ഇസ്ലാമിന്റെ ആദ്യ നൂറു വര്‍ഷങ്ങള്‍/
ഇബ്നു ഖല്ദൂന് ചരിത്രം എഴുതുന്നു/ 16
അലിയാര്‍ക്ക് ശേഷം ഹസനും മുആവിയയും തമ്മില്‍ ..
അലി റ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര് സമ്മേളിച്ച് പുത്രന് ഹസന് റ നെ ബൈഅത്ത് ചെയ്തു. ഖൈസ് ബ്നു സഅ്ദാണ് ബൈഅത്തിനു തുടക്കം കുറിച്ചത്. “അങ്ങയുടെ കൈ നീട്ടൂ; അല്ലാഹുവിന്റെ വേദവും തിരുദൂതരുടെ ചര്യയും അടിസ്ഥാനമാക്കി മുന്നോട്ടുപോകണമെന്നും നിഷേധികള്‍ക്കെതിരെ യുദ്ധം നയിക്കണമെന്നുമുള്ള നിബന്ധനയോടെ ഇതാ ബൈഅത്ത് ചെയ്യുന്നു”. ഹസന് റ പ്രതികരിച്ചു: “അല്ലാഹുവിന്റെ വേദവും തിരുദൂതരുടെ ചര്യയും അടിസ്ഥാനമാക്കി മുന്നോട്ടുപോകുമെന്ന നിബന്ധനയോടെയാണെങ്കില് ഞാനിത് സ്വീകരിച്ചിരിക്കുന്നു”. ഇരുവരും യോജിക്കുന്ന നിബന്ധനയില്‍ ബൈഅത്ത് നടന്നു. പിന്നെ ജനങ്ങള്‍ അനുസരണ പ്രതിജ്ഞ ചെയ്തു. ഹസന് റ അവരോട് ചില നിബന്ധനകള്‍ വെച്ചു. “നിങ്ങള്‍ അനുസരിക്കുന്നവരും കല്പനകള്ക്ക് വണങ്ങുന്നവരും ആകണം; ഞാന്‍ ആരോടെല്ലാം സമാധാന സന്ധിയില്‍ നീങ്ങുന്നുവോ അവരോടെല്ലാം നിങ്ങളും ശാന്തരായി വര്‍ത്തിക്കണം. ഞാന്‍ ആരുമായെല്ലാം യുദ്ധം ചെയ്യുന്നുവോ അവരുമായി നിങ്ങളും യുദ്ധത്തിനുണ്ടാകണം”. ഈ നിബന്ധന അവരില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. അവര്‍ എന്തൊക്കെയോ സംശയിച്ചു. അവര്‍ പരസ്പരം പറഞ്ഞു: “യുദ്ധം നയിക്കാന്‍ ഉദ്ദേശിക്കാത്ത ഇദ്ദേഹത്തെ നിങ്ങള്‍ക്ക് കൂട്ടിനു കിട്ടില്ലട്ടോ”.
അലി റ നെ വധിച്ചതും ഹസന് റ നെ അടുത്ത ഖലീഫയായി വാഴിച്ചതും ‘അമീറുല്‍ മുഅ്മിനീന്‍’ എന്ന് വിളിച്ചതുമെല്ലാം മുആവിയ റ അറിഞ്ഞു. രണ്ടുവിധി തീര്‍പ്പുകാര്‍ സംഗമിച്ചതിനു ശേഷം ഖലീഫയായി മുആവിയ ഉടമ്പടി ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അലി റ മരണപ്പെട്ട് നാല്പതാം ദിവസം അദ്ദേഹത്തിന്റെ അനുയായികളില്‍ പെട്ട അല്അശ്അസു ബ്നു ഖൈസ് അല്‍ കിന്ദി മരണപ്പെട്ടു. അതിനു ശേഷം, മുആവിയയുടെ അനുയായികളില്‍ പെട്ട ശര്ഹാബീല് ബ്നു സ്സിം ത്വില് കിന്ദി യും മരണപ്പെട്ടു.
