ജനങ്ങള്‍ രണ്ടുതരമാണ്: കിതാബ് സുന്നത്തില്‍ നിന്നും മത വിധികള്‍ കണ്ടുപിടിക്കാന്‍ പാടവമുള്ള ഗവേഷണ പടുവായ പണ്ഡിതന്, അഥവാ മുജ്തഹിദ്. അല്ലെങ്കില്‍ ജ്ഞാനികളുടെ അഭിപ്രായം സ്വീകരിക്കേണ്ട പൊതുജനം, അതായത് മുഖല്ലിദ്.
ഒരു സംഭവം ഉണ്ടായാല്‍ മതപരമായ രേഖകളില്‍ നിന്നും അതിന്റെ വിധി പുറത്തെടുക്കുകയാണ് മുജ്തഹിദിന്റെ കര്‍ത്തവ്യം. ജ്ഞാനികളുടെ വീക്ഷണം ആശ്രയിക്കുകയെന്നതാണ് പൊതുജനത്തിന്റെ കര്‍ത്തവ്യം. ഒരു ആയത്തോ വല്ല ഹദീസോ കേള്‍ക്കുമ്പോള്‍ അതിനെ ആസ്പദമാക്കി ജ്ഞാനികളുടെ അഭിപ്രായങ്ങള്‍ ഉപേക്ഷിക്കുകയല്ല മുജ്തഹിദ് അല്ലാത്ത ആളുകള്‍ വേണ്ടത്; ആ ആയത്തോ ഹദീസോ കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടും അവരതിന് വിരുദ്ധമായ അഭിപ്രായം പറയുന്നതായി കണ്ടാല്‍ മനസ്സിലാക്കുക അതിനവരുടെ പക്കല്‍ മതിയായ മറ്റു രേഖകള്‍ ഉണ്ടായിരിക്കാമെന്ന്.
അല്ലാഹു തആലാ അരുളുന്നു: “നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിക്കുവീന്‍”. മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ പറയുന്നു: “വിധി തീര്‍പ്പിലെത്താത്ത അക്കാര്യം തിരുദൂതരിലേക്കോ അവര്‍ക്കിടയിലെ കാര്യ പ്രാപ്തിയുള്ളവരിലേക്കോ അവര്‍ മടക്കിയിരുന്നെങ്കില്‍, പരിശോധിച്ച് പരിഹാരം കാണുന്നവര്‍ക്ക് കാര്യം അറിയുമായിരുന്നു”. (മുഫസ്സിറുകള്‍ ഈ സൂക്തത്തെ ക്കുറിച്ച് പലവിധം സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് വിശകലനം ചെയ്യുന്നില്ല).
കാര്യമിതത്രേ, മുജ്തഹിദ് അല്ലാത്ത ഒരു വ്യക്തി, വ്യാപകാര്ത്ഥമോ നിരുപാധിക അര്‍ത്ഥമോ ഉള്‍ക്കൊള്ളുന്ന ഒരു ആയത്ത് കേട്ടാല്‍, ആ വ്യാപകാര്ത്ഥമോ നിരുപാധികതയോ ചുമത്തി പ്രസ്തുത സൂക്തത്തിനു അര്‍ത്ഥം കല്പിക്കരുത്., ഉലമാക്കളുടെ വിശദീകരണം കൂടാതെ. ആയത്തിലെ പൊതു സൂചനപ്രകാരമോ നിരുപാധിക പ്രയോഗം വെച്ചോ കര്‍മ്മം ചെയ്തുകൂടാ. വിധി ദുര്‍ബ്ബലപ്പെടുത്തുന്ന ആയത്തുകള്‍, വിധി ദുര്‍ബ്ബല പ്പെടുത്തപ്പെട്ട ആയത്തുകള്‍, പൊതുവായ കല്പനകള് അടങ്ങിയ ആയത്തുകള്‍, വിധി നിശ്ചിത പരിധിയിലേക്ക് പരിമിതപ്പെടുത്തുന്ന ആയത്തുകള്‍, നിരുപാധിക പ്രസ്താവന അടങ്ങിയവ, ഉപാധികള്‍ വെച്ചിട്ടുള്ളവ, സമഗ്രതയുള്ളവ, വിശദാംശങ്ങള്‍ അടങ്ങിയവ, യഥാര്‍ത്ഥ പ്രയോഗം അടങ്ങിയവ, ആലങ്കാരികധ്വനി ഉള്ളവ.. തുടങ്ങിയ സൂക്ത വൈവിധ്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധമുള്ള ആള് അല്ലാതെ അക്കാര്യം ചെയ്യരുത്.
