തിരുനബി സ്വ യുടെ വഫാത്തിനു അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മുഹറം പത്തിന് , മുസ്ലിം സമുദായത്തില്‍ സംഭവിച്ചു പോയ ദാരുണമായ ദുരന്തമാണ് കര്‍ബല. ദുരന്തങ്ങളെ ഓര്‍ത്തു കൊണ്ടിരിക്കുക മുസ്ലിം സമുദായത്തിന്റെ ശീലമല്ല. വിശിഷ്യാ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍. കേവല പതിനാലു പേര് മാത്രം രക്തസാക്ഷികളായ ബദ്ര് പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ആവേശ പൂര്‍വ്വം അയവിറക്കുവാന് ബദര്‍ ദിനങ്ങള്‍ കൊണ്ടാടുന്ന മുസ്ലിം സമുദായത്തില്‍ , എഴുപത് വീര ശുഹദാക്കളുടെ കഥ യുറങ്ങുന്ന ഉഹ്ദ് പോരാട്ടത്തെ അനുസ്മരിക്കാന്‍ ഉഹ്ദ് ദിനാചരണം ഉണ്ടാകാറില്ല..വിശേഷിച്ച്, തിരുനബിയുടെ പ്രിയ പിതൃവ്യന് , ഹാശിമി കു ലത്തില്‍ പിറന്ന പ്രമുഖന് ഹംസ റ വളരെ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഉണ്ടായി ട്ടുപോലും.. എന്നിരിക്കേ, മുഹറം പത്തില്‍ ഓര്‍മ്മയിലെത്തുന്ന അനേകം വീരഗാഥകള്‍ ആവേശത്തോടെ അനുസ്മരിക്കുന്നതിന് പകരം, അന്നേ ദിനം സംഭവിച്ചുപോയ ഒരു ദുരന്തത്തെ വീണ്ടും വീണ്ടും പുറത്തെടുക്കുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ട്.. ആ രാഷ്ട്രീയ താല്പര്യത്തെ സംരക്ഷിക്കാന്‍ പക്ഷേ, ബഹുമാന്യരായ അഹ്ലുല്ബൈത്ത് അംഗം സയ്യിദ് ഹുസൈന് അവര്‍കളെയാണ് അവര്‍ അവഹേളിക്കുന്നത്. ആരാണോ ഹുസൈന് തങ്ങളെയും കുടുംബത്തെയും അതിക്രൂരമായി ചതിച്ചു കൊന്നത്, അവരുടെ പിന്‍ഗാമികളാണ്, ഈ രാഷ്ട്രീയം കളിക്കുന്നത് എന്നതാണ് ഏറെ കൌതുകകരം.
ഇറാന്റെ രാഷ്ട്രീയം..
ശിഈസം ലോകത്ത് പ്രചരിപ്പിക്കയെന്നത് ഭരണ ദൌത്യമായി ഭരണ ഘടനയില്‍ എഴുതിവെച്ച ശിഈ രാഷ്ട്രമായി ഇറാന് മാറിയതിനു ശേഷം, മുഹറത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും ശിഈ വികാരം ക്രമത്തില്‍ കുത്തിവെക്കാനും ഉള്ള ശ്രമങ്ങള്‍ ശക്തമായി. കര്‍ബല അനുസ്മരിക്കുക വഴി രണ്ട് ലക്ഷ്യങ്ങള്‍ നേടാമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഒന്ന്, രാഷ്ട്രീയ സാഹചര്യം ഒത്തുവരുന്നിടങ്ങളില് സുന്നി സമൂഹത്തിനോട് രക്തവിപ്ലവത്തിലൂടെ പ്രതികാരം വീട്ടാന്‍ തയ്യാറുള്ള രക്തദാഹികളായ ആളുകളെ പരുവപ്പെടുത്തി എടുക്കാന്‍ സാധിക്കും. രണ്ട്, അതിന് സാധിക്കാത്ത ഭൂമികയില്‍ കണ്ണീരും കൈലേസുമായി മുഹറം വിലാപം തുടരുകയും ശിയാ വീര്യം കെടാതെ സൂക്ഷിക്കുകയും ചെയ്യാന്‍ സഹായകമാകും.
രക്ത വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കേരളത്തില്‍ ഇറങ്ങിയ രചനയാണ് രക്തസാക്ഷ്യം. അലി ശരീഅത്തിയെന്ന ശിയാ സോഷ്യലിസ്റ്റ് തന്റെ തീവ്രതയുടെ പരകോടിയില്‍ കയറിനിന്ന് ഉത്സര്‍ജ്ജിച്ച ഭീകര കര്‍ബലാ പ്രഭാഷണമാണ് ശഹാദത്ത്/ രക്തസാക്ഷ്യം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ”കൊല്ലുവീന്‍, വയ്യെങ്കില്‍ പോയി ചത്തോ” (If you cant kill, die) എന്ന ഭീകര ആഹ്വാനമാണ് പ്രഭാഷണത്തിന്റെ മര്‍മ്മം. കര്‍ബല ഓര്‍ത്ത് കരഞ്ഞാല്‍ പോരാ, പടക്കളത്തില്‍ ഇറങ്ങി ജീവന് കളയണം. അദ്ദേഹം മുന്നോട്ടു വെച്ച ‘റെഡ്ശീഈസം’ ചോരക്കൊതിയുടെ ദര്‍ശനമായിരുന്നു. ”രക്തസാക്ഷ്യത്തിന്റെ ഉജ്ജ്വല പ്രതീകമായ ആശൂറാ പ്രസ്ഥാനം വെറുമൊരു കരച്ചില് പ്രസ്ഥാനമായി വഴിതെറ്റിക്കപ്പെട്ടിരിക്കുന്നത് എന്തൊരു ദൗര്‍ഭാഗ്യം!” അദ്ദേഹം വിലപിക്കുന്നു: ‘ ശീഈസത്തിന്റെ ചരിത്രത്തിലെ ജീവാധാരമെന്നു പറയാവുന്ന പരമപ്രധാനമായ വശങ്ങളിലൊന്നാണ് രക്തസാക്ഷ്യബോധവും അതിനുള്ള വാജ്ഞയും.”
