മനുഷ്യരുടെ മഹത്വം അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന അവനെ അല്ലാഹു എന്നെന്നേക്കുമായി ശപിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും അവനെ അകറ്റി. അല്ലാഹു പറഞ്ഞു: “വിധി നിര്‍ണ്ണയിക്കുന്ന നാളുവരേക്കും എന്റെ ശാപം നിനയ്ക്കുമേലുണ്ടാകും (ഹിജ്ര്: 34)
അല്ലാഹുവിന്റെ കല്പന ലംഘിച്ച് ധിക്കാരം കാട്ടുകയായിരുന്നു ആ ജിന്ന.് അവനാണ് പിന്നീട് ഇബ്ലീസ് എന്ന പേരില്‍ അറിയപ്പെട്ടത്. തെറ്റു പറ്റുക സ്വാഭാവികമാണ്. എന്നാല്‍ തൗബ ചെയ്യാമല്ലോ. അതും അവന് ചെയ്തില്ല. മാത്രമല്ല വാശിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.കൂടാതെ, മനുഷ്യരോട് മുഴുക്കെ അവന് പകവെച്ചു. മനുഷ്യരെ അംഗീകരിക്കാന്‍ മടിച്ച അവന് മനുഷ്യന്റെ മഹത്വം തകര്‍ക്കാന്‍ വരം ആവശ്യപ്പെടുകയായിരുന്നു അല്ലാഹുവിനോട്. മനുഷ്യരെ എങ്ങിനെയെങ്കിലും തകര്‍ക്കുക മാത്രമാണ് അവന്റെ ലക്ഷ്യം. അതിനു വേണ്ടി വിവിധ വഴികള്‍ തേടുന്നു. മലക്കുകളുടെ കൂടെ കഴിഞ്ഞിരുന്ന ആ അഹങ്കാരിയുടെ സകല സ്ഥാനങ്ങളും നഷ്ടപ്പെട്ടത് മനുഷ്യന് കാരണമായിരുന്നു; മനുഷ്യന്റെ സ്ഥാന മഹത്വം കാരണമാണതിനു കാരണം. അതിനാല്‍ ആ സ്ഥാനം നശിപ്പിക്കാന്‍ പിശാച് പരിശ്രമിക്കുന്നു. ഇനിയൊരിക്കലും മനുഷ്യമക്കള്‍ അല്ലാഹുവിന്റെ ഇഷ്ടന്മാരായി അവന്റെ സ്വര്‍ഗ്ഗത്തില്‍ കടന്നുപോകരുതെന്നാണ് ഇബ്ലീസിന്റെ വാശി.
ഇബ്ലീസ് മാത്രമല്ല, അവന്റെ സന്താനങ്ങളും ഇതേ ജോലിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇബ്ലീസിന്റെയും സന്താനങ്ങളുടെയും കെണിയില്‍ പെടുന്ന മറ്റുജിന്നുകളും മനുഷ്യന്മാരും ഇബ്ലീസിനെ സഹായിക്കുന്നു. ഇങ്ങനെയുള്ള എല്ലാവര്ക്കും കൂടിയാണ് ശൈത്വാന്മാര് എന്നുപറയുക. ശൈത്വാന്മാരുടെ നേതാവാണ് ഇബ്ലീസ്. ഇബ്ലീസ് മാത്രമല്ല ശൈത്വാന്. അവന്റെ മക്കളും അവന്റെ പാര്‍ട്ടിയില്‍ അണിനിരക്കുന്ന മറ്റു ജിന്നുകളും മനുഷ്യരുമൊക്കെ ശൈത്വാന് തന്നെ. ഇവരുടെ എല്ലാവരുടെയും ലക്ഷ്യം മനുഷ്യരെ നരകത്തില്‍ തള്ളുകയാണ്. നരകത്തില്‍ അവരുടെ കൂടെ ആദമിന്റെ മക്കളും തള്ളപ്പെടണം. സ്വര്‍ഗ്ഗം അനുഭവിക്കരുത്. സത്യത്തില്‍, കടുത്ത പകയാണ് മനുഷ്യരോട് അവര്ക്കുള്ളത.് അതുകൊണ്ടാണ് മനുഷ്യരുടെ പ്രത്യക്ഷ ശത്രുവാണ് ശൈത്വാന് എന്നു അല്ലാഹു ഓര്‍മ്മപ്പെടുത്തിയത്. ശത്രുവെ ഒരിക്കലും മിത്രമായി കാണാന്‍ ഒക്കില്ലല്ലോ. തീരാത്ത, അടങ്ങാത്ത പകയാണല്ലോ ശൈത്വാന് നമ്മോടുള്ളത്. അതുകൊണ്ട് ശത്രുവെ ശത്രുവായിത്തന്നെ നാം കണക്കിലെടുക്കണം. അവനെ താലോലിക്കുന്നതും നമ്മെ തല്ലാനുള്ള വടി അവന്റെ കൈയില്‍ നാം തന്നെ കൊടുക്കുന്നതും അബദ്ധമാണ്. നാം അവനോട് സ്നേഹം കാണിച്ചാലും അവന്റെ ഉള്ളില്‍ നമ്മോട് പകയാണ്.
