ഇസ്ലാമിന്‍റെ ആദ്യ നൂറു വര്‍ഷങ്ങള്‍
ഇബ്നു ഖല്‍ദൂന്‍ ചരിത്രമെഴുതുന്നു… 1
വിടവാങ്ങല്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് ദുല്‍ഹിജ്ജ അവസാനത്തില്‍ നബി സ്വ മദീനയില്‍ തിരിച്ചെത്തി. മുഹറം മാസത്തില്‍ ശാമിലേക്ക് ഒരു സൈനിക സംഘത്തെ നിയോഗിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്തു. തന്‍റെ മൌലയായിരുന്ന ഉസാമത്ത് ബ്നു സൈദ്‌ ബ്നു ഹാരിസ റ നെ സംഘത്തിന്‍റെ അമീറായി നിശ്ചയിച്ചു. ഫലസ്തീന്‍ മണ്ണില്‍ പെട്ട ജോര്‍ദാന്‍ വരേയ്ക്കും ശാമിന്‍റെ കിഴക്കന്‍ നാടുകളിലേക്കും ബുല്‍ഖാ അതിര്‍ത്തികളിലേക്കും കുതിരയെ ഓടിക്കാന്‍ ഉസാമയോട് അവിടുന്ന് കല്‍പിച്ചു. സൈനിക യാത്രയ്ക്ക് ജനങ്ങള്‍ തയ്യാറായി. ഉസാമയോടൊപ്പം ആദ്യകാല മുഹാജിറുകള്‍ ഒന്നടങ്കം പുറപ്പെടാന്‍ സന്നദ്ധരായി.
ജനങ്ങളെല്ലാം സൈനിക സജ്ജീകരണത്തില്‍ മുഴുകിയിരിക്കുന്ന ആ സന്ദര്‍ഭത്തിലാണ്, നബി സ്വ യ്ക്ക് മരണത്തിന്‍റെ പ്രാരംഭ അസ്വസ്ഥകള്‍ പ്രകടമായത്. പഴക്കം ചെന്ന പ്രമുഖര്‍ ഉണ്ടായിരിക്കേ, ഇളയപ്രായക്കാരനായ ഉസാമയെ സൈനിക മേധാവിയാക്കിയത് മുതലെടുത്ത്‌ തെറ്റിദ്ധാരണ പരത്തുന്ന സംസാരങ്ങളുമായി കപട വിശ്വാസികള്‍ രംഗത്ത്‌ വന്നു. അസ് വദ് അല്‍ അന്‍സി യും മുസൈലിമത്തും ഇസ്ലാം ഉപേക്ഷിച്ചു പോയ വാര്‍ത്ത അവിടെ എത്തി. തലവേദന നിമിത്തം തല മുറുക്കിക്കെട്ടി റസൂലുല്ലാഹി സ്വ വസതിയില്‍ നിന്നും പുറത്തേക്ക് വന്നു. അവിടുന്ന് പറഞ്ഞു: ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കാണുകയുണ്ടായി. എന്‍റെ മേല്‍ക്കയ്യിലുണ്ട് രണ്ടു സ്വര്‍ണ്ണ വളകള്‍. അതിഷ്ടപ്പെടാതെ ഞാന്‍ അതില്‍ ഒന്നൂതി. അതാ, അവ രണ്ടും പറന്നുപോയി. (പുതിയ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍) ഞാനതിനെ വ്യാഖ്യാനിക്കുന്നത്, ആ വളകളില്‍ ഒന്ന് യമാമയിലെ പ്രമുഖന്‍ മുസൈലിമത്തും മറ്റൊന്ന് യമന്‍ നേതാവ് അസ് വദ് അല്‍ അന്‍സി യും ആയിരിക്കുമെന്നാണ്. ഉസാമയെ സൈനിക മേധാവി യാക്കി യതില്‍ ചിലര്‍ക്ക് മുറുമുറുപ്പ് ഉള്ളതായി ഞാന്‍ അറിഞ്ഞു. അവര്‍ ഉസാമയുടെ കാര്യത്തില്‍ മാത്രമല്ല ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്, അദ്ദേഹത്തിന്‍റെ പിതാവ് സൈദിന്‍റെ കാര്യത്തിലും അവര്‍ കുത്തുവാക്കുകളുമായി നടന്നവരാണ്. പുതിയ ആക്ഷേപത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, ഉസാമയുടെ പിതാവ് സൈനിക നായകത്വം വഹിക്കാന്‍ യോഗ്യനും അര്‍ഹനും ആയിരുന്നെങ്കില്‍ ഉസാമയും അതിന് തികച്ചും അര്‍ഹന്‍ തന്നെ; (അവരുടെ കുത്തിത്തിരുപ്പ് അവഗണിച്ച്) നിങ്ങള്‍ പുറപ്പെട്ടോളൂ”

അങ്ങനെ അവിടുന്ന് ഉസാമയെ യാത്രയാക്കി. ഉസാമ മുന്നോട്ടുപോയെങ്കിലും ജര്‍ഫില്‍ എത്തിയപ്പോള്‍ താല്‍ക്കാലിക തമ്പടിച്ചു. നബി സ്വ യ്ക്ക് രോഗം ശക്തമാവുകയും ഉസാമ അവിടന്ന് മുന്നോട്ടു പോകുന്നതിനു മുമ്പായി വഫാത്താവുകയും ചെയ്തു.

