വേഷം ഒരു ആദര്‍ശമാണ്, സംസ്കാരവും. തിരുനബി സ്വ യുടെ
വേഷഭൂഷകള്‍ എങ്ങനെയായിരുന്നു വെന്ന് നോക്കാം..
ലിനെന്‍ നിര്‍മ്മിതമോ കമ്പിളി കൊണ്ടുണ്ടാക്കിയതോ കോട്ടന്‍ ഉത്പന്നമോ ഏതാകട്ടെ, മിക്കപ്പോഴും കോട്ടന്‍ തന്നെ, അത് ഖമീസോ മേല്‍മുണ്ടോ അരയ്ക്ക് താഴെ ഉടുക്കുന്ന മുണ്ടോ മറ്റെന്തോ ആയാലും, ലഭ്യമായത് ധരിക്കുക. അതായിരുന്നു അവിടുത്തെ വസ്ത്ര ശീലം. ഇന്ന തരം തുണി വേണമെന്ന ശാഠ്യം ഇല്ലായിരുന്നു. പച്ചനിറമുള്ള വസ്ത്രം ഇഷ്ടമായിരുന്നു. രോമനിര്മ്മിതമായ കറുത്ത പുതപ്പ് (ബുര്‍ദ) യും യമനില്‍ നിര്‍മ്മിച്ചിരുന്ന അതിന്റെ ചിത്ര വരകള്‍ ഉള്ള ‘ഹിബ്ര’ മോഡലും ജുബ്ബയും ചുവന്ന സ്യൂട്ടും, പിന്നില്‍ വെട്ടുള്ളതും അര ഇടുങ്ങിയതുമായ പേര്‍ഷ്യന്‍ നിര്‍മ്മിത ഫുള്‍ സ്ലീവ് കോട്ടും, സിമ്പിള്‍ ഇനം പ്ലൈന്‍ ഷര്‍ട്ടും, കറുത്തതും, സില്‍ക്ക് നാരുകള്‍ കൊണ്ട് അരിക് ഭംഗിയാക്കിയ … അവിടുന്ന് പലപ്പോഴായി അണിഞ്ഞിട്ടുണ്ട്.
ഏറ്റവും ഇഷ്ടമുള്ള വസ്ത്രം ഖമീസ് ആയിരുന്നു. പാന്റ്സ് ധരിച്ചതായും ഒരു ദുര്‍ബല റിപ്പോര്‍ട്ടുണ്ട്. കൈസര്‍ രാജാക്കന്മാരിലെ ഖുസ്രൂ ഷാ യിലേക്ക് ചേര്‍ത്ത് പേരുവിളിക്കപ്പെടുന്ന ഓപ്പണ്‍ ടൈപ്പ് ‘ഖുസ്രുവാനി’ ജുബ്ബ യും ധരിച്ചിട്ടുണ്ട്.പട്ടിനാലുള്ള ഒരു മറയുണ്ടാകുമെന്നതാണ് അതിന്റെ സവിശേഷത. ഉഷ്ണ കാലത്ത് ത്വൈലസാന് ഉപയോഗിച്ചു. ഹിജ്ര പുറപ്പെടാന്‍ കല്പന കിട്ടിയ അന്ന് ത്വൈലാസന് അണിഞ്ഞിരുന്നു.
ജുമുഅ ക്ക് അണിയാന്‍ രണ്ടു തരാം വസ്ത്രം ഉണ്ടായിരുന്നു. പച്ച നിറത്തിലുള്ള രോമ വസ്ത്രം (ബുര്ദ്) പെരുന്നാളിന്. വെളുത്ത തലപ്പാവും കറുത്ത തലപ്പാവും ധരിച്ചിട്ടുണ്ട്. അധിക സമയത്തും വെളുത്ത തലപ്പാവായിരുന്നു. അതിനുള്ളില്‍ തൊപ്പി വെച്ചും വെക്കാതെയും അണിയാറുണ്ട്. ചിലപ്പോള്‍ തൊപ്പി മാത്രം, തലപ്പാവില്ലാതെ. മിക്ക അവസരത്തിലും തലപ്പാവിന് ചുമലുകള്ക്കിടയിലേക്ക് തൂങ്ങുന്ന ചെറിയൊരു വാലുണ്ടായിരുന്നു. തലയെ പ്രയാസപ്പെടുത്തുന്ന വിധത്തിലുള്ള വലിയ തലപ്പാവ് ആയിരുന്നില്ല. എന്നാല്‍ ചൂടും തണുപ്പും തടുക്കാന്‍ കഴിയാത്തത്ര ചെറുതും ആയിരുന്നില്ല. അവിടുത്തെ തലപ്പാവ് ചുറ്റുന്ന തുണി കമ്പിളി കൊണ്ടായിരുന്നെന്നും ഏഴു മുഴം നീളമുണ്ടായിരുന്നെന്നും ത്വബ്രി പറയുന്നത് സ്ഥിരീകൃതമല്ല; അങ്ങനെ ഒരു കൃത്യമായ നീളമോ വീതിയോ അതിന് കണിശമായി പാലിച്ചിട്ടില്ല.
