വിശുദ്ധ ഖുര്‍ആനിലെ സ്വലാത്ത്.. സുന്നത്ത് നിഷേധികള്‍ക്ക് മറുപടി
സ്വാദ്, ലാം, വാവ് എന്നീ അക്ഷരങ്ങള്‍ മൂലമായിട്ടുള്ള സ്വലാത്ത് എന്ന പദത്തിന് വാവ്, സ്വാദ്, ലാം എന്നീ അക്ഷരങ്ങള്‍ ചേര്‍ന്ന വസ്വല യുടെ ക്രിയാരൂപമായ സ്വിലത്ത് എന്ന അര്‍ത്ഥമാണ് കല്പിക്കേണ്ടതെന്നും സ്വലാത്ത് നിസ്കാരമല്ലെന്നും കേവല “സമ്പര്‍ക്കം” മാത്രമാണെന്നുമുള്ള വിചിത്രമായ ഒരു പൊളി വാദം ചിലയാളുകള്‍ (ആശയ വാദികള്‍ എന്നാണത്രേ അവരുടെ പേര്?!) ജല്പിക്കുന്നത് കണ്ടു. തിരു സുന്നത്തും സ്വഹാബികളുടെ ജീവിതവും മുസ്ലിം ജനകോടികളുടെ ആരാധനാ ചരിത്രവും നിഷേധിച്ച് ഖുറാനില്‍ നിന്നും നിസ്കാരസംബന്ധമായ എല്ലാ വിശദാംശങ്ങളും കണ്ടെത്താനുള്ള ധാര്‍ഷ്ട്യവുമായി മറ്റു ചിലരും രംഗത്തുണ്ടെന്ന് മനസ്സിലായി. ഇവര്‍ സോഷ്യല്‍ മീഡിയകളിലൂടെ ഇടയ്ക്കിടെ ഇത്തരം അര്‍ത്ഥ ശൂന്യമായ ‘കണ്ടെത്തലുകള്‍’ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.. ഈ കുറിപ്പിന്റെ പശ്ചാത്തലമതാണ്.
സ്വലാത്തും സ്വിലത്തും മൂലരൂപത്തില്‍ രണ്ടു തറവാട്ടുകാരാണ്. ഒന്ന് സ്വാദ് കൊണ്ട് തുടങ്ങുന്നത്. മറ്റൊന്ന് വാവ് കൊണ്ടാരംഭിക്കുന്നത്. സ്വലാത്ത്, സ്വിലത്ത് എന്ന പദങ്ങള്‍ക്ക് ഉച്ചാരണ- ലിപി സാദൃശ്യം ഉള്ളതിനാല്‍( Homonyms), കൂടുതലൊന്നും ആലോചിക്കാതെ പുതിയൊരു സിദ്ധാന്തം ഉണ്ടാക്കിയതായിരിക്കാം , ഭാഷയിലും പ്രമാണത്തിലും വേരുകളില്ലാത്ത ചില പേക്കോലങ്ങള്‍. സ്വലാത്തും സ്വിലത്തും ഒരേ മൂലങ്ങളില്‍ നിന്നുണ്ടായതാണെന്ന വാദം തന്നെ മതി അവരുടെ വിവരലോകത്തിന്റെ വികാസം അളക്കാന്‍. കള്ളി പൊളിഞ്ഞപ്പോള്‍ മറ്റൊരു തമാശ കൂടി, “ഇല്ലത്തിന്റെ ഹര്ഫുകള്ക്ക് എന്തു പ്രസക്തി”. പദോല്പത്തി ശാസ്ത്രത്തിന്റെ നാല്പത് നാഴിക സമീപത്തു പോലും അവര്‍ എത്തിയിട്ടില്ല എന്ന് വ്യക്തം. അതിലേറെ ഭീകരമായ കണ്ടെത്തല്‍ കേട്ടോളൂ: “രണ്ടിന്റെയും മൂലം സ്വാദ്, ലാം എന്നീ അക്ഷരങ്ങളാകുന്നു”. അത് കൂടി പുറത്തുവന്നതോടെ അതാ കിടക്കുന്നു, ധരണിയില്‍! അറബി ഭാഷയില്‍ തന്നെ കേവല രണ്ടക്ഷരങ്ങള്‍ മാത്രം മൂലമായിട്ടുള്ള ഒരൊറ്റ ക്രിയ പോലും ഇല്ല എന്ന സംഗതി മഹാ പൊഹകള്ക്ക് അറിയില്ല.. മാത്രവുമല്ല, സ്വാദും ലാമും മൂലത്തില്‍ വരുന്ന വേറെയും പദം ഖുറാനില്‍ ഉണ്ട്. അവിടെ സ്വിലത്ത് (സമ്പര്‍ക്കം ) നടക്കില്ല. കാരണം ആ പദത്തിന്റെ അര്‍ഥം അഗ്നിക്കിരയാക്കുക എന്നാണ്.. ഇവരുടെ സമ്പര്‍ക്കം നരകത്തില്‍ ചെന്നുചേരും.!!!
അറബി ഭാഷയില്‍ ഉള്ള വിശുദ്ധ ഖുറാന് തല്ഭാഷയില് പഠിക്കാതെ , ആരുടെയൊക്കെയോ കുത്സിത ജല്പനങ്ങളില് കുടുങ്ങിയും പരിഭാഷകളുടെ പൊട്ടക്കിണറ്റില്‍ സ്വയം ഇറങ്ങിയിരുന്നു ഇത് തന്നെ മഹാലോകം എന്ന് വൃഥാ കോട്ടുവായിട്ടും ആയുസ്സ് വ്യര്ത്ഥമാക്കിയതാണ് മഹാ സാധുക്കള്‍..!!
സ്വലാത്ത് വിവിധ അര്‍ഥങ്ങള്‍
ഒരു പദത്തിന്റെ അര്‍ഥം , ഉപയോഗം ആ ഭാഷയിലെ ആധികാരിക നിഘണ്ടുക്കളും ഭാഷാ ഗ്രന്ഥങ്ങളുമാണ് പറയേണ്ടത്. അതിന്‍പ്രകാരം സ്വാദ്, ലാം , വാവ് എന്നീ മൂലാക്ഷരങ്ങള്‍ ഉള്ള “സ്വലാത്ത്” വിവിധ അര്‍ഥങ്ങള്‍ വഹിക്കുന്ന പദമാണ്. പ്രസിദ്ധ അറബി നിഘണ്ടുക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സ്വലാത്തിന്റെ മൂലവും പ്രയോഗ ചരിത്രവും..
പ്രസിദ്ധ ഖുറാന് വ്യാഖ്യാതാവും ഭാഷാ പണ്ഡിതനുമായ അല്ലാമാ അബൂ ഹയ്യാന്‍ അല്‍ ഉന്ദുലുസി () വിവരിക്കുന്നു.
الصلاة : فعلة ، وأصله الواو لاشتقاقه من الصلى ، وهو عرق متصل بالظهر يفترق من عند عجب الذنب ، ويمتد منه عرقان في كل ورك ، عرق يقال لهما الصلوان
“സ്വലാത്ത് ശരിക്കും ഫ, അ്, ല, ത്ത് എന്ന മാതൃകയില്‍ സ്വ, ല്‍ , വ ത്ത് എന്നാണ്. സ്വലാ صلى എന്ന ക്രിയാ രൂപത്തില്‍ നിന്നും നിഷ്പന്നമായതാണത്. വാല്കുറ്റി യോട് ചേരാതെ നില്ക്കുന്ന മുതുകെല്ലിനോട് ബന്ധിതമായിട്ടുള്ള ഒരു ഞരമ്പ് ആണ് സ്വലാ. അതില്‍ നിന്നും പൃഷ്ഠത്തിന്റെ രണ്ടു പാളികളിലേക്ക് ഓരോ ഞരമ്പായി അത് വഴിപിരിയുന്നു. അവ രണ്ടിനെ സ്വല്വാന് എന്ന് പറയും.”