********
അസ് വദ്, മുസൈലിമ:, ത്വുലൈഹ:

വിടവാങ്ങല്‍ ഹജ്ജ് പൂര്‍ത്തിയാക്കിയ ഉടനെത്തന്നെ നാട്ടിലേക്ക് യാത്ര ചെയ്യുകയാല്‍ നബി സ്വ പരിക്ഷീണനാവുകയും രോഗാതുരനാവുകയും ചെയ്തു . ആ വാര്‍ത്ത എങ്ങും പറന്നു. സന്ദര്‍ഭം നോക്കി യമനില്‍ അസ് വദ് പുറത്തേക്ക് ചാടിയിറങ്ങി. യമാമയില്‍ മുസൈലിമയും പുറത്തു ചാടി. ശേഷം ബനൂ അസദ് ഗോത്രത്തില്‍ ത്വുലൈഹത്തു ബ്നു ഖുവൈലിദ് പുറത്തുചാടി. മൂവരും  പ്രവാചക പദവി വാദിക്കുന്നവരായിരുന്നു. ദൂതന്മാരെ അയച്ചും, തന്‍റെ ഗവര്‍ണര്‍മാര്‍ക്കും കള്ള പ്രവാചകന്മാരുടെ ഗോത്രത്തില്‍ ഇസ്‌ലാമില്‍ ഉറച്ചു നിന്നവര്‍ക്കും അവരോട് യുദ്ധം ചെയ്യാന്‍ സന്നദ്ധമാകണമെന്ന് അറിയിച്ചുകൊണ്ട്‌ കത്തുകള്‍ എഴുതിയും നബി സ്വ അവരോട് പോരാടി. തന്‍റെ വിയോഗത്തിന്‍റെ തലേന്നാള്‍ അസ് വദിന്‍റെ കഥ കഴിഞ്ഞിരുന്നു. അല്ലാഹുവിന്‍റെ ദീന്‍ നടപ്പിലാക്കുന്നതിന്നും  അതിനെ പ്രതിരോധിക്കുന്നതിന്നും താനനുഭവിക്കുന്ന മരണനോവുകള്‍ അവിടുത്തെ തടസ്സപ്പെടുത്തിയിരുന്നില്ല. ഇക്കള്ളന്മാര്‍ വിഹരിക്കുന്ന എല്ലാ ദിക്കിലുമുള്ള അറബ് മുസ്ലിംകള്‍ക്ക് ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ട് അവിടുന്ന് ദൂതന്മാരെ നിയോഗിച്ചിരുന്നു. ‘സഹകരിച്ചുപോകാം’ എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് മുസൈലിമ എഴുതിയ കത്തിന് തിരുദൂതര്‍ സ്വ ശക്തമായ നിരാകരണം കാണിച്ചുകൊണ്ട് മറുപടി കൊടുക്കുകയുണ്ടായി. ത്വുലൈഹയുടെ സഹോദരപുത്രന്‍ രഞ്ജിപ്പ് ആവശ്യപ്പെട്ട് നബി സ്വ യെ സമീപിച്ചിരുന്നു. അവര്‍ക്കെതിരെ അവിടുന്ന് പ്രാര്‍ഥിച്ചു. അങ്ങനെ അവരുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ തീരുമാനം നടപ്പിലായി.

********
തിരുനബിയുടെ അന്ത്യരോഗം

സൂറത്തുല്‍ ഫത്ഹിലൂടെ, അല്ലാഹു നബി സ്വ യെ അവിടുത്തെ മരണം ആസന്നമായതായി അറിയിച്ച സന്ദര്‍ഭത്തില്‍ അവിടുത്തെ മരണ സംബന്ധമായ അസുഖങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നെ സ്വഫര്‍ അവസാനത്തെ രണ്ടു നാളുകളില്‍ അവിടുത്തെ വല്ലാതെ ഉലച്ച ശക്തമായ മരണ വേദന പിടികൂടിയിരുന്നു. മാസത്തിലെ ദിവസങ്ങള്‍ ഓരോ ഭാര്യയ്ക്കും നിശ്ചയിച്ചിരുന്ന നബി സ്വ, ആ സന്ദര്‍ഭത്തില്‍ പത്നി മൈമൂനയുടെ വസതിയിലായിരുന്നു. എല്ലാ ഭാര്യമാരോടും അനുവാദം വാങ്ങിച്ച്, രോഗ ശുശ്രൂഷയ്ക്കുവേണ്ടി ആഇശ യുടെ വീട്ടിലേക്ക് താമസം മാറ്റി.

