ഉച്ചഭാഷിണി പീഡനത്തിനെതിരെ
ശ്രദ്ദേയമായ ഫത് വാ..
ഡോ സൈന്‍ ബ്നു മുഹമ്മദ് അല്‍ ഐദറൂസി യമനിലെ അറിയപ്പെട്ട മുഫ്തിയും, ഹദറ മൌത് യൂണിവാഴ്സിറ്റി യിലെ ഹദീസ് പ്രൊഫസറുമാണ്. പത്തോളം ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. മത നിയമങ്ങളുടെ താല്പര്യം വിവരിക്കുന്ന തന്റെ ‘അല്‍ മദ്ഖലു ഫീ ഇല്‍മി മഖാസ്വിദി ശരീഅ:’ ശ്രദ്ദേയമാണ്. “ഉച്ചഭാഷിണി ഉപയോഗിച്ചു ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതരെയും സാധാരണക്കാരെയും അറിയിക്കുന്ന” അദ്ദേഹത്തിന്റെ മതപ്രസ്താവന യുടെ സംക്ഷിപ്ത വിവര്‍ത്തനം വായിക്കാം:
പത്ത് കാരണങ്ങളാല്‍ ഉച്ചഭാഷിണി ഉപയോഗം നിഷിദ്ധമാകുന്നു
ഒന്ന്,
നിസ്കാരം, ദിക്ര്, ദുആ തുടങ്ങിയവ പതുക്കെ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും തിരു ഹദീസുകളും തന്നെയാണ്, അമിതമായ ശബ്ദത്തില്‍ അവ ചെയ്യുന്നത് തടയാന്‍ പഠിപ്പിക്കുന്ന രേഖകള്‍. കര്‍മ്മ ശാസ്ത്രത്തിലെ ഒരു തത്വപ്രകാരമാണിത് . “ഒരു സംഗതി കല്പിക്കുന്നു എന്നാല്‍ അതിനു വിപരീതമായത് വിലക്കുന്നു” എന്ന തത്വമാണത്.
അല്ലാഹു അരുളുന്നു: “ നിന്റെ നാഥനെ പ്രഭാത പ്രദോഷങ്ങളില്‍ നീ നിന്റെ ഉള്ളില്‍ സ്മരിക്ക; വിനയപൂര്‍വ്വം, ഭയചകിതനായി. ഉറക്കെയുള്ള വാക്കുകളിലൂടെയല്ല. നീ അശ്രദ്ധവാന് ആകരുത്” അഅറാഫ് 205. ഉച്ചഭാഷിണി ഉപയോഗിച്ചു ശബ്ദം ഉയര്‍ത്തുന്നത് ഈ സൂക്തത്തിലെ നിര്‍ദ്ദേശത്തിനു വിരുദ്ധമാണ്. മതത്തിന്റെ തേട്ടം മധ്യമ നിലയാണ്. “നിന്റെ സ്വലാത്ത്/ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പാടേ പതുക്കെയും ആകരുത്. അവയ്ക്കിടയില്‍ ഒരു വഴി തേടൂ” ഇസ്രാ 110. ഇവിടെ ഉച്ചത്തിലാക്കരുത് എന്ന് വിലക്കിയതിന്റെ താല്പര്യം സാധാരണ ഒരു മനുഷ്യന് സാധിക്കുന്ന ഉയര്‍ന്ന ശബ്ദമായിരിക്കണം. സൂക്തത്തിന്റെ അന്ത്യഭാഗം പരിശോധിച്ചാല്‍ അത് കൃത്യമായ ഒരു മറുപടി തരുന്നുണ്ട്. അല്ലാഹുവെ പതുക്കെ വിളിച്ചത് എടുത്തുകാണിച്ചുകൊണ്ട് സകരിയ്യാ നബി അ നെ അല്ലാഹു വാഴ്ത്തിയത് ഖുര്‍ആനില്‍ കാണുന്നു, മര്‍യം 3.