അദ്ദേഹം തുടരുന്നു:
فإذا ركع المصلي انحنى صلاة وتحرك فسمي بذلك مصلياً ، ومنه أخذ المصلي في سبق الخيل لأنه يأتي مع صلوى السابق. قال ابن عطية : فاشتقت الصلاةمنه إما لأنها جاءت ثانية الإيمان فشبهت بالمصلي من الخيل ، وإما لأن الراكع والساجد ينثني صلواه ، والصلاة حقيقة شرعية تنتظم من أقوال وهيئآت مخصوصة ، وصلى فعل الصلاة ، وأما صلى دعا فمجاز وعلاقته تشبيه الداعي في التخشع والرغبة بفاعل الصلاة ،
“നിസ്കരിക്കുന്ന വ്യക്തി കുനിയുമ്പോള്‍ അത് (ഞരമ്പും) ഇളകുന്നു. മുന്നിലെ കുതിരയുടെ തൊട്ടു പിറകില്‍ എത്തുന്ന കുതിരയെ “മുസ്വല്ലീ” എന്ന് പറയാറുള്ളത് ഈ മൂലത്തില്‍ നിന്നു തന്നെ… ഇബ്നു അതിയ്യ പറയുന്നു: സ്വലാത്ത് (ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന പദം) മേല്‍ പദത്തില്‍ നിന്നാണ് പിടിക്കപ്പെട്ടത്. ഒന്നുകില്‍ തൊട്ടു പിറകിലെ കുതിരയെന്ന പോലെ ഇസ്ലാമിലെ രണ്ടാം സ്തംഭമായി സ്വലാത്ത് സ്ഥാനം പിടിച്ചു എന്ന നിലക്ക്. അല്ലെങ്കില്‍ നിസ്കരിക്കുന്നയാള്‍ കുനിയുമ്പോള്‍ പുറം ഞരമ്പ് വലിയുന്നു എന്ന ബന്ധം കാരണമായിട്ടു. യഥാര്തത്തില് സ്വലാത്ത് സവിശേഷമായ വാക്കുകളും ശരീര വടിവുകളും ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ട മതപരമായ ഒരു സംഗതിയാണ്. സ്വല്ലാ( മദ്ധ്യാക്ഷരം ഇരട്ടിപ്പോടെ) എന്നാല്‍ സ്വലാത്ത് നിര്‍വഹിക്കുക എന്നര്‍ത്ഥം. എന്നാല്‍ സ്വല്ലാ എന്നത് ദആ = പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. അത് ആലങ്കാരികമാണ് (മജാസ്). സ്വലാത്ത് നിര്‍വഹിക്കുന്ന വ്യക്തിയെപ്പോലെത്തന്നെ പ്രാര്‍ഥിക്കുന്നവനും ഭക്തിയും ഭവ്യതവും പ്രകടിപ്പിക്കുന്നു എന്ന പരസ്പര പൊരുത്തമാണ് അങ്ങനെ ആലങ്കാരികമായി ഉപയോഗിക്കുന്നതിന്റെ കാരണം.”
കാര്യം വളരെ വ്യക്തം. സ്വലാത്ത് എങ്ങനെ നിസ്കാരമായി എന്നതിനു ഭാഷാപരമായ സമഗ്ര വിശദീകരണം.
സ്വലാത്തിന്റെ മറ്റു അര്‍ഥങ്ങള്‍:
വിശുദ്ധ ഖുര്‍ആനില്‍ സ്വലാത്ത്/ അതിന്റെ വ്യത്യസ്ത രൂപങ്ങള്‍ നിസ്കാരം എന്ന മുഖ്യ അര്‍ത്ഥത്തില്‍ അല്ലാതെ ഉപയോഗിച്ചിട്ടുണ്ട്. അനുഗ്രഹിക്കുക എന്ന അര്‍ത്ഥത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. അവിടെയെല്ലാം ഒരു പ്രത്യേകത കാണാം. “സ്വല്ലാ” യുടെ ആ അര്‍ത്ഥവ്യത്യാസം ദ്യോതിപ്പിക്കാന്‍ അതിന്റെ കൂടെ അലാ എന്ന പ്രത്യയം കൊടുത്തിട്ടുണ്ട്. 2/157 ലെ “സ്വലവാത്തുന് അലൈഹിം”, 33/43 ലെ “യുസ്വല്ലീ അലൈകും”, 9/103 ലെ സ്വല്ലി അലൈഹിം”, 33/ 56 ലെ യുസ്വല്ലൂന അലന്നബി”, “സ്വല്ലൂ അലൈഹി” എന്നീ സ്ഥലങ്ങളിലാണ് അനുഗ്രഹിക്കുക/ ആശംസിക്കുക എന്ന അര്‍ത്ഥത്തില്‍ വന്നിട്ടുള്ളത്. പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലും സ്വലാത്ത് ഉപയോഗിച്ചു കാണാം. 24/ 41 ലെ “കുല്ലുന് അലിമ സ്വലാത്തഹൂ”, 8/35 ലെ വമാ കാന സ്വലാത്തുഹും” എന്നിടങ്ങളില്‍ അത് കാണാം. 24/ 41 ല്‍ പക്ഷി മൃഗാദികളുമായി ബന്ധപ്പെടുത്തിയാണ് സ്വലാത്ത് പരാമര്‍ശിച്ചിട്ടുള്ളത്. നിയമ ശാസന ഇല്ലാത്തവരായതിനാല്‍ അവരുടെ സ്വലാത്തിന് അവരുമായി യോജിക്കുന്ന ഒരര്‍ത്ഥമാണ് കല്പിക്കെണ്ടത്. 24/ 41 ല്‍ മുശ്രിക്കുകളുടെ ആരാധനാ രീതിയെ പ്പറ്റിയാണ്. അവര്‍ വേദക്കാര്‍ അല്ലാത്തതിനാല്‍ വേദക്കാരുടെ സ്വലാത്ത് അവരില്‍ ചാര്‍ത്താന്‍ വയ്യല്ലോ.
കനീസകള്‍ എന്ന അര്‍ത്ഥത്തില്‍ 22/40 ല്‍ “സ്വലവാത്തുന്” എന്ന് പ്രയോഗിച്ചിട്ടുണ്ട്. സന്യാസി മഠങ്ങള്‍,ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, മുസ്ലിം മസ്ജിദുകള്‍ എന്നിവയുടെ കൂടെ “സ്വലവാത്ത്” കടന്നു വരുമ്പോള്‍ ആ സൂക്തത്തില്‍ “പ്രാര്‍ഥനകള്‍” എന്നോ നിസ്കാരങ്ങള്‍” എന്നോ അര്ത്ഥകല്പന അനുയോജ്യമല്ലെന്ന് വ്യക്തമാണല്ലോ. 9/84 ല്‍ “ലാ തുസ്വല്ലി” മയ്യിത്ത് നിസ്കാരത്തെ കുറിച്ചാണെന്ന് മനസ്സിലായത് “അഹദിന് മിന്‍ഹും മാത്ത” =ആ കപടന്മാരില്‍ നിന്നും ആര് മരിച്ച ഏതൊരാളുടെ മേലും” എന്ന പരാമര്‍ശം അവിടെ ഉള്ളത് കൊണ്ടത്രേ.
സൂക്ഷ്മാര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സ്വലാത്ത് പത്ത് വ്യത്യസ്ത ഭാവത്തില്‍ ഖുര്‍ആനില്‍ വിരാജിക്കുന്നുണ്ട്. അല്ലാമാ ഇബ്നുല്‍ ജൗസി തന്റെ നുസ്ഹത്തുല്‍ അഅ്യുനില് ഇത് സോദാഹരണം വിവരിക്കുന്നത് കാണാം.
1- സ്വലാത്ത് എന്ന അനുഷ്ഠാനം
2- മഗ്ഫിറത്ത് : പാപം പൊറുക്കുക . അഹ്സാബ്/106 ലെ “ഇന്നല്ലാഹ വ മലാഇകത്തഹൂ യുസ്വല്ലൂന..” , 108 ലെ “ഹുവല്ലദീ യുസ്വല്ലീ അലൈകും” എന്നീ സ്ഥലങ്ങളില്‍ അല്ലാഹു ചെയ്യുന്ന സ്വലാത്ത് അവന്റെ മഗ്ഫിറത്തായി മനസ്സിലാക്കണം.
3- ഇസ്തിഗ്ഫാര്‍: പാപം പൊറുക്കാന്‍ ആവശ്യപ്പെടുക. മേല്‍ സൂചിപ്പിച്ച രണ്ടു സൂക്തങ്ങളിലും പറയുന്ന മലക്കുകളുടെ സ്വലാത്ത് പാപ മോചനത്തിനായുള്ള അവരുടെ തേട്ടമാണ്.
4- ദുആ : പൊതു പ്രാര്‍ത്ഥന. തൗബ/ 10൯ ല്‍, സകാത്ത് മുതല്‍ തന്നെ ഏല്പിക്കുന്നവര്ക്ക് വേണ്ടിയുള്ള നബി സ്വ യുടെ പ്രാര്‍ത്ഥനയെ പരാമര്‍ശിച്ച “വ സ്വല്ലി അലൈഹിം..” ഈ ഗണത്തില്‍ പെടുന്നു.
