ഹദീസ് നിഷേധം: 

കഥയും കഥയില്ലായ്മയും


നബി സ്വ പ്രവചിച്ചു: വയറുനിറയെ ഭക്ഷിച്ച് തന്‍റെ ചാരുകസേരയില്‍ ഇരുന്ന്, ‘നിങ്ങള്‍ ഈ ഖുര്‍ആന്‍ മാത്രം അവലംബിക്കുക; അതിലെ ഹലാല്‍ മാത്രം ഹലാലായും അതില്‍ കാണുന്ന ഹറാം മാത്രം ഹറാമായും എടുക്കുക’ എന്നിങ്ങനെ പറയുന്ന ഒരാള്‍ താമസിയാതെ വെളിപ്പെടുന്നതാണ്. അറിയുവീന്‍, എനിക്ക് കിതാബ് നല്‍കപ്പെട്ടിരിക്കുന്നു; അതുപോലെ വേറെയും.” (അബൂദാവൂദ്)

ഈ പ്രസ്താവനയില്‍ നിന്നും മനസിലാക്കിയിട്ടാകണം, ഹസ്രത്ത് ഉമര്‍ റ ഒരിക്കല്‍ പറയുകയുണ്ടായി: “വിശുദ്ധ ഖുര്‍ആനിലെ തെറ്റുദ്ധരിപ്പിക്കാവുന്ന ഭാഗങ്ങള്‍ പൊക്കിയെടുത്ത് നിങ്ങളുമായി കുതര്‍ക്കത്തിന് വരുന്ന ഒരു കൂട്ടം ആളുകള്‍ താമസിയാതെ വരും; അവരെ നിങ്ങള്‍ സുന്നത്ത് കൊണ്ട് പിടികൂടുക. നിശ്ചയമായും, സുന്നത്ത് വേണ്ടപോലെ ഗ്രഹിച്ചവരാണ് അല്ലാഹുവിന്‍റെ കിതാബ് കൂടുതല്‍ മനസ്സിലാക്കിയവര്‍”.

തിരുപ്രവചനം യാഥാര്‍ത്ഥ്യമായി. പ്രമുഖ സ്വഹാബികള്‍ കാലഗതി അടയുന്നതിനു മുമ്പുതന്നെ ഹദീസ് നിഷേധികള്‍/ ഖുറാനിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 

സ്വഹാബി പ്രമുഖനായ ഇമ്രാനു ബ്നു ഹുസ്വൈന്‍ റ യുടെ ഹദീസ് സദസ്സ് നടക്കുന്നു, തന്‍റെ ശിഷ്യന്മാര്‍ സദസ്സില്‍ ഹദീസുകള്‍ കേട്ടുപഠിക്കുന്നു. ശഫാഅത്ത് സംബന്ധമായ ഹദീസുകള്‍ ആണ് വിഷയം. ഹദീസ് നിഷേധ സംഘത്തിലെ ഒരാള്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ വിളിച്ചുപറഞ്ഞു:

 “ താങ്കള്‍ ഹദീസുകളാന്ണല്ലോ ഉദ്ധരിക്കുന്നത്, ഹദീസുകളെ കുറിച്ച് ഞങ്ങള്‍ ഖുര്‍ആനില്‍ ഒന്നും കാണുന്നില്ല. ഞങ്ങള്‍ക്ക് ഖുറാന്‍ അല്ലാതെ കേള്പ്പിക്കാരുത്”. 

അദ്ദേഹം അയാളെ അടുത്തുവിളിച്ചു. അയാള്‍ വന്നു.
ഇമ്രാന്‍ അയാളോട് ചോദിച്ചു:
‘താങ്കള്‍ ഖുര്‍ആന്‍ ഓതിയിട്ടുണ്ടോ?’

‘അതെ’.

ളുഹര്‍ നാല്, അസ്വര്‍ നാല്, മഗ്രിബ് മൂന്ന്, ഇശാഅ് നാല്, ഫജ്ര്‍ രണ്ട് റകഅത്താണെന്ന് ഖുറാനില്‍ കണ്ടിട്ടുണ്ടോ?’

‘ഇല്ല’.

‘ആദ്യത്തെ രണ്ട് റകഅത്തുകളിലാണ്‌ ഖുര്‍ആന്‍ കൂടുതല്‍ പാരായണം ചെയ്യേണ്ടതെന്നും ഖുര്‍ആനില്‍ താങ്കള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോ?’

