ഹദീസുകള്‍ കാണുന്ന മാത്രയില്‍ അതെടുത്ത് പ്രസംഗിക്കുന്ന ഖതീബുമാരുണ്ട്. സോഷ്യല്‍ മീഡിയരംഗത്തും കാണാം അത്തരക്കാരെ. ജനങ്ങളെ പ്രോത്സാഹിപ്പിക്കാനോ നിരുല്സാഹപ്പെടുത്താനോ അവ നന്നായി ഉപയോഗപ്പെടുത്താം എന്നാണ് അവരുടെ സദുദ്ദേശ്യം. അതിലടങ്ങിയ കര്മ്മങ്ങള്ക്ക് ഫിഖ്ഹില്‍ കണക്കാക്കിയ റുത്‌ബ ജനങ്ങളോട് പറയുമ്പോള്‍ അത്രയ്ക്ക് വികാരം കൊള്ളിക്കാന്‍ കഴിയില്ല എന്ന പ്രതിസന്ധി മറികടക്കാനാണ് ഹദീസ് അല്ലെങ്കില്‍ കഥ പറഞ്ഞു ‘തിരികയറ്റു’ന്നത്. ആഗ്രഹം കൊള്ളാം, പക്ഷേ, അതിന്‍റെ പ്രത്യാഘാതത്തെ ക്കുറിച്ച് അവര്‍ പര്യാലോചിക്കാറില്ല.
ദുര്ബ്ബല ഹദീസുകളെ അനര്‍ഹമായ പ്രാധാന്യത്തോടെ കൊണ്ടാടുന്നവരാണ് മിക്ക മതപ്രസംഗകരും പ്രചാരകരും. ചില പ്രത്യേക രാവുകളില്‍/ പകലുകളില്‍/ ചടങ്ങുകളില്‍ ചൊല്ലലും ചെയ്യലും സുന്നത്ത് ആണെന്ന് ബോധ്യപ്പെടുത്താനാണ് അവര്‍ കൂടുതലായും ദുര്ബ്ബല ഹദീസുകളെ പുറത്തെടുക്കുന്നത്. അത്തരം ഹദീസുകള്‍ ‘ഫളാഇലുല്‍ അഅ്മാലി’നും ഉപദേശകഥകള്ക്കും മനാഖിബുകള്ക്കും് ഉപയോഗിക്കാം എന്ന അനുവാദത്തെ അവര്‍ തെറ്റുദ്ധരിച്ചിരിക്കുന്നു.
ദുര്‍ബ്ബല ഹദീസുകളെ അടിസ്ഥാനമാക്കി ഫിഖ്ഹ് കിതാബുകളില്‍ ചില ദിക്റുകള്‍/ കര്മ്മങ്ങള്‍ ‘സുന്നത്താ’ണെന്ന് എഴുതിവെച്ചിട്ടുണ്ട്. അത്തരം മസ്അലകള്‍ പരസ്യമാക്കി അതിലടങ്ങിയ കാര്യം മുസ്‌ലിം സമുദായത്തിന്റെ് ഒരു അടയാളമായി (ശിആര്‍) വികസിപ്പിക്കുന്ന ത്യാഗോജ്ജലമായ ദഅവത്താണ് ഇക്കാലത്ത് മത മേഖലയിലെ മിക്ക ഔദ്യോഗിക വൃത്തങ്ങളും ചെയ്തുവരുന്നത്.
ഫിഖ്ഹ് കിതാബുകളെയും അതിലെ മസ്അലാ വ്യന്യാസ രീതികളെയും സമീപിക്കാന്‍ പഠിക്കാത്തതിന്‍റെ കുഴപ്പമാണ് ഇത്. ഹദീസ് കാണുമ്പോഴേക്കും ഇതിലിതാ ഇസ്‌ലാം എന്ന് പാഞ്ഞുവരുന്ന മദ്ഹബ് നിഷേധികളുടെ നിലവാരത്തിലേക്ക് ഫിഖ്ഹ് കിതാബുകളെ പകര്ത്തുന്നവരും താഴ്ന്നുപോയിരിക്കുന്നു.
ദുര്ബ്ബല ഹദീസ് പ്രചരിപ്പിക്കല്‍, അവയുടെ അടിസ്ഥാനത്തില്‍ അമലുകള്‍ പ്രോത്സാഹിപ്പിക്കല്‍ എന്ന പ്രശ്നവുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങള്‍ ‘മതമേലാള’ന്മാരോട് സവിനയം സഗൗരവം ഉണര്ത്തുന്നു.