ഒരുവേള, വീട്ടില്‍ നിന്നും പുറത്തേക്ക് വന്ന്, ജനങ്ങളോട് പ്രസംഗിച്ചു. പിന്നെ അവിടെനിന്നും ഒഴിഞ്ഞുപോയി, ഉഹുദ് ശുഹദാക്കള്‍ക്ക്‌ വേണ്ടി നിസ്കരിക്കുകയും/ പ്രാര്‍ഥിക്കുകയും പാപമോചനത്തിന് തേടുകയും ചെയ്തു. “അല്ലാഹുവിന്‍റെ ദാസന്മാരില്‍ പെട്ട ഒരു വിനീത ദാസന്‍. ‘ഭൗതിക ലോകത്തുള്ളത് ആസ്വദിച്ചു ഇവിടെത്തന്നെ കൂടുതല്‍ കാലം ജീവിക്കണോ, അല്ലാഹുവിന്‍റെ തിരുസന്നിധിയിലുള്ള മഹാ സൗഭാഗ്യങ്ങള്‍ ആസ്വദിക്കാന്‍ പോരുന്നോ’ എന്ന ഹിതപരിശോധനയില്‍ ആ ദാസന്‍ അല്ലാഹുവിന്‍റെ തിരുസന്നിധി തെരഞ്ഞെടുത്തിരിക്കുന്നു”, ജനങ്ങളോട് ഒരിക്കല്‍ അവിടുന്ന് പറയുകയുണ്ടായി. അതിലെ സൂചനകള്‍ മനസ്സിലാക്കിയ അബൂബകര്‍ കരഞ്ഞുപോയി. “ഞങ്ങളുടെയോ മക്കളുടെയോ ജീവന്‍ പകരം നല്‍കിയാല്‍ താങ്കളുടെ ആയുസ്സ് കുറച്ചുകൂടി നീട്ടാമോ’ എന്ന്‍ അദ്ദേഹം ചോദിച്ചു. “വേണ്ട അബൂബകര്‍”, അവിടുന്ന് പ്രതിവചിച്ചു. 

എല്ലാ സഹവാസികളെയും ഒരുമിച്ചുകൂട്ടി, അവര്‍ സ്വാഗതം ആശംസിച്ചു. അപ്പോള്‍ അവിടുത്തെ കണ്ണുകള്‍ തുള്ളിയിടുന്നുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി ധാരാളം പ്രാര്‍ഥിച്ചു. ഇങ്ങനെ ഒസ്യത്ത് ചെയ്തു: “അല്ലാഹുവിനെ ഭയന്ന് ജീവിക്കാന്‍ നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. നിങ്ങളോട് കരുണ ചെയ്യാന്‍ അല്ലാഹുവിനോടും ഒസ്യത്ത് ചെയ്യുന്നു. എനിക്ക് ശേഷം എന്‍റെ പ്രതിനിധിയായി നിങ്ങള്‍ക്ക് ഞാന്‍ അവനെ തരുന്നു. നിങ്ങളെ ഞാന്‍ അവനെ ഏല്‍പിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരനും സുവിശേഷകനുമാണ്. നാട്ടിലും ജനങ്ങള്‍ക്കിടയിലും നിങ്ങള്‍ അല്ലഹുവിനേക്കാള്‍ ഉയരം നടിക്കരുത്. “ഭൂമിയില്‍ വലുപ്പവും അക്രമവും ഉദ്ദേശിക്കാത്ത യാതൊരുത്തര്‍ക്കുള്ളതത്രേ ആ പരലോകം; ഭക്തര്‍ക്കാകുന്നു ശുഭ പര്യവസാനം” എന്ന് അവന്‍ അരുളിയത് നിശ്ചയമായും എന്നോടും നിങ്ങളോടുമാണ് അവന്‍ അരുളിയത്. അവന്‍ ചോദിച്ചല്ലോ,  “അഹങ്കാരികള്‍ക്കുള്ളതല്ലേ ജഹന്നമിലെ സങ്കേതം?” എന്ന്.

