വ്യക്തിത്വം ഭാരതീയമോ യൂറോപ്യമോ അല്ല, ദിവ്യമായിരിക്കണം.. അങ്ങനെയൊരു വ്യക്തിത്വത്തെ പരിചയപ്പെടാം..
മഹദ് സ്വഭാവ ഗുണങ്ങള്‍ നല്കി അല്ലാഹു തന്നെ, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ വളര്‍ത്തുകയായിരുന്നു. മാതാപിതാക്കളുടെ ശിക്ഷണം വേണ്ടത്ര ലഭിക്കാത്ത അനാഥ ബാല്യം, ധര്‍മ്മ ച്യുതിയുടെ കൂരിരുള്‍ പരന്ന ചുറ്റുപാട്.. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സംസ്കാരം പകര്‍ത്താന്‍ കഴിയാത്ത അന്തരീക്ഷത്തില്‍ വളര്‍ന്നു. ഗുരുക്കളുമായി സഹവസിക്കാനോ ഗുരുമുഖത്തു നിന്നും ജ്ഞാന സ്വഭാവ ശീലങ്ങള്‍ പകര്‍ത്താനോ സാധിക്കാത്ത ഭീകരദേശം. അവിടെ കല്ലേ ഉള്ളൂ, കല്ലല്ല, പാറകള്‍. മലകള്‍ പിന്നെയും മലകള്‍. അവിടുത്തുകാരുടെ ദൈവങ്ങള്‍ പോലും ശിലാരൂപങ്ങള്‍. ആ നാട്ടുകാര്‍ ശിലാ ഹൃദയരായത് വെറുതെയാണോ?! പിന്നെയുള്ളത്, ഈര്‍പ്പമില്ലാത്ത പരന്ന മരുഭൂമിയും. മണ്ണും മനുഷ്യര്യം അവിടെ ആര്ദ്രമായിരുന്നില്ല. മനുഷ്യലോകത്തിലേക്ക് നിയുക്തനാകാനിരിക്കുന്ന അന്ത്യ ദൂതന് ഇങ്ങനെ ശിലകള്‍ക്കിടയില്‍, മരവിച്ച മനസുകള്‍ക്കിടയില്‍ വളര്‍ന്നാല്‍, അദ്ദേഹമെങ്ങനെ ‘ലോകര്‍ക്കുള്ള റഹ്മത്തായി രൂപാന്തരപ്പെടും?!!
അല്ലാഹു നേര്‍ക്കുനേര്‍ ഇടപെട്ടു. ‘എന്നെ അച്ചടക്കം, സംസ്കാരം, പെരുമാറ്റ മര്യാദകള്‍ പഠിപ്പിച്ചത് അല്ലാഹുവാണ്; അത് ഏറ്റവും മെച്ചമായ നിലയില്‍ അവന് നിര്‍വ്വഹിച്ചു” എന്ന് തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തന്നെ ആത്മകഥനം ചെയ്തു. ശിലകള്‍ക്കിടയില്‍, മരുപ്പറമ്പില്‍ നിര്‍ഗ്ഗളിച്ച സംസം പോലെ മുഹമ്മദ് വളര്‍ന്നു.. മനുഷ്യരില്‍ അതുല്യമായ അനേകമനേകം സ്വഭാവ മൂല്യങ്ങള്‍ സ്വന്തമാക്കിക്കൊണ്ട്. “ഉന്നതമായ സ്വഭാവഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് എന്നെ അയച്ചിട്ടുള്ളത്’. ദൈവികമായ ശിക്ഷണത്തിന്റെ കാലാവധി കഴിഞ്ഞപ്പോള്‍, അന്ത്യദൂതര്‍ നേടിയ ഉന്നത സ്വഭാവ നിലവാരത്തെ കുറിച്ച് ശിക്ഷകന് തന്നെ ലോകരുടെ മുമ്പാകെ വിളിച്ചു പറഞ്ഞു: “നിശ്ചയം! താങ്കള്‍ അത്യുന്നതമായ സ്വഭാവത്തിന്റെ അധിപതിയായിരിക്കുന്നു”.
