പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകന്‍, തത്ത്വചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ രാഷ്ട്രീയ നയതന്ത്രജ്ഞന്‍. ഒരു നൂറ്റാണ്ടുകാലത്തിനിടയ്ക്ക് മുസ്‌ലിം രാജ്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ സ്വാതന്ത്ര്യസമരങ്ങളുടെയും ഭരണഘടനാ പ്രസ്ഥാനങ്ങളുടെയും ആദര്‍ശ മാതൃക,  ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട ഏറ്റവും സമഗ്രമായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആഗോള ഇസ്‌ലാമിക ചിന്തകനുമായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആദര്‍ശസ്രോതസ്സ്, ഇടതുപക്ഷ സലഫി സംഘടനകളുടെ ഗുരുപരമ്പരയിലെ അന്തിമകണ്ണി… എല്ലാത്തിനുമുപരി, പാന്‍ ഇസ്‌ലാമിസത്തിന്റെ ശക്തനായ വക്താവായിരുന്നു ജമാലുദ്ദീന്‍. ഇസ്‌ലാമിക സമഗ്രതയെ ധൈഷണിക ബലത്തില്‍ യൂറോപ്യന്‍ ചിന്താധാരകളുടെ മുന്നില്‍ അവരോധിച്ച വിപ്ലവകാരി.

ഇങ്ങനെയൊക്കെയാണ് പറഞ്ഞുകേട്ടിടത്തോളം ജമാലുദ്ദീന്‍ എന്നാശ്വസിക്കാന്‍ വയ്യ. കാരണം, ഒരുപാട്  ദുരൂഹ വാര്‍ത്തകളും ജമാലുദ്ധീന്‍റെ ചരിത്രത്തിനൊപ്പം കാണുന്നുണ്ട്.  പാശ്ചാത്യ ഗൂഢാലോചകരുടെ കളിപ്പാവയാണ് ജമാലുദ്ദീന്‍ എന്നു വിമര്‍ശിച്ചത് കുവൈത്തിലെ അല്‍മുജ്തമഅ് പത്രത്തിന്റെ മുന്‍ പത്രാധിപരായിരുന്ന ഡോ.ഇസ്മാഈല്‍ ശത്ത്വിയായിരുന്നു. ജമാലുദ്ദീനെ സംശയിക്കേണ്ടതുണ്ടെന്നുണര്‍ത്തുന്ന ശത്ത്വിയുടെ ലേഖനം വന്നത്, അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പത്രാധിപത്യത്തില്‍ ലഖ്‌നൗവിലെ ദാറുല്‍ ഉലൂമില്‍ നിന്ന് പുറത്തിറങ്ങുന്ന അല്‍ബഅ്‌സ് അറബി മാസികയിലും. ജമാലുദ്ദീനെ സ്തുതിച്ചു വിശ്വസിക്കുന്നവര്‍ക്ക് തള്ളിക്കളയാനാവാത്ത സ്രോതസ്സുകളാണ് ശത്ത്വിയും  അല്‍ബഅ്‌സ് പത്രവും. അതെ തുടര്‍ന്നു ചില ചര്‍ച്ചകളുണ്ടായി. അവയില്‍ ഉയര്‍ന്നു കേട്ടകാര്യം, ഈജിപ്ഷ്യല്‍ എഴുത്തുകാരനും ശക്തനായ പാശ്ചാത്യന്‍ വക്താവുമായ ഡോ. ലൂയിസ് ഇവസിന് സാമ്രാജ്യത്വ വിരുദ്ധനായ ജമാലുദ്ദീനെ പിടിക്കാത്തത് കൊണ്ട് അയാളെഴുതി വിട്ട ആരോപണങ്ങള്‍ ഇടംവലം നോക്കാതെ പകര്‍ത്തുകയായിരുന്നു ഡോ. ഇസ്മാഈല്‍ ശത്ത്വിയും അല്‍ബഅ്‌സ് പത്രവും എന്നാണ്.

