ശീഈ ചരിത്രത്തിനൊരാമുഖം

റാഫിദികള്‍/ ശീഈകള്‍ വിവിധ ഉപവിഭാഗങ്ങളുണ്ട്.  ഇമാമിയ്യ വിഭാഗമാണ്‌ ഇക്കാലത്ത് കൂടുതലായി ഉള്ളത്. മറ്റുള്ളവര്‍ കുറവാണ്. ഇമാമിയ്യ വിഭാഗത്തിലെ ഇസ്നാ അശരികള്‍, സൈദികളും പിന്നെ ഇസ്മാഈലികള്‍/ബോറകള്‍ എന്നിവരുമാണ്  ഇക്കാലത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. അവരില്‍ ഇസ്നാ അശരികളാണ് പ്രബല കക്ഷി. ഇറാന്‍റെ ഔദ്യാഗിക മതം ഇസ്നാ അശരിയ്യത് ആണ്.
ഉസ്മാന്‍ റ നെ കലാപകാരികള്‍ വധിച്ചതിനു ശേഷം ഇസ്‌ലാമിക ഖിലാഫത്തില്‍ സംജാതമായ കലുഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ അലി റ ന്‍റെ പക്ഷത്ത് മഹാഭൂരിഭാഗം സ്വഹാബികളും ഉറച്ചുനിന്നു. അവരില്‍ മുഹാജിറുകളും അന്സ്വാരുകളുമായ സ്വഹാബികള്‍ പോലും ഉണ്ടായിരുന്നു. മുആവിയ റ ന്‍റെ നേതൃത്വത്തില്‍ എതാനും സ്വഹാബി പ്രമുഖരും അലിയും തമ്മിലായിരുന്നു നയപരമായ രാഷ്രീയ ഐക്യം ഇല്ലാതിരുന്നത്. മുആവിയ്യ പക്ഷം അലിയാരുടെ ഖിലാഫത്ത് തിരസ്കരിക്കുകയോ അധികാരം തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തതല്ല അവര്‍ തമ്മിലുള്ള ഭിന്നതക്ക് നിദാനം. ഉസ്മാന്‍ റ നെ വധിച്ചവരെ കണ്ടെത്തി ശിക്ഷ നല്കിയിട്ടു മതി മറ്റു രാഷ്ട്രീയ നീക്കങ്ങള്‍ എന്ന കടുത്ത വാശിയിലായിരുന്നു മുആവിയ്യയും സംഘവും. ഒരു നായകന്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌താല്‍, മറ്റു വ്യവഹാരങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് സമുദായം അവരുടെ നായകനെ തിരഞ്ഞെടുക്കണം എന്നത്രേ അലി റ യുടെ നിലപാട്. കലുഷമായ ആ സാഹചര്യത്തില്‍ സാവകാശമേ പ്രതിക്രിയാ നടപടികള്‍ സാധ്യമാകൂ എന്നതായിരുന്നു അലിയാര്‍ തങ്ങളുടെ സുചിന്തിതമായ നിലപാട്. ഇതാണ് അവര്‍ക്കിടയിലെ തര്‍ക്കം. അക്രമകാരികളെ ഉടന്‍ ശിക്ഷിക്കുന്നത് മൂലം സാമുദായിക അന്തരീക്ഷം കൂടുതല്‍ വഷളാകുമെന്ന ഭയമായിരുന്നു അലിയാര്‍ സംഘത്തെ ഭരിച്ചിരുന്നത്.
