ശൈഖ് മുഹമ്മദ്‌ ഇബ്നു അബ്ദില്‍ വഹാബിനെ എതിരാളികള്‍ ഒരുപാട് തെറ്റിദ്ധരിപ്പിചിട്ടുണ്ട്; അതിനു പുറമേ, അദ്ദേഹത്തിന്‍റെ അനുയായികളായി വന്നവര്‍ ശൈഖില്‍ നിന്നും ഒരുപാടകലെ വഴുതിപ്പോയിട്ടുമുണ്ട്. അനുയായികളില്‍ തന്നെ തീവ്രവാദികള്‍ ഉണ്ട്; നുഴഞ്ഞു കയറിയ ശത്രുക്കള്‍ പലരും തീവ്ര അനുയായികള്‍ ആയി വേഷം കെട്ടിയിട്ടുണ്ട്. ശൈഖിന്‍റെ ജീവിത കാലത്തുതന്നെ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അലി റ ന്‍റെയും ഉസ്മാന്‍ റ + മുആവിയ റ യുടെയും ജീവിത കാലത്ത് അവരുടെ ആളുകളായി നടിച്ച് സൈന്യത്തിലും അരങ്ങത്തും അണിയറയിലും വിലസിയ ശത്രുക്കളുടെയും സ്വാര്‍ത്ഥ താല്പര്യക്കാരുടെയും ചരിത്രം വായിക്കുന്നവര്‍ക്ക്, ആധുനിക ലോകത്തെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി തിരിയുന്നവര്‍ക്ക്, ശതുക്കള്‍ മിത്രങ്ങളായി വേഷം കെട്ടുന്ന നാടകം അത്ഭുതകരമായി തോന്നാനിടയില്ല.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ, ശൈഖിനെകുറിച്ച് ചിലര്‍ പ്രചരിപ്പിച്ചതും, ചില തീവ്ര അനുയായികള്‍ ശൈഖിന്‍റെ പേരില്‍ വെച്ചുകെട്ടിയതും ശൈഖു തന്നെ നിഷേധിച്ചത് രേഖപ്പെട്ടിരിക്കെ, അദ്ദേഹത്തിന്‍റെ നിലപാട്/ വിശ്വാസം/ പ്രസ്ഥാനആദര്‍ശം മനസ്സിലാക്കാന്‍ അത്തരം വിശദീകരണ/ നിഷേധ ക്കുറിപ്പുകള്‍ ചര്‍ച്ചയില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നു. ശൈഖിനെക്കുറിച്ച് ‘വഹാബി’കളും റാഫിദികളും പ്രചരിപ്പിച്ചതല്ലാത്ത, അവരെ വായിച്ച് സമസ്തക്കാരും പുറം ലോകത്തെ സുന്നികളും മനസ്സിലാക്കിയതല്ലാത്ത ഒരു ‘നജ്ദി ശൈഖിനെ’ നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് എന്‍റെ പക്ഷം. ശൈഖിന്‍റെ സ്വന്തം രചനകള്‍ മാത്രം അവലംബിച്ചു കൊണ്ടാണ് ഈ ‘ശ്മശാന ഭഞ്ജന’ത്തിനൊരുങ്ങുന്നത്.

 (സ്വാലിഹ് ബ്നു ഫൌസാന്‍റെ നേതൃത്വത്തില്‍ ശൈഖിന്‍റെ രചനകളും കത്തുകളും സമാഹരിച്ചതില്‍ നിന്നാണ് ഇതെടുത്തിട്ടുള്ളത്. സ്രോതസ്സ് ആധികാരികമാണെന്നര്‍ത്ഥം. വേറെയും അനേകം സ്രോതസ്സുകളില്‍ നിന്നും സമാനമായ ഉദ്ധരണികള്‍ നിരത്താന്‍ സാധിക്കും.)

ഒന്ന്

തന്നെക്കുറിച് ആരോ പ്രചരിപ്പിച്ച ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ട്  ശൈഖ്  ഖസ്വീം ദേശക്കാര്‍ക്ക് എഴുതിയ കത്ത്.