പിന്നീട് അവര്‍ അവിടുത്തെ കുളിപ്പിക്കുന്നതിനെ കുറിച്ചു ചോദിച്ചുവെച്ചു. അവിടുന്ന് പറഞ്ഞുകൊടുത്തു: “ എന്‍റെ കുടുംബത്തിലെ ഏറ്റവും അടുത്തവര്‍ എന്നെ കുളിപ്പിക്കട്ടെ”. കഫന്‍ ചെയ്യുന്നതിനെക്കുറിച്ചും അവര്‍ ചോദിച്ചു. “അണിഞ്ഞിരിക്കുന്ന ഈ വസ്ത്രത്തില്‍, അല്ലെങ്കില്‍ എന്‍റെ ‘മിസ്വരീ വെള്ളക്കുപ്പായ’ത്തില്‍, അതുമല്ലെങ്കില്‍ യമാനി നീളപ്പുടവയില്‍ എന്നെ പൊതിയാം’. നിസ്കാരത്തെ കുറിച്ചും അവര്‍ ചോദിച്ചു. “എന്‍റെ വീട്ടില്‍ ഒരു കട്ടിലില്‍ എന്നെ കിടത്തുക, എന്‍റെ ഖബ്രിന്‍റെ അരികില്‍. പിന്നെ കുറച്ചു നേരത്തേക്ക് നിങ്ങള്‍ പുറത്തുപോവുക. എന്‍റെ മേല്‍ ആദ്യം മലക്കുകള്‍ നിസ്കരിക്കട്ടെ. പിന്നെ നിങ്ങള്‍ സംഘം സംഘമായി വന്നു നിസ്കരിച്ചോളൂ. ആദ്യം എന്‍റെ കുടുംബത്തിലെ പുരുഷന്മാര്‍. പിന്നെ അവരിലെ സ്ത്രീകളും”, അവിടുന്ന് വ്യക്തമായി പറഞ്ഞുകൊടുത്തു. ഖബ്രില്‍ വെക്കുന്നത് ആരായിരിക്കണം എന്നാ കാര്യവും അവര്‍ ചോദിച്ചു മനസ്സിലാക്കി. “എന്‍റെ കുടുംബാംഗങ്ങള്‍”, അവിടുന്ന് പറഞ്ഞു കൊടുത്തു.

‘ഒരു മഷിക്കുപ്പിയും കടലാസും കൊണ്ടുത്തരൂ, എനിക്ക് ശേഷം നിങ്ങള്‍ പിഴക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ഞാന്‍ എഴുതിത്തരാം’, അവിടുന്ന് അറിയിച്ചു. അവര്‍ ഭിന്നഭിപ്രായത്തിലായി. അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: “തര്‍ക്കം നിര്‍ത്തൂ’. നബി സ്വ കാര്യം തിരക്കി. അവര്‍ വീണ്ടും വന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എന്നെ പറയാന്‍ അനുവദിക്കൂ, നിങ്ങള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തെക്കാള്‍ ഞാന്‍ നിലകൊള്ളുന്ന കാര്യമാണ് ഉത്തമം. ഞാന്‍ മൂന്നു കാര്യങ്ങള്‍ ഉപദേശിക്കുന്നു: ഒന്ന്, അവര്‍ അറേബ്യന്‍ ഉപദ്വീപില്‍ നിന്നും ബഹുദൈവ വിശ്വാസികളെ പുറത്താക്കണം. രണ്ട്, നിവേദക സംഘങ്ങള്‍ക്ക് നേരത്തെപോലെ പ്രവേശനാനുമതി നല്‍കണം. മൂന്നാമത്തെ കാര്യം അവിടുന്ന് പറഞ്ഞില്ല. സംഭവം ഉദ്ധരിക്കുമ്പോള്‍  ആ വ്യക്തിക്കു മറന്നുപോയതായിരിക്കാനും സാധ്യതയുണ്ട്.

അന്‍സ്വാറുകളായ ശിഷ്യന്മാരോട് സമുദായം നല്ല നിലയില്‍ വര്‍ത്തിക്കാന്‍ അവിടുന്ന് ഒസ്യത്ത് ചെയ്തു: “അവര്‍ എന്‍റെ സൈന്യമാണ്‌; ഞാന്‍ ആശ്വാസം തേടി അണഞ്ഞ എന്‍റെ വീട്ടുകാരാണ്. അവരിലെ ബഹുമാന്യരെ നിങ്ങള്‍ ആദരിക്കുവീന്‍, തെറ്റു ചെയ്യുന്നവര്‍ക്ക് മാപ്പ് നല്‍കുവീന്‍. മുഹാജിറുകളേ നിങ്ങള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു; എന്നാല്‍ അന്‍സ്വാറുകള്‍ വര്‍ദ്ധിക്കുന്നില്ല.”