അലി റ വധിക്കപ്പെടുന്നതിന് മുമ്പ് ശാമിലേക്ക് ഒരു സൈന്യത്തെ അയച്ചിരുന്നു. മരിക്കാന്‍ തയ്യാറായ നാല്പതിനായിരം അനുയായികള്‍ അതിലുണ്ട്. ഹസന് റ നെ ബൈഅത്ത് ചെയ്ത വാര്‍ത്തയറിഞ്ഞപ്പോള്‍ മുആവിയ ശാമുകാരെ കൂട്ടി കൂഫയിലേക്ക് തിരക്കിട്ടു കുതിച്ചു. ശാമിലേക്ക് പുറപ്പെട്ട സൈന്യത്തിന്റെ പിന്നാലെ ഹസന് റ ഉണ്ടായിരുന്നു, മുആവിയയെ കാണാന്‍. ഖൈസ് ബ്നു സഅ്ദിനായിരുന്നു പന്ത്രണ്ടായിരം പേര് അടങ്ങുന്ന ആ സൈന്യത്തിന്റെ മുന്‍ നിര നേതൃത്വം. അബ്ദുല്ലാഹി ബ്നു അബ്ബാസിനായിരുന്നെന്നും ചരിത്രമുണ്ട്.
ഹസന് റ മദാഇന്‍ നഗരത്തില്‍ വാഹനം ഇറങ്ങിയപ്പോള്‍ ഖൈസ് ബ്നു സഅ്ദ് കൊല്ലപ്പെട്ടിരിക്കുന്നു എന്നൊരു കിംവദന്തി പട്ടാളക്കാര്‍ക്കിടയില്‍ പരന്നു. അതുകേട്ട് അവരാകെ പ്രക്ഷുബ്ദരായി. അനിയന്ത്രിതരായ അവര്‍ ഹസന് റ കൂടാരത്തിലേക്ക് ചെന്ന്, അതിന്റെ ആണികളും തുണികളും പറിച്ചുനീക്കി. അദ്ദേഹത്തിന്റെ മേല്‍വസ്ത്രം പിടിച്ചു വലിച്ചു. ഇതിനിടയില്‍ അനുയായികളില്‍ ആരോ അദ്ദേഹത്തെ കുന്തം കൊണ്ട് തുടയില്‍ കുത്തി.(യുദ്ധത്തിന് കല്പന കൊടുക്കാത്തതിലെ രോഷമായിരുന്നു അവരീ കാണിച്ചത്). റബീഅത്തും ഹംദാനും ചേര്‍ന്ന് അദ്ദേഹത്തെ വലയം ചെയ്ത്, ഒരു കട്ടിലില്‍ കിടത്തി, നഗരത്തിലെ കൊട്ടാരത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത പരുവത്തിലായിരുന്നു അനുയായികളുടെ അവസ്ഥ.
അദ്ദേഹം മുആവിയ റ നു കത്തെഴുതി. മൂന്ന് കാര്യങ്ങള്‍ സമ്മതിക്കുമെങ്കില്‍ താന്‍ അധികാര സ്ഥാനത്തുനിന്നും ഒഴിവാകുകയാണെന്നായിരുന്നു ആ സന്ദേശം. കൂഫയിലെ ബൈതുല്‍ മാലിലുള്ളതെല്ലാം (അമ്പത് ലക്ഷം വരും അത് മൊത്തം) തനിക്ക് വിട്ടുതരണം, പേര്‍ഷ്യയിലെ ദാറാബജുര്ദ് ദേശത്തെ നികുതി പിരിച്ചെടുക്കാന്‍ അനുവദിക്കണം, താന്‍ കേള്‍ക്കേ പിതാവിനെ പഴിക്കുന്നത് നിര്‍ത്തണം എന്നീ ആവശ്യങ്ങളായിരുന്നു ഹസന് റ ഉന്നയിച്ചത്. ഈ വിവരം സഹോദരന് ഹുസൈനെയും പിതൃവ്യപുത്രന്‍ അബ്ദുല്ലാഹി ബ്നു ജഅ്ഫറിനെയും ഹസന് റ അറിയിച്ചു. അവരിരുവരും ഹസനെ ആക്ഷേപിച്ചെങ്കിലും ഹസന് അവരെ ആസ്പദമാക്കിയില്ല.