മനുഷ്യരോട് കടുത്ത പകയുള്ള ഇബ്ലീസും കൂട്ടരും ഒരു മനുഷ്യക്കുഞ്ഞ് പിറക്കാന്‍ കാരണമാകുന്ന സത്രീ-പുരുഷ ബന്ധപ്പെടലിന്റെ ഘട്ടത്തില്‍ തന്നെ ആ കുഞ്ഞിന്റെ ജന്മം അപകടപ്പെടുത്താന്‍ പ്രയത്നിക്കുന്നു. ഒന്നുകില്‍, അവിഹിതമായി സ്ത്രീ- പുരുഷന്മാരെ ബന്ധപ്പെടുത്തുന്നു. അല്ലെങ്കില്‍ അനുയോജ്യമല്ലാത്ത സമയത്ത് ഭാര്യഭര്ത്താക്കന്മാരെ ബന്ധിപ്പിക്കുന്നു (ഉദാ. ഹൈളു വേളയില്‍). ഏറ്റവും ചുരുങ്ങിയത്, സംഗവേളയില് അല്ലാഹുവിന്റെ ദിക്ര് ചൊല്ലുന്നത് മറപ്പിക്കാനെങ്കിലും പിശാച് ശ്രമിക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ മാതാവിനെകൊണ്ട്, ഹറാമായ ഭക്ഷണം കഴിപ്പിക്കുന്നത് പിശാചിന്റെ മറ്റൊരു തന്ത്രമാണ്. ഭര്‍ത്താവിനെ നിഷിദ്ധമായ ജോലിയില്‍ തല്പരനാക്കിയാല് ഭാര്യയെക്കൊണ്ട് ഹറാം തീറ്റിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നു. ഇങ്ങനെ നിഷിദ്ധ ഭക്ഷണത്തില്‍ നിന്നും ഊര്ജ്ജമെടുത്തു വളരുന്ന കുഞ്ഞ് സത്യപാതയില്‍ നിന്നും അകലാന്‍ എളുപ്പമാണെന്ന് പിശാചിനറിയാം.
ജനിക്കുമ്പോള്‍ തന്നെ പിശാചിന്റെ ആക്രമണം തുടങ്ങുകയായി. ജനിച്ചയുടനെ കുഞ്ഞ് കരയുന്നത് ഇതുകൊണ്ടാണെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്. വാങ്ക് വിളിക്കുന്നത് പിശാചിനെ അകറ്റാന്‍ കൂടിയാണ്.
കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തിലെല്ലാം പിശാച് പിന്തുടരുന്നു. അവന് നന്മയോട് വാസനയുള്ളവനാകാതിരിക്കാന് വേണ്ട പണികളെല്ലാം ചെയ്യുന്നു. പിശാചിന്റെ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ കഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് പിശാചിനെ അകറ്റുന്ന ദിക് റുകള് രേഖപ്പെടുത്തിയ ഉറുക്കുകള്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മഹാത്മാക്കള്‍ കെട്ടിയിരുന്നത്.
പിശാചിന്റെ ആക്രമണം ശക്തമായി തുടരും. അവന് തന്നെ പറഞ്ഞതനുസരിച്ച്, സത്യപാതയില്‍ അവന് ഒളിഞ്ഞിരിക്കും. മനുഷ്യന്റെ വലതും ഇടതും വശത്തുകൂടെയും മുന്നിലൂടെയും പിന്നിലൂടെയും പതിയിരുന്ന് ആക്രമിക്കും. എങ്ങിനെയെങ്കിലും ‘സ്വിറാത്തുല് മുസ്തഖീമി’ ല്‍ നിന്നും തള്ളിയിടാന്‍ ശ്രമിക്കും. ഈ ശ്രമം മരിക്കുവോളം തുടരും.
