കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നും ശിയാക്കള്‍ / റാഫിദികള്‍ക്ക് വൈജ്ഞാനികമായി കനത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അഹ്ലുസ്സുന്ന യുടെ ഖഡ്ഗമേന്തി റാഫിദികളെ നേരിട്ട മഹാ ജ്ഞാനികളില്‍ പ്രമുഖനാണ് അഹ്മദ് റദാ ഖാന്‍ റഹി മഹുല്ലാഹ് . ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്ത് ചാടാന്‍ വെമ്പുന്ന  വിവിധ പിഴവാദികളെ പരിചയപ്പെടുത്തവേ, അദ്ദേഹം റാഫിദികളെ പരാമര്‍ശിച്ചു കൊണ്ട് രേഖപ്പെടുത്തുന്നു:

“നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണപ്പെടുന്ന റാഫിദികളാണ് മറ്റൊരു കൂട്ടര്‍. റാഫിദികളുടെ പൂര്‍വ്വിക പ്രമുഖന്മാര്‍ ദീനിലെ പരമ പ്രധാനമായ സത്യങ്ങളെ വ്യക്തമായി നിഷേധിച്ചിരുന്നു. സുന്നത്ത് ജമാഅത്തിന്‍റെ പണ്ഡിതന്മാര്‍ അവര്‍ക്കെതിരെ കനത്ത പ്രതിരോധം/ പ്രത്യാക്രമണം നടത്തിയപ്പോള്‍ റാഫിദികളുടെ മധ്യകാല വക്താക്കള്‍ , ത്വൂസി, ഹില്ലി തുടങ്ങിയവരെ പ്പോലെ യുള്ളവര്‍, വാദങ്ങള്‍ അഴിച്ചു പണിയാനും ബദല്‍ അവതരിപ്പിക്കാനും പലതും നിഷേധിക്കാനും, ചിലത് രൂപാന്തരം വരുത്താനും, മറ്റു ചിലത് മറച്ചു വെക്കാനും , ചില കാര്യങ്ങളില്‍ അഹ്ലുസ്സുന്ന യുടെ നിലപാട് അംഗീകരിച്ച് ഇറങ്ങിവരാനും പ്രേരിതരായി. അങ്ങനെയാണ് അവര്‍ ‘ഇസ്ലാമിക സമുദായം എന്ന വിസ്ജാല വൃത്തത്തിനകത്ത് കയറി ക്കൂടിയത്. എന്നാല്‍, ഇപ്പോഴിതാ, കാലം പിന്നിട്ടപ്പോള്‍ അവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ഗുരുതരമായി പിഴച്ച വിശ്വാസ നടപടികളിലേക്ക് തിരിച്ചു പോയിരിക്കുന്നു. അവര്‍ക്കിടയിലെ വിവര ശൂന്യരായ ആബാലവൃദ്ധം പൊതുജനങ്ങള്‍ മാത്രമല്ല, അവരുടെ മുജ്തഹിദുകള്‍ പോലും വിശുദ്ധ ഖുര്‍ആന്‍ വെട്ടിച്ചുരുക്കിയിട്ടുണ്ടെന്ന് വ്യക്തമായി പറയാന്‍ തുടങ്ങിയിരിക്കുന്നു. സ്വഹാബികള്‍ അതില്‍ നിന്നും ഏതാനും സൂറത്തുകളും സൂക്തങ്ങളും ഒഴിവാക്കിയത്രെ?! കഴിഞ്ഞുപോയ പ്രവാചകന്മാരേക്കാളും (സ്വ സ) സയ്യിദുനാ അലി റ വും ശിയാക്കള്‍ അവതരിപ്പിക്കുന്ന ഇമാമുമാരും ശ്രേഷ്ടതയില്‍ മുകളില്‍ ആണെന്ന്‍ അവര്‍ പരസ്യമായി പറയുന്നു. ഈ രണ്ട് വാദങ്ങളും കുഫ്ര്‍ തന്നെ. ഇക്കാലത്ത് ഈ കുഫ്ര്‍ വാദങ്ങളില്‍ നിന്നും മുക്തരായ ഒരൊറ്റ റാഫിദിയേയും കാണാനില്ല. അല്ലാഹു സഹായം. “

