‍ കാര്യങ്ങളില്‍ പ്രധാനമാണ് വിധി വിശ്വാസം. അല്ലാഹു തആലാ അരുളുന്നു: “എല്ലാം പടച്ചത് അവന്‍. അങ്ങനെ ആ  പടപ്പുകള്‍ക്ക് ഒരു നിര്‍ണ്ണയം വെച്ചതും അവന്‍”. “നാം അവ പടച്ചിരിക്കുന്നത് ഒരു നിര്‍ണ്ണയത്തോടെയാണ്”.
 
നബി സ്വ പറഞ്ഞു: “എല്ലാ വസ്തുവും/ സംഗതിയും ഒരു നിര്‍ണ്ണയപ്രകാരമാണ്; ബുദ്ധിക്കുറവും ബുദ്ധിശക്തിയും പോലും.”
 
പടപ്പുകളുടെ എല്ലാ പ്രവൃത്തികളും അവരുടെ സ്ഥിതി വൈവിധ്യങ്ങളും അനുസരണയും ധിക്കാരവും അന്നവും ആയുസ്സുമെല്ലാം സര്‍വ്വജ്ഞനായ അല്ലാഹു മുന്‍കൂട്ടി കണ്ട് തീരുമാനിച്ചു സൃഷ്ടിക്കുന്നവയാണ്. ഏതൊരു വ്യക്തിയുടെയും സകലമാന അവസ്ഥകളും അവന്‍റെ ആസൂത്രണമാണ്. സംഭവിക്കുന്നതെല്ലാം അതിനനുസൃതമായിട്ട് മാത്രം. ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചലനമോ നിശ്ചലനമോ അവന്‍റെ ആസൂത്രണത്തില്‍ പെടാതെ ഇവിടെ സംഭവിക്കുന്നില്ല. സത്യവിശ്വാസവും അനുസരണയും ദാസനില്‍ നിന്നും ഉണ്ടാകുന്നത് അവന്‍റെ ഇഷ്ടത്തോടെയുള്ള ആസൂത്രണത്തിന്‍റെ ഭാഗമാണ്; അതാണവന്‍ ദാസനോട് കല്‍പിക്കുന്നതും; പ്രതിഫലമായി അനുഗ്രഹങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതും. സത്യനിഷേധവും അനുസരണക്കേടും ദാസനില്‍ നിന്നും ഉണ്ടാകുന്നതും അവന്‍റെ ആസൂത്രണത്തില്‍ പെട്ടതാണ്; എന്നാല്‍, ഇഷ്ടത്തോടെയല്ല. അവയെ വിലക്കുകയാണ് അവന്‍ ചെയ്തിട്ടുള്ളത്; ശിക്ഷ ഉണ്ടാകുമെന്ന താക്കീതും അറിയിച്ചിട്ടുണ്ട്. ഇഷ്ടവും ആസൂത്രണവും ഒന്നല്ല; രണ്ടാണ്.
 
ദാസന്മാര്‍ക്ക് കര്‍മ്മങ്ങള്‍ തിരഞ്ഞെടുക്കാനും ചെയ്യാനും ശക്തിയും സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ശക്തി അല്ലാഹു സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യ ബോധവും അവന്‍റെ സൃഷ്ടിതന്നെ. തിരഞ്ഞെടുപ്പും കര്‍മ്മ സമ്പാദ്യവും ദാസന്‍റെ ഉത്തരവാദിത്തമാണ്. അല്ലാഹു തആലാ പറഞ്ഞു: “അല്ലാഹുവാണ് നിങ്ങളെ പടച്ചത്; നിങ്ങളുടെ കര്‍മ്മങ്ങളെ പടക്കുന്നതും.“എല്ലാം അല്ലാഹുവിങ്കല്‍ നിന്നത്രെ”. “അല്ലാഹു ഇഛ്ചിക്കാതെ അവര്‍ ഇഛിക്കുന്നില്ല”.
 

10. അല്ലാഹുവിനെ സ്നേഹിക്കുക    

 

അല്ലാഹുവിനോടുള്ള സ്നേഹമാണ് വിശ്വാസത്തിന്‍റെയും കര്‍മ്മങ്ങളുടെയും ആത്മീയ സ്ഥാനപദവികളുടെയും അവസ്ഥകളുടെയും ആത്മാവ്. എല്ലാ സംഗതികളേക്കാളും അല്ലാഹുവിനോട് സ്നേഹമുണ്ടായിരിക്കുക സത്യവിശ്വാസികളുടെ സവിശേഷ ഗുണമാണ്. അല്ലാഹു തആലാ പറഞ്ഞു: “സത്യം വിശ്വസിച്ച യാതൊരുത്തരത്രെ അല്ലാഹുവിനോട് സ്നേഹം അധികമുള്ളവര്‍”. അവന്‍ അരുളുന്നു: “പറയുക ദൂതരേ, നിങ്ങളുടെ പിതാക്കളോ മക്കളോ സഹോദരങ്ങളോ ഇണകളോ ബന്ധുക്കളോ സമ്പാദിച്ച സമ്പത്തുകളോ നശിക്കുമെന്ന് ഭയക്കുന്ന കച്ചവടമോ ഇഷ്ടപ്പെടുന്ന ഭവനങ്ങളോ അല്ലഹുവിനേക്കാള്‍, അവന്‍റെ ദൂതരേക്കാള്‍, അവന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദിനേക്കാള്‍ നിങ്ങള്‍ക്ക് ഇഷ്ടകരമാണെങ്കില്‍, അല്ലാഹു തന്‍റെ കല്പനയുമായി വരുന്ന സന്ദര്‍ഭത്തെ നിങ്ങള്‍ കരുതിയിരുന്നോളൂ. ദുര്‍വൃത്തരെ അല്ലാഹു നേര്‍വഴിക്ക് നയിക്കുന്നില്ല”.
 
നബി സ്വ പറഞ്ഞു: മൂന്നുകാര്യങ്ങള്‍. ആരിലവയുണ്ടോ അയാള്‍ ഈമാന്‍റെ മധുരം നുണഞ്ഞിരിക്കുന്നു. അല്ലാഹുവും റസൂലും മറ്റാരേക്കാളും തനിക്ക് ഇഷ്ട വ്യക്തികള്‍ ആയിരിക്കുക, അല്ലാഹുവിന്‍റെ ഇഷ്ടം പാര്‍ത്തല്ലാതെ ഒരാളെയും സ്നേഹിക്കാതിരിക്കുക, അഗ്നികുണ്ഡത്തില്‍ എറിയപ്പെടുന്നത് അസഹ്യമാകുന്നതുപോലെ സത്യനിഷേധത്തിലെക്ക് മടങ്ങുന്നതിനെ വെറുക്കുക”.
 
അനുസരണ യോടെയുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആനന്ദം ഉണ്ടാവുക, അല്ലാഹുവിന്‍റെയും ദൂതരുടെയും തൃപ്തി നേടാന്‍ എന്തു പ്രയാസവും സഹിക്കാന്‍ സന്നദ്ധനാവുക, അവരുടെ ഇഷ്ടത്തെ ഭൗതികമായ ഏതുവിധം ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കാള്‍ പ്രാധാന്യം കല്‍പിക്കുക.. ഇതൊക്കെയാണ് ഈമാന്‍റെ മധുരം’ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ജ്ഞാനികള്‍ പ്രസ്താവിച്ചിട്ടുണ്ട്.
 
പ്രത്യേകം അറിയാന്‍
 
അല്ലാഹുവിനെ സ്നേഹിക്കുന്നുവെന്നതിനുള്ള പ്രത്യക്ഷമായ അടയാളം അവന്‍റെ ദൂതരെ അനുഗമിക്കുന്നു എന്നതാണ്. അല്ലാഹു തആലാ പറഞ്ഞു: “അരുളൂ ദൂതരേ, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുവീന്‍; അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും, നിങ്ങളുടെ പാപങ്ങള്‍ പൊറുക്കും..”
അവന്‍ പറഞ്ഞു: സത്യം വിശ്വസിച്ച ബഹുമാന്യരേ, ആരാണോ നിങ്ങള്‍ക്കിടയില്‍ നിന്നും തന്‍റെ ദീന്‍ ഉപേക്ഷിച്ചു പോകുന്നത്, (അവര്‍ക്ക് നഷ്ടം). താന്‍ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന, സത്യവിശ്വാസികളോട് സൌമ്യരായും  സത്യനിഷേധികളോട് പരുഷരായും സമീപിക്കുന്ന, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന, ഒരാക്ഷേപകന്‍റെയും ആക്ഷേപത്തെ ഭയക്കാത്ത ഒരു വിഭാഗം ആളുകളെ അവന്‍ താമസിയാതെ കൊണ്ടുവരുന്നതാണ്”.
 
