(SIO മലപ്പുറത്ത് സംഘടിപ്പിച്ച ശൈഖുല്‍ ഇസ്‌ലാം, അക്കാദമിക ചര്‍ച്ചയില്‍ അവതരിച്ച പ്രബന്ധം )
‘ഇബ്നു തൈമിയ്യന്‍ നവോത്ഥാന സംഘം’ കേരളത്തില്‍ രൂപപ്പെട്ടതിന് നൂറു വര്‍ഷങ്ങൾക്ക്‌ ശേഷമാണ് ശൈഖുല്‍ ഇസ്ലാമിന്‍റെ ധൈഷണിക വൈജ്ഞാനിക സംഭാവനകള്‍ ശ്രദ്ധേയമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ വിധേയമാകുന്നത്!! അദ്ദേഹത്തിന്‍റെ ജീവചരിത്രം, വിവിധോന്മുഖമായ ജീവിതസംഭാവനകള്‍, സവിശേഷമായ ഇടപെടലുകള്‍ വിവരിക്കുന്ന ഒരു ഗ്രന്ഥം പോലും മലയാളത്തില്‍ പുറത്തുവന്നില്ല. സമകാലികരും പിന്‍ഗാമികളും അദ്ദേഹത്തെ വാഴ്ത്തിയ പ്രസ്താവനകള്‍ അടുക്കിവെച്ചുള്ള (മഹാജീവിത ചരിത്രത്തില്‍ ചേര്‍ക്കാവുന്ന) ഒരദ്ധ്യായം 1930 കാലഘട്ടത്തില്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി അറബിമലയാളത്തില്‍ എഴുതിയ “ളൌഉസ്വബാഹി’ല്‍ ഉള്പെടുത്തിയിരുന്നു. 1954 ല്‍ ഫലകി കുഞ്ഞഹ്മദ് മുസ്ല്യാര്‍ ‘ഇസ്ലാമിലെ രണ്ട് മഹാന്മാര്‍’ എന്ന പേരില്‍ ഇറക്കിയത് ളൌഉസ്വബാഹിന്‍റെ ‘മലബാര്‍ പതിപ്പ്’ മാത്രമായിരുന്നു. അതേപുസ്തകത്തിലെ പ്രസ്തുത അദ്ധ്യായം ‘ഇമാം ഇബ്നു തൈമിയ്യയും ആരോപണങ്ങളും’ എന്ന പേരില്‍ ‘യുവത’ 1999ല്‍ മലയാള ലിപിയില്‍ പ്രസിദ്ധം ചെയ്തു. ഇങ്ങനെ പലരൂപത്തില്‍/ പേരില്‍ പുനപ്രസിദ്ധം ചെയ്തുവെന്നല്ലാതെ പുതുതായി ഒന്നും സംഭവിച്ചില്ല?! കേരളത്തിനു പുറത്ത്, വിശിഷ്യാ അറബി ഭാഷയില്‍ നൂറുകണക്കിന് ഗവേഷണ പഠനങ്ങള്‍ അദ്ദേഹത്തെ കുറിച്ച് പുറത്തുവന്നത് ലഭ്യമാണെന്നോര്‍ക്കുക. മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബി’നെക്കുറിച്ച് അബ്ദുസ്സലാം ഓമശ്ശേരി തയ്യാറാക്കിയ സ്വതന്ത്ര ലഘുപഠനം ഐ പി എച്ച് 1983 ല്‍ മലയാളിക്ക് വായിക്കാന്‍ തന്നിട്ടുണ്ടായിരുന്നു എന്നകാര്യം വിസ്മരിക്കരുത്. ‘നവോഥാന ആനുകാലികങ്ങള്‍’ പ്രസാധനം തുടങ്ങിയിട്ട് നൂറു വര്‍ഷമായി. ഇന്നേവരെ ഇബ്നു തൈമിയ്യയെ സമഗ്രമായി സമീപിക്കുന്ന ‘ശൈഖുല്‍ ഇസ്‌ലാം പതിപ്പ്’ ഇറക്കാനുള്ള ‘ധൈര്യം’ ഒരാളും കാണിച്ചില്ല. ഇബ്നുതൈമിയ്യ ചെറുതും വലുതുമായ അനേകം കിതാബുകള്‍ രചിച്ച അനുഗ്രഹീത ഗ്രന്ഥകാരനാണ്. എന്നിട്ടെന്ത്, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ് നടത്തുന്ന ഉന്നത മതപാഠശാലകളില്‍ ശൈഖുല്‍ ഇസ്ലാമിന്‍റെ ചെറുതോ വലുതോ ആയ ഒരു കിതാബ് പോലും ഓതിക്കൊടുത്തില്ല എന്നത് ഗുരുതരമായി കാണേണ്ട പാതകമാണ്. അദ്ദേഹത്തിന്‍റെ അല്‍അഖീദത്തുല്‍ വാസിത്വിയ്യ , അല്‍ഫുര്‍ഖാന്‍ എന്നീ കൃതികളാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുള്ളൂ. അഖീദത്തുല്‍ വാസിത്വിയ്യ അറബി മലയാളത്തില്‍ കെ ഉമര്‍ മൗലവി പരിഭാഷപ്പെടുത്തിയത് അവസാന പേജും ചിതലരിച്ചു തീര്‍ന്നു. അല്‍ഫുര്‍ഖാന്‍ പൂര്‍ണ്ണമായി മലയാളത്തിലാക്കാന്‍ അനുയായികള്‍ക്ക് ഊക്കുണ്ടായില്ല. അതിലെ ‘കറാമത്ത്’ അദ്ധ്യായം മാറ്റിവെച്ചു. ഏതായാലും ശൈഖുല്‍ ഇസ്ലാമിനെ വായിക്കാനും വായിപ്പിക്കാനും ഇത്രകാലം മടിച്ചത് സ്വന്തം പ്രോമോട്ടര്‍മാര്‍ തന്നെയായിരുന്നുവെന്നര്‍ത്ഥം. ഇബ്നു തൈമിയ്യയെ വായിക്കാന്‍ അനുവദിക്കാത്തതിനാല്‍ അദ്ദേഹത്തെ സദാ ജപിക്കാറുള്ള സംഘത്തില്‍ ‘യുക്തിവാദവും ശാസ്ത്ര വാദവും ഹദീസ് നിഷേധവും തിരുത്തല്‍ വാദങ്ങളും പൊന്തകെട്ടുകയായിരുന്നു. ഇബ്നു തൈമിയ്യ ഇപ്പറഞ്ഞ ളലാലത്തുകള്‍ക്കെതിരെയാണ് കനപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയത്.
