ഇത്തിബാഉം ഇബ്തിദാഉം.. 
 

 

 
ബുഖാരിയുടെയും മുസ്ലിമിന്റെയും സ്വഹീഹുകളില്‍ ‘സ്വഹാബത്തിന്‍റെ മഹത്വം’ അദ്ധ്യായത്തില്‍ വന്ന ഒരു സംഭവം. സ്വഹാബി പ്രമുഖനായ അബൂ മൂസല്‍ അശ്അരി റളിയല്ലാഹു അന്ഹു തന്‍റെ അനുഭവം പങ്കുവെക്കുകയാണ്.
 
ഒരുദിനം, വീട്ടില്‍ വെച്ച് വുളു ചെയ്ത ശേഷം, ‘ഇന്ന് മുഴുസമയം നബി സ്വല്ലല്ലാഹു അലൈഹി വസല്ലമിനോടൊപ്പം വിനിയോഗിക്കാന്‍’ ഞാന്‍ നേര്‍ച്ചയാക്കി. ഞാന്‍ മസ്ജിദിലേക്ക് പുറപ്പെട്ടു. അവിടെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ തിരക്കിയപ്പോള്‍, ‘അരീസ്’ തോട്ടത്തിനു നേരെ ചൂണ്ടി ആരോ ഒരാള്‍ ‘ഇതാ ആ വഴിക്ക് പോകുന്നത് കണ്ടു’ എന്ന് പറഞ്ഞു. ഒരു കിണര്‍ അടങ്ങുന്ന ചെറിയ കൃഷിത്തോട്ടമായിരുന്ന ‘അരീസ്’. കാലടയാളം പിന്തുടര്‍ന്ന് ആ വഴിക്ക് ഞാന്‍ പോയി നോക്കി. അവിടെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ കണ്ടു, ഒരു വശത്തേക്ക് നീങ്ങി വുളു എടുക്കുകയായിരുന്നു. കാത്തുനിന്നു. വുളു കഴിഞ്ഞ് അവിടുന്ന് കണങ്കാല്‍ കാലു തൂക്കിയിട്ട് കിണര്‍ പടിന്മേല്‍ ഇരുന്നു. കണങ്കാലുകള്‍ പുറത്തുകാണാം. അരികില്‍ ചെന്ന്, സലാം പറഞ്ഞു. മടക്കി. “ഞാന്‍ അങ്ങയുടെ ഗേറ്റ് കീപ്പര്‍ ആയി നില്ക്കാന്‍ ആഗ്രഹിക്കുന്നു”. അവിടുന്ന് സമ്മതിച്ചു. ഈത്തപ്പനത്തടി കൊണ്ട് നിര്‍മ്മിച്ചതായിരുന്നു തോട്ടവാതില്‍. 
 
അങ്ങനെയിരിക്കെ, ഒരാള്‍ വാതില്‍ക്കലെത്തി. എന്‍റെ സഹോദരന്‍ ആകുമെന്നാണ് ഞാന്‍ വിചാരിച്ചത്. അവന്‍ വുളു എടുത്തുകൊണ്ടിരി ക്കുമ്പോഴാണ് ഞാന്‍ ഇങ്ങോട്ട് വേഗം വന്നത്. വരുമ്പോള്‍ ഞാന്‍ അവനോടു പറഞ്ഞിട്ടുണ്ടായിരുന്നു: ‘എന്‍റെ കൂടെ പോരൂ, നമുക്ക് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഖിദ്മത്ത് ചെയ്ത് ഈ ദിനം ധന്യമാക്കാം’. അല്ലാഹു എന്‍റെ സഹോദരന് മഹാ ഭാഗ്യം വിധിചിട്ടുണ്ടെങ്കില്‍ അവനിവിടെ എത്തും എന്ന്‍ മനസ്സില്‍ ആഗ്രഹിച്ച് ആഗതനോട് ചോദിച്ചു: “ആരാ?’. വാതിലിനു പുറത്തു നിന്നും മറുപടി വന്നു: ‘അബൂബകര്‍ ആണേ’. ‘ദ പ്പോ വരാട്ടോ, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയോട് സമ്മതം ചോദിച്ചാട്ടെ’. ഞാന്‍ തിരു ചാരത്ത് ചെന്നു. ‘അബൂബകര്‍ വന്നിരിക്കുന്നു, വാതില്‍ തുറന്നു കൊടുക്കണോ?’ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ സമ്മതിച്ചു: ‘തുറന്നു കൊടുക്കൂ, അബൂബകറിനു സ്വര്‍ഗ്ഗം ലഭിക്കുമെന്ന സന്തോഷം അറിയിക്കൂ’.
അബൂബകര്‍ റളിയല്ലാഹു അന്ഹു കടന്നു വന്നു, തിരുചാരത്തു വന്ന് സലാം പറഞ്ഞു, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ യുടെ അരികില്‍ ഇരുന്നു. അവിടുന്ന് ഇരുന്നിരുന്ന പോലെ കിണര്‍ പടിയില്‍ കാല്‍ തൂക്കി, കണങ്കാല്‍ കാണിച്ചു കൊണ്ട്!!
 