5- ഖിറാഅത്ത് : ഖുറാന് പാരായണം. സൂറ ബനീ ഇസ്രാഈല്‍/ 110 ലെ “വലാ തജ്ഹര് ബി സ്വലാത്തിക” നിസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം ഉറക്കെ ആകരുതെന്ന നിര്‍ദ്ദേശമാണ് നല്‍കുന്നത്.
6- ദീന്: മത മൂല്യങ്ങള്‍. ഹൂദ്/87 ല്‍, ഹൂദ് നബിയോട് അദ്ദേഹത്തിന്റെ ജനത ചോദിക്കുന്നു, “അ സ്വലാത്തുക തഅ്മുറുക..” നിന്റെ സ്വലാത്താണോ = ദീനാണോ നിന്നോട് കല്പിക്കുന്നത്…?
7- ആരാധനാ സ്ഥലം : ഹജ്ജ്/40 ല്‍ സന്യാസി മഠങ്ങള്‍, ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍, മസ്ജിദുകള്‍ എന്നിവയുടെ കൂട്ടത്തില്‍ വന്ന സ്വലവാത്ത് ജൂത ക്ഷേത്രത്തെ കുറിച്ചാണ്.
8- ജുമുഅ നിസ്കാരം: സൂറ ജുമുഅ യില്‍ “സ്വലാത്തിലേക്ക് വിളിക്കപ്പെട്ടാല്‍” എന്നത് ആപകലിലെ അസ്വ്രിനെ കുറിച്ചല്ല, ജുമുഅ യെ സംബന്ധിച്ചാണ്.
9- അസ്വര്‍ നിസ്കാരം. മാഇദ/ 106 ല്‍, മരണ വേളയിലെ ഒസ്യത്ത് ചെയ്യുന്നതിനെ കുറിച്ചു പറയവേ, രണ്ടു നീതിമാന്മാരോട് ഒസ്യത്ത് ചെയ്യണമെന്നും അവരില്‍ സംശയം തോന്നിയാല്‍ സ്വലാത്തിന് ശേഷം അവരെക്കൊണ്ട് അധികാരിയുടെ മുമ്പാകെ സത്യം ചെയ്യിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇവിടെ പറഞ്ഞ സ്വലാത്ത് അസ്വര്‍ ആണെന്ന് മിക്ക വ്യാഖാതാക്കളും അഭിപ്രായപ്പെടുന്നു. കാരണം, രാജാക്കന്മാര് സായാഹ്ന നേരത്താണ് അന്നാട്ടില്‍ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് വെളിപ്പെടാറുള്ളത്.
10- മയ്യിത്ത് നിസ്കാരം. തൗബ/ 84 ല്‍ കപടന്മാരുടെ മയ്യിത്ത് നിസ്കരിക്കരുത് എന്ന നിര്‍ദേശത്തില്‍ കടന്നു വരുന്ന സ്വലാത്ത് സാധാരണ നിസ്കാരമല്ല.
സ്വലാത്തിന്റെ മൂലരൂപവുമായി അഭേദ്യ ബന്ധമുള്ള പദമാണ് സ്വാദ്, ലാം, യാ എന്നീ ഹര്‍ഫുകള്‍ ചേര്‍ന്നുണ്ടായ പദം. അഗ്നിയിലെക്കടുത്തു,അഗ്നിയില്‍ പ്രവേശിച്ചു, തീയില്‍ ചുട്ടെടുത്തു എന്നെല്ലാമാണ് അര്‍ഥം. ഇരുപത്തു സ്ഥലങ്ങളില്‍ ഇതിന്റെ വിവിധ രൂപങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. കൂട്ടത്തില്‍ ഒന്നാണ് സ്വല്ലൂ. “സുമ്മല്‍ ജഹീമ സ്വല്ലൂഹ്” (69/31). അര്‍ത്ഥം: പിന്നെ അയാളെ ജഹീമില് തള്ളുക.” 33/56 ല്‍, തിരുനബി സ്വ ക്കുമേല് സ്വലാത്ത് ചെയ്യാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നിടത്ത് വന്ന സ്വല്ലൂ അല്ല ഈ സ്വല്ലൂ. ലിപിയില്‍ , മൊഴിയില്‍ രണ്ടും ഒരുപോലെ. അര്‍ഥം വ്യത്യസ്തം.
സ്വലാത്തിനു ചുറ്റും..
=================
=================
പതിവാക്കേണ്ട, നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട, കൃത്യമായി നിലനിര്‍ത്തേണ്ട സ്വലാത്ത് എന്നൊരു സംഗതിയെ കുറിച്ചു വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട്. കല്പനാ സ്വരത്തിലും പ്രശംസിച്ചും ആക്ഷേപിച്ചും, സ്വര്‍ഗ്ഗീയ പ്രതിഫലങ്ങളും ഭൗതിക നേട്ടങ്ങളും വാഗ്ദാനം ചെയ്തും അഥവാ നരകശിക്ഷയെക്കുറിച്ചു താക്കീത് ചെയ്തും വിവിധ രീതിയില്‍ ഖുറാനില്‍ സ്വലാത്തിലേക്ക് ആഹ്വാനം ചെയ്യുന്നുണ്ട്. നിഷ്ഠയോടെ, കൃത്യമായി സ്വലാത്ത് നിലനിര്‍ത്തണം എന്ന വിധിയെ പ്രകാശിപ്പിക്കാന്‍ ഇഖാമത്ത്, ഹിഫ്ള്/ മുഹാഫളത്ത് ( 2/238, 70/34,23/9), മുദാവമത്ത് (70/23)എന്നീ പദ വൈവിധ്യങ്ങള്‍ പ്രയോഗിക്കുമ്പോള്‍, സ്വലാത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല, അതില്‍ വീഴ്ചവരുത്തരുത് എന്ന വിലക്ക് ഇളാഅത്ത് (19/59), സഹ് വ് (107/5)തുടങ്ങിയ പദങ്ങളുപയോഗിച്ചാണ് വെളിപ്പെടുത്തുന്നത്. ഇഖാമത്ത് = നിലനിര്‍ത്തുക എന്ന ആശയത്തോട് ചേര്‍ത്താണ് ഏറ്റവുമേറെ സ്വലാത്ത് പരിചയപ്പെടുത്തുന്നത്. നാല്പത്തഞ്ച് തവണ.
ഖുര്‍ആന്‍ നയിക്കുന്ന ഇസ്ലാംദീനിലെ രണ്ടാമത്തെ പ്രധാന അനുഷ്ഠാനമായാണ് സ്വലാത്തിനെ പരിഗണിക്കുന്നത്. ആദ്യത്തേത് വിശ്വാസ പ്രഖ്യാപനവും. “നിശ്ചയമായും ഞാനാകുന്നു അല്ലാഹു; ഞാനല്ലാതെ വേറൊരു ഇലാഹില്ല. അതിനാല്‍ എന്നെ ഇബാദത്ത് ചെയ്യുക. എന്നെ സ്മരിക്കാന്‍ സ്വലാത്ത് നിലനിര്‍ത്തുകയും ചെയ്യുക”( ത്വാഹാ/14). ഇതേ ആശയം സൂറത്തുല്‍ ബയ്യിനയുടെ തുടക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. “സ്വലാത്തി”ന് സ്വലാത്ത് എന്ന പദം ഉപയോഗിക്കപ്പെട്ടത് തന്നെ ഇത്തരത്തില്‍ “മുന്നിലെ കാര്യത്തിന് തൊട്ടു പിറകില്‍ വരുക” എന്ന ആശയത്തില്‍ നിന്നാണെന്നു ഭാഷാ വിദഗ്ധര്‍ വ്യക്തമാക്കിയതോര്ക്കുമല്ലോ. സ്വലാത്തിനോട് ചേര്‍ന്നു വരുന്ന ദീനിലെ മൂന്നാമത്തെ പ്രധാന അനുഷ്ടാനം സകാത്താകുന്നു എന്ന് വ്യക്തമാക്കാനായിരിക്കണം ഇരുപത്തേഴു സ്ഥലങ്ങളില്‍ സ്വലാത്തിന് തൊട്ടു പിറകെ സകാത്ത് പരാമര്‍ശിച്ചിരിക്കുന്നു.
