:
രണ്ടുതരത്തിലുള്ള ശിഈ ബന്ധമാണ് സമസ്തയെ ക്കുറിച്ച് ആരോപിക്കപ്പെടുന്നത്. ഒന്ന്, ആദര്‍ശപരം. രണ്ട്, ശിഈ വക്താക്കളുമായുള്ള അടുപ്പം, സഹകരണം.
രണ്ടാമത്തെ സംഗതി കാണിച്ച് ഒന്നാമത്തെ സംഗതിയെ കൂടുതല്‍ ഊക്കോടെ ആരോപിക്കാന്‍ ആരോപകര്‍ക്ക് സാധിക്കുന്നു. ശീഈ വഴികേടില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങിയില്ലെന്നു മാത്രമല്ല, ഇപ്പോഴും ശീഈ സംഘടനയുടെ രക്ഷിതാവായി വര്‍ത്തിക്കുകയും ചെയ്യുന്ന സി ഹംസ സമസ്ത വേദികളില്‍ ആദരിക്കപ്പെടുന്നതും, ഇറാനിലെ മത- രാഷ്ട്രീയ പ്രതിനിധികള്‍ സമസ്തയുമായി ബന്ധമുള്ള പ്രമുഖ സാരഥികളുമായും സ്ഥാപനങ്ങളുമായും ബന്ധം നിലനിര്ത്തിവരുന്നതും എടുത്തുകാണിച്ചാണ് ആരോപകര്‍ പിടിച്ചുനില്‍ക്കുന്നത്. വിശിഷ്യാ കൂരിയാട്ടെ സലഫി സമ്മേളനത്തോടനുബന്ധിച്ച് സമസ്ത നേതൃത്വത്തിന് ‘തര്‍ക്കുല്‍ മുവാലാത്ത്’ ഓര്‍മ്മയില്‍ തിരിച്ചുകിട്ടിയ പശ്ചാത്തലത്തില്‍. മുജാഹിദുകളോടെന്ന പോലെ ഷിയാക്കളോട് തര്‍ക്കുല്‍ മുവാലാത്ത് സമസ്തയ്ക്ക് സാധ്യമാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
സമസ്തയുടെ സ്ഥാപകന്‍ ബഹു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ശിഈ ആയിരുന്നെന്ന് പോലും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഖിലാഫത്ത് സമര കാലത്ത് വരക്കല്‍ തങ്ങള്‍ ‘ നബി സ്വ യുടെ കുടുംബ ത്തിനു മാത്രമേ ഖിലാഫത്തിന് അര്‍ഹതയുള്ളൂ’ എന്ന് വാദിച്ചു വത്രേ. മുജാഹിദ് ചിന്താഗതിക്കാരനായ പരപ്പില്‍ കോഴിക്കോട്ടെ ചരിത്രത്തില്‍ എഴുതിവെച്ച പ്രസ്തുത പരാമര്‍ശം തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത. ഖുറൈഷികളായിരിക്കണം ഖലീഫ എന്ന നിലപാട് വരക്കല്‍ തങ്ങള്‍ പ്രകടിപ്പിചിരിക്കാം. അഹ്ലുസ്സുന്നയുടെ നിലപാട് തന്നെയാണ് അത്. ഹാഷിമികള്‍ക്ക് അഥവാ അലിയുടെ പുത്രന്മാരില് നിക്ഷിപ്തമാണ് ഖിലാഫത്തിനുള്ള അധികാരം എന്ന നിലപാടാണ് ശിയാക്കള്‍ക്ക്. ഇത് തമ്മില്‍ വകതിരിച്ചറിയാതെ പരപ്പില്‍ മുല്ലക്കോയ തങ്ങളെ കുറിച്ച് രേഖപ്പെടുത്തിയത് തെറ്റിദ്ധാരണാ ജനകമാണ്.
സമസ്തയുടെ നായകരില്‍ പ്രമുഖനായിരുന്ന അഹ്മദ് കോയ ശാലിയാത്തിയാണ് ആരോപിതനായ മറ്റൊരാള്‍. ശാലിയാത്തിയുടെ ഹനഫീ ധാരയുടെ ഗുരുവായ അഹ്മദ് റദാ ഖാന് ബരേല്വിയേയും , ശാലിയത്തിയെ തെന്നിന്ത്യന്‍ മുഫ്തിയായി നിയമിച്ച ഹൈദരാബാദ് നിസാമിനെയും ബന്ധപ്പെടുത്തിയാണ് ശാലിയാത്തിയെയും അതുവഴി സമസ്തയെയും തുടര്‍ന്ന് കേരള മുസ്ലിം പൈതൃകത്തെയും ശീഈസം ആരോപിക്കുന്നത്..
സമസ്തയുടെ നായകരില്‍ പ്രമുഖനായിരുന്ന അഹ്മദ് കോയ ശാലിയാത്തിയാണ് ആരോപിതനായ മറ്റൊരാള്‍. ശാലിയാത്തിയുടെ ഹനഫീ ധാരയുടെ ഗുരുവായ അഹ്മദ് റദാ ഖാന് ബരേല്വിയേയും , ശാലിയത്തിയെ തെന്നിന്ത്യന്‍ മുഫ്തിയായി നിയമിച്ച ഹൈദരാബാദ് നിസാമിനെയും ബന്ധപ്പെടുത്തിയാണ് ശാലിയാത്തിയെയും അതുവഴി സമസ്തയെയും തുടര്‍ന്ന് കേരള മുസ്ലിം പൈതൃകത്തെയും ശീഈസം ആരോപിക്കുന്നത്..
സമസ്തക്ക് ശിഈസവുമായി ആദര്‍ശ ബന്ധം ഉണ്ടെന്ന്, അതായത്, സമസ്ത വിഭാവന ചെയ്യുന്ന/ പ്രചരിപ്പിക്കുന്ന/ ന്യായീകരിക്കുന്ന/ പ്രതിരോധിക്കുന്ന പല വിശ്വാസ നടപടികളും ശിയാക്കള്‍ കൊണ്ടുനടക്കുന്നവയാണെന്ന് ആരോപിക്കാറുള്ളത് മുഖ്യമായും ‘ഒഹാബി’/ സലഫി/ നജ്ദി പ്രസ്ഥാന സംഘങ്ങളാണ്. ‘സമസ്തയുടെ ശിഈ ആദര്‍ശം’ വിവരിക്കുന്ന പ്രഭാഷണങ്ങള്‍, പ്രബന്ധങ്ങള്‍, പുസ്തകങ്ങള്‍ അവര്‍ ആവിര്‍ഭാവ കാലം മുതല്‍ മലയാളത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പൊ തുടങ്ങിയതല്ല.
