ആര്‍ഷ ഭാരതത്തിന്‍റെ ദിവ്യസമ്പത്തായ ബ്രഹ്മ വിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകളെക്കുറിച്ച്, “മനുഷ്യരാശിക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ദര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ ദര്‍ശനമാണ് വേദാന്തം അഥവാ ഉപനിഷദ്ദര്‍ശനം” എന്ന് നൂറു നാക്കില്‍ മഹത്വപ്പെടുത്തിക്കൊണ്ടാണ് തൃശ്ശൂര്‍ പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണമഠം അവയുടെ അര്‍ത്ഥ വ്യാഖ്യാന സഹിതം പ്രചരിപ്പിക്കുന്നത്. “ലോകത്തില്‍ ഇന്നോളം അറിയപ്പെട്ടിട്ടുള്ള ഏറ്റവും ഉല്‍കൃഷ്ടമായ ആത്മ ജ്ഞാനത്തിന്‍റെ സാരമാണ് ഉപനിഷത്തുകള്‍’ എന്നത്രേ ശൂരനാട്ട് കുഞ്ഞന്‍പിള്ള പരിചയപ്പെടുത്തുന്നത്. (അവതാരിക, ഉപനിഷദ്ദീപ്തി, 1973). 

അറിവിന്‍റെ അവസാനമാണത്രെ ഉപനിഷത്തുകളില്‍ കാണുക. “ഉപനിഷത്ത് സത്യത്തിന്‍റെ സാക്ഷാല്‍ക്കാരത്തോടെ അറിവു പൂര്‍ണ്ണതയിലെത്തി അവിടെ അവസാനിക്കുന്നത് കൊണ്ടാണ്, ഉപനിഷത്തുകള്‍ക്ക് വേദാന്തം (വേദം = അറിവ്, അന്തം= അവസാനം) എന്ന പേരുണ്ടായത്”. ആദ്യകാലത്ത് മഹര്‍ഷിമാര്‍ ശിഷ്യന്മാരെ അടുത്തിരുത്തി ഉപദേശിച്ച രഹസ്യവിദ്യ എന്ന അര്‍ത്ഥത്തിലാണ് ഉപനിഷത് (ഉപ= അടുത്ത്, നിഷത്= ഇരുന്നുകൊണ്ട്) എന്ന പേര് അവയ്ക്കുണ്ടായതായി പറയപ്പെടുന്നത്.
ഉപനിഷത്ത് വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ശ്രീ മൃഡാനന്ദ സ്വാമി എഴുതുന്നു: “ഉപനിഷത്തുകള്‍ തികച്ചും അപൌരുഷേയങ്ങളാണ്. അവ എതുകാലത്തുണ്ടായെന്നോ, ആരുണ്ടാക്കിയെന്നോ ഉള്ളതിന്നു യാതൊരു രേഖയുമില്ല. തെളിവുമില്ല. പല ആചാര്യന്മാരും ഉപനിഷത്തുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അവരിലാരുടെയും ജീവിതങ്ങളെ ആസ്പദിച്ചല്ല ഉപനിഷത്തുകള്‍ നിലനില്‍ക്കുന്നത്. അനാദിയായ ജ്ഞാനമാണ് ഉപനിഷത്തുകളിലെ പ്രതിപാദ്യ വിഷയം. ആ ജ്ഞാനത്തെ സാക്ഷാല്‍ക്കരിച്ചിട്ടുള്ള വരാണ് ഋഷിമാര്‍. ഉപനിഷത്തുകളിലെ തത്വചിന്ത മനുഷ്യന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുള്ളവയില്‍ വെച്ചേറ്റവും മഹത്തമായിട്ടു ള്ളവയാണ്. അതുകൊണ്ടാണ് അതിന്നു വേദാന്തം എന്നുപേര്‍ വന്നത്. ബുദ്ധിയാകുന്ന ചിറകിന്റെ സഹായത്തോടുകൂടി മേലോട്ടു മേലോട്ടു പറന്നാല്‍ എത്തിച്ചേരാവുന്ന പരമോന്നത പദത്തിലാണ് ഉപനിഷത്തുകളിലെ തത്വ ചിന്ത വിഹരിക്കുന്നത്” (അവതാരിക, വേദാന്ത ദര്‍ശനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1997)
    
സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ടിരിക്കയാണ് വേദങ്ങള്‍. അവയില്‍ സംഹിത മന്ത്രഭാഗവും , ബ്രാഹ്മണം കര്‍മ്മ ഭാഗവും, ആരണ്യകം ഉപാസനാ ഭാഗവും, ഉപനിഷത്ത് ജ്ഞാന ഭാഗവും ആണെന്നാണ്‌ വെപ്പ്. 1180 ഉപനിഷത്തുകള്‍ ഉണ്ടായിരുന്നെങ്കിലും 108 എണ്ണം മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവയില്‍, “പഴമ കൊണ്ടും വലുപ്പം കൊണ്ടും ആഖ്യാന രീതികൊണ്ടും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് ഉപനിഷത്തുകളാണ് ഛാന്ദോഗ്യവും ബ്രൃഹദാരണ്യകവും.” ഉപനിഷത്തുകള്‍ക്ക് തനിമയാര്‍ന്ന ഭാഷ്യങ്ങള്‍ ചമയ്ച്ച ശ്രീശങ്കരാചാര്യരുടെ രചനകളില്‍ “ഏറ്റവും പ്രാമുഖ്യമായിട്ടുള്ളതും യുക്തി ചിന്തകളെക്കൊണ്ട് അപ്രധൃഷ്യമായി നിലകൊള്ളുന്നതും ബ്രൃഹദാരണ്യക ഭാഷ്യമാണ്.” ശ്രീ അരവിന്ദന്‍ അഭിപ്രയപ്പെട്ടപോലെ, ‘ഏറ്റവും ദുര്‍ഗ്രഹവും ഏറ്റവും അഗാധവുമായ ഉപനിഷത്ത്’ ആണത്രേ ബ്രൃഹദാരണ്യകം. ‘അഹം ബ്രഹ്മാസ്മി’ എന്ന വിശ്രുതമായ അദ്വൈത ദര്‍ശനവും, ‘അസതോ മാ സദ്‌ഗമയ…’ എന്ന് തുടങ്ങുന്ന വൈദിക പ്രാര്‍ഥനയും ഇതിലടങ്ങിയ ഉജ്ജ്വല മഹാവാക്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഗുരു നിത്യചൈതന്യയതി യുടെ വാക്കുകളില്‍, “എല്ലാ അര്‍ത്ഥത്തിലും ബ്രൃഹദാരണ്യകം ഏറ്റവും വലിയ ഉപനിഷത്താണ്.”(അവതാരിക, ബ്രൃഹദാരണ്യകോപനിഷത്ത് ശങ്കരഭാഷ്യം, തിരുവിതാങ്കൂര്‍ ദേവസ്വം/ 1991).