അല്ലാഹുവിനോടുള്ള സ്നേഹം യാഥാര്‍ത്ഥ്യമാകുന്നത് അവനെ അനുസരിക്കുകയും ധിക്കരിക്കാതിരിക്കുകയും അവന്‍റെ കല്‍പനകള്‍ ബഹുമാനിക്കുകയും അവന്‍റെ വിധി നിര്‍ണ്ണയങ്ങള്‍ തൃപ്തിപ്പെടുകയും ചെയ്യുമ്പോഴാണ്‌. അവനോടുള്ള സ്നേഹമാണ് സകല സൗഭാഗ്യങ്ങളില്‍ പ്രധാനം. ഇരുലോക സന്തോഷങ്ങളുടെ അടിത്തറ. മോക്ഷത്തിന്‍റെ കേന്ദ്രബിന്ദു. ഹൃദയത്തിനു ജീവന്‍ തരുന്ന സംഗതി.
അല്ലാഹുവിനെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുകയും എന്നിട്ട് അവനെയും ദൂതരെയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അയാള്‍ കള്ളം പറയുകയാണ്‌. അല്ലാഹു തആലാ പറഞ്ഞു: “ദൂതരേ പറഞ്ഞുകൊടുക്കൂ, നിങ്ങള്‍ അല്ലാഹുവിനെയും ദൂതരെയും അനുസരിക്കുക. നിങ്ങള്‍ പിന്തിരിയുന്നപക്ഷം , അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നില്ല എന്നറിയുക.”
 
അല്ലാഹു സ്നേഹിക്കുന്ന ഏതൊരു വസ്തുവിനെയോ സംഗതിയെയോ വ്യക്തിയെയോ സ്നേഹിക്കാതെ അല്ലാഹുവിനോടുള്ള സ്നേഹം പൂര്‍ണ്ണമാകില്ല. അവന്‍ ഏതിനെയെല്ലാം വെറുക്കുകയും ശത്രുതയോടെ കാണുകയും ചെയ്യുന്നുവോ അവയോടെല്ലാം വെറുപ്പും ശത്രുതയും ഉണ്ടാകണം.
 
സഹ്ലുബ്നു അബ്ദില്ലാഹ് റഹി പറഞ്ഞു: “ഖുര്‍ആനോടുള്ള സ്നേഹം അല്ലാഹുവിനോടുള്ള സ്നേഹത്തിന്‍റെ പ്രകടമായ അടയാളമാണ്. മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുള്ള സ്നേഹം ഖുറാനോട് സ്നേഹമുണ്ടെന്ന് കാണിക്കുന്നു. അവിടുത്തെ തിരുചര്യയോടുള്ള സ്നേഹമാണ് അവിടുത്തോടുള്ള സ്നേഹത്തിന്‍റെ അടയാളം. പരലോകത്തോടുള്ള സ്നേഹമാണ് സുന്നത്തിനോടുള്ള സ്നേഹത്തിന്‍റെ അടയാളം. ഭൗതിക ലോകത്തോടുള്ള ശത്രുതയത്രേ പരലോകസ്നേഹത്തിന്‍റെ കുറിമാനം. ഭൗതിക ലോകത്തോട്‌ ശത്രുതയുണ്ടെങ്കില്‍ പരലോകത്ത് ഉപകരിക്കുന്നത്‌ മാത്രമേ ഇവിടെന്ന്‍ സമ്പാദിക്കുകയുള്ളൂ.
 
പ്രധാന വിവരം
 
അല്ലാഹു സ്നേഹിക്കുന്നു എന്ന് പറയുന്നപോലെ അവന്‍ ഇഷ്ഖ് കാണിക്കുന്നു എന്ന്‍ വാദിക്കുന്നത് വൃത്തികെട്ട ബിദ്അത്തില്‍ പെട്ടതാണ്: മോശമായ സംഗതിയുമാണ്. ഇമാമുകള്‍ അതിനെ തടഞ്ഞിട്ടുണ്ട്. കാരണം, അല്ലാഹുവിന് പുതിയ നാമങ്ങള്‍ ഉണ്ടാക്കുന്നത് അനുവദനീയമല്ല. 
 
  

11. അല്ലാഹുവിനെ ഭയക്കുക    

 

അല്ലാഹു തആലാ പറഞ്ഞു: “അതിനാല്‍ നിങ്ങള്‍ അവരെ ഭയക്കണ്ട; എന്നെ ഭയക്കൂ, നിങ്ങള്‍ സത്യവിശ്വാസികള്‍ ആണെങ്കില്‍”. (ഖൗഫ്= ഭയം),(അവരെ ഭയക്കണ്ട എന്നുവെച്ചാല്‍ ശൈത്വാന്‍റെ മിത്രങ്ങളെ/ഇഷ്ടജനങ്ങളെ )
അവന്‍ മറ്റൊരിടത്ത് പറയുന്നു: “അതിനാല്‍ നിങ്ങള്‍ അവരെക്കുറിച്ച് ഭീതിപ്പെടരുത്; എന്നെ ഭീതിപ്പെടുക”.(ഖശ് യത്ത്) (അതായത്, സത്യനിഷേധികളെ ഭീതിപ്പെടരുത് എന്ന്‍)
 
സ്വര്‍ഗ്ഗക്കാരെ അല്ലാഹു വാഴ്ത്തിയത്, ”അവര്‍ തങ്ങളുടെ നാഥനെ ഭീതിപ്പെടുന്നവരായിരുന്നു” എന്നത്രേ. പരസ്യമായും രഹസ്യമായും.
നബി സ്വ ഉപദേശിച്ചു: “ഒരു കാരക്കയുടെ ചീള് ദാനം ചെയ്തിട്ടെങ്കി ലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക”. (ചെറുതെങ്കിലും സാധ്യമായത് ദാനം ചെയ്യാന്‍ ഉപദേശിക്കുന്നതിലൂടെ ദാനത്തെ ശക്തമായി പ്രേരിപ്പിക്കുകയാണ്)
 
നബി സ്വ ഉണര്‍ത്തുന്നു: “ഞാന്‍ അറിയുന്നതെല്ലാം നിങ്ങള്‍ അറിയുമെങ്കില്‍ നിങ്ങള്‍ കുറച്ചേ ചിരിക്കൂ; ഏറെ കരയുമായിരുന്നു”. പാപികള്‍ക്കുള്ള  അല്ലാഹുവിന്‍റെ പ്രതിക്രിയാ നടപടികളും വേദനിക്കുന്ന ശിക്ഷയും ഉയിര്‍പ്പുനാളിന്‍റെ ഭീകരതയും അതിനെ തുടര്‍ന്നുള്ള കാര്യങ്ങളും ഞാനറിയുന്ന പോലെ നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ സാരം.
അവിടുത്തെ മിക്ക സദസ്സുകളുടെയും ഒടുവില്‍ തിരുനബി സ്വ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: “അല്ലാഹുവേ, ഞങ്ങള്‍ക്കും നിന്നെ ധിക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ മറയായി വര്‍ത്തിക്കുന്നത്ര ഭയഭക്തി നീ ഞങ്ങള്‍ക്ക് വിഹിതമായി അനുവദിച്ചാലും!” ഭയ ഭക്തിയുടെ ശരിയായ സ്ഥിതി പാപങ്ങള്‍ വര്ജ്ജിക്കല്‍ ആണെന്ന് ഈ പ്രാര്‍ത്ഥന ചൂണ്ടിക്കാട്ടുന്നു.
 
അനസ് റ പറഞ്ഞു: “ നിങ്ങളുടെ കണ്ണില്‍ വളരെ നിസ്സാരമായി കാണുന്ന ചില കര്‍മ്മങ്ങള്‍ നിങ്ങള്‍ക്കറിയാംമല്ലോ, എന്നാല്‍ നബി സ്വ ജീവിച്ചിരുന്ന കാലത്ത് ഞങ്ങളവ മഹാപാപമായി ഗണിച്ചിരുന്നവയാണത്”.
 
മാന്യരേ, നബി സ്വ യുടെ പ്രാര്‍ത്ഥനയെ ക്കുറിച്ച്, അനസ് റ വിന്‍റെ പ്രസ്താവനയെ സംബന്ധിച്ച് നന്നായി ചിന്തിക്കുക. താങ്കളുടെ മുമ്പാകെ പാപങ്ങളെ നിസ്സാരമായി അവതരിപ്പിക്കുന്ന, വലിയ വലിയ തെറ്റുകള്‍ ചെയ്യാന്‍ താങ്കള്‍ക്ക് പ്രേരണ നല്‍കുന്ന ആളുകളുടെ- അവര്‍ ശൈഖോ മതോപദേശ പ്രസംഗകനോ നേതാവോ ആയിരുന്നാല്‍ പോലും –  വാക്കുകളിലേക്ക് താങ്കള്‍ തിരിഞ്ഞു നോക്കരുത്. കാരണം അവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ ദീനീ മാര്‍ഗ്ഗത്തിലെ കൊടും കള്ളന്മാരും വിശുദ്ധ മതപാതയിലെ തട്ടിപ്പറിക്കാരുമാകുന്നു. ഇബ്ലീസിന്‍റെ പ്രതിനിധികളെന്നു വിളിച്ചാല്‍ പോരാ, അവര്‍ മനുഷ്യ പിശാചുക്കള്‍ തന്നെയാണ്.
 
