പെരുന്നാള്‍ബലി പാടേ നിര്‍ത്തിവെക്കാന്‍ സമയമായോ?!
അബൂബകറും ഉമറും (റളിയല്ലാഹു അന്ഹും) ‘പെരുന്നാള്‍ബലി’ നിര്‍വ്വഹിച്ചില്ല, എന്തുകൊണ്ട്?
അല്ലാമാ അബൂബകര്‍ ത്വര്‍ത്വൂസി റഹി ഇതേക്കുറിച്ച് പ്രതികരിക്കുന്നു: “ നോക്കൂ സഹോദരങ്ങളേ, മുസ്‌ലിം പ്രാമാണികവ്യക്തിത്വങ്ങള്‍ക്കിടയില്‍ പെരുന്നാള്‍ബലിയെക്കുറിച്ച് രണ്ടുതരം നിലപാടെ ഉള്ളൂ. ‘സുന്നത്ത്’ എന്നൊരു വിഭാഗം, ‘വാജിബ്’ എന്ന് മറ്റു ചിലര്‍. എന്നിട്ടും സ്വഹാബത്ത് ആ പുണ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. ജനം അതിനെ നിര്‍ബന്ധ കര്‍മ്മമായി ‘വലുതായി കാണാന്‍’ തുടങ്ങുക മൂലം, ഒരു സംഗതിയെ അതിന്‍റെ ശരിയായ സ്ഥാനത്തല്ലാതെ വെക്കുന്നു എന്ന ഭയത്താല്‍.”
സുന്നത്ത്/വാജിബ് പദവിയില്‍ ഉള്ള ഒരു പുണ്യ കര്‍മ്മത്തെ (ശാഫികളുടെ ‘സുന്നത്ത് മുഅക്കദ’ യാണ് ഹനഫികളുടെ വാജിബ്; ഫര്‍ദ് എന്ന അര്‍ത്ഥത്തില്‍ അല്ല) സ്വഹാബികള്‍ തന്നെ ഒഴിവാക്കി കാണിച്ചു തന്നത് പില്‍ക്കാല മുസ്ലിംകള്‍ക്ക് ചില പ്രധാന ഉസ്വൂലുകള്‍ പഠിപ്പിക്കാനാണ്.
ഓരോ കര്‍മ്മത്തിനും ഒരു പദവി (റുത്ബ)യുണ്ട്. അതിനു മുകളിലോ താഴെയോ ആ കര്‍മ്മത്തെ പരിഗണിച്ചു കൂടാ. അങ്ങനെ ഗണിക്കുന്നത് ബിദ്അത്ത് ആകുന്നു. ‘സുന്നത്ത് ഉപേക്ഷിക്കലാണ് ബിദ്അത്തില്‍ ആപതിക്കുന്നതിനേക്കാള്‍ ഉത്തമം’ (ترك السنة أولى من اقتحام البدعة) എന്ന തത്വം ഉണ്ടാകുന്നത് സ്വഹാബികളുടെ ഇതുപോലുള്ള നിലപാടില്‍ നിന്നാണ്.
ആളുകള്‍ സുന്നത്തിനെ ഫര്‍ദ് പോലെ ഉപേക്ഷിക്കാനോ മാറ്റിവെക്കാനോ തയ്യാറാകാത്ത ഘട്ടത്തില്‍, ആ കര്‍മ്മത്തിന്‍റെ യഥാര്‍ത്ഥ സ്ഥാനവില വ്യക്തമാക്കി കൊടുത്താല്‍ പോരേ എന്ന് ചോദ്യം വരാം. പക്ഷേ, പാടേ ഉപേക്ഷിക്കുന്നതാണ് ജനങ്ങളുടെ തെറ്റിദ്ധാരണ മാറാന്‍ ഉത്തമ വഴി എന്നായിരുന്നു സ്വഹാബത്ത് മനസ്സിലാക്കിയതും കാണിച്ചുതന്നതും.. ( لأن عدم الفعل أقوى في انقياد النفوس لما دل عليه الترك من عدم الوجوب “ചെയ്യാതിരിക്കുക എന്നത് അക്കാര്യം നിര്‍ബന്ധമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഉള്ള ഏറ്റവും കരുത്തുള്ള മാര്‍ഗ്ഗമാണ് – ശര്‍വാനി)
ജനങ്ങളുടെ തീവ്ര ആഗ്രഹം തിരിച്ചറിഞ്ഞ/ ജനങ്ങള്‍ തങ്ങളെ കണ്ട് ബലി കര്‍മ്മം ഒഴിച്ചുകൂടാന്‍ വയ്യാത്ത കാര്യമായി മനസ്സിലാക്കുമോ എന്ന് ഭയന്ന ഒന്നാം ഖലീഫ അബൂബകറും രണ്ടാം ഖലീഫ ഉമറും അവരുടെ ഭരണ കാലത്ത് പെരുന്നാള്‍ ബലി നടത്തിയേ ഇല്ല എന്ന യാഥാര്‍ത്ഥ്യം നമുക്ക് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നു. (عن الشافعي رح : بلغنا أن أبا بكر وعمر رضي الله عنهما كانا لا يضحيان كراهة أن يقتدى بهما فيظن من رآهما أنها واجبة – الباعث أبو شامة ). ബൈഹഖി ഉദ്ധരിച്ചതും ലഭ്യം.
