വസ്വാസുതന്നെ, വസ്വാസ്. അല്ലാതെന്തു പറയാന്‍! ഉമ്മയും ബാപ്പയും മകളുമായും മരുമകനുമായും പിണങ്ങിയിട്ട് മാസം മൂന്നായി. എന്താ, കാരണം? വസ്വാസ് തന്നെ. പിശാച് മനുഷ്യമനസുകളില്‍ ഉണ്ടാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്റെ ഒടുവിലെ സൂറത്തില്‍ പറഞ്ഞ വസ്വാസുണ്ടല്ലോ, അതുതന്നെ. അത്തരം വസ്വാസുകള്‍ നീക്കാനുള്ള പ്രര്ത്ഥനയാണല്ലോ ആ സൂറത്ത്.
കുടുംബത്തില്‍ കുറച്ചു കാലമായിട്ട് എന്തൊക്കെയോ അസ്വസ്ഥത. ഒരു റാഹത്ത് കമ്മി. വീട്ടുകാര്‍ക്ക് തുടരെത്തുടരെ അസുഖം. കുട്ടികള്‍ക്ക് വാശിയും കരച്ചിലും. കുട്ടികള്‍ രാത്രിയില്‍ ഞെട്ടിയുണര്‍ന്ന് ദീര്‍ഘമായി കരയും. ഇടക്കിടെ പകലില്‍ തട്ടിമറിഞ്ഞുവീഴാറുണ്ടവര്. വലിയവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. ഗള്‍ഫില്‍ പോയവര്‍ പറയുന്നു, ജോലിക്കാര്യം വലിയ പ്രതിസന്ധിയിലാണെന്ന്. ആകെയൊരു മുഷിപ്പ്. ഉപ്പയും ഉമ്മയും ചേര്‍ന്ന് മമ്പുറം തങ്ങളുപ്പാപ്പയെ സിയാറത്ത് ചെയ്യാമെന്നുറച്ചു. അവിടെപ്പോയി. ആദ്യമായി പോവുകയാ… ആദ്യ സന്ദര്‍ശകരുടെ അന്താളിപ്പോടെ ജാറ പരിസരത്ത് നിന്നു തിരിയവേ, അവിടെ തിണ്ണയിലിരുന്നിരുന്ന ഒരു ‘മഹാശൈഖ്’ അവരെ മാടിവിളിച്ചു. അടുത്തുചെന്നു. ശൈഖ് കാര്യം തിരക്കിയപ്പോള്‍ അവര്‍ പ്രയാസങ്ങള്‍ ഒന്നൊന്നായി തുറന്നു പറഞ്ഞു.
ശൈഖിന്റെ ഇരിപ്പ് ‘ഔദ്യോഗിക’ രൂപത്തിലായി. കണ്ണടച്ചു, ജപിച്ച് വിരലുകള്‍ മായാലോകത്ത് കറക്കി ശൈഖ് പറഞ്ഞു: ‘നിങ്ങള്‍ക്ക് സിഹ്റ് ബാധിച്ചിരിക്കുകയാണ്’. ഏതാണ്ട് ഇങ്ങനെ ഒരു ഊഹം ഇവര്‍ക്കുമുണ്ട്. അതിനാല്‍ പെട്ടെന്ന് വിശ്വാസമായി. ആരുടെതാണിതിനു പിന്നിലെ ക്ഷുദ്ര കൈകള്‍ എന്നറിയാന്‍ ഉമ്മാക്ക് താല്പര്യം. ഉപ്പയും യോജിച്ചു. ‘ശൈഖ്’ ഉപ്പയോട് പറഞ്ഞു: ‘നിങ്ങളുടെ ആള്‍ക്കാരാണ്. അതായത് ഉപ്പയുടെ ബന്ധുക്കളാണ് സിഹ്റ്ചെയ്തിട്ടുള്ളതെന്ന്! ആത്മീയത ദുരുപയോഗം ചെയ്യുന്ന ‘ശൈഖ്’ചില കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. വീട്ടിലെത്തിയതില്‍ പിന്നെ ഉമ്മ ഉപ്പയെ നിരന്തരം പ്രകോപിപ്പിക്കാന്‍ തുടങ്ങി. ‘നിങ്ങളുടെ ആള്‍ക്കാരുടെ പണിയാണെന്നിപ്പോള് മനസ്സിലായില്ലേ, ഞാന്‍ വന്നു കേറിയ കാലം മുതല്‍ (വിവാഹം ചെയ്ത കാലം എന്നുദ്ദേശം) അവരെ എനിക്കറിയാലോ.’