കര്‍മ്മത്തിലാസക്തമായ മനസ്സിനെ ജ്ഞാനാര്‍ജ്ജനത്തിനു സന്നദ്ധമാക്കുക എന്ന ധര്‍മ്മമാണത്രെ ഈ ഉപനിഷത്ത് നിര്‍വ്വഹിക്കുന്നത്. 
ആറദ്ധ്യായങ്ങളാണ് ബ്രൃഹദാരണ്യകം. അവയെ മൂന്നു കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നും രണ്ടും ആധ്യായങ്ങള്‍ അടങ്ങുന്ന മധുകാണ്ഡം,  മൂന്നും നാലും അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുനി കാണ്ഡം, അഞ്ചും ആറും അദ്ധ്യായങ്ങള്‍ ഉള്‍പ്പെട്ട ഖിലകാണ്ഡം എന്നിവയാണത്. ആത്മജ്ഞാന ദര്‍ശനങ്ങളുടെ സമഗ്രമായ സംഗ്രഹമെന്നു ബ്രൃഹദാരണ്യകത്തെ കുറിച്ചു പരിചയപ്പെടുത്താറുള്ളവര്‍ തന്നെ ഖിലകാണ്ഡത്തെക്കുറിച്ച് ഇങ്ങനെയാണ് ഒഴിഞ്ഞു പറയുന്നത്: “അതിനെ ഉപനിഷത്തിന്റെ ഒരു അനുബന്ധമായിട്ടേ കണക്കാക്കേണ്ടതുള്ളൂ; ആത്മ ജ്ഞാനത്തിന്‍റെ വിവരണമൊന്നും അവയില്‍ കാര്യമായി കാണുന്നില്ല”. (അവതാരിക, മൃഡാനന്ദ സ്വാമി, ബ്രൃഹദാരണ്യകം,  ശ്രീരാമകൃഷ്ണമഠം / 2010)). ഇങ്ങനെ ഒരു ‘മുന്‍‌കൂര്‍ ജാമ്യം’ എടുക്കുന്നതിന്‍റെ രഹസ്യസംഗതി മനസ്സിലാകണമെങ്കില്‍ ഖിലകാണ്ഡം/ ആറാം അദ്ധ്യായം ഒരാവര്‍ത്തി വായിക്കണം. ജ്ഞാനം മാത്രം പ്രസരിക്കുന്ന ഉപനിഷത്ത് പച്ചയായ കര്‍മ്മവഴികാട്ടിയായി ആപതിക്കുന്നത് അവിടെ കാണാം.
വേദങ്ങള്‍ നല്‍കുന്ന അറിവിന്‍റെ അവസാനമായ ഉപനിഷത്തുകളില്‍ സുപ്രധാനമായ ബ്രൃഹദാരണ്യകം, ഓരോ മുമുക്ഷുവിനും നല്‍കുന്ന ‘അവസാന അറിവുകള്‍’ ഇവയെല്ലാമാണ്: (ആറാം അദ്ധ്യായത്തില്‍ നിന്നും; )

രണ്ടാം ബ്രാഹ്മണം(=ഉപാദ്ധ്യായം), പതിമൂന്നാം മന്ത്രം(ശ്ലോകം ):

അര്‍ത്ഥം: ഹേ ഗൗതമ! സ്ത്രീ തന്നെയാണ് അഗ്നി. അവളുടെ ഉപസ്ഥം തന്നെയാണ് ചമത. രോമം ധുമമാണ്. യോനി ജ്വാലയാണ്. ഉള്ളില്‍ വെച്ചു ചെയ്യുന്നത് (സംയോഗം) തീക്കട്ടയാണ്. അതില്‍ നിന്നുള്ള ആനന്ദലേശം തീപ്പൊരികളാണ്. ആ അഗ്നിയില്‍ ദേവന്മാര്‍ രേതസ്സിനെ ഹോമിക്കുന്നു. ആ ഹോമത്തില്‍ നിന്നും പുരുഷന്‍ ഉത്ഭവിക്കുന്നു. അവന്‍ ജീവിച്ചിരിക്കുന്നു. കര്‍മ്മ ശേഷമുള്ളത് വരെ അവന്‍ ജീവിച്ചിരിക്കുന്നു. അനന്തരം മരിക്കുന്നു.”

വ്യാഖ്യാനം: ഹേ ഗൗതമ! സ്ത്രീ തന്നെയാണ് അഗ്നി. സ്ത്രീയെന്നാല്‍ അഞ്ചാമത്തെ ഹോമാധികരണമായ അഗ്നിയാണ്. അവളുടെ ഉപസ്ഥം (=ലിംഗം/ ഗുദം) തന്നെ ചമത(=ഹോമം ചെയ്യാനുള്ള അഗ്നികുണ്ഡം), അതുകൊണ്ടാണല്ലോ അവള്‍ ദീപ്തമായിത്തീരുന്നത്. മേല്‍പോട്ടുയരല്‍ സമാനമാകയാല്‍ രോമങ്ങള്‍ ധുമമാണ്. (=ചുറ്റും രോമങ്ങള്‍ തിങ്ങിവളരുന്ന ഉപസ്ഥമാകണം ചമതയായി ഉപയോഗിക്കാന്‍?!). നിറത്തില്‍ തുല്യമായതിനാല്‍ യോനി ജ്വാലയാണ്. യാതൊന്നാണോ അകത്തുവെച്ച് ചെയ്യുന്നത് അവ തീക്കട്ടകള്‍ ആണ്. വീര്യത്തെ ഉപശമിപ്പിക്കുന്നതിനുള്ള ഹേതുത്വം സമാനമാകയാല്‍ അകത്തുവെച്ച് ചെയ്യുന്ന മൈഥുനവൃത്തി തീക്കട്ടയാണ്. വീര്യാദികളെ ശമിപ്പിക്കുന്നതിനുള്ള കാരണമാണ് മൈഥുനം. അതുപോലെ അംഗാരഭാവം അഗ്നിയുടെ ഉപശമത്തിനു കാരണമാണ്. ക്ഷുദ്രത്വം തുല്യമാകയാല്‍ അഭിനന്ദനങ്ങള്‍ അഥവാ സുഖലേശങ്ങള്‍ തീപ്പൊരികളാണ്. അതില്‍ രേതസ്സിനെ ഹോമിക്കുന്നു. ആ ഹോമത്തില്‍ നിന്നും പുരുഷനുണ്ടാകുന്നു”.(ബ്രൃഹദാരണ്യകോപനിഷത്ത് ശങ്കരഭാഷ്യം, ഡോ. ടിഎന്‍എന്‍ ഭട്ടതിരിപ്പാട്, തിരുവിതാങ്കൂര്‍ ദേവസ്വം/ 1991). ഇവിടെ പുരുഷനെന്നതിനു മനുഷ്യദേഹം എന്നാണര്‍ത്ഥം. (വേദാന്ത ദര്‍ശനം, പ്രൊഫ ജി ബാലകൃഷ്ണന്‍ നായര്‍, 2/ 634, ഭാഷാ/ 1997).

