യസീദിനെ ‘ശപിക്കപ്പെട്ട’ എന്ന് വിശേഷിപ്പിച്ച ഏതെങ്കിലും ആലിമിനെ കേരളത്തിനറിയുമോ?
പാരമ്പര്യ മുസ്ലിംകള് അംഗീകരിക്കുന്ന ഒരു പണ്ഡിതനും അങ്ങനെ പ്രയോഗിക്കാറില്ല. അഥവാ കണ്ടിട്ടില്ല. കാരണം അവരെല്ലാം ശാഫിഈ മദ്ഹബ് പഠിച്ചവരും പഠിപ്പിക്കുന്നവരുമാണ്.യസീദ് ഹുസൈന് തങ്ങളുടെ ഘാതകനാണ് എനനാരോപിച്ചിരുന്നോ? അതുമില്ല. കാരണം അവര്‍ ചരിത്രം പഠിച്ചവരാണ്.
അന്വഷണത്തില്‍ മനസ്സിലായത്, കേരളത്തിലെ ഉലമാക്കള്‍ ഇവ്വിഷയം ഒടുവില്‍ ചര്‍ച്ച ചെയ്യുന്നത് 1954 april 24,25 തിയ്യതികളില്‍ താനൂരില്‍ സമസ്തയുടെ സമ്മേളനം സംഘടിപ്പിച്ച സന്ദര്‍ഭത്തിലാണ്. സമ്മേളനത്തോടനുബന്ധിച് നടന്ന സമസ്ത മുശാവരയിലേക്ക് തലശ്ശേരിയില്‍ നിന്നും ഒരു ചോദ്യം വന്നു, യസീദിനെ ലഅനത്ത് ചെയ്യുന്നതിനെ സംബന്ധിച്ച്. അതിന് യോഗം തയ്യാറാക്കിയ ഫതവ എഴുതുവാന്‍, പിന്നീട് സമസ്ത വിട്ട കെ അബ്ദുല്‍ അസീസ് മൌലവിയെ ചുമതലപ്പെടുത്തിയ വിവരം മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളൂ.. ചോദ്യത്തിന്റെ പശ്ചാത്തലം എന്തായിരുന്നുവെന്നോ ഫതവ എന്തായിരുന്നുവെന്നോ വ്യക്തമായി അറിയപ്പെട്ടിട്ടില്ല.
ഇവ്വിഷയം കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തിയത് സയ്യിദ് ജിഫ്രി അവര്‍കള്‍ ആയിരിക്കണം. തന്റെ കന്‍സുല്‍ ബറാഹീന് എന്ന കിത്താബില്‍ അദ്ദേഹം ‘യസീദിനെ ശപിക്കല്‍’ എന്ന പ്രശ്നത്തിന്റെ മൂന്നു നിലപാടുകളും പരാമര്‍ശിക്കുന്നുണ്ട്. അതില്‍, യസീദിനെ ശപിച്ചുകൂടാ എന്ന നിലപാടുള്ള ഇമാം ഗസാലി , ഇമാം മുതവല്ലി, ഇമാം ഇബ്നു സ്വലാഹ് തുടങ്ങിയ ശാഫിഈ വക്താക്കളെ പരാമര്‍ശിച്ച ശേഷം, “ വഹുവല്‍ മുവാഫിഖു ലി ഖവാഇദിശ്ശാഫിഇയ്യ” (ഈ വീക്ഷണമാണ് ശാഫിഈ മദ്ഹബിന്റെ അടിസ്ഥാന തത്വങ്ങളോട് യോജിക്കുന്നത്) എന്ന് പ്രഖ്യാപിക്കുന്നത് കാണാം. സത്യ നിഷേധിയായി മരണപ്പെട്ടു എന്ന്ഉറപ്പുള്ള വ്യക്തിയെ അല്ലാതെ പേരെടുത്ത് ശപിക്കാന്‍ ശാഫിഈ മദ്ഹബ് വകതാക്കള്‍ അനുവദിക്കുന്നില്ല. സയ്യിദ് ജിഫ്രി റഹി അവിടെ രേഖപ്പെടുത്തുന്നു: “ മുഹഖിഖുകളായ ഒരു സംഘം ജ്ഞാനികള്‍ പറയുന്നു: ‘ ഇക്കാര്യത്തില്‍ നേരായ വഴി, അല്ലാഹുവില്‍ എല്പിക്കലാണ്, കാരണം, മുന്‍പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്കും (ശപിക്കാനോ വാഴ്താനോ) ഖണ്ഡിതമായ ഒരു രേഖയും സ്ഥിരപ്പെട്ടിട്ടില്ല. അദ്ദേഹം ഒരു മുസ്ലിം ആയിരുന്നു എന്നതാണ് അസ്ല്. കാഫിറാക്കാന്‍ ഒരു അസലും ഇല്ലതാനും ..” കാഫിറിനെ അല്ലാതെ വ്യക്തിപരമായി ശപിക്കാന്‍ ശാഫിഈ വക്താക്കള്‍ അനുവദിക്കുന്നുമില്ല. ഹുസൈന് തങ്ങളുടെ വധത്തില്‍ അയാള്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. സ്വകാര്യമായ അനുവാദം ഉണ്ടായിരുന്നതായി സ്ഥിരപ്പെട്ടതുമല്ല.
