ശാസ്ത്രം എത്രത്തോളം ശാസ്ത്രീയമാണ് എന്ന കാര്യം സ്ഥിരീകൃതമല്ല, അതിലേറെ ഗുരുതരമായത് ശാസ്ത്രം എത്രമാത്രം വിശ്വാസ നീയമാകുന്നു 

സയന്‍സ് യൂറോപ്പിന് കുത്തകയല്ല..
ഭൂമിശാസ്ത്രപരമായ ആധിപത്യം നഷ്ടപ്പെട്ടെങ്കിലും, ‘പൊയ്പ്പോയ ലോകാധിപത്യത്തെ വീണ്ടെടുക്കാനുള്ള പ്രത്യയ ശാസ്ത്രോപാധി’ യെന്നോണം,   വൈജ്ഞാനിക- സാംസ്കാരിക രംഗത്ത് പാശ്ചാത്യന്‍ സവര്‍ണ്ണ മേല്‍ക്കോയ്മ സകല മനുഷ്യരെയും അടക്കി ഭരിക്കുകയാണ്. ആന്‍റോണിയോ ഗ്രാംഷിയുടെ ഭാഷയില്‍, ‘സിവില്‍ സൊസൈറ്റിയിലെ ഹെജിമണി’ വഴി, വീട്ടിലിരുന്ന് അന്യരാജ്യത്തെ ഭരിക്കുന്ന രാഷ്ട്രീയ ആധിപത്യത്തിന് വരെ അവര്‍ക്ക് സാധിക്കുന്നു. വിജ്ഞാനവും സംസ്കാരവും അധികാരത്തിനുള്ള ‘അധികാര’വും യൂറോപ്പില്‍ മാത്രമാണെന്ന ചിന്താഗതി വളര്‍ത്തുവാന്‍ തന്നെയാണ് അവരുടെ സന്നാഹങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതൊരുപക്ഷേ, നേരത്തെ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ അധിനിവേശ ദുരന്തത്തേക്കാള്‍ ഭീകരമായിട്ടാണ് ഭവിക്കുക.
ഇന്ത്യാ രാജ്യം കൊളോണിയല്‍ പൂര്‍വകാലത്ത് വൈജ്ഞാനികമായി വളരെ മുന്നിലായിരുന്നു. ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, ബ്രഹ്മഗുപ്തന്‍, നാഗാര്‍ജ്ജുനന്‍ തുടങ്ങിയ ഇന്നാടിന്റെ സ്വന്തം സന്തതികളും,  മുസ്‌ലിം ഭരണ കാലത്ത് ഇവിടെക്കൊഴുകി വന്നവരും ഭാരതാംബയുടെ വളര്‍ത്തു പുത്രന്മാരായി മാറിയവരുമായ  അനേകം ജ്ഞാന പ്രതിഭകളും ഇന്ത്യയെ വൈജ്ഞാനികമായി വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചവരാകുന്നു. ഇന്ത്യയെ വെള്ളക്കാര്‍ കീഴടക്കിയ പതിനെട്ടാം നൂറ്റാണ്ടില്‍ പോലും മഹിതമായ ആ വൈജ്ഞാനിക തുടര്‍ച്ചക്ക് ഭംഗം സംഭവിച്ചിരുന്നില്ല. ഇന്ത്യയുടെ ഉന്നതമായ വൈജ്ഞാനിക സമ്പന്നതയെക്കുറിച്ച് ധരംപാല്‍ എഴുതിയ ‘Indian Science and Technology in the Eighteenth Century എന്ന പഠന ഗ്രന്ഥം ഈ വസ്തുത വിശാലമായി സ്ഥിരീകരിക്കുന്നു. പ്രൊഫ ജോസെഫ് നിദാമീന്‍ എഴുതിയ Science and Civilization in China യില്‍ ചൈനയിലെ വൈജ്ഞാനിക പൈതൃകത്തെ കുറിച്ച് വിശദമായിത്തന്നെ വിവരിക്കുന്നു. 

 വെള്ളക്കാര്‍ ബൂട്ടമര്‍ത്തിയ, ബയണറ്റ് ആഴ്ത്തിയ നാടുകളിലെല്ലാം ഇപ്രകാരം അവരുടെതായ വൈജ്ഞാനിക പാരമ്പര്യം ഉജ്ജ്വലമായിരുന്നുവെന്ന് കാണാം. എന്നാല്‍ ഇന്ത്യ, ചൈന, ആഫ്രിക്ക, അറേബ്യ തുടങ്ങിയ നാടുകളിലെ ‘അറിവുകള്‍’ അറിവുകളായി അംഗീകരിക്കാന്‍ യൂറോപ്പ്യന്‍ ധാര്‍ഷ്ട്യത്തിന് വേണ്ടപോലെ ഇപ്പോഴും സാധിച്ചിട്ടില്ല. ആഫ്രിക്ക, അറേബ്യ എന്നീ രാജ്യക്കാരുടെ അറിവും സംസ്കാരവുമാണ്‌ യൂറോപ്പിന്‍റെ ദൃഷ്ടിയില്‍ എക്കാലത്തും ‘പ്രാകൃത’വും ‘അസംഗത’വുമായിട്ടുള്ളത്..
ഈജിപ്റ്റ് : ഗ്രീസിനെ വൈദ്യം പഠിപ്പിച്ച രാജ്യം…
ശാസ്ത്രത്തിന്റെ വിശിഷ്യാ തത്വ ശാസ്ത്രത്തിന്‍റെയും വൈദ്യ ശാസ്ത്രത്തിന്‍റെയും ആവിഷ്കര്‍ത്താക്കള്‍ തങ്ങളാണെന്ന ഗര്‍വ്വിലാണ് അന്യരെ യൂറോപ്പ് വിലയിരുത്തുക. കഥ ചുരുളഴിയുമ്പോള്‍ യൂറോപ്യരുടെ പിതാമഹന്മാര്‍ ഗ്രീസില്‍ നിന്നും ഈജിപ്റ്റ്‌ പോലുള്ള നാടുകളില്‍ പോയി വിജ്ഞാനം ചുമന്നു കൊണ്ടുവന്നവരായിരുന്നു എന്ന് തെളിയും. ഇക്കാര്യം വളരെ സുതാര്യമായി തെളിയിക്കുന്ന ഒരു ഗംഭീര അന്വേഷണമാണ് ഡോ. ആരിഫ് അലി കൊളത്തെക്കാട്ട് എഴുതിയ, ചിന്ത പുബ്ലിഷേഴ്സ് പ്രസിദ്ധം ചെയ്ത ‘അറിയപ്പെടാത്ത പൗരസ്ത്യ ലോകം’. ഹെല്ലനോ സെന്റ്രിസം’= ഗ്രീക്ക് കേന്ദ്ര വാദത്തിലൂടെയുള്ള യൂറോപ്പിന്‍റെ ജ്ഞാന മേല്‍ക്കോയ്മ നാട്യത്തെ മനോഹരമായി തൊലിയുരിക്കുകയാണ് ഗ്രന്ഥകാരന്‍.

യൂറോ കേന്ദ്രീകൃത വിജ്ഞന്മാര്‍ തങ്ങളുടെ സൌകര്യത്തിനനുസൃതമായി ലോകത്തെ വിവിധ തട്ടുകളാക്കി/ പേരുകള്‍ നല്‍കി വിഭജിക്കുകയായിരുന്നു. കിഴക്ക്/പടിഞ്ഞാറ്, പ്രാകൃതം/പരിഷ്കൃതം എന്നിങ്ങനെ അവര്‍ ഭൂമിയെ / ജനതതികളെ വര്‍ഗ്ഗീകരിച്ചുകൊണ്ടാണ് ഇതര ഭാഗങ്ങളെ നിന്ദിക്കുന്ന പടിഞ്ഞാറിന്റെ ‘ഒബ്സെഷന്‍’ മുന്നോട്ടുപോകുക. അവരെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക ഒരു കറുത്ത= ഇരുണ്ട ഭൂഖണ്ടമാണ്; വിജ്ഞാനത്തിന്‍റെ ആര്‍ദ്രത ഒട്ടുമില്ലാത്ത വരണ്ട മനുഷ്യരുടെ നാടാണ്. അവര്‍ക്ക് തത്വ ചിന്തകള്‍ എന്തെന്ന് അറിയില്ല. അതെ സമയം ഗ്രീക്ക് തത്വ ചിന്തയുടെ ആവിര്‍ഭാവം പോലെ അമ്പരപ്പിക്കുന്ന മറ്റൊന്നും ലോകത്തിന്നേവരെ ഉണ്ടായിട്ടുപോലുമില്ല.! സകല ജ്ഞാനങ്ങളുടെയും കലകളുടെയും ദര്‍ശനങ്ങളുടെയും പിതാവ് ഗ്രീസാണ്.!!