ഇന്ത്യ കണ്ട മഹാജ്ഞാനികളില്‍ പ്രമുഖനായ അല്ലാമാ ഫളുല്റസൂല്‍ ഖാദിരി അല്‍ബദായൂനിയുടെ ‘അല്‍ മുസ്തനദി’ ലെ വരികള്‍ക്ക് റദാ ഖാന്‍ നല്‍കിയ വിശദീകരണക്കുറിപ്പാണ് ഇവിടെ പകര്‍ത്തിയത്. അഹ്ലുസ്സുന്നയില്‍ നിന്നും ശീഈസം വഴിതെന്നുന്നത് അവരുടെ ഇമാമത്ത് സങ്കല്‍പവുമായുള്ള വിശ്വാസ വാദഗതികള്‍ മുതലാണ്‌. ഇന്നു ലോകത്തുള്ള വിവിധ ശിയാ വിഭാഗങ്ങളില്‍ സകലരും അവരുടെ നിഖില പിഴ വാദങ്ങളിലെക്കും കൂപ്പുകുത്തുന്നത് ഇമാമത്ത് വാദത്തില്‍ നിന്നാണ്. ശിയാക്കളുടെ ഈ അടിസ്ഥാന വിശ്വാസത്തെക്കുറിച്ച് ബറെല്‍വി നേതാവ് അഹ്മദ്റദാഖാന്‍ എന്ത് പറയുന്നു എന്ന് നോക്കാം..:…(+ ചിഹ്നം കൊണ്ട് തുടങ്ങുന്നത് റദാഖാന്‍ റഹി യുടെ വിശദീകരണ കുറിപ്പുകള്‍.)