നുബുവ്വത്ത് ഫിലോസഫിയുടെ വകഭേദമാണെന്നും വ്യവസായ- നിര്‍മ്മാണ പ്രകൃതമാണ് നുബുവ്വത്തിനുള്ളതെന്നും തുര്‍കിയിലെ ആദ്യ സന്ദര്‍ശന വേളയില്‍ (1870) തന്നെ അയസോഫിയ മസ്ജിദില്‍ സമ്മേളിച്ച ഉലമാക്കളോട് പ്രസംഗിക്കവെ ജമാലുദ്ദീന്‍ പറഞ്ഞുകളഞ്ഞു. ഇതുകേട്ടപ്പോള്‍ അന്നത്തെ തുര്‍ക്കി ഖിലാഫത്തിന്റെ ശൈഖുല്‍ ഇസ്‌ലാം ഹസന്‍ ഫഹ്മി തുറന്നടിച്ചു; ഈ മനുഷ്യനെ ഇനി പള്ളിയില്‍ കയറ്റി പ്രസംഗിപ്പിക്കരുതെന്ന്. ഇത് ജമാലുദ്ദീനോടുള്ള അസൂയ കൊണ്ട് പറഞ്ഞതായിരിക്കുമോ? ഉസ്മാനിയ്യ ഖിലാഫത്തിന്റെ ആസ്ഥാനത്തിനകത്ത് വലിയ പിടിപാടുണ്ടായിരുന്ന മതനേതാവ് അബുല്‍ ഹുദ സ്വയാദിക്ക് ജമാലുദ്ദീനോട് വൈരാഗ്യമായിരുന്നു എന്ന് വിചാരിച്ച് തള്ളിക്കളയാമോ?. 1898 ല്‍ റശീദ് രിളക്ക് സ്വയാദി  എഴുതിയ കത്തില്‍ ജമാലുദ്ദീനെക്കുറിച്ച് ‘ആദര്‍ശത്തില്‍ നിന്ന് പുറത്തുകടന്നയാള്‍’ എന്നു പറഞ്ഞത് പകതീര്‍ക്കലായിരുന്നോ? അല്ലാമാ യുസുഫുന്നുബ്ഹാനി എല്ലാ അര്‍ത്ഥത്തിലും യാഥാസ്ഥിതികനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജമാലുദ്ദീനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ തള്ളിക്കളയുക തന്നെ വേണമെന്ന് വാശിപിടിക്കണോ? തന്നെ കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി അല്‍ അസ്ഹറില്‍ ജമാലുദ്ദീന്‍ ഒരു ക്ലാസ് തുടങ്ങിയിരുന്നു. ആ ക്ലാസ് നടന്നു കൊണ്ടിരിക്കെ മൊറോക്കോ സ്വദേശിയായ അല്‍ അസ്ഹറിലെ മുതിര്‍ന്ന പണ്ഡിതന്‍ ശൈഖ് ഉലൈസ് ഊന്നുവടിയെടുത്ത് ജമാലുദ്ദീനെയും സംഘത്തെയും പുറത്തേക്കോടിച്ചത് പൂര്‍വ്വ വൈരാഗ്യം കൊണ്ടായിരുന്നോ?!