ശ്രദ്ധിക്കുക: ഡോ. ടിഎന്‍എന്‍ ഭട്ടതിരിപ്പാട്, പ്രൊഫ ജി ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ അര്‍ത്ഥവും വ്യാഖ്യാനവും ഏതാണ്ട് തുല്യമാണ്. എന്നാല്‍ മൃഡാനന്ദ സ്വാമിക്ക് ‘അറിവിന്‍റെ അവസാനം’ തുറന്നെഴുതാന്‍  എന്തോ ഒരു ചമ്മല്‍! അദ്ദേഹം ഈ മന്ത്രത്തിന്‍റെ അര്‍ത്ഥവും വ്യാഖ്യാനവും ഒളിപ്പിച്ചുവെച്ചു?! തൃശൂരിലെ ശ്രീരാമകൃഷ്ണമഠം പുറത്തിറക്കിയ(2010 എഡിഷന്‍) അദ്ദേഹത്തിന്‍റെ ബ്രൃഹദാരണ്യകത്തില്‍ ഇത്രയേ കാണൂ: “അല്ലയോ ഗൌതമ, സ്ത്രീ അഗ്നിയാകുന്നു. ആ അഗ്നിയില്‍ ദേവന്മാര്‍ രേതസ്സിനെ ഹോമിക്കുന്നു. ആ ആഹുതിയില്‍ നിന്നും പുരുഷന്‍ ഉണ്ടാകുന്നു. അവന്‍ ആയുസ്സ് ഉള്ളെടത്തോളം കാലം ജീവിക്കുന്നു, അതിനു ശേഷം അവന്‍ മരിക്കുമ്പോള്‍…” പദാനുപദം അര്‍ത്ഥം നല്‍കിയിടത്തും അദ്ദേഹം മന്ത്രത്തിലെ ‘ചുവന്ന പദങ്ങള്‍’ ഒളിപ്പിച്ചു.

മുന്നോട്ടു പോയി നോക്കാം.നാലാം  ബ്രാഹ്മണം  യാതൊരു ജന്മത്തോടുകൂടിയവനും എപ്രകാരം ഉല്‍പാദിതനും ഏതെല്ലാം ഗുണങ്ങളോട് കൂടിയവനുമായ പുത്രനാണ് തനിക്കും പിതാവിനും ലോക്യനായി ഭവിക്കുന്നത്, സമ്പാദനത്തിനായി നാലാം ബ്രാഹ്മണം തുടങ്ങുകയാണ്. പ്രാണ ദര്ശിയായ ശ്രീ മന്‍ഥത്തെ ചെയ്തവനാണ് പുത്രമന്‍ഥത്തിനധികാരി. പുത്രമന്‍ഥം ചെയ്യാനാഗ്രഹിക്കുമ്പോള്‍ ശ്രീമന്‍ഥം ചെയ്ത് പത്നിയുടെ ഋതുകാലം പ്രതീക്ഷിച്ചിരിക്കണം എന്നത് ഈ രേതസ്സിന്റെ ഔഷധാഭിരസമതത്വ സ്തുതിയില്‍ നിന്നും അറിയാം..

ഒന്നാം മന്ത്രം

“ഈ ഭൂതങ്ങളുടെ രസമാകുന്നു ഭൂമി. ഭൂമിയുടെ രസമാകുന്നു ജലം. ജലത്തിന് ചെടികളാണ് സാരാംശം. ചെടികളുടെ രസമാകുന്നു പുഷ്പങ്ങള്‍. പുഷ്പങ്ങളുടെ രസം ഫലങ്ങളും. ഫലങ്ങളുടെ രസമാകുന്നു പുരുഷന്‍. പുരുഷന്‍റെ രസമോ തന്‍റെ ശുക്ലവും..”
ഇപ്രകാരം, ഈ രേതസ്സ് സാരതാമമായതാണെങ്കില്‍ ഇതിന് പ്രതിഷ്ഠ ഏതാവാം?! രണ്ടാം മന്ത്രത്തില്‍ പ്രതിഷ്ഠ യെ പരിചയപ്പെടുത്തുന്നുണ്ട്.

രണ്ടാം മന്ത്രം

“ആ പ്രജാപതി ചിന്തിച്ചു, ഇതിന്‍റെ പ്രതിഷ്ഠയ്ക്ക് ഞാന്‍ എന്താണ് ഉണ്ടാക്കേണ്ടത് എന്ന്. അങ്ങനെ അദ്ദേഹം സ്ത്രീയെ സൃഷ്ടിച്ചു. അവളുടെ അധോഭാഗത്തെ മൈഥുനകര്‍മ്മത്തിലൂടെ ഉപാസിച്ചു. അതുകൊണ്ട് സ്ത്രീയുടെ അധോഭാഗത്തെ മൈഥുനകര്‍മ്മത്തിലൂടെ ഉപാസിക്കേണ്ടതാണ്. അതിനായി അദ്ദേഹം ഗതിവേഗമുള്ള, പാറക്കല്ലുപോലെ ഉറച്ച തന്‍റെ ജനനേന്ദ്രിയത്തെ ശക്തമാക്കി സ്ത്രീ യോനിക്കു നേരെ പ്രയോഗിച്ചു. അതിലൂടെ അവളുമായി ഒത്തുചേര്‍ന്നു.”

സ്രഷ്ടാവായ പ്രജാപതിയുടെ മഹത്തായ കര്‍മ്മം അനുകരിച്ച് ബ്രഹ്മജ്ഞാനി സ്ത്രീയുടെ അധോമണ്ഡലത്തെ ഉപാസിക്കണം എന്ന് ശ്രീശങ്കരന്‍ പ്രേരിപ്പിക്കുന്നു: “ശ്രേഷ്ഠന്‍മാരെ അനുകരിക്കുന്നവരാണ് മനുഷ്യര്‍”.

ശ്രദ്ധിക്കുക: മൃഡാനന്ദ സ്വാമിക്ക് ഇവിടെയും ഉപനിഷത്ത് മന്ത്രങ്ങള്‍ സത്യസന്ധമായി ഭാഷാന്തരപ്പെടുത്താന്‍ ഒരു ജാള്യത! പദാനുപദം അര്‍ഥം നല്‍കിയതില്‍ പല പദങ്ങളും വിട്ടു. അര്‍ത്ഥം ഇത്രമാത്രം : “ആ പ്രജാപതി ആലോചിച്ചു: ഇപ്പോള്‍ ഇതിന്ന് ഒരു ആശ്രയത്തെ സൃഷ്ടിക്കട്ടെ എന്ന്. എന്നിട്ട് അവന്‍ സ്ത്രീയെ സൃഷ്ടിച്ചു”. മാത്രമല്ല, “ശ്രേഷ്ഠന്‍മാരെ അനുകരിക്കുന്നവരാണ് മനുഷ്യര്‍”, എന്ന ശങ്കരോപദേശത്തില്‍ അദ്ദേഹം വെള്ളം ചേര്‍ത്തു. സന്താനോല്‍പാദന യജ്ഞം “ബ്രഹ്മചാരികള്‍, വാന പ്രസ്ഥന്മാര്‍ , വൃദ്ധന്മാര്‍, ബാലകന്മാര്‍, മറ്റു വിരക്ത പുരുഷന്മാര്‍ ഇവര്‍ക്കെല്ലാം ത്യാജ്യമാകുന്നു” എന്നത്രേ അദ്ദേഹത്തിന്‍റെ ഭാഷ്യം.
സ്ത്രീ പുരുഷസംയോഗം ദിവ്യമായ ഒരു യജ്ഞമായി ഭാവന ചെയ്യണമെന്ന് ജി. ബാലകൃഷ്ണന്‍ നായര്‍ ഉണര്‍ത്തുന്നു. അങ്ങനെ ഉപനിഷത്ത് സന്താനോല്‍പത്തിക്ക് വേണ്ടിയുള്ള യജ്ഞവേദി പരിചയപ്പെടുത്തുന്നു.

