ഇമാദുദ്ദീന് അല്‍ വാസ്വിത്വി റഹി
ആത്മകഥ എഴുതുന്നു…
അല്ലാഹുവിന്റെ ദാസന്മാര്ക്ക് സത്യവും സന്മാര്ഗ്ഗവും വിവരിച്ചു കൊടുക്കുന്നത് നസ്വീഹത്തില്‍ ഉള്‍പ്പെടുന്നു.അല്ലാഹുവിനോടും അവന്റെ തിരുദൂതരോടും മുസ്ലിംകളുടെ ജ്ഞാന- രാഷ്ട്രീയ നേതൃത്വങ്ങളോടും മുസ്ലിം പൊതു ജനങ്ങളോടും പുലര്‍ത്തേണ്ട നസ്വീഹത്തിന്റെ ഭാഗമാണത്. പിഴവുകള്‍ എന്താണെന്ന് വിവരിക്കുമ്പോഴല്ലാതെ സത്യവും സന്മാര്ഗ്ഗവും എന്താണെന്നുള്ള വിവരണം പലപ്പോഴും പൂര്‍ത്തിയാകില്ല. കാരണം, മിയ്ക്കപ്പോഴും ഒരു സംഗതി വേണ്ടപോലെ മനസ്സിലാകാന്‍ അതിന്റെ വിപരീതം എന്താണെന്ന് കൂടി മനസിലാക്കുക ആവശ്യമായി വരാറുണ്ട്. പ്രകാശം എന്തെന്ന് വ്യക്തമാകുക ഇരുട്ട് നിമിത്തമാണ്. മങ്ങല്‍ നീങ്ങാന്‍ വെട്ടം വേണം. അതിനാല്‍, ‘ശൈഖിനെ തേടി’യുള്ള എന്റെ യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അന്വേഷണവഴിയില്‍ കണ്ടുമുട്ടിയ, സത്യ-ശരികളുടെ മാര്‍ഗ്ഗത്തില്‍ നിന്നും പിഴച്ചുപോയതും എന്നാല്‍ അല്ലാഹുവിന്റെ സ്വന്തം ആളുകളെന്നു ധരിച്ച് അവനിലേക്ക് ഇടയാളന്മാരായി ജനംകരുതിപ്പോരുന്നതുമായ ചില പ്രസ്ഥാനങ്ങളെ/ സംഘങ്ങളെക്കുറിച്ചും ഇവിടെ വിവരിക്കാന്‍ ആഗ്രഹിക്കുന്നു.
അവസാന കാലത്ത് സന്മാര്ഗ്ഗം തേടി അലയുന്നവര്‍ക്ക് അകവെളിച്ചവും പ്രോജ്ജ്വല രേഖയും ആയി ഈ വിവരണം മാറണം. അല്ലാഹു തന്റെ ദാസന്മാരില് നിന്നും, അവരുടെ ആവശ്യങ്ങളിലും ഇടപാടുകളിലും അവസ്ഥകളിലും,യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത്/ ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുവാനുള്ള ഒരു ഗോവണിയായി ഇത് ഭവിക്കണം.അങ്ങനെ പരിശുദ്ധമായ ദാസ്യഭാവം വഴി തന്റെ നാഥനെ കണ്ടുമുട്ടാന്‍ കഴിയുമാറ് ദൈവാന്വേഷി നിലകൊള്ളാന്‍ ഇത് നിമിത്തമാകണം. റബ്ബിനെ കണ്ടുമുട്ടുക വഴി അവനു കണ്കുളുര്മ്മയുണ്ടാകണം. സത്യത്തിന്റെ വക്താക്കളില്‍ നിന്നും താന്‍ പിഴച്ചു പോയിരിക്കുന്നു എന്ന് ബോധ്യമാകുന്നവന് അവിടെ നിന്നും അകലെ അകലെ മാറിനില്ക്കാന് സാധിക്കണം. ജനങ്ങളുടെ രുചി ഭേദങ്ങളുടെ ശരിയായ ചിത്രം മനസ്സിലാക്കണം. ഹിജ്ര എഴുന്നൂറിന്റെ തുടക്കത്തില്‍ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന ചരിത്രം തിരിച്ചറിയണം. ഇതെല്ലാമാണ് എന്റെ ഉദ്ദേശ്യം.
ജനങ്ങളില്‍ മിക്കവര്‍ക്കും ഇവിടെ എന്തെല്ലാം നടക്കുന്നുവെന്ന കാര്യം വ്യക്തമായി അറിയില്ല. അല്ലാഹു നല്കിയ അനുഗ്രഹങ്ങളില്‍ മറയിടപ്പെട്ടവരാണ് അവര്‍; സൗഭാഗ്യങ്ങളുടെ മറയ്ക്കകത്ത് ജീവിക്കുകയാണ്. ചെറുപ്പകാലം മുതല്‍ വൃദ്ധകാലം വരെയും സ്വയം തന്നെ അഹ്ലുസ്സുന്നത്തില്‍ അംഗമാക്കി വെച്ച് ആശ്വസിച്ചുകഴിയുകയാണ് ചിലരെങ്കിലും.. അവര്‍ക്കറിയില്ല , ജനങ്ങള്‍ പുതുതായി ഉണ്ടാക്കിയ വിശ്വാസ ആചാരങ്ങളെ കുറിച്ച്. ശൈത്വാന്റെയും പങ്കാളികളുടെയും ചവിട്ടടികളില്‍, ചതിക്കുഴികളില്‍ അവര്‍ വട്ടം കറങ്ങുന്ന കാര്യവും അവര്‍ക്ക് അവബോധമില്ല. അല്ലാഹുവിന്റെ ദീനിന് പകരം ജനം എന്തെല്ലാം പകരം കൊണ്ടുവന്നു എന്ന സംഗതിയും അഹ്ലുസുന്നത്തി വല്‍ ജമാഅത്ത് ആണെന്ന് സ്വയം ധരിക്കുന്നവര്‍ മനസ്സിലാക്കിയിട്ടില്ല. ഈ വിവരണം അവരുടെ ധാരണ തിരുത്താന്‍ സഹായകരമാകും.
സത്യവാന്മാര് ആര്, മിഥ്യയുടെ ആളുകള്‍ ആര്? സമ്പൂര്‍ണ്ണരും അപൂര്‍ണ്ണരും ആരൊക്കെ? നേര്‍വഴിയില്‍ ചരിക്കുന്നവരും പിഴച്ചു സഞ്ചരിക്കുന്നവരും ആരെല്ലാം ? ജനങ്ങളുടെ വിവിധ അവസ്ഥകളെ കുറിച്ചുള്ള വിവരണത്തില്‍ നിന്നും ഇതെല്ലാം മനസ്സിലാക്കാം. സത്യപാതയില്‍ പ്രവേശിക്കാനും, അസത്യ വഴികള്‍ വെടിയാനും അത് പ്രേരണയാകും. ധാരാളം ആളുകള്‍ വിധേയരായ പോലെയുള്ള പരീക്ഷണങ്ങളില്‍ നിന്നും രക്ഷ പ്രാപിച്ചതിനും സന്മാര്ഗ്ഗം നല്കി അനുഗ്രഹിച്ചതിനും അല്ലാഹുവിനു ശുക്ര് ചെയ്യാന്‍ പ്രേരിതനാകും.. തിരുനബി സ്വ യുടെ ജീവചരിത്രത്തില്‍ നിന്നും മഹാനായ സ്വഹാബിപ്രമുഖന്‍ സല്‍മാനുല്‍ ഫാരിസീ റ ന്റെ ‘സത്യം തേടിയുള്ള തീര്‍ഥയാത്ര’ വായിച്ചതിനു ശേഷമാണ്, ശൈഖിനെ തേടിയുള്ള എന്റെ യാത്രാനുഭവത്തിനു അതുമായുള്ള പൊരുത്തം കണ്ടറിഞ്ഞ്, കുറഞ്ഞ വരികളില്‍ ഇതെഴുതുന്നത്. ഉപകാരപ്രദമായി ഇത് ഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ജനങ്ങളുടെ അവസ്ഥകള്‍ വിശകലനം ചെയ്യുന്ന ഈ ‘കല’, തന്റെ നശിച്ച താല്പര്യങ്ങള് നേടിയെടുക്കാനോ സ്വേഷ്ടങ്ങളെ സഹായിക്കാനോ വേണ്ടിജനങ്ങളെ അധിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ഹറാമാകുന്നു. (അവരിത് വായിക്കണ്ട എന്നായിരിക്കാം ഗ്രന്ഥകാരന് പറയുന്നത്. തന്റെ നസ്വീഹത്ത് നിഷ്ഠ ഈ വരികളില്‍ വ്യക്തമാണ്, വിവ). എന്നാല്‍, സന്മാര്ഗ്ഗ പ്രതിസന്ധിയില്‍ നിപതിക്കാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്, പിഴവുകളില്‍ വീഴുന്നത് ശ്രദ്ധിക്കണം എന്ന ബോധമുള്ളവന്ഇത് അനുവദനീയമാണ്, എന്നല്ല മുസ്തഹബ്ബ് തന്നെയാണ്. പരസ്പരം ചെളിവാരി എറിയാന്‍, ഛിദ്രത സൃഷ്ടിക്കാന്‍,അവഹേളന/ ആക്ഷേപ താല്പര്യത്തില് പുനരാവിഷ്കരിക്കാന്‍ ഉദ്ധേശിക്കുന്നവന് ഈ കലഅനുവദനീയം അല്ല തന്നെ. ഈ വിവരണത്തെ അവബോധമുണ്ടാക്കുന്ന അറിവായോ ഗുണപാഠമായോ എടുക്കാതെ, ഒരു ആഘോഷമായും വട്ടം വളഞ്ഞിരുന്നു പങ്കുവെക്കാനുള്ള കഥയായും കാണുകയും,എന്നിട്ട് നല്ല നിയ്യത്ത് ഇല്ലാതെ ജനങ്ങളുടെ മറകള്‍ പൊളിക്കുകയുമാണ് അവര്‍ ചെയ്യുന്നതെങ്കില്‍ അവരിവിടെ വരരുത്. നിശ്ചയമായും നിയ്യത്തുകള്‍ അടിസ്ഥാനമാക്കിയാണ് കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുക. ഓരോ മനുഷ്യന്നും അവന് കരുതിയത് ലഭിക്കും. സത്യം അനുഷ്ഠിക്കാന്‍ അല്ലാഹുവത്രെ ഉതവി നല്‍കുന്നത്..
ബാല്യകാല സ്മരണകള്‍
എന്റെ ജനനവും വളര്‍ച്ചയും അഹ്മദിയ്യ സംഘത്തിനിടയില്‍ ആയിരുന്നു. (അഹ്മദുല്‍ കബീര്‍ രിഫാഈ എന്നവരുടെ പേരിലുള്ള രിഫാഇയ്യാ ത്വരീഖത്ത് സംഘത്തെയാണ് ഉദ്ദേശിക്കുന്നത്)എന്റെ പിതാവ്, അവര്‍ക്ക് അല്ലാഹു മാപ്പ് നല്കട്ടെ, ആ സംഘത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാള്‍ ആയിരുന്നു. അന്നത്തെ ശൈഖിന്റെ മന്ത്രിമാരില്‍ പെട്ടയാളായിരുന്നു. അനുഗാമികള്‍ അനുസരിക്കുന്ന കല്പനാ ശക്തിയുള്ള ആള്. അപരരെ സഹായിക്കുന്ന കാര്യങ്ങളില്‍, അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍, അന്നം നല്കാന്, വിഷമാകുലരുടെ പ്രയാസം അകറ്റാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അത് രിഫാഇയ്യ സൂഫികളുടെ ഒരു രീതി ആയിരുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്കൊണ്ട് ആ വക സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരും, തന്റെ നേതൃത്വം നിലനിര്‍ത്താനും നിലനില്പിന്നും ജീവിത വഴി തുറക്കാനും ഉള്ള മാര്‍ഗ്ഗമായി അതിനെ കാണുന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരുടെ ഇടയിലാണ് ഞാന്‍ ജനിക്കുന്നത്, വളരുന്നത്. പാട്ടും സംഗീതവും നൃത്തവും പുണ്യം ലഭിക്കുന്ന മുഖ്യ മതചടങ്ങായും, സല്‍ക്കാര സംഗമങ്ങള്‍ പതിവു ചര്യയായും, പരസ്ത്രീകളുമായുള്ള വഴിവിട്ട സമാഗമങ്ങള്‍ അനിഷേധ്യമായ നന്മയായും, അവരുമായി ഇടപഴകുന്നതും രാത്രി സൊറ പറഞ്ഞു രസിക്കുന്നതും അശ്ലീലമല്ലാത്ത അനുവാദമായുംഎടുത്തിട്ടുള്ള ഇവര്‍ക്കിടയില്‍ വെച്ചാണ്എന്റെ കണ്ണുകള്‍ മിഴി തുറക്കുന്നതും ഞാന്‍ ദീനുല്‍ ഇസ്ലാം പഠിക്കുന്നതും.
അന്യസ്ത്രീകളെ ആസ്വദിക്കുവാന്‍ കണ്ണുകള്‍ അഴിച്ചു വിടുന്നത് നിഷിദ്ധമാണെന്ന കാര്യമേ അവര്‍ക്കറിയില്ലായിരുന്നു.! ശരീഅത്തിന്റെ വിധിവിലക്കുകള്‍, സദ്സ്വഭാവ മര്യാദകള്‍, നന്മ തിന്മകള് വര്‍ദ്ധിപ്പിക്കാനും വര്‍ജ്ജിക്കാനും ഉണ്ടാകേണ്ട ദൃഡ നിലപാടുകള്‍ എന്നിവയെ കുറിച്ചൊന്നും സൂക്ഷ്മമായി അവര്‍ അന്വേഷിക്കുമായിരുന്നില്ല. അവര്‍ തങ്ങളുടെ ശൈഖന്മാരെ ‘ഇബാദത്ത്ന്റെ പദവി’യില്‍ മനസ്സില്‍ പാര്‍പ്പിച്ചു. വിഷമ ഘട്ടങ്ങളില്‍ അവരില്‍ അഭയം തേടി. ആകസ്മിക പ്രയാസങ്ങളില്‍ അവര്‍ ശൈഖന്മാരെയാണ് അനുസ്മരിക്കുക. ‘ശൈഖ് നബിയെ പോലെയാണ് തന്റെ ജനതയ്ക്ക്’ എന്നാണവര്‍ ന്യായീകരിക്കുക.! മിയ്ക്കപ്പോഴും നബിമാരെ ബഹുമാനിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ബഹുമാനമാണ് ശൈഖിന് നല്‍കുക. സുജൂദ് ചെയ്യുവാനായി തല കുനിക്കുന്നു. ശൈഖിനു മുന്നിലെത്തിയാല്‍ തലപ്പാവ് അഴിച്ചുവെച്ച് തല തുറന്നിടുന്നു. ശൈഖിന്റെ അഭൗതികവും നിഗൂഡവുമായ കോപവും ശിക്ഷയും ഭയന്ന് അഭയം തേടുന്നു. ശൈഖിന് താന്‍ ഇഛിക്കുന്നത് പറയാം എന്നാണു അവരുടെ വിശ്വാസം. ശൈഖ് മരിച്ചവരെ ജീവിപ്പിക്കുന്നു, രോഗിയെ സുഖപ്പെടുത്തുന്നു, ചിലരെ തന്റെ അമ്പ് കൊണ്ട് കുത്തി കൊലപ്പെടുത്തുന്നു.
അവര്‍ക്കിടയില്‍ പക്വതയുള്ളവരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ വേണ്ടത് എന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍, ശൈഖന്മാരെ ബഹുമാനിക്കുന്ന കാരണത്താല്‍ ജനങ്ങള്‍ക്കിടയില്‍ ഉന്നത സ്ഥാനവും തുറസ്സും അവര്‍ക്ക് ലഭിക്കുന്നുണ്ട്. അവര്‍ സ്വതാല്പര്യങ്ങള്ക്ക് പരിക്ക് പറ്റുമെന്ന് ഭയന്ന് ശൈഖന്മാരുടെ കീര്‍ത്തി നിലനിര്‍ത്താന്‍ തന്നെയാണ് ശ്രമിക്കുന്നത്. അവര്‍ക്ക് ഹലാലും ഹറാമും അറിയാത്ത പോലെ! നിഷിദ്ധമായ സംഗതികളില്‍ നിന്നും സസൂക്ഷ്മം തടിയെ കാക്കുന്ന വഴിയും അവര്‍ക്ക് അറിയില്ല?!
അല്ലാഹുവിങ്കലേക്കുള്ള വഴി തേടിയെത്തുന്ന ആളുകളെ ക്കൊണ്ട് തൗബ ചെയ്യിപ്പിക്കാറുണ്ടെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകളുടെ പരിധിയും വ്യാപ്തിയും പഠിപ്പിക്കില്ല. എങ്ങനെ പഠിപ്പിക്കാന്‍?! ജ്ഞാനപരമായി ജാഹിലുകളും കര്‍മ്മരംഗത്ത് അത് പാലിക്കാത്തവരുമാണ് ഈ ശൈഖന്മാര് പോലും! കണിശവും കൃത്യവുമായ ഇബാദത്ത് ചെയ്യാന്‍ മുരീദുമാരോട് അവര്‍ കല്പിക്കാറില്ല. വിധിവിലക്കുകളുടെ പരിധിയും വ്യാപ്തിയും സംബന്ധമായി യാഥാര്‍ത്ഥ്യ ജ്ഞാനം അവര്‍ക്ക് നല്‍കാറില്ല. ശുദ്ധീകരണപ്രവര്ത്തനങ്ങളുടെ ഫര്‍ദും സുന്നത്തും മുതല്‍ നിസ്കാരത്തിന്റെ ഫര്‍ദും സുന്നത്തും വരെ. ‘നിങ്ങളുടെ മദ്ഹബ് ഏതാണ്?’ എന്ന് വല്ലവരും ചോദിച്ചാല്‍ അവര്‍ പറയുക ‘വെള്ളവും മിഹ്റാബും’ എന്നായിരിക്കും. (അവ്യക്തം).
ഫുഖഹാക്കളാകുന്നു ഇവരുടെ കാര്യത്തില്‍ ഏറ്റവും ധര്മരോഷം ഉള്ളവര്‍. നികാഹ്, ത്വലാഖ്, കച്ചവടം തുടങ്ങിയ കാര്യങ്ങളിലേ അവര്‍ ഇടപെടുകയുള്ളൂ എന്നുമാത്രം. അവരുടെ ഡ്യൂട്ടി ഇക്കാര്യങ്ങളില്‍ പരിമിതമാണല്ലോ. ഇടപെടാതെ ഒഴിഞ്ഞു നില്ക്കാന് സാധിക്കുന്ന കാര്യങ്ങളില്‍ അവര്‍ മിണ്ടില്ല.
അവയവങ്ങള്‍ ചെയ്തു കൂട്ടുന്ന സംഗതികളെ കുറിച്ചുള്ള ആത്മവിചാരണയില്ല അവര്‍ക്ക്. ആന്തരിക അവസ്ഥകളെസസൂക്ഷ്മം നിരീക്ഷിക്കില്ല, മതത്തിന്റെ പരിധി പരിഗണിക്കില്ല, ഇബാദത്തുകളിലും സാധാരണ നടപ്പുകളിലും നബി സ്വ കാണിച്ചു തന്ന മര്യാദകള്‍ അനുഗമിക്കണം എന്ന താല്പര്യം ഒട്ടുമില്ല. തങ്ങളുടെ മുതിര്‍ന്ന ശൈഖന്മാരുടെ ജീവിതവഴി അനുകരിക്കണം എന്ന പൂതിയും തീരെയില്ല. ഇശാ കഴിഞ്ഞാല്‍ സംഗീത സദസ്സില്‍ പങ്കെടുക്കണം എന്നേ കാര്യമായുള്ളൂ. അവിടെ ‘മറഞ്ഞ പുരുഷന്മാര്’ (രിജാലുല്‍ ഗൈബ്) പങ്കെടുക്കുമത്രേ! സംഗീത സമയത്ത് അവിടെ പങ്കെടുക്കാന്‍ അത്യാര്‍ത്തി കാണിക്കുന്ന അവരുടെ ശൈഖന്മാരെ നിനക്ക് കാണാം. എല്ലാ തടസ്സങ്ങളും തട്ടിമാറ്റി അവരവിടെ ഹാജരാകും. എന്നാല്‍, നിസ്കാര സമയമായാല്‍, കാക്ക ചീഞ്ഞളിഞ്ഞ വസ്തു കൊത്തിയെടുക്കുന്നപോലെ ധൃതിയില്‍ കുനിഞ്ഞു നിവരുകമാത്രം. എപ്പോഴാണ് നിസ്കരിച്ചു കഴിഞ്ഞതെന്നചോദ്യത്തില് അവരില്‍ ഒരാളെയും വിശ്വസിക്കാന്‍ കഴിയില്ല. പെട്ടെന്ന് സംഗീത സദസ്സില്‍ പങ്കെടുക്കുക എന്നതാണ് അവര്‍ക്ക് പ്രധാനം. ഇരുണ്ട ഇടുങ്ങിയ മുറിയില്‍ ബന്ധിക്കപ്പെട്ട വ്യക്തി പുറത്തേക്ക് വരുന്നപോലെയാണ് അവര്‍ സ്വലാ ‘പൂര്‍ത്തിയാക്കി’ സമാഇല്‍ പങ്കെടുക്കാന്‍ വരിക.
ശൈഖന്മാര് തന്റെ സഹവാസികളുമായി യാത്ര ചെയ്യാറുണ്ട്. പതാകകള്‍ പാറുന്ന വേദിയില്‍ സംഗീതം ഉയരുന്ന അവസ്ഥയിലാണ് ആ യാത്രകള്‍. ആണുങ്ങളും പെണ്ണുങ്ങളും അവര്‍ക്ക് പിന്നാലെ ഒഴുകും. ചിലേടത്ത് പ്രത്യേക സംഗീത സദ്യ സംഘടിപ്പിക്കും. പുരുഷന്മാര്ക്ക് ചുറ്റും മുഖാവരണം നീക്കിയ തരുണി വളണ്ടിയര്‍മാര്‍ അണിനിരന്ന് വേദിക്ക് വേലി കെട്ടും.ചിലപ്പോഴെല്ലാം അവര്‍ അവരുടെ ഡ്യൂട്ടി സ്ഥലത്ത് തന്നെ അന്തിയുറങ്ങും. ആ സദസ്സില്‍ പങ്കെടുക്കുന്നതും അവിടെ ഖിദ്മത്ത് ചെയ്യുന്നതും വലിയ പ്രതിഫലം ലഭിക്കാവുന്ന പുണ്യകര്‍മ്മം ആണെന്ന് അവര്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസപ്രകാരം, മരണപ്പെട്ട ഔലിയാക്കള്‍ ഹാളിറാകുന്ന മുബാറകായ വേദിയാണ് അവിടം. പുരുഷന്മാര്ക്ക് ചുറ്റും വലയം ഉണ്ടാക്കുകയെന്ന ഇബാദത്തില്‍ ആ സ്ത്രീകള്‍ സജീവമാകുന്നതിന്റെ കാര്യം അതാണ്.. അവിടെയാണ് സ്ത്രീ പുരുഷ ‘അതിര്‍ത്തി ലംഘിച്ചുള്ള നുഴഞ്ഞു കയറ്റങ്ങള്‍’ സംഭവിക്കുന്നതും, മനുഷ്യ ശരീരങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതും.