തിരുനബി സ്വ യുടെ വചനം: “ഖുര്‍ആന്‍ ഉച്ചത്തില്‍ പാരായണം ചെയ്യുന്നവന് ദാന ധര്‍മ്മം പരസ്യമായി നല്കുന്നവനെ പോലെയും, ഖുര്‍ആന്‍ പതുക്കെ ഓതുന്നവന് സ്വകാര്യമായി ദാനം ചെയ്യുന്നവനെപോലെയുമാകുന്നു”. അബൂദാവൂദ്. അബൂമൂസാ റ നിവേദനം: തിരുദൂതര്‍ സ്വ യുമായി ഞങ്ങളൊരു യാത്രയിലായിരുന്നു. ചിലയാളുകള്‍ ഉറക്കെ തക്ബീര്‍ മുഴക്കി. അപ്പോള്‍ അവിടുന്ന് അരുളി: “അല്ലയോ ജനങ്ങളേ, നിങ്ങള്‍ സ്വയം ശബ്ദനിയന്ത്രണം വരുത്തുക. നിങ്ങള്‍ വിളിക്കുന്നത് ബാധിരനെയോ അങ്ങകലെ നിലകൊള്ളുന്നവനെയോ അല്ലല്ലോ. നിങ്ങളോടൊപ്പം ഉള്ള, സമീപസ്ഥനായ, എല്ലാം കേള്‍ക്കുന്ന അല്ലാഹുവിനെയാണ് നിങ്ങള്‍ വിളിക്കുന്നതെന്ന് ഓര്‍ക്കണം.” മുസ്ലിം. സ്വഹീഹുല്‍ ബുഖാരിയില്‍ ഒരു അദ്ധ്യായം തന്നെ കാണാം, “തക്ബീര്‍ ചൊല്ലുമ്പോള്‍ ശബ്ദം ഉയര്‍ത്തുന്നത് അനുചിതമാകുന്നു’ എന്ന തലവാചകത്തില്‍. അതിനു ചുവടെ മുകളില്‍ പരാമര്‍ശിച്ച പോലുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നുണ്ട്. അതിനു വ്യാഖ്യാനം കുറിച്ചുകൊണ്ട് ഇമാം ഖസ്ത്വല്ലാനി എഴുതി: “ത്വബ്രി പറഞ്ഞു: ദിക്രും ദുആയും ഉച്ചത്തില്‍ ചെയ്യുന്നത് അനുചിതമാണെന്ന് ഈ ഹദീസില്‍ ഉണ്ട്. അത് തന്നെയാണ് സലഫ്- സ്വഹാബത്തും താബിഉകളും- പൊതുവേ അഭിപ്രായപ്പെട്ടത്”.
“ശബ്ദനിയന്ത്രണം വേണം “ എന്ന കല്പനയെ ഉപജീവിച്ച് ജ്ഞാനികള്‍ പറഞ്ഞത്, ദിക്രും മറ്റും പതുക്കെ ചെയ്യല്‍ മുസ്തഹബ്ബ് ആകുന്നു എന്നും, വിലക്കിയ ഉച്ച ശബ്ദം സാധാരണ നിലവിട്ടുള്ള ഉയര്‍ന്ന ശബ്ദം ആണെന്നുമത്രേ. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ദിക്ര് ഇപ്പറഞ്ഞ പരിധിവിട്ടതും വിലക്കപ്പെട്ടതുമായ കാര്യം തന്നെയാണെന്ന് വ്യക്തമാണ്, അതാണ് എന്റെ അഭിപ്രായം.
രണ്ട്,
മസ്ജിദുന്നബവിയിലും മറ്റു മസ്ജിദുകളിലും ശബ്ദം ഉയര്‍ത്തുന്നത് വിലക്കിക്കൊണ്ട് സ്വഹാബത്തുല് കിറാം നടത്തിയ ഇടപെടലുകള്‍.
