അബൂബകര്‍ സ്വിദ്ധീഖ് റ വിനെ
അലിയ്യുല്‍ മുര്‍തളാ റ ബൈഅത്ത് ചെയ്തത്
ആറു മാസം കഴിഞ്ഞിട്ടോ?!
 
അലിയാര്‍ തങ്ങളും കുടുംബവും സിദ്ധീഖുല്‍ അക്ബറിന്‍റെ ഖിലാഫത്ത് അംഗീകരിച്ചിരുന്നില്ലെന്നു വരുത്താന്‍ റാഫിദികള്‍(=ശീഈകള്‍) വ്യാപകമായി പ്രചരിപ്പിക്കുന്ന കള്ളക്കഥകളിലൊന്നാണിത്. ഫാത്വിമ ബീവി റ യുടെ വിയോഗം വരെയും അലി അബൂബകറിനെ ബൈഅത്ത് ചെയ്തില്ല എന്നും പിന്നീട് മനമില്ലാമനസ്സോടെ ബൈഅത്ത് ചെയ്യുകയായിരുന്നുവെന്നുമാണ് കഥ.  പ്രവാചകന്‍ സ്വ വിട്ടേച്ചുപോയ ഭൂസ്വത്തുക്കളും മറ്റും തനിക്ക് അവകാശപ്പെട്ടതാണെന്ന ധാരണയില്‍ ആവശ്യപ്പെട്ട ഫാത്തിമക്ക്, അബൂബകര്‍ അവ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഫാത്വിമ അബൂബകറുമായി പിണങ്ങുകയും മരണം വരെ ആ പിണക്കത്തില്‍ തുടരുകയായിരുന്നുവെന്നും കഥ നീളുന്നു ..
 

വിശകലനം

 
ഒന്ന്, സമുദായത്തിന് ഒരു ഇമാം/ ഖലീഫ/ അമീര്‍ എത്രകണ്ട് പ്രധാനമാണ് എന്ന പ്രശ്നത്തില്‍ അലിയാര്‍ തങ്ങളുടെ നിലപാട് എന്തായിരുന്നു? അതിനനുസൃതമായിട്ടാണോ ബൈഅത്ത് ചെയ്യാന്‍ കാലവിളംബം വരുത്തിയത്?
 
മുസ്ലിംകളുടെ നിലവിലെ നേതൃത്വം നഷ്ടപ്പെട്ടാല്‍ ഒട്ടും വൈകാതെ അടുത്ത നേതൃത്ത്വത്തെ തിരഞ്ഞെടുക്കേണ്ടത് സമുദായത്തിന്‍റെ ബാധ്യതയാണെന്ന് വിശ്വസിക്കുന്നയാളാണ് അലി റ. അത് അദ്ദേഹം ഉച്ചൈസ്ഥരം തുറന്നു പറയുമായിരുന്നു. ഇക്കാര്യം ശീഈ പ്രാമാണിക ഗ്രന്ഥങ്ങള്‍ തന്നെയും ഉദ്ധരിക്കുന്നുണ്ട്. അലിയാര്‍ തങ്ങള്‍ പറയുന്നു: “നിലവിലെ ഇമാം മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്നതോടെ മുസ്ലിംകളുടെ മേല്‍ വരുന്ന നിര്‍ബന്ധ ബാധ്യതയാണ് അവര്‍ക്കായി ഒരു ഇമാമിനെ താമസംവിനാ തെരഞ്ഞെടുക്കുകയെന്നത്. പഴയ ഇമാം വഴിപിഴച്ചവനോ സന്മാര്‍ഗ്ഗ ചാരിയോ ആകട്ടെ, അക്രമിയോ അക്രമിക്കപ്പെട്ടവനോ ആകട്ടെ. വധിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവനോ അല്ലാത്തവനോ ആയിക്കോട്ടെ, പിന്‍ഗാമിയെ ഉടന്‍ തിരഞ്ഞെടുക്കണം. അതിനു മുമ്പ് മറ്റൊരു കാര്യത്തിലേക്കും നീങ്ങരുത്, പുതിയ സംഗതികള്‍ ഒന്നും ആരംഭിക്കരുത്, തൊഴിലെടുക്കാനോ യാത്ര പുറപ്പെടാനോ നിക്കരുത്‌, മറ്റെന്ത് തുടങ്ങുന്നതിനും  മുമ്പായി ഇമാമിനെ തെരഞ്ഞെടുക്കണം..” (മജ്ലിസി/ ബിഹാറുല്‍ അന് വാര്‍, 33/83).  സമുദായനേതൃത്വത്തെ തിരഞ്ഞെടുത്ത് വാഴിക്കുന്ന ബാധ്യതയെ ക്കുറിച്ചുള്ള തന്‍റെ നിലപാട് ഇതായിരിക്കേ, അലിയാര്‍ തങ്ങള്‍, സമുദായം തിരഞ്ഞെടുത്ത ഖലീഫയെ ബൈഅത്ത് ചെയ്യാതെ ആറു മാസക്കാലം വിട്ടു നില്‍ക്കുമോ?! എത്രയും പെട്ടെന്ന് ഖലീഫയെ വാഴിക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുമോ?
 
രണ്ട്, പ്രവാചക ശിഷ്യന്മാരില്‍ നേതൃസ്ഥാനത്തുള്ള മുഹാജിറുകളും അന്സ്വാറുകളും ചേര്‍ന്ന്‍ താമസംവിനാ തിരഞ്ഞെടുക്കകയും സമുദായം ഒന്നടങ്കം ബൈഅത്ത് ചെയ്ത് സ്ഥിരപ്പെടുത്തുകയും ചെയ്ത ഒരു ഖലീഫയുടെ നിയമ സാധുതയെക്കുറിച്ച് അലിയാര്‍ തങ്ങള്‍ക്ക് വേറിട്ടൊരു കാഴ്പ്പാട് ഉണ്ടായിരുന്നോ? അങ്ങനെ ഇല്ലായിരുന്നു എന്നാണ് രേഖകള്‍ സംസാരിക്കുന്നത്.
 