‘ഇല്ല’.

‘പിന്നെ ആരില്‍ നിന്നാണ് അതെല്ലാം ലഭിച്ചത്?! അതെല്ലാം ഞങ്ങളില്‍ നിന്നെല്ലേ നിങ്ങള്‍ക്ക് കിട്ടിയത്? ഞങ്ങള്‍ക്കത് റസൂലില്‍ നിന്നും ലഭിച്ചതാണ്.’
‘ചോദിക്കട്ടെ, ഖുര്‍ആനില്‍ നിങ്ങള്‍ “പുരാതനമായ ആ ഭവനത്തെ ത്വവാഫ് ചെയ്തുകൊള്ളട്ടെ’’ എന്നു കാണുന്നു. എന്നാല്‍ കഅബയെ ത്വവാഫ് ചെയ്യേണ്ടത് ഏഴു പ്രാവശ്യമാണെന്ന് ഖുര്‍ആനില്‍ ഉണ്ടോ? മഖാം ഇബ്രാഹീമിനു പിന്നില്‍ വെച്ച് നിസ്കരിക്കേണ്ടത് രണ്ടു റകഅത്ത് ആണെന്നുണ്ടോ? സ്വഫ മര്‍വക്കിടയില്‍ ‘തവാഫ്’ ചെയ്യുന്ന വിധവും ഖുര്‍ആനില്‍ കണ്ടുപിടിക്കാന്‍ കഴിയുമോ?’

അദ്ദേഹം തുടര്‍ന്നു: ‘നാല്പത് ചെമ്മരിയാടുള്ളവന്‍ അതിലൊന്ന് സകാത്ത് നല്‍കണമെന്ന്, ഇത്ര മാടുകള്‍ക്ക് ഇത്ര നല്‍കണമെന്ന്, ഇത്ര ദിര്‍ഹമിന് ഇത്ര നല്‍കണമെന്ന്… ഖുര്‍ആനില്‍ നിങ്ങള്‍ കാണുന്നുണ്ടോ?’

‘ഇല്ല’.

‘പിന്നെ ആരില്‍ നിന്നും നിങ്ങള്‍ അത് പഠിച്ചു? ഞങ്ങളില്‍ നിന്നല്ലേ?. ഞങ്ങള്‍ അന്ത്യദൂതരില്‍ നിന്നത്രെ അത് പഠിച്ചത്’.

‘ജലബ് , ജനബ്, ശിഗാര്‍ എന്നിവ  ഇസ്‌ലാമില്‍ ഇല്ലെന്ന കാര്യം അറിയാലോ? അത് സംബന്ധമായ വചനം ഖുര്‍ആനില്‍ കാണുമോ?’

 നിങ്ങള്‍ കണ്ടില്ലേ ഖുര്‍ആനില്‍, “അല്ലാഹുവിന്‍റെ ദൂതര്‍ നിങ്ങള്‍ക്ക് കൊണ്ടുതന്നത് നിങ്ങള്‍ എടുക്കുക, അദ്ദേഹം നിങ്ങളെ വിലക്കിയത് ഉപേക്ഷിക്കുക’’ എന്ന വചനം. 

ഹേയ് മനുഷ്യന്മാരേ, ഞങ്ങളില്‍ നിന്നും ഇസ്‌ലാം/ നബിചര്യ പഠിക്കുക. നിങ്ങള്‍ക്കറിയാത്ത പല അറിവുകളും ഞങ്ങള്‍ റസൂലില്‍ നിന്നും പഠിച്ചിട്ടുണ്ട്. അല്ലാഹുവാണ, നിങ്ങളീ ചെയ്യുന്നത് സ്വയം പിഴപ്പിക്കുന്ന സംഗതികള്‍ മാത്രമാണ്”. 
(ഖതീബുല്‍ ബഗ്ദാദി/ അല്‍ കിഫായ; ഇമാം ബൈഹഖി/ ദലാഇലുന്നുബുവ്വ; ഇമാം ആജുരി/ അശരീഅ; ഇമാം സുയൂത്വി/ മിഫ്താഹുല്‍ ജന്ന).
*ശിഗാര്‍: ‘എന്‍റെ മകളെ നിനക്ക് വിവാഹം ചെയ്തുതരാം, നിന്‍റെ മകളെ എനിക്കും’ എന്ന ജാഹിലിയ്യ വിവാഹ രീതി. സഹോദരിമാരെ കൈമാറുന്നതിനും ഇതു പറയും.