എന്നാല്‍, ഡോ ആരിഫ് അലി ചൂണ്ടിക്കാട്ടിയ പോലെ, പഴയ രാജ വംശത്തിന്‍റെ കാലം മുതല്‍ (3400- 2440 BC) ഈജിപ്തില്‍ വൈദ്യം ഒരുപാട് പുരോഗമിച്ചിരുന്നുവെന്ന് മാത്രമല്ല, സ്പെഷ്യലൈസേഷന്‍ പോലും നിലനിന്നിരുന്നു. അഞ്ചാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഗ്രീക്ക് ചരിത്രകാരന്‍ ഹെറഡോട്ട്സ്(484-425 BC) ഈജിപ്ത് യാത്രയില്‍ നേരില്‍ കണ്ടതാണ് അവിടെ രാജ്യമാകെ നിറഞ്ഞിരിക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ. ‘പ്രാചീന ഗ്രീസിലെ ചികിത്സയുടെ ചരിത്രം (തത്വ ചിന്തയുടെ ഒരു ശാഖയായാണ് ഗ്രീക്ക് വൈദ്യ ശാസ്ത്രമുയര്‍ന്നു വന്നത്) 776 ബി സി മുതല്‍ 156 ബിസി വരെയുള്ള കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഗ്രീക്ക് ചികിത്സയുടെ ശാസ്ത്രീയ മുന്നേറ്റം ഹിപ്പോക്രാറ്റസിനെ (460- 370 BC) കേന്ദ്രീകരിച്ചാണ് നടന്നത്. അദ്ദേഹമാണ് ഗ്രീക്ക് വൈദ്യത്തിനതിന്റെ ശാസ്ത്രീയ സ്പിരിറ്റും ധാര്‍മികാശയങ്ങളും നല്‍കിയതെന്ന് കരുതപ്പെടുന്നു. പരമ്പരാഗത ജീവ ചരിത്രമനുസരിച്ച്, ഹിപ്പോ ക്രാറ്റസ് നിരീക്ഷണപരമായ വൈദ്യ ശാസ്ത്രത്തിന്റെ സ്രഷ്ടാവെന്നും കേസ് ചരിത്രങ്ങളെ സംബന്ധിച്ചുള്ള റെക്കോര്‍ഡ്‌കള്‍ സൂക്ഷിച്ചയാളെ ന്നുമുള്ള ബഹുമതികള്‍ക്കര്‍ഹനാണ്. അതുകൊണ്ട് പലപ്പോഴും അദ്ദേഹത്തെ വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവെന്ന് കരുതാറുമുണ്ട്. ഒട്ടേറെ പേര്‍ ചിന്തിക്കുന്നത് വൈദ്യ ശാസ്ത്രത്തിന്‍റെ ജന്മഗേഹം ഗ്രീസാണെന്നാണ്. ചികിത്സകര്‍ അന്ധവിശ്വാസങ്ങളിലും വൈദിക ചികിത്സകളിലും ആശ്രയിക്കുന്നത് നിര്‍ത്തുകയും, രോഗത്തെക്കുറിച്ചുള്ള യുക്തിപരമായ കൌതുകത്തെ അതിനു പകരം വെച്ചുകൊണ്ട് ചികിത്സ തുടങ്ങിയതുമായ ആദ്യസ്ഥലമെന്നു. നിരീക്ഷണത്തിന്റെതായ ഈ മനോഭാവത്തിന്റെ വഴിവെട്ടിത്തെളിച്ച മുന്‍ നിരപ്പോരാളി ഹിപ്പോ ക്രാറ്റാസ് ആണെന്നും അവര്‍ കരുതുന്നു.” ഈ മിഥ്യാധാരണയെ വില്ല്യം ഒസ്റ്റെര്‍, ഗാരിസന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ തകര്‍ത്തിരിക്കുന്നു, ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. നൈല്‍ നദീ തട നാഗരികത ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് വൈദ്യ ശാസ്ത്രമായിരുന്നു.

ഗ്രീക്ക് തത്വ ചിന്തയുടെ പിതൃ സ്ഥാനവും ഇപ്രകാരം പുന പരിശോധിക്കപ്പെട്ടിരിക്കയാണ്. ഗ്രീക്കുകാര്‍ ലോകത്തിന്റെയാകെ അധ്യാപകരായിരുന്നു എന്ന ചിര സമ്മതമായ ശാസ്ത്രീയ ഐതിഹ്യത്തെ ഒട്ടേറെ പ്രഗല്‍ഭ ചരിത്ര നിരൂപകര്‍ കെടുത്തിക്കളഞ്ഞിരിക്കുന്നു. ഡോ. ജോര്‍ജ്ജ് ജയിംസിന്‍റെ Stolen Legacy (= മോഷ്ടിക്കപ്പെട്ട പൈതൃകം), മാര്‍ട്ടിന്‍ ബെര്‍ണാല്‍ എഴുതിയ Black Athena, Revised Ancient Model, പ്രസിദ്ധ ഈജിപ്തോളജിസ്റ്റ് ഡോ തെയോഫിലേ ഒബെന്‍ഗ്വ യുടെ A Lost Tradition: African Philosophy in the World History , Aristotle and Ancient Egypt  കിടിലന്‍ പുസ്തകങ്ങള്‍ ഇക്കാര്യം ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍, ഇത്തരം ഐതിഹ്യങ്ങളുടെ ബാധയേറ്റ ചിലര്‍ക്കത്രേ യൂറോപ്പ് ചൊരിയുന്നതെല്ലാം മഹാവിജ്ഞാനമായി തോന്നുന്നത്, ആഫ്രിക്കയെന്നാല്‍ ഒരു പ്രാകൃത രാജ്യമായി തോന്നുന്നത്.അറേബ്യയുടെ സംഭാവന
പ്രവാചകന്‍ മുഹമ്മദ്‌ മക്കയില്‍ ദിവ്യ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കാന്‍ തുടങ്ങിയതു മുതല്‍ ആധുനിക ശാസ്ത്രത്തിന്‍റെ യുഗപ്പിറവി സംഭവിക്കുകയായിരുന്നു. വായിക്കുക, മനനം ചെയ്യുക, നിരീക്ഷിക്കുക, ഭൂമിയിലും ഉപരിലോകത്തും യാത്ര ചെയ്തു കണ്ടെത്തുക തുടങ്ങിയ ആഹ്വാനങ്ങള്‍ മക്കയിലും മദീനയിലും ജ്ഞാന മഴ പെയ്തപ്പോള്‍, ശാസ്ത്ര ലോകത്ത് അത്ഭുതകരമായ പരിവര്‍ത്തനം സാദ്ധ്യമായി. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും പ്രവചകോക്തികളും അടിസ്ഥാനമാക്കി മുസ്ലിംകള്‍ വിജ്ഞാനത്തിന്‍റെ വിഹായസ്സിലേക്ക് പറന്നു. ആഴങ്ങളില്‍ മുങ്ങിത്തപ്പി. നഷ്ടപ്പെട്ട അമൂല്യ വസ്തുവിനെ തെരയുന്ന മാതിരി അവര്‍ ഭൂമിയിലും ഭാവനയുടെ ആകാശത്തും അറിവ് തേടി പരക്കം പാഞ്ഞു. മക്കയിലും മദീനയിലും തുടങ്ങിയ  മുസ്ലിം സമുദായം ഇരുന്നൂറു വര്ഷം പിന്നിട്ടപ്പോഴേക്കും ലോകത്തിന് അനേകം ശാസ്ത്രങ്ങളെ പരിചയപ്പെടാന്‍ സാധിച്ചു.
മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തില്‍ ആദ്യകാലങ്ങളില്‍ വളരെയേറെ പങ്കുവഹിച്ച നഗരമത്രേ ജുണ്ടി ഷാപ്പൂര്‍. ഏഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പാതിയോടടുത്ത് ഇസ്ലാമിന് കീഴിലായ ജുണ്ടി ഷാപ്പൂര്‍ ഇന്തോ- ഗ്രീക്ക് വിജ്ഞാനങ്ങളുടെ സംഗമ ഭൂമിയായി വര്‍ത്തിക്കാന്‍ അവസരം ലഭിച്ച ശ്രുതിപ്പെട്ട ജ്ഞാന നഗരിയത്രേ. ഇവിടെ വന്ന് ശാസ്ത്രങ്ങള്‍ പഠിച്ചെടുത്ത അറബികള്‍ മധ്യകാല ശാസ്ത്രീയ മുന്നേറ്റത്തിന്റെ യുഗപ്പിറവി യുടെ വിധേതാക്കളായി മാറുകയായിരൂന്നു. പുരാതന വൈജ്ഞാനിക കേന്ദ്രങ്ങളായ ഗ്രീസില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും അറിവുകള്‍ സമാഹരിച്ച മുസ്ലിം ജ്ഞാനാന്വേഷകര്‍ , അവയെ പരിഷ്കരിക്കുകയും തിരുത്തുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തതോടൊപ്പം, തത്വശാസ്ത്രം വാനശാസ്ത്രം വൈദ്യശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ മേഖലയില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു. ടോളമിയുടെ പ്രപഞ്ച ശാസ്ത്രത്തിന്‍റെ ദൗര്‍ബല്യങ്ങള്‍ അറബികള്‍ തിരുത്തി. അറബി ഫിസിഷ്യന്മാര്‍ പുതിയ വൈദ്യാപകരണങ്ങള്‍ കണ്ടെത്തി.

അഞ്ചും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലുള്ള അറേബ്യന്‍ യുഗത്തിലാണ് മധ്യ പൂര്‍വ ദേശത്തിന്‍റെ മണ്ണില്‍ നിര്‍ണ്ണായകമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നതും ആധുനിക ശാസ്ത്രത്തിന്‍റെ അടിത്തറ പാകപ്പെട്ടതും. ഈ കാല ഘട്ടത്തിലാണ് ബാഗ്ദാദ്, ഡമസ്കസ്, കൈറോ, ഖുര്തുബ തുടങ്ങിയ നഗരങ്ങള്‍ ലോക നാഗരിതയുടെ കേന്ദ്രങ്ങളായി അഭിവൃദ്ധി നേടുന്നത്; പണ്ഡിതന്മാര്‍ ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും സൈദ്ധാന്തിക തലത്തിലും പ്രയോഗ മേഖലയിലും വമ്പിച്ച പുരോഗതി നേടിയത്. മുന്‍ ധാരണകളുടെ തടവറകളില്‍ കിടന്ന ചില പടിഞ്ഞാറന്‍ ചരിത്രകാരന്മാര്‍ പറഞ്ഞതുപോലെ, അറബികള്‍ ഗ്രീക്ക് വൈദ്യത്തിന്റെ വെറും തര്‍ജ്ജമക്കാരോ പകര്‍പ്പുകാരോ മാത്രമായിരുന്നില്ല. ഗാലന്‍, ഹിപ്പോക്രാറ്റ്സ് തുടങ്ങിയ മുന്‍ഗാമികളുടെ പല മണ്ടത്തരങ്ങളും തിരുത്തിയവരാണവര്‍, വിവിധ മെഡിക്കല്‍ പ്രശ്നങ്ങളില്‍ ആയിരക്കണക്കിന് പ്രബന്ധങ്ങള്‍ എഴുതിയവര്‍. ഒട്ടേറെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയവര്‍. ( ‘അറിയപ്പെടാത്ത പൗരസ്ത്യ ലോകം’).