ഹസന് റ ന്റെ എഴുത്ത് മുആവിയ റ ക്ക് ലഭിച്ചെങ്കിലും അതവിടെ എടുത്തുവെച്ചു. കാരണം, മുആവിയ റ നേരത്തേ തന്നെ അബ്ദുല്ലാഹിബ്നു ആമിര്‍, അബ്ദുല്ലാഹി ബ്നു സമുറ എന്നിവരെ ഒരെഴുത്തുമായി അയച്ചിരുന്നു. അവരുടെ പക്കല്‍ ചുവടെ സീല്‍ പതിച്ച ഒരു കാലി പത്രവും നല്‍കിയിരുന്നു. ഈ പത്രത്തില്‍ താങ്കള്‍ ആഗ്രഹിക്കുന്ന എന്തു നിബന്ധനയും എഴുതാമെന്നും അത് താങ്കള്‍ക്ക് വകവെച്ചു തരുന്നതാണെന്നും മുആവിയയുടെ എഴുത്തില്‍ ഉണ്ടായിരുന്നു. അതുവായിച്ച്, നേരത്തെ താന്‍ എഴുതി ആവശ്യപ്പെട്ടതിന്റെ ഇരട്ടി ആവശ്യങ്ങള്‍ എഴുതി ഹസന് റ ദൂതന്മാരെ തിരിച്ചയച്ചു. എന്നാല്‍, അധികാരം മുആവിയയെ ഏല്പിച്ച ശേഷം താന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹസന് റ ആദ്യം അയച്ച കത്തില്‍ കാണിച്ച ആവശ്യങ്ങള്‍ മാത്രമേ, മുആവിയ അനുവദിച്ചുള്ളൂ. ‘ഇതാണല്ലോ താങ്കള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍’ എന്ന് പറയുകയും ചെയ്തു.
പിന്നീട്, ബസ്വറക്കാര്‍ ദാറാബജുര്ദിലെ നികുതി പിരിക്കാനുള്ള അവകാശം അദ്ദേഹത്തില്‍ നിന്നും എടുത്തുനീക്കി. ഇത് ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഫൈആണ്; ഞങ്ങള്‍ ഇത് താങ്കള്‍ക്ക് തരില്ല”. ഇതറിഞ്ഞ് ഇറാഖുകാരെ സംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: “മൂന്നു ഘട്ടത്തില്‍ ഞാന്‍ നിങ്ങളോട് അനുഭാവം കാണിച്ചിട്ടുണ്ട് ഇതിനുമുന്നെ: എന്റെ പിതാവിനെ വധിച്ചപ്പോള്‍, എന്നെ നിങ്ങള്‍ കുന്തം കൊണ്ട് കുത്തി മുറിപ്പെടുത്തിയപ്പോള്‍, എന്റെ കൂടാരം വലിച്ചു കീറി പറിച്ചെറിഞ്ഞപ്പോള്‍..”
ഖലീഫയായി അവരോധിതനായി ആറു മാസത്തിന് ശേഷമാണ് ഹസന് റ മുആവിയ റ നെ ബൈഅത്ത് ചെയ്യുന്നത്.
മുആവിയ റ കൂഫയില്‍ പ്രവേശിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. ഖൈസ് ബ്നു സഅദിനു ഹസന് റ കത്തെഴുതിയിരുന്നു, മുആവിയ യെ അനുസരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്. ഖൈസ് തന്റെ അനുയായികളോട് ഇക്കാര്യം അറിയിക്കാന്‍ എഴുന്നേറ്റു: “നാം എന്തുവേണം? നമുക്കിപ്പോള്‍ രണ്ടു വഴിയാണുള്ളത്, ഇമാം അല്ലാത്ത ആളുടെ കൂടെ യുദ്ധം ചെയ്യുക അല്ലെങ്കില്‍ ഋജുവായ വഴിക്കല്ലാത്ത ഇമാമിനെ അനുസരിക്കുക. എന്തുവേണം?” അവര്‍ പറഞ്ഞു: ഇമാമിനെ അനുസരിക്കലാണ് ഉചിതം. അവര്‍ മുആവിയയെ സമീപിച്ചു ബൈഅത്ത് ചെയ്തു. എന്നാല്‍ ഖൈസ് അതിനു നില്‍ക്കാതെ പിന്തിരിഞ്ഞു.