ജമാലുദ്ദീന്റെ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടനായിരുന്നു തുര്‍ക്കിയിലെ ഖലീഫ  സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്. അതിനാല്‍ സര്‍വ്വാദരവും കൊടുത്ത് അദ്ദേഹം ജമാലുദ്ദീനെ പിടിച്ചിരുത്തി. ‘കൊട്ടാരത്തിനലെ കേളികേട്ട പണ്ഡിതന്‍’ എന്നാണ് ഒരിക്കല്‍ സുല്‍ത്താന്‍ ജമാലുദ്ദീനെ പറ്റി പറഞ്ഞിരുന്നത്. ശീഈകളുമായും ഇറാനുമായും രാഷ്ട്രീയ പ്രതിസന്ധിയുണ്ടായിരുന്ന ഘട്ടത്തില്‍ രജ്ഞിപ്പിലെത്താമെന്ന ജമാലുദ്ദീന്റെ ഉപദേശം  എത്ര ഹൃദയവിശാലതയോടെയായിരിക്കും സുല്‍ത്താന്‍ കേട്ടിട്ടുണ്ടാവുക?. ജമാലുദ്ദീന്റെ ഇടപെടല്‍ കാരണം ഇസ്തംബൂളില്‍ ഇറാന്‍ കോണ്‍സുലേറ്റ് തുടങ്ങാമെന്നു വരെ സമ്മതിച്ചതാണ് സുല്‍ത്താന്‍. പക്ഷേ, വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു; ഖിലാഫത്തിന്റെ  സമൂല നാശത്തിനു വേണ്ടി പണിയെടുക്കുന്ന ചിതലാണ് ജമാലുദ്ദീനെന്ന് സുല്‍ത്താന് താമസിയാതെ തോന്നിത്തുടങ്ങി. സുല്‍ത്താന്‍ ഡയറിയില്‍ ഇങ്ങനെ കുറിച്ചു:  ‘ഇംഗ്ലീഷ് വിദേശകാര്യമന്ത്രാലയത്തില്‍ തയ്യാര്‍ ചെയ്ത ഒരു ഗൂഢാലോചനയുടെ രേഖ എന്റെ കയ്യില്‍ കിട്ടി. അത് ആ നാട്യക്കാരന്‍ ജമാലുദ്ദീന്റെയും ബ്‌ളന്റ് എന്നു പേരുള്ള ഇംഗ്ലീഷുകാരന്റേയും പണിയായിരുന്നു.അതിലവര്‍ തീരുമാനിച്ചുവെച്ചിരിക്കുന്നത് തുര്‍ക്കിയില്‍ നിന്നും ഖിലാഫത്ത് ഇല്ലായ്മ ചെയ്യണമെന്നാണ്. അവരിരുവരും ഇംഗ്ലീഷു സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുന്നത് മക്കയുടെ അമീറായ ശരീഫ് ഹുസൈനെ അടുത്ത ഖലീഫയാക്കണമെന്നാണ്. ഈ ജമാലുദ്ദീനെ എനിക്ക് അടുത്തറിയാം. അയാള്‍ ഈജിപ്തിലായിരുന്നു. മഹാ അപകടകാരിയാണ്.ഒരിക്കല്‍ അയാള്‍ എന്നോട് ആരാഞ്ഞു; മധ്യേഷ്യയിലെ സകല മുസ്‌ലിംകളെയും ഇളക്കി വിട്ടാലോയെന്ന്. അയാള്‍ക്ക് മഹ്ദീ വാദമുണ്ടായിരുന്നു. എനിക്കറിയാമായിരുന്നു അയാള്‍ക്കതിനു സാധിക്കില്ലെന്ന്. അയാള്‍ ഇംഗ്ലീഷുകാരുടെ ആളാ…’ തുര്‍ക്കി സുല്‍ത്താന്റെ ഈ വിലയിരുത്തല്‍ ശത്രുവാണെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള വികാരവിക്ഷുബ്ധതയാണെന്ന് പറഞ്ഞൊഴിയാമോ?