നോക്കൂ,
“നിങ്ങളുടെ വലതുകരം ഉടമപ്പെടുത്തിയ മനുഷ്യര്‍” എന്ന സൂക്തഭാഗം. (ലൈംഗിക ബന്ധം അനുവദിക്കപ്പെട്ടവരാണ് ഇണകളും ‘വലതുകരം ഉടമപ്പെടുത്തിയ’ അടിമകളും.) ഒരാള്‍ ഈ സൂക്തഭാഗത്തിന് വ്യാപക അര്‍ത്ഥം കല്പിച്ച്, തന്റെ ഉടമസ്ഥതയിലുള്ള ജ്യേഷ്ഠാനുജത്തിമാരെ ഒരേ സമയത്ത് ഭോഗിച്ചാല്‍ അവന് അബദ്ധം സംഭവിച്ചുവെന്ന് പറയണം. “സഹോദരിമാരെ ഒരേ സമയം ഇണയായി വെച്ചേക്കരുത്” എന്ന സൂക്തം കണ്ടിരുന്നെങ്കില്‍ അയാള്‍ ആകെ പകച്ചു പോകുമായിരുന്നു. ഇപ്പറഞ്ഞ സഹോദരിമാരില്‍, വിവാഹത്തിലൂടെ ഇണയാക്കപ്പെട്ടവരും ഉടമത്ത്വം കൊണ്ട് ഇണയാക്കപ്പെട്ടവരും ഉള്‍പ്പെടുമോ?! (അത് നിര്‍ണ്ണയിക്കാന്‍ എവിടെപോകും?! സഹോദരിമാരെ ഒരേ സമയം ഇണയാക്കി വെക്കാന്‍ പാടില്ലെന്ന കല്പന ഒരു ഭാഗത്ത്, ഉടമയാക്കിയ ഇണകളെ ഭോഗിക്കാമെന്ന് മറ്റൊരിടത്ത്. എന്തുചെയ്യും?!) ഉസ്മാന് റ ന്റെ പ്രസ്താവന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്: “ഒരു സൂക്തത്തില്‍ അനുവദിക്കുന്നു, മറ്റൊരു സൂക്തത്തില്‍ നിരോധിക്കുന്നു; നിരോധനത്തിനാണ് മുന്‍ഗണന കല്പിക്കേണ്ടത്”. ഈ പ്രസ്താവന കേള്‍ക്കുന്ന മുകളിലെ വ്യക്തിക്ക് മനസ്സിലാക്കാം, നിരോധനയിലേക്കുള്ള സൂചനപ്രകാരം ഈ പ്രശ്നത്തെ സമീപിക്കണം, അതിനാല്‍ ഉടമയാക്കപ്പെട്ട സഹോദരിമാരെ ഒന്നിച്ചു ഭോഗിക്കാന്‍ പറ്റില്ല എന്ന്.. ജ്ഞാനികളുടെ ഇടപെടലിന്റെ രീതി ഇതാണ്. ‘വലതുകരം ഉടമയാക്കിയ മനുഷ്യര്‍’ എന്ന സൂക്ത ഭാഗത്തില്‍ സഹോദരിമാര്‍ ഉള്പ്പെടില്ലെന്നതിന് ഉസ്മാന് റ ന്റെ ഈ പ്രസ്താവന അല്ലാത്ത വേറെയും നിര്‍ധാരണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെല്ലാം ജ്ഞാനികള്‍ക്കറിയാം. അതിനാല്‍, മുജ്തഹിദ് അല്ലാത്തവര്‍ മനസ്സിലാക്കണം, ആയത്തില്‍ നിന്നും മതവിധി കണ്ടെത്താന്‍ അത്ര സ്വതന്ത്രമായി സാധിക്കില്ലെന്ന്.