ഉസ്മാന്‍ റ നു ശേഷം തന്നെ നിയമിച്ച സമുദായത്തിന്‍റെ തീരുമാനത്തെക്കുറിച്ച് അലി റ പറയുന്നത് കണ്ടോളൂ. നയപരമായ ഒരാവശ്യം ഉയര്‍ത്തിക്കാണിച്ചു തന്നോട് വിയോജിച്ച മുആവിയ റ നെ അലിയാര്‍ തങ്ങള്‍ തിരുത്തുന്നതാണ് രംഗം. “ഉസ്മാന്‍ റ വധിക്കപ്പെട്ട ശേഷം എന്നെയാണ് ജനം ബൈഅത്ത് ചെയ്തിരിക്കുന്നത്. മുഹാജിറുകളും അന്സ്വാറുകളും മൂന്നു ദിവസം നീണ്ട മുശാവറ ക്ക് ശേഷമാണ് എന്നെ തിരഞ്ഞെടുത്തത്. അവരാണ് അബൂബകറിനെയും ഉമറിനെയും ഉസ്മാനെയും ബൈഅത്ത് ചെയ്ത് ഇമാമായി അധികാരത്തിലേറ്റിയത്…” (ബിഹാര്‍). എന്നിരിക്കേ, താങ്കള്‍ എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു എന്നാണ് മുആവിയയോട് അലി റ ചോദിക്കുന്നത്. അബൂബകറിനെ ബൈഅത്ത് ചെയ്യാതെ അലി വിട്ടുനിന്നുവെങ്കില്‍ ഈ ചോദ്യം ആര്‍ക്കും അദ്ദേഹത്തോട് തിരിച്ചു ചോദിക്കാമായിരുന്നല്ലോ.
അലി റ മുആവിയ റ നു എഴുതിയ മറ്റൊരെഴുത്തില്‍ ഇങ്ങനെ വായിക്കാം. “അബൂബകറിനെയും ഉമറിനെയും ഉസ്മാനെയും ബൈഅത്ത് ചെയ്തു അവരോധിച്ച അതേ ജനത തന്നെയാണ് എനിക്കും ബൈഅത്ത് ചെയ്തിരിക്കുന്നത്. എന്നിരിക്കേ, നാട്ടില്‍ സന്നിഹിതനായ യാതൊരാള്‍ക്കും ഇനി മറ്റൊരു ചോയ്സ് ഇല്ല, പരദേശത്ത് കഴിയുന്നവര്‍ക്ക് അത് നിരാകരിക്കാന്‍ ന്യായവുമില്ല. കാരണം, ശൂറ ചെയ്ത് തീരുമാനമെടുക്കാനുള്ള അധികാരം മുഹാജിര്‍ അന്സ്വാറുകളില്‍ നിക്ഷിപ്തമാണ്. അവര്‍ ഒരുമിച്ച് ഒരു വ്യക്തിയെ ഇമാമായി വാഴിച്ചാല്‍ അതിലാണ് അല്ലാഹുവിന്‍റെ പ്രീതിയുള്ളത്. സമുദായത്തിന്‍റെ ഒന്നിച്ചുള്ള ഈ തീരുമാനത്തെ അവഗണിച്ച് വല്ലയാളും പുറത്തുപോയാല്‍ അവനെ ഇങ്ങോട്ട് തന്നെ അവര്‍ പിടിച്ചു കൊണ്ടുവരണം. അഥവാ വിസമ്മതിച്ചാല്‍, സത്യവിശ്വാസികളുടെതല്ലാത്ത വഴിയില്‍ നിലകൊണ്ടുവെന്ന കാരണത്താല്‍ ആ വിഘടിതനോട് സമുദായം യുദ്ധം ചെയ്യണം…” (നഹ്ജുല്‍ ബലാഗ). ഇത്രമാത്രം സുചിന്തിതവും പരിപക്വവുമായ നിലപാടുള്ള അലി റ, അല്ലാഹു ഇഷ്ടപ്പെട്ട ഒരു ഖലീഫയെ ബൈഅത്ത് ചെയ്യാതെ ആറു മാസക്കാലം വിട്ടു നില്‍ക്കുമോ?!           
മൂന്ന്, താനാണ് നിയുക്തനായ ഖലീഫ എന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നോ? അക്കാര്യം അദ്ദേഹം സ്വഹാബത്തിനോട് വെട്ടിത്തുറന്നു പറഞ്ഞിരുന്നോ? അലിയാരെ പിന്‍ഗാമിയായി നബി സ്വ നിയോഗിച്ചത് സ്വകാര്യമായിട്ടായിരുന്നോ അഥവാ അതിന് സാക്ഷിയായ കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നോ? 
 
നാല്, പത്നി ഫാത്വിമയുടെ വിയോഗം വരെ ബൈഅത്ത് നീട്ടിക്കൊണ്ടുപോകാന്‍ അലിയാര്‍ തങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നെന്ന് സമ്മതിച്ചാല്‍ തന്നെ, പത്നിയുടെ വിയോഗാനന്തരം ആ ഉറച്ച നിലപാട് ചോര്‍ന്നു പോകാന്‍ എന്തായിരുന്നു കാരണം?
 
അഞ്ച്, അനധികൃത ഖലീഫയ്ക്ക് പിന്നില്‍ ബൈഅത്ത് ചെയ്യാതെത്തന്നെ അദ്ദേഹം ആറു മാസക്കാലം എവിടെയായിരുന്നു? എന്തെടുക്കുകയായിരുന്നു?
 