സാഇബ് ബ്നു യസീദ് നിവേദനം. ഞാന്‍ മസ്ജിദില്‍ നിസ്കരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ എന്നെ ചരല്‍ക്കല്ലെടുത്ത് എറിഞ്ഞു. നോക്കിയപ്പോള്‍, അത് ഉമര്‍ ബ്നില്‍ ഖത്വാബ് റ ആയിരുന്നു. “പോയി, ഇതാ അവരെ രണ്ടുപേരെ കൊണ്ടുവാ”. ഞാന്‍ അവരെ കൊണ്ടുവന്നു. ഉമര്‍ റ: ‘നിങ്ങള്‍ ആരാണ്,എവിടുന്ന് വന്നു?’ അവര്‍ : ‘ഞങ്ങള്‍ ത്വാഇഫുകാരാണ്’. “നിങ്ങളെങ്ങാനം ഈ നാട്ടുകാര്‍ ആയിരുന്നെങ്കില്‍ രണ്ടിനും ഞാന്‍ ചുട്ട പ്രഹരം തന്നേനെ. അല്ലാഹുവിന്റെ തിരുദൂതരുടെ മസ്ജിദിലാണോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നത്?!” ബുഖാരി.
നുഅമാനുബ്നു ബഷീര്‍ റ നിവേദനം. തിരുദൂതരുടെ മിമ്പറിനരികെ ഞാന്‍ ഇരിക്കുകയായിരുന്നു, അപ്പോള്‍ ഒരാള്‍ പറയുന്നു: ഇസ്ലാം സ്വീകരിച്ചു എന്ന പുണ്യകര്‍മ്മ ത്തിനു ശേഷം, ഇനി ഹാജിമാര്‍ക്ക് വെള്ളം നല്‍കുന്നതിലും വലിയ മറ്റൊരു പുണ്യത്തെ ഞാന്‍ കാണുന്നില്ല”. അപ്പൊ അടുത്ത ആള്: മസ്ജിദുല്‍ ഹറാം ഉംറ ചെയ്യുന്നതാണ് എനിക്ക് വലുത്”. മൂന്നാമന്: നിങ്ങള്‍ പറഞ്ഞതിലും ഉത്തമം ജിഹാദ് ആണെന്നാണ് എന്റെ പക്ഷം”. ഇവരുടെ സംസാരം കേട്ട് ഉമര്‍ റ അവരെ തടഞ്ഞു.. “തിരുദൂതരുടെ മിമ്പറിനരികെ ശബ്ദം ഉയര്‍ത്തരുത്” മുസ്ലിം.
മസ്ജിദില്‍ ശബ്ദം ഉയര്‍ത്തിയ ഒരാളോട് ‘ നിനക്കറിയുമോ നീ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന്?!’ എന്ന് ഉമര്‍ റ ചോദിച്ച സംഭവവും സ്വഹീഹായി വന്നിട്ടുണ്ട്. ഇബ്നു അബീ ശൈബ.
മൂന്ന്,
ഉച്ച ഭാഷിണി ഉപയോഗിക്കുമ്പോള്‍ അതിന്റെ ശബ്ദം പുറത്തേക്ക് ഒഴുകുമെന്നതിനാല്‍, അത് മറ്റുള്ളവരെ ബുദ്ധിമുട്ടാക്കുന്നു. അവരുടെ ജോലികളും ഇബാദത്തുകളും പതിവ് മന്ത്രങ്ങളും മറ്റും ശ്രദ്ധ തെറ്റി പിഴക്കുന്നു, കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയാതെ അവര്‍ കുഴങ്ങുന്നു.
ഇസ്ലാമില്‍ അന്യരെ ദ്രോഹിക്കുക, സ്വയം ദ്രോഹം അനുഭവിക്കുക എന്ന സംഗതിയേ ഇല്ല. ഇബ്നു അബ്ബാസ് റ നിവേദനം: തിരു ദൂതര്‍ സ്വ പറഞ്ഞു: “ആത്മ പീഡനമോ പരദ്രോഹമോ ഇസ്ലാമില്‍ അനുവദിക്കില്ല” മാലിക്/ മുവത്വ.