സംഗീതം പൊടിപാറുന്ന ഘട്ടത്തില്‍, പ്രത്യേകം നിയോഗിതരായ അഭ്യാസികള്‍ തങ്ങളുടെ ഭാണ്ഡങ്ങളില്‍ സൂക്ഷിച്ചുവെച്ച വലിയ വലിയ പാമ്പുകളെ പുറത്തെടുക്കും. അവയെ കടിച്ചു മുറിച്ചു തിന്നാന്‍ തുടങ്ങും. അവരുടെ വായില്‍ നിന്നും താടി വശങ്ങളിലൂടെ രക്തം ഒലിച്ചിറങ്ങും. എന്നിട്ട് വായിലുള്ള ചോര ജനങ്ങളുടെ മുഖത്തേക്ക് ഊതിത്തെറിപ്പിക്കും. ഭക്ത ജനങ്ങള്‍ക്കതില്‍ പരാതിയില്ല. ‘പാമ്പാട്ടി ശൈഖ’ന്മാരുടെവായില് വെച്ച് ആ രക്തം കുങ്കുമമോ പഴമോ ആയിത്തീരും എന്നാണ് അവര്‍ വിശ്വസിക്കുന്നത്. തവളകളെ പച്ചക്ക് തിന്നുന്നവരെ ഞാന്‍ അവര്‍ക്കിടയില്‍ കണ്ടിട്ടുണ്ട്. സമാ നടക്കുന്നതിനു മുമ്പ് ബാഗില്‍ കരുതി വെച്ചിരിക്കും തവളകളെ. താളമേളങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ തവളകളെ ഓരോന്നായി എടുത്ത് കടിച്ചു പൊട്ടിച്ചു തിന്നാന്‍ തുടങ്ങും.
ഒരാളും ഇത്തരം നടപടികളെ ചോദ്യം ചെയ്യില്ല. ഫുഖഹാക്കളും ചെയ്യില്ല, സജ്ജനങ്ങളും ചെയ്യില്ല. അങ്ങനെ, ഈ മഹാ ബിദ്അത്ത് പ്രസിദ്ധമായ സുന്നത്തായി, പരസ്യമായ ശിആര്‍ ആയി പ്രചുര പ്രചാരം നേടി. താര്‍ത്താരികള്‍ ഇവരുടെ നാടുകള്‍ പിടിച്ചെടുക്കാനും അവിടങ്ങളില്‍ അധികാരത്തില്‍ വാഴാനും ഇവര്‍ സ്വയം അര്‍ഹരായിത്തീര്‍ന്നു എന്ന് പറയാം. ഇവര്‍ക്ക് താര്‍ത്താരികളുടെ ഭരണത്തില്‍ പരമ സുഖമായിരുന്നു എന്നതും പ്രസ്താവ്യമാണ്. കാരണം, അവര്‍ക്കും ഈ സ്വൂഫി കോപ്രായങ്ങളില്‍ നല്ല വിശ്വാസമായിരുന്നു. താര്‍ത്താരി ഭരണ കര്‍ത്താക്കള്‍ ഇവരെ നന്നായി ബഹുമാനിച്ചു. കറുത്ത സാമ്രാജ്യത്തില്‍ അല്ലാതെ ഇരുണ്ട ത്വരീഖത്ത് നിലനില്‍ക്കുമോ? ഇസ്ലാമികവും വെളിച്ചം പ്രസരിക്കുന്നതുമായ രാജ്യത്തല്ലേ പ്രകാശം പ്രസരിക്കുന്ന ത്വരീഖത്തുകള്‍ വാഴുകയുള്ളൂ.
ഇതുപോലുള്ള അധര്‍മ്മങ്ങള്‍ തടയാന്‍ പരിശ്രമിക്കാതിരുന്നതാണ്, ഒരു വേള, ബാഗ്ദാദിലെ മുസ്ലിം ഖലീഫമാരുടെ അവസാന അടയാളവും മുറിഞ്ഞുപോകാന്‍ കാരണം. അവര്‍ അധര്‍മ്മങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കാതിരുന്നപ്പോള്‍, അവയ്ക്ക് പച്ചപ്പട്ടു പുതപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്ലാഹു അവരെ നിശേഷം ഇല്ലാതാക്കി.
അല്ലയോ ആധ്യാത്മിക യാത്രികാ, സ്തുത്യര്‍ഹവും മാതൃക പരവുമായ ഒരു ത്വരീഖത്താണ് താങ്കള്‍ തിരയുന്നതെങ്കില്‍ ഇപ്പറഞ്ഞ അനാവശ്യങ്ങള്‍ക്ക് നേര് വിപരീതം ചെയ്യുക. അവയ്ക്ക് എതിരായത് അവലംബിച്ചാല്‍ നിന്നെക്കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ അത് താങ്കള്‍ക്ക് പ്രാപിക്കാം. ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ അതാണ് നിന്റെ സുലൂക്, ആത്മിക യാത്രാരീതി. അത് മതി താങ്കള്‍ക്ക്.
രിഫാഇയ്യാ ആഭാസങ്ങള്‍
തുടക്കത്തില്‍, അവര്‍ക്കിടയിലെ ‘ആദ്യഘട്ട തൗബ’ നൃത്തം വെക്കലാണ്. പിന്നെ സൂഫികളെ സേവിക്കലും. അവരുടെ അന്ത്യഘട്ടം, സൂഫിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാവുകയും നല്ലൊരു ഇടപാട്കാരന് ആവുകയും ചെയ്യുക എന്നതാണ്. അതോടെ ‘ദൈവാന്വേഷി’ ലക്ഷ്യം കണ്ടു.?! ആ പദവി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൈവാന്വേഷി എങ്ങും എത്തിയില്ല എന്ന് കണക്കാക്കുക. ജനങ്ങള്‍ക്കിടയില്‍ പിടിപാട്/ ഇടപാട് സാധ്യമായാല്‍ അയാള്‍ കാമിലായി. ഇസ്ലാമില്‍ നിന്നുതന്നെ പുറത്താകുന്ന താഴെ സൂചിപ്പിക്കുന്ന ‘മഹല്‍കൃത്യങ്ങള്‍’ അതോടൊപ്പം അയാളില്‍ ഉണ്ടാകണം എന്ന് മാത്രം.
അതില്‍ ചിലത് കുറിക്കാം:
ഞാന്‍ ബാലനായിരിക്കുമ്പോള്‍, ശൈഖിന്റെ ഖുബ്ബ സന്ദര്‍ശിക്കാന്‍ അവര്‍ എന്നെ എടുത്തുകൊണ്ടുപോയി. അവരെന്നെ വാഹനപുറത്ത് ഇരുത്തി ഉമ്മു അബീദ (രിഫാഈ ശൈഖിന്റെ ഖബ്ര്‍ ഇറാഖിലെ ഗ്രാമമായ ഉമ്മു അബീദയിലാണ്) യിലേക്ക് നയിച്ചു. ഖുബ്ബ കണ്ടാരേ, അവര്‍ തലപ്പാവ് ഊരി തല വെളിവാക്കി. വല്ലാത്ത ഒതുക്കവും ഭയ ഭക്തി ചകിതമായ ഭാവങ്ങളും പ്രകടിപ്പിക്കാന്‍ തുടങ്ങി. ചിലപ്പോഴെല്ലാം കരയുന്നു; തേങ്ങി തേങ്ങി പിറുപിറുക്കുന്നു. അവരുടെ മനസ്സ് തകര്‍ന്നപോലെ. അവരുടെ ആവശ്യങ്ങള്‍ നിരത്തി ദുആ ചെയ്യുന്നു. അങ്ങനെ അവര്‍ ശൈഖ് അവര്‍കളുടെ ഖുബ്ബയുടെ വാതില്‍ പടിയില്‍ എത്തിയപ്പോള്‍ തലപ്പാവ് മാറ്റി, ആ പടിവാതില്ക്കല് സുജൂദ് ചെയ്യുന്നു. അന്ന് ചെറുപ്പത്തില്‍ ഞാനും അവരോടൊപ്പം സുജൂദ് ചെയ്തു. വിനയ- ഭക്തി ആധിക്യത്തില്‍ സ്വയം ഇല്ലാതായി ദീര്‍ഘനേരം അവരാ പടിവാതില്ക്കല് നിന്നു. ശൈഖിന്റെ ഖുബ്ബയെ വന്ദിക്കുന്ന പോലെ അവര്‍ കഅബാലയത്തെ വന്നിക്കുന്നില്ലെന്ന് അല്ലാഹുവിനറിയാം.
ഖബറിന് ചുറ്റുമുള്ള പൂമുഖത്ത് ഒരു കൊടിമരംഉണ്ട്. ആ മഹാഖുബ്ബ കണ്ടാല്‍, ആരാണ് അങ്ങോട്ട് കടക്കാന്‍ ധൈര്യപ്പെടുക?! സിയാറത്തിന് വന്നിട്ടുള്ളവരില്‍ ശൈഖ് പദവിയില്‍ ഉള്ളവര്‍ പോലും ഉണ്ട്. പക്ഷെ, ആ ഖുബ്ബയ്ക്കകത്ത് എന്താണ് ഉള്ളതെന്ന് അയാള്‍ക്കറിയില്ല. പിന്നെ അവര്‍ കൊടിമരത്തെ ഏഴു തവണ ത്വവാഫ് ചെയ്യും. വാതില്‍ പടിയില്‍ നില്‍ക്കുന്നത് അറഫയില്‍ നില്‍ക്കുന്നതിന് സമം. കൊടിമരം കഅബായ്ക്ക് തുല്യവും. റാഫിദികള്‍ ഹുസൈന് തങ്ങളുടെ ഖബ്ര്‍ ഹജ്ജ് ചെയ്യുന്നത് പോലെയാണ് സൂഫികളുടെ (==സൂപ്പി) ഈ ഹജ്ജ്.
അവരില്‍ പെട്ട ഏതോ മഹാനെ പ്രാര്‍ത്ഥനയോടെ പ്രശംസിച്ചുകൊണ്ട്, ശൈഖ് എന്നോട് ഒരിക്കല്‍ പറയുകയുണ്ടായി: “ആ മഹാന് ഖുബ്ബ ദൃഷ്ടിയാല്‍ പെടുമ്പോള്‍ ഇഹ്റാം ചെയ്യാറുണ്ട്. തുന്നിയ വസ്ത്രങ്ങള്‍ ഒഴിവാക്കും. സിയാറത്ത് കൊണ്ട് ഉദ്ദേശിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇഹ്രാമില് നിന്നും തഹല്ലുലാകും.” ശൈഖിന്റെ ഖുബ്ബയുടെ അരികില്‍ വന്ന ശേഷമല്ലാതെ മീശ വെട്ടിയൊതുക്കാത്ത ചിലരും ആ സംഘത്തില്‍ ഉണ്ടായിരുന്നു.
ഖുബ്ബയുടെ പൂമുഖത്ത് കൂട്ടം കൂടിയിരിക്കുന്ന ആളുകള്‍ ഖുബ്ബ നോക്കിയിരിക്കുന്നത് ഇബാദത്ത് ആയി കണക്കാക്കുന്നു. ഖുബ്ബ അവര്‍ക്ക് ഇബാദത്ത് ചെയ്യപ്പെടുന്ന ഒരു ദേവിയാണെന്ന് തോന്നും വിധം അവരാ ഖുബ്ബയെ തറപ്പിച്ചു നോക്കിയിരിക്കും. ആ ഇരുത്തത്തില്‍ ദീര്‍ഘ ശ്വാസനിശ്വാസങ്ങള്‍ ഉയരുന്നു. ആരാധ്യവസ്തുവിനരികില് നിന്നും ലഭിക്കുന്ന ഒരു ഈനാസ് (സമ്പര്‍ക്ക സുഖം) അവര്‍ കണ്ടെത്തുന്ന പോലെ. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്യില്ല?! അവരുടെ വിശ്വാസത്തില്‍, ഖബ്രിലെ ശൈഖന്മാര് ദിഗന്തങ്ങള്‍ മുഴുക്കെ കാണുകയാണല്ലോ! അവര്‍ ഖുബ്ബയെ ബഹുമാനിക്കാനായി കരുതി വന്നിരിക്കുകയാണ്. തല താഴ്ത്തുന്നു, സുജൂദ് ചെയ്യുന്നു. ഖുബ്ബയിലേക്ക് നേര്‍ച്ചയാക്കി സമ്പത്ത് ചിലവഴിക്കുന്നു. കാശായും ‘കത്തിക്കാനുള്ള എണ്ണ’യായും മറ്റും അവിടേക്ക് നേര്‍ച്ച നേരുന്നു.
അന്യരായ സ്ത്രീകളുമായി ‘സൂഫി സൗഹൃദം’ (ശൈഖിന്റെ മുരീദ്മാര് ശൈഖിന്റെ മക്കളെ പോലെയാണ് പരസ്പരം എന്ന് സിദ്ധാന്തം) സ്ഥാപിക്കുന്നതിലോ അവരുമായി രാത്രി കൂടിക്കഴിയുന്നതിലോയാതൊരു വൈമനസ്യവും അവര്‍ക്കില്ല. സുന്ദര കോമളന്മാരായ ആണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതിലും അവരുമായി അന്തിക്ക് മുറിയില്‍ ഉറങ്ങുന്നതിലും അവര്‍ക്കില്ല പിന്നാക്കം. ഇങ്ങനെ സ്ത്രീകളുമായും ‘കുണ്ടന്‍’മാരുമായും രാത്രി ഉറങ്ങുന്നുവെങ്കിലും ‘വ്യഭിചാരം’ സംഭവിക്കുന്നില്ലെന്നാണ് അവര്‍ വാദിക്കുക.
സ്ത്രീകളില്‍ നിന്നും താനിഷ്ടപ്പെടുന്ന ചിലരെ ശൈഖ് തന്റെ മകളോ സഹോദരിയോ ആയി പ്രഖ്യാപിക്കും. എന്നിട്ട്, ആ മകളും സഹോദരിയും ഇപ്പുറത്തും ശൈഖ് അപ്പുറത്തുമായി ഒരു മുറിയില്‍ കിടപ്പ് ആരംഭിക്കും. പിന്നെ വിളക്ക് അണയുന്നു. ശൈഖിന്റെ കാലുകള്‍ തടവിക്കൊടുത്ത് ബറകത്ത് സമ്പാദിക്കാന്‍ അവരിലാരെങ്കിലും ആഗ്രഹിച്ചാല്‍ അതിനു തടസ്സമൊന്നുമില്ല. ഇനി അവളില്‍ ഒരുത്തിയെ ശൈഖ് ചുംബിക്കുന്നതോ അവളെ തന്റെ കൂടെ കിടത്തുന്നതോ പോലും പ്രശ്നമല്ല; അതിനെ തുടര്‍ന്ന് എന്ത് സംഭവിക്കുന്നു എന്നത് അജ്ഞാതം!
വലിയ ശൈഖ് തന്റെ മുരീദ്മാരിലൊരാളുടെ അടുത്ത് പോയാല്‍ മറ്റു മുരീദ്മാര് കുട്ടി ശൈഖന്മാരെ സമീപിക്കുകയായി. തങ്ങള്‍ക്ക് കൂടെ പാര്‍ക്കാന്‍ ഒരു വനിതയെ സഹോദരിയാക്കി തരണം എന്ന ആവശ്യവുമായി. അപ്പോള്‍ അവിടെയുള്ള സ്ത്രീകളെയെല്ലാം അസി ശൈഖ് ഒരുമിച്ചു കൂട്ടുന്നു. എന്നിട്ട് ഓരോരുത്തര്‍ക്കും ആവശ്യമുള്ളവരെ ഓഹരി വെക്കുന്നു. കളവു പറയുന്നവന് എന്ന് സംശയിക്കാന്‍ വകയില്ലാത്ത ഒരു ‘ബന്ധപ്പെട്ടയാള്‍’ എന്നോട് പറഞ്ഞതാണിത്.
തീറ്റപ്പണ്ടാരം സഅദ് നെ പരിചയപ്പെടുത്താം. (ഈത്തപ്പഴം സൂക്ഷിക്കുന്ന പാത്രങ്ങളുടെ സമീപത്ത് അയാള്‍ ഒരിക്കല്‍ എത്തി. അതപ്പാടെ ഇപ്പം അകത്താക്കുമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ വന്ന പേരാണ് അക്കാല്‍= തീറ്റപ്പണ്ടാരം)അയാള്‍ ചെറുപ്പമായിരിക്കുമ്പോള്‍ അഹ്മദുല്‍ കബീര്‍ രിഫാഈ തങ്ങളുടെ ഖാദിം ആയിരുന്ന ഒരാളുടെ കെട്ടിപ്പിടുത്തത്തിലാണ് ഉറങ്ങാറുണ്ടായിരുന്നത്. ഇയാള്ഇക്കഥ പറയുന്നത് അഭിമാനപൂര്‍വ്വമാണ്! അദ്ദേഹം ഒരു രാത്രി എന്നോട് പറഞ്ഞത് കളവല്ലെങ്കില്, (അല്ലാഹു എല്ലാം അറിയുന്നു,)സൂഫി ഗുരുവായിരുന്ന ശൈഖ് നജ്മുദ്ദീനാണ് പ്രപഞ്ചത്തിലെ കാര്യങ്ങളെല്ലാം ഇപ്പോള്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം മരിക്കാതെ ജീവിക്കുന്നുണ്ടെന്നും , അദ്ദേഹം മരിച്ചാല്‍ ഇവിടെ ഒരുകാര്യവും നടക്കില്ലായെന്നും വിശ്വസിക്കുന്നയാളാണ് ഈ സഅദ്. ഇയാള്‍ ഇങ്ങനെ പറയുന്നത് ഞാന്‍ ചെവികൊണ്ട് കേട്ടതാണ്. റാഫിദികളുടെ വിശ്വാസപ്രകാരം ദീര്‍ഘ ഒളിവില്‍ കഴിയുന്ന ‘പ്രതീക്ഷിക്കപ്പെടുന്ന’ ഒരാള്‍ ഉണ്ടല്ലോ, അതുപോലെ ശൈഖ് നജ്മുദ്ദീന് മറഞ്ഞിരിക്കുകയാണ് എന്നത്രേ അയാളുടെ വാദം. ശൈഖ് നജ്മുദ്ദീന് എല്ലാം നിയന്ത്രിക്കുന്ന ഈ ലോകത്ത്, പിന്നെ ആ വലിയ മനുഷ്യന്റെ കൂടെ കിടന്നത് എങ്ങനെ ഹറാം ആകും എന്നാണ് അയാളുടെ ശങ്ക. അവര്‍ക്കിടയിലെ നല്ലവനും ദുര്‍മ്മാര്‍ഗ്ഗിയും ഇതൊക്കെ സ്ഥിരമായി ചെയ്തുവരുന്നതാണ് പോല്‍! കൂട്ടത്തില്‍ വല്ല സൂക്ഷ്മ ഭക്തന് ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്ക്കുന്നെങ്കില് അത്, സംഗതി ഹറാം ആകുന്നു എന്ന നിലക്കല്ല, വേണ്ട എന്ന് വെച്ചിട്ടാണ്.
ഞാന്‍ ഇവിടെ വിവരിച്ചത്, പരാമൃഷ്ട ത്വരീഖത്തിലെ ഉന്നതരും ഉത്തമരുമായ ആളുകളുടെ കഥയാണ്. അവര്‍ക്കിടയിലെ ദുര്മ്മാര്ഗ്ഗികളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ. ഒരുത്തന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: “പെട്ടി ശുദ്ധമാണെങ്കില്‍ (പെട്ടിയെന്നാല് ഉദ്ദേശിക്കുന്നത് മനസ്സ്) അത് ചായുന്നത് ബുദ്ധിമുട്ടുണ്ടാക്കില്ല. സുറുമക്കുപ്പിയില്‍ ആണെങ്കില്‍ പോലും..?!!(അവ്യക്തം) ഇതയാള് പറയുന്നത് തമാശയായിട്ടാണ്. അയാള്‍ സര്‍വ്വ കാര്യവും നിസ്സാരമായി കാണുന്ന പ്രകൃതക്കാരനായിരുന്നു. ഇതുപോലുള്ള ആളുകളുടെ കയ്യില്‍ വല്ല ബാലനോ സ്ത്രീയോ ചെന്നെത്തുന്നതെങ്കില്‍ അയാള്‍ എന്തും ചെയ്യുമെന്ന കാര്യത്തില്‍ എനിക്കൊട്ടും ശങ്കയില്ല.
എത്രയെത്ര സ്ത്രീകളെയാണ് അവര്‍ നശിപ്പിച്ചത്! ചിലപ്പോഴെല്ലാം സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആയിട്ടുണ്ട്. അങ്ങനെ ഒരുത്തിയെ ഞാന്‍ കണ്ടിട്ടുണ്ട്. എത്രയെത്ര ബാലന്മാരെയാണ് ഇവര്‍ കേടുവരുത്തിയത്.