കൂഫയിലെത്തിയ മുആവിയയോട് അമ്രുബ്നുല്‍ ആസ്വ് റ സൂചിപ്പിച്ചിരുന്നു, ഹസന് റ നെ ജനങ്ങളുടെ മുമ്പാകെ സംസാരിപ്പിക്കാന്‍, അവര്‍ക്ക് ഇദ്ദേഹത്തിന്റെ ഭരണ നിസ്സഹായാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമാകാന്‍. അങ്ങനെ ഹസന് റ വന്ന് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് സംസാരം തുടങ്ങി: “ജനങ്ങളേ, ഞങ്ങളുടെ പ്രപിതാവിനെ നിയോഗിച്ചുകൊണ്ട് അല്ലാഹു നിങ്ങളെ ഹിദായത്തിലാക്കി. ഇപ്പോള്‍ ഞങ്ങള്‍ അവസാന തലമുറ കാരണം നിങ്ങളുടെ രക്തം ചിന്തപ്പെടുന്നു. ഈ ഭരണാധികാരത്തിന് അല്പകാല ആയുസ്സേ ഉള്ളൂ. ദുന്യാവ് മാറിക്കൊണ്ടിരിക്കും; പുതിയ പുതിയ അധികാരികള്‍ വരും. അല്ലാഹു തന്റെ ദൂതനോട് പറഞ്ഞു: ‘എനിക്കറിഞ്ഞു കൂടാ, ഒരുവേള നിങ്ങള്‍ക്കിത് ഒരു പരീക്ഷണവും അല്പകാലത്തേക്ക് ഒരു സുഖാനുഭവവും ആയേക്കാം”.
അദ്ദേഹത്തിനു സംസാരിക്കാന്‍ മടിയുണ്ടെന്ന് മനസ്സിലാക്കി മുആവിയ ഇരുന്നോളാന്‍ ആവശ്യപ്പെട്ടു. പിന്നെ ഹസന് റ തന്റെ കുടുംബവും സേവകരുമായി മദീനയിലേക്ക് തിരിച്ചു. യാത്രയയപ്പിനെത്തിയ കൂഫക്കാര്‍ കരയുന്നുണ്ടായിരുന്നു.
അദ്ദേഹം പിന്നീട് മരണം വരെ മദീനയില്‍ ജീവിച്ചു. ഹിജ്ര 49 ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മദീനയില്‍ വെച്ച് ഹി 51 ല്‍ , തന്റെ കിടപ്പു പായയില്‍ അദ്ദേഹം മരണപ്പെട്ടു വെന്നാണ് അബുല്‍ ഫറജ് അല്‍അസ്വ്ബഹാനി എഴുതിയിട്ടുള്ളത്. മുആവിയ ഹസന്റെ ഭാര്യ ജഅ്ദ: ബിന്ത് അല്അശ്അസിനെ ഉപയോഗപ്പെടുത്തി വിഷം കൊടുപ്പിച്ചതായിരുന്നു എന്നുള്ള വൃത്താന്തം കേള്‍ക്കാം, അത് ശിയാ വര്‍ത്തമാനങ്ങളില്‍ പെട്ടതു മാത്രമാണ്. മുആവിയ റ അത് ചെയ്യുകയോ! അത്ഭുതം തന്നെ.
