മുസ്ലിമായിരുന്ന ഒരാള്‍ കാഫിറാകുന്നതിനെയാണ് രിദ്ദത്ത് എന്നു പറയുക. വിശ്വാസം, വാക്ക്, പ്രവൃത്തി എന്നിങ്ങനെ മൂന്നു വിധേനയും കാഫിറാകാം. ജന്മനാ കാഫിര്‍ ആയ ആളേക്കാള്‍ കടുത്ത പാപിയാണ് ഇവന്. അല്ലാഹു വെറുക്കുന്നവരില്‍ ഏറ്റവും നീചന്.
മുസ്ലീം കാഫിറായാല്‍, അവന്റെ ദാമ്പത്യബന്ധം അതോടെ തകരും. നിലവിലുള്ള ഭാര്യ/ഭര്‍ത്താവ് അല്ലാതെയാകും. തുടര്‍ന്ന് ബന്ധം നിലനിര്‍ത്തുന്നത് വ്യഭിചാരമാകും. രിദ്ദത്തു സംഭവിച്ചാല്‍ പിതാവ് പുത്രന് എന്ന ബന്ധം പൊളിയും. അനന്തര സ്വത്ത് വാങ്ങാനും കൊടുക്കാനും പാടില്ല. അവന് മരിച്ചാല്‍ മുസ്ലിംകളുടെ കൂട്ടത്തില്‍ ഖബറടക്കരുത്. തീര്‍ത്തും നീചമാണ് രിദ്ദത്ത്. രിദ്ദത്ത് സംഭവിച്ചവനെ മുര്‍ത്തദ്ദ് എന്ന് വിളിക്കും. അല്ലാഹു കാക്കട്ടെ.
താഴെ പറയുന്ന ഏതെങ്കിലും ഒരു കാര്യം ഒരു മുസ്ലിമില് നിന്നു സംഭവിച്ചാല്‍ അവന് മുര്ത്തദ്ദായിത്തീരും.
1. സ്രഷ്ടാവിനെ നിഷേധിക്കുക.
2. സ്രഷ്ടാവ് തുടക്കമുള്ളവനാണെന്നും പുതുതായി ഉണ്ടായവനാണെന്നും വിശ്വസിക്കുക.
3. ലോകം അനാദിയാണെന്നു വിശ്വസിക്കുക.
4. മുസ്ലിം പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായത്തില്‍ (ഇജ്മാഅ്)അല്ലാഹുവിനുസ്ഥാപിതമായ ഒരു സത്താഗുണത്തെ നിഷേധിക്കുക. (ഉദാ: അല്ലാഹുവിനു ഒരറിവുമില്ലെന്നോ അല്ലെങ്കില്‍ വസ്തുനിഷ്ഠമായ അറിവില്ലെന്നോ പറയുക.) ഇതു പോലെ അല്ലാഹുവിന്് അസംഭവ്യമായ നിറംപോലുള്ള ഒരു വിശേഷണം ഉണ്ടെന്ന് വിശ്വസിക്കുക.
5.അല്ലാഹുവിന്റെ പേരിനെ നിന്ദിക്കുക.
6. ഒരാള്‍ ഭാവിയില്‍ കാഫിറാകണമെന്നു തീരുമാനിക്കുക അല്ലെങ്കില്‍ കാഫിറാകണോ വേണ്ടയോ എന്നു സംശയിക്കുക.
7. ഏതെങ്കിലും ഒരു കാര്യം സംഭവിച്ചാല്‍, കാഫിറാകുമെന്ന് കരുതുകയോ പറയുകയോ ചെയ്യുക.