അബൂ സ്വിര്‍മ റ നിവേദനം. നബി സ്വ പറഞ്ഞു: വല്ലവനും പരദ്രോഹം ചെയ്താല്‍ അല്ലാഹു അവനെ ദ്രോഹിക്കും; ആരെങ്കിലും അന്യരെ പ്രയാസപ്പെടുത്തിയാല്‍ അല്ലാഹു അവനെയും പ്രയാസപ്പെടുത്തും”. ഇബ്നു മാജ:
ഇമാം ഇബ്നുല്‍ അറബി മാലികി റഹി പറഞ്ഞു: “മൂല പ്രമാണങ്ങളിലെ വ്യക്തമായ പരാമര്‍ശം കൊണ്ടും, സമുദായത്തിലെ ജ്ഞാനികളുടെ സമവായം കൊണ്ടും പരദ്രോഹം അനുവദിക്കപ്പെട്ട കാര്യമല്ല എന്ന് വ്യക്തം”. അഹ്കാമുല്‍ ഖുര്‍ആന്‍.
നാല്,
ഉച്ചഭാഷിണി ഉപയോഗം കൊണ്ട് ചെറിയ ഗുണങ്ങള്‍ ഉണ്ടാകാം. ചില ആളുകള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചേക്കാം. എന്നാല്‍, ഏതാനും ചിലര്‍ക്ക് ലഭിക്കുന്ന പ്രയോജനത്തേക്കാള്‍ പൊതുവായ ദ്രോഹത്തെയാണ് നാം ഗൌരവത്തിലെടുക്കെണ്ടത്. ഇമാം ഇസ്സു ബ്നു അബ്ദിസ്സലാം റഹി പഠിപ്പിച്ചു: “കുറച്ചു പേരുടെ പ്രയോജനത്തെ പൊതുവായ പ്രശ്നത്തേക്കാള്‍ പ്രാധാന്യത്തില്‍ എടുക്കരുത്”. ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം. (കേരളത്തിലെ മത പണ്ഡിതര്‍ പരിശോധിക്കേണ്ട കിതാബ്)
അഞ്ച്,
മസ്ജിദിനകത്തോ (പുരുഷന്മാര്) പുറത്തോ (സ്ത്രീകള്‍ അവരുടെ വീടുകളില്‍) നിസ്കരിക്കുന്നവരെയും ദിക്രില്‍ ഏര്‍പ്പെടുന്നവരെയും ഉച്ചഭാഷിണി ആകെ കുഴക്കുന്നുണ്ട്. ഹദീസില്‍ വന്നൊരു ഉദ്ബോധനം ഇങ്ങനെ: “ഹല്ലോ, നിങ്ങള്‍ ഓരോരുത്തരും റബ്ബിനോട് സംസാരിക്കുകയാണ്; അതിനാല്‍, ഒരാള്‍ മറ്റൊരാളെ പ്രയാസപ്പെടുത്തരുത്”
ആറു,
ഉച്ചഭാഷിണി ഉപയോഗത്തില്‍ മുസ്ലിംകള്ക്ക് പ്രയാസം ഉണ്ടാകുന്നുണ്ട്. കല്പിക്കപ്പെട്ട ഒരു കാര്യം ചെയ്യുമ്പോഴല്ല ഈ പ്രയാസം എന്നത് ശ്രദ്ദേയമാണ്. നബി സ്വ പറഞ്ഞു: “നാക്കുകൊണ്ട് വിശ്വസിക്കുകയും ഹൃദയത്തില്‍ ഇഖ്ലാസ് ഇല്ലാത്തവരുമായ ആളുകളേ, നിങ്ങള്‍ മുസ്ലിംകളെ പ്രയാസപ്പെടുത്തരുത്”. അബൂയഅ്ലാ, ബൈഹഖി.