അല്ലാഹുവിങ്കല്‍ സ്വീകാര്യമായ അവന്റെ ദീനായ വിശുദ്ധ ദീനുല്‍ ഇസ്ലാം മുന്‍ കഴിഞ്ഞ പ്രവാചകന്മാര് മനുഷ്യരെ പരിചയപ്പെടുത്തി. അക്കാലം മുതല്ക്കേ, ഇസ്ലാമിലെ അനുഷ്ഠാന സ്വഭാവമുള്ള റുക്നുകള് അഞ്ചാണ്. വിശ്വാസ പരവും കര്‍മ്മ പരവുമായ റുകനുകള്‍ എക്കാലത്തും ഒന്നായിരുന്നു. സ്വലാത്ത്, സകാത്ത്, സ്വൗം, ഹജ്ജ് എന്നിവയെല്ലാം എല്ലാ പ്രവാചകന്മാരും അനുഷ്ടിച്ച കാര്യമാണ്. കര്മ്മപരമായവ കാലാന്തരേണ പൂര്‍ണ്ണത പ്രാപിച്ചുവെന്നുമാത്രം. പൂര്‍വ്വ പ്രവാചകരുടെ സമുദായത്തിന് സ്വലാത്ത്തില്‍ എല്ലാ ശരീരവടിവുകളും ഉണ്ടായിരുന്നില്ല. അഞ്ച് സമയങ്ങളില്‍ എല്ലാം എല്ലാര്ക്കും ഉണ്ടായിരുന്നില്ല. ബനൂ ഇസ്രാഈല്‍ പ്രവാചകന്മാര് മൂന്നു നേരത്തെ നിസ്കാരമായിരുന്നു അനുഷ്ടിച്ചിരുന്നത്. “നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് എഴുതപ്പെട്ടപോലെ, സത്യവിശ്വാസികളേ നിങ്ങള്‍ക്ക് സ്വിയാം എഴുതപ്പെട്ടിരിക്കുന്നു” എന്ന വാക്യത്തില്‍ സ്വൗം എന്ന ഇസ്ലാം കാര്യത്തിന്റെ പഴക്കം സുതരാം വ്യക്തമാണല്ലോ. ഹജ്ജ്, കഅബാ എന്നിവ മനുഷ്യാരംഭം മുതല്ക്കുള്ള കര്‍മ്മമാണെന്ന സംഗതിയും പ്രസിദ്ധമാണ്. ഇപ്രകാരം സ്വലാത്ത് പണ്ടേ ഇസ്ലാം കാര്യമാണെന്ന് വെളിപ്പെടുത്തുന്ന ഏതാനും സൂക്തങ്ങളിലേക്ക് സൂചന തരാം..
1. വേദം നല്കപ്പെട്ടവരെ കുറിച്ച് : (ബയ്യിന/ 5)
وَمَا أُمِرُوا إِلاَّ لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلاَةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ
ഇഖ്ലാസോട് കൂടിയ ഇബാദത്ത്, ഇഖാമത്ത് സ്വലാ , സകാത്ത് നല്കല്..
2. ഇബ്രാഹീം നബിയും സന്താനങ്ങളും :
رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلاَةَ
3. മൂസാ നബിയോട് : (ത്വാഹാ/ 14)
فَاسْتَمِعْ لِمَا يُوحَى . إِنَّنِي أَنَا اللَّهُ لاَ إِلَهَ إِلاَّ أَنَا فَاعْبُدْنِي وَأَقِمِ الصَّلاَةَ لِذِكْرِي
4. ഈസാ നബി :
وَأَوْصَانِي بِالصَّلاَةِ وَالزَّكَاةِ مَا دُمْتُ حَيًّا
5. ഇസ്മാഈല്‍ നബി :
وَكَانَ يَأْمُرُ أَهْلَهُ بِالصَّلاَةِ وَالزَّكَاةِ
6. ഇസ്ഹാഖ് നബി, യഅഖൂബ് നബി :
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ نَافِلَةً ….وَأَوْحَيْنَا إِلَيْهِمْ فِعْلَ الْخَيْرَاتِ وَإِقَامَ الصَّلاَةِ وَإِيتَاء الزَّكَاةِ
7. സകരിയ്യാ നബി :
فَنَادَتْهُ الْمَلآئِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ
8. ശുഐബ് നബി :
يَا شُعَيْبُ أَصَلاَتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا
9. ബനൂ ഇസ്രാഈല്‍ :
وَلَقَدْ أَخَذَ اللَّهُ مِيثَاقَ بَنِي إِسْرَآئِيلَ وَبَعَثْنَا مِنهُمُ اثْنَيْ عَشَرَ نَقِيبًا وَقَالَ اللَّهُ إِنِّي مَعَكُمْ لَئِنْ أَقَمْتُمُ الصَّلاَةَ وَآتَيْتُمُ الزَّكَاةَ وَآمَنتُم بِرُسُلِي
10. എല്ലാ പ്രവാചകന്മാരുടെയും പിന്‍ഗാമികള്‍:
فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاَةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا
പഴയ നിയമത്തില്‍ അറാമിയ ഭാഷയില്‍ സ്വലാത്ത് എന്ന് തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ദാനിയേല്‍ 6:11 ല്‍ ഇങ്ങനെ വായിക്കാം: “ദാനിയേല്‍ തന്റെ ഭവനത്തിലേക്ക് പോയി. ജരുശലെമിന്നു നേരെ തുറന്നു കിടക്കുന്ന ജനാലകളുള്ളതായിരുന്നു അയാളുടെ മാളിക മുറി. പതിവു പോലെ ദിവസം മൂന്നു നേരം അയാള്‍ അവിടെ മുട്ടുകുത്തി തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാര്‍ഥനകളും സ്തോത്രങ്ങളും സമര്‍പ്പിച്ചു”. ഈ വചനത്തില്‍ സ്വലാത്ത് എന്നായിരുന്നു മൂലഭാഷയില്‍ ഉണ്ടായിരുന്നതെന്ന് വിദഗ്ദ്ധര്‍ രേഖപ്പെടുത്തുന്നു. ഇബ്രാനി ഭാഷയില്‍ അത് തിഫില്ലാ എന്നായി.
പണ്ടു പണ്ടേ ഇസ്ലാം ദീനിന്റെ ഭാഗമായ സ്വലാത് മുഹമ്മദ് നബിയുടെ സമുദായം എങ്ങനെ എപ്പോള്‍ നിരവഹിക്കണമെന്നാണ് വിശുദ്ധഖുര്ആന് പറയുന്നത്. നോക്കാം.
സ്വലാത്തിന്റെ പൂര്വാനുബന്ധങ്ങള്
ജലം/ മണ്ണ് ഉപയോഗിച്ചുള്ള ശുദ്ധീകരണം
ഖുര്‍ആന്‍ കല്പിക്കുന്ന സ്വലാത്തിന് തയ്യാറാകുമ്പോള്‍ മുഖം കഴുകുക, കൈ രണ്ടും മുട്ടു വരെ കഴുകുക, തല തടവുക, കാല് ഞെരിയാണി വരെ കഴുകുക തുടങ്ങിയ അംഗ ശുദ്ധീകരണം ചെയ്യാനുണ്ട്. (5/6) . ഇനി, ജനാബത്ത് എന്ന അശുദ്ധിയുടെ അവസ്ഥയിലാണെങ്കില്‍ “ഇഗ്തിസാല്” (കുളി) തന്നെ വേണം. (4/43)
ഇവിടെങ്ങളില്‍ പറഞ്ഞ “ഗുസ്ല്”, “ഇഗ്തിസാല്” ജലമുപയോഗിച്ചുള്ള സ്നാനമാണെന്ന് തുടര്‍ന്നുള്ള പരാമര്‍ശം വ്യക്തമാക്കുന്നു. “ഫലം തജിദൂ മാഅന്‍ ഫ തയ്യമ്മമൂ സ്വഈദന് തയ്യിബന്‍” ( ജലം കണ്ടെത്തിയില്ലെങ്കില്‍ ശുദ്ധ മണ്ണ് തേടുക) എന്നിടത്തെ മാഅ് ജലമല്ലെന്നും സ്വഈദ് മണ്ണ് അല്ലെന്നും പറയാനൊക്കുമോ?!!മണ്ണ് ഉപയോഗിച്ചു ശുദ്ധിയാക്കുമ്പോള്‍ ഗുസ്ലിന്റെയും ഇഗ്തിസാലിന്റെയും ഘട്ടത്തില്‍ അതുകൊണ്ട് മുഖവും കൈകളും തടവുകയാണ് വേണ്ടത്.
ഇവിടെങ്ങളില്‍ പറഞ്ഞ “ഗുസ്ല്”, “ഇഗ്തിസാല്” ജലമുപയോഗിച്ചുള്ള സ്നാനമാണെന്ന് തുടര്‍ന്നുള്ള പരാമര്‍ശം വ്യക്തമാക്കുന്നു. “ഫലം തജിദൂ മാഅന്‍ ഫ തയ്യമ്മമൂ സ്വഈദന് തയ്യിബന്‍” ( ജലം കണ്ടെത്തിയില്ലെങ്കില്‍ ശുദ്ധ മണ്ണ് തേടുക) എന്നിടത്തെ മാഅ് ജലമല്ലെന്നും സ്വഈദ് മണ്ണ് അല്ലെന്നും പറയാനൊക്കുമോ?!!മണ്ണ് ഉപയോഗിച്ചു ശുദ്ധിയാക്കുമ്പോള്‍ ഗുസ്ലിന്റെയും ഇഗ്തിസാലിന്റെയും ഘട്ടത്തില്‍ അതുകൊണ്ട് മുഖവും കൈകളും തടവുകയാണ് വേണ്ടത്.
