ഇയ്യാക്ക നസ്തഈന്‍ സകല മോട്ടിവേഷന്‍ പരിശീലന ങ്ങളുടെയും ഗതി മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നു…
മൂസാനബിക്കു ശക്തമായ വയറുവേദന. അദ്ദേഹം അല്ലാഹുവിനോട് ആവലാതിപ്പെട്ടു. അല്ലാഹു മരുഭൂമിയില്‍ വളരുന്ന ഒരു ചെടി അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു അള്ളാഹു. മൂസാ നബി അതു കഴിച്ചപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വയറുവേദന ശമിച്ചു. പിന്നീട് കുറെ കാലത്തിന് ശേഷം വീണ്ടും വയറു വേദന വന്നു.മൂസനബി (അ) ഓടിച്ചെന്നു ആ ചെടിപറിച്ചു മരുന്നാക്കി ഭക്ഷിച്ചു. പക്ഷേ വേദന ശക്തിപ്പെടുകയാണുണ്ടായത്. അപ്പോള്‍ മൂസനബി (അ) അള്ളാഹുവോട് സങ്കടപ്പെട്ടു.
“ആദ്യം ഞാന്‍ ആ ചെടി കഴിച്ചപ്പോള്‍ ഉപകാരപ്പെട്ടു; വേദന മാറി. ഇത്തവണ വേദനകൂടിയിരിക്കുകയാണല്ലോ!”
അല്ലാഹു പ്രതിവചിച്ചു: “ മൂസാ , അന്നു നീ എന്നെയാണ് ആദ്യം സമീപിച്ചത്; ഞാന്‍ പറഞ്ഞു തന്നതു പ്രകാരമായിരുന്നു ആ ചെടിയെ സമീപിച്ചത് . എന്നെ ആശ്രയിച്ച ശേഷം ചെടിയെ ആശ്രയിച്ചപ്പോള്‍ വേദന മാറി.ഇത്തവണ നീ നേരെ ചെടിയുടെ അരികിലേക്കാണ് ഓടിയത്; എന്നെ മറന്നു,അതിനാല്‍ വേദന ഏറി. നിനക്കറിയില്ലേ മൂസാ, ദുന്‍യാവിലുള്ളതഖിലം മാരക വിഷമാണെന്നും എന്റെ നാമമാണ് മരുന്നെന്നും.”
പലപ്പോഴും അങ്ങനെയാണ്. രോഗവേളയില്‍ പൊടുന്നനെ മനസ്സില്‍ കടന്നുവരുന്നത് മരുന്നുകളാണ്.വൈദ്യന്മാരാണ്.വൈദ്യരും മരുന്നും ചേര്‍ന്നാണ് രോഗശമനം തരുന്നത് എന്ന മിഥ്യധാരണ മിക്ക മനുഷ്യരിലും ഉറച്ചുപോയിരിക്കുന്നു .
“ഞാന്‍ രോഗിയായാല്‍ അവന്‍ എന്നെ സുഖപ്പെടുത്തുന്നു” എന്ന് ഇബ്‌റാഹീം നബി (അ) പ്രഖ്യാപിച്ചു.രോഗശമനത്തിന് നിമിത്തങ്ങളായി ധാരാളം മരുന്നുകള്‍ അല്ലാഹു പടച്ചിട്ടുണ്ട്. അതു ശരിതന്നെ. പക്ഷേ, അല്ലാഹുവിനോട് രോഗശമനത്തിനു തേടുകയും ഒരു നിമിത്തമായി മാത്രം മരുന്നിനെ ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. അള്ളാഹുവെ വിസ്മരിച്ച് വസ്തുക്കളെ ആശ്രയിച്ചാല്‍ രോഗം വര്‍ധിക്കുകയാണ് ചെയ്യുക. മൂസ നബി (അ) ന്റെ ജീവിത പാഠം അതാണ്.
രോഗശമനത്തിന് മാത്രമല്ല, സദാസമയവും അല്ലാഹുവെ ആശ്രയിക്കണം. ആശ്രയബോധവും തദടിസ്ഥാനത്തിലുള്ള വിധേയത്വവുമാണ് യഥാര്‍ത്ഥ ദാസന്റെ പ്രകൃതം. ഭക്ഷണം കഴിക്കുന്നു എന്ന സംഗതിയല്ല നമുക്ക് ആരോഗ്യവും ശക്തിയും തരുന്നത്. ആ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വഴി അല്ലാഹുവാണ് നമ്മെ ഊര്‍ജ്ജവത്താക്കുന്നത്. അതിനാല്‍, ഭക്ഷണാരംഭത്തില്‍ ബിസ്മില്ലാഹിയും ഒടുവില്‍ അല്‍ഹമ്ദുലില്ലാഹിയും നാം ചൊല്ലുന്നു. തന്റെ ശരീര പുഷ്ടിക്കും കരുത്തിനും എന്തെങ്കിലും ഭക്ഷണ പാനിയങ്ങളാണ് അടിസ്ഥാന ഹേതുവെന്നു കരുതുന്നവന്റെ ആരോഗ്യം ക്ഷയിക്കുകയാണു ചെയ്യുക.
