ആരോഗ്യദായകമായ, വൈദ്യ തത്വങ്ങള്‍ അടങ്ങിയ ഭക്ഷണരീതിയും മര്യാദകളും …
ലഭ്യമായത് കഴിക്കും, ഇല്ലാത്തതിന് വേണ്ടി ‘വാശി’ കാണിച്ചില്ല, അത് വരുത്തിച്ചു കഴിക്കുന്ന പതിവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വേണ്ടെന്ന് പറയില്ല. ഒരു ഭക്ഷണ വസ്തുവെയും തരം താഴ്ത്തിയില്ല, കൗതുകം തോന്നിയാല്‍ എടുത്തു കഴിക്കും, അല്ലെങ്കില്‍ അത് മാറ്റിവെക്കും. ഒന്നും ലഭിച്ചില്ലെങ്കില്‍ വിശപ്പ് സഹിക്കും. വയറിന്മേല് കല്ല് കെട്ടി നടുനിവര്‍ത്തിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിശപ്പടക്കാന്‍ ഉണങ്ങിത്തരിച്ച നാലാംതരം കാരക്കപോലും പലപ്പോഴും ലഭിക്കാതിരുന്നിട്ടുണ്ട്.
ഒട്ടകത്തിന്റെയും മാടിന്റെയും ആടിന്റെയും കോഴിയുടെയും മാംസം കഴിച്ചിട്ടുണ്ട്. മത്സ്യവും കഴിക്കാറുണ്ട്. ഈത്തപ്പഴം, കാരക്ക സ്ഥിരമായി ഭക്ഷിച്ചു. പാല് പാലായും മറ്റുള്ളതില്‍ കലര്‍ത്തിയും കുടിച്ചിട്ടുണ്ട്. ഖുബ്സ് +കാരക്ക, ഖുബ്സ്+ സുര്‍ക്ക, ഖുബ്സ്+ നെയ്യ് , ഖുബ്സ്+ ഒലീവ് , ഖുബ്സ്+ വെണ്ണ, പത്തിരി + ഇറച്ചി പലപ്പോഴും കഴിച്ചു. ആടിന് കരള്‍ പൊരിച്ചു തിന്നു. വെയിലത്തുണക്കി സൂക്ഷിക്കുന്ന ഉണക്ക ഇറച്ചി തിന്നാറുണ്ട്. ചുരക്ക വലിയ ഇഷ്ടമാണ്. തളികയുടെ വശങ്ങളില് അതിങ്ങനെ പരതാറുണ്ട്. പാല്‍ക്കട്ടി ഉപയോഗിച്ചു.
ആരെങ്കിലും വേട്ടയാടി കൊണ്ടുവരുന്ന പക്ഷി മാംസം കഴിച്ചിട്ടുണ്ട്, എന്നാല്‍ സ്വന്തമായി അത് തിരഞ്ഞുപോകുകയോ വേട്ടയാടി കൊണ്ടുവരുകയോ ചെയ്തിട്ടില്ല. ഭക്ഷണം എത്തിയാല്‍ നിലത്ത് സുപ്ര വിരിച്ച് അതില്‍ വെക്കും. ഡൈനിങ്ങ് ടേബിള്‍ ഉപയോഗിച്ചില്ല, സ്പൂണും. ഭക്ഷണ വസ്തു മൂന്നുവിരല്‍ ഉപയോഗിച്ചേ എടുക്കൂ. അതില്‍ വരുന്നത്ര അളവ്. വളരെ അപൂര്‍വ്വമായി നാലു വിരലുകള്‍ ആവശ്യമാകും. ഒറ്റ വിരലുകൊണ്ട് തോണ്ടി എടുക്കുന്നത് വിലക്കി. അത് ‘പിശാചി’ന്റെ രീതി’യാണെന്ന് ഉണര്‍ത്തുകയും ചെയ്തു. രണ്ടുവിരലുകള്‍ ഉപയോഗിക്കുന്നതും അനുവദിച്ചില്ല. “അത് അഹങ്കാരികളായ പ്രഭുക്കളുടെ വഴിയാണ്’. നിലത്തു വീഴുന്ന ഭക്ഷണാംശം പൊടിതട്ടി കഴിച്ചു. ‘അത് പിശാചിന് തിന്നാന്‍ വിട്ടുകൊടുക്കരുത്’ , അതേക്കുറിച്ച് പറയും. ഭക്ഷണത്തളിക നന്നായി തുടച്ചെടുക്കും, അല്പം പോലും ഒഴിവാക്കില്ല. “ഭക്ഷണപാത്രം തുടച്ചെടുത്തു കഴിക്കുന്നവനുവേണ്ടി ആ പാത്രം പാപ മോചനത്തിന് പ്രാര്ഥിക്കുന്നതാണ്”, അവിടന്ന് ഉണര്‍ത്തി. ഒടുവില്‍ സുപ്രയില്‍ അവശേഷിക്കുന്നത് സസൂക്ഷ്മം എടുത്ത്കഴിക്കും. “ഇപ്രകാരം ചെയ്യുന്നവന് പൊറുക്കപ്പെടും”, അവിടുന്ന് ഉപദേശിച്ചു.