വാതില്ക്കല്‍ മറ്റൊരാള്‍ വന്നു, ശബ്ദം ഉണ്ടാക്കി. ‘ആരാ?’. ‘ഇത് ഉമര്‍’. ‘ഒന്ന്‍ നിക്ക് ട്ടോ, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ യോട് ചോദിച്ച് ഉടന്‍ വരാം’. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ അനുവദിച്ചു: ‘വരാന്‍ പറ, ഉമറിനു സ്വര്‍ഗ്ഗം സുവിശേഷിക്കൂ’. ഉമര്‍ റളിയല്ലാഹു അന്ഹു കയറി വന്ന്, ഉപചാരങ്ങള്‍ക്ക് ശേഷം, കിണര്‍ പടിയില്‍ കയറി ഇരുന്നു!! അബൂബകര്‍ റളിയല്ലാഹു അന്ഹുവിനോട് ചേര്‍ന്ന്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ യുടെ മറു ഭാഗത്തല്ല. കാല്‍ തൂക്കി, കണങ്കാല്‍ കാണുന്ന വിധം ത്തന്നെ ഇരിപ്പ്.
 
മറ്റൊരാള്‍ കൂടി വാതില്‍ക്കലെത്തി. ‘ഉസ്മാന്‍’. സമ്മതം കിട്ടി. ഇത്തവണ സ്വര്‍ഗ്ഗ സുവിശേഷ ആശംസ വ്യത്യാസമുണ്ട്. ‘നേരിടാന്‍ പോകുന്ന പരീക്ഷണങ്ങള്‍ ക്ഷമിക്കുന്നതിന് പകരമായി സ്വര്‍ഗ്ഗം ലഭിക്കുമെന്ന് സുവിശേഷം അറിയിക്കൂ” എന്നായിരുന്നു അത്. തുറന്നു കൊടുത്തു, സുവിശേഷിച്ചു. അതുകേട്ടപ്പോള്‍ ‘അല്ലാഹുവേ ക്ഷമ തരണേ’ എന്ന് പ്രാര്‍ഥിച്ച്, തിരുചാരത്ത് വന്ന്, ഉപചാരങ്ങള്‍ക്ക്‌ ശേഷം, അവര്‍ക്ക് അഭിമുഖമായി മറു ഭാഗത്ത് ഇരുന്നു. കാല്‍ തൂക്കിയും കണങ്കാല്‍ കാണുംവിധവും തന്നെ!!
 
(നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് ശേഷം ഖിലാഫത്ത് ക്രമം, വഫാത്ത്, അവരുടെ ഖബ്ര്‍ വരാന്‍ പോകുന്ന മാതൃക എന്നീ സൂചനകള്‍ ഈ സംഭവത്തില്‍ നിന്നും വായിച്ചെടുത്ത താബിഉകള്ണ്ട് . ഉസ്മാന്‍ റളിയല്ലാഹു അന്ഹുവിന്‍റെ ഖബ്ര്‍ മറ്റുള്ളവരുടെ മുന്ഭാഗത്ത് ബഖീഇല്‍ ആണല്ലോ).
 