പാട്ടെഴ്ത്തുകാരും പാടിപ്പറയുന്നവരും ജ്ഞാന ഗഹനത ഇല്ലാത്ത ‘ഉറുദി’ക്കാരും വഅളന്മാരും സമുദായത്തെ തെറ്റായ ധാരാളം ചരിത്രങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. പണ്ഡിതന്മാരുടെ രചനകള്‍ മാത്രമേ നമുക്ക് ആധികാരികമായി കാണാനാകൂ.
അണ്ടത്തോട് കുളങ്ങര വീട്ടില്‍ ശുജാഈ മൊയ്തു മുസ്ല്യാര്‍ എഴുതി 1304/1886 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ‘ഫൈളുല്‍ ഫയ്യാള് എന്ന സീറാ പകര്‍പ്പ്’ ഖിലാഫത്ത് ചരിത്രം ഹ്രസ്വമായെങ്കിലും മാപ്പിള മലയാളത്തില്‍ പറഞ്ഞുതന്ന ആദ്യത്തെ കൃതിയാണ്. അതില്‍ ഹുസൈന് തങ്ങളുടെയും കര്‍ബലയുടെയും യസീദിന്റെയും സംഭവം അനുസ്മരിക്കുമ്പോള്‍ യസീദിനെ ശപിക്കാനോ ഘാതകനാക്കാനോ മുതിരുന്നില്ല. ഹുസൈന് തങ്ങളുടെ ശിരസ്സുമായി വന്ന സൈനികരുടെ വിശദീകരണം കേട്ടപ്പോള്‍ ഉണ്ടായ യസീദിന്റെ പ്രതികരണത്തെ ക്കുറിച്ച് ശുജാഈ രേഖപ്പെടുത്തുന്നത് ഇങ്ങനെ: “വിവരം ആകെ പറഞ്ഞതില്‍ യസീദിന്നു വ്യസനം തോന്നി. കണ്ണ് നീര് ഒലിച്ചു. അസ്കറോട്(=സൈനികരോട്) അനിഷ്ട വാക്കുകള്‍ പറഞ്ഞു. ചിറ പിടിച്ചു(=തടവിലാക്കിയ) കൊണ്ടുവന്ന കുട്ടികളെയും മറ്റും വളരെ സന്തോഷിപ്പിച്ചു. മദീനത്തെക്ക് മുപ്പത് കുതിരക്കാരോട് കൂടി അയച്ചുകൊടുത്തു..” പേജ് 273.
1319 ദുല്‍ ഹിജ്ജ 16/ 1902 മാര്ച് 27 ന് പുറത്തിറങ്ങിയ ‘സ്വലാഹുല്‍ ഇഖ്വാന്’ അറബി മലയാള ദ്വൈവാരിക(ലക്കം 3 വാള്യം 19 )യില്‍ പത്രാധിപര്‍ സൈദാലിക്കുട്ടി മാസ്റ്റര്‍ തന്നെ “താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് തെളിവുകളോട് കൂടി ഉത്തരങ്ങള്‍ തരുവാന്‍” ആവശ്യപ്പെട്ടുകൊണ്ട് ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചവയില്, രണ്ടു ചോദ്യങ്ങള്‍ക്ക് ചാലിലകത്ത് അബ്ദുള്ള മുസ്ല്യാര്‍ നല്കിയ മറുപടി കാണുക:
(തലവാചകം)
“ യസീദിനെ ശപിക്കലും ഇമാം ഹുസൈന് തങ്ങളുടെ ശഹീദ് വര്‍ത്തമാനങ്ങള്‍ പറയലും”
സ്വലാഹുല്‍ ഇഖ് വാന്‍ പത്രാധിപര്‍ അവര്‍കള്‍ക്ക്,
അസ്സലാമു അലൈകും വരഹ്മത്തുല്ലാഹി വബരകാത്തുഹൂ.
