ഇബ്നു ഖല്ദൂന് ചരിത്രമെഴുതുന്നു../2
ഇസ്ലാമിന്റെ ആദ്യ നൂറു വര്‍ഷങ്ങള്‍
സഖീഫയില്‍ നടന്നത്
അല്ലാഹുവിന്റെ തിരുദൂതര്‍ സ്വ ദിവംഗതനായപ്പോള്‍, അവിടെ സമ്മേളിച്ചവര് അവിടുന്ന് നഷ്ടമായതോര്ത്ത്പരിഭ്രാന്തരായിപ്പോയി. അവിടുന്ന് മരണപ്പെട്ടിട്ടില്ല എന്നുവരെ ചിലര്‍ കരുതി. അന്‍സ്വാറുകള്‍ ബനൂ സാഇദാ പന്തലില്‍ സംഘടിച്ചു. സഅ്ദു ബ്നു ഉബാദ: യെ ബൈഅത്ത് ചെയ്യുവാനായിരുന്നു അവരുടെ നീക്കം. ഭരണാധികാരം തങ്ങള്‍ക്ക് അര്‍ഹിക്കുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. കാരണം, അവരാണല്ലോ പ്രവാചകന്നും അനുയായികള്‍ക്കും മദീനയില്‍ അഭയം നല്കിയതും അവരെ സഹായിച്ചതും. വാര്‍ത്തയറിഞ്ഞ ഉടന്‍ അബൂബകറും ഉമറും അവിടേക്ക് പുറപ്പെട്ടു. കൂടെ അബൂ ഉബൈദ: യും ഉണ്ട്. വഴിയില്‍ വെച്ച് ആസ്വിം ബ്നു അദിയ്യ്, ഉവൈം ബ്നു സാഇദ എന്നിവരെ കണ്ടുമുട്ടി. പ്രശ്നം ലഘൂകരിച്ചു കാണിച്ച് അവരെ തിരിച്ചയക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. അവിടെ പോയേ പറ്റൂ എന്ന നിലപാടില്‍ അവര്‍ മുന്നോട്ടു നീങ്ങി, സ്ഥലത്തെത്തി. പന്തലില്‍ സമ്മേളിച്ചവരുടെ നടപടി ക്രമങ്ങള്‍ക്ക് മുമ്പേ ആഗതര്‍ കാര്യങ്ങള്‍ പൊടുന്നനെ നീക്കി. കൂട്ടായ്മ കൊണ്ടും സാരോപദേശം കൊണ്ടും അവര്‍ അവിടെ കൂടിയവരെ കാര്യം ബോധിപ്പിക്കുന്നതില്‍ വിജയിച്ചു. അബൂബകര്‍ പറഞ്ഞു: “ഞങ്ങള്‍ നബി യുടെ ആത്മമിത്രങ്ങളും കുടുംബ ബന്ധുക്കളുമാണ്. ഭരണാധികാരത്തിനു കൂടുതല്‍ അര്‍ഹത ഞങ്ങള്‍ക്കാണ്. അവ്വിഷയത്തില് നാം പരസ്പരം വിയോജിക്കേണ്ട കാര്യമില്ല. ഇസ്ലാമില്‍ നേരത്തെ കടന്നുവന്നവര്‍ എന്നനിലക്കുള്ള ബഹുമാനവും പ്രവാചകനെയും മുസ്ലിംകളെയും സഹായിച്ച മഹത്വവും നിങ്ങള്‍ക്കുണ്ട്, ശരിതന്നെ. ഞങ്ങള്‍ മുഖ്യ ഭരണാധികാരികളും നിങ്ങള്‍ പ്രധാന മന്ത്രിമാരും ആയാല്‍ മതിയല്ലോ.”