സ്വഹാബികളുടെ കാലത്ത് ഇസ്ലാമിലേക്ക് കടന്നുവന്ന, നബിയെ കാണാനും പകര്‍ത്താനും കഴിയാത്ത ചിലരാണ് ആദ്യമായി ഹദീസ് നിഷേധവുമായി രംഗത്തുവന്നത്. അവര്‍ റാഫിദീ പശ്ചാത്തലംഉള്ളവരായിരുന്നു.

ഹദീസുകള്‍ ഖുര്‍ആനുമായി ഒത്തുനോക്കുകയോ?!

ഇതായിരുന്നു ഹദീസ് നിഷേധത്തിന്‍റെ ആദ്യഘട്ടം. റാഫിദികളില്‍ ചിലരുടെ ദുഷ്ടലാക്കില്‍ നിന്നാണ് ഈ കണ്ടുപിടുത്തം സംഭവിച്ചത്. പക്ഷേ, പിടിച്ചു നില്ക്കാന്‍ സാധിക്കാത്ത ദുര്‍ബ്ബല വാദമായതിനാല്‍ , അത് റാഫിദികളുടെ ഇടയില്‍ മാത്രം അത് വട്ടം കറങ്ങി. മുസ്ലിം സമുദായം ആ വാദത്തെ ശക്തമായി പ്രതിരോധിച്ചു. രസകരമായ ഒരു സംഗതി, ഹദീസുകള്‍ തള്ളണമെന്ന വാദത്തിന് തെളിവായി റാഫിദികള്‍ ഒരു ഹദീസ് തന്നെയങ്ങ് നിര്‍മ്മിച്ചു! ‘നിങ്ങള്‍ക്ക് വല്ല ഹദീസും വന്നെത്തിയാല്‍ അതിനെ നിങ്ങള്‍ ഖുര്‍ആന്‍ വെച്ചു പരിശോധിക്കുവീന്‍; ഹദീസിന് വല്ല അടിസ്ഥാനവും ഉണ്ടെന്നുകണ്ടാല്‍ അതെടുക്കാം, അല്ലെങ്കില്‍ തള്ളുക.’ ഇതായിരുന്നു ഹദീസ്. ഇതിനെ ഖുറാന്‍ വെച്ച് പരിശോധിച്ചിരുന്നോ എന്ന് അവരോട് ചോദിക്കാന്‍ ഇടനല്‍കാറില്ല, അതിനു മുമ്പേ സുന്നത്തിനോടുള്ള ശങ്കയുടെ വൈറസ് പാറിച്ച് അവര്‍ സ്ഥലം വിട്ടിരിക്കും. ഏതായാലും, റാഫിദികളുടെ ഹദീസ് വിരുദ്ധ കള്ളഹദീസ് ജ്ഞാനികള്‍ അന്നേ പിടികൂടിയിട്ടുണ്ട്.

ഹദീസ് ശാസ്ത്രത്തിന് ഗണ്യമായ സംഭാവന ചെയ്ത മഹാ പുരുഷനാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹ്. അദ്ദേഹത്തിന്‍റെ ‘രിസാല’യും ‘ഇഖ്തിലാഫുല്‍ ഹദീസ്’ഉം ഹദീസ് പ്രതിരോധ സാഹിത്യ ശാഖകളിലെ പ്രൌഡമായ തുടക്കങ്ങളത്രെ. ഏതോ അജ്ഞാതനിലേക്ക് ചേര്‍ത്തു പറയുന്ന കണ്ണി ചേരാത്ത ഈ കള്ള പ്രസ്താവനയെ അദ്ദേഹം രിസാലയില്‍ നിശിതമായി തള്ളുന്നുണ്ട്. 

ഇമാം ശാഫിഈയുടെ ആധികാരിക വക്താവായ ഇമാം ബൈഹഖി തന്‍റെ ‘മഅരിഫത്തുസ്സുനനി വല്‍ ആസാറി’ല്‍ പ്രസ്തുത കള്ള പ്രസ്താവന കടന്നുവന്ന ഓരോ വഴികളും പരിശോധിക്കുന്നത് കാണാം. ബൈഹഖി ഇമാം ‘ദലാഇലുന്നുബുവ്വ;’യില്‍ ഇതുസംബന്ധമായി പ്രതികരിച്ചത് ഇങ്ങനെ: “ഹദീസുകള്‍ ഖുര്‍ആനുമായി ഒത്തുനോക്കണം എന്ന അര്‍ത്ഥത്തില്‍ വന്ന വാചകം ശുദ്ധ അസംബന്ധമാണ്. ഒട്ടും ശരിയല്ല. അത് അത് അതിനെ തന്നെ തിരിച്ചടിക്കുന്നു. കാരണം, ഹദീസുകള്‍ ഖുറാന്‍ വെച്ച് ഒത്തുനോക്കണമെന്ന് ഖുര്‍ആന്‍ കല്പിച്ചിട്ടില്ല, (പിന്നെയെങ്ങനെ)?!”. 