ആധുനിക ശാസ്ത്രത്തിന് ഇവ്വിധം അടിത്തറ പാകുവാന്‍ അറബികളെ പാകപ്പെടുത്തിയ ജ്ഞാനഗുരു മഹമ്മദ് നബിയോടാണ് യഥാര്‍ത്തത്തില്‍ ശാസ്ത്രലോകം കടപ്പെട്ടിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രജ്ഞന്‍ ബ്രിഫോള്‍ട്ട് പറഞ്ഞു:” ശാസ്ത്രം അറബ് സംസ്കാരത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.: ശാസ്ത്രത്തിന്‍റെ നിലനില്‍പ് തന്നെയും..” . എന്നിട്ടും മുസ്ലിംകളെ മനുഷ്യ ശരീര ശാസ്ത്രം പഠിപ്പിക്കാനും, ഇസ്ലാമിക ജീവിതത്തെ ശാസ്ത്രം നിവര്‍ത്തി പരിശോധിക്കാനും  യൂറോപ്പ് വലിഞ്ഞു കയറി വരുന്നത് എന്തൊരു തമാശയാണ്!

ഇസ്ലാമിക വിജ്ഞന്മാരുടെ ശാസ്ത്രീയ മുന്നേറ്റങ്ങളെ കുറിച്ച് സവിസ്തരം വെളിപ്പെടുത്തുന്ന ഗ്രന്ഥമത്രെ നാഷണല്‍ ജിയോഗ്രഫിക് ചാനലിന്‍റെ സഹകരണത്തോടെ പുറത്തിറങ്ങിയ 1001 inventions: The Enduring Legacy of Muslim Civilization . ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ British Science Association ചീഫ് എക്സിക്യൂട്ടിവ് സര്‍ റോളണ്ട് ജാക്സണ്‍ എഴുതുന്നത് ഇങ്ങനെ: “ This book,…, is a significant contribution to a wider historical understanding of science and technology within Muslim Civilization and a reminder our debt in modern societies to this particular tradition. Through informative text and vivid images, it clearly illustrates how men and women from various faiths and cultures , working within Muslim Civilization , have made many important and far- reaching contributions to the development of our shared scientific knowledge and our technologies, and the fact that their work has impacts on all our lives today”. യൂറോപ്പ് ഇത്രയും കാലം ഒളിച്ചുവെച്ച മുസ്ലിംകളുടെ ശാസ്ത്ര സംഭാവനകളുടെ “കുമ്പസാര സമാനമായ വെളിപ്പെടുത്തല്‍” എന്നാണ് പ്രസ്തുത പുസ്തകത്തെ കുറിച്ച് മറ്റു ചിലര്‍ വിലയിരുത്തുന്നത്. നമ്മുടെ സ്ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന നാല്പത് ‘ശാസ്ത്രീയ കളവുകള്‍’ തിരുത്താന്‍ ഈ പുസ്തകം സഹായകമാകും.
 
വൈദ്യം അലോപ്പതി മാത്രമല്ല..
യൂറോപ്പ് മുന്നോട്ടു വെക്കുന്ന ചികില്‍സാ രീതികള്‍ മാത്രമാണ് ശരിയും ശാസ്ത്രീയവുമെന്ന തെറ്റായ ധാരണ, പഴയ അധിനിവേശ കാലത്തെ നിലപാടുകളുടെയും പ്രചാരണങ്ങളുടെയും ഫലമെന്നോണം, യൂറോ കേന്ദ്രീകൃത ജ്ഞാന പ്രസരണ ദൗത്യം നിര്‍വ്വഹിക്കുന്ന കലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ‘ചെറുപ്പക്കാര്‍’ ഇക്കാലത്തും കൊണ്ടുനടക്കുന്നു. യൂറോപ്യന്‍ ശക്തികള്‍ കയറി ഞെരങ്ങിപ്പോയ നാടുകളില്‍ ഇത്തരം ധാരണകള്‍ ശക്തമാണ്.
ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രയോഗ തലത്തിലുള്ള ആയുര്‍വേദവും സിദ്ധവൈദ്യവും ഇസ്‌ലാമിക നാടുകളില്‍ പ്രചരിച്ച യൂനാനി- തിബ്ബുന്നബവി രീതികളും, പാശ്ചാത്യനെ സംബന്ധിച്ച് ഒട്ടു മതിപ്പില്ലാത്ത ചികിത്സാ സമ്പ്രദായങ്ങളത്രെ.  “ചെറുതുരുത്തിയില്‍ ഒരു ആയുര്‍വേദ ഡിസ്പെന്സറി ഉദ്ഘാടനം ചെയ്തപ്പോള്‍ മദ്രാസ്‌ ഗവര്‍ണര്‍ ആയിരുന്ന വെന്റ് ലാന്‍റ് പ്രഭു ഈ ആശയത്തെ ഒരു വിരുദ്ധോക്തിയിലൂടെ വെളിവാക്കുകയുണ്ടായി. സ്വദേശി വൈദ്യവ്യവസ്ഥയ്ക്ക്, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, ആന്തരീകാവയവ വിജ്ഞാനീയ( Anatomy)ത്തെക്കുറിച്ച് യാതൊന്നും അറിയില്ല. അവയുടെ ഔഷധങ്ങളാകട്ടെ ഗുണത്തില്‍ ദാരിദ്രവുമാണ്. കാരണ- ഫലബന്ധ (cause- effect) ത്തെ ക്കുറിച്ച് മനസ്സിലാക്കാനുള്ള യാതൊരു കഴിവുമില്ല. ഡല്‍ഹിയിലെ ആയുര്‍വേദ – യൂനാനി തിബ്ബി കോളേജിന്റെ തറക്കല്ലിടുന്ന ചടങ്ങില്‍ വെച്ച് ഇത്തരം ആശയത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഹാര്‍ഡിങ് പ്രഭുവും പങ്കുവെയ്ക്കുന്നുണ്ട്. എന്താണോ മദ്രാസ് ഗവര്‍ണറുടെ പ്രസംഗത്തില്‍ അന്തര്‍ലീനമായിരുന്നത് , അത് ഗവര്‍ണര്‍ ജനറലിന്റെ പ്രസംഗത്തില്‍ പൂര്‍ണ്ണമായും വെളിപ്പെട്ടു. “ഗവണ്മെന്റിന്റെ പിന്തുണ പാശ്ചാത്യ ചികിത്സാ സമ്പ്രദായത്തിന്‌ മാത്രമേ ലഭ്യമാകൂ”( സംസ്കാരവും ദേശീയതയും/ ഡോ. കെ എന്‍ പണിക്കര്‍/ കറന്റ് ബുക്സ്/2002). തല്‍ക്കാലം മറ്റു ചികിത്സാ രീതികള്‍  നിരോധിച്ചില്ലെങ്കിലും, അലോപ്പതി വൈദ്യന്മാര്‍ക്ക് മാത്രമേ ലൈസെന്‍സ് കൊടുത്തുള്ളൂ.
ഏതൊരു രാജ്യത്തെയും കാലാവസ്ഥയ്ക്ക് യോജിച്ച ചികിത്സാ സമ്പ്രദായമാണ് തദ്ദേശീയ ചികിത്സാ രീതികള്‍. പരിഷ്കരണവും പഠനങ്ങളും നിരന്തരം നടക്കണമെന്ന് മാത്രം. യൂറോപ്പ്യന്‍ ഹെജിമണി നിലനില്‍ക്കുന്ന ഇക്കാലത്ത് പലപ്പോഴും അതിന് സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ട് ഇക്കാര്യത്തിലുണ്ട്. പ്രായോഗികവും ഫലപ്രദവുമാണെന്ന് കണ്ട് ഒരു ദേശത്ത് സര്‍വ്വ സ്വീകാര്യമായി നിലനിന്നിരുന്ന ഒരു ചികിത്സാരീതി അപ്പാടെ, മറ്റൊരു കാലാവസ്ഥയില്‍, അതിനനുസൃതമായ ബയോ കെമിസ്ട്രി ഇല്ലാത്ത  മനുഷ്യരില്‍ പ്രായോഗികമായിരിക്കില്ല. എന്നാല്‍, ഒരു നാട്ടില്‍ നടപ്പുള്ള രീതി സമ്പൂര്‍ണ്ണം ആണെന്നും പറഞ്ഞുകൂടാ. പുറത്തുനിന്നും ദാനം സ്വീകരിക്കാതെ,  സ്വയംപര്യാപ്തതയില്‍ അഭിരമിക്കാന്‍ പലപ്പോഴും സാധിച്ചെന്നു വരില്ല.  ഇത്തരം പ്രായോഗിക വിജ്ഞാനങ്ങളുടെ കാര്യത്തില്‍ പരസ്പര ആദാന പ്രദാന രീതിയാണ് അഭികാമ്യം. വിദേശ നാടുകളില്‍ നിന്നും വന്ന് ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാര്‍ ഇന്നാട്ടിലെ ചികിത്സാ രീതികളെ ഇല്ലായ്മ ചെയ്യുവാനല്ല ശ്രമിച്ചത്; പരിപോഷിപ്പിക്കാനായിരുന്നു. അതോടൊപ്പം, യൂനാനി രീതി അന്നാടുകളില്‍ നിന്നും വന്നവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇവിടെ ഇറക്കുമതി ചെയ്യുകയും ചെയ്തു. ക്രമേണ വിദേശികള്‍ ആയുര്‍വേദവും സ്വദേശികള്‍ യൂനാനിയും അവസരോചിതം ഉപയോഗപ്പെടുത്തി.