‘ഞങ്ങളില്‍ നിന്നും ഒരു അമീര്‍, നിങ്ങളില്‍ നിന്നും ഒരു അമീര്‍’ എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഹബ്ബാബ് ബ്നുല്‍ മുന്ദിര് സംസാരിച്ചു. അദ്ദേഹം അന്‍സ്വാറുകളെ നോക്കി തുടര്‍ന്ന് പറഞ്ഞു: “അന്സ്വാറുകളായ ജനസമൂഹമേ, ഇവര്‍ നമ്മുടെ തീരുമാനം നിരാകരിക്കുകയാണെങ്കില്‍ അവരെ ഇന്നാട്ടില് നിന്നും പറഞ്ഞു വിടണം. നിങ്ങളുടെ വാളുകള്‍ ഭയന്നാണ് ജനങ്ങള്‍ ഈ മതത്തിന് വഴങ്ങിയത്. നിങ്ങളവ വീണ്ടും എടുക്കാന്‍ ഒരുക്കമെങ്കില്‍ എനിക്കതില്‍ സന്തോഷമേയുള്ളൂ.”
ഉമര്‍ പ്രതികരിച്ചതിങ്ങനെ: “നിശ്ചയമായും, അല്ലാഹുവിന്റെ തിരുദൂതര്‍ സ്വ നിങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ഞങ്ങളെ ഉപദേശിച്ചത് നിങ്ങള്‍ക്കും അറിയാമല്ലോ. നിങ്ങളായിരുന്നു ഉമറാക്കള്‍ ആകേണ്ടതെങ്കില്‍ ഞങ്ങളോട് നല്ല രൂപത്തില്‍ വര്‍ത്തിക്കുവാന്‍ നിങ്ങളെ ഉപദേശിക്കുമായിരുന്നു”.
തുടര്‍ന്ന് ഉമറും ഹബ്ബാബും തമ്മില്‍ ചെറിയ വാഗ്വാദവും ഉന്തും തള്ളും ഉണ്ടായി. അബൂ ഉബൈദ ഇരുവരെയും പിന്തിരിപ്പിക്കാന് ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറയുന്നുണ്ടായിരുന്നു: “അന്‍സ്വാരികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, നിങ്ങളാണ് ആദ്യം ഇസ്ലാമിനെ സഹായിച്ചതും പിന്തുണച്ചതും. അത് ശരിതന്നെ. ഇനി ദീനിനെ വ്യത്യാസപ്പെടുത്തുന്ന, പകരമായി മറ്റൊന്ന് സ്വീകരിക്കുന്ന ആദ്യത്തെ ആള്‍ക്കാരും നിങ്ങളാകരുതേ”.
അന്സ്വാറുകളില് പെട്ട ബശീര്‍ ബ്നു സഅ്ദു ബ്നു നുഅ്മാന് എഴുന്നേറ്റു നിന്നു പറഞ്ഞു: “അറിയില്ലേ, മുഹമ്മദ് ഖുറൈശീ വംശജനാണ്. അദ്ദേഹത്തിന്റെ വംശക്കാര്‍ തന്നെയാണ് അവിടുത്തെ പ്രതിനിധികളായി ഭരണം കയ്യാളാന്‍ കൂടുതല്‍ അര്‍ഹരും അവകാശപ്പെട്ടവരും. ജിഹാദില്‍ മുഖ്യപങ്കാളിത്തം വഹിച്ച കാരണത്താലും, ഖുറൈശികള്‍ വ്യാപകമായി ഇസ്ലാമിലേക്ക് കടന്നുവരുന്നതിന്നു മുമ്പേ ഒന്നടങ്കം ഇസ്ലാം സ്വീകരിച്ച വകയിലും ഞങ്ങള്‍ക്ക് അധിക മഹത്വം ഉണ്ടെങ്കിലും ശരി. അതുകൊണ്ടെല്ലാം ഞങ്ങള്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയും തിരു നബിയെ അനുസരിച്ചുകൊണ്ടും മാത്രമാണ് ചെയ്തത്. ഞങ്ങള്‍ക്കതിനു പകരമായി ദുന്യാവ് ആഗ്രഹിക്കുന്നില്ല. ആ ആവശ്യത്തിന് ഞങ്ങള്‍ ജനങ്ങളെ ദീര്‍ഘനേരം പ്രയാസപ്പെടുത്തുന്നുമില്ല.”