അത്രയും കാലത്തെ ജുമുഅ ജമാഅത്തുകളില്‍ അലിയാര്‍ക്ക് പങ്കെടുക്കാമെങ്കില്‍, അധികാരത്തില്‍ കയറിയ ഉടനെ ഖലീഫയും മുസ്‌ലിം സമാജവും ഇസ്‌ലാമിക രാഷ്ട്രവും നേരിട്ട ഭീഷണികളും പ്രതിസന്ധികളും (ഉദാ. സകാത്ത് നിഷേധം, മുസൈലിമത്തിന്‍റെ പടയൊരുക്കം തുടങ്ങിയവ) നേരിടുന്ന വഴികള്‍ കൂടിയാലോചിക്കാന്‍ ഖലീഫയുടെ കൂടി യാലോചനാ സമിതിയില്‍ പങ്കെടുക്കാമെങ്കില്‍, മിക്കവാറും പോരാളികള്‍  വിവിധ സൈനിക ദൗത്യവുമായി മദീനക്ക് പുറത്ത് പോയ ആ സന്നിഗ്ധ ഘട്ടത്തില്‍, നാനാ ഭാഗത്തുനിന്നും ഭീഷണി നിലനില്‍ക്കുന്ന മദീനയുടെ അതിര്‍ത്തികളിലേക്ക് ഖലീഫ നിയോഗിച്ച കാവല്‍ ഭടന്മാരില്‍ ഒരാളായി അലിയാര്‍ക്ക് സേവനം ചെയ്യാമെങ്കില്‍… അതേ നില്‍പ്പ് തന്നെ അങ്ങോര്‍ക്ക് തുടരുന്നതില്‍ പ്രത്യേക തടസ്സം ഒന്നും കാണുന്നില്ല..
 