ദാരിദ്ര്യത്തിന്റെ മഹത്വം പറഞ്ഞുകൊടുത്ത് നിഷ്കളങ്കരായ മാതാപിതാക്കളില്‍ നിന്നും അവരുടെ ആണ്‍കുട്ടികളെ ഇവര്‍ പൊക്കും. എന്നിട്ട് തങ്ങളുടെ മക്കളായി അവതരിപ്പിക്കും. ശാമില്‍ ഇത് വ്യാപകമാണ്. രാത്രി മുഴുവന്‍ അവരെ കെട്ടിപ്പിടിച്ചു കിടക്കും. സൂഫി സംഗമവും ഒന്നിച്ചുള്ള ഈ ജീവിതവും പകലന്തിയോളം ചെയ്യുന്ന നൃത്തങ്ങളും മഹത്തായ പുണ്യങ്ങളായി കുട്ടികളെ ധരിപ്പിക്കും. ചിലര്‍ക്ക് ചില കുട്ടികളോട് പ്രത്യേക അനുരാഗം തോന്നാറുണ്ട്. അതിന്റെ മുഴുവന്‍ പ്രയാസവും അന്ന് രാത്രി കുട്ടി സഹിക്കണം. അന്ന് രാത്രി നടന്നതൊന്നും മനസ്സില്‍ വെക്കരുതെന്ന് അയാള്‍ അവനോട് ഉപദേശിക്കും. അങ്ങനെ ആരുടെയോ കിടക്കയില്‍ നിന്നും എഴുന്നേറ്റ ഉടനെ അവന് ശൈഖിന്റെ സന്നിധിയില്‍ എത്തി, അവിടുത്തെ കൈ മുത്തി നൃത്തം തുടങ്ങുകയായി. നൃത്ത വേദിയില്‍ അവന് ചാടുന്നു, വട്ടം ചുറ്റുന്നു, രാത്രിയിലെ നഷ്ട ദുഖങ്ങളെല്ലാം അവന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നു. ആ സൂഫികള്‍ പറയുമായിരുന്നു: “സമാ ഒരു വലയാണ്”. അതേ, നിങ്ങളുടെ ഇരകളെ പിടികൂടുന്ന വല തന്നെയാണ് സമാ. നന്മയില് നിന്നും കൂടുതല്‍ കൂടുതല്‍ വഴിപിഴപ്പിക്കാനുള്ള വല.
അവര്‍ ഞങ്ങളുടെ വീട്ടില്‍ സംഗമിക്കാറുണ്ടായിരുന്നു. പുരുഷന്മാരും സ്ത്രീകളും സമ്മിശ്രമായി ഇടകലര്‍ന്നുകൊണ്ട്. പിന്നെ അവര്‍ സമാ നടത്തും. അതില്‍ അവര്‍ക്ക് ഹാല് പിടികൂടും. അപ്പോള്‍ പുരുഷന്മാര് അവരണിഞ്ഞ വസ്ത്രങ്ങളെല്ലാം ഊരി ഏറിയും. അവരുടെ സ്വകാര്യ സ്ഥലങ്ങളെല്ലാം പരസ്യമാകും. അപ്പോഴാണ് വിളക്ക് അണയുക. അതോടെ ഓരോ ഫഖീറും ഓരോ പെണ് ഫഖീറയെ ആശ്ലേഷിക്കും. നേരം പുലരുവോളം. എന്തെല്ലാം സംഭവിക്കുന്നു എന്ന് അല്ലാഹുവിനറിയാം. താര്‍ത്താരികള്‍ ബാഗ്ദാദ് പിടിച്ചെടുക്കുന്നതിന് മുമ്പാണ് ഈ സംഭവം. വിശ്വസ്തനായ ഒരാള്‍ എന്നോട് പറഞ്ഞതാണിക്കാര്യം.
ശൈഖ് നജ്മുദ്ദീന് അല്‍ അസ്ഫഹാനി (അവരുടെ ബറകത്ത് അല്ലാഹു നമ്മില്‍ പ്രതിഫലിപ്പിക്കട്ടെ) പറയുന്നു: “രണ്ട് സ്വൂഫി സംഘങ്ങള്‍ ഈ ദീന് എത്രമാത്രം നശിപ്പിച്ചുവെന്നോ! രിഫാഈകള് സ്ത്രീകളുടെ കാര്യത്തിലും, ഹരീരികള് ബാലന്മാരുടെ വിഷയത്തിലും”. എന്നാല്‍ ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ: ഇത്തിഹാദികള് വിശ്വാസത്തിലും ഇതുപോലെ ദീന് കേടുവരുത്തിയവരാണ്. യൂനുസികള് ഇവരുടെ അടുത്തുതന്നെയുണ്ട്. ഇവര്‍ സകലരും വിശുദ്ധ ദീന് നശിപ്പിച്ചവരുംമലിനമാക്കിയവരും,ദീനിന്റെ പൊരുളുകള്‍ തലകീഴായി മറിച്ചവരും, പരിധികളും വ്യാപ്തിയും ലംഘിച്ചവരും, മതത്തെ പരിഹസിക്കുന്നവരുമാകുന്നു. അവര്‍ ഹറാമുകള്‍ ഹലാലാക്കി, നിയമങ്ങള്‍ മാറ്റി. പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടവയുടെ പരിശുദ്ധി നശിപ്പിച്ചു.. ഭൂമിയെ അവരില്‍ നിന്നും അല്ലാഹു ശുദ്ധമാക്കട്ടെ. അവരുണ്ടാക്കിയ നജസുകളെല്ലാംനാട്ടില് നിന്നും തുടച്ചു നീക്കട്ടെ. അവന് സര്‍വ്വ ശക്തനാകുന്നു.
താര്‍ത്താരികള്‍ മുസ്ലിം സമുദായത്തിനെതിരെ വിജയം വരിച്ചത് ഇത്തരം ദുരാചാരികളുടെ സാന്നിദ്ധ്യം കൊണ്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അഹ്മദുല്‍ കബീറിനെപോലുള്ള ആസ്ഥാന ഗുരുക്കന്മാരില് നിന്നും ഉടമ്പടി സ്വീകരിച്ചാണ് ഇവര്‍ ഗമിക്കുന്നത്. നിശ്ചയമായും അവരാണ് ആദ്യമേ ഇത്തരം സംഗീത- സങ്കലന സദസ്സുകള്‍ തുടങ്ങിവെച്ചത്. നോട്ടത്തിലെ നിഷിദ്ധ കാര്യങ്ങള്‍, കണ്ണുകള്‍ അഴിച്ചു വിടാതെ നിയന്ത്രിക്കല്‍, ധ്യാന- ആത്മ വിചാരണ പോലുള്ള കാര്യങ്ങളിലും മറ്റും അവര്‍ സഹവാസികളെ വേണ്ടപോലെ അച്ചടക്കം ശീലിപ്പിച്ചില്ല.അല്ലാഹുവിങ്കല്‍ നിന്നും അവര്‍ക്ക് ആവശ്യത്തിന് അറിവ് ലഭിച്ചിട്ടുണ്ട്. ശരീഅത്ത് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ആരും അവര്‍ക്ക് പഠിപ്പിക്കേണ്ട ആവശ്യമില്ല. എന്നിട്ടും അവര്‍ വിശുദ്ധ ഖുര്‍ആന്‍ പറയണം ചെയ്യുന്നു, അല്ലാഹുവിങ്കല്‍ നിന്നും യാതൊരു ദഅവത്തും എത്താത്ത ഏതോ നിരക്ഷരന് പാരായണം ചെയ്യുന്ന ഭാവത്തില്‍. അവര്‍ നബി സ്വ യെ നന്നായി ബഹുമാനിക്കുന്നു, അവിടുന്ന് കൊണ്ടുവന്ന നിയമ സംഹിത എന്താണെന്ന് അറിയാത്തവരുടെ ബഹുമാനം കണക്കെ. അവരുടെ പാരായണം തങ്ങളുടെ തൊണ്ടക്കുഴി വിട്ട് അകത്തേക്കിറങ്ങുന്നില്ല. മേയുന്ന കാലികളെയും വളര്‍ത്തു മൃഗങ്ങളെയും പോലെ, അന്ധരും മൂകരുമാണോ ഇവര്‍! മത നിയമങ്ങളെ അവര്‍ ഒരുപാട് അകലെയായി കാണുന്നു. അവ നിലനിര്‍ത്താനും നടപ്പിലാക്കാനും പരിശ്രമിക്കുന്ന ജ്ഞാനികളോട് വിദ്വേഷം കാണിക്കുന്നു. വല്ലാത്ത വിരോധം! അല്ലയോ ബുദ്ധിയുള്ള വായനക്കാരേ, ഈ കൂട്ടര്‍ക്കിടയില്‍ വെച്ച് മിഴികള്‍ തുറക്കുകയും ഇത്തരത്തിലുള്ള ഒരിസ്ലാമിനെ പരിചയപ്പെട്ട് വളരാന്‍ ഇടയാവുകയും ചെയ്ത ഒരു കുട്ടിയുടെ കാര്യം എന്തായിരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?!
എന്നാല്‍, അല്ലാഹു എന്നോട് കാണിച്ച മഹാ ഉതവി നിമിത്തം, ചെറുപ്പകാലത്തേ, ഇക്കൂട്ടര്‍ ശരിയല്ലെന്നുള്ള ഒരു ബോധം എന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ വാദിക്കുന്നതിനും അപ്പുറത്ത് ഒരു സത്യം ഉണ്ടാകുമെന്ന ഉള്‍വിളി. ഞാന്‍ രിസാലത്തുല്‍ ഖുശൈരി യും ഖൂത്തുല്‍ ഖുലൂബും അക്ഷരം പ്രതി വായിക്കാന്‍ തുടങ്ങി. അതുമൂലം, ഞാന്‍ പരിചയപ്പെട്ട സ്വൂഫികളുടെ അസത്യാവസ്ഥയെക്കുറിച്ച് ഉറച്ച അറിവ് എനിക്കുണ്ടായി. എന്നാല്‍, അത് വെളിപ്പെടുത്താന്‍ മാര്‍ഗ്ഗമില്ലായിരുന്നു. കാരണം, അവര്‍ക്കാണ് ആധിപത്യം. അതിനാല്‍, ഒട്ടുമേ എന്റെ പ്രതിഷേധം കാണിക്കാന്‍ സാധിച്ചില്ല എന്ന് പറയാം.
ഇസ്സുദ്ദീനില് ഫാറൂസിയെപ്പോലുള്ള വലിയ വലിയ മുഹദ്ദിസുകളായ ജ്ഞാനികള്‍ പോലും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം ഇവരുടെ സമാ സദസ്സില്‍ പങ്കെടുക്കാറുണ്ട്. കൗമാര പ്രായത്തിലെത്തിയ കാലത്താണ്, ഞാന്‍ അദ്ദേഹത്തെ സമീപിച്ചുകൊണ്ട് ചോദിച്ചു: ‘നബി സ്വ പറഞ്ഞിരിക്കുന്നല്ലോ, എല്ലാ പുത്തന്‍ നടപടികളും ബിദ്അത്ത് ആകുന്നു’ വെന്ന്. അങ്ങനെയെങ്കില്‍ ഈ സംഗീതസദസ്സിന്റെ സ്ഥിതിയെന്താണ്?”എന്റെ ചോദ്യത്തെ കാര്യമായി എടുക്കാതെ മറുപടിയില്‍ നിന്നും അദ്ദേഹം തിരക്കഭിനയിച്ചു ഒഴിഞ്ഞു മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും സൂക്ഷ്മതയുള്ള രീതി മസ്ജിദില്‍ വെച്ചുള്ള സംഗീത പരിപാടിയെ ഇഷ്ടപ്പെട്ടില്ല എന്നതാണ്.എന്നാല്‍ ‘ആരോഗ്യകരമായ നയ’ മെന്ന നിലയ്ക്കും ‘വേണ്ടപ്പെട്ടവരുടെ തിരുകോപം’ ഭയന്നും മസ്ജിദുകളിലെ സംഗീത പരിപാടിയില്‍ ചിലപ്പോഴെങ്കിലും അദ്ദേഹം പങ്കെടുത്തു. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇതാണ് മുഹദ്ദിസുകളായ ജ്ഞാന ഗുരുക്കന്മാരുടെ പോലും സ്ഥിതി. പിന്നെയെങ്ങനെ മുഹമ്മദീയ സത്യം, ഫുര്ഖാനീ മതം അവര്‍ക്കിടയില്‍ അന്തസ്സോടെ നിലനില്ക്കും? അതിന്റെ അസ്ഥിത്വത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ പോകട്ടെ, ദീനീ നിയമങ്ങള്‍ എങ്ങനെ സമൂഹത്തിന് പഠിപ്പിക്കപ്പെടും?!
മരുഭൂ നിവാസികളും കര്‍ഷകരുമായ ശൈഖന്മാര്ക്ക് നഗര വാസികള്‍ കീഴൊതുങ്ങിയാല്‍ അവരുടെ ദീന് ഫസാദാവുകയും കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയും ചെയ്യുമെന്ന സംഗതി സുവിദിതമാണ്. ഗ്രാമീണര്‍ ഔലിയാക്കള്‍ ആണെങ്കില്‍ പോലും. കാരണം, മരുഭൂ വാസികള്‍ക്ക് പക്വതയും അവധാനതയും വികാര സമതുലിതത്വവും കുറവാണെന്ന കാര്യം പരസ്യവും പ്രകടവുമാണ്. മരുഭൂ വാസികള്‍ക്കിടയില്‍ നിന്നും ഒരു പ്രവാചകനെ അല്ലാഹു നിയോഗിച്ചില്ലല്ലോ. നഗരങ്ങളില്‍ നിന്നും അകന്നു കഴിയുന്ന ആളുകള്‍ക്കിടയിലും പ്രവാചകര്‍ വന്നില്ല. നഗരവാസികള്‍ ജ്ഞാനികള്‍ക്ക് കീഴ്പ്പെടണം. അപ്പോള്‍ അവരുടെ അവസ്ഥ മെച്ചപ്പെടും. അവര്‍ എപ്പോള്‍ മരുഭൂ സൂഫികളെ അനുസരിക്കുന്നുവോ അതോടെ അവരുടെ സ്ഥിതി മോശമാകും.
രിഫാഇയ്യാ സംഘത്തില്‍ നിന്നും ഇത്തരം ബിദ്അത്തുകള്‍ താഴ്വരയിലെ സകല സൂഫി സംഘങ്ങളിലേക്കും അവരുടെ ശൈഖന്മാരിലേക്കും താമസിയാതെ ഒഴുകി. സ്ത്രീകളെയും കോമള കുമാരന്മാരേയും സഹോദരന്മാരും സഹവാസ ഇണകളും ആക്കുന്ന പരിപാടിയും, പാമ്പുകളെക്കൊണ്ട് കളിക്കുന്നതും, തീയില്‍ ഇറങ്ങുന്നതും മറ്റു വേണ്ടാതീനങ്ങളുമെല്ലാം. ഞങ്ങള്‍ക്കിടയില്‍ കണ്ടുവന്ന വഫാഇയ്യ വിഭാഗമാണ് അഗ്നികുണ്ഡത്തില്‍ ഇറങ്ങുന്ന അഭ്യാസം കാണിച്ചിരുന്ന മറ്റൊരു സംഘം. പിന്നെ ബദ്രിയ്യ സംഘത്തിനിടയിലും കുണ്ടന്മാരുടെ ഏര്‍പ്പാട് കാണാമായിരുന്നു. ഇബ്നു ഹലൂബായുടെ സഹവാസികളായിരുന്ന ഹലൂബിയ്യാ സംഘമായിരുന്നു കുറെയേറെ മെച്ചപ്പെട്ട സൂഫി സംഘം. അവരില്‍ കുറച്ചെങ്കിലും ദീനീ നിഷ്ഠ കാണുമായിരുന്നു. പക്ഷേ, രിഫാഇയ്യ സംഘം ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചതോടെ ഹലൂബിയ്യ ഇല്ലാതായി. പരിശീലിതരായ അനുയായികള്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും ഒരുപോലെ പാട്ടു കച്ചേരി നടത്തിയും, നേതാക്കളോടൊപ്പം മട്ടുപ്പാവില്‍ കേളികളില്‍ ഏര്‍പ്പെടുവാന്‍ സ്ത്രീകളെ ഏര്‍പ്പാട് ചെയ്തും രിഫാഇയ്യാ സംഘം പടര്‍ന്നു പിടിച്ചു. അങ്ങനെ രിഫാഈകള് ആളുകളെ ബാധിച്ച ചൊറി പോലെയായി. അവരുടെ അന്ധകാരങ്ങളില്‍ നിന്നും ജനം കോരിയെടുത്തു. അവര്‍ എങ്ങും വാണു. ഈ വക ഇരുട്ടുകള്‍ വാഴുമ്പോള്‍ ദീന് എങ്ങനെ നിലനില്ക്കും?!
ശാഫി ഫുഖഹാക്കളുടെ സന്നിധിയില്‍
മതപരമായ അറിവ് ആഴത്തില്‍ ആര്‍ജ്ജിക്കാന്‍ വേണ്ടി രിഫാഇയ്യാ സംഘത്തില്‍ നിന്നും ഞാന്‍ ശാഫിഈ കര്‍മ്മ വിശാരദന്മാരുടെ സന്നിധിയിലേക്ക് നീങ്ങി. അങ്ങനെ ആദ്യ സംഘത്തേക്കാള്‍ ഉത്തമരായ പുതിയൊരു സംഘത്തില്‍ ഞാന്‍ എത്തിപ്പെട്ടു. ഇവര്‍ക്ക് ഹലാലും ഹറാമും അറിയാം. മതത്തിന്റെ പരിധികളും അതിരുകളും വിധി വിലക്കുകളും അറിയാം. പാടുളളതും ഇല്ലാത്തതുമായ സംഗതികള്‍, പ്രതിഫലം ലഭിക്കുന്നതും ശിക്ഷയ്ക്ക് പാത്രമാകുന്നതുമായ കാര്യങ്ങള്‍ വകതിരിച്ച് ഇക്കൂട്ടര്‍ക്ക് വശമുണ്ട്. അത് സംബന്ധമായ വിശ്വാസവും അവര്‍ കാത്തുസൂക്ഷിക്കുന്നു. ഇരുട്ടുകള്‍ വ്യാപിച്ച ആ ഭൂമികയില്‍, വിശേഷിച്ചും ഇത്തരം സംഗതികള്‍ പാലിക്കാതെ കര്‍മ്മരംഗം ധര്‍മ്മ ശൂന്യമായ നാട്ടില്‍,ഈ വക അറിവുകള്‍ സന്മാര്ഗ്ഗം പ്രസരിക്കുന്ന വെളിച്ചം തന്നെയാണ്.
എന്നാല്‍, ആ ജ്ഞാനികളുടെ പക്കല്‍ കര്‍മ്മ ശാസ്ത്രം അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. ചിലര്‍ ഉസ്വൂലുല്‍ ഫിഖ്ഹില് ഏര്‍പ്പെടുന്നു. ഇബ്നുല്‍ ഖത്തീബ് രചിച്ച ഇസ്തിലാഹ് തികഞ്ഞ ആദര ബഹുമാനങ്ങളോടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹമാണ് ഇമാമുല്‍ അഅളം എന്നാണു തീര്‍പ്പ്. മതത്തിന്റെ നടുവിലെ തൂണ്! അദ്ദേഹത്തിന്റെ നാമം പറയപ്പെട്ടാല്‍ ‘റളിയല്ലാഹു; നീട്ടിചൊല്ലും. മസ്അല സംബന്ധമായ തര്‍ക്കങ്ങളെ കുറിച്ചുള്ള, ജ്ഞാനികള്‍ തമ്മിലുള്ള ഭിന്ന വീക്ഷണങ്ങള്‍ ചൊല്ലിയുള്ള വാഗ്വാദ ജ്ഞാനമാണ് കൂടുതലായും അവര്‍ക്ക് വഴക്കം. ‘തന്ബീഹി’ലെയും ‘മുഹദ്ദബി’ലെയും വജീസിലെയും വസ്വീത്വിലെയും ശറഹുല്‍ വജീസിലെയും ഹാവിയിലെയും ലുബാബിലെയും അബ്ദുല്‍ ഗഫാര്‍ എഴുതിയ ഉജാബിലെയും റാഫിഈ യുടെ മുഹര്ററിലെയും മസ്അലകളാണ് അവരുടെ ഹൃദയം നിറയെ.
ഉസ്വൂലുസ്സുന്ന സംബന്ധമായ ജ്ഞാന വ്യവഹാരം അവര്‍ക്കിടയില്‍ കാണുകയില്ല. ഹദീസ് സംബന്ധമായ അടിസ്ഥാന തത്വങ്ങളും നിയമങ്ങളും അതിന്റെ വാഹക സംഘത്തെ കുറിച്ചുള്ള അറിവുകളും, സ്വഹീഹും അല്ലാത്തതും വകതിരിച്ചറിയുന്ന കലകളോ അവിടെ കണ്ടില്ല. നബിചര്യ അടിസ്ഥാനമാക്കി അല്ലാഹുവുമായി എങ്ങനെ ദാസ്യത്വത്തില് ഏര്‍പ്പെടാം എന്ന അറിവ് അശേഷം ഇല്ല. സ്വഹാബത്തിന്റെയും സുഫ്യാനുമാര്, ഹമ്മാദ് മാര്‍, ഇബ്നുല്‍ മുബാറക്, അഹ്മദ്, ഇസ്ഹാഖ് തുടങ്ങിയ സലഫുകളുടെയും മാര്‍ഗ്ഗത്തില്‍ ഊന്നിയുള്ള വിശ്വാസ അടിസ്ഥാനങ്ങള്‍ സംബന്ധമായ അറിവും അവിടെ കൈമാറ്റം ചെയ്യപ്പെടുന്നില്ല. അവിടെ യുക്തിയും ബുദ്ധിയും ഉപയോഗിക്കുന്ന മുതകല്ലിമുകളുടെ തത്വങ്ങള്‍ വെച്ചുള്ള വിശ്വാസ അടിസ്ഥാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അക്കൂട്ടത്തിലെ സൂക്ഷ്മതയും സദാചാര നിഷ്ഠയുമുള്ള ജ്ഞാനികള്‍ (സ്വിഫാത്ത് സംബന്ധമായ) വിശ്വാസകാര്യങ്ങളില്‍ ഊളിയിടാതെ മൗനം പാലിക്കുന്നു. അവയെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നതുപോലെ എന്ന് പറഞ്ഞ് തടികാക്കുന്നു. അത്തരം വിശ്വാസകാര്യങ്ങള്‍ മൊത്തമായി വിശ്വസിക്കുകയാണ് അവരുടെ രീതി. വിശദാംശങ്ങളിലേക്കില്ല. അതിനുമാത്രം ആര്‍ദ്രതയുള്ള പ്രകൃതമല്ല അവരുടേത്. അല്ലാഹുവിനോടുള്ള മഹബ്ബത്തിന്റെ ശീതള മാരുതന്‍ അവരുടെ അകത്ത് ഒട്ടും വീശുന്നില്ല. അല്ലാഹുവിനോടുള്ള ഭയവും ബഹുമാനവും അഭിനിവേശവും അവരില്‍ പ്രകടമല്ല. വിനീതദാസ്യത്വത്തിന്റെ വാസന ഒട്ടും അനുഭവപ്പെടില്ല. നാഥനുമായുള്ള ഇടപാടില്‍ സത്യസന്ധതയോ നിഷ്കളങ്കതയോ കാണില്ല. നല്ല ഉദ്ദേശ്യത്തോടെയും തുറന്ന മനസ്സോടെയും നന്മയിലേക്ക് ധൃതിപ്പെടുന്ന ആവേശം തീരെയില്ല. നേതൃത്വവും വരുമാനവും ആഗ്രഹിച്ചുള്ള കടിപിടികൂടല്‍ എങ്ങും പ്രകടം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ഗുസ്തി. തന്റെ മുകളില്‍ മറ്റൊരാള്‍ അവരോധിതനാകുന്ന വേദന സഹിച്ചുള്ള പോക്ക്. അന്നപാനീയങ്ങള്‍ അകത്തേക്കിറങ്ങാതെ ചങ്കില് കെട്ടിനില്‍ക്കത്തക്ക വിധം ഉള്ളു നിറയെ സ്വാര്‍ത്ഥ ചിന്തകള്‍. ഏഷണി പരദൂഷണങ്ങള്‍ക്ക് അത് വഴിവെക്കുന്നു. ചുരുക്കത്തില്‍ അവര്‍ കര്‍മ്മ ശാസ്ത്രത്തിന്റെയും നിയമ ജ്ഞാനത്തിന്റെയും വിവാദ വിഷയങ്ങളുടെയും വലിയ വീപ്പകളാണ്; അല്ലാതെ മറ്റൊന്നും ഇല്ല.