മരണസമയത്താണ് പിശാച് ഏറ്റവും ശക്തമായ ആക്രമണം നടത്തുക. അതവന്റെ അവസാന ശ്രമമാണല്ലോ. എങ്ങനെയെങ്കിലും വിശ്വാസപരമായി പിഴപ്പിക്കാനായിരിക്കും ശ്രമം. ഈ സമയത്ത് വിജയകരമായി രക്ഷപ്പെടുകയാണ് നമ്മുടെ ലക്ഷ്യം. അതിന് ജീവിത കാലത്തു തന്നെ പിശാചിനോട് സമരം ചെയ്തു ജയിക്കണം. അവന്റെ കുതന്ത്രങ്ങള്‍ കണ്ടറിഞ്ഞ് രക്ഷപ്പെടാനും പ്രതിരോധിക്കാനും കഴിയണം. പിശാചിന്റെ എതു നിര്‍ദ്ദേശങ്ങളും അപ്പടി അനുസരിച്ചു ജീവിക്കുന്നവനെ തള്ളിയിടാന്‍ മരണസമയത്ത് ഒരു പ്രയാസവുമുണ്ടാകില്ല പിശാചിന്. പിശാചിനെ സേവിച്ചു കഴിയുന്നവര്‍ക്ക് ആ നിര്‍ണ്ണായക സമയത്ത് അവനെ ധിക്കരിക്കാന്‍ കരുത്തുണ്ടാകില്ല. ജീവിതത്തില്‍ അവന്റെ കല്പന തള്ളാന്‍ കരുത്തില്ലാത്തവന് ആ സമയത്ത് മാത്രം എവിടെ നിന്ന് കരുത്തു കിട്ടാന്‍? ഗൗരവപൂര്‍വ്വം ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ പിശാച് നമ്മുടെ കഠിന ശത്രുവാകുന്നു. അവന് നമ്മെ നിരന്തരം പിന്തുടരുന്നു. മരണസമയത്ത് ശക്തമായി ശ്രമിക്കും. അപ്പോള്‍ രക്ഷപ്പെട്ടാലേ നാം വിജയിക്കാനാകൂ. പക്ഷേ വിജയിക്കാന്‍ നമുക്ക് കരുത്തുണ്ടോ? ഉണ്ടെങ്കില്‍ ജീവിത ഘട്ടത്തില്‍ നാം അവനെ പ്രതിരോധിച്ച് വിജയിക്കണമല്ലോ? അതിനാല്‍, പിശാചിനെ ധിക്കരിക്കാന്‍ ജീവിത കാലത്തു തന്നെ പരിശീലനം നേടണം. ശത്രുവിന്റെ കുതന്ത്രങ്ങളും ആയുധങ്ങളും എന്തെല്ലാമാണെന്ന് അറിവു നേടലാണ് പ്രതിരോധ മുന്നേറ്റത്തിന്റെ ആദ്യ ചുവട്.
പിഴപ്പിക്കലിന്റെ പടവുകള്‍
മുഖ്യമായും പിശാച് നമ്മെ വിശ്വാസപരമായി പിഴപ്പിക്കാനാണ് പരിശ്രമിക്കുക.
ഒന്ന്: ദൈവ നിഷേധം. രണ്ട്: ബഹുദൈവത്വം. മൂന്ന്: പിഴവുകളുള്ള ഏകദൈവ വിശ്വാസം എന്നിങ്ങനെയാണ് അതിന്റെ ക്രമം.
നിഷേധിയാക്കാന്‍ ശ്രമിച്ചിട്ട് വഴങ്ങുന്നില്ലെങ്കില്‍ ഒന്നിലേറെ ദൈവമുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. അതിനു കഴിയില്ലെങ്കില്‍ ഒട്ടേറെ വൈകല്യങ്ങളുള്ള ഏകദൈവ വിശ്വാസിയായി മാറ്റാനുള്ള ശ്രമമായിരിക്കും അവന്റെ ഭാഗത്തു നിന്ന് ഉണ്ടാവുക. ഇങ്ങനെ വിശ്വാസം പിഴപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ പൊരുളിതാണ്: വിശ്വാസം പിഴച്ചാല്‍ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല. നന്മ കുറഞ്ഞാലും തിന്മ ചെയ്താലും വിശ്വാസം ശരിയാണെങ്കില്‍ ശിക്ഷാ കാലം കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലെത്തും. എന്നാല്‍, വിശ്വാസം പിഴച്ചതാണെങ്കില്‍ എത്ര നന്മചെയ്തിട്ടും ഫലമില്ല. എല്ലാം പാഴ് വേലമാത്രം. ‘അല്ലാഹു ഉണ്ടോ’ എന്നു ശങ്കിപ്പിക്കും. പിന്നെ ഇല്ലാ എന്ന് ഉറച്ചു വിശ്വസിപ്പിക്കും. അഥവാ, ഭീകരമായ ബുദ്ധിശൂന്യതയില് അവന് മനുഷ്യനെ ചങ്ങലക്കിടും. പിശാചിന് അല്ലാഹുവില്‍ വിശ്വാസമുണ്ടെങ്കിലും മനുഷ്യരെ ദൈവ നിഷേധം പഠിപ്പിക്കുകയാണവന്‍, എന്തൊരു ക്രൂരന്!
