മുസ്ലിംകള്- പ്രമുഖരായ മുസ്ലിം ജ്ഞാനികള്‍ തന്നെ- എഴുതിയ ചരിത്ര കൃതികള്‍ അവരെഴുതാതിരുന്നെങ്കില് അതായിരുന്നു ഇസ്ലാമിക സമൂഹത്തിന് ഏറെ ഗുണകരം. അവയില്ലായിരുന്നെങ്കില്‍ ഇസ്ലാമിന് നേരെയുള്ള ഒരുപാട് ആക്രമണങ്ങള്‍ ഒഴിവാകുമായിരുന്നേനെ. ഇതുപറയുമ്പോള്‍ അദ്വിതീയരായ ചരിത്ര രചയിതാക്കളെ ആക്ഷേപിക്കുകയാണെന്ന് തെറ്റുദ്ധരിക്കാം. തീര്‍ച്ചയായും അല്ല, ഇസ്ലാമിനോടുള്ള ബഹുമാനം അവരോടുള്ളതിനേക്കാള് കൂടുതലായി ഉള്‍ക്കൊള്ളുന്നതിനാല്‍ മാത്രമാണ് ഈ നിരൂപണം.
വിശുദ്ധ ഇസ്ലാമില്‍ ചരിത്രം നേര്‍ക്കുനേര്‍ ഒരു പ്രമാണമല്ല. എന്നാല്‍ ചരിത്രത്തെ മാറ്റിവെച്ച് ഒരു പ്രമാണത്തിനും നിലനില്ക്കാന് സാധ്യവുമല്ല. വിശുദ്ധ ഖുര്‍ആനു വ്യാഖ്യാനങ്ങളുണ്ട്; ആ വ്യാഖ്യാനങ്ങള്‍ക്ക് കൃത്യമായ ‘അടിസ്ഥാന തത്വങ്ങള്‍’ ഉണ്ട്. ഖുര്‍ആനെ സമീപിക്കാനും മനസ്സിലാക്കിയെടുക്കാനും ഖുറാനിലും അതിന്റെ ഭാഷയിലും മാത്രം ഊന്നിക്കൊണ്ടുള്ള അമ്പതോളം ജ്ഞാനശാഖകള്‍ മുസ്ലിം ജ്ഞാനികള്‍ വികസിപ്പിച്ചിട്ടുണ്ട്. അവയില്‍ അവഗാഹം നേടാതെ ഖുര്‍ആനില്‍ ഇറങ്ങിക്കളിച്ചാല്‍ മുഷിയും. അത്തരം ഉസ്വൂലും ഖവാഇദ യും വിട്ടുകളിക്കുന്ന ആരുടെ വ്യഖ്യാനമായാലും അത് ഒരു കാഴ്ച വസ്തുവായി അവിടെയിരിക്കുമെന്നല്ലാതെ മുസ്ലിംകളെയോ ഇസ്ലാമിനെയോ ദ്രോഹിക്കില്ല. രണ്ടാം പ്രമാണമായ, അതായത് ഖുര്‍ആനെ വായിക്കാനുള്ള മുഖ്യ സഹായിയായ തിരുനബി ജീവിതം (സുന്നത്ത് എന്ന് പറയും. ആ ജീവിത കഥ പിന് തലമുറയിലേക്ക് കൈമാറുന്നതാണ് ഹദീസ്. അതായത് സുന്നത്ത് കണ്ടെത്താനുള്ള മുഖ്യ വഴിയാണ് ഹദീസ്.) മനസ്സിലാക്കാനും ധാരാളം അനുബന്ധ ജ്ഞാനശാഖകള്‍ ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അവ താണ്ടുകതന്നെ വേണം.. ഹദീസ് സമാഹാര ഗ്രന്ഥങ്ങളിലേക്ക് നേരെ പാസ് കിട്ടില്ല. അതിക്രമിച്ചു കടക്കുന്നവന് വഴിയറിയാതെ കുഴങ്ങിയതുതന്നെ. അത്തരക്കാരന് ‘ഇതാ ഇസ്ലാമിനെ ഒന്നിച്ചു ധൂളിയാക്കാന്‍ കഴിയുന്ന ഹദീസ് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്നൊക്കെപ്പറഞ്ഞ് ഓടിവന്നാല്‍ മുസ്ലിംകള്ക്ക് ഒട്ടും കുലുക്കമുണ്ടാകില്ല. ഉസ്വൂലുല്‍ ഹദീസ് പഠിച്ച ജ്ഞാനികള്‍ അവരെ ചെവിക്കു പിടിച്ചോളും.
ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുള്ള വിശ്വാസ കാര്യങ്ങള്‍, കര്‍മ്മ നിയമങ്ങള്‍, സ്വഭാവ കാര്യങ്ങള്‍ എന്നിത്യാദി ഉത്പന്നങ്ങള്‍ നേരാംവണ്ണം അനുഭവിക്കാന്‍ പോലും ഉസ്വൂലുദ്ദീന്‍, ഉസ്വൂലുല്‍ ഫിഖ്ഹ്, ഖവാഇദുതസ്വവ്വുഫ് എന്നിങ്ങനെയുള്ള അഭ്യാസങ്ങളില്‍ പ്രത്യേക വഴക്കം ആര്‍ജ്ജിക്കണം. അല്പം വിയര്‍ത്തും ഉറക്കൊഴിഞ്ഞും ഇവ പഠിക്കാതെ, നേരെ വണ്ടിയെടുത്ത് ഈ നഗരത്തിലേക്കിറങ്ങിയാല്‍ അവനും താമസിയാതെ വല്ലേടത്തും തട്ടി നിന്നുകൊള്ളും. അതിലും മുസ്ലിംകള് ആകുലപ്പെടാറില്ല.
എന്നാല്‍, പ്രാമാണമേ അല്ലാത്ത, ചിലപ്പോള്‍ പ്രമാണങ്ങളെക്കാള്‍ പ്രാധാന്യം ലഭിക്കുന്ന ചരിത്രത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ മിക്ക മുസ്ലിം ജ്ഞാനികള്‍ക്കുപോലും ഒരുപിടിയുമില്ല. പറഞ്ഞല്ലോ, അവരെഴുതിവെച്ച ചരിത കൃതികളാണ് പലപ്പോഴും തലവേദന ഉണ്ടാക്കുന്നത്. പൂര്‍വ്വികരും ആധുനികരും ഇക്കാര്യത്തില്‍ സമമാണ്. ചരിതകൃതികളില് നിന്നും അടര്ത്തിയെടുക്കുന്നതോ നേര്‍ക്കുനേര്‍ പകര്‍ത്തുന്നതോ ആയ ഒരു പരാമര്‍ശമെടുത്ത് ശത്രുവിന് മുസ്ലിംകളെ ആക്രമിക്കാന്‍ എന്തെളുപ്പം?! കാരണം, ചരിത്രത്തിന്റെ തിരുകവാടത്തില് പ്രത്യേക പാസ്സോ കാവലോ ഇല്ല. ആര്‍ക്കും കയറി നിരങ്ങാം, എന്തും എഴുതിവെക്കാം. എടുത്തുദ്ധരിക്കാം.
ഒരു ഉസ്വൂലുത്താരീഖിന്റെ കുറവ് മുസ്ലിംകള് നട്ടുവളര്‍ത്തിയ ജ്ഞാനലോകത്ത് പ്രകടമായി അനുഭവിക്കുന്നുണ്ട്. ആ കുറവ് കണ്ടെത്തിയാണ് ‘പൗരസ്ത്യ ഗവേഷക’രും പാശ്ചാത്യ എഴുത്ത്കാരും ഇസ്ലാമിനെ വക്രീകരിക്കാന്‍ ധൈര്യം കാണിച്ചത്. ചരിത്രത്തിന്റെ ഉസ്വൂലിനെക്കുറിച്ചുള്ള അജ്ഞതയാണ് സയ്യിദ് മൌദൂദി സാഹിബടക്കമുള്ള വിശാല വായനക്കാര്‍ക്ക് സംഭവിച്ചത്.
ത്വബ്രിയും അല്ബിദായയും ചരിത്ര കൃതികളാണ്; ഹദീസ് ഗണത്തില്‍ ദൈലമിയും ഹാകിമുമെന്നപോലെ. അവയോ അവപോലോത്തതോ ചരിത്ര നിദാന ശാസ്ത്രം പഠിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ അല്ല. ആറാം നൂറ്റാണ്ടിലെ ഇമാം ഇബ്നു അറബി അല്‍മാലിക്കി (സ്വൂഫിയായ ഇബ്നു അറബി അല്ല) യും തുടര്‍ന്ന് അല്ലാമാ ഇബ്നു ഖല്‍ദൂനും ദഹബിയും അസ്ഖലാനിയും സഖാവിയും ശ്ലാഘനീയമായ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവരാരും വ്യവസ്ഥാപിതമായ ഒരു ഉസ്വൂല്‍ രൂപീകരിച്ചതായി അറിവില്ല. ത്വബ്രിയോളം അപകടം പിടിച്ച മറ്റൊരു പ്രസിദ്ധ ചരിത്ര ഗ്രന്ഥമില്ല.