 

സ്വഹാബികളുടെ ഇത്തിബാഇന്‍റെ, ‘അന്ധമായ അനുകരണ’ത്തിന്റെ ഉദാഹരണം നമ്മെ അത്ഭുതപ്പെടുത്തും. കിണറിന്‍മേല്‍ ഇരിക്കുമ്പോള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ അനുകരിച്ച് മേല്‍ പ്രകാരം ഇരിക്കണമെന്ന് ഒരാള്‍ ചിന്തിച്ചാല്‍ അത് നിരുല്‍സാഹപ്പെടുത്തേണ്ട കാര്യമില്ല.
 
പിന്തുടരുക, അനുകരിക്കുക എന്നെല്ലാം അര്‍ത്ഥമാക്കുന്ന പ്രയോഗമാണ് ഇത്തിബാഅ്. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ ഇത്തിബാഅ് ചെയ്യുക എന്ന കല്‍പ്പന വിശുദ്ധ ഖുര്‍ആനില്‍ ഉണ്ട്. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യുടെ നബിത്വാനന്തര ജീവിതത്തില്‍ സാമാജികര്‍ പിന്തുടരേണ്ട കാര്യങ്ങളും അല്ലാത്തതും ഉണ്ട്. പിന്തുടരേണ്ടതില്ലാത്ത കാര്യങ്ങളില്‍ പിന്തുടരുന്നത് തെറ്റെല്ലാത്തതും പിന്തുടരാന്‍ പാടില്ലാത്തതും ഉണ്ട്. അപ്പോള്‍, നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ പിന്തുടരുകയെന്നാല്‍, പിന്തുടരാന്‍ നിര്‍ദ്ദേശമുള്ള കാര്യങ്ങളില്‍ മാത്രമാണ്.
 
ഉദാഹരണം പറയാം, 
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ചെരുപ്പ് ധരിക്കാരുണ്ടായിരുന്നു. നാമത് പിന്തുടരുന്നു. ധരിക്കുമ്പോള്‍ വലത് കാലില്‍ ആദ്യം, അഴിക്കുമ്പോള്‍ ഇടതു കാല്‍ ആദ്യം എന്ന ക്രമം പാലിച്ചിരുന്നു. ആ ക്രമം നാമും പാലിക്കണം. ഒറ്റക്കാലില്‍ മാത്രം അണിയാറില്ല. നമുക്കും പാടില്ല. ചെരുപ്പ് ഉരസി നടക്കാറില്ല. നമുക്കും പാടില്ല. ഇതെല്ലാം നാം നിര്‍ദ്ദേശിക്കപ്പെട്ട ഇത്തിബാഅ് തന്നെ. എന്നാല്‍, നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഒരിക്കല്‍/ പലപ്രാവശ്യം “സബ്ത്തിയ്യ’ ചെരുപ്പുകള്‍ ധരിച്ചിട്ടുണ്ടായിരുന്നു, അതിനോട് വലിയ താല്‍പര്യവും കാണിച്ചിരുന്നു. ഊറയ്ക്കിട്ട് റിഫൈന്‍ ചെയ്തെടുത്ത മൃഗത്തോല്‍ കൊണ്ട് വിദേശത്ത് (പേര്‍ഷ്യയിലെന്നു കണ്ടതായി ഓര്‍ക്കുന്നു) നിര്‍മ്മിക്കുന്ന നല്ലയിനം ചെരുപ്പാണ് സബ്ത്തിയ്യ. എന്നുവെച്ച്, നാം അതേ കമ്പനി/മോഡല്‍ ചെരുപ്പ് ധരിക്കാന്‍ നിര്‍ദ്ധേശിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല.
 
