‘ഇതാകുന്നത് അബ്ദുല്‍വഹാബിന്റെ മകന്‍ മുഹമ്മദ് എന്നു ഫേരുള്ള വഹാബിയുടെ അഭിഫ്രായ ഏര്‍ഫാടില്‍ കുടുങ്ങിഫോകാതിരിഫ്ഫാനുള്ള നസ്വീഹത്തില്‍ ഫറയുന്ന ഫസ്വ്‌ലാകുന്നു.’

തിരുവനന്തപുരം പട്ടണത്തിന്റെ ഏതാനും മൈല്‍ തെക്ക് പൂവാര്‍ ഗ്രാമത്തില്‍ പണ്ഡിതനും കവിയുമായിരുന്ന അഹ്മദ് കണ്ണ് മുസ്‌ലിയാരുടെ  മകനായി പിറന്ന നൂഹ്കണ്ണ്മുസ്‌ലിയാര്‍,  പത്തൊമ്പതാം നൂറ്റാണ്ട് കേരളമുസ്‌ലിംകള്‍ക്കു സമ്മാനിച്ച ഉജ്ജ്വല പ്രതിഭകളിലൊരാളാണ് മുഹമ്മദ് നൂഹ് അല്‍ഫുവാരി എന്ന നൂഹ് കണ്ണ് മുസ്‌ലിയാര്‍. മലയാളം, അറബി, തമിഴ്, പാര്‍സി, ഉര്‍ദു ഭാഷകളില്‍ നിപുണനായിരുന്നു. കൊച്ചിയിലെ പ്രാഥമികപഠനത്തിനു ശേഷം പൊന്നാനിയില്‍ ഉപരിപഠനം ചെയ്ത അദ്ദേഹം അധ്യാത്മിക ജ്ഞാനമാര്‍ജിച്ചത് കായല്‍പട്ടണം മുഹമ്മദ് ഖാഹിരി ആലിം സാഹിബില്‍ നിന്നാണ്. ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് നൂഹ്കണ്ണ് മുസ്‌ലിയാര്‍. നല്ലൊരു കവിയായിരുന്നു.അദ്ദേഹത്തിന്റെ അറബി, തമിഴ്, മലയാളം കവിതകള്‍ ‘മന്‍ളൂമാതുഫൂവാരി’ എന്ന പേരില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഉന്നതപണ്ഡിതനായിരുന്ന മാപ്പിളലബ്ബആലിം സാഹിബിന്റെ സുപ്രസിദ്ധമായ മഗാനി അവലംബിച്ച് നൂഹ്കണ്ണ് മുസ്‌ലിയാര്‍ രചിച്ച ഫത്ഹുന്നൂര്‍ ഫീ മുഹിമ്മാത്തില്‍ ഉമൂര്‍ പഠനാര്‍ഹമായ കൃതിയാണ്. അഖ്വീദയും തസ്വവ്വുഫും ഫിഖ്ഹും ലളിത സുന്ദരമായ ഭാഷയില്‍ കൂട്ടിയരച്ച ഫത്ഹുന്നൂര്‍ പൊന്നാനിയില്‍ പലവട്ടം പ്രസിദ്ധം ചെയ്തിട്ടുണ്ട്. കേരളത്തിലെ അദ്യകാല ഉലമാഉം കോഴിക്കോട് ഖാസികുടുംബവും പൊന്നാനിയിലെ മഖ്ദൂമുമാരും പടുത്തുയര്‍ത്തിയ പാരമ്പര്യ ഇസ്‌ലാമിക സമൂഹത്തിന്റെ  ധൈഷണികനേതൃത്വവുമായിരുന്ന നൂഹ്കണ്ണ് മുസ്‌ലിയാര്‍ സാംസ്‌കാരിക പൈതൃകത്തിനെതിരെയുള്ള അപശബ്ദങ്ങളെ പണ്ഡിതോചിതമായി വെല്ലുവിളിച്ച ബുദ്ധിജീവിയായിരുന്നു. അതു കൊണ്ടുതന്നെ തന്‍റെ ശിഷ്യന്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി ബാധിച്ച വഹാബിസ ദുഷ് പ്രവണതയില്‍   മഹാഗുരു പതറിയില്ല. തന്റെ ക്ലാസിക് കൃതിയായ ഫത്ഹുസ്സമദില്‍  സുദീര്‍ഘമായ മുപ്പത്തിയെട്ടു പേജുകള്‍ വഹാബിസത്തിന്റെ ‘വെടക്കത്തരം’ വെളിപ്പെടുത്താനാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്.