ഇസ്തിഗാസ, ഖബ്ര്‍ അലങ്കാരം/ആഘോഷം, ‘ആത്മീയ’ പരിവേഷമുള്ള ചടങ്ങുകള്‍ എന്നിവ കാണിച്ചാണ് വ്യാപകമായി സമസ്തയെ ശിയാക്കള്‍ക്ക് ദാനം ചെയ്യാറുള്ളതെങ്കിലും, ഒരു തികഞ്ഞ ഒഹാബി കാഴ്ചപ്പാടില്‍/ വ്യാഖ്യാനത്തില്‍ സമസ്ത പറയുന്ന ‘സുന്നിസം’ ശിഈസത്തില്‍ നിന്നും കാര്യമായി വ്യത്യാസപ്പെടുന്നില്ല; സമസ്ത ശിഈസം അല്ലാതെ മറ്റൊന്നുമല്ല. ഒറ്റപ്പെട്ട ജമാഅത്ത് സലഫികളും ഏതാനും തബ്ലീഗ് വഹാബികളും സമസ്തയെ ശിയാ ആക്കുന്നതില്‍ വഹാബികള്ക്കൊപ്പം ഉണ്ട്. ജമാഅത്തെ ഇസ്ലാമിക്കകത്തുള്ള ‘സലഫി’ വീക്ഷകരില് ഒരാളാണ് ഇ. എന്‍ ഇബ്രാഹീം മൗലവി. ഇദ്ദേഹമാണ് ശിയാക്കളുടെ ‘അസ്സഹ്ഹുല് കുത്തുബി ബഅ്ദ കിതാബില്ലാഹി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘നഹ്ജുല്‍ ബലാഗ’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. സയ്യിദുനാ അലി റ വിന്റെ പേരില്‍ ഉള്ളതും ഇല്ലാത്തതുമായ കുറെ പ്രഭാഷണങ്ങളും കത്തുകളും സമാഹരിച്ചിട്ടുള്ള തികഞ്ഞൊരു വാറോലയാണ് നഹ്ജുല്‍ ബലാഗ. ഇറാന് നേരിട്ട് മലയാളത്തില്‍ ഇറക്കിയ ശിയാ സാഹിത്യങ്ങളില്‍ പോലും നഹ്ജുല്‍ ബലാഗ ഉണ്ടായിരുന്നില്ല. ആ വിടവ് നികത്തിയത്, ജമാഅത്ത് പണ്ഡിതനായ ഇ എന്‍ ഇബ്രാഹീം ‘സലഫി’ യായിരുന്നു! തൂവലുകളും തോരണങ്ങളും പിടിപ്പിച്ച് ഈ ‘പാളക്കിതാബ്’ ബഹുമാനാദരവുകളോടെ സുന്നി ലോകത്തേക്ക് നേരത്തേ ഇറക്കുമതി ചെയ്തത്, സലഫി പ്രസ്ഥാനത്തിന്റെ ആഗോള ബുദ്ധി കേന്ദ്രമായ മുഹമ്മദ് അബ്ദ മൌലവിയും!!
ശിഈ രോഗം സമുദായത്തില്‍
ശീഅത്തും സുന്നത്തും വകതിരിയുന്ന മര്‍മ്മ പ്രധാനമായ ‘വഴിത്തിരിവുകള്‍’ പരിശോധിച്ചാല്‍ സമസ്തയെ ശിയാക്കള്‍ക്ക് തീരെഴുതുന്ന വഹാബി തീവ്രത യില്‍ സത്യസന്ധതയോ പക്വതയോ ഇല്ലെന്ന് വ്യക്തമാകും. പൊതുവേ വികാര വിക്ഷോഭത്തിന്റെ ഊഷ്മാവ് നോര്‍മല്‍ കണ്ടീഷനപ്പുറം കടന്നവരെയാണല്ലോ മുസ്ലിം ലോകം വഹാബി എന്ന് വിളിക്കുക. അവര്‍ മാതൃകാ ആചാര്യന്മാരായി കാണുന്ന ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ്, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ഗഫറഹുല്ലാഹ് തുടങ്ങിയ പ്രമുഖര്‍ക്ക് പോലും ഇല്ലാത്ത ശിയാഫോബിയയാണ് സമകാല വഹാബികളെ ബാധിച്ചിട്ടുള്ളത്. അവരെല്ലാത്തവരെല്ലാം അവര്‍ക്ക് ശിയാക്കള്‍ ആണ്.
ശീഈസം സാധ്യമാക്കുന്നതാര്?
ശിഈസം ഒരു കാന്‍സര്‍ ആണ്. ചിലപ്പോള്‍ പ്ലേഗ് പോലെ മഹാമാരിയാണ്. നല്ല പ്രതിരോധ ശേഷിയില്ലാത്തവരെ അത് പൊടുന്നനെ ബാധിക്കാവുന്നതാണ്. ശിഈസം പോലുള്ള ഏതൊരു പകര്‍ച്ച വ്യാധിയെയെയും പ്രതിരോധിക്കാനുള്ള ഫലപ്രദവും സുരക്ഷിതവും പാര്‍ശ്വ ദോഷങ്ങള്‍ ഇല്ലാത്തതുമായ വഴി, അഹ്ലുസ്സുന്നയെ സുഭദ്രമായി നിര്‍വചിച്ച ഇമാമുകളെ അവലംബിക്കുക എന്നതാണ്. അവര്‍ വളച്ചു കെട്ടിയ മതിലകള്ക്കപ്പുറം (ഹിമ) എത്തിനോക്കുന്നത് പോലും അപകടം വരുത്തും. ചാടിക്കടന്നാല്‍ ഉറപ്പായും പരുക്ക് പറ്റും. അതെത്ര വലിയ ജ്ഞാനിയാനെങ്കില് പോലും. ഇമാം അഹ്മദ് റ യുടെ ‘തോട്ടത്തില്‍’ വളര്‍ന്ന ഇബ്നു തൈമിയ്യ മതില് ചാടിയപ്പോള്‍ സംഭവിച്ച അപകടം, താരതമ്യേന നിസ്സാരമാണെങ്കിലും, ഒരു പാഠമാണ്. തൌഹീദ് വിശകലനത്തില്‍ അസ്മാ സ്വിഫാത്ത് സംബന്ധമായ ഇബ്നു തൈമിയ്യയുടെ കാഴ്ചപ്പാട് ശിഈ മരുപ്പറമ്പുകളില്‍ നിന്നും കയറിക്കൂടിയ ‘ഇഫ്രീത്ത്’ ആയിരുന്നല്ലോ. മുത്വലാഖ് ഒന്നായിട്ടേ ഗണിക്കുകയുള്ളൂ, മാസമുറപ്പിക്കാന്‍ കണക്ക് അവലംബിക്കണം എന്നിത്യാദി ചെറു ജിന്നുകളും അദ്ദേഹത്തെ ബാധിക്കുകയുണ്ടായി.
അഹ്ലുസ്സുന്നയുടെ മനോഹരവും സമൃദ്ധവും പുഷ്കലവുമായ, നാല് വളപ്പുകള്‍ ഉള്ള വിശാലമായ തോട്ടത്തില്‍ നിന്നും പുറത്തുപോയി ചങ്ങാത്തം സ്ഥാപിച്ചവര്‍, തങ്ങളുടെ ചങ്ങാതിമാരെ ഇടയ്ക്കെല്ലാം ഇങ്ങോട്ടു കൊണ്ടുവന്ന് സൗഹൃദം പങ്കിട്ടതിന്റെ ദുരിതവും സലഫി ധാരയില്‍ കാണാം. അഹ്ലുസ്സുന്നയുടെ ശോഭയില്‍ അസൂയ പൂണ്ട വിദ്വേഷികള്‍ ഇങ്ങോട്ട് ചാടിക്കടന്ന് സുന്നി തറവാട്ടില്‍ പിറന്നവരാണെന്ന് വരുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ശിയാ ചങ്ങാത്തം വഴി അഹ്ലുസ്സുന്നയെ അടിമുടി കേടുവരുത്തിയവരായിരുന്നു മുഹമ്മദ് അബ്ദുവും ശിഷ്യ- സഹ ബുദ്ധിജീവികളും. ശിഈസത്തെ ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കാന്‍ ഇറങ്ങിയ വഹാബികള്‍ പക്ഷേ, ഇക്കാര്യം അത്ര ഉറക്കെ പറയാന്‍ മടിക്കുന്നു. ശിഈ ബുദ്ധിജീവിയായ ജമാലുദ്ധീനെ തഖ്ലീദ് ചെയ്യുന്നവരാണ് സലഫികള്‍. കേരളത്തിലെ പ്രഥമ സലഫിയായ വക്കം മൌലവിയുടെ ഊര്‍ജ്ജ സ്രോതസ്സയിരുന്നല്ലോ ജമാലുദ്ധീന്.