എന്നാല്‍, “ആഹ്ലുസ്സുന്നിയാക്കളുടെ അടുക്കല്‍ മുആവിയാ രളിയല്ലാഹു അന്ഹു എന്നവര്‍ മകന് യസീദിനെ ലഅനത്ത് ചെയ്യുവാന്‍ പാടുണ്ടോ ഇല്ലയോ?” എന്നും “ ഇമാം ഹുസൈന് രളിയല്ലാഹു അന്ഹു അവര്‍കളുടെ ശഹീദ് വര്‍ത്തമാനങ്ങള്‍ പറയുന്ന നൂറുല്‍ ഐന്‍ എന്ന പോലത്തെ കിതാബുകള്‍ സ്വഹീഹോ വിരോധിക്കപ്പെട്ടതോ?” എന്നുമുള്ള രണ്ടു ചോദ്യങ്ങള്‍ കഴിഞ്ഞ ദുല്ഹിജ്ജത്തില് ഹറാം പത്തൊമ്പതാം നമ്പര്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തീട്ടുള്ളതിനു ഉത്തരമാവിത്..
“ ഒരു മുഅമിനിനെ ലഅനത്ത് ചെയ്യല്‍ അല്ലെങ്കില്‍ ശപിക്കല്‍ അവനെ കൊല്ലല്‍ പോലെയാകുന്നു’ എന്ന് അര്‍ത്ഥമുള്ള ‘ലഅനുല് മുഅമിനി കഖതലിഹീ’ എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ലഅനത്ത് ചെയ്യല്‍ കഠിനമായ ഹറാമാകലില് കൊല പോലെയാണെന്നും മുസ്ലിമിനെ ലഅനത്ത് ചെയ്യല്‍ ഹറാം ആണെന്നും ഹര്ബിയ്യല്ലാത്ത കാഫിറിനെ ലഅനത്ത് ചെയ്യലും അപ്രകാരം തന്നെയാണെന്നും എന്ന് മാത്രമല്ല, പ്രാണികളെ പ്പോലും ലഅനത്ത് ചെയ്യല്‍ അതേ പ്രകാരം ആണെന്നും, അതിനു കാരണം ലഅനത്ത് ചെയ്യല്‍ എന്നത് അള്ളാഹു തആലാനെയും വിട്ടു അകറ്റി ദൂരപ്പെടുത്താനുള്ള വാചകമാണെന്നും , അല്ലാഹു തആലായെതൊട്ട് ദൂരപ്പെടുത്തുന്ന ചമയങ്ങള്‍ കൊണ്ട് ചമഞ്ഞവന്റെ മേല്‍ അല്ലാതെ ജാഇസാകില്ലെന്നും ആ ചമയം കുഫ്രിയ്യതും ബിദ്അത്തും ഫിസ്ഖും ആണെന്നും, ഏറ്റവും പൊതുവിലുള്ള ചമയം പ്രമാണിച്ച് കാഫിരീങ്ങളുടെയോ മുബ്തദിഈങ്ങളുടെയോ ഫാസിഖീങ്ങളുടെയോ മേല്‍ അല്ലാഹു തആലായുടെ ലഅനത്ത്ഉണ്ടാകട്ടെ എന്നും , പ്രത്യേക സ്ഥിതിയെ പ്രമാണിച്ച് യഹൂദികളുടെയോ ഖാരിജീങ്ങളുടെയോ ഖദരീങ്ങളുടെയോ സിന്ദീഖീങ്ങളുടെയോ ളാലിമീങ്ങളുടെയോ പലിശ തിന്നുന്നവരുടെയോ മേല്‍ അല്ലാഹു തആലാ ലഅനത്ത് ചെയ്യട്ടെ എന്നും, ഇവയില്‍ ഒന്ന് കൊണ്ട് ചമഞ്ഞവരെ ലഅനത്ത് ചെയ്യല്‍ ജാഇസാകുമെന്നും, ഒരാള്‍ ജീവിചിരിക്കുന്നവനാണെങ്കില് ഇബ്ലീസിനെപ്പോലെ കുഫ്രിയ്യത്തില്‍ തന്നെ മരിക്കുമെന്ന് തിട്ടമായിട്ടു