ജമാലുദ്ദീന്റെ നിഴലായിരുന്നു ശിഷ്യന്‍ മുഹമ്മദ് അബ്ദു. പേരു കേട്ടമുസ്‌ലിം പരിഷ്‌കരണവാദി. അദ്ദേഹം വരച്ച, ഗുരുവിന്റെ തൂലിക ചിത്രം ഇങ്ങനെയാണ്: ‘ഇത് സയ്യിദ് മുഹമ്മദ് ജമാലുദ്ദീന്‍ ഇബ്‌നുസയ്യിദ് സ്വഫ്ദര്‍. അഫ്ഗാനിയിലെ ഒരു വലിയ കുടുംബത്തിലായിരുന്നു ജനനം. പ്രഗത്ഭനായ ഹദീസ് ശാസ്ത്രകാരന്‍ സയ്യിദ് അലിയ്യുത്തിര്‍മുദിയില്‍ കുടുംബപരമ്പര സന്ധിക്കുന്നു.തുടര്‍ന്ന് അത് സയ്യിദുനാ ഹുസൈനുബ്‌നു അലിയ്യിബ്‌നു അബീഥാലിബി (കര്‍റമല്ലാഹു വജ്ഹഹു)ല്‍ ചെന്നെത്തുന്നു. കാബൂളിലെ കാന്റായില്‍ (കോനാര്‍) ഈ കുടുംബക്കാര്‍ ധാരാളമുണ്ട്. കാബൂളില്‍ നിന്ന് കന്റായിലേക്ക്  മൂന്നു ദിവസത്തെ വഴി ദൂരമുണ്ട്. അഫ്ഗാനികള്‍ക്കിടയില്‍ ഈ കുടുംബത്തിന് വലിയ പേരാണ്. ഗുരുവിന്റെ പവിത്രമായ കുടുംബപരമ്പരയോടുള്ള ആദരവാണത്. അഫ്ഗാനിയിലെ ചില ഭൂപ്രദേശങ്ങളുടെ സ്വതന്ത്രഭരണമുണ്ടായിരുന്നു ഈ കുടുംബത്തിന്. ഇപ്പോഴത്തെ അമീറിന്റെ പിതാമഹനായ ദോസ്ത് മുഹമ്മദ് ഖാന്‍ ആ ഭരണാധികാരം തട്ടിപ്പറിച്ചെടുത്തു. ജമാലുദ്ദീന്റെ പിതാവിനോടും ചില പിതൃവ്യന്മാരോടും കാബൂള്‍ നഗരത്തിലേക്ക് മാറിത്താമസിക്കാന്‍ അയാള്‍ കല്‍പിച്ചു. ഹി.1254 ല്‍ കന്റാ പ്രദേശത്തെ അസ്അദാബാദിലാണ് സയ്യിദ് ജമാലുദ്ദീന്‍ ജനിച്ചത്. അങ്ങനെ പിതാവിനോടൊപ്പം കാബൂള്‍ നഗരത്തിലേക്കു മാറിത്താമസിച്ചു. എട്ടാം വയസ്സില്‍ പഠനത്തിനിരുത്തി. ബാപ്പ മകന്റെ ശിക്ഷണക്കാര്യം നന്നായി ശ്രദ്ധിച്ചു.’

1879 ല്‍ ഈജിപ്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ഇന്ത്യയിലെത്തി ഹൈദാബാദില്‍ താമസിച്ച 1881-82 കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ജമാലുദ്ദീന്‍ എഴുതിയ ‘ഭൗതികവാദ ഖണ്ഡനം’ മുഹമ്മദ് അബ്ദു ‘അര്‍റദ്ദുഅലദ്ദഹ്‌രിയ്യീന്‍’ എന്ന പേരില്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്തു. 1885 ല്‍ ബൈറൂത്തില്‍ അതു പുറത്തിറങ്ങി; അതിനുവേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തത് ജമാലുദ്ദീന്റെ സന്തത സഹചാരിയും സേവകനുമായ ‘അബൂതുറാബാ’യിരുന്നു. ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിലാണ് മുഹമ്മദ് അബ്ദു ഗുരുവിനെ പരിചയപ്പെടുത്തുന്നത്. ഗുരുവിനോടോ ഖാദിമിനോടോ ചോദിച്ചറിഞ്ഞതായിരിക്കണമല്ലോ ഈ മുഖപരിചയം. ഗുരുവും ഖാദിമും അടിച്ചുവന്ന വിവരണം വായിച്ചിട്ടുമുണ്ടാകണം. തന്റെ പേരും മുരടും അങ്ങനെ തന്നെയാകട്ടെ എന്ന് ജമാലുദ്ദീനും തീരുമാനിച്ചിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം, ജമാലുദ്ദീനെ പരിചയപ്പെടുത്തുന്ന ഐപിഎച് വിജ്ഞാനകോശം, ആ ഭാഗം പറയുമ്പോള്‍ ഒരു ചവിട്ടിക്കയറ്റം. ‘അദ്ദേഹത്തിന്റെ പേരിനെ പറ്റി അദ്ദേഹത്തിന്റെ തന്റെ വിവരണ പ്രകാരം’ എന്നൊരു വാചകം കൂടുതലായി പറഞ്ഞുവെക്കുന്നുണ്ട് വിജ്ഞാനകോശം. മറ്റുചില റിപ്പോര്‍ട്ടുകളും കോശം വിട്ടുകളയുന്നില്ല.