അതേസമയം, പ്രതിയോഗികളെ പ്രതിരോധിക്കാന്‍, അവരുടെതന്നെ ഇമാമിന്‍റെ വരികള്‍ തിരഞ്ഞ്, ഒളിഞ്ഞെങ്കിലും ശൈഖുല്‍ ഇസ്‌ലാമിനെ വായിച്ചത് ‘ളാല്ലും മുളില്ലു’മാണെന്ന് അദ്ദേഹത്തെ ‘കുറ്റ’പ്പെടുത്തിയ ‘വിരോധി’കളായിരുന്നു. ‘ഇബ്നു തൈമിയ്യയുടെ വീക്ഷണത്തില്‍ സുന്നി’ എന്ന തരത്തിലുള്ള ഒന്നു രണ്ട് പുസ്തകങ്ങള്‍ അവര്‍ ഈയ്യിടെ പുറത്തിറക്കി. പ്രതിയോഗികള്‍ സ്വീകരിച്ച ഈ പ്രത്യാക്രമണമുറ, ഭാഗ്യവശാല്‍ ഇരുപക്ഷത്തും പുനരാലോചനകള്‍ ഉദിച്ചുവരാന്‍ ഇടയായിട്ടുണ്ട്. ഇബ്നു തൈമിയ്യയുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുന്ന പ്രവണത കുറെയൊക്കെ പ്രകടമാക്കി ഒരു സംഘം ‘വിസ്ഡം’ എന്ന പേരില്‍ വേറിട്ടു പോന്നു. അവരുടെ വായന മുന്നോട്ട് പോയാല്‍ ഇനിയും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പ്രതിയോഗികള്‍ക്കിടയിലോ, ഇബ്നു തൈമിയ്യയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആവേശമുണ്ടാവുക മാത്രമല്ല, അദ്ദേഹത്തോടുള്ള വിരോധത്തിന്‍റെ തീവ്രത കുറഞ്ഞുവരുകയും ചെയ്തു. വിപരീത ദിശയിലൂടെയാണെങ്കിലും ശരി, കേരളത്തില്‍ പ്രമോട്ടര്‍മാരെപോലും ശൈഖുല്‍ ഇസ്ലാമിലേക്ക് അടുപ്പിക്കുന്നതില്‍ പ്രതിയോഗികളുടെ പങ്ക് ചെറുതല്ല.
ശൈഖുല്‍ ഇസ്‌ലാമിനെ പൈതൃക കാലത്ത് വായിച്ചതെങ്ങനെ?..
ഒരു ‘തിരുത്തല്‍വാദി’യെന്ന നിലയ്ക്ക് ശൈഖുല്‍ ഇസ്‌ലാം പണ്ഡിത ലോകത്ത് വലിയ തോതില്‍ ചര്ച്ചയായിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകം വരെയും അത്തരം വൈജ്ഞാനിക സംഘട്ടനങ്ങള്‍ ‘തെരുവേറി’യതായി കാണുന്നില്ല. എന്നാല്‍, ഇബ്നു തൈമിയ്യയെ മാര്‍ക്കെറ്റ് ചെയ്യാന്‍ നവോത്ഥാനക്കാര്‍ വരുന്നതിന്‍റെ നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ‘മുസ്ല്യാരുട്ടികള്‍’ ഇബ്നുതൈമിയ്യ എന്ന മഹാജ്ഞാനിയെ പരിചയപ്പെട്ടിട്ടുണ്ട്. വഅള് പറഞ്ഞുകൊടുക്കുന്നവര്‍ക്കുള്ള ഗൈഡായി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ എഴുതിയ ‘ഇര്‍ഷാദുല്‍ ഇബാദി’ലെ ‘മദ്യപാനം’ അദ്ധ്യായം ഓതുന്ന സന്ദര്‍ഭത്തിലാണ് ഈ പരിചയപ്പെടല്‍ തുടങ്ങുന്നത് . അതിങ്ങനെയാണ്:
“അറിയണം: മദ്യം പോലെത്തന്നെ കഞ്ചാവും ഹറാമാകുന്നു. ഒരു സംഘം ജ്ഞാനികള്‍ പ്രസ്താവിച്ചതു പ്രകാരം, കഞ്ചാവ് ഉപയോഗിക്കുന്നവന്ന് പ്രഹര ശിക്ഷ കൊടുക്കണം; മദ്യപാനിയെ ശിക്ഷിക്കുന്നപോലെ. ഇബ്നു തൈമിയ്യ പറഞ്ഞു: ‘കഞ്ചാവ് ഹലാലാണെന്ന് വാദിക്കുന്നവന്‍ നിഷേധിയാണ്’. ഈ പ്രസ്താവന അദ്ദേഹത്തിന്‍റെ മദ്ഹബ് വക്താക്കള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മദ്യം പോലെ കഞ്ചാവ് നജസാകുന്നു എന്ന വീക്ഷണം ചിലര്‍ക്കുണ്ട്. ഹമ്പലി ധാരയില്‍ ആ അഭിപ്രായം ശരിയാണ്. ചില ശാഫിഈ ഉലമാക്കളും അതുതന്നെ പറയുന്നു. കഞ്ചാവ് ദ്രവ/ ആര്‍ദ്ര രൂപത്തിലാണെങ്കില്‍ നജസ് ആകുന്നു; ഖര രൂപത്തില്‍ നജസ് അല്ല എന്നും അഭിപ്രായമുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിന്‍റെ വിധി നാല് മദ്ഹബ് ഇമാമുമാര്‍ പരാമര്‍ശിച്ചിട്ടില്ല. കാരണം, മുന്നേ കടന്നുപോയ സലഫിന്‍റെ കാലത്ത് അതില്ല. ഇസ്ലാമിക രാജ്യങ്ങളിലേക്ക് താര്‍ത്താരികള്‍ വന്നതോടെയാണ് കഞ്ചാവ് ഉപയോഗമെന്ന പുതിയ പ്രശ്നം കര്‍മ്മ ശാസ്ത്രത്തിനു മുന്നില്‍ വരുന്നത്”.
ഈ വരികള്‍ ‘കിതാബ് തിരിയുന്ന’ മുസ്ല്യാരുട്ടികളെ എന്തെല്ലാം സംഗതികള്‍ പഠിപ്പിക്കുന്നു, കഞ്ചാവ് ഉപയോഗത്തിന്‍റെ മസ്അലകള്‍ അല്ലാതെ. ഖിയാസ് എന്ന പേരിലുള്ള നാലാം പ്രമാണത്തിന് ഒരു ഉദാഹരണം കിട്ടുന്നതൊഴിച്ചാല്‍?
1- ഇബ്നു തൈമിയ്യ ഹമ്പലി മദ്ഹബ്കാരനാണ്.
2- ഹമ്പലി മദ്ഹബിലെ കേവല പണ്ഡിതനല്ല, ആധികാരിക പണ്ഡിതനാണ്. മദ്ഹബിന്‍റെ വക്താവ് എന്ന ഉന്നത നിലവാരത്തില്‍ എത്തിയ പണ്ഡിതനാണ്.
3- നാല് അംഗീകൃത മദ്ഹബുകളുടെ ഇമാമുകളുടെ മുന്നില്‍ വരാത്ത ഒരു പുതിയ പ്രശ്നത്തെ, മദ്ഹബിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കനുസൃതമായി സമീപിക്കാന്‍ കഴിയുന്ന ‘മുജ്തഹിദ്’ ആണ്. (ശാഫിഈ മദ്ഹബില്‍ ഇമാം നവവിക്ക് നല്‍കുന്ന സ്ഥാനം)
4- കഞ്ചാവെന്ന പുതിയ പ്രശ്നത്തെ കുറിച്ച് ഖണ്ഡിതമായ വിധി പ്രഖ്യാപിച്ച ഇബ്നു തൈമിയ്യയെ (അദ്ദേഹമാണ് ഈ പ്രശ്നത്തില്‍ ആദ്യമായി ഇടപെടുന്നത്) ഹമ്പലി മദ്ഹബുകാര്‍ മാത്രമല്ല, സൈനുദ്ധീന്‍ മഖ്ദൂം വരെയുള്ള ശാഫികളും അംഗീകരിക്കുന്നു.