ഖൈസ് ബ്നു സഅദ് ബൈഅത്ത് ചെയ്യാന്‍ വിസമ്മതിച്ചിരുന്നല്ലോ. അബ്ദുല്ലാഹി ബ്നു ആമിറിനെ ഒരു സൈന്യവുമായി ഉബൈദുല്ലാഹി ബ്നു അബ്ബാസിനരികിലേക്ക് മുആവിയ റ അയച്ചിരുന്നു, അദ്ദേഹം അഭയം ആവശ്യപ്പെട്ട് കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍. ഇബ്നു ആമിര്‍ ഉബൈദുള്ളയെ രാത്രിയില്‍ കണ്ടുമുട്ടി, അയാളുടെ സുരക്ഷ ഉറപ്പു വരുത്തി, അദ്ദേഹത്തോടൊപ്പം മുആവിയയുടെ അരികിലെത്തി. അതിനെതുടര്‍ന്ന്, ഖൈസ് തന്റെ പട്ടാളക്കാരുമായി ആലോചിച്ച്, മുആവിയക്കെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിലെത്തി. അലിയുടെ ശീഅത്തിനു സംഭവിച്ച ആള് നഷ്ടത്തിനും ധനനഷ്ടത്തിനും മറ്റും പ്രതികാരം ചെയ്യുകയായിരുന്നു അവരുടെ ആവശ്യം. വിവരം മുആവിയ അറിഞ്ഞു. അമ്രുമായി കൂടിയാലോചിച്ചു. ശേഷം ഖൈസിനു ഒരു കത്തയച്ചു. താഴെ സീല്‍ പതിച്ച ഒരു കത്ത്. ‘താങ്കള്‍ക്ക് വേണ്ടത് എന്താണെന്നുവെച്ചാല്‍ അതിവിടെ എഴുതുക, അനുവദിക്കാം”. തനിക്കും ശീഅത്ത് അലിക്കും അഭയം നല്‍കണമെന്നും, വന്നുപോയ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും ഖൈസ് തിരിച്ചെഴുതി. പണമായി ഒന്നും ആവശ്യപ്പെട്ടില്ല. ആവശ്യങ്ങള്‍ മുആവിയ വകവെച്ചു കൊടുത്തു. അങ്ങനെ ഖൈസും ശീഅത്ത് അലിയും മുആവിയയെ ബൈഅത്ത് ചെയ്തു. പിന്നെ സഅദുബ്നു അബീ വഖ്വാസ് റ വന്നു പ്രതിജ്ഞ ചെയ്തു. അങ്ങനെ എല്ലാം ശാന്തമായി, മുആവിയ്യയുടെ നിയന്ത്രണത്തില്‍ എല്ലാം ഒതുങ്ങി. എല്ലാ നാട്ടിലെയും മുസ്ലിംകള് മുആവിയക്ക് ഏകസ്വരത്തില്‍ ബൈഅത്ത് ചെയ്തു. അപ്പോള്‍ ഹിജ്ര നാല്പത്തി ഒന്ന് പകുതിയോളം ആയിരിക്കുന്നു. ആ വര്‍ഷത്തെ ഇക്കാരണത്താല്‍ ഐക്യ വര്‍ഷം (ആമുല്‍ ജമാഅJ എന്ന് വിളിച്ചു.
പിന്നെ, മുആവിയക്കെതിരെ നഹൃവാനിലെ മുക്കുമൂലകളില്‍ നിന്നും മറ്റും ഖവാരിജുകള്‍ പുറത്തുചാടി. അവരെ മുആവിയ നേരിട്ടു. സൈന്യത്താല്‍ കുഴപ്പക്കാരെ വലയം ചെയ്തു. വിശദമായ ചരിത്രം പിറകെ വരുന്നുണ്ട്.
ഖലീഫമാര്‍ നാലോ?!