8. അവിശ്വാസത്തെ തൃപ്തിപ്പെടുക. ഇസ്ലാം ആശ്ലേഷിക്കാനുദ്ദേശിക്കുന്ന ഒരു അമുസ്ലിം വ്യക്തി ഇസ്ലാമിന്റെ സത്യസാക്ഷ്യ വചനം(ശഹാദത്ത്)ചൊല്ലിക്കൊടുക്കാനാവശ്യപ്പെട്ടപ്പോള് അവനതു ചെയ്തില്ല. അല്ലെങ്കില്‍ ഞാനെന്റെ ജോലിയില്‍ നിന്ന് വിരമിക്കുന്നതുവരെ കാല്നില്ക്കൂ എന്നു പറഞ്ഞു. ഇപ്രകാരം അല്‍പ്പനേരമെങ്കിലും അവിശ്വാസത്തെ സമ്മതിക്കുകയും അനുവദിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുക നിമിത്തം രിദ്ദത്ത് സംഭവിക്കും. ഒരവിശ്വാസിയോട് ഇസ്ലാം സ്വീകരിക്കാതിരിക്കാന്‍ സൂചന നല്‍കുക, ഒരു മുസ്ലിമിനോട് ഇസ്ലാം കയ്യൊഴിയാന്‍ നിര്‍ദ്ദേശം നല്‍കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുക എന്നിവയും കുഫ്റില്‍ സംതൃപ്തി കാണിക്കുന്നതിനുദാഹരണങ്ങളാകുന്നു.
9. അല്ലാഹുവിന്റെ ദൂതന്മാരെ നിഷേധിക്കുക. അവരെ അല്ലാഹു നിയോഗിച്ചിട്ടില്ലെന്നു പറയുക. ഏതെങ്കിലും ഒരു നബിയുടെ പ്രവാചകത്വം നിഷേധിക്കുക.
10. മുഹമ്മദ് നബി(സ) ക്കുശേഷം പ്രവാചകത്വം വാദിക്കുക. തിരുമേനിക്കുശേഷം പ്രവാചകത്വം വാദിക്കുന്നവരെ അംഗീകരിക്കുക.
11. മുഹമ്മദ് നബി(സ) കറുത്തവനാണെന്നോ താടി മുളച്ചിട്ടില്ലാത്ത ചെറുപ്പക്കാരനാണെന്നോ ഖുറൈശ് ഗോത്രക്കാരനല്ലെന്നോ പറയുക. ഒരു റസൂലിനേയോ നബിയെയോ ചീത്ത പറയുകയോ, നിന്ദിക്കുകയോ ചെയ്യുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരിനെ നിന്ദിക്കുക.
12. പ്രവാചകത്വം ശ്രമത്തിലൂടെ സമ്പാദിക്കാവുന്നതാണെന്നോ ഹൃദയശുദ്ധികൊണ്ടു നേടാവുന്നതാണെന്നോ വാദിക്കുക.
13. എനിക്കു (മലക്കുമുഖേന) വഹ്യ് ലഭിച്ചിട്ടുണ്ടെന്നു ഒരാള്‍ പ്രസ്താവിക്കുക. പ്രവാചകത്വം വാദിച്ചിട്ടില്ലെങ്കിലും.
14. അല്ലാഹുവിന്റെ ആജ്ഞ, സുവിശേഷ-താക്കീതുകള്‍ നിസ്സാരപ്പെടുത്തുക
15. മതം ബഹുമാനിക്കുന്ന മുസ്ഹഫ്, ഖുര്‍ആന്‍ എഴുതപ്പെട്ട മറ്റു വസ്തുക്കള്‍, നബിമാര്‍ മലക്കുകള്‍ മുതലായവരുടെ ആദരിക്കപ്പെടുന്ന പേര്, ഹദീസ്, മതപരമായ അറിവ് ഇവയില്‍ വല്ലതും രേഖപ്പെടുത്തിയ വസ്തുക്കള്‍ നജസിലോ, മൂക്കട്ട, തുപ്പല്, ശുക്ലം എന്നിവപോലുള്ള മ്ലേച്ഛ വസ്തുക്കളില്‍ നിന്ദ്യാപൂര്വം എറിയുക.
16. ഖുര്‍ആനില്‍ പെട്ടതാണെന്നു ഏകോപിതാഭിപ്രായമുള്ള ഒരായത്തോ ഒരക്ഷരം തന്നെയോ നിഷേധിക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുക.
