“നീ എത്രയിങ്ങനെ
മഞ്ഞുകട്ടപോല്
മഞ്ഞുകട്ടപോല്
ചുണകെട്ടു കഴിയും?
അല്ലെങ്കില്‍,
വെള്ളത്തില്‍ ചത്ത
എലിയെപ്പോല്‍
പൊങ്ങുതടിയായൊഴുകും?
അതൃപ്തി അകത്ത്
കലഹമുണ്ടാക്കണം.
അക്രമത്തിനൊരുങ്ങല്
അപമാനമാണ്.
പനിനീര്ചെടിയെപ്പോല്
നീ നിന്റെ ആയുധം
ചുമലില്‍ വഹിക്കുക,
എങ്കില്‍ നിനയക്ക്
നിന്റെ പൂക്കളെ
മനോഹരമായി
പ്രദര്‍ശിപ്പിക്കാം”
– നിസാമി
(സി ഹംസ എന്ന ചോലക്കാടന്‍ ഹംസ ‘പ്രതിരോധം’ എന്ന പേരില്‍ മൊഴിമാറ്റിയ, പാരസിക കവി നിസാമിയുടെ കവിത)
സമസ്ത നേതാക്കള്‍ക്ക് കൈമാറിയ എഫ് ഐ ആര്..
“ഇസ്ലാമിക് ഫൌണ്ടേഷനില്‍ നിന്നുള്ള വിടവാങ്ങല്‍ ശിയാഇസത്തില് നിന്നുള്ള വിടവാങ്ങല്‍ കൂടിയാണ്.. പിന്നെ നേരെ ഞാന്‍ വരുന്നത്, നാട്ടിക മൂസ്സ മൗലവി വഴി, അഹ്ലുസ്സുന്നത്ത് സര്‍ക്കിളിലാണ്”. സി ഹംസ 2015 ഡിസംബര്‍ 1-15 ലക്കം സത്യധാര പ്രസിദ്ധം ചെയ്ത അഭിമുഖത്തില്‍ തന്റെ ചുവടുമാറ്റത്തെ ക്കുറിച്ച് വെളിപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു: “1980 മുതല്‍ 84 വരെയായിരുന്നു ഞാന്‍ ശാന്തപുരത്തുണ്ടായിരുന്നത്. പിന്നീട് 15 വര്‍ഷത്തോളം അരീക്കോട് ഫൌണ്ടേഷനിലുമായിരുന്നു”.അപ്പോള്‍, 1999 മുതല്‍ ഹംസ സുന്നി സര്‍ക്കിളിലാണ്.
സന്തോഷം. പരന്ന വായനയുടെ ഉടമയും ബഹുഭാഷാ ജ്ഞാനിയുമായ ഒരാള്‍ ശീഈസം വിട്ട് അഹ്ലുസ്സുന്നയിലേക്ക് വരുന്നത് സുന്നികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം ഉളവാക്കുന്ന സംഗതി തന്നെ. പക്ഷേ, ഹംസയെ ഉപയോഗപ്പെടുത്തിയതും ക്രമത്തില്‍ അദ്ദേഹത്തെ ഉന്നതങ്ങളില്‍ കുടിയിരുത്തിയതും ഒരു എക്സ് ശീഈ എന്ന /ആദരവില്‍ പരിഗണനയില്‍ ആയിരുന്നില്ല. മറിച്ച്, സരസവും ചിന്താര്‍ഹവുമായ ശൈലിയില്‍ സംസാരിക്കുന്ന നല്ലൊരു വഹാബി- മൌദൂദി വിരുദ്ധ പ്രഭാഷകന്‍ / എഴുത്തുകാരന് എന്ന നിലക്കായിരുന്നു. അതുകൊണ്ട് തന്നെ, താന്‍ എഴുതിയും ക്ലാസ്സെടുത്തും പിന്തുണച്ചും പ്രചരിപ്പിച്ച ശീഈ പിഴ വിശ്വാസങ്ങളില്‍ ഒന്നുപോലും നിഷേധിച്ചു കൊണ്ടും അതിലെ പൊള്ളത്തരം തുറന്നു കാട്ടിയും ‘കമ’ പറയേണ്ട സാഹചര്യം ഹംസക്ക് നേരിടേണ്ടി