ഇസ്ലാമിക ഖിലാഫത്ത്, മതപരിത്യാഗികളുടെ ചരിത്രം, രാജ്യങ്ങള്‍ കീഴടക്കല്‍, ആഭ്യന്തര യുദ്ധങ്ങള്‍, യോജിപ്പുകള്‍, ഐക്യ സംഭവങ്ങള്‍ .. ഇതെല്ലാം മുഹമ്മദ് ബ്നു ജരീര്‍ അത്വിബ്രിയുടെ താരീഖുല്‍ കബീറില്‍ നിന്നാണ് ഞാന്‍ സംഗ്രഹിച്ചത്. ഇവ്വിഷയത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും വിശ്വസനീയമായ രചനയാണ് അത്. സമുദായത്തിലെ സര്‍വ്വ ശ്രേഷ്ഠരായ സ്വഹാബികളെയും മറ്റു വ്യക്തിത്വങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന ആക്ഷേപ പരാമര്‍ശങ്ങളില്‍ നിന്നും മുക്തമായ ഒരു രചനയാണ് ത്വിബ്രിയുടെത്. ഒട്ടുമിക്ക ചരിത്ര കൃതികളിലും മഹത്തുക്കളെ ആക്ഷേപിക്കുന്ന വൃത്താന്തങ്ങള്‍ ധാരാളം കാണാം. മഹാഭൂരിഭാഗം ചരിത്ര വാര്‍ത്തകളും തന്നിഷ്ട മതക്കാരുടെ സൃഷ്ടികളാണ്. അവ ഉദ്ധരിച്ചു ഈ നല്ല താളുകള്‍ ചീത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. ത്വിബ്രിയുടെതല്ലാത്ത ഒറ്റപ്പെട്ട ചില രചനകളെയും ഞാന്‍ അനുഗമിച്ചിട്ടുണ്ട്, പരമാവധി പണിയെടുത്ത് ശരിയായ റിപ്പോര്‍ട്ട് ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയത് മാത്രം. അങ്ങനെ ഉദ്ധരിക്കുന്ന ചരിത്ര പരാമര്‍ശം എഴുതുമ്പോള്‍ അതിന്റെ സ്രോതസ്സ് ഞാന്‍ പ്രത്യേകം എഴുതിയിട്ടുണ്ട്.
മുആവിയ റ യുടെ സാമ്രാജ്യവും അദ്ദേഹത്തിന്റെ ചരിത്രവും ഖലീഫമാരുടെ രാജ്യവും ചരിത്രവും പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. കാരണം, മുആവിയ റ മഹത്വത്തിലും സദാചാര നിഷ്ടയിലും തിരുനബി സ്വ യുമായുള്ള സഹവാസ ബന്ധത്തിലും ആദ്യ ഖലീഫമാരുടെ തുടര്‍ച്ചയായി വന്ന അമീറാണ്. ഇക്കാര്യത്തില്‍, ‘ എനിക്ക് ശേഷം ഖിലാഫത്ത് മുപ്പത് വര്‍ഷമാകുന്നു’ എന്ന അര്‍ത്ഥത്തില്‍ വന്നിട്ടുള്ള ഹദീസ് നോക്കാവതല്ല; ആ ഹദീസ് സ്വഹീഹല്ല. സത്യത്തില്‍ മുആവിയ റ ഖലീഫമാരുടെ ഗണത്തില്‍ പെട്ടയാളാണ്. എന്നാല്‍ ചരിത്രകാരന്മാര് അദ്ദേഹത്തെ ഉമവീ ഭരണാധികാരികളുടെ കൂട്ടത്തിലേക്ക് മാറ്റിയതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്,
