അന മദീനത്തുല്‍ ഇല്മി വ അലിയ്യുന്‍ ബാബുഹാ..


ശിയാക്കളും അവരോടു കെട്ടുബന്ധമുള്ള സൂപ്പികളും ധാരാളമായി ദുരുപയോഗപ്പെടുത്തുന്ന ഒരു പ്രസ്താവനയാണ്മുകളില്‍.. “ഞാന്‍ അറിവിന്‍റെ നഗരിയാകുന്നു; അലി അതിന്‍റെ കവാടവും”. നബി സ്വ യുടെ പ്രസ്താവനയായിട്ടാണ് ഇത് പ്രചരിക്കുന്നത്. തിരുനബിയിലേക്ക് ചേര്‍ക്കപ്പെടുന്ന ഏതൊരു പ്രസ്താവനയും രണ്ടുവിധത്തില്‍ പരിശോധിക്കണം 
ഒന്ന്. ആശയ തലത്തില്‍. 
രണ്ട്, സനദും ആളുകളെയും നോക്കി..
നബി സ്വ അറിവിന്‍റെ പട്ടണം ആണെന്ന കാര്യത്തില്‍ സന്ദേഹമില്ല. അലിയാര്‍ അതിന്‍റെ കവാടം ആണെന്ന് വരുമ്പോഴാണ് ചര്‍ച്ച ഉയരുന്നത്. അലി റ നെ ശിയാക്കള്‍ ഹൈജാക്ക് ചെയ്തതിനാല്‍, അദ്ദേഹത്തെ കുറിച്ച് മറ്റനവധി വ്യാജ പ്രസ്താവനകള്‍ ശിയാ നിര്‍മ്മാണശാലയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ , മേല്‍ പ്രസ്താവന “ചൂടുവെള്ളം” ആണോന്ന് ശങ്കിക്കുന്നവര്‍ ധാരാളമുണ്ട്. വിശിഷ്യാ, ശിഈസത്തോട് പൊതുവേ തീവ്രമായ വിരോധം ഉള്ളവര്‍ മേല്‍ പ്രസ്താവനയെ അതിധ്രുതം ശിഈ നിര്‍മ്മാണമായി പ്രഖ്യാപിച്ചു..
നബിത്വ പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ നബി സ്വ യും ‘അലിയാരുട്ടി’ യും ബന്ധമുണ്ടല്ലോ. നബി സ്വ യുടെ വളര്‍ത്തു പുത്രനായിരുന്നല്ലോ കൊച്ചു അലി . നബിത്വ ദൗത്യവുമായി രംഗത്തു വന്നപ്പോള്‍ അതില്‍ വിശ്വസിച്ച ആദ്യക്കാരുടെ ഗണത്തിലും അലിയാരുട്ടി ഉണ്ട്. ചെറുപ്പമായതിനാല്‍, ആഇശ റ) യുടെ സ്ഥിതി എന്നപോലെ , നബി സ്വ യുടെ അറിവ് പകര്‍ത്തിയെടുക്കുന്നതില്‍ അദ്ധേഹം നല്ല മിടുക്ക് പ്രകടിപ്പിച്ചിട്ടുമുണ്ട്. അവസരവും ധാരാളം ലഭിച്ചു. നബി സ്വ യുടെ കൂടെയുണ്ടായിരുന്ന വലിയവര്‍, അവര്‍ വലിയവര്‍ ആയതിനാല്‍ തന്നെ, മക്കയിലും മദീനയിലും നേരിട്ട വലിയ വലിയ അസ്തിത്വ/ സ്വത്വ പ്രതിസന്ധികളില്‍ കൂടി ഇടപെടേണ്ടിണ്ടി വന്നിരുന്നു. ആദ്യ മൂന്നു ഖലീഫമാരുടെ കാലത്ത് അലിയാര്‍ തങ്ങള്‍ വൈജ്ഞാനിക സേവനത്തില്‍ ഏറെ മുന്നോട്ടുപോയി. ആദ്യ ഖലീഫമാര്‍ ആദ്യമാദ്യം മരണപ്പെട്ടതിനാല്‍ നബി സ്വ യ്ക്ക് ശേഷം അലിയാര്‍ക്ക് ലഭിച്ച അത്ര അവസരം അവര്‍ക്ക് ലഭിക്കാതെ പോവുകയും ചെയ്തു..അതുകൊണ്ടു തന്നെ , ഇസ്ലാമിക സമൂഹത്തില്‍ പുഷ്കലമായ ഒട്ടേറെ വിജ്ഞാനശാഖകള്‍ അലിയാരെന്ന വടവൃക്ഷം പടര്‍ന്നു പന്തലിച്ചത് ഉണ്ടായതാണെന്ന് കാണാം. ഇക്കാര്യം അഹ്ലുസ്സുന്നയുടെ അജയ്യനായ വക്താവ് ഇമാം റാസിയെപ്പോലുള്ളവര്‍ ഭംഗിയായി സ്ഥാപിക്കുന്നുണ്ട്. അലിയാരുടെ ശിഷ്യ പ്രമുഖരില്‍ ചിലര്‍ക്ക് സംഭവിച്ച വ്യതിയാനമാണ് “മുഅതസിലത്ത്’ പോലുള്ള ബൗദ്ധിക കലാപകാരികളെ സൃഷ്ടിക്കുന്നതും. അതിനാല്‍, അലിയാര്‍ തങ്ങള്‍ തിരു നബി യെന്ന ജ്ഞാന നഗരിയുടെ ഒരു കവാടമാണെന്ന പ്രസ്താവന ആശയ തലത്തില്‍ നിന്നുകൊണ്ട് തള്ളിക്കളയേണ്ടതില്ല..