ഉമ്മയുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ കുരുങ്ങി ഉപ്പ തന്റെ കുടുംബക്കാരുമായി പിണങ്ങി. പരസ്പരബന്ധങ്ങള്‍ അവസാനിപ്പിച്ചു. യാതൊരു ഇടപാടുമില്ലാതായി.കഥയറിഞ്ഞ മകളും മരുമകനും ഉപ്പയെയും ഉമ്മയെയും തിരുത്താന്‍ കുറേ ശ്രമിച്ചു. തെറ്റുധാരണയാണെന്നും ഏതോ ചെപ്പടി വിദ്യക്കാരന്റെ വാക്കുകേട്ട് കുടുംബബന്ധം തകര്‍ക്കരുതെന്നും സമാധാനം നഷ്ടപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു നോക്കി. മൂന്നാം തവണയും മകള്‍ ഇടപെട്ടപ്പോള്‍ ഉമ്മയും ഉപ്പയും പൊട്ടിത്തെറിച്ചു.
‘ എടീ സൈത്താനേ, അനക്കും ബാധിച്ചിട്ടുണ്ട് സിഹ്റ്, അല്ലാതെ ജ്ജിദ് പറയൂലാ.’ മക്കളുമായും അവര്‍ പിണങ്ങാനുറച്ചു. ഇപ്പോള്‍ മാസം മൂന്നായി, മക്കളും മാതാപിതാക്കളും തമ്മില്‍ കണ്ടിട്ട്, സംസാരിച്ചിട്ട്… കുടുംബത്തിലെ ഈ വലിയ ‘സാത്താന് ബാധ’യുടെ കഥ പറയുമ്പോള്‍ ആ മകള്‍ കരയുകയാണ്! (ദീന് പഠിച്ച തഖ്വയുള്ള ഒരു ഔലിയ കുടുംബത്തെ ഭിന്നിപ്പിക്കുന്ന വാക്കുകള്‍ പറയുമോ! ഇത്തരം വ്യാജന്മാരെ വിശ്വാസികള്‍ തിരിച്ചറിയണം).
ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ഇരുക്കുകയായിരുന്നു. അവരെ ആരോഗ്യദൃഢഗാത്രനായ ഒരു മധ്യവയസ്കന് കയറിവന്നു. ഒരു നോട്ടീസ് കാണിച്ച് ഇരുപത്തഞ്ച് കോപ്പിയെടുത്തുവെക്കാനാവശ്യപ്പെട്ട് പുറത്തുപോയി.കടക്കാരന് എനിക്ക് നോട്ടീസ് കാണിച്ച് തന്നു. അത്ഭുതം, മനുഷ്യര്‍ എന്താണിത്ര ദുര്‍ബലരായത്! ‘മദീനാപള്ളിയിലെ സത്യ അറിയിപ്പ്’ എന്നായിരുന്നു നോട്ടീസിലെ തലവാചകം. അക്ഷരം ചേര്‍ത്തു വായിക്കാന്‍ പഠിച്ച കാലം മുതല്‍ കാണാന്‍ തുടങ്ങിയതാണിത്തരം നോട്ടീസുകള്‍. മദീനാ പള്ളിയില്‍ ഏതോ ഒരുത്തന് സ്വപ്നം കണ്ടുവത്രെ, മുസ്ലിം ഉമ്മത്തില്‍ ധാരാളം പേര് നരകത്തില്‍ പ്രവേശിക്കപ്പെട്ടതായിട്ട്! ഈ വാര്ത്തക്കല്ല നോട്ടീസില്‍ പ്രധാന്യം. നിശ്ചിത എണ്ണം നോട്ടീസ് അടിച്ചു വിതരണം ചെയ്പ്പോള്‍ ലഭിച്ച ഫളാഇലുകളാണ്. ഇതിനെ തള്ളിപ്പറഞ്ഞവര്‍ക്ക് സംഭവിച്ച മഹാ അപകടങ്ങളും മരണങ്ങളും നഷ്ടങ്ങളുമതില് പറയുന്നുണ്ട്. ഇത് വിശ്വസിച്ച് നോട്ടീസ് നിരന്തരമായി അടിച്ചു വിതരണം ചെയ്യിപ്പിക്കുയാണ്. കാലങ്ങളായി ഇത്. ഇരുപത്തഞ്ച് കോപ്പി അടിച്ചു വിതരണം ചെയ്താല്‍, ലോട്ടറി അടിക്കുമെന്നതാണ് മോഹിപ്പിക്കുന്ന ഒരു ഓഫര്‍. അല്പസമയം കഴിഞ്ഞ് കോപ്പികള്‍ വാങ്ങാന്‍ വന്ന ആ സാധുമനുഷ്യനോട്, ആ പ്രവൃത്തിയിലെ വിചാര ശ്യൂന്യതയെ കുറിച്ച് ഞാന്‍ പറഞ്ഞു നോക്കി. പക്ഷെ അയാള്‍ ഒരു പകയോടെയും വെറുപ്പോടെയുമാണ് പ്രതികരിച്ചത്!