‘ഇറാനിലെ ഹമദാനിനടുത്ത് സ്ഥിതി ചെയ്യുന്ന അസദാബാദിലായിരുന്നു അഫ്ഗാനിയുടെ ആദ്യകാല ജീവിതമെന്നും ഇറാനില്‍ അക്കാലത്ത് നില നിന്നിരുന്ന ഏകാധിപത്യ ഭരണത്തില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ അഫ്ഗാന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്’. ആരാണീ റിപ്പോര്‍ട്ടര്‍മാര്‍?

മുഹമ്മദ് അബ്ദു തുടരുന്നു: ‘എന്നാല്‍ ഇദ്ദേഹത്തിന്റെ മദ്ഹബ് ഋജുവായ ഹനഫീ മദ്ഹബാകുന്നു.  അദ്ദേഹം വിശ്വാസത്തില്‍ മുഖല്ലിതല്ലായിരുന്നുവെങ്കിലും സ്വഹീഹായ സുന്നത്തുമായി ബന്ധം വിഛേദിച്ചിട്ടില്ല. സൂഫിസാദാത്തുക്കളുടെ – റളിയല്ലാഹു അന്‍ഹും- മാര്‍ഗ്ഗത്തോടും ചായ്‌വുണ്ടായിരുന്നു. തന്റെ മദ്ഹബ് അനുസരിച്ച് നിര്‍ബന്ധാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അദ്ദേഹം കണിശതപുലര്‍ത്തി. ഈജിപ്തില്‍ പാര്‍ക്കുന്ന നാളുകളില്‍ തന്റെ സഹവാസികള്‍ ഇതു മനസ്സിലാക്കിയിട്ടുണ്ട്. തന്റെ ഇമാമിന്റെ മദ്ഹബില്‍ ഹലാലല്ലാത്ത ഒരു കര്‍മ്മവും അദ്ദേഹം ചെയ്തില്ല. മദ്ഹബിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും അനുബന്ധ കര്‍മ്മങ്ങളും ഇത്രത്തോളം സൂക്ഷിക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ദീനീ നിഷ്ഠയും താല്‍പര്യവും മറ്റൊരാളിലും തത്തുല്യമായി  ഇല്ലതന്നെ. ദീനിനോടും അതിന്റെ ആളുകളോടുമുള്ള തീവ്രമായ സംരക്ഷണ ബോധം അദ്ദേഹത്തെ ഉരിക്കിക്കളയുമെന്നിടത്തെത്തിയിരുന്നു’.