തന്റെ ഉപജീവനം സ്വന്തം ജോലിയിലും അധ്വാനത്തിലുമാണെന്ന് തെറ്റുധരിക്കുന്നവരുണ്ട്. അല്ലാഹുവാണ് അന്നദാതാവും രക്ഷിതാവുമെന്ന ദൃഢബോധ്യമില്ലാത്ത അവര്‍ പിന്നീട് അവിഹിത വഴിയില്‍ സമ്പാദിക്കാന്‍ശ്രമിക്കുന്നു. മക്കളുടെ അന്നപാനാദി സംരക്ഷണം സ്വയം തലയില്‍ കയറ്റി വെക്കുന്ന രക്ഷിതാക്കളുണ്ട്. അല്ലാഹുവെ ഏല്‍പ്പിക്കാതെ താന്‍ സ്വയം വളര്‍ത്തുന്ന മക്കള്‍ രക്ഷിതാക്കളുടെ നടുവൊടിക്കുക തന്നെ ചെയ്യും. എത്ര അധ്വാനിച്ചാലും ലഭിക്കുന്നതു കൊണ്ട് സംതൃപ്തിയുണ്ടാകില്ല. മക്കളെ സ്വയം ഏറ്റെടുത്തു വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ്, ആസൂത്രണം ചെയ്തു കുട്ടികളുടെ എണ്ണം ചുരുക്കുന്നവര്‍. ആരോഗ്യകാരണങ്ങളില്ലെങ്കില്‍, അതും മഹാതെറ്റുധാരണയാണ്. അറേബ്യയിലെ ചില ഗോത്രങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍ കുട്ടികളും കുഴിച്ചു മൂടപ്പെട്ടത് ഇത്തരം മൂഢവിശ്വാസത്തിന്റെ പരിണിതഫലമാണ്. ഈശ്വര വിശ്വാസക്കുറവാണ് ഒരര്‍ത്ഥത്തില്‍ ഈ മൂഢധാരണയുടെ നിദാനം.
ചിലര്‍ വല്ലാത്ത ആത്മവിശ്വാസികളാണ്. അവര്‍ വന്‍ ചെലവ് മുടക്കി ബിസിനസ് തുടങ്ങുന്നു, ആത്മവിശ്വാതത്തിന്റെ ബലത്തില്‍. വീട്ടില്‍ നിന്നും വാഹനവുമെടുത്ത് പറക്കുന്നു ചിലര്‍. ഡ്രൈവിംഗ് പാടവത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസം. ബന്ധുമിത്രാദികളേയും അയല്‍ക്കാരെയും ഏല്‍പ്പിച്ചാണ് ചിലര്‍ ഭാര്യയേയും മക്കളേയും വിട്ട് വിദൂര യാത്ര ചെയ്യുന്നത്.
പാടങ്ങള്‍ നിറയെ കൃഷിയിറക്കുന്ന ചിലരുണ്ട്. പരിചരണവും വളവും അനുകൂല കാലാവസ്ഥയും കൃഷിയെ സംരക്ഷിച്ചു വര്‍ത്തുമെന്നാണ് വെപ്പ് പക്ഷേ, ഇവര്‍ അല്ലാഹുവെ ഭരമേല്‍പ്പിക്കാന്‍ മറന്നു പോകുന്നു. ബിസിനസ് പൊളിഞ്ഞ് ആത്മഹത്യയിലവസാനിക്കുന്നു. വാഹനം വലിയ അപകടങ്ങളില്‍ പെടുന്നു. കൃഷി പാടേ നശിക്കുന്നു മക്കളും ഭാര്യയും ദുഃഖങ്ങള്‍ സമ്മാനിക്കുന്നു.
സര്‍വ്വസ്വവും സദാ സന്ദര്‍ഭങ്ങളില്‍ രക്ഷിതാവിനെ ഏല്‍പ്പിക്കതെ, അവനെ ആശ്രയിച്ചുകൊണ്ടല്ലാതെ നീങ്ങിയാല്‍ എല്ലാം സ്വയം തന്നെ ഏറ്റെടുക്കേണ്ടി വരും. ആര്‍ക്കാണതിനു സാധിക്കുക? അതിനാല്‍ ആത്മവിശ്വാസത്തിനുമില്ല വലിയ പ്രസക്തി. അല്ലാഹുവിലുള്ള വിശ്വസമാണ് വേണ്ടത്. അതിനു ആത്മവിശ്വാസത്തിലേറെ ബലമുണ്ട്, ഫലമുണ്ട്. ആത്മം അല്ലല്ലോ പ്രപഞ്ച നിയന്താവ്.