പ്രശ്നം 1 : ഇബ്നു തൈമിയ്യയ്യെ ‘തീവ്രമായി ആക്ഷേപിച്ച’ അല്ലാമാ ഇബ്നു ഹജറില്‍ ഹൈതമിയുടെ വിദ്യാര്‍ഥിയാണ് ഇര്‍ഷാദ് രചിച്ച മഖ്ദൂം സ്വഗീര്‍. ഉസ്താദിന്‍റെ ആദര്‍ശ തീവ്രത ഇല്ലാതിരുന്നോ ശിഷ്യന്? അതല്ല, ഉസ്താദിന്‍റെ ‘പ്രയോഗ രഹസ്യം’ നമ്മെ പഠിപ്പിക്കുകയായിരുന്നോ മഖ്ദൂം?
‘പൊന്നാനി സ്കൂളിലെ’ മറ്റൊരു മുദരിസ് ഇതിനു വിശദീകരണം നല്കും.. വായിക്കാം:
‘പൊന്നാനിക്കളരി’യില്‍ പഠിച്ചുവളര്‍ന്ന ശാഫിഈ പണ്ഡിതനും സാമൂഹ്യ വിപ്ലവകാരിയുമായ മമ്പുറം സയ്യിദ് ഫള്ല്‍ പൂക്കോയ (നവ്വറല്ലാഹു ളരീഹഹു) ‘القول المختار في المنع عن تخيير الكفار’ എന്നപേരില്‍ എഴുതിയ രാജ്യഭരണ സംബന്ധമായ പ്രൌഡ രചനയില്‍ (ഹി. 1273 ല്‍ പ്രിന്‍റു ചെയ്യപ്പെട്ട ഉദ്ദത്തുല്‍ ഉമറാ’ കാണുക) ഇബ്നു തൈമിയ്യയെ വളരെ ബഹുമാനപൂര്‍വ്വം സ്മരിക്കുന്നത് കൂടി കാണുന്ന മുസ്ല്യാര്‍ക്ക് ശൈഖുല്‍ ഇസ്ലാമിനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുന്നു.
ശൈഖുല്‍ ഇസ്ലാമിന്‍റെ കാലത്ത് ജിസ് യ സംബന്ധമായ പ്രശ്നമുണ്ടായപ്പോള്‍, വിധിതീര്‍പ്പ് തേടി ഉത്തരവാദപ്പെട്ടവര്‍ ആധികാരിക പണ്ഡിതന്മാരെ സമീപിച്ചു. അവരുടെ പേരുകള്‍ ഫള്ല്‍ തങ്ങള്‍ ഉദ്ദരിക്കുന്ന ക്രമവും രീതിയും ഇനിപറയുന്നു.
1- فأجاب شيخ الإسلام أبو العباس أحمد بن عبد الحليم بن عبد السلام بن تيمية رحمه الله تعالى “”
2- കമാലുദ്ധീന്‍ അഹ്മദ് ബ്നു മുഹമ്മദ്‌ അശ്ശര്‍ബസി റഹി, ശാഫിഈ
3- ശൈഖ് ബുര്‍ഹാനുദ്ധീന്‍ ഇബ്രാഹീം ബ്നുല്‍ ഇമാം താജുദ്ദീന്‍ ബ്നുല്‍ ഫര്കാഹ് , മാലികീ
4- ഖാസി ശംസുദ്ധീന്‍ ബ്നുല്‍ ഹരീരി, ഹനഫീ
5- ശൈഖ് ശറഫുദ്ധീന്‍ ഈസാ അസ്സവാവി, മാലികീ
6- ശൈഖ് മജ്ദുദ്ദീന്‍ ഈസാ ബ്നുല്‍ ഹിസാബ്, ശാഫിഈ
7- ശൈഖ് സൈനുദ്ധീന്‍ അല്കബാനി, ശാഫിഈ
8- അലാഉദ്ദീന്‍ അല്‍ബാജി, ശാഫിഈ
ഫള്ല്‍ തങ്ങളുടെ മേല്‍ പരാമര്‍ശത്തില്‍ നിന്നും മനസ്സിലാക്കാവുന്ന സംഗതികള്‍ :
ഒന്ന്, വലിയ വലിയ മസ്അലകളില്‍ സമകാലികരായ രാഷ്ട്രീയ- മത നേതൃത്വം വിധി തേടി സമീപിച്ചിരുന്ന ഉന്നതസ്ഥാനത്തുള്ള മുഫ്തിയായിരുന്നു ഇബ്നു തൈമിയ്യ. സമകാല പണ്ഡിതന്മാരുടെ മുന്‍നിരയില്‍/ പ്രഥമ സ്ഥാനത്ത് തന്നെ ശൈഖുല്‍ ഇസ്‌ലാം ഉണ്ടായിരുന്നു.
രണ്ട്, ശൈഖുല്‍ ഇസ്‌ലാം എന്ന ദറജ പ്രാപിച്ച വലിയ ജ്ഞാനിയാണ്‌ ഇബ്നു തൈമിയ്യ . മുകളില്‍ പരാമര്‍ശിച്ച പണ്ഡിതന്മാര്‍ക്കിടയില്‍ ശൈഖുല്‍ ഇസ്‌ലാം എന്ന വിശേഷണം ഫള്ല്‍ തങ്ങള്‍ നല്കിയിരിക്കുന്നത് ഇബ്നു തൈമിയ്യക്ക് മാത്രമാണ്.
മൂന്ന്, റഹ്മത്ത് ചെയ്യട്ടെ എന്ന പ്രാര്‍ഥനാശംസകള്‍ (തറഹ്ഹും)ചെയ്യാവുന്നതാണ്. അതാണ്‌ മര്യാദ.
നാല്, ‘ഇത് ആ ഇബ്നു തൈമിയ്യ അല്ല. ഇബ്നു തൈമിയ്യമാര്‍ രണ്ടുമൂന്നെണ്ണം ഉണ്ട്’ എന്നൊക്കെ പറഞ്ഞ് എനിക്ക് തടിയൂരാന്‍ കഴിയാത്ത വണ്ണം സമ്പൂര്‍ണ്ണ വിലാസം വെച്ചുകൊണ്ടാണ്‌ ഫള്ല്‍ തങ്ങള്‍ ഇബ്നു തൈമിയ്യയെ പരാമര്‍ശിച്ചിരിക്കുന്നത്.
 (ഉദ്ദത്തുല്‍ ഉമറായില്‍ സുപ്രധാന മസ്അലകള്‍ വിശകലനം ചെയ്യുന്നിടത്ത് ഇബ്നു തൈമിയ്യയെ വേറെയും പരാമര്‍ശിക്കുന്നുണ്ട്.)}
ഇബ്നു തൈമിയ്യയെ കുറിച്ചുള്ള സൈനുദ്ധീന്‍ മഖ്ദൂം സ്വഗീറിന്‍റെയും മമ്പുറം ഫള്ല്‍ തങ്ങളുടെയും സ്പഷ്ടവും കൃത്യവുമായ നിലപാട് കേരളത്തില്‍ മറഞ്ഞുപോയത് എന്നുമുതലായിരിക്കണം? തര്ളിയത്ത് ഒഴിവാക്കാന്‍ ആഹ്വാനം ചെയ്യുന്ന സമസ്ത പാസ്സാക്കിയ പ്രമേയത്തില്‍ ഇബ്നുതൈമിയ്യ റഹി യും ഉള്‍പ്പെട്ടത് കൌതുകമുള്ള കാര്യമാണ്.
‘വഹാബി’ ആയിരുന്നില്ല ശൈഖുല്‍ ഇസ്‌ലാം..
നിരന്തര പരിണാമിയായ ഒരു ദുഷ് പ്രവണതയാണ് ‘വഹാബിസം’. ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബിന്‍റെ പേരില്‍ സംഘടിച്ച കേവല രാഷ്ട്രീയ പ്രതിലോമ മുന്നേറ്റമായിരുന്നു അത്. അലിയാര്‍ തങ്ങളുടെ നാമത്തില്‍ ഇസ്ലാമിക ചരിത്രമാകെ ചോര മണപ്പിച്ച റാഫിദികളുടെ സഹായത്താല്‍, സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം നാടുകളില്‍ സൃഷ്ടിച്ച ദ്വന്ദ ഭൂതത്തിന്‍റെ പരിണിതിയത്രെ, ഒരര്‍ഥത്തില്‍ വഹാബിസം.