അലിയാര്‍ തങ്ങള്‍ മാത്രമാണ് ആ പ്രവിശാല ജ്ഞാന നഗരിയിലേക്കുള്ള ഏക കവാടം എന്ന ധ്വനി മേല്‍ പ്രസ്താവനയില്‍ അടങ്ങിയിട്ടില്ല. ഭുവന വാനങ്ങളുടെ, സ്വര്‍ഗ്ഗ ലോകങ്ങളുടെ വിശാലതയുള്ള നബി തങ്ങളുടെ അറിവ് നഗരിയിലേക്ക് ഏക കവാടമേ ഉള്ളൂ എന്ന് പറയുന്നത് തന്നെ പരിഹാസ്യമാണ്. സ്വര്‍ഗ്ഗത്തിനു പോലും എട്ടു കവാടങ്ങള്‍ ഉണ്ട്. ചെറിയ ഒരു വീടുപോലും ഒന്നിലേറെ വാതിലുകള്‍ അടങ്ങിയതാണ്. മാനവ നാഗരികത പണിത അനേകമനേകം നഗരികളില്‍ ഒരു നഗരം പോലും ഏകകവാട സ്വഭാവത്തിലുള്ളത് കാണപ്പെട്ടിട്ടില്ല. പാസ് വെച്ച്/ ഐഡന്റിറ്റി പരിശോധിച്ച് അകത്തു കയറ്റുന്ന കൂടാരങ്ങള്‍ക്ക് പോലും വാതിലുകള്‍ ഉണ്ടാകും.
അലിയാര്‍ തങ്ങള്‍ മാത്രമല്ലല്ലോ നബി തങ്ങളുടെ ജ്ഞാന നഗരിയില്‍ വളര്‍ന്നത്.. അബൂബകറും ഉമറും, സഅദും സഈദും ഉസ്മാനും ത്വല്‍ഹയും ആ നഗരിയില്‍ മുങ്ങിക്കുളിച്ചവരാണ്. ആ ജ്ഞാന നഗരിയെ തോളില്‍ ചുമക്കാന്‍ ലഭിച്ച അപൂര്‍വ അവസരം കൃത്യമായി ഉപയോഗപ്പെടുത്താന്‍ മാത്രം ധിഷണാ ശേഷി അബൂബകറിനല്ലാതെ മറ്റാരിലും കണ്ടിട്ടില്ല. മക്കാ ഫത്ഹ് വേളയില്‍ നബി സ്വ യെ എടുത്തുയര്‍ത്താന്‍ അലിയാര്‍ തങ്ങള്‍ക്ക് കരുത്ത് മതിയായില്ല.. എന്നിട്ട്അ, ബിലാല്‍ തിരു ചുമലില്‍ കയറിയാണല്ലോ 
ആ ആവശ്യം നിര്‍വഹിച്ചത്.. അത്കൊണ്ടല്ലേ, സൂഫികളുടെ ജ്ഞാന പരിശീലന പാതയില്‍ ‘സ്വിദ്ധീഖീ’ മാര്‍ഗ്ഗം അത്യുന്നത പദവിയില്‍ പ്രതിഷ്ടിക്കപ്പെട്ടത്.