പ്രത്യേകം അറിയാന്‍
 
ഭയഭക്തി പലവിധേന ഉണ്ടാകാം. പ്രതികാര- ശിക്ഷാ നടപടികളുടെ ഭീകര സ്വഭാവം മനസ്സിലാക്കുക നിമിത്തം ഭയം ജനിക്കുന്നു. അക്കാര്യം കൂടുതല്‍ അറിയുന്നതിനനുസരിച്ച് ഭയം കൂടുന്നു. അതുകൊണ്ടല്ലേ, നബി സ്വ യുടെ ഭയഭക്തി മറ്റുള്ളവരേക്കാള്‍ ശക്തമായിരുന്നത്. ഭയപ്പെടുന്ന കാര്യം പലതാകാം. ശിക്ഷയെ ഭയക്കുന്നു, ക്ഷേമ പ്രതിഫലം നഷ്ട്ടപ്പെടുമോ എന്ന് ഭയക്കുന്നു. സാമീപ്യ മഹത്വം വിനഷ്ടമാകുന്നതിനെ ഭയക്കുന്നു. അല്ലാഹുവിന്‍റെ മഹത്വവും വലുപ്പവും നല്ലവണ്ണം തിരിച്ചറിയുന്നതില്‍ നിന്നും സംജാതമാകുന്ന ഭയം.
 
അവര്‍ കരുതി കൊണ്ടുവന്നതെന്തോ അത് അവര്‍ക്ക്തന്നെ സമര്‍പ്പിക്കുന്നു..” എന്ന പരാമര്‍ശത്തെ ക്കുറിച്ച് മഹതി ആഇശ റ തിരുദൂതര്‍ സ്വ യോട് ചോദിച്ചറിഞ്ഞു: ‘മദ്യപിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവരെ കുറിച്ചല്ലേ ആ പരാമര്‍ശം?’. അവിടുന്ന് പ്രതിവചിച്ചു: സ്വിദ്ധീഖിന്‍റെ പുത്രീ, അല്ലയല്ല, വ്രതമനുഷ്ടിക്കുകയും നിസ്കരിക്കുകയും ദാനം ചെയ്യുകയും ചെയ്തിരുന്നവരെ കുറിച്ചു തന്നെയാണ് ആ പരാമര്‍ശം. അവര്‍ ഭയക്കുന്നു : തങ്ങളില്‍ നിന്നും സദ്കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടില്ലേ എന്ന്; അവരത്രെ വിവിധ നന്മകളില്‍  ധൃതിപ്പെട്ട് മുന്നേറുന്നവര്‍ ”.
 
അല്ലാഹുവിനോടുള്ള ഭയഭക്തി അവകാശപ്പെടുന്ന ഒരാള്‍, അവനോടുള്ള നിര്‍ബന്ധ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട സമയങ്ങളില്‍, ആ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ട ശരിയായ സമയം കടന്നുപോകുന്നത് കണക്കിലെടുക്കാതെ,  സ്വന്തം ജീവിത വിഭവങ്ങള്‍ ക്രമീകരിക്കുന്ന പണികളില്‍ വ്യാപൃതനാണെങ്കില്‍, കളിതമാശകളിലും മറ്റു അശ്രദ്ധകളിലും മുഴുകുന്നുവെങ്കില്‍ അയാളുടെ അവകാശവാദം കള്ളമാണ്. അപ്രകാരം തന്നെയാണ്, വിലക്കപ്പെട്ട കാര്യങ്ങളില്‍ വ്യാപ്രുതരാകുന്നവന്‍. അവരുടെ പ്രവൃത്തി പ്രസ്താവനയെ കള്ളമാക്കുന്നു.
 
അല്ലാഹുവിന്‍റെ സൂത്രങ്ങളില്‍ നിന്നും നിര്‍ഭയത്വം തോന്നുന്നത് നാശകാരിയായ വന്‍പാപമാകുന്നു. (അവന്‍ കൊടും ശിക്ഷകളൊന്നും തരാത്തതിനാല്‍ താന്‍ സുരക്ഷിതനാണെന്ന വിചാരം വലിയ പാപമാണെന്ന് സാരം; അതവന്‍റെ സൂത്രമായി തിരിച്ചറിഞ്ഞ്, പാപങ്ങളില്‍ നിന്നും കുതറിമാറി പശ്ചാതപിക്കണം, ഭയഭക്തിയുടെ രീതിയതാണ്. വിവ.) സൂത്രശാലിയുടെ ശരിയായ രീതി, ശത്രു നിനയ്ക്കാത്ത വഴിയ്ക്ക് അവനെ ശിക്ഷിക്കുക എന്നതാണ്.
അല്ലാഹുവിന്‍റെ സൂത്രപ്രയോഗത്തില്‍ നിന്നും നിര്‍ഭയത്വം അനുഭവിക്കുക രണ്ടിനമുണ്ട്. സര്‍വ്വാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് ഒരിനം; അതൊരു വ്യാജ പ്രതീക്ഷയാണ്; കാരണം ഇയാള്‍ അതിനു അര്‍ഹനല്ല. അല്ലാഹു പറഞ്ഞല്ലോ, തന്‍റെ കാരുണ്യം ആര്‍ക്കാണ് പ്രതീക്ഷിക്കാവുന്നതെന്ന്: “നിശ്ചയം എന്‍റെ കാരുണ്യം നന്മയില്‍ മുന്നേറുന്നവരുടെ ചാരത്താണ്”. “സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം ആദര്‍ശ മിത്രങ്ങളാണ്; അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ വിലക്കുന്നു, നിസ്കാരം നേരാംവണ്ണം നിലനിര്‍ത്തുന്നു, സകാത്ത് കൊടുക്കുന്നു, അവര്‍ അല്ലാഹുവിനെയും അവന്‍റെ ദൂതരെയും വണങ്ങി അനുസരിക്കുന്നു. അല്ലാഹു കാരുണ്യം ചൊരിയാനിരിക്കുന്നത് അക്കൂട്ടരുടെ മേലാണ്”.
 
രണ്ടാം ഇനം ഇങ്ങനെ: 
അല്ലാഹുവിന്നുള്ള അനുസരണത്തിലും ആരാധനകളിലും പ്രതീക്ഷയര്‍പ്പിക്കുന്നു; അവ തള്ളപ്പെടുമോ എന്ന ആശങ്ക ഒട്ടുമില്ലാതെ. നബി സ്വ പറഞ്ഞു: “താനല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ലാത്ത യാതൊരുത്തന്‍ സത്യം, നിങ്ങളില്‍ ഒരാള്‍ സ്വര്‍ഗ്ഗക്കാര്‍ ചെയ്യാറുള്ള കര്‍മ്മങ്ങള്‍ ചെയ്തുചെയ്ത് സ്വര്‍ഗ്ഗത്തിലേക്ക് ഒരു മുഴം അകലെ എത്തിനില്‍ക്കവേ, (അയാളുടെ ഗതിവിഗതികള്‍ മുന്‍കൂട്ടികണ്ട് രേഖപ്പെടുത്തിയിട്ടുള്ള രേഖ വിജയിക്കുന്നു,) അയാള്‍ നരകക്കാരുടെ പണികള്‍ എടുക്കാന്‍ തുടങ്ങുകയും അങ്ങനെ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. നരകക്കാര്‍ ചെയ്യാറുള്ള കര്‍മ്മങ്ങള്‍ ചെയ്തുചെയ്ത് നരകത്തിലേക്ക് ഒരു മുഴം അകലെ എത്തിനില്‍ക്കവേ, (അയാളുടെ ഗതിവിഗതികള്‍ മുന്‍കൂട്ടികണ്ട് രേഖപ്പെടുത്തിയിട്ടുള്ള രേഖ വിജയിക്കുന്നു,) അയാള്‍ സ്വര്‍ഗ്ഗക്കാരുടെ പണികള്‍ എടുക്കാന്‍ തുടങ്ങുകയും അങ്ങനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.” (ഒരു മുഴം അടുത്തെത്തിയെന്നാല്‍ മരണം അടുത്തെത്തിയെന്നു സാരം. അതുവരെയും നന്മകളില്‍ വ്യാപൃതനാകുന്ന വ്യക്തി, ഇത്തരമൊരു പതനത്തെ ഭയക്കാതെ മുന്നോട്ട് പോയതായിരുന്നു. അല്ലാഹുവിന്‍റെ സൂത്രത്തെ കുറിച്ചു ഭയം വേണമെന്ന് കല്‍പിക്കുവാന്‍ കാരണമിതാണ്))
 
അവസ്ഥകള്‍ മാറിമറിയുന്നതിനെക്കുറിച്ചും അന്ത്യ നിമിഷങ്ങള്‍ എങ്ങനെ ആയിരിക്കുമെന്നതിനെക്കുറിച്ചും നല്ല ഭയം അത്യാവശ്യമാണെന്ന സൂചനയാണ് ഈ ഹദീസില്‍ കാണുന്നത്. വണക്കങ്ങളില്‍ നിരതനാകുകയും ധിക്കാര പ്രവര്‍ത്തികളില്‍ നിന്നും അങ്ങകലെയാകുമ്പോഴും ഈ ഭയം ഒപ്പം വേണം.
പാപകര്‍മ്മങ്ങള്‍ പതിവാക്കിയ വ്യക്തി, അല്ലാഹുവിന്‍റെ കരുണയില്‍ ആശയറ്റവന്‍ ആകേണ്ടതില്ല. പശ്ചാത്താപത്തില്‍ ഏര്‍പ്പെടണം. കര്‍മ്മങ്ങള്‍ നന്നാക്കണം. പാപങ്ങള്‍ക്കുള്ള ചികിത്സയാണ് കുറ്റബോധവും തിരിച്ചുവന്നുകൊണ്ടുള്ള നല്ല നടപ്പും.
 