ശിയാക്കളിലെ കടുപ്പമേറിയ വിഭാഗമായ ഇസ്മാഈലീ വിഭാഗത്തിന്റെ ആഗോള ഇമാം ആയിരുന്ന ആഗാഖാന്‍ തുടക്കം കുറിച്ച, തുടര്‍ന്ന് മറ്റൊരു മാരക ഉപവിഭാഗമായ ഇസ്നാ അശരീ വിഭാഗത്തില്‍ പെട്ട മുഹമ്മദലി ജിന്ന നേതൃത്വം കൊടുത്ത മുസ്ലിംലീഗ് മലബാറില്‍ നട്ടതും കൊയ്തതും വഹാബി സലഫികള്‍ തന്നെയായിരുന്നല്ലോ.
ഇസ്ലാമിലെ രാഷ്ട്രീയ സിദ്ധാന്തത്തിന് പ്രാമാണിക അടിത്തറ തിരഞ്ഞുപോയ സയ്യിദ് അബുല്‍അഅലാ മൌദൂദി ഗഫറഹുല്ലാഹ്, ഇമാമത്ത് സംബന്ധമായ ശിയാക്കളുടെ ദുര്‍വ്യാഖ്യാനങ്ങളുടെയും ചരിത്ര നിര്‍മ്മിതികളുടെയും വലയില്‍ കുരുങ്ങിയത് മറ്റൊരു ഉദാഹരണം. അഹ്ലുസ്സുന്നയുടെ വൈജ്ഞാനിക ആരാമത്തില്‍ തന്നെ അദ്ദേഹത്തിന്റെ വിശപ്പും ദാഹവും തീര്‍ക്കാന്‍ പര്യാപ്തമായ വിഭവങ്ങള്‍ എമ്പാടുമുണ്ടായിരുന്നു. രാഷ്ട്ര സിദ്ധാന്തം വിവരിക്കുമ്പോഴും അതിനോട് ചേര്‍ന്ന് ഖുലഫാഉറാഷിദ്കളെയും പില്ക്കാല ഖലീഫമാരെയും നിരൂപിക്കുമ്പോഴും അദ്ദേഹത്തിനു സംഭവിച്ച ഗുരുതരമായ കൈപിഴവുകള് ഇറാന് വിപ്ലവാനന്തരം കൂടുതല്‍ പ്രചാരത്തില്‍ കൊണ്ടുവന്നു.
പൈതൃക ധാരയുടെ ഭദ്രത
വസ്തു നിഷ്ഠമായി അപഗ്രഥനം ചെയ്താല്‍, അശ്അരീ ശാഫിഈ ജുനൈദീ ധാരയില്‍ അടിയുറച്ച കേരളത്തിലെ സുന്നി സമൂഹത്തിനിടയിലാണ് പകര്‍ച്ചവ്യാധികളെ/ ‘കാഫിര്‍ ജിന്നുകളെ’ പ്രതിരോധിക്കാനുള്ള ഇമ്മ്യൂണിറ്റി കൂടുതലെന്നു കാണാന്‍ നിഷ്പ്രയാസം സാധിക്കും. അവരില്‍ സുഭദ്രമായി കാണപ്പെട്ട പ്രതിരോധ ശേഷിയുടെ ചില കാരണങ്ങള്‍/ലക്ഷണങ്ങള്‍ നിരത്താം:
1- കേരളത്തില്‍ മുസ്ലിംകള് വളര്‍ന്നു പന്തലിച്ച കാലം മുതല്‍ മത പരമായ വിശ്വാസ നടപടികള്‍ക്ക് നിര്‍ണ്ണിതമായ ഒരു വൃത്തമുണ്ടായിരുന്നു. ഇമാം ശാഫിഈ റഹി വരച്ചതായിരുന്നു ആ വൃത്തം. അതില്‍ കര്‍മ്മ നടപടികള്‍ക്കൊപ്പം വിശ്വാസ- സംസ്കരണ പാഠങ്ങള്‍ കൂടി അകപ്പെട്ടിരുന്നെങ്കിലും പില്ക്കാലത്ത് വിശ്വാസ സംഗതികള്‍ ഇമാം അശ്അരീ റഹി യും സംസ്കരണ പാഠങ്ങള്‍ ശൈഖ് ജുനൈദുല്‍ ബഗ്ദാദി റഹി യും വികസിപ്പിച്ചു വ്യവസ്ഥാപിതമായി അതിര് വരച്ചു. ഈ വൃത്തത്തിനകത്തിരുത്തിയാണ് കേരള മുസ്ലിംകള്ക്ക് അവരുടെ ആചാര്യന്മാര് ശിക്ഷണം നല്കിപ്പോന്നത്. ഇമാമുമാരായ ഷാഫിഈ, അശ്അരീ, ജുനൈദീ എന്നിവര്‍ വരച്ചു തന്ന വൃത്തത്തെ, അവ്യക്തതകള്‍ പരിഹരിച്ചും പ്രമാണങ്ങള്‍ നിരത്തി ഭദ്രമാക്കിയും പില്ക്കാല വക്താക്കള്‍ മനോഹരമാക്കി. ഇനിയും ഈ മതില്‍ക്കെട്ടിനകത്ത് യാതൊരു വിധ ക്ഷുദ്ര അണുക്കളും – ഖാരിജത്ത്, ശീഅത്ത്, മുഅതസിലത്ത്, ഖദ്രിയ്യത്ത്, ജബരിയ്യത്ത്, മുജസ്സിമത്ത് എന്നിത്യാദി യാതൊന്നും- ഇല്ലെന്ന കാര്യം സുവിദിതമാണ്. അതായത്, ഈ വൃത്തത്തിനകത്ത് കാണുന്നതല്ല ശിഈസം ആരോപിച്ച് പുറത്താക്കേണ്ട വിശ്വാസ നടപടികള്‍. സമയാസമയങ്ങളില്‍ ക്ലാവ് നീക്കിയും തുടച്ച് വൃത്തിയാക്കിയും സംരക്ഷിച്ചു പോന്നിട്ടുള്ള ഈ വൃത്തത്തിന്റെ കേന്ദ്രബിന്ദുവും അതിരുകളും വ്യവസ്ഥാപിതമായി പ്രതിപാദിക്കുന്ന പാഠപുസ്തകങ്ങള്‍ ചൊല്ലിക്കൊടുത്തു വളര്‍ത്തിയെടുത്ത, ഓതിപ്പഠിച്ചു വളര്‍ന്നു വലുതായ സമുദായമാണ് കേരള മുസ്ലിംകള്. മംഗലാപുരം ഖാസിമാര്‍, കോഴിക്കോട് ഖാസിമാര്‍, പൊന്നാനി മഖ്ദൂമുമാര്‍, ജിഫ്രി- മമ്പുറം- ബുഖാറ സയ്യിദുമാര്‍ തുടങ്ങിയ ജ്ഞാന നേതൃത്വങ്ങളുടെ കാവലില്‍ സംരക്ഷിക്കപ്പെട്ട പ്രസ്തുത വൃത്തത്തില്‍ നിന്നും ‘ഔദ്യോഗികമായി’ സമുദായം പുറത്തുപോയില്ല. അവര്‍ ഒരുതരം യാഥാസ്ഥികരായിരുന്നു; അപ്പുറത്തേക്കും ഇപ്പുറത്തെക്കും എത്തിനോക്കാന്‍ വിസമ്മതിച്ച ‘മൂരാച്ചികള്‍’ ആയിരുന്നു
എന്നിരിക്കേ, കേരള മുസ്ലിംകളുടെ കഴിഞ്ഞ കാലം ശിഈ വല്കൃതമാണെന്ന് വലിയ വായില്‍ ആര്‍ത്ത് തളരുന്ന വഹാബി ഉച്ചഭാഷിണികള്‍ക്ക് ശിയാക്കളുമായി വല്ല രഹസ്യ ബാന്ധവവും ഉണ്ടോയെന്ന് പരിശോധിക്കേണ്ടി വരും. അതേസമയം, യാതൊരു വിധ വൃത്തത്തിനകത്തും ഒതുങ്ങിക്കഴിയാന്‍ വിസമ്മതിച്ച ‘പുതിയ കൊച്ചു നേതൃത്വങ്ങള്‍’ ഒന്നൊന്നായി കടന്നുകയറിയപ്പോള്‍ അവരെയാണ് പൊട്ടിച്ചൈത്താനും ചേക്കുട്ടിപ്പാവയും ചാത്തനും ഭദ്രകാളിയും പിടികൂടിയത്. അവരില്‍ നിന്നാണ് ‘വരമ്പുകളില്‍’ നിന്നിരുന്ന അംഗുലീ പരിമിതമായ പാരമ്പര്യ മുസ്ലിംകളെ ബാധ പിടികൂടിയത്.