‘ഒരു കാലത്ത് സാധാരണക്കാര്‍ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളില്‍ ഒന്നാണ് മുഹമ്മദ് നൂഹ് മുസ്‌ലിയാരുടെ ഫത്ഹുസ്വമദ് ഫീ മഅ്‌രിഫത്തിഖൈരില്‍ ഉമദ്(1). ദീനുല്‍ ഇസ്‌ലാമിലെ ജ്ഞാനമേഖലകളെ ഈമാന്‍, ഇസ്‌ലാം, തൗഹീദ്, മഅ്‌രിഫത്ത് എന്നിങ്ങനെ നാലായി വിഭജിക്കുന്ന രീതിയാണ് ഫദ്ഹുസ്വമദില്‍ സ്വീകരിച്ചു കാണുന്നത്. വികലവിശ്വാസത്തെ പൊതുവില്‍ നിശിതമായി പരിശോധിക്കുന്നുണ്ടെങ്കിലും അനുഷ്ഠാനങ്ങളെ നിരാകരിക്കുന്ന വ്യാജസൂഫികളെയും, ഉന്നത സൂഫിജ്ഞാനികളുടെ സാരസമ്പൂര്‍ണമായ വചനപ്പൊരുളുകളെ പ്രായപൂര്‍ത്തിയും വിവേകബുദ്ധിയുമില്ലാതെ ദുര്‍വ്യാഖ്യാനിക്കുന്നവരെയും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ  അന്ത്യദശകങ്ങളില്‍ അങ്ങുമിങ്ങും തലപൊക്കിയ വഹാബി ചിന്തകരെയുമാണ് നൂഹ്കണ്ണ് മുസ്‌ലിയാര്‍ പ്രധാനമായും നിരൂപിക്കുന്നത്. നൂഹ് മുസ്‌ലിയാരെക്കുറിച്ചും തന്റെ ഗ്രന്ഥങ്ങളെക്കുറിച്ചും നല്ലതുപറഞ്ഞ ‘മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യ’രചയിതാക്കള്‍ അദ്ദേഹം വഹാബിസത്തെ നിരൂപിച്ചതും ശിഷ്യന്മാരെ ഉപദേശിച്ചതും മറച്ചുവെച്ചു.

1298 ല്‍ തലശ്ശേരി നായ്യംവീട്ടില്‍ കോയാലിഹാജിയാണ് ഫത്ഹുസ്സ്വമദ് ആദ്യം പ്രസിദ്ധം ചെയ്യുന്നത്. പിന്നീട് 1306 ല്‍ പൊന്നാനി മുര്‍സിങ്ങാനകത്ത്മുടിക്കല്‍ ഹൈദ്രോസുട്ടി മൂപ്പരുടെ ശിര്‍ക്കത്തുല്‍ ഇസ്‌ലാം കമ്പനി അച്ചടിച്ചു. പൊന്നാനി, തിരൂരങ്ങാടി അച്ചുകൂടങ്ങളില്‍ നിന്നും പലവട്ടം പ്രസിദ്ധം ചെയ്ത ഫത്ഹുസ്വമദ് 1963 ഡിസംബര്‍ 15 ന് പൊന്നാനി മോഡേണ്‍ ലിത്തോ പ്രിന്റിംഗ് വര്‍ക്‌സില്‍ ഹാജി യു എം അബ്ദുല്ലാ കമ്പനി പുറത്തിറക്കിയതാകണം അവസാന പതിപ്പ്. അഖ്വീദയില്‍ ഗഹനമായ അവബോധം നല്‍കുന്ന ഫത്ഹുസ്വമദ് കൃതി പിന്നിട്ട നൂറ്റാണ്ടിലെ കേരള മുസ്‌ലിംകളുടെ വിശ്വാസവും, വിശ്വാസത്തിലും കര്‍മത്തിലും ഊന്നിയ തസ്വവ്വുഫും നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