അല്ലാഹുവേ, ഉത്തമ സ്ഥിതിയില്‍ ആക്കണേ  ഞങ്ങളുടെ അന്ത്യം.                        

12. അല്ലാഹുവില്‍ പ്രതീക്ഷിക്കുക     

 

പരിധിവിട്ടു പോയ ആളുകള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ഈമാന്‍റെ ഭാഗമാണ്. അല്ലാഹു തആലാ പറഞ്ഞു: “ നബിയോരേ, വിളംബരം ചെയ്യൂ: ‘സ്വന്തത്തോട് അതിക്രമം ചെയ്ത എന്‍റെ ദാസന്മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ ഹതാശയരാകരുത്; നിശ്ചയമായും അല്ലാഹു സകല തെറ്റുകളും പൊറുക്കുന്നതാണ്. അവന്‍, അവനാണ് അപാര കാരുണ്യവാനായ എല്ലാം പൊറുക്കുന്ന നാഥന്‍”.
അവന്‍റെ അരുളപ്പാട്: “നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുവീന്‍, അവനു മുഴുവനായി കീഴ്പ്പെടൂ, നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തും മുമ്പേ. അതുവന്നാല്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ ആരുമുണ്ടാകില്ല”.
“തന്‍റെ നാഥന്‍റെ കാരുണ്യത്തില്‍ ആശ ഇല്ലാതാവുക വഴികേടിലായവര്‍ക്കാണ്”
 
അല്ലാഹുവിന്‍റെ പ്രവിശാലമായ കാരുണ്യത്തെയും അനുഗ്രഹ രീതിയെയും കുറിച്ച് തിരിച്ചറിവ് നേടുമ്പോള്‍ പ്രതീക്ഷ സംജാതമാകുന്നു.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “നിശ്ചയം, അല്ലാഹുവിനു നൂറു കാരുണ്യം ഉണ്ട്. അതില്‍ ഒരംശം ഭൂമിയില്‍ ജിന്ന് മനുഷ്യ ജന്തു വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ അവന്‍ ഇറക്കിയിരിക്കുന്നു. അതുനിമിത്തമാണ് അവര്‍ പരസ്പരം അലിവു കാണിക്കുന്നതും കാരുണ്യം പ്രകടിപ്പിക്കുന്നതും. വന്യമൃഗം തന്‍റെ കുഞ്ഞിനോട് കാണിക്കുന്ന കാരുണ്യവും അതാണ്‌. ബാക്കി തൊണ്ണൂറ്റി ഒമ്പത് ഭാഗം മാറ്റിവെച്ചിരിക്കുന്നു. അന്ത്യനാളില്‍ തന്‍റെ ദാസന്മാരെ അനുഗ്രഹിക്കാന്‍.”
പ്രത്യേകം അറിയാന്‍
 
എത്ര ധാരാളം തെറ്റുകള്‍ ചെയ്തു പോയിട്ടുണ്ടെങ്കിലും അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിരാശ പ്പെടാതിരിക്കുക, ഇനി രക്ഷയില്ല എന്ന്‍ ഭാവിച്ചു വീണ്ടും തെറ്റുകളില്‍ സ്വയം എറിയാതിരിക്കുക, മനസ്സാ ശിക്ഷ ഏറ്റുവാങ്ങാതിരിക്കുക, വന്നുപോയതില്‍ പശ്ചാതപിച്ചും മാപ്പപേക്ഷിച്ചും തെറ്റുകളില്‍ നിന്നും പിന്മാറിയും കര്‍മ്മങ്ങള്‍ നന്നാക്കിയും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ അനുധാവനം ചെയ്തും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തും മുന്നോട്ടു കുതിക്കുക. ലോകരെ കാണിക്കാന്‍ വേണ്ടിയല്ലാതെ. അല്ലാഹുവിനെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തില്‍ മാത്രം. അങ്ങനെ അല്ലാഹുവിന്‍റെ കാരുണ്യത്തിനും മാപ്പിനും അര്‍ഹനായിത്തീരുക. ഈമാന്‍ മരത്തിന്‍റെ ശാഖയായി ഇവിടെ എണ്ണിയ ‘പ്രതീക്ഷ’ യുടെ താല്‍പര്യം ഇത്രമാത്രം.
 
തന്നിഷ്ടംപോലെ ജീവിക്കുക, ഇഛകള്‍ അനുഗമിക്കുക, കല്പിക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കുക, വിലക്കപ്പെട്ടത് ചെയ്യുക, എന്നിട്ട് പശ്ചാത്താപമോ മാപ്പിരക്കലോ ഒന്നുമില്ലാതെ, സജ്ജനങ്ങളോടൊപ്പം ചേരാതെ, താന്‍ രക്ഷപ്പെട്ടുകൊള്ളും/ കാരുണ്യവാനായ ദൈവം മോക്ഷം തരും എന്നിങ്ങനെ മോഹിക്കുന്നത് ഫലപ്രദമായ പ്രതീക്ഷയല്ല. ഇങ്ങനെ മോഹിക്കുന്നവന്‍ ഇബ്ലീസിന്‍റെ അനുയായികളില്‍ പെടുന്നു. അയാള്‍ ശിക്ഷയുടെ, നോവിന്‍റെ, പരാജയത്തിന്‍റെ, സങ്കടത്തിന്‍റെ , നഷ്ടത്തിന്‍റെ വേദിയിലേക്കാണ് സ്വയം തള്ളുന്നത്. ഇഛ കളെ പിന്‍പറ്റി ശരീരത്തെ സുഖിപ്പിക്കുക, ഭൗതിക താല്‍പര്യം പൂര്‍ത്തീകരിക്കുക, എന്നിട്ട് ഉന്നതരായ ഭക്ത ജനങ്ങളുടെ പദവി പ്രതീക്ഷിക്കുക! ഇത് ശുദ്ധ പോഴത്തവും ദൌര്‍ബ്ബല്യവുമാണ്. ശരീരത്തിന്‍റെ ഇഷ്ടങ്ങളെ അനുഗമിക്കുകയും മതനിയമങ്ങള്‍ അനുഗമിക്കുന്നവരുടെ പദവികള്‍ കൊതിക്കുകയും ചെയ്യുന്നവര്‍, വിത്തിറക്കാതെ, കൃഷി ചെയ്യാതെ വിള പ്രതീക്ഷിക്കുന്നവരെ പോലെയാണ്.
 
നബി സ്വല്ലലാഹു അലൈഹി വസല്ലം പറഞ്ഞു : “സ്വര്‍ഗ്ഗം പൊതിഞ്ഞിരിക്കുന്നത് ശരീരത്തിന് ഇഷ്ടമില്ലാത്ത സംഗതികള്‍ കൊണ്ടാണ്. നരകം പൊതിഞ്ഞിട്ടുള്ളത് ശരീരം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കൊണ്ടും” (സ്വര്‍ഗ്ഗം നേടാന്‍ ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യണം; ഇഷ്ടമുള്ളത് ചെയ്തുകൊണ്ടിരുന്നാല്‍ ആപതിക്കുക നരകത്തിലായിരിക്കും).
പ്രത്യേകം അറിയാന്‍
 
ജനങ്ങളെ ദൈവിക കാരുണ്യത്തില്‍ നിന്നും നിരാശപ്പെടുത്തുന്നതും, വ്യാജ പ്രതീക്ഷ അവരില്‍ ഉണ്ടാക്കുന്നതും, തെറ്റായ വഴിക്കുനീങ്ങാന്‍  ചെയ്യാന്‍ ധൈര്യം പകരുന്നതും വന്‍പാപങ്ങളില്‍ പെട്ടതാകുന്നു. വല്ല ശൈഖോ മതോപദേശകനോ പണ്ഡിതനോ ഇത്തരം ‘ധര്‍മ്മം’ നിര്‍വ്വഹിക്കുന്ന പക്ഷം, വഴി കൊള്ളക്കാരുണ്ടാക്കുന്ന നാശത്തേക്കാള്‍ ഭീകരമായ നാശമാണ് അവര്‍ ഉണ്ടാക്കുക.
 