2- കേരള മുസ്ലിംകള്ക്കിടയില് ‘അനൌദ്യോഗികമായി’ ഉയര്‍ന്നു വന്ന വ്യാജ നേതൃത്വങ്ങള്‍ മുഖ്യമായും മൂന്ന് ഇനമാണ്. ഒന്ന്, ആത്മീയം അഥവാ ത്വരീഖത്ത് നാടകങ്ങള്‍. രണ്ട്, പരിഷ്കരണം അഥവാ വളയമില്ലാ ചാട്ടക്കാര്. മൂന്ന്, രാഷ്ട്രീയക്കാര്‍. സമുദായത്തിലെ ജ്ഞാനികള്‍ കാത്തുപോന്ന വൃത്തത്തെ ഇവര്‍ ഓരോരുത്തരും അല്പാല്പമായി അകത്തു നിന്നും തുരന്നു നശിപ്പിച്ചു കൊണ്ടിരുന്നു. കൊണ്ടോട്ടിയില്‍ പ്രത്യക്ഷപ്പെട്ട ഇറാനി +പഠാണി മാന്ത്രികനാണ് ഏറനാട്ടില്‍ ഷിയാ വൈറസുകള്‍ വിതരണം ചെയ്ത ആദ്യത്തെ ആത്മീയ നാടകക്കാരന്. വൃത്തം കാക്കുന്ന കാവല്‍ ഭടന്മാര് അവര്‍ക്കെതിരെ വില്ലുകുലച്ചു. അധികാരികള്‍ നല്കിയ സാമ്പത്തിക- സൈനിക പിന്തുണയുടെ ബലത്തില്‍ പിടിച്ചുനിന്ന ശൈഖ്, തന്റെ കറുത്ത മന്ത്ര വിദ്യകള്‍ വഴി അന്നാട്ടിലെ കുടിയാന്മാരുടെയും, സമീപകാലത്ത് ഇസ്ലാമിലേക്ക് വന്ന കര്‍ഷകജനതയെയും മായാ വലയത്തിലാക്കി. അഹ്ലുസ്സുന്നയുടെ ജ്ഞാനികള്‍ അവര്‍ക്കെതിരെ നീണ്ട നൂറ്റിയമ്പത് വര്‍ഷക്കാലം ശക്തമായി പോരാടി. ഒടുവില്‍ കൊണ്ടോട്ടി എന്ന വഴികേടിന്റെ അന്നത്തെ ആസ്ഥാന കേന്ദ്രം പൊന്നാനി ഉലമാക്കളുടെ മുന്നില്‍ ‘സുജൂദ്’ ചെയ്തു. വര്‍ഷം 1908. അപ്പോഴും അരീക്കോട്, മുള്ള്യാകുര്‍ശി (പട്ടിക്കാട്) എന്നിവിടങ്ങളില്‍ ശിയാ കരിന്തിരി പുകഞ്ഞു കൊണ്ടിരുന്നു. ദുര്‍ബ്ബലരെങ്കിലും അരീക്കോട്ടെ പൊന്നാനി സുന്നികളുടെ ധീരോദാത്തമായ സമരത്തിലൂടെ അന്നാട്ടിലെ ശിയാ ഹോമകുണ്ഡം അവര്‍ കെടുത്തിക്കളഞ്ഞു. അപ്പോള്‍ വര്‍ഷം 1917. പാരമ്പര്യ മുസ്ലിംകളില് പ്രകടമായ പ്രതിരോധ ശേഷിയുടെ ഉജ്ജ്വലമായ അടയാളമായി ഈ കരിന്തിരി വിരുദ്ധ സമരത്തെ കാണാം.
സമസ്തകള്‍ , എത്ര ദൌരബ്ബല്യങ്ങള് ഉണ്ടെങ്കിലും, അടിസ്ഥാനപരമായി സുന്നികള്‍ ആണ്. അഹ്ലുസ്സുന്നയുടെ അടിത്തറ വിടാത്തവരാണ്. വഹാബി/ മൌദൂദികളെപ്പോലെത്തന്നെ. തിരുസുന്നത്ത്, ഇജ്മാഉ, ഖിയാസ് എന്നിവയുടെ അടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കണം എന്ന വീക്ഷണം ഉള്ളവരാണ്. ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണ്. കഅബയിലേക്ക് തിരിയുന്നവരാണ്; സ്വഹാബികളെ ബഹുമാനിക്കുന്നവരാണ്. (ഒറ്റപ്പെട്ട മൌലവിമാരുടെ അതിവാദം സംഘത്തിന്റെ മൊത്തം വീക്ഷണമല്ല). ഉമ്മഹാത്തു ശരീഅ: യില്‍ ഭിന്നത പുലര്‍ത്താത്തവരാണ്. എന്നിരിക്കേ, സുന്നികളെ ശിഈകള്‍ക്ക് വിട്ടുകൊടുക്കാന്‍ തിടുക്കം കാണിക്കുന്നവര്‍ ഗുരുതരമായ അപരാധമത്രേ ചെയ്യുന്നത്.