പ്രസ്തുത കള്ള പ്രസ്താവനയെ കടുത്ത ഭാഷയില്‍ അടിച്ചോടിക്കുകയായിരുന്നു ഹാഫിള് ഇബ്നു ഹസ്മു. അതിന്‍റെ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ സസൂക്ഷ്മം പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു: “ഖുര്‍ആനില്‍ കാണുന്നതല്ലാതെ മറ്റൊന്നും പ്രമാണമായി സ്വീകരിക്കില്ലെന്ന് വല്ലോനും പറഞ്ഞാല്‍, മുസ്‌ലിം സമുദായത്തിന്‍റെ ഏകാഭിപ്രായ പ്രകാരം അയാള്‍ കാഫിറാണ്. അയാള്‍ ഖുര്‍ആന്‍ നോക്കിയാല്‍, സൂര്യന്‍റെ ദുലൂക് മുതല്‍ രാത്രി ഇരുള്‍ പരക്കുന്നതുവരെ ഒരു റകഅത്ത് നിസ്കരിക്കുകയെ വേണ്ടൂ, മറ്റൊന്ന് ഫജ്ര്‍ വേളയിലും. മിനിമം നിസ്കാരം അത്രമാത്രം. ഇപ്പറഞ്ഞ സമയങ്ങളിലായി രണ്ടേരണ്ട് റകഅത്ത് മാത്രം. എന്നാല്‍, എത്ര വര്‍ദ്ധിപ്പിക്കുന്നതിനും പരിധിയുമില്ല. (കാരണം, ഖുര്‍ആന്‍ സൂക്തങ്ങളില്‍ റകഅത്തുകളുടെ എണ്ണമോ കൃത്യമായ സമയ പരിധിയോ പരാമര്‍ശിക്കുന്നില്ല)

നബി സ്വ ക്ക് ഖുര്‍ആന്‍ മാത്രമോ?

നബി സ്വ ക്ക് അല്ലാഹു ഖുര്‍ആന്‍ മാത്രമേ ഇറക്കിയിട്ടുള്ളൂ, പഠിപ്പിചിട്ടുള്ളൂ എന്നാണ് ഹദീസ് നിഷേധികളുടെ വാദം. ഇത് പച്ചയ്ക്ക് ഖുര്‍ആന്‍ നിഷേധിക്കലാണ്. കാരണം, ഖുര്‍ആനില്‍ അല്ലാഹു നബി സ്വ യ്ക്ക് ഇറക്കിയതും പഠിപ്പിച്ചതും നബി സ്വ സമുദായത്തിന് പഠിപ്പിച്ചതും എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. സൂറ നിസാ/ 113 ല്‍ ഇങ്ങനെ വായിക്കാം: 

“താങ്കള്‍ക്ക് അല്ലാഹു കിതാബും ഹിക്മത്തും ഇറക്കിത്തന്നിരിക്കുന്നു; താങ്കള്‍ക്ക് നേരത്തെ അറിയാത്ത മറ്റു കാര്യങ്ങള്‍ അവന്‍ താങ്കളെ പഠിപ്പിച്ചിരിക്കുന്നു”. 

നബി സ്വ സമുദായത്തെ പഠിപ്പിച്ചത് ഇപ്പറഞ്ഞ മൂന്നു സംഗതികളാണ്. അല്‍ബഖര/ 151 ല്‍ അതിങ്ങനെ വായിക്കാം: 

‘അദ്ദേഹം നിങ്ങള്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കുന്നു; നിങ്ങള്‍ക്ക് നേരത്തെ അറിയാത്ത മറ്റു കാര്യങ്ങളും അദ്ദേഹം നിങ്ങളെ പഠിപ്പിക്കുന്നു”. 