തുടര്‍ന്ന് അവിടുന്ന് കല്‍പിച്ചു: “മസ്ജിദിലെ വാതിലുകളെല്ലാം അടയ്ക്കൂ. അബൂബകറിന്‍റെ വീട്ടിലേക്കുള്ള വാതിലൊഴികെ. ഞാനുമായുള്ള സഹവാസത്തില്‍, അബൂബകറി നേക്കാള്‍ എന്‍റെയടുക്കല്‍ ഏറ്റവും ഉദാത്തമായ അടുപ്പമുള്ള ഒരു മനുഷ്യനെ എനിക്കറിയില്ല. ഒരു ഇഷ്ട ചങ്ങാതിയെ (=ഖലീല്‍) ഞാന്‍ വരിക്കുമായിരുന്നെങ്കില്‍ അബൂബകറിനെ ഞാന്‍ ഖലീലാക്കുമായിരുന്നു. എന്നാല്‍, കൂട്ടുകെട്ടിന്‍റെ സഹവാസമായിരുന്നില്ല ഞങ്ങള്‍ തമ്മില്‍; സാഹോദര്യത്തിന്‍റെയും  വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലുള്ള സഹവാസമായിരുന്നു. അല്ലാഹു തന്‍റെ സന്നിധിയില്‍ ഞങ്ങളെ ഒരുമിച്ചുകൂട്ടുവോളം നീണ്ടുനില്‍ക്കുന്ന സഹവാസം.”

അവിടുത്തെ ശരീര വേദന കനപ്പെട്ടു. അതിനാല്‍, അവിടുന്ന് ബോധരഹിതനായി. പത്നിമാരും മക്കളും വീട്ടുകാരും ബന്ധുക്കളും വിശിഷ്യാ അബ്ബാസും അലിയും അവിടെ തടിച്ചുകൂടി. അടുത്ത നിസ്കാര സമയമായപ്പോള്‍ അവിടുന്ന് കണ്ണുതുറന്ന് പറഞ്ഞു: “അബൂബകറിനോട് പറയൂ, ജനങ്ങള്‍ക്ക് അദ്ദേഹം നിസ്കാരത്തിനു നേതൃത്വം കൊടുക്കട്ടെ.” അപ്പോള്‍ ആഇശ പറഞ്ഞു: “ അദ്ദേഹം വാള്‍ ധരിച്ചിട്ടുണ്ട്; അങ്ങയുടെ സ്ഥാനത്ത് നില്‍ക്കാന്‍ സാധിക്കണമെന്നില്ല”. അപ്പോള്‍ ഉമര്‍ കടന്നുവന്നെങ്കിലും ഉമര്‍ തയ്യാറായില്ല. അബൂബകര്‍ തന്നെ നിസ്കരിച്ചു. ഒരല്‍പം ആശ്വാസം തോന്നിയ തിരുദൂതര്‍ സ്വ പതുക്കെ കിടപ്പുമുറിയില്‍ നിന്നും പുറത്തുവന്നു. അവിടുന്ന് വരുന്നത് അനുഭവപ്പെട്ട അബൂബകര്‍ ഇമാമിന്‍റെ സ്ഥാനത്തുനിന്നും പതുക്കെ പിന്നോട്ടാഞ്ഞു. അതുകണ്ടപ്പോള്‍, അബൂബകര്‍ ഓതിയെത്തിയതിന്‍റെ ബാക്കി പാരായണം ചെയ്തുകൊണ്ട് തിരുനബി അബൂബകറിനെ ആ സ്ഥാനത്തേക്ക് തന്നെ പിടിച്ചു നിറുത്തി.
തുടര്‍ന്നുവന്ന ഓരോ നിസ്കാരത്തിനും അബൂബകര്‍ തന്നെ ഇമാമായി. ജനങ്ങള്‍ അദ്ദേഹത്തിന്‍റെ കൂടെ നിസ്കരിച്ചു. ഇങ്ങനെ പതിനേഴ്‌ വഖ്ത് നിസ്കാരങ്ങള്‍ക്ക് അബൂബകര്‍ നേതൃത്വം നല്‍കിയതായി പറയപ്പെട്ടിട്ടുണ്ട്.