ആത്മീയതയുടെ പേരില്‍ ആളെക്കൂട്ടുന്ന കള്ളശൈഖുമാരും തല്സമാത്തിന്റെ പേരില്‍ തരികിട ചികിത്സക്കാരും വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച രാവ്, തിങ്കളാഴ്ച രാവ്, പതിനൊന്നാം രാവ്, പതിനാലാം രാവ് തുടങ്ങിയ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ ദുരുപയോഗം ചെയ്തും അവര്‍ പലതരത്തിലുള്ള വേദികള്‍ സംഘടിപ്പിക്കുന്നു. സാധുജനം വലയില്‍ വീഴാന്‍ മറ്റെന്തും വേണ്ടല്ലോ.
അത്ഭുതകരവും ആസൂത്രിതവുമായ നെറ്റുവര്‍ക്കുകളാണ് ഇത്തരം കപട ആത്മീയ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കുള്ളത്. ഒരുപാട് ഏജന്റുമാരെ നാടുനീളെ വിന്യസിച്ചിരിക്കുകയാണിവര്. നാട്ടിന്‍പുറങ്ങളിലെ ചായക്കടയില്‍ വട്ടമേശ യോഗങ്ങള്‍ നടക്കുമ്പോള്‍, സ്രാമ്പികളില്‍ (ചെറിയ നിസ്കാര പള്ളികള്‍) ഒത്തുചേരുമ്പോള്‍, പള്ളിക്കോലായികളില് വിശ്രമിക്കുമ്പോള്‍ പുരുഷ ഏജന്റുകള്‍ ‘ശൈഖി’ന്റെ കറാമത്തുകളും ‘സിദ്ധ ഫല’ ങ്ങളും വിളമ്പുകയായി കേട്ടിരിക്കുന്നവര്‍ കണ്ണുമിഴിക്കുന്നു. കല്ല്യാണപ്പുരകളാണ് വനിതാ ഏജന്റുകളുടെ പ്രചാരണ കേന്ദ്രം. ‘ജിന്നുഹാളിറാത്തു’ള്ള ചില ബീവിമാര് നേതൃത്വം നല്കുന്ന സിദ്ധ കേന്ദ്രങ്ങള്‍ സജീവമാണിന്ന്. ദുര്‍ബലരായ പീഡിതമനസ്കര് ഇവിടെ ഓടിയെത്തുകയാണ്. ഇതിനു പുറമെയാണ്, അന്യസമുദായക്കാര്‍ നടത്തുന്ന ക്ഷുദ്രാത്മക്കളുടെ വിഹാര കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നവര്. ചാത്താനും ചേക്കുട്ടിപ്പാപ്പയും സേവിക്കപ്പെടുന്ന ശുദ്ധ ശൈത്വാന് കേന്ദ്രങ്ങളില്‍ പരിഹാരം തേടിയെത്തുന്നവരില്‍ വിവരമില്ലാത്ത താത്തമാരുടെ നീണ്ട ക്യൂ കാണാം.