അവിടുത്തെ അനുഭവിക്കാനും സ്വകാര്യം പങ്കിടാനും ആഇഷയെക്കള്‍ സാധിച്ച മറ്റാരുണ്ട് ? “ആഇഷയില്‍ നിന്നും നിങ്ങള്‍ ദീന്‍ പഠിക്കുക” എന്ന ശങ്കാ ലേശമില്ലാത്ത പ്രസ്താവനയില്‍ അടങ്ങിയ ദീനറിവ്’ ഏതു ജ്ഞാനനഗരിയില്‍ നിന്നുള്ളതാണ്?!! മദീനയില്‍ വളര്‍ന്ന ചെറുപ്പക്കാരെ നബി സ്വ പ്രത്യേകമായി അറിവ് കൊടുത്തു വളര്‍ത്തിയിരുന്നു. ഇബ്നു അബ്ബാസ് റ, ഉബയ്യ് ബിന്‍ കഅബ് റ), ഇബ്നു മസ്ഊദ് തുടങ്ങിവരുടെ ജ്ഞാന ദൗത്യം അവിടുന്ന് പ്രഖ്യാപിച്ചതാണ്. അവിടുത്തെ മസ്ജിദിനോട് ചേര്‍ന്ന് കുറേപേരെ മറ്റു വ്യവഹാരങ്ങള്‍ക്ക്‌ വിടാതെ അറിവഭ്യാസത്തിന് മാത്രമായി പാര്‍പ്പിച്ചിരുന്നു. അവരനുഭവിച്ച അറിവുകാഴ്ചകളുടെ അനുഭൂതികള്‍ ഏതു ജ്ഞാന നഗരത്തില്‍ പോയിട്ടായിരുന്നു?!
ആത്മിക വളര്‍ച്ചയുടെ അംഗീകാരമായി നബി സ്വ യില്‍നിന്നും “ഖിര്‍ഖ’ ലഭിച്ച സ്വഹാബികള്‍ ധാരാളമുണ്ട്. അതുകൊണ്ടത്രെ, പരസ്യവും ‘രഹസ്യ’വുമായ, ഭൗതികവും ആത്മികവുമായ, സാമൂഹികവും വൈയക്തികവുമായ നബി ജ്ഞാനങ്ങളുടെ പ്രസരണം അലിയാരിലൂടെ മാത്രമായി പരിമിതപ്പെടാതിരുന്നത്. ഹുദയുടെ/ ഹുദയിലേക്കുള്ള നക്ഷത്ര ശോഭകളായി ലക്ഷത്തില്‍ പരം സ്വഹാബികള്‍ വെട്ടിത്തിളങ്ങുന്നത്.
അബൂബകരും ഉമറും ഉസ്മാനും അലിയാര്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന ജ്ഞാനികള്‍ ആണെന്നും , സ്വഹാബികള്‍ അഖിലം വ്യത്യസ്ത ‘വീതി വിസ്താരമുള്ള’ കവാടങ്ങള്‍ ആണെന്നുമുള്ള സത്യം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ “അന മദീനത്തുല്‍ … “ എന്ന ഹദീസ് ബാത്വിലായി പ്രഖ്യാപിക്കേണ്ട കാര്യമില്ല, ഖാസി ഇബ്നുല്‍ അറബി റഹി) ചെയ്തപോലെ. അതിലേറെ സമര്‍ത്ഥമായ സമീപനം വിശ്വാസ ഗുരുവായ ഇമാം മാതുരീദി റഹി യുടെതാണ്. അലിയാര്‍ തങ്ങളെ “പ്രധാന വാതിലുകളില്‍ ഒന്ന്” ആയി ബഹുമാനിക്കുക.. കാരണം, ഒരു നഗരത്തിന് ഒറ്റ വാതില്‍ പ്രായോഗികമല്ല. മറ്റു വലിയ വലിയ കവാടങ്ങള്‍ എവിടെക്കൊണ്ട്‌ വെക്കും?
പരാമൃഷ്ട പ്രസ്താവനയുടെ ചില റിപ്പോര്‍ട്ടുകളില്‍ , “അബൂബകര്‍ ആ നഗരിയുടെ അസ്തിവാരവും, ഉമര്‍ ചുറ്റുമതിലുമാകുന്നു, ഉസ്മാന്‍ അതിന്‍റെ മേല്പുരയും..” എന്നുകാണാം.