ആറു, നബി സ്വ യില്‍ നിന്നുള്ള ഭൗതിക അനന്തരാവകാശങ്ങള്‍ അബൂബകരിനോട് ഫാത്വിമാ റ ആവശ്യപ്പെട്ടത് പ്രസിദ്ധമാണ്. താനും തന്‍റെ ഭര്‍ത്താവും അംഗീകരിക്കാത്ത ഒരു ഖലീഫയോടായിരുന്നോ അവരത് ആവശ്യപ്പെട്ടതും, ന്യായമായ കാരണങ്ങളാല്‍ അത് തിരസ്കരിച്ച ഖലീഫയോട് ഫാത്വിമ പിണങ്ങിയതും? അങ്ങനെയെങ്കില്‍, അടുത്ത ഖലീഫയെ വാഴിച്ചിട്ടുമതി മറ്റെല്ലാ കാര്യങ്ങളും എന്ന നിലപാടുള്ള അലിയാര്‍ തങ്ങള്‍ അതിനെ പിന്തുണക്കുമോ?! ആദ്യം ഖലീഫയെ അംഗീകരിക്കുക, എന്നിട്ടാകാം അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കല്‍ എന്ന ന്യായം, മുആ വിയ റ യോട് അലി റ ചോദിച്ചത് ഇവിടെയും പ്രസക്തമാകുമല്ലോ. അതായത്, ഫാത്വിമയും കുടുംബവും അവകാശം ഉന്നയിച്ചുവെന്ന വസ്തുത, അവര്‍ ഖലീഫയെ അംഗീകരിച്ചിരുന്നു എന്നതിനാണ് തെളിവാകുക. 
ഏഴ്, പ്രവാചകര്‍ സ്വ യുടെ വിയോഗം അനുയായികളില്‍ ഉണ്ടാക്കിയ ആഘാതം, മറ്റാരേക്കാളും കൂടുതല്‍ നാളുകള്‍ നിലനിന്നത് സ്വപിതാവിന്‍റെ വേര്‍പ്പാട് അനുഭവിക്കുന്ന പുത്രിയുടെ ജീവിതത്തില്‍ ആയിരിക്കുമല്ലോ. ദുഃഖ സാന്ദ്രമായ ആ നാളുകള്‍ പിന്നിടുമ്പോഴേക്കും, ഭൂസ്വത്തിലെ അവകാശം ഉന്നയിച്ച് ഫാത്വിമ രംഗത്തുവരികയായിരുന്നെന്നോ?! ഫാത്വിമാ ബീവിയുടെ ഭൗതിക വിരക്തിയും പിതാവിനോടുള്ള സ്നേഹവും, പിതാവിന്‍റെ വിയോഗം മഹതിയില്‍ ഉണ്ടാക്കിയ അപാരമായ ദുഃഖ സ്മരണകളും വായിച്ചറിഞ്ഞവര്‍ക്ക് ബീവിയെ ക്കുറിച്ച് അങ്ങനെ പറയാന്‍ പൊടുന്നനെ സാധ്യമല്ല.
ഫാത്വിമ  അവകാശവാദം ഉന്നയിച്ചത് തന്‍റെ വിയോഗത്തിന് തൊട്ടുമുമ്പത്തെ ദിവസങ്ങളിലാകാനാണ് സാധ്യത കൂടുതല്‍. ആവശ്യം തിരസ്കരിച്ചതിനാല്‍ ഖലീഫയുമായി തന്‍റെ മരണസമയത്തും മഹതി പിണക്കത്തിലായിരുന്നു എന്നാണല്ലോ കഥ! സ്വാഭാവികമായും അലിയാര്‍ തന്‍റെ പത്നിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ഈ പിണക്കവും അകല്‍ച്ചയും അബൂബകറിനെ ഖലീഫയായി തിരഞ്ഞെടുത്ത ആദ്യനാളുകളിലായിരുന്നെങ്കില്‍, അലി ഖലീഫയെ സഹായിച്ച/സഹകരിച്ച  വിവിധ ദൃശ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അലിയും ഖലീഫ അബൂബകരും തമ്മില്‍ ഊഷ്മളമായ ബന്ധങ്ങള്‍ ചരിത്രത്തില്‍ സ്ഥിരപ്പെട്ടിരിക്കെ, ഫാത്വിമയുടെ അവകാശ വാദവും തുടര്‍ന്നുള്ള പിണക്കവും ഏതാണ്ട് ഖിലാഫത്തിന്‍റെ ആറാം മാസത്തില്‍ ആയിരിക്കാനേ വഴിയുള്ളൂ. ഖലീഫ നേരിട്ട പ്രഥമ പ്രതിസന്ധി മറികടക്കാന്‍ എടുത്ത ആദ്യത്തെ അഞ്ചുമാസങ്ങളില്‍ ശാരീരികമായിത്തന്നെ അലിയാര്‍ തങ്ങള്‍ ഖലീഫക്കൊപ്പം ഉണ്ടായിരുന്നു. പ്രവാചക പുത്രി പിണങ്ങിയതിനെത്തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് അലിയാര്‍, ബൈഅത്ത് പിന്‍വലിക്കുകയായിരുന്നു വെന്നും കുറച്ചു കാലം നിസ്സഹകരിച്ചുവെന്നും വേണമെങ്കില്‍ പറയാം. മദീനക്കാരില്‍ ചിലരെങ്കിലും അങ്ങനെ തെറ്റു ദ്ധരിക്കുകയും സംസാര വിഷയമാക്കുകയും ചെയ്തിട്ടുണ്ടായിരുന്നിരിക്കാം. 
എട്ട്, ഫാത്വിമ റ സ്വത്തവകാശം ഉന്നയിച്ചപ്പോള്‍, “പ്രവാചകന്‍ സ്വ വിട്ടേച്ചു പോകുന്ന ഭൗതിക സ്വത്തുക്കള്‍ അനന്തരമായി ആര്‍ക്കും നല്‍കാനുള്ളതല്ല, അവ പൊതുസ്വത്തായി ഉപയോഗിക്കപ്പെടണം” എന്നായിരുന്നല്ലോ നബി വചനം ഉദ്ധരിച്ച് ഖലീഫ അബൂബകര്‍ പ്രതികരിച്ചത്. അക്കാര്യം ഫാത്വിമയ്ക്ക് അറിയില്ലായിരുന്നെങ്കിലും അലിക്ക് നന്നായി അറിയാം. പ്രവാചകരില്‍ നിന്നും ഈ പ്രസ്താവം നേരില്‍ ശ്രവിച്ചവരില്‍ അലിയാര്‍ തങ്ങളും  ഉണ്ടായിരുന്നുവല്ലോ. അദ്ദേഹത്തിനറിയാം ഫാത്വിമയുടെ ആഗ്രഹം പോലെയല്ല ആ ഭൂസ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടതെന്ന്. ഉമര്‍ റ ന്‍റെ ഖിലാഫത്ത് കാലം മുതല്‍ ആ വിവാദ ഭൂമി (ധാരാളം ഈത്തപ്പനകളും ജല സമൃദ്ധമായ ഒരരുവിയും ഉള്ള ഖൈബറിലെ ഫദക് ഗ്രാമം.) കൈകാര്യം ചെയ്തിരുന്നത് അലി റ വാണ്. പിന്നീട് അലി റ ഖലീഫയായി. അപ്പോഴൊക്കെയും അബൂബകര്‍ റ നേരത്തെ ആ ഭൂമി എങ്ങനെയാണോ കൈകാര്യം ചെയ്തത് അതിലപ്പുറം യാതൊരു പരിഷ്കാരവും വരുത്തിയില്ല. നബി സ്വ യുടെ സന്താനങ്ങള്‍ക്ക് അവകാശപ്പെട്ടതായിരുന്നെങ്കില്‍, അബൂബകര്‍ അത് ബോധപൂര്‍വ്വം തടഞ്ഞതായിരുന്നെങ്കില്‍ അലി റ തനിക്ക് അധികാരമുള്ളപ്പോഴെങ്കിലും അത് ഫാത്വിമയുടെ മക്കള്‍ക്ക് തീരെഴുതി ക്കൊടുക്കുമായിരുന്നു. ഖലീഫക്ക് വേണമെങ്കില്‍ ദാനമായി ആര്‍ക്കും നല്‍കാവുന്നതാണല്ലോ നിയമപരമായി അത്തരം പൊതുഭൂമി. ആ നിലയിലെങ്കിലും ഹസനോ ഹുസൈനോ മറ്റു മക്കള്‍ക്കോ അലിയാര്‍ തങ്ങള്‍ ആ വിവാദ ഭൂമി വിട്ടുകൊടുത്തില്ല. പിന്നീട് ഹസന്‍ റ അധികാരമേറി. അപ്പോഴും അതേ നില തുടര്‍ന്നു. പിന്നെ ഹുസൈനായി ആ ഭൂമിയുടെ കൈകാര്യം. ശേഷം യഥാക്രമം അലി ബ്നു ഹുസൈന്‍, ഹസന്‍ ബ്നു ഹസന്‍, സഹോദരന്‍ സൈദ്‌ ബ്നു ഹസന്‍ എന്നിവരായിരുന്നു ആ ഭൂമിയുടെ കൈകാര്യ കര്‍ത്താക്കള്‍. അവരാരും തങ്ങളുടെ മാതാവിന്/ മാതാമഹനു ലഭിക്കേണ്ട അവകാശമാണെന്ന് വാദിക്കുകയോ അത് വസൂലാക്കുകയോ ചെയ്തില്ല.
അതായത്, പ്രവാചകരുടെ അനന്തര സ്വത്തുക്കള്‍, മറ്റുള്ളവരുടെത്പോലെ ഓഹരി വെക്കാനുള്ളതല്ലെന്ന വിവരം ലഭിക്കാതെയാണ് ഫാത്വിമ തന്‍റെ ആഗ്രഹം ഉന്നയിച്ചിട്ടുള്ളതെന്ന്‍ ഏറ്റവും നന്നായി അറിയുന്ന ആളായിരുന്നു അലി യും പുത്രന്മാരായ ഹസനും ഹുസൈനും. അതുകൊണ്ടുതന്നെ, ഫാത്വിമയുടെ ‘ആശാഭംഗ’വും ‘പിണക്ക’വും സ്ത്രീ സഹജമായ ഒരു വൈകാരിക ദൗര്‍ബല്യമായി കണക്കാക്കുക മാത്രമേ അലിയാര്‍ ചെയ്യാന്‍ ഇടയുള്ളൂ, ചെയ്തിട്ടുള്ളൂ. പത്നിയെ/ ഫാത്വിമയെ പിന്തിരിപ്പിക്കാന്‍/ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയല്ലാതെ, ഫാത്വിമയുടെ വൈകാരിക ദൌര്‍ബല്യത്തിനൊപ്പം നിന്ന് ബൈഅത്ത് പിന്‍വലിക്കുവാനും ഖലീഫയോട് പക കാണിക്കാനും അലിയോ മക്കളോ തുനിഞ്ഞിട്ടില്ലെന്ന് പറയാവുന്നതാണ്. ഇക്കാര്യം അടുത്ത വിശകലനത്തില്‍ കൂടുതല്‍ വ്യക്തമാകും.
 