അതേ സൂക്തഭാഗം തന്നെ എടുക്കുക. ഗുദഭോഗം പാടില്ലെന്നു കുറിക്കുന്ന, അത് ശക്തമായ ഹറാം ആകുന്നു എന്ന് കാണിക്കുന്ന തെളിവുകള്‍ പലതും കേട്ടു. പിന്നെയിതാ, സൂക്തത്തില്‍ വലതുകരം ഉടമപ്പെടുത്തിയവരെ ഭോഗിക്കാമെന്ന് സ്വതന്ത്ര അനുവാദം കാണുന്നു! (വിവാഹം വഴിയുള്ള ഇണകളെ മാത്രമേ ഗുദഭോഗം ചെയ്യാന്‍ പാടില്ലാത്തതുള്ളൂ എന്നങ്ങ് കണ്ടുപിടിച്ചാല്‍?!) അല്പജ്ഞന്മാര് കരുതുംപോലെ ഈ സൂക്തഭാഗത്തില് ‘അടിമ സ്ത്രീകളെ ഗുദഭോഗം ചെയ്യാമെന്ന് ഇതില്‍ അനുവാദം അടങ്ങിയിട്ടുണ്ടോ? അങ്ങനെ കണ്ടെത്തുന്നവന് പിഴച്ചു. ശാഫിഈ മദ്ഹബിലെ ഒരു ഉന്നത വക്താവ് പോലും അബദ്ധത്തില്‍ പ്രസ്താവിച്ചു: “മേല്‍ സൂക്ത ഭാഗത്തില്‍ അടിമ സ്ത്രീകളെ ഗുദഭോഗം ചെയ്യാമെന്ന് ഒരാള്‍ തെറ്റായി മനസ്സിലാക്കി അപ്രകാരം പ്രവര്‍ത്തിച്ചാല്‍ അയാള്‍ക്ക് ഹദ്ദ് ശിക്ഷ വേണ്ട’. ഇദ്ദേഹത്തിന് ഗുരുതരമായ പിഴവാണ് സംഭവിച്ചിരിക്കുന്നത്! (സ്വന്തം ഇണകളായ സ്ത്രീകളെയാണെങ്കിലും ശരി, ഗുദഭോഗം ചെയ്യുന്നവന് ഹദദ് ശിക്ഷയാണ് വിധി)..
(മുകളില്‍ കൊടുത്ത സൂക്തഭാഗം മുന്നില്‍ വെച്ച് അല്പജ്ഞ്ജന് ഇനിയും പലവിധ സ്വയം കണ്ടെത്തലുകളും നടത്താം. ചരിത്രത്തില്‍ അങ്ങനെ കണ്ടെത്തിയവര്‍ ഉണ്ടായിട്ടുണ്ട്. “നിങ്ങളുടെ വലതുകരം ഉടമപ്പെടുത്തിയ മനുഷ്യരി”ല്‍ സ്ത്രീകള്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂ എന്നില്ലല്ലോ! പുരുഷന്മാരേയും ഉള്‍പ്പെടുത്താന്‍ എന്തുണ്ട് തടസ്സം?! അങ്ങനെ വരുമ്പോള്‍ സ്വവര്‍ഗ്ഗ രതിക്കുള്ള അനുവാദം ഈ സൂക്തഭാഗത്തില് നിന്നും കണ്ടെത്താമല്ലോ! മറ്റൊരു സാധ്യതകൂടി ഉണ്ട്. പുരുഷന്മാരുടെ വലതുകരം ഉടമപ്പെടുത്തിയ സ്ത്രീ അടിമകള്‍’ എന്ന് പരിമിതപ്പെടുത്തുന്നതെന്തിന്? സ്ത്രീകളുടെ കരങ്ങള്‍ ഉടമപ്പെടുത്തിയ പുരുഷ അടിമകള്‍ എന്നും ആവാലോ?! പ്രസ്തുത സൂക്തത്തിനു മുമ്പും ശേഷവും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ബാധകമായ കാര്യങ്ങളാണ് പറയുന്നത്. അപ്പോള്‍, പുരുഷ അടിമകളെ അവരുടെ സ്ത്രീ മുതലാളിമാര്‍ക്ക് ഭോഗിക്കാമല്ലോ?! ഇങ്ങനെ ഗവേഷണം ചെയ്ത പണ്ടുകാലത്തെ രണ്ടു ‘ഫെമിനിസ്റ്റ്’ സ്ത്രീകളെ പിടികൂടിയ വ്യത്യസ്ത സംഭവങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിചിട്ടുണ്ട്. അര്‍ഹത യില്ലാതെ പ്രമാണങ്ങള്‍ പരതുന്ന ആധുനിക മുജ്തഹിദുകളുടെ പഴയ പതിപ്പുകള്‍ എന്നല്ലാതെ എന്തുപറയാന്‍).