ഭരണാധികാരികളുടെ ഭാഗത്തുനിന്നും വല്ല വിധിയും വന്നാല്‍, ‘പ്രാമാണിക വരികള്‍’ കിതാബുകളില്‍ നിന്നും ഉദ്ധരിച്ച് ആ വിധിയെ സാധൂകരിച്ച് തൃപ്തിയടയുകയാണ് അവരുടെ വഴി. തിരുചര്യയില്‍ പ്രസ്തുത പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു എന്നൊന്നും പരിശോധിക്കില്ല. വല്ല ശാറിഹിന്റെയോ അതല്ലെങ്കില്‍ മൂലഗ്രന്ഥകാരന്റെയോ വരികള്‍ കണ്ടുമുട്ടിയാല്‍, അന്വേഷണം അവിടെ നിലച്ചു; മുന്നോട്ടില്ല. ഇങ്ങനെയൊക്കെ ആണേലും അല്ലാഹുവാണ അവരില്‍ നിന്നും ഞാന്‍ വിധിവിലക്കുകള്‍ കൃത്യമായി പടിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത്ഭുതമെന്ന് പറയാം, എന്റെ ആ പഴയ ആളുകളില്‍ വിശ്വസിക്കുന്ന ചിലരെയെങ്കിലും വിധി വിലക്കുകള്‍ പഠിപ്പിക്കുന്ന ഇക്കൂട്ടരിലും ഞാന്‍ കാണുകയുണ്ടായി. ത്വരീഖത്ത് പിഴച്ചതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരെ സന്ദര്‍ശിക്കുന്ന ചിലരെ. ജനങ്ങളുടെ വഴികേട് പരിഹരിക്കാന്‍ സാധിക്കുന്ന ‘മുഹമ്മദീയ പ്രഭ’ ഇവരുടെ സമക്ഷം ഇല്ലെന്ന് അതില്‍ നിന്നും തെളിഞ്ഞു.കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷിയെപ്പോലെ അവരുടെ ഇടയില്‍ കുറച്ചു വര്‍ഷങ്ങള്‍ ഞാന്‍ ജീവിക്കുകയുണ്ടായി. എനിക്ക് ശുദ്ധവായു ശ്വസിക്കാന്‍ കഴിഞ്ഞത് സൂഫികളുടെ കിതാബുകളില്‍ നിന്ന് മാത്രമാണ്.
ബാഗ്ദാദിലെ മുത്വവ്വമാരോടൊപ്പം
പിന്നീട് ഞാന്‍ അവിടെ നിന്നും നീങ്ങി. സര്‍ക്കാര്‍ ജീവനക്കാരായ ബാഗ്ദാദിലെ ആത്മീയ നേതൃത്വങ്ങളുമായും (മുത്വവ്വമാര്‍) അവിടത്തെ സൂഫികളുമായും കുറച്ചുകാലം സഹവസിച്ചു. എന്റെ അനുഭവത്തിലുള്ള പഴയ രണ്ടു വിഭാഗങ്ങളെക്കാള്‍ ആയിരം തട്ട് ഉത്തമരായിരുന്നു ഇവര്‍. ഹറാമിനെ വര്‍ജ്ജിക്കുന്നു, ഹലാല്‍ ഹലാലായി കാണുന്നു. ഫുഖഹാക്കളുടെ മദ്ഹബ് തന്നെയാണ് അവര്‍ മുഖ്യമായും മുറുകെ പിടിക്കുന്നത്. എന്നാല്‍, അവര്‍ നാടോടികളായിരുന്നില്ല (സഞ്ചാരം സ്വൂഫികളുടെ പൊതു സ്വഭാവമാണല്ലോ!). കണ്ടം വെച്ച വസ്ത്രം ധരിക്കുന്നവരോ മുഷിഞ്ഞ മേല്‍ക്കുപ്പായം ശീലിച്ചവരോ അല്ലായിരുന്നു. രുചിയേറിയ മികച്ച ഭക്ഷണവും സുന്ദര പുടവകളും സമ്പന്ന സദസ്സുകളും ധനികരുമായുള്ള അമിത സമ്പര്‍ക്കവും അവരോടുള്ള പരിധിവിട്ട വിനയപ്രകടനങ്ങളും കളി തമാശകളും കൂട്ടുകെട്ടുമെല്ലാമായിരുന്നു ഇവരുടെ സവിശേഷത.
പകലില്‍ ഇവരുടെ മുഖ്യ ചര്‍ച്ച ‘അടിപൊളി’യായി ജീവിക്കുന്നതിനെ കുറിച്ചായിരുന്നു. ഗീതങ്ങളും പദ്യങ്ങളും ആസ്വാദ്യകരമാക്കുന്നതു സംബന്ധമായിരുന്നു. തീര്‍ത്തും താളാത്മകമായ ചലനം വഴി വളരെ ആസ്വാദ്യകരമായിരുന്നു അവരുടെ നൃത്തം. ഒരുകാല് ഉയര്‍ത്തുന്നു, മറ്റേത് നിലത്ത് ചവിട്ടുന്നു. ചാഞ്ഞും ചെരിഞ്ഞും കുനിഞ്ഞും വലിഞ്ഞുമുള്ള നീക്കങ്ങള്‍. എന്നാല്‍, അവരുടെ മനസ്സുകളില്‍ ആരാധന വൈവിധ്യങ്ങളുടെ രുചി ഭേദങ്ങള്‍ ഒട്ടും ഇല്ലായിരുന്നു; ദാസ്യത്വ വിനയ ഭാവങ്ങള്‍ കാണപ്പെട്ടില്ല. വിശേഷിച്ചും, ദൈവ ഭയം, ദിവ്യപ്രേമ തീക്ഷ്ണത, സദുദ്ദേശ്യം പൂര്‍വ്വമുള്ള ഇബാദത്ത് വാസന തുടങ്ങിയവ ഉണ്ടായിരുന്നില്ല. പ്രാര്‍ഥനയുടെ സുഗന്ധ മാരുതന്‍ അവിടെ അനുഭവപ്പെട്ടില്ല. ദൈവത്തിലേക്കുള്ള യാത്ര സന്നദ്ധത (സൈര്‍), അതിന് ഒരു വഴി തെരഞ്ഞെടുത്ത് അതില്‍ പ്രവേശിക്കല്‍ (സുലൂക്), ആ വഴിക്ക് യാത്ര ചെയ്തു ദൈവവുമായി സംഗമിക്കല്‍ (വുസ്വൂല്‍), യാത്രയിലെ പ്രതിസന്ധികളെ മറികടക്കുന്ന വിദ്യകള്‍, യാത്രയ്ക്കിടയില്‍ തെളിയുന്ന ഉദയ കിരണങ്ങളും മിന്നല്‍ വെട്ടങ്ങളും തെളിഞ്ഞ ജ്വാലകളും അടങ്ങുന്ന അനുഭൂതി വൈവിധ്യങ്ങള്‍ തുടങ്ങിയ ആദ്ധ്യാത്മിക രീതികളൊന്നും അവിടെ കേട്ടില്ല. ഭയ ഭക്തി മൂലം പ്രകടമാകുന്ന മുഖത്തെ വാട്ടമോ /ശരീരത്തിലെ ക്ഷീണമോ അവരില്‍ കണ്ടേയില്ല. സ്നേഹം ഒട്ടുമില്ല. സംഗീത സദസ്സിനോടായിരുന്നു സര്‍വ്വത്ര സ്നേഹവും ഭക്തിയും. അവിടെ പലപ്പോഴും അവര്‍ പരിക്ഷീണരും ഭക്തരും ആകാറുണ്ട്. സമാ സദസ്സ് വിട്ടാല്‍ അവര്‍ വീണ്ടും ശാരീരിക ശീലങ്ങളിലേക്ക്, തൊഴില്‍ പരമായ കാര്യങ്ങളിലേക്ക് മടങ്ങുകയായി.
അവര്‍ പരസ്പര ഇണക്കമുള്ളവരും ഒത്തൊരുമയുള്ളവരും ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നവരും കാരുണ്യ മനസ്കരും ആയിരുന്നു. മറ്റുള്ളവരുടെ ക്ഷേമം മാനിച്ചു സ്വാര്‍ത്ഥത കൈവെടിയുന്ന നല്ല മനസ്സായിരുന്നു അവര്‍ക്ക്. സദ്സ്വഭാവവും ക്ഷേമ ജീവിതവും മതത്തിന്റെ ബാഹ്യ ചിഹ്നങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കുന്നതുമെല്ലാം അവരുടെ മുഖ്യ അടയാളം തന്നെയായിരുന്നു. രാത്രിയില്‍ പതിവ് ദിക്ര് ദുആകളില്‍ (വിര്ദ്) ഏര്‍പ്പെടുന്നവരും വ്രതവും ഹജ്ജും മുറിയാതെ പതിവാക്കുന്നവരും അവര്‍ക്കിടയില്‍ കാണാം. അവരുടെ ഒരു മുഖ്യ ആത്മീയ പരിശീലനം (മുജാഹദ) മക്കയില്‍ പാര്‍ക്കുക എന്നതായിരുന്നു. ഒരാള്‍ ഒരു വര്‍ഷം മക്കത്ത് പാര്‍ത്താല്‍ അയാളുടെ ദൈവാന്വേഷണ യാത്ര പൂര്‍ത്തിയായി എന്നാണവര്‍ കണക്കാക്കിയത്.
ചടങ്ങുകള്‍/ ആചാരങ്ങള്‍ ധാരാളമായി നിലനിര്‍ത്തിയിരുന്നെങ്കിലും ആത്മീയതലം സത്യപ്പൊരുളുകളില് നിന്നും മറഞ്ഞു കിടന്നു. അവര്‍ക്കിടയില്‍ ഒരു നിരൂപകനെയോ ഒരു അന്വേഷിയേയോ എനിക്ക് കാണാനായില്ല. അല്ലാഹുവിലേക്ക് ചെന്നെത്തുന്നതില്‍ സായൂജ്യം കാണിച്ചുകൊടുക്കുന്ന ഒരാളെയും കാണാന്‍ കഴിഞ്ഞില്ല. അതെല്ലാം മൃതിയടഞ്ഞ ഒരു കല പോലെ. ദുരിതം കാരണം ഹൃദയം തകര്‍ന്നവര്‍ക്ക് നേരെ സഹായ ഹസ്തം നീട്ടുന്നവര്‍, ആതിഥ്യം നല്കി സഹോദരങ്ങളെ ആദരിക്കുന്നവര്‍, സംഗീത സദസ്സ് സംഘടിപ്പിച്ചു മാനസങ്ങളെ കീഴടക്കുന്നവര് … ഇവരെല്ലാമായിരുന്നു അവര്‍ക്കിടയിലെ സ്വൂഫികള്‍. ഇതാണ് അവരുടെ ഏറ്റവും മുന്തിയ ആത്മീയ അവസ്ഥ. കാര്യം അവിടെ അവസാനിച്ചു.
ഇവര്‍ ആത്മീയ ഗുരുക്കന്മാരെ ബഹുമാനിക്കുന്നവരാണ്., രിഫാഇയ്യക്കാരെ പോലെ പരിധി വിടാറില്ല. എന്നാലും അതിന്റെ ചില ശാഖകള്‍ പ്രകടമായിരുന്നു. മരുഭൂമിയില്‍ അടക്കം ചെയ്യപ്പെട്ട ഇബ്നു ഇദ്രീസ് എന്ന മഹാനരുടെ ഖുബ്ബയുടെ അരികിലെത്തിയാല്‍ ഇവരും തലപ്പാവ് അഴിച്ചു വെക്കാറുണ്ട്. അല്ലെങ്കില്‍ ജാറത്തിന്റെ ഉമ്മറപ്പടിയില്‍ ചുംബിക്കും. യുവ പ്രായത്തിലായിരിക്കുമ്പോള്‍, ഞാനും അവരോടൊപ്പം അതെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍, മുന്നേ പരാമര്‍ശിച്ച സ്വകാര്യ വൃത്തികേടുകളില്‍ ഇവര്‍ ആപതിച്ചിട്ടില്ലായിരുന്നു. കൂട്ടത്തില്‍ വല്ലവരും കോമള കുമാരന്മാരോട് പ്രേമ പരവശനായാല്‍ പോലും അനുവാദമില്ലാത്ത തെറ്റായ സംഗതിയാണെന്ന ബോധ്യം അയാള്‍ക്കുണ്ടായിരുന്നു. ഇബാദത്തില്‍ നിരതനാകുന്ന, സൂക്ഷ്മ ജീവിതം നയിക്കുന്ന, തങ്ങളുടെ ചെയ്തികളെ ശരിവെക്കാത്ത , സമാഇല്‍ പങ്കെടുക്കാത്ത, അതില്‍ താല്പര്യം കാണിക്കാത്ത ആരെയെങ്കിലും അവര്‍ കണ്ടാല്‍ അവര്‍ പറയും: “ഇയാളൊരു ഉണക്കന്! പരുക്കന്‍!!”
ഞാന്‍ അവരുമായി ഇടപഴകി ജീവിച്ചുവെങ്കിലും അവരുടെ അവസ്ഥ എന്നില്‍ കൗതുകമുണര്ത്തിയില്ല. എന്റെ ഉള്ളില്‍ ഞാന്‍ തിരിച്ചറിഞ്ഞു: “സംഗതി ഇത്ക്കും മേലെയാണ്”. ഇപ്പോഴും സ്വൂഫി കിതാബുകളില്‍ നിന്നല്ലാതെ എനിക്ക് ഓക്സിജന്‍ ലഭിച്ചില്ല.
ശാദുലി സഹോദരന്മാരോടൊപ്പം
അല്ലാഹു എന്റെ മനസ്സില്‍ അവനെകുറിച്ചുള്ള ജ്ഞാനവും അവനിലേക്ക് അടുക്കാനുള്ള താല്പര്യവും ഇട്ടുതന്നു. എന്റെ മനസ്സ് അതിനായി ഉഴലാന്‍ തുടങ്ങി. എന്റെ മനസ്സിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. ഞാന്‍ തിരയുന്ന കാര്യത്തെ കാണിച്ചുതരാന്‍, എന്റെ അസുഖത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍, എനിക്ക് സംഭവിച്ച അലച്ചില്‍ സത്യത്തില്‍ എന്താണെന്ന് ബോധ്യപ്പെടുത്തിത്തരാന്‍ പ്രാപ്തനായ ഒരാളെയും ഞാന്‍ കണ്ടില്ല. ഒരുറച്ച തീരുമാനത്തിലെത്താന്‍ കഴിയാതെ ഞാന്‍ കുറച്ചു ദിവസങ്ങള്‍ പരിഭ്രാന്തനായി അലഞ്ഞു നടന്നു. ഞാന്‍ സഹവസിക്കുകയും ഇടപഴകുകയും ചെയ്ത എല്ലാ ജ്ഞാന- ആത്മീയ വിഭാഗങ്ങളോടും നെഞ്ചില്‍ കടുത്ത നീരസം രൂപപ്പെട്ടു.
വര്‍ഷം ഹിജ്ര 683 ഓ അതിനടുത്തോ ആയിരിക്കുന്നു. ഞാന്‍ ബാഗ്ദാദില്‍ നിന്നും ശാം, മിസ്ര് ലക്ഷ്യമാക്കി നാടുവിട്ടു. അവിടെയും നേരത്തെ വിവരിച്ച മാതിരിയുള്ള ഫുഖഹാക്കള്‍, ഫഖീറുകള്‍, മുത്വവ്വമാര്‍ തുടങ്ങിയ പല സംഘങ്ങളെയും കാണുകയുണ്ടായി. എല്ലാം സമാസമമായിരുന്നു, അവിടെക്കണ്ടതും ഇവിടെ കാണുന്നതും.
ഇവിടെ മറ്റൊരു വിഭാഗത്തെ പരിചയപ്പെടുകയുണ്ടായി. കാഴ്ചയ്ക്ക് നല്ല വേഷം. ആരാധനാ നിമഗ്നര്‍. വര്‍ഷം മുഴുവന്‍ നീണ്ട വ്രതവും ഇബാദത്തുകളും ജീവിത രീതിയായി കൊണ്ട് നടക്കുന്നവര്‍. എന്താണ് ദീന് ആവശ്യപ്പെടുന്നതെന്നോ അടിമയുടെ തേട്ടം എന്തായിരിക്കണമെന്നോ യാതൊരു അവബോധവും ഇല്ലാത്തവര്‍. ദൈവത്തിലേക്കുള്ള യാത്രാരീതിയെ കുറിച്ചും അതിനുള്ള വഴികളെ കുറിച്ചും ഒട്ടും തിരിച്ചറിവ് നേടാത്തവര്‍. തനിച്ച ആരാധകര്‍. അല്ലെങ്കില്‍ വെറും ഫഖീഹ്. അതുമല്ലെങ്കില്‍ തികഞ്ഞ തൊഴിലാളി. ആരെയാണോ ദാസന് അന്വേഷിക്കേണ്ടത്, അവിടേക്ക് വഴി കാണിച്ചു തരുന്ന, അടയാളങ്ങള്‍ പറഞ്ഞു തരുന്ന ഒരാളെയും ഞാന്‍ കണ്ടില്ല. അങ്ങനെയിരിക്കേ, അല്ലാഹു എന്നെ കനിഞ്ഞു. ഇസ്കന്ദരിയ്യ യില്‍ വെച്ചു ഒരു ആത്മീയ സംഘവുമായി ഞാന്‍ സന്ധിച്ചു. അവര്‍ എന്റെ ഉദ്ദേശ്യവും ഞാന്‍ തിരയുന്ന സംഗതിയും തിരിച്ചറിഞ്ഞു.ഞാന്‍ അവരുമായി ഒരു പരിധിവരെ സമ്പര്‍ക്കം പുലര്‍ത്തി.
അവരുടെ പക്കല്‍ ശരിയായ എന്തൊക്കെയോ ഉണ്ടെന്ന് എന്റെ മനസ്സ് സ്ഥിരീകരിച്ചു. അല്ലാഹുവിന്റെ പരിശുദ്ധ സത്ത (ദാത്ത്), അവന്റെ വിശിഷ്ടവും സുന്ദരവുമായ വിശേഷണങ്ങള്‍ (സ്വിഫത്ത്) എന്നിവയെ സംബന്ധിച്ചും അല്ലാഹുവിന്നുള്ള ദാസ്യ വൃത്തിയെ കുറിച്ചും ആഴമുള്ള അറിവുകളിലേക്ക് നയിക്കുന്നതായി ഞാന്‍ അവരെ കാണുകയുണ്ടായി. ഏതൊരു വഴി അവലംബിച്ചാല്‍ ആ വക മഅരിഫത്ത് ആര്ജ്ജിക്കാമെന്നവര് വഴികാണിക്കുന്നു. അല്ലാഹുവിനോടുള്ള മഹബ്ബത്ത് എങ്ങനെ നേടാം, പരിപാലിക്കാം, അവന്റെ വിധിവിലക്കുകള്‍ അനുസരിക്കാനുള്ള ആവേശം എങ്ങനെ ഉണ്ടാകും എന്നിത്യാദി സംഗതികള്‍ അവര്‍ ചര്‍ച്ച ചെയ്തു. അല്ലാഹുവിന്റെ വിധിയിലും നടപടി ക്രമങ്ങളിലും സംപ്രീതി കാത്തുസൂക്ഷിക്കാന്‍ , മനക്കരുത്തുകൊണ്ട് അവനിലേക്ക് ആകൃഷ്ടനാകാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങളും അവിടെ നിര്‍ദ്ദേശിക്കപ്പെട്ടു.
അല്ലാഹുവിന്റെ സ്നേഹത്തിനും പ്രത്യേക തെരഞ്ഞെടുപ്പിനും അവന്റെ സവിശേഷ ദാസന്മാരില് ഉള്‍പ്പെടുന്നതിനും അവന് സമ്പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതിനും അര്‍ഹരായ ഒരു വിഭാഗം ഇവിടെ ഉണ്ടായിരിക്കണമെന്ന സംഗതി,ഇക്കൂട്ടരുടെ ശ്വാസോച്ഛ്വാസങ്ങളില്‍ നിന്നും എനിക്ക് മണത്തറിയാന്‍ സാധിച്ചു. അത്തരം മഹാദാസന്മാര് അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളുടെ മഹാ സന്നിധിയില്‍ പ്രവേശിക്കുന്നു. ആ നാമങ്ങളില്‍ നിന്നും ദാസന്മാര് സ്വാംശീകരിക്കേണ്ട കാര്യങ്ങള്‍ നേടുന്നു, അവര്‍ക്ക് വിശിഷ്ടമായ ഓരോ നാമങ്ങളുടെയും വിശേഷണങ്ങളുടെയും യഥാര്‍ത്ഥ പൊരുളുകളെ കുറിച്ചുള്ള ജ്ഞാനവും ബോധ്യവും അവന് നല്കുന്നു. അതുവഴി അവര്‍ അല്ലാഹുവിനെ അഗാധമായി തിരിച്ചറിയുന്നു. അവനോടുള്ള പ്രേമത്തില്‍ ഉഴലുന്നു. അവന്റെ ഇച്ഛകള്‍ക്ക് കീഴ്പ്പെടുന്നു. തങ്ങളുടെ രക്ഷിതാവിന്റെ ഇഷ്ടങ്ങളെ അനുഗമിക്കുന്നതായി മാറുന്നു അവരുടെ ഇഷ്ടങ്ങള്‍.