സുദീര്‍ഘമായ അമ്പതു വര്‍ഷത്തെ പ്രയത്‌നത്തിലൂടെ ഇറാന്‍, ഈജിപ്ത്, ലബനാന്‍, ഇറാഖ്, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, തുര്‍ക്കി, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ നാടുകളില്‍ സഞ്ചരിച്ച് സയ്യിദ് ഹാദി ഖുസൂരി ശാഹി സമാഹരിച്ച ‘അഫ്ഗാനിയുടെ സമ്പൂര്‍ണ കൃതികള്‍’ ഉദ്ദേശിച്ച ഒമ്പതു വാള്യങ്ങളില്‍ ഏഴും പുറത്തിറങ്ങിയിട്ടുണ്ട്. മാര്‍ക്‌സിസവും മുഅ്തസിലിസവും വിട്ടു സലഫിസം സ്വീകരിച്ച പ്രസിദ്ധ ഗ്രന്ഥകാരനായ മുഹമ്മദ് അമ്മാറയാണ് സമാഹാരത്തിന് നീളമേറിയ സമര്‍പ്പണം തയ്യാറാക്കിയിട്ടുള്ളത്. ജമാലുദ്ദീനെതിരെയുള്ള ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ 1980 മുതല്‍ രംഗത്തുള്ളയാളുമാണ് മുഹമ്മദ് അമ്മാറ. അദ്ദേഹം പോലും ജമാലുദ്ദീന്റെയും, അബ്ദുവിന്റെയും ‘വിവരണം’ വിശ്വസിക്കുന്നില്ല. ഒഴുക്കിനെതിരെയുള്ള ഈ നീന്തല്‍ പുതുമയുള്ളതൊന്നുമല്ല. സയ്യിദ് റശീദ് റിളാ തന്റെ വന്ദ്യഗുരുവായ മുഹമ്മദ് അബ്ദുവിനെക്കുറിച്ച് കനപ്പെട്ട മൂന്ന് വാള്യങ്ങളിലായി തയ്യാര്‍ ചെയ്ത ചരിത്രം (താരീഖുല്‍ ഉസ്താദ്) 1931 ല്‍ പുറത്തിറങ്ങുമ്പോള്‍, ഗ്രന്ഥത്തിന്റെ ഒടുവില്‍, സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കൊട്ടാരത്തിലെ പ്രഗത്ഭപണ്ഡിതന്‍ ശൈഖ് അബുല്‍ ഹസനുല്‍ സ്വയാദി എന്ന ‘ശൈഖുല്‍ അറബ്’ റശീദ് റിളക്ക് എഴുതിയ ഒരു കത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ശൈഖുല്‍ അറബ് പറയുന്നതിതാണ്: ‘ഞാന്‍ താങ്കളുടെ അല്‍മനാര്‍ പത്രം കാണാറുണ്ട്. അഫ്ഗാന്‍കാരന്‍ എന്നു പറയപ്പെടുന്ന, പണ്ഡിത വേഷത്തില്‍ കാണാറുള്ള ജമാലുദ്ധീന്റെ ഛിദ്രതാസങ്കല്‍പങ്ങളാണ് അവയില്‍ നിറയെ കാണുന്നത്!  അദ്ദേഹം അവകാശപ്പെട്ടു പോരുന്ന ഹുസൈനീ പാരമ്പര്യത്തിലേക്ക് ചേര്‍ത്താണല്ലോ താങ്കളും അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഉസ്മാനി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചതാണ് ശീഈ അസംസ്‌കൃത വിഭാഗത്തില്‍പെട്ട ‘മാസന്ദറാനി’യാണദ്ദേഹമെന്ന്’. ഉസ്മാനി ഭരണകേന്ദ്രത്തില്‍ നിന്നാകയാല്‍ ഈ കണ്ടെത്താല്‍ വൈരാഗ്യത്തിന്റെയും അസൂയയുടെയും ഭാഗമായി ചിത്രീകരിക്കപ്പെട്ടു.