അറിഞ്ഞവനെ അല്ലാതെ ഒരുത്തനെയും സ്വന്തമായിട്ട് ലഅനത്ത് ചെയ്യുന്ന കാര്യം അറമേ ജാഇസല്ലെന്നും , തല്കാലം ഒരുത്തന് കാഫിരായിരുന്നാലും അവന്റെ മരണം കുഫ്രിയ്യതിലാണെന്ന് അറിയാത്തതാണെന്നും പക്ഷേ അവന് ഇസ്ലാമാകുവാനും പടച്ചവനോടടുത്ത് മരണപ്പെടുവാനും സംഗതിയുള്ളത് കൊണ്ട് അകറ്റി ദൂരപ്പെടുന്നതായ ലഅനത്ത് കൊണ്ട് അവനില്‍ വിധിക്കുന്നത് എങ്ങിനെ എന്നും, തല്കാലത്തെ കുഫ്രിയ്യതിനെ നോക്കാതെ അവന് കാഫിറായി ത്തന്നെ മരിച്ചെങ്കിലും അതേ പ്രകാരം തീര്‍ച്ചപ്പെട്ട ഫാസിഖും മുബ്തദിഉം തൌബ ചെയ്യാതെ മരിച്ചാലും അല്ലാഹു അവനെ ലഅനത്ത് ചെയ്യട്ടെ എന്ന് പറയപ്പെടാമെന്നും, അത് കൊണ്ട് ഇമാം ഹുസൈന് രളിയല്ലാഹു അന്ഹു അവര്‍കളെ കൊന്നതോ കൊല്ലാന്‍ കല്പിച്ചതോ യസീദ് ആകയാല്‍ അവനെ ലഅനത്ത് ചെയ്യല്‍ ജാഇസാണെന്ന് , തന്റെ പിന്നാലെ ശറഇയ്യായ ഹുക്മുകളില് എണ്ണാത്ത ചിലര്‍ ഊഹിച്ചു പറഞ്ഞതിന് മാറ്റമായിട്ടു ഇമാം ഗസാലി രഹിമഹുല്ലഹ് മുതലായവര്‍ പറഞ്ഞ പ്രകാരം അത് ജാഇസാകയില്ലെന്നും, ചില ചരിത്രങ്ങളില്‍ പറയപ്പെട്ടിട്ടുള്ളതല്ലാതെ അദ്ദേഹം അവരെ കൊന്നിരിക്കുന്നു എന്നോ കൊല്ലുവാന്‍ കല്പിച്ചിരിക്കുന്നു എന്നോ കൊന്നത് സമ്മതിച്ചിരിക്കുന്നു എന്നോ തെളിഞ്ഞിട്ടില്ലെന്നും, ഇങ്ങനെയുള്ള സംഗതികള്‍ തെളിവിന് മതിയാകുന്നതല്ലെന്നും അതിനാല്‍ ഇമാം ഗസാലി രഹിമഹുല്ലാഹ് അവര്‍കള്‍ വീണ്ടും പറഞ്ഞിട്ടുള്ളതുപോലെ, ഇത് തന്നെക്കൊള്ളെ (=യസീദിലേക്ക്) ചേര്‍ക്കുന്നത് ജാഇസ് അല്ലെന്നും, ഒരു മുസ്ലിമിന്റെ മേല്‍ പൂര്‍ത്തിയായ തെളിവോടു കൂടാതെ ഒരു മഹാ പാപത്തെ ചുമത്തുന്നത് ജാഇസല്ലെന്നും, ‘ഇമാം ഹുസൈന് രളിയല്ലാഹു അന്ഹു അവര്‍കളെ കൊന്നവരോ കൊല്ലുവാന്‍ കല്പിച്ചവരോ അതിനെ അനുസരിച്ചവരോ തൌബയുടെ മുമ്പായി മരിച്ചവനാനെങ്കില് അവനെ അല്ലാഹു ലഅനത്ത് ചെയ്യട്ടെ’ എന്ന് പറയുന്നത് ജാഇസാകുമെന്നും, സയ്യിദുനാ ഹംസ റളിയല്ലാഹു അന്ഹു അവര്‍കളെ കൊന്ന വഹ്ശീ എന്നവര്‍ക്ക് ഉണ്ടായതുപോലെ തൌബയുടെ ശേഷമുള്ള