ഒന്ന്‍,
ദുര്ബ്ബല ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ നബി സ്വ യിലേക്ക് അതിനെ ബന്ധിപ്പിക്കുന്ന ഉറപ്പുള്ള വാക്കുകള്‍ പ്രയോഗിക്കരുത്. അത് വലിയൊരു മര്യാദയാണ്. ഒരുവേള നബി സ്വ അങ്ങനെ പറയുകയോ ചെയ്യുകയോ ഉണ്ടായിട്ടില്ലെങ്കില്‍ നബി തങ്ങളുടെ മേല്‍ കളവു പ്രചരിപ്പിക്കല്‍ ആകുമെന്ന ഭയം തീര്ച്ചയായും വേണം. മഹാജ്ഞാനി ഇമാം നവവി റഹി യുടെ വാക്കുകള്‍ നമുക്ക് സല്ബുദ്ധി തരട്ടെ:
قال المحققون من اهل الحديث : إن كان الحديث ضعيفا لا يقال فيه “قال رسول الله صلى الله عليه وسلم او أمر أو نهى أو حكم وما أشبه ذلك من صيغ الجزم , وكذا لا يقال فيه روى أبو هريرة أو قال أو ذكر أو أخبر أو حدث أو نقل وما أشيهه ذلك , وكذا لا يقال في التابعين ومن بعدهم فيما ان كان ضعيفا فلا يقال في شيئ من ذلك بصيغة الجزم , وانما يقال في هذا كله رُوِي عنه أو حُكي عنه أو بلغنا عنه أو يقال أو يذكر أو يحكى أو يروى أو يرفع أو يعزى وما اشبه ذلك من صيغ التمريض لما سواهما , وذلك أن صيغة الجزم تقتضي صحة عن المضاف اليه فلا ينبغي ان يطلق فيما صح والا فيكون الإسناد ف معنى الكذب عليه ص , وهذا الأدب أخل به المصنف (يعني صاحب المهذب أبا اسحاق الشيرازي ) وجمهاهير الفقهاء من أصحابنا وغيرهم , بل جماهير أصحاب العلوم مطلقا ما عدا المحدثين , وذلك تساهل قبيح فانهم يقولون كثيرا في الصحيح رُوي عنه وفي الضعيف قال ورَوى فلان , وهذا حيد عن الصواب ” ( شرح المهذب)
ചുരുക്കസാരം: ദുര്ബ്ബدല ഹദീസ് ആണെങ്കില്‍ നബി സ്വ യിലേക്ക് ചേരുന്ന ഉറപ്പായ പദം ഉപയോഗിക്കരുത്, നബി സ്വ പറഞ്ഞു എന്നോ മറ്റോ പറയരുത്.. പകരം, നബി സ്വ യില്‍ നിന്നും റിപ്പോര്ട്ട് ‌ ചെയ്യപ്പെട്ടു/ പറയപ്പെട്ടിരിക്കുന്നു എന്നെല്ലാമുള്ള ഉറപ്പില്ലാത്ത പദങ്ങള്‍ ഉപയോഗിക്കണം. ഇക്കാര്യം മിക്ക ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും ശ്രദ്ധിച്ചിട്ടില്ല. അത് മോശമായ അശ്രദ്ധയായെന്നു പറയാതിരിക്കാന്‍ വയ്യ.”
ഇത് സാധിക്കാന്‍ കണ്ണില്‍പെടുന്ന ഹദീസുകളുടെ നിജസ്ഥിതി അറിയാനുള്ള പാടവം ഉണ്ടാകണം. ഹദീസ് വൈദഗ്ധ്യം ഇല്ലാത്തവരുടെ രചനകളില്‍ നിന്നും ഹദീസ് പകര്ത്താതിരിക്കുക. ഫഖീഹ് ആണെങ്കില്‍ പോലും, ഫിഖ്ഹീ രചനകളില്‍ കൃത്യമായ ഹദീസ് നിലവാര പരാമര്ശം ഇല്ലാതെ പറഞ്ഞുപോകുന്ന ഹദീസുകള്‍ നബി സ്വ യിലേക്ക് ചേര്ത്തു പറയുന്നതിന് മുമ്പ് അതിന്റെ നിലവാരം മനസ്സിലാക്കുക. (ഈ വക കാര്യങ്ങള്ക്ക് ശേഷി ഉണ്ടാകുന്നില്ലെങ്കില്‍ പിന്നെയെന്ത് പിണ്ണാക്ക് പഠിക്കാനാ പത്തും അതിലേറെയും വര്ഷ്ങ്ങള്‍ ദര്സിലും അറബി/ദഅവാ കോളേജിലും മറ്റും ആയുസ്സ് കത്തിച്ചുകളയുന്നത്?!)
രണ്ട്,
ദുര്‍ബ്ബല ഹദീസുകള്‍ അടിസ്ഥാനമാക്കിയുള്ള ‘സുന്നത്ത്’ (?!!!!) കര്മ്മങ്ങള്‍/ ദിക്റുകള്‍ പ്രോത്സാഹിപ്പിക്കുകയോ അത് പ്രകടമായ ഒരു അടയാളമായി വികസിപ്പിക്കുകയോ ചെയ്യാതിരിക്കുക.