ഇതിനിടയിലാണ് മരുമകന്‍ ലുഥ്ഫുല്ലാഖാന്റെ ഗ്രന്ഥമിറങ്ങുന്നത്. ജമാലുദ്ദീന്റെ രണ്ടുപെങ്ങന്മാരില്‍ ഒരാളായ തൈ്വബയുടെ കൊച്ചുമോനാണിത്. മാമ പാരീസിലായ കാലത്ത് കാണാന്‍ ധൃതികൂട്ടിയ മരുമകന്‍. ഇപ്പോള്‍ അതിനു പറ്റിയ സമയമല്ലെന്ന് പറഞ്ഞ് മാമ അവന്റെ പൂതി കെടുത്തുകയായിരുന്നു. 1929 ല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഈ ഗ്രന്ഥം ആദ്യം ഇറങ്ങുന്നത്. അറബി വിവര്‍ത്തനം 1957 ലും. ഇതോടെ അഫ്ഗാനിയുടെ വിശ്വസ്ഥരൊക്കെയും പ്രതിരോധത്തിലായി. ലുഥുഫുല്ലാഹിയുടെ വിവരണപ്രകാരം, ഇറാനിലെ ഹമദാനിനടുത്ത അസദാബാദിലാണ് ജമാലുദ്ദീന്റെ ജനനം. പഠിച്ചത് ഗ്രാമത്തില്‍. പിന്നെ ഖസ് വീനിലും തുടര്‍ന്ന് തെഹ്‌റാനിലും. 1851 ല്‍ ഇറാഖിലെ പുണ്യ കേന്ദ്രങ്ങളിലേക്ക് പിതാവിനോടൊപ്പം പോയി. അവിടെ നജ്ഫില്‍ നാലുവര്‍ഷം പഠിച്ചു.നജ്ഫ് ഒരു ശിഈ കേന്ദ്രമാണ്. പിതാവ്  മകനെ പഠനത്തിനേല്‍പിച്ച് മൂന്നു മാസത്തിനു ശേഷം നാട്ടിലേക്കു തിരിച്ചു.1855ലാണ് ഇന്ത്യയിലേക്ക് വരുന്നത്. അതിനിടയില്‍ മാത്‌സും യൂറോപ്യന്‍ വിജ്ഞാനീയങ്ങളും പഠിച്ചു. ഇന്ത്യയില്‍ വന്നതിന് ശേഷമാണ് ആളാകെ മാറുന്നത്.1865-68ല്‍ മാത്രമാണ് ജമാലുദ്ദീന് ശരിക്കും അഫ്ഗാന്‍ അനുഭവമുണ്ടാവുന്നത്. ജമാലുദ്ദീനും അബ്ദുവും ചേര്‍ന്ന് പാരീസില്‍ നിന്ന് പുറത്തിറക്കിയിരുന്ന (1884) അല്‍ഉര്‍വതുല്‍ വുസ്ഖായില്‍ വന്ന ലേഖനങ്ങളുടെ സമാഹാരം 1927ല്‍ പുറത്തിറങ്ങിയിരുന്നു. അതില്‍ ശൈഖ് മുസ്തഫാ അബ്ദുറസാഖ് തന്റെ ഗ്രന്ഥ സമര്‍പ്പണത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയല്ലെന്നും ഇറാന്‍കാരനും ശിഈയുമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഓറിയന്റലിസ്റ്റും ഇംഗ്ലീഷുകാരനുമായ എഡ്‌വാര്‍ഡ് ബ്രോണ്‍ , ഭരണഘടനാ വിപ്ലവമെന്നറിയപ്പെട്ട 1905-1909 ലെ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചെഴുതിയ പഠനത്തില്‍ ജമാലുദ്ദീന്റെ ഇറാന്‍-
ശിഈ ബന്ധത്തിന് മതിയായ രേഖകള്‍ നല്‍കിയിട്ടുണ്ട്. പ്രസിദ്ധ എഴുത്തുകാരന്‍ ഖദരീ ഖല്‍അജി 1951 ല്‍ എഴുതിയ ഗ്രന്ഥമാണ് ‘സ്വാതന്ത്രനായകരില്‍പെട്ട മൂന്നു പേര്‍’  (സലാസതുന്‍ മിന്‍ അഅ്‌ലാമില്‍ ഹുരിയ്യ) ജമാലുദ്ദീന്‍, അബ്ദു, സഗ്‌ലൂല്‍ പാഷ എന്നിവരെക്കുറിച്ചാണ് ഗ്രന്ഥം. അദ്ദേഹം പറയുന്നു, 