അതുകേട്ടപ്പോള്‍ ഹബ്ബാബ് പ്രതികരിച്ചു: “അല്ലാഹുവാണ! നീ നിന്റെ പിതൃവ്യ പുത്രനെ സമാശ്വസിപ്പിച്ചതാണോ ബഷീറേ!”. ബശീര്‍ ഇടപെട്ടു: “അല്ലാഹുവാണ! അല്ല. എന്നാല്‍ ഒരു ജനതയുടെ അവകാശം തര്‍ക്കിച്ചു വാങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”.
അപ്പോള്‍ അബൂബകര്‍ റ ഉമറിനെയും അബൂ ഉബൈദയെയും അമീറായി നിര്‍ദ്ദേശിച്ചു. അവര്‍ വിസമ്മതിച്ചു. പെട്ടെന്ന് അവര്‍ ഇരുവരും ചേര്‍ന്ന് അബൂബകറിനെ ബൈഅത്ത് ചെയ്യുന്നതായി പ്രഖ്യാപിച്ചു; ബശീര്‍ ബ്നു സഅ്ദ് അവരേക്കാള്‍ മുന്നേ അബൂബകരിനരികിലെത്തി.
ഔസ് ഗോത്രക്കാര്‍ അവരുടെ നിലപാട് സംബന്ധമായി പരസ്പര ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. അവരിലെ മുഖ്യന് ഉസൈദ് ബ്നു ഹുളൈര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഖസ്രജ് ഗോത്രക്കാര്‍ തങ്ങളെ ഭരിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഔസ്. അവര്‍ അബൂബകറിനെ ബൈഅത്ത് ചെയ്യാനുറച്ചു, അപ്രകാരം ചെയ്തു. നാനാ ദിക്കില്‍ നിന്നും ജനങ്ങളെത്തി അബൂബകറിനെ ബൈഅത്ത് ചെയ്തു. വിവരമറിഞ്ഞ ജനങ്ങള്‍ തടിച്ചു കൂടി സഅ്ദു ബ്നു ഉബാദയോട് രൂക്ഷമായി സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മിത്രങ്ങള്‍ ‘സഅ്ദി നെ കൊല്ലരുതേ’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ‘കൊന്നു കളയൂ അവനെ’ എന്ന് പറഞ്ഞു ഉമര്‍ അദ്ദേഹവുമായി മല്പിടുത്തം തുടങ്ങിയിരുന്നു. ഉടന്‍ അബൂബകര്‍ ഇടപെട്ടു. ‘നിര്‍ത്തൂ ഉമര്‍, ഇവിടെ അവധാനതയാണ് മികച്ച നയം’. ഉമര്‍ പിന്തിരിഞ്ഞു. അബൂബകറിനു അനുസരണ പ്രതിജ്ഞ ചെയ്യാന്‍ ഉമര്‍ സഅ്ദിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. ‘അദ്ദേഹത്തെ വിടൂ, അദ്ദേഹം ഒരാള്‍ മാത്രമല്ലേ’ എന്ന് പറഞ്ഞു ബശീര്‍ ഇടപെട്ടു. സഅ്ദ് എഴുന്നേറ്റുപോയി. അദ്ദേഹം പിന്നെ ജമാഅത്ത് നിസ്കരിക്കാനോ മറ്റു കാര്യങ്ങള്‍ക്കോ ഇവരുമായി ഒത്തുകൂടിയില്ല, അബൂബകര്‍ മരണപ്പെടുന്നത് വരെയും. എന്നാല്‍, ത്വബ്രി ഉദ്ദരിക്കുന്ന ചരിത്രത്തില്‍, സഅ്ദ് ആ ദിവസം തന്നെ അബൂബകറിനു ഉടമ്പടി ചെയ്തെന്ന് കാണുന്നു. അക്കാലത്തെ ചരിത്രങ്ങളില്‍ കാണുന്നത്, അദ്ദേഹം ശാമിലേക്ക് പോകുകയും മരണം വരെ അവിടെ ജീവിക്കുകയും ചെയ്തുവെന്നാണ്. ജിന്നുകള്‍ അദ്ദേഹത്തെ വധിച്ചതായാണ് കഥ. ജിന്നുകള്‍ പാടിയ രണ്ടുവരി കവിത പ്രസിദ്ധമാണ്. “ഞങ്ങള്‍ കൊന്നു സഅ്ദിനെ/ ഖസ്രജ്കാരുടെ മൂപ്പനെ/ അമ്പുകള്‍ രണ്ട് എറിഞ്ഞവനെ/ തറച്ചു തലയില്‍ അവയുടനെ”
അബൂബകറിന് ബൈഅത്ത് ചെയ്യുന്നതില്‍ മുഹാജിറുകളും അന്‍സ്വാറുകളും ഒന്നടങ്കം സമവായത്തിലെത്തി. വിഘടിച്ചു എന്ന ചരിത്രം ശരിയാണെങ്കില്‍, സഅ്ദ് അല്ലാതെ ആരും വിഘടിച്ചില്ല. അദ്ദേഹം അക്കാര്യത്തില്‍ ഒറ്റപ്പെട്ടതിനാല്‍ ആ വിയോജിപ്പ് ആരും തിരിഞ്ഞുനോക്കിയുമില്ല.