തുടര്‍ന്ന്, അല്ലാഹുവിന്റെ മഹത്വം, ഗാംഭീര്യം, ബഹുമാന്യത, സമ്പൂര്‍ണ്ണത, നിത്യത, സൗന്ദര്യം എന്നിവയുടെ പരിശുദ്ധ പ്രഭാവം അല്പാല്പം അവര്‍ക്ക് വെളിപ്പെടുന്നു. ഈ വക വെളിപാട് അവരുടെ മനസ്സകത്ത് അദമ്യമായ ദൈവാനുരാഗവും പ്രേമാഗ്നിയും സൃഷ്ടിക്കും. അവര്‍ അല്ലാഹുവിന്റെ ഇച്ഛകളെ , തീരുമാനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും അതില്‍ സംതൃപ്തിയടയുകയും ചെയ്യും. അവന്റെ കല്പനകളെ പിന്തുടര്ന്ന് അവയനുസരിച്ച് നിലകൊള്ളും. അവരുടെ ആത്മാവ് അവന്റെ മഹത്വത്തിന്റെ, വലിപ്പത്തിന്റെ കിരണങ്ങള്‍ ഏറ്റു ചിറകറ്റു വീഴുന്നു. അവനുമായുള്ള അടുപ്പത്താല്‍ ഭയചകിതനായി/ സ്നേഹപരവശനായി. അവന്റെ മഹത്വ ഗാംഭീര്യത്തിന്റെ പ്രകാശ പ്രവാഹത്തില്‍ നിന്നുള്ള ശേഖരിച്ചു വെക്കുന്ന പ്രകാശത്താല്‍ അവരുടെ അവയവങ്ങളും അസ്ഥി സന്ധികളുംനിറയുന്നു.അല്ലാഹുവുമായുള്ള പരസ്പര ഭാഷണത്തിനും ആശയ വിനിമയത്തിനും അവസരം ലഭിക്കുന്നവരും അവര്‍ക്കിടയില്‍ ഉണ്ടാകും. അവങ്കല്‍ നിന്നുള്ള സ്വയം പരിചയപ്പെടുത്തലിന് (തന്നെക്കണ്ടെത്താനുള്ള അടയാളങ്ങള്‍/ സൂചകങ്ങള്‍ അവനില്‍ നിന്നുതന്നെ അറിയാന്‍ സാധിക്കുന്ന അവസ്ഥ) ഭാഗ്യം ലഭിക്കുന്നവരും ഉണ്ടാകും. അവര്‍ ആ കുറിമാനങ്ങള്‍ വെച്ച് അവനെ ഉണര്‍വ്വിലും ഉറക്കിലും തിരിച്ചറിയുന്നു. അശരീരിയും ദിവ്യബോധനവും (ഇല്‍ഹാം) ലഭിക്കുന്നവരെയും അവരില്‍ കാണാം. (ഇങ്ങനെയെല്ലാം അത്യുന്നത ആത്മീയ പദവിയില്‍ വിരാജിക്കുന്ന ആളുകള്‍ ഉണ്ടാകാമെന്ന തിരിച്ചറിവ് ഇസ്കന്ദരിയ്യയ്യില് പരിചയപ്പെട്ട സ്വൂഫികളുടെ സ്ഥിതിയില്‍ നിന്നാണ്ഗ്രന്ഥകാരന് വാസനിച്ചെടുക്കാന്‍ സാധിച്ചത്- വിവ)
എനിക്കറിയാവുന്ന മറ്റു മനുഷ്യരേക്കാള്‍, ശരീഅത്തിനെ അങ്ങേയറ്റം ബഹുമാനിക്കുന്നവരും വിധിവിലക്കുകള്‍ നന്നായി പാലിക്കുന്നവരുമാണ് ഇസ്കന്ദരിയ്യയില്‍ ഞാന്‍ പരിചയപ്പെട്ട ഇക്കൂട്ടര്‍.ഭൗതിക ലോക വിരക്തരും പരലോകത്തില്‍ ആസക്തരുമാണ്. അല്ലാഹുവിനെ പ്രേമിക്കുകയും അവനുമായുള്ള അടുപ്പത്താല്‍ സ്നേഹ ചകിതരുമാണ്. അല്ലാഹുവല്ലാത്ത എല്ലാറ്റിനെയും അവര്‍ വെടിഞ്ഞിരിക്കുന്നു. അവനല്ലാത്ത തില്‍ നിന്നെല്ലാം അവരുടെ മനസ്സ് മുക്തമായപ്പോള്‍ അവനോടുള്ള പ്രേമത്താല്‍, അവന്റെ നാമങ്ങളും വിശേഷണങ്ങളും മഹത്വവും സത്താ പരിശുദ്ധിയും വെളിപ്പെടുകയാല്‍ ആ മനസ്സകം നിറഞ്ഞിരിക്കുന്നു. റബ്ബിനു വിട്ടുകൊടുക്കാതെ തന്റെ കാര്യം താന്‍ തിരഞ്ഞെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്ന ‘സ്വയം ഭരണഭാവം’ വന്‍പാപങ്ങളില്‍ പെട്ടതാണെന്ന് അവര്‍ ഓരോരുത്തരും വിശ്വസിക്കുന്നു. അതിനാല്‍, തനിക്കുവേണ്ടിയുള്ള തന്റെ നാഥന്റെ മനോഹരമായ തിരഞ്ഞെടുപ്പില്‍ അവര്‍ ഓരോരുത്തരും സന്തോഷ ആഹ്ലാദ ഭരിതരാണ്. അവനില്‍ ആത്മശാന്തി നേടിയവരാണ്. താന്‍ പിറക്കും മുമ്പേ,അനന്തമായ ആദ്യത്തില്‍ തന്റെ കാര്യത്തില്‍ അല്ലാഹുഅവന്റെ സര്വ്വജ്ഞതയ്ക്കും മഹാകാരുണ്യത്തിനും യോജിക്കുന്നനിശ്ചയങ്ങളെടുത്തതില് സമാധാനം കണ്ടെത്തുന്നവരാണ്. എത്രത്തോളമെന്നോ, അവര്‍ ഓരോരുത്തരും തന്റെ റബ്ബിന്റെ കൂടെ കഴിയുകയാണ് എന്നപോലെ. ഹൃദയ ദൃഷ്ടിയില് അവര്‍ അവനെ കാണുന്നു. അവരുടെ മുഖത്ത് അല്ലാഹുവിനോടുള്ള ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും അവന്റെ വിധിവിലക്കുകള്‍ക്ക് കീഴ്പ്പെടുന്നതിന്റെയും അവന്റെ പ്രതാപത്തിന്റെയും തൂവെളിച്ചം പ്രഭ പരത്തുന്നു. അതിന്റെ തിരുവടയാളങ്ങള് അവരില്‍ കാണാം, അവരുടെ ചലനങ്ങളില്‍, നിശ്ചലനങ്ങളില്‍, സഞ്ചാരങ്ങളില്‍. അല്ലാഹുവാണ, അവരെ കണ്ടതിലും പരിചയപ്പെട്ടതിലും അവരുമായി ഇടപഴകാന്‍ സാധിച്ചതിലും ഞാന്‍ വല്ലാതെ ആനന്ദിച്ചു, ഉള്‍പുളകിതനായി. അവരുടെ ത്വരീഖത്ത് മനസ്സിന് കുറച്ചെങ്കിലും സമാധാനം സമ്മാനിച്ചു.കാരണം, അവരുടെ അടുക്കല്‍ സംതിംഗ് ഞാന്‍ കണ്ടു. ആദ്ധ്യാത്മിക മേഖലയിലെ സര്‍വ്വ ലക്ഷ്യങ്ങളുടെ ലക്ഷ്യം ആയിരുന്നു അത് . അന്വേഷണങ്ങളുടെ അന്ത്യമായിരുന്നു അക്കാര്യം.
പിന്നീട്, അവരുടെ ദീനീ തത്വങ്ങളും വിശ്വാസ സംഗതികളും ഏത് അടിത്തറയിലാണ് സ്ഥിതിചെയ്യുന്നതെന്ന് ഞാന്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ്, അവര്‍ക്ക് സുന്നത്ത് സംബന്ധമായ യാതൊരു പിടിപാടും ഇല്ലെന്ന് കാണുന്നത്. നബി സ്വ യുടെ ചരിത്രമോ സ്വഹാബികളുടെ ആത്മീയ സഞ്ചാര രീതിയോ സ്വഭാവ ശൈലിയോ അവര്‍ മൂല പ്രമാണമായി എടുത്തിട്ടില്ല. അല്പസ്വല്പം ജഹ്മിയ്യാ വാദം അവരില്‍ കാണായി. എന്നാല്‍, അല്ലാഹുവിന്റെ സ്വിഫത്തുകളില്‍ വല്ലതും വ്യക്തമായും അവര്‍ നിരാകരിക്കുന്നതായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നല്ല, സ്വിഫത്തു സംബന്ധമായി മിണ്ടാതിരിക്കുക എന്ന നിലപാടിനോടാണ് അവരുടെ ചായ്വ്. എന്നുവെച്ചാല്‍, മുതകല്ലിമുകളെ പോലെ അവര്‍ ഏതെങ്കിലും സ്വിഫത്ത് നിഷേധിക്കുന്നതായോ സ്വിഫത്ത് സംബന്ധമായി ഒട്ടും സംസാരിക്കാന്‍ തയ്യാറാകുന്നില്ല എന്നോ ഞാന്‍ ശങ്കിക്കുന്നില്ല. ഇക്കാരണത്താല്‍, അവരില്‍ അല്പം ‘ഗ്രഹണം’ സംഭവിച്ച പോലെ, വെട്ടം വിതറുന്ന അവരുടെ മുഖ കമലത്തില്‍ ചെറിയ പാട് വീണതുപോലെ തോന്നിത്തുടങ്ങി.
ഇതെല്ലാം അവര്‍ തങ്ങളുടെ ശൈഖന്മാരില് നിന്നും പകര്‍ത്തിയതാണ്. അവര്‍ അവരുടെ ശൈഖന്മാരില് നിന്നും. ഹദീസിലേക്ക് ചേര്‍ത്തു പറയാന്‍ അവര്‍ക്കില്ല. ഹദീസിലെ സംഗതികള്‍ക്ക് വിരുദ്ധമാണ് അവരുടെ എല്ലാ കാര്യങ്ങളും എന്നല്ല ഞാന്‍ പറയുന്നത്. അവരുടെ ഏക സ്രോതസ്സും അവലംബവും തങ്ങളുടെ ശൈഖന്മാര് മാത്രമാണ് എന്നേ ഇപ്പറഞ്ഞതിനു അര്‍ത്ഥമുള്ളൂ. തങ്ങളുടെ ഏതവസ്ഥയിലും ഹൃദയം തിരിയുന്ന ഖിബ്ലയാണ് അവര്‍ക്ക് അവരുടെ ശൈഖ്. ശൈഖന്മാരുടെ വെളിപാടത്രേ (കഷ്ഫ്) ഇവരുടെഏക പ്രമാണം. അതിനെ അവര്‍ കണ്ണടച്ച് ആശ്രയിക്കുന്നു, അവലംബിക്കുന്നു. അല്ലാഹുവിനെ അവന്റെ ആദ്യമന്ത്യമില്ലായ്ക എന്ന കോണില്‍ക്കൂടി മാത്രമേ അവര്‍ മനസ്സിലാക്കുന്നുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ ഉല്പാദിപ്പിക്കുന്ന വെളിപാടിലേക്ക് അവര്‍ വഴികാണിക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വിഫത്തുകളുടെ ജ്വാലവര്ഷത്തിലേക്കും അവര്‍ ചൂണ്ടി കാണിച്ചില്ല. എന്നാലും അവരില്‍ സംതൃപ്തിയുണ്ടാക്കുന്ന ചിലത് ഞാന്‍ കണ്ടു, അനുഭവിച്ചു, വളരെ പ്രസക്തമായ ചിലതുതന്നെ.“മനുഷ്യര്‍ ലൈലയെ ചൊല്ലി ആത്മഹത്യ ചെയ്യുന്നു,എന്നാല്‍ ഞാനോ ലൈലയുമായി ബന്ധം അവസാനിപ്പിച്ചു തിരിഞ്ഞു നടക്കുന്നു” എന്ന് കവി പാടിയപോലെയാണ് എന്റെ കാര്യം.
അല്ലാഹു കനിഞ്ഞ ഉതക്കത്താല്, അവരില്‍ നിന്നും ഞാന്‍ കുറെ സംഗതികള്‍ പഠിക്കുകയും മനസ്സിലാക്കുകയും പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. അവരുമായുള്ള സഹവാസത്തില്‍ നിന്നും ധാരാളം ബറകത്തും ലഭിച്ചിട്ടുണ്ട്. നേരത്തെ ഊഷ്വര സ്വഭാവമുള്ള ഫഖീഹുകളില്‍ നിന്നും വിധിവിലക്കുകളെ കുറിച്ചു പഠിച്ചതിന് പുറമേ. ഫിഖ്ഹ് വെറും കൂടായ ശരീരം പോലെയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവരില്‍ നിന്നും ലഭിച്ചത് ആത്മാവിനു സമമാണ്. എന്നാല്‍, സൂക്ഷ്മാര്‍ത്ഥത്തില്‍ രണ്ടും ആര്‍ദ്രമല്ല. അതായത്, വിധി വിലക്കുകളിലും സ്വഭാവ സംഗതികളിലും നബിചര്യയുടെ മാര്‍ദ്ദവം ഒട്ടുമില്ലാത്ത പരുക്കന്‍ ഫിഖ്ഹ് ഒരു ഭാഗത്ത്. മാനസികാവസ്ഥകളില്‍ അന്ത്യദൂതരുമായി ഒത്തുനോക്കുമ്പോള്‍ അവിടുത്തെ ഉര്‍വരത കാണാത്ത സ്വൂഫി അവസ്ഥകള്‍ ഇപ്പുറത്ത്. ഫിഖ്ഹ് അതിന്റെ ഇമാമീങ്ങളില്‍ നിന്നും പകര്‍ത്തിയത്; സ്വൂഫി ഹാലുകള്‍ തസ്വവ്വുഫിന്റെ ഇമാമുകളില്‍ നിന്നും പകര്‍ത്തുന്നത്. എന്നാല്‍ അന്ത്യദൂതര്‍ സ്വ യ്ക്ക് തന്റേതായ ഒരു നേര്‍പഥം ഉണ്ട്; ഭാഷണ ശൈലിയുണ്ട് ഉണ്ട്; വിധി രീതിയുണ്ട്. അവിടേക്കല്ല ഇവരുടെ ആഭിമുഖ്യം.
കര്‍മ്മ ശാസ്ത്രം എന്നെ ആദ്യപടിയില്‍ കയറ്റിനിര്‍ത്തി. ഇസ്കന്ദരിയ്യയിലെ സ്വൂഫികള്‍ ഉയര്‍ന്ന പടിയിലും. പക്ഷേ, ഇടക്കുള്ള പടവുകള്‍ കയറാന്‍ തടസ്സങ്ങള്‍ എമ്പാടും അവശേഷിച്ചു . എത്തിയിടം മതിയാക്കി ഞാന്‍ അവിടത്തന്നെ നിന്നു.എന്നാല്‍, മനസ്സിന്റെ ശക്തമായ വിശപ്പ് മാറ്റാന്‍ ഉള്ളത് വാരിത്തിന്നു തൃപ്തിപ്പെട്ടു. നിശ്ചയമായും വിശപ്പനുഭവിക്കുന്നയാള് എത്ര കട്ടിയേറിയതാണെങ്കിലും കിട്ടിയതെടുത്ത് വിശപ്പുതീര്‍ക്കാന്‍ ശ്രമിക്കും.
ഔദ്യോഗിക സ്വൂഫികളുമായി
പിന്നീട് ഞാന്സൂഫി പര്‍ണ്ണശാലയിലെ ഔദ്യോഗിക സ്വൂഫി സംഘത്തില്‍ എത്തിപ്പെട്ടു. അവര്‍ പ്രത്യക്ഷ ലക്ഷണങ്ങള്‍ ഉള്ളവരായിരുന്നു. ദീര്‍ഘ നിസ്കാരക്കാരും വേഷഭൂഷകളില്‍ കൊള്ളാവുന്നവരും ആയിരുന്നു. ഭംഗിയുള്ള നീണ്ട താടിക്കാര്‍. മുഖത്ത് പ്രകാശത്തിളക്കം.
ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ അവരുമായി സഹവസിക്കാന്‍ തുടങ്ങി. അവര്‍ ദൈവ സ്മരണയിലേക്കും അന്യ സ്മരണകള്‍ ഇല്ലാത്ത ഏകാന്ത മാനസികാവസ്ഥയിലേക്കും വഴികാട്ടി. വേതനം പറ്റുന്നതിനെ കുറിച്ചും ഇബാദത്തില്‍ നിരതനാകുന്നതിനെ പറ്റിയും അവര്‍ സംസാരിച്ചു. പക്ഷേ, സ്വസഹോദരങ്ങളുടെ ചലനങ്ങളെ കുറിച്ചുള്ള വിചാരങ്ങളാണ് അവരുടെ മനം നിറയെ എന്ന് ഞാന്‍ കണ്ടു. നിഷേധഭാവത്തിലോ രഹസ്യം ചുഴിഞ്ഞുനോക്കുക എന്ന നിലക്കോ അസൂയകൊണ്ടോ പരദൂഷണം പറയുന്ന രീതിയിലോ അല്ല കേട്ടോ അവരുടെ ഈ അപര നിരീക്ഷണം. അയാള്‍ അങ്ങോട്ടുപോയി, ഇയാള്‍ അവിടേക്ക് കടന്നു, മറ്റെയാള്‍ അങ്ങാടിയില്‍ ഫുലാനുമായി സംസാരിക്കുന്നത് കണ്ടു, അങ്ങോട്ട് നീങ്ങി, ഹോ അവനോ, അവന് ഇത്ര വിവരമേ ഉള്ളൂ.. എന്നിത്യാദി വര്ത്താനങ്ങള് അവരില്‍ നിന്നും കേള്‍ക്കുകയുണ്ടായി. അതായത്, ദൈവ സ്മരണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവര്‍, കൂട്ടുകാരുടെ ചലനനിശ്ചലനങ്ങള്‍ നിരീക്ഷിക്കുകയാണ് മിക്ക സമയത്തും. ഇടക്കൊഴികെ.
ഇതോടൊപ്പം, അവരുടെ നെഞ്ചകത്തെ ‘ഔദ്യോഗിക തമ്പുരാനെ’യാണ് അവര്‍ ഇബാദത്ത് ചെയ്യുന്നതെന്ന് തോന്നാം. യജമാന്മാരായ അവരുടെ ഇബാദത്ത് തൊഴിലാളികളാണോ ഇവരെന്ന മട്ടില്‍! അല്ലാഹുവിന്നു വേണ്ടി നിഷ്കളങ്കമായി യാതൊന്നും അനുഷ്ടിക്കാന്‍ ഇല്ലാത്ത മട്ടില്‍.
ഉദാഹരണം പറയാം. ഫര്‍ദ് നിസ്കാരം ആരംഭിക്കുന്നത് വരെയും ഒരാള്‍ വുദു നീട്ടുന്നു. അതോടൊപ്പം തന്നെ സേവകന്മാരിലേക്കാണ് അയാളുടെ ശ്രദ്ധ തിരിയുന്നത്. ഖാന്‍ഗാഹിലെ ജമാഅത്തിനെത്താതെ വൈകുന്നവരെ പിടികൂടി അതെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ ഒന്നോ രണ്ടോ പ്രാവശ്യം വീണ്ടും വൈകിയെന്നാല്‍ തന്റെ ശമ്പളം നഷ്ടപ്പെടും എന്ന ഭയമാണ് ഇയാള്‍ക്ക്. അസ്വര്‍ സമയത്തെയോ വെള്ളിയാഴ്ചയിലെയോ പതിവ് ജപമന്ത്രങ്ങള്‍ നഷ്ടമാകുന്നതിനെ ഇയാള്‍ ഭയക്കുന്നത്, അത് ആവര്‍ത്തിച്ചാല്‍ തന്റെ ശമ്പളം നിന്നുപോകുമല്ലോ എന്ന നിലക്കാണ്. അല്ലെങ്കില്‍ പുറത്താക്കുമോ എന്ന ഭയം.
അവരുടെ ഇബാദത്ത് നിഷ്കളങ്കമായും അല്ലാഹുവിന്നുവേണ്ടിയുള്ളതല്ല എന്ന് സിദ്ധം. മറ്റൊരാളെ ഭയന്ന് ഇബാദത്ത് ചെയ്യുന്നവന്,അല്ലാഹുവല്ലാത്ത ലക്ഷ്യത്തിന് വേണ്ടി കര്‍മ്മം ചെയ്യുന്നവന്എങ്ങനെ ഇഖ്ലാസ് ഉണ്ടാകും?! അല്ലാഹുവിന്നുള്ളതായിരുന്നെങ്കില് അല്ലാഹുവല്ലാത്തവരിലേക്ക് നോക്കി അത് കലക്കുമായിരുന്നില്ല.
ആക്ഷേപിക്കപ്പെടുമെന്നോ പുറത്താക്കപ്പെടുമെന്നോ ഭയന്നാണ് അവര്‍ വസ്ത്രത്തിലെ അഴുക്കും അഭംഗിയും ഒഴിവാക്കുന്നത്. അക്കാരണത്താല്‍ ഒരു കളര്‍ ജുബ്ബ (=അബായ) അണിയാന്‍ പോലും അവര്‍ക്ക് കഴിയില്ല, വെളുത്തതോ കറുത്തതോ അല്ലാതെ. അവരുടെ യൂണിഫോ’മില്‍ നിന്നും വ്യത്യസ്ഥമാകുന്നത്, അങ്ങനെ വന്നാല്‍ തന്റെ ശമ്പളം നിലയ്ക്കുന്നത് അവര്‍ ഭയക്കുന്നു.