ഗ്രന്ഥരചനക്ക് പരിശോധിച്ചിട്ടുള്ള കിതാബുകള്‍ ആമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഇഹ്‌യാ ഉലൂമിദ്ദീന്‍, ഇന്‍സാനുല്‍കാമില്‍, ഫുസ്വൂസ്വ ് , തുഹ്ഫതുല്‍ മുര്‍സല, ദരീഅഃ, മആരിഫുല്‍ വുജൂദ്, തില്‍മസാനി, മസ്‌ലകുല്‍അത്ഖിയ,  മവാഹിബുല്ലദുന്നിയ്യ, ഇര്‍ശാദുല്‍ യാഫിഈ, മിഫ്താഹുല്‍ ഫലാഹ്, വസ്വ് ലത്തുസ്സാലിക്കീന്‍, കന്‍സുല്‍ബറാഹീന്‍, മിര്‍ആതുല്‍മുഹഖ്വിഖ്വീന്‍,    റൗളുര്‍റയാഹീന്‍, രിസാലതുതാജുദ്ദീന്‍, രിസാലതുല്‍ ഖാദിരിയ്യ, ജാമിഉല്‍വുസ്വൂല്‍, ഖസീനതുല്‍ അസ്‌റാര്‍, മശാരിഖുല്‍ അന്‍വാര്‍,മദാരിജുസ്സുഊദ്, ഫത്ഹുല്‍മലിക്, ശംസുല്‍മആരിഫ്, മജാലിസുസ്സനിയ്യ, ബഹ്ജത്തുസ്സനിയ്യ, തഫ്‌സീറുല്‍ജലാലൈന്‍, ജാമിഉല്‍ബയാന്‍, തഫ്‌സീര്‍ മആലിമുത്തന്‍സീല്‍ തുടങ്ങി ആധികാരിക ഗ്രന്ഥങ്ങളുടെ ബലത്തിലാണ് ഫത്ഹുസ്സ്വമദ് രചിക്കുന്നത്. ഇതിനുപുറമെ തമിഴിലും മലയാളത്തിലും രചിക്കപ്പെട്ട ധാരാളം സൂഫികാവ്യങ്ങള്‍ ഫത്ഹുസ്വമദില്‍ ഉദ്ധരിക്കുന്നു; പരിശോധിക്കുന്നു. ‘പല്ലുറക്കാത്തവര്‍ കരിമ്പുകടിച്ചു’ണ്ടാകുന്ന പൊല്ലാപ്പുകള്‍ക്ക് പരിഹാരം നര്‍ദേശിക്കുന്നു.