ഹദീസ്: സനദും ആളുകളും…
ഹദീസിന്‍റെ നിലവാരം മനസ്സിലാക്കാന്‍ ഇബ്നു ഹജര്‍ അസ്ഖലാനി റഹി യെ അവലംബിക്കുന്നതാണ് കരണീയം. കാരണം, അദ്ധേഹം ഒരു മധ്യമ നിലപാടുകാരനാണ്. ഇബ്നു ഹിബ്ബാന്‍, ഇബ്നുല്‍ ജൗസി, ദഹബി, ഇബ്നു തൈമിയ്യ തുടങ്ങിയവര്‍ക്ക് ശിയാക്കളെ കണ്ടുകൂടാ. അത് അവരുടെ വിലയിരുത്തലുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതുപോലെ, ഹാകിം, സിബ്ത് ഇബ്നുല്‍ ജൗസി തുടങ്ങിയവരെയും ‘നമ്പി’ ക്കൂടാ. അവര്‍ക്ക് ശിയാ ചായ്‌വും അതിനാല്‍ ശിയാ ആരോപിതരുമാണ്. അസ്ഖലാനി യുടെ പ്രസക്തി അദ്ദേഹത്തിന്‍റെ ഹദീസ് നൈപുണ്യത്തില്‍ മാത്രമല്ല, നിഷ്പക്ഷതയില്‍ കൂടിയാണ്. മറ്റൊരു കാരണം, മുന്‍ ചൊന്ന ഹദീസ് വിദഗ്ദ്ധരുടെ പിന്ഗാമി യയതിനാല്‍, അവരിരുവര്‍ക്കും സംഭവിച്ച ഏറ്റപ്പറ്റുകള്‍ പരിഹരിക്കാനും പുനപരിശോധനയിലൂടെ തീര്‍പ്പിലെത്താനും സാധിച്ച, പില്‍ക്കാലക്കാര്‍ക്ക് ലഭിച്ച ഒരു മഹാ ഭാഗ്യമാണ് അസ്ഖലാനി.
പ്രസ്തുത ഹദീസ് സംബന്ധമായി അദ്ദേഹം തീര്‍പ്പിലെത്തിയത് ഇതാണ്. 
اللآلي المصنوعة – (1 / 306)
وسئل شيخ الإسلام أبو الفضل ابن حجر عن هذا الحديث في فتيا فقال هذا الحديث أخرجه الحاكم في المستدرك وقال إنه صحيح وخالفه أبو الفرج بن الجوزي فذكره في الموضوعات وقال إنه كذب والصواب خلاف قولهما معا وإن الحديث من قسم الحسن لا يرتقي إلى الصحة ولا ينحط إلى الكذب وبيان ذلك يستدعي طولا ولكن هذا هو المعتمد في ذلك انتهى
تنزيه الشريعة المرفوعة عن الأحاديث الشنيعة الموضوعة – (1 / 430)
وقال فى لسان الميزان هذا الحديث له طرق كثيرة فى مستدرك الحاكم أقل أحوالها أن يكون للحديث أصل فلا ينبغى أن يطلق عليه القول بالوضع انتهى وللحافظ العلائى فى أجوبته عن الأحاديث التى تعقبها السراج القزوينى على مصابيح البغوى فصل طويل فى الرد على ابن الجوزى وغيره ممن حكم بوضع هذا الحديث وحاصله الحكم على الحديث بأنه حسن
അസ്ഖലാനി യുടെ മേല്‍ പ്രസ്താവന ഇമാം സുയൂത്വിയും കന്‍സുല്‍ ഉമ്മാലിന്റെ കര്‍ത്താവ് അലിയ്യ് ബിന്‍ ഹുസാമുദ്ധീന്‍ അല്‍ ഹിന്ദിയും മുഹമ്മദ്‌ ശൌകാനി യും എടുത്തുദ്ധരിച്ച് സമ്മതിക്കുന്നുണ്ട്. അസ്ഖലാനി മാത്രമല്ല, ഹാഫിള് അല്ലാഈ യും ഇതേ തീര്‍പ്പില്‍ എത്തിയിരിക്കുന്നു.
“അന മദീനത്തുല്‍ …’ എന്ന പ്രസ്താവന എങ്ങനെ ഹസന്‍ ഗ്രേഡ് ഉള്ള ഹദീസ് ഗണത്തില്‍ പെട്ടു.. ഇബ്നു ഹജറും. പിന്‍ഗാമികളും അങ്ങനെ വിധിക്കാനുള്ള നിമിത്തമെന്ത്? അവരുടെ നിര്‍ദ്ധാരണ മര്യാദ എങ്ങനെയായിരുന്നു?
Leave a Reply