വന്നില്ല. ശീഈസത്തില്‍ നിന്നും തിരിച്ചുവന്ന ഒരു ആദര്ശവാദിയെന്ന നിലയ്ക്ക്, ശീഇസത്തിന് സവിശേഷമായ ഏത് വികല വിശ്വാസത്തെയാണ് ഹംസ തിരുത്തി പറഞ്ഞത്?! അതുണ്ടായിട്ടില്ല. പകരം, ശീഈകള്‍ക്കും യോജിക്കാവുന്ന കേരള പരിസരത്തിലെ സുന്നി നിലപാടുകളെ സ്ഥിരപ്പെടുത്തിയും, ശീഈകളുടെ പ്രധാന ശത്രുവായ വഹാബിസത്തെ ആക്രമിച്ചും, പലപ്പോഴും ആരുമറിയാതെ ശീഈസത്തിലേക്ക് വഴി എളുപ്പമാക്കുന്ന ചാലുകള്‍ കീറിയും അടിക്കല്ല് സ്ഥാപിച്ചും അദ്ദേഹം ജൈത്ര യാത്ര തുടരുന്നു. എന്നിട്ടും, എങ്ങനെയാണ് ഹംസ സുന്നിയായെന്ന് അയാള്‍ പറയുന്നത്?! നാം അതപ്പടി വിശ്വസിക്കുവാന്‍ നമ്മുടെ മുന്നില്‍ വെളിവായ അടയാളങ്ങള്‍ എന്തെല്ലാമാണ്?
ആമുഖമായി മനസ്സിലാക്കേണ്ട കാര്യം ഉണര്ത്തട്ടെ: ശീഈസത്തിന്റെ അടിസ്ഥാന ഇബാദത്തുകളില്‍ പെട്ടതാണ് തഖിയ്യ. ജീവഹാനി വരുമെന്ന ഭീകര അവസ്ഥയില്ലെങ്കിലും ഉള്ളിലെ ആദര്‍ശം മറച്ചു വെച്ച് ജീവിക്കുക എന്നതാണ് അതിന്റെ പ്രായോഗിക രൂപം. പ്രബോധന ദൗത്യം ഉള്ള ആളാണെങ്കില്‍ അയാള്‍ പ്രയോഗിക്കുന്ന അടവുനയങ്ങളില്‍ ചിലത് പറയാം:
1- പുറത്തുപറയുന്ന വാക്കുകളില്‍ ദ്വയാര്‍ത്ഥം അടങ്ങിയിരിക്കും. ഉദാ. താനൊരു സുന്നിയാണെന്ന് പറയും. അതിന് കല്പിക്കുന്ന അര്‍ത്ഥം ‘യഥാര്‍ത്ഥമായ വഴിക്ക് സുന്നത്ത് അംഗീകരിക്കുന്നവന്’, അഥവാ അഹ്ലുല്‍ ബൈത്തിന്റെ സുന്നത്ത് സ്വീകരിക്കുന്നവന് എന്നെല്ലമായിരിക്കും. (സുന്നിസത്തില്‍ നിന്നും ശീഅത്തിലേക്ക് മതം മാറുകയും ശീഅത്താണ് യഥാര്‍ത്ഥ അഹ്ലുസ്സുന്നത്ത് എന്ന് സ്ഥിരീകരിക്കുന്ന പുസ്തകം എഴുതുകയും ചെയ്ത ഡോ. മുഹമ്മദ് തിജാനിയുടെ ‘അശ്ശീഅ: ഹും അഹ്ലുസ്സുന്ന’ എന്ന പുസ്തകം ചിലരോട് ഹംസ നിര്‍ദ്ദേശിച്ചത് നമ്മുടെ അറിവിലുണ്ട്). ശാഫി ആണെന്ന് പറഞ്ഞാലോ? അതിനുമുണ്ട് വിവിധ അര്‍ഥങ്ങള്‍. ഇമാം ശാഫി ശീഈ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഹംസ. രക്ത സാക്ഷ്യം എന്ന അലീ ശരീഅത്തിയുടെ പുസ്തകത്തിന് നല്കിയ വിശദീകരണ കുറിപ്പില്‍ അത് കാണാം. അപ്പോള്‍, ശാഫി യാണെന്ന് പറയുമ്പോള്‍ സംഗതി കളവാകുന്നില്ലല്ലോ!!