അല്ലാഹു തആലാ പറഞ്ഞു: “നബിയോരേ, എന്‍റെ അടിയാര്‍കളോട് പറയൂ: ‘പരമ കാരുണികനായ സര്‍വ്വം പൊറുക്കുന്നവനാണ് ഞാന്‍, എന്‍റെ ശിക്ഷ വേദനിപ്പിക്കുന്ന ശിക്ഷയായിരിക്കും”.
 
അറിയണം
സാധാരണ ചുറ്റുപാടില്‍ പ്രതീക്ഷയും ഭയവും ഒരേ അളവില്‍ ഉണ്ടാകണം. എന്നാല്‍, മരണം അടുക്കുന്ന സന്ദര്‍ഭമെത്തിയാല്‍  അല്ലാഹു പൊറുക്കും, കരുണ ചെയ്യും എന്ന പ്രതീക്ഷയാണ് കൂടുതല്‍ ഉണ്ടാകേണ്ടത്. അല്ലെങ്കില്‍ അതേ ഉണ്ടാകാവൂ. ജ്ഞാനികളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്, ആരോഗ്യ നാളുകളില്‍ ഭയമാണ് കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്നത് എന്ന്.
അല്ലാഹുവേ, ഇരുലോകത്തും മാപ്പും സൗഖ്യവും ഞങ്ങള്‍ തേടുന്നു..
 

13. അല്ലാഹുവില്‍ ഭരമേല്‍പിക്കുക     

 

അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക അതായത് അവനെ എല്ലാം ഏല്‍പിക്കുക. ഈ ഒരവസ്ഥ ഈമാന്‍റെ ഫലമാണ്; പൂവാണ്.
അല്ലാഹു തആലാ പറഞ്ഞു: അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പ്പിക്കൂ; നിങ്ങള്‍ വിശ്വാസികളെങ്കില്‍, നിശ്ചയമായും അല്ലാഹു അവനില്‍ ഭരമേല്‍പ്പിക്കുന്നവരെ സ്നേഹിക്കുന്നു
 
തവക്കുല്‍ എന്നുവെച്ചാല്‍ തന്‍റെ എല്ലാ കാര്യങ്ങളും അല്ലാഹുവിനു വിട്ടുകൊടുക്കുക. അവന്‍ തന്‍റെ രക്ഷാകര്‍തൃത്ത്വം കൃത്യമായി നിരവ്വഹിക്കുമെന്ന് പ്രതീക്ഷിക്കുക, അവന്‍റെ സുന്ദരമായ ലോക ഭരണത്തിലും ആസൂത്രത്തിലും അവലംബം അര്‍പ്പിക്കുക, അവനെ ചുമതലപ്പെടുത്തുന്നതില്‍ സംതൃപ്തനായിരിക്കുക. എന്നാല്‍ ഭക്ഷണം, വസ്ത്രം തുടങ്ങിയ അനിവാര്യമായ കാര്യങ്ങളില്‍, ശത്രുവില്‍ നിന്നും സ്വയം സുരക്ഷ കണ്ടെത്തുന്നതില്‍ പരിശ്രമം ഒഴിവാക്കാന്‍ തവക്കുല്‍ ഒരു തടസ്സവാദമായിരിക്കരുത്. എന്നാല്‍ ചിലനിബന്ധനകളുണ്ട്, അടിമ തന്‍റെ കാര്യത്തിന് സ്വയം ഇറങ്ങുന്നതില്‍. കാര്യം സാധിക്കാന്‍ പാപകര്‍മ്മങ്ങളെ നിമിത്തമായി സ്വീകരിക്കരുത്. (ഉദാ. രോഗം മാറ്റാന്‍ പന്നി മാംസം കഴിക്കരുത്, അന്നം കണ്ടെത്താന്‍ മോഷ്ടിക്കുകയോ മറ്റോ അരുത്). ഒരു പടപ്പിനെയും പരമമായി ആശ്രയിക്കരുത്, തന്‍റെ സ്വയം അധ്വാനം എന്ന സ്വാതന്ത്ര്യത്തെ പോലും അവലംബിക്കരുത്. എല്ലാ ഉപകാര ഉപദ്രവങ്ങളും അല്ലാഹുവിങ്കല്‍ നിന്നു മാത്രം എന്ന് വിശ്വസിക്കണം.
 
തിരു ദൂതര്‍ സ്വ അരുളുന്നു: “നിങ്ങളില്‍ ഒരാളും സ്വന്തം കൈ കൊണ്ട് പണിയെടുത്ത് കഴിക്കുന്ന ആഹാരത്തേക്കാള്‍ ഉത്തമമായ ഒരു ആഹാരവും ആരും കഴിക്കുന്നില്ല. നിശ്ചയം, അല്ലാഹുവിന്‍റെ പ്രവാചകന്‍ ദാവൂദ് അലൈഹിസ്സലാം സ്വന്തം കൈ കൊണ്ട് പണിയെടുത്തായിരുന്നു അന്നം കഴിച്ചത്.
 
ഈ വചനത്തില്‍ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍, പരലോകത്ത് ക്ഷേമം നല്‍കുന്ന കാര്യങ്ങള്‍ അവഗണിക്കുന്ന വിധത്തിലാകാതിരിക്കണം ജീവിത വൃത്തിയില്‍ ഏര്‍പ്പെടുന്നത്.
 

14. മുഹമ്മദ്‌ നബി സ്വ യെ സ്നേഹിക്കുക

 

അല്ലാഹുവിനോടുള്ള സ്നേഹം കഴിഞ്ഞാല്‍ , ഒരു സത്യവിശ്വാസിക്ക്‌ , മറ്റേതൊന്നിനെക്കാളും – സ്വന്തം വ്യക്തിത്വത്തെക്കാളും- നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോട് സ്നേഹം ഉണ്ടായിരിക്കേണ്ടതാണ്.  
അല്ലാഹു തആലാ പറയുന്നു:
 
“നബിയോരേ പ്രഖ്യാപിക്കൂ, നിങ്ങളുടെ പിതാക്കന്മാരും പുത്രന്മാരും സഹോദരന്മാരും ഇണകളും ബന്ധുക്കളും സമ്പാദിച്ച സമ്പത്തും നഷ്ടപ്പെടാമെന്ന് ഭയക്കുന്ന കച്ചവടവും ഇഷ്ടപ്പെടുന്ന ഭവനങ്ങളും, അല്ലാഹുവിനെക്കാളും അവന്‍റെ തിരുദൂതരേക്കാളും അവന്‍റെ മാര്‍ഗ്ഗത്തിലെ ജിഹാദിനേക്കാളും നിങ്ങള്‍ക്ക് ഇഷ്ടകരമാണെങ്കില്‍, അല്ലാഹു തന്‍റെ കല്‍പനയുമായി വരുന്നത് കാത്തിരുന്നോളൂ, ദുര്‍മ്മാര്‍ഗ്ഗികളെ അല്ലാഹു നേര്‍വഴിക്ക് നയിക്കുന്നില്ല”.
 
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
 
“തന്‍റെ പിതാവിനേക്കാള്‍, പുത്രനേക്കാള്‍, മറ്റഖിലം ജനങ്ങളേക്കാള്‍ കൂടുതല്‍ സ്നേഹം എന്നോടാകുവോളം നിങ്ങളാരും തികഞ്ഞ സത്യവിശ്വാസി ആകുന്നില്ല”
 
ഈമാനില്‍ നിന്നും ഓരോഹരിയെങ്കിലും വല്ലവനും ലഭിച്ചിട്ടുണ്ടെങ്കില്‍, തന്‍റെ പിതാവിനേക്കാള്‍ പുത്രനേക്കാള്‍ മറ്റുള്ളവരേക്കാള്‍ നബി സ്വ യോടുള്ള കടപ്പാട് വളരെ ശക്തവും വലുതും ആണെന്ന് അദ്ദേഹം തിരിച്ചറിയുന്നതാണ്. കാരണം, നബി സ്വ യെ നരക രക്ഷയുടെ മൂല കാരണമായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. പദവികളുടെ ഉയര്ച്ചക്കും അന്ധകാരങ്ങളുടെ വിപാടനത്തിനും അവിടുന്നത്രെ നിദാനം. സര്‍വ്വ ലോകങ്ങള്‍ക്ക് അനുഗ്രഹമായാണ് അവിടുത്തെ അയച്ചിട്ടുള്ളത്. അവിടുന്ന് മനുഷ്യകുലത്തിനും ലോകത്തിനും ചെയ്തിട്ടുള്ള ക്ഷേമ നന്മകള്‍ സകല സൃഷ്ടികളും ചെയ്യുന്ന ഉപകാരത്തെക്കാള്‍ മികച്ചതാണ്; പടപ്പുകള്‍ ചെയ്യുന്ന അനുഗ്രഹങ്ങള്‍/ ഗുണദായകമായ പ്രവര്‍ത്തനങ്ങളെക്കാള്‍ എത്രയോ അധികമാണ് അവിടുന്ന് ചെയ്ത ഗുണങ്ങള്‍.
 