കേരളത്തില്‍ കഴിഞ്ഞുപോയ മത പണ്ഡിതന്മാരായ ദശക്കണക്കിന് മുസ്ലിം വൈദ്യന്മാര്‍ ഈ സംഗതി ഉള്‍ക്കൊണ്ടവരായിരുന്നു. യൂനാനിയുടെയും തിബ്ബുന്നബവിയുടെയും ‘വൈദ്യ തത്വങ്ങള്‍’ മനസ്സിലാക്കിയ അവര്‍ അവയില്‍ നിന്നും വളരെ കുറച്ചു മാത്രമാണ് മലബാറില്‍ പ്രയോഗിച്ചുള്ളൂ. പൊന്നാനിയിലെ ആഖിര്‍ സൈനുദ്ധീന്‍ മഖ്ദൂം എന്നറിയപ്പെടുന്ന പ്രശസ്ത പണ്ഡിതന്‍റെ പുത്രന്‍ കൊങ്ങണം വീട്ടില്‍ അഹ്മദ് ബാവ മുസ്ല്യാര്‍ (1277- 1364) അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബി മലയാളത്തില്‍ എഴുതിയ മൂന്നു വാല്യങ്ങളുള്ള ‘സര്‍വ്വ രോഗ ചികിത്സാ സാരം’ എന്ന വൈദ്യ കോശത്തില്‍ അദ്ദേഹം ആധികാരികമായി ഇക്കാര്യം വ്യക്തമാക്കി.: “ചികിത്സയുടെ വകുപ്പുകള്‍ തന്നെ രോഗിയുടെ ദേഹസ്ഥിതിയും ഭക്ഷണസ്ഥിതിയും കാലാവസ്ഥയും അവന്‍ താമസിക്കുന്ന ഭൂമിയിലുള്ള വെള്ളം കാറ്റ് വേനല്‍ വര്ഷം മുതലായതിന്റെ അവസ്ഥയും മറ്റും നോക്കി ചികില്സിക്കണമെന്ന് എല്ലാ വൈദ്യ പണ്ഡിതന്മാരും തീരുമാനിച്ചതനുസരിച്ച് നോക്കുകയാണെങ്കില്‍ മലയാളികള്‍ക്ക് ഏറ്റവും യോജിച്ചത് അഷ്ടാംഗഹൃദയ പ്രകാരമുള്ള ചികിത്സയാണെന്നുള്ള കാര്യം പ്രസ്താവ്യമാണ്” (സര്‍വ്വരോഗ ചികിത്സാസാരം /3- 3) അറേബ്യയിലുള്ളവരെ നബി സ്വ നിര്‍ദ്ദേശിച്ച എല്ലാ മരുന്നുകളും നമ്മുടെ കാലാവസ്ഥക്ക്/ ഭൂമി ശാസ്ത്രത്തിന് അനുയോജ്യമല്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അത്തരം ചികിത്സാ വിധികള്‍ മത പരമായ ‘അനുകരണ’ത്തിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും അവര്‍ നമ്മെ പഠിപ്പിച്ചു. എന്നാല്‍, ഈ തിരിച്ചറിവ് പടിഞ്ഞാറന്‍ ശക്തികള്‍ക്ക് ഇല്ലായിരുന്നുവെന്ന് മാത്രമല്ല, അവര്‍ നാട്ടു സമ്പ്രദായങ്ങളെ പ്രാകൃതവും അപരിഷ്ക്രുതവുമെന്ന് മുദ്രയടിച്ചു നിരുല്‍സാഹപ്പെടുത്തുകയും ‘വിദേശി’യെ അതതു നാടുകളില്‍ അടിച്ചേല്‍പിക്കുകയും ചെയ്തു.
 
നാട്ടു സമ്പ്രദായങ്ങള്‍ക്ക് അധിനിവേശ വൈദ്യത്തിനില്ലാത്ത അധിക മേന്മ കാണാവുന്നതാണ്. അവ അതാതു നാട്ടില്‍ ഒതുങ്ങുന്നതിനാല്‍, മറ്റൊരു നാട്ടുകാരെ അടിച്ചേല്‍പ്പിക്കാന്‍ ഉദ്ധേശ്യമില്ലാത്തതിനാല്‍, അന്യരുടെതിനെക്കാളും മെച്ചപ്പെട്ടത് തങ്ങളുടെതാകുന്നു എന്ന തരത്തിലുള്ള ‘മേധാവിത്ത’ ഭാവമോ, മറ്റെല്ലാറ്റിനെയും തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ മെനഞ്ഞുണ്ടാക്കുന്ന കൃത്രിമ കണ്ടെത്തലുകളോ പ്രാദേശിക സമ്പ്രദായങ്ങളില്‍ കാണില്ല എന്നതാണ് ആ ഗുണം. അതിനാല്‍, അവ കുറെയൊക്കെ ‘പരിശുദ്ധ’വുമായിരിക്കും. അതിനു പുറമേ, അടിച്ചേല്‍പ്പിക്കുന്ന ചികിത്സാ രീതികള്‍ക്ക് കൊളോണിയല്‍ താല്പര്യം ഉണ്ടെന്നു വരുമ്പോള്‍ സാമ്പത്തിക ചൂഷണം അതിനുണ്ടെന്ന് അനിവാര്യമായും മനസ്സിലാക്കാം, നവ ലോകത്ത് നാം അനുഭവിക്കുന്ന യാതാര്‍ത്ഥ്യവുമാണത്. അലോപ്പതി സമ്പ്രദായത്തിന് അടുത്ത കാലത്തായി സാധ്യമായ ഗവേഷണ മുന്നേറ്റങ്ങള്‍ കാരണം, ചികിത്സാമേഖലയില്‍ അതിനുള്ള പ്രാധാന്യം പൂര്‍വോപരി ശക്തമാണെന്ന സംഗതിയെ നാമാരും നിഷേധിക്കുന്നുമില്ല.
സയന്‍സ് : എങ്ങനെ വിശ്വസനീയമാകും?!
കുറ്റപ്പെടുത്താനോ ഉത്തരം മുട്ടിക്കാനോ അല്ല ഈ പറയുന്നത്. ശാസ്ത്ര മൌഡ്യങ്ങളുടെ ശുഭാപ്തിവിശ്വാസം  നാമെല്ലാവരും പങ്കിട്ടതാണ്. ഓരോ കാലഘട്ടത്തിലും ഇത്തരം മൌഡ്യങ്ങള്‍ മനുഷ്യന്‍റെ കൈമുതലായിരുന്നു. എന്നാല്‍, മൌഡ്യങ്ങളെ മൌഡ്യങ്ങളായി അറിഞ്ഞു കഴിഞ്ഞാല്‍, ആ അറിവിന്‍റെ നിസ്സഹായത ഏറ്റുപറയാനുള്ള വിനയം നമുക്ക് വേണം. ശാസ്ത്രം വിനയത്തിന്‍റെ പ്രയോഗമാകാനേ പാടുള്ളൂ. കാരണം, അത് ക്ഷണികമായ മനുഷ്യ പ്രജ്ഞയുടെയും അതീത യാഥാര്‍ത്ഥ്യങ്ങളുടെയും അഭിമുഖമാണ്. എന്നാല്‍, സൃഷ്ടിക്കപ്പെട്ട എല്ലാറ്റിനും സംഭവിക്കുന്ന അപചയം ശാസ്ത്രത്തിനും ശാസ്ത്രജ്ഞനും സംഭവിക്കുന്നു. ശാസ്ത്രം സ്വന്തം അറിവുകളുടെ അടിച്ചമര്‍ത്തലിലൂടെ അന്ധവിശ്വാസമായി മാറുന്നു. വിഘടിതവും സംഘടിതവുമായ തന്‍റെ അറിവുകളുടെ അന്യവല്‍ക്കരണത്തിലൂടെ ശാസ്ത്രജ്ഞനാകട്ടെ, സ്ഥാപിത താല്പര്യത്തിന്റെ കുത്തകക്കാരനായി മാറുകയും ചെയ്യുന്നു”, മലയാളത്തിലെ മഹാനായ സാഹിത്യകാരന്‍ ഒ.വി. വിജയന്‍ തുടരുന്നു: “ ശാസ്ത്രത്തിന് അതിന്‍റെ മഹത്വത്തെ കണക്കിലെടുത്തുകൊണ്ട് തന്നെ, ഭീമമായ ഒരു പാളിച്ച പറ്റി എന്ന് നാം സമ്മതിക്കേണ്ടി വരും. ഈ പാളിച്ച കേവലം ടെക്നോളജിയുടെയോ ഏതെങ്കിലുമൊരു പരീക്ഷണ സഞ്ചയത്തിന്റെയോ പാളിച്ചയല്ല. അത് പരിണാമത്തിന്റെ പാളിച്ചയാണ്. ജീവന്‍റെ പാളിച്ചയാണ്. അതിന്‍റെ പ്രതി വിധിയാകട്ടെ , തികച്ചും ആത്മീയവും”. “ശാസ്ത്രഞ്ജന്‍ അന്ധവിശ്വാസിയാണെന്നതാണ് ഖേദകരമായ വാസ്തവം” എന്ന് പ്രസ്താവിക്കുവാന്‍ അദ്ദേഹം ധൈര്യപ്പെട്ടു. (ഘോഷ യാത്രയില്‍ തനിയെ)
ഇടതുപക്ഷ ബുദ്ധിജീവിയായിരുന്ന പിജി (പി ഗോവിന്ദന്‍) എഴുതിയപോലെ, “ശാസ്ത്രജ്ഞന്മാര്‍ ജനിച്ചു വളരുന്നതും ആശയങ്ങള്‍ സ്വരൂപിക്കുന്നതും ഗവേഷണങ്ങള്‍ നടത്തുന്നതും ശൂന്യതയിലല്ല; …നിലവിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും ശാസ്ത്രജ്ഞന്മാരെ സ്വാധീനിക്കുകയും അവരുടെ കണ്ടെത്തലുകളില്‍ അത് പ്രതിഫലിക്കുകയും ചെയ്യുന്നതിന്‍റെ ധാരാളം ഉദാഹരണങ്ങള്‍ ശാസ്ത്രത്തിന്‍റെ ദര്‍ശനങ്ങളും സാമൂഹ്യ വിജ്ഞാനീയവും പഠിക്കുന്നവര്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്”. അതിനാല്‍ തന്നെ, “ശാസ്ത്രജ്ഞന്മാര്‍ അവരുടെ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നത് തികച്ചും ആത്മ നിരപേക്ഷമായും വസ്തുനിഷ്ഠമായും ആണെന്ന മുന്‍ ധാരണകള്‍ ഇപ്പോള്‍ തിരുത്തപ്പെട്ടു കൊണ്ടിരിക്കയാണ്”( വൈജ്ഞാനിക വിപ്ലവം/ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്).ശാസ്ത്രജ്ഞര്‍ അവരുടെ മതം, വിശ്വാസം, രാഷ്ട്രീയം, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും അതവരുടെ ‘കണ്ടുപിടുത്ത’ങ്ങളിലും ‘ശാസ്ത്ര’ങ്ങളിലും പ്രതിഫലിക്കുകയും ചെയ്യുന്നു എന്ന സംഗതി വളരെ ഗൗരവതരമായ ആലോചനയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്.