ഒമ്പത്, സല്‍ഗുണ സമ്പന്നയായിരുന്ന ഫാത്വിമ, കേവല ഭൗതിക വിഭവവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ പര്‍വ്വതീകരിച്ച് കാണുകയും, തന്‍റെ പിതാവിന്‍റെ സന്തത സഹചാരിയായിരുന്ന, തന്നെ ചെറുപ്പം മുതല്‍ അറിയുന്ന അബൂബകറുമായി പിണങ്ങുകയും ആ പിണക്കത്തോടെ മരിച്ചുപോവുകയും ചെയ്യുമോ എന്ന ചോദ്യ ചിഹ്നം ഒരിടത്ത്. “പിതാവിന്‍റെ സ്നേഹജനങ്ങളുമായി ഹൃദയബന്ധം കാത്തു സൂക്ഷിക്കുക” എന്ന പിതാവ് പഠിപ്പിച്ച മഹത്തായ മൂല്യം കയ്യൊഴിയുമോ മഹതി?! . പിതാവിനെ സ്നേഹിക്കുന്ന ആ മഹതി എങ്ങനെ പിത്രുതുല്യം സ്നേഹിക്കേണ്ട മഹാവ്യക്തിയുമായി പിണക്കത്തിലായി മരിക്കും?!!
 
ബാല്യകാലം മുതല്‍ തന്‍റെ ഇഷ്ടനും പിന്നെ നായകനും ഹൃദയമിടിപ്പുമായ തിരുദൂതരുടെ കരളിന്‍റെ കഷ്ണത്തെ, മറ്റൊരര്‍ത്ഥത്തില്‍, അഹ്ലുല്‍ ബൈത്തിന്‍റെ മാതാവായ ഫാത്വിമയെ പിണക്കുവാന്‍ നിര്‍മ്മല ഹൃദയനും മഹാമനസ്കനുമായ അബൂബകറിനു സാധിക്കുമോ?! തന്‍റെ ഇഷ്ടം പരിഗണിക്കാതെ ശത്രുനേതാവായ അബൂജഹ്ലിന്‍റെ പുത്രിയെ അലിയാര്‍ വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ ഫാത്വിമ തിരുസന്നിധിയില്‍ വന്ന് കരഞ്ഞതും, നബി സ്വ അപ്പോള്‍ തന്നെ ആളുകളെ വിളിച്ചുചേര്‍ത്ത് മസ്ജിദു ന്നബവിയിലെ മിമ്പറില്‍ കയറി പ്രത്യേക പ്രസംഗം നടത്തിയതും അബൂബകര്‍ കണ്ടതല്ലേ, പ്രസംഗത്തില്‍ അലിയാരെ പ്രഥമമായും സാമാജികരെ പൊതുവായും ഉന്നംവെച്ച്, “ഫാത്വിമ എന്‍റെ ഭാഗമാണ്; അവളെ വേദനിപ്പിക്കുന്നത് തന്നെയും വേദനിപ്പിക്കുന്നു; അതിനാല്‍, ആരെങ്കിലും അവളെ ദേഷ്യം പിടിപ്പിച്ചാല്‍ അവന്‍ എന്നെയാണ് ദേഷ്യത്തിലാക്കുന്നത്” എന്ന തിരുവരുള്‍ നേരിട്ടു ശ്രവിച്ചയാളല്ലേ അബൂബകര്‍?
 