ഇവിടെ കിതാബിന് പുറമെയാണ് ഹിക്മത്തും മറ്റു വിവരങ്ങളും പരാമര്‍ശിക്കപ്പെട്ടത്.

കിതാബ് ഇറക്കി എന്ന് പറഞ്ഞാല്‍, അല്ലാഹുവിന്‍റെ വചനം അവതരിപ്പിച്ചു എന്നാണല്ലോ. അതിന്‍റെ പാരായണ രീതി വേറെ പഠിപ്പിക്കണം. അക്കാര്യം മറ്റൊരിടത്ത് പറയുന്നു: “നിശ്ചയം അതിലെ വചനങ്ങള്‍ സമാഹരിക്കുന്നതും  പാരായണം ചെയ്യുന്നതും (അവ പഠിപ്പിക്കേണ്ടത്) നമ്മുടെ കടമയാണ്; അങ്ങനെ നാം അത് പാരായണം ചെയ്തു തരുമ്പോള്‍ താങ്കള്‍ ആ പാരായണത്തെ പിന്തുടരുക” (ഖിയാമ/ 17,18). 

വചനങ്ങള്‍ പലപ്പോഴായിട്ടാണ് അവതരിച്ചത്. ഒടുവില്‍ അതിന്‍റെ ക്രമം പഠിപ്പിച്ചു. അപ്പോള്‍ മൂന്നുകാര്യങ്ങള്‍. ഒന്ന്‍, വചനം ഇറക്കല്‍, അതിന്‍റെ സ്ഥാനം കാണിച്ചു കൊടുക്കല്‍, അത് പാരായണം ചെയ്യുന്ന രീതി. ഇവയ്ക്കു പുറമെയാണ്, അതിന്‍റെ വ്യാഖ്യാനം, അത് ജനങ്ങളെ പഠിപ്പിക്കേണ്ട രീതി, അത് ഉപയോഗിച്ചു സാമാജികരെ സംസ്കരിചെടുക്കേണ്ട മുറ എന്നിവയെല്ലാം.

കിതാബ് സ്വയം ശബ്ദിക്കുന്നില്ല. അതായത്, ഒരു ഓഡിയോ കാസെറ്റ് ആയിട്ടല്ല കിതാബ് നാം കാണുന്നത്. ഓരോ വചനവും നബി സ്വ ശിഷ്യരെ ഓതിക്കേള്‍പ്പിച്ചു. അതെങ്ങനെ ആയിരുന്നു? നബിയുടെ ആ ശബ്ദം ‘സുന്നത്ത്’ എന്ന പരിധിയിലാണ് വരുക. അത് വല്ല ഉപകരണത്തിലും റെക്കോര്‍ഡ്‌ ചെയ്തു വെച്ചിട്ടില്ല. ജനങ്ങള്‍ ശബ്ദം പകര്‍ത്തുകയായിരുന്നു. ആ പാരായണ രീതി നബിയില്‍ നിന്നും പഠിക്കാതെ, ഒരാള്‍ക്കും ഖുര്‍ആന്‍ ഓതാന്‍ കഴിയില്ല. ഓതുക എന്ന് പറഞ്ഞാല്‍, കേവല ശബ്ദമല്ല അതില്‍ നിന്നും ലഭിക്കുക. വായിക്കുമ്പോഴേ അറബി പദങ്ങള്‍ക്ക് സ്വരങ്ങളും കാരങ്ങളും മറ്റും ലഭിക്കുകയുള്ളൂ. പുള്ളികളും ചിഹ്നങ്ങളും ഇല്ലാത്ത കേവല അക്ഷര രൂപങ്ങള്‍ മാത്രം ഉപയോഗിക്കുന്ന കാലത്താണ് ഖുറാന്‍ വചനങ്ങള്‍ എഴുതി വെച്ചിരുന്നത്. അന്നത് വായിക്കാന്‍ അതിന്‍റെ വായനാ രൂപം എന്തായാലും നേരത്തെ അറിയണം. അത് സുന്നത്തില്‍ നിന്നും പകര്‍ത്തുകയല്ലാതെ നിര്‍വ്വാഹമില്ല. സുന്നത്ത് നിഷേധികള്‍ക്ക് ഖുര്‍ആന്‍ ഓതാന്‍ സുന്നത്തില്ലാതെ സാധ്യമല്ല എന്ന് ചുരുക്കം.