വളയമില്ലാ ചാട്ടക്കാരുടെ രംഗപ്രവേശം
അഹ്ലുസ്സുന്ന ധീരമായ ശിയാവിരുദ്ധ പോരാട്ടത്തില്‍ കിതക്കുന്ന ആ നാളുകളിലാണ്, മുസ്ലിംകള്ക്കിടയില് പാന്റ്സും മുറി കയ്യും അണിഞ് കിരീടം നഷ്ടപ്പെട്ട തലയുമായി പരിഷ്കാരത്തിന്റെ വിസിലൂതി ‘വളയമില്ലാ ചാട്ടക്കാര്’ കടന്നുവന്നത്. കേരള മുസ്ലിംകളെ അഹ്ലുസ്സുന്നയുടെ വൃത്തത്തിനകത്ത് തളച്ചിടാന്‍ സമസ്ത രൂപം കൊള്ളുന്ന പശ്ചാത്തലം അതാണ്. ശിയാക്കള്‍ക്ക് ഫലം കൊയ്യാവുന്ന വിധം അഹ്ലുസ്സുന്നയുടെ ഭദ്രത തകര്‍ക്കുന്ന മുദ്രാവാക്യമായിരുന്നു , അതിനനുസൃതമായ ശിക്ഷണമായിരുന്നു ഈ പുതിയ കക്ഷി സമുദായത്തിന് സമ്മാനിച്ചത്. വൃത്തം തകര്‍ക്കാന്‍ അവരാദ്യം അതിന്റെ ആവിഷ്കര്‍ത്താക്കളായ ഇമാമുകളെ ‘കൊന്നു കൊലവിളിച്ചു’. അവരെ അവലംബിക്കുന്നത് അവരെ ദൈവമാക്കലാണെന്ന് തുള്ളിപ്പറഞ്ഞു. അവര്‍ മനോഹരമായി പണിത സുന്നി വിശ്വാസ കൈവഴികള്‍ കുത്തിപ്പൊളിച്ചു വികൃതമാക്കി. അവിടെ കുപ്പിച്ചില്ലുകള്‍ വിതറി. സമുദായം തലകുനിച്ചിരുന്ന് ഓതിപ്പഠിച്ചിരുന്ന, അഹ്ലുസ്സുന്നയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുതരുന്ന സനൂസിയും നൂറുല്‍ അബ്സ്വാറും അദ്കിയായും അവര്‍ കത്തിച്ചു ധൂളികളാക്കി. സാധാരണക്കാരെ പിന്തിരിപ്പിച്ചു സ്കൂളില്‍ കുറ്റിയിട്ടു. അടുക്കും ചിട്ടയുമുള്ള വിശ്വാസപഠനം ഇല്ലാതായി, കര്‍മ്മശാസ്ത്ര പ്രവര്‍ത്തി പരിചയം ഒഴിവാക്കി, സംസ്കരണ മുറകള്‍ പരിശീലിക്കുന്നത് വര്‍ജ്ജ്യമായി. തൗഹീദ് പഠിപ്പിക്കാന്‍ മുഹമ്മദ് അബ്ദു വെന്ന ശിയാ ശിഷ്യന്റെ ‘രിസാലത്ത് തൌഹീദ്’ സലഫികളുടെ ഉന്നത മത കലാലയങ്ങളില്‍ പാഠപുസ്തകമായി വാണു. നിലവിലുള്ള സമുദായത്തെ മുശ്രിക്ക് വിളിക്കാന്‍ ആവശ്യമായ പാടവം മാത്രമായി വിശ്വാസ പഠനം ചുരുക്കി. പരിഷ്കാരത്തിനൊപ്പം, രാഷ്ട്രീയ സംവിധാനങ്ങളുടെ വ്യതിയാനവും തല്‍ഫലമായി രൂപം കൊണ്ട രാഷ്ട്രീയ സംഘങ്ങളും ചേര്‍ന്നപ്പോള്‍ സമുദായം ഭീഷണമായ തോതില്‍ വൃത്തത്തിനു പുറത്തുചാടി നൃത്തം വെക്കാന്‍ തുടങ്ങി. ഇങ്ങനെ വൃത്തവും പ്രാസവും വേണ്ടെന്നു വെച്ച ‘പുതു മുസ്ലിംകളെ’, അഖീദയും ഫിഖ്ഹും അഖ്ലാഖും ഇല്ലാത്ത ‘ഫ്രീ’ക്കന്മാരെയും ഫ്രീക്കത്തികളെയും ഏതു തൊഴുത്തിലേക്കും ആര്‍ക്കും നയിക്കാന്‍ നിഷ്പ്രയാസം സാധിച്ചു. ഇത്തരത്തില്‍ വൃത്തത്തില്‍ നിന്നും പുറത്തുപോയി തെരുവില്‍ അലയുന്നവരെയാണ് എല്ലാത്തരം വേണ്ടാതീനങ്ങളും പിടികൂടിയത്. ചുരുക്കത്തില്‍, ശിഈസം അടക്കമുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി സമുദായത്തിനു നഷ്ടപ്പെടുത്തിയതില്‍ വളയമില്ലാ ചാട്ടക്കാരുടെ പങ്ക് ഭീകരമാണ്.
ചേകനൂര്‍ മൌലവിയുടെ പ്രായോഗിക മനശാസ്ത്രം
സമുദായത്തെ ശീഈസത്തിലേക്ക് തെളിച്ച വഴി എന്തായിരുന്നുവെന്ന് ചേകനൂര്‍ മൌലവി പറഞ്ഞുതരും. ശീഈ ചരിത്ര സ്രോതസ്സുകളും ഹദീസ് നിഷേധ പ്രവണതയും കോപ്പിയടിച്ച് പരിഷ്കരണ വേഷത്തില്‍ രംഗത്തുവന്ന ചേകനൂര്‍ മൌലവി യിലൂടെയാണ് താത്വികമായ തലത്തില്‍ ശീഈസം മലയാളികള്‍ പരിചയപ്പെടുന്നത്. പൊന്നാനി കോടതിപ്പടിയിലെ ഒരു ചായക്കടയിലിരുന്ന് മിസ്റ്റര്‍ ചേകനൂര്‍ മൗലവി ചായകുടിക്കുന്നു. അയാളെ അറിയുന്ന ഏതാനും പേര് അടുത്തു ചെന്ന് സംസാരം തുടങ്ങി. ശിഈ വിശ്വാസവും ഫിഖ്ഹും ചരിത്ര സമീപനവും അപ്പടി കോപ്പിയടിച്ചു ‘പുതിയ കണ്ടെത്തലുകള്‍’ അവതരിപ്പിച്ച് മൌലവി ‘ആളായി’ക്കൊണ്ടിരിക്കുന്ന എഴുപതുകളിലാണ് സംഭവം. മൗലവി കുറച്ച് സമയം കൊണ്ട് അവരെ പോക്കെറ്റിലാക്കി. കോടതിപ്പടി യില്‍ മൌലവി രണ്ടു ദിവസം പ്രസംഗിക്കണം എന്നായി അവര്‍. അഴീക്കല്‍ കോടതിയോട് ചേര്‍ന്നാണ്. ഉസ്താദ്മാര് പഠിപ്പിക്കാത്ത ഒരിസ്ലാമുമായി ആര് വന്നാലും അവരെ കൈ കൊണ്ട് തന്നെ പ്രതിഷേധം അറിയിക്കുന്ന ‘ഈമാന്‍’ ആയിരുന്നു അഴീക്കല്‍ ദേശക്കാരുടെ അന്നത്തെ സവിശേഷത. മൌലവിക്കിതറിയാം. മൗലവി അവരോടു പറഞ്ഞു: “നിങ്ങളാദ്യം മുജാഹിദ്/ ജമാഅത്ത് മൌലവിമാരെ കൊണ്ടുവന്ന് പ്രസംഗിപ്പിക്കണം; അങ്ങനെ ജനങ്ങളുടെ ബൌദ്ധിക നിലവാരം പാകമാകുമ്പോള്‍ ഞാന്‍ വരാം. അതിനു മുമ്പ് അവിടെ പ്രസംഗിച്ചാല്‍ ആളുകള്‍ പ്രക്ഷുബ്ദരാകും”.
പ്രഥമ പരിഷ്കര്‍ത്താക്കള്‍ ആദ്യം സമകാല ജ്ഞാനികളെ കുറ്റപ്പെടുത്തുകയും ജനങ്ങളെ സംശയ്ത്തിലാക്കുകയും ചെയ്തു. പിന്നെ, അവര്‍ പറയുന്നത് കളവും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആണെന്നും വിമര്‍ശിക്കാന്‍ തുടങ്ങി. അവരുമായുള്ള അടുപ്പം ജനങ്ങള്‍ കുറച്ചു. പിന്നെ, ഇമാമുകളെ തള്ളി പ്പറയാന് തുടങ്ങി. നേരെ ഖുര്‍ആനിലേക്കും സുന്നത്തിലെക്കും പിടിച്ചുവലിച്ചു. യഥാര്‍ത്തത്തില്‍ ഇവര്‍ അര്‍ത്ഥ കല്പന ചെയ്യുന്നതിനെ , വ്യാഖ്യാനിക്കുന്നതിനെയാണ് ഖുര്‍ആന്‍ സുന്നത്തായി ജനത്തെ ധരിപ്പിച്ചത്. ‘ഹോ, ഖുര്‍ആനിനും പ്രവാചകനും വിരുദ്ധമായ കാര്യങ്ങള്‍ ആണല്ലേ ഈ മുസ്ല്യാക്കന്മാര് പറഞ്ഞു നടന്നിരുന്നത്!” എന്നൊരു പ്രതികരണം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. ആദ്യഘട്ടം അങ്ങനെ. ഖുറാനും സുന്നത്തും നോക്കി ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ ദീനുല്‍ ഇസ്ലാം, പരിഭാഷകള്‍ ലഭ്യമാണ്, വായിച്ചു നോക്കുവീന്‍’ എന്നായി അടുത്ത സ്വര മാറ്റം. കുറേകാലം മൂല ഭാഷയില്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ വെച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ത്രാണിയുള്ള ഏതാനും മൌലവിമാര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു; ഇപ്പോള്‍ അവര്‍ക്ക് വംശനാശം വന്നതിനാല്‍, ജനത്തെ നേരിട്ട് പരിഭാഷകള്‍ നോക്കി ഇജ്തിഹാദ് നടത്താന്‍ പരിശീലിപ്പിക്കുകയെ വഴിയുള്ളൂ. അങ്ങനെ ജനം മുജ്തഹിദുകള്‍ ആയ രണ്ടാം ഘട്ടം മുന്നോട്ടു പോയി.