ഇസ്ലാമിക ഖിലാഫത്ത് പ്രവൃത്തിപഥത്തില്‍..
പ്രഥമ ഖലീഫ ആദ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഉസാമ നയിക്കുന്ന സൈന്യത്തെ വീണ്ടും പറഞ്ഞയക്കുന്നതിലായിരുന്നു. അറബ് ഗോത്രങ്ങള്‍ പലതും ഇസ്ലാം ഉപേക്ഷിച്ചിരിക്കുന്നു; ചില ഗോത്രങ്ങള്‍ ഒന്നാകെയും മറ്റു ചിലത് ഭാഗികമായും. കാപട്യം പുറത്തു ചാടിയിരിക്കുന്നു. മഴ ചൊരിയുന്ന രാത്രിയിലെ ആട്ടിന്‍പറ്റം പോലെയായിരിക്കുന്നു മുസ്ലിംകള്; അവര്‍ ന്യൂനപക്ഷമാണ്’ ശത്രുക്കള്‍ അധികമുണ്ട്. തങ്ങളുടെ പ്രവാചകന്റെ വിയോഗത്തില്‍ അന്തരീക്ഷം ഇരുണ്ടു പോയിരിക്കുന്നു. (ഈ അസന്നിഗ്ധ ഘട്ടത്തിലും അബൂബകര്‍ ഉസാമയെ നേരത്തെ പ്രവാചകന് സ്വ അയച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍ വിടുകയാണ്).
ഉസാമ സന്നദ്ധരായ ആളുകളോടൊപ്പം നില്ക്കുന്നു. ഉമര്‍ ഈ സൈനിക യാത്ര പിന്നേക്ക് വെച്ച്, കനത്ത പ്രതിസന്ധി നേരിടാനാകാതെ തളരാതിരിക്കാന്‍ അബൂബകറി ന്റെ കൂടെ നില്ക്കാന് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ദൗത്യസേന മുന്നോട്ടു പോകാതെ തരമില്ലെങ്കില്‍ ഉസാമയേക്കാള് പ്രായം കൂടിയ ഒരാള്‍ സേനാധിപന് ആകട്ടെയെന്നു അന്സ്വാറുകളില് ചിലര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഉമര്‍ അബൂബകറിനെ അറിയിച്ചു. അദ്ദേഹം എഴുന്നേറ്റു വന്നു പീഠത്തിലിരുന്നു വിളംബരം ചെയ്തു: “അല്ലാഹുവിന്റെ തിരുദൂതര്‍ സ്വ നിയോഗിച്ച ഒരു സൈന്യ സംഘത്തെ പറഞ്ഞയക്കുകയും ആ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്യുന്ന കാര്യം ഞാന്‍ ഉപേക്ഷിക്കുന്നതല്ല”.