തുടക്കത്തില്‍ ബിസ്മി ചൊല്ലും. ഒടുവില്‍ അല്ലാഹുവിനെ സ്തുതിക്കും. ചാരിയിരുന്നോ ‘ശുനകവടിവി’ല്‍ ഇരുന്നോ ഭക്ഷിക്കാറില്ല. “ഞാന്‍ സാധാരണ ഒരു അടിമ ഭക്ഷിക്കാറുള്ളത് ഭക്ഷിക്കുന്നു, അടിമ ഭക്ഷിക്കാന്‍ ഇരിക്കാറുള്ള പോലെ ഇരിക്കുന്നു”, അതായിരുന്നു നിലപാട്.
മാംസം ഇഷ്ടമായിരുന്നു. കൊറു(=തുടഭാഗം)വാണ് കൂടുതല്‍ ഇഷ്ടം. അതിലാണല്ലോ ഒരിക്കല്‍ ജൂതപ്പെണ്ണ് വിഷം കലര്‍ത്തിയത്! അജ് വാ ഈത്തപ്പഴവും തേനും ഹലുവയും വലിയ താല്പര്യമായിരുന്നു. പഴങ്ങളില്‍ ഏറ്റവുമിഷ്ടം മുന്തിരിയും തണ്ണീര്‍ മത്തനും. ചക്കരമത്ത ശര്‍ക്കര ചേര്‍ത്തും ഖുബ്സിനോടോപ്പവും കഴിക്കാറുണ്ടായിരുന്നുവത്രേ. അതിനുവേണ്ടി രണ്ടു കയ്യും ഉപയോഗിച്ചു. മിക്കപ്പോഴും കുലയില്‍ നിന്നും ഒന്നോ രണ്ടോ മുന്തിരി പറിച്ചെടുത്ത് കഴിക്കലായിരുന്നു. സലാഡിന് ‘ഹിന്ദിബാ’ (Cichorium Endivia) യും കോഴിച്ചീരയും പെരുത്തിഷ്ടമായിരുന്നു. ഉടുമ്പ്, അകത്തിറച്ചി എന്നിവ ഇഷ്ടപ്പെട്ടില്ലെങ്കിലും വിലക്കിയില്ല.
ഇങ്ങനെയുള്ള താല്പര്യ വൈവിധ്യം ഉണ്ടായിരുന്നെങ്കിലും അധിക സമയത്തും കാരക്കയും വെള്ളവുമാണ് അവിടുത്തെ ഭക്ഷണം. ഒരിക്കല്‍ ഒരു പാത്രത്തില്‍ പാലും തേനും കൊണ്ടുവന്നപ്പോള്‍ അത് പ്രോത്സാഹിപ്പിച്ചില്ല. “ഒരേ പാത്രത്തില്‍ രണ്ട് കറി അഥവാ ‘ഉത്തേജക’ങ്ങളോ?! ഞാന്‍ കഴിക്കുന്നില്ല, നിങ്ങളോട് കഴിക്കരുതെന്ന് വിലക്കുന്നുമില്ല. എന്നാല്‍, ഇത്തരം ഗര്‍വ്വ് എനിക്കിഷ്ടമില്ല” എന്നായിരുന്നു പ്രതികരണം. ഒരു മുഖ്യ ഭക്ഷണം കഴിക്കാന്‍ ഒരു ഇനം ‘രസ’ വസ്തു മതിയെന്നായിരുന്നു, അതിലേറെ ഉപയോഗിക്കുന്നത് പൊങ്ങച്ചത്തിന്റെ ഭാഗമാണെന്ന നിലപാടായിരുന്നു അവിടുന്ന് സ്വീകരിച്ചത്.