മരണ നോവിലായിരിക്കേ, അവിടുന്ന് പാത്രത്തില്‍ കയ്യിട്ട് വെള്ളമെടുത്ത് മുഖം തടവുകയും “ മരണ നോവിനെ അതിജയിക്കാന്‍  അല്ലാഹുവേ എന്നെ സഹായിക്കണേ” എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവിടുന്ന് വഫാതായ തിങ്കളാഴ്ച ദിനം. അബൂബകര്‍ ജനങ്ങള്‍ക്ക് ഇമാമായി സ്വുബ്ഹ് നിസ്കാരത്തിലാണ്. അവിടുന്ന് തല തുണികൊണ്ട് പൊതിഞ്ഞ നിലയില്‍ അവിടേക്ക് കടന്നുവന്നു. അബൂബകര്‍ പെട്ടെന്ന് പിന്മാറാന്‍ ഭാവിച്ചു. പ്രവാചകന്‍ തന്‍റെ കൈകൊണ്ട് അത് തടഞ്ഞു. അബൂബകറി ന്‍റെ വലതുഭാഗത്ത് ഇരുന്നു നിസ്കരിച്ചു. നിസ്കാരശേഷം, ജനങ്ങളെ അഭിമുഖീകരിച്ചു, അവരെ ഉദ്ബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു. അവിടുന്ന് സംസാരം അവസാനിപ്പിച്ചപ്പോള്‍ അബൂബകര്‍ അവിടുത്തോട്‌ പറഞ്ഞു: “ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അങ്ങ് ഞങ്ങള്‍ ആഗ്രഹിച്ചപോലെ ആരോഗ്യവാനായി കാണപ്പെടുന്നു”. പിന്നീട് അബൂബകര്‍ സന്‍ഹിലെ തന്‍റെ വീട്ടുകാരുടെ അടുത്തേക്ക് പോവുകയും ചെയ്തു.
വിയോഗം

വീട്ടില്‍ പ്രവേശിച്ച തിരുദൂതര്‍ സ്വ ആഇശയുടെ മുറിയില്‍/ മടിയില്‍  കിടന്നു. അബൂബകറിന്‍റെ പുത്രന്‍ അബ്ദുറഹ്മാന്‍ അവിടേക്ക് കടന്നുവന്നു. പച്ചപ്പുള്ള സിവാക്ക് കൊള്ളി അദ്ധേഹത്തിന്‍റെ കയ്യിലുണ്ടായിരുന്നു. അവിടുന്ന് അതിലേക്കൊന്നു നോക്കി. ആഇശക്ക് മനസ്സിലായി തിരുനബി ആ സിവാക്ക് ഉപയോഗിച്ച് പല്ല് തേക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്. ആഇശ പറയുന്നു: “ ഞാന്‍ അത് കടിച്ചു പതംവരുത്തി അവിടുത്തേക്ക്‌ നല്‍കി. അവിടുന്ന് പല്ലുതേച്ച ശേഷം അതവിടെ വെച്ചു. പിന്നെ എന്‍റെ മടിയില്‍ കിടന്ന് അവിടുന്ന് കൂടുതല്‍ മരണ ഭാരം അനുഭവിക്കുന്നത് കണ്ടു. ഞാന്‍ അവിടുത്തെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവിടുത്തെ കണ്ണുകള്‍ മുകളിലേക്ക് നോട്ടമുറപ്പിച്ചു പിടിച്ചിരിക്കുകയാണ്. “ സ്വര്‍ഗ്ഗത്തിലെ ഉന്നതനായ കൂട്ടുകാരനിലേക്ക്” എന്നിങ്ങനെ അവിടുന്ന് മൊഴിയുന്നത് കേള്‍ക്കാം. അവിടുത്തോട്‌ മാലാഖ മരണം അല്ലെങ്കില്‍ ജിവിതം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് മരണം തിരഞ്ഞെടുത്തിരിക്കയാണെന്ന്, ഭാവ- സന്ദര്‍ഭങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായി. ആഇശ റ പറയാറുണ്ടായിരുന്നു: “എന്‍റെ മടിയിലും നെഞ്ചത്തുമായി കിടന്നാണ് അന്ത്യദൂതര്‍ സ്വ ദിവംഗതനായത്” .
..തിങ്കളാഴ്ച പകല്‍ പകുതി പിന്നിട്ട സമയത്തായിരുന്നു അവിടുത്തെ വിയോഗം..

അവിടുത്തെ വിയോഗവാര്‍ത്ത ജനങ്ങളെ അറിയിച്ചു. അപ്പോള്‍ അബൂബകര്‍ സന്ഹിലെ തന്‍റെ വീട്ടിലായിരുന്നു. ഉമര്‍ അവിടെ സന്നിഹിതനായി. അദ്ദേഹം ജനങ്ങളോട് വിളിച്ചു പറഞ്ഞു: “കപടവിശ്വാസികളായ ചിലര്‍ കരുതുന്നു അല്ലാഹുവിന്‍റെ തിരുദൂതര്‍ സ്വ മരണപ്പെട്ടുവെന്ന്.! തീര്‍ച്ചയായും അവിടുന്ന് മരിച്ചിട്ടില്ല. അവിടുന്ന് തന്‍റെ റബ്ബിങ്കലേക്ക് പോയിരിക്കുകയാണ്, മൂസാ നബി യാത്ര തിരിച്ചപോലെ. അവിടുന്ന് വരട്ടെ, കപടന്മാരുടെ കൈകാലുകള്‍ മുറിച്ചുകളഞ്ഞോളും”.
വാര്‍ത്ത എത്തിയപ്പോള്‍ അബൂബകര്‍ ആഗതനായി. തിരുദൂതരുടെ അരികിലെത്തി, മുഖത്തെ മറ നീക്കി. അവിടുത്തെ ചുംബിച്ചു. എന്നിട്ട് പറഞ്ഞു: എന്‍റെ ഉപ്പയേയും ഉമ്മയേയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, അല്ലാഹു തീരുമാനിച്ച മരണത്തെ അങ്ങ് രുചിച്ചിരിക്കുന്നുവല്ലോ! ഇനിയൊരു മരണം അങ്ങേയ്ക്കില്ല, ഒരിക്കലും”.