2- സുന്നി- ശീഈ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യ ആവശ്യമാണെന്നും താന്‍ നിലകൊള്ളുന്നത് അതിനു വേണ്ടിയാണെന്നും ആവര്‍ത്തിച്ചു പറയും. സുന്നി ശീഈ സാധര്‍മ്മ്യങ്ങള്‍ അനവധിഉണ്ടെന്നും സ്വൂഫി തലത്തില്‍ എത്തിയാല്‍ കാര്യമായ വ്യത്യാസം ഇവ രണ്ടിനുമിടയില്‍ ഇല്ലെന്നും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. ശീഈകളുമായുള്ള പരസ്യവും രഹസ്യവുമായ ഇടപാടുകള്‍ ന്യായീകരിക്കാനുള്ള ഭദ്രമായ പരിചയാണ് അത്. എന്നാല്‍, ഇതുപോലെ വഹാബികളുമായും മൌദൂദികളുമായും ഐക്യം സ്ഥാപിക്കാനോ ഊഷ്മളമായ ബന്ധം കൊണ്ടുനടക്കാനോ അദ്ദേഹത്തിന് താല്പര്യമില്ല. പരസ്യമായി ശീഈസം പ്രഖ്യാപിച്ച നാല്പത് ആളുകള്‍ ഇനിയും ആയിട്ടില്ലാത്ത കേരളത്തില്‍ സുന്നി- ശീഈ ഐക്യം പറയുന്നതിന്റെ ഗുട്ടന്‍സ് മനസിലാക്കാന്‍ പൊടുന്നനെ സാധ്യമല്ലെന്ന് ഈ അടവ് പ്രയോഗിക്കുന്നവര്‍ക്ക് അറിയാം.
3- വ്യക്തമായി ആദര്‍ശം പ്രകടിപ്പിക്കില്ല. പച്ചയായി ശീഈസം പറയുമെങ്കില്‍ പിന്നെ സുന്നിയാണെന്ന് നടിക്കില്ലല്ലോ. നാനാഭാഗത്ത് നിന്നും വിശാലമായ ശീഈ അനുകൂല തരംഗം സൃഷ്ടിക്കുക ലക്ഷ്യമാക്കി വിവിധ സംഘടനയിലേക്ക് നുഴഞ്ഞു കയറുവാനുള്ള മുകളിലെ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു ഹംസയും സംഘവും. ശീഈസത്തിലേക്ക് പാലം പണിയുന്ന പണി മാത്രമേ ചടുലമായി പ്രകടിപ്പിക്കുകയുള്ളൂ.
ഇനി നമുക്ക് ഹംസയുടെ ‘തഖിയ’ തിരിച്ചറിയാന്‍ ചില അടയാളങ്ങള്‍ പരിശോധിക്കാം.
ഒന്ന്, സത്യധാരയിലെ അഭിമുഖത്തില്‍ പറഞ്ഞതനുസരിച്ച്, 1999 മുതല്ക്കാണ് അഥവാ നാട്ടിക മൂസ മൌലവിയുമായി കണ്ടുമുട്ടിയ ശേഷമാണ് ഹംസ സുന്നിയാകുന്നത്. അക്കാലം വരെയും ‘ശിയാ സര്‍ക്കിളില്‍’ ആയിരുന്നു. എന്നാല്‍, 1992 കാലഘട്ടം മുതല്‍ ഹംസയും ഉപഗ്രഹങ്ങളും കാന്തപുരം ഗ്രൂപ്പില്‍ സുന്നിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
‘പഴയ ശീഈ വിശ്വാസമൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല’ എന്ന് ബോധ്യപ്പെടുത്തി ഇക്കൂട്ടര്‍ ബഹു. പീ എം കെ ഫൈസി യെയും പൂങ്കാവനം പബ്ലിഷേര്‍സിന്റെ വക്താക്കളെയും വഞ്ചിച്ചിരുന്നു. അങ്ങനെ ഹംസയും കൂട്ടാളികളും അല്‍ ഇര്‍ഫാദ് മാസികയില്‍ ധാരാളം എഴുതി. പൂങ്കാവനം വിജ്ഞാനകോശത്തിലെ മുഖ്യ എഴുത്തുകാര്‍ അരീക്കോട് ഫൌണ്ടേഷന് ബുജികള്‍ മാത്രമായി. അക്കാലത്ത് അവര്‍ എഴുതിയ പല ലേഖനങ്ങളിലും പുസ്തകങ്ങളിലും ശീഈ തിരുകിക്കയറ്റല്‍ നടന്നിരുന്നു. ഇത്, അക്കാലത്ത് തന്നെ മണത്തറിഞ്ഞ സ്വാലിഹ് നിസാമി പുതുപൊന്നാനി, 1998 നവംബറില്‍ പ്രസിദ്ധം ചെയ്ത ‘ഇസ്ലാം നുഴഞ്ഞു കയറ്റ ഭീഷണിയില്‍’ എന്ന പുസ്തകത്തില്‍ വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പ്രസ്തുത പുസ്തകത്തില്‍ ‘ഖുമൈനിസം’ എന്ന അദ്ധ്യായം കാണാം. പൂങ്കാവനം വിജ്ഞാനകോശത്തിലെ ശീഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളും അതില്‍ കാണാം.