മനുഷ്യര്‍ പിന്നെയും ദുര്‍ബലരായിത്തീരുന്ന കാഴ്ചയാണിന്നെവിടെയും. ഒരല്പം മനക്കരുത്തുണ്ടെങ്കില്‍ ശമിച്ചുപോകുന്ന നിസ്സാര രോഗങ്ങള്‍ക്കു പോലും ഹൈടെക് ആശുപത്രികള്‍ സന്ദര്‍ശിച്ചു ചികിത്സിച്ചാലേ മതിവരുന്നുള്ളു ചിലര്‍ക്ക്. ലഘുതരമായ ഒറ്റമൂലികൊണ്ടു ചികിത്സിക്കാവുന്നതായിരിക്കും ചില ‘വലിയ അസുഖങ്ങള്‍’. ഇവയ്ക്കുള്ള സിദ്ധൗഷധങ്ങള്‍ വളപ്പിലും അടുക്കളയിലും റെഡിയാണു താനും. ശാരീരികമല്ലാത്തതും സാധാരണ ചികിത്സയില്‍ ശമനം ലഭിക്കാത്തതുമായ അസുഖങ്ങള്‍ക്ക് പ്രതിവിധി തേടുമ്പോഴും പൊതുജനം ഇതേ ദൗര്‍ബല്യമാണ് പ്രകടിപ്പിക്കുന്നത്. മുസ്ലീംകളെസ്സംബന്ധിച്ചിടത്തോളം മനഃപാഠമുള്ള കൊച്ചു കൊച്ചു ഖുര്‍ആന്‍ അധ്യായങ്ങളോ സൂക്തങ്ങളോ, പൈശാചിക സാന്നിധ്യമകറ്റാന് ഉപകരിക്കുന്ന മഹത്വ്യക്തികളുടെ കീര്‍ത്തനങ്ങളോ, സ്വാലീഹിങ്ങളുടെ ദുആയോ മതിയാകും മിക്ക പ്രശ്നങ്ങള്‍ക്കും. പക്ഷേ, മള്‍ട്ടി സ്പെഷ്യാലിറ്റി തരികിട കേന്ദ്രങ്ങളിലേക്ക് ഓടിയാലേ ചിലര്‍ക്ക് സംതൃപ്തയാകൂ. സ്ത്രീകളാണ്, അവരുടെ പ്രകൃതമനുസരിച്ച്, ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. എല്ലാ മാര്‍ക്കറ്റിംഗും സ്ത്രീകളെ പ്രലോഭിപ്പിച്ചാണു നിലനില്‍ക്കുന്നത്. ദുര്‍ബല വികാരങ്ങളെ ഇളക്കിയും ഇക്കിളിപ്പെടുത്തിയും തുടരുന്ന പരസ്യ ശ്രമങ്ങള്‍ ഒരു ഭാഗത്ത് കൊഴുക്കുമ്പോള്‍, പ്രയാസം നീക്കുവാനും സന്തോഷം ആര്‍ജിക്കാനുമുള്ള സ്വാഭാവിക മനുഷ്യമോഹങ്ങളെ ആത്മീയതയുടെ മുഖംമൂടിയിട്ടാണ് കപടകേന്ദ്രങ്ങള് ചൂഷണം ചെയ്യുന്നത്.
പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള യാത്ര എന്നതിലുപരി, ഒരു ടൂര്‍ പോകുന്നതിലെ സുഖമാണ് ചില സ്ത്രീകള്‍ക്ക്. വീടുവിട്ടു പുറത്തിറങ്ങാനുള്ള ഏതവസരവും ഇത്തരക്കാര്‍ക്ക് വലിയ സന്തോഷമുണ്ടാക്കും. ഒരുപക്ഷേ, ഭര്‍ത്താവിന്റെ അനുമതി പോലും വാങ്ങിയിട്ടുണ്ടാകില്ല. ഇത്തരം സിദ്ധന്മാരുടെ സ്ഥിരം സന്ദര്‍ശകരായി മാറുന്ന ചില യുവതികളെ പിന്നെ സിദ്ധനുമായി തനിച്ച് പിടികൂടപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നവസാനിക്കാറ്. ചില സ്ത്രീകള്‍ മൂന്നാലുവര്ഷത്തെ പീഡനകഥകളുമായിട്ടായിരിക്കും രംഗത്തെത്തുക! ജോത്സ്യന്മാരേയും ക്ഷുദ്രപണിക്കാരേയും
കാണാന്‍ ഇറങ്ങിത്തിരിക്കുന്ന സ്ത്രീ ജനങ്ങളെക്കുറിച്ച് വലിയ മഖ്ദൂം തങ്ങള്‍ പറഞ്ഞത്, അവരുടെ ഈ പ്രവൃത്തി ‘പാപത്തിന്മേല് പാപമാകുന്നു’ എന്നത്രെ. കാരണം, ജ്യോത്സ്യനെ സമീപിക്കുന്നത് മഹാ തെറ്റ്. അവരുടെ വാക്കുകള്‍ സത്യമാണെന്ന് വിശ്വസിക്കുന്നത് ‘കുഫ്റ്’ വരെ സംഭവിക്കാവുന്ന ഭീകര തെറ്റ്. അതിനു പുറമെ, ഒരന്യ പുരുഷ്യനെ കാണുകയും അവന് തന്നെ കാണുകയും ചെയ്യാനുള്ള അവസരം ഉണ്ടാക്കി എന്ന തെറ്റ്. ഭര്‍ത്താവിന്റെ അനുമതിയില്ലാതെയാണേല്, ‘ആപത്തിനുമേല്‍ ആപത്തായി’.