തന്‍റെ വിശ്വാസ നിലപാടുകള്‍ വിശദമായി ആദ്യഭാഗത്ത് വ്യക്തമാക്കുന്ന ശൈഖ് വിവിധ അവാന്തര കക്ഷികളുടെ നിലപാടുകളിലെ ഏറ്റ ക്കുറവുകള്‍ക്കിടയില്‍ അഹ്ലുസ്സുന്നയുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയതിങ്ങനെ വായിക്കാം: “അടിമകളുടെ പ്രവൃത്തിയുടെ സ്രഷ്ടാവ് ആരെന്ന ചോദ്യത്തില്‍ സൃഷ്ടികളുടെത് എന്ന് പറഞ്ഞ ഖദ്രിയ്യത്തിന്റെയും സൃഷ്ടികളുടെ തെരഞ്ഞെടുപ്പിനെ നിഷേധിച്ച ജബ്രിയ്യത്തിന്‍റെയും വാദങ്ങള്‍ക്കിടയിലാണ് ‘നരക രക്ഷ വാഗ്ദാനം ചെയ്യപ്പെട്ട വിഭാഗം’ എന്ന് തിരുദൂതര്‍ വിശേഷിപ്പിച്ച അഹ്ലുസുന്ന നിലകൊള്ളുന്നത്. അല്ലാഹുവിന്‍റെ താക്കീത് സംബന്ധമായ വിഷയത്തില്‍ മുര്‍ജിഅ ത്തിനും വഈദിയ്യക്കും ഇടയിലാണ് അവര്‍. വിശ്വാസവും കര്‍മ്മവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുമ്പോള്‍ ഹറൂറിയ്യ, മുഅതസില, മുര്‍ജിഅ, ജഹ്മിയ്യ വിഭാഗങ്ങളുടെ ഇടയിലാണ് സുന്നികള്‍. രസൂലുല്ലാഹി സ്വ യുടെ സ്വഹാബികളെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ റാഫിദികള്‍ക്കും ഖാരിജികള്‍ക്കും മദ്ധ്യേയാണ് അഹ്ലുസ്സുന്ന.”

വസ്തുനിഷ്ടമായ വിശദീകരണം മുന്നോട്ടു പോകുമ്പോള്‍ സ്വഹാബികളെ കുറിച്ചുള്ള അഹ്ലുസ്സുന്ന യുടെ പക്വമായ നിലപാടാണ് തനിക്കുള്ളതെന്ന് ശൈഖ് കൃത്യമായി പറയുന്നുണ്ട്. അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി റ ഹും എന്ന മഹത്വ ക്രമം അദ്ധേഹം വ്യക്തമാക്കുന്നു. അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ ഇടപെടാതെ അവരെ കുറിച്ച് നല്ലതുമാത്രം സ്മരിക്കുന്ന സുന്നി നിലപാട് വെളിപ്പെടുത്തുന്നു.

കത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്ത്, ഏതോ ഒരാള്‍  തന്നെക്കുറിച്ച് ഖസ്വീം ദേശത്തെ പ്രമുഖ ജ്ഞാനികളെ തെറ്റിദ്ധരിപ്പിച്ചത് സംബന്ധമായ സംഗതികളെ കുറിച്ചാണ് സംസാരിക്കുന്നത്. “ഞാന്‍ പറയാത്ത കാര്യങ്ങളാണ് അയാള്‍ ആരോപിക്കുന്നത്; അതില്‍ മിക്കതും എന്‍റെ ആലോചനയില്‍ പോലും കടന്നുവരാത്ത കാര്യങ്ങളാണ്” എന്ന് പറഞ്ഞ്, ആരോപണങ്ങള്‍ ഓരോന്നായി ഉദ്ധരിക്കുന്നു.