സുന്നത്തിനെ ‘ഭയങ്കര സംഭവമായി’ എടുത്തപ്പോള്‍ മാത്രമല്ല സ്വഹാബികള്‍ അത് പാടേ ഒഴിവാക്കി കാണിച്ചത്, അതിന്‍റെ ഉദ്ദേശ്യ വിശുദ്ധി ജനം നഷ്ടപ്പെടുത്തിയപ്പോഴും അവരത് ഉപേക്ഷിച്ചു കാണിച്ചു തന്നു. സ്വഹാബി പ്രമുഖനായ അബൂ അയ്യൂബില്‍ അന്‍സ്വാരി റ പറഞ്ഞു: “ഞങ്ങള്‍ സ്വഹാബികള്‍ ഭാര്യസന്തതികള്‍ക്കു വേണ്ടി ബലി അറുക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്കിടയില്‍ പെരുമ നടിക്കാനുള്ള ഏര്‍പ്പാടായി അതിനെ ജനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ആ ബലി ഏര്‍പ്പാട് അങ്ങ് നിര്‍ത്തിക്കളഞ്ഞു”. (അല്‍ ബാഇസ്/ അല്ലാമാ അബൂശാമ)
നമ്മുടെ പള്ളി ഖത്വീബുമാരും ചില പണ്ഡിതന്മാരും പെരുന്നാള്‍ബലിയെ സമീപിക്കുന്ന തീവ്രത കാണുമ്പോള്‍, സ്വഹാബത്തിന്റെ നടപടി ആവര്‍ത്തിക്കാന്‍ സമയമായെന്ന് ചിന്തിച്ചു പോകുന്നു.
കടുപ്പം കൂട്ടരുത്, ഉള്ള കടുപ്പം മതി
ഐഛികകര്‍മ്മങ്ങളെ (മന്‍ദൂബ്) അതിന്‍റെ പദവിക്കുമേല്‍ ഉയര്‍ത്തപ്പെടുന്നതായി കണ്ടാല്‍ ആ കര്‍മ്മം തന്നെയും അനുഷ്ടിക്കുന്നത് അനിഷ്ടകരമായി (കറാഹത്ത്) വരുത്തണം. (إن المندوبات تنقلب مكروهات إذا رفعت عن رتبتها).
നോക്കൂ, പല കാര്യങ്ങളും വലതുഭാഗം കൊണ്ട് ചെയ്യല്‍/ ആരംഭിക്കല്‍ നബി സ്വ തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. അത് നന്നായി അറിയുന്ന അബ്ദുല്ലാഹി ബ്നു മസ്ഊദ് റ നിസ്കാരം കഴിഞ്ഞാല്‍ വലതു ഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്നത് നിര്‍ത്തി, ഇടതുഭാഗത്തേക്ക് തിരിയാന്‍ തുടങ്ങി.?! കാര്യമെന്തായിരുന്നു? നൈലുല്‍ ഔത്വാറില്‍ ഇങ്ങനെ വായിക്കാം: “വലതു പ്രതിപത്തി’ ഒരനിവാര്യ സംഗതിയായി ജനം ഉയര്‍ത്തിയേക്കുമോ എന്ന ഭയത്താല്‍..” (ഇവിടെ ഖസ്ത്വല്ലാനി നോക്കുന്നതും നല്ലതാണ്).
ഇമാമുമാരായ അബൂഹനീഫയും മാലികും (റഹിമഹുമുല്ലാഹ്) ശവ്വാലിലെ ആറു നോമ്പിനോട് വിപ്രതിപത്തി കാണിച്ചത് ഇത്തരമൊരു പാഠം പകരാനാണ്.
ഇമാം മാലിക് അയ്യാമുല്‍ ബീളിലെ നോമ്പ് ഒരു പതിവാക്കാതിരുന്നതും ഇതുകൊണ്ടുതന്നെ.
മഗ്രിബ് നിസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നിസ്കാരം പല ഇമാമുകളും ‘അവഗണിച്ച’തിന്റെ പൊരുളും മറ്റൊന്നല്ല.
ശുക്രിന്റെ സുജൂദ് മുസ്തഹബ്ബ് ആണെന്ന് അഭിപ്രായമുള്ള ഹനഫികള്‍ തന്നെ, അത് നിസ്കാരത്തിന് തൊട്ടു ശേഷം ചെയ്യുന്നത് കറാഹത്തായി വിധിച്ച ഘട്ടം ഇത്തരത്തിലൊന്നായിരുന്നു.
കണ്ടില്ലേ, ശാഫികള്‍ക്ക് വിത്ര്‍ നിസ്കാരത്തിന് ജമാഅത്ത് മുബാഹ് ആണ്. എന്നല്ല, ജനങ്ങളെ വിത്ര്‍ നിസ്കാരം പഠിപ്പിക്കാന്‍ ഉദ്ദേശമുള്ളപ്പോള്‍ പുണ്യം തന്നെയാണ്. എന്നാല്‍, അത് വഴി വിത്രിന് ജമാഅത്ത് ‘മശ്രൂആ’ണെന്ന് ജനം ധരിക്കാന്‍ ഇടവരുമെങ്കില്‍ അത് കുറ്റകരവും ഹറാമും ആണെന്നല്ലേ ബിഗ്‌യ യില്‍ നിന്നും മനസ്സിലാകുക?
വെള്ളിയാഴ്ച സുബ്ഹ് നിസ്കാരത്തില്‍ സജദയും ദഹ്റും പതിവാക്കുന്നത് ശാഫീ പ്രമുഖര്‍ നിരുല്‍സാഹപ്പെടുത്തിയത് എന്തിനായിരുന്നു?! പിന്നീട് വരുന്ന ഇമാമിനെ ജനം കൈകാര്യം ചെയ്യാതിരിക്കാന്‍ തന്നെ. അവര്‍ തെറ്റുദ്ധരിക്കരുത്, ആ സൂറത്തുകള്‍ വാജിബ് ആണെന്ന്. അതിനുവേണ്ടി ആ സൂറകള്‍ ഇടയ്ക്ക് ഓതുക, ഇടയക്ക് ഒഴിവാക്കുക. മുഗ്നിയില്‍ ഉണ്ടല്ലോ ഈ സംഗതി. ഈ പ്രശ്നം ജുമുഅക്ക് ഓതാറുള്ള ജുമുഅ+മുനാഫിഖൂന്‍, സബ്ബിഹിസ്മ+ ഹല്‍ അതാക്ക സൂറത്തുകള്‍ക്കും ബാധകമാണെന്ന് ഇബ്നുഹജര്‍ റഹി യുടെ ഫത്വയില്‍ കാണുന്നു.