സമയ ബന്ധിതം
ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്ന സ്വലാത്ത് സമയ ബന്ധിതമായ ഒരു കര്‍മ്മമാണ്. “കിതാബന്‍ മൌഖൂത്തന്”ആണ്. (4/103). ആ സമയങ്ങള്‍ വ്യക്തമാക്കുന്ന സൂക്തങ്ങള്‍ പ്രധാനമായും മൂന്നാണ്.
17/78 ല്‍ ആ സമയത്തിന്റെ ഒരു ചാര്‍ട്ട് കാണാം. രാപകലുകളില്‍ നിസ്കാര സമയം കടന്നുവരുന്ന “സമയ മേഖല” യാണ് അതിലെ വിവരണം. അതിങ്ങനെ വായിക്കാം:
“സ്വലാത്ത് നിലനിര്‍ത്തുക, സൂര്യന് മധ്യത്തില്‍ നിന്നും തെന്നിയ ശേഷം രാത്രി ഇരുള് കനക്കുന്നത് വരെ; ഫജ്ര്‍ സ്വലാത്തിലെ പാരായണത്തെയും. നിശ്ചയം ഫജ്ര്റിലെ പാരായണം സാക്ഷി നില്ക്കപ്പെടുന്നതാണ്”..
ഇരുപത്തിനാല് മണിക്കൂറിനിടയില്‍ സ്വലാത്തുകള്‍ കൂടുതലും അടയാളപ്പെടുന്ന സമയം ഏതെന്ന് “ലി ദുലൂകി ശ്ശംസി ഇലാ ഗസഖില്ലൈല്” എന്ന പരാമര്‍ശത്തിലൂടെ വ്യക്തമാക്കി. സൂര്യന് മദ്ധ്യാഹ്നത്തില്‍ നിന്നും തെന്നിയത് മുതല്‍ രാത്രി ഇരുള് കനക്കുന്നത് വരെയാണ് അത്. പിന്നെ ഫജ്ര്‍ വരെ ഇഖാമത്ത് ചെയ്യാന്‍ കല്പിക്കപ്പെടുന്ന സ്വലാത്ത് ഇല്ല. സൂര്യന് ഉച്ച പിന്നിടുമ്പോ എന്ന് വ്യക്തമാക്കുകയും ഫജ്രിനു ശേഷമുള്ള സമയ ചക്രത്തെ കുറിച്ചു പരാമര്‍ശിക്കാതിരിക്കുകയും ചെയ്തതിനാല്‍ , ഫജ്രിനു ശേഷം ഉച്ച വരെയും ഇഖാമത്ത് ചെയ്യാന്‍ കല്പിക്കപ്പെടുന്ന വേറൊരു സ്വലാത്ത് ഇല്ലെന്ന് വ്യക്തം. അപ്പോള്‍ സ്കെച്ചില്‍ ഫജ്ര്‍ മുതല്‍ ഉച്ചവരെയും രാത്രി ഇരുള് കനത്തതു മുതല്‍ ഫജ്ര്‍ വരെയും ബ്ലാങ്ക് ആയിരിക്കും.
അതിനാല്‍, (മിന് യൗമില്‍ ജുമുഅ) വെള്ളിയാഴ്ചയുടെ പകലില്‍ ഏതോ ഒരു ഭാഗത്ത് നിര്‍വഹിക്കപ്പെടുന്ന സ്വലാത്ത് ഉച്ചയ്ക്ക് മുമ്പല്ലെന്ന് തെളിയുന്നു.)
അപ്പോള്‍, ‘തുടര്‍ച്ചയായ നിസ്കാരങ്ങളുടെ സമയ’ മായ ‘ഉച്ച തെന്നിയത് മുതല്‍ ഇരുള് കനക്കുന്നതുവരെ’ യുള്ള സമയത്ത് എത്ര സ്വലാത്ത് സാധാരണ ദിവസം ഇഖാമത്ത് ചെയ്യാനുണ്ട്?
നൂര്‍/ 58ല്‍ പറയുന്ന സ്വലാത്തുല്‍ ഫജ്ര്‍ , സ്വലാത്തുല്‍ ഇശാ എന്നിവ ശ്രദ്ധിച്ചിരിക്കുമല്ലോ. ‘ഉച്ച തെന്നിയത് മുതല്‍ ഇരുള് കനക്കുന്നതുവരെ’ യുള്ള സമയത്തില്‍ പെട്ട ഒന്നാണ് ഇശാ. അതിലെ അവസാനത്തേത്. രാത്രിയില്‍ ഉറങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സാധാരണ വസ്ത്രം അഴിച്ചു വെക്കുന്നതിന്റെ മുമ്പ് നിര്‍വഹിക്കാനുള്ളത്.
‘ഉച്ച തെന്നിയത് മുതല്‍ ഇരുള് കനക്കുന്നതുവരെ’ ആകെപ്പാടെ സ്വലാത്തുല്‍ ഇശാ മാത്രമല്ലെന്ന് വ്യക്തമാകാന്‍ 11/114പരിശോധിക്കണം. പ്രസ്തുത സൂക്തത്തില്‍ പകലിലെത്ര, രാത്രിയിലെത്ര എന്ന വിവരമാണ് നല്‍കുന്നത്. പകലിന്റെ രണ്ട് ഭാഗങ്ങളിലും രാത്രിയുടെ മൂന്ന് ഭാഗങ്ങളിലും ( ത്വറഫയിന്നഹാരി വ സുലഫന് മിനല്ലൈലി”) സ്വലാത്ത് ഇഖാമത്ത് ചെയ്യാന്‍ അതില്‍ കല്പിക്കുന്നു. അപ്പോള്‍ ഉച്ച തെന്നിയത് മുതല്‍ പകലില്‍ തന്നെ രണ്ട് സ്വലാത്ത് ഉണ്ടാകണം. ഒന്ന് ഉച്ചതെന്നിയ ഉടന്‍. മറ്റൊന്ന് രാത്രി ആകുന്നതിനു മുമ്പ് എന്ന സംഗതി വ്യക്തമാണല്ലോ.
(പകലില്‍ ഉച്ചക്ക് മുമ്പ് ആയിരിക്കാന്‍ വഴിയില്ല. ഫജ്രിനു ശേഷം ഉച്ച തെന്നുന്നത് വരെ ‘നിസ്കാര സമയമല്ല’ എന്ന 17/78ലെ സൂചന ഓര്‍ക്കുക.)
പിന്നെ രാത്രിയിലെ മൂന്ന് ഏതെല്ലാം ആയിരിക്കും?
ഒന്ന് നേരത്തെ പറഞ്ഞ ഉറങ്ങുന്നതിന് മുമ്പുള്ള സ്വലാത്തുല്‍ ഇശാ. (അതിനു ശേഷം ഫജ്ര്‍ വരെ ബ്ലാങ്ക്.) പിന്നെ രാത്രിയില്‍ ഒടുവിലായി ഫജ്ര്‍. അഥവാ പകല്‍ ഉദിക്കുന്നതിന് മുമ്പ്. ഇനിയും ഒന്ന് വേണമല്ലോ രാത്രിയിലെ മൂന്നാകാന്‍. അത് എന്തായാലും ഇശാഇന് മുമ്പായിരിക്കണം,കാരണം ഇശാഇന് ശേഷം ഫജ്ര്‍ വരെ ബ്ലാങ്ക് ആണ്. മാത്രമല്ല രാത്രി ആയിട്ടുവേണം. പകലില്‍ പറ്റില്ല. പകലില്‍ രണ്ടേ ഉള്ളൂ.
അങ്ങനെ മൊത്തം അഞ്ചു സമയത്ത് സ്വലാത്തുകള്‍ ഇഖാമത്ത് ചെയ്യണം.
മുസ്ലിംകള് ളുഹര്‍,അസ്വര്‍, മഗ്രിബ്, ഇശാ, സുബ്ഹ് എന്നിങ്ങനെ ക്രമത്തില്‍ അവയെ പരിചയപ്പെടുത്തുന്നു.