ഇരുകൂട്ടരും, ഫാത്വിമയും അബൂബകറും അവരുടെ മഹല്‍ ഗുണങ്ങള്‍ പ്രകടിപ്പിച്ചു തന്നെയാണ് വിടപറഞ്ഞതെന്നതാണ്  ചരിത്രസത്യം ഫാത്വിമയുടെ ആവശ്യം നീതിമാനായ ഭരണാധികാരിയെന്ന നിലയില്‍ സൗമ്യമായി അബൂബകര്‍ നിരാകരിച്ചത് ശരിതന്നെ; ഫാത്വിമക്കുണ്ടായ മോഹഭംഗത്തില്‍ അല്‍പസമയം മഹതിയുടെ വികാരനിയന്ത്രണം നഷ്ടപ്പെട്ടതും സത്യമാണ്; എന്നാല്‍, അഭിപ്രായ ഭിന്നത വൈരാഗ്യമാക്കി മാറ്റി ‘മൂക്കത്ത് വെച്ച്’ നടക്കാന്‍ മാത്രം അസംസ്കൃതരായിരുന്നില്ല അവരിരുവരും. ‘അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിക്കുകയും അതേ മാര്‍ഗ്ഗത്തില്‍ വേര്‍പിരിയുകയും ചെയ്യുന്ന’ മുതഹാബ്ബീങ്ങളുടെ പട്ടികയിലാണ് തങ്ങളെന്ന് ജീവിതത്തില്‍ തെളിയിച്ചവരായിരുന്നു അവര്‍. ഇങ്ങനെ അസന്നിഗ്ദ്ധമായി പ്രസ്താവിക്കാന്‍ കാരണം, ഫാത്വിമയുടെ വൈകാരികമായ പ്രതികരണം അറിഞ്ഞയുടന്‍, മഹതിയുടെ ധാരണാപിശക് തിരുത്തിക്കൊടുക്കാനും അവരുടെ പൊരുത്തം വാങ്ങാനും ഫാത്വിമ-അലി ദമ്പതികളുടെ തിരു സന്നിധിയിലേക്ക് മുസ്‌ലിം ലോകത്തിന്‍റെ ഖലീഫ തന്‍റെ ‘സിംഹാസന’ത്തില്‍ നിന്നും ഇറങ്ങി വന്നു എന്ന ചരിത്രം തന്നെ. “റസൂലുല്ലാടെ പുന്നാരമകള്‍ എന്‍റെ നിലപാടില്‍ സംതൃപ്തി അറിയിക്കാതെ ഞാനിവിടം വിട്ടു പോകുന്നതല്ല” എന്ന്‍ ഗദ്ഗദത്തോടെ വിളിച്ചുപറഞ്ഞ്‌ വിശ്വ മുസ്ലിംകളുടെ ഖലീഫ ഫാത്വിമയുടെ വീട്ടിനു മുന്നില്‍ നട്ടുച്ചനേരത്ത് നിന്ന സംഭവം ഉജ്ജ്വലവും അതുല്യവുമാണ്. ഫാത്വിമയെ കാര്യം ധരിപ്പിക്കാന്‍ അലിയാരുടെ സഹായം തേടുകയായിരുന്നു അദ്ദേഹം. അലിയാരുടെ ശുപാര്‍ശ പ്രകാരം ഫാത്വിമ മയപ്പെടുകയായിരുന്നു. 
‘പ്രശ്നം’ ഉണ്ടായ അന്ന് തന്നെ ഖലീഫ അബൂബകര്‍ ഫാത്വിമയുടെ വാതില്‍ക്കലെത്തി, അലിയാരുടെ സാന്നിധ്യത്തില്‍ തന്‍റെ നിലപാടിലെ വസ്തുത ബോധ്യപ്പെടുത്തി, ഫാത്വിമക്കത് ബോധ്യപ്പെട്ടു, വിവാദ ഭൂസ്വത്ത് ഭാവിയില്‍ എങ്ങനെ വിനിയോഗിക്കണമെന്ന തീരുമാനം ഉഭയകക്ഷികള്‍ അംഗീകരിച്ചു, അവര്‍ പരസ്പരം സംപ്രീതരായി പിരിഞ്ഞ സംഭവം അഹ്ലുസ്സുന്നയുടെയും ശീഅത്തിന്‍റെയും ആധികാരിക പണ്ഡിത രചനകളില്‍ കാണാം. അബൂബകര്‍ റ ഫാത്വിമയോട് പറഞ്ഞത് : ‘നിന്‍റെ പിതാവിന്‍റെത് നിനക്കുള്ളത് തന്നെ. റസൂലുല്ലാഹി സ്വ ഫദകില്‍ നിന്നും നിങ്ങ്ങള്‍ക്കാവശ്യമായ ഭക്ഷണം എടുക്കുകയും ബാക്കി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഓഹരിവെക്കുകയുമാണ്‌ ചെയ്തു പോന്നിരുന്നത്. ഫാത്വിമാ, തിരുദൂതര്‍ സ്വ എന്താണോ ചെയ്തിരുന്നത്, അല്ലാഹുവാണേ, അപ്രകാരം ഞാനും ചെയ്യുന്നതാണെന്ന് നിനയ്ക്ക് ഞാന്‍ ഉറപ്പുതരുന്നു. നിനക്കുള്ള ഓഹരി ഇവിടെ എത്തും.” ഫാത്വിമ അതില്‍ സംപ്രീതയാവുകയും അതൊരു കരാറായി അംഗീകരിക്കുകയും ചെയ്തു. നേരത്തെ ഖലീഫയുടെ പ്രതികരണത്തില്‍ നിന്നും ഫാത്വിമ കരുതിയത് തനിക്കും കുടുംബത്തിനും ആ ഭൂസ്വത്തില്‍ നിന്നും ഒന്നും ലഭിക്കില്ലെന്നായിരുന്നു. പറഞ്ഞപോലെ, അബൂബകര്‍ ഫദകില്‍ നിന്നും വിളവുകള്‍ സമാഹരിച്ച് ഫാത്വിമയ്ക് ആവശ്യമുള്ളത്ര ഓഹരി അതാതു സമയം എത്തിച്ചു. അവശേഷിക്കുന്നത് ‘അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍’ വിതരണം ചെയ്തു. അതേ രീതി ഉമറും ഉസ്മാനും അലിയും തുടര്‍ന്നു. (ശീഈ ആഭിമുഖ്യമുള്ള  മുഹിബ്ബുദ്ധീനു ത്വിബ്രി യുടെ രിയാള്; ബഹ്രാനിയുടെ ശറഹ് നഹ്ജുല്‍ ബലാഗ; ശീഈ ഗ്രന്ഥമായ മിഹ്ജാജു സ്സാലിക്കീന്‍).
   