17. ഒരു സുന്നത്തിനെ നിസ്സാരപ്പെടുത്തുക. ഉദാ: ആഹാരം കഴിച്ചാല്‍ മൂന്നു വിരലുകള്‍ വായില്‍ ഈമ്പി തുടക്കുന്നത് നബി ചര്യയാണെന്നറിഞ്ഞിട്ടും അതു സംസ്കാരമല്ലെന്നു പറയുക. നഖം മുറിക്കുക സുന്നത്താകുന്നു എന്നറിയിച്ചപ്പോള്‍ സുന്നത്താണെങ്കിലും ഞാനതുചെയ്യില്ലെന്ന് പരിഹാസപൂര്‍വം പ്രതികരിക്കുക.
18. അല്ലാഹുവും അവന്റെ റസൂലും കല്പിച്ചാലും ചെയ്യുകയില്ലെന്നു പറയുക.
19. അല്ലാഹു ഖിബ്ല മറ്റു വല്ലയിടത്തേക്കാക്കിയിരുന്നുവെങ്കില് ഞാനതിലേക്ക് തിരിഞ്ഞു നമസ്ക്കരിക്കുമായിരുന്നില്ല എന്നു പറയുക.
20. നിശ്ചിത വ്യക്തിയെ കുറിച്ച് അല്ലാഹു അദ്ദേഹത്തെ പ്രവാചകനാക്കിയിരുന്നുവെങ്കില് ഞാനദ്ദേഹത്തെ വിശ്വസിക്കുമായിരുന്നില്ല എന്നു പറയുക.
21. നബിയോ മലക്കോ എന്റെയടുത്ത് വല്ല കാര്യത്തിനും സാക്ഷിനിന്നാല്‍ സ്വീകരിക്കുകയില്ല എന്നു പ്രസ്താവിക്കുക.
22. പ്രവാചകന്മാരുടെ സത്യാവസ്ഥയില്‍ ശങ്കിച്ച്, അവര്‍ പറഞ്ഞത് സത്യമാകുന്നുവെങ്കില്‍ നാം രക്ഷപ്പെടും എന്നു പറയുക.
23. നബി(സ) മനുഷ്യനോ ജിന്നോ എന്ന് എനിക്കറിയില്ലെന്ന് പറയുക.
24. നബി(സ) ക്കു ഭ്രാന്തു ബാധിച്ചിരുന്നുവെന്നു പറയുക.
25. വിഗ്രഹത്തിനോ, സൂര്യനോ മറ്റേതെങ്കിലും സൃഷ്ടിക്കോ സുജൂദ് ചെയ്യുക.
26. നക്ഷത്രാരാധന പോലുള്ള കാര്യം ഉള്‍ക്കൊള്ളുന്ന വിധം സിഹ്റ് ചെയ്യുക.
27. എന്താണ് സത്യവിശ്വാസം എന്നന്വേഷിച്ചെത്തിയ വ്യക്തിയോട് എനിക്കറിയില്ലെന്ന് അവഹേളനയോടുകൂടി പറയുക.
28. ”ലാഹൗല വലാഖുവ്വത ഇല്ലാബില്ലാഹ്” എന്നു പറഞ്ഞവനോട് ‘ലാഹൗല’ വിശപ്പടക്കുകയില്ലെന്നു പറയുക.
29. അല്ലാഹുവിന്റെ മേല്‍ അനീതി ആരോപിക്കുക. ഉദാ: ഞാന്‍ രോഗിയായിരിക്കെ അല്ലാഹു എനിക്കു നമസ്ക്കാരം നിര്‍ബന്ധമാക്കുന്നുവെങ്കില്‍ അല്ലാഹു എന്നോട് അനീതി കാണിച്ചുവെന്നു പറയുക. നമസ്ക്കാരം ഉപേക്ഷിച്ചാല്‍ അല്ലാഹു താങ്കളെ ശിക്ഷിക്കും എന്നുപദേശിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗവും വിഷമവും ഉണ്ടായിരിക്കെ നമസ്ക്കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുന്നുവെങ്കില്‍ അല്ലാഹു എന്നോട് അനീതിയാണ് ചെയ്യുന്നത് എന്നു പ്രതികരിക്കുക. മറ്റൊരുദാഹരണം: ഒരാള്‍ ആപത്തുകൊണ്ടു പരീക്ഷിക്കപ്പെട്ടു. അപ്പോള്‍ അവന് അല്ലാഹുവോടു പറഞ്ഞു: നീ എന്റെ ധനത്തെയും സന്താനത്തെയും പിടിച്ചെടുത്തു. മറ്റു പലതും എടുത്തു. ഇനിയും നീ എന്താണ് ചെയ്യുന്നത്? അല്ലെങ്കില്‍ നീ ചെയ്യാത്തതായി ഇനിയെന്താണ് ശിഷ്ടമുള്ളത്?
30. അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുക.
31. ഒരു മുസ്ലിമിനെ കാഫിറാക്കുക. വിളിക്കപ്പെട്ട മുസ്ലിം കാഫിറല്ലെങ്കില്‍ വിളിച്ചവന് കാഫിറാകുമെന്ന് പ്രബല ഹദീസുകളില്‍ വന്നിട്ടുണ്ട്.
32. ഒരാള്‍ തന്റെ വേലക്കാരനോടോ മകനോടോ കോപിച്ചു. അങ്ങിനെ അവനെ കഠിനമായി പ്രഹരിച്ചു. തദവസരം ഒരാള്‍ ചോദിച്ചു. താങ്കളൊരു മുസ്ലിമല്ലേ? അതിനു ”അല്ല” എന്നവന് മനപൂര്‍വ്വം മറുപടി നല്‍കുക. ഒരാള്‍ മറ്റൊരാളെ യഹൂദിയെന്നോ മജൂസിയെന്നോ വിളിച്ചു. (യഹൂദിയെന്നാല് ജൂതന് എന്നും മജൂസിയെന്നാല് അഗ്നിയാരാധകന്‍ എന്നുമാണ് അര്‍ഥം) അവന് തന്നില്‍ ആരോപിച്ച കാര്യത്തില്‍ ഒട്ടും അതൃപ്തി കാണിക്കാതെ സന്തോഷപൂര്‍വ്വം വിളിക്കുത്തരം നല്‍കുക.
33. വ്യക്തവും പരസ്യവുമായ വ്യഭിചാരം, സ്വവര്‍ഗ്ഗസംഭോഗം, മദ്യപാനം, ചുങ്കം വാങ്ങല്‍ തുടങ്ങിയ നിഷിദ്ധ കാര്യത്തെ ഒരാള്‍ ഹലാലാക്കുക. അനുവദനീയമായ കച്ചവടം, വിവാഹം എന്നിവപോലുള്ള ഒരു ഹലാലിനെ ഹറാമാക്കുക. അതുപോലെ ഖണ്ഡിതമായ ഒരു നിര്‍ബന്ധത്തെ നിഷേധിക്കുകയോ നിര്‍ബന്ധമില്ലെന്നു സ്ഥിരപ്പെട്ട ഒരു കാര്യം നിര്‍ബന്ധമാണെന്നു സ്ഥാപിക്കുകയോ ചെയ്യുക. ഉദാ: പഞ്ചനമസ്ക്കാരത്തില് ഒരു സുജൂദേ ഉള്ളൂവെന്നു പറയുക. ഇജ്മാഅ് കൊണ്ട് മതത്തില്‍ അംഗീകരിക്കപ്പെട്ട റവാത്തിബുസുന്നത്തുകള്, പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ തുടങ്ങിയ ആരാധനകളില്‍ വല്ലതിനേയും നിഷേധിക്കുക.
34. മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ നാമത്തെ നിന്ദിച്ചുകൊണ്ട് ”ബിസ്മില്ലാഹ്” എന്ന് പറയുക.
35. ഞാന്‍ പരലോകത്തെ ഭയപ്പെടുന്നില്ലെന്നു പരിഹാസപൂര്‍വ്വം പറയുക.
36. ബാങ്കുവിളിക്കുന്നവനോട് നീ ബാങ്കില്‍ പറഞ്ഞ കാര്യം വ്യാജമാണെന്നു പറയുക.
37. ഒരു പാത്രം റൊട്ടിയും മാംസവുമാണ് മത വിജ്ഞാനത്തേക്കാളുത്തമമെന്നു പറയുക.