അദ്ദേഹം ഉമറിന്‍റെ അരികിലെത്തി. ഉമര്‍ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്. “നിര്‍ത്തൂ ഉമര്‍”. ഉമര്‍ നിരസിച്ചു. അപ്പുറത്തേക്ക് നീങ്ങിനിന്നു അബൂബകര്‍ ജനങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, ആളുകള്‍ ഉമറിനെ വിട്ടു അവിടെ തടിച്ചുകൂടി. അല്ലാഹുവിനെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും അബൂബകര്‍ സംസാരം ആരംഭിച്ചു. “ജനങ്ങളേ, ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ അവര്‍ മനസ്സിലാക്കട്ടെ, നിശ്ചയം മുഹമ്മദ്‌ മരിച്ചു. ആരാണോ അല്ലാഹുവിനെ ഇബാദത്ത് ചെയ്തിരുന്നത്, അവര്‍ അറിയുന്നു, അല്ലാഹു മരിക്കാതെ ജീവിച്ചിരിക്കുന്നു”. അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ വചനം ഓതിക്കേല്‍പ്പിച്ചു: “ മുഹമ്മദ്‌ ദൂതന്‍ അല്ലാതെ മറ്റാരുമല്ല. അദ്ദേഹത്തിനു മുമ്പ് നേരെയും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്..”
ആ വചനം കേട്ടപ്പോള്‍, അങ്ങനെയൊരു വചനം ഇറങ്ങിയ കാര്യം  അത്രയും കാലം അറിയാത്തപോലെ ജനങ്ങള്‍ കൌതുകപ്പെട്ടു. ഉമര്‍ പറഞ്ഞു: “അബൂബകര്‍ അത് പാരായണം ചെയ്തപ്പോഴാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്! അത് കേട്ടപാടെ എന്‍റെ ഇരുകാലുകള്‍ വഹിച്ചിരുന്നതെല്ലാം നിലത്തുവീണു!! തിരുദൂതര്‍ മരണപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായി”.
(“നിശ്ചയം താങ്കള്‍ മരിക്കും; അവരും മരിക്കും” എന്ന ആശയമുള്ള സൂക്തവും അബൂബകര്‍ അവിടെ പാരായണം ചെയ്തത്രേ”)

അവരങ്ങിനെ നില്‍ക്കേ, അവിടെ ഓടിയെത്തിയ ഒരാള്‍, ബനൂ സാഇദാ തറവാട്ടുകാരുടെ പന്തലില്‍ അന്‍സ്വാറുകള്‍ സംഗമിച്ചിരിക്കുന്നതായും അവര്‍ സഈദ് ബ്നു ഉബാദ യെ ബൈഅത്ത് ചെയ്യാന്‍ ആലോചിക്കുന്നതായും അറിയിച്ചു. “ഞങ്ങള്‍ക്കിടയില്‍ നിന്നും ഒരു നേതാവ്, ഖുറൈശികള്‍ക്കിടയില്‍ മറ്റൊരു നേതാവ്” എന്നായിരുന്നു അവര്‍ വാദിച്ചത്. ഉടനെ അബൂബകറും ഉമറും ഒരു സംഘം മുഹാജിറുകളും അങ്ങോട്ടു പുറപ്പെട്ടു. അലിയ്യും അബ്ബാസും തന്‍റെ മക്കള്‍ ഫള് ലും ഖുസമും പിന്നെ ഉസാമത്ത് ബ്നു സൈദും തിരുദൂതരുടെ മയ്യിത്ത് പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
സംസ്കരണം
അലി അവിടുത്തെ പുറം താഴെ മുതല്‍ തോളുവരെ കഴുകി. അബ്ബാസും മക്കളും തിരു ശരീരം പിടിച്ചു ആവശ്യാനുസരണം തിരിച്ചും മറിച്ചും സഹായിച്ചു. ഉസാമയും ശഖ്റാനും വെള്ളം ഒഴിച്ചു കൊടുത്തു. അവിടുന്ന് അണിഞ്ഞിരിക്കുന്ന ഖമീസിനു പുറത്തുകൂടെ അലി കൈ ഉരസുകയാണ്. നേരിട്ട് തൊലിയില്‍ സ്പര്‍ശിക്കാതെ. വസ്ത്രം നീക്കണോ വേണ്ടയോ എന്ന പ്രശ്നം അവര്‍ക്കിടയില്‍ ഉയര്‍ന്നു. അപ്പോള്‍ അവരെ ഒരു മയക്കം പിടിപ്പെട്ടു. അവര്‍ ചെറുതായൊന്ന് ഉറക്കം തൂങ്ങി. അപ്പോള്‍ അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നു, ‘വസ്ത്രം അണിഞ്ഞ സ്ഥിതിയില്‍ തന്നെ അവിടുത്തെ കുളിപ്പിക്കൂ’. അവര്‍ അപ്രകാരം ചെയ്തു. തുടര്‍ന്ന്, പിംഗല വര്‍ണ്ണമുള്ള രണ്ടു തുണികളും ഒരു യമനീ മേല്‍ പുതപ്പും അടുക്കായി വെച്ചു അതില്‍ അവിടുത്തെ കഫന്‍ ചെയ്തു.