അവരാദ്യം ശൈഖ് മുഹമ്മദിനെ ഒരു ‘വഹാബി’യാക്കി. അതോടെ അദ്ദേഹത്തിന്‍റെ ‘ഗുരു’ അഥവാ ആദര്‍ശ സ്രോതസ്സ് ആയി അവതരിപ്പിക്കപ്പെട്ട ശൈഖുല്‍ ഇസ്‌ലാമും പ്രേക്ഷകരുടെ മുന്നില്‍ ‘വഹാബി’യായി മാറി.
ഇബ്നു തൈമിയ്യ യെക്കുറിച്ച് സമകാലികരും പില്‍ക്കാലക്കാരുമായ വിരോധികള്‍ പ്രചരിപ്പിച്ച അപവാദങ്ങളുടെ നിരര്‍ത്ഥകത നിരൂപക നിപുണരായ ഉലമാക്കള്‍ തിരിച്ചറിഞ്ഞതായിരുന്നു. ശൈഖുല്‍ ഇസ്ലാമിന്‍റെ ഒരു ഗ്രന്ഥം പോലും വായിക്കാതെ , അദ്ദേഹത്തിന്‍റെ വിമര്‍ശകരുടെയും നിരൂപകരുടെയും വരികള്‍ മാത്രം വിശ്വസിച്ച് , അല്ലാമാ ഇബ്നു ഹജര്‍ അല്‍ഹൈതമി റഹി അവര്‍കള്‍ കൊടുത്ത ധൃതി പിടിച്ച ഫത് വ ആദ്യാവസാനം വായിക്കാതെ ശൈഖുല്‍ ഇസ്ലാമിനെ ചിലരെങ്കിലും ബോധപൂര്‍വ്വം തെറ്റിദ്ധരിച്ചിരുന്നു. തങ്ങളെ കണക്കിന് പഴിപറഞ്ഞ, അന്നം മുട്ടിച്ച ‘ആ പഹയനെ’ കണ്ടാല്‍ ഭസ്മമാക്കാന്‍ ‘കോഴിത്തലയും ചെമ്പുതകിടും പേക്കോലവും ഇരുമ്പാണികളും ’ കരുതിയിരിക്കുകയായിരുന്നു കൂടോത്ര സൂഫികളും തരികിട കറാമത്ത് കേന്ദ്രങ്ങളും അവരുടെ ഈറ്റില്ലമായ റാഫിദികളും. അവര്‍ക്ക് ‘മരുന്നു വെച്ചു കൊടുക്കുകയായിരുന്നു’ വഹാബികള്‍.
ശരിയായ അന്വേഷണത്തില്‍, ഇബ്നു തൈമിയ്യയില്‍ നിന്നും ഒരുപാടകലെയാണ് ഇബ്നു അബ്ദില്‍ വഹാബ്, അദ്ദേഹത്തില്‍ നിന്നും വീണ്ടും അകലെയാണ് വഹാബികള്‍ എന്നറിയപ്പെട്ട രാഷ്ട്രീയ വിപ്ലവകാരികള്‍, ഈജിപ്ത് കേന്ദ്രീകരിച്ച ചില ഉള്പതിഷ്ണുക്കള്‍ വഹാബിസത്തിനു നേതൃത്വം നല്‍കിയപ്പോള്‍ വഹാബിസം വീണ്ടും രൂപം മാറുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല.
ശൈഖുല്‍ ഇസ്‌ലാം ‘ലാ മദ്ഹബി’ ആയിരുന്നില്ല; മദ്ഹബിനകത്ത് ഇജ്തിഹാദ് ചെയ്യുവാനുള്ള യോഗ്യതയാണ് പരമാവധി അദ്ദേഹത്തിന് ഉലമാക്കള്‍ കല്പിച്ചത്. മുത്ലഖ് മുജ്തഹിദ് എവിടെ പറക്കുന്നു, മുജ്തഹിദുല്‍ മദ്ഹബ് എവിടെ കിടക്കുന്നു?! ശൈഖ് മുഹമ്മദും അങ്ങനെത്തന്നെയായിരുന്നു.അദ്ദേഹവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട് താനൊരു ഹമ്പലി ആണെന്ന്.
ശൈഖുല്‍ ഇസ്‌ലാം ശാഖാപരവും ഇജ്തിഹാദിയ്യും ഊഹാധിഷ്ടിത വുമായ ഒരു പ്രശ്നം കാണിച്ച് ഒരു മുസ്ലിമിനെയും കാഫിര്‍ ആകിയിട്ടില്ല.
പ്രസിദ്ധ നബികീര്‍ത്തന കാവ്യമായ ബുര്‍ദ രചിച്ച ബൂസ്വൂരിയെ ‘യാ അക്രമ..’ ചൊല്ലിയതിനു ശൈഖ് മുഹമ്മദ്‌ പോലും കാഫിറാക്കിയിട്ടില്ല എന്നിരിക്കേ, , ബുര്‍ദ യേക്കാള്‍ ആയിരം കുതിര ശക്തിയില്‍ നബി സ്വ യെ മദ്ഹു പാടുകയും അവിടുത്തെ വിളിച്ചു തേടുകയും ചെയ്യുന്ന ശൈഖ് സ്വര്‍സ്വറിയെയും അദ്ദേഹത്തിന്‍റെ കാവ്യങ്ങളേയും ‘തക്ഫീര്‍ സീല്‍’ വെക്കാന്‍ ശൈഖുല്‍ ഇസ്ലാം മുന്നോട്ടു വരുമോ? പരുപരുത്ത വാക്കുകള്‍ പോലും പറഞ്ഞില്ല. സ്വര്സ്വരി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ മുരീദ് ആയിരുന്നു. ഇബ്നു തൈമിയ്യയുടെ വല്ല്യുപ്പയുടെ വിദ്യാര്‍ഥിയും ആയിരുന്നു. ഇന്ന് ബുര്‍ദ എത്രമാത്രം ജനകീയമാണോ അതിനേക്കാള്‍ ഹിറ്റ്‌ ആയിരുന്നു സ്വര്‍സ്വരീകാവ്യങ്ങള്‍.
തിരുനബി സ്വ യുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ മുഴു സമയം ഉപയോഗിക്കുന്നതിന് പ്രോത്സാഹനം ചെയ്ത ശൈഖ് മുഹമ്മദ്‌ , താന്‍ ദലാഇലുല്‍ ഖൈറാത്ത്’ കത്തിക്കുന്നു എന്ന അപവാദത്തെ പരസ്യമായി തള്ളിക്കളഞ്ഞു. എങ്കില്‍ പിന്നെ, ശൈഖുല്‍ ഇസ്ലാമിന്‍റെ കാര്യം പറയണോ?
അനധികൃത മദ്യ ഷാപ്പുകളിലേക്ക്, അനാശാസ്യ കേന്ദ്രങ്ങളിലേക്ക് ജനകീയ വിപ്ലവ യാത്ര നടത്തിയ ശൈഖുല്‍ ഇസ്ലാം ഏതെങ്കിലും ജാറം പൊളിക്കാന്‍ പോയ കഥ എവിടെയുണ്ട്?! അവസരം ഒത്താല്‍ തിരുനബി സ്വ യുടെ ഖുബ്ബ പൊളിക്കുമെന്ന് താന്‍ പറഞ്ഞതായുള്ള തീവ്ര ഭക്തരായ അനുയായികളുടെ കുപ്രചരണത്തെ ശൈഖ് മുഹമ്മദ്‌ നിഷേധിച്ചിരുന്നല്ലോ.