മുമ്പും ശേഷവും
സമയ ബന്ധിതമായതിനാല്‍ മുമ്പ് , ശേഷം എന്നിങ്ങനെയുള്ള കാലഗണന ഖുര്‍ആനിലെ സ്വലാതുമായി ബന്ധപ്പെട്ടു കാണാം. “മിന് ഖബ്ലി സ്വലാതില് ഫജ്ര്‍” (സ്വലാതുല്‍ ഫജ്രിനു മുമ്പ്) “ മിന് ബഅ്ദി സ്വലാത്തില്‍ ഇശാ” (ഇശാ സ്വലാതിന് ശേഷം) (നൂര്‍/ 58), ആളുകള്‍ സന്നിഹിതരാകുന്ന ഏതോ ഒരു സ്വലാത്തിനെ സൂചിപ്പിച്ചു കൊണ്ട് “ മിന് ബഅ്ദി സ്സ്വലാ” (ആ നിസ്കാരത്തിനു ശേഷം), ജുമുഅ സ്വലയെ പരാമര്‍ശിക്കവേ “ഫഇദാ ഖുളിയത്തി സ്വലാത്തു” (ആ സ്വലാത്ത് നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍), പൊതുവേയുള്ള സ്വലാത്തിനെ പരാമര്‍ശിച്ച് “ ഫഇദാ ഖളയ്ത്തുമുസ്വലാത്ത”( നിങ്ങള്‍ നിസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍) തുടങ്ങിയ പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണുന്നു.
ആഹ്വാനം ചെയ്യുക
ഖുറാനിലെ സ്വലാത്തിലേക്ക് സമയമായാല്‍ ആളുകളെ വിളിക്കുക എന്നൊരു പരിപാടി പറയുന്നുണ്ട്. “ നിങ്ങളെ സ്വലാത്തിലേക്ക് വിളിച്ചാല്‍” (5/58), “ സ്വലാത്തിന്നായി വിളിക്കപ്പെട്ടാല്‍” (ജുമുഅ) എന്നിങ്ങനെ പരാമര്‍ശങ്ങളില്‍ നിദാ എന്ന പദമാണ് വിളിക്കുക എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. സമാനമായതല്ലാത്ത മറ്റ് അര്‍ഥം വല്ലതും ഉള്ളതായി അറിവില്ല.
ഭയമുക്തമായ ചുറ്റുപാട് ആവശ്യം
ഖുര്‍ആന്‍ കല്പിക്കുന്ന ഇഖാമത്ത് സ്വലാ സമ്പൂര്‍ണ്ണ സ്വഭാവത്തില്‍ സാധ്യമാകണമെങ്കില്‍ ഭയരഹിത ജീവിതാന്തരീക്ഷം ഉണ്ടാകണം. രാജ്യത്തിന്റെ അധികാരം ഉണ്ടാകുമ്പോള്‍ വിശ്വാസികള്‍ക്ക് ഇഖാമത്ത്സ്വലാ സുഗമമായി.(22/41). അവര്‍ക്ക് മസ്ജിദുകള്‍, മിഹ്രാബുകള് സ്ഥാപിക്കാം. സ്വലാത്തിലേക്ക് സമയാസമയം ഉച്ചത്തില്‍ വിളിക്കാം. കാരണം സ്വലാത്ത് തടയാന്‍ വല്ല ചട്ടമ്പി യും ഒരുങ്ങിയാല്‍ അത് സാധ്യമാണ്. ഖുര്‍ആന്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയല്ലോ, “ ഒരടിയാന്‍ സ്വലാത്ത് നിര്‍വഹിക്കവേ അത് തടയുന്ന ഒരുത്തനെ നീ കണ്ടുവോ?” (അലഖ്/ 9, 10). “അല്ലാഹുവിന്റെ ദാസന് അവനോട് പ്രാര്‍ഥിക്കാന്‍ എഴുന്നേറ്റു നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിനു ചുറ്റും തിങ്ങിക്കൂടിയ” ചരിത്രവും ഖുര്‍ആന്‍ അനുസ്മരിക്കുന്നുണ്ട്.(ജിന്ന്/19). ഭയമുക്തമായ ചുറ്റുപാട് ആവശ്യമായതിനാല്‍, ശത്രുവുമായി മുഖാമുഖ യുദ്ധം നടക്കുമ്പോള്‍, അവരെ ഭയക്കെണ്ടതില്ലാതെ യോദ്ധാക്കള്‍ രണ്ട് സംഘമായി മാറി നിസ്കരിക്കുന്ന രൂപവും ഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്.(4/102).
ഒരു ദിശയിലേക്ക് അഭിമുഖീകരിക്കണം
എങ്ങോട്ടെങ്കിലും തിരിഞ്ഞ് ചെയ്യേണ്ട കര്‍മ്മമല്ല ഖുര്‍ആനിലെ സ്വലാത്ത്. സ്വലാത്ത് നിര്‍വഹിക്കുമ്പോള്‍ “ഖിബ്ല”യിലേക്ക് തിരിയണം. മൂസാ നബിയുടെ കാലത്ത് മുസ്ലിംകളുടെ വീടുകള്‍ അവരുടെ ഖിബ്ലയുടെ ദിശയിലേക്ക് തിരിച്ച് നിര്‍മ്മിക്കാനും എന്നിട്ട് നിസ്കരിക്കാനും കല്പനയുണ്ടായി. “നിങ്ങളുടെ വീടുകളെ ഖിബ്ലയിലേക്ക് ആക്കുവീന്‍, എന്നിട്ട് നിസ്കരിക്കുവീന്‍” (യൂനുസ്/87). ദാനിയേല്‍ 6:11 ല്‍ ഇങ്ങനെ വായിക്കാം: “ദാനിയേല്‍ തന്റെ ഭവനത്തിലേക്ക് പോയി. ജരുശലെമിന്നു നേരെ തുറന്നു കിടക്കുന്ന ജനാലകളുള്ളതായിരുന്നു അയാളുടെ മാളിക മുറി.”. ഇതില്‍ ചില സൂചനകള്‍ കണ്ടെത്താം. അന്ത്യ പ്രവാചകന് മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് തിരിയണമെന്നൊരു മോഹം. അല്ലാഹു അതനുവദിച്ചു. ലോകത്തെവിടെയാണെങ്കിലും മസ്ജിദുല്‍ ഹറാമിലേക്ക് മുഖം തിരിക്കാന്‍ അല്ലാഹു വിശ്വാസികളോട് കല്പിച്ചു. (അല്‍ ബഖറ/ 144,149,150)
മയക്കത്തോടെ സമീപിച്ചു കൂടാ
ഖുര്‍ആനിലെ സ്വലാത്തിന് മനസ്സാന്നിദ്ധ്യം അനിവാര്യം. അലസമായി അതിനെ സമീപിച്ചുകൂടാ. സ്വയം ആവേശിതരായി സ്വലാത്തിനെ സമീപിക്കണം. അലസമായി സ്വലാത്തിനെ സമീപിക്കുന്ന ആളുകളുടെ മതിപ്പ് തേടി സ്വലാത്ത് പ്രദര്‍ശിപ്പിക്കുന്ന കപട ഭക്തരെ വിമര്‍ശിക്കുന്നതിലൂടെ ഈ നിര്‍ദ്ദേശം വിശ്വാസികള്‍ക്ക് നല്‍കുകയാണ്.“ സ്വലാത്തിലേക്ക് അവര്‍ വരികയില്ല, അവര്‍ അലസരായിട്ടല്ലാതെ”. അവര്‍ ധര്‍മ്മ വഴിയില്‍ പണം ചെലവഴിക്കുമ്പോള്‍ ഇപ്രകാരം തന്നെ. ഇഷ്ടമുണ്ടായിട്ടല്ല. (തൗബ/ 54). “നിശ്ചയമായും കപടന്മാര് അല്ലാഹുവിനെ വഞ്ചിക്കുകയാണ്… അവര്‍ സ്വലാത്തിലേക്ക് എഴുന്നേറ്റു നിന്നാല്‍ അവര്‍ നില്ക്കുക അലസരായിട്ടാണ്, ജനങ്ങളെ കാണിക്കുന്നവരായിട്ട്. അവര്‍ അല്ലാഹുവിനെ അല്പം പോലും സ്മരിക്കുകയില്ല”.(നിസാ/ 142). അതിലേറെ പ്രാധാന്യത്തോടെ കാത്തുസൂക്ഷിക്കണം സ്വലാത്ത് വേളയില്‍ സ്വബോധം. അതിനാല്‍, “ലഹരി ബാധിച്ച നിലയില്‍ സ്വലാത്തിലേക്കടുക്കരുത്”.(4/43). കാരണം, സ്വലാത്തില്‍ പാരായണം ചെയ്യുന്നത് അലങ്കോലപ്പെടും, എന്തും പറഞ്ഞുപോകാന്‍ ഇടവരും.