മന്ത്രം മൂന്ന്

“സ്ത്രീയുടെ ജനനേന്ദ്രിയ സ്ഥാനമാണ് യജ്ഞവേദി. രോമങ്ങളാണ് കുശപ്പുല്ലുകള്‍. യോനിയുടെ ഇരുഭാഗത്തുമുള്ള രണ്ടുമാംസ ഖണ്ഡങ്ങളാണ് സോമലത പിഴിഞ്ഞ് ചാറെടുക്കാനുള്ള തോല്സഞ്ചിയുടെ വായ്ത്തലകള്‍. യോനി മധ്യമാണ് ജ്വലിക്കുന്ന അഗ്നി. ആരാണോ ഇങ്ങനെ സ്ത്രീ പുരുഷ സംയോഗം ഒരു യജ്ഞമാണെന്നറിഞ്ഞു മൈഥുന കര്‍മ്മത്തിലേര്‍പ്പെടുന്നത്, വാജപേയ യജ്ഞത്തിലൂടെ യജമാനന് എന്തുമാത്രമാണോ ലോകസുഖം ലഭിക്കാനിടവരുന്നത് അത്രത്തോളം ലോകസുഖം അവനു ലഭിക്കുന്നു. അവന്‍ സംയോഗത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെയെല്ലാം സുകൃതം സ്വന്തമാക്കി ത്തീര്‍ക്കുന്നു. ഇനിയും ആരാണോ ഈ യജ്ഞ സാദൃശ്യം അറിയാതെ മൈഥുന കര്‍മ്മത്തിലേര്‍പ്പെടുന്നത് അവന്‍റെ സുകൃതം സ്ത്രീകള്‍ ഏറ്റെടുക്കാന്‍ ഇടയാകുന്നു”.

ശങ്കരന്‍ വിശദീകരിക്കുന്നു: “വാജപേയ യാഗം ചെയ്യുന്നവന്‍ ഏതെല്ലാം ലോകങ്ങള്‍ പ്രാപിക്കുമോ അതെല്ലാം ഇപ്രകാരം അറിഞ്ഞു മൈഥുനം ചെയ്യുന്നവനും ഫലമായി കിട്ടുന്നു എന്ന് മൈഥുനത്തെ സ്തുതിക്കുകയാണ്. അതിനാലിതില്‍ ലജ്ജിക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം.”

പക്ഷേ, എന്തുപറയാന്‍, മൃഡാനന്ദ സ്വാമിജി വല്ലാത്ത ലജ്ജാലുവാണ്, അദ്ദേഹം ഈ മന്ത്രത്തിന്റെ പദാനുപദ അര്‍ത്ഥമോ മൊത്തം സാരമോ ഏതെങ്കിലും തരത്തിലുള്ള വ്യാഖ്യാനമോ നല്‍കാതെ അപ്പടി മുക്കിക്കളഞ്ഞു?!!

നാലാം മന്ത്രം

മൈഥുന വൈദഗ്ധ്യം ഇല്ലാത്ത ബ്രഹ്മജ്ഞാനിയെ ഭീഷണിപ്പെടുത്തുകയാണ് ഈ മന്ത്രത്തില്‍.

“മരണ ധര്‍മ്മത്തോട് കൂടിയവരും നാമം കൊണ്ട് മാത്രം ബ്രാഹ്മണരും ആയി അനേകം പേരുണ്ട്; അവര്‍ നിരിന്ദ്രിയന്മാരാണ്. സുകൃതമില്ലാത്തവരാണ്. മൈഥുന വിജ്ഞാനത്തെ കുറിച്ചറിയാതെ തന്നെ അവര്‍ മൈഥുന കര്‍മ്മത്തില്‍ ആക്തിപൂര്‍വ്വകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ പരലോകത്ത് നിന്നും ഭ്രഷ്ടരായി പോകുന്നു…”

തുടര്‍ന്ന്, പത്നിയുടെ ഋതുകാലം കാത്തിരിക്കുന്നതിനിടയില്‍ രാഗ പ്രാബല്യം മൂലം ഉണര്‍വ്വിലോ ഉണര്ച്ചയിലോ , അല്പമോ കൂടുതലായോ ബീജം സ്ഖലിച്ചു പോയാല്‍, അതിന്പ്രതി പശ്ചാത്താപം നിര്‍ദ്ധേശിക്കുകയാണ്. ആ ബീജം എന്തു ചെയ്യണം എന്നും പഠിപ്പിക്കുന്നുണ്ട്.

അഞ്ചാം മന്ത്രം

“ആ സ്ഖലിച്ച ബീജത്തെ കയ്യിലെടുത്ത് ഇങ്ങനെ മന്ത്രം ജപിക്കണം: ‘ഇന്നെന്‍റെ എതുബീജമാണോ ഭൂമിയില്‍ പതിക്കാനിടയായത്, ചെടികളില്‍ നിപതിക്കാന്‍ ഇടയായത്, വെള്ളത്തില്‍ വീണുപോയത്, ഞാന്‍ ആ ബീജത്തെ ഇതാ സ്വീകരിക്കുന്നു, ഈ ബീജം വീണ്ടും എന്നെ പ്രാപിക്കാന്‍ ഇടയാകട്ടെ. വീണ്ടും ആ രേതസ്സും സൗഭാഗ്യവും എന്നെ പ്രാപിക്കട്ടെ. അഗ്നിയെ ഇരിപ്പിടമാക്കിയിട്ടുള്ള ദേവന്മാര്‍ ആ ബീജത്തെ വീണ്ടും അതിന്‍റെ സ്ഥാനത്ത് ഉറപ്പിക്കുമാറാകട്ടെ’. ഇങ്ങനെ ജപിക്കവേ, തള്ള വിരലും ചെറു വിരലിനു തൊട്ടു മുമ്പുള്ള വിരലും ചേര്‍ത്ത് ബീജത്തെ എടുത്തിട്ട് സ്തനങ്ങള്‍ക്കിടയിലോ പുരികങ്ങള്‍ക്കിടയിലോ പുരട്ടണം.”
ഉപനിഷത്തുകളെ പുനര്‍ജനിപ്പിച്ച ശ്രീ ശങ്കരന്‍ ഇതില്‍ യാതൊരു അപ്രായോഗികതയും കാണുന്നില്ല. എന്നാല്‍, വേദാന്ത ദര്‍ശനം വ്യാഖ്യാനിച്ചെഴുതിയ പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍ പറയുന്നത്, “ഇത്തരം പ്രായശ്ചിത്തമൊന്നും അത്ര പ്രായോഗികമല്ലെന്ന് തീര്‍ച്ചയാണല്ലോ” എന്നത്രെ. മൃഡാനന്ദ സ്വാമിജി ഇവിടെയും സാമര്‍ത്ഥ്യം കാണിച്ചു!!

ബീജ മഹാത്മ്യം തുടരുന്നു..