മാല്‍ത്തൂസ് , സ്പെന്‍സര്‍, ഡാര്‍വിന്‍,  ന്യൂട്ടന്‍
സാമ്പത്തിക ശാസ്ത്രജ്ഞനായാണ്  അറിയപ്പെടുന്നതെങ്കിലും ബ്രിട്ടനിലെ റവ. തോമസ്‌ റോബര്‍ട്ട്‌ മാല്‍ത്തൂസ്( 1776- 1834) തനിക്കു ശേഷം രംഗത്തുവന്ന മിക്ക ശാസ്ത്ര കാരന്മാരെയും സ്വാധീനിച്ച വ്യക്തിയാണ്. തീവ്രവിശ്വാസിയായിരുന്ന ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു മാല്‍ത്തൂസ്. അദ്ദേഹത്തിന്‍റെ ‘Essay on the principal of Population (1798) മുന്നോട്ടുവെച്ച ‘survival of the fittest’= ‘ശേഷിയുള്ളവര്‍ അവശേഷിക്കും’ എന്ന ക്രൂരചിന്ത, പ്രസിദ്ധ ജീവശാസ്ത്രജ്ഞന്‍ ഡാര്‍വിന്‍റെ പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തത്തില്‍ (1859) വരെ കടന്നുകൂടുകയുണ്ടായി! ഈ സംഗതി ഏറ്റവും പ്രസിദ്ധമായ ഉദാഹരണമായി എടുത്തുകാണിക്കുന്ന പിജി തുടരുന്നു: “പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്ത സാമ്പത്തികശാസ്ത്രത്തിന്‍റെ പല പരികല്‍പനകളും ഡാര്‍വിന്റെ വിലപ്പെട്ട കണ്ടെത്തലുകളെ വികലമാക്കിയിട്ടുണ്ട്”.


ഇരുപതാം നൂറ്റാണ്ടില്‍ അടിച്ചു വീശിയ അപമാനവിക ദര്‍ശനങ്ങളുടെ അസ്ഥിവാരം മാല്‍ത്തൂസിയന്‍ സിദ്ധാന്തങ്ങളില്‍ ഏറെക്കുറെ സാമൂഹ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അരാജകത്വവും സംഘട്ടനവും പരസ്പര വൈരവും പെരുപ്പിച്ച ദര്‍ശനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ‘ശാസ്ത്രീയ’ സംഭാവനകളായിരുന്നല്ലോ. ബ്രിട്ടന്‍ പ്രസവിച്ച മറ്റൊരു മതകീയ സാമൂഹ്യ രാഷ്ട്രീയ ദാര്‍ശനികന്‍ ഹെര്‍ബെര്‍ട്ട് സ്പെന്‍സര്‍ ഇത്തരം അമാനുഷിക അറിവുകളുടെ ലബോറട്ടറിയായി തൊട്ടരികില്‍ നില്‍പുണ്ട്. അതേ ബ്രിട്ടനില്‍ പെറ്റ് വളര്‍ന്ന ഡാര്‍വിന്‍ ഇത്തരം അപമാനവികവിജ്ഞാനീയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. മാനവിക, ധാര്‍മിക വികാരങ്ങള്‍ മനുഷ്യരില്‍ നങ്കൂരമിട്ടുരപ്പിക്കുന്ന സനാതന മൂല്യങ്ങളെ അവഗണിച്ചുകൊണ്ട്, മനുഷ്യര്‍ പരസ്പരം മത്സരിക്കേണ്ടവരും തമ്മിലടിക്കേണ്ടവരുമാണെന്ന ‘അറിവുകള്‍’ നവ ലോകത്തിന് പഠിപ്പിച്ചത് ഇവരെല്ലാം ചേര്‍ന്നായിരുന്നു. സ്വാര്‍ത്ഥത യുടെ നിദര്‍ശനങ്ങള്‍ പ്രകൃതി ശാസ്ത്രത്തിലേക്ക് കുത്തി നിറച്ചത് പ്രധാനമായും ഡാര്‍വിനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ പാതിയോടെ ഡാര്‍വിനിസം കാലഗതി യടഞ്ഞുവെങ്കിലും അതിന്‍റെ മാരകകിരണങ്ങള്‍ ഇപ്പോഴും പ്രസരിക്കുന്നു. (Chapter 2, The History of Ruthlessness, from Malthus to Darwin.)
ഒരര്‍ഥത്തില്‍ ഡാര്‍വിന്‍ നേര്‍ക്കുനേര്‍ മാല്‍ത്തൂസിനെ അനുകരിക്കുകയായിരുന്നില്ല. സ്പെന്‍സര്‍ വഴിയാണ് ഡാര്‍വിന്‍ പലതും പകര്‍ത്തുന്നത്. ‘the survival of the fittest’ ശരിക്കും സ്പെന്‍സര്‍ സമ്മാനിച്ചതാണ്‌. ‘the unfit should be eliminated= അനര്‍ഹര്‍ നശിപ്പിക്കപ്പെടണം എന്ന ആശയം മനോഹരമായി സ്പെന്‍സര്‍ ആവിഷ്കരിക്കുന്നത് ഇങ്ങനെ വായിക്കാം: If they are sufficiently complete to live, they do live, and it is well they should live. If they are not sufficiently complete to live, they die, and it is best they should die.അയാളുടെ വീക്ഷണത്തില്‍, ദരിദ്രരും രോഗികളും സ്വയം പര്യാപ്തരല്ലാത്തവരും സ്ഥലം വിടണമായിരുന്നു. നാസി ജര്‍മനിയുടെ നായകന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ‘സാമൂഹിക ഡാര്‍വിനിസത്തിന്റെ ചെറിയൊരു പ്രയോക്താവ് മാത്രമായിരുന്നു.
ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ട പ്രഗല്‍ഭ ശാസ്ത്രജ്ഞനാണ് സര്‍ ഐസാക് ന്യൂട്ടന്‍. അദ്ദേഹത്തിന്‍റെയും അറിവിനെയും ശാസ്ത്രത്തെയും ശാസ്ത്ര ദര്‍ശനത്തെയും ശാസ്ത്രീയ സിദ്ധാന്തങ്ങളെയും അവയുടെ സാമൂഹിക മാനവിക തലങ്ങളെയുമെല്ലാം മുന്‍ഗാമികളുടെ ദുര്‍ഭൂതങ്ങള്‍ പിടികൂടിയിട്ടുണ്ടായിരുന്നു. അവസാനം വരെയും സത്യക്രിസ്താനിയായിരുന്ന ന്യൂട്ടന്‍റെ ‘ചിന്തനോര്‍ജ്ജ’ത്തിന്‍റെ യതാര്‍ത്ഥ  സ്രോതസ്സ് പുരോഹിതനായിരുന്ന മാല്‍ത്തൂസും അനുഗാമികളും തന്നെ ആയിരുന്നു. പ്രായോഗിക ശാസ്ത്രത്തില്‍ അപമാനവിക കാഴ്ചപ്പാടുകള്‍ തള്ളിക്കയറ്റിയ ന്യൂട്ടന്‍റെ കണ്ണില്‍ മനുഷ്യന്‍ കേവലം ഒരു യന്ത്രം മാത്രം, ക്ലോക്കിന്‍റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പ്രപഞ്ചമെന്ന യന്ത്രത്തിനകത്ത് നിലകൊള്ളുന്ന ജീവനുള്ള യന്ത്രം. പ്രപഞ്ചത്തിലെ ഓരോ കണികകള്‍ എന്ന പോലെ, മനുഷ്യ ശരീരത്തിലെ ഓരോ കോശങ്ങളും പരസ്പരാകര്‍ഷണ വികര്‍ഷണമുള്ള കണങ്ങള്‍ മാത്രം, മനുഷ്യര്‍ തമ്മിലുള്ള ബന്ധവും  അങ്ങനെത്തന്നെ, ജീവജാലങ്ങള്‍ തമ്മിലും.!!   