പത്ത്, ഖലീഫ അബൂബകറും ഫാത്വിമ-അലി ദമ്പതികളും തമ്മിലുള്ള ‘പിണക്കം’ താല്ക്കാലികമായിരുന്നുവെന്നും, അബൂബകര്‍- അലി കുടുംബം ഫാത്വിമയുടെ വഫാത്ത് കാലത്തും ഉദാത്തമായ സ്നേഹ ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നും കാണിക്കുന്ന സുപ്രധാന രേഖയാണ് ഫാത്വിമാ ബീവിയുടെ മയ്യിത്ത് കട്ടില്‍. ഖലീഫ അബൂബകര്‍ റ യുടെ പത്നി അസ്മാ ബിന്ത് ഉമൈസുമായി അടുത്ത സ്നേഹ ബന്ധമായിരുന്നു ഫാത്വിമാ ബീവിക്ക്. അക്കാലത്ത് പുരുഷന്മാരുടെ ജനാസ പോലെത്തന്നെ സ്ത്രീകളുടെതും പലകയില്‍ കിടത്തി മുകളില്‍ മൂടിയില്ലാതെ  കൊണ്ടുപോകാറായിരുന്നു. ഒരിക്കല്‍ സൗഹൃദഭാഷണത്തിനിടയില്‍ ഖലീഫയുടെ ഭാര്യ അസ്മാ, ഒട്ടകക്കൂടാരം പോലെ മുകളില്‍ ഈത്തപ്പനയോലകള്‍ കൊണ്ട് മറച്ച ‘മയ്യിത്ത് കട്ടില്‍’ എത്യോപ്യക്കാര്‍ ഉപയോഗിക്കാറുള്ളത് താന്‍ കണ്ടിട്ടുണ്ടെന്ന് ഫാത്വിമയോട് പറയുകയുണ്ടായി. ബീവിക്ക് അത് ഒത്തിരി പിടിച്ചു. എനിക്കതുപോലോരെണ്ണം ഉണ്ടാക്കിത്തരണമെന്ന് ‘അസ്മാത്ത’ യോട് ബീവി ആവശ്യപ്പെട്ടു. അവരത് പണിതു കൊടുക്കുകയും ചെയ്തു. അസ്മാത്ത അത് ബീവിയുടെ വീട്ടിലെത്തിച്ചപ്പോള്‍ ബീവിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ നിര്‍വ്വാഹമില്ല. തിരുനബി സ്വ യുടെ, പ്രിയ പിതാവിന്‍റെ വിയോഗത്തിന് ശേഷം ഇതുപോലെ ബീവി സന്തോഷിക്കുന്നതും പുഞ്ചിരിക്കുന്നതും കണ്ടവരില്ല. അസ്മാത്തയോട് തന്‍റെ മയ്യിത്ത് കുളിപ്പിക്കണമെന്ന ഒസ്യത്ത് ചെയ്യാനും ബീവി മറന്നില്ല. (അലിയുടെ സഹായത്തോടെ അസ്മാ, സല്‍മാ ഉമ്മു റാഫിഅ് എന്നിവരായിരുന്നുവല്ലോ ഫാത്വിമാ ബീവിയെ കുളിപ്പിച്ചത്). ‘ഒരാളുടെയും ദൃഷ്ടി പതിയാതെ തന്‍റെ ജനാസ കൊണ്ടുപോകുകയും അടക്കം ചെയ്യുകയും വേണം’ എന്ന വസ്വിയ്യത്ത് പ്രിയ ഭര്‍ത്താവിനും മഹതി കൈമാറി.
 
പതിനൊന്ന്, അലി-ഫാത്വിമ ദമ്പതികളും ഖലീഫ അബൂബകറും തമ്മില്‍  ഊഷ്മളമായ സ്നേഹ- ബഹുമാന ബന്ധങ്ങള്‍ മൂവരുടെയും അവസാന നിമിഷം വരെയും നിലനിര്‍ത്തിയിരുന്നു എന്നതിന് ഉജ്ജ്വലമായ രേഖയല്ലേ, മഹതി ഫാത്വിമയുടെ ജനാസ നിസ്കരിക്കാന്‍ അലിയാര്‍ തങ്ങള്‍ ഖലീഫ അബൂബകര്‍ റ നെ ബഹുമാനപൂര്‍വ്വം ഇമാമാക്കിയത്? ഇമാം അലിയാരായിരുന്നുവെന്ന് ധാരാളം ചരിത്രകാരന്മാര്‍ എഴുതിപ്പോയിട്ടുണ്ടെങ്കിലും അബൂബകര്‍ ആണോന്ന് സംശയം രേഖപ്പെടുത്തിയവരാണ് അവരില്‍ പലരും. സംശയിക്കാന്‍ ഒന്നുമില്ല, അബൂബകര്‍ തന്നെ. ഇക്കാര്യം വെളിപ്പെടുത്തുന്നത് സയ്യിദുനാ ഹുസൈന്‍ റ ആണെന്നോര്‍ക്കണം.
 
ജ്യേഷ്ഠ സഹോദരന്‍ ഹസന്‍ മദീനയില്‍ മരണപ്പെട്ടപ്പോള്‍ അവരുടെ മയ്യിത്ത് നിസ്കരിക്കാന്‍ ഹുസൈന്‍ നേതൃത്വം കൊടുക്കുമെന്നാണ് അവിടെ സന്നിഹിതരായ സകലരും കരുതിയത്. പക്ഷേ, മുആവിയയുടെ മദീനാ ഗവര്‍ണര്‍ സഈദ് ബ്നുല്‍ ആസ്വ് റ നോട് കയറി നില്‍ക്കാന്‍ ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സകലരും സ്തബ്ദരായി. ഹുസൈന്‍ തങ്ങള്‍ തന്‍റെ നയം വ്യക്തമാക്കി: “ജനാസ നിസ്കാരത്തിന് നാട്ടിലെ അമീര്‍ നേതൃത്വം നല്‍കണമെന്ന് എന്‍റെ പിതാമഹന്‍ പഠിപ്പിച്ച സുന്നത്ത് ഇല്ലായിരുന്നെങ്കില്‍ താങ്കളോട് ഞാന്‍ ഇവിടെ ഇമാമാകാന്‍ ആവശ്യപ്പെടില്ലായിരുന്നു”. സുന്നി ശീഈ ആധികാരിക ഗ്രന്ഥങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംഭവമാണിത്. സഈദിനേക്കാള്‍ ഒരായിരം മടങ്ങ്‌ അര്‍ഹനല്ലേ ഖലീഫ അബൂബകര്‍? തന്‍റെ പിതാവില്‍ നിന്നും മറ്റൊരു മാതൃക പകര്‍ത്താന്‍ ഉണ്ടായിരുന്നെങ്കില്‍ ഹുസൈന്‍ റ അതെടുത്തു പറയുമായിരുന്നു. ഏതാണ്ടിങ്ങനെ: “എന്‍റെ മാതാവിന്‍റെ ജനാസ നിസ്കരിക്കാന്‍ സ്ഥലം അമീറിനെ അനുവദിക്കാത്ത എന്‍റെ പിതാവിന്‍റെ  ധീരമായ നിലപാട് ഞാനിവിടെ ആവര്‍ത്തിക്കുന്നു”. എന്നിട്ട്, അദ്ദേഹം മുന്നില്‍ കയറി നില്‍ക്കുമായിരുന്നു.
 