വിലക്കില്ലാത്ത ഏതു ദിവസവും നോമ്പ് എടുക്കാം. ഒരു മാസം മുഴുവന്‍ നോമ്പ് പിടിക്കാം. അതിനൊന്നും ശാഫികള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ , റമദാന്‍ ഒഴികെ മറ്റു വല്ല മാസത്തിലും മാസവ്രതം അനുഷ്ഠിക്കുന്നത് , ജനത്തെ ഭയന്ന് ഇമാം ശാഫി റഹി ഇഷ്ടപ്പെട്ടില്ല. സ്വകാര്യ കര്‍മ്മമായ നോമ്പ് പോലും ഇങ്ങനെ ഒഴിവാക്കുന്നു , അപ്പോള്‍ പരസ്യ കര്‍മ്മങ്ങളുടെ കാര്യം പറയണോ!
ദീന്‍ എളുപ്പമാണ്; അനാവശ്യമായ കടുപ്പം ഉണ്ടാക്കരുത്. തിരുനബി സ്വ യുടെ ഈ വിലക്ക് ‘ദീനീ ഭക്തര്‍’ പ്രത്യേകം മനസ്സിലാക്കണം. “ അദബുകളും സുന്നത്തുകളും നിര്‍ബന്ധമെന്നപോലെ ഗണിക്കുന്നത് ദീനില്‍ കടുപ്പം വരുത്തലാകുന്നു” (من التشدد في الدين التزام السنن والآداب كالتزام الواجبات ) എന്നാണല്ലോ ശാഹ് വലിയ്യുലാഹി റഹി ഹുജ്ജത്തുല്ലാഹി യില്‍ വിശദീകരിച്ചത്.
പെരുന്നാള്‍ ബലിയില്‍ കടുപ്പം കൂടിയോ?!
കൂടിയെന്നാണ് മനസിലാകുന്നത്. ശാഫി സ്കൂള്‍ പ്രകാരം, ‘സുന്നത്ത് മുഅക്കദ’യാണ് പെരുന്നാള്‍ ബലി. ഫര്‍ദ് എന്ന അര്‍ത്ഥത്തില്‍ ഉള്ള വാജിബ് ആയി മറ്റുള്ളവരും ഗണിക്കുന്നില്ല. ഒരുപാട് പുണ്യമുള്ള, ദൈവ സമര്‍പ്പണം പ്രകടമായ ഒരു ഇബാദത്ത് തന്നെയാണത്. സാഹചര്യങ്ങള്‍ മാറുമ്പോള്‍ തല്‍ക്കാലം മാറ്റിവെക്കാന്‍ എളുപ്പത്തില്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങളാണ് ഫര്‍ദ് ഒഴിച്ചുള്ളവ. ഫര്‍ദ് പോലും വളരെ ലളിതമായി ചെയ്ത് തീര്‍ക്കാന്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ അനുവദിക്കുന്നു. പെരുന്നാള്‍ ബലിയെ ആരൊക്കെയോ ചേര്‍ന്ന് സുന്നത്തിനപ്പുറം കൊണ്ടുവെച്ചത് കൊണ്ടാണ് അത് തല്‍ക്കാലം മാറ്റിവെക്കുന്ന കാര്യം ചിലര്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കാത്തത്. എന്നാല്‍, എത്രയെത്ര സുന്നത്തുകള്‍ നിരന്തരം അവനവന്‍റെ സൌകര്യത്തിന്‌ മാറ്റിവെക്കുന്നു എന്ന കാര്യം നാം വിസ്മരിക്കുന്നു. വില കുറക്കാന്‍ വേണ്ടി പറയുകയല്ല, വില കൂട്ടാതിരിക്കാന്‍ ഉണര്‍ത്തുകയാണ്: ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്ത കാര്യത്തെയാണ് സുന്നത്ത്, മുസ്തഹബ്ബ് എന്നെല്ലാം വിളിക്കുക.
പ്രത്യക്ഷ മതവിധികളെല്ലാം സാധാരണ അന്തരീക്ഷത്തിലേക്ക് മാത്രം ബാധകമാകുന്നതാണ്. സാഹചര്യം നോക്കി സുന്നത്തുകളെ/ പുണ്യങ്ങളെ നിയന്ത്രിക്കാനുള്ള പാടവം കൂടി ദീന്‍ പഠിപ്പിക്കുന്നുണ്ട്. മുകളില്‍ വായിച്ചില്ലേ ഒട്ടേറെ സന്ദര്‍ഭങ്ങള്‍. അത് സാഹചര്യങ്ങളില്‍ ഒരിനം മാത്രമാണ്. അതായത്, ജനങ്ങളുടെ ധാരണ തിരുത്തുക എന്നത്. അതിനേക്കാള്‍ പ്രധാനമായ ഒരു സാഹചര്യമാണ് സമ്പത്തും ശരീരവും അടിയന്തിര മേഖലയിലേക്ക് തിരിച്ചു വിടേണ്ട ഘട്ടം.