എന്നാല്‍, മുആവിയ്യ സംഘം ഉറച്ചുനില്ല്ക്കുക മൂലം , അലിയാര്‍ തങ്ങള്‍ ഭയന്നതിനേക്കാള്‍ വലിയ ഫിത്നയാണ് സമുദായത്തില്‍ ഉണ്ടായിത്തീര്‍ന്നത്, അവര്‍ തമ്മിലുണ്ടായ യുദ്ധങ്ങള്‍ എക്കാലത്തേയുമുള്ള ഛിദ്രതക്ക് പ്രേരകമായി. ശത്രുക്കള്‍ അവസരം മുതലെടുക്കുകയും ചെയ്തു. ശത്രുക്കളും മുസ്ലിംകളും തമ്മില്‍ വലിയ കലഹങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന അലിയാര്‍ തങ്ങള്‍ക്ക് ഒടുവില്‍ മിത്രങ്ങളുമായി ത്തന്നെ ഘോര യുദ്ധം ചെയ്യേണ്ടിവന്നു. ഇരുപക്ഷവും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നു. അവര്‍  തമ്മില്‍ ജമല്‍ ,സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ വരെ ഉണ്ടായി. പ്രസിദ്ധമായ ബൈഅത്ത് രിള് വാനില്‍ പങ്കെടുത്ത എണ്ണൂറു സ്വഹാബികള്‍ അലി റ യോടൊപ്പം സ്വിഫ്ഫീനില്‍ പങ്കെടുത്തുവെന്നും അവരില്‍ മുന്നൂറു പേര്‍ അവിടെ ശഹീദായി എന്നും അല്ലാമാ ശാഹ് അബ്ദുല്‍ അസീസ്‌ ദഹ്ലവി രേഖപ്പെടുത്തുന്നു. എന്നാല്‍, ഇത്രയും സ്വഹാബികള്‍ യുദ്ധത്തില്‍ പങ്കെടുക്കകയോ രക്തസാക്ഷികള്‍ ആവുകയോ ഉണ്ടായിട്ടില്ലെന്നും, മിക്ക സ്വഹാബികളും അലിയുടെ പക്ഷത്തെ അംഗീകരിക്കുന്നതോടൊപ്പം മുസ്ലിംകള്‍ തമ്മിലുള്ള സംഘട്ടന’ത്തില്‍ അസംതൃപ്തരായി, മാറി നില്‍ക്കുകയായി രുന്നുവെന്നു ആധുനിക ഗവേഷകര്‍ സ്ഥിരീ കരിക്കുന്നുണ്ട്.
രാഷ്ട്രീയ നയവുമായി ബന്ധപ്പെട്ട അഭിപ്രായ അനൈക്യം സംഘട്ടനത്തില്‍ കലാശിച്ച ആ ദുരന്തത്തില്‍ ഇരു കക്ഷികളും സത്യവാന്മാര്‍ ആണെന്ന് അന്നും പില്‍ക്കാലത്തും ഉള്ള മുസ്ലിംകള്‍ മനസ്സിലാക്കി. ദുരന്തത്തില്‍ ദുഖിക്കുകയും ഇരു വിഭാഗത്തിനു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്തല്ലാതെ ഇരുവരെയും ആക്ഷേപിക്കാന്‍ മുസ്ലിം സമുദായം ഒരുക്കമല്ലായിരുന്നു.  എന്നാല്‍, ഇരുഭാഗത്തും പിന്നീടുണ്ടായ തീവ്രവാദികള്‍ ഒരുവിഭാഗം മറുവിഭാഗത്തെ ആക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍, ‘ സ്വഹാബികളിലെ ഘാതകരും കൊല്ലപ്പെട്ടവരും സ്വര്‍ഗ്ഗത്തിലാകുന്നു’ എന്നകാര്യം  വിശ്വാസകാര്യങ്ങളില്‍ ഉള്‍പ്പെടുത്തി പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കി. അന്ന് ഇരുപക്ഷത്തും ചേരാതെ, ആയുധമെടുക്കാതെ നിഷ്പക്ഷത പുലര്‍ത്തിയവരും സ്വഹാബികളില്‍ ധാരാളമുണ്ടായിരുന്നു. അവര്‍ അലിയെയും ആഇശയെയും മുആവിയയെയും തങ്ങളുടെ ‘നിഷ്പക്ഷത’ ബോധ്യപ്പെടുത്തിയിരുന്നു. അവര്‍ ആഇശ റ യുടെയും അലി റ യുടെയും അറിവുകളും മഹത്വങ്ങളും പക്ഷഭേദമില്ലാതെ പിന്‍തലമുറയെ പഠിപ്പിച്ചു.