തന്റെ കാലഘട്ടത്തില്‍ സംജാതമായ വംശവീര്യപ്രകടനാവശ്യകതയുടെ ( ആമുഖത്തില്‍ വിശദമാക്കിയ പോലെ) പശ്ചാത്തലത്തില്‍ ശക്തി പ്രയോഗിച്ചുള്ള അധികാര വാഴ്ചയായിരുന്നു മുആവിയയുടേത്. എന്നാല്‍, തിരഞ്ഞെടുപ്പിലൂടെയും ജനങ്ങളുടെ സമവായത്തോടെയും ആയിരുന്നു അദ്ദേഹത്തിനു മുമ്പുള്ള ഭരണാധികാരികള്‍ രംഗത്ത് വന്നത്. ആ രണ്ട് അവസ്ഥാ വൈവിധ്യങ്ങളെ വകതിരിക്കാനാണ് ചരിത്രകാരന്മാര് ആദ്യ നാലഞ്ചുപേരുടെ ഭരണ കാലത്തെ ഖിലാഫത്ത് എന്നും, പില്ക്കാല സംവിധാനത്തെ രാജഭരണം എന്നും പേരിട്ടു രണ്ടാക്കിയത്. മുആവിയ ആയിരുന്നല്ലോ ശക്തിയും വംശപരമായി ലഭിച്ച നേത്രുത്വവീര്യവും അടിസ്ഥാനമാക്കി മുസ്ലിംകള്ക്ക് നായകത്വം വഹിച്ച ആദ്യത്തെ ഭരണാധികാരി. അതെക്കുറിച്ചാണ് ചില തന്നിഷ്ട പാര്ട്ടിക്കാര് രാജാക്കന്മാരുടെ ഭരണം എന്ന് ആക്ഷേപിക്കുന്നത്.അതിന് ഉപോല്‍ബലകമായി പഴയ ചില രാജാക്കന്മാരെ ഇവരോട് സാദൃശ്യപ്പെടുത്തുന്നു. ഏതായാലും , മുആവിയ റ നെ തന്റെ പിന്‍ഗാമികളോട് സാമ്യപ്പെടുത്തി പറയുന്നത് അത്യല്‍ഭുതകരം തന്നെ, സുബ്ഹാനല്ലാഹ്! അദ്ദേഹം ഖുലഫാഉ റാഷിദുകളില്‍ പെട്ട ആള് തന്നെയായിരുന്നു; അദ്ദേഹത്തെ ദീനിലും മഹത്വങ്ങളിലും അനുഗമിച്ച തുല്യ പദവികളുള്ള ചില മര്‍വാനി അമീറുമാരും ഖുലഫാഉറാഷിദുകളില് പെട്ടവര്‍ തന്നെയായിരുന്നു. അതുപോലെത്തന്നെയാണ്, ഇവര്‍ക്ക് ശേഷം വന്ന അബ്ബാസിയ്യ ഖലീഫമാരും. രാജ ഭരണം ഖിലാഫത്തിനേക്കാള് തരംതാഴ്ന്നതാണെന്ന് ഒരിക്കലും പറഞ്ഞുകൂടാ. പിന്നെയെങ്ങനെ ഖലീഫയെ രാജാവെന്ന് വിളിച്ചു ആക്ഷേപിക്കും?!
സ്വേഛാധിപത്യ സ്വഭാവമുള്ള ഭരണ സംവിധാനമാണ് ഖിലാഫത്തിനു വിരുദ്ധമായ, ഖിലാഫത്തിനെ ഇല്ലാതാക്കുന്ന രാജഭരണം. അതിനെ കിസ്രാഭരണ വ്യവസ്ഥ എന്നും പറയാറുണ്ട്. ഒരിക്കല്‍ മുആവിയ യില്‍ നിന്നു തന്നെ അതിന്റെ ചില ആദ്യപ്രകടനങ്ങള്‍ കണ്ട മാത്രയില്‍ ഉമര്‍ റ ആ പദം ഉപയോഗിച്ചുകൊണ്ട് മുആവിയയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ശക്തി യും പ്രാപ്തിയും ഭരണ നൈപുണിയും വംശീയമായ വീര്യവും മിടുക്കും കാണിച്ചുകൊണ്ട് നേടുന്ന അധികാരമുണ്ടല്ലോ, അത് ഖിലാഫത്തിനോ നുബുവ്വത്തിനോ വിരുദ്ധമല്ല. ദാവൂദ് നബിയും പുത്രന് സുലൈമാന്‍ നബിയും (അലൈഹിമുസ്സലാം) നബിമാരായിരുന്നപോലെ രാജാക്കന്മാര് ആയിരുന്നു. അവര്‍ തങ്ങളുടെ നാഥനെ വണങ്ങുന്നതിലും ഭൗതിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലും അങ്ങേയറ്റത്തെ സന്മാര്ഗ്ഗ സ്ഥിരത കാണിച്ചവരായിരുന്നു.