വിവാഹം ചെയ്ത ഇണയെ ഗുദഭോഗം ചെയ്യാന്‍ തെളിവുണ്ടെന്ന് പറഞ്ഞ്, “ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടം ആകുന്നു, അതിനാല്‍, നിങ്ങള്‍ക്കിഷ്ടമുള്ള വഴിക്ക് കൃഷി ചെയ്തോളൂ’ എന്ന സൂക്തഭാഗം ഉദ്ധരിക്കുന്ന അല്പജ്ഞനെ മനസ്സില്‍ കണ്ടുനോക്കൂ. അവന് കരുതുന്നു, തന്റെ ഗവേഷണഫലം ശരിയാണെന്ന്, ഖുര്‍ആന്‍ അത് അനുവദിക്കുന്നുണ്ടെന്ന്! അവനു പിഴച്ചുവെന്നല്ലാതെ. ഇമാം മാലിക് ഗുദഭോഗം ഹറാം എന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിന് തെളിവ് പറഞ്ഞത് ഇതേ സൂക്തഭാഗം ആയിരുന്നുവെന്ന് ഓര്‍ക്കുക. കാരണം, കൃഷി നടത്താനാണ് പറയുന്നത്. വിതക്കേണ്ടിടത്ത് വിത്തിട്ടാലേ കൃഷിയാകൂ. എവിടെയെങ്കിലും വിത്ത് ഉപേക്ഷിച്ചാല്‍ കൃഷി നടക്കില്ല. അതിനാല്‍, മുന്നിലൂടെയോ പിന്നിലൂടെയോ വിത്ത് കൃഷി ഭൂമിയില്‍ എത്തണം, അതാണ് സൂക്തത്തില്‍ നിര്‍ദ്ദേശിക്കുന്നത്. (അല്പജ്ഞന്മാരുടെ ഇജ്തിഹാദ് എങ്ങനെയുണ്ട്?! എന്നാല്‍ ജ്ഞാനികളുടെ വഴിയോ, അതൊന്ന് വേറെത്തന്നെയാ). പ്രസ്തുത സൂക്തം അവതരിച്ച പശ്ചാത്തലം സ്വഹീഹായ ഹദീസില്‍ നിന്നും മനസ്സിലാക്കാം. അപ്പോള്‍ സൂക്തത്തിന്റെ അര്‍ത്ഥം കൂടുതല്‍ തെളിഞ്ഞു വരും. ഹദീസില്‍ വന്ന പശ്ചാത്തല വിവരണം ഇങ്ങനെ: പിന്നിലൂടെ ഒരാള്‍ സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ വിത്തിട്ടാല്‍ ജനിക്കുന്ന കുഞ്ഞിനു കോങ്കണ്ണ് വരുമെന്ന് അന്നാട്ടിലെ ജൂതന്മാര്ക്കിടയില് ഒരു സംസാരമുണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് പ്രസ്തുത സൂക്തം ഇറങ്ങുന്നത്. വിത്തിറക്കേണ്ട സ്ഥാനം തെറ്റാതെ മുന്നിലൂടെയോ പിന്നിലൂടെയോ സ്ത്രീയെ സമീപിക്കുന്നതിന് അനുവാദം നല്‍കുകയായിരുന്നു പ്രസ്തുത സൂക്തത്തില്‍.