സ്വലാത്തിനകത്ത്
നിയ്യത്ത്/ ഇഖ്ലാസ്
സ്വലാത്ത് ഒരു ഇബാദത്ത് ആണല്ലോ. ഏതൊരു ഇബാദത്തും നിഷ്കളങ്കമായ ഉദ്ധേശപൂര്‍വ്വം ആയിരിക്കണമെന്ന കല്പന സൂറ ബയ്യിന മൂന്നാം സൂക്തത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്.
ഖിയാം മുതല്‍ സുജൂദ് വരെ
സ്വലാത്തിലെ പ്രധാന ശരീര വടിവുകള്‍ ഖിയാം, റുകൂഅ്, സുജൂദ് എന്നിവയാണ്. ഇവ മൂന്നും പ്രധാനമാകയാല്‍ ഇവയില്‍ ഓരോന്നിലും സമയം ദീര്‍ഘമായി എടുത്ത് അല്ലാഹുവിനെ വണങ്ങാം. ഖിയാമാണ് ആദ്യത്തെ ശരീര നില. അതിന്റെ മൂര്‍ദ്ധന്യ ഘട്ടം സുജൂദും. അതുകൊണ്ടായിരിക്കണം സ്വലാത്ത് നിര്‍വഹിക്കാന്‍ പണ്ടുപണ്ടേ “മസ്ജിദ്” കള്‍ നിര്‍മ്മിക്കപ്പെട്ടത്. (മക്കയിലെ മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അഖ്സ്വാ എന്നിവ ഉദാഹരണം). ദ്രോഹബുദ്ധിയും സത്യ നിഷേധവും ഉള്ളിലുള്ള കപടന്മാര് വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് താവളം ഒരുക്കാനുമായിട്ട് മദീനയില്‍ നബിയുടെ കാലത്ത് ഉണ്ടാക്കിയ “സുജൂദ് ചെയ്യാനുള്ള സ്ഥല” (=മസ്ജിദ്)ത്ത് നബിയോട് ഒരിക്കലും “നില്ക്ക”രുതെന്ന് ( വലാ തഖും ഫീഹി അബദന്‍) അള്ളാഹു വിലക്കിയതും, മദീനയില്‍ വന്ന ആദ്യ നാളില്‍ ഭക്തിയുടെ പുറത്ത് നിര്‍മ്മിച്ചതും വിശുദ്ധരായ ആണുങ്ങള് സംഗമിക്കുന്നതുമായ “മുഅസ്സസി” ല്‍ “നില്ക്കു”ന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത് (അഹക്ഖു അന് തഖൂമ ഫീഹി) എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത് കാണാമല്ലോ. സ്വലാത്തിലെ ശരീര നിലയാണ് നില്ക്കല് (ഖിയാം) എന്ന് ആ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.( മസ്ജിദ് ഒരു സ്ഥലമാണെന്ന് ‘ഫീഹി രിജാലുന്‍’ വ്യക്തമാക്കുന്നു). ശത്രുക്കളുടെ മുന്നില്‍ യുദ്ധത്തിനണിനിരന്ന വേളയില്‍ സ്വലാത്ത് നിര്‍വഹിക്കുന്ന രൂപം പടിപ്പിക്കവേ, ഒരു കൂട്ടം ‘സുജൂദ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍’ (വ ഇദാ സജദൂ) എന്ന് പറയുന്നുണ്ട്. സുജൂദ് സ്വലാത്തിലെ ഒരു ഘടകമാണെന്ന് അതില്‍ മനസ്സിലാക്കാം.
സ്വലാത്ത് ഭക്തി പൂര്‍വം
ഭക്തി പൂര്‍വ്വം ആയിരിക്കണം സ്വലാത്ത്. ഖുര്‍ആനിക ഭാഷയില്‍ ഖുശൂഉ് വേണം. ഖുശൂ എന്താണെന്നും എങ്ങനെയാണെന്നും അറിയാന്‍ ‘ഖുശൂഇ’ന്റെ മാനസിക ശാരീരിക ഭാവങ്ങള്‍ ഖുര്‍ആനില്‍ തന്നെ പലയിടത്തും പരാമര്‍ശിക്കുന്നത് പരിശോധിക്കാം. “അന് തഖ്ശഅ ഖുലൂബുഹും ലി ദിക്രില്ലാഹ്”= അവരുടെ ഹൃദയം അല്ലാഹു എന്ന ദിക്രിലേക്ക് കീഴൊതുങ്ങുവാന്‍ എന്ന് ഹദീദ്/16ല്‍. ഹൃദയം മാത്രമല്ല, ശബ്ദത്തില്‍ അത് തെളിയും. ത്വാഹാ/108 ല്‍ പറഞ്ഞപോലെ, “ വ ഖശഅത്തില് അസ്വ്വാത്തു..” = എല്ലാ ശബ്ദങ്ങളും പരമ കാരുണികനു കീഴടങ്ങും, ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കില്ല”. കണ്ണുകളില്‍ അത് കാര്യമായി പ്രകടമാകും. ഖമര്‍/ 7 ലെ “ഖുശ്ശഅന് അബ്സ്വാറുഹും” (=കണ്ണുകള്‍ കീഴൊതുങ്ങിയവരായി), ഖലം/ 43, മആരിജ്/41 ലെ “ഖാശിഅത്തന് അബ്സ്വാറുഹും”, നാസിആത്ത്/9 ലെ “അബ്സ്വാറുഹാ ഖാശിഅ:” എന്നീ പ്രയോഗങ്ങള്‍ അതാണ് കാണിക്കുന്നത്. മുഖത്താകെ അത് പ്രകടമാകുമെന്നാണ് ഗാശിയ/2 സൂചന നല്‍കുന്നത്. ശൂറാ/ 45 ല്‍ പറഞ്ഞപോലെ, (“വ തറാഹും.. ഖാശിഈന മിനദുല്ലി”) ശരീരത്തിലാകെയും ഖുശൂഇന്റെ വിളര്‍ച്ച പരക്കുമ്പോള്‍ ഖുശൂഉ് പൂര്‍ണ്ണമായി. സൂറ മുഅ്മിനൂന്/1,2 സൂക്തങ്ങളില്‍ ഖുശൂഓടെ നിസ്കരിക്കുന്നവര്‍ വിജയം വരിച്ചുവെന്ന് സുവിശേഷിക്കുന്നു. മാനസിക- ശാരീരിക- ശബ്ദപരമായ ഖുശൂഇന്റെ വിവിധ ഭാവങ്ങളില്‍ നിശ്ചിത ഭാവത്തെ അതില്‍ പരിമിതപ്പെടുത്തിയിട്ടില്ല. ഒന്നിനെയും ഒഴിവാക്കിയിട്ടുമില്ല.
ശബ്ദ നിയന്ത്രണം
ഖുര്‍ആനിലെ സ്വലാത്തില്‍ ശബ്ദം ഒരവശ്യ ഘടകമാണ്. അതായത് മൊഴിയാന്‍ എന്തൊക്കെയോ ഉണ്ട്. പക്ഷേ അത് മിതമായ ശബ്ദത്തില്‍ ആകണം. സൂറ ഇസ്രാഈലില്‍ ആ നിര്‍ദ്ദേശം ഇങ്ങനെ : “ വലാ തജ്ഹര് ബിസ്വലാത്തിക്ക…” . നിന്റെ സ്വലാത്ത് നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയും ആക്കണ്ട. അവയ്ക്കിടയിലുള്ള ഒരു വഴി തേടുക.” (110).
യാത്രയില്‍ ചുരുക്കാം
ചുരുക്കാനും ദീര്‍ഘിപ്പിക്കാനും അനുവാദമുള്ള അനുഷ്ടാനമാണ് സ്വലാത്ത്. യാത്രാ വേളയില്‍ ഖസ്ര് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.
സ്വലാത്ത് മുഴുവന്‍ ഖുര്‍ആനില്‍ ?!!