അടുത്ത ഘട്ടത്തില്‍, ഖുര്‍ആനും സുന്നത്തും തമ്മില്‍ കൂട്ടിമുട്ടുന്ന ഒട്ടേറെ രംഗങ്ങള്‍ കാണിച്ച്, ഖുറാനെതിരെ വരുന്ന ഹദീസുകള്‍ തള്ളാനുള്ള ആഹ്വാനമായി. എന്തുകൊണ്ടാണ് ഖുറാന് വിരുദ്ധ ഹദീസുകള്‍ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഇടം പിടിച്ചത്? ഉത്തരം കൊടുത്തു : ഹദീസുകള്‍ ചില സ്വാര്‍ത്ഥ ഭരണ കക്ഷികള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടതാണ്. അമവികളുടെ കാലത്താണ് ഇങ്ങനെ ഹദീസ്കള്‍ ഉണ്ടാക്കിയത്. മുആവിയയും മര്വാനുമായിരുന്നു അതിന് ആളെ നിയമിച്ചത്. അവര്‍ക്ക് വേണ്ടി ഹദീസുകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ സ്വഹാബികള്‍ പോലും ഉണ്ടായിരുന്നു. അത് സമുദായത്തില്‍ പ്രചരിപ്പിക്കാന്‍ ബുഖാരിയും കൂട്ടരും വന്നു. ഹദീസുകള്‍ ഉണ്ടാക്കിയ അധികാരികളും അവരോടൊപ്പം നിന്ന സ്വഹാബികളും വെറുതെയങ്ങ് ഉണ്ടായതല്ല. അവരുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ഉസ്മാനും ഉമറും അബൂബകറും പങ്കുവഹിച്ചിട്ടുണ്ട്. അവരാണ് അഹ്ലുല്‍ ബൈത്തിന്റെ അവകാശം തട്ടിയെടുത്തത്. ഹദീസുകള്‍ ആവശ്യത്തിന് ഉണ്ടാക്കുവാനുള്ള മാതൃക അബൂബക്രില്‍ നിന്നാണ് മറ്റുള്ളവര്‍ പകര്‍ത്തിയത്. അഹ്ലുല്‍ ബൈത്തിന്റെ അവകാശങ്ങളും അപദാനങ്ങളും പറയുന്ന ഖുര്‍ആനിലെ ആയത്തുകള്‍ പോലും അവര്‍ ഒളിച്ചു വെച്ചു.. ഇങ്ങനെ മുന്നോട്ട് മുന്നോട്ട് പോകുവാനുള്ള ചില ആമുഖങ്ങളാണ് സലഫികളിലൂടെ ശിയാക്കള്‍ നിര്‍വ്വഹിച്ചത്. ചേകനൂര്‍ മൗലവി സഞ്ചരിച്ചു തീര്ന്നിടത്താണ് ഇറാനികള്‍ യാത്ര തുടര്‍ന്നത്.
മൂലപ്രമാണങ്ങളുടെ അടിത്തറയില്‍ ചില നിലപാടുകള്‍ അഇമ്മത്ത് കൊത്തിവേച്ചിരുന്നു. ഉദാ. ‘സ്വഹാബികള്‍ പാപ സുരക്ഷിതര്‍ അല്ലെങ്കിലും നീതിമാന്മാര് ആകുന്നു. വന്‍ പാപങ്ങളില്‍ നിരതരായവര്‍ അല്ല. അവരുടെ സംഘടിത തീരുമാനം സമുദായത്തിന് പ്രമാണമാണ്’. ഈ ശിലകളില്‍ കയറി നിന്ന് വേണ്ടിയിരുന്നു ചരിത്ര വായന. അപ്പോഴേ, ആരുടെ ചരിത്രം വായിച്ചാലും തള്ളേണ്ടതും കൊള്ളേണ്ടതും ഏതെന്ന വിവേചന ബുദ്ധി ലഭി ക്കുമായിരുന്നുള്ളൂ. അഇമ്മത്തുകളെയും അവര്‍ പാകിയ അടിക്കല്ലുകളെയും സമുദായ മനസ്സില്‍ നിന്ന് ഇളക്കിയെടുത്ത ശേഷം ചരിത്രത്തിലേക്ക് ചിലര്‍ ഊളിയിട്ടു. അവിടെ കൂരാകൂരിരുട്ടില്‍ അവര്‍ തപ്പിത്തടഞ്ഞു. ചിലരെ കടല്‍പ്പാമ്പ് കൊത്തി. മറ്റു ചിലരെ തിമിഗലം വിഴുങ്ങി.
സമസ്തയുടെ ഉണര്‍വ്വ് കാലം
ചേകനൂര്‍ മൌലവിക്കു മുമ്പ് ഈ സൈക്കോളജി സമസ്തക്ക്/ പാരമ്പര്യ അഹ്ലുസ്സുന്നത്തിനറിയാമായിരുന്നു. കാലാന്തരത്തില്‍ ക്രമേണ ക്രമേണയായി ആളുകള്‍ വഴികേടിലേക്ക് പോകുമെന്ന തിരിച്ചറിവില്‍ , അതിര്‍ത്തിയുടെ കുറെ ഇങ്ങേപ്പുറം കയര്‍ കെട്ടി വഴി തടയുന്ന നിലപാട് അവര്‍ പലകാര്യത്തിലും സ്വീകരിച്ചിരുന്നതായി കാണാം. ‘അതെന്തിനാ, ഇവിടെ കയര്‍ കെട്ടുന്നു. അതാ ആ കാണുന്നതുവരെയില്ലേ നമ്മുടെ അതിര്?’ എന്ന് കാര്യം തിരിയാത്ത ചിലരെങ്കിലും അവരെ വിമര്‍ശിച്ചു. കയര്‍ നീക്കി അതിരോളം പോയവരെ പിന്നെ കാണാനായത്, അതിരിനപ്പുരത്തെ കയത്തില്‍ മുങ്ങിക്കുളിക്കുന്നതായും പിന്നീട് മുങ്ങിച്ചാകുന്നതുമാണ്.