അദ്ദേഹം സൈന്യത്തിനടുത്ത് വന്നു. സൈനികരെ പറഞ്ഞുവിടുകയും യാത്രയാക്കുകയും ചെയ്തു. പുറപ്പെടാന്‍ ഉമറിനു സമ്മതം കൊടുത്തു. അദ്ദേഹം അവരെ ഇങ്ങനെ ഉപദേശിച്ചു: “പത്തു കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് ഉപദേശിക്കുന്നു. എന്റെ വാക്കുകള്‍ നിങ്ങള്‍ കാത്തുസൂക്ഷിക്കണം. വഞ്ചിക്കരുത്, അമിതാവേശം കാണിക്കരുത്, കരാര്‍ ലംഘിക്കരുത്, ശത്രുക്കളെ ചിത്രവധം ചെയ്യരുത്/ മൃതശരീരം അലങ്കോലപ്പെടുത്തരുത്, കുഞ്ഞുങ്ങളെയും വൃദ്ധ ജനങ്ങളെയും സ്ത്രീകളെയും കൊല്ലരുത്, ഈത്തപ്പന നശിപ്പിക്കരുത് കത്തിക്കരുത്, ഒരു വൃക്ഷവും മുറിക്കരുത്, ഭക്ഷിക്കാനല്ലാതെ ആടിനെയോ പോത്തിനെയോ ഒട്ടകത്തെയോ അറുക്കരുത്, മഠങ്ങളില്‍ ഒതുങ്ങിയിരിക്കുന്ന ആളുകളെ കടന്നുപോകുമ്പോള്‍ അവരെയും അവരുടെ ധ്യാന കേന്ദ്രങ്ങളെയും അപ്പാടെ വിട്ടേക്കുക, തലയുടെ മധ്യഭാഗത്തെ മുടികള്‍ നിലനിര്‍ത്തുകയും ചുറ്റുഭാഗം ചുരണ്ടിക്കളയുകയും കെട്ടുതുണി തൂക്കിയിടുകയും ചെയ്തിട്ടുള്ള ആളുകളെ കണ്ടുമുട്ടിയാല്‍ നിങ്ങളുടെ വാളുപയോഗിച്ച് അവരുടെ തലയിലെ അവശേഷിക്കുന്ന മുടി വടിച്ചു നീക്കുക, നിങ്ങള്‍ക്ക് ഭക്ഷണം മുന്നിലെത്തിയാല്‍ അല്ലാഹുവിന്റെ നാമം അനുസ്മരിച്ച് അത് ഭക്ഷിക്കുക... ബിസ്മില്ലാഹ്, പതാകകള്‍ ഉയര്‍ത്തൂ. ഉസാമാ, ഖളാഅ: നാട്ടുകാരെ എന്ത് ചെയ്യാനാണോ നബി സ്വ കല്പിച്ചത് അപ്രകാരം ചെയ്യൂ…??? അല്ലാഹുവിന്റെ തിരുദൂതര്‍ കല്പിച്ച യാതൊരു കാര്യവും കുറവ് വരുത്തരുത്” .
ജര്‍ഫില്‍ നിന്നും അവരോട് വിടചൊല്ലി അബൂബകര്‍ തിരിച്ചു.
മദീനയ്ക്ക് ചുറ്റുമുള്ള ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ളവരെ ഉസാമയോടൊപ്പം അയച്ചിട്ടുണ്ടായിരുന്നു; തങ്ങളുടെ നാടുകളില്‍ നിന്നും അവര്‍ക്ക് ഹിജ്ര ചെയ്യേണ്ടതുണ്ടായിരുന്നു. അവശേഷിക്കുന്നവരെ അതാത് നാടുകളില്‍ തന്നെ നിര്‍ത്തിയതിനാല്‍ അവരുടെ ഗോത്രങ്ങള്‍ക്ക് ചുറ്റും കാവല്‍ സേനയായി അവര്‍ വര്‍ത്തിച്ചു.