മുആവിയ റ തന്റെ ഭൗതികലോകം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലല്ല അധികാരമോ അതിന്റെ പ്രതാപമോ അന്വേഷിച്ചത്. നിശ്ചയമായും അദ്ദേഹത്തെ അധികാരത്തിലേക്ക് നയിച്ചത് വംശപരമായ നേത്രുത്വവീര്യം മാത്രമാണ്. മുസ്ലിംകള് സകല നാടുകളെയും കീഴടക്കിയ അന്നാളില്‍ അദ്ദേഹമാണ് അന്നത്തെ ഭരണ ചക്രം തിരിക്കേണ്ടത്. അദ്ദേഹം മുസ്ലിംകളുടെ ഖലീഫ മാത്രമാണ്. രാജാക്കന്മാര് തങ്ങളുടെ പ്രജകളോട് ആവശ്യപ്പെടുന്നതെന്തോ അതാണ് അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടത്. വംശപരമായ വീര്യം പ്രകടിപ്പിക്കേണ്ട സന്ദര്‍ഭം ഗൌരവമേറിയതാവുകയും രാജഭരണസ്വഭാവത്തെ സന്ദര്‍ഭം ആവശ്യപ്പെടുകയും ചെയ്ത ആ പശ്ചാത്തലത്തില്‍.
ഇപ്രകാരം കാണണം, പിന്നീട് വന്ന ദീനീ നിഷ്ഠയുണ്ടായിരുന്ന ഖലീഫമാരുടെ കാര്യവും. ‘രാജഭരണം’ ഒരനിവാര്യ ആവശ്യമായ ഘട്ടത്തില്‍ അവര്‍ക്ക് അങ്ങനെ നിലകൊള്ളാനേ ആകുമായിരുന്നുള്ളൂ. ശരിയായ വൃത്താന്തങ്ങള്‍ (ഊഹങ്ങള്‍ അല്ല ) അടിസ്ഥാനമാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയാണ് വേണ്ടത്. അതാണ് അവരുടെ കാര്യത്തില്‍ കൈകൊള്ളേണ്ട മാനദണ്ഡം. ആരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ ആ നിലയില്‍ ഉണ്ടായിട്ടുണ്ടോ അവരെല്ലാം നബി സ്വ യുടെ ഖലീഫമാര്‍/പ്രതിനിധികള്‍ തന്നെ. ആരുടെ പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡ പ്രകാരം പുറത്തുപോയോ അവരാണ് ഭൂമിയിലെ രാജാക്കന്മാര്. അവരെ ആലങ്കാരികമായി ഖലീഫ എന്ന് വിളിച്ചാല്‍ പോലും.
മുആവിയ റ ന്റെ ഭരണ കാലത്തെ ഖിലാഫത്തില്‍ പൊതുവേ ഉള്‍പ്പെടുത്താതെ ബനൂ ഉമയ്യ ഖലീഫമാരുടെ കൂട്ടത്തില്‍ എണ്ണുന്നതിന്റെ രണ്ടാമത്തെ കാരണം പറയാം. അത്, ആദ്യക്കാര്‍ക്ക് ശേഷം വന്ന ഏതാനും ഖലീഫമാരെല്ലാം ബനൂ ഉമയ്യക്കാര്‍ ആയിരുന്നല്ലോ. അപ്പോള്‍, അവരുടെ കൂട്ടത്തിലെ തുടക്കക്കാരന് എന്ന നിലയ്ക്ക് മുആവിയ മുതല്‍ തുടര്‍ന്നു വന്നവരെ ഒറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂന്നാം ഖലീഫ ഉസ്മാന് റ നേരത്തെ ഉണ്ടായിരുന്നെങ്കിലും, തുടര്‍ച്ചയായ ഉമവീ ഭരണം പിന്നീടാണല്ലോ ഉണ്ടായത്.
അല്ലാഹു നമ്മെ അവരുടെയെല്ലാം കൂടെ ഒരുമിച്ചു കൂട്ടട്ടെ, അവരെ അനുഗമിക്കാന്‍ നമ്മെ അനുഗ്രഹിക്കട്ടെ.. ആമീന്‍.