 “സമൂഹത്തില്‍ ഓരോരുത്തരും മറ്റൊരുത്തര്‍ക്കെതിരായ യുദ്ധത്തിലാണ്” എന്ന് സിദ്ധാന്തിച്ച തോമസ്‌ ഹോബ്സ്, Scientific Determinism അവതരിപ്പിച്ച പിയറി സൈമണ്‍ ലാപാസ്, സ്വതന്ത്ര കമ്പോള വ്യവസ്ഥയ്ക്ക് അനുയോജ്യമായ അര്‍ത്ഥ ശാസ്ത്രം പണിത ആഡം സ്മിത്ത്, ചരിത്രത്തിന് നിശ്ചിതത്വ തത്വം മെനഞ്ഞ കാറല്‍ മാര്‍ക്സ് തുടങ്ങിയ എണ്ണമറ്റ ‘മഹാ പുരുഷന്മാര്‍’ ന്യൂട്ടന്‍റെ പിടിയിലായിരുന്നു. മനുഷ്യ ശരീരത്തെ കേവല യന്ത്രമായി കാണുന്ന  കോശ ജൈവ ശാസ്ത്രവും രാസ ജൈവ ശാസ്ത്രവും സമത്തില്‍ ചേര്‍ന്ന വൈദ്യശാസ്ത്രം കടപ്പെട്ടു കിടക്കുന്നതും ഇവിടത്തന്നെ.
ഇതിനുപുറമേ, ന്യൂട്ടന്‍ ഒരു ശുദ്ധ ഹൃദയനായിരുന്നില്ല എന്ന സംഗതിയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിജിയുടെ വരികള്‍ ഇനിയും കാണുക: “സിപി സ്നോ പറയുന്നതുപോലെ ശാസ്ത്രജ്ഞരിലും ശാസ്ത്ര പ്രവര്‍ത്തകരിലും സ്വാര്‍ഥികളും ധനസമ്പാദനാസക്തിയുള്ളവരും മറ്റുള്ളവരുടെ അധ്വാനഫലം തന്റെതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആശയ പ്രചരണം നടത്തുന്നവരും ഇല്ലാതില്ല. അത്യുന്നതരായ ഐസക് ന്യൂട്ടനെപ്പോലുള്ളവര്‍ പോലും ഇതിനപവാദമല്ല. ഗോട്ട് ഫ്രീഡ് ലൈബിനിറ്റ്സിനോടും റോബര്‍ട്ട്‌ ഹൂക്കിനോടും ന്യൂട്ടനുണ്ടായിരുന്ന അസൂയയും വൈരാഗ്യവും പ്രസിദ്ധമാണ്.” തന്നോടോപ്പമോ ഒരുപക്ഷെ തനിക്കു മുമ്പോ കാല്‍ക്കുലസ് കണ്ടുപിടിച്ച ജര്‍മന്‍ ദാര്‍ശനികനും ശാസ്ത്രജ്ഞനുമായിരുന്നു ലൈബിനിറ്റ്സ്.
ശാസ്ത്രജ്ഞരെ നിയന്ത്രിക്കുന്നത് സത്യാന്വേഷണമല്ലെന്ന് കാണിക്കാന്‍ പിജി ഇങ്ങനെ എഴുതി: “ആധുനിക ശാസ്തത്തിന്റെ സത്യാന്വേഷണ സമ്പ്രദായത്തിന്‌ യുക്തിസഹമായ ചട്ടക്കൂട് നല്‍കിയ On Method എന്ന കൃതിയുടെ രചയിതാവ് ഫ്രഞ്ചുകാരന്‍ റെനി ദേക്കാര്‍ത്ത് (1596-1650) മതാധികാരികളെ പ്രീണിപ്പിക്കാന്‍ ഐഹിക സത്യമെന്നും പരലോക സത്യമെന്നും രണ്ടുണ്ടെന്ന വാദം അവതരിപ്പിച്ചതും ഇതിനുദാഹരണമാണ്.”
ശാസ്ത്രജ്ഞരെ സത്യസന്ധത പലപ്പോഴും ഭരിക്കാരില്ലായിരുന്നുവെന്ന് ആരോപിക്കുന്നവര്‍ നിരത്തുന്ന മികച്ച ഉദാഹരണമാണ് ‘പില്റ്റ്ഡൌണ്‍’ മനുഷ്യനെ ‘കണ്ടുപിടിച്ച’ രസാവഹമായ സംഭവം. മനുഷ്യനും മറ്റു ഹോമിനിഡുകളും തമ്മിലുള്ള കാണാത്ത കണ്ണി ഇതാ കണ്ടുപിടിച്ചിരിക്കുന്നു എന്ന് പെരുമ്പറയടിച്ചാണ്, അഭിഭാഷകനും പുരാവസ്തു തല്പരനും ഭൂഗര്‍ഭ ശാസ്ത്ര വിദ്യാര്‍ഥിയുമായിരുന്ന ചാള്‍സ് ഡാവ്സണ്‍ (1864- 1916) പില്‍റ്റ്ഡൌണ്‍ എന്ന സ്ഥലത്ത് നിന്നും ഒരു തലയോട്ടിയുമായി വന്ന് ശാസ്ത്രലോകത്തെ വഞ്ചിച്ചത്. പ്രശസ്ത അപസര്‍പ്പക നോവലിസ്റ്റ്‌ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, ഫ്രഞ്ച് ജസ്യൂട്ട് പാതിരിയും ജീവശാസ്ത്ര ദാര്‍ശനികനുമായ തെയ്യാര്‍ഡ് ഡി ഷാര്‍ഡ് തുടങ്ങിയവരെ തെറ്റുദ്ധരിപ്പിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചു. അങ്ങനെ 1912 മുതല്‍  പില്‍റ്റ്ഡൌണ്‍ കണ്ടുപിടുത്തം വലിയ പ്രാധാന്യത്തോടെ ശാസ്ത്രം കൊണ്ടുനടന്നു. പക്ഷേ പിന്നീടാണ് തെളിയുന്നത്, പല അസ്ഥിക്കഷണങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഒരു കൃത്രിമ തലയോട്ടിയായിരുന്നു അതെന്ന്!!
 
ശാസ്ത്രത്തെ അവിശ്വസനീയമാക്കുന്ന മറ്റൊരു കാര്യമിതാണ്: കപട ശാസ്ത്രങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ പരസ്യമായി പിന്തുണ നല്‍കുന്ന ദുഷ്പ്രവണത. ആന്റി സയന്‍സ് മൂവ്മെന്റ് എന്നെല്ലാം നാം ദുഷ്പേര് നല്‍കി അതിനെ അവമതിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും ശാസ്ത്രത്തിന് സമാനമായി അത് വളര്‍ച്ച പ്രാപിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍  ഇവാഞ്ചലിക്കല്‍ സന്നാഹങ്ങളുടെ വകയാണ് ഇത്തരം ശാസ്ത്രങ്ങള്‍ വില്‍ക്കപ്പെടുന്നതെങ്കില്‍, ഇന്ത്യയില്‍ ഹിന്ദുത്വ യില്‍ അഭിരമിക്കുന്ന വലിയ അഭിജ്ഞന്മാരുടെ തലോടലേറ്റാണ് കപട ശാസ്ത്രങ്ങള്‍ വിരാജിക്കുന്നത്.
ഫ്രോയ്ഡും കാള്‍ യൂങ്ങും : ജൂതനും ക്രിസ്ത്യനും മനുഷ്യ മനസ്സും
മിക്ക ശാസ്ത്രജ്ഞരുടെയും ഗവേഷണം മതേതര പശ്ചാത്തലത്തിലായിരുന്നില്ല എന്ന സത്യം ശാസ്ത്ര വ്യാഖ്യാനങ്ങളുടെ താല്‍പര്യങ്ങളെ സംശയിക്കാന്‍ ചിലപ്പോഴെങ്കിലും പ്രേരിപ്പിക്കുന്നു. സമ്പ്രദായങ്ങളുടെയും ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളുടെയും സ്വാധീനം ശാസ്ത്രജ്ഞരില്‍ അപാരമായി സ്വാധീനിക്കപ്പെടുന്നു എന്ന വസ്തുത സ്ഥിരീകരിക്കുന്ന സംഗതിയത്രെ, മനശാസ്ത്രജ്ഞരായ സിഗ്മണ്ട് ഫ്രോയിഡിന്‍റെയും കാള്‍ യൂങ്ങിന്റെയും കഥ. ജൂത ഫാമിലിയില്‍ ജനിച്ചു വളര്‍ന്ന ഫ്രോയിഡ് , ബൈബിള്‍ പശ്ചാത്തലത്തില്‍ ജൂതാഭിമുഖ്യത്തോടെ സിദ്ധാന്തങ്ങളെ സമീപിച്ചപ്പോള്‍, പ്രോട്ടസ്ടന്റ്റ് ക്രിസ്ത്യന്‍ പാസ്റ്റരുടെ മകനായി പിറന്ന കാള്‍ യൂങ്ങ് തന്‍റെ വിശ്വാസത്തിനും ലക്ഷ്യത്തിനും അനുസൃതമായ നിലപാട് സ്വീകരിച്ചു.
ഫ്രോയിഡ് ജനിക്കുന്നത് ഗെലീഷ്യന്‍ ജൂത കുടുംബത്തിലായിരുന്നല്ലോ. പരുത്തിക്കച്ചവടക്കാരനായ ജാകോബ് രണ്ടു വിവാഹം ചെയ്തിരുന്നു. ആദ്യവിവാഹത്തില്‍ രണ്ടു കുട്ടികള്‍ ഉള്ളൂവെങ്കിലും രണ്ടാം ഭാര്യ Amalia  എട്ടു പ്രസവിച്ചു. ആദ്യപുത്രന്‍ ഫ്രോയിഡ്. അവന്‍ വിയന്നയിലെ ജൂത സംസ്കാരം പരിചയ പ്പെട്ടു വളര്‍ന്നു. ഒരു കോസ്മോ പൊളിറ്റന്‍ സിറ്റിയായിരുന്നു അന്ന് വിയന്ന. ജൂത ജനസംഖ്യ അവിടെ വര്‍ദ്ധിച്ചുവരുന്ന കാലമായിരുന്നു അത്. 1873ല്‍  70000 ജൂതന്മാരുണ്ടായിരുന്ന വിയന്നയില്‍ പത്തൊമ്പതാം നൂറ്റാണ്ട് വിടപരയുന്നേരം 147000 ആയി ജൂതജനസംഖ്യ വര്‍ദ്ധിക്കുന്നത് കാണാം. 1886 ല്‍, തന്‍റെ മുപ്പതാം വയസ്സില്‍, ഹാം ബര്‍ഗ്ഗിലെ മുഖ്യ ജൂത റബ്ബിയായിരുന്ന Isaac Bernays ന്‍റെ മകന്‍ Berman ന്‍റെ പുത്രി  Martha Bernays നെ , ജൂത ചടങ്ങുകള്‍ പാലിച്ച് ഫ്രോയിഡ് വിവാഹം ചെയ്തു.