നേര്‍ക്കുനേര്‍ ആയുധം എടുക്കാത്തവരും നിഷ്പക്ഷത പുലര്‍ത്തിയവരും, അതായത് അലി റ ന്‍റെ രാഷ്ട്രീയ നീക്കത്തില്‍ പ്രതിഷേധിക്കാത്തവര്‍ മുഴുവന്‍, ഹിജ്ര മുപ്പത്തിയേഴ് മുതല്‍ “ശീഅത്ത് അലി” എന്നറിയപ്പെട്ടു. അന്നത്തെ ചില സ്വഹാബികളെ കുറിച്ചും താബിഉകളെ സംബന്ധിച്ചും ‘അദ്ദേഹം അലിയാരുടെ ശീഅയില്‍ പെട്ടയാളാണ്’ എന്ന് അഹ്ലുസുന്നയുടെ ഗ്രന്ഥങ്ങളില്‍ കാണാം. മുആവിയയുടെ സംഘത്തില്‍ പെട്ട ആളായിരുന്നില്ല എന്നേ അതിനര്‍ത്ഥം കല്പിക്കുന്നുള്ളൂ. ശിയാക്കള്‍ പില്‍ക്കാലത്ത് പ്രചരിപ്പിച്ച ശീഇസവുമായി അവര്‍ക്ക് ബന്ധമൊന്നും ഇല്ല. അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവര്‍ക്ക് പോലുമില്ലാതിരുന്ന ‘ശിയാ വാദങ്ങള്‍’ മറ്റുള്ളവരില്‍ എങ്ങനെ ആരോപിക്കും.
 രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിവാദങ്ങള്‍ പൊങ്ങാന്‍ തുടങ്ങി. ജൂത പാരമ്പര്യമുള്ള യമനിലെ സ്വന്‍ആ സ്വദേശി അബ്ദുല്ലാഹ് ബിന്‍ സബഇന്‍റെ നിഗൂഡ നീക്കങ്ങള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. തിരുദൂതര്‍ സ്വ യുടെ ജാമാതാവ് അലി റ മറ്റു അനുചരന്മാരേക്കാള്‍ നിരുപാധികമായി സവിശേഷനാകുന്നു എന്നവാദം ആരംഭിക്കുന്നത് അങ്ങനെയാണ്. അഭിശപ്തമായ മുഴുവന്‍ ശീഈ പിഴ വാദങ്ങളിലേക്കുള്ള കവാടമാണിത്. അലി റ ന്‍റെ പ്രധാന ശിഷ്യനായിരുന്ന അബുല്‍ അസ് വദു ദുവലിയാണ് ഈ വാദത്തിന്‍റെ പ്രധാന വക്താവ്. പ്രസിദ്ധ താബിഈ പണ്ഡിതന്‍ ആയിരുന്ന അബൂ സഈദ് യഹിയ ബിന്‍ യഅമുര്‍, സാലിം ബിന്‍ അബീ ഹഫ്സ്വ, പ്രസിദ്ധ ഹദീസ് സമാഹര്‍ത്താവും ‘മുസ്വന്നഫ്’ രചയിതാവുമായ അബ്ദുറസാഖ്, ‘ഇസ്വലാഹുല്‍ മന്തിഖി’ ന്‍റെ ഉടമ അബൂ യൂസുഫ് ബിന്‍ സിക്കീത്ത് തുടങ്ങിയ പ്രമുഖരിലൂടെ ഈ വാദം – الشيعة التفضيلية – നിലനില്‍ക്കുകയും പ്രചരിക്കുകയും ചെയ്തു. പ്രവാചകന്മാര്‍ക്കു ശേഷം മനുഷ്യരില്‍ ഏറ്റവും ഉത്തമര്‍ യഥാക്രമം അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി റ എന്നിവരാകുന്നു എന്ന ഉറച്ച നിലപാടില്‍ ‘അഹ്ലുസ്സുന്ന മുന്നോട്ടുപോയി.