1-      നാലു മദ്ഹബുകളുടെ കിതാബുകള്‍ ഞാന്‍ നിഷ്ഫലമാണെന്ന് പറയുന്നു.
2-      ആറു നൂറ്റാണ്ടുമുതല്‍ക്കുള്ള മുസ്ലിംകള്‍ സത്യപാതയില്‍ അല്ലെന്നു ഞാന്‍ പറയുന്നു.
3-      ഞാന്‍ ഒരു മുജ്തഹിദ് ആണെന്നും വല്ല ഇമാമിനെയും  തഖ്ലീദ് ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഒഴിവാണെന്നും വാദിക്കുന്നു.
4-      ജ്ഞാനികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം സമുദായത്തിന് ആപത്താണ്, അനുഗ്രഹമല്ല എന്ന് ഞാന്‍ പറയാറുണ്ട്.
5-      സ്വാലിഹീങ്ങളെ തവസ്സുല്‍ ചെയ്യുന്നവനെ ഞാന്‍ കാഫിറാക്കുന്നു.
6-      ‘യാ അക്രമല്‍ ഖല്‍ഖ്..’ എന്നിങ്ങനെ നബി സ്വ യെ ഇസ്തിഗാസ ചെയ്യുന്ന വരികള്‍ പാടിയ ബൂസ്വീരിയെ ഞാന്‍ കാഫിറാക്കുന്നു.
7-      സാധിക്കുമെങ്കില്‍ ഞാന്‍ റസൂലുല്ലാഹി സ്വ യുടെ ഖുബ്ബ പൊളിക്കുന്നതാണെന്ന് ഞാന്‍ പറഞ്ഞിരിക്കുന്നു.
8-      സാധിക്കുമെങ്കില്‍ കഅ ബയിലെ സ്വര്‍ണ്ണപ്പാത്തി മാറ്റി മരം കൊണ്ടുള്ള പാത്തി സ്ഥാപിക്കുമെന്ന് ഞാന്‍ പറഞ്ഞിരിക്കുന്നു.
9-      നബി സ്വ യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യുന്നത് ഞാന്‍ ഹറാമാക്കിയിരിക്കുന്നു.
10-   മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ഖബ്ര്‍ സന്ദര്‍ശിക്കുന്നത് ഞാന്‍ നിഷേധിക്കുന്നു.
11-   അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നവരെ ഞാന്‍ കാഫിറാ ക്കുന്നു.
12-   ഇബ്നുല്‍ ഫാരിള്, ഇബ്നു അറബി എന്നീ സ്വൂഫി പ്രമുഖരെ ഞാന്‍ കാഫിറാക്കിയിരിക്കുന്നു.
13-   ദലാഇലുല്‍ ഖൈറാത്ത് എന്ന സ്വലാത്ത് സമാഹാരവും റൌളുറയാഹീന്‍ എന്ന് പേരുള്ള സ്വൂഫി കഥാ സമാഹാരവും കത്തിച്ചു കളയുന്നതാണെന്ന് ഞാന്‍ പറഞ്ഞിരിക്കുന്നു. റൌളുറയാഹീന്‍ എന്നല്ല റൌളുശയാത്വീന്‍ എന്നാണ് അതിന് യോജിച്ച പേരെന്ന് ഞാന്‍ പഴിച്ചിരിക്കുന്നു.

ഇത്തരം ആരോപണങ്ങളെ കുറിച്ച് ശൈഖ് ഒറ്റവാക്കില്‍ മറുപടി പറയുകയായിരുന്നു: സുബ്ഹാനക ഹാദാ.. ‘തമ്പുരാനേ, കല്ലുവെച്ച നുണകള്‍’!!