ശിര്‍ക്കിനോട് ഘടനയില്‍ സാദൃശ്യമുള്ള (വിശ്വാസത്തില്‍ അല്ല) ഇസ്തിഗാസ എന്ന കര്‍മ്മം ഒരാള്‍ ചെയ്താല്‍ അയാള്‍ ശാശ്വത നരകത്തിനിടയാകുന്ന ശിര്‍ക്ക് ചെയ്തുവെന്നോ, അയാള്‍ ഇസ്ലാമില്‍ നിന്നും പുറത്തുപോകുമെന്നോ, അയാള്‍ വധിക്കപ്പെടണമെന്നോ ശൈഖുല്‍ ഇസ്‌ലാം ഒരിക്കല്‍ പോലും പ്രസ്താവിച്ചിട്ടില്ല, എഴുതിയിട്ടില്ല. ഇത്തരം ശിര്‍ക്ക് യഥേഷ്ടം നടക്കുന്ന ജാറങ്ങള്‍ അതിനാല്‍ തന്നെ പൊളിച്ചുനീക്കാന്‍ ഇരുട്ടത്തോ വെളിച്ചത്തോ അദ്ദേഹം അനുയായികളെ സംഘടിപ്പിച്ചിട്ടില്ല. ഇസ്തിഗാസ ചെയ്യുന്നവരെ കാഫിര്‍ എന്ന് ഒരിക്കല്‍ പോലും ശൈഖുല്‍ ഇസ്ലാം വിളിച്ചില്ല. അദ്ദേഹം അതിനെ ശിര്‍ക്ക് എന്നാണ് വിളിച്ചത്. ഈ പ്രയോഗത്തെ ചിലര്‍ പിന്നീട് വളച്ചൊടിക്കുകയായിരുന്നു. ശിര്‍ക്കുന്‍ ദൂന ശിര്‍ക്ക്, കുഫ്രുന്‍ ദൂന കുഫ്ര്‍, ബിദ്അത്തുന്‍ ദൂന ബിദ്അ തുടങ്ങിയ തത്വങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ഇസ്തിഗാസ ശിര്‍ക്കാകുന്നു എന്ന കൊണ്ടുപിടിച്ച പ്രചരണം വഹാബികളുടെ നേതൃത്വത്തില്‍ നടന്നത്.
“കുഫ്രന്‍ ബവ്വാഹന്‍” ഇല്ലാതെ ഒരു മുസ്ലിമിനെയും ഇസ്ലാമില്‍ നിന്നും പുറത്താക്കാന്‍ ശൈഖുല്‍ ഇസ്‌ലാം ഒരുമ്പെട്ടിട്ടില്ല. വഹ്ദത്തുല്‍ വുജൂദ്, തനാസുഖ് (അവതാരം) തുടങ്ങിയ വ്യക്തമായ പിഴവാദങ്ങള്‍ പുലമ്പിയിരുന്ന, തട്ടിപ്പും തരികിടയും മായാജാലങ്ങളും വശമാക്കി പൊതുജനങ്ങളെ കബളിപ്പിച്ചിരുന്ന സൂഫി കോപ്രായങ്ങളെ ആക്ഷേപിക്കുന്നതില്‍ ഇബ്നു തൈമിയ്യ കാണിച്ച ധീരത ആരാലും വിമര്‍ശിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ കാടടച്ചുള്ള വെടിവെപ്പില്‍ കുടുങ്ങിപ്പോയ ചില സാധു സൂഫികള്‍ക്ക് അല്ലറ ചില്ലറ മുറിവ് പറ്റിയത് പൊറുക്കാന്‍ തയ്യാറാവുകയായിരുന്നു അവര്‍. മുസ്ലിംകളെ പച്ചക്ക് കാഫിറാക്കുക കൂടി ചെയ്തിരുന്നെങ്കില്‍, അദ്ദേഹത്തിന്‍റെ കഴുത്തില്‍ താമസംവിനാ കയറുവീഴുമായിരുന്നു. ഇജ്മാഇനെതിരെ സംസാരിച്ചതിന്‍റെ പേരില്‍ പലവട്ടം ജയിലേറിയത് ചരിത്രത്തില്‍ ഉണ്ടല്ലോ. ഒരു മുവഹ്ഹിദിനേ മുശ്രിക്കും കാഫിറും ആക്കുക ചെറിയ അപരാധമല്ല. ശാഖാപരമായ കര്‍മ്മ കാര്യത്തില്‍ ഉള്ള എകോപനത്തെ ലംഘിക്കുന്നതിലും എത്രയോ ഗുരുതരമായ അപരാധമാണത്. ശൈഖുല്‍ ഇസ്ലാമിന് അതേക്കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടായിരുന്നു. ആവര്‍ത്തിച്ച് അക്കാര്യം അദ്ദേഹം ഉണര്‍ത്തിയിട്ടുണ്ട്.
വഹാബികള്‍ ഇബ്നുതൈമിയ്യയുടെ ചിത്രം പതിച്ച കൊടുവാളേന്തി മുഴക്കിയത് ഇബ്നു തൈമിയ്യയുടെ ആദര്‍ശമായിരുന്നില്ല, മാതൃകയായിരുന്നില്ല. വഹാബികള്‍ ഇസ്തിഗാസയുടെ പേരില്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുകയായിരുന്നു. സംരക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ എല്ലാ ‘ശിര്‍ക്കന്‍ കേന്ദ്ര’ങ്ങളും തൗഹീദ് സ്ഥാപിക്കാനുള്ള തിടുക്കത്തില്‍ ഭരണം ലഭിക്കുന്നതിനു മുമ്പേ നാമാവശേഷമാക്കുകയായിരുന്നു. കര്‍മ്മപരമായി അനുചിതമായതും സാധാരണക്കാരെ പിന്തിരിപ്പിക്കേണ്ടതുമായ അപകടകരമായ ഒരു പ്രശ്നമായി ഇസ്തിഗാസയെ അവതരിപ്പിച്ച ശൈഖുല്‍ ഇസ്‌ലാം എവിടെ നില്‍ക്കുന്നു? അതിനെ രാഷ്ട്രീയ പടയൊരുക്കത്തിനുള്ള ഒരായുധമായും സത്യവിശ്വാസികളെ നശിപ്പിക്കാനുള്ള ന്യായമായും ഉപയോഗപ്പെടുത്തിയ വഹാബികള്‍ എവിടെ കിടക്കുന്നു?!
ശൈഖുല്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റായ പ്രതീതി പരത്തുന്നതില്‍ വഹാബികള്‍ വഹിച്ച പങ്ക് ഭീകരമാണ്. വഹാബികളിലൂടെ ശൈഖുല്‍ ഇസ്ലാമിനെ പരിചയപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹത്തെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെപോയി. വഹാബികള്‍ പാടിത്തന്ന ‘തൈമിയ്യാ മാല’ ഈണത്തില്‍ പാടി, ചിലരതിനു സംഗീതം നല്‍കി, മറ്റു ചിലര്‍ ചലച്ചിത്രമാക്കി. വഹാബികളുടെ പുറം ചട്ടയില്‍ പതിച്ച ശൈഖുല്‍ ഇസ്ലാമിന്‍റെ ചിത്രം കാണിച്ച്, ഹറമുകളിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും മുസ്ലിംകളെ നരനായാട്ട് നടത്തിയും, ജാറങ്ങള്‍ അടിച്ചു നിരത്തിയും അഭിശപ്തരായ ‘വഹാബികളുടെ ഗുരു’വാണത്രെ ഈ മനുഷ്യന്‍’ എന്ന് പറഞ്ഞ് ഇബ്നു അബ്ദില്‍ വഹാബിനോടൊപ്പം ഇബ്നു തൈമിയ്യയെയും ആക്ഷേപിക്കാനും ബഹിഷ്കരിക്കാനും കേരള ഉലമാക്കള്‍ക്ക് അവസരം വീണുകിട്ടി.
 