അശ്അരീ- ശാഫിഈ വിധേയത്വം പ്രഖ്യാപിച്ച സമുദായത്തിന്റെ പണ്ഡിത കൂട്ടായ്മയായാണ് സമസ്ത ആവിര്‍ഭവിക്കുന്നത്. അശ്അരീ- ശാഫിഈ ധാരയ്ക്ക് പരിചയമില്ലാത്തതും സമുദായം അടുപ്പം കാണിക്കുന്നത് അവരെ അപകടത്തിലാക്കുമെന്ന് ഭയക്കെണ്ടതുമായ പുതിയ ചിന്തകളെയും അതിന്റെ വക്താക്കളെയും ബിദ്അത്ത് മുദ്രയടിച്ച് അവഗണിക്കുകയായിരുന്നു സമസ്ത. അഹ്ലുസ്സുന്നയ്ക്ക് വിരുദ്ധരെന്നു അവര്‍ മനസ്സിലാക്കിയ വഹാബിയ്യത്ത്, റാഫിദിയ്യത്ത്, ഖാദിയാനിസം, വ്യാജ ശൈഖന്മാര് തുടങ്ങിയവരെ ഇസ്ലാമിക മായ സര്‍വ്വ വിധ ബഹിഷ്കരണ മുറകള്‍ ഉപയോഗിച്ച് സമസ്ത പ്രതിരോധിച്ചു. “മധ്യത്തില്‍ (=ഇടക്കാലത്ത്) ശീഇയ്യത്ത്, വഹാബിയ്യത്ത്, ഖാദിയാനിയ്യത്ത്, മുസ്ലിഹിയ്യത്ത് മുതലായ വഴിതെറ്റിയ തരക്കാര്‍ മലയാളത്തിന്റെ ചില ഭാഗങ്ങളില്‍ വന്നുകൂടി ബിദ്അത്ത് എന്ന നാശവിത്ത്..” പാകുകയും മുളപൊട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമസ്ത രൂപീകരിച്ചതെന്ന്, കോഴിക്കോട് നിന്നും സമസ്ത 1929 ല്‍ ആരംഭിച്ച ‘അല്ബയാന്’ അറബി മലയാള മാസികയുടെ പ്രഥമ ലക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
1930 march 17 ന് മണ്ണാര്‍ക്കാട് വെച്ചു നടന്ന സമസ്തയുടെ നാലാം സമ്മേളനത്തിലെ നാലാം പ്രമേയത്തില്‍, ശിയാക്കളെന്നു വിധിച്ച് സമസ്തയുടെ ഗുരുനാഥന്മാര് പുറം തള്ളിയ കൊണ്ടോട്ടി കൈക്കാരെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു. ” ചോറ്റൂര്‍ കൈക്കാര്, കൊണ്ടോട്ടി കൈക്കാര്, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സുന്ദര വിശ്വാസ നടപടികളോട് കേവല മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള കൂട്ടുകെട്ടും സുന്നി മുസ്ലിംകള്ക്ക് കേവലം പാടുള്ളതല്ലെന്നു ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.”
സമസ്തയുടെ തീരുമാനപ്രകാരം ചോറ്റൂര്‍ ത്വ്രീഖതുകാര്ക്കെതിരെ ആഞ്ഞടിച്ച പണ്ഡിത മഹാനായിരുന്നു ചെറിയ മുണ്ടം കുഞ്ഞിപ്പോക്കര് മുസ്ല്യാര്‍ (1306/1889-1407/1951). അദ്ദേഹം സമസ്തയുടെ നിര്‍വാഹക സമിതി അംഗം കൂടിയായിരുന്നു. ഇദ്ദേഹത്തിന് സമസ്തയും അക്കാലത്തെ ഉലമാക്കളും കല്പിച്ചിരുന്ന വലുപ്പം അറിയാന്‍ അന്നത്തെ അല്ബയാന് മാസികയില്‍ വന്ന ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത കാണുക: “ഇടിത്തീ വീണാലെന്ന പോലെ ഹൃദയ സ്തംഭനമുണ്ടാക്കുന്ന ഭയങ്കര വാര്‍ത്ത, കനത്ത മലയെയും കടുത്ത പാരയെയും ഇടിപൊടിയാക്കുന്ന വ്യാസന വാര്‍ത്ത. പേനകൊണ്ട് എഴുതി ഒപ്പിക്കാന്‍ സാധ്യമാവാത്ത ഒരു ദുഃഖ വാര്‍ത്ത…” അദ്ദേഹം ചോറ്റൂര്‍ കൈക്കാര്‍ക്കെതിരെ എഴുതിയ പ്രൌഡമായ രചനയാണ് ‘ഹിദായത്തുല്‍ മുതലതിഖ്”. അതില്‍ വഴികെട്ട സ്വൂഫികളെ പരാമര്‍ശിക്കവേ കൊണ്ടോട്ടിയില്‍ കുടിയേറിയ മുഹമ്മദ് ഷാ ഫഖീറിനെ ക്കുറിച്ച് അദ്ദേഹം എഴുതുന്നു: “സര്ഖസ്തി പറഞ്ഞ അപകട ഫഖീര്മാരില് പെട്ടവരാണ് പന്ത്രണ്ടാം ഖര്‍നിന്റെ അവസാനത്തില്‍ മലബാറില്‍ വന്നു മുഹറമാത്തുകളെ ഹലാലാകി വാജിബാത്തുകളെ സാഖിത്വാക്കി ഹജ്ജും കഅബയും കഅബത്തിന്റെ രബ്ബും റസൂലും ഒരു സ്ഥലത്തുണ്ട്; ഒരു പുരുഷനിലുണ്ട്; ആ പുരുഷന് ഞാനാണെന്ന് പറഞ്ഞ ഫഖീര്‍..” (ചെറിയമുണ്ടം കുഞ്ഞിപ്പോക്കര് മുസ്ല്യാര്‍, ഹിദായത്തുല്‍ മുതലത്തിഖീന്’ 36). ഈ ഗ്രന്ഥം വായിച്ചു സമ്മതപത്രം നല്കിയ മുപ്പത്തി ഒന്ന് പണ്ഡിതന്മാരില് അല്ലാമാ ശാലിയാത്തിയും പാനായിക്കുളം അബ്ദുറഹ്മാന് മുസ്ലിയാരും അടക്കമുള്ള സമസ്തയുടെ ആധികാരിക നേതൃത്വങ്ങളും സഹയാത്രികരും മാത്രമാണുള്ളത്. അവതാരിക എഴുതിയിട്ടുള്ളത് കക്കാട് പഴയ മാളിയേക്കല്‍ സയ്യിദ് ഐദരൂസ് ജിഫ്രി അവര്‍കളും.
ആയിരത്തി തൊള്ളായിരത്തി അമ്പത്തിനാല്
മുന്‍കാല സുന്നി നേതൃത്വത്തില്‍ നിന്നും സമസ്ത ഉലമാകള്‍ ഏറ്റെടുത്ത ‘കൊണ്ടോട്ടി വിരുദ്ധ’ സമരത്തെ കുറിച്ച് മുജാഹിദ് പക്ഷത്തുനിന്നും വിലയിരുത്തുന്നത് കാണുക: “കൊണ്ടോട്ടി കൈക്കാര്ക്കെതിരില് സമസ്തക്കാര്‍ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്നു. ഒന്നാമത്തെ മമ്മദിശ്ശ (മുഹമ്മദ് ഷാ) മുതല്‍ ഉള്ള കൊണ്ടോട്ടി ത്വരീഖതുകാര്‍ കാഫിരാണെന്ന് ‘ഹിദായത്തുല്‍ മുഅമിനീന്‍’ മാസികയില്‍ അഹ്മദ് ഹാജി വിധിയെഴുതി. ‘കൊണ്ടോട്ടി കൈക്കാര്‍ക്ക് സൂര്യനെ കൊട്ടയിട്ടു മൂടാന്‍ കഴിയുമോ?’ എന്ന ശീര്‍ഷകത്തിലെ ലേഖനം നോക്കുക… ചോറ്റൂര്‍ , കൊരൂര് , കൊണ്ടോട്ടി കൈക്കാര് (ത്വരീഖത്കാര്) വഴി പിഴച്ചവരും സൂന്നികള്മായി ബന്ധപ്പെടാന്‍ പാടില്ലാത്തവരുമാണെന്ന് സമസ്തക്കാര്‍ പലതവണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതാണ്. കറ്റാനം സ്വദേശിയായ പതി അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ കൊണ്ടോട്ടി കൈക്കാര് അറുത്ത മാംസം കഴിക്കുന്നതുപോലും വിരോധിച്ചിരുന്നു…” (കെ കെ മൂഹമ്മദ് അബ്ദുല്‍ കരീം, സമസ്തയുടെ പ്രമേയങ്ങള്‍ ഒരു നിരൂപണം,30). കൊണ്ടോട്ടിസത്തിനു വേരുകളുള്ള പെരിന്തല്‍മണ്ണ മുല്ള്യാകുര്ശി മഹല്ല് സന്ദര്‍ശിച്ചപ്പോള്‍ ഈ കുറിപ്പുകാരന് അറിയാന്‍ കഴിഞ്ഞതും ഇത് തന്നെയാണ്. ‘പൊന്നാനി’യുടെ നയം തുടര്‍ന്ന സമസ്തയുടെ ശക്തമായ നിലപാട് നിമിത്തം കൊണ്ടോട്ടിസം വിട്ടു ‘സുന്നി’യാകാന്‍ താല്പര്യം പ്രകടിപ്പിച്ചു വരുന്നവര്‍ക്ക് പട്ടിക്കാട് കറാച്ചി ബാപ്പുഹാജിയെന്ന സമസ്ത പ്രമുഖനും പതി അബ്ദുല്‍ ഖാദിര്‍ മുസ്ല്യാരും ചേര്‍ന്ന് ‘ശഹാദത്തും തബ്രിഅത്തും’ ചൊല്ലിക്കൊടുത്തിരുന്ന സംഭവം ഓര്‍ക്കുന്ന പഴമക്കാരെ അവിടെ നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞു. 1954 ല്‍ ആ മഹല്ല് ഒന്നടങ്കം പരസ്യമായി പൗര മുഖ്യന്മാരുടെ മുന്നില്‍ വെച്ച് തൗബ ചെയ്തു അഹ്ലുസ്സുന്നയിലേക്ക് മടങ്ങിവന്ന ആവേശകരമായ സംഭവം, സമസ്തയുടെ അല്ബയാന് റിപ്പോര്‍ട്ട് ചെയ്യുന്നത് ചുവടെ വായിക്കാം.