അല്ലാമാ ഫളുല്റസൂല്‍ ഖാദിരി അല്‍ബദായൂനി
“ഇമാമത്ത് സംബന്ധമായ അടിസ്ഥാന ചര്‍ച്ച കര്‍മ്മ ശാസ്ത്ര വിഷയമാണ്. കാരണം, ഇമാമത്ത് സ്ഥാപിക്കാന്‍ ഉള്സുകരാകുകയെന്നത് മുസ്ലിംകളുടെ കൂട്ടുത്തരവാദിത്തങ്ങളില്‍ പെട്ടതാണ്. അത് കര്‍മ്മ പരമായ വിധി വിലക്കുകളില്‍ പെടുന്നു, വിശ്വാസപരമായ കാര്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാനുള്ളതല്ല. (വിശ്വാസപരമായ ഓരോന്നും വൈയക്തിക ബാധ്യത വരുന്നതാണ്. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് വിശ്വസിക്കേണ്ട കാര്യം എന്നൊന്നില്ല, വിവ) അതിന്‍റെ സ്ഥാനം ശാഖാ കാര്യങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങളത്രെ. അതവിടെ എഴുതപ്പെട്ടിട്ടുണ്ട്, ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നിട്ടും വിശ്വാസ കാര്യ ചര്‍ച്ച ചെയ്യുന്ന വചന ശാസ്ത്രത്തിന്‍റെ പൂര്‍ത്തീകരണമായി ഇമാമത്ത് ചര്‍ച്ച കയറിവരുന്നത്, ഇമാമത്ത് സംബന്ധമായ കാര്യങ്ങളില്‍ നൂതന കക്ഷികളില്‍ നിന്നും കുറെ നശിച്ച വിശ്വാസങ്ങള്‍ പ്രചരിച്ചതിനാലത്രെ. ആ പിഴ വിശ്വാസങ്ങള്‍ ധാരാളം ഇസ്‌ലാമിക അടിസ്ഥാനതത്വങ്ങളെ ഭംഗപ്പെടുത്തുന്നു. അതിനാല്‍ അവ്വിഷയം ഇല്‍മുല്‍ കലാമിന്‍റെ പരിധിയില്‍ വരുകയായിരുന്നു. അത് സംബന്ധമായ ചര്‍ച്ചകളില്‍, കര്‍മ്മ സ്വഭാവമില്ലാത്ത ചില വിശ്വാസ സംഗതികള്‍ ഉള്പെടുകയായിരുന്നു.
ദീന്‍ സ്ഥാപിക്കുന്നതിലും മുസ്‌ലിം ഭൂമിക സംരക്ഷിക്കുന്നതിലും , സമുദായാംഗങ്ങളഖിലം അനുസരിക്കാന്‍ കടപ്പെടുന്ന നിലയില്‍ അവരോധിക്കപ്പെടുന്ന, നബി സ്വ യുടെ പ്രതിനിധിയാണ് ഇമാം. ഒരു ഇമാമിനെ സ്ഥാപിക്കല്‍ നിര്‍ബന്ധ ബാധ്യതയാണ്. (ഖവാരിജുകള്‍ പറയുന്നു, നിര്‍ബന്ധമില്ല, വേണമെങ്കില്‍ ചെയ്താല്‍ മതി. പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുള്ള നിര്‍ഭയ ഘട്ടത്തില്‍ നിര്‍ബന്ധം ആകുന്നു എന്നുപറയുന്ന ഉള്പിരിവ് ഖവാരിജുകള്‍ക്കിടയില്‍ ഉണ്ട്.) സമുദായത്തിന് മൊത്തമാണ് ഈ ബാധ്യത. എന്നാല്‍ ഇമാമിയ്യ (ശിയാക്കള്‍) വിഭാഗം പറയുന്നത്, സമുദായത്തിന്‍റെ ബാധ്യത അല്ലെന്നാണ്. അല്ലാഹുവിന്‍റെ ബാധ്യതയാണ് ഇമാമിനെ നിശ്ചയിക്കല്‍.
ഇമാമായി അവരോധിക്കപ്പെടുന്നയാള്‍ മുസ്ലിമായിരിക്കണം. പുരുഷനാകണം. ഭക്തനാകണം. ജ്ഞാനം വേണം. തന്‍റെ ഉത്തരവാദിത്തം വിര്‍വഹിക്കാന്‍ വേണ്ട കരുത്ത് ഉണ്ടായിരിക്കണം. ഖുറൈശി തറവാട്ടുകാരന്‍ ആകണം. (മുഅതസിലുകള്‍ മിക്കരും ഇക്കാര്യം അംഗീകരിക്കുന്നില്ല). ഹാശിമി വംശജന്‍ ആകണമെന്ന നിബന്ധനയില്ല. പാപ സുരക്ഷിതന്‍ ആകണമെന്നുമില്ല. കാരണം നബിമാര്‍ക്ക് മാത്രമേ “പാപ സുരക്ഷിതത്വം ഉള്ളൂ. ഇക്കാര്യം റാഫിദികള്‍ സമ്മതിക്കില്ല. പ്രവാചകന്മാര്‍ക്കു മാത്രമേ പാപ സുരക്ഷിതത്വം ഉള്ളൂ എന്ന വിശ്വാസത്തില്‍ നജ്ദികള്‍ അഹ്ലുസ്സുന്നയോട് എതിരാണ്. അവരുടെ നേതാവ് പറയുന്നു: സ്വിദ്ധീഖിനും പാപസുരക്ഷിതത്വം അനിവാര്യമാണ്. അവരുടെ ഈ വാദം, ആഹ്ലുസ്സുന്നയ്ക്കെതിരെ റാഫിദികള്‍ക്ക് തെളിവാകില്ല. കാരണം അവരിരുവരും ഒരമ്മ പെറ്റ സഹോദരങ്ങളാണ്, പിഴവില്‍ ആപതിച്ചു തകര്‍ന്ന കാര്യത്തില്‍.
നബി സ്വ യ്ക്ക് ശേഷം യഥാര്‍ത്ഥ ഇമാം അബൂബകര്‍, പിന്നെ ഉമര്‍, പിന്നെ ഉസ്മാന്‍, പിന്നെ അലി റളിയല്ലാഹു അന്ഹും എന്നിവരാണ്. അവര്‍ക്കിടയിലെ മഹത്വം അവരുടെ ഖിലാഫത്തിന്റെ ക്രമത്തില്‍ തന്നെ.
+ റദാഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു:
: “മുന്‍ഗാമികളായ അഇമ്മത്തുകളുടെ മാതൃകയിലാണ് മനോഹരമായ ഈ വരികള്‍ എഴുതപ്പെട്ടിരിക്കുന്നത്. സുന്നികളാണെന്നു പച്ചകള്ളം പറയുന്ന ഇക്കാലത്തെ ‘മുഫള്ളില’ വിഭാഗത്തിനുള്ള മറുപടി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഖലീഫമാരുടെ മഹത്വത്തിന്റെ ക്രമത്തെ അവര്‍ ദുര്‍വ്യാഖ്യാനിച്ചു. ‘ഭൗതികമായ ഖിലാഫത്തിന്റെ ക്രമമാണിത്. അത് രാഷ്ട്രീയ അവബോധമുള്ളവര്‍ക്ക്, സൈനിക നൈപുണ്യമുള്ളവര്‍ക്ക് , അതുപോലുള്ള അധികാര പ്രയോഗങ്ങള്‍ക്ക് കഴിവുള്ളവര്‍ക്ക്  അവകാശപ്പെട്ടതുതന്നെ.’.{ആത്മീയ ഖിലാഫത്ത് എന്ന മറ്റൊരു ലോകമുണ്ട്. അവിടെ ഒന്നാമന്‍ അലിയാര്‍ ആകുന്നു എന്നത്രെ സുന്നി ചമയുന്ന പരാമൃഷ്ട റാഫിദികള്‍ വാദിക്കുന്നത്, വിവ}. ഇത് വൃത്തികെട്ട മിഥ്യാ വാദമാണ്. സ്വഹാബത്തിന്റെയും താബിഉകളുടെയും  ഇജ്മാഇന് വിരുദ്ധവുമാണ്. സത്യത്തില്‍ ഖലീഫമാരുടെ മഹത്വ ക്രമം കേവല രാഷ്ട്രീയ മേഖലയില്‍ ഉള്ളതല്ല. പരലോകത്ത് അധിക പ്രതിഫലം, രാജാധിരാജനായ അല്ലാഹുവുമായുള്ള അടുപ്പം, അവന്‍റെ സന്നിധിയിലെ ആദരവ് എന്നിവയിലും വരുന്ന ക്രമമാണ്{ അതായത്, ഇക്കാര്യങ്ങളില്‍ ആദ്യത്തെ മൂന്നു പേരുടെ താഴെയാണ് അലിയാര്‍,വിവ). അതു കൊണ്ടത്രെ, ഈ ‘പ്രശ്ന’ത്തെക്കുറിച്ച് കുറിക്കവേ ‘ത്വരീഖത്തുല്‍ മുഹമ്മദിയ്യ’ യിലും മറ്റും , അഹ്ലുസ്സുന്നയുടെ അഖീദ വിവരിക്കുമ്പോള്‍, ‘മുഹമ്മദീയ ഔലിയാക്കളില്‍ ഏറ്റവും ഉത്തമര്‍ അബൂബകര്‍, പിന്നെ ഉമര്‍, പിന്നെ ഉസ്മാന്‍, പിന്നെ അലി റ) എന്ന് കുറിച്ച്വെച്ചിട്ടുള്ളത്‌. ഈ വിനീത ദാസന്‍റെ {റദാ ഖാന്‍ സ്വന്തത്തെ കുറിച്, വിവ) ഒരു ഗ്രന്ഥ മുണ്ട്, മേല്‍ പറഞ്ഞ പിഴച്ച കക്ഷികള്‍ക്കെതിരെ എഴുതിയത്, സമഗ്രമായ രചന .അതിന് ഞാനിട്ട പേര് :  مطالع القمرين بإبانة سبقة العمرين  (
 