അല്ലെങ്കില്‍ സൃഷ്ടികള്‍ക്ക് സ്വയം ശക്തിയും കഴിവുമൊക്കെയുണ്ടെന്ന് വിശ്വസിപ്പിക്കും. സൃഷ്ടികള്‍ക്ക് മുമ്പാകെ പരമമായ വിധേയത്വവും വണക്കവും ഉണ്ടാക്കിയെടുക്കും. കല്ലുകള്‍ക്കും വൃക്ഷങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും അങ്ങനെ ദിവ്യത്വം ആരോപിക്കും. ചിലകഴിവുകളെല്ലാം മനുഷ്യര്‍ക്കുണ്ടെന്നും മറ്റുചില കഴിവുകള്ക്കേ ദൈവത്തെ ആശ്രയിക്കേണ്ടതുള്ളൂ എന്നും വിശ്വസിപ്പിക്കും. ഇങ്ങനെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ട ഇബാദത്ത് സൃഷ്ടികള്‍ക്ക് ചെയ്യിപ്പിക്കും. ഇത് അല്ലാഹു ഒരിക്കലും പൊറുക്കാത്തതാണ്. നരകത്തിലേക്ക് ആലോചനാലേശമെന്യേ തള്ളുന്നതുമാണ്.
ഇവ രണ്ടിനും വഴങ്ങുന്നില്ലെങ്കില്‍, ഏകദൈവ വിശ്വാസത്തില്‍ കളങ്കം ചാര്‍ത്താനാണ് ശ്രമിക്കുക. ഏകനായ അല്ലാഹുവിന് രൂപമോ സ്ഥലമോ കാലമോ ആവശ്യമില്ല. പക്ഷേ, നിശ്ചിത രൂപത്തിലും നിശ്ചിത സ്ഥലത്തുമാണ് അല്ലാഹുവെന്നാണ് അവന് വിശ്വസിപ്പിക്കുക. അതുപോലെ സമ്പൂര്‍ണ്ണമല്ലാത്ത ഏകദൈവ വിശ്വാസം (ഇതിന് ബിദ്അത്ത് എന്നും വിളിക്കും) ഉണ്ടാക്കാനാണ് ശ്രമം.
ബിദ്അത്ത് കുടുങ്ങിയാല്‍ മറ്റൊരു കുഴപ്പംകൂടിയുണ്ട്. താന്‍ വിശ്വസിക്കുന്നത് ശരിയാണെന്ന് ഉറപ്പിക്കുന്നതിനാല്‍ തെറ്റായ ആ വിശ്വാസത്തില്‍ നിന്നും ഒരിക്കലും പശ്ചാതപിച്ചു മടങ്ങാന്‍ അവന് കൂട്ടാക്കില്ല. എന്നല്ല, ആ പിഴച്ച മാര്‍ഗ്ഗത്തിലേക്ക് ആളെ കൂട്ടുവാന്‍ വലിയ ഉത്സാഹം പ്രകടിപ്പിക്കും. വിശ്വാസപരമായ വൈകല്യങ്ങള്‍ വരുത്താന്‍ കഴിയില്ലെങ്കില്‍, പിന്നെ അവന്റെ ശ്രമം കര്‍മ്മ രംഗത്ത് പാളിച്ചകളുണ്ടാക്കാനാണ്.
അതിന്റെ ക്രമം ഇതാണ്: വന്‍ പാപങ്ങളില്‍ വ്യാപൃതരാകുക സാധിച്ചില്ലെങ്കില്‍ ചെറുദോഷങ്ങളില് കുരുക്കുക. അതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ അനുവദനീയങ്ങളാല് കെട്ടിയിടുക. അതിനും വഴങ്ങിയില്ലെങ്കില്‍ ഏറ്റവും നല്ലത് വിസ്മരിപ്പിക്കുക. ഇതൊന്നും വിജയിച്ചില്ലെങ്കില്‍ അവന്റെ ചുറ്റുപാടുകള്‍ പ്രതികൂലമാക്കി നന്മചെയ്യാന് വിഷമം ഉണ്ടാക്കുക.