തന്റെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്ന കൂടുതല്‍ വ്യക്തമായ അനുഭവം 2014 ല്‍ സ്വാലിഹ് നിസാമി പുതുപൊന്നാനിക്ക് ഉണ്ടായി. പ്രസാധനം നിലച്ചുപോയ പൂങ്കാവനം വിജ്ഞാനകോശത്തിന്റെ പുന പ്രസാധന യജ്ഞത്തിന്റെ ഉത്തരവാദിത്തം ലഭിച്ച സന്ദര്‍ഭത്തിലായിരുന്നു ഇത്. കോശത്തിലെ അഹ്ലുല്‍ ബൈത്ത് എന്ന ടൈറ്റിലിന് ചുവടെയുള്ള കണ്ടെന്റ് പുനര്‍വായന നടത്തിയപ്പോള്‍ ധാരാളം ശീഈ വാദങ്ങള്‍ അതില്‍ ഉള്ളതായി തിരിച്ചറിഞ്ഞു. അന്വേഷിച്ചപ്പോള്‍ ഹംസ എഴുതിയ ഭാഗമാണത് എന്നറിവായി. ആയിടെ കോടമ്പുഴയില്‍ വെച്ച് നടന്ന എഴുത്തുകാരുടെ സിറ്റിംഗ് കഴിഞ്ഞ്, കോശത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഹുസൈന് രണ്ടത്താണിയോടൊപ്പം കാറില്‍ ഹംസയും സ്വാലിഹും യാത്ര ചെയ്യവേ, ‘അഹ്ലുല്‍ ബൈത്ത് എന്ന തലവാചകത്തിനു ചുവടെ എഴുതിയ വരികളില്‍ അവര്‍ മഅ്സ്വൂമുകള് ആണെന്ന് കാണുന്നല്ലോ’ എന്ന് സ്വാലിഹ് ഹംസയോട് അന്വേഷിച്ചപ്പോള്‍, അതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടെ പൂച്ച ശരിക്കും പുറത്തായി. ആ ലേഖനം മാറ്റിവെച്ചു. സുന്നിയും ഷാഫിയും ഒരേസമയം എപി+ ഇകെ സമസ്തക്കാരനും ആയി വിലസുന്ന കാലത്താണ് ഈ സംഭവം എന്നോര്‍ക്കുക.
രണ്ട്, ശിയാക്കള്‍ മാത്രം, (സുന്നികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല) ഉപയോഗിക്കുന്ന അവരുടെ ‘പലവക’ ദിക്ര് ദുആകളില്‍ ഒന്നാണ് ‘കുമൈലിന്റെ പ്രാര്‍ത്ഥന’. അദര്‍ ബുക്സ് (അരീക്കോട് ഫൌണ്ടേഷന് നിലച്ച ശേഷം, കൊച്ചിയിലെ സഖലൈന്‍ ഫൌണ്ടേഷന് ആരംഭിക്കുന്നതിന് മുമ്പ് പ്രകടമായ ശീഈ ഗ്രന്ഥങ്ങള്‍ പ്രസിദ്ധം ചെയ്തിരുന്നത് കോഴിക്കോട് അദര്‍ ബൂക്സായിരുന്നു.) കുമൈലിന്റെ പ്രാര്‍ത്ഥന പരിഭാഷയടക്കം പ്രസിദ്ധം ചെയ്തു. കോപ്പി ആയിരം?!! പരിഭാഷകന് എകെ അബ്ദുല്‍ മജീദ്. സംശോധന സുന്നിയായ ഹംസ. വര്‍ഷം 2009.