വഹാബിസത്തെ നിരൂപിക്കുന്ന ഭാഗമെഴുതാന്‍ അതിവിപുലമായ ധാരാളം ഗ്രന്ഥങ്ങളാണുപയോഗിച്ചിരിക്കുന്നത്.   അല്ലാമാസൈനീ ദഹ്‌ലാന്റെ ദുററുസ്സനിയ്യ അവലംബിച്ചു ‘വഹാബീകൂട്ടുകാര്‍ക്ക് ഉസ്താദായി ആദ്യം ഉണ്ടായ’ മുഹമ്മദ്ബ്‌നു അബ്ദില്‍വഹാബിന്റെയും നേതൃത്വം നല്‍കിയ രണവിപ്ലവത്തിന്റെയും ചരിത്രം പറയുകയാണ് ആദ്യം; പുറം 200 മുതല്‍ 208 വരെ. ‘മദിരാശിയിലെ അല്ലാമഃ ഗുലാം ഖാദിര്‍ മൗലവി സാഹിബ് റഹിമഹുല്ലാഹ് അവര്‍കള്‍ കോര്‍വ്വ ചെയ്ത തഫ്ഹീമുല്‍മുഗ്തര്‍രീന്‍ എന്ന കിതാബില്‍ ‘വഹാബിയ്യ കൂട്ടക്കാരുടെ തെറ്റിയ അഖീദകളെ വിവരിച്ചിട്ടുള്ളതിനെ എടുത്തു കാണിക്കുന്ന’ ഉപാധ്യായം തുടര്‍ന്നു വായിക്കാം. ഗവേഷണ നൈരന്തര്യമുള്ള, ഇപ്പോഴും തീരുമാനമായിട്ടില്ലാത്ത ഒരു ദര്‍ശനമാകയാല്‍ ഇന്ത്യാരാജ്യം പരിചയപ്പെടുന്ന ആദ്യകാല വഹാബിസത്തിന്റെ വികലനിലപാടുകള്‍ എന്തെല്ലാമായിരുന്നെന്ന് ഫത്തഹുസ്സ്വമദ്‌’  പുറത്തു വിടുന്നുണ്ട്. അവ നമ്മെ അത്ഭുത പ്പെടുത്താതിരിക്കില്ല… 

തിരു ദൂതരുടെ ഒളിവാല്‍ ആലംപടച്ചുവെന്നു വിശ്വസിക്കുന്നത് ശിര്‍ക്ക്, മുത്തുനബിയുടെ ഉമ്മയും ഉപ്പയും കാഫിറും മുശ് രിക്കുമാണ്, അന്ത്യദൂതര്‍ക്ക് ശേഷം ഇനിയും നബിമാരുണ്ടാകാം (സര്‍സയ്യിദ് അഹ്മദ്ഖാന്‍ തുടങ്ങിയ ചില ആദ്യകാല വഹാബികൾ ഈ വാദക്കാരാണ്) മുത്തുനബി മൗത്തായി മണ്ണില്‍തന്നെ മണ്ണായിപ്പോയി, ആറ്റല്‍റസൂല്‍ ഇപ്പോള്‍ ഹയാത്തുള്ള നബിയല്ല, അവിടുത്തേക്ക് യാതൊരു ഖുദ്‌റത്തുമില്ല, ഒന്നും കേള്‍ക്കില്ല, അവിടുത്തെ സിയാറത്തു ചെയ്യാന്‍ സഫര്‍ പോകുന്നത് ശിര്‍ക്ക്, മുത്തുറസൂലിന്റെ ബര്‍കത്താക്കപ്പെട്ട റൗള അടിച്ചുപരത്തി നിലംപരിശാക്കുന്നത് പുണ്യകര്‍മ്മം, അവിടുന്ന് ഗൈബറിയുമെന്നകാര്യം ശിര്‍ക്ക്, അവിടുത്തെ തിരുസവിധത്തില്‍ അദബോടെ-താഴ്മയോടെ സിയാറത്തു ചെയ്യുന്നത് ശിര്‍ക്ക്, മൂത്തജ്യേഷ്ഠനെ തഅ്‌ളീം ചെയ്യുന്നത്രയേ ആരമ്പപൂവിനെയും തഅ്‌ളീം ചെയ്യേണ്ടതുള്ളൂ, യാറസൂലല്ലാഹ് എന്ന വിളി ശിര്‍ക്ക്, അവിടുത്തേക്ക് ഫാതിഹ ഓതി വിളമ്പുന്ന ഒജീനം കഴിക്കുന്നത് ഹറാം, തങ്ങളുടെ ആസാര്‍ശരീഫിനെയും ബറക്കത്താക്കപ്പെട്ട താടിമുടിനെയും ശറഫായ ചെരുപ്പിന്റെ നഖ്ശി (ചിത്രവര) നേയും തഅ്‌ളീം ചെയ്യുന്നത് വെടക്ക്, ഹനഫീ, ഷാഫിഈ, മാലികീ, ഹമ്പലീ എന്നിങ്ങനെ ചേര്‍ത്തു പറയുന്നത് ശരിയല്ല, ആദരവായ നബിയുടെ മൗലിദ് ഓതുന്നത് ബിദ്അത്ത്, നബി (സ്വ) ശഫാഅത്ത് ചെയ്യുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, വാങ്കില്‍ മുത്തുനബിയുടെ പേരുകേള്‍ക്കുമ്പോള്‍ വിരല്‍ മുത്തി കണ്ണില്‍ വെക്കുന്നത് വൃത്തികെട്ടരീതി, നബി (സ)യെ പുകഴ്ത്തുമ്പോള്‍ ‘റസൂല്‍’ എന്ന പദമല്ലാതെ മറ്റൊന്നും പാടില്ല,  സ്വലാത്ത് സമാഹാരമായ ദലാഇലുല്‍ഖൈറാത്ത് ചൊല്ലുന്നത് ബിദ്അത്ത്, ആ ഗ്രന്ഥം ചുട്ടുകരിക്കണം… തുടങ്ങിയ വെറിവാദങ്ങളാണ് അക്കാലത്ത് വഹാബികള്‍ മുന്നോട്ടു വെച്ചത്.  അവയെയാണ്  ഉലമനേരിടേണ്ടി വന്നത്.