നബി സ്വ യെ തരം താഴ്ത്തുന്നവന്‍, അവിടുത്തെ ബര്സഖീ ജീവിതത്തെ നിഷേധിക്കുന്നവന്‍, സ്വലാത്ത് ചൊല്ലാന്‍ അനുവദിക്കാത്തവന്‍, സജ്ജനങ്ങളായ മഹാത്മാക്കളെ ദുഷിക്കുന്നവന്‍, അവരെ സ്നേഹിക്കുന്നത് തടയുന്നവന്‍, തന്നെ പിന്തുടരാത്തവര്‍ കാഫിര്‍ ആണെന്ന് വിധിക്കുന്നവന്‍, ദീന്‍ പ്രകാരം ജീവിക്കാന്‍ ഹിജ്ര വാജിബാണെന്ന് ആഹ്വാനം ചെയ്യുന്നവന്‍ തുടങ്ങിയ അടിസ്ഥാനരഹിതമായ കെട്ടുകഥകള്‍ അദ്ദേഹം പരസ്യമായി നിഷേധിച്ചു. ഇതാണ് അദ്ദേഹത്തിന്‍റെ ആദര്‍ശമെങ്കില്‍ കേരളത്തില്‍ പ്രചരിച്ചതും ജനം കണ്ടും കേട്ടും വിലയിരുത്തിയതുമായ വഹാബിസവുമായി ശൈഖിന് എത്ര അടുപ്പമുണ്ടെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. സാധ്യമാകുന്ന സമയമത്രയും സ്വലാത്ത് ചൊല്ലാന്‍ പ്രോത്സാഹിപ്പിച്ച ശൈഖ് പക്ഷേ, സ്വലാത്ത് വിരോധിയായത് ഏതു ചെകുത്താന്‍റെ കൈക്രിയ മൂലം ആണാവോ?! (ഒട്ടേറെ സംഗതികള്‍ ഇപ്രകാരം തിരുത്താനുണ്ട്, ഇവിടെ ഇത്രമാത്രം)

രണ്ട്:
ഒരു സയ്യിദിനെ  ആക്ഷേപിച്ച ശിഷ്യന്‍റെ (ശാദുലി ക്കാരെപ്പോലെ ഇഖ്വാന്‍ എന്നായിരുന്നു അനുയായികള്‍ പരസ്പരം വിളിച്ചിരുന്നത്) വഴിവിട്ട നടപടിയെ ക്കുറിച്ച് ശൈഖ് പ്രതികരിച്ച കത്ത് 


അഹ്ലുല്‍ ബൈത്തിനെ ബഹുമാനിക്കാന്‍ അറിയാത്ത ശിഷ്യന്‍റെ അറിവില്ലായ്മയെ തിരുത്തിക്കൊണ്ട് ശൈഖ് കുറിച്ച വരികള്‍ ഇങ്ങനെ: “അബ്ദുല്‍ മുഹ്സിന്‍ തങ്ങള്‍ എന്ന പേരുള്ള  ഹസാ ദേശത്തെ ആദരണീയനായ സയ്യിദിനോട് നമ്മുടെ പ്രസ്ഥാനത്തിലെ ഒരംഗം ഇങ്ങനെ പറഞ്ഞതായി അറിഞ്ഞു: “ഹസായിലെ ജനങ്ങള്‍ കാല്‍മുട്ടില്‍ ഇരുന്ന് നിന്‍റെ  കൈ മുത്തുന്നുവല്ലോ?! നീയാണേല്‍ പച്ച തലപ്പാവ് ധരിച്ചിരിക്കുന്നു?!!”