വെറുപ്പ് വേണ്ട, ധൈര്യത്തോടെ സ്നേഹിക്കാം..
ആഗോള സുന്നികളുടെ ‘ഖുതുബെ ആലം’ എന്ന് വിളിക്കാവുന്ന മഹാ പണ്ഡിതനാണ് , യൂസുഫ് നബ്ഹാനി റഹി. ശക്തനായ സുന്നി, അടിയുറച്ച സൂഫി, വഹാബികളുടെ പേടിസ്വപ്നം. ഒരു കാലത്ത് ഇബ്നു തൈമിയ്യയുടെ ശക്തനായ വിരോധി.ഇബ്നു തൈമിയ്യക്കെതിരെ അക്കാലം മുതല്‍ക്കുള്ള എതിര്‍പ്പുകളെ കുറിച്ച് നല്ല അവബോധമുള്ള പരന്ന ജ്ഞാനി. സുബ്കി ഇമാമിനെയും ഇബ്നു ഹജറിനെയും നന്നായി ആദരിക്കുകയും വിലകല്‍പ്പിക്കുകയും ചെയ്യുന്ന അദബുള്ള സുന്നി. ഇബ്നു തൈമിയ്യയുടെ പല പിഴച്ച വാദങ്ങള്‍ക്കും ശരിയായ തഅവീല്‍ നല്‍കിക്കൊണ്ട് തന്നെ , അദ്ദേഹത്തോടുള്ള വിയോജിപ്പ്‌ ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നതും ഇസ്തിഗാസ, സിയാറത്ത് തുടങ്ങിയ ‘ദീനുല്‍ ഇസ്ലാമിലെ മഹാ സംഭവങ്ങള്‍’ സ്ഥാപിക്കുന്നതുമായ ശവാഹിദുല്‍ ഹഖ്’ എഴുതിയ മഹാന്‍. അദ്ദേഹം ഇബ്നു തൈമിയ്യ റഹി യെ സ്വപ്നം കാണുന്നു! ഒരു തവണയല്ല, രണ്ടു തവണ.!!
ഒരിക്കല്‍, സുബ്ഹ് നിസ്കാരം കഴിഞ്ഞ് നബ്ഹാനി തങ്ങള്‍ മയക്കത്തിലായിരുന്നു. സ്വപനത്തില്‍ ഒരാള്‍ വന്ന് പറഞ്ഞു: ‘താങ്കളെ കാണാന്‍ ഇബ്നു തൈമിയ്യ വരുന്നുണ്ട്. കേട്ടപാടെ വീട്ടിനകത്ത് നിന്നും പുറത്തിറങ്ങി ശൈഖുല്‍ ഇസ്ലാമിനെ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ കൈ പിടിച്ചു ഉമ്മവെച്ചു. പരിക്ഷീണനായി കാണപ്പെട്ട അദ്ദേഹത്തെ താങ്ങി വീട്ടില്‍ എത്തിച്ചു. ‘ എന്‍റെ സാന്നിദ്ധ്യം അദ്ദേഹത്തെ സന്തോഷ ഭരിതനാക്കി. മുഖത്ത് സന്തോഷ ത്തിളക്കം. അദ്ദേഹം എനിക്കുവേണ്ടി ദുആ ചെയ്യാന്‍ തുടങ്ങി. ഞാനും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അദ്ദേഹം എന്‍റെ ദുആ ക്ക് ആമീന്‍ പറഞ്ഞു. ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു, റഹിമഹുല്ലാഹു വ അഫാ അന്ഹു”
മറ്റൊരു തവണ നബ്ഹാനി തങ്ങള്‍ സ്വപ്നം കാണുന്നത് രണ്ടുപേരെ ഒന്നിച്ചാണ്. ഇമാം സുബ്കിയെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയെയും. രണ്ടുപേരും ഒരു സദസ്സില്‍. (രണ്ടു സമസ്തയുടെ പ്രസിഡന്റ്‌ മാര്‍! അന്നങ്ങനെ ആയിരുന്നെങ്കിലും ഇന്ന് നാം അവരെ രണ്ടു ഭീകര സംഘങ്ങളുടെ നേതാക്കളായി ട്ടാണ് ധരിച്ചുവെചിരിക്കുന്നത്). രണ്ടു പേരുടെയും മുഖത്ത് ജ്ഞാനത്തിന്റെ പ്രഭാവം പ്രകടം.
“എന്‍റെ അടുത്ത് ഇബ്നു തൈമിയ്യ ആയിരുന്നു. ഞാന്‍ അദ്ദേഹത്തിന്‍റെ കൈകള്‍ ഉമ്മവെക്കാനായി ലക്ഷ്യമാക്കി ചെന്നു. ചുംബിച്ചു എന്നു തന്നെയാണ് എന്‍റെ ഓര്‍മ്മ. .. “
“ആ സമയത്ത് സിയാറത്ത്, ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്‍റെ നിലപാടോ അതിനു സുബ്കി ഇമാം എഴുതിയ പ്രതികരണമോ ഒന്നും മനസ്സില്‍ വന്നില്ല. വേണമെങ്കില്‍ ഈ സ്വപ്നത്തിനു മുമ്പ് ഞാന്‍ മേല്‍ വിഷയത്തില്‍ ഇബ്നു തൈമിയ്യക്കെതിരെ ചിലതെല്ലാം എഴുതിവെച്ചിരുന്നു, അപ്പൊ തന്നെ അത് വേണ്ടെന്നു തോന്നി മാറ്റിവെച്ചതായിരുന്നു. തല്‍ വിഷയകമായ അദ്ദേഹത്തിന്‍റെ അപകടം പിടിച്ച നിലപാടിലേക്ക് ജനങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തി കൊണ്ടുവരണ്ടല്ലോ എന്നാണു ഞാന്‍ അപ്പൊ കരുതിയത്. ഈ ഇബ്നു തൈമിയ്യ ആരാണെന്നോ! അദ്ദേഹം വലിയ ഇമാം ആകുന്നു, ജ്ഞാനത്തിന്‍റെ കോടി അടയാളമാണ്. മറ്റു സമുദായങ്ങളുടെ മുന്നില്‍ അഭിമാന പൂര്‍വ്വം എടുത്തുകാട്ടാനുള്ള മുഹമ്മദിയ്യ സമുദായത്തിലെ പ്രമുഖരായ ജ്ഞാന നേതൃത്വങ്ങളുടെ കൂട്ടത്തില്‍ പ്രഗല്ഭനാണ് ഇദ്ദേഹം. അതോടൊപ്പം അദ്ദേഹം അബദ്ധങ്ങള്‍, പിഴവുകള്‍ സംഭവിക്കാത്ത ഒരു മഅസ്വൂം ആയിരുന്നില്ല. വളരെ കുറച്ച് മസ്അലകളില്‍ അദ്ദേഹത്തിന് അക്ഷന്തവ്യമായ അബദ്ധം പിണഞ്ഞിട്ടുണ്ട്. സിയാറത്ത്, ഇസ്തിഗാസ എന്നിവ അതില്‍ പെട്ടതാണ്. അവയില്‍ സലഫിലെയും ഖലഫിലെയും മഹാഭൂരിപക്ഷം ജ്ഞാനികളുടെ നിലപാടിനോട് വിയോജിക്കുകയായിരുന്നു….. എണ്ണപ്പെട്ട മസ് അലകളില്‍ അദ്ദേഹത്തിന് പിഴച്ചെങ്കിലും എണ്ണമറ്റ, പരിധിയില്ലാത്ത മസ് അലകളില്‍ ഇബ്നു തൈമിയ്യ സത്യമാണ് പറഞ്ഞതും എഴുതിയതും. അവ നിമിത്തം വ്യക്തമായ ദീനിനെ സഹായിച്ചു അദ്ദേഹം. മുഹമ്മദ്‌ നബി സ്വ യുടെ ശരീഅത്തിനെ സേവനം ചെയ്തു. അദ്ദേഹത്തെ കുറിച്ച് ആരോപിക്കുന്ന ചില മസ്അലകള്‍ ഉണ്ടല്ലോ, വിശ്വസനീയരായ ചില ജ്ഞാനികള്‍ അവ നിഷേധിച്ചിട്ടുണ്ട്, ഇബ്നു തൈമിയ്യ യിലേക്ക് അവ ചേര്‍ത്തു പറയുന്നത് സ്ഥിരപ്പെട്ട കാര്യമല്ലെന്ന്. ഏതാകട്ടെ, തിന്മകളെ നന്മകള്‍ നീക്കിക്കളയുമെന്നാണല്ലോ വിശുദ്ധ വചനം..”
സ്വപ്നാനുഭവം വിവരിച്ച ശേഷം അല്ലാമാ യൂസുഫ് നബ്ഹാനി തങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ആ പ്രാര്‍ത്ഥനയാണ് എനിക്കും നിര്‍വ്വഹിക്കാനുള്ളത്..
” ബഹുമാന്യമായ അര്ശിന്റെ ഉടമസ്ഥനായ ഉന്നതനായ അല്ലാഹുവിനോട് ഞാന്‍ ചോദിക്കുന്നു: ഈ രണ്ട് ഇമാമുകള്‍ക്കൊപ്പം എന്നെയും അവന്‍ ഒരുമിച്ചു കൂട്ടാന്‍. പരസ്പരം സ്നേഹിക്കുന്ന സത്യവിശ്വാസികളുടെ കൂട്ടത്തില്‍. ‘നാം അവരുടെ മനസ്സുകളില്‍ നിന്നും സഹോദരങ്ങളോടുള്ള ഈര്‍ഷ്യയും വെറുപ്പും എടുത്തു നീക്കിയിരിക്കുന്നു, അവര്‍ സ്വര്‍ഗ്ഗത്തിലെ ചാരുകസേരകളില്‍ പരസ്പരം അഭിമുഖമായിരുന്നു രസിക്കുന്നു’ എന്ന് വിശുദ്ധ വചനത്തില്‍ പറഞ്ഞ ആ മുതഹാബ്ബുകളുടെ ഗണത്തില്‍..”
ആമീന്‍…
 