ചരിത്ര കൃതികള്‍ വായിക്കുന്നവര്‍ പാലിക്കേണ്ട അദബുകള്‍, ചരിത്ര കൃതികളുടെയും അവയുടെ രചയിതാക്കളുടെയും രചനാരീതിയും നിലപാടും ആദര്‍ശവും, ചരിത്ര നിവേദനങ്ങളിലെ ‘സ്വഹീഹും ളഈഫും’ എങ്ങനെ കണ്ടെത്താം, നിവേദകരില്‍ മത്രൂകും സിഖത്തും ആരെല്ലാം.. എന്നിത്യാദി ‘വിവേകബുദ്ധികള്’ നല്കി സമുദായത്തെ , വിശിഷ്യാ പണ്ഡിതന്മാരെ ആയുധമണിയിച്ചില്ലെങ്കില് ഭീകരമായ ഭവിഷ്യത്ത് മുന്നില്‍ കാണുന്നു.
കള്ളക്കഥകള്‍ ഒരുപാടുണ്ട് ചരിത്ര കൃതികളില്‍, പ്രമുഖ രചനകളില്‍ പോലും. ആദം നബിയുടെ ചരിത്രം പറയുന്നിടത്ത് നിന്നും തുടങ്ങുന്ന ഇത്തരം ചരിത്ര വൈകല്യങ്ങള്‍ തിരുനബി സ്വ യുടെ ജീവിതം വിവരിക്കുന്നിടത്ത് പോലും നിറയെ കാണാം. ഖുറാന് വ്യാഖ്യാന കൃതികളിലും ഹദീസ് വ്യാഖ്യാന സന്ദര്‍ഭങ്ങളിലും ഇത്തരം അബദ്ധങ്ങള്‍ കയറിക്കൂടിയിട്ടുണ്ട്. അറബികളുടെയും സ്വഹാബികളുടെയും പില്ക്കാല മുസ്ലിം രാജ്യങ്ങളുടെയും ചരിത്രത്തില്‍ മാത്രമല്ല, മുസ്ലിം പ്രമുഖരെ കുറിച്ചെഴുതിയ ‘അപദാന’ കൃതികളില്‍ കെട്ടുകഥകള്‍, പകപോക്കല്‍, പക്ഷപാത പരമായ പരാമര്‍ശങ്ങള്‍ എത്രയാണ്!
വികല ചരിത്രങ്ങളെ അടയാളപ്പെടുത്താന്‍ ചരിത്രത്തില്‍ അവഗാഹമുള്ള ആധുനിക കാലത്തെ ചില മിടുക്കന്മാര് തങ്ങളുടേതായ ശ്രമങ്ങള്‍ നടത്തിക്കാണുന്നതില് സംതൃപ്തിയടയാന് ആയിട്ടില്ല. വികല ചരിത്രങ്ങളെ പരിശോധിക്കുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. തഫ്സീര്‍ കൃതികളില്‍ കയറിയിട്ടുള്ള ഖുറാന് കഥകള്‍ നിശിതമായി നിരൂപിക്കുന്ന പഠനങ്ങള്‍, പരിശോധനക്ക് വിധേയമായ ഹദീസുകള്‍+ അസറുകള്‍ വെച്ചുകൊണ്ടുള്ള നബി ചരിതരചന , ആദ്യകാല മുസ്ലിം സമുദായ ചരിത്രങ്ങളെ ഉമവികള്ക്കോ അലവികള്ക്കോ വിട്ടുകൊടുക്കാത്ത നിഷ്പക്ഷ അന്വേഷണങ്ങള്‍ …എന്നിത്യാദി ഉദ്യമങ്ങള്‍ ശ്ലാഘനീയമാണ്. അപ്പോഴും ഒരു ഉസ്വൂലുത്താരീഖ് രൂപം കൊണ്ടിട്ടില്ലെന്നുവേണം പറയാന്‍. ഉസ്വൂല്‍ ഇല്ലാത്തതിന്റെ കുഴപ്പം അവരുടെ രചനകളിലും കുറവല്ല..
എന്തിനാണ് ഉസ്വൂലുത്താരീഖ്? അതില്ലാതെ ചരിത്രത്തെ സമീപിച്ചാല്‍ എന്ത് സംഭവിക്കും? വരൂ, കൂടെവരൂ.. ചരിത്രത്തിലെ ചില മങ്ങിയ കാഴ്ചകള്‍, കാലുകള്‍ പൂഴ്ന്നുപോകുന്ന ചില പ്രതലങ്ങള്‍ കാട്ടിത്തരാം.. ചരിത്രത്തിന്റെ മഹാസാഗരത്തിലേക്കിറങ്ങാന് നമുക്കൊരു ലൈഫ് ജാക്കറ്റ് നിര്‍മ്മിച്ചെടുക്കാം..