ഇതങ്ങ് ടെഹ്രാനിലോ ഖുമ്മിലോ പയറ്റാനുള്ളതല്ല, കര്‍ബലയില്‍ നിന്നും ചോരക്കളിക്കുള്ള ആവേശം കണ്ടെത്താന്‍ മലയാളികളോട് വിവര്ത്തകന് സി ഹംസ ആമുഖത്തില്‍ ആഹ്വാനം ചെയ്യുന്നു: ”ഇന്നത്തെ ജീവിതത്തിലെയും സാമൂഹ്യ മണ്ഡലങ്ങളിലെയും ഭീകര യാഥാര്‍ഥ്യങ്ങളോട് കര്‍ബലാ രക്തസാക്ഷികളുടെ മനോവീര്യം സ്വാംശീകരിച്ച് പ്രതികരിക്കാന്‍ സന്നദ്ധമാണോ എന്ന ചോദ്യം ഈ പുസ്തകം വായനക്കാരുടെ മുമ്പില്‍ ഉയര്‍ത്തുന്നു. അല്‍പ്പ സമയം മാത്രം മനസ്സില്‍ തങ്ങുന്ന വിപ്ലവകരമായ ഒരനുഭൂതിയായിരിക്കരുത് ഇതിന്റെ പാരായണം കൊണ്ടുള്ള നേട്ടം” (വിപ്ലവ വീര്യം തലച്ചോറില്‍ അടിച്ചുകയറ്റി ആയുധമെടുത്ത് സ്വയം ചാകാനിറങ്ങണം എന്നര്‍ത്ഥം.)
ഖുമൈനി അധികാരത്തില്‍ വന്നയുടനെ ആഹ്വാനം ചെയ്തതും ലോകവ്യാപകമായി കര്‍ബലയെ പുനരാവിഷ്കരിക്കാനായിരുന്നു. മക്കയിലെ ഹറമില്‍ വെച്ച് തന്നെ അത്തരത്തില്‍ പോര് വിളികള്‍ നടത്താന്‍ അദ്ദേഹം ആളുകളെ വിട്ടു. ഹിജ്ര 1400 മുഹറം ഒന്നിന് ജുഹൈമാനുല്‍ ഉത്തബിയുടെ നേതൃത്വത്തില്‍ മുവ്വായിരം പോരാളികള്‍ ഹറമില്‍ കലാപത്തിനിറങ്ങിയ ഭീകര സംഭവം ഓര്‍ക്കുക. മൂന്നു നാളുകള്‍ക്ക് ശേഷം അവിടത്തന്നെ ഖുമൈനിയുടെ ഫോട്ടോ പൊക്കിപ്പിടിച്ച് മറ്റൊരു സംഘം മുദ്രാവാക്യങ്ങളുയര്‍ത്തി രംഗത്തുവന്നു. ഖുമൈനി തന്റെ അന്ത്യമൊഴി എഴുതിവെക്കുമ്പോഴും കര്‍ബലയുടെ രാഷ്ട്രീയ നേട്ടങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല. ”വിശുദ്ധ ഇമാമുകളുടെ രക്തസാക്ഷിത്വ ദിനങ്ങളിലെ വിലാപച്ചടങ്ങുകളുടെ കാര്യത്തിലും ഒരിക്കലും അലംഭാവം കാണിക്കരുത്; വിശിഷ്യാ മര്‍ദ്ദിതരുടെ പടത്തലവനും രക്തസാക്ഷികളുടെ നേതാവുമായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വ ദിനത്തില്‍. ഇതും ഇമാമുകള്‍ പഠിപ്പിച്ചതാണ്. ഇസ്ലാമിക ചരിത്രത്തിലെ മഹത്തായ വിരേതിഹാസമായ കര്‍ബലയെ ജീവിപ്പിക്കുകയും അതിന്റെ ഓര്‍മ്മ സാഘോഷം പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ പ്പറ്റി ഇമാമുകള്‍ എത്രയാണ് പറഞ്ഞിരിക്കുന്നത് ((ഒരൊറ്റ ഇമാമുകളും ഇത് പഠിപ്പിച്ചിട്ടില്ല, പച്ചക്കള്ളം പറയുകയാണ് ശൈത്വാന്, ലേഖ) അപ്രകാരം തന്നെ, നബി കുടുംബത്തെ ദ്രോഹിച്ചവരെ ശപിച്ചു കൊണ്ടിരി ക്കേണ്ടതിനെ പ്പറ്റിയും..” (ഇമാം ഖുമൈനിയുടെ അന്ത്യമൊഴി/ സി ഹംസ ,പുറം 24)
ഇറാന് (ലോകത്തിലെ സകല ശിയാക്കളും) ഏറ്റവും ഏറെ ഭയക്കുന്നത് സഊദി കേന്ദ്രീകരിച്ചുള്ള വഹാബികലെയാണ്. സുന്നികള്‍ ഭയക്കാന്‍ മാത്രം രാഷ്ട്രീയമായോ ആദര്‍ശ ഉണര്‍വ്വ് കൊണ്ടോ സജ്ജരല്ലെന്ന് ശിയാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ രൂപം കൊണ്ട ശിയാ സംഘം അവരുടെ ‘പദ്ധതി’യില്‍ ഭയം രേഖപ്പെടുത്തുന്നത് വഹാബികളെ കുറിച്