ആറാം മന്ത്രം

ഇനിയും ബീജം വെള്ളത്തില്‍ വീഴുകയാണെങ്കില്‍, ആ വെള്ളത്തില്‍ സ്വന്തം പ്രതിച്ഛായ നോക്കിക്കാണണം. എന്നിട്ടിങ്ങനെ പ്രാര്‍ഥിക്കണം.: ‘എന്നില്‍ ദേവന്മാര്‍ തേജസ്സും ഇന്ദ്രിയ ബലവും കീര്‍ത്തിയും സമ്പത്തും പുണ്യവും അര്‍പ്പിക്കുമാറാകട്ടെ’.
മന്ത്രത്തിന്റെ അടുത്തപാതിയില്‍ സ്ത്രീമഹാത്മ്യം വിളംബരം ചെയ്യുന്നു. അവളെ സംഗം ചെയ്യുന്നതിന് മുമ്പ് വശപ്പെടുത്താനുള്ള വഴികളും. അതിങ്ങനെ വായിക്കാം: “ (അനന്തരം പത്നിയെ സ്തുതിച്ചുകൊണ്ട്) എന്‍റെ ഈ പത്നി ലോകത്തിലെ എല്ലാ സ്ത്രീകളിലും വെച്ച് ശ്രീമതിയാണ്. ഇവളുടെ വസ്ത്രത്തില്‍ രജസ്വലാപന ചിഹ്നം സ്പഷ്ടമായിക്കാണുന്നുണ്ട്’ എന്ന് പറയുക.”
മൂന്നു രാത്രികള്‍ക്ക് ശേഷം കുളിച്ചു ശുദ്ധിവരുത്തിയ ഇവളോട്‌ പറയണം: ‘യാതൊന്നിനാല്‍ പുത്രനുണ്ടാകുമോ ഇന്ന് നമുക്ക് ആ പ്രവര്‍ത്തി ചെയ്യണം’ (ശങ്കര ഭാഷ്യം)

തുടര്‍ന്ന് ഏഴാം മന്ത്രത്തില്‍ എന്തുപറയുന്നു? പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതുന്നു: ‘ കഴിയുന്നത്ര പുത്രോല്‍പാദനാവസരം നഷ്ടമാകാതെ നോക്കണമെന്നാണ് ഏഴാം മന്ത്രം നിര്‍ദ്ദേശിക്കുന്നത്”.

പോയി നോക്കാം..

ഏഴാം മന്ത്രം

“അവള്‍ മൈഥുന കര്‍മ്മത്തിന് വഴങ്ങുന്നില്ല എന്നു വന്നാല്‍, കൂടുതല്‍ നല്ല വസ്ത്രാഭരണങ്ങളും മറ്റും നല്‍കാമെന്ന് പറഞ്ഞു അവളെ പ്രേരിപ്പിക്കണം. എന്നാലും അവള്‍ വഴങ്ങുന്നില്ല തന്നെ എന്ന് വന്നാല്‍ കൈകൊണ്ടോ വടികൊണ്ടോ അടിച്ച് ബലപ്രയോഗത്തിലൂടെ അവളെ വശപ്പെടുത്തണം. എന്നിട്ടും കാര്യം നടന്നില്ലെങ്കില്‍ ‘ഞാന്‍ നിന്നെ ശപിച്ച് വന്ദ്യയാക്കും’ എന്ന് ഭീഷണിപ്പെടുത്തണം. അവളുടെ സമീപം ചെന്ന്, ‘ഞാനെന്‍റെ യശോരൂപമായ ഇന്ദ്രിയം വഴി നിന്‍റെ യശസ്സിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു’ എന്ന് ശപിച്ചാല്‍ അവള്‍ വന്ദ്യയോ ദുര്ഭഗയോആയിത്തീരുക തന്നെ ചെയ്യും”.

ഉപനിഷത്ത് സ്ത്രീയെ എങ്ങനെ ദര്‍ശിക്കുന്നു/ അപമാനിക്കുന്നു എന്ന് വ്യക്തം. ഉന്നതമായ അര്‍ത്ഥമൂല്യമുള്ള വചനങ്ങളെ നാം തെറ്റായി മനസ്സിലാക്കുകയാണോ?! അല്ലെന്ന് ശ്രീ ശങ്കരന്‍റെ വ്യാഖ്യാനം വ്യക്തമാക്കുന്നു: ‘എന്നിട്ടും അവള്‍ സമ്മതിച്ചില്ലെങ്കില്‍ തനിക്കിഷ്ടം പോലെ വടികൊണ്ടോ കൈകൊണ്ടോ പീഡിപ്പിച്ച് മൈഥുനത്തിനായി പ്രയത്നിക്കണം’. അതായത്, അവളെ ബലാല്‍സംഗം ചെയ്തിട്ടെങ്കിലും പുത്രോല്‍പാദനം നടക്കട്ടെ.

പരസ്പര ധാരണയില്‍ എത്തിയാല്‍ എന്തുവേണം എന്ന് തുടര്‍ന്ന് പഠിപ്പിക്കുകയാണ് ജ്ഞാനത്തിന്‍റെ അഗ്രിമ സ്ഥാനത്ത് വിരാജിക്കുന്ന ഉപനിഷത്ത് മന്ത്രങ്ങള്‍ . നോക്കാം.

എട്ടാം മന്ത്രം

“അവള്‍ പുത്രോല്‍പാദനത്തിന് വഴങ്ങുകയാണെങ്കില്‍, ‘ഞാനെന്‍റെ യശോരൂപമായ ഇന്ദ്രിയം വഴി നിന്നില്‍ യശസ്സിനെ സ്ഥാപിക്കുന്നു’ എന്ന് ആശിര്‍വദിക്കണം. അപ്പോള്‍ ആ ദമ്പതികള്‍ യശസ്വികളായി ഭവിക്കുന്നു”.

ഒമ്പതാം മന്ത്രം

“ഇവള്‍ എന്നില്‍ കാമമുള്ളവളായി ഭവിക്കണം എന്നിങ്ങനെ ഏതു ഭാര്യയെ ക്കുരിച്ചാണോ അവന്‍ ആഗ്രഹിക്കുന്നത്, അവളുടെ ജനനേന്ദ്രിയത്തില്‍ സ്വന്തം ജനനേന്ദ്രിയം അര്‍പ്പിച്ചിട്ട് മുഖത്തോടുമുഖം ചേര്‍ത്തുവെച്ച് , ഭാര്യയുടെ ജനനേന്ദ്രിയം തടവിക്കൊണ്ട് ‘അങ്ഗാദങ്ഗാദ്’ എന്ന മന്ത്രം ചൊല്ലണം. അതിന്‍റെ സാരം:’അല്ലയോ ബീജമേ, നീ എന്‍റെ ഓരോ അവയവത്തില്‍ നിന്നും ഊറിവരുന്നു. ഹൃദയത്തില്‍ നിന്നും നാഡികള്‍ വഴി എത്തിച്ചേരുന്നു. വിഷലിപ്തമായ അമ്പിനാല്‍ തുളക്കപ്പെട്ട മാന്‍ പേട മൂര്‍ച്ഛിക്കുന്ന പോലെ നീ എന്‍റെ പത്നിയെ എന്നെപ്രതി ഉന്മത്തയാക്കിയാലും”!!

എന്നാല്‍, പുത്രോല്‍പാദനം വേണ്ടെന്നു വെക്കുന്നു വെങ്കില്‍ അതിനുമുണ്ട് വഴി. അടുത്ത മന്ത്രങ്ങള്‍ അതേ കുറിച്ചാണ്. അതിനര്‍ത്ഥം, ബ്രഹ്മജ്ഞാനിയുടെ മഹത്തായ രേതസ്സില്‍ കാത്തിരിക്കുന്ന പുരുഷജന്മം സഫലമാക്കാന്‍ വേണ്ടിയുള്ള മഹായാഗം മാത്രമല്ല മൈഥുനം.