‘ശൈഖു’മായോ ചികിത്സാരിയുമായോ തനിച്ചാകുന്ന തെറ്റു വേറെ. ഇത്തരം വ്യാജ കേന്ദ്രങ്ങളില്‍ പന്തലിലും മറ്റും അന്തിയുറങ്ങുന്ന സ്ത്രീകള്‍ ധാരാളമുണ്ടെന്നറിയുന്നു. ഭര്ത്താക്കന്മാരുടെ നട്ടെല്ലില്ലായ്മ എന്നല്ലാതെ എന്തു പറയാന്‍?
കപട ആത്മീയ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുന്നവര്‍, യഥാര്‍ത്ഥ ആത്മീയതയെ തെറ്റിദ്ധരിപ്പിക്കുയാണ്. ആത്മീയതയെത്തന്നെ നിരാകരിക്കുന്നവര്‍ക്ക് തല്ലാന്‍ വടി കൊടുക്കുയാണവര്. സത്യസന്ധമായും ആത്മാവറിഞ്ഞും അര്‍ഹത നേടിയും ആധ്യാത്മികവും നിഗൂഢവുമായ വഴികള്‍ സ്വീകരിക്കുന്നവര്‍ പോലും വ്യാജന്മാരുടെ സാന്നിധ്യവും അക്രമങ്ങളും കാരണം വിമര്‍ശിക്കപ്പെടുകയാണ്.
ആത്മീയ കച്ചവട കേന്ദ്രങ്ങളിലെ ഇരയാക്കപ്പെടാതിരിക്കാന് ചില കരുതല്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.
ഒന്ന്: യഥാര്‍ത്ഥവും വ്യാജവും തിരിച്ചറിയാനുള്ള വഴികള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക.
രണ്ട്: മനക്കരുത്താര്ജ്ജിക്കാനാവശ്യമായ തവക്കുലിന്റെയും ഹിമ്മത്തിന്റെയും വഴികളും മന്ത്രങ്ങളും ഇബാദത്തുകളും അവരെ പഠിപ്പിക്കുക.
മൂന്ന്: കപട കേന്ദ്രങ്ങളില്‍ നടക്കുന്ന സാമ്പത്തിക ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. പത്രവാര്‍ത്തകള്‍ മസ്ജിദുകളില്‍ പ്രദര്‍ശിപ്പിക്കുക. മദ്റസകള്‍ വഴി വീടുകളിലെത്തിക്കുക.
നാല്: സ്ത്രീകളുടെ ദുര്‍ബല പ്രകൃതത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഭര്ത്താക്കന്മാര് സ്വീകരിക്കാതിരിക്കുക.
അഞ്ച്: ആത്മീയ ചികിത്സ ചൂഷണോപാധിയായി കാണുന്നവരെ പൊതുജനമധ്യേ തുറന്നുകാണിക്കുക.
ആറ്: ജ്യോത്സ്യം, നക്ഷത്രശാസ്ത്രം, സിഹ്റ്, ത്വല്‍സമാത്ത് ചികിത്സകള്‍ ഇസ്ലാമിക കാഴ്ചപ്പാടില്‍ നിഷിദ്ധവും അപകടകരവുമാണെന്ന അവബോധം നല്‍കുക.
ഏഴ്: കപടകേന്ദ്രങ്ങളുടെ പ്രചാരകരായും കമ്മീഷന് ഏജന്റായും പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയുക.
എട്ട് : തഖ്വയുള്ള ആലിമീങ്ങള്‍ എതിര്‍ക്കുന്ന ശൈഖുമാരെയും ചികിത്സാരികളെയും സമീപിക്കാതിരിക്കുക. അവര്‍ സംഘടിപ്പിക്കുന്ന മജ്ലിസുകളില് പങ്കെടുക്കാതിരിക്കുക.
സ്വാലിഹ് പുതുപൊന്നാനി
…/……/2014 (പൂങ്കാവനം മാസിക)