താര്‍ത്താരി പ്രകൃതം അല്പം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഔദ്യോഗിക പദവിയില്‍ ആരുവരുന്നുവോ അയാളെ അവര്‍ സ്വീകരിക്കും, അംഗീകരിക്കും. അത് അദ്വൈതവാദി (ഇത്തിഹാദി)യോ നിര്മ്മതവാദി(സിന്ദീഖ്)യോ ആയാലും വേണ്ടില്ല. അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യില്ല. അക്കാരണത്താല്‍, അവര്‍ക്കിടയില്‍ എപ്പോഴും ‘സ്വദരി’കളും ‘അറബി’കളും നിലനിന്നു. (സ്വദ്റുദ്ദീന്‍ അല്ഖൂനവി – മ 672- യുടെ അനുയായികളാണ് സ്വദ്രികള്, ഇബ്നു അറബി- മ.638- യുടെ ആള്ക്കാര് അറബികളും). അവരുടെ വഴികേട് ഇവര്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ മിണ്ടില്ല. ദുഷിച്ച പുത്താനചാരങ്ങള്ക്കെതിരെ നിലകൊള്ളുന്നത് പാഴ്വൃത്തിയായി അവര്‍ കാണുന്നു.അതൊന്നും സ്വൂഫികളുടെ ജോലി അല്ല. മൗനം പാലിച്ചു, ‘ഔദ്യോഗിക’ ബാധ്യതകള്‍ നിര്‍വ്വഹിക്കുക മാത്രം. സമയത്തിന് ശമ്പളം കൈപറ്റുകയും ചെയ്യുക. അതു ചെയ്താല്‍ ലക്ഷ്യം നേടി?!
ആകാര ഭംഗിയുള്ള, വലിയ ഇരട്ടപ്പാളിയുള്ളതും വിശാലമായ കൈവട്ടം ഉള്ളതുമായ ജുബ്ബ അണിഞ്ഞ, നീണ്ട വട്ടത്താടിയുള്ള ‘മഹാനെ’ അവര്‍ക്കിടയില്‍ വലിയ ബഹുമാനമാണ്. വിശേഷിച്ചും താടി വെളുത്തിട്ടുണ്ടെങ്കില്‍. എല്ലാ കണ്ണുകളും പിന്നെ അയാളിലേക്ക് തറക്കും…
ഇബാദത്തിനോട് യാതൊരു അഭിരുചിയും അവരില്‍ ഉണ്ടായിരുന്നില്ല. ഖല്ബില് ദിക്റിന്റെ തികവും ഇല്ല. അല്ലാഹുവിന്റെ രക്ഷാധികാരം അവരുടെ ഖല്‍ബുകളെ കീഴടക്കിയില്ല. കളങ്കരഹിതമായ ഇബാദത്തുകള്‍ ചെയ്യുന്ന മനസ്ഥിതി ഒട്ടുമില്ല. അവര്‍ തികഞ്ഞ അന്ധകാരത്തിലും ആന്ധ്യതയിലും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ലോകരുടെ മുന്നില്‍ നല്ല പത്രാസുള്ള വേഷമായിരുന്നു അവരുടേത്. ഖല്ബുകളില് നിറയെ ‘ഡ്യൂട്ടി നിര്‍വ്വഹിക്കുക’ എന്ന ചിന്തമാത്രം. ചെറിയ ചെറിയ ഹഖാഇഖുകള്‍ ഇല്ലെന്ന് പറഞ്ഞുകൂടാ. ‘സൃഷ്ടികളുടെ രക്ഷാധികാര’ ത്തില്‍ ആ ഹഖാഇഖുകള്‍ കലങ്ങി കലുഷിതമായിരുന്നു.
ഒരു നിലയ്ക്ക്, ഞാന്‍ അവര്‍ക്കിടയില്‍ നിലകൊള്ളുന്നതില്‍ ആശ്വാസം കണ്ടെത്തിയിരുന്നു. എന്നാല്‍, മറ്റൊരു വഴിയ്ക്ക് ചിന്തിക്കുമ്പോള്‍ എനിക്ക് ഒട്ടും സമാധാനം ഉണ്ടായില്ല. ആശ്വാസ കാരണം ഇതാണ്: ഒരിടത്ത് തമ്പടിച്ച ആ കൂട്ടായ്മ ദൃഷ്ടിയുടെ പരിശുദ്ധിക്ക് കാരണമായിത്തീര്‍ന്നു. നിശ്ചയമായും അതുണ്ടാവുക, നിത്യവൃത്തിക്ക് വേണ്ട മതിയായ അളവ് ലഭിക്കുമ്പോഴും ഒരുപാട് ഏര്‍പ്പാടുകളില്‍ മുഴുകുന്നതില്‍ നിന്നും ഒഴിവാകുമ്പോഴുമാണ്. അക്കാര്യം അവര്‍ക്കിടയില്‍ പ്രകടമായി കണ്ടു. എന്നാല്‍, ചിന്തയും മനനവും കൂടി പരിശുദ്ധമായാല്‍, മനുഷ്യന് തന്റെ ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്താല്‍, പൂര്‍ണ്ണാര്‍ത്ഥത്തില്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യണമെന്ന് തീരുമാനിച്ചാല്‍ , സാമര്‍ത്ഥ്യത്തോടെ മുന്നോട്ടു കുതിക്കാന്‍ കഴിയാത്തവിധം, താന്‍ ഇവര്‍ക്കിടയില്‍ ബന്ധിതനായിരിക്കുകയാണ് എന്ന് മനസ്സിലാകും.
അദ്വൈത വാദികളെ പരിചയപ്പെടുന്നു
ഖാന്‍ഗാഹുകളില്‍ വെച്ച്, ദൈവാനുരാഗം, തൗഹീദ് തുടങ്ങിയ സംഗതികളിലേക്ക് വഴികാണിക്കുന്ന ഒരു സംഘം ആളുകള്‍ എന്നെ വിനയാന്വിതരായി സമീപിച്ചു. ‘മുവഹിദായ ടിയാന്’, ‘തൗഹീദ് അല്പം പോലും മനസ്സിലാക്കാക്കാത്ത ടിയാന്’ എന്നിങ്ങനെ അവര്‍ ഇടയ്ക്കിടെ പറയും. അവരുടെ പക്കലുള്ള തൌഹീദിനെ അവര്‍ വല്ലാതെ മഹത്വവല്‍ക്കരിക്കുന്നു. “ആരാണ് അത് പ്രാപിച്ചത്?!” എന്നെല്ലാം കൌതുകപ്പെടും. ഇബ്നു അറബി, സ്വദ്ര്‍ അല്‍ ഖൂനവീ തുടങ്ങിയ ശൈഖന്മാരെ അനുസ്മരിക്കും. അവര്‍ പ്രചരിപ്പിക്കുന്ന തൗഹീദ് എന്താണെന്നും എത്രത്തോളം ഉണ്ടെന്നും സസൂക്ഷ്മം പരിശോധിക്കാന്‍ അവരുമായി കുറച്ചുകാലം ഞാന്‍ കഴിഞ്ഞുകൂടി. പ്രപഞ്ചത്തിലെ സകല വസ്തുക്കളിലും അധിവസിക്കുന്ന നിരുപാധിക അസ്തിത്വമായി അല്ലാഹുവിനെ കണക്കാക്കുകയാണ് അവരുടെ ‘മഹത്തായ തൗഹീദ്’എന്നെനിക്ക് പിടികിട്ടി.അവനാണത്രേ ജൈവാജൈവങ്ങളായ സകല വസ്തുക്കളുടെയും അകപ്പൊരുള്‍. ഈ തൌഹീദില്‍ എത്തിയ വ്യക്തിക്ക് സകലതിലും ആ സാകല്യത്തെ കാണാനാവുമെന്ന് അവര്‍ വാദിക്കുന്നു. ‘അല്ലാഹ്’ എന്ന് നീട്ടിവിളിക്കുന്ന അവരുടെ ഭാവനയില്‍ അല്ലാഹു സര്‍വ്വവ്യാപിയായ അസ്തിത്വമാണ്. ഇല്ലായ്മയുടെ വിപരീത അര്‍ത്ഥത്തിലുള്ളതും സര്‍വ്വ വസ്തുക്കളിലും അധിവസിക്കുന്നതുമായ അസ്തിത്വം.
അവര്‍ പറയുന്ന പ്രകാരം, അവരുടെ ഇലാഹ് പട്ടികളിലും പന്നികളിലും എലികളിലും വണ്ടുകളിലും കുടികൊള്ളുന്ന ഇലാഹാണെന്ന് മനസ്സിലായി. അല്ലാഹു തന്റെ ദാത്തിലും സ്വിഫാത്തിലും അവരുടെ ജല്പനങ്ങളില് നിന്നും എത്ര മേലെയാണ്. അവന് യാതൊരു പടപ്പുകളിലും കുടികൊള്ളുന്നവന് അല്ല. ഖദീമായ അസ്തിത്വം, ഹാദിസായ അസ്തിത്വം എന്നൊന്നും അവര്‍ പറയില്ല. അവരുടെ വിശ്വാസത്തില്‍ ഒരേ ഒരു അസ്തിത്വമേ ഉള്ളൂ. എല്ലാ വസ്തുക്കളിലും കുടികൊള്ളുന്ന അസ്തിത്വം. ദാസന് എന്നൊരു അസ്തിത്വം അവര്‍ക്കിടയില്‍ ഇല്ല. ഒരേയൊരു ഉണ്മ. അതാകുന്നു പരംപൊരുള്‍.(നമ്മുടെ വ്യവഹാരത്തിലെ ) ‘ദാസന്’ ഉണ്ടല്ലോ, അയാളില്‍ കുടികൊള്ളുന്നതും പരം പൊരുളാണ്. ദാസന് ദൈവത്തെ വെളിപ്പെടുത്തുന്ന മാധ്യമം മാത്രം. അതായത് അവരൊന്നും ഇല്ലായിരുന്നെങ്കില്‍ ദൈവാസ്തിത്വം ഇല്ല. അസ്തിത്വം ഇല്ലായിരുന്നെങ്കില്‍ അവരേയും കാണില്ല.അവരുടെ വിശ്വാസത്തിന്റെ യഥാര്‍ത്ഥം : സര്‍വ്വ ശക്തനായ ദൈവം സൃഷ്ടികളില്‍ നിന്നും വേര്പ്പെട്ടിട്ടല്ല. ആകാശ ഭൂമികളില്‍ പ്രകടമായവനാണ് അവന്. എല്ലാ വസ്തുക്കളിലും തന്റെ ഉണ്മ (ദാത്ത്)യോടെ അവന് വെളിപ്പെട്ടിരിക്കുന്നു.
നിരുപാധികനും സ്വതന്ത്രനുമാണ് അവനെങ്കിലും ഈ വസ്തുവിലും ആ വസ്തുവിലും അവന് ബന്ധിതനാണ്. എന്നാല്‍ അവന് ഒന്നാണ്. എല്ലാം ചേര്‍ന്ന ഒന്ന്. മനുഷ്യനീലും പട്ടിയിലും നബിയിലും മലക്കിലും രാജാവിലും ഉള്ള ഉണ്മയെല്ലാം ഒന്നുതന്നെ. അതാണുപോല്‍ അത്യുന്നതനായ പരമസത്യം. ഇങ്ങനെയുള്ള അസ്തിത്വത്തിനപ്പുറത്തുള്ള ഒന്നുമല്ല അവരുടെ ഭാഷയില്‍, അല്ലാഹു.
അവന് സത്തയില്‍ സ്വതന്ത്രനും എന്നാല്‍ പ്രകടനത്തില്‍ മനുഷ്യന്, മൃഗം, സസ്യം, അജൈവ വസ്തുക്കള്‍, നായ, പന്നി പശു, ഈച്ച, പാമ്പ്, തേള് തുടങ്ങിയവയാല്‍ ബന്ധിതനുമായഅസ്തിത്വമാണ്. അവരുടെ വിശദീകരണത്തില്‍ അവന്റെ ഉണ്മയുടെ ഉദാഹരണം താപം പോലെയാണ്. രൂപത്തിലും ഗുണത്തിലും വ്യത്യസ്തമായ ചൂടുള്ളഎല്ലാ ഓരോ വസ്തുക്കളിലും താപം പരിമിതപ്പെടുന്നപോലെ. ഇതും താപമാണ്. അതും താപമാണ്. ഇവിടെ താപം ഒന്നാണ്. സ്വതന്ത്രമാണ്; എന്നാല്‍ ചൂടുള്ള വിവിധ വസ്തുക്കളില്‍ പരിമിതവുമാണ്. ഇതുപോലെയാണു പോല്‍ അത്യുന്നതനായ പരമസത്യം. സ്വതന്ത്ര ഏകത്വം. ആ ഏകത്വത്തെ ഉന്നതമോ തരം താഴ്ന്നതോ ആയ വസ്തുബഹുത്വങ്ങള് പരിമിതപ്പെടുത്തുന്നു.
അവരുടെ ആശയതലം ഇതാണെന്ന് കണ്ടതോടെ അവരോട് മനസ്സില്‍ ശക്തമായ നീരസം ഉണ്ടായി. അവരുടെ വിശ്വാസ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഞാന്‍ കരുതിയിട്ടില്ല. പക്ഷേ, എനിക്ക് വെറുപ്പുണ്ടാക്കുന്ന, എന്റെ പ്രകൃതത്തിന് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ അവരില്‍ നിന്നും ഞാന്‍ കേള്‍ക്കുകയുണ്ടായി. അത് സൂചിപ്പിച്ചുവെന്നുമാത്രം. ഹലാല്‍, ഹറാം വിഷയത്തില്‍ കെട്ടഴിഞ്ഞ പോക്കാണ് അവരുടേത് എന്നെനിക്ക് മനസ്സിലായി. ഒരിക്കല്‍ അവരില്‍ ചിലരെ കുറിച്ച് ഇങ്ങനെ കേട്ടു: “അയാള്‍ ദിവസങ്ങളോളം ‘വലിയ അശുദ്ധി’ക്കാരനായി കഴിച്ചുകൂട്ടും; ആ ദിവസങ്ങളില്‍ നമുക്ക് ഇമാമായി നില്‍ക്കുകയും ചെയ്യും”.
രാജാവിനോടോ അധികാര സ്ഥാനത്തുള്ള ഉദ്യോഗസ്ഥനോടോ സംസാരിക്കുമ്പോള്‍ അല്ലാഹുവിലേക്ക് താഴുന്നപോലെയാണ് അവരുടെ വിനയപ്രകടനം. കാരണം, രാജാവ് അല്ലാഹുവിന്റെ അസ്തിത്വത്തെ പ്രകടിപ്പിക്കുന്ന ഏറ്റവും പ്രമുഖമായ വ്യക്തിയാണ്.അതായത്, അവര്‍ അപ്പോള്‍ രാജാവിനോടല്ല സംസാരിക്കുന്നത്; അയാളില്‍ അധിവസിക്കുന്ന ദൈവത്തോടാണ്.അക്രമിയും പരദ്രോഹിയുമായി അറിയപ്പെട്ട അസിസ്റ്റന്റ് സുല്‍ത്താന്‍ (മംലൂകി അമീര്‍) ശുജാഈയോട്, “ അങ്ങ് അല്ലാഹുവിന്റെ മഹോന്നത നാമമാകുന്നു” എന്ന് ബഹുമാനപൂര്‍വ്വം അഭിനന്ദനം അറിയിച്ച ആളുകള്‍ ഇവരുടെ ശൈഖന്മാര് ആയിരുന്നിട്ടുണ്ട്.
കോമളകുമാരന്മാര്‍ ഇവര്‍ക്കിടയില്‍ ഉന്നത പദവിയിലാണ്. കാരണം, അല്ലാഹുവിന്റെ സൗന്ദര്യം ഇത്രമേല്‍ പ്രകടമാകുന്ന മറ്റൊരു സംവിധാനം പ്രപഞ്ചത്തില്‍ ഇല്ല. സംഗീത സദസ്സ് അവരുടെ ഏറ്റവും ആസ്വാദ്യകരമായ സംഗതി തന്നെ. അവരുടെ ആത്മ പ്രചോദനത്തെ ചലനാത്മകമാക്കുന്ന ഊര്‍ജ്ജം സംഗീത സദസ്സില്‍ നിന്നാണ് ലഭിക്കുക. സ്വതന്ത്ര അസ്തിത്വമായ പരമസത്യത്തിന്റെ കൊടിയടയാളങ്ങള്‍ ആ സദസ്സില്‍ പാറിപ്പറക്കും.അവര്‍ സംസാരിക്കുക പ്രവാചകന്മാരുടെ നിലവാരത്തിനു മുകളില്‍ നിന്നുകൊണ്ടാണ്. ഇവര്‍ അവരെക്കാള്‍ മുകളിലാണെന്ന ഭാവത്തില്‍. ലോക ക്ഷേമത്തിന് വേണ്ടിയുള്ള അച്ചടക്ക വേലിക്കെട്ട് മാത്രമാണ് ഇവര്‍ക്ക് ശരീഅത്ത്. ആരാണ് ആരാധകന്? ആരാണ് ആരാധ്യന്‍?! (അങ്ങനെ ഒന്നും വേര്തിരിയുന്നില്ലല്ലോ ഇവരുടെ തൌഹീദില്‍. സ്രഷ്ടാവും സൃഷ്ടിയും ഒന്നായിത്തീരുന്ന അവസ്ഥയാണ് ഇവര്‍ക്ക് തൗഹീദ്- വിവ.)…..
ഇതിനു ശേഷം ഞാന്‍ ഇബ്നു അറബിയുടെ കിതാബുല്‍ ഫുസ്വൂസ് കാണുകയുണ്ടായി. ഇപ്പറഞ്ഞ വൃത്തികെട്ട ചിന്താ രീതിയിലേക്ക് വഴികാട്ടുന്ന ക്ഷുദ്ര കൃതി. ഈ വാദത്തെ വിവിധ ശൈലിയിലുള്ള വാചക ക്കസര്ത്തിലൂടെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുകയാണ്: “ഇവിടെ അവനല്ലാതെ ഇല്ല.” പിന്നെ പറയുന്നു: “ കാര്യം കലങ്ങിമറിഞ്ഞു അവ്യക്തമായിരിക്കുന്നു”.“ അവന് എന്നെ ഇബാദത്ത് ചെയ്യുന്നു; ഞാന്‍ അവനെയും. അവന് എന്നെ സ്തുതിക്കുന്നു; ഞാന്‍ അവനെയും”. ഇതുപോലെ വേറെയും കാണാം അതില്‍. ആ ഗ്രന്ഥത്തില്‍ അവരുടെ ചിന്താരീതി വിവരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. അതുവായിക്കുക കൂടി ചെയ്തപ്പോള്‍ അവരുടെ ഉദ്ദേശ്യങ്ങളുടെ സത്യാവസ്ഥ എനിക്ക് ശരിക്കും മനസ്സിലായി. അവര്‍ നിമിത്തം ഞാന്‍ കുറെ കാലത്തേക്ക് ചിന്താപരമായി പരിക്ഷീണനായി എന്ന് പറയാം.
ഒന്ന് തിരിഞ്ഞുനോക്കാം
എന്റെ അന്വേഷണയാത്ര ഇവിടെ എത്തിനില്‍ക്കേ, ഇതുവരെ വിവിധ സംഘങ്ങളുമായുള്ള ഇടപഴകലില്‍ എനിക്കെന്തെല്ലാം നേട്ടകോട്ടങ്ങള്‍ ഉണ്ടായി എന്നു ഞാന്‍ പരിശോധിച്ചു.
രണ്ടു വിഭാഗത്തില്‍ നിന്നല്ലാതെ എനിക്ക് കാര്യമായ ഒരു ഗുണവും ലഭിക്കുകയുണ്ടായിട്ടില്ല. ഹലാലും ഹറാമും പഠിപ്പിച്ച ഫുഖഹാക്കള്‍, ഇസ്കന്ദരിയ്യയിലെ സ്വൂഫികള്‍.
അനുസരണയോ ടെയുള്ള ആരാധനകള്‍ പ്രതിഫലം ലഭ്യമാക്കുമെന്നും പാപങ്ങള്‍ ശിക്ഷ വാങ്ങിത്തരുമെന്നും ഫുഖഹാക്കള്‍ പഠിപ്പിച്ചു. അത് ഞാന്‍ ഉറച്ച വിശ്വാസമായി ഏറ്റെടുത്തു. ആ അറിവ് വലിയ ഗുണം തന്നെ.
ഇസ്കന്ദരിയ്യയില്‍ കണ്ട സൂഫികളില്‍ നിന്നാണ് ആരെയാണ് അന്വേഷിക്കുന്നതെന്ന് തിരിച്ചറിയുന്നത്. സ്വിദ്ധീഖുകളുടെ, ദൈവത്തില്‍ എത്തിച്ചേര്‍ന്നവരുടെ, ദൈവാനുരാഗികളുടെ സ്വഭാവ നിലപാട് ബോധ്യമായത്. ദാസ്യഭാവം പ്രകടിപ്പിക്കാനുള്ള വിധികള്‍ മനസ്സിലാക്കുന്നത്. അവനില്‍ ഭരമേല്‍പിക്കുന്നവരും അവന്റെ ഭരണത്തെ സമ്പൂര്‍ണ്ണമായി തൃപ്തിപ്പെടുന്നവരും, ഭൗതിക- സുഖ പരിത്യാഗികളും, ദൈവ ചിന്തയില്‍ മുഴുകി ഇല്ലാതായവരുമായ മഹാമനുഷ്യരുടെ വിശേഷണങ്ങള്‍ പഠിക്കുന്നത്. ഇതും വലിയ വലിയ ഗുണം തന്നെ.
ഈ രണ്ട് വിദ്യകള്‍ വഴി ഞാന്‍ ഒന്നാം ക്ലാസ്സും പത്താം ക്ലാസ്സും പാസ്സായി. ഇടയ്ക്കുള്ള പടവുകള്‍, അതായത്, മതത്തിന്റെ അടിസ്ഥാന നിയമങ്ങള്‍, ശരീഅത്തിന്റെ വിശദാംശങ്ങള്‍ വിശുദ്ധ വേദത്തില്‍ നിന്നും തിരുചര്യയില്‍ നിന്നും മനസ്സിലാക്കുക എന്ന സംഗതി, ദുര്‍ഘടമായി അവശേഷിച്ചു. കാരണം, ഞാന്‍ മനസ്സിലാക്കുന്നു, ബാഹ്യ നിയമങ്ങളുമായി ബന്ധപ്പെട്ട അറിവുകളും, ഉള്ളിലെ വിചാര വികാരങ്ങള്‍ സംബന്ധമായ അവസ്ഥകളും അല്ലാഹുവില്‍ നിന്നും/ അവന്റെ കിത്താബില്‍ നിന്നും, തിരുദൂതരില്‍ നിന്നും/ നബി ചര്യയില്‍ നിന്നും അതിന്റെ പച്ചപ്പോടെ/ ആര്‍ദ്രതയോടെ അകമറിയണം എന്നായിരുന്നു എനിക്ക്.