മരണം പാപത്തെ ചുമക്കുന്നതല്ലെന്നും മറ്റും അസ്ശൈഖ് അല്ലാമാ ശിഹാബുദ്ധീന്‍ അഹ്മദ് ബ്നു ഹജറില്‍ ഹൈതമി രഹിമഹുല്ലാഹ് അവര്‍കളുടെ ഫതാവാ ഹദീസിയ്യ എന്ന കിതാബിലും, മുആവിയ രളിയല്ലാഹു അന്ഹു അവര്കളില് ദൂഷ്യം പറയുന്നതും അവരുടെ മകന് യസീദിനെ ലഅനത്ത് ചെയ്യുന്നതും ഇമാം ഹുസൈന് രളിയല്ലാഹു അന്ഹു അവര്‍കളെ കൊന്ന വര്‍ത്തമാനവും അസ്വഹാബിമാരുടെ ഇടയില്‍ നടന്ന വര്‍ത്തമാനവും പരസ്യമാക്കിപ്പറയുന്നതും ഹറാമാണെന്നും, അത് അവരുടെ മേല്‍ ദൂഷ്യം ജനിപ്പിക്കുമെന്നും അവരെല്ലാം ദീനിന്റെ കൊടികള്‍ ആണെന്നും അവരെ ദൂഷ്യം പറയുന്നവന് സ്വന്ത ദേഹത്തെ ദൂഷ്യം പറയുന്നവനാനെന്നും അവരൊക്കെയും നീതിമാന്മാര് ആണെന്നും അവരുടെ ഇടയില്‍ നടന്ന സംഗതികള്‍ക്ക് മതിയായ സംഗതികള്‍ കൊണ്ട് അവ നേര്‍വഴിയില്‍ എടുക്കപ്പെടേണ്ടതാണെന്നും ഉബാബ് എന്ന കിത്താബിലും പറഞ്ഞിരിക്കുന്നു എന്ന് സാരമുള്ള….. എന്ന ഇബാരത്ത് കൊണ്ടും,
ഇമാം ഹസന് രളിയല്ലാഹു അന്ഹു അവര്കളുടെയും ഇമാം ഹുസൈന് രളിയല്ലഹു അന്ഹു അവര്കളുടെയും കൊല വര്‍ത്തമാനങ്ങളെയും അവയെ സംബന്ധിച്ച കഥകളെയും അസ്വഹാബിമാരുടെ ഇടയില്‍ നടന്ന വിവരങ്ങളെയും പറയുന്നത് ഉറുദി പറയുന്നവരിലും മറ്റും ഹറാമാണെന്ന് ഇമാം ഗസാലി രളിയല്ലാഹു അന്ഹുവും മറ്റും പറഞ്ഞിരിക്കുന്നു എന്ന അര്‍ത്ഥമുള്ള …………. എന്ന ഇബാരത്ത് കൊണ്ടും മറ്റും ഇബ്നു ഹാജര്‍ തങ്ങള്‍ തന്റെ ‘തുഹ്ഫതുല്‍ മുഹ്താജ്’എന്ന കിതാബിന്റെ ഹാശിയ മുതലായ കിതാബുകളിലും പറഞ്ഞിരിക്കയാല്‍ യസീദിനെ ലഅനത്ത് ചെയ്യുന്നതും ഇമാം ഹുസൈന് രളിയല്ലാഹു അന്ഹു അവര്‍കളുടെ ശഹീദ് വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതായ നൂറുല്‍ ഐന്‍ പോലോത്തതായ കിതാബുകളിലുള്ള വര്‍ത്തമാനങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വഅള് പോലെയും മറ്റും പരസ്യമാക്കി പറയുന്നതും അവയെ പ്രമാണിക്കുന്നതും ഹറാ മാണെന്ന് തീര്‍ച്ചപ്പെട്ടിരിക്കുന്നു.”
എന്ന്,
ചാലിലകത്ത് അബ്ദുല്ല മുസ്ല്യാര്‍.