അപാര സഹനശീലന്‍, ധീരതയില്‍ മുന്നില്‍, നീതിയില്‍ നിസ്തുലന്‍, വ്യക്തി ശുദ്ധിയില്‍ തൂവെള്ളക്കടലാസ്, മികച്ച ധര്മ്മിഷ്ഠന്. ഒരു ദീനാര്‍ അല്ലെങ്കില്‍ ദിര്‍ഹം പോലും അവിടുത്തെ കുടിലില്‍ അന്തിയുറങ്ങിയില്ല. അന്നന്നത്തേ ആവശ്യം കഴിച്ചു ബാക്കി അന്നന്ന് ധര്‍മ്മം ചെയ്തു. അവശേഷിക്കുന്നത് നല്കാന് ആരെയും കണ്ടില്ലെങ്കില്‍, അതിനിടെ രാവിറങ്ങി വന്നാല്‍, അത് ആവശ്യക്കാര്‍ക്ക് നല്‍കുന്നതുവരെ വീട്ടില്‍ വിശ്രമിച്ചില്ല. വല്ലതും ചോദിച്ചുവരുന്ന ഒരാളെയും ‘ഇല്ല’ പറഞ്ഞു തിരിച്ചയച്ചില്ല.
സംസാരത്തില്‍ സമാനരില്ലാത്ത സത്യസന്ധന്, ആരെയും പകരംവെക്കാനില്ലാത്ത വിനയാന്വിതന്, തികഞ്ഞ മയമുള്ള പ്രകൃതം, ഏറെ ബഹുമാനം നിറഞ്ഞ പെരുമാറ്റം, വല്ലാത്ത ലജ്ജാലു, ഒരാളുടെ മുഖത്തും നോട്ടം തറപ്പിക്കില്ല, നോക്കിക്കൊണ്ടിരിക്കില്ല. അഹംഭാവമില്ലാത്ത മൗനം, ആശയസമ്പുഷ്ടവും ക്രമഭംഗിയുള്ളതുമായ ദീര്‍ഘിപ്പിക്കാത്ത സംസാരം.
പാരിതോഷികങ്ങള്‍, സ്നേഹസമ്മാനങ്ങള്‍ സ്വീകരിക്കും, ഒരു മുറുക്ക് പാലോ മുയലിന് കാലോ (മാംസം വളരെ കുറഞ്ഞ ഭാഗം) ആണെങ്കില്‍ പോലും. അത് വാങ്ങി ഭക്ഷിക്കുക മാത്രമല്ല, അതിനുപകരം മെച്ചപ്പെട്ട സ്നേഹസമ്മാനങ്ങള്‍ തിരിച്ചുകൊടുക്കും. എന്നാല്‍, ധര്‍മ്മം ലഭിച്ചത് ഭക്ഷിക്കാറില്ല. വല്ലപ്പോഴും കോപം കാണിക്കുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടിയല്ല, അല്ലാഹുവിന്റെ താല്പര്യത്തിനു വേണ്ടി മാത്രം.
സത്യം/ ശരി നടപ്പിലാക്കും, പറയും, അതിനുവേണ്ടി നിലകൊള്ളും, അപ്പേരില്‍ പ്രയാസങ്ങള്‍ തിരിച്ചടിക്കുമെങ്കില് പോലും. ആകാശത്തേക്ക് നോക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭൂമിയിലേക്കത്രെ നോക്കുക. ദൃഷ്ടി മിക്കപ്പോഴും താഴ്ന്നാണ്. പ്രഥമ ദൃഷ്ടിയില് കണ്ടാല്‍ ഭയക്കുന്ന ഗാംഭീര്യം, അടുത്തിടപഴകിയാല്‍ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയാത്ത ആകര്‍ഷണീയത.