ദമസ്കസില്‍ ഔലിയാക്കളെ കാണുന്നു
ഈയ്യൊരു മനപ്രയാസത്തില്‍ ഞാന്‍ കഴിയവേ, അല്ലാഹു തആലാ എന്നോട് അലിവ് കാണിച്ചു. ഡമസ്കസിലെ ഒരു സംഘവുമായി ഞാന്‍ സംഗമിക്കാന്‍ അവസരം ഒരുക്കുകവഴി അല്ലാഹു എനിക്ക് വലിയ ഗുണം ചെയ്യുകയായിരുന്നു..
നുബുവ്വത്തിന്റെ നാളുകളെ കുറിച്ച്, സ്വഹാബികളുടെ ജീവിത ചര്യയെ സംബന്ധിച്ച്, അവതീര്‍ണ്ണമായ വിശുദ്ധ വചനങ്ങളുടെ ആശയത്തെ പ്പറ്റി, കിത്താബില്‍ നിന്നും സുന്നത്തില്‍ നിന്നും പുറത്തെടുത്തിട്ടുള്ള വിശ്വാസ തത്വങ്ങളെ കുറിച്ച് തികഞ്ഞ അറിവുള്ളവരാണ് ഇക്കൂട്ടര്‍.
ആത്മായനം ചെയ്യുന്നവരുടെ/ ഈശ്വരനിലേക്ക് ഇറങ്ങിത്തിരിച്ചവരുടെ രുചി ഭേദങ്ങള്‍, അവരുടെ ആരംഭ ദശകള്‍, അവരുടെ അവസ്ഥാ വിശദാംശങ്ങള്‍ എല്ലാം അവര്‍ക്ക് നന്നായറിയാം. അത്തരം യാത്രയും അതിന്റെ ആദ്യമന്ത്യ അവസ്ഥകളും ദീനി ന്റെ പൂര്ണ്ണയതയുടെ ഭാഗമാണെന്ന് അവര്‍ കാണുന്നു. അതൊന്നുമില്ലാതെ ദീന് പൂര്‍ണ്ണമാകില്ലെന്ന് അവര്‍ തിരിച്ചറിയുന്നു.
സമകാലികരായ ഫുഖഹാക്കളുമായോ സൂഫികളുമായോ യാതൊരു സാമ്യതയും ഞാന്‍ അവരില്‍ കാണുന്നില്ല. എന്നാല്‍, ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ കടന്നുപോയ മഹാ മനുഷ്യരോടാണ് ഞാന്‍ അവരെ സാമ്യപ്പെടുത്തുക. അതായത്, സ്വഹാബികളുടെയും അവരെ പിന്തുടര്ന്നു ജീവിച്ച താബിഉകളുടെയും അവരെ അനുഗമിച്ച പിന്‍ഗാമികളുടെയും കാലത്ത് ജീവിച്ച മഹാ മനീഷികളോട്.
അവരെ കാണുകയും അടുത്തു പെരുമാറുകയും ചെയ്തപ്പോള്‍, മഹാന്മാരായ അബൂബകറിനെ, ഉമറിനെ, ഉസ്മാനെ, അലിയ്യെ (റളിയല്ലാഹു അന്ഹും ) കാണുകയാണോ എന്ന് തോന്നിപ്പോയി. സഈദ്ബനുല് മുസയ്യബ്, ഹസനുല്‍ ബസ്വരി, റബീഉ ബ്നു ഖുസൈം, സാബിതുല്‍ ബുന്നാനി തുടങ്ങിയ താബിഈ പ്രമുഖരെ നേരില്‍ കണ്ടപോലെ. ഇമാം മാലിക്, ശാഫിഈ, രണ്ട് സുഫ്യാന് മാര്‍, രണ്ടു ഹമ്മാദ് മാര്‍, ഇബ്നുല്‍ മുബാറക്, അഹ്മദ് ബ്നു ഹമ്പല്‍ തുടങ്ങിയ പില്ക്കാല മാതൃകാവ്യക്തിത്വങ്ങളെ മുഖാമുഖം കാണുന്നപോലെ എനിക്കനുഭവപ്പെട്ടു.
മുഹമ്മദ് നബി സ്വ യ്ക്ക് ആകാശത്തു നിന്നും അവതരിച്ച ജ്ഞാനത്തിന്റെ പൊരുള്‍ അഗാധമായി മനസ്സിലാക്കിയവരായിരുന്നു ഞാന്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്ന സംഘം. അല്ലാഹുവിന്റെ കല്പനനകള് നടപ്പിലാക്കി നിലനിര്‍ത്തുന്നതില്‍ ബദ്ധ ശ്രദ്ധരാണിവര്. അന്ത്യദൂതര്‍ സ്വ യുടെ അനുചരന്മാരെപ്പോലെ. ദീനിനെ ബഹുമാനിക്കുന്നവര്‍ അത് സ്ഥാപിക്കുക്കുകയും ദീനിന്റെ നിയമങ്ങളും ചിഹ്നങ്ങളും വെളിപ്പെടുത്തുകയും ചെയ്യേണ്ട കര്‍ത്ത വ്യം സുപ്രധാനമായി എടുത്തവര്‍.
മതത്തിന്റെ പരിധി ലംഘിക്കുന്നവരോട്, വിശ്വാസപരമോ കര്‍മ്മ സ്വഭാവമുള്ളതോ ആയ വല്ല നിയമവും വീര്യം കുറച്ച് കാണുന്നവരോട് ഇവര്‍ ധാര്‍മിക രോഷം കാണിക്കുന്നു.
നിയമ നിര്‍ദ്ധാരണ തത്വങ്ങള്‍ മുതകല്ലിമുകളുടെതല്ല ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. വിശുദ്ധ സൂക്തങ്ങളും ആരോഗ്യമുള്ള ഹദീസുകളും അടിസ്ഥാനമാക്കിയുള്ള ‘അളവുകോലു’കളത്രെ അവരുടേത്. തഅ് വീലോ തഅ്ത്വീലോ തശ്ബീഹോ ഇല്ലാതെ സ്വിഫാത്തുകള്‍ പ്രമാണങ്ങളില്‍ വന്ന പോലെ അവര്‍ ഗണിക്കുന്നു. ഇസ്തിവാ, നുസൂല്‍ പോലെയുള്ള എല്ലാ സ്വിഫാത്തുകളിലും അല്ലാഹുവിനോട് യോജിക്കുന്ന അതിന്റെ
യഥാര്‍ത്ഥ ആശയമെന്തോ അപ്രകാരം മാത്രം അതിനെ സ്ഥിരീകരിക്കുന്നു.
യഥാര്‍ത്ഥ ആശയമെന്തോ അപ്രകാരം മാത്രം അതിനെ സ്ഥിരീകരിക്കുന്നു.
അവരില്‍ ശരിയായ മഅരിഫത്ത് പ്രകടമായി കാണാം. അല്ലാഹുവിനെ കുറിച്ചുള്ളതും അത്യുന്നതന്റെ ദാത്തില്‍ നിലകൊള്ളുന്ന സ്വിഫാത്തുകളെ കുറിച്ചുള്ളതുമായ അഗാധ ജ്ഞാനം അവരുടെ അനുഭൂതിയിലും അവസ്ഥയിലും അറിവായും ദര്‍ശനമായും ഉള്ളതിന്റെ പ്രഭാവലയങ്ങള്‍ അവരില്‍ പ്രത്യക്ഷമായി കാണാം. ഹൃദയത്തിലുള്ള അവയുടെ അടയാളങ്ങള്‍ അവരുടെ നിസ്കാരങ്ങളിലും ദിക്രുകളിലും അല്ലാഹുവിലേക്കുള്ള ദഅവത്തിലും തെളിഞ്ഞു കാണുമായിരുന്നു.
തങ്ങളുടെ നാഥനെ തങ്ങളില്‍ അധിവസിക്കുന്നവനായല്ല അവര്‍ മനസ്സിലാക്കിയത്; ‘മുകളില്‍’ ഉള്ളവനായിട്ടായിരുന്നു. സത്തയിലും വിശേഷണത്തിലും അവന് ‘അര്‍ശിനു മുകളിലാ’ണെന്ന് കാണിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെ അവര്‍ ഇബാദത്ത് ചെയ്യുന്നു. അത്യുന്നതനും മഹത്വമുടയവനുമായ അവനോട് യോജിക്കുന്ന തരത്തിലുള്ള ഒരര്‍ത്ഥമാണ് ഇവിടെ ‘മുകളില്‍’ എന്നതുകൊണ്ട് അവര്‍ ഗണിക്കുന്നത്. അല്ലാതെ, മേലെ എന്ന വശത്തില്‍ അവര്‍ അല്ലാഹുവിനെ പരിമിതപ്പെടുത്തുന്നില്ല. എന്നല്ല, വശങ്ങള് ഉണ്ടാകുന്നതിനു മുന്നേ, അര്‍ശും പ്രപഞ്ചവും ഉണ്ടാകുന്നതിന് മുമ്പേ അവന് ഉണ്ടായിരുന്നതായും അവന്റെ കൂടെ ഒന്നും ഇല്ലായിരുന്നുവെന്നും അവര്‍ ഇതോടൊപ്പം വിശ്വസിക്കുന്നവരാണ്. അവന് മാത്രമുള്ള അവസ്ഥ. അവനോടൊപ്പം മറ്റാരുമില്ലയെന്ന അവന്റെ ഏകത്വം. അതെക്കുറിച്ചാണ് അവന് മുകളിലാണ് എന്ന് പറയുന്നത്. പിന്നീട് പ്രപഞ്ചം ഉണ്ടായതിനു ശേഷമത്രേ അവന്റെ സത്താപരമായ ഔന്നത്യത്തിലേക്ക് ചേര്‍ത്തുകൊണ്ട് താഴെ എന്ന വശം പ്രയോഗത്തില്‍ വരുന്നത്. നിശ്ചയമായും പരിശുദ്ധ സത്ത എല്ലാ വസ്തുക്കളെക്കാളും അത്യുന്നതമാണ്. അവന് പ്രപഞ്ചത്തിന് താഴെയാവുക അനുയോജ്യമല്ല. അവന് പ്രപഞ്ചത്തില്‍ ലയിച്ചിട്ടുമല്ല. അവന് പ്രപഞ്ചത്തില്‍ നിന്നും അകന്നാണ്. അതിനു താഴെയുമല്ല. അപ്പോള്‍ അവന് ‘മുകളിലാ’ണെന്ന് വന്നു.
അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍, അവന്റെ ദീന് നിലനിര്‍ത്തുവാന്‍ തങ്ങളുടെ ശരീരവും സമ്പത്തും വിനിയോഗിക്കുന്നു. ദീനിന്റെ മഹത്വം തിരിച്ചറിയുന്നു. അതിന്റെ വക്താക്കളുടെയും വാഹകരുടെയും അത് നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്നവരുടെയും മഹത്വവും. കാരണം, ഇവര്‍ ദീനീ വക്താക്കളും സുന്നത്തിന്റെയും ഹദീസിന്റെയും സന്നദ്ധ സഹായികളുമാണ്. പരിശുദ്ധ ദൂതരുടെയും അവിടുത്തെ ദീനിന്റെയും ശരീഅത്തിന്റെ സ്തംഭങ്ങളുടെയും സഹായികളാണ്. ആദര്‍ശബന്ധുത്വം, വിശ്വാസികളെന്ന നിലക്കുള്ള സ്നേഹബന്ധം ഇങ്ങോട്ട് കാണിക്കുന്നവരോടെല്ലാം അവര്‍ അങ്ങോട്ടും ആ ബന്ധം നിലനിര്‍ത്തുന്നു. ശത്രുത കാണിക്കുന്നവരോട് തിരിച്ചും ശത്രുത പ്രകടിപ്പിക്കുന്നു.കാരുണ്യം, വാത്സല്യം, പക്ഷരാഹിത്യം, സത്യസന്ധത, കയ്യഴിഞ്ഞ സഹായം, ക്ഷേമസമത്വ വികാരം, സഹനം, ക്ഷമ, കോപനിയന്ത്രണം, പടപ്പുകളോട് കാരുണ്യം, പ്രതിസന്ധി നേരിടുന്നവരെ സഹായിക്കല്‍, നിസ്സഹായരെ സംരക്ഷിക്കല്‍, സ്വേച്ഛാധിപതികളോട് കടുത്ത നിലപാട്, ഫറോവമാരോട് തീവ്ര പ്രതികരണം തുടങ്ങിയ ആദരവാര്‍ന്ന സ്വഭാവഗുണങ്ങള്‍ അവര്‍ കാത്തുസൂക്ഷിച്ചു. അല്ലാഹുവിന്റെ ദീന് ഉള്‍ക്കൊള്ളുന്നതില്‍ ഒരാക്ഷേപകന്റെ ആക്ഷേപത്തെയും അവര്‍ ഭയന്നില്ല.
അല്ലാഹുവില്‍ സ്നേഹിക്കുക, അല്ലാഹുവില്‍ കോപിക്കുക- ഇതായിരുന്നു അവരുടെ മികച്ച രീതി. വിധിയില്‍ നീതികാണിക്കുക. തൂക്കത്തില്‍ പക്ഷം ഒഴിവാക്കുക. തെറ്റായ ഒരു കാര്യം ഒരാളില്‍ ഉണ്ടായെന്ന് വെച്ച് അതിനെ ചൊല്ലി അയാളോട് അനീതി കാണിക്കുന്ന രീതി അവരിലില്ല. പകരം, അയാളുടെ നന്മയും തിന്മയും തൂക്കുക മാത്രം. അയാളുടെ പദവി വകവെച്ചു കൊടുക്കും.
സത്യ വിശ്വാസികളോട് താഴ്മ കാണിക്കുന്നവര്‍, സത്യ നിഷേധികളോട് കടുത്ത രോഷമുള്ളവര്‍, അല്ലാഹുവിന്റെ മാര്ഗ്ഗിത്തില് ജിഹാദ് ചെയ്യുന്നവര്‍, ഒരാക്ഷേപകനേയും ഭയക്കാത്തവര്‍, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ അപാരമായ ക്ഷമയുള്ളവര്‍, തങ്ങളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച പുലര്‍ത്തുന്നവര്‍, എന്നാല്‍ അല്ലാഹുവിന്നുള്ള അവകാശത്തില്‍ ഒട്ടും വിട്ടുകൊടുക്കാത്തവര്‍. അവര്‍ പരുക്കന്മാരായിരുന്നില്ല, പെരുമാറ്റത്തില്‍ വെറുപ്പ് സൃഷ്ടിക്കുന്നവരും അല്ലായിരുന്നു. അങ്ങാടികളില്‍ ബഹളം ഉണ്ടാക്കുന്നവരല്ല. മാപ്പ് നല്കുന്നവര്, പ്രയാസങ്ങള്‍ സഹിക്കുന്നവര്‍, തങ്ങളോട് മോശം കാണിച്ചവര്‍ ക്ക് നല്ലത് തിരികെ നല്കുന്നവര്, സുന്നത്തിനെ സ്നേഹിക്കുന്നവര്‍, ബിദ്അത്തുകളെ കൊല്ലുന്നവര്‍..
അല്ലാഹുവിനെ ഭയക്കുന്നതിനാല്‍ നിസ്കാരത്തില്‍ മനസ്സാന്നിധ്യം ഉള്ളവര്‍, ആര്ക്കാ്ണ് നിസ്കരിക്കുന്നതെന്നും ആരെയാണ് ഇബാദത്ത് ചെയ്യുന്നതെന്നും ബോധ്യമുള്ളവര്‍, നിസ്കാരത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു അല്ലാത്തതെല്ലാം അവര്‍ക്ക് ചെറുതായി. അവനല്ലാതെ അവരുടെ മനസ്സില്‍ ഒന്നുമില്ല. ഖുര്ആ ന് വചനങ്ങള്‍ പരിചിന്തനം ചെയ്തു പാരായണം ചെയ്യുന്നവര്‍.
അല്ലാഹുവിന്റെ കല്പനകള്ക്ക് മുന്നില്‍ (ഫനാ) സ്വയം ഇല്ലതായവര്‍. അല്ലാഹുവിനെ അനുസരിക്കുന്നതില്‍ അവര്‍ അവരെ നിശേഷം വിസ്മരിക്കുന്നു. അവന്റെ വിധിയും തീരുമാനവും അവര്‍ തൃപ്തിപ്പെടുന്നു.
പുണ്യറസൂല്‍ സ്വ അവരുടെ കണ്ണിലെ കൃഷ്ണമണിയാണ്. പുതിയ പ്രശ്നം വല്ലതും ഉയര്‍ന്നു വരുമ്പോള്‍ (= വല്ല പുത്തന്‍ ആചാരങ്ങളും കാണുമ്പോള്‍) തങ്ങളുടെ അന്തര്‍ദൃഷ്ടി കൊണ്ട് അവര്‍ പുണ്യറസൂലിനെ നോക്കുന്നു,നിരീക്ഷിക്കുന്നു. റബ്ബില്‍ നിന്നും അവിടുന്ന് ഏറ്റെടുത്തു പഠിപ്പിച്ച തിരുചര്യ എന്താണെന്ന് അവര്‍ കേള്ക്കു ന്നു. എന്നിട്ട് അപ്രകാരം മാത്രം ചെയ്യുന്നു. അവിടുത്തെ വിധികളും തീരുമാനങ്ങളും നടപ്പിലാക്കുന്നു.
ഇസ്ലാമിനും മുസ്ലിം സമുദായത്തിനും ഉപകാരപ്രദമായ സേവനങ്ങളില്‍ അവര്‍ സ്വയം വിനിയോഗിക്കുന്നു. മുസ്ലിംകളുടെ വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും മാനസികാവസ്ഥകളിലും സംഭവിച്ച കേടുപാടുകള്‍ പരിഹരിച്ചു പരിഷ്കരിക്കുന്ന യജ്ഞത്തില്‍ നിരതരാണവര്‍.
പ്രവാചകന്മാരുടെ ധര്‍മ്മം/ ദൗത്യം അനന്തരമായി ഏറ്റെടുത്തവര്‍. ദീനിന്റെ മഹാദീപങ്ങള്‍, കപടന്മാരുടെ അരിശ വേദികള്‍, സത്യവിശ്വാസികളുടെ ആനന്ദം, നബിമാരുടെ ‘സ്വകാര്യഅഹങ്കാരങ്ങള്’, സത്യസന്ധരുടെ സൗന്ദര്യത്തിളക്കം,സജ്ജനങ്ങള്‍ക്ക് മാതൃക, അനുകരിക്കവുന്നവര്ക്ക് നേതാക്കള്‍, ഭൂവാസികളുടെ വെളിച്ചവും വിളക്കും.
“അവര്‍ നിമിത്തം ദീനും അതിന്റെ യാഥാര്‍ത്ഥ്യവും തിരിച്ചറിയപ്പെട്ടു. സലഫും അവരുടെ വഴികളും വ്യക്തമായി. സത്യത്തില്‍ ഇവര്‍ സ്വഹാബികളുമായി സഹവസിച്ചവരാണോ എന്ന് തോന്നാം. എന്തൊരു സാദൃശ്യം! അവരുടെ അതേ പ്രകടനം! വിനയം, ഒതുക്കം, അര്‍പ്പണഭാവം ..!
ശാദുലിയ്യത്തും തൈമിയ്യത്തും : ഒരു താരതമ്യം
ഞാന്‍ ഇസ്കന്ദരിയ്യയില്‍ കണ്ട സ്വൂഫികളുടെ ഉറച്ച ബോധ്യങ്ങളുടെയും സ്തുത്യര്‍ഹമായ അവസ്ഥകളുടെയും നിലവാരത്തില്‍ നിന്നും ഇവര്‍ ഒട്ടും പുറകിലായിരുന്നില്ല എന്നാണെന്റെ വിശ്വാസം. എന്നാല്‍ , അങ്ങനെ ആദ്ധ്യാത്മിക മേഖലയില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ അവര്‍ക്ക് സമയം ഇല്ലാതാക്കിയത് ദീനിന്റെയും മുസ്ലിംകളുടെയും ക്ഷേമ പരിഷ്കരണം മുഖ്യമായെടുത്ത് പ്രവര്‍ത്തിക്കുക നിമിത്തമാണ്. അവര്‍ എന്റെ ചങ്ങാതിമാര്‍ ആണെങ്കിലും, എന്റെ വീക്ഷണത്തില്‍, ഇവരുടെ ഈ ദൗത്യമാണ് തങ്ങളുടെ നാഥനു വേണ്ടിയുള്ള ഏറ്റവും മഹത്തായ കര്‍മ്മം. ദീനിനോടുള്ള അദമ്യമായ ബഹുമാനവും ആദരവും അതിലെ ആവേശവും അവരുടെ മാനസങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഒരുവേള, ദീന് നിലനിര്‍ത്താന്‍, ശരീഅത്ത് നിയമങ്ങളും ദീനീ ചിഹ്നങ്ങളും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് യോജിച്ചതല്ല, എന്റെ ചങ്ങാതിമാരായ സൂഫികളെപ്പോലെ സ്രഷ്ടാവുമായി മാത്രമുള്ള ഇടപാടുകളില്‍/ധ്യാനങ്ങളില്‍ മുഴുകിയിരിക്കുക എന്നത്.ആ സ്വൂഫികളെപ്പോലെ ഇവരും ഒഴിഞ്ഞിരുന്നു ഇബാദത്തുകളില്‍ മുഴുകിയിരുന്നെങ്കില്‍ അവരുടെ ആദ്ധ്യാത്മിക പദവിയില്‍ എത്താന്‍, ഒട്ടും ചുരുങ്ങാതെ, ഇവര്‍ക്കും സാധിക്കുന്നതാണ്. ഇന്ഷാ അല്ലാഹ്.
എന്നാല്‍, ശരീഅത്തിലെ ശാഖാപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്, അത് സ്ഥാപിക്കാന്‍ വേണ്ടി സകല ഊര്‍ജ്ജവും തിരിച്ചുവിടുന്നത് സൂക്ഷിക്കേണ്ടതാണ്. അതു നിലനിര്‍ത്താന്‍ ശ്രമിക്കുന്ന, അതൊരു മുഖ്യപ്രശ്നമായി കാണുന്ന വ്യക്തിയില്‍, തന്റെ പ്രകൃതത്തില്‍ നിന്നും ചിലതെല്ലാം അവശേഷിക്കാന്‍ അത് കാരണമാകും. അതുമായി മനസ്സും ശരീരവും മുഖാമുഖം നില്ക്കുന്നതിനാല്. ഒരാള്‍ ഒരു വസ്തുവുമായി ആത്മ ബന്ധം സ്ഥാപിക്കുമ്പോള്‍ അവര്‍ തമ്മില്‍ ഒരു ബന്ധം/പൊരുത്തം സ്വാഭാവികമായും രൂപപ്പെടുന്നു. പ്രവാചകന്മാരും ജ്ഞാനിയും തമ്മില്‍ ഇതുപോലൊരു പൊരുത്തം രൂപപ്പെടുന്നില്ലെങ്കില്‍ ആ ജ്ഞാനിക്ക് പ്രവാചകന്മാരില് നിന്നും ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. അല്ലാഹുവുമായുള്ള പ്രവാചകന്മാരുടെ സാമീപ്യത്തെ മാത്രം ജ്ഞാനികള്‍ അഭിമുഖീകരിച്ചിരുന്നുവെങ്കില്‍ അവരില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ഒന്നും ഗ്രഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, അല്ലാഹു അവര്‍ക്കിടയില്‍ പൊതുവായ ഒരു അളവ് നിശ്ചയിച്ചു. പ്രവാചകന്മാര് ജനങ്ങള്‍ക്ക് ഉപകരിക്കാന്‍ വേണ്ടി.