രേഖകള്‍/ പ്രമാണങ്ങള്‍ സകലതും സമാഹരിക്കാതെ, ഖുര്‍ആനും സുന്നത്തും അവയുടെ പശ്ചാത്തലവും അര്‍ത്ഥ സാധ്യതകളും മനസ്സിലാക്കാതെ , പ്രത്യക്ഷത്തില്‍ ഗ്രാഹ്യമായതങ്ങ് എടുക്കുന്നത് ശരിയല്ല, അതിനു പുറകിലുള്ള സംഗതികള്‍ കാണാതെ പോകും. “മദ്യപിച്ചവനെ ചാട്ടവാര്‍ അടിക്കുവീന്‍, പിന്നെയും കുടിച്ചാല്‍ വീണ്ടും അടിക്കുവീന്‍, കുടി ആവര്‍ത്തിച്ചാല്‍ മൂന്നാമതും അടിക്കുവീന്‍, നാലാമതും കുടിക്കുകയാണെങ്കില്‍ അവനെ വധിക്കുവീന് ” എന്ന തിരുമൊഴി കേള്‍ക്കുന്ന സാധാരണക്കാരന് അതനുസരിച്ച് മദ്യപാനിയെ വധിച്ചാല്‍ ആ മനുഷ്യന് വമ്പന്‍ പിഴവാണ് സംഭവിച്ചിരിക്കുന്നത്. കാരണം, സ്വഹീഹായ ഹദീസ് ആണെങ്കിലും പ്രസ്തുത ഹദീസ് പ്രകാരം വിധി നടപ്പിലാക്കുന്ന രീതി മുസ്ലിം ഉമ്മത്ത് ഐക്യഖണ്ഡേന ഉപേക്ഷിച്ചിരിക്കുന്നു!
ഇതുപോലെ, ഇബ്നു അബ്ബാസില്‍ നിന്നും ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം, മദീനയില്‍ മഴയില്ലാത്ത സന്ദര്‍ഭത്തില്‍, മറ്റ് ഭയപ്പെടാന്‍ ഒന്നുമില്ലാത്തപ്പോള്‍ നബി സ്വ ജംആക്കി നിസ്കാരങ്ങള്‍ നിര്‍വ്വഹിച്ചിരുന്നുവെന്ന്. വ്യത്യസ്ത നിവേദക വഴികളില്‍ ഇമാം മുസ്ലിം ഈ ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ഒരു ‘ഖുര്‍ആന്‍ സുന്നത്ത് വാദി’ ഈ ഹദീസ് പ്രകാരം നാട്ടില്‍ ഉള്ളപ്പോള്‍ നിസ്കാരം ജംആക്കിയാല്‍?! അവനുണ്ടോ അറിയുന്നു, ഈ ഹദീസ് സൂചിപ്പിക്കുന്ന വിധമുള്ള കര്‍മ്മം മുസ്ലിം ഉമ്മത്ത് ഏകോപിതരായി ഒഴിവാക്കിയ സംഗതി?! പ്രത്യേക ആവശ്യമുള്ള ഘട്ടത്തില്‍ നാട്ടില്‍ ഉള്ളപ്പോള്‍ തന്നെ നിസ്കാരങ്ങള്‍ ജം ആക്കാമെന്ന ഒരഭിപ്രായം ഇബ്നു സീരീന് റഹി നെക്കുറിച്ച് പറയപ്പെടുന്നുണ്ട്. (തീര്‍ത്തും ഒറ്റപ്പെട്ട അജ്ഞാത നിവേദനം മാത്രമാണിത്). അബൂമൂസല്‍ അശ്അരി റളി ന ഉമര്‍ റളി ഇത് സംബന്ധമായി കത്തെഴുതിയ സംഗതി അബുല്‍ ആലിയ കുറിക്കുന്നുണ്ട്. “അറിയുക, മതിയായ കാരണം ഇല്ലാതെ നിസ്കാരങ്ങള്‍ ജംആക്കുന്നത് വന്‍ പാപങ്ങളില്‍ പെട്ടതാകുന്നു” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
മുകളില്‍ കൊടുത്ത രണ്ടു ഹദീസുകളും ഇമാം തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ ഒടുവില്‍ പ്രത്യേകം ഉണര്‍ത്തി : “മുസ്ലിം സമുദായം എകോപിതരായി കര്‍മ്മം ഉപേക്ഷിച്ച ഹദീസുകള്‍ ഒന്നും എന്റെ ഈ കിത്താബില്‍ ഇല്ല; രണ്ട് ഹദീസുകള്‍ അല്ലാതെ”. മുകളില്‍ പരാമര്‍ശിച്ച രണ്ട് ഹദീസുകള്‍ അദ്ദേഹം തുടര്‍ന്ന് പരിചയപ്പെടുത്തുന്നു. ( ‘ദുര്‍ബ്ബലമാണെങ്കിലും തള്ളാന്‍ വയ്യാത്തത്’, സ്വഹീഹാണെങ്കിലും അമലെടുക്കാന് കൊള്ളാത്തത്’ എന്നിങ്ങനെ പലജാതി ഹദീസുകള്‍ ഉണ്ടെന്ന് ‘അഭിനവ മുജ്തഹിദുകള്‍’ മനസ്സിലാക്കിയിട്ടില്ല).