ദുര്ബ്ബല ഹദീസ് കൊണ്ട് മന്ദൂബ്/ വാജിബ്/ ഹറാം തുടങ്ങിയ ഹുക്മുകള്‍ സ്ഥാപിതമാകില്ല എന്നറിയാലോ. സ്ഥിരപ്പെട്ട വല്ല അമലുകളുടെയും അനുബന്ധമായി വരുന്നതോ അവയുടെ പുണ്യം അറിയിക്കുന്നതോ ആയിട്ടേ ദുര്ബ്ബല ഹദീസുകളെ കാണാവൂ. ഇത്തരം അനുബന്ധ കര്‍മ്മങ്ങള്‍ വ്യക്തി ജീവിതത്തില്‍ വേണമെങ്കില്‍ എടുക്കാം എന്ന നിലക്കാണ് ഫിഖ്ഹ് കിതാബുകളില്‍ അവ പറയുന്നത്. പ്രകടമായ കര്മ്മമായോ പ്രചരിപ്പിക്കേണ്ട ഇസ്ലാമിക ചിഹ്നമായോ അത് മാറുമ്പോള്‍ ഉടനെ സ്റ്റോപ്പ്‌ ചെയ്യേണ്ടതും തടയേണ്ടതും ആണ്.
അല്ലാമാ സബീദി റഹി കുറിക്കുന്നു:
وما كان ضعيفا لم يدخل في حيز الموضوع فإن أحدث شعارا في الدين لا يعمل به وإلا عمل به “
” മുസ്ലിംകളുടെ മത ചിഹ്നമായി പുതിയൊരു നടപ്പിനെ സൃഷ്ടിക്കുന്ന പക്ഷം, ദുര്ബ്ബ ല ഹദീസ് അവലംബിച്ചു കര്മ്മം ചെയ്തുകൂടാ. അത്രയ്ക്ക് പ്രചാരം വരുന്നില്ലെങ്കില്‍ ആകാം.”
‘സലഫിലോ ഖലഫിലോ ഇത്ര ഇരുത്തം ചെന്ന ജ്ഞാനിയെ കൂടുതലൊന്നും കാണില്ല’ എന്ന് ശാഹ് അബ്ദുല്‍ അസീസ്‌ ദഹ്ലവി റഹി വര്ണ്ണിച്ച ഇബ്നു ദഖീഖില്‍ ഈദ് റഹി പറയുന്നു:
“وما ورد فيه الحديث لا ينتهي الى الصحة فان كان حسنا عمل به ما لم يعارضه أقوى منه , وما كان ضعيفا فان أحدث شعارا مُنع وان لم يحدث يحتمل أن يقال انه مستحب لدخوله تحت العمومات المقتضية لفعل الخير ويحتمل أن يقال يحتاج إلى دليل خاص يقتضي اشتحبابه بخصوصه وهو الأقرب “
“സ്വഹീഹല്ലെങ്കില്‍ പിന്നെ ഹസന്‍. അത് സ്വഹീഹായ ഹദീസിനു വിരുദ്ധമായ ആശയം തരുന്നില്ലെങ്കില്‍ അതുവെച്ച് അമല്‍ ചെയ്യാം. പിന്നെ ളഈഫ്. അത് ഒരു ശിആറിനെ പുതുതായി ഉണ്ടാക്കുന്നുവെങ്കില്‍ അതവലംബമാക്കിയുള്ള കര്മ്മം തടയണം. സ്വകാര്യ ജീവിതത്തില്‍ അമല്‍ ചെയ്ത് പോകുന്നേ ഉള്ളൂവെങ്കില്‍, ഇസ്ലാമില്‍ സ്ഥിരീകൃതമായ പൊതുനന്മയുടെ ഗണത്തില്‍ വരുന്നുവെങ്കില്‍ അതിനെ മുസ്തഹബ്ബ് എന്ന് വിളിക്കാം. പുതിയൊരു മുസ്തഹബ്ബ് എന്ന നിലയില്‍ എടുക്കുമ്പോള്‍ വേറെ തെളിവ് തരണം. അതാണ്‌ കൂടുതല്‍ ഭദ്രമായ നിലപാട്”
ദുര്ബ്ബല ഹദീസ് അവലംബിച്ച് പണിയെടുക്കാം പക്ഷേ, പതിവാക്കരുത് എന്നത്രേ മദ്ഖലില്‍ കുറിച്ചിരിക്കുന്നത്. “വേണമെങ്കില്‍ ആയുസില്‍ ഒരു തവണ ചെയ്യാം. ഒരുവേള അത് ശരിയായ ഹദീസ് ആയിരുന്നെങ്കില്‍ അതനുസരിച്ച് ഒരിക്കലെങ്കിലും അമല്‍ ചെയ്തല്ലോ. എന്നാല്‍ അസ്വീകാര്യമായ ഹദീസ് ആയിരുന്നെങ്കിലോ, പ്രശ്നമില്ല, പുണ്യമെന്ന് നിനച്ച് ചെയ്തതല്ലേ, അതൊരു ശിആര്‍ ആക്കിയിട്ടൊന്നും ഇല്ലല്ലോ എന്ന് സമാധാനിക്കാം”, മദ്ഖലിന്റെ ഭാഷ.
(فلا يضره لانه انما فعل خيرا ولم يجعله شعيرة من شعائر الدين)
ചിന്തിക്കുക. ഓരോന്നിനും ഓരോ പദവി ഉണ്ട്. അതിലേറെ അതിനുവേണ്ടി കിതക്കരുത്..
Leave a Reply