പെരിന്തല്‍മണ്ണ ഒക്റ്റോബര്‍ 26 :
ഇവിടേക്കടുത്ത മുള്ളിയാക്കുര്ശി അംശത്തില്‍ പഴയ ജുമുഅത്ത് പള്ളി മഹല്ലില്‍ പെട്ട മുസ്ലിമീങ്ങള്‍ ഒരു ശതാബ്ദ ക്കാലത്തോളമായി കൊണ്ടോട്ടി കൈക്കാര് എന്നറിയപ്പെടുന്ന ശീഅ വിഭാഗക്കാര്‍ ആണെന്നുള്ള കാരണത്താല്‍ അവരും മറ്റു മുസ്ലിമീങ്ങളും തമ്മില്‍ യാതൊരു സമ്പര്‍ക്കവുമില്ലാതെ ജീവിക്കാന്‍ ഇടവരുത്തിയ ഗൌരവാവഹമായ കക്ഷി വഴക്ക് ഇന്ന് അവസാനിച്ചിരിക്കുന്നു. അല്‍ ഹംദ് ലില്ലാഹ്
ഇവിടത്തെ ഖാസി ജനാബ് എം അലവി മുസ്ല്യാരും പള്ളി ക്കാരണ വന്മാരും പ്രസ്തുത മഹല്ലില്‍ പെട്ട മറ്റുള്ളവരും “ആക്ഷേപത്തിനിടയായ കൊണ്ടോട്ടി കൈക്കാരുടെ പഴയ വിശ്വാസാ ചാരങ്ങളൊന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇല്ലെന്നു” പ്രഖ്യാപിക്കുകയും മേലില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആചാര വിധികള്‍ക്കനുസരിച്ച് ജീവിക്കുന്നതാണെന്ന് സമ്മതിക്കുകയും ചെയ്ത വഴിക്കാണ് ഈ കക്ഷിത്വം അവസാനിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് ജുമുഅക്ക് മുമ്പായി ഒരു പൊതുയോഗം താഴേക്കോട് മുദരിസ് ജനാബ് പി കുഞ്ഞലവി മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ പ്രസ്തുത പള്ളിയില്‍ വെച്ച് ചേരുകയും ജനാബ് പി ഇമ്പിച്ചി മുസ്ല്യാര്‍ ഒരു ഉപദേശ പ്രസംഗം ചെയ്യുകയും അതോടെ ശരീഅത്ത് നിയമപ്രകാരമുള്ള ചട്ടങ്ങളെല്ലാം (= ശഹാദത്തും തബ്രിഅത്തും തൌബയും ചൊല്ലല്‍/ ചൊല്ലിക്കൊടുക്കള്-) നിര്‍വഹിക്കപ്പെടുകയും ചെയ്തു.
അനന്തരം പെരിന്തല്‍മണ്ണ ഖാസി ജനാബ് ഹാജി കെ മുഹമ്മദ് അബുല്‍ കമാല്‍ മൗലവി ഖുതുബയും ജുമുഅ നമസ്കാരവും നിര്‍വഹിക്കുകയും ചെയ്തു. മേപ്പടി ചടങ്ങുകളില്‍ ജനാബ് പി കോയണ്ണി സ്വാഹിബ് , ഓ ഉണ്ണിയാലി സ്വാഹിബ് (സ്ഥലം പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്), കെ ബാപ്പു എന്ന അഹ്മദ് സ്വാഹിബ്, കെ പി അബ്ദുള്ള സ്വാഹിബ്, കെ പി ബാപ്പു സ്വാഹിബ്, എന്‍ പി ആലിക്കുട്ടി ഹാജി തുടങ്ങിയുള്ള പെരിന്തല്‍മണ്ണ- കക്കൂത്ത്- കാര്യവട്ടം എന്നീ സ്ഥലങ്ങളിലെ പല പ്രധാനികളും സംബന്ധിച്ചിരുന്നു.
അവസാനമായി താഴെ പറയുന്ന പ്രതിജ്ഞാപത്രത്തില്‍ ജുമുയ്ക്ക് സംബന്ധിച്ചിരുന്ന ആ മഹല്ലിലെ മുഴുവന്‍ ജനങ്ങളും ഒപ്പ് വെക്കുകയുണ്ടായി.
പ്രതിജ്ഞ :
കൊണ്ടോട്ടിക്കൈ എന്നറിയപ്പെടുന്ന പിഴച്ച വിശ്വാസാചാരങ്ങളൊന്നും ഞങ്ങളില്‍ ഇപ്പോള്‍ ഇല്ലെന്നും അഥവാ ഉണ്ടെങ്കില്‍ തന്നെ ഞങ്ങള്‍ എല്ലാവരും ഒന്നൊഴിയാതെ അതില്‍ നിന്നു വിരമിച്ചിരിക്കുന്നുവെന്നും ഞങ്ങളെല്ലാവരും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാചാരങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതാണെന്ന് സമ്മതിക്കുകയും മേലില്‍ ദീനിയ്യായ വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശ പ്രകാരം നടക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇതിനാല്‍ ഉറപ്പ് നല്‍കുകയും ചെയ്തു കൊള്ളുന്നു”..
സ്വന്തം ലേഖകന്‍.
അല്ബയാന് 1371 സ്വഫര്‍
പിന്നീട് സമസ്തയ്ക്ക് ശ്രദ്ധ പിഴച്ചോ?! അതോ ഉറങ്ങിയതോ? അല്ലെങ്കില്‍ രാഷ്ട്രീയം/ അധികാരം/ ഉപഗ്രൂപ്പുകളായുള്ള വടം വലിയുടെ ഹരത്തില് മയങ്ങിയതോ? നോക്കാം…
സ്വാലിഹ് നിസാമി പുതുപൊന്നാനി
25- 01-2018
Unknown
says:സത്യം ധീരമായി തന്നെ ഇങ്ങനെ
തുറന്നു പറഞ്ഞാൽ,
സത്യന്വേശികളായ ദീരന്മാർ യഥാർത്ത
അഹ്ലുസുന്നത്തിൽ നിന്ന്
ഒരിക്കലും വ്യതിചലിക്കില്ല,,
ഇങ്ങനെ പല
സത്യങ്ങളും തുറന്ന് പറയാൻ കഴിയാത്തതാണ്
സാഹചര്യം പലരേയും
പല വിഭാഗങ്ങളായി വേർത്തിരിക്കുന്നത്,,,