1944ല്‍ ഇറാഖി എഴുത്തുകാരനായ അബ്ദുല്‍ കരീം ദുജൈലിയുടെ രണ്ടു ലേഖനങ്ങള്‍ ഞാന്‍ വായിച്ചിരുന്നു; ജമാലുദ്ദീന് അഫ്ഗാനുമായി യാതൊരു പൗരത്വബന്ധവുമില്ലെന്ന് അതില്‍ വിശദമായി സമര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. ഖല്‍അജി തുടരുന്നു: 1951ല്‍ ഇറാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കണമെന്ന് ഞാനുറച്ചു. അങ്ങനെ ചെന്നു നോക്കിയപ്പോള്‍ അതാ, ഇറാനികള്‍ ഏകകണ്ഠമായി പറയുന്നു, ‘സയ്യിദ് ജമാലുദ്ദീന്‍ പരമ്പര്യമായി ഇറാനിയാണ്. ജമാലുദ്ദീനെക്കുറിച്ച് അന്തരവന്‍ എഴുതിയ പേര്‍ഷ്യന്‍ രചന ഞാന്‍ കണ്ടു; അസ്സയ്യിദ് ജമാലുദ്ദീന്‍ അസദാബാദി. തങ്ങളുടെ കുടുംബത്തില്‍ പെട്ടവനാണ് ജമാലുദ്ദീന്‍ എന്നുറപ്പിച്ചുപറയുന്ന ആളുകളെ ഞാന്‍ അസദാബാദില്‍ നേരിട്ടു കണ്ടു’. ബൈറൂത്തിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി പേര്‍ഷ്യന്‍ ഭാഷാ പ്രൊഫസര്‍ മീര്‍സാ ഗുലാം ഹുസൈന്‍ഖാന്‍ 1929ല്‍ പുറത്തിറക്കിയ ‘മര്‍ദാന്‍ നാമേ ശര്‍ഖ്’ എന്ന പേര്‍ഷ്യന്‍ കൃതിയിലും ഇക്കാര്യം സമര്‍ത്ഥിച്ചതു കാണാം.അഫ്ഗാന്‍ രാജാവ് അമാനുല്ലാഹ് ഖാന്റെ പിതൃവ്യന്‍ ഇനായത്തുല്ലാഹ് ഖാന്‍ ഇതേ സംഗതി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. ശിഈ ചിന്തകനും ഗ്രന്ഥകാരനുമായ സയ്യിദ് മുഹ്‌സിനുല്‍ അമീന്‍ ‘അഅ്‌യാനുശ്ശീഅ’ എന്ന ഗ്രന്ഥത്തില്‍, ശിഈ നേതാക്കളുടെ ഗണത്തിലാണ് ജമാലുദ്ദീനെ എണ്ണുന്നത്. അബ്ദുവിന്റെ അഫ്ഗാനീ വിവരണത്തോട് പ്രതികരിച്ചു കൊണ്ട് മുഹ്‌സിനുല്‍ അമീന്‍ പറഞ്ഞു: ആയിരത്തൊന്നു രാവുകളോടു സദൃശമാണ് അബ്ദുവിന്റെ ഈ കഥകള്‍. ഒന്നും സത്യമല്ല.

തുടരും

3 Comments
  • നോമ്പില്‍ പുഴയോരത്ത്‌
    says:

    ഇബ്നു തൈമിയ്യയുടെ ശിയാ വിമർശ്ശനം സിറിയൻ കോൺ ടെക്സ്റ്റിൽ കാണുകയാൺ വേണ്ടത്‌…ആ വീക്ഷണം ഇന്ത്യൻ കോൺ ടെക്സ്റ്റിലേക്ക്‌ പറിച്ചു നടത്തിന്റെ ദുരന്തമാൺ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും അനുഭവിക്കുന്നത്‌….

  • നോമ്പില്‍ പുഴയോരത്ത്‌
    says:

    സുന്നികൾ മേൽ ശിയാ ആരോപണം ഉന്നയിക്കുക എന്നത്‌ സലഫികളുടെ സ്ഥിരം പരിപാടിയാൺ….സലഫി വീക്ഷണത്തിനു പുറത്തുള്ളവർ മുഴുവൻ വഴി പിഴച്ചവരാൺ എന്ന നിലപാടിൽ നിന്നാൺ അതുണ്ടാവുന്നത്‌….

Leave a Reply