ഹഖായ മദ്ഹബുകാരായ സുന്നത് ജമാഅത്തിലുള്ള ഉലമാക്കളെയും ഉലമ അല്ലാത്തവരെയും  വെട്ടിക്കൊല്ലുന്നത് ഹലാലാണെന്ന വഹാബികളുടെ വാദവും റദ്ദുല്‍ മുഖ്താര്‍ എന്ന കിതാബില്‍ നിന്ന് പൂവാര്‍  ഉദ്ധരിക്കുന്നുണ്ട്. ‘സ്വല്ലല്ലാഹു അലൈഹിവസല്ലിമി’ന്റെ സവിശേഷതകളും മുഅ്ജിസത്തുകളും ക്രോഡീകരിച്ച ഹശ്തുബഹശ്തിനെ വഹാബികള്‍ രാമായണമെന്ന് വിളിച്ചു, ഇമാം വലിയുല്ലാഹി അബ്ദുല്ലാഹില്‍യാഫിഇ (റ) .യുടെ റൗളുര്‍റയാഹീന്‍ എന്ന കിതാബിനെ  റൗളുശ്ശയാത്വീന്‍ എന്ന് തെറി വിളിച്ചു. ഇഷ്ടദാസന്‍മാര്‍ക്ക് ധര്‍മ്മമായി കരുതി അല്ലാഹുവിന്റെ പേര്‍ ചൊല്ലി അറുത്ത നേര്‍ച്ചമാംസം ഭക്ഷിക്കുന്നവന്‍ കാഫിറും മുശ്‌രിക്കുമാണെന്ന്  അവര്‍ പ്രഖ്യാപിച്ചു…