******************
******************

******************

ഇബ്നു തൈമിയ്യ _ പ്രതികരണം/ പ്രതികരണം..1
സമുദായം യോജിപ്പിലാകാൻ നല്ലൊരു മാർഗ്ഗം..
??ഇബ്നു തൈമിയ്യ യെ ഇപ്പോഴും സ്മരിക്കുകയും പഠിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകത എന്ത്?!
= ഇന്നത്തെ സുന്നി Vs മുജാഹിദ്/ ജമാഅത്ത് സംഘടനക്കിടയിൽ ഗുരുതരവും ലഘുതരവുമായ മുന്നൂറിലധികം വിഷയങ്ങളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. പല വിഷയങ്ങളിൽ മുജാഹിദ് ഗ്രൂപ്പുകൾ ക്കിടയിൽ തന്നെ തർക്കം നടക്കുന്നു. ഗുരുതരം എന്ന് കണക്കാക്കുന്നത് ശിർക്ക് / തൗഹീദ് സംബന്ധമായ വിഷയത്തിലാണ്. ഇസ്ഥിഗാസ ചെയ്യുന്നവർ മക്കാ മുശ്രിക്കുകളെക്കാൽ കടുത്ത മുശ്രിക്കു കളാണെന്ന് ചിലർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിൽ യാതൊരു കോ മ്പ്ര മൈസിനും അവർ തയ്യാറല്ല. “ഞങ്ങളെ മുശ്രിക്കാക്കി/കാഫിരാക്കിയിരിക്കുന്നൂ” എന്ന അസഹ്യമായ വേദനയാണ് സുന്നി പക്ഷത്തിന് ന്യായമായും പങ്കുവെക്കാനുള്ള ത്. എന്നാല്, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ യെ കൃത്യമായി വായിക്കാൻ തയ്യാറാകു മെങ്കിൽ അഭിപ്രായ വ്യത്യാസം പത്തിൽ താഴെ ആക്കാൻ സാധിക്കും. ഇസ്ത്തിഗാസ ചെയ്യുന്നവരെ കാഫിരാക്കാൻ അദ്ദേഹം കൂട്ടാക്ക ില്ല . മറ്റ് പ്രശ്നങ്ങളിൽ ഇബ്നു തൈമിയ്യ യെ അംഗീകരിക്കുന്ന വർ അദ്ദേഹത്തോടൊപ്പം നിൽക്കട്ടെ. അദ്ദേഹം ഹമ്പലി മദ്‌ ഹബു വക്താവ് ആയിരുന്നല്ലോ. അതിനാൽ കേരളത്തിലെ ഷാഫി/ഹനഫികൾക്ക്‌ ആ വക മസ്‌ അലകൾ അംഗീകരിക്കാ മല്ലോ!
ഏതാനും ശാഖാ വിഷയങ്ങളിൽ അദ്ദേഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് വരുന്നത് കൊണ്ട് ഒരാളെ അവഗണിക്കുകയോ അവ മതിക്കുകയോ വേണ്ടതില്ല. ഏതൊരു പണ്ഡിതനുമാ യും ഇത്തരത്തിൽ അഭിപ്രായ വ്യത്യാസം കാണും. ഒരു സംഘടനയുടെ പ്രസിഡന്റ് സെക്രട്ടറി മാർ തമ്മിൽ പോലും ഉണ്ടാകും പത്തിലേറെ അഭിപ്രായ വ്യത്യാസങൾ.
പ്രത്യേകം, പറയാനുള്ളത് ഇതാണ്: ഇബ്നു തൈമിയ്യ യെ വായിക്കുകയെന്നാൽ അദ്ദേഹത്തെ നേരിട്ട് വായിക്കുക തന്നെ വേണം. അനുരക്തരും പ്രതിയോഗികളും അദ്ദേഹത്തെ വാഴ്ത്തിയതും വീഴ്ത്തിയതും ശേഷം വായിക്കാം. അന്വേഷണ തൽപരനായ പണ്ഡിതന്മാർ അവസാന കാലങ്ങളിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ മാത്രമേ എടുക്കാ വൂ. തിരുത്തു കളും തൗബയും പരിഗണിക്കണം. ആരോപണങ്ങൾ വ്യാജമാണെന്ന് വിശ്വസ്ത രായ നിരൂപക പണ്ഡിതന്മാർ പറഞ്ഞാൽ , അത് മൈനസ് ചെയ്തിട്ടേ ആരോപിതനെ തൂക്കി കണക്കാക്കാൻ പാടുള്ളൂ..
ഇങ്ങനെ, ഒളിച്ചു വെക്കാതെ വളച്ച് ടിക്കാതെ, തഅസുബും ഇഷ്ഖും വെടിഞ്ഞ് ശൈഖുൽ ഇസ്ലാമിനേ വായിക്കാൻ തയ്യാറാക ട്ടെ. കുഴപ്പം കുറെ അടങ്ങും. വിശിഷ്യാ, ശൈഖുൽ ഇസ്ലാമിനെ സ്നേഹിക്കാനും വായിക്കാനും നേരത്തെ തന്നെ ആഗ്രഹിക്കുന്നവ രോട് ഇതാണ് പറയാനുള്ളത്.
മറ്റു പ്രതികരണങ്ങളും അവയ്ക്കുള്ള മറുകുറികളും പിന്നീട് വായിക്കാം, ഇന്‍ ഷാ അല്ലാഹ്..
4 Comments
 • Noushad K P
  says:

  പിന്നെ നബ്ഹാനി വഹാബികളുടെ പേടി സ്വപ്‌നമാണെന്ന്‌ , തള്ളുമ്പോൾ മയത്തിൽ തള്ളേണ്ട ,

  غاية الأماني في الرد على النبهاني] ഈ കിതാബുകൾ വായിച്ചാൽ മതിയാകും …. അതിന് എവിടെ സമയം ? അല്ലെ ?