‘സഹാബ്’ എന്ന് പേരുള്ള ഒരു തലപ്പാവ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമിന് ഉണ്ടായിരുന്നു.അത് പിന്നീട് അലിയാര് തങ്ങള്‍ക്ക് സമ്മാനിച്ചു. അതും അണിഞ്ഞ് അലിയാര് തങ്ങള്‍ കടന്നുവരുമ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറയാറുണ്ട്: “സഹാബിനകത്ത് അതാ അലി വരുന്നു”.
ഏതു വസ്ത്രം അണിയുമ്പോഴും കണങ്കാലിന് മുകളില്‍ അത് ഉയര്‍ന്നു നില്ക്കും. താഴേക്ക് ഉണ്ടാകില്ല. ചിലപ്പോഴെങ്കിലും കാല്‍ത്തണ്ട യുടെ പകുതി വരേ കാണൂ. വലതുഭാഗത്തിലൂടെ അല്ലാതെ വസ്ത്രം ധരിക്കാറില്ല. ഇടതു ഭാഗത്തിലൂടെ യല്ലാതെ അഴിക്കാറില്ല. അതായത്, ആദ്യം വലതുകൈ/വലതുകാല്‍ അകത്തു കടത്തിയാണ് വസ്ത്രം ശരീരത്തില്‍ ഇറക്കുക/ കയറ്റുക. അണിയും നേരം, “അല്‍ ഹംദു ലില്ലാഹി ല്ലദീ കസാനീ.. = എന്റെ നഗ്നത മറക്കുന്ന, എനിക്ക് ഭംഗി തരുന്ന വസ്ത്രം അണിയിച്ച അല്ലാഹുവിന് സ്തുതി’ എന്ന് ദൈവത്തെ വാഴ്ത്തും.
പുതിയൊരെണ്ണം അണിയുമ്പോള്‍ പഴയത് ധര്‍മ്മം ചെയ്യും. മുഖ്യ വസ്ത്രത്തിനു മുകളില്‍ ധരിക്കുന്ന ഒരു ‘റാപ്പ്’ ഉപയോഗിച്ചിരുന്നു, കുങ്കുമ നിറത്തിലോ കാവി(=മഞ്ഞ+ചുവപ്പ്) നിറത്തിലോ ആയിരുന്നു അത്.
ഒരു വെള്ളി മോതിരം ഉണ്ടായിരുന്നു തിരുനബിക്ക്(സ്വല്ലല്ലാഹു അലൈഹി വസല്ലമ). അതിന്മേല് ഒരുയര്‍ന്ന ഭാഗത്ത് “മുഹമ്മദുറസൂലുല്ലാഹി’ എന്ന് കൊത്തിവെചിട്ടുണ്ടായിരുന്നു. അത് വലതു ചെറുവിരലിലോ ഇടത് ചെറു വിരലിലോ അണിയും. അധികവും വലതില്‍ ആയിരുന്നു.
മാട്ടിന് തോല് കൊണ്ട് നിര്‍മ്മിക്കുന്ന സിബ്തിയ്യ തോല്‍ചെരുപ്പും, പനനാര് കൊണ്ടുണ്ടാക്കുന്ന ‘താസൂമ’ എന്ന നാരുചെരുപ്പും ഖുഫ്ഫ (കാലുറ)യും അണിയാറുണ്ട്.
മൃഗത്തോല് കൊണ്ടുണ്ടാക്കിയ കവറിനകത്ത് ഈത്തപ്പന നാരു നിറച്ച കിടക്ക ഉപയോഗിച്ചിരുന്നു. രണ്ട് രണ്ടര മുഴം നീളം, ഒരു മുഴവും ഏതാണ്ട് ഒരു ചാണ് വീതിയുമുള്ളതായിരുന്നു ആ കിടക്ക. (മിനയിലെ ടെന്റിനകത്തെ ദിനങ്ങള്‍ ഓര്‍മ്മവരുന്നു). തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമിന ഒരു നീളന്‍ വിരി ഉണ്ടായിരുന്നു. അതാണ് വിരിച്ചു കൊടുക്കുക. അതിന്റെ മടക്ക് അടിയിലേക്ക് ചുരുട്ടി വെക്കും. മിക്കപ്പോഴും ഈത്തപ്പായ യിലാണ് ഉറക്കം. അതുപോലെ കാലി മണ്ണിലും. കിടക്കാന്‍ ഒരുക്കിയ സൌകര്യത്തെ ഒരിക്കല്‍പോലും ‘കുറച്ചു’ കണ്ടില്ല. വിരിച്ചുകൊടുത്താല്‍ അതില്‍ ചായും. ഇല്ലേ, നിലത്താ കിടക്കും.
സുഗന്ധവസ്തുക്കള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. കാണിച്ചാല്‍ വേണ്ടെന്നു പറഞ്ഞില്ല. ചീത്ത മണം തീരെ പൊറുപ്പിക്കില്ല. വിലയേറിയ സുഗന്ധം തന്നെ ഉപയോഗിച്ചു, കസ്തൂരിയും സുക്കും(?) പൂശാറുണ്ട്. കര്‍പ്പൂരവും ഊദും പുകയിക്കാറുണ്ട്. ഓരോ കണ്ണിലും മൂന്നു തവണ ‘ഇസ്മിദ്’ കണ്മഷിയിടുന്ന പതിവുണ്ട്. ..