എല്ലാ ഓരോ മനുഷ്യന്‍റെയും ബാധ്യതയാണ്, സ്വന്തത്തേക്കാള്‍ അവിടുത്തെ അധികമായി സ്നേഹിക്കുക യെന്നത്. ഒരാള്‍സ്വന്തത്തെക്കാള്‍ അവിടുത്തെ  സ്നേഹിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ഈമാനില്‍ പൂര്‍ണ്ണതയില്ല.
 
തിരുനബി സ്വ യോടുള്ള സ്നേഹത്തിന്‍റെ അടയാളങ്ങള്‍ : അവിടുത്തെ മാതൃകയായി കാണുക, സംസാരത്തിലും പ്രവര്‍ത്തികളിലും അവസ്ഥകളിലും അവിടുത്തെ അനുഗമിക്കുക, വിലക്കുകളില്‍ നിന്നും അകലം പാലിക്കുക, കല്‍പനകളുടെ ആള്‍ പ്രതിനിധിയാവുക, അവിടുത്തെ സുന്നത്തുകളും മത നിയമങ്ങളും പഠിക്കാന്‍ ആര്‍ത്തിയുണ്ടാവുക, ആ സുന്നത്തുകള്‍ക്കും വിധി വിലക്കുകള്‍ക്കും സ്വന്തം ഇഷ്ടങ്ങളെക്കാള്‍ പ്രാമുഖ്യം കല്‍പിക്കുക, അവിടുത്തെ കല്‍പനകള്‍ക്ക് വിരുദ്ധം ചെയ്തുകൊണ്ട് ആരുടേയും ഇഷ്ടം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുക, അവിടുത്തെ നേരില്‍ കാണാന്‍ ആഗ്രഹിക്കുക, അവിടുത്തെ ജീവിത കഥകളും വിശേഷണങ്ങളും സ്വഭാവ രീതികളും കേള്‍ക്കാന്‍ താല്‍പര്യം കാണിക്കുക, തന്‍റെ നാക്കിലൂടെ അവിടുത്തെ തിരുനാമം കടന്നുപോകുമ്പോള്‍ ബഹുമാനപൂര്‍വ്വമായിരിക്കുക, അവിടുന്ന് സ്നേഹിച്ച വ്യക്തികളെ വസ്തുക്കളെ സ്നേഹിക്കുക, അവിടുത്തെ പ്രസ്ഥാനത്തെ സഹായിക്കുക, സമുദായത്തോട് ഗുണകാംക്ഷ പുലര്‍ത്തുക, ശത്രുക്കളോട് കൂറ് കാണിക്കാതിരിക്കുക.
   

15. മുഹമ്മദ്‌ നബി സ്വ യെ ബഹുമാനിക്കുക  

മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ബഹുമാനിക്കുകയും ആദരിക്കുകയും മഹത്വമുടയവനായി ഉള്‍ക്കൊള്ളുകയും ചെയ്യണം..കാരണം, അവിടുത്തെ ബഹുമാനിക്കുന്നത് നിര്‍ബന്ധ കര്‍ത്തവ്യമായി അല്ലാഹു അരുളിയിട്ടുണ്ട്. അവന്‍റെ വചനങ്ങള്‍:
നബി യുടെ ശബ്ദത്തേക്കാള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുത്”.
അല്ലാഹുവിന്‍റെ ദൂതരുടെ ചാരത്ത് ശബ്ദം ഒതുക്കുന്നവര്‍, ഹൃദയം ഭക്തി ക്ക് ചേര്‍ന്നതാണോന്ന് അല്ലാഹു പരീക്ഷിച്ചറിഞ്ഞ ആളുകളാണവര്‍. അവര്‍ക്ക് പാപ മോചനവും മഹത്തായ പ്രതിഫലവും ഉണ്ട്”.
ശയന മുറികളുടെ പുറകില്‍ നിന്നും താങ്കളെ ഉച്ചത്തില്‍ വിളിക്കുന്നവര്‍ അധികപേരും ബുദ്ധി ഉപയോഗിക്കുന്നില്ല”.
 
പ്രത്യേകം അറിയാന്‍
 
ഇസ്സമയം നബി സ്വ യ്ക്ക് കല്‍പിക്കേണ്ട പവിത്രത, അവിടുത്തെ വഫാത്തിനു മുമ്പ് കല്‍പിക്കേണ്ട പവിത്രത തന്നെയാണ്. അവിടുത്തെ പദവിയാണ് ദാസന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ടമായ പദവി. അവിടുത്തെ മഹത്വ ശ്രേണിയത്രെ ഏറ്റവും ഉയര്‍ന്ന ശ്രേണി. പൂര്‍ണ്ണതയുടെയും ഗാംഭീര്യത്തിന്‍റെയും ശ്രേഷ്ഠ സവിശേഷതകള്‍ അവിടുന്ന് സ്വന്തമാക്കിയിരിക്കുന്നു. ആ ഓരോ സവിശേഷതകളും ബഹുമാനവും ആദരവും അനിവാര്യമാക്കുന്നു. അവിടുത്തെ പദവി യും മഹത്വ ശ്രേണിയും മറികടക്കുന്ന ഒരാളും ഇല്ല. അവിടുത്തെ സുന്ദര സ്മരണയും ഉന്നത സ്ഥാനവും ശ്രേഷ്ടമായ പദവിയും ധാരാളം സൂക്തങ്ങളില്‍  എടുത്തുകാണിക്കുന്നു.
 
വീണ്ടും അറിയാന്‍
 
അവിടുത്തോടുള്ള ബഹുമാന ആദരവുകള്‍, അവിടുത്തെ അനുസ്മരിക്കുന്ന സന്ദര്‍ഭത്തില്‍, ആ തിരുനാമവും തിരുവചനങ്ങളും കേള്‍ക്കുന്ന വേളയില്‍, മറ്റെല്ലാ അവസ്ഥകളിലും അവിടുത്തോടുള്ള അദബ് പരിപാലിക്കുക. അവിടുത്തെ ഉന്നത സ്ഥാനം+ ഉയര്‍ന്ന പദവി തിരിച്ചറിയുക, സ്വന്തം ഇഷ്ടങ്ങളെക്കാള്‍ അവിടുത്തെ തൃപ്തിക്ക് മുന്‍ഗണന കല്‍പിക്കുക, തദ്വാരാ സ്വശരീരം നശിക്കുമെന്ന് കരുതിയാല്‍ പോലും. യഥാര്‍ത്ഥ ഈമാന്‍ ഉള്ളതിന്‍റെ പ്രകടമായ അടയാളങ്ങളാകുന്നു ഇവ.
 
അവിടുത്തെ വിയോഗത്തിനു ശേഷം, അനുസ്മരിക്കുമ്പോഴൊക്കെയും അവിടുത്തെ അനുചരന്മാര്‍ ഹൃദയം തകരുകയും ശരീരം വിറക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌ വന്നിട്ടുണ്ട്.ആ തിരുനാമം അനുസ്മരിക്കുമ്പോള്‍ മാലിക് റഹി ന്‍റെ നിറമാകെ മാറുമായിരുന്നു. താബിഈ പ്രമുഖന്‍ മുഹമ്മദ്‌ ബ്നുല്‍ മുന്‍കദിര്‍ റഹി സന്നിധിയില്‍ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ അനുസ്മരിച്ചാല്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പച്ച പരക്കുമായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോടുള്ള ബഹുമാനാദരവുകളാല്‍ , അവിടുത്തെ തിരുമൊഴികള്‍/ ഹദീസുകള്‍ ഇമാം മാലിക് റഹി വുദുവോടുകൂടിയല്ലാതെ പറയില്ലായിരുന്നു. നബി സ്വ അവിടെ ഉണ്ടെന്ന കാരണത്താല്‍ അദ്ദേഹം മദീനയില്‍ വാഹനപ്പുറത്ത് യാത്ര ചെയ്തില്ല.
 
ശൈഖ് ശംസുദ്ധീന്‍ അസ്സൈഫി റഹി പറയുന്നു: “മലക്കുകള്‍, വേദങ്ങള്‍, ദൂതന്മാര്‍, മസ്ജിദുല്‍ ഹറാം, ഹജ്ജിലെ മഹത്തായ സ്ഥലങ്ങള്‍ മുതലായ, ദീനുല്‍ ഇസ്‌ലാം മഹത്വപൂര്‍വ്വം കാണുന്ന വല്ലതിനെയും തരംതാഴ്ത്തുന്നവന്‍ ദീനുല്‍ ഇസ്‌ലാം വിട്ടു പുറത്തുപോയ കാഫിര്‍ ആകുന്നു; അപ്രകാരം, കുരിശ്, വിഗ്രഹം/പ്രതിഷ്ഠ, അഗ്നിയാരാധകരുടെ പെരുന്നാള്‍, ജൂത ക്രിസ്ത്യാനികളുടെ പെരുന്നാളുകള്‍ മുതലായ, ദീനുല്‍ ഇസ്‌ലാം അവമതിച്ച സംഗതികള്‍ക്ക് ആരെങ്കിലും മഹത്വം കല്‍പിക്കുകയും, ജാഹിലിയ്യാ ആചാരങ്ങള്‍ ബഹുമാനത്തോടെ പുനരുജ്ജീവിപ്പിക്കുകയും ചെയ്താല്‍ അയാള്‍ ദീനുല്‍ ഇസ്‌ലാം വിട്ടു പുറത്തുപോയ കാഫിര്‍ ആകുന്നു. എന്നാല്‍, ബഹുമാനത്തോടെയല്ലാതെ, മറ്റുവല്ല കാര്യത്തിനും അവ പുനരുദ്ധരിച്ചാല്‍ കാഫിര്‍ ആകുന്നതല്ല..”
 