വന്‍പാപങ്ങള്‍ ധാരാളമാണ്. അവയില്‍ തിരുനബി(സ്വ) ഒറ്റ പ്രസ്താവനയിലൂടെ എണ്ണിപ്പറഞ്ഞവയുണ്ട്. അവ ‘ഏഴു വന്‍പാപങ്ങള്‍’(സബ്ഉല്‍ മൂബിഖാത്ത്) എന്നറിയപ്പെടുന്നു. അതുകൂടാതെയും വന്‍പാപങ്ങള്‍ ഒട്ടേറെയുണ്ട്. 500 ഓളം വന്‍പാപങ്ങളെക്കുറിച്ച് ഇമാം ഇബ്നു ഹജര്‍ (റ) സവാജിറില്‍ പറയുന്നുണ്ട്. ഇവയ്ക്കു കടുത്ത ശിക്ഷയാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. മനുഷ്യനോട് നിത്യപക പുലര്‍ത്തുന്ന പിശാച് മനുഷ്യരെ നരകത്തില്‍ തള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായി വിശ്വാസം പിഴപ്പിക്കാന്‍ കഴിയില്ലെങ്കില്‍ വന്‍പാപങ്ങളില്‍ തള്ളിയിടാന്‍ ശ്രമിക്കുന്നു. തൗബ: ചെയ്തു മടങ്ങിയില്ലെങ്കില്‍ ഇതിന് ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. നരകത്തീയില്‍ അല്പമെങ്കിലും മനുഷ്യന് കടന്നു കിട്ടിയാല്‍ പിശാച് ചിരിക്കും. വന്‍പാപങ്ങള്‍ ഈമാന്റെ ശക്തി കുറക്കുകയും ചെയ്യുമല്ലോ.
അസംഖ്യമാണ് ചെറുദോഷങ്ങള്‍. ലാഘവ ബുദ്ധിയോടെ ചെറുദോഷ മുഴുകിയാല്‍ ക്രമേണ വന്‍ പാപങ്ങളില്‍ ചെന്ന് ചാടും. വന്‍ പാപങ്ങളില്‍ തള്ളാന്‍ കഴിയാതെ വരുമ്പോള്‍ ചെറു ദോഷങ്ങള്‍ ചെയ്യിപ്പിച്ച്, വഴി എളുപ്പമാക്കുകയാണ് പിശാച്. ചെറുദോഷങ്ങളെക്കുറിച്ച് ലാഘവമനസ്സുണ്ടാക്കുകയാണ് അവനാദ്യം ചെയ്യുക. ചെറുദോഷമല്ലേ സാരമില്ല എന്നൊരു തോന്നല്‍. അതങ്ങനെ പതിവാകും. പിന്നെ വലുത് ചെയ്യാനും മടിക്കില്ല. മാനസികമായി വന്‍ ദോഷങ്ങള്‍ ചെയ്യാനുള്ള പ്രയാസമകലും. തെറ്റിനോട് വാസന കൂടും.
നന്മയോ തിന്മയോ അല്ലാത്ത അനുവദിക്കപ്പെട്ട കാര്യങ്ങള്‍ ഒരു പരീക്ഷണഭൂമിയാണ്. അല്ലാഹുവിന്റെ ഒരിളവുമാണ്. അടിമകളുടെ ദൗര്‍ബല്യം പരിഗണിച്ചാണ് ഈ ഇളവ്. ഇളവുകളില്ലാതെ മിക്ക മനുഷ്യര്‍ക്കും ജീവിക്കുക പ്രയാസകരമായിരിക്കും. എന്നാല്‍ അതനുഭവിക്കാതിരിക്കുകയാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ച് പണ്ഡിതന്മാര്. കാരണം ഈ പരീക്ഷണഭൂമിക്കു ചറ്റും അപകടമേഖലയാണ്. കാല് പതറിയാല്‍ ചെന്നെത്തുക ദോഷങ്ങളാകുന്ന ചതുപ്പ് നിലത്താണ്. മാത്രമല്ല, പ്രത്യേകം കൂലിയോ ശിക്ഷയോ ഇല്ലാത്തതാണല്ലോ അനുവദനീയമെന്നത്. അത്തരം കാര്യങ്ങള്‍ ചെയ്തു ജീവിതം പാഴാക്കിയാല്‍ പരലോകത്തു സ്വര്‍ഗ്ഗത്തില്‍ ഉന്നതസ്ഥാനത്തു എത്താന്‍ കഴിയില്ല. നമ്മെ നശിപ്പിക്കാനിറങ്ങിയ പിശാച് അനുവദനീയമായ കാര്യങ്ങളില്‍ തളച്ചിട്ട് പ്രതിഫലാര്‍ഹമായ സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള താല്പര്യവും സമയവും കവര്‍ന്നെടുക്കുന്നു. നാളെ വിചാരണ വേളയില്‍ ഫയല്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ ‘ശമ്പളബില്‍’ കോളങ്ങളെല്ലാം കാലിയായിരിക്കും.