പഠനത്തില്‍ മിടിമിടുക്കനായിരുന്ന ഫ്രോയിഡ്, വിയന്ന യൂനിവാഴ്സിറ്റിയിലെ മെഡിക്കല്‍ ഫാക്കല്‍റ്റി യില്‍, ഡാര്‍വിനിസ്റ്റായിരുന്ന Prof. Karl Clans ന്‍റെ കീഴില്‍ ഗവേഷണ പഠനത്തിനായി ചേര്‍ന്നു. ബൌദ്ധികാന്തരീക്ഷം ചാര്‍ല്സ് ഡാര്‍വിന്‍റെ പരിണാമ വാദത്താല്‍ സ്വാധീനിക്കപ്പെട്ട കാലമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യ ദശകം. ഈല്‍ മത്സ്യത്തെ കുറിച്ചായിരുന്നു ഫ്രോയിഡിന്റെ ആദ്യ പഠനം. ഈല്‍ മത്സ്യങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു വാസസ്ഥലം, ദേശാന്തര യാത്രകള്‍,, എല്ലാം അജ്ഞാതമായിരുന്നു. ഈല്‍ മത്സ്യവും ജൂതവംശവും തമ്മിലുള്ള വംശപരമായ ബന്ധം സ്ഥാപിക്കാന്‍ ഫ്രോയിഡ് വലിയൊരു ശ്രമം നടത്തുകയുണ്ടായി. ‘ഈല്‍ പുരുഷന്‍’മാരുടെ ലൈംഗികാവയവം അന്വേഷിച്ചുള്ള പഠനമായിരുന്നു ഫ്രോയിഡ് മുഖ്യമായെടുത്തത്. “ഒളിഞ്ഞിരിക്കുന്ന ലിംഗം” ഇങ്ങനെയാണ് ഫ്രോയിഡിന്റെ ചിരകാല കൌതുകമായതെന്ന് Siegfried Bernfeld തുടങ്ങിയ ജീവ ശാസ്ത്ര ചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നു. ലൈംഗികത യെക്കുറിച്ചും ലൈംഗിക തൃഷ്ണ അടിച്ചമര്‍ത്തുന്നത് മൂലമുണ്ടാകുന്ന മനോരോഗത്തെ കുറിച്ചും ഫ്രോയിഡ് നടത്തിയ അന്വേഷണങ്ങള്‍ കണ്ടെത്തലുകളും, ഈല്‍ മത്സ്യങ്ങളുടെ ലിംഗം തെരഞ്ഞുള്ള പഠനങ്ങളും തമ്മില്‍ രസകരമായ പൊരുത്തം കണ്ടെത്താന്‍ സാധിക്കും. ‘അര്‍ഹരുടെ അതി ജീവന സിദ്ധാന്തം’ ഡാര്‍വിനില നിന്നും കടമെടുത്തപ്പോള്‍, അതുവഴി ജൂതരുടെ പടപ്പുറപ്പാടിന് ഫ്രോയിഡ് സൈദ്ധാന്തിക പിന്തുണ നല്‍കുകയും ചെയ്തു.


ജൂത കുടുംബത്തില്‍, സമൂഹത്തില്‍ ജൂതനായി വളര്‍ന്ന ഫ്രോയ്ഡിന്‍റെ ആലോചനയിലും അന്വേഷണങ്ങളിലും  ജൂത സംസ്കാരവും ദര്‍ശനങ്ങളും താല്പര്യങ്ങളും കടന്നുവരുക സ്വാഭാവികം മാത്രമാണ്. അദ്ദേഹത്തിന്‍റെ അണ്‍ കോണ്‍ഷ്യസ് മൈന്‍ഡില്‍ ജൂതായിസമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അക്കാര്യം അക്കാദമിക വിദഗ്ദ്ധന്മാര്‍ തിരിച്ചറിയാന്‍ വല്ലാതെ വൈകിയില്ല എന്നതാണ് ആശ്വാസകരം. സൈക്കോ അനാലിസിസ് കേവലം ജൂത മത വ്യാഖ്യാനമായി മാത്രമേ അന്നത്തെ അക്കാദമിക്കുകള്‍ ഗണിച്ചിരുന്നുള്ളൂ. (Academics have suspected that Psycho analysis is not really a science, but that is closer to a religion or a theology./ Robert Bocock, Sigmund Freud, p 14). ഫ്രോയ്ഡ് മനോചികിത്സ തുടങ്ങിയപ്പോള്‍, ആദ്യ ദശകങ്ങളില്‍ ജൂതന്മാര്‍ മാത്രമായിരുന്നു രോഗികള്‍. ഒരു ജൂത ഡോക്ടര്‍ എന്ന ‘തിരിച്ചറിവ്’ ജൂതന്മാര്‍ക്കെന്നപോലെ അവിടത്തെ ക്രിസ്ത്യാനികള്‍ക്കും ഉണ്ടായിരുന്നു.  
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍, തന്‍റെ പ്രധാന സംഭാവനയായ മനോ വിശ്ലേഷണ ശാസ്ത്രം’ കേവല ജൂത പ്രതിഭാസമായി തള്ളപ്പെടുമെന്ന ശക്തമായ ഭയം ഫ്രോയ്ഡിനുണ്ടായിരുന്നു. തന്‍റെ ആദ്യകാല ശിഷ്യനും പിന്നീട് എതിരാളിയുമായ കാള്‍ യൂങ്ങ് (1875- 1961) ന്‍റെ പഠനങ്ങളെ ആദ്യമേ സ്വാഗതം ചെയ്യാന്‍ ഫ്രോയ്ഡ് കാണിച്ച വിശാല മനസ്കത, യൂങ്ങ് ശുദ്ധ പ്രോട്ടസ്ട്ടന്റ്റ് ക്രിസ്ത്യാനിയായിരുന്നു എന്ന ‘അടുപ്പം’ മൂലമാണത്രേ. ജൂതേതര ലോകത്തേക്ക് കൂടി തന്‍റെ തന്‍റെ മനോ വിശ്ലേഷണം വ്യാപിപ്പിക്കാനുള്ള ഒരു ജാലകമായി മാത്രമേ, ആ അടുപ്പത്തെ ഫ്രോയ്ഡ് കണക്കാക്കിയുള്ളൂ.(Freud was always conscious of his Jewish background, and of anti-Semitism. His initial support and enthusiasm for Carl Jung, until their break, was that Jung, who was 19 years younger than Freud and the son of Christian pastor, was to be the person to take Psycho analysis into the wider world of European culture..” )   
ഫ്രോയിഡിന്‍റെ ‘സൈക്കോ അനാലിസിസ്” ഒരു ജൂത കണ്ടെത്തലായി ക്രിസ്ത്യന്‍ സമുദായം ആരോപിച്ചു. താന്‍ ജീവിച്ച, ജൂത ഭൂരിപക്ഷമുള്ള വിയന്നയിലെ ഉദാര ലൈംഗിക സംസ്കൃതിക്ക് യോജിച്ച സിദ്ധാന്തമായി അതിനെ ക്രിസ്ത്യാനികള്‍ കളിയാക്കി. ഫ്രോയ്ഡിയന്‍ വ്യാഖ്യാനത്തിലെ ജൂതായിസത്തെ തിരിച്ചരിഞ്ഞതിനാലായിരിക്കാം, പടിഞ്ഞാറന്‍ ക്രിസ്ത്യന്‍ നേതൃത്വങ്ങളിലും സമൂഹത്തിലും ഫ്രോയ്ഡ്നു ഒട്ടും മതിപ്പ് ഇല്ലാതെ പോയത്. അസംഖ്യം ക്രിസ്ത്യന്‍ കൌണ്‍സിലര്‍മാര്‍ കാള്‍ യൂങ്ങിനെയായിരുന്നു സ്വീകരിച്ചത്. കാരണം, യൂങ്ങ് നല്ലൊരു സത്യ ക്രിസ്ത്യാനിയായിരുന്നു. കാള്‍ യൂങ്ങ് റോമിന് തൃപ്തിപ്പെടും വിധം ആ സിദ്ധാന്തത്തെ ഉരുട്ടിയെടുത്തിരുന്നു.( വിശദ വായനയ്ക്ക് Sigmund Frued / Robert Bocock/ Taylor and Francis Group, London കാണുക). ഒടുവില്‍ നാസികള്‍ പരസ്യമായി ഫ്രോയ്ഡിന്‍റെ രചനകള്‍ ചുട്ടെരിച്ചതും, ഫ്രോയ്ഡ് നാസികളെ ഭയന്ന്‍ ലണ്ടനിലേക്ക് നാട് വിട്ടതും, ശാസ്ത്ര ചരിത്രത്തിലെ ചില തിരിച്ചറിവ് നിമിഷങ്ങളാണ്.  തന്‍റെ കണ്ടെത്തലുകളില്‍ ഏറ്റവും വിവാദമായ മനോ വിശ്ലേഷണ സിദ്ധാന്തത്തില്‍, ഒടുവില്‍ ഫ്രോയിഡ് തന്നെ അസംതൃപ്തി വെളിപ്പെടുത്തുകയുണ്ടായി. 1914 ല്‍ ഫ്രോയിഡ് അക്കാര്യം തന്‍റെ On the History of the Psycho Analytic Movement ല്‍ തുറന്നു പറഞ്ഞു: “ഞാനിപ്പോള്‍ നിശ്ചയമായും ഒരു പ്രാദേശിക സ്നേഹിയല്ല, മാത്രമല്ല, സൈക്കോ അനാലിസിസ് എന്ന സിദ്ധാന്തം, എനിക്കിപ്പോള്‍ തോന്നുന്നത്, ആക്ഷേപകരമായ ശുദ്ധ നിരര്‍ത്ഥകത യാണെന്ന ത്രെ… വിയന്ന പോലുള്ള ഭോഗാസക്തരുടെ, അധാര്‍മ്മികരുടെ നഗരങ്ങള്‍ക്ക് യോജിച്ച കേവലമൊരു വ്യാഖ്യാനം മാത്രമായിരുന്നു അത്”    