സൂപ്പികള്‍ക്കുള്ള പ്രഹരം കൂടി മേല്‍ വരികളില്‍ ഉണ്ട്. സൂഫികളെ ശിഈസത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും മതിയായ സൂചന ലഭിക്കും . മുകളില്‍ പരാമര്‍ശിച്ച ‘ത്വരീഖത്തുല്‍ മുഹമ്മദിയ്യ’ ശുദ്ധ സൂഫീ കൃതിയാണ്..-, വിവ-
 
ബദായൂനി തുടരുന്നു:
 
“ നാം അഹ്ലുസ്സുന്ന ഒന്നടങ്കം വിശ്വസിക്കുന്നു, മുഴുവന്‍ സ്വഹാബികളുടെയും പരിശുദ്ധിയില്‍. എല്ലാവരും ധാര്‍മ്മികനീതി യുള്ളവര്‍ ആണെന്ന് ഉറപ്പിക്കുന്നു. അവരെ വാഴ്ത്തുന്നു. അള്ളാഹു വും അവന്‍റെ തിരു ദൂതരും സ്വ അവരെ പ്രശംസിച്ചപോലെ. എന്നാല്‍ അവരില്‍ ഒരാള്‍ക്കും പാപ സുരക്ഷിതത്വം വാദിക്കുന്നുമില്ല.”
“ഇമാമത്ത് ചര്‍ച്ചയില്‍ വിഘടിച്ചു നില്‍ക്കുന്നത് റാഫിദികളും നാസ്വിബികളുമാണ്. ഇതില്‍ റാഫിദികളെ (അവരുടെ നിലപാടിലെ രൂക്ഷത യുടെ അളവ് നോക്കി) മൂന്നാക്കാം. അലി റ നു മറ്റു മൂവരേക്കാള്‍ മഹത്വം കല്‍പിക്കുന്നവരാണ് ഒരിനം (അവരുടെ ഖിലാഫത്തിന്റെ സാധുതയെ നിരാകരിക്കില്ല ). മറ്റൊന്ന് , അവരുമായുള്ള എല്ലാ ഈമാനിക ബന്ധങ്ങളും ഒഴിവാക്കുകയും ഖിലാഫത്തിനെ നിഷേധിക്കുകയും ചെയ്യുന്നവര്‍ മറ്റൊന്ന്. മൂന്നാമത്തെ വിഭാഗം അതിതീവ്രവാദികള്‍. (മൂവരെയും അവരെ അവരോധിച്ചവരെയും സ്നേഹിക്കുന്നവരെയുമെല്ലാം കാഫിര്‍, മുര്‍ത്തദ്ട് വിളിക്കുകയും, പകരം വീട്ടാന്‍ ഇമാം മഹ്ദിയുടെ വരവും കാത്തിരിക്കുന്നവര്‍). നാസ്വിബികള്‍ രണ്ടായി പിളര്‍ന്നു. .പ്രവാചകന്‍റെ ജാമാതാക്കളായ ഉസ്മാന്‍, അലി എന്നിവരോട് ഈര്ഷ്യത കാണിക്കുന്ന  ഇറാഖീ നാസ്വിബികള്‍ ഒരു വിഭാഗം. രണ്ടാമത്തേത് ശാമിലെ നവാസ്വിബികള്‍. ഇവര്‍ ഉസ്മാന്‍ റ നെ പഴിക്കില്ല. അലിയോടു മാത്രമാണ് വിരോധം. ഇവര്‍ പറയുന്നത്, ഉസ്മാന്‍ റ ന്‍റെ ശഹാദത്തോടെ ഖിലാഫത്ത് റാഷിദ അവസാനിച്ചു. അലി റ ന്‍റെ കാലം ഫിത്നയുടെ കാലമാണ്. അക്രമ സ്വഭാവമുള്ള രാജഭരണത്തിന്‍റെ കാലമാണ്. സമുദായത്തിന്റെ നാശത്തിന്റെ കാലം. സകല ദുരവസ്ഥകളുടെയും. ഹദീസില്‍ വാഴ്ത്തുന്ന ആദ്യ മൂന്നു ‘ഖര്ന്‍’ ഉസ്മാന്‍ റ ന്‍റെ ശഹാദത്തോടെ കഴിഞ്ഞു. ഒന്നാം ഘട്ടം നബി സ്വ യുടെ ജിജ്ര മുതല്‍ വഫാത്ത് വരെ. രണ്ടാം ഘട്ടം അബൂബകര്‍- ഉമര്‍ ഭരണകാലം, മൂന്നാമത്തേത് ഉസ്മാന്‍ റ ന്‍റെ കാലവും. പിന്നീട് ഖിലാഫത്ത് സ്ഥാപിതമാകുന്നത് ‘തഹ്കീം’ ദിനത്തിന് ശേഷമാണ്.. “
+ റദാഖാന്‍ വിവരിക്കുന്നു:
തഹ്കീമിനി ശേഷം ഖിലാഫത്ത് സ്ഥാപിക്കപ്പെട്ടു എന്നവര്‍ പറയുന്നത് അമീര്‍ മുആവിയ റ ന്‍റെ ഖിലാഫത്തിനെ കുറിച്ചാണ്. എന്നാല്‍ സത്യത്തിന്‍റെ ആളുകളുടെ അടുക്കല്‍, മുആവിയ റ ലൂടെ ഖിലാഫത്ത് പുനസ്ഥാപിതമാകുന്നത്, ഹസനുല്‍ മുജ്തബാ റ മുന്നോട്ടുവെച്ച സന്ധി ക്ക് ശേഷമാണ്. നബി സ്വ ആഗ്രഹിച്ച മഹത്തായ ഒരു സമാധാന സന്ധിയായിരുന്നു അത്. ഹസന്‍ തങ്ങളുടെ നേതൃത്വത്തെ അതില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവിടുത്തെ വചനം സ്വഹീഹായ ഹദീസില്‍ വന്നതിപ്രകാരമാണ്:’ എന്‍റെ ഈ പുത്രന്‍ സയ്യിദ് ആകുന്നു. മുസ്ലിംകളായ വലിയ രണ്ടു കക്ഷികളെ ഈ പുത്രന്‍ നിമിത്തമായി അള്ളാഹു രഞ്ചിപ്പിലെത്തിക്കുന്നതാണ്”.(ബുഖാരി). ഈ വചനത്തിലൂടെ , അമീര്‍ മുആവിയാ റ നെ ആക്ഷേപിക്കുന്നത് ഇമാം ഹസനുല്‍ മുജ്തബാ റ യെ ആക്ഷേപിക്കലായി  ,പോരാ, അദ്ദേഹത്തിന്‍റെ പിതാമഹനെ സ്വ ആക്ഷേപിക്കുന്നതിന് , എന്നല്ല, അല്ലാഹുവിനെത്തന്നെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് വ്യക്തമായി. ആക്ഷേപകരുടെ വിമര്‍ശനങ്ങളില്‍ ‘എന്തൊക്കെയോ’ ആയ ഒരു വ്യക്തിയുടെ കൈകളില്‍ മുസ്ലിംകളുടെ കടിഞ്ഞാണ്‍ ഏല്പിക്കുന്നത് ഇസ്ലാമിനോടും മുസ്ലിംകളോടും കാണിച്ച വഞ്ചനയാകുമല്ലോ. നിശ്ചയമായും ആ കൃത്യം ചെയ്തിരിക്കുന്നത് ഇമാം ഹസനുല്‍ മുജ്തബായും അത് സന്തോഷപൂര്‍വ്വം പ്രവചിക്കുന്നത് സാക്ഷാല്‍ റസൂലുല്ലാഹി യുമാണ്‌!! ഇവരുടെ ഓരോ വാദങ്ങള്‍ ! അല്ലാഹുവിലഭയം!! ‘തോന്നുന്നത് വിളിച്ചു പറയാറില്ല അവിടുന്ന്; പറയുന്നതെല്ലാം ബോധനം ചെയ്യപ്പെടുന്ന വെളിപാട് മാത്രം” എന്ന സാരം ഉള്ള സൂക്തം പഠിച്ചു വെച്ചോ. അള്ളാഹു ഹിദായത്ത് നല്‍കാന്‍ ഉദ്ധേശിച്ചവന് ഉപകരിച്ചേക്കും.)
 