തുടര്‍ന്ന്, അലിയുടെ മറുപക്ഷത്തുള്ളവരെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ‘തീവ്ര അലി പക്ഷ’ വാദികള്‍ രംഗത്തുവന്നു. അവര്‍ സബ്ബികള്‍ എന്നറിയപ്പെട്ടു. സബ്ബ് എന്നാല്‍ പഴിക്കുക, അസഭ്യം പറയുക എന്നര്‍ത്ഥം.  ആദ്യമെല്ലാം മുആവിയ റ, യസീദ് തുടങ്ങി ‘ഉമവീ ഭരണ’ത്തെ മാത്രം നേരിട്ടവര്‍ പിന്നീട് വ്യത്യസ്ത അതിവാദങ്ങളുടെ മഹാ തീവ്രതയിലേക്ക് ചിന്ന ഭിന്നമായി വളരുകയായിരുന്നു. ‘ഉസ്മാന്‍ വധ’ത്തിനപ്പുറത്തെക്ക്, തിരുനബിയുടെ  വിയോഗാനന്തരം ഖലീഫയെ തിരഞ്ഞെടുത്ത സന്ദര്ഭത്തിലേക്ക് ശീഈ വാദങ്ങള്‍ വലിച്ചു നീട്ടിയത് ‘അസഭ്യവാദി’കളുടെ രണ്ടാം തലമുറയാണ്. ഖലീഫ പദവിക്ക് അലിയും സന്താനങ്ങളും മാത്രമേ യോഗ്യരായിട്ടുള്ളൂ എന്ന നിലപാടില്‍ എത്തുകയും ആദ്യഖലീഫമാരെയും അവരെ പിന്തുണച്ചവരെയും ആക്ഷേപിക്കുകയും ചെയ്യാന്‍ തുടങ്ങി. കപടന്മാര്‍ എന്നും തുടര്‍ന്ന്‍ സത്യനിഷേധികള്‍/ വഞ്ചകര്‍ എന്നുമെല്ലാം പഴിക്കാനും ആഇശ റ നെ രൂക്ഷമായി വിമര്‍ശിക്കാനും അവര്‍ പഠിച്ചു. ‘രാഷ്ട്രീയം അഥവാ നേതൃത്വം’ എന്ന പ്രശ്നത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ശീഈ വികല വാദങ്ങള്‍ കാലാന്തരത്തില്‍ വിശ്വാസ കര്‍മ കാര്യങ്ങളിലേക്ക് കൂടി പടരുകയും തീര്‍ത്തും ഭിന്നമായ ഒരു സമാന്തര ചിന്തയായി മുസ്ലിം സമൂഹത്തില്‍ നിലനിന്നു പോരുകയും ചെയ്തു.
ഹി 64 ല്‍ കൈസാനിയ്യ ,  66 ല്‍ മുഖ്താരിയ്യ, 109 ല്‍ ഹിശാമിയ്യ , 112 ല്‍ സൈദിയ്യ, 113 ല്‍ ജവാലിഖിയ്യ, ശൈത്വാനിയ്യ, 145 ല്‍ സരാറിയ്യ, ഫൌളിയ്യ, ബിദാഇയ്യ, ഉമാരിയ്യ, 155 ല്‍ ഇസ്മാഈലിയ്യ, ല്‍ മുബാരകിയ്യ, 183 ല്‍ വാഫിഖിയ്യ, 195 ല്‍ ഹസനിയ്യ എന്നീ ഉള്പിരിവുകള്‍ രൂപപ്പെട്ടു. 255 ലാണ് ഇസ്നാ അശരിയ്യ വിഭാഗം രൂപം കൊള്ളുന്നത്. അതിനു ശേഷം 299 ല്‍ മഹ്ദി വാദികളും 319 ല്‍ ഖറാമിത്വികളും രംഗത്തുവന്നു. ഹിംയരിയ്യ വിഭാഗം രൂപപ്പെടുന്നത് 483 ല്‍. താര്‍ത്താരീ ആക്രമണ നാളുകളില്‍ പിറവികൊണ്ട അല്‍ മസ്ഖതിയ്യ വിഭാഗമാണ്‌ അവസാനത്തെ റാഫിദീ സംഘം. മേല്പറഞ്ഞ വിഭാഗങ്ങള്‍ ഓരോന്നിലും  ഒട്ടേറെ ഉപവിഭാഗങ്ങളെ കാണാം.
അലി റ മുഅവിയയെക്കാള്‍ അര്‍ഹനാകുന്നു എന്ന ആരംഭ ആദര്‍ശത്തില്‍ നിന്നും പുരോഗമിച്, മറ്റുള്ള സകല സ്വഹാബികളെക്കാളും തന്നെ കേമനായി കാണാന്‍ തുടങ്ങിയ വഴികേട് അലി റ യുടെ ജീവിതകാലത്ത് തന്നെ നാമ്പെടുത്തിരുന്നു. അതറിഞ്ഞ അലി റ അവരെ തിരുത്തിയതായിരുന്നു. അദ്ദേഹം അവരെ താക്കീത് ചെയ്തു: “എന്നെ ആദ്യ രണ്ടു ഖലീഫമാരേക്കള്‍ മികവുള്ളവനാക്കി സംസാരിക്കുന്നതു കേട്ടാല്‍, വ്യഭിചാരാരോപകരെ ശിക്ഷിക്കുന്ന പോലെ, എണ്‍പത് അടി നല്‍കി ഞാന്‍ ശിക്ഷിക്കുന്നതാണ്’. പക്ഷേ, അവര്‍ ചിതല്‍ കണക്കെ ഉള്ളില്‍ പണിയെടുത്തു.