ഈ ഫതവക്ക് ശേഷമാണ്, അണ്ടത്തോട് കുളങ്ങര വീട്ടില്‍ ശുജാഈ മൊയ്തു മുസ്ല്യാരുടെ ‘ഫത്ഹുല്‍ ഫത്താഹ് എന്ന സീറാ വിസ്തീര്‍ണ്ണം’ ഇറങ്ങുന്നത്, 1322/1904 ല്‍. പ്രസ്തുത കൃതിയുടെ ‘മൂന്നാം ജില്ദ്’ പുറം 179 ല്‍ യസീദിനെ പരാമര്‍ശിക്കുമ്പോള്‍ ‘ശപിക്കപ്പെട്ട’, ‘അഭിശപ്തനായ’ തുടങ്ങിയ യാതൊരു ആക്ഷേപവും കാണുന്നില്ല. ഇതില്‍, കര്ബലാനന്തര അവസ്ഥ വിവരിക്കുന്നത് ഇപ്രകാരമാണ്: “ഹുസൈന് അവര്‍കളുടെ മക്കള്‍ അഹ്ലുകാര്‍ ഖാദിമീങ്ങള്‍ അവര്‍കളെ ദിമിശ്ഖില്‍ യസീദിന്നു അയച്ചു. യസീദ് അവരെ ബഹുമാനിച്ചു…” വീണ്ടും : ഹുസൈന് അവര്‍കളുടെ തല യസീദിന്നു എത്തി. ശമീര്‍ ബിന്‍ ദില്‍ ജൌശന്‍ വിവരം പറഞ്ഞാരെ, യസീദിന്നു കണ്ണുനീര് ഒലിച്ചു. അവനോട് അനിഷ്ട വാചകം പറഞ്ഞു. പിന്നെ ഹുസൈന് എന്നവരെ കുട്ടികളെയും സ്ത്രീകളെയും യസീദുടെ സ്ത്രീകളെ വീട്ടില്‍ കടത്തി. ആദരിച്ചു. യസീദിന്നു ഭക്ഷണം കൊണ്ടുവന്നാല്‍ ഹുസൈന് അവര്‍കളെ മക്കള്‍ അലി,ഉമര്‍ അവര്‍കള്‍ ഒരുമിച്ചല്ലാതെ കഴിക്കയില്ല. പിന്നെ അവര്‍കളെയെല്ലാം മദീനം കൊള്ളെ കാവല്ക്ക് കുതിരക്കാര്‍ മുമ്പും പിന്‍പും അണിനിരത്തി അയച്ചു കൊടുത്തു…” യസീദിനെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യമല്ല ഇതിലൊന്നും. അഹ്ലുസ്സുന്നയുടെ സ്തുത്യര്‍ഹമായ സുരക്ഷിത നിലപാട് പഠിപ്പിക്കുക മാത്രമാണ്.
1351/1932 ലാണ് പരൂര് വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാരുടെ വിഖ്യാതമായ ‘ഫൈളുല്‍ബാരി അഥവാ പരോപകാരി’ ഇറങ്ങുന്നത്. തികഞ്ഞ സ്വൂഫിയും ആഹ്ലുല്ബൈത്ത് പ്രേമിയുമായ അദ്ദേഹം, യസീദിന്റെ കൊള്ളരുതായ്മകള്‍ സൂചിപ്പിക്കുന്നുവെങ്കിലും ശാപമോ ഘാതക ആരോപണമോ നടത്തുന്നില്ല. പരോപകാരിയുടെ പുറം 192 ല്‍ അദ്ദേഹം രേഖപ്പെടുത്തുന്നു: “ഇതെല്ലാം യസീദ് കേട്ടപ്പോള്‍ രണ്ട് കണ്ണില്‍ നിന്ന് കണ്ണീര് ഒലിച്ചു. ഇപ്രകാരം പറഞ്ഞു: ഹുസൈന് റ എന്നവരെ കൊന്നത് എനിക്ക് ഒട്ടും തൃപ്തിപ്പെട്ടില്ല.അതല്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു. ഞാന്‍ അവിടെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് മാപ്പ് ചെയ്യുവായിരുന്നു..”
അല്ലാമാ ഇബ്നു ഹജര്‍ ഹൈതമി, അല്ലാമാ റംലി തുടങ്ങി കേരളമുസ്ലിംകള്‍ മാതൃകയാക്കുന്ന ജ്ഞാന മാതൃകകളെ അവഗണിച്ചു കൊണ്ട് ഈ വിനീതന് ഇവ്വിഷയത്തില്‍ മറ്റെന്തു പറയും, എന്തൊക്കെയോ ഊഹാപോഹങ്ങളും അവിശുദ്ധ വികാരങ്ങളും ചുമന്നു നടക്കുന്ന ഏതാനും അല്പജ്ഞാന്മാര്ക്ക് വേണ്ടി.. ?