 എന്നാല്‍ അബ്ദുല്ലാഹിബ്നു ഉമര്‍ റളിയല്ലാഹു അന്ഹു അത്തരം ചെരുപ്പ് തന്നെ വാങ്ങി ധരിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. “താങ്കള്‍ എന്തുകൊണ്ടാണ് സബ്ത്തിയ്യ തന്നെ അണിയുന്നത്?’ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ അത് ധരിക്കാറുള്ളതും അതിനോട് പ്രത്യേകം ഇഷ്ടം കാണിച്ചതും അതണിഞ്ഞു വുളു ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്’ എന്നായിരുന്നു. 
 
ഇത്തരം ഇത്തിബാഅ് പ്രത്യേകം നിര്‍ദ്ധേശിക്കപ്പെട്ട ഇനത്തില്‍ പെട്ടതല്ലെങ്കിലും നിരുല്‍സാഹപ്പെടുത്തേണ്ട ഇനമ ഒട്ടുമല്ല. ഇഷ്ടവും ബഹുമാനവും കൂടുതലുള്ളവര്‍ അത് പ്രകടിപ്പിക്കുന്ന ഒരു മാര്‍ഗ്ഗം മാത്രമാണ് ഈ ‘അന്ധമായ അനുകരണം’.
 
അബ്ദുല്ലാ ഹിബ്നു ഉമര്‍ റളിയല്ലാഹു അന്ഹു അറിയപ്പെടുന്നത് തന്നെ മുത്തബിഉസ്സുന്ന: എന്ന വാഴ്ത്തുനാമത്തില്‍ ആണല്ലോ. അദ്ദേഹം മുകളില്‍ പറഞ്ഞ തരത്തിലുള്ള (ചെരുപ്പിന്‍റെ മോഡലും കമ്പനിയും) ഇത്തിബാഇല്‍ മറ്റു സ്വഹാബികളെക്കാള്‍ വളരെ നിഷ്ക്കര്‍ഷ പുലര്‍ത്തിയിരുന്നതുകൊണ്ടത്രേ അപ്പേര് ലഭിച്ചത്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ നടന്ന വഴികള്‍, ഇരുന്ന സ്ഥലങ്ങള്‍, നിസ്കരിച്ച മസ്ജിദുകള്‍, സ്പര്‍ശിച്ച സ്ഥലങ്ങള്‍, അവിടുത്തെ വസ്ത്ര മാതൃക, ഭാവഹാവങ്ങള്‍.. അങ്ങനെ അനുകരിക്കാന്‍ സാധിക്കുന്നതെല്ലാം ആ മഹാനുഭാവന്‍ അനുകരിച്ചു. മത നിയമത്തിന് യാതൊരു പ്രവേശനവുമില്ലാത്ത സംഗതികളില്‍ പോലും അദ്ദേഹം റസൂലിന്‍റെ ‘ഉസ്വ വത്ത്’ കൈവെടിഞ്ഞില്ല. 
 
തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യാത്രയ്ക്കിടയില്‍ വിശ്രമിച്ച ഒരു വൃക്ഷം ഇബ്നു ഉമര്‍ റളിയല്ലാഹു അന്ഹു പതിവായി സന്ദര്‍ശിക്കുകയും, അവിടെ വിശ്രമിക്കുകയും അത് ഉണങ്ങാതിരിക്കാന്‍ വെള്ളം ഒഴിച്ചു സംരക്ഷിക്കുകയും ചെയ്തുപോന്നു. (ഹയാത്തുസ്വഹാബ). ഒരിക്കല്‍, ഒരു യാത്രയ്ക്കിടെ, ശരിയായ വഴി അറിയാമായിരുന്നിട്ടും മറ്റൊരു വഴിയില്‍ കുറച്ചങ്ങ്‌ നടന്ന ശേഷം തിരിച്ചുവന്ന് പോകേണ്ട വഴിയില്‍ കടക്കുകയും ചെയ്തു. ചോദിച്ചപ്പോള്‍ പറഞ്ഞു, മുമ്പൊരിക്കല്‍ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം വഴിയറിയാതെ ഇങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു (അഹ്മദ്).
 