 ഹസന്‍ റ ന്‍റെ വഫാത്തിനുശേഷം അദ്ദേഹത്തിന്‍റെ സേവകനായിരുന്ന കൈസാന്‍, അലി റ ന്‍റെ മകന്‍ മുഹമ്മദിന്‍റെ കൂടെയാണ് കഴിഞ്ഞത്. ഹുസൈന്‍ റ വധിക്കപ്പെട്ടപ്പോള്‍ പ്രതികാരം ചെയ്യാന്‍ ഉറച്ച് ആദ്യമായി ജനങ്ങളെ സംഘടിപ്പിച്ചത് കൈസാന്‍ ആയിരുന്നു. ഇബ്നുസിയാദുമായി പോരാടാന്‍ കൈസാന്‍റെ കൂടെ സുലൈമാന്‍ ബിന്‍ സ്വര്ദ്, രിഫാഅ എന്നീ സ്വഹാബികള്‍ അണിനിരന്നു.  അവരെല്ലാം പോരാട്ടത്തില്‍ വധിക്കപ്പെട്ടു. അസഭ്യ വാദിയായ മുഖ്താര് ബിന്‍ ഉബൈദ സഖഫി പിന്നീട് പ്രതികാര സന്ദേശവുമായി വിപ്ലവാരികളെ സംഘടിപ്പിച്ചു.
‘ഇമാമത്ത്’ വാദത്തിന്‍റെ തുടക്കക്കാരന്‍ മുഖ്താര്‍ ആയിരുന്നു. അലി ക്ക് ശേഷം മകന്‍ മുഹമ്മദിനാണ് പിന്തുടര്‍ച്ച അവകാശം എന്നായിരുന്നു അയാള്‍ വാദിച്ചത്. ആദ്യത്തെ ഇമാമത്ത് വാദം അങ്ങനെയായിരുന്നു. അലിക്കോ ഹസനോ ഹുസൈനോ (റ) ഇമാമത്ത് അവകാശം പറഞ്ഞല്ല ഇമാമത്ത് വാദം തുടങ്ങുന്നത്. അലിയാര്‍ തങ്ങള്‍ക്ക് ബനൂഹനീഫക്കാരി യായ ഒരു സ്ത്രീയില്‍ പിറന്ന സന്താനമാണ് മുഹമ്മദ്‌ ഹനീഫിയ്യ. ഖലീഫയായിരിക്കുമ്പോള്‍ അബൂബകര്‍ റ വാണ് അലിയും ബനൂ ഹനീഫക്കാരിയും തമ്മിലുള്ള വിവാഹം ചെയ്തുകൊടുത്തത്. മുഹമ്മദ്‌ റ മദീനയില്‍ ജീവിക്കുന്ന കാലത്താണ് അദ്ദേഹമറിയാതെ ഇറാഖില്‍ മുഖ്താര്‍ മുഹമ്മദ്‌ റ നുവേണ്ടി വാദിക്കുന്നത്!! അലിയുടെ സകല സ്വകാര്യങ്ങളുടെയും ഖജനാവിന്റെ താക്കോല്‍ മുഹമ്മദ്‌ ആയിരുന്നു സൂക്ഷിച്ചിരുന്നതെന്ന് അയാള്‍ വാദിച്ചു. മാത്രമല്ല, അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ഹസനോ ഹുസൈനോ ഇമാമാത്തിന് യോഗ്യര്‍ അല്ലായിരുന്നു. കാരണം, ഹസന്‍ റ മുആവിയയുമായും ശാമുകാരുമായും സന്ധിക്ക് തയ്യാറായല്ലോ. അന്ന് അതിനെ പിന്തുണച്ചയാളാണ് ഹുസൈന്‍ റ!. മുഹമ്മദ്‌ റ ഇതെല്ലാം അറിഞ്ഞപ്പോള്‍ നിഷേധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. മുഹറം പത്തിന് വിലാപ സ്മരണ തുടങ്ങിയത് മുഖ്താര്‍ സഖഫി ആയിരുന്നു. പിന്നീട്, സ്വയം നുബുവ്വത്ത് വാദിച്ച മുഖ്താറിനെ, ഹുസൈന്‍ റ ന്‍റെ മകള്‍ സുകൈന ബീവിയുടെ ഭര്‍ത്താവ് മിസ്വഅബ് റ ന്‍റെ നേതൃത്വത്തിലുള്ള സൈന്യം വധിച്ചു കളഞ്ഞു.