“ഹല്ലോ, നിങ്ങള്‍ ഓരോരുത്തരും റബ്ബിനോട് സംസാരിക്കുകയാണ്; അതിനാല്‍, ഒരാള്‍ മറ്റൊരാളെ പ്രയാസപ്പെടുത്തരുത്. നിസ്കാരത്തിലോ ഖുര്‍ആന്‍ പാരായണത്തിലോ നിങ്ങള്‍ ഒരാള്‍ മറ്റൊരാളേക്കാള്‍ ശബ്ദം ഉയര്‍ത്തരുത്” എന്ന ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട്, നമ്മുടെ വിഷയത്തെ നേര്‍ക്കുനേര്‍ സ്പര്‍ശിക്കുന്ന ഉഗ്രന്‍ വാക്കുകള്‍ ഇമാം ഇബ്നു അബ്ദില്‍ ബര്ര് റഹി പറയുന്നുണ്ട്. “തന്റെ സമീപത്ത് നിസ്കരിക്കുന്ന സഹോദരനെ ശ്രദ്ധ തെറ്റിക്കുന്ന വിധം തന്റെ നിസ്കാരത്തില്‍ ഉറക്കെ ഓതുന്നത് അനുവദനീയമല്ല എന്ന് സ്ഥിരീകരിച്ചിരിക്കെ, നിസ്കരിക്കുന്നവരെ കുഴക്കുന്ന വിധം മസ്ജിദില്‍ വെച്ചുള്ള സംസാരം അതിനേക്കാള്‍ ഗൌരവത്തില്‍ കാണേണ്ടതുണ്ട്; കടുപ്പത്തില്‍ തടയേണ്ടതാണ്; കൂടുതല്‍ നിഷിദ്ധവുമാണ്. പുണ്യം ചെയ്യുമ്പോഴും ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടും അപരമുസ്ലിമിനെ പ്രയാസപ്പെടുത്തുന്നത് ഒരു മുസ്ലിമിന് വിലക്കപ്പെട്ട കാര്യമാണെങ്കില്‍, അതല്ലാത്ത സംഗതികളിലൂടെ പ്രയാസപ്പെടുത്തുന്നത് കടുപ്പമുള്ള ഹറാം ആകുന്നു. അബ്ദു ബ്നു അമ്ര് റഹി ഒരിക്കല്‍ കഅബയെ നോക്കി പറഞ്ഞത് കേട്ടില്ലേ? ‘അല്ലാഹുവാണ! നിനക്ക് ഒരുപാട് ബഹുമാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരു സത്യവിശ്വാസിക്ക് അല്ലാഹുവിങ്കല്‍ അതിനെക്കാള്‍ മഹത്തരമായ ബഹുമാനങ്ങള്‍ ഉണ്ട്ട്ടോ. അവന്റെ മാനം, രക്തം, സമ്പത്ത് എല്ലാം ബഹുമാനിക്കപ്പെടണം. അവനെ കുറിച്ച് നല്ലതല്ലാതെ വിചാരിക്കരുത്. നിസ്കാരം അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം എന്നിവ നിര്വ്വഹിക്കുമ്പോള് പോലും ഒരു മുസ്ലിമിന് പ്രയാസം ഉണ്ടാക്കരുതെന്ന ഹദീസിലെ കല്പന പോരേ നിനക്ക് അതിനേക്കാള്‍ കടുപ്പമുള്ള ദ്രോഹം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള ഉദ്ബോധനം ആയിട്ട്?!” അത്തംഹീദു..