നന്മയില്‍തന്നെ അതിപ്രധാനവും അത്യുത്തമവുമുണ്ട്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും നോക്കി ഏതാണ് അതിപ്രധാനമെന്നും അത്യുത്തമമെന്നും തീരുമാനിക്കാവുന്നതാണ്. പിശാച് ചെയ്യുന്നത്, ഏറ്റവും ഉത്തമമായതിനെക്കുറിച്ച് ചിന്തിക്കാന്‍ അവസരം തരാതെ അതിന്റെ എത്രയോ താഴെ തട്ടിലുള്ള നന്മ ചെയ്യിപ്പിച്ച് സമയം നഷ്ടപ്പെടുത്തുക എന്ന ശൈലിയാണ്. നന്മ ചെയ്യുന്നു എന്ന ഒരു സന്തോഷം നമ്മെ അടക്കി ഭരിക്കുന്നുണ്ടാകും. എന്നാല്‍ നാമെത്രയോ പിന്നിലാണു താനും. മുന്നിലെത്താലുള്ള കര്‍മ്മമുണ്ട് താനും. അത് നമ്മുടെ ശ്രദ്ധയില്‍ നിന്നും പിശാച് പൊക്കിയെടുത്തു.
ഇങ്ങനെയൊക്കെ ശ്രമിച്ചിട്ടും നമ്മെ വീഴ്ത്താന്‍ കഴിയുന്നില്ലെങ്കില്‍ നമുക്കെതിരെ ചുറ്റുപാടുകള്‍ തീര്ക്കുകയാണവന്റെ അവസാന സൂത്രം. ഉദാഹരണം പറയാം: നല്ലൊരു മുസ്ലിയാര്! നന്മയില് സജീവ ശ്രദ്ധ. സുന്നത്തുനിസ്ക്കാരം വര്ദ്ധിപ്പിക്കുന്നതിനേക്കാളുത്തമം പൊതുജനത്തെ നന്മയിലേക്ക് തിരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളാണെന്ന് മനസ്സിലാക്കി ഇറങ്ങത്തിരിച്ചയാള്. ഇദ്ദേഹത്തെ വഴിതെറ്റിക്കാന്‍ പിശാചിന് കഴിയുന്നില്ല. എന്നാല്‍ മറ്റൊരു സൂത്രമുണ്ട്. പൊതുജനങ്ങളില്‍ കുറെ പേരെ മുസ്ല്യാര്‍ക്ക് എതിരെ ഇളക്കിവിടുക. ശക്തമായ ദുരാരോപണങ്ങള്‍! ക്രൂരമായ പരിഹാസവാക്കുകള്‍! സഹിക്കാവുന്നതിലപ്പുറം. നാടു ഫിത്നയാകുന്ന ഘട്ടം!! സ്വാഭാവികമായും മുസ്ല്യാര്‍ തളരുന്നു. തന്റെ വ്യക്തിപരമായ കാര്യം നോക്കാം എന്നു കരുതി അടങ്ങുന്നു. അങ്ങനെ ജനത്തിന് വഴികാട്ടി നഷ്ടപ്പെടുന്നു; മുസ്ല്യാരുടെ സല്‍കര്‍മ്മം അവസാനിക്കുന്നു. പിശാച് നൃത്തം വെക്കുന്നു.!!
പിശാചിന്റെ കുതന്ത്രങ്ങള്‍
മനുഷ്യരുടെ കഠിനശത്രുവാണ് പിശാച്. മനുഷ്യരെ ഇരുലോകവും നശിച്ചവരാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് പിശാചുക്കള്‍. പക്ഷേ, ഒരിക്കലും നമ്മോട് പ്രത്യക്ഷ ശത്രുവിന്റെ ഭാവത്തിലും ഭാഷയിലുമല്ല അവന് ബന്ധപ്പെടുക. ഇതവന്റെ ഏറ്റവും വലിയ കുതന്ത്രമാണ്. മനുഷ്യരെ കുഴിയില്‍ ചാടിക്കുവാനുള്ള മുഖ്യകുതന്ത്രമാണത്.