16. മതത്തെ മുറുകെ പിടിക്കുക /അതില്‍ അഭിമാനം കൊള്ളുക

 

സത്യവിശ്വാസിക്ക്‌ തന്‍റെ ദീനിനോട് ആഭിമുഖ്യം ഉണ്ടാകണം. കുഫ്രിലേക്ക് മടങ്ങുന്നതിനേക്കാള്‍ നല്ലത് നരകക്കുണ്ടില്‍ പതിക്കുന്നതാണെന്ന തിരിച്ചറിവ്/ വികാരം ഉള്‍ക്കൊള്ളണം. മുഴുവന്‍ ഭൗതിക ലോകത്തേക്കാള്‍ തന്‍റെ ദീനിലാണ് അന്തസ്സും പ്രതാപവും ഉള്ളതെന്ന ബോധ്യം ഉണ്ടാകണം.
 
സമ്പത്തോ പ്രശസ്തിയോ സന്താനങ്ങളോ സ്വശരീരം തന്നെയോ നഷ്ടപ്പെട്ടാലും ശരി, തന്‍റെ മതബോധത്തിന് /മതനിഷ്ഠയ്ക്ക് പരിക്കുപറ്റാത്ത നിലപാടും സാഹചര്യവും തിരഞ്ഞെടുക്കുന്നത് യഥാര്‍ത്ഥ ഈമാന്‍റെ അടയാളങ്ങളില്‍ പെടുന്നു. അവന്‍ തന്‍റെ ദീനിനെ കുറിച്ചുള്ള ബേജാറിലായിരിക്കണം. ഇസ്ലാമുമായുള്ള തന്‍റെ ബന്ധം അഴിഞ്ഞുപോകുന്നത്, ദൈവകോപത്തിന് വിധേയനായി നരകത്തില്‍ ശാശ്വതകാല പ്രവേശനത്തിനും വിവിധ തരം ശിക്ഷകള്‍ക്കും അപമാനങ്ങള്‍ക്കും അല്ലഹുവിന്നല്ലാതെ മറ്റാര്‍ക്കും അറിയാത്ത ഭീകര അവസ്ഥകള്‍ക്കും കാരണമാണെന്നകാര്യം സത്യവിശ്വാസി മനസ്സിലാക്കണം. അങ്ങനെ ഏതൊരു പരീക്ഷണ- പ്രയാസ ഘട്ടത്തിലും ദീനില്‍ ഉറച്ചു നില്‍ക്കണം.
 
അല്ലാഹു തആലാ പറയുന്നു:
ഒരു വക്കത്തുനിന്ന്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യുന്ന ചിലര്‍ ജനങ്ങളില്‍ ഉണ്ട്. ക്ഷേമ കാര്യങ്ങള്‍ ബാധിക്കുമ്പോള്‍ അതില്‍ ആത്മ ശാന്തരാണ് അവര്‍. എന്നാല്‍, പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ അവരാകെ മലക്കം മറിയുന്നു; അവരുടെ ഇഹലോകവും പരലോകവും നശിച്ചു. അതാണ്‌ വ്യക്തമായ പരാജയം/ നഷ്ടം.
 
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: നിങ്ങള്‍ക്ക് മുമ്പുള്ള മുസ്‌ലിം സമുദായത്തില്‍, വിശ്വാസിയായ ആണ്‍ പിറന്നവനെ ശത്രുക്കള്‍ പിടികൂടി, കുഴിയുണ്ടാക്കി, അതിലിറക്കി നിറുത്തി, ഈര്‍ച്ചവാള്‍ കൊണ്ടുവന്ന്, തലയില്‍ വെച്ച്, തല രണ്ടായി പിളര്‍ത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. ശരീരത്തിലൂടെ ഇരുപ്പു ചീര്‍പ്പുകള്‍ കൊണ്ട് വരച്ചു എല്ലില്‍ നിന്നും മാംസം വലിച്ചു നീക്കിയിട്ടുണ്ട്. അതൊന്നും അവരെ ദീനില്‍ നിന്നും പിന്തിരിപ്പിച്ചില്ല.”
 
നോക്കൂ, അവരെങ്ങനെയാണ് ക്ഷമിച്ചത്, അവരുടെ ദീന്‍ സംരക്ഷിക്കാന്‍ ?! അവര്‍ ദീന്‍ വിട്ടു എവിടേക്കും തിരിഞ്ഞില്ല. അവര്‍ നൈമിഷികമായ ഭൗതിക ലോകത്തെ പീഡനങ്ങള്‍ അവഗണിച്ചു, പരലോകത്തെ ശാശ്വതമായ ശിക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നുമല്ല എന്നവര്‍ മനസ്സിലാക്കി. നിശ്ചയമായും, ദീനിലെ സത്യസന്ധനായ അംഗമാണോ എന്ന് വ്യക്തമാവുക പരീക്ഷണങ്ങളും നാശനഷ്ടങ്ങളും പീഡനങ്ങളും വധവും നേരിടേണ്ടി വരുമ്പോഴാണ്.
 
അല്ലാഹു തആലാ പറയുന്നു: “ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ജനങ്ങളുണ്ട്, അല്ലാഹുവിന്‍റെ സരണിയില്‍ പീഡിപ്പിക്കപ്പെട്ടാല്‍ , ജനങ്ങളുണ്ടാക്കുന്ന പ്രയാസങ്ങളെ അവര്‍ അല്ലാഹുവില്‍ നിന്നും അനുഭവിക്കാന്‍ പോകുന്ന ശിക്ഷയ്ക്ക് തുല്യമായി അവര്‍ കണക്കാക്കുന്നു?!
 
ഒരു നാട്ടില്‍ പാപങ്ങളും ദൈവ ധിക്കാരവും പരസ്യമായാല്‍, ദീനീ കല്‍പനകള്‍ നിലനിര്‍ത്താന്‍ അവിടെ സൗകര്യം ഇല്ലാത്ത ഘട്ടത്തില്‍ ഹിജ്ര നിര്‍ബന്ധമാണ്‌; അല്ലാഹുവിന്‍റെ പ്രീതി നേടിയ സ്വഹാബികളുടെയും അല്ലാഹു അനുഗ്രഹിച്ച താബിഉകളുടെയും മാര്‍ഗ്ഗം മാതൃകയാക്കിക്കൊണ്ട്. സ്വത്തോ കുടുംബമോ ഒരു തടസ്സമായി വര്‍ത്തിക്കാതെ ദീനുമായി ഓടി സുരക്ഷിത സ്ഥാനം കണ്ടെത്തുന്നത്, പ്രയാസ- പരീക്ഷണങ്ങളെ ക്ഷമിക്കുന്നത് ഈമാന്‍ സമ്പൂര്‍ണ്ണമായതിന്‍റെ അടയാളമാണ്.
 
അല്ലാഹു തആലാ പറയുന്നു:
നിങ്ങള്‍ക്ക് ഹിജ്ര ചെയ്യാന്‍ പാകത്തില്‍ അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? അവരുടെ സങ്കേതം ജഹന്നം ആകുന്നു”.
 

17. വിശുദ്ധ ഖുര്‍ആന്‍ ആദരിക്കുക

 

വിശുദ്ധ ഖുര്‍ആനെ ബഹുമാനിക്കുന്നത് ഈമാന്‍റെ ഭാഗമാണ്. ഖുറാന്‍ പഠിക്കുക, പഠിപ്പിക്കുക, അതിലെ ഹറാം ഹലാലുകള്‍ മനസ്സിലാക്കുക, അതിലെ വിധികളും അതിരുകളും പാലിച്ചു ജീവിക്കുക, ഖുര്‍ആന്‍ മനപാഠമാക്കിയവരെ ബഹുമാനിക്കുക.
 
ഖുര്‍ആന്‍ ആദരിക്കുന്നതും ബഹുമാനിക്കുന്നതും നിര്‍ബന്ധ കര്‍ത്തവ്യമാണെന്ന് മുസ്‌ലിംകള്‍ എകോപിതരായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വിശേഷണമാണ് (സൃഷ്ടിയല്ല). അവന്‍റെ പ്രകാശം തന്നെയാണ്. അത് സര്‍വ്വരോഗ ശമനിയാണ്. ഖുര്‍ആന്‍ എഴുതി സൂക്ഷിക്കുന്ന മുസ്ഹഫിനെ വൃത്തികേടുകളില്‍ നിന്നും സംരക്ഷിക്കുന്നതും ബഹുമാനിക്കുന്നതും വാജിബാണെന്നും മുസ്ലിം സമുദായം ഏകസ്വരത്തില്‍ പ്രസ്താവിക്കുന്നു. ഖുര്‍ആനെ മൊത്തത്തിലോ അതിലെ ഏതെങ്കിലും ഒരക്ഷരത്തെയോ അവമതിക്കുന്നവന്‍ കാഫിറാകുന്നു.
 