“ഒട്ടുമിക്ക ളാഹിരിയ്യ ക്കാരുടേയും ഉള്ളില്‍ കത്തുന്നത് ഈ തരം നാസ്വിബീ ചിന്തയാണ് . അലിയാര്‍ തങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന, അവിടുത്തെ ഖിലാഫത്തിനെ അവമതിക്കുന്ന, മറ്റു മൂവരുടെ ഖിലാഫത്ത് അംഗീകരിക്കുന്ന  നിലപാടിലാണ് ളാഹിരികള്‍ മഹാ ഭൂരിഭാഗവും  നിലകൊള്ളുന്നത്. ഇറാഖീ നാസ്വിബികള്‍ അലി റ നെ സത്യ നിഷേധിയാക്കാന്‍ നിരത്തുന്ന തെളിവുകള്‍ (?!) അവര്‍ എടുത്തു പറയാറുണ്ട്. ഇതിനെതിരെയുള്ള അഹ്ലുസ്സുന്നയുടെ മറുപടികളെ ദുര്ബ്ബലപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍, അത്ര പച്ചക്ക് കുഫ്ര്‍ പ്രസ്താവന നടത്താറില്ല. ചിലപ്പോള്‍ പ്രശംസയുടെ വാക്കുകള്‍ അവരില്‍ നിന്ന്നുക് കേള്‍ക്കാം. എന്നാല്‍ അത് ഖിലാഫത്തുമായി ബന്ധപ്പെട്ട സംഗതികളില്‍ ആകില്ല. അവര്‍ക്ക് രുചികരമായി തോന്നുന്ന കാര്യങ്ങള്‍ക്ക് അലിയാര്‍ തങ്ങളെ ബന്ധിപ്പിച്ചു പറയും!.അതായത്, അവര്‍ക്ക് ഒരല്പം പോലും വിശ്വാസ സ്ഥിരതയോ ഋജുവായ മാര്‍ഗ്ഗത്തിലുള്ള അടിയുറപ്പോ  ഇല്ലെന്ന് ചുരുക്കം. ഞാന്‍ എന്‍റെ ‘ബവാരിഖുല്‍ മുഹമ്മദിയ്യ’യില്‍ ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നുണ്ട്..”
 