  .

  നബ്ഹാനി പറയുകയുണ്ടായി സുബുകിയുടെ കയ്യെഴുത്ത്‌ കണ്ടിട്ടുണ്ടെന്ന് , അതിൽ സുബുകി പ്രവാചകൻ കത്തെഴുതിയിട്ടുണ്ട് , എന്നിട്ട് പ്രവാചകനോട് ചോദിച്ച് പോലും ഇബ്നു തയ്മിയ്യയെ ഞാൻ ഖണ്‌ഡിച്ചത് (ഖബർ സന്ദർശിക്കാൻ വേണ്ടിയുള്ള യാത്രയും ത്വലാഖും) താങ്കൾ അംഗീകരിക്കുന്നുണ്ടോ എന്ന് ……. ഇതാണ് നബ്ഹാനി , ഇതിന് മറുപടി കൊടുത്ത മഹ്മൂദ് ശുക്റി ആലൂസി പറഞ്ഞത് നബ്ഹാനി കള്ളനാണ് , സുബുകിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ നഖൽ തെറ്റാണ് , ഇനി ഇത് സുബുകി എഴുതിയെന്ന് വിചാരിക്കുക എന്നാൽ ഈ കത്തിനാൽ സുബുകി മജ്‌റൂഹായി

 • Noushad K P
  says:

  ഞാൻ ഇബ്നു തൈമിയക്ക് മറുപടി കൊടുത്തു എന്ന ശബ്ദിക്കുന്നവരെ , ഹി ഏഴാം നൂറ്റാണ്ടിൽ ജനിച്ച പണ്ഡിതൻ സുബുകിക്ക് മറുപടികൊടുക്കുന്ന സമയത് പറഞ്ഞ ഒരു വാചകമുണ്ട്

  സിംഹം (ഇബ്നു തൈമിയ) കാട്ടിലില്ലാത്ത സമയത്ത് കുറുക്കൻ (സുബുകി) വന്ന് ശബ്ദമുണ്ടാക്കും , എന്നിട്ട് പറയും ആരുമില്ലേ ഇതാ ഞാൻ വന്നിരിക്കുന്നു എന്ന് ….

  ഇത് പോലെ ഇബ്നു തയ്മിയ്യയുമായിട്ട് ലൈവ് ഡിബേറ്റ് നടന്നപ്പോൾ സുബുകിക്ക് എന്ത് പറ്റിയെന്നുള്ളത് ഇമാം ഇബ്നു തായ്മയുടെ ശിഷ്യൻ രേഖപ്പെടുത്തിയിട്ടുണ്ട് . പിന്നെ നബ്ഹാനിയുടെ സ്വപ്നം വ്യഖ്യാനിച്ച് മഹ്മൂദ് ശുക്റി ആലൂസി പറഞ്ഞത് ഇങ്ങനെയാണ്

  فيقال له: إن صحت رؤياك أيها النبهاني -وإن كان ما تراه يقظة ومناماً أضغاث أحلام- دلت على أن الله تعالى كشف لك عن حال مقتداك، وشيخ بدعك وهو السبكي، فإنه كما هو المعلوم لدى كل منصف كان من ألد الخصوم لشيخ الإسلام، بل لكل أهل الحق، وحيث كان جالساً بين يدي خصمه فهو دليل على أن خصمه وهو ابن تيمية قد أقعده على عجزه، والأمر كما رأيت، فقد تكلم السبكي على ما أفتى به الشيخ ابن تيمية في مسألتي الطلاق والزيارة، فرد عليه الشيخ ابن تيمية بعدة مجلدات. يقول ابن السبكي: رأيت منها مجلداً. وأما سواد الوجه الذي لاح في السبكي فهو بيان ما ابتدعه، قال عز ذكره: {تَرَى الَّذِينَ كَذَبُوا عَلَى اللَّهِ وُجُوهُهُمْ مُسْوَدَّةٌ} . وأما السمن الذي كان فيه فهو علامة غيظه وشقائه بين يدي خصمه، وأما وقوف ابن تيمية على ساقه فهو النصر على خصومه، وأنه لم يزل قائماً على ساق الهمة. وأما نحافة وجهه فهو ما كابده من عناء مخاصمة أهل البدع وأعداء الدين، وتعبير سمرته هو من السؤدد، وتقبيل يديه ذلك له وضراعتك للحق، وأما الرجل الذي رأيته وظننته ابن عبد الهادي أو ابن القيم فهو والله أعلم الأول، لأنه الذي رد على مقتداك السبكي بعد وفاة الشيخ ابن تيمية في كتاب (الصارم المنكى في الرد على السبكي) في كتابه (شفاء السقام) وأقعده على عجزه أيضاً، وبين جهله وغباوته، وقد رأيت ولله الحمد تعبير رؤياك من قبل، وأما قوله لك في جواب سؤال عن مدة عمره أنه ستمائة سنة فهو معنى قوله تعالى: {وَلا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتاً بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ} 1 ومثل ابن تيمية لم يمت على تعاقب الأزمان.
  وما دام ذكر العبد بالفضل باقياً … فذلك حي وهو في الترب هالك
  وقال آخر:
  قد مات قوم وما ماتت مكارمهم … وعاش قوم وهم في الناس أموات

 • Noushad K P
  says:

  ഇബ്നു തൈമിയ്യ ഒരിക്കൽ ചോദിക്കപ്പെട്ടു.
  "സത്യത്തിന്റെ ആളുകൾ എവിടെയാണു ഉണ്ടാവുക?"
  അദ്ദെഹം പറഞ്ഞു. "ഒന്നുകിൽ മണ്ണിനടിയിൽ, അല്ലെങ്കിൽ ജയിലഴികൾകുള്ളിൽ, അതുമല്ലെങ്കിൽ രണഭൂമിയിൽ.."
  ‘’എന്നെ ജയിലിൽ അടച്ചാൽ എന്റെ റബ്ബുമായി ഒറ്റയ്ക്ക് ഇരിക്കാനുള്ള അവസരമാണ് എനിക്ക് അത്. എന്നെ നാട് കടത്തിയാൽ റബ്ബിന്റെ ഭൂമിയിൽ സഞ്ചരിക്കാനുള്ള അവസരവും . എന്നെ തൂക്കിലേറ്റിയാൽ ഞാൻ ശഹീ ദുമാണ്. സ്വര്ഘമാണ് എന്നെ കാത്ത് നില്ക്കുന്നത്
  നിങ്ങള്ക്ക് എന്നെ എങ്ങനെ തോല്പ്പിക്കാൻ പറ്റും ‘’
  ഷൈഖുൽ ഇസ്ലാം

Leave a Reply