ഉസാമ അതിവേഗത്തില്‍ മുന്നോട്ടുപോയി. നബി സ്വ കല്പിച്ച സ്ഥലത്തെത്തി. ഖളാഅ: യിലെ വിവിധ നാടുകളിലേക്ക് സൈന്യത്തെ വിന്യസിച്ചു. ഉബ്നാ നാട്ടുകാരെ കടന്നാക്രമിച്ചു. അവിടന്ന് യുദ്ധാര്‍ജ്ജിത മുതലുകള്‍ ശേഖരിക്കുകയും ചിലരെ തടവില്‍ പിടിക്കുകയും ചെയ്തു. നാല്പതാം നാള് ഉസാമ തിരിച്ചെത്തി. എഴുപതാണെന്നും അഭിപ്രായമുണ്ട്.
ഉസാമയും സൈന്യവും അകലെയായിരുന്ന ആ ദിനങ്ങളില്‍ മറ്റൊരു യുദ്ധ നീക്കത്തിന് അബൂബകര്‍ മുതിര്‍ന്നില്ല. ഖുറൈഷ്, സഖീഫ് ഗോത്രങ്ങള്‍ ഒഴികെ മറ്റ് അറബ് ഗോത്രാംഗങ്ങള്‍ ഭാഗികമായോ മൊത്തത്തിലോ ഇസ്ലാം ഉപേക്ഷിച്ചു തിരിച്ചുപോയ വാര്‍ത്ത വന്നിട്ടുണ്ടായിരുന്നു. മുസൈലിമ യുടെ മുന്നേറ്റം ശക്തമായിട്ടുണ്ട്. ത്വൈഅ്, അസദ് ഗോത്രങ്ങളിലെ സാധാരണ ജനങ്ങള്‍ ത്വുലൈഹ യോടൊപ്പം സംഘടിച്ചിരിക്കുന്നു. ഗത്വ്ഫാന്‍ ഗോത്രം പാടെ ഇസ്ലാം വിട്ടുപോയി. ഹവാസിന് ഗോത്രക്കാര്‍ നിലപാടില്‍ ഉറക്കാതെ നില്‍പ്പാണ്, കേന്ദ്രത്തിലേക്ക് അയക്കാറുള്ള അവര്‍ നിര്‍ബന്ധ ദാനം (സ്വദഖ/ സകാത്ത്) തടഞ്ഞുവെച്ചിരിക്കുന്നു. ബനൂ സുലൈമിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഇസ്ലാമിനെ തള്ളിപ്പറയുന്നു. അങ്ങനെ എല്ലാ ഇടങ്ങളിലെയും സകല ജനങ്ങളും വിഘടിച്ചു നില്ക്കുന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു.
നബി സ്വ നിയോഗിച്ച ദൂതന്മാരെല്ലാം യമനില്‍ നിന്നും യമാമയില്‍ നിന്നും ബനൂ അസദില്‍ നിന്നും തിരിച്ചെത്തി. അറബ് ഗോത്രങ്ങള്‍ മൊത്തത്തിലോ അവരിലെ ചിലരോ ചേര്‍ന്ന് വിപ്ലവം തുടങ്ങിയതിനാല്‍ ആ നാസുകളിലെ ഗവര്‍ണമാരും തിരികെ വന്നു തുടങ്ങിയിരിക്കുന്നു. ഉസാമയും സൈന്യവും തിരിച്ചുവന്നതിനു ശേഷമാകാം സൈനിക നടപടി എന്ന നിലപാടില്‍ അവരുമായെല്ലാം കത്തെഴുതിയും ദൂതന്മാരെ അയച്ചും അബൂബകര്‍ പിടിച്ചുനിന്നു.