തൊലി മൃദുലമായിരുന്നു. ഉള്ളും പുറവും ആര്‍ദ്രമാണ്. മുഖത്തറിയാം ഉള്ളിലെ രോഷവും ഇഷ്ടവും. എന്തെങ്കിലും ആലോചനയില്‍ മുഴുകുമ്പോള്‍ താടി കൂടുതലായി തടവിക്കൊണ്ടിരിക്കും.
ശ്രോതാക്കള്‍ക്ക് ഹൃദിസ്ഥമാക്കാന്‍ പാകത്തില്‍ നിറുത്തി നിറുത്തിയും ലളിതമായും വ്യക്തമായും ആയിരുന്നു സംസാരം. ചിലപ്പോള്‍ ഗ്രഹിക്കാന്‍ സൌകര്യപ്പെടുത്തിക്കൊണ്ട് ചില ആശയങ്ങള്‍ മൂന്നു തവണ ആവര്‍ത്തിക്കും. ആവശ്യമില്ലാതെ ഒരുവാക്ക് ഉരിയാടില്ല.
നിത്യസങ്കടക്കാരനെപ്പോലെ കാഴ്ചക്ക് വിഷമാകുലമാണ് ഭാവം. സദാ ചിന്തയില്‍, ആലോചനയില്‍. ഒട്ടും റാഹത്ത് ഇല്ലെന്നപോലെ. ധാരാളം കരയുകയും അല്ലാഹുവില്‍ തകരുകയും ചെയ്യാറുണ്ട്.
സാധുക്കള്‍, വിധവകള്‍ തുടങ്ങിയ അശരണര്‍ക്കൊപ്പം അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ മിനക്കെടും, അവരുടെ കൂടെ നടക്കും. സ്വന്തം ചെരുപ്പ് തുന്നി ശരിയാക്കും, വസ്ത്രം കീറിയത് കഷ്ണം വെക്കും. അതില്‍ പാര്‍ക്കുന്ന ഇഴജീവികളെ സ്വയം ഒഴിവാക്കും, ആടിനെ കറന്നു പാലെടുക്കും, വീട്ടുകാരെ ജോലിയില്‍ സഹായിക്കും. പാദരക്ഷ അണിഞ്ഞും നഗ്നപാദനായും നടക്കാറുണ്ട്. രോഗികളെ സന്ദര്‍ശിക്കാറുണ്ട്, ശത്രുത കാട്ടുന്ന അവിശ്വാസിയേയും ശല്യമുണ്ടാക്കുന്ന കപടന്മാരെയും ചില ഘട്ടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മയ്യിത്തിനോടൊപ്പം സഞ്ചരിക്കുകയും സംസ്കരണ പ്രക്രിയയില്‍ പങ്കുകൊള്ളുകയും ചെയ്യാറുണ്ട്. സത്യവിശ്വാസികളുടെ ഖബറിടം സന്ദര്‍ശിക്കും, അവര്‍ക്ക് സലാം അര്‍പ്പിക്കും, പാപമോചനത്തിന് പ്രാര്‍ഥിക്കും..
കുതിരപ്പുറത്തും ഒട്ടകപ്പുറത്തും ചില സന്ദര്‍ഭങ്ങളില്‍ കഴുതപ്പുറത്തും സഞ്ചരിച്ചിട്ടുണ്ട്. അധികവും കുതിരയും ഒട്ടകവുമാണ് വാഹനം. എന്നാല്‍ കോവര്‍കഴുത സമ്മാനമായി ലഭിച്ചപ്പോള്‍ അതിനു പുറത്തും സഞ്ചരിച്ചിട്ടുണ്ട്. ഒറ്റക്കും, പിന്നില്‍ സേവകനെ കൂട്ടിയും ഭാര്യയെ ഇരുത്തിയും അവരല്ലാത്തവരോടൊപ്പവും യാത്ര ചെയ്യാറുണ്ട്.