സ്വയം ശബ്ദിക്കാത്ത പോലെത്തന്നെ, സ്വയം ചലിക്കാത്ത വചനങ്ങളുടെ സമാഹാരമാണ് കിതാബ്. ‘നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുവീന്‍’ എന്ന ആഹ്വാനം കിതാബിലുണ്ട്. പക്ഷേ, അതെങ്ങനെ എന്ന് കിതാബ് അതാത് സമയത്ത് ചെയ്തു കാണിക്കില്ല. യുദ്ധം ചെയ്യൂ എന്ന കല്പന പോലെയല്ല സകാത്ത് കൊടുക്കൂ എന്ന കല്പന. യുദ്ധം എങ്ങനെയെങ്കിലുമൊക്കെ ചെയ്യാം. (അതിനും പ്രവാചകനില്‍ മാത്രുകയുണ്ട് എന്നകാര്യം മറക്കരുത്). എന്നാല്‍ ചെയ്തു ശീലമില്ലാത്ത സകാത്ത് എങ്ങനെ ജനങ്ങള്‍ ചെയ്യും? സ്വാഭാവികമായും സ്വലാത്തും സകാത്തും സൗമും ഹജ്ജും ഒരാള്‍ കാണിച്ചു കൊടുക്കണം. നബി സ്വ യുടെ ദൌത്യങ്ങളില്‍ ഒന്നതായിരുന്നു. “അവന്‍ താങ്കള്‍ക്ക് കിതാബ് ഇറക്കി തന്നിരിക്കുന്നു. ജനങ്ങളെ ഉദ്ദേശിച്ച് ഇറക്കപ്പെട്ട സംഗതികളെ ക്കുറിച്ച് താങ്കള്‍ അവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കാന്‍ വേണ്ടി”.

അധ്യാപനത്തിന് ചില വഴികള്‍ ഉണ്ടാവുക സ്വാഭാവികം. ഓരോരുത്തര്‍ക്കും എത്ര അളവില്‍, ഏതു സമയത്ത്? മെത്തഡോളജി വളരെ പ്രധാനമാണ്. അദ്ധ്യാപനത്തില്‍ നൂറു ശതമാനം വിജയിച്ച മാതൃകയാണ് നബി സ്വ. അതെങ്ങനെ ആയിരുന്നു? ആരാണ് അത് നബി സ്വ യെ പഠിപ്പിച്ചത്? ആ വഴികളും അല്ലാഹു തന്നെ നബിയെ പഠിപ്പിക്കുകയായിരുന്നു.

കേവല അദ്ധ്യാപകനല്ല നബി സ്വ. ജനങ്ങളെ കിതാബ് പഠിപ്പിക്കണം= കിതാബ് ഓതാനും അത് പ്രകാരം ജീവിക്കാനും പഠിപ്പിക്കണം. പുറമേ ഖുര്‍ആനുപയോഗിച്ച് ,പ്രപഞ്ചത്തിലെ ആയാത്തുകള്‍ കാണിച്ച് ജനങ്ങളെ സംസ്കരിക്കുകകൂടി വേണം. അതിനുള്ള വഴിയും അല്ലാഹു നബി സ്വ പഠിപ്പിച്ചു.

ചുരുക്കത്തില്‍, ഖുറാന്‍ ഇറക്കുന്നതോടെ അവസാനിക്കുന്നില്ല അല്ലാഹുവിങ്കല്‍ നിന്നും നബിക്ക് ലഭിച്ച പാഠങ്ങള്‍. കിതാബിന് പുറമേ, കിതാബിന്‍റെ വ്യാഖ്യാനമായി , പ്രയോഗരീതിയായി  നബി സ്വ ചെയ്തതും മൊഴിഞ്ഞതും അനുവദിച്ചതുമെല്ലാം അല്ലാഹു നബി യെ പഠിപ്പിച്ചതാണ്. അതാണ്‌ സമുദായത്തോട് അല്ലാഹു പിന്പറ്റാനും അനുസരിക്കാനും കല്പിച്ച സുന്നത്ത്.      

ഹദീസ് നിഷേധം : ശീഈ ദുഷ്ടലാക്ക് 

ഇബ്നു ഹസ്മു പറഞ്ഞു: “…ചില തീവ്ര റാഫിദികകളാണ് ഈ വാദത്തിന്‍റെ വക്താക്കള്‍, അവരുടെ പിഴ വിശ്വാസം കാരണം അവര്‍ കാഫിറായിരിക്കുന്നു എന്ന് ഉമ്മത്ത്‌ ഒന്നടങ്കം വിധിച്ചതാണ്.” (അല്‍ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം).