ഏഴ്,
“നന്മകള് വലിച്ചു കൂട്ടുന്നതിലും പ്രാധാന്യം തിന്മകള് അടിച്ചു നീക്കുന്നതിനാണ്”. ഇത് സര്‍വ്വാംഗീകൃതമായ ഒരു തത്വമാണ്. കല്പനയുടെ പരിധിയില്‍ വരുന്നത് അനുഷ്ടിക്കുന്നതിനേക്കാള്‍ ഇസ്ലാം പരിഗണിക്കുക വിലക്കുകളുടെ പരിധിയില്‍ വരുന്നവ ഒഴിവാക്കുന്നതിലാണ്. “ ഞാന്‍ നിങ്ങളെ ഒരു കാര്യം വിലക്കിയാല്‍ അത് പാടേ ഒഴിവാക്കുക; എന്നാല്‍ ഒരു സംഗതി നിങ്ങളോട് കല്പിച്ചാല് അത് സാധ്യമാകുന്നത്ര ചെയ്യുക’ എന്ന ഹദീസ് അടിസ്ഥാനമാക്കിയാണ് ഈ തത്വം രൂപം കൊണ്ടിട്ടുള്ളത്. ഇമാം സുയൂത്വി റഹി ഇക്കാര്യം ഇപ്പടി വിവരിക്കുന്നുണ്ട്, തന്റെ അല്അശ്ബാഹില്. “ഇക്കാരണത്താല്‍, ചെറിയൊരു പ്രയാസം ഉണ്ടെങ്കില്‍ പോലും ചില വാജിബാത്തുകള്‍ ഒഴിവാക്കാന്‍ ദീന് അനുവദിക്കുന്നു; എന്നാല്‍, തിന്മകളില്, വിശിഷ്യാ വലിയ പാപങ്ങളില്‍ ആഭിമുഖ്യം കാണിക്കാന്‍ അങ്ങനെ ഇളവു നല്‍കുന്നില്ല”, അദ്ദേഹം വ്യക്തമാക്കുന്നു. ഉച്ചഭാഷിണി ഉപയോഗം ജനങ്ങളെ ശല്യപ്പെടുത്താനും രോഗികളെ പ്രയാസപ്പെടുത്താനും കാരണമാകുന്നു എന്നതിനാല്‍, അതിന്റെ ശബ്ദം പുറത്തേക്ക് വിടുന്നത് അവസാനിപ്പിക്കേണ്ടതാണ്. ഒരുവേള പള്ളി പ്രസംഗങ്ങള്‍ കൊണ്ട് ജനങ്ങളെ ചില നന്മകള് പഠിപ്പിക്കാന്‍ സാധിച്ചേക്കാമെങ്കിലും. സയ്യിദ് അലവി മാലികി റഹി യുടെ വീക്ഷണവും ഇത് തന്നെ. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അടിസ്ഥാനപരമായി യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ലെങ്കിലും, അതുവഴി പലവിധ പരദ്രോഹം ഉണ്ടാകരുത് എന്നാണു അദ്ദേഹം പറഞ്ഞത്.
എട്ട്,
ആരാധനയുടെ ആത്മാവ് ചോര്‍ത്താന്‍ ഒരു നിമിത്തമായി വര്‍ത്തിക്കുന്നു ഉച്ചഭാഷിണി. ലോകമാന്യം, ‘നല്ല അഭിപ്രായ സൃഷ്ടിപ്പ്’ പോലുള്ള ദുര്വിചാരങ്ങള് ഉണ്ടാവുക സംഭവ്യമാണ്.
ഒമ്പത്,
പൊതുവേ ആരാധനയില്‍ ഇസ്ലാം ആഗ്രഹിക്കുന്ന ശാന്ത നിശബ്ദ അന്തരീക്ഷം ഇല്ലാതാക്കുന്നു ഉച്ചഭാഷിണി ഉപയോഗം.
പത്ത്,
മസ്ജിദിനടുത്ത് പാര്‍ക്കുന്ന ആളുകളെ പ്രയാസപ്പെടുത്തുന്നു. അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുക നിഷിദ്ധമായ കാര്യമാണ്. അബൂ ശുരൈഹ് റ നിവേദനം. നബി സ്വ പറഞ്ഞു: അല്ലാഹുവാണ! അവന് വിശ്വസിച്ചിട്ടില്ല. അല്ലാഹുവാണ! അവന് വിശ്വസിച്ചിട്ടില്ല. അല്ലാഹുവാണ! അവന് വിശ്വസിച്ചിട്ടില്ല. ‘ആരാണ് നബിയേ ശരിയായ വിശ്വാസം ഇല്ലാത്തവന്?’ ‘ ആരില്‍ നിന്നാണോ അയല്‍വാസി ദ്രോഹ മുക്തനാകാത്തത് അയാള്‍”. ബുഖാരി.