ഇവിടം മുതലാണ്‌ ശിഈകളുടെ പൊളി വാദങ്ങള്‍ ശക്തിപ്പെടുന്നതും ‘ഒളി’ വാദങ്ങള്‍ തുടങ്ങുന്നതും. മുഖ്താര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ശത്രുഭയത്താല്‍ ഒളിഞ്ഞിരിക്കുകയാനെന്നും ചിലര്‍ വിശ്വസിച്ചു. സംഘത്തിന്‍റെ അടുത്ത ഇമാം ആരാണെന്ന കാര്യത്തിലും അവര്‍ ഭിന്നിച്ചു. സംഘത്തിലുണ്ടായിരുന്ന അബൂ കുറൈബിനെ ചിലര്‍ ബൈഅത്ത് ചെയ്തു. മുഹമ്മദ്‌ റ ന്‍റെ പുത്രന്‍ അബൂ ഹാശിമിലേക്ക് തുടര്‍ന്ന് അവരുടെ പുത്രപരമ്പരയിലേക്കും ‘ഇമാമത്ത്’ നീളുന്നുവെന്നു അഹ്ലുല്‍ബയ്ത്ത് വാദികളും വിശ്വസിച്ചു. എന്നാല്‍, അബൂ ഹാശിമിന് ശേഷം, അബ്ദുല്ലാഹി ബിന്‍ ജഅഫറിന്റെ അടിമകളില്‍ പെട്ടവര്‍ അദ്ദേഹത്തിന്‍റെ മകന്‍ മുആവിയയുടെ മകന്‍ അബ്ദുല്ലാ ‘ഇമാമത്ത്’ അര്‍ഹിക്കുന്നു എന്ന വാദവുമായി കൊടിപിടിച്ചു. കൂഫക്കാരില്‍ പലരും ഇതിനെയും പിന്തുണച്ചു. എന്നാല്‍, അബൂ ത്വാലിബ്‌ സന്തതികളില്‍ നിന്നും ‘ഇമാമത്ത്’ അബ്ബാസ് സന്തതികളിലേക്ക് ഗതി മാറിയിരിക്കുന്നു എന്ന് വാദിക്കുന്നവരും നിരത്തില്‍ അണിനിരന്നു. അവര്‍ പറഞ്ഞു, ഇപ്പോഴത്തെ ഇമാം അലി ബിന്‍ അബ്ദുല്ലാഹി ബ്നുല്‍ അബ്ബാസ്‌ ആകുന്നുവെന്ന്. അപ്പോഴൊന്നും അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരിലേക്ക് ചേര്‍ത്തോ, ഹുസൈന്‍ റ ന്‍റെ പുത്രന്‍ അലി സൈനുല്‍ ആബിദീന്‍ തങ്ങളെ കേന്ദ്രീകരിച്ചോ, ഹസന്‍ റ ന്‍റെ പുത്രന്മാരെ ബന്ധപ്പെടുത്തിയോ ഒരു ഇമാമത്ത് വാദിയും വാദവും  അവരുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അലിയാരുടെ മകന്‍ മുഹമ്മദ്‌ റ വാണേല്‍ മുഖ്താറിനെ തള്ളിപ്പറഞ്ഞതുമാണ്. അവര്‍ ആരും ഖിലാഫത്ത് വാദിച്ചോ ഇമാമത്ത് ചോദിച്ചോ ആളെ ക്കൂട്ടിയുമില്ല. പിന്നെ ഇമാമത്ത് അര്‍ഹത അഹ്ലുല്‍ ബൈത്തിനാണെന്ന മട്ടിലുള്ള അതിവാദങ്ങള്‍ ഉയര്‍ന്നു വന്നതെങ്ങനെയാണ്? എപ്പോഴാണ്‌?  

സ്വാലിഹ് നിസാമി പുതുപൊന്നാനി 
15- 01- 2018 
Leave a Reply