ഒരു ഹജ്ജല്ല , നൂറു ഹജ്ജ്
മഹാനായ ബിശ്റു അല്‍ ഹാഫി അവര്‍കളെ സമീപിച്ച് ഒരാള്‍ പറഞ്ഞു:
“ഞാന്‍ ഹജ്ജിനു പോകുകയാണ്; വല്ല നിര്‍ദ്ദേശവും നല്‍കാനുണ്ടോ?”
“എത്ര സംഖ്യ ചെലവിന് കരുതിയിട്ടുണ്ട്?” ബിശ്ര്‍ ചോദിച്ചു.
‘രണ്ടായിരം ദിര്‍ഹം എന്ന് പ്രതിവചിച്ചപ്പോള്‍ ബിശ്ര്‍ ചോദിച്ചു:
“ഹജ്ജ് കൊണ്ട് എന്താണ് താങ്കളുടെ ഉദ്ദേശ്യം? നാടിനോടുള്ള വിരക്തിയും പുണ്യഗേഹം കാണാനുള്ള ആഗ്രഹവുമാണോ? അല്ലെങ്കില്‍ അല്ലാഹുവിന്റെ പൊരുത്തം കാക്ഷിച്ചു കൊണ്ടാണോ ഈ യാത്ര?”
അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊണ്ടാണ് തന്റെ തീര്‍ത്ഥാടനം എന്നായിരുന്നു മറുപടി. ”
വീട്ടിലിരുന്നു കൊണ്ടു തന്നെ ഈ രണ്ടായിരം ദിര്‍ഹം ചെലവഴിച്ചുകൊണ്ട് ഉറപ്പായും അല്ലാഹുവിന്റെ പൊരുത്തം സാധിക്കുമെങ്കില്‍ താങ്കള്‍ അതിന് തയ്യാറാണോ?” ബിശ്ര്‍ ചോദിച്ചു.
അതേ എന്ന് ആഗതന്‍ പറഞ്ഞപ്പോള്‍ ബിശ്ര്‍ വിശദീകരിച്ചു:
“താങ്കള്‍ പോയി ഈ സംഖ്യ പത്തുപേര്‍ക്ക് കൊടുക്കുക. കടം വീട്ടാനായി ഒരു കടക്കാരനും, ജഡ നന്നാക്കാനായി ഒരു ദരിദ്രനും, കുടുംബത്തിന്റെ പട്ടിണി തീര്‍ക്കാനായി ഒരു കുടുംബനാഥനും, അനാഥയെ സന്തോഷിപ്പിക്കുവാനായി അവന്റെ പരിപാലകനും എന്ന ക്രമത്തില്‍ കൊടുക്കുക. ഒരാള്‍ക്കു തന്നെ കൊടുക്കാന്‍ നിന്റെ മനസ്സ് ധൈര്യം കാണിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യുക.”
ഹജ്ജ് കരുതി വന്ന ആ ഭക്ത നോട് മഹാ ഗുരു ബിശ് ര്‍ കാര്യം വ്യക്തമാക്കി കൊടുത്തു:
.. فإن ادخالك السرور على قلب المسلم وإغاثة اللهفان وكشف الضر وإعانة الضعيف أفضل من مائة حجة بعد حجة الإسلام..
“മുസ്ലിംകളുടെ ഹൃദയത്തിൽ സന്തോഷം ഉണ്ടാക്കുന്നതും നിരാലംബ രെ സഹായിക്കുന്നതും പ്രയാസം നീക്കുന്ന തും ദുര്‍ബല രെ സഹായിക്കുന്നതും, നിര്‍ബന്ധ ഹജ്ജ്ന് ശേഷം ചെയ്യുന്ന നൂറ് ഹജ്ജ്നേക്കാൾ മഹത്തരമാണ്.
പോയി ഞാന്‍ പറഞ്ഞപോലെ ചെയ്യൂ. നിന്റെ മനസ്സ് എന്ത് പറയുന്നു?”
ഹജ്ജ് നു യാത്ര ചെയ്യാനാണ് എനിക്ക് കൂടുതൽ താല്‍പര്യം”, അയാൾ പറഞ്ഞു.
ഒന്ന് ചിരിച്ചു കൊണ്ട്‌ അയാളോട് മഹാന്‍ ഉണര്‍ത്തി: “കച്ചവടത്തിലെ അഴുക്കും ഹറാ൦ മിശ്രിതവും അടങ്ങിയ അശുദ്ധ സമ്പാദ്യം ആകുമ്പോള്‍ മനസ്സ് ഇങ്ങനെത്തന്നെയാണ് പ്രേരിപ്പിക്കുക. പക്ഷേ അല്ലാഹു ഭക്തന്‍ മാരി ല്‍ നിന്നേ സ്വീകരിക്കുകയുള്ളൂ ട്ടോ “
അറിവിനേക്കാള്‍ പ്രധാനം അലിവ്
നമ്മുടെ ഇമാ൦ ജലാലു ദ്ദീനുല്‍മഹല്ലി റഹി യുടെ ജീവിത കഥ പറയട്ടെ..
അദ്ധേഹം ദര്‍സിനേക്കാൾ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് പ്രാധാന്യം കൊടുത്തിരുന്ന മാതൃകാജ്ഞാനിയായിരുന്നു.
തന്റെ നാട്ടിലെ (സ്ത്രീ പുരുഷ) വൃദ്ധരെ സേവിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അവര്‍ക്ക് വേണ്ട വസ്തുക്കള്‍ അങ്ങാടിയില്‍ പോയി വാങ്ങിച്ചു കൊടുക്കൂമായിരുന്നു. ആരെന്തു ആവശ്യവുമായി വന്നാലും, അത് പരിഹരിക്കാന്‍ ദര്‍സ് നിര്‍ത്തി ഇറങ്ങുമായിരുന്നു.