അബ്ദുല്ലാഹിബ്നു ഖൈസ് റളിയല്ലാഹു അന്ഹു തന്‍റെ ഒരനുഭവം പങ്കുവെക്കുന്നു. മസ്ജിദ് ബനീ അമ്ര് ബ്നി ഔഫില്‍ നിന്നും ഞാന്‍ വാഹനപ്പുറത്ത് തിരിച്ചു വരികയായിരുന്നു. അപ്പോഴുണ്ട്, ഇബ്നു ഉമര്‍ റളിയല്ലാഹു അന്ഹു മസ്ജിദിലേക്ക് നടന്നു വരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വണ്ടിയിറങ്ങി. “കയറൂ, മാമാ, ഞാന്‍ കൊണ്ടുവിടാം”. പക്ഷേ അദ്ദേഹം വിസമ്മതിച്ചു: “ഒരു വാഹനം സംഘടിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടല്ല ഇങ്ങോട്ട് കാലില്‍ നടന്നത്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഈ മസ്ജിദിലേക്ക്, മസ്ജിദ് എത്തുവോളം നടന്നു വന്നതും അവിടെ നിസ്കരിച്ചതും ഞാന്‍ കണ്ടിട്ടുണ്ട്, തിരുനബി നടന്നപോലെ നടക്കാന്‍ ഞാനും ഇഷ്ടപ്പെടുന്നു”, അദ്ദേഹത്തിന്‍റെ നിലപാട് അതായിരുന്നു. അദ്ദേഹം മുന്നോട്ടു നടന്നു”.(അഹ്മദ്)
 
ഇവ്വിധത്തിലുള്ള ‘പ്രവാചക ചര്യാഭ്രമ’ത്തെ മുസ്‌ലിം ലോകം ഒരിക്കലും ആക്ഷേപിച്ചിട്ടില്ല. എന്നല്ല, മഹതി ആഇശ റളിയല്ലാഹു അന്ഹാ  യെപ്പോലുള്ള മതനേതൃത്വം അദ്ദേഹത്തെ അഭിനന്ദിക്കുകയായിരുന്നു (ത്വബഖാത്ത്). “ഇബ്നു ഉമര്‍ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു ശേഷിപ്പുകള്‍/ അടയാളങ്ങളുടെ പിന്നാലെ നടക്കുന്നത് കണ്ടാല്‍ ‘ഭ്രാന്തന്‍’ ആണെന്ന് പറഞ്ഞുപോകും” എന്നായിരുന്നു സമകാലികനും സഹവാസിയുമായ നാഫിഅ് റളിയല്ലാഹു അന്ഹു അദ്ദേഹത്തെ പ്രശംസിച്ചത്.
 
അനുകരണ ഭ്രാന്തനായിരുന്ന ഇബ്നു ഉമര്‍ റളിയല്ലാഹു അന്ഹു വിന്‍റെ ജീവിതത്തില്‍ നാം വായിക്കുന്ന മറ്റൊരു തരം ഇത്തിബാഉണ്ട്. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യുടെ സുന്നത്തിനെ താത്വികമായി ഇത്തിബാഅ് ചെയ്തുകൊണ്ടുള്ളത്. അതായത്, നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രവര്‍ത്തിച്ചു കാണിക്കാത്ത ഇബാദത്തുകള്‍/ പ്രാര്‍ഥനാ രീതികള്‍, നിഷ്ടകള്‍ ഒരു ചര്യയായി കൊണ്ടുനടക്കുക. 
 