എന്നാല്‍, ചില പ്രതി വിപ്ലവകാരികള്‍ എടുത്തുചാടി. അബ്സ്, ദുബ്യാന്‍ എന്നീ ഗോത്രക്കാര്‍ ഇബ്രഖ് ദേശത്ത് ആക്രമണ ഉദ്ദേശ്യത്തോടെ വന്നിറങ്ങി. വേറെ ചിലര്‍ ദുല്‍ ഖ്വിസ്സ്വ യിലും ഇറങ്ങിക്കഴിഞ്ഞു. ബനൂ അസദിലെ സഖ്യസേനയും ബനൂ കിനാന: യിലെ ആളുകളും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ അബൂബകറുമായി സംസാരിക്കാന്‍ ഒരു സംഘത്തെ അയച്ചിരിക്കുന്നു. അവര്‍ മദീനയില്‍ ജനമധ്യേ ഇറങ്ങി നിന്ന്, ‘സകാത്ത് ഒഴിവാക്കിത്തരണം, നിസ്കാരത്തില്‍ പരിമിതപ്പെടുത്തണം (അത് കൃത്യമായി നിര്‍വ്വഹിക്കാം)’ എന്ന ആവശ്യം ഉന്നയിച്ചു. അബൂബകര്‍ റ അതിനു വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന്, അവരുടെ ആക്രമണം മുന്നില്‍ക്കണ്ട്, മദീനയിലേക്കുള്ള വിവിധ ദിക്കിലെ മലമ്പാതകളില്‍ കാവല്‍ നില്ക്കാന് അബൂബകര്‍ റ അലി, സുബൈര്‍, ത്വല്‍ഹ:, അബ്ദുല്ലാഹി ബ്നു മസ്ഊദ് എന്നിവരെ നിയോഗിച്ചു. മദീനയില്‍ ഉള്ളവരോട് എപ്പോഴും മസ്ജിദില്‍ സാന്നിധ്യമുണ്ടാകണമെന്നും കല്പിച്ചു.
ഖലീഫയെ കാണാന്‍ വന്ന വിഘടിത ദൗത്യ സംഘം തിരിച്ചുപോയി, മദീനയില്‍ ആളുകള്‍ കുറവാണെന്ന കാര്യം കൂടെയുള്ളവരെ അറിയിച്ചു. അങ്ങനെ അവര്‍ മലമ്പാതകളില്‍ കാവല്‍ നില്ക്കുന്ന സൈനിക സംഘങ്ങളെ ആക്രമിച്ചു. അവര്‍ അക്കാര്യം അബൂബകറിനെ തത്സമയം അറിയിച്ചു. മസ്ജിദില്‍ ഉണ്ടായിരുന്ന ആളുകളുമായി അബൂബകര്‍ പുറപ്പെട്ടു. വെള്ളം ചുമക്കാന്‍ ഉപയോഗിക്കുന്ന മൃഗങ്ങളുടെ പുറത്തായിരുന്നു അവരുടെ യാത്ര. ശത്രുക്കള്‍ ഓടി. മുസ്ലിംകള് അവരെ ദൂ ഖശ്ബ് വരെ പിന്തുടര്ന്നു. പിന്നെയൊരിക്കല്‍, കൃത്രിമ കോലങ്ങളെ അയച്ച് മുസ്ലിംകളുടെ ഒട്ടകങ്ങളെ ഭയപ്പെടുത്തി. ഒട്ടകങ്ങള്‍ പേക്കോലങ്ങള്‍ കണ്ട് പിന്തിരിഞ്ഞോടി. അവയെ നിയന്ത്രിക്കാന്‍ കഴിയാതെ മുസ്ലിം സൈനികര്‍ മദീനയിലേക്ക് തിരിച്ചു. അവര്‍ക്ക് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചില്ല. മുസ്ലിംകള് ഭയന്നിരിക്കുന്നു, യുദ്ധത്തിനുള്ള ശേഷിയില്ല എന്ന് ധരിച്ച അവര്‍ ദുല്‍ ഖ്വിസ്സ്വ യിലെ ആളുകളെ വിളിച്ചുവരുത്തി.