38. എന്റെ ധനം ഞാന്‍ അല്ലാഹുവെ സൂക്ഷിക്കുവാന്‍ ഏല്പിച്ചുവെന്ന് പറഞ്ഞ വ്യക്തിയോട് കള്ളന് മോഷ്ടിക്കുമ്പോള്‍ അവനെ പിന്തുടരാത്തവനെയാണല്ലോ നീ ഏല്പിച്ചിരിക്കുന്നത് എന്നു പരിഹസിക്കുക.
39. അല്ലാഹുവേ മുസ്ലിമായിട്ടോ കാഫിറായിട്ടോ നിന്റെ ഇഷ്ടം പോലെ എന്നെ മരിപ്പിക്കുക എന്നു പറയുക.
40. ജൂത, ക്രിസ്തീയ, ഹിന്ദു വിശ്വാസികളെ പോലുള്ളവരെ കാഫിറുകളായി ഗണിക്കാതിരിക്കയോ അവര്‍ കാഫിറുകളാണെന്ന കാര്യത്തില്‍ സംശയിക്കുകയോ ചെയ്യുക.
41. അബൂബക്കര്‍ സിദ്ദീഖ്(റ) അവര്‍കള്‍ക്ക് നബിയുമായുള്ള സഹവര്‍ത്തിത്വത്തെ നിഷേധിക്കുക.
42. തിരുദൂതരുടെ പത്നി ആയിശാ(റ)ക്കെതിരെ വ്യഭിചാരാരോപണം നടത്തുക. (അബൂബക്കര്‍(റ) നബിയുടെ കൂട്ടുകാരനാണെന്നും ആയിശാ(റ) പരിശുദ്ധയാണെന്നും വു.ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്.)
43. സമുദായം ഒന്നിച്ചു വഴിപിഴച്ചെന്നു ഖണ്ഡിതമായി പറയുക.
44. സ്വഹാബിമാരെ കാഫിറുകളാക്കുക.
45. ഖുര്‍ആനിന്റെ അമാനുഷികതയെ നിഷേധിക്കുക.
46. മരിച്ചവരുടെ ശരീരഭാഗങ്ങള്‍ ഒരുമിച്ചുകൂട്ടി ആത്മാക്കളെ അവയിലേക്കു തിരിച്ചുവിട്ടുകൊണ്ട് അല്ലാഹു അവരെ ഖബറുകളില്‍ നിന്ന് പുനര്‍ജീവിപ്പിക്കുമെന്ന സത്യത്തെ നിഷേധിക്കുക.
47. സ്വര്‍ഗ്ഗത്തെ നരകത്തെ പുനരുത്ഥാനനാളിലെ വിചാരണയെ പരലോകത്തു പ്രതിഫലം നല്‍കപ്പെടുന്നതിനെ നിഷേധിക്കുക. അല്ലെങ്കില്‍ ഇക്കാര്യങ്ങളൊക്കെ അംഗീകരിച്ചുകൊണ്ട് അവയുടെ ഉദ്ദേശം മറ്റു ചില കാര്യങ്ങളാണെന്നു വാദിക്കുക.
48. ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അവിടത്തെ കായ്കനികള്‍ ഭക്ഷിക്കുകയും ഹൂറികളുമായി സല്ലപിക്കുകയും ചെയ്തുവെന്ന് പറയുക.