നോക്കൂ, ഇബ്നു ഉമര്‍ റളിയല്ലാഹു അന്ഹുവിന് യാദൃശ്ചികമായി ജമാഅത്ത് നഷ്ടമായാല്‍ അദ്ദേഹം ആ പകല്‍ മുഴുവന്‍ നിസ്കരിച്ച് ‘സങ്കടം’ തീര്‍ക്കുമായിരുന്നു. പുറമേ അന്ന് നോമ്പെടുക്കും, ഒരടിമയെ മോചിപ്പിക്കും. ഇശാ ജമാഅത്താണ് നഷ്ടപ്പെട്ടതെങ്കില്‍ അന്ന് രാത്രി മുഴുവന്‍ നിസ്കാരം കൊണ്ട് ഹയാത്താക്കും. എല്ലാ ദിവസവും ളുഹ്ര്‍ അസ്വ്രിനിടയില്‍ ഇബാദത്തില്‍ മുഴുകുക അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. നാട്ടിലുള്ളപ്പോള്‍ നോമ്പില്ലാത്ത ദിവസം അത്യപൂര്‍വ്വം. തല്‍ബിയത്തിന്‍റെ പ്രസിദ്ധമായ വരികളില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു : “ലബ്ബൈക വ സഅ്ദൈക്…” (ജാമിഉല്‍ ഉസ്വൂല്‍).  ഹജ്ജ് ഉംറ വേളകളില്‍ സ്വഫാ മലയുടെ മുകളില്‍ നിന്നുകൊണ്ട് അദ്ദേഹം പ്രാര്‍ഥിക്കാറുണ്ട്. ‘ഉദ്ഊനീ അസ്തജിബ് ലകും’ എന്ന സൂക്തഭാഗമായിരുന്നു അദ്ദേഹത്തിന് ആലംബം (മുവത്വ, ജാമിഉല്‍ ഉസ്വൂല്‍). 
 
ഇങ്ങനെയെല്ലാം നബി സ്വല്ലല്ലാഹു അലൈഹി വസല്ലം നിര്‍ദ്ദേശിച്ചിട്ടുണ്ടോ?! ഇത്തരം ‘കൂട്ടിച്ചേര്‍ക്കലുകള്‍’ ബിദ്അത്ത് ആണെന്ന് അദ്ദേഹത്തിനറിയാം. ജുമുഅക്ക് ഒന്നാം വാങ്ക് ആരംഭിച്ചപ്പോള്‍ അതിനെക്കുറിച്ച് ബിദ്അത്ത്’ എന്നഭിപ്രായപ്പെട്ടത് ഇദ്ദേഹം തന്നെയാണ്. കാരണം, അങ്ങനെയൊരു ചടങ്ങ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്തില്ല. എന്നിട്ടും, ഇബ്നു ഉമര്‍ റളിയല്ലാഹു അന്ഹു മദീന പള്ളിയില്‍ നിസ്കരിച്ചു. 
 
അനുചിതവും ആക്ഷേപകരവും ആയിരുന്നെങ്കില്‍ സ്വജീവിതത്തിലും പുറത്തും ഇത്തരം ബിദ്അത്തുകളെ അദ്ദേഹം തലോലിക്കുമായിരുന്നില്ല. ആക്ഷേപകരമായ ബിദ്അത്ത് ആയിരുന്നെങ്കില്‍ ഇബ്നു ഉമറിനെ പ്പോലുള്ള ‘സുന്നത്ത് ഭ്രാന്തന്‍’മാര്‍-  റളിയല്ലാഹു അന്ഹും-  നന്നെച്ചുരുങ്ങിയത് അന്നാട് വിട്ടുപോകുമായിരുന്നു. കല്പിക്കപ്പെട്ട ഇത്തിബാഇന്‍റെ പരിധിയില്‍ വരുന്നില്ലെങ്കിലും ആക്ഷേപിക്കപ്പെടേണ്ട ഇബ്തിദാഇന്‍റെ ഗണത്തിലും ഈ ഇനം സല്‍ക്കര്‍മ്മങ്ങള്‍ ഉള്‍പ്പെടുന്നില്ലന്ന് സിദ്ധം. സ്വഹാബത്തിന്റെ മഹിത മാതൃക വെച്ച് സുന്നത്ത്ബിദ്അത്ത് കൂടുതല്‍ വിശകലനം ചെയ്യാം.. 
    
Leave a Reply