  വഹാബിസത്തിന്റെ അതിഭീകരമായ ഇത്തരം ദുഷ്ചിന്തകളില്‍ നിന്നു രക്ഷപ്പെടാന്‍ നൂഹ്കണ്ണ് മുസ്‌ലിയാര്‍ സാമാജികരെ ഉപദേശിച്ചു. വഹാബിസത്തെ  ആഴത്തില്‍ പഠിക്കാന്‍ ഏതാനും  നല്ലഗ്രന്ഥങ്ങള്‍   അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. . കശ്ഫുല്‍ ഹിജാബ് അന്‍വജ്ഹിളലാലാത്തി ബ്‌നി അബ്ദില്‍വഹാബ്, ഖൈറുസ്സാദ്, അള്ഹറുസ്സ്വലാഹ്, ഇറാദത്തുത്വരീഖ്, മിര്‍ആത്തുല്‍ മുശ്താഖീന്‍, ഫൈളാനുഗയ്ബീ, തന്‍ബീഹുല്‍മഗ്‌റൂറീന്‍, റുജൂമുശ്ശയാത്വീന്‍, ഹിഫ്‌ളുല്‍ഈമാന്‍, കുല്‍സാരീഹിദായ, സനദുസ്സാഇരീന്‍ (ഇവ മൂന്നും ബോംബെയില്‍ പ്രിന്റ് ചെയ്തത്), മൗലവീ അമീനുദ്ദീന്‍ ഹുസൈന്‍ ഖാന്‍ മുഫ്തിയുടെ സയ്ഫുല്‍ഖ്വത്വിഅ്, മിസ്ബാഹുല്‍അനാം, സിറാജുല്‍ ഹിദായ,തുഹ്ഫമുഹമ്മദിയ്യ (ബോംബെ) ഇഹ്ഖാഖുല്‍ഹഖ് (ബംഗാള്‍ അച്ച്). ‘ഈ കിതാബുകളെ നോക്കിയെന്നു വരുകില്‍ ഹിന്ദ് രാജ്യത്തുള്ള വഹാബികള്‍ തന്റെ ഹവാനഫ്‌സിന്‍  പ്രകാരം പുതുവാക്കി  ഏര്‍പ്പെടുത്തിയതിനെയും മനുഷ്യരെ കൈവശപ്പെടുത്തി അബദ്ധം ചെയ്തിരിക്കുന്നതിനെയും അറിയപ്പെടുന്നതായിരിക്കും.’ അദ്ദേഹം ഉദ് ബുദ്ധ കേരളത്തെ തത്സമയം ഉണര്‍ത്തുകയായിരുന്നു..

സംഘടിത രൂപത്തില്‍ വഹാബിസം കേരളത്തില്‍ വരുന്നതിനു മുമ്പേ, കൃത്യമായി വഹാബിസത്തെ പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്തിരിക്കുകയാണ് ഫത്ഹുസ്സ്വമദില്‍. സിയാറത്ത്, ശഫാഅത്ത്‌തേടല്‍, മൗലിദ് തുടങ്ങിയ വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട് ഗ്രന്ഥത്തില്‍. ഒരധ്യായം  ഇങ്ങനെ തുടങ്ങുന്നു:  ”ഇതാകുന്നത്, മൗലിദിന്റെ ഫോരിശയിലും അതിന്റെ ആദാബുകളിലും മൗലിദ് വേണ്ടാ എന്ന് വിലങ്ങിയവരെ റദ്ദ് ചെയ്യുന്നതിലും ഫറയുന്ന ഫസ്വലായിരിക്കും”.(പുറം 225)

നൂഹ്കണ്ണ്മുസ്‌ലിയാര്‍ എഴുതുന്നു: “ആയതിനാല്‍ ഇസ് ലാമിയ്യത്തായ കൂട്ടക്കാര്‍ ഒക്കെയും റബീഉല്‍ അവ്വല്‍മാസം തങ്ങളെ മൗലിദിനെകൊണ്ട് പെരുന്നാളിന്റെ ദിവസംപോലെ സന്തോഷത്താല്‍ അധികമാക്കുകയും ആയതിന് ശുക്‌റായി മുതല്‍കൊണ്ടും പലവകസാധനങ്ങളായ ഒജീനങ്ങളെ കൊണ്ടും സ്വദഖ ചെയ്തും വരുന്നവരാകുന്നു…”

രേഖകള്‍ സവിസ്തരം പ്രതിപാദിച്ചശേഷം, സാത്വികനായ ആ ഉന്നതപണ്ഡിതന്‍ വഹാബിസത്തില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍  നല്‍കിയ ഉപദേശത്തിന്റെ ചുരുക്കമിതാണ്:

”ളാഹിറും ബാത്വിനുമായ ഇല്‍മ് നിറഞ്ഞവരും ഭക്തരുമായ നാലു ഇമാമുകള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് പ്രകാരം ക്രോഡീകരിച്ച നാലു മദ്ഹബുകളിവിടെയുണ്ട്. ഇവര്‍ക്കു ശേഷം മറ്റു ഇമാമുകളും ഉലമാക്കളും ആമ്മ്, ഖ്വാസ്സ്വ് എല്ലാവരും ഇവരെ പിന്തുടര്‍ന്നുപോന്നു. അതില്‍ ആബിദുകളുണ്ട്, സ്വാലിഹുകളുണ്ട്, ചിലര്‍ ഔലിയാക്കളാണ്. ചിലര്‍ സിദ്ദീഖുകളും മറ്റുചിലര്‍ ഖുത്വുബുകളായിരുന്നു. ചുരുക്കം ചിലര്‍ ഖുത്വുബുല്‍അഖ ്ത്വാബും ഗൗസുമായിരുന്നു. വഹാബിയ്യത്ത് രൂപപ്പെടുംവരെ എല്ലാവരും നാലിലൊരു മദ്ഹബ് പിന്തുടര്‍ന്നു. സുബ്ഹാനല്ലാഹ്, ഹിജ്‌റ ആയിരത്തി തൊണ്ണുറ്റിച്ചില്ലാനം വര്‍ഷം കഴിഞ്ഞുണ്ടായ സ്വഹാബത്ത് താബിഉകള്‍ മുതലായ ഒരു ഖോജാക്കളെയെങ്കിലും കണ്ണാല്‍ കാണുകയും അവരില്‍ നിന്നും പഠിക്കുകയും ചെയ്യാത്ത, വഹാബിയാണോ ഹഖായകാര്യം അറിഞ്ഞവന്‍?! മാത്രമല്ല, നാലു ഇമാമുകളും അവരുടെ മദ്ഹബുകളെ വെച്ചിട്ടുള്ളത് ലൗഹുല്‍ മഹ്ഫൂള് എന്ന ഫലകയില്‍ എഴുതിയ പ്രകാരം അവര്‍ കണ്ടതുകൊണ്ടും  ആത്മീയലോകത്ത്  നബിയോട് അനുവാദം ചോദിച്ചുമാണ്. എന്നിട്ടും ഈ ഇമാമുകളുടെ മദ്ഹബ് ശിരിയല്ല, ഖുര്‍ആന്‍ ഹദീസ് പോലെ നടക്കണം എന്നുപറയുന്ന വഹാബിനെ പൊരുത്തപ്പെടുന്നതെങ്ങനെ?!”

ഗുരുനാഥന്മാരായ പൂവാര്‍ നൂഹ് കണ്ണ് മുസ്ല്യാരുടെയും  മാപ്പിള  ലബ്ബ ആലിം സാഹിബിന്റെയും സ്വാത്വികനായ അണ്ടത്തോട് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരുടെയും ഉപദേശം തട്ടിക്കളഞ്ഞ്  ഗുരുത്ത്വംകെട്ട  വക്കം മൗലവി, മൊഡേണിസം തുന്നിക്കൊടുത്ത വഹാബിസത്തിന്റെ കുപ്പായ മണിയാന്‍ ധാര്‍ഷ്ട്യം കാണിച്ചു.  അങ്ങനെയാണ് കേരള മുസ് ലിംകളില്‍ ചിലര്‍ ‘ശാസ്ത്രീയ- യുക്തിവാദ ‘ ഇസ്‌ലാമിലേക്ക് വഴിമാറുന്നത്.

(1) മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം, സി എന്‍ അഹ് മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുല്‍കരീം, പുറം 286

ചിത്രം 1. ഈ ലേഖനം അടിച്ചു വന്ന രിസാലയുടെ പുറത്ത് വെച്ചിട്ടുള്ളത്‌ പൂവാര്‍ ഉപയോഗിച്ചിരുന്ന ഖലമുകളും മഷി ക്കുപ്പിയും..

Leave a Reply