ഏതാനും സൈനികരെ സംഘടിപ്പിച്ച് അബൂബകര്‍ പുറപ്പെട്ടു. വലത് ഭാഗത്ത് നുഅ്മാന് ബ്നു മുഖര്രന്, ഇടത് വശത്ത് അബ്ദുല്ലാഹിബ്നു മുഖര്രന്/ മഅ്റൂര്‍, പിന്നണി സേനയ്ക്ക് സുവൈദ് ബ്നു മുഖര്രന് എന്നിവര്‍ നയിച്ചു. പ്രഭാത സമയത്ത് ശത്രുക്കളുടെ മുന്നിലെത്തി യുദ്ധം ആരംഭിച്ചു. സൂര്യന് ഉദിച്ചുയര്ന്നിട്ടേയുള്ളൂ, ശത്രു സംഘത്തെ തുരത്തിയോടിച്ചു. ളുഹര്‍ സമയമാകുമ്പോഴേക്കും ശത്രുക്കളുടെ പക്കലുണ്ടായിരുന്നു എല്ലാം പിടിച്ചെടുത്തു. ബനൂ അസദ്കാരായ സഖ്യ സേനയെ വധിച്ചു. ദുല്‍ ഖ്വിസ്സ്വ വരെയും അബൂബകര്‍ അവരെ പിന്തുടര്ന്നു. നുഅ്മാന് ബ്നു മുഖര്രന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അവിടെ തയ്യാറാക്കി നിര്‍ത്തി അബൂബകര്‍ മദീനയിലേക്ക് മടങ്ങി.
അബ്സ്, ദുബ്യാന്‍ ഗോത്രങ്ങളിലെ മത വിരോധികള്‍ അവര്‍ക്കിടയിലുണ്ടായിരുന്ന മുസ്ലിംകളെ ആക്രമിച്ചു സര്‍വ്വരെയും വകവരുത്തി. അതുകണ്ട് മറ്റു വിഘടിത ഗോത്രങ്ങളിലും സമാന ആക്രമണം മുസ്ലിംകള്ക്ക് നേരെ ഉണ്ടായി. മുസ്ലിംകളെ വധിച്ചവര്‍ക്കെതിരെ വര്‍ദ്ധിതമായ തോതില്‍ തിരിച്ചടിക്കുമെന്നും വധിക്കുമെന്നും അബൂബകര്‍ ശപഥം ചെയ്തു. അബൂബകറിന്റെ നിലപാടില്‍ മുസ്ലിംകള് പ്രതാപം/ അഭിമാനം കൊണ്ടു. മദീനയില്‍ ഖലീഫയെ സഹായിക്കാന്‍ ദാനധര്‍മ്മങ്ങള്‍ നാനാവഴിക്കും വരാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തിലാണ് ഉസാമയും സൈന്യവും തിരിച്ചെത്തുന്നത്. ഉസാമയെ മദീനയില്‍ പ്രതിനിധിയാക്കി അബൂബകര്‍ ഒരു സംഘത്തെയും കൂട്ടി ദൂ ഖശ്ബിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ദുല്‍ ഖ്വിസ്സ്വ യിലേക്കും. ആ യാത്ര ഇബ്രഖിലെ സബ്ദ വരെ എത്തി. അവിടെയാണ് അബ്സും ദൈബാനും കിനാനയില്‍ പെട്ട ബനൂ ബകറും സഅ്ലബത്ത് ബ്നു സഅ്ദും മുറ്രയില് നിന്നും അവരോടു ചേര്‍ന്നവരും സംഘടിച്ചിരിക്കുന്നത്. എല്ലാവരെയു ഏറ്റുമുട്ടലില്‍ തുരത്തി ഓടിച്ചു അബൂബകര്‍ ഇബ്രിഖില് തമ്പടിച്ചു. ബനൂ ദുബ്യാന്‍ ഗോത്രക്കാര്‍ക്ക് ആ പ്രദേശം നിഷിദ്ധമാക്കിയതായി പ്രഖ്യാപിച്ച് അബൂബകര്‍ മദീനയിലേക്ക് മടങ്ങി.
അനുബന്ധം :
പ്രഥമ ഖലീഫയെ അലിയും പത്നി ഫാത്തിമയും ബൈഅത്ത് ചെയ്തില്ല എന്നും അവര്‍ തമ്മില്‍ പിണക്കത്തില്‍ ആയിരുന്നെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വസ്തുത മനസ്സിലാക്കാന്‍ താഴെ ലിങ്കില്‍ വരാം.
http://salihnizami.blogspot.com/2018/01/blog-post_23.html