ഒരിക്കല്‍ ഒരു വൃദ്ധ വന്ന്, അങ്ങാടിയില്‍ നിന്നും കുറച്ച് എണ്ണ വാങ്ങികൊടുക്കാൻ ആവശ്യപ്പെട്ടു. ഇമാം മഹല്ലി റഹി ദര്‍സ് നിര്‍ത്തി വെച്ചു എണ്ണ വാങ്ങാൻ ഇറങ്ങി.
ചിലര്‍ ചോദിച്ചു : ഒരു വൃദ്ധയ്ക്ക് എണ്ണ വാങ്ങാൻ വേണ്ടി ജ്ഞാന വിനിമയ സദസ്സ് ഉപേക്ഷിച്ചു പോവുകയാണോ അങ്ങ്?! “
അദ്ധേഹം പ്രതിവചിച്ചു :” അതേ, അവരുടെ ആവശ്യം നിര്‍വ്വഹിച്ചു കൊടുക്കുന്നതാണ് ഇപ്പോൾ മുഖ്യം”.
മഹാനവർകള്‍ അധിക നേരത്തും, ഇങ്ങനെ വൃദ്ധ സേവനത്തിന് പുറത്തു പോകുക നഗ്നപാദൻ ആയിട്ടാണ്.
കോരിച്ചൊരിയുന്ന മഴയുള്ള രാത്രികളില്‍ പോലും അദ്ധേഹം പുറത്തിറങും. “ആര്‍ക്കെങ്കിലും (തണുപ്പ് അകറ്റാനുള്ള) തീക്കട്ടയോ വെളിച്ചമോ വേണമെങ്കിൽ ഞാന്‍ എത്തിച്ചു തരാം”, അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നിട്ട് ഓരോ വൃദ്ധ കുടിലുകളി ലും അദ്ധേഹം എത്തും. “വല്ല സഹായവും ആവശ്യമുണ്ടോ?”
ഒരുവേള, ശൈഖ് മഖ ്സീ, ശൈഖ് ജൌജരീ എന്നിവർ ഇമാം മഹല്ലി യോട് ‘പണ്ഡിതോചിതമായി’ ചോദിച്ചു :” ചൂടുള്ള എണ്ണ വാങ്ങികൊടുക്കുക, തീകട്ട കൊണ്ടുകൊടുക്കുക ഇതെല്ലാം ഞങ്ങൾക്ക് അറിവ് പകര്‍ന്നു തരുന്നതിനേക്കാൾ താങ്കൾക്ക് പ്രധാനം ആയതിന്റെ കാര്യം എന്താണ്?! “
അദ്ധേഹം കാര്യം വ്യക്തമാക്കി :
” മനസ്സുകളില്‍ സന്തോഷം നിറയ്ക്കുക എന്നതാണ് ഇതിന്റെയെല്ലാം മര്‍മ്മം. ആവശ്യക്കാരന് തന്റെ ആവശ്യം നിര്‍വ്വഹിച്ചു കിട്ടുമ്പോൾ പെരുത്ത് സന്തോഷം ഉണ്ടാകും. നിങ്ങള്‍ക്ക് അറിവ് പകര്‍ന്നു തരുംപോൾ നിങ്ങള്‍ക്കു ഉണ്ടാകുന്ന സന്തോഷത്തേക്കാൾ.”
അദ്ധേഹം തന്റെ ഗുരു ജലാലുദ്ദീൻ ജിവാലീ അവര്‍കളുടെ അനുഭവം അനുസ്മരിച്ചു. ഗുരു ഒരു വൃദ്ധ യ്ക്ക് പത്തിരി ഉണ്ടാക്കി കൊണ്ടുകൊടുക്കുന്നത് കണ്ടപ്പോൾ, നിങ്ങൾ എന്നോട് ചോദിച്ച പോലെ ഞാന്‍ ചോദിച്ചതാണ്. അന്ന് അദ്ധേഹം പറഞ്ഞത് ഇങ്ങനെ :
“നാം നമ്മുടെ ആയുസ്സ് അറിവുവ്യാപന വേദിയില്‍ കത്തിച്ചു തീര്‍ത്തു. അറിയാമല്ലോ, അറിവിന്റെ അപകടം ധാരാളമാണ്. അതിൽ നിന്നും രക്ഷപ്പെട്ടവർ നന്നേ ചുരുക്കം. മരണപ്പെട്ട ഒറ്റ പണ്ഡിത നെയും കിനാവില്‍ കണ്ടതായി കാണില്ല, അദ്ധേഹം ഇങ്ങനെ പറയാതെ: ‘അറിവ് നിമിത്തം എനിക്ക് കാര്യമായി ഗുണം ലഭിച്ചില്ല. അപകടം കൂടുതൽ ആണല്ലോ അറിവിന്. എന്നാല്‍ നിസ്സഹായരായ ആളുകളെ സഹായിക്കുന്നത് കൊണ്ട് ഗുണമുണ്ടായി. എനിക്ക് അല്ലാഹു മാപ്പു നല്കിയത് അതുകൊണ്ടൊക്കെ ആയിരിക്കാം.’
നിസ്കാരം നിര്‍ത്തി രക്ഷാ പ്രവര്‍ത്തനം
കേരള മുസ്ലിം കള്‍ ഇസ്ലാമിക ജീവിതം പഠിക്കുന്ന കി താ ബു കളില്‍ ഒന്നാണ്, ശൈഖ് സൈനുദ്ദീന്‍ മഖദൂ൦ രചിച്ച ഫത്ഹുല്‍ മുഈൻ. അതിലെ എതാനും വരികളാണ് താഴെ.