ദാരിദ്രരോടൊപ്പം ഇരിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ചെയ്യുന്നപോലെത്തന്നെ , വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും പ്രമുഖരോട് ഇണങ്ങിച്ചേര്‍ന്നു പെരുമാറുകയും ചെയ്യാറുണ്ട്. സത്യനിഷേധികളോട് പോലും വിനയത്തോടെ, ഇണക്കത്തോടെ പെരുമാറി. അവര്‍ക്ക് ദൈവികമായ അന്തസ്സിന്റെ പ്രകടിത രൂപം കാണിച്ചു കൊടുക്കാന്‍ തന്നെ. “ഒരു ജനവിഭാഗത്തിന്റെ ആദരണീയ വ്യക്തിതം നിങ്ങളെ സമീപിച്ചാല്‍ അദ്ദേഹത്തെ നിങ്ങള്‍ ആദരിക്കണം” എന്ന് പഠിപ്പിക്കുകയും ചെയ്തു.
ഒരാളെയും അയാള്‍ ഇഷ്ടപ്പെടാത്ത സംഗതിയുമായി നേരിടാറില്ല. തമാശ പറയാറുണ്ടെങ്കിലും അതിനു വേണ്ടി കളവുപയോഗിക്കാറില്ല, സത്യം മാത്രം പറയും. ഒളിച്ചും മറച്ചും ചിലപ്പോഴെല്ലാം പറയാറുണ്ടെങ്കിലും അപ്പോഴൊക്കെയും സത്യസന്ധത കൈവിടില്ല . അടിമകളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. സഹോദരങ്ങളുടെ കൃഷിത്തോപ്പുകളിലേക്ക് പോകാറുണ്ട്, അവരെ ബഹുമാനിച്ചുകൊണ്ട്. ബോഡി ഗാര്‍ഡ് ഇല്ലാതെയും ശത്രുക്കള്‍ക്കിടയിലൂടെ സഞ്ചരിക്കാറുണ്ട്. ഭൂമിയിലെ ഒരു സംഗതിയും അവിടുത്തെ ഭയചകിതനാക്കിയില്ല. ഒരു സാധുവിനെയും അയാളുടെ ദാരിദ്ര്യം ചൂണ്ടി നിന്ദിച്ചില്ല. ഒരു രാജാവിനെയും അയാളുടെ അധികാരം കണ്ട് ഭയന്നുമില്ല. രണ്ടു കൂട്ടരെയും അല്ലാഹുവിലേക്ക് ക്ഷണിച്ചു. ഒരേപോലെ. ആരോ പറഞ്ഞു: ‘സത്യം നിഷേധികള്‍ക്കെതിരെ പ്രാര്‍ഥിക്കുവീന്‍’. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: “നിശ്ചയമായും എന്നെ നിയോഗിച്ചത് കരുന്യമായിട്ടാണ്, അല്ലാഹുവേ എന്റെ ജനതയെ നീ നേരായ വഴിയിലാക്ക്, അവര്‍ അജ്ഞരാണ്”.
അസഭ്യവാക്കുകള്‍ പറയാറില്ല, അസംഗതമായത് ചെയ്യുന്നവരെ ശപിക്കാറില്ല. ലുബ്ധനായിരുന്നില്ല, ഭീരുവും. അങ്ങാടികളില്‍ ബഹളം വെക്കുന്ന പ്രകൃതമില്ലായിരുന്നു. എപ്പോഴും പ്രശ്നത്തിന്റെ/ കാര്യത്തിന്റെ ലളിതരൂപം മാത്രം തെരഞ്ഞെടുക്കുന്നു. ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വീകരിക്കുക. പുഞ്ചിരി മാത്രം, പൊട്ടിച്ചിരിയോ അട്ടഹാസമോ ശീലമില്ല. കൂടെയിരിക്കുന്നവര്‍ക്ക് കൗതുകമുള്ള സംഗതിയില്‍ അവരോടൊപ്പം കൗതുകം പ്രകടിപ്പിക്കും. അവര്‍ ചിരിക്കുന്ന കാര്യത്തില്‍ അവര്‍ക്കൊപ്പം ചിരിച്ചു സഹകരിക്കും, മസില് പിടുത്തമില്ല. അവര്‍ പൂര്‍വ്വകാല വിവരക്കേട് അനുസ്മരിക്കുമ്പോള്‍ മന്ദസ്മിതം തൂകും.
എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാല സ്വഭാവം. എല്ലാവരും തന്റെ അടുക്കല്‍ സമന്മാര്. ഒരു സേവകനേയും കരുണാര്‍ദ്രത വെടിഞ്ഞു ഭരിച്ചില്ല, അവരെ അപഹസിച്ചില്ല, തരം താഴ്ത്തിയില്ല. ആക്ഷേപിക്കുക പോലും ചെയ്തില്ല. വേലക്കാരന്/ സഹായി ചെയ്തൊരു കാര്യത്തെ ക്കുറിച്ച്,’എന്തിനെടാ ഇത്/ഇങ്ങനെ ചെയ്തത്’ എന്ന് ആക്രോശിച്ചില്ല. ചെയ്യാതിരുന്ന കാര്യത്തെ കുറിച്ച്, ‘എന്തുകൊണ്ട് നീ അത് ചെയ്തില്ല’ എന്ന് ചോദ്യം ചെയ്തില്ല. എന്നാല്‍ അവിടുന്ന് പ്രതികരിക്കാറുള്ളത് ‘വിധിച്ചത് നടക്കും’ എന്നായിരുന്നു.
യുദ്ധക്കളത്തില്‍ വെച്ചല്ലാതെ ഒരാളെയും കൈകൊണ്ടടിച്ചില്ല. വേലക്കരെയോ ഭാര്യമാരെയോ മക്കളെയോ പൌത്രന്മാരെയോ പോലും. അവിടുത്തെ സദസ്സ് സഹനത്തിന്റെയും ക്ഷമയുടെയും ലജ്ജയുടെയും മാതൃക നിറഞ്ഞ സദസ്സായിരുന്നു. വല്ല ആവശ്യത്തിനും ആര്‍ക്കെങ്കിലും സദസ്സില്‍ നിന്നും പുറത്തുപോകണമെങ്കില്‍, അയാള്‍ തിരിച്ചുവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കും. കൈ കൊടുക്കുമ്പോള്‍ അങ്ങേപ്പുറത്തെ ആള് കൈ വലിക്കുന്നതുവരെയും അവിടുന്ന് കൈ എടുക്കില്ല. സദസ്സുകള്‍ അല്ലാഹുവിന്റെ സ്മരണ സ്ഫുരിക്കുന്നത്. മിക്ക സമയത്തെയും ഇരുത്തം ഖിബ്ലാക്ക് അഭിമുഖമായി, മേല്‍മുണ്ട് ചുറ്റി പ്പുതച്ച് കാല്‍മുട്ടുകള്‍ കെട്ടിയുള്ള ഇരുത്തം.
ജീവിതസഖിമാരോട് സുന്ദരമായ സഹവര്‍ത്തിത്വം. സഹവാസ ദിനങ്ങളും ചെലവും എല്ലാവര്ക്കും തുല്യം. എന്നാല്‍ സ്നേഹം, പരിണയം എന്നിക്കാര്യങ്ങളില് വൈവിധ്യം സ്വാഭാവികം. ഇക്കാര്യത്തില്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു: “സംരക്ഷണ ചെലവ്, സഹവാസം എന്നിക്കാര്യങ്ങളില് എനിക്ക് നീതിപാലിക്കാന്‍ കഴിയുന്നു; സ്നേഹം, സംഗതാല്പര്യം എന്നിവയില്‍ എനിക്ക് നിയന്ത്റിക്കാനാകാതെ ഉണ്ടായിപ്പോകുന്ന ഏറ്റക്കുറവു കാരണം എന്നെ നീ കുറ്റപ്പെടുത്തരുതേ”.