ഹദീസ് നിഷേധ പ്രവണത വളര്‍ത്തിയ റാഫിദികള്‍ക്കെതിരെ ശക്തമായ ഗ്രന്ഥ രചന നടത്തിയ ഇമാം സുയൂത്വി റഹിമഹുല്ലാഹ് തന്‍റെ ‘ മിഫ്താഹുല്‍ ജന്ന: ഫില്‍ ഇഹ്തിജാജി ബിസ്സുന്ന:’ യുടെ തുടക്കത്തില്‍ ഹദീസ് നിഷേധ പ്രവണതയുടെ ചരിത്രവും വിധിയും വ്യക്തമാക്കുന്നുണ്ട്. ഇമാം സുയൂത്വി റഹിമാഹുല്ലായുടെ കാലത്ത്, പ്രോക്തവാദവുമായി ഒരു റാഫിദി രംഗത്തുവന്നു. അയാളുടെ പിഴവാദങ്ങള്‍ ഇമാം നേരില്‍ കേള്‍ക്കാനിടയായി. മറ്റുപലരും അയാളില്‍ നിന്നും നേരത്തെ കേള്‍ക്കുകയുണ്ടായി. കേട്ടരില്‍ പലരും  ആ ദുര്‍വാദത്തിലെ അപകടം ഗൌരവത്തിലെടുത്തില്ല. ഈ ദുര്‍വാദത്തിന്‍റെ ചരിത്രമോ എവിടെന്നു വന്നുവെന്നോ അറിയാത്തവരായിരുന്നു മറ്റു പലരും. ഇമാം സുയൂത്വി പറയുന്നു: “അതിനാല്‍, ഈ ദുര്‍വാദത്തിന്‍റെ ആവിര്‍ഭാവ പശ്ചാത്തലവും അതിലടങ്ങിയിരിക്കുന്ന അസംബന്ധവും അത് മഹാ അപകടം നിറഞ്ഞതാണെന്ന സംഗതിയും ജനങ്ങള്‍ക്ക് വ്യക്തമാക്കികൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു”. അങ്ങനെ എഴുതിയതാണ് അദ്ദേഹം തന്‍റെ മിഫ്താഹുല്‍ ജന്ന:’ എന്ന ഗ്രന്ഥം.

അദ്ദേഹം തുടരുന്നു: “ചില മത നിഷേധികളും റാഫിദീ തീവ്രവാദികളില്‍ ചിലരും സുന്നത്ത് പ്രമാണമാക്കുന്നതിനെ നിഷേധിക്കുകയും ഖുര്‍ആന്‍ മതിയെന്നു വാദിക്കുകയും ചെയ്തിരുന്നു. അവര്‍ വിഭിന്ന താല്പര്യത്തിലാണ് ഹദീസ് നിഷേധത്തില്‍ എത്തുന്നത്. അലി റ ന്നാകുന്നു നബിത്വം (മുഹമ്മദ്‌ നബി സ്വ ക്കല്ല), ജിബ്രീല്‍ അലൈഹിസ്സലാമിന് ആളുമാറിപ്പോയതാണ് എന്ന് വിശ്വസിക്കുന്നവരായിരുന്നു അവരില്‍ ചിലര്‍. നുബുവ്വത്ത് യഥാര്‍ത്ഥത്തില്‍ മുഹമ്മദ്‌ നബിക്കുതന്നെ; എന്നാല്‍ നബിയുടെ തൊട്ടടുത്ത ഖലീഫയാകാനുള്ള അര്‍ഹത അലിക്കാകുന്നു എന്ന് വിശ്വസിച്ചവരായിരുന്നു ഹദീസ് നിഷേധികളില്‍ മറ്റുചിലര്‍. യഥാര്‍ത്ഥ ഖലീഫയ്ക്ക് അധികാരം നല്‍കാതെ അത് അബൂബകറിനു ചാര്‍ത്തിക്കൊടുത്തതിനാല്‍ സ്വഹാബികള്‍ കാഫിറുകളാണെന്നു അവര്‍ വിശ്വസിച്ചു. (അവര്‍ സ്വഹാബികളുദ്ധരിക്കുന്ന നബി ചര്യ നിഷേധിച്ചു). സ്വഹാബികള്‍ മാത്രമല്ല, ചിലരുടെ വിശ്വാസത്തില്‍ അലിയും കാഫിറാകുന്നു. കാരണം, അലി തന്‍റെ അര്‍ഹതയും അവകാശവും വെട്ടിത്തുറന്നു പറയുകയോ അധികാരം ആവശ്യപ്പെടുകയോ ചെയ്തില്ല. അപ്പോള്‍ അലിയടക്കം സകല സ്വഹാബികളും അവരുടെ കണ്ണില്‍ കാഫിരാണ്‌. അതിനാല്‍, അവര്‍ ഹദീസുകളെ മൊത്തത്തില്‍ നിഷേധിക്കുന്ന നിലപാടിലെത്തി. ഈ നാശകരമായ വാദത്തിന്‍റെ ആവിര്‍ഭാവം ഇങ്ങനെയായിരുന്നു.”