ഇതുപോലെയൊന്നാണ്, ഇബ്നു അബ്ബാസ് റ യുടെ ത്വലാഖ് ഹദീസ്. നബി സ്വ യുടെയും അബൂബകര്‍ റ ന്റെയും കാലഘട്ടത്തിലും ഉമര്‍ റ ന്റെ ഭരണത്തിന്റെ ആദ്യ നാളുകളിലും മുത്വലാഖ് ഒന്നായിട്ടേ ഗണിച്ചിരുന്നുള്ളൂ. ജനങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഇത്തരം സംഭവം ഉണ്ടായപ്പോള്‍ മുത്വലാഖ് മൂന്നായി ത്തന്നെ പരിഗണിക്കാന്‍ ഉമര്‍ റ കല്പന നല്കി യെന്നാണ് പ്രസ്തുത ഹദീസിലെ ആശയം. എന്നാല്‍, ഈ ഹദീസ് ബാഹ്യാര്‍ത്ഥത്തില്‍ എടുക്കാതെ ഉപേക്ഷിക്കണമെന്ന് ഇജ്മാഉ കൊണ്ട്(=സമുദായത്തിന്റെ ഏകോപിത നിലപാട് പ്രകാരം) സ്ഥിരപ്പെട്ടതാണ്. ജ്ഞാനികള്‍ക്കിടയില്‍ ഈ ഹദീസിന് ശരിയായ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ വേറെയുണ്ട്. ഇബ്നു അബ്ബാസ് റ ല്‍ നിന്നുതന്നെ ഈ ഹദീസിലെ ബാഹ്യാശയത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ ധാരാളം നിവേദന മാര്‍ഗ്ഗത്തിലൂടെ സ്വഹീഹായി വന്നത് നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, സാധാരണക്കാരന് ഇവിടെ ഉദ്ധരിച്ച ഹദീസ് മാത്രം കണ്ടാല്‍, അതില്‍ മതിയാക്കി അവിടെ നില്‍ക്കുകയാണ്! അതിലെ ആശയത്തെ നിരാകരിക്കുന്ന മറ്റു രേഖകള്‍ ഉള്ളത് അവനറിയില്ല; ഒറ്റ നോട്ടത്തില്‍ ലഭിക്കുന്ന അതിലെ ആശയം തള്ളേണ്ടതാണെന്ന ഇജ്മാഅ് അയാള്‍ക്കറിയില്ല.