വല്ലവരെയും കണ്ടുമുട്ടുമ്പോള്‍ ആദ്യം സലാം പറയുക അവിടുത്തെ പതിവാണ്. കുട്ടികളോട് പോലും. അതിഥിക്ക്/ സന്ദര്ശകന് തന്റെ തലയണ വിട്ടുകൊടുക്കും. തന്റെ വിരിപ്പ് വിരിച്ചുകൊടുക്കും. അതിന് വിസമ്മതിച്ചാല്‍ സമ്മതിക്കുംവരെ പ്രേരിപ്പിക്കും. ഇഷ്ടത്തിലും രോഷത്തിലും സത്യമല്ലാതെ പറയില്ല. സാരോപദേശ സമയത്ത് കണ്ണുകള്‍ ചുവന്നു ജ്വലിച്ചു കാണാം. ശത്രുമുന്നേറ്റം വിളിച്ചറിയിക്കുന്ന സൈനിക ക്യാപ്റ്റനെപ്പോലെ ശബ്ദം ഉയര്‍ത്തിയുള്ള മുന്നറിയിപ്പുകള്‍. സന്തോഷ സമയത്ത് മുഖം ലങ്കുന്നു, ചന്ദ്രക്കീറുപോലെ.
അനുയായികളെ മുന്നില്‍ നടത്തുകയാണ് പതിവ്. തന്റെ പിറകില്‍ നടക്കാന്‍ ഒരാളെയും അനുവദിക്കില്ല. അവരോടു പറയുമായിരുന്നു: “എന്റെ പുറംഭാഗം മലക്കുകള്‍ക്ക് ഒഴിഞ്ഞുകൊടുക്കുവീന്”.
തന്നോട് അരുതാത്തത് ചെയ്താല്‍ പകരം അതുപോലെ ചെയ്തില്ല. എന്നാല്‍, വിട്ടുപൊറുത്ത് മാപ്പാക്കി വിടും.
ഓര്‍ക്കുക, വ്യവസ്ഥാപിതമായി വിദ്യ അഭ്യസിക്കാത്ത ‘നിരക്ഷര’നായിരുന്നു അവിടുന്ന്. ദരിദ്ര പശ്ചാത്തലത്തില്‍ അജ്ഞത വാഴുന്ന ഭൂമികയിലായിരുന്നു ജനിച്ചു വളര്‍ന്നത്. ആടിനെ മേച്ചു ജീവിച്ചു., മാതാവും പിതാവും മരിച്ചുപോയ അനാഥനായി. അല്ലാഹു അത്യുത്തമ സ്വഭാവ ശീലങ്ങള്‍ അഭ്യസിപ്പിച്ചു, ഏറ്റവും സുന്ദരമായ മര്യാദകള്‍ പഠിപ്പിച്ചു. അത്യുദാത്തമായ സ്വഭാവമൂല്യങ്ങള്‍/ ജീവിതചര്യകള്‍ നല്കി അല്ലാഹു അവിടുത്തെ മഹത്വത്തിലുയര്ത്തി. തികവൊത്ത നയ/ ഭരണ/നേതൃ ചാതുരിയും അവന് നല്കി അനുഗ്രഹിച്ചു.. സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം. ധാരാളം, ധാരാളം.
(തുടരും, ഇന്‍ ഷാ അല്ലാഹ് )
(അല്ലാമാ അബ്ദുറഊഫ് മുനാവി റഹിമഹുല്ലാഹ് യുടെ ‘അല്‍കവാകിബുദ്ദുരിയ്യ’ ആമുഖത്തില്‍ നിന്നും)
സ്വാലിഹ് നിസാമി പുതുപൊന്നാനി
19-11-2017