I can (എനിക്കു സാധിക്കും) എന്ന് അലറിപ്പൊളിക്കുന്നവരുണ്ട്. പകരം, സഹായിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ‘അല്ലാഹു എന്റെ രക്ഷിതാവാണ്’ എന്നുആഴത്തില്‍ പറയട്ടെ. അവനില്‍ പ്രതീക്ഷയര്‍പ്പിക്കട്ടെ. സെല്‍ഫികളുടെ കാലമാണിത്. അതിനു വന്‍ പ്രചാരമാണിന്ന്. ‘ഞാന്‍’ ഞാന്‍ എന്ന ഭാവം അഹങ്കാരമായും അലങ്കാരമായും മാറിയിരിക്കുന്നു. ചില ‘ഞാന്‍’ ഫറോവയോളം ആത്മവിശ്വാസിയാണ്.
സെല്‍ഫ് കോണ്‍ഫിഡന്‍സ് അല്ല, അല്ലാഹുവിലുള്ള കോണ്‍ഫിഡന്‍സാണ് (അസ്സിഖത്തു ബില്ലാഹ്) നാം ആര്‍ജിക്കേണ്ടതും പരിശീലിക്കേണ്ടതും. അല്ലാഹുവിലുള്ള കോണ്‍ഫിഡന്‍സ് എല്ലാ നാശത്തില്‍ നിന്നും, ദൗര്‍ബല്യങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുന്നു. എല്ലാ കാര്യത്തിലും അല്ലാഹുവില്‍ വിശ്വസമര്‍പ്പിക്കുക. എല്ലാ വിഷയത്തിലും അവനെ ആശ്രയിക്കുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും അവനെ സമീപിക്കുക… എങ്കില്‍ വിജയമുണ്ട്.
അടുക്കള പണിയെടുത്ത് പരിക്ഷീണയായ മകള്‍ ഫാത്വിമ (റ) യെ വഝനായ പിതാവ് തിരൂദൂതര്‍ (സ്വ), വേലക്കാരനെ ആശ്രയിക്കാന്‍ വിട്ടില്ല. ക്ഷീണം മാറാന്‍ ഒരു വേലക്കാരന് പകരം ഒരു “യജമാനനെ” നല്‍കുകയായിരുന്നു. ഉറങ്ങാനൊരുങ്ങുമ്പോള്‍ ചൊല്ലാന്‍ 33 സൂബ്ഹാനല്ലാഹ്, 33 അല്‍ഹമ്ദുലില്ലാഹ്, 33 അല്ലാഹു അക്ബര്‍… എല്ലാ ശാരീരിക പ്രയാസവും അതോടെ പമ്പ കടക്കും. പകല്‍ ഉത്സാഹവും ഉന്മേഷവും ആരോഗ്യവും ലഭിക്കും. വീട്ടുപണികള്‍ ലഘുതരമായി അനുഭവപ്പെടും. ഒരിക്കല്‍ ഫാത്വിമ (റ) യോടുപദേശിച്ചു: പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാന്‍ ഞാനുപദേശിക്കുന്ന വരികള്‍ അനുസരിക്കാന്‍ നിനക്കെന്താണു പ്രത്യേക തടസ്സം?
يا حي يا قيوم برحمتك نستغيث ومن عذابك نستجير اصلح لي اموري كلها ولا تكلني الى نفسي طرفة عين….
“എന്നുമെന്നും ജിവിക്കുന്ന, സ്വയം പര്യപ്തനായ അല്ലാഹുവേ, നിന്റെ കാരുണ്യം മുന്‍നിറുത്തി ഞാന്‍ ചോദിക്കുന്നു.; എന്റെ എല്ലാകാര്യവും നീ മെച്ചപ്പെടുത്തേണമേ. ഇമവെട്ടുന്ന സമയം പോലും എന്നെ നീ എന്നെ തന്നെ ഏല്‍പ്പിക്കരുതേ… ”
മൂസാനബിയുടെ മാതാവ് കുട്ടിയെ പെട്ടിയിലാക്കി ഒഴുക്കുമ്പോള്‍ ആരെയാണ് ഏല്‍പ്പിച്ചത് ? യഅ്ഖൂബ് നബി (അ) ബാലന്‍ യൂസഫിനെ സഹോദരങ്ങളോടൊപ്പം വിടുമ്പോള്‍ ആരെയാണ് ചുമതലപ്പെടുത്തിയത് ? ഒരു മതപാഠശാലയിലും പോകാത്ത യൂസഫിനെ ധാര്‍മികതയുടെ പരിശുദ്ധി നല്‍കി വളര്‍ത്തിയതാരാണ്. ? അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു.; നിന്നെ മാത്രം ഞങ്ങള്‍ ആശ്രയിക്കുന്നു.
Unknown
says:വളരെ ഉപകാരപ്രദം
ജലീല്‍ കോലോത്ത്
says:Very good, thoughtful….
ജലീല്‍ കോലോത്ത്
says:Very good, thoughtful….