വാങ്ക് പോലുള്ള അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി അല്പസമയം ഉപയോഗിക്കാമെന്നല്ലാതെ മറ്റു ആവശ്യങ്ങള്‍ക്ക് ഇപ്പറഞ്ഞ കാരണങ്ങളാല്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മത വീക്ഷണത്തില്‍ ഹറാം ആകുന്നു എന്ന് സുതരാം വ്യക്തം. ആര്‍ക്കും ഒരു ശല്യവുമില്ലെങ്കില് ഉച്ചഭാഷിണി ഉപയോഗം സുന്നത്തിനു വിരുദ്ധമാകുകയെ ഉള്ളൂ. കാരണം, ശബ്ദം ഉയര്‍ത്താന്‍ പൊതുവേ മതത്തില്‍ അനുവാദം ഇല്ല.
ദിക്ര് ഉറക്കെ ചൊല്ലുന്നത് സാധൂകരിച്ചുകൊണ്ട്, ഹാഫിള് സുയൂത്വിയും അബ്ദുല്‍ ഹയ്യ് ലക്നവിയും മറ്റും എഴുതിയിട്ടുള്ള കൊച്ചു രചനകള്‍ ഇപ്പറഞ്ഞതിനു വിരുദ്ധമല്ല. (ദിക്ര് കൂടുതല്‍ കനത്തില്‍ മനസ്സില്‍ പതിയാന്‍ വേണ്ടി ദിക്രിനായി കൂടിയവര്‍ക്കിടയില്‍ വെച്ചോ ഒറ്റക്കിരുന്നോ ചൊല്ലുമ്പോള്‍) സാധാരണ ഉച്ചത്തില്‍ ചൊല്ലുന്നത് സുന്നത്താണെനനാണ് അവര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഉച്ചഭാഷിണി ഉണ്ടാക്കുന്ന ഉയര്‍ന്ന ശബ്ദമോ അന്യരെ പ്രയാസപ്പെടുത്തുന്ന ഘോര ശബ്ദമോ അല്ല.
******
മുഫ്തിയുടെ പ്രസ്താവന ഇവിടെ അവസാനിച്ചു. ബഹു. അല്ലാമാ ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹി അവര്‍കളുടെ ഫതവായിടെ പകര്‍പ്പ് ഇതിന്റെ അനുബന്ധമായി കൊടുത്തിട്ടുണ്ട്.
പരിഭാഷയില്‍ വളരെ ചെറിയ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്.
പരിഭാഷയില്‍ വളരെ ചെറിയ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ട്.
&&&&&&
ഇവിടെ ചെറിയൊരു ഇടപെടല്‍ ആവശ്യമുണ്ട്. കേരളത്തില്‍ മതം പഠിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഫതഹുല്‍ മുഈന്‍ എന്ന കിതാബ് തന്നെ മതിയായിരുന്നു, ജനദ്രോഹ ഉച്ചഭാഷിണി വെച്ചുള്ള ‘പള്ളി പ്രസംഗങ്ങളും പെരുന്നാളുകളും (ഒരു സുന്നി പള്ളിയില്‍ വര്‍ഷത്തില്‍ പല തവണ ഉണ്ടാകും പള്ളി പെരുന്നാളുകള്‍!) അവസാനിപ്പിക്കാന്‍. പതിവ് നിസ്കാര ശേഷമുള്ള കൂട്ട് പ്രാര്‍ത്ഥന, ജുമുഅക്ക് മുമ്പും ശേഷവുമുള്ള തറ പ്രസംഗങ്ങള്‍, ഇശാ നിസ്കാര ശേഷം നടക്കുന്ന ഹദ്ദാദ് വട്ടം, സ്വലാത്ത് ദിക്ര് ഹല്‍ഖകള്‍. ഖുതുബിയ്യത്ത് ആക്രോശങ്ങള്‍ ..തുടങ്ങിയവ എത്ര ധിക്കാരപൂര്‍വ്വമാണ് ഉസ്താദ്മാര് നടത്തിവരുന്നത് . പലരോടും നേരില്‍ ഉണര്ത്തിയതാണ്. പ്രതികരണം ഞെട്ടിക്കുന്ന ഓര്‍മ്മകളായി അവശേഷിക്കുന്നു.