പന്ത്രണ്ട്, വിയോഗം വരെയും ഫാത്വിമ ഖലീഫയുമായി പിണക്കമായിരുന്നു; വിയോഗത്തിന് ശേഷമാണ് അലി ഖലീഫയെ ബൈഅത്ത് ചെയ്തത് എന്നിപ്രകാരം മഹതി ആഇശ റ യില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കേ, മുകളില്‍ വിവരിച്ച വസ്തുതകള്‍ സ്വീകാര്യമാണോ? പ്രസക്തമായ ഈ ശങ്കയ്ക്ക് പരിഹാരം കാണാന്‍ എളുപ്പമാണ്. പല പ്രമുഖ ഹദീസ് വ്യാഖ്യാതാക്കളും ശ്രദ്ധിക്കാതെപോയ ചില സംഗതികള്‍ ഇതിനകത്ത് കിടപ്പുണ്ട്. ഒന്നാമതായി, ആഇശായുടെ വിവരണമായി പലരും ഇതിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, പ്രസ്താവവിവരണത്തിനിടയില്‍ ആഇശയുടെ വാക്കുകള്‍ക്കിടയില്‍ കയറിക്കൂടിയതാണ് പ്രസ്തുത വാക്കുകള്‍. ഹദീസ് നിവേദകനായ സുഹ്രി യുടെ വാക്കുകളാണ്, അത് ആഇഷയുടേതല്ലെന്ന് മുഹദ്ദിസുകളുടെ ഇമാം എന്ന് വാഴ്ത്തപ്പെടുന്ന ഇമാം അബൂബകര്‍ അല്‍ബൈഹഖിയും മറ്റും വ്യക്തമാക്കിയതാണ്. രണ്ടാമതായി, മഹതിയുടെ വിയോഗത്തിനോടടുത്ത ദിവസങ്ങളില്‍ ഉണ്ടായ ഈ ‘പിണക്ക’ക്കഥ നാട്ടില്‍ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായിരുന്നു. പത്നി ഖലീഫയുമായി പിണങ്ങിയതോടെ അലിയാര്‍ തന്‍റെ ബൈഅത്ത് പിന്‍വലിച്ചുവെന്ന് കിംവദന്തി പരന്നു. അബൂബകര്‍ റ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്തത് ഒരു രാത്രിയിലായിരുന്നു, ബീവിയുടെ ഒസ്യത്ത് പ്രകാരം ‘അന്യപുരുഷന്മാര്‍’ ആരെയും അറിയിക്കാതെ ജനാസ കൊണ്ടുപോയതിനാല്‍ ഉമര്‍ റ നെപ്പോലുള്ള പ്രമുഖര്‍ പോലും രണ്ടാം ദിവസമാണ് അലിയാരെ വീട്ടില്‍ വന്നു കണ്ട് തഅ്സിയത്ത്’ ചെയ്യുന്നത്. കപടന്മാര്‍ പൊതുജനങ്ങളിലേക്ക് ഫിത്നയുമായി ഇറങ്ങുമെന്ന് തിരിച്ചറിഞ്ഞ അലി റ, താനും ഖലീഫയും തമ്മില്‍ യാതൊരു പിണക്കമോ അസഹിഷ്ണുതയോ വിയോജിപ്പോ ഇല്ലെന്ന് കാണിച്ചുകൊടുത്തു കൊണ്ടായിരുന്നു ‘ആറു മാസത്തിനു ശേഷമുള്ള’ മദീനാ മസ്ജിദില്‍ പകലില്‍ പരസ്യമായി ചെയ്ത ആ ബൈഅത്ത്. അതോടെ ‘റാഫിദി’കള്‍ മാളത്തില്‍ ഒളിച്ചു. അഹ്ലുല്‍ബൈത്തിലെ പ്രഥമവും ദ്വിതീയവുമായ തലമുറകളുടെ കാലം കഴിയുവോളം ഈയൊരു ഫിത്നയുമായി ഒരാളും പുറത്തിറങ്ങിയില്ല.
  
(പലേടത്തും പ്രമാണങ്ങള്‍ വ്യക്തമാക്കാതിരുന്നത് ബോധപൂര്‍വ്വമാണ്‌. ഇവിടെ പറഞ്ഞ വിശകലന ന്യായങ്ങള്‍ പുന പരിശോധിക്കാനുണ്ടോ? ‘ഇങ്ങനെയൊക്കെ ആണെങ്കില്‍ ശരിതന്നെ. എന്നാല്‍ അങ്ങനെയല്ലല്ലോ കാര്യം’ എന്ന രീതിയില്‍ എതിരഭിപ്രായങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ സ്വാഗതം..)
സ്വാലിഹ് നിസാമി പുതുപൊന്നാനി
22 – 01- 2018

 

  

 

  
Leave a Reply