പത്താം മന്ത്രം

“ഇവള്‍ ഗര്‍ഭം ധരിക്കേണ്ട എന്നാഗ്രഹിക്കുന്നത് ആരെക്കുറിച്ചാണോ അവളുടെ ജനനേന്ദ്രിയത്തില്‍ സ്വന്തം ജനനേന്ദ്രിയം അര്‍പ്പിച്ചിട്ടു , മുഖത്തോടുമുഖം ചേര്‍ത്തുവെച്ച് അഭിപ്രാണനം കഴിഞ്ഞ് അപാനന ക്രിയ നടത്തേണ്ടതാണ്. അപ്പോള്‍, ‘എന്‍റെ ഇന്ദ്രിയ വീര്യത്തിലൂടെ ഞാന്‍ നിന്‍റെ ഇന്ദ്രിയ വീര്യത്തെ സ്വീകരിക്കുന്നു, നീ ഗര്‍ഭിണി യാകാതിരിക്കട്ടെ’ എന്ന് ജപിക്കണം.

പുരുഷന്‍ തന്‍റെ ജനനേന്ദ്രിയം വഴി സ്ത്രീ യോനിയിലേക്ക് വായുവിനെ പ്രവേശിപ്പിക്കുന്നതാണ് അഭിപ്രാണനം. ലിംഗം പുറത്തെടുത്തിട്ട്‌ യോനിയിലെ വായുവിനെ പുറത്തുവിടുന്നതാണ് അപാനനം.

പതിനൊന്നാം മന്ത്രം

“ഇവള്‍ ഗര്‍ഭം ധരിക്കേണ്ട എന്നാഗ്രഹിക്കുന്നത് ആരെക്കുരിച്ചാണോ അവളുടെ ജനനേന്ദ്രിയത്തില്‍ സ്വന്തം ജനനേന്ദ്രിയം അര്‍പ്പിച്ചിട്ടു , മുഖത്തോടുമുഖം ചേര്‍ത്തുവെച്ച് അപാനന ക്രിയ കഴിഞ്ഞ് അഭിപ്രാണനം നടത്തേണ്ടതാണ്.’ എന്‍റെ ഇന്ദ്രിയ വീര്യത്തിലൂടെ ഞാന്‍ നിന്‍റെ ഇന്ദ്രിയ വീര്യത്തെ ഉറപിക്കുന്നു’ എന്ന് ജപിച്ചാല്‍ ഗര്‍ഭം ഉറപ്പ്..”
ഗര്‍ഭം വേണമെന്നുണ്ടെങ്കില്‍ ആദ്യം അഭിപ്രാണനം പിന്നെ അപാനനം. വേണമെന്നുണ്ടെങ്കില്‍ ആദ്യം അപാനനം പിന്നെ അഭിപ്രാണനം. ഇവയുടെ വിശദാംശങ്ങള്‍ കാമശാസ്ത്രം നോക്കി അറിയേണ്ടതാണെന്നു ബാലകൃഷ്ണന്‍ നായര്‍. വാത്സ്യായനന്‍ ആരണ്യകത്തില്‍ കയറി നിരങ്ങിയോ എന്നാണ് ശങ്ക. അതുകൊണ്ടായിരിക്കാം, ഒമ്പത് , പത്ത്, പതിനൊന്ന് മന്ത്രങ്ങളെ ക്കുറിച്ച് മൃഡാനന്ദ സ്വാമിജിക്ക് ‘കമ’ പറയാനില്ല?!!

പത്നിക്ക്‌ ജാര സംസര്‍ഗ്ഗം ഉണ്ടെന്ന് മനസ്സിലാവുകയും ജാരനെ നശിപ്പിക്കണം എന്നാഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ എടുക്കേണ്ട ആഭിചാര ക്രിയയുടെ രൂപമാണ് ഇനി മഹത്തായ ഉപനിഷത്ത് പഠിപ്പിക്കുന്നത്; വരൂ പന്ത്രണ്ടാം മന്ത്രത്തിലേക്ക്.

മന്ത്രം പന്ത്രണ്ട്

“ഇനിയും ആരുടെ ഭാര്യക്കാണോ ജാരനുള്ളത്, അവനെ ദ്വേഷിച്ചു നശിപ്പിക്കണമെങ്കില്‍ പച്ചമണ്ണു കൊണ്ടുള്ള പാത്രത്തില്‍ അഗ്നി ജ്വലിപ്പിച്ച് കുശപ്പുല്ലുകള്‍ വിപരീതമായി വിരിച്ച് (അതായത്, തെക്കോട്ടോ പടിഞ്ഞാറോട്ടോ അഗ്രങ്ങളായി), നെയ്‌ കൊണ്ട് നനച്ച ശരപ്പുല്ലുകളുടെ അഗ്രങ്ങളെ വിപരീത നിലയില്‍ പിടിച്ച്, ആ അഗ്നിയില്‍ താഴെ പറയുന്ന മന്ത്രങ്ങള്‍ ജപിച്ച് , നാലു പ്രാവശ്യം ഹോമിക്കണം…”

ജാരന്‍റെ പേരുപറഞ്ഞു ക്ഷുദ്രം ജപിച്ചാല്‍/ ശപിച്ചാല്‍ എന്ത് സംഭവിക്കുമെന്നോ? തല്‍ മന്ത്രം തുടരുന്നു: “ ഇപ്രകാരമറിയുന്ന ബ്രാഹ്മണന്‍ ആരെ ശപിക്കുന്നുവോ അവന്‍ വീര്യം നഷടപ്പെട്ടവനായി പുണ്യ മില്ലാത്തവനായി ഈ ലോകത്തുനിന്നും വിട്ടു പോകുവാന്‍ ഇടവരുന്നു. അതിനാല്‍, ഇപ്രകാരമ റിയുന്ന ബ്രാഹ്മണന്റെ ഭാര്യയുമായി നേരമ്പോക്ക് പോലും പറയാന്‍ ആഗ്രഹിക്കരുത്. എന്തെന്നാല്‍, വിദ്വാനായ അവന്‍ അതോടെ ശത്രുവായി മാറുന്നു..”

ആര്‍ത്തവ കാല പഥ്യം അടുത്ത മന്ത്രത്തില്‍ വായിക്കാം.

മന്ത്രം പതിമൂന്ന്

“ആരുടെ ഭാര്യയാണോ ഋതുമതിയായി ഭവിക്കുന്നത് , അവള്‍ മൂന്നു ദിവസം ഓട്ടു പാത്രത്തില്‍ ഭക്ഷണം കഴിക്കണം. കീറി മുഷിയാത്ത വസ്ത്രം ധരിക്കണം. അവനെ ശൂദ്രനോ ശൂദ്ര സ്ത്രീയോ തൊടരുത്. മൂന്നു രാത്രി കഴിഞ്ഞാല്‍ കുളി കഴിഞ്ഞ് നെല്ലു കുത്താന്‍ നിയോഗിക്കാം”.