ﻭﻟﻮ ﺭﺃﻯ ﻣﺼﻞ ﻧﺤﻮ ﺣﺮﻳﻖ ﺧﻔﻒ ﻭﻫﻞ ﻳﻠﺰﻡ ﺃﻡ ﻻ؟ ﻭﺟﻬﺎﻥ ﻭاﻟﺬﻱ ﻳﺘﺠﻪ ﺃﻧﻪ ﻳﻠﺰﻣﻪ ﻹﻧﻘﺎﺫ ﺣﻴﻮاﻥ ﻣﺤﺘﺮﻡ ﻭﻳﺠﻮﺯ ﻟﻪ ﻹﻧﻘﺎﺫ ﻧﺤﻮ ﻣﺎﻝ ﻛﺬﻟﻚ.
ﻭﻣﻦ ﺭﺃﻯ ﺣﻴﻮاﻧﺎ ﻣﺤﺘﺮما ﻳﻘﺼﺪﻩ ﻇﺎﻟﻢ ﺃﻭ ﻳﻐﺮﻕ ﻟﺰﻣﻪ ﺗﺨﻠﻴﺼﻪ ﻭﺗﺄﺧﻴﺮ ﺻﻼﺓ ﺃﻭ ﺇﺑﻄﺎﻟﻬﺎ ﺇﻥ ﻛﺎﻥ ﻓﻴﻬﺎ ﺃﻭ ﻣﺎﻻ ﺟﺎﺯ ﻟﻪ ﺫﻟﻚ ﻭﻛﺮﻩ ﻟﻪ ﺗﺮﻛﻪ.
فتح المعين ١٧٦
സാരം : “ദൈവവുമായി സ്വകാര്യ സംഭാഷണം ചെയ്യുന്ന നിസ്കാര ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാൾ അങ്ങേപ്പുറ ത്ത് തീപടരുന്നതായി കണ്ടാല്‍ (അല്ലെങ്കിൽ അതുപോലുള്ള അത്യാഹിത ങ്ങള്) അത് തടയാൻ സമയം കിട്ടുമെങ്കി ല്‍ നിസ്കാരം ലഘൂകരിക്കണം. ദീര്‍ഘിപ്പിക്കരുത് . അത് നിര്‍ബന്ധമാണോ അല്ലയോ? രണ്ട് തരമാണ് സന്ദര്‍ഭം. ബഹുമാനം അര്‍ഹിക്കുന്ന ജീവനെ രക്ഷിക്കാൻ ആണെങ്കിൽ നിര്‍ബന്ധമായും നിസ്കാരം എളുപ്പത്തിൽ അവസാനിപ്പി ക്കണം. സ്വത്ത് പോലുള്ളത് രക്ഷപ്പെടുത്താന്‍ ആണെങ്കിൽ നിസ്കാരം ലഘൂകരിക്കാവു ന്നതാണ് (നിസ്കരിച്ചു കഴിഞ്ഞ് ചെന്നാലും മതി എന്ന ഘട്ടത്തിൽ).
എന്നാൽ, വിലമതിക്കുന്ന ജീവനെ അക്രമി ആക്രമിക്കാൻ കരുതി വരുന്നത് കണ്ടാല്‍, അല്ലെങ്കിൽ ആ ജീവൻ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ടാല്‍ എത്രയും വേഗം ആ ജീവൻ രക്ഷിക്കാൻ ശ്രമിക്കണം. നിസ്കാരത്തില്‍ പ്രവേശിക്കുന്നെയുള്ളൂ എങ്കിൽ പിന്നെ നിസ്കരിക്കാം എന്ന് വെക്കുക. നിശ്ചയിച്ച സമയം കടന്നു പോയാലും ശരി. നിസ്കാര ത്തില്‍ പ്രവേശിച്ച സമയമാണങ്കി ല്‍ അത് കട്ട് ചെയതു രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നോക്കണം. വീട്, വാഹനം തുടങ്ങിയ സ്വത്തുക്കള്‍ നഷ്ട മാകുന്നതാണ് കാണുന്നത്ങ്കിൽ പോലും നിസ്കാരം പിന്നീട് ആകാം, കൈ അടിക്കാം. സമ്പത്ത് നഷ്ടമാകുന്നത് കണ്ടില്ലെന്ന് വെക്കുന്നത് അനുചിതമായ നടപടിയാണ്. “
നോട്ട് :
1. ഇവിടെ ജീവനും സ്വത്തും സ്വന്തക്കാരുടെ ആകണം എന്നില്ല. മുസ്ലിം അമുസ്ലിം വ്യത്യാസം ഇല്ല. മനുഷ്യന്‍, മൃഗം എന്ന വ്യത്യാസവും ഇല്ല.
2. സാധാരണ പ്രയാസ സമയത്ത്‌ അടുത്തടുത്ത എതാനും നിസ്കാര ങ്ങള് ഒരു സമയത്ത് ചുരുക്കി ചെയ്യാം. എന്നാൽ ജീവനും സ്വത്തും രക്ഷിക്കാൻ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയ പരിധി വിട്ട് നിസ്കരിക്കാവുന്നതാണ്.
3. മനുഷ്യ സേവനമാണ് അടിയന്തര മായി ദൈവം ആവശ്യപ്പെടുന്നത്. നോമ്പും ഇപ്രകാരം തന്നെ.
4.സ്വത്ത് ചെറുതോ വലുതോ ആകട്ടെ. എന്നാല്‍ ജീവന് നല്‍കുന്ന പ്രാധാന്യം അതിനില്ല.