മൂന്ന്, അരീക്കോട് ഫൌണ്ടേഷന് ഒരു ശീഈ സംരംഭമായിരുന്നെന്നു ഇപ്പോള്‍ തുറന്നു പറയുന്ന ഹംസ, അടുത്തകാലം വരേയ്ക്കും അത് സമ്മതിച്ചിരുന്നില്ല. കേവലം സലഫി ആരോപണം മാത്രമായിരുന്നു അതെത്രേ.
സാമ്പിള്‍ തെളിവ്: മാപ്പിള ചരിത്രകാരനായിരുന്ന കൊണ്ടോട്ടിയിലെ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മാഷിന്റെ സ്മരണിക 2012 ഡിസംബറില്‍. അതില്‍ കരീം മാഷേ കുറിച്ച് ഹംസയുടെ ഒരു കുറിപ്പുണ്ട്. അതില്‍ ഇങ്ങനെ വായിക്കാം: “കോഴിക്കോട്ടെ ഇസ്ലാമിക് യൂത്ത് സെന്ററുകാരുമായും എന്തിനേറെ സലഫി മൌലവിമാരാല് ശിയാക്കളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന അരീക്കോട് ഇസ്ലാമിക് ഫൌണ്ടേഷന്കാരുമായെല്ലാം അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നത് തികഞ്ഞ ആത്മ ബന്ധം തന്നെയായിരുന്നു.” (പുറം 154). എന്നാല്‍, ഞങ്ങളുടെ ആക്രമണം ശക്തമായപ്പോള്‍ അദ്ദേഹം സമ്മതിച്ചു, അരീക്കോട് ഫൌണ്ടേഷന് ശിയാ സംരംഭമാണെന്ന്.?! എന്താണ് ഈ ഒളിച്ചുകളിയുടെ അര്‍ഥം? കൊച്ചിയിലെ സഖലൈന്‍ ഫൌണ്ടേഷന് ഒരു ശീഈ സംരംഭമാണെന്ന് ഹംസ സമ്മതിക്കാന്‍ എത്ര കാലം എടുക്കും? അതുവരെയും സുന്നി ശീഈ ഐക്യം വിഭാവന ചെയ്യുന്ന ബുദ്ധിജീവി കൂട്ടായ്മ മാത്രമായിരിക്കും സഖലൈന്‍. (ഫൌണ്ടേഷനെ കുറിച്ചുള്ള വിവരണം അന്യത്ര ചേര്‍ത്തിട്ടുണ്ട്)
നാല്, ശിയാ ആദര്‍ശം വിട്ടു എന്ന് പറയുമ്പോഴും, സ്വഹാബികളെ വിമര്‍ശിക്കുന്ന തന്റെ ശിയാകാലം ജമാഅത്ത് കാരില്‍ നിന്നും പകര്ന്നതാണെന്നും സലഫികള്‍ തറാവീഹും രണ്ടാം ഖുതുബയും മുത്വലാഖും തള്ളുന്നത് സ്വഹാബികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും പറഞ്ഞ് തടിയൂരുന്ന എഴുത്തുകളും സംസാരങ്ങളും ഈയിടെയായി പലവട്ടം പുറത്തുവന്നു. സ്വഹാബികളോടുള്ള ശീഈകളുടെ കടുത്തതും കുഫ്രു വരെ വിധിക്കാവുന്നതുമായ വളഞ്ഞ നിലപാടിനോട് വഹാബി- മൌദൂദികളിലെ ‘സ്ഖലിതങ്ങളെ’ സാമ്യപ്പെടുത്തുന്ന കുതന്ത്രമാണ് അതില്‍ പ്രയോഗിക്കുന്നത്. എന്നാല്‍, ഒരിക്കലെങ്കിലും സ്വഹാബികളെ നിരൂപിക്കുന്നതിന്റെയും