കുഴി കുഴിക്കുന്ന രണ്ടുപേരെ അവര്‍ അന്വേഷിച്ചു. (വശങ്ങളിലേക്ക് പൊളിക്കുന്ന) ലഹ്ദു കുഴിയുടെ ആളെയും നേരെ താഴേക്ക് പൊളിക്കുന്ന കുഴിയുടെ ആളെയുമായിരുന്നു തിരഞ്ഞത്. അവരെ വിളിക്കാന്‍ രണ്ടുപേരെ അബ്ബാസ് പറഞ്ഞയച്ചു. “അല്ലാഹുവേ നിന്‍റെ ദൂതന് നീ പൊറുത്തു കൊടുക്കൂ” എന്ന്‍ അദ്ദേഹം പ്രാര്‍ഥിച്ചു. മദീന നിവാസികള്‍ക്ക് ലഹ്ദ് കുഴിച്ചു കൊടുക്കാറുള്ള  അബൂ ത്വല്‍ഹ സൈദ്‌ ബ്നു സഹ്ല്‍ സ്ഥലത്തെത്തി. നബി സ്വ യ്ക്ക് വേണ്ടി അദ്ദേഹം കുഴി ഒരുക്കി.

ചൊവ്വാഴ്ച. മയ്യിത്ത് സംസ്കരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവിടുത്തെ വീട്ടില്‍ ഒരു കട്ടിലില്‍ അവിടുത്തെ കിടത്തി. മസ്ജിദിലാണോ വീട്ടിലാണോ ദഫന്‍ ചെയ്യേണ്ടത് എന്ന പ്രശ്നം ഉയര്‍ന്നുവന്നു. അപ്പോള്‍ അബൂബകര്‍ റ പറഞ്ഞു: “ഏതൊരു പ്രവാചകനെയും, എവിടെ വെച്ചാണോ ആത്മാവ് പിടിക്കപ്പെട്ടത് അവിടെ അടക്കം ചെയ്യണം” എന്ന്‍ തിരുനബി സ്വ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ, അവിടുന്ന് മരണപ്പെട്ട പായ നീക്കി അതിനു ചുവടെ കുഴി ഉണ്ടാക്കുകയായിരുന്നു ചെയ്തത്.

ആളുകള്‍ കൂട്ടം കൂട്ടമായി വന്ന് അവിടുത്തെ മേല്‍ മയ്യിത്ത് നിസ്കരിച്ചു. ആദ്യം പുരുഷന്മാര്‍. പിന്നെ സ്ത്രീകള്‍. ശേഷം കുട്ടികള്‍. പിന്നാലെ അടിമകള്‍. ഒരാളും മറ്റൊരാള്‍ക്ക് ഇമാം ആയില്ല. അതിനുശേഷം, ചൊവ്വാഴ്ച രാത്രി പകുതിയോടെ അവിടുത്തെ ദഫന്‍ ചെയ്തു. (ഏതാണ്ട് മുപ്പത്താറു മണിക്കൂറിനകം). 

റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം രാവിലായിരുന്നു അതെന്ന് ആഇശ റ യില്‍ നിന്നും വന്നിട്ടുണ്ട്. അപ്പോള്‍ ഹിജ്റ പത്തു വര്‍ഷം പൂര്‍ത്തിയായി എന്നര്‍ത്ഥം. അറുപത്തി മൂന്ന് വയസ്സായിരുന്നു. അറുപത്തഞ്ചെന്നും അറുപതെന്നും അഭിപ്രായങ്ങളുണ്ട്.

Leave a Reply