ഹജ്ജ്, ഉമ്ര എത്ര പുണ്യകരമാണ്. നാട്ടിലെ ജനങ്ങ്ങള്‍ സാമ്പത്തിക പ്രയാസത്തില്‍ കഴിയുമ്പോള്‍ ഹജ്ജിനോ ഉമ്രയ്ക്കോ രണ്ടാമത് പോകുന്നത് നിര്‍ത്തിവെക്കാന്‍ പഠിപ്പിച്ച ഇമാമുമാരെ നാം പരിചയപ്പെട്ടു. ഫര്‍ദ് കര്‍മ്മങ്ങള്‍ക്ക് ശേഷം ഏറ്റവും പുണ്യകരമായ ഇബാദത്ത് ആണല്ലോ അറിവ് നേടലും പകരലും. പക്ഷേ, പ്രയാസപ്പെടുന്ന ദുര്ബ്ബലര്‍ കൈ അകലത്തില്‍ ഉള്ളപ്പോള്‍ അവരെ ശുശ്രൂഷിക്കലാണ് മജ്ലിസുല്‍ ഇല്മിനേക്കാള്‍ പുണ്യകരം എന്ന് പഠിപ്പിച്ച ഇമാമുമാരെയും നാം കണ്ടു. ഇസ്ലാമില്‍ നിസ്കാരത്തെക്കാള്‍ പ്രധാനമായ ഒരു കര്‍മ്മ ഇബാദത്ത് ഉണ്ടോ? നിസ്കാരം വഖ്ത് തെറ്റിച്ചുപോലും രക്ഷാപ്രവര്‍ത്തനത്തിലേക്ക് ചാടണം എന്ന് പഠിപ്പിച്ചവരെയും നാം കണ്ടു.
ഒന്ന് മനസ്സിരുത്തി ചിന്തിക്കൂ, ഇസ്ലാമിന്‍റെ കല്പനകളുടെ പദവിയും അവയിലടങ്ങിയ മാനുഷിക പരിഗണനയുടെ അളവും തിരിച്ചറിഞ്ഞു ചിന്തിക്കണം. പെരുന്നാള്‍ ബലി ഒരു ശിആര്‍ ആണ്. ജമാഅത്ത് നിസ്കാരം പോലെ. സമ്മര്‍ദ്ധ/ പ്രതികൂല സാഹചര്യത്തില്‍ നാം ജമാഅത്ത് നിസ്കാരം എന്തുചെയ്യും? കുറച്ചുപേര്‍ നിര്‍വ്വഹിക്കും. ബാക്കി യുള്ളവര്‍ തനിച്ച് നിസ്കരിക്കും. ഓര്‍ക്കുക, ജമാഅത്ത് നിലനിര്‍ത്തല്‍ സാമൂഹ്യ ബാധ്യതയാണ്= ഫര്‍ദ് കിഫായ. എന്നാല്‍ ബലിയോ? സാമൂഹ്യ സുന്നത്തും. അപ്പോള്‍, ഒരു മഹല്ലില്‍ ഒന്നോ രണ്ടോ മൃഗത്തെ അറുത്ത് വേണമെങ്കില്‍ ശിആര്‍ നിലനിര്‍ത്താം. മൃഗം വാങ്ങിയവര്‍ ഇനി അതിനെ അറുത്ത് മാംസം ദുരിത കേന്ദ്രങ്ങളില്‍ എത്തിക്കുക തന്നെ. അവ വിറ്റ് കാശ് കണ്ടെത്തി റിലീഫ് നടത്തണം എന്നില്ല. അതേസമയം, ഇനിയും മൃഗത്തെ വാങ്ങാത്തവര്‍ (ദിവസങ്ങള്‍ക്ക് മുമ്പേ ഉണര്‍ത്തിയതായിരുന്നു) ആ സംഖ്യ റിലീഫ് ആവശ്യത്തിനു തിരിച്ചു വിടുകയാണ് നല്ലത്.
ശ്രദ്ധിക്കുക. ബലി മാംസത്തിനു പകരം അതിന്‍റെ സംഖ്യ ദാനം ചെയ്താല്‍ മതിയോ എന്നൊരു ചര്‍ച്ച നേരത്തെ ഉണ്ട്. സംഖ്യ നല്‍കിയാലും ബലി കര്‍മ്മം ആയി ഗണിക്കുമോ എന്ന നിലയ്ക്കുള്ള ചര്‍ച്ചയാണത്. ഫിത്വര്‍ സകാത്ത് പോലെ . ധാന്യം നല്‍കണോ സംഖ്യ നല്‍കണോ എന്ന ചര്‍ച്ച പോലെ. എന്നാല്‍, ഇവിടെ പറഞ്ഞത് അതല്ല, ബലി ഒഴിവാക്കുക എന്നാണ്. അതിനു പകരം ആ പണം ദാനം ചെയ്യുക എന്ന്. അത് ബലിയല്ല. ബലി എന്ന ഇബാദത്ത് ആയിട്ടല്ല എടുക്കുക. സാഹചര്യത്തിലെ അനിവാര്യമായ സ്വദഖ ആയാണ്. ഹജ്ജിനു ചെലവാകുന്ന പണം സദഖ ചെയ്യുന്നപോലെ. ആ സദഖ ഹജ്ജ് ആയിട്ടല്ല എടുക്കുക. എന്നാല്‍, ഹജ്ജിനേക്കാള്‍ പുണ്യകരമായ ഇബാദത്ത് ആയാണ്. അതുതന്നെയാണ് ബലി നിര്‍ത്തി യോ / കുറച്ചോ സംഖ്യ ദാനം ചെയ്താലും സംഭവിക്കുന്നത്.