മുത്ത്അ വിവാഹം (= നിശ്ചിത കാലത്തേക്ക് പ്രതിഫലം നിശ്ചയിച്ചുള്ള സംബന്ധം) അനുവദിക്കുന്ന സ്വഹീഹായ ഹദീസുകള്‍ ഉണ്ട്. നബി സ്വ യുടെ കാലത്ത് താല്‍ക്കാലികമായി അത് അനുവദിച്ചിരുന്ന കാര്യം ശരിയാണ്. അതുപോലെ അത് നിരോധിച്ചതും ശരി തന്നെ. രണ്ടു തവണ അനുവദിക്കുകയും രണ്ടു തവണ വിധി ദുര്‍ബ്ബല പ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. മുത്ത്അ അനുവദിക്കുന്ന സ്വഹീഹായ ഹദീസുകള്‍ കണ്ട് സാധാരണക്കാരന് കരുതുന്നു, അതിപ്പോള്‍ ദീനില്‍ അനുവദനീയം ആണെന്ന്!! ആ അനുവാദം ദുര്ബ്ബലപ്പെടുത്തിയത് അവനറിയുന്നില്ല. ഇങ്ങനെയൊരു അബദ്ധം ഖലീഫയായിരിക്കുമ്പോള്‍ മഅ്മൂന്‍ ചക്രവര്‍ത്തിക്ക് സംഭവിച്ചിരുന്നു. അദ്ദേഹം ഹദീസുകള്‍ കണ്ട് മുത്ത്അ അനുവദനീയമാക്കി രാജ കല്പന പുറപ്പെടുവിച്ചു. അപ്പോള്‍, ഖാസി യഹ് യ ബ്നു അക്സം ഖലീഫയെ ചെന്നു കണ്ടു. ‘താങ്കള്‍ വ്യഭിചാരം അനുവദിചിരിക്കുകയാണോ?’ എന്ന് ചോദിച്ച്, മുത്ത്അ ദുര്‍ബ്ബലപ്പെടുത്തിയ സ്വഹീഹായ ഹദീസുകള്‍ ഖലീഫക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അതൊന്നും (അത്യാവശ്യം ഹദീസുകള്‍ വശമുള്ള) ഖലീഫ കേട്ടിട്ടില്ലായിരുന്നു. കാര്യം ബോധിച്ചപ്പോള്‍ ഉടനെ രാജ കല്പന തിരുത്തി, മുത്ത്അ ഹറാം ആകുന്നു എന്ന് വിളംബരം ചെയ്തു…
രേഖകളുടെ ശര്‍ത്വുകളും അവയില്‍ നിന്നും മതവിധി കണ്ടെത്തുന്നവിധവും ശരിക്കും അറിയാത്തവര്‍, ‘ഇതാ ഖുര്‍ആനിലെ വ്യക്തമായ ആയത്ത്’, ‘ഇതാ അല്ലാഹുവിന്റെ വചനം’ എന്നെല്ലാം കേള്‍ക്കുമ്പോള്‍, അവിടെ ബുദ്ധിയും ചിന്തയും നഷ്ടപ്പെട്ട് അതിലങ്ങ് വീഴുന്നു; ആ വചനത്തിന്റെ അപ്പുറം എന്തെല്ലാം ഉണ്ടെന്ന് അവര്‍ അറിയുന്നില്ല?!!
(ഇമാം ശൈഖുല്‍ ഇസ്ലാം തഖിയ്യുദ്ധീന്‍ സുബ്കി റഹ്മത്തുല്ലാഹി അലൈഹി, ത്വലാഖ് സംബന്ധമായ തിരുത്തല്‍ വാദങ്ങളില്‍ പാടേ അടിതെറ്റിയ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ റഹ്മത്തുല്ലാഹി അലൈഹി ക്ക് എടുത്തു കൊടുത്ത ഈ ഹദീസ് ക്ലാസ് എക്കാലത്തെയും അഭിനവ മുജ്തഹിദ്കള്ക്ക് ഉപകാരപ്പെടും. മദ്ഹബ് തഖ്ലീദ് ചെയ്യുന്നവര്‍ എന്ന് വിളംബരം ചെയ്യുമ്പോഴും സ്വന്തമായ ഗവേഷണം നടത്തി ‘നവ ബിദ്അത്തുകള്‍’ എഴുന്നള്ളിക്കുന്ന സുന്നികള്‍ക്കും നല്ലോണം ഉപകരിക്കും.
സുബ്കിയുടെ അദ്ദുര്രത്തുല് മുളീഎ: യില്‍ നിന്നും.. . ഇബ്നു തൈമിയ്യയുടെ ത്വലാഖ് സംബന്ധമായ പിഴ വാദങ്ങള്‍ക്ക് പ്രാമാണികവും പണ്ഡിതോചിതവുമായ മറുപടി മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കും. നെറ്റില്‍ ലഭ്യമാണ്.ബ്രാക്കെറ്റിനകത്ത് വിവര്‍ത്തകന്റെ വരികള്‍)
Abdul Salih
says:ആമീന്‍..
ismailahsani
says:جعله الله فى ميزان حسناتك ووفقك لما يحبه ويرضاه
Unknown
says:Masha Allah. Splendid rendering. Iniyum pratheekshikunnu…