അവരുടെ ഇജ്മാഅ്തള്ളുന്നതിന്റെയും അവരെ ഫാസിഖും കാഫിറും ആക്കുന്നതിന്റെ യും അപകടത്തെകുറിച്ച് ഒന്നും പറയില്ല. ശിയാക്കള്‍ക്കും കേരളത്തില്‍ ജമ മുജകള്ക്കും സംഭവിച്ച അബദ്ധം തിരുത്തുകയല്ല ചെയ്യുന്നത്. വിശിഷ്യാ, താന്‍ മുമ്പെഴുതിയ പുസ്തകങ്ങളിലെ ക്രൂരമായ സ്വഹാബി വിമര്‍ശനങ്ങള്‍ ഇപ്പോഴും വായിക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നതായി അറിയാമായിരുന്നിട്ടും. പകരം, ഈ വിശദീകരണ നാട്യങ്ങള്‍ക്കിടയില്‍ പോലും വ്യംഗ്യമായ സ്വഹാബാ വിമര്‍ശനം നടത്തുന്നതാണ് കാണുക. ഈയ്യിടെ പുറത്തുവന്ന ഒരു ക്ലിപ്പില്‍ പോലും അത് കേള്‍ക്കാം.
.
അഞ്ച്,, പൊന്നാനിയില്‍ നടന്ന സഖലൈന്‍ ഫൌണ്ടേഷന് പരിപാടിയുടെ തൊട്ടു മുമ്പാണ് സത്യധാരയിലെ അഭിമുഖം വരുന്നത്. അഭിമുഖത്തിലും പൊന്നാനി പ്രസംഗത്തിലും അദ്ധേഹം മുഹറം ആഘോഷത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സഖലൈന്‍ ഫൌണ്ടേഷന് പ്രതിനിധിയായി, മുഖ്യ പ്രഭാഷകനും സംശയ നിവാരകനായുമത്രേ ഹംസ പൊന്നാനിയില്‍ പ്രത്യക്ഷപ്പെട്ടത്.
ആറു, , സത്യധാരയിലെ അഭിമുഖം മാത്രം മതി ഹംസയുടെ തഖിയ മനസ്സിലാക്കാന്‍. ഖുമൈനിയോട് യാതൊരു പ്രതിഷേധവുമില്ല, സുന്നി- ഷിയാ ഐക്യമാണ് തന്റെ നയം (എന്നാല്‍ സുന്നി/സമസ്തക്കാരന് ആണുപോല്‍!), ഇപ്പോഴും ശീഈകള്‍ പല കാര്യങ്ങള്‍ക്കും തന്നെ സമീപിക്കാറുണ്ട്, അവരുമായി സൗഹൃദം പൂത്തുലഞ്ഞു നില്ക്കാന് ഇനിയും ആഗ്രഹിക്കുന്നു (എന്നാല്‍ ജമാഅത്തുകാര്‍ക്കെതിരെ രൂക്ഷമായ എഴുത്തുകളും പ്രസംഗങ്ങളും തുടരുന്നു?!), ഇമാം ഷാഫിയെ തെറ്റിദ്ധരിപ്പിക്കുന്നു ( ഷാഫി ഇമാമിന് അലിയാണോ അലിയുടെ റബ്ബാണോ അല്ലാഹു എന്ന് തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായി എന്നാരോ പാടിയത്രേ! നഊദ് ബില്ലാഹ്! ), ഗദീര്‍ ഖും സംഭവത്തെ ആവശ്യമില്ലാതെ വലിച്ചിഴച്ച് ശീഈ അനുകൂലമായി വ്യാഖ്യാനിക്കുന്നത് തുടങ്ങിയ സംഗതികള്‍ പ്രസ്തുത അഭിമുഖത്തില്‍ മാത്രം വായിക്കാവുന്ന, ഹംസയില്‍ പതിഞ്ഞു കിടക്കുന്ന ‘സുന്നിസ’ത്തിനു ഉദാഹരണങ്ങളാണ്.