%%%%%%
യമന്‍ ഫത്വയില് കടന്നു വരാത്ത രണ്ടു സുപ്രധാന കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാം..
പതിനൊന്ന്,
ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൂലം, ശബ്ദ പരിധിയിലെ ജീവികളെ ഭയപ്പെടുത്തലും അവരുടെ സ്വസ്ഥമായ ജീവിതം അലങ്കോലപ്പെടുത്തലും ഉണ്ടാകുന്നു. ഒരു ജീവിയെയും ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കാന്‍ മതം അനുവദിക്കില്ല. ശബ്ദ മലിനീകരത്തിന്റെ പാരിസ്ഥിതിക മാനം കൂടി ഇതോടൊപ്പം ചേര്‍ത്തുവെച്ചാല്‍, അയല്പക്കത്തുള്ള ഒരു പരിസ്ഥിതി പ്രവര്ത്തകന് ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ കോടതിയില്‍ പോകാം.
പന്ത്രണ്ട്,
മതേതര ഭൂമികയില്‍ ജീവിക്കുന്ന മുസ്ലിംകള്ക്ക് അതിനനുസൃതമായ ചില അച്ചടക്കം അത്യാവശ്യമാണ്. ഒരു വേള, എന്തു പീഡനം ഉണ്ടായാലും ‘ഉസ്താദ് അല്ലേ’ എന്ന പരിഗണനയില്‍ മുസ്ലിംകള് സഹിച്ചേക്കാം. അതേസമയം, ഒരു വേള വിശാലമായ സൗഹൃദത്തോടെ സഹിക്കുമെന്ന് കരുതാമെങ്കിലും അന്യ മതസ്ഥരെ നീരസപ്പെടുത്താന്‍ പാടില്ലല്ലോ. പ്രബോധനപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ കല്പിക്കപ്പെട്ട സമുദായ നേതൃത്വം എനി സമുദായത്തിനിടയിലെ പ്രബോധന സാധ്യതഇല്ലാതാക്കുകയാണ് മിക്കപ്പോഴും. ഉച്ചഭാഷിണിയിലൂടെ പുറത്തു ചാടുന്ന ‘കച്ചറകള്‍’ ഉണ്ടാക്കുന്ന ദൂഷണം ഇതിനു പുറമെയാണ്.
സമാപനം
മുകളില്‍ വിവരിച്ച മത കാഴ്ചപ്പാട് വിലയിരുത്തി കേരളത്തില്‍ നടക്കുന്ന മുസ്ലിം പള്ളികളിലെ ശബ്ദ ദ്രോഹത്തിന് തടയിടാന്‍ ബഹുമാനപ്പെട്ട കോടതി സ്വമേധയാ മുന്നോട്ടു വരണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു..
Dr A Safeerudeen
says:very useful
Abdul Salih
says:നന്ദി
Abdul Salih
says:നന്ദി
പൊന്നാനി വാർത്ത
says:ഇന്ന് കേരളത്തിൽ ഉച്ചഭാഷിണിയേക്കാൾ ഉറക്കെ പറയേണ്ട വാക്കുകൾ;
സമുദായമേ തിരുത്തേണ്ട നേരം അതിക്രമിച്ചു. ആധികാരികമായി അവതരിപ്പിച്ചത് തികച്ചും അഭിനന്ദനാർഹം. നാഥാ സ്വീകരിക്കേണമേ.