ഇസ്ലാമിലെ അടിസ്ഥാന വിശ്വാസങ്ങള്‍ തന്‍റെ പരിചയത്തിലുള്ള മിക്ക റാഫിദികളും നിരസിച്ചതായി അദ്ധേഹം കുറ്റപ്പെടുത്തുന്നു. വിശുദ്ധ ഖുർആൻ പൂർണ്ണമല്ലെന്ന് വിശ്വസിക്കുക,  വിശുദ്ധ ഖുർആനെ ഉസ്മാന്റെ പുസ്തകംഎന്ന് വിളിക്കുക,  പ്രവാചകനെക്കാൾ ഉയരത്തിലാണ് സയ്യിദുനാ അലി (റ )യും , മറ്റു ഇമാമുകളുമെന്നു വാദിക്കുക, ഒരു കൽപന പുറപ്പെടുവിച്ചശേഷം തെറ്റു പറ്റിയതായി ബോധ്യപ്പെട്ട് അല്ലാഹു തിരുത്തുന്നതാണെന്ന് വാദിക്കുക, റസൂലുല്ലാഹി (സ്വ ) തഖിയ്യ പരിശീലിപ്പിച്ചതായി ആരോപിക്കുക തുടങ്ങിയ ഭീകര വിശ്വാസങ്ങള്‍ റാഫിദികള്‍ കൊണ്ടുനടന്നിരുന്നു. റാഫിദികള്‍ക്കെതിരില്‍ വളരെ ഗംഭീരമായ മൂന്നുനാല് കിതാബുകള്‍ എഴുതിയ റദാഖാന്‍, തന്‍റെ ‘റദ്ദ് റഫ്ള’ യില്‍ അക്കാലത്തെ റാഫിദികളെ നിശിതമായി വിമര്‍ശിക്കുകയും ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്തുപോകുന്ന അവരുടെ ഏതാനും അതിവാദങ്ങളെ തുറന്നെതിര്‍ക്കുകയും ചെയ്യുന്നത് കാണാം.
 
 
 
സ്വാലിഹ് പുതുപൊന്നാനി
01-08-2017      
     

‘ശിഈ ആചാരങ്ങള്‍’ : ബറെല്‍വി  വീക്ഷണത്തില്‍  

 

Leave a Reply