വീട്ടിലായിരിക്കുമ്പോള്‍ ഉള്ള ഭക്ഷണം സ്വയമെടുത്ത് കഴിക്കും. വേലക്കാരെ, വീട്ടുകാരിയെ കാത്തുനില്ക്കാറില്ല. വീട്ടുകാരെ സമ്മര്ദ്ധത്തിലാക്കിക്കൊണ്ട് പിന്നെയും പിന്നെയും ഓരോന്ന് ആവശ്യപ്പെടാറില്ല. എന്നാല്‍ തനിച്ചിരുന്ന് അവിടുന്ന് ഭക്ഷിക്കാറില്ല. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കി. മത്സ്യവും പാലും ഒന്നിച്ച് കഴിച്ചില്ല. പുളിയുള്ള വസ്തുവും മാംസവും ഒന്നിച്ചടിച്ചില്ല. ഉഷ്ണപ്രകൃതിയുള്ളതോ അല്ലെങ്കില്‍ ശീതപ്രക്രുതിയുള്ളതോ ആയ രണ്ട് വിരുദ്ധ ഇനങ്ങള്‍ ഒന്നിച്ച് കഴിക്കാറില്ല. ഇതുപോലെ ദഹനം കുറക്കുന്നവയും വയര്‍ ഇളക്കുന്നവയും കട്ടിയേറിയവയും ഒന്നിച്ചു അകത്താക്കിയില്ല. പൊരിച്ചതും വേവിച്ചതുമായ മാംസം, ഉണക്ക ഇറച്ചിയും ഈത്തപഴവും , പാല് മിശ്രിതവും മാംസവും ഒരുമിച്ചു കഴിക്കാറില്ല. നല്ല ചൂടോടെയോ തണുപ്പിച്ചോ ഭക്ഷണം കഴിക്കുന്ന ശീലമില്ല. പൂപ്പലോ ചീച്ചിലോ അമിത പഴുപ്പോ ഉള്ള യാതൊന്നും കഴിച്ചില്ല.
ഒരു ഭക്ഷണത്തിന്റെ പാര്‍ശ്വഫലത്തെ മറ്റൊന്നുകൊന്ദ് പ്രതിരോധിക്കുന്ന രീതിയായിരുന്നു അവിടുന്ന് കാണിച്ചു തന്നത്. . കാരക്ക + വെണ്ണ, ചക്കരമത്ത/കക്കരി/വെള്ളരി+ ഈത്തപ്പഴം ഇങ്ങനെയൊക്കെ ജോഡികള്‍ ആയി മാത്രം കഴിച്ചു. കാരക്ക വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കുടിക്കും, ദഹനം എളുപ്പമാക്കാന്‍. (രാത്രി കാരക്ക വെള്ളത്തിലിട്ടു വെക്കും. കാലത്ത് ആ വെള്ളം കുടിക്കും.)
ഉറങ്ങുന്നതിനു മുമ്പ് വല്ലതും കഴിക്കാന്‍ നിര്‍ദ്ദേശിച്ചു, എന്നാല്‍ കഴിച്ച ഉടനെ ഉറങ്ങുന്നത് നിരോധിച്ചു. “അല്ലാഹുവിന്റെ ദിക്ര് കൊണ്ട് നിങ്ങള്‍ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കുവീന്, ഭക്ഷിച്ച വയറുമായി നിങ്ങള്‍ ഉറങ്ങരുത്, മനസ്സ് പരുഷമാകാന്‍ അതുനിമിത്തമാകും” ഖുബ്സ് തനിയെ കഴിക്കരുതെന്ന് കല്പിച്ചു.
മൂന്നു തവണ മുറിച്ചു മുറിച്ചു ശ്വാസം വിട്ടായിരുന്നു വല്ലതും പാനം ചെയ്യുക, ഒറ്റശ്വാസത്തില്‍ മോന്തുന്ന രീതി ഇല്ല. ഈമ്പിയാണ് കുടിക്കുക. “ശ്വാസം വിടാതുള്ള കുടി കരള്‍വീക്കം ഉണ്ടാക്കുന്നു” , അവിടുന്ന് ഉണര്‍ത്തുകയുണ്ടായി.
കുടിക്കവേ, പാത്രത്തിലേക്ക് ഊതാറില്ല. മിക്ക സമയത്തും ഇരുന്നാണ് കുടിക്കുക. എന്തെങ്കിലും തടസ്സം അതിനുണ്ടെങ്കില്‍ മാത്രം നിന്നും കുടിക്കും. തണുപ്പുള്ള പാനീയം ഇഷ്ടമാണ്. ചൂടുള്ളത് താല്പര്യമില്ല. കുടിക്കുമ്പോള്‍ അതില്‍ അല്പം ബാക്കി വെച്ച്, വലതു ഭാഗത്തുള്ള വ്യക്തിക്ക് അത് നല്‍കും. ഇടതു ഭാഗത്തുള്ള വ്യക്തി പ്രമുഖനോ പ്രായക്കൂടുതലുള്ള ആളോ ആണെങ്കില്‍ പോലും വലതിനാണ് പ്രാധാന്യം. വലതുഭാഗത്തുള്ള വ്യക്തിയോട് പറയും : “നിന്റെ അവകാശമാണ് ഇതിലെ ബാക്കി; നിനക്ക് തന്നെ വേണമെന്നുണ്ടെങ്കില്‍ നിനക്ക് തരും”.
കാസിം തങ്ങള്‍
says:ഉപകാരപ്രദം.