49. നീ ഖുര്‍ആന്‍ ഓതുന്നില്ലേ? എന്ന ചോദ്യത്തിന് ”എനിക്കു ഖുര്‍ആന്‍ കൊണ്ട് വയറു നിറഞ്ഞിരിക്കുന്നു. (മടുത്തിരിക്കുന്നു)” എന്നു പ്രതികരിക്കുക. ഇപ്രകാരം ”നീ നമസ്ക്കരിക്കുന്നില്ലേ? എന്നു ചോദിച്ചപ്പോള്‍ നമസ്ക്കാരം കൊണ്ട് എനിക്ക് വയറു നിറഞ്ഞിരിക്കുന്നുവെന്നോ എത്രകാലമാണിതു ചെയ്തുകൊണ്ടിരിക്കുക? എന്നോ പ്രത്യുത്തരം നല്‍കുക. നീ നമസ്ക്കരിക്കുന്നില്ലേയെന്നു ചോദിക്കപ്പെട്ടപ്പോള്‍ വൃദ്ധകള്‍ നമുക്കുവേണ്ടി നമസ്ക്കരിക്കുന്നുണ്ടെന്നോ നമസ്ക്കരിക്കുന്നതും നമസ്ക്കരിക്കാതിരിക്കുന്നതും തുല്യമാണണെന്നോ പറയുക. നമസ്ക്കാരത്തിന്റെ മാധുര്യമറിയുന്നതിനു നീ ഒന്നു നമസ്ക്കരിച്ചുനോക്കൂ എന്നു പറയപ്പെട്ടപ്പോള്‍ നമസ്ക്കാരം ത്യജിക്കുന്നതിന്റെ മാധുര്യമറിയുന്നതിനു നീ ഒന്നു നമസ്ക്കാരമുപേക്ഷിച്ചുനോക്കൂ എന്ന് പുച്ഛത്തോടെയും പരിഹാസത്തോടെയും മറുപടി പറയുക.
50. ദ്രോഹിക്കപ്പെട്ടവന് ദ്രോഹിച്ചവനോടു പറഞ്ഞു, നീ മഹ്ശറവരെ ക്ഷമിക്കൂ. (അവിടെ നിന്റെ അക്രമത്തിന്റെ ഫലം കാണാം) തദവസരം ദ്രോഹി പരിഹാസപൂര്‍വ്വം പറഞ്ഞു. ”മഹ്ശറയില്‍ എന്താ കാര്യം?”
51. മതനിയമത്തെ നിന്ദിക്കുക. ഉദാ: ഒരു പണ്ഡിതന്റെ ‘ഫത്വാ’യെ കുറിച്ച് ”എന്തുകാര്യമാണീ ശറഅ്” എന്നു പറഞ്ഞ് നിന്ദയോടുകൂടി അതു വലിച്ചെറിഞ്ഞു.
52. അന്യമതത്തില്‍ സംതൃപ്തി കാണിച്ചുകൊണ്ടോ ഇസ്ലാമിനെ അവഗണിച്ചുകൊണ്ടോ കാഫിറുകളുടെ മതവേശമണിയുക.
53. അല്ലാഹു വല്ല വസ്തുവിലും അവതരിക്കുമെന്ന് അവതാരവാദമുന്നയിക്കുകയോ അല്ലാഹുവില്‍ മറ്റു വല്ലതും അവതരിക്കുമെന്ന് പറയുകയോ ചെയ്യുക.
54. അല്ലാഹുവിന് സന്താനമുണ്ടെന്നു പറയുക.
55. ആത്മാവ് എന്നെന്നും വ്യക്തികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുമെന്നും ഒരു ജഡത്തിനു ശേഷം മറ്റൊരു ജഡം സ്വീകരിക്കുമെന്നും അവയുടെ വിശുദ്ധിയും അവിശുദ്ധിയുമനുസരിച്ച് സൗഖ്യമോ ശിക്ഷയോ അനുഭവിച്ചുകൊണ്ടിരിക്കുമെന്നുള്ള ആത്മപുനര് ജന്മവാദം ഉന്നയിക്കുക.
രിദ്ദത്തിന്റെ കാരണങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ പോലും ഇന്ന് കഴിയില്ലെന്ന് തോന്നുന്നു. ഇതിലെ ഓരോന്നും അറിഞ്ഞാല്‍ അതിനെ ചോദ്യം ചെയ്തും പരിഹസിച്ചും അവര്‍ പിന്നെയും മുന്നോട്ടു പോകുന്നു. ഹലാവത്തുല് ഈമാന്‍ ഉണ്ടാക്കുന്ന ശിക്ഷണങ്ങള്‍ ചെറുപ്രായത്തിലോ ബോധം ഉറച്ച ഘട്ടത്തിലോ ലഭിക്കാതെ പോയിരിക്കുന്നു എന്നതാണ് പ്രഥമ കാരണം.. മദ്രസ പാഠങ്ങളും ഖുതുബ യിലെ വിഷയങ്ങളും അടിയന്തിരമായി പരിഷ്കരിക്കണം.