ഇപ്രകാരം, ദമസ്കസിലെ ഈ സംഘം പൂര്‍ണ്ണമായി ശരീരത്തെ ദൈവത്തില്‍ ലയിപ്പിക്കുന്നത് അവര്‍ക്ക് നന്നല്ല. കാരണം, സത്യം സ്ഥാപിക്കാനാവശ്യമായ ധര്‍മ്മരോഷ ശക്തിയാണ് അവര്‍ക്കാവശ്യം. അല്ലെങ്കില്‍, ജന്മ പ്രകൃതത്തിന്റെ ആളുകളുമായി ഇടപഴകി അതുവഴി അവരെ ദീനിലേക്കും ദൈവ ബോധത്തിലേക്കും വഴിനടത്താന്‍ ആവശ്യമായ പ്രകൃതമാണ് പ്രബോധകരായ ഇക്കൂട്ടര്‍ക്ക് യോജിക്കുക.
നമ്മുടെ മശാഇഖന്മാരുടെ ഇഷ്ടക്കാര്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട്: “താങ്കള്‍ പറയുന്നു നമ്മുടെ ഗുരുക്കന്മാര് ആരിഫീങ്ങള്‍ ആണെന്ന്. അതുപോലെ, ശാദുലി സ്വൂഫികളും ആരിഫീങ്ങള്‍ ആണെന്ന് താങ്കള്‍ പറയുന്നു. ഇരുകൂട്ടരും ദൈവ ജ്ഞാനം നേടിയവര്‍. എന്നാല്‍ നമ്മുടെ മശാഇഖന്മാര്ക്കില്ലാത്ത എന്ത് സവിശേഷതയാണ് അവര്‍ക്കുള്ളത്?” ഞാന്‍ അവരോട് പറയുന്നു: “അവരുടെ സവിശേഷത എന്തെന്നാല്‍, തീവ്രമായ ചില സാധനാ രീതികളുണ്ട് അവര്‍ക്ക്. കേവലം അവരെ കാണുന്നത് കൊണ്ടും അവരുടെ സംസാരം കേള്‍ക്കുക വഴിയും ദൈവാന്വേഷിയില് അല്ലാഹുവിനോടുള്ള മഹബ്ബത്ത് , അവനിലേക്കുള്ള ആകര്‍ഷണം, അവനുവേണ്ടി ആഗ്രഹിക്കല്‍, അവനല്ലാത്തതെല്ലാം വിസ്മരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. മറ്റാരിലും കാണാത്ത അവരുടെ സ്വന്തം സവിശേഷതയാണത്.”
മറ്റൊരു ന്യായം പറയാം.
അവരെ കാണുന്ന മാത്രയില്‍ അല്ലാഹു അനുസ്മരിക്കപ്പെടുന്നു. കാണുന്നവരുടെ ഹൃദയത്തിലേക്ക് ശക്തമായും തീവ്രമായും അവന്റെ വെളിച്ചം കടക്കുന്നു. എന്നാല്‍, നമ്മുടെ മശാഇഖന്മാരെ കാണുമ്പോള്‍ അവിടെ ദീനും സുന്നത്തും ശരീഅത്തും അനുസ്മരിക്കപ്പെടുന്നു. ദൈവജ്ഞാനത്തിന്റെ പ്രയോഗ രീതി പ്രകടിപ്പിക്കുക വഴി ശാദുലികളുടെ അവസ്ഥയില്‍ ശരീഅത്ത് ലയിച്ചിരിക്കുന്നുവെങ്കില്, ശരീഅത്തിന്റെ പ്രയോഗ രീതി പ്രകടമാക്കുക വഴി ഇവരുടെ ഹാലുകളില് മഅ് രിഫത്ത് ലയിച്ചു ചേര്‍ന്നിരിക്കുകയാണ്.
എന്നാല്‍, നമ്മുടെ മശാഇഖന്മാരാകുന്ന ഈ പണ്ഡിത സമൂഹമാണ് അവരുടെ നടേ പറഞ്ഞ സവിശേഷത കാരണം ശാദുലികളെക്കാള് ഉത്തമര്‍. ശരിയായ ഉസ്വൂലുകളും ഫുറൂഉകളും ഇവര്‍ ഉള്‍ക്കൊള്ളുന്നുവെന്ന കാരണത്താല്‍. അതേ, ഈ സവിശേഷതയാണ് കൂടുതല്‍ ബലമുള്ളതും സ്ഥിരീകൃതമായതും. ഉസ്വൂലിലും ഫുറൂഇലും ഏറെ നിലയുറപ്പുള്ളതും. ഇവരുടെ ഹൃദയങ്ങള്‍ അവരേക്കാള്‍ പ്രകാശം നിറഞ്ഞതാണ്. കാരണം, കിതാബുകൊണ്ടും സുന്നത്തുകൊണ്ടും അവയില്‍ നിന്നുള്ള ബോധ്യങ്ങള്‍ കൊണ്ടുമാണ് ഇവരുടെ ഹൃദയങ്ങള്‍ വെളിച്ചം തൂകുന്നത്. ഇതേ സ്രോതസ്സില്‍ നിന്നാണ് അവ വിശ്വാസകാര്യങ്ങളും സാക്ഷ്യങ്ങളും അറിവുകളും അവസ്ഥകളും കൊളുത്തിയെടുത്തിരിക്കുന്നത്. എന്റെ ഇക്കാലത്ത്, ഹിജ്ര ഏഴാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍, ഞാന്‍ കണ്ട ആരെക്കാളും ഋജുവായ ദീന് ഇവരുടെ അടുക്കലാണ്. പരിശുദ്ധ റസൂലിന്റെ തിരു ചര്യ നന്നായി അനുഗമിക്കുന്നതും അവര്‍ തന്നെ. തിരു ദൂതരെ നേരില്‍ കാണുകയും അവിടുത്തെ ഓരോ ദിനത്തിനും സംഭവങ്ങള്‍ക്കും യുദ്ധ മുന്നേറ്റങ്ങള്‍ക്കും സാക്ഷിയാവുകയും ചെയ്ത സ്വഹാബികളെ പോലെ, തിരുദൂതരുടെ ചവിട്ടടികളില്‍ , വഴിത്താരകളില്‍ അവരെപ്പോലെ സഞ്ചരിക്കുന്ന ആരെയും ഇക്കാലത്ത് ഞാന്‍ കാണുന്നില്ല.
അവര്‍ അത്രയ്ക്കും തിരുചര്യയോട് ആര്‍ത്തിയുള്ളവരാണ്. അബൂബകറിനോടും ഉമറിനോടും ഏറ്റവും സദൃശരായ ജന വിഭാഗം, അവരുടെ ചര്യ പിന്തുടരുന്നതില് മറ്റുള്ളവരേക്കാള്‍ മുന്നില്‍
.
അവരാണ് സ്വൂഫികള്‍. നല്ലവണ്ണം മിനുസമുള്ള ഹൃദയ ത്തിനുടമകള്. സമ്പൂര്‍ണ്ണ സമര്‍പ്പിതര്‍. ശക്തമായ ദിവ്യ/ ദീനീ പ്രേമികള്‍. അല്ലാഹുവിനെ വല്ലാതെ ബഹുമാനിക്കുന്നവര്‍. തികഞ്ഞ പരിത്യാഗികള്‍. ദൈവത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന സംഗതികളില്‍ നിന്നെല്ലാം അകന്നു കഴിയുന്നവര്‍. അവര്‍ ദൈവാന്വേഷണ പാതയില്‍ സ്വയം മറന്നവരത്രേ. അക്കാരണത്താല്‍ അവര്‍ തേടുന്ന കാര്യം പരിപൂര്‍ണ്ണമായും അവര്‍ക്ക് പകരമായി ലഭിച്ചു. അതെന്താണ്?
അതൊരു ഹാലാണ്. അതിന് അതിന്റെതായ ചൂടും ചാട്ടവും ഉണ്ട്. അത് മറ്റുള്ളവരുടെ ഹാല് പോലെയല്ല. അല്ലാഹുവിനെയും അവന്റെ ദീനിനെയും മുറുകെ പിടിച്ചുള്ള വിശാല ഹൃദയത്വമാണ്; വെളിച്ച പ്രവാഹമാണ്. അവരുടെ ഈ അവസ്ഥകള്‍ക്ക് തീവ്രമായ ചില വെളിപാട് വേദികള്‍ ഉണ്ട്, ദൈവ സാമീപ്യത്തിലേക്ക് ആത്മാക്കള്‍ക്ക് ആകര്‍ഷണം ഉറപ്പുവരുത്തുന്ന ചില കാഴ്ചപ്പാടുകള്‍. അത് അവര്‍ക്ക് മാത്രം അവകാശപ്പെട്ട സാമീപ്യം ആയിരിക്കും. അറിവിലും അമലിലും അല്ലാഹുവിന്റെ ഏറ്റവും മഹത്തായ സംഗതിയും ഇതാണ്. മാത്രമല്ല, ഈ നിലപാട് അല്ലാഹുവിനെ ബഹുമാനിക്കുന്നതിന്റെയും സ്നേഹിക്കുന്നതിന്റെയും ഭാഗമാണ്.
എല്ലാ സംഘത്തിനുമുണ്ട് അജ്ഞാതമല്ലാത്ത ചില സവിശേഷതകള്‍. മറ്റുള്ളവരുടെ മികവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണെന്ന് വെച്ച് അവര്‍ അനീതി ചെയ്യപ്പെടാവതല്ല. അതുകൊണ്ട് പറയട്ടെ, ഞാന്‍ ഇഷ്ടപ്പെട്ട ആ സ്വൂഫികള്‍ ഉണ്ടല്ലോ, ഞാന്‍ നേരില്‍ കണ്ടതനുസരിച്ച്, സ്വന്തം ഇച്ഛകളെ ഭരിക്കുന്നതിലും അവയെ ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നും സ്ഫുടം ചെയ്യുന്നതിലും നന്നായി ഏര്‍പ്പെടുന്നവരാണ്. മനസ്സില്‍ ഉയര്‍ന്നു പൊങ്ങുന്ന വിചാരങ്ങളെ അടച്ചു പൂട്ടുന്നതിലും അവര്‍ വിദഗ്ധരാണ്. യഥാര്‍ത്ഥം അല്ലാഹു അറിയുന്നു.
അവരെ ഞാന്‍ ദൈവ സന്നിധാനത്തിലെ മലക്കുകളോട് ഉപമിക്കുന്നു. അവന്റെ അര്‍ശിനെ വലയം ചെയ്യുന്ന മലക്കുകളോട്. എല്ലാ അര്‍ത്ഥത്തിലുമുള്ള സാദൃശ്യമായി മനസ്സിലാക്കരുത്. അവരുടെ ഹൃദയങ്ങള്‍ ഔലിയാക്കളുടെ സൈന്യത്തോടൊപ്പം അര്‍ശിനു ചുറ്റുമാണ്. അതിനാല്‍, അവരുടെ മനുഷ്യ പ്രകൃതം മിക്ക സമയങ്ങളിലും മനുഷ്യരുടേതില്‍ നിന്നും മലക്കുകളുടേതായി മാറുന്നു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇതാണ് അവരുടെ അനിഷേധ്യമായ സവിശേഷത. അത് പ്രാപിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കില്ല. കാരണം, അവരുടെ ആത്മാവുകള്‍ അല്ലാഹുവില്‍ ബന്ധിതമായ പറവകളാണ്; ശരീരങ്ങള്‍ മെലിഞ്ഞുണങ്ങി ദുര്‍ബ്ബലമായതും. അവരുടെ കരളുകള്‍ ദിവ്യ പ്രേമത്താല്‍ എരിയുന്ന കനലുകളത്രെ. അല്ലാഹുവിലുള്ള അനുരാഗം അവരെ ഭരിക്കുകയാണ്. അവരുടെ അവയവങ്ങളെയും ശരീര സന്ധികളെയും അത് കീഴടക്കിയിരിക്കുന്നു. ആ അവയവങ്ങളില്‍ നിറയെ ദൈവ പ്രേമമാണ്. അവനുമായുള്ള സാമീപ്യത്തിന്റെ പ്രകാശത്താല്‍ നിര്ഭരമാണ്. സ്നേഹത്തിന്റെ സുന്ദരപ്രഭാവം, അഗാധമായ ദിവ്യജ്ഞാനത്തിന്റെയും ദിവ്യാനുഭൂതിയുടെയും അടയാളങ്ങള്‍ അവരുടെ മേല്‍ ഒളിമിന്നുന്നു.
“നിന്നില്‍ നിന്നും ഞാന്‍ പരിചിതമല്ലാത്ത കുളിര്‍ക്കാറ്റ് മണക്കുന്നു; ശവമാണെന്നാ കരുതിയത്; പക്ഷേ, നിന്നില്‍ ഒഴുകുന്നത് പരിമള പ്പുഴയോ?!”
നമ്മുടെ ഗുരുക്കന്മാരുടെ സ്ഥിതിയോ? ഞാന്‍ അവരെ ദൈവദൂതന്മാരുടെ പ്രതിനിധികളോട് സദൃശ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ മലക്കുകള്‍ ആണെങ്കില്‍ ഇവര്‍ പ്രവാചക ശിഷ്യന്മാര്. ഇവര്‍ക്ക് നബിമാരുമായി നല്ല പൊരുത്തം കാണാം. അല്ലാഹുവിന്റെ ദീന് നിലനിര്‍ത്താനും അതിനെ സഹായിക്കാനും, അതിനെതിരെ വരുന്ന ആക്രമണങ്ങള്‍ നാക്കും തൂലികയും തടിയും ഉപയോഗിച്ച് തടുക്കാനും അവര്‍ പരിശ്രമിക്കുന്നു; അല്ലാഹു ഇഷ്ടപ്പെടുന്ന വിധം ദീന് നിലനിര്‍ത്താനുള്ള അവരുടെ ആര്‍ത്തിയും ആവേശവും അവര്‍ കാണിക്കുന്നു. അതാണ് ഇവരെ ഇങ്ങനെ സദൃശപ്പെടുത്താന്‍ നിദാനം. ഇതത്രേ ഇവരുടെ അനിഷേധ്യമായ സവിശേഷത. മുകളില്‍ പരാമര്‍ശിച്ച സൂഫികള്‍ക്ക് ഇപ്പണി വഴങ്ങില്ല.
സൂഫികള്‍ക്ക് മാത്രമുള്ള, മറ്റാരിലും ഇല്ലാത്ത സവിശേഷതയുടെ ഉദാഹരണം ഇങ്ങനെയാണ്: ഒരാള്‍ മാലികീ മദ്ഹബ് വിശദമായി അറിയാന്‍ ആഗ്രഹിച്ചുവെന്ന് കരുതുക. തീര്‍ച്ചയായും, അത് മാലികീ മദ്ഹബ് വക്താക്കളുടെ അടുക്കല്‍ മാത്രമേ കാണൂ. ആ വിദ്യാര്‍ഥി നമ്മുടെ ശൈഖന്മാരുടെ അടുക്കല്‍ വന്നുവെന്നിരിക്കട്ടെ, മാലികീ മദ്ഹബ് സാമാന്യമായി പരിചയപ്പെടാം എന്നല്ലാതെ കൃത്യമായ അതിന്റെ രൂപഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല. കാരണം, അത് അനുഗമിക്കുന്ന ആളുകള്‍ക്കേ കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയൂ. വിദ്യാര്‍ഥിക്ക് അതിന്റെ ശരിയായ ശൈലി മനസ്സിലായാല്‍ മാത്രമേ മതിയാകൂ. അതുപോലെയാണ്, ദീനിന്റെ/ വിശ്വാസ കര്‍മ്മങ്ങളുടെ പൊരുളുകള്‍ അന്വേഷിക്കുന്ന വ്യക്തിയുടെ സ്ഥിതിയും. അത് ലഭിക്കാന്‍ അതിന്റെ ആളുകളുടെ അടുക്കല്‍ പോകണം. എന്നാല്‍, നമ്മുടെ ഫുഖഹാക്കളാകുന്ന ശൈഖന്മാരുടെ അരികില്‍ വന്നാല്‍, അവരുടെ അറിവ് അനുസരിച്ചും അനുഷ്ഠിക്കുന്ന അളവിലും ലഭിച്ചേക്കും, അത്രമാത്രം.
എന്നാല്‍, സ്വൂഫികളുടെ രീതിശാസ്ത്രം, നമ്മുടെ ശൈഖന്മാര് അനുഗമിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതെ സ്വയം പര്യാപ്തത കൈവരിക്കില്ല.കാരണം, അവ സംരക്ഷിക്കാനുള്ള അടിക്കല്ലുകള്‍ അവയാണ്. അല്ലാത്തപക്ഷം, ആ സ്വൂഫി രീതിയെല്ലാം നിഷ്പ്രഭമായിത്തീരും. അതിന് ഒരു അടിത്തറയും ഉണ്ടാകില്ല.
എനിക്കെന്റെ ദീന് പൂര്‍ത്തിയാക്കാനും എന്റെ വഴിയും സ്ഥിതിയും മനസ്സിലാക്കാനും സഹായകമായ ശൈഖിനെ കാണാന്‍ സാധിപ്പിച്ചുകൊണ്ട് എന്റെ അന്വേഷണ യാത്ര പൂര്‍ത്തിയാക്കിയ, എന്റെ തേട്ടങ്ങള്‍ സമാഹരിച്ചുതന്ന അല്ലാഹുവിനു സ്തുതി.
ഹലാലും ഹറാമും വിവരിച്ചു തന്ന ഗുരുവര്യരെ ഞാന്‍ ആദ്യം കണ്ടു. പിന്നെ, ആരാധ്യന്റെ യാഥാര്‍ത്ഥ്യങ്ങളും അവനിലേക്ക് ചേരാനുള്ള രൂപങ്ങളും വിവരിച്ചു തന്ന ശൈഖന്മാരുമായി കണ്ടുമുട്ടി. തുടര്‍ന്ന്, വിശ്വാസ കാര്യങ്ങളുടെയും കര്‍മ്മങ്ങളുടെയും ദര്‍ശനങ്ങളുടെയും അവസ്ഥകളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഖുര്‍ആനും സുന്നത്തും വിവരിച്ചു തന്ന മഹാ മനീഷികളുമായി ഞാന്‍ സന്ധിച്ചു.
ഞാന്‍ ആഗ്രഹിക്കുന്നു, അല്ലാഹുവിന്റെ ഔദാര്യത്താല്‍, ആ മഹാഗുരുക്കളുടെ ത്വരീഖത്ത് രീതി അവലംബിച്ചു ആത്മീയ ജീവിതം നയിക്കാന്‍, എന്റെ ദീനിന്റെ പ്രമാണങ്ങള്‍ സമീപിക്കുന്നതിലും വിശ്വാസ- കര്‍മ- അവസ്ഥകളില്‍ അത് പിന്തുടരുന്നതിലും ഇവരുടെ മാര്‍ഗ്ഗം പിന്തുടരാന് അല്ലാഹു ഉതവി നല്‍കുമെന്ന്. എന്റെ സൂഫി സുഹൃത്തുക്കളായ സഹോദരങ്ങളുടെ ഹഖാഇഖിന്റെ അവസ്ഥകള്‍ നല്കി അല്ലാഹു എന്നെ അനുഗ്രഹിക്കട്ടെ. ദൈവസാമീപ്യം സംബന്ധമായ പൊരുളുകള്‍, അവനില്‍ ചെന്നെത്തുന്ന പദവികളുടെയും അവന്റെ ഇഷ്ടനാകുവാന് ലഭിക്കുന്ന സൗഭാഗ്യങ്ങളുടെയും യഥാര്‍ത്ഥ അവസ്ഥകള്‍, അവന്റെ പ്രത്യേകക്കാരില്‍ പെടുന്ന വഴികള്‍, ഉടമയെ അടിമയും ദാസനെ ആരാധ്യനും ഏറ്റെടുക്കുന്ന വിലായത്തിന്റെ സംഗതികള്‍ അവന് കനിഞ്ഞരുളട്ടെ.
ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും വിനീതമായി ആഗ്രഹിക്കുന്നു: ഈ അറിവിലും വിശ്വാസത്തിലും കര്‍മ്മത്തിലും മരണപ്പെട്ട് അതേ നിലയില്‍ അവന് എന്നെ മഹ്ഷറില്‍ ഒരുമിച്ചു കൂട്ടണമെന്ന്. പൂര്‍ണ്ണതയില്‍ എത്തിക്കുന്ന ഇതേ സ്വൂഫി അവസ്ഥയില്‍ നിന്നും പിടിവിടാതെ. ഞാനാദ്യം പരാമര്‍ശിച്ച ആ കൂട്ടരുടെ സഹവാസത്തില്‍ നിന്നും എന്നെ ഇഹലോകത്തും പരലോകത്തും നീ കാക്കണേ. അവരെ നേര്‍വഴിയിലാക്കാന്‍, അന്ധരുടെ വഴിയില്‍ നിന്നും പുറത്തുകൊണ്ടുവന്ന് അവന് അനുഗ്രഹിച്ചവരുടെ – കോപത്തിന് പത്രമായവരുടെയും പിഴച്ചു സഞ്ചരിക്കുന്നവരുടെയും വഴിയല്ല- വഴിയിലേക്ക് അവരെ പ്രവേശിപ്പിക്കാന്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കുന്നു.
അവന് നാം ഏവര്‍ക്കും മാപ്പ് നല്കട്ടെ.
അല്ലാഹുവിനു സ്തുതി. അവന് ഏകന്‍. നമ്മുടെ നേതാവ് മുഹമ്മദ് നബിക്കും അവിടുത്തെ ബന്ധു മിത്രങ്ങള്‍ക്കും അനുചരന്മാര്ക്കും അവന്റെ സ്വലാത്തും സലാമും ആശിര്‍വദിക്കുന്നു. അന്ത്യനാള്‍ വരേയ്ക്കും.