നമ്മുടെ ആദിമാതാപിതാക്കളായ ആദം, ഹവ്വ (അ) മാരെ അല്ലാഹു സ്വര്‍ഗത്തില്‍ വസിപ്പിച്ചു. സുഖകരമായ ജീവിതം അവര്‍ അനുഭവിച്ചു. അവരോട് പകവച്ചു പുലര്‍ത്തിയിരുന്ന പിശാച് അവരെ ആ അനുഗ്രഹീത സുവര്‍ക്കത്തില്‍ നിന്നും പുറത്തുചാടിക്കാന്‍ തന്ത്രമാവിഷ്കരിച്ചു. എന്തായിരുന്നു ആ തന്ത്രം? ആദം ഹവ്വമാരുടെ ഗുണകാംക്ഷിയായി അവരെ സമീപിക്കുക എന്നതായിരുന്നു ആ തന്ത്രം. “പിശാച് അവരോട് വാഗ്ദാനം ചെയ്തു; ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷികളില്‍ പെട്ടയാളാണ്”. (അഅ്റാഫ്)
ഞാന്‍ നിങ്ങളെ വഞ്ചിക്കാന്‍ വരുകയാണ് എന്ന് ശത്രു പറയുമോ? ഇല്ല. ഗുണകാംക്ഷിയായി, അഭ്യുദയകാംക്ഷിയായി, നമ്മുടെ ക്ഷേമത്തിനും ഗുണത്തിനും വേണ്ടി പ്രവര്ത്തിക്കുന്നവനായാണ് ശത്രുക്കള്‍ മിക്കപ്പോഴും കടന്നുവരുക. പിശാചിന്റെ ലൈനാണത്. ഗുണകാംക്ഷിയാണെന്നു പറഞ്ഞു വരുന്നവരെയൊക്കെ ഒരു നിമിഷം ചിന്തിച്ച് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന പാഠമാണ് ഇതില്‍ നിന്നും നാം പകര്‍ത്തേണ്ടത്.
ഗുണകാംക്ഷിയുടെ റോളില്‍ നമ്മുടെ ആദിമ മാതാപിതാക്കളെ സമീപിച്ച ഇബ്ലീസ് അവരെ പറഞ്ഞുപറ്റിച്ചു. അടുക്കുരുതെന്ന് അല്ലാഹു വിലക്കിയ വൃക്ഷത്തിലേക്ക് അവരെ പ്രലോഭിപ്പിച്ച് അടുപ്പിച്ചു. അങ്ങനെ അവര്‍ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. നമ്മളെല്ലാം ഇനി അങ്ങോട്ടുതന്നെ തിരികെപോകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ഇബ്ലീസും കൂട്ടരും പഴയ പോലെ നമ്മെ ഗുണകാംക്ഷിയുടെ രൂപത്തില്‍ ബന്ധപ്പെട്ട് സല്പന്ഥാവില് നിന്നും പിഴപ്പിക്കുന്നു.
ഇതു മനസ്സിലാക്കുക: ഞാന്‍ നിന്റെ ശത്രുവാണെന്നും നിന്നെ അപകടപ്പെടുത്താന്‍ വരുന്നുവെന്നു പറഞ്ഞ് ഒരിക്കലും പിശാച് നമ്മെ സമീപിക്കില്ല. നിന്റെ വിജയവും ഗുണവുമാണ് തന്റെ ലക്ഷ്യമെന്നാണ് അവന് ആമുഖം പറയുക. അവന്റെ കപടവേഷം നമുക്കു തിരിച്ചറിയാന്‍ കഴിയണം.
കുതന്ത്രങ്ങളുടെ രണ്ടുരൂപം
രണ്ടുവിധത്തിലാണ് ‘ഗുണകാംക്ഷ’ നടപ്പിലാക്കാന്‍ പിശാച് എത്തുക. ഒന്ന്: ചീത്തയെ നല്ലതായി ചിത്രീകരിച്ചുകൊണ്ട്. രണ്ട്: നല്ലതിനെ ചീത്തയായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട്.
“ഈ വൃക്ഷത്തിലേക്ക് നിങ്ങള്‍ അടുക്കരുത്, അടുത്താല്‍ നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചവരാകും” എന്ന് അല്ലാഹു ആദം, ഹവ്വമാരോട് കല്പിച്ചു. പക്ഷേ, പിശാച് ഇവരെ സമീപിച്ച ശൈലി നോക്കൂ.“ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ശാശ്വതമായി കഴിയാനുതകുന്ന പഴമുള്ള വൃക്ഷം കാണിച്ചു തരട്ടെയോ, ഒരിക്കലും അസ്തമിക്കാത്ത അധികാരം ലഭിക്കുന്ന വിദ്യപറഞ്ഞുതരട്ടെയോ”?
അല്ലാഹു ‘അക്രമം’ എന്നു വിധിച്ചത് പിശാച് ഗുണകരമായി ചിത്രീകരിക്കകയായിരുന്നു. ഇതേ ശൈലിയിലാണ് ആദം സന്തതികളെ മുഴുക്കെ അവന് പിഴപ്പിക്കുന്നത്. അല്ലാഹു ഇഷ്ടപ്പെടാത്തത്, നിഷിദ്ധമാക്കിയത് മനുഷ്യമക്കള്‍ക്ക് ഇഷ്ടകരമായി തോന്നിപ്പിക്കുകയും അതില്‍ ഹരം പകരുകയും ചെയ്യുക.