അല്ലാഹുവുമായി അടിമകള്‍ നിരന്തരം ബന്ധം ഉണ്ടാകണം. അനുനിമിഷം അവനെ സ്മരിച്ചും നന്ദിയോടെ ഓര്‍ത്തും ബഹുമാനപൂര്‍വ്വം ഭയന്നും അവന്റെ കല്പനാ വിലക്കുകള്‍ പാലിച്ചും നിരന്തരം സ്വിലത്ത് (ബന്ധം) നിലനിര്‍ത്തണം. അവനെ ഇബാദത്ത് ചെയ്യുക എന്നതാണല്ലോ മനുഷ്യ- ജിന്ന് വര്‍ഗ്ഗങ്ങളെ അവന് പടച്ചതിനു പിന്നില്‍. ഇതിനുള്ള പല നിര്‍ദ്ധേശങ്ങളില്‍ പ്രധാനമായ ഒന്നാണ് സ്വലാത്ത്. സ്വലാത്തിലൂടെ സ്വിലത്ത് ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. ഉണ്ടാകുന്ന വിധത്തിലായിരിക്കണം. എന്നാല്‍, സ്വിലത്ത് ഉണ്ടാകാന്‍ അവന് വളരെ പ്രാധാന്യ പൂര്‍വ്വം കല്പിച്ച സ്വലാത്ത് കൃത്ത്യമായി നിര്‍വഹിക്കണം. ദിനേന അഞ്ചു നേരത്തെ സ്വലാത്ത് അവന് സൂചിപ്പിക്കുന്നുണ്ട്. പിന്നെ ഇവിടെ പരാമര്‍ശിച്ച ചില അനുബന്ധ കാര്യങ്ങളും. ഇതില്‍ കൂടുതല്‍ സ്വലാത്തുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ട ഒരു സംഗതിയും ഖുര്‍ആനില്‍ നിന്നും കണ്ടെത്താന്‍ പ്രയാസമായിരിക്കും. സ്വലാത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള തുടര്‍ച്ചയായ നീക്കം, ചെയ്യാനുള്ളത്, ചൊല്ലാനുള്ളത് ഒന്നും ഖുര്‍ആന്‍ മാത്രം നോക്കിയാല്‍ ലഭിക്കില്ല. സ്വലാത്ത് എന്നല്ല മറ്റു പ്രധാന സ്തംഭങ്ങളും നിയമങ്ങളും , ഖുര്‍ആനുമായി അയക്കപ്പെട്ട മാനവ കുലത്തിന്റെ അധ്യാപകനായ അന്ത്യ റസൂല്‍ വിശദമാക്കിയാലല്ലാതെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയില്ല. അല്ലാഹു ഒരു ഗ്രന്ഥം മാത്രമല്ല തന്നത്; അത് പഠിപ്പിച്ചു തരാന്‍ ഒരു ഗുരു വിനെ നിയോഗിച്ചിട്ടുമുണ്ട്. ഗുരുവിന്റെ വിശദീകരണങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അവഗണിക്കുന്നവര്‍ മാനവ കുല അംഗീകരിച്ച ജ്ഞാന സംവേദന മാര്‍ഗ്ഗത്തെ നിരാകരിക്കുകയാണ്. അതാണേല്, അമ്പ പരിഹാസ്യവും.
കേവല സ്വിലത്തോ?!
ഖുര്‍ആനില്‍ സ്വലാത്തുമായി ബന്ധപ്പെടുത്തി വന്നിട്ടുള്ള മേല്‍ സൂചിപ്പിച്ച നേര്‍ക്കുനേര്‍ പറഞ്ഞ കാര്യങ്ങള്‍ ( പരശതം സൂക്തങ്ങളില്‍ വേറെയും പരാമര്‍ശമുണ്ട്. സ്വലാത്ത് എന്ന് പരാമര്ശിക്കത്തതിനാല് വാദത്തിനു വേണ്ടി അവയെല്ലാം ഒഴിവാക്കിയിരിക്കയാണ്) ഓരോന്നുമെടുത്ത് വിശകലനം ചെയ്താല്‍, സ്വലാത്ത് കേവല ബന്ധമല്ല, ബന്ധം ഉറപ്പിക്കാനുള്ള അനുഷ്ടാനമാണെന്ന് വ്യക്തമാകും. എന്നാല്‍, ഖുറാനില്‍ നിന്നും മത നിയമങ്ങള്‍, അനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണ രൂപത്തില്‍ കണ്ടെത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവുള്ള ചിലര്‍ അവയെ അപ്പാടെ തള്ളിക്കളയുകയോ സൗകര്യപൂര്‍വം ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്നു.
ഇസ്ലാം ദീന് പിന്നിട്ട നാള് വഴികളെ , പരലക്ഷം ജ്ഞാന നേതൃത്വങ്ങളെ, അല്ലാഹുവിന്റെ ദീനിന്റെ സുരക്ഷിതത്വത്തെ ധാര്‍ഷ്ട്യത്തോടെ നിഷേധിക്കുന്നവര്‍ക്ക് ദീനും അല്ലാഹുവും റസൂലും അല്ല പ്രശ്നം. അവര്‍ ചില കേന്ദ്രങ്ങളുമായി സ്വിലത്ത് സ്ഥാപിച്ചിരിക്കുകയാണ്. പിശാച് ആണ് ആ കേന്ദ്രത്തിലെ പൂജാ വിഗ്രഹം. താന്തോന്നിത്തം, സുഖ പൂര്‍ത്തി അവിടത്തെ ഉപ ദൈവങ്ങളും.
അല്ലാഹു അതാതു ജനതകളുടെ ഭാഷയില്‍ (ബി ലിസാനി ഖൗമിഹീ) ദൂതന്മാരെ അയച്ചത് വേദം അവരുടെ കൈകളില്‍ ഏല്പിച്ചു കാട്ടില്‍ ജപമനുഷ്ടിക്കാനല്ല. അവര്‍ക്കിടയില്‍ ജീവിച്ചു ‘മനുഷ്യ വേദ’മായി ജീവിക്കാന്‍, ജീവിച്ചു കാണിച്ചു കൊടുക്കാന്‍ വേണ്ടിയത്രെ. (ശാഹിദ് + ശഹീദ്. മാതൃക കാണിച്ചു കൊടുക്കുക എന്ന ചുമതല ഏറ്റെടുത്ത ആള് ശാഹിദ്. അത് ഭംഗിയായി നിര്‍വ്വഹിക്കുക വഴി മാതൃകയായി മാറിയ വ്യക്തി ശഹീദ്).
പ്രവാചക സുന്നത്ത് നിഷേധിക്കുന്നവര്‍ അവരുടെ ചരിത്രം പഠിക്കട്ടെ.. മക്കയിലെയും മദീനയിലെയും ചരിത്രം. അവിടുത്തെ ശിഷ്യന്മാരുടെ ചരിത്രം. പ്രവാചകന് കാണിച്ച ജീവിതത്തെ ഏറ്റെടുത്ത പര കോടി പിന്‍ഗാമികളുടെ ചരിത്രം. അവരെ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ അവര്‍ കൈമാറിയ വിശുദ്ധ ഖുര്‍ആന്‍ അവര്‍ക്ക് തന്നെ തിരിചെല്പിക്കുക. അതവരുടെതാണ്.
കൂടുതലൊന്നും ചരിത്രം പഠിക്കണമെന്നില്ല. മസ്ജിദുന്നബവിയുടെ ആ കെട്ടിടത്തിന്റെ മാത്രം ചരിത്രം ഒന്ന് പഠിക്കൂ… ചരിത്രത്തെ അതിന്റെ ഏറ്റവും വിശ്വസനീയമായ വഴിയിലൂടെ പഠിക്കട്ടെ. എന്നാല്‍ തിരു ചര്യ സമാഹരിക്കാന്‍ പ്രവാചക സ്നേഹികളായ വിശ്വാസികളുടെ നേതൃ സംഘം സ്വീകരിച്ച മാനദണ്ഡങ്ങളും മാര്‍ഗ്ഗങ്ങളും ഏതൊരു ചരിത്ര സമാഹരണത്തെക്കാളും പതിന് മടങ്ങ് ഭദ്രമാണെന്ന് ശുദ്ധ മനസ്കര്‍ക്കേ ബോധ്യമാകൂ…
സ്വാലിഹ് നിസാമി പുതുപൊന്നാനി
Abdul Salih
says:ശുക്രന്..
Abdul Salih
says:ആമീന്‍.. നന്ദിയുണ്ട്.
Mohamed
says:നല്ലൊരു പഠനം.
ജലീല്‍ കോലോത്ത്
says:വളരെ ആഴത്തിൽ നടത്തിയ പഠനം. ഈ വിഷയത്തിൽ ഇത്തരം പഠനം മുമ്പ് നടത്തപ്പെട്ടിട്ടില്ല തന്നെ. സ്വാലിഹ് നിസാമിയിൽ ഇത്തരം സംരംഭങ്ങൾ ഇനിയുമുണ്ടാകട്ടെ. ഇസ്ലാം ശത്രുക്കളുടെ വ്യർത്ഥവാദങ്ങളുടെ മുനയൊടിക്കുന്ന ആ തൂലികയ്ക്ക് അല്ലാഹു സർവ്വശക്തിയും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.