ഏതിനം പുത്രന്‍ വേണമോ അതിനനുസൃതമായി സംഗ വേളയില്‍ എന്തെല്ലാം ചെയ്യണം എന്ന പാഠങ്ങള്‍ പഠിക്കാം..

മന്ത്രം പതിനാല്

‘വെളുത്ത പുത്രനായിരിക്കണം, ഒരു വേദം പഠിക്കണം, നൂറു വര്ഷം പൂര്‍ണ്ണായുസ്സായി ജീവിക്കണം’ എന്നാഗ്രഹിക്കുന്ന ദമ്പതികള്‍,  പാല്‍പായസം ഉണ്ടാക്കി നെയ്യ് ചേര്‍ത്ത് ഒന്നിച്ചിരുന്ന് ഭക്ഷിച്ചാല്‍ മതി. ഉദ്ദിഷ്ട ഫലം ഉറപ്പ്.”

മന്ത്രം പതിനഞ്ച്

“തവിട്ടു നിറത്തിലോ ചെറു ചുവപ്പ് നിറത്തിലോ ഉള്ള പുത്രന്‍ ജനിക്കണം, അവന്‍ രണ്ടു വേദങ്ങള്‍ പഠിക്കണം, നൂറു വയസ്സ് ജീവിക്കണം’ എന്നാഗ്രഹിക്കുന്നവര്‍ , തൈര് ചേര്‍ത്ത് ചോറുണ്ടാക്കി നെയ്യും ചേര്‍ത്ത് ഒരുമിച്ചുണ്ണുക, സിദ്ധഫലം”.

മന്ത്രം പതിനാറ്

പുത്രന്‍ നീല നിറമുള്ളവനും ചുവന്ന കണ്ണുള്ളവനുമാകണം, വേദങ്ങള്‍ മൂന്ന് പഠിക്കണം, നൂറു കൊല്ലം ജീവിക്കണം’ എന്നാഗ്രഹിക്കുന്നവര്‍, വെറും വെള്ളത്തില്‍ ചോറ് പാകപ്പെടുത്തി നെയ്യും ചേര്‍ത്ത് ഒരുമിച്ചു കഴിക്കുക, ഫലം തീര്‍ച്ച”

മന്ത്രം പതിനേഴ്‌

പണ്ഡിതയായ പുത്രി ജനിക്കണം, അവള്‍ നൂറായുസ്സ് ജീവിക്കണം ‘ എന്ന് ആഗ്രഹിക്കുന്ന ദമ്പതികള്‍, എള്ള് ചേര്‍ത്ത് ചോറുണ്ടാക്കി നെയ്യും കൂട്ടി ഭാര്യയോടൊത്ത് ഉണ്ണുക, പ്രതീക്ഷിച്ചപോലെ ഭവിക്കും.”

മഹാ പുത്ര ജന്മത്തിന് കാള മാംസം 

മന്ത്രം പതിനെട്ട്

പുത്രനായിരിക്കണം, പണ്ഡിതനാകണം, പ്രസിദ്ധനും സഭകളില്‍ ശോഭിക്കുന്നവനും കേള്‍ക്കാന്‍ സുഖമുള്ള വാക്കുകള്‍ പറയുന്നവനുമാകണം, എല്ലാ വേദങ്ങളും പഠിക്കണം, നൂറു വയസ്സ് ജീവിക്കണം’ എന്നാണ് ആഗ്രഹമെങ്കില്‍, അവര്‍ മാംസൌദനം ചെയ്യണം, അഥവാ മാംസം ചേര്‍ത്ത് ചോറുണ്ടാക്കി വെണ്ണ കൂട്ടി കഴിക്കണം. അക്ഷം അഥവാ വൃഷഭം ചേര്‍ക്കുന്നതാണ് മാംസൌദനം . എന്നാല്‍ ഫലം സിദ്ധം”.

ഒരു മഹാ ജന്മത്തിനുള്ള ഔഷധം മാംസം ചേര്‍ത്തുള്ള ഭക്ഷണമാണ് ഉപനിഷത്ത് നിര്‍ദേശിക്കുന്നത്. ഈ വാക്യം ആധികാരികമായി തന്നെ വ്യാഖ്യാനിക്കേണ്ടതുണ്ട്. അതിനാല്‍, ശ്രീ ശങ്കരന്‍ എന്ത് പറയുന്നു എന്ന് നോക്കാം. അദ്ദേഹം കുറിക്കുന്നു: “മാംസത്തോട് കൂടിയ ചോറാണ് മാംസൌദനം. ആ മാംസത്തിന്റെ നിയമത്തിനായി പറയുന്നു, ഉക്ഷ സംബന്ധിയായ മാംസം ചേര്‍ത്താകണം. ഉക്ഷമെന്നാല്‍ ഗര്‍ഭാധാന സംബന്ധിയായ പുംഗവം (ഒരു തരം കാള). അതിന്‍റെ മാംസം. അതിനേക്കാള്‍ വയസ്സ് കൂടിയതാണ് ഋഷഭം. അതിന്‍റെ മാംസമാണ് ആര്‍ഷഭ മാംസം.”

ഇവിടെയെത്തിയപ്പോള്‍ മലയാളിയുടെ മാംസവിരോധം പുറത്തു ചാടുന്നത് കാണാം. ശ്രീശങ്കരന്‍റെ പ്രഖ്യാതമായ വ്യാഖ്യാനത്തിനു ചുവട്ടില്‍, അതുവരെ എവിടെയും യാതൊരു വിശദീകരണവും നല്‍കാത്ത അതിന്‍റെ പരിഭാഷകന്‍ ഭട്ടതിരിപ്പാട് ഒരു വിശദീകരണവുമായി  കടന്നുവരുന്നു.! അദ്ദേഹത്തിന്‍റെ വക : “ഋഷഭ മെന്നാല്‍ കാള യെന്നും ഒരു തരം ഓഷധിയെന്നും അര്‍ത്ഥമുണ്ട്. ഉക്ഷാ എന്നതിനെ അഷ്ട വര്‍ഗ്ഗാന്തര്‍ഗ്ഗതമായ ഋഷഭോഷധിയുടെ പര്യായമായും ചിലര്‍ പറഞ്ഞിട്ടുണ്ട്..” 

ഇങ്ങനെയൊരു വ്യാഖ്യാനക്കസര്‍ത്ത് സാധ്യമാക്കാന്‍ അദ്ദേഹം ആദ്യമേ, ഈ മന്ത്രത്തിന് അര്‍ത്ഥഭേദം വരുത്തിയതും കാണാം. പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരും ഇതേ പണി പറ്റിച്ചു. ഉക്ഷവും ഋഷഭവും അങ്ങോര്‍ക്ക് വേറെന്തോ ഔഷധമാണ്!.