ഖബറിന് മുകളില്‍ വിശുദ്ധ ഖുര്‍ആന്‍ എഴുതിവെക്കുന്നത് നിഷിദ്ധമാണെന്ന് തിര്‍മിദിയിലുണ്ട്. ഈ നിയമ പ്രശ്നം (മസ്അല) പ്രചരിപ്പിക്കേണ്ടത് വളരെ സുപ്രധാനമാണ്‌. കാരണം, പൊതുജനം ഖബര്‍ പണിയുന്ന കല്ലുകളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതുന്ന പതിവുണ്ട്. അശുദ്ധിയുള്ള വ്യക്തി മുസ്ഹഫും അത് അടക്കം ചെയ്തിട്ടുള്ള പെട്ടിയും ചുമക്കുന്നത് ഹറാമാണ്. അതില്‍ നജസാകുമെന്നോ കാഫിര്‍ അതെടുക്കുമെന്നോ ഭയക്കുന്ന ഘട്ടത്തില്‍ ഒഴികെ. ഖുര്‍ആന്‍ പാരായണം ചെയ്യുന്നു എന്ന മനസ്സോടെ ആര്‍ത്തവക്കാരിയോ പ്രസവരക്തം ഉള്ളവളോ ജനാബത്ത് ഉള്ളവരോ ഖുറാന്‍ ഓതുന്നത് ഹറാമാകുന്നു.
 
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍”
രണ്ടാളുകളുടെ കാര്യത്തിലല്ലാതെ ‘അസൂയ’ അനുവദിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ അവസരം ലഭിക്കുകയും രാപകലുകള്‍ മുഴുക്കെ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഒരാള്‍. അല്ലാഹു ധനം നല്‍കുകയും രാപകളില്‍ അതില്‍ നിന്നും നന്മയില്‍ വ്യയം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് രണ്ടാമന്‍” .
 
ഇവിടെ അസൂയ എന്നുപറഞ്ഞത് ‘ഉല്‍ക്കര്‍ഷ ചിന്ത ‘ (ഗിബ്ത:)) എന്ന അര്‍ത്ഥത്തിലാണ്. ഒരാളിലുള്ള ക്ഷേമം/ നന്മ/ ഗുണം ഇല്ലാതാകണം എന്ന ദുഷ്ട ചിന്തയില്ലാതെ ത്തന്നെ അയാളെ പ്പോലെ ആകണമെന്ന ആഗ്രഹമാണ് ഗിബ്ത്വ.
 
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “ബുത്വ്ഹാന്‍ അല്ലെങ്കില്‍ അഖീഖ് മരുഭൂവിലേക്ക് (മദീനയ്ക്കടുത്ത വിശാല മരുഭൂ പ്രദേശം) ദിനേന പ്രഭാതത്തില്‍ പുറപ്പെടുകയും, തെറ്റായ വഴിക്കോ കുടുംബ ബന്ധം തകര്‍ത്തോ അല്ലാതെ  അവിടെനിന്നും വലിയ രണ്ട് ഒട്ടകങ്ങളെ  കൊണ്ടുവരികയും ചെയ്യുവാന്‍ ആര്‍ക്കാണിഷ്ടം?”
അവര്‍ പറഞ്ഞു: “അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളെല്ലാവരും അതിഷ്ടപ്പെടുന്നു”
 
നബി സ്വ വിശദീകരിച്ചു: “ഒരാള്‍ പ്രഭാതത്തില്‍ മസ്ജിദിലേക്ക് പുറപ്പെടുകയും അവിടെന്ന് വിശുദ്ധ ഖുര്‍ആനിലെ രണ്ട് ആയത്തുകള്‍ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താല്‍ ആ പുണ്യകര്‍മ്മം മുന്‍ചൊന്ന രണ്ട് ഒട്ടകത്തെക്കാള്‍ ഉത്തമമായിരിക്കും. മൂന്ന് ആയത്ത് മൂന്ന്‍ ഒട്ടകത്തെക്കാള്‍, നാല് ആയത്ത് നാല് ഒട്ടകത്തെക്കാള്‍ എന്ന കണക്കില്‍ എത്ര ആയത്ത് പഠിക്കുന്നുവോ/ഓതുന്നുവോ അത്ര എണ്ണം ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാകുന്നു.”
 
പ്രത്യേക സംഗതി
 
രാത്രി ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതും വളരെ ആവശ്യം തന്നെ. ഓതുന്നതിനു മുമ്പ് മിസ്‌വാക്ക് ചെയ്യണം. പിശാചില്‍ നിന്നും അഭയ പ്രാര്‍ത്ഥന നിര്‍വ്വഹിക്കണം(അഊദു ചൊല്ലുക). പാരായണ നിയമങ്ങള്‍ പാലിക്കണം: നീട്ടേണ്ടിടത്ത് ചുരുക്കുന്നതും ചുരുക്കേണ്ടിടത്ത് നീട്ടുന്നതും രാഗത്തില്‍ ഉച്ചരിക്കേണ്ടതില്ലാത്ത സ്ഥലത്ത് രാഗമുണ്ടാകുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം.
 
ഖുറാന്‍ സംബന്ധമായ ഏറ്റവും ഗൌരവമേറിയ ആവശ്യം ആ വചനങ്ങളുടെ ആശയം മനസ്സിലാക്കി ചിന്തിച്ചു, പിന്നെയും ചിന്തിച്ചു പാരായണം ചെയ്യുക എന്നതത്രേ. അല്ലാഹു തആലാ പറയുന്നു: “ഇതൊരു അനുഗ്രഹീത ഗ്രന്ഥമാകുന്നു; നാമത് താങ്കള്‍ക്ക് അവതരിപ്പിച്ചിട്ടുള്ളത് അതിലെ സൂക്തങ്ങളെ അവര്‍ പരിചിന്തനം ചെയ്യുവാന്‍ വേണ്ടിയാകുന്നു. , എന്നിട്ടും അവരെന്തേ ഖുര്‍ആനില്‍ ചിന്തിക്കുന്നില്ലേ?
 
തിന്മകള്‍ ചെയ്തുകൂട്ടുന്നവര്‍ കരുതുന്നുവോ, വിശ്വസിച്ച് സല്‍ക്കര്‍മ്മ നുഷ്ടിക്കുന്ന യാതോരുത്തരെപ്പോലെ അവരെ നാം ആകുമെന്ന്?! അതായത്, അവരിരുകൂട്ടരുടെയും ജീവിതവും മരണവും തുല്യമായിരിക്കുമെന്ന്?! അവര്‍ വിധിച്ചിരിക്കുന്നത് എത്ര ചീത്ത വിധിയാണ്!”  എന്ന ആശയമുള്ള ഒരു സൂക്തം തമീമുദ്ദാരി റഹി ഒരു രാത്രിയില്‍ സ്വുബ്ഹ് വരെയും ആവര്‍ത്തിച്ചു കൊണ്ടിരുന്നു; അതില്‍ പരിചിന്തനം ചെയ്തുകൊണ്ട്.
 
പ്രത്യേകം അറിയാന്‍
 
ഇപ്പോള്‍ കാണുന്ന മുസ്ഹഫുകളിലെ സൂക്തങ്ങളുടെ ക്രമം നബി സ്വല്ലല്ലാഹു അലൈഹിവസല്ലം വഴി നമുക്ക് പകര്‍ന്നു കിട്ടിയ നിര്‍ദ്ദേശപ്രകാരം ഉള്ളതാണ്. ആയത്തുകള്‍ എങ്ങനെ ക്രമീകരിക്കണമെന്ന കാര്യത്തില്‍ ഒരു ഗവേഷണത്തിന്‍റെ ആവശ്യമുണ്ടായിട്ടിയില്ല.
പതിവ് മന്ത്രങ്ങള്‍ക്ക് വേണ്ടി സൂക്തങ്ങള്‍ മുറിച്ചു ഓതേണ്ട കാര്യമില്ല. നമ്മുടെ രക്ഷിതാവ് സമാഹരിച്ചതിലും ഉത്തമമായ ഒരു ക്രമം ഉണ്ടായിരുന്നെങ്കില്‍ അതാകുമായിരുന്നു മുസ്ഹഫില്‍ ഉണ്ടാവുക. നബി സ്വ പറഞ്ഞു: “നമ്മുടെ കല്‍പന ഇല്ലാത്ത ഒരു പുതിയ കര്‍മ്മം ആരെങ്കിലും ചെയ്യുന്നപക്ഷം അത് തള്ളപ്പെടണം.”
 
തുടര്‍ ഭാഗങ്ങള്‍ കാണുക 
         
       .     
    
.
    
  
   

 

Leave a Reply