ഹദീസ് നിഷേധ പ്രവണതയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഇമാം സുയൂത്വി തുടര്‍ന്നെഴുതുന്നു: “മുസ്ലിം സമുദായം കാലങ്ങളായി ഈ ദുര്‍വാദത്തിന്‍റെ നാശത്തില്‍ നിന്നും ആശ്വാസത്തില്‍ കഴിയുകയാണ്. ഇപ്പോള്‍ സാന്ദര്‍ഭികമായി അക്കഥ അനുസ്മരിക്കാന്‍ നിര്‍ബന്ധിതനായതാണ്; ഇത്തരം പിഴവാദങ്ങള്‍ ഉദ്ധരിക്കുന്നത്പോലും നല്ലകാര്യമായി കാണാത്ത വ്യക്തിയാണ് ഞാന്‍. നാല് ഇമാമുമാരുടെ കാലത്തും പിന്നീടും ഇക്കൂട്ടര്‍ ധാരാളമായി ഉണ്ടായിരുന്നു. ഇമാമുമാരും അവരുടെ ശിഷ്യന്മാരും തങ്ങളുടെ വിജ്ഞാന സദസ്സുകളിലും പഠനങ്ങളിലും രചനകളിലും സംവാദങ്ങളിലും ഇവരെ ഖണ്ഡിച്ചു മുന്നേറി. ആ സംഭവങ്ങള്‍ അല്‍പം ഞാന്‍ വഴിയേ  പറയുന്നുണ്ട്.”

ഹദീസ് നിഷേധം കുഫ്രിലേക്ക്..


ഹദീസ് നിഷേധിയെ ക്കുറിച്ച് ഇമാം സുയൂത്വി പ്രസ്താവിക്കുന്നു:  “ഹദീസ് ശാസ്ത്ര പ്രകാരം അംഗീകൃതമായ നബിചര്യ പ്രമാണം അല്ലെന്ന് വാദിക്കുന്ന വ്യക്തി സത്യനിഷേധിയായിരിക്കുന്നു, ഇസ്ലാമിക വൃത്തത്തില്‍ നിന്നും പുറത്തുപോയിരിക്കുന്നു; അയാളെ ജൂത നസ്വാറാക്കളുടെ കൂടെ അന്ത്യനാളില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്, അല്ലെങ്കില്‍ അല്ലാഹു ഉദ്ദേശിക്കുന്ന ഏതോ കാഫിര്‍ കൂട്ടത്തോടൊപ്പം.” ഹാഫിള് ഇബ്നു ഹസ്മും ഇതുതന്നെ പറഞ്ഞു: “ഈ വാദം ഉന്നയിക്കുന്നവന്‍ കാഫിറും മുശ്രിക്കുമാണ്. അയാളുടെ ജീവനും മുതലും ഭരണ കൂടത്തിന് നശിപ്പിക്കാവുന്നതാണ്”.

“നബിയോരേ, അങ്ങ് പറഞ്ഞുകൊടുക്കുക: ‘അല്ലാഹുവിനെയും അവന്‍റെ ദൂതരെയും നിങ്ങള്‍ അനുസരിക്കണം’. എന്നിട്ടും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍, നിശ്ചയമായും അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല” (ആലുഇമ്രാന്) എന്ന സൂക്തത്തില്‍ അടങ്ങിയ സൂചനകള്‍ ഇമാം സുയൂത്വിയും ഇബ്നു ഹസ്മും കൃത്യമായി വായിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ ദൂതരെ അനുസരിക്കാന്‍ കൂട്ടാക്കാത്തവരെ ‘കാഫിര്‍’ എന്നാണല്ലോ സൂക്തത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.  

Leave a Reply