ഫ്രോയ്ഡിന്റെ ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയ ജൂത താല്‍പര്യങ്ങളുടെ ആഴം അളക്കാന്‍ സഹായകമാണ് അദ്ദേഹത്തില്‍ നിന്നും പ്രകടമായ  ഇസ്ലാമോഫോബിയ. യൂറോപ്പില്‍ ഇന്നത്തെപ്പോലെ ഇസ്ലാം സജീവമല്ലാതിരുന്ന അക്കാലത്ത് ഫ്രോയ്ഡ് നടത്തിയ പ്രവചനം വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഇസ്‌ലാം വളര്‍ച്ച മുരടിച്ച മതമാണെന്നും അത് സ്വയം ഒന്നുമല്ലാതായിത്തീരുമെന്നും തീര്‍ത്തുപറയാന്‍, ഫ്രോയ്ഡ് അന്നേ ഒരു ഇസ്രാഈലീ’ ജൂതനായിരുന്നോ എന്നാണ് സംശയിക്കാനുള്ളത്. തന്‍റെ Moses and Monotheism  )1939)എന്ന കൃതിയില്‍ ഫ്രോയ്ഡ് എഴുതിയതിങ്ങനെ: “The recapture of the single great primal father brought the Arabs an extra ordinary exaltation of their self- confidence which led to great worldly success but exhausted itself in them. Allah showed himself far more grateful to his chosen people than Yahweh did not his. But the internal development of the new religion soon came to a stop”. എവിടെയും ജൂതായിസത്തെ പ്രതിരോധിക്കാനും പ്രകടിപ്പിക്കാനുമുള്ള ഹാര്‍ഡ് വര്‍ക്കായിരുന്നു ഫ്രോയ്ഡിന്റെ രചനകള്‍ എന്ന് വ്യക്തം. ഒരുപാടൊരുപാട് വേദനകളും മോഹഭംഗങ്ങളും കടിച്ചമര്‍ത്തി സഹസ്രാബ്ദങ്ങളായി ജീവിക്കുന്ന ജൂതരുടെ മനസ്സിലും സ്വഭാവത്തിലും ആക്രമണോല്സുകതയും ‘കടന്നു പിടിക്കാനുള്ള ആക്രാന്തവും’ സ്വാഭാവികമാണെന്നായിരുന്നു ഫ്രോയ്ഡ് കണ്ടെത്തിയത്. ‘ദൈവത്തിന്‍റെ തെരഞ്ഞെടുത്ത ജനത’യുടെ ഫലസ്തീനില്‍ കടന്നുകയറാനുള്ള മനശാസ്ത്രപരമായ അവകാശത്തെയായിരുന്നു ഫ്രോയ്ഡ് മന ശാസ്ത്ര വിശ്ലേഷണ സിദ്ധാന്തം കൊണ്ട് സമര്‍ത്ഥമായി സാധൂകരിച്ചത്. ജൂത പിടിവാശിക്ക്‌ മനശാസ്ത്രത്തിന്‍റെ പിന്തുണ പ്രഖ്യാപിക്കുന്ന വലിയ സംഭാവനയായിരുന്നു ഫ്രോയ്ഡിന്റെ Moses and Monotheism. ലോകാധിപത്യം ക്രിസ്ത്യന്‍ മേധാവിത്തത്തില്‍ തുടരുന്നുവെങ്കിലും വിവരാധിപത്യം സ്വന്തം നിയന്ത്രണത്തില്‍ ഉറച്ചുപിടിച്ച ജൂത ശക്തിയുടെ അകൈതവമായ സഹകരണം ഫ്രോയ്ഡ്നു ലഭിച്ചു കൊണ്ടിരുന്നു. ഒട്ടും സയന്റിഫിക് അല്ലാതിരുന്നിട്ടും ജൂതര്‍ക്ക് വേണ്ടിയുള്ള ഫ്രോയ്ഡിന്റെ കണ്ടെത്തലുകള്‍, ജൂതരായ ഡാര്‍വിന്റെയും മാര്‍ക്സിന്റെയും കണ്ടെത്തലുകള്‍ പോലെ, ശാസ്ത്ര വേദികളില്‍ ആദരിക്കപ്പെട്ടതും മുന്‍നിരയില്‍ ഇടം നേടിയതും ജൂതരുടെ വിവര വിതരണാധിപത്യം കൊണ്ട് മാത്രമായിരിക്കാം.
ഫ്രോയ്ഡ്നെ വിലയിരുത്തിയവരില്‍ പ്രമുഖനാണ് മനശാസ്ത്രജ്ഞനായ Eysenck. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ഫ്രോയ്ഡും തന്‍റെ കണ്ടെത്തലും ഇത്രമാത്രം : “What is true in Freud is not new, and what is new in Freud is not true” = ഫ്രോയ്ഡ് കൊണ്ടുവന്ന സത്യങ്ങളൊന്നും പുതിയതല്ല, അനുകരണം മാത്രം; ഫ്രോയ്ഡ് പുതിയതായി പറഞ്ഞതൊന്നും സത്യവുമല്ല, കേവല താല്പര്യങ്ങള്‍ മാത്രം”. (Decline and fall of the Freudian empire, 1986)
(ചെയിന്‍ സ്മോക്കര്‍ ആയിരുന്ന ഫ്രോയ്ഡിന്റെ വായയില്‍ മുപ്പത് തവണ കാന്‍സര്‍ സര്‍ജറി നടത്തിയിരുന്നു. 1939 സെപ്റ്റംബറില്‍, നാസികള്‍ ആടിയോടിച്ച് ലണ്ടനില്‍ കഴിയുമ്പോള്‍, തന്‍റെ ആത്മ സുഹൃത്ത് Dr Max Schur മായി നടത്തിയ സൗഹൃദ കരാര്‍ അടിസ്ഥാനത്തില്‍, മോര്‍ഫിന്‍ കുത്തിവെപ്പിച്ചു ഫ്രോയ്ഡ് ആത്മഹത്യ ചെയ്തു)      
  
‘പക്ഷം’ പിടിക്കുന്ന/ ‘താല്പര്യങ്ങള്‍’ നിയന്ത്രിക്കുന്ന/ വിശ്വാസങ്ങളെ സംരക്ഷിക്കുവാന്‍ എന്തും സിദ്ധാന്തിക്കുന്ന / രാഷ്ട്രീയ മോഹങ്ങള്‍ക്ക് വേണ്ടി ഗവേഷണം വഴിതിരിച്ചു വിടുന്ന ഇത്തരം ശാസ്ത്രജ്ഞരുടെ ‘കണ്ടെത്തലുകള്‍’ എങ്ങനെ ഒരന്തിമ വിധിയായി സ്വീകരിക്കും?! ഒരാള്‍ അവതരിപ്പിച്ച ‘ശാസ്ത്രീയസത്യ’ ത്തെ മറ്റൊരാള്‍ വന്ന് തിരുത്തുന്നത് വരേയ്ക്കും ആദ്യത്തെയാളുടെ സിദ്ധാന്തം ദൈവത്തെക്കാള്‍ വലിയ സത്യമായി നാം ശിരസ്സിലേറ്റുക തന്നെ!! യുക്തിവാദികള്‍/ ശാസ്ത്ര ഭക്തര്‍ ദൈവിക വചനങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും നിരൂപിക്കാന്‍ അവലംബിക്കുന്നത്, വിശ്വസിക്കാന്‍ കൊള്ളാത്ത ഈ ശാസ്ത്രജ്ഞാരെയാണോ?! അന്ധമായ വിശ്വാസം/ അന്ധമായ മതവിരോധം വെച്ചു പുലര്‍ത്താത്ത ഏതു ശാസ്ത്രജ്ഞനെയാണ് തര്‍ക്കങ്ങള്‍ക്ക് ‘മധ്യസ്ഥത’ പറയുവാന്‍/ ‘സംശുദ്ധശാസ്ത്രം’ അവതരിപ്പിക്കുവാന്‍ എഴുന്നള്ളിക്കുക?! സത്യസന്ധനായ ഒരു ശാസ്ത്രജ്ഞനെ ആര്‍ക്ക് കാണിക്കാനാകും? ഒരു ‘ഐഡിയല്‍ സയന്‍സി’ന്‍റെ ഭീകരമായ അഭാവം മാനവരാശിയെ ഇരുട്ടിലേക്ക് നയിച്ച്‌കൊണ്ടിരിക്കുകയാണ്. ബഹുമാന്യനായ അലി മിയാന്‍ രേഖപ്പെടുത്തിയ പോലെ, മുസ്‌ലിംകള്‍ ശാസ്ത്ര രംഗത്ത് നിന്നും പിന്നോട്ട് നീങ്ങിയത് മാനവരാശിക്ക് വന്‍നഷ്ടമാണ് വരുത്തിയത്..


Leave a Reply