നഗ്നത വെറുക്കപ്പെട്ടതാണെങ്കിലും പിശാച് അതില്‍ ഹരം പകരുന്നു. മദ്യപാനം നിഷിദ്ധമാണ്. പക്ഷെ, അത് ഗുണകരമാണെന്ന് തോന്നിപ്പിക്കുന്നു. പലിശയ്ക്ക് മറുപേരിട്ട് ‘ലാഭം’ എന്നു വിളിക്കുന്നു. വേണ്ടാവൃത്തികളെ സ്ത്രീ സ്വാതന്ത്ര്യമെന്നും, മനുഷ്യനശീകരണപ്രസ്ഥാനങ്ങളെ വിമോചന പ്രത്യയ ശാസ്ത്രങ്ങളെന്നും, നശ്വരവും നീചവുമായ ദുനിയാവു തന്നെയും ശാശ്വതവും പരിശുദ്ധവുമെന്നും വരുത്തിത്തീര്‍ക്കുന്നു. വകതിരിവുപൂര്ണ്ണമാകാത്ത മനുഷ്യമക്കള്‍ പിശാചിന്റെ ഈ കുതന്ത്രത്തില്‍ വീഴുന്നു, തകരുന്നു. തികച്ചും ബുദ്ധി ശൂന്യമായ ദര്‍ശനങ്ങളെ ബുദ്ധിപരമായും അന്ധവും അബദ്ധജഢിലവുമായ കാഴ്ചപ്പാടുകളെ പുരോഗമനപരമായും തോന്നുന്നത് പിശാചിന്റെ കൃത്രിമ വല്ക്കരണത്തിലൂടെയാണെന്ന് സാധുക്കളുണ്ടോ അറിയുന്നു!
നന്മയെ ചീത്തയാക്കി തോന്നിക്കുകയാണ് അടുത്ത രീതി. പിശാചിന് ഏറ്റവും എളുപ്പമുള്ള വഴിയാണിത്. പൊതുവെ നന്മയോട് വൈമനസ്യം പുലര്‍ത്തുവാന്‍ ശരീരം പ്രേരിപ്പിക്കുന്നു. ഇത് ചൂഷണം ചെയ്യാന്‍ പിശാചിന് എളുപ്പത്തില്‍ കഴിയുന്നു.
പ്രവാചകന്മാരെ വിഡ്ഢികളായി അവരുടെ ജനതയ്ക്കു ഓതികൊടുത്തു പിശാച്. ജനം പ്രവാചകരെ നോക്കി കൂക്കി വിളിച്ചു. വിഡ്ഢികള്‍! സത്യത്തില്‍ ആരാണിവിടെ വിഡ്ഢികളായത്! ഇതുപോലെ നന്മയുടെ വക്താക്കളെ യാഥാസ്ഥിതികരും വിഡ്ഢികളും അല്പജ്ഞരുമാക്കി ചിത്രീകരിക്കുന്നു പിശാച്. ഇതേറ്റുപാടാന് കുറെ അണികളെ ലഭിക്കുന്നു. ദൈവവചനത്തെ പഴമ്പുരാണമെന്നു വിളിച്ചത് അങ്ങനെയാണ്. ബുദ്ധിമതികളായ സ്വഹാബികളെക്കുറിച്ച് സുഫഹാഅ് (വിഡ്ഢികള്‍) എന്നു കപടന്മാര് പറഞ്ഞത് പിശാചിന് വിധേയമായതുകൊണ്ടാണ്.
ഈ കുതന്ത്രം അനവരതം തുടരുകയാണ്. നന്മയുടെ നാമ്പ് കാണുമ്പോഴേക്കും അത് അപകടത്തിന്റെ കൊമ്പാണെന്ന് പറയാന്‍ പിശാച് ഓടിയെത്തുകയായി. ഇസ്ലാമിക സംസ്കാരം ചീത്തയും പിശാചിന്റെ സംസ്കാരം ഉത്തമവുമായി വനിതകളെ തോന്നിപ്പിച്ചു. ചെറുപ്പക്കാര്‍ നന്മയുടെ മാര്‍ഗത്തോട് മുഖം തിരിച്ചു.
സത്യത്തില്‍, മനുഷ്യകുലത്തിന്റെ കൊടുംശത്രുവിന്റെ കെണിവലകളെക്കുറിച്ച് നാമെത്രമാത്രം അശ്രദ്ധരാണ്!!