എന്നാല്‍, മൃഡാനന്ദ സ്വാമിജി അര്‍ത്ഥം വ്യക്തമായി കൊടുത്തുകൊണ്ട്, വ്യാഖ്യാനത്തില്‍ സാമര്‍ത്ഥ്യം തെളിയിച്ചു. അര്‍ത്ഥം: “.. മാംസത്തോട് കൂടിയ ഭക്ഷണം പാകം ചെയ്ത്, നെയ്യോടു കൂടി രണ്ടുപേരും കഴിക്കണം. .. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”

വിശദീകരണം: “മാംസമെന്നത് ഓഷധിയെന്നും പഴത്തിന്‍റെ ഉള്ളിലെ കഴമ്പ് എന്നും അര്‍ത്ഥമുണ്ട്. പഴച്ചാറോടു കൂടിയ ഭക്ഷണമാണ് മാംസൗദനം. ഋക്ഷമെന്നതും ഋഷഭമെന്നതും ഓരോ തരാം മരുന്നിന്‍റെ പേരായി വാചസ്പത്യമെന്ന സംസ്കൃത നിഘണ്ടുവില്‍ ഉണ്ട്… ഉക്ഷമെന്നാല്‍ കാളക്കുട്ടി , ഋഷഭമെന്നാല്‍ വലിയ കാള- ഇവയുടെ മാംസം ചേര്‍ത്തിട്ടുള്ള ഭക്ഷണ മെന്നും ചിലര്‍ പറയുന്നുണ്ട്.”

മന്ത്രം പത്തൊമ്പത്, ഇരുപത്

‘ഇനി ആര്‍ത്തവം കഴിഞ്ഞു നാലാം ദിവസം വെളുപ്പിനു തന്നെ മണ്പാത്രത്തില്‍ വിധിയനുസരിച്ച് ഹോമദ്രവ്യം തയ്യാറാക്കി സ്വാഹ.. സ്വാഹ.. സ്വാഹ … മന്ത്രം ചൊല്ലി ഹോമദ്രവ്യത്തില്‍നിന്നും  അല്‍പമെടുത്ത് ഭക്ഷിക്കുക. അതിന്‍റെ ഉച്ചിഷ്ട്ടം പത്നിക്ക്‌ കൊടുക്കുക. കൈ രണ്ടും കഴുകിയിട്ട് ജലപാത്രം നിറച്ച് ആ വെള്ളംകൊണ്ട് ഭാര്യയെ മൂന്നു പ്രാവശ്യം അഭിഷേകം ചെയ്യുക. “സ്ത്രീകളില്‍ കുടികൊള്ളുന്ന ദേവതയായ അല്ലയോ വിശ്വാവസോ, എണീറ്റിവിടം വിട്ടു പോകൂ; ഭര്‍ത്താവിനോട് കൂടിയ മറ്റൊരു യുവതിയെ പ്രാപിച്ചുകൊള്ളൂ. ഞാനിതാ ഭാര്യയുമായി സംഗമിക്കാന്‍ പോകുന്നു.”
“തുടര്‍ന്ന് ശയന കാലത്തില്‍ ഈ മന്ത്രം ചൊല്ലി ഭാര്യയെ ആലിംഗനം ചെയ്യുന്നു. “ഞാന്‍ പ്രാണനാണ്‌, നീ വാക്കാണ്‌. വാക്കു നീയാണ്, പ്രാണന്‍ ഞാനാണ്. സാമം ഞാന്‍, ഋക്ക് നീ. സ്വര്‍ഗം ഞാന്‍, ഭൂമി നീ. അതിനാല്‍ നമുക്കൊരുമിച്ചു ബീജത്തെ ധരിക്കാം”.

മന്ത്രം ഇരുപത്തൊന്ന് 

“തുടര്‍ന്ന്‍, ഭാര്യയുടെ രണ്ടു തുടകളെ, ‘ അല്ലയോ സ്വര്‍ഗ്ഗ ഭൂമികളേ, നിങ്ങള്‍ പരസ്പരം അകലുവീന്‍’ എന്ന മന്ത്രം ജപിച്ച്, പരസ്പരം അകറ്റിവെക്കുന്നു. എന്നിട്ട്, ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ സ്വന്തം ജനനേന്ദ്രിയം അര്‍പ്പിച്ചിട്ട് മുഖത്തോടുമുഖം ചേര്‍ത്തുവെച്ച് അവളെ മൂന്നുപ്രാവശ്യം, “വിഷ്ണു നിന്‍റെ യോനിയെ സമര്‍ത്ഥമാക്കിത്തീര്‍ക്കട്ടെ, പ്രജാപതി രൂപനായ എന്നിലൂടെ ബീജം നിന്നില്‍ നിക്ഷേപിക്കുമാറാകട്ടെ, ധാതാവ് നിന്‍റെ ഗര്‍ഭത്തെ കാത്തുസൂക്ഷിക്കട്ടെ, ഒരു ചന്ദ്രക്കല മാത്രം ശേഷിക്കുന്ന അമാവാസിയായ അല്ലയോ ദേവീ, ഗര്‍ഭം ധരിക്കൂ, ഗര്‍ഭം ധരിക്കൂ, നീ അത്യന്തം സ്തുതിക്കപ്പെടുന്നവളാണ്, നിന്‍റെ ഗര്‍ഭത്തെ കിരണങ്ങളാകുന്ന താമര പ്പൂമാല ചാര്‍ത്തിയിട്ടുള്ള സൂര്യ ചന്ദ്ര ദേവതമാര്‍ കാത്തു സൂക്ഷിക്കുമാറാകട്ടെ” എന്ന് ജപിച്ച് അവളുടെ കേശാദിപാദക്രമമനുസരിച്ച് തടവണം.”

(മൃഡാനന്ദ സ്വാമിജിക്ക് ഈ വാക്യത്തെ കുറിച്ച് യാതൊന്നും പറവാനില്ല.?!)

അങ്ങനെ വേദാന്തം/ ‘അറിവിന്‍റെ അവസാനം’ സ്ത്രീയുടെ ഇരു തുടകള്‍ക്കിടയില്‍, യോനി ദളങ്ങള്‍ക്കിടയില്‍ സമഗ്രമായി എരിഞ്ഞടങ്ങുന്നു…സ്വാഹ.. . 


ഉപനിഷത്ത് പാഠങ്ങള്‍ എത്ര ഉന്നതമാണ്; കാലാതിവര്‍ത്തിയാണ്. ഏതു ദേശത്തും ഏതു കാലത്തും ജീവിക്കുന്ന പച്ചയായ സ്ത്രീ പുരുഷ ജീവിതങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ സാരോപദേശങ്ങളും അനുഭവസിദ്ധവുമായ രഹസ്യങ്ങള്‍ അത് ഇന്നും കാത്തു സൂക്ഷിക്കുന്നു. മൃഡാനന്ദ സ്വാമിജി അതിലെ പല മന്ത്രങ്ങള്‍ക്കും അര്‍ത്ഥവും വിശദീകരണവും നല്‍കാതെ ഒളിച്ചു വെച്ചാലും, ശ്രീ നിത്യചൈതന്യയതി അതിലെ പല ശ്ലോകങ്ങള്‍ തന്നെയും വര്‍ജ്ജ്യം എന്ന് ചാപ്പകുത്തി തെമ്മാടി ക്കുഴിയില്‍ തള്ളിയാലും (പുറം 716) , ഉപനിഷത്ത്, വിശിഷ്യാ ബൃഹദാരണ്യകോപനിഷത്ത്, നിത്യാനന്ദ പ്രദായിനിയായി പരിലസിക്കുകതന്നെ ചെയ്യും ..  


ശരിയായ പദം ചേര്‍ത്ത് പൂരിപ്പിക്കുക

………. ബ്രഹ്മാസ്മി.(അഹം, യോനി)Leave a Reply