ഒരു കാര്യത്തെ കുറിച്ച് ശരിയായ ജ്ഞാനം ആര്‍ജ്ജിക്കുന്നതിനു മുമ്പ് നിഷേധിക്കാന്‍ നിക്കരുത്‌. അല്ലാഹുവിന്‍റെ കല്പനക്ക് വിരുദ്ധമാണോ എന്ന അറിവാണ് ഒരു സംഗതി തടയാന്‍ ഒരുങ്ങുന്നതിന്‍റെ പ്രഥമ ഘട്ടം. കൈ മുത്തുക പോലുള്ള സംഗതിയൊന്നും നിഷേധിക്കേണ്ട കാര്യമല്ല. ജ്ഞാനികള്‍ക്കിടയില്‍ അഭിപ്രായ വൈവിധ്യം ഉള്ള കാര്യമാണത്. സൈദ്‌ ബിന്‍ സാബിത്ത് റ ഇബ്നു അബ്ബാസ് റ യുടെ കൈ മുത്തുകയും “നബി സ്വ യുടെ അഹ്ലുബൈത്തിനോട്  ഇപ്രകാരം വര്‍ത്തിക്കാന്‍ ഞങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് പ്രസ്താവിക്കുകയും ചെയ്തത് സ്ഥിരപ്പെട്ട കാര്യമാണ്. എന്തുതന്നെയായാലും അല്ലാഹുവിന്‍റെ വിധി എന്താണെന്ന് അറിയാതെ വല്ല കാര്യവും എടുത്തുചാടി തടയാന്‍ പോകണ്ട. പിന്നെ, പച്ച തലപ്പാവ് ധരിക്കുന്ന രീതി, അത് പണ്ടേ ഉള്ളതാണ്. അഹ്ലുല്‍ബൈത് പരമ്പരയിലുള്ള വരെ തിരിച്ചറിയാനും  ആളെയറിയാതെ അവരെ ദ്രോഹിക്കുകയോ അവരോടുള്ള ബഹുമാനാദരവുകളില്‍  ജനങ്ങള്‍ കുറവ് വരുത്തുകയോ ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ഒരു നിശ്ചിത അടയാളം അവര്‍ സ്വീകരിച്ചു പോന്നത്. നബി സ്വ യുടെ അഹ്ലുല്‍ബൈത്തില്‍ പെട്ടവരോട് നിര്‍ബന്ധമായും പുലര്‍ത്താന്‍ മറ്റു ജനങ്ങളെ അല്ലാഹു ചില സവിശേഷ കടമകള്‍ വെച്ചിട്ടുണ്ട്. ആ കടമകളില്‍ വീഴ്ച വരുത്താന്‍ ഒരു മുസ്ലിമിനും അനുവാദമില്ല. കൈമുത്തുന്നതും  മറ്റും തടയുന്നത് തൌഹീദ് സംരക്ഷിക്കുക എന്ന് കരുതിയാണെങ്കില്‍ പിഴച്ചു, ഇതെല്ലാം തീവ്ര ചിന്തയാണ്. പരിധിവിട്ട വികാരമാണ്. അവര്‍ക്ക് ദൈവിക പരിവേഷം നല്‍കിക്കൊണ്ടുള്ള കാട്ടിക്കൂട്ടലുകളെയാണ്  നാം നിരാകരിക്കുന്നത്.”.
അഹ്ലുല്‍ ബൈത്തിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ ഒട്ടും കുറവ് വരുത്താത്ത ഷെയ്ഖ് അവര്‍കള്‍, തന്‍റെ ഗ്രന്ഥങ്ങളില്‍ ഉടനീളം അവര്‍ക്ക് സ്വലാത്തും തര്ളിയത്തും തറഹുമും ചൊല്ലിപ്പോകുന്നത് കാണാം. അവര്‍ക്ക് സമുദായം നല്‍കേണ്ട സവിശേഷ ബഹുമാനാദരവുകളെ കുറിച്ച് എഴുതിവെച്ചു.

لآله صلى الله عليه وسلم على الأمة حق لا يشركهم فيه غيرهم، ويستحقون من زيادة المحبة والموالاة مالا يستحق سائر قريش وقريش يستحقون مالا يستحق غيرهم من القبائل، كما أن جنس العرب يستحقون من ذلك ما لا يستحقه سائر أجناس بني آدم -إلى أن قال- ولهذا كان في بني هاشم النبي صلى الله عليه وسلم الذي لا يماثله أحد في قريش، وفي قريش الخلفاء وغيرهم ما لا نظير له في العرب وفي العرب من السابقين الأولين ما لا نظير له في سائر الأجناس (مسائل لخصها (1/51)

വീര/ഇഷ്ട വ്യക്തിത്വങ്ങളുടെ പേരുകളാണ് മനുഷ്യര്‍ സാധാരണയില്‍ സ്വന്തം മക്കള്‍ക്ക് നല്‍കാറുള്ളത്. കിത്താബു തൌഹീദിലും മറ്റും  അലി റ ന്‍റെ മഹത്വം ഉണര്‍ത്തിയ ശൈഖിന്‍റെ ഒരു പുത്രന്‍റെ പേര് അലി എന്നാണെങ്കില്‍ മറ്റു രണ്ടുപേര്‍ ഹസനും ഹുസൈനുമാണ്. ഒരു മകള്‍ ഫാത്വിമയും. ഹസന്‍ റ ന്‍റെ സന്താന പരമ്പര നിലനില്‍ക്കുന്നില്ലെന്ന് കള്ളം പറയുന്ന ഹുസൈനീ പക്ഷപാതികളായ ശിയാക്കളോട് ‘റാഫിദികള്‍ക്ക് മറുപടി’ എന്ന ലഘു ഗ്രന്ഥത്തില്‍ വൈജ്ഞാനിക സമരം നടത്തിയ വ്യക്തിയാണ് ശൈഖ്. (ഹസനി പരമ്പരയില്‍ ആര്‍ക്കും ഇമാമത്ത് അനുവദിക്കാത്ത , ഉന്നതരായ ഹസനീ തങ്ങന്മാരെ വരെ കാഫിറാക്കുന്ന അഹ്ലുല്‍ ബൈത്ത് നിഷേധികളാണല്ലോ ഇസ്നാ അഷരികള്‍’!)