ബലി നിര്‍ത്തിവെക്കാനോ കുറയ്ക്കാനോ പറയുമ്പോഴേക്കും ഇസ്ലാമിലെ മഹാ ഇബാദത്ത് മുടക്കം വരുത്തുന്നതായി ചിലര്‍ക്ക് തോന്നുന്നത്, ഫിഖ്ഹോ അതിന്‍റെ ഉസ്വൂലോ ഇസ്‌ലാമിക ചരിത്രമോ ദീനിന്‍റെ മാനുഷിക മുഖമോ വേണ്ടപോലെ മനസ്സിലാക്കാത്തത് കൊണ്ടാണ്. ബലി നടത്താൻ ആലോചിച്ച ഒരാളുടെ വീട്ടിലും പരിസരത്തും ആയിരുന്നു പ്രളയം ഉണ്ടായത്ങ്കില്‍ അദ്ധേഹം തന്റെ ബലി എന്തു ചെയ്യുമായിരിക്കും എന്ന് ഊഹിക്കാമല്ലോ. തന്റെ സഹോദരൻ തന്റെ ശരീര ത്തിലെ ഒരു ഭാഗമാണെന്ന് കൂടി തിരിച്ചറിയാൻ സാധിക്കും എങ്കിൽ കാര്യം സരളമായേനെ. എന്നാല്‍, ബലിയില്‍ നിന്നും പിന്മാറുവാനുള്ള ഒരു സൂത്രമായി ദാനധര്‍മ്മത്തെ അവതരിപ്പിക്കുന്നവര്‍ നഷ്ടക്കാര്‍ തന്നെ. അവര്‍ ബലി നടത്തുന്നില്ല, ദാനം ചെയ്യുന്നുമില്ല എങ്കില്‍.
പെരുന്നാള്‍ അടുത്തു. ഈ വര്ഷം വേണ്ടപോലെ ബലി നിയന്ത്രിക്കാന്‍ കഴിയണം എന്നില്ല. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ ആലോചിക്കാം. ഹജ്ജ് കഴിഞ്ഞ ഉടന്‍ വരവായി, ഉമ്ര ഹജ്ജ് ഗ്രൂപ്പുകാരുടെ പരസ്യങ്ങളും പിടിവലികളും. ഓര്‍ക്കുക, രണ്ടാമത്തെ ഹജ്ജ്/ഉമ്ര യാണെങ്കില്‍ പിന്മാറുക. വിശിഷ്യാ സ്ത്രീകള്‍. ഇലാഹീ പ്രീതി ലഭിക്കാന്‍ നമ്മുടെ നാട്ടില്‍ അവസരങ്ങള്‍ എമ്പാടുമുണ്ട്. ഹജ്ജ്/ഉമ്ര ഗ്രൂപ്പുകാര്‍ ഇതൊന്നും തുറന്നു പറയില്ല. മറ്റു ‘ഇബാദത്ത്’കളും ഇതുപോലെ നിയന്ത്രിക്കാന്‍ കഴിയണം.
ആവശ്യക്കാര്‍ക്ക് ഉപകരിക്കാതെ കാഷ് പെട്ടിയില്‍ വെച്ച് ഇബാദത്തുകളില്‍ മുഴുകുന്ന ധനിക ഭക്തരെ ഇമാം ഗസ്സാലി പിടികൂടിയത് ഓര്‍ക്കുന്നു. സ്വന്തം തൊടി യിലെ പട്ടിണി പാവത്തിനെ വളരാൻ അനുവദിക്കാതെ, ആളുകൾ കാണുന്ന വിധം മസ്ജിദ്‌ അലങ്കരിക്കുന്നതില്‍ ചെലവഴിക്കാന്‍ ആവേശം കാണിക്കുന്ന കപട ധര്‍മ്മ ക്കാരെ യും അദ്ധേഹം തൊലിയുരിക്കുന്നു.
തിരുനബി സ്വ അരുളി :
من مشى في حاجة أخيه كان خيرا له من اعتكاف عشر سنين،… (حاكم)
” തന്റെ സഹോദരന്റെ ഒരാവശ്യ൦ നിര്‍വ്വഹിക്കാന്‍ ഒരാൾ ഇറങ്ങിയാ ല്‍ പത്തു വര്‍ഷം മസ്ജി ദി ല്‍ ഇഅ തി കാ ഫ് ഇരിക്കുന്ന തി നേ ക്കാ ൾ ഉത്തമമാണ് “..
അല്ലാഹു നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് സമര്‍പ്പണം ആണ്. അവന്‍റെ അടിയാര്‍കളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ വലിയ സമര്‍പ്പണ മാര്‍ഗ്ഗം ഇല്ലേയില്ല. നബി സ്വ ഉണര്‍ത്തി :
“أفضل الأعمال إدخال السرور على المؤمنين، كسوت عورته أو اشبعت جوعته أو قضيت له حاجة “
” സത്യ വിശ്വാസികള്‍ ക്ക് സന്തോഷം ഉണ്ടാക് കുന്ന പ്രവൃത്തികള ത്രേ ഉത്തമ കര്‍മ്മങ്ങള്‍: അവ ര്‍ ക്ക് നഗ്നത മറയ്ക്കാനുള്ള വസ്ത്രം നല്‍കിയും വിശപ്പ് മാറ്റാൻ ഭക്ഷണം നല്‍കിയും മറ്റു ആവശ്യങ്ങള്‍ പരിഹരിച്ചു ൦.. “
(ത്വബ്റാനി)
അവനുമായുള്ള തന്‍റെ കണക്ഷന്‍ കേവലം സോഷ്യലിസ്റ്റ് മനോഭാവത്തില്‍ അല്ലെന്ന് ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധമായ ‘പക്കാഇബാദത്ത്കള്‍’ കണിശമായും അനുഷ്ടിക്കുക.
അല്ലാഹു അഅ് ലം.
സ്വാലിഹ് നിസാമി പുതുപൊന്നാനി
20/ 08/ 2018
Leave a Reply