ഏഴ്, ഹംസയുമായി ബന്ധപ്പെടുന്ന വ്യക്തികളോട് അദ്ദേഹം സ്വകാര്യമായി പറയുന്ന ‘ശീഈ ഉപദേശങ്ങള്‍’, ഇറാന് പ്രതിനിധികല്ക്കിടയിലും ഇന്ത്യയിലെ ശീഈ ഔദ്യോഗിക വൃത്തങ്ങള്‍ക്കിടയിലും കേരളത്തില്‍ ശീഈസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവര്ക്കിടയിലും ഹംസക്ക് ഇപ്പോഴും ലഭിക്കുന്ന ആദരവും ബഹുമാനവും മറ്റൊരു തെളിവാണ്. ശീഈ ഉള്ളുകള്ളികള്‍ മനസിലാക്കിയ ഒരാള്‍ അതില്‍ നിന്നും മൂര്ത്തദ്ദായാല്, അയാളെ പിന്നെയും സ്നേഹ ബഹുമാനങ്ങളോടെ കൊണ്ടുനടക്കുന്നത് അചിന്ത്യമാണ്. വിശേഷിച്ച് ശിയാക്കള്‍. പക്ഷേ, ഹംസ ഒരേ സമയം സുന്നികള്‍ക്കിടയിലും ശിയാക്കള്‍ക്കിടയിലും ബഹുമാന്യനാണ്.?!!
എട്ട്, ഹംസയും അരീക്കോട് കൂടെയുണ്ടായിരുന്നവരും ‘സുന്നികള്‍’ ആയതിനു ശേഷം, അവര്‍ സുന്നി- സുന്ന്യേതര ആനുകാലികങ്ങളില്‍, വാര്‍ഷികങ്ങളില്‍, സോവനീരുകളില് എഴുതിയ അനവധി ലേഖനങ്ങള്‍ പരിശോധിക്കുമ്പോള്‍, ഇവര്‍ ഒന്നിച്ച് തുഴയുന്നത് എങ്ങോട്ടാണെന്ന് കൃത്യമായി മനസ്സിലാകും. അവയിലെ മൈനുകളും മുള്ളുകളും ഇറാനിലേക്കുള്ള പാലങ്ങളും വിവരിക്കാന്‍ കൂടുതല്‍ പേജുകള്‍ വേണ്ടിവരും..
ഏതായാലും, ഒരു കാര്യം നമുക്ക് ആലോചിക്കാം, എന്നിട്ട് മനസ്സിലാക്കാന്‍ ശ്രമിക്കാം. അതിതാണ്: മുസ്ലിം നാടുകളിലേക്ക് ശീഈസം കയറ്റി അയക്കാന്‍ ഇറാന് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത് അറിയാമല്ലോ, എങ്കില്‍, നമ്മുടെ നാട്ടില്‍, 79 മുതല്‍ ഇറാന് ഫണ്ടും പ്രതിനിധികളും നിരന്തരം ഒഴുകുന്ന കേരളത്തില്‍, അവര്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ്, അത്ര മാത്രം..
വിശദ വിവരങ്ങളുമായി സ്വാലിഹ് നിസാമി പുതുപൊന്നാനി എഴുതിയ ‘ശീഈ സ്പന്ദനം കേരളത്തില്‍’ എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങുന്നു..
https://salihnizami.in/2020/09/saqalain-foundation-kochi/
Unknown
says:ജാഹിലിയത്ത് എന്താണെന്ന് തിരിച്ചറിഞ്ഞാൽ ഇസ്ലാം
എന്താണെന്ന് എളുപ്പം മനസ്സിലാക്കാൻ സാദിക്കുന്നത് പൊലെ
ശിയായിസം എന്താണെന്ന്
തിരിച്ചറിയാതെ പോയതിൽ അഹ്ലുസുന്ന
എന്താണെന്നും മനസ്സിലാക്കാൻ കഴിയാതെ പോകുന്നിടത്താണ്
തഖിയ എന്ന Trap മായി
സി ഹംസ സാഹിബിനെപ്പോലുള്ളവർ കടന്നു വരുന്നത്,,
താങ്ങളെപ്പോലുള്ളവരുടെ ഉണർത്തലുകൾ
ഉപകാരപ്രദം തന്നെ,,,