قال الشيخ ابن تيمية الحنبلي الحراني رحمه الله: اعلم وفقني الله وإياك أن ما أصيب به الحسين رضي الله عنه من الشهادة في يوم عاشوراء إنما كان كرامة من الله عز وجل أكرمه بها ومزيد حظوة ورفع درجة عند ربه وإلحاقاً له بدرجات أهل بيته الطاهرين وليهينن من ظلمه واعتدى عليه وقد قال النبي صلى الله عليه وسلم لما سئل أي الناس أشد بلاء قال: الأنبياء ثم الصالحون ثم الأمثل فالأمثل يبتلى الرجل حسب دينه فإن كان في دينه صلابة زيد في بلائه وإن كان في دينه رقة خفف عنه ولا يزال البلاء بالمؤمن حتى يمشي على الأرض وليس عليه خطيئة فالمؤمن إذا حضر يوم عاشوراء وذكر ما أصيب به الحسين يشتغل بالاسترجاع ليس إلا، كما أمره المولى عز وجل عند المصيبة ليحوز الأجر الموعود في قوله: ﴿ أُولَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ ﴾ رسالة الرد على الرافضة (1/ 48 [البقرة:157].

അലി റ – മുആവിയ റ പ്രശ്നത്തില്‍ അലിയാരുടെ ഭാഗത്താണ് വലിയ ശരിയെന്ന നിലപാടായിരുന്നു ശൈഖിന്. (وأن علي بن أبي طالب وأصحابه: أقرب إلى الحق من معاوية وأصحابه. وأن الفريقين كلهم لم يخرجوا من الإيمان- مختصر السيرة (1/321)  കര്‍ബലയില്‍ ഉണ്ടായ ദാരുണമായ പരീക്ഷണങ്ങള്‍ ഹുസൈന്‍ തങ്ങള്‍ക്ക് അല്ലാഹു ഓശാരമായി നല്‍കിയ ആദരവായിരുന്നുവെന്ന ശൈഖിന്‍റെ വരികള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ കുളിര് പെയ്യുന്നു. സമുദായം അതൊരു ദുരന്തമായി എടുക്കേണ്ടതാണ്. ആ ദിനത്തില്‍ ആഹ്ലാദിക്കുകയോ അപ്പേരില്‍ സന്തോഷിക്കുകയോ ചെയ്യാന്‍ പാടില്ല. അഹ്ലുല്‍ ബൈതിനു സംഭവിച്ച ദുരിതങ്ങളില്‍ സന്തോഷിച്ച് മുഹറം പത്തു നാളുകളില്‍ ആര്മാദിക്കുന്ന നാസ്വിബികളെയും , വിലപിക്കുന്ന ശിയാക്കളെയും ഒരുപോലെ ശൈഖ് ഗുണദോഷിക്കുന്നു.  
         
ശൈഖ് കത്തില്‍ പറഞ്ഞ തീവ്ര തൌഹീദീ നിലപാടുള്ള ഏതാനും അനുയായികള്‍ കേരളത്തില്‍ ശൈഖിന്‍റെ പ്രസ്ഥാനത്തിന് നേതൃത്വം നല്കുകയുണ്ടായിട്ടുണ്ട്. ഉമര്‍ മൗലവി, ഉമര്‍ സുല്ലമി, മുജാഹിദ് ബാലുശ്ശേരി, സുഹൈര്‍ ചുങ്കത്തറ തുടങ്ങിയവര്‍ തങ്ങന്മാര്‍ എന്നൊരു വിശുദ്ധ പാരമ്പര്യം ഇല്ലെന്നും അതുണ്ടെന്ന് വിശ്വസിക്കുന്നത് ശിഈസമാ ണെന്നും അത്തരം തസ്തിക സവര്‍ണ്ണ ജാതീയത യാണെന്നും അവര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അറുപതുകള്‍ക്ക് ശേഷം ഇത്തരക്കാര്‍ക്കായിരുന്നു മുജാഹിദ് പ്രസ്ഥാനത്തില്‍ ആധിപത്യം. മുജാഹിദ് പ്രസ്ഥാനത്തിലെ മുന്‍ കാലത്തെ മിക്ക ജ്ഞാനികളും ഇത്തരക്കാര്‍ ആയിരുന്നില്ലെന്ന് വ്യക്തം. അടുത്തകാലത്തായി ശൈഖിന്‍റെ കിതാബുകള്‍ വായിക്കാന്‍ തുടങ്ങിയ ഹുസൈന്‍ സലഫി, സകരിയ്യ സ്വലാഹി തുടങ്ങിയ യുവ പണ്ഡിതന്മാര്‍ മുന്‍ ചൊന്ന തീവ്ര വാദികള്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ട്. ഔദ്യോഗിക വിഭാഗം മുജാഹിദ് നേതാക്കളും തീവ്ര വാദങ്ങള്‍ ഉപേക്ഷിച്ച് ശരിയായ വഴിയിലേക്ക് നീങ്ങാന്‍ പ്രതിജ്ഞാ ബദ്ധരായിട്ടുണ്ട്. ഈ മാറ്റത്തെ പ്രാര്‍ത്ഥന യോടെ, അഭിനന്ദനങ്ങളോടെ പ്രോത്സാഹിപ്പിക്കുകയാണ് മറ്റുള്ളവര്‍ വേണ്ടത്. വിശിഷ്യാ, പാണക്കാട്ടെയും മറ്റും സയ്യിദ് മാര്‍. ആക്ഷേപിച്ചവരും അവഹേളിച്ചവരും തന്നെയാണ് മാറേണ്ടത്, നാം അവരെയാണ് മാറ്റേണ്ടത്.

ഒരാള്‍/ ഒരു സംഘം സത്യത്തിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവരുമ്പോള്‍ നാം വേണ്ടതെന്ത്? അവരെ കളിയാക്കി തെറ്റില്‍ തന്നെ ഉറപ്പിക്കുകയോ?! അല്ലാഹുവാണ! അഹ്ലുസ്സുന്നയുടെ മാര്‍ഗ്ഗം അതല്ല. ഇസ്ലാമിക പാരമ്പര്യത്തില്‍ ഈ പരിഹാസ/ ആക്ഷേപ രീതി കാണില്ല. ശരിയിലേക്ക് കൂടുതല്‍ അടുക്കുന്നത്  മുജാഹിദുകള്‍ ആയാലും ശരി, സമസ്തക്കാര്‍ ആയാലും ശരി..അവരെ പ്രോത്സാഹിപ്പിക്കുകയും ആശിര്‍വദിക്കുകയുമാണ്‌ വേണ്ടത്. ഒരുവേള, പഴയ തെറ്റ് തിരുത്തി സത്യമാര്‍ഗ്ഗത്തില്‍ കടക്കുമ്പോള്‍ സ്വാഭാവികമായും ദുര്‍ബ്ബല മനസ്കര്‍ക്ക് ഉണ്ടാകുന്ന ജാള്യത തിരിച്ചറിഞ്ഞ്, അവര്‍ ‘നല്ലവരായ’ കാര്യം അറിയാത്ത പോലെ നടിക്കുകയാണ് ‘നസ്വീഹത്ത്’ പാലിക്കുന്നവര്‍ ചെയ്യേണ്ടത്.. അവര്‍ക്ക് ഇസ്തിഖാമത്ത് ഉണ്ടാകാന്‍ ഒളിഞ്ഞിരുന്ന് പ്രാര്‍ഥിക്കുന്നവര്‍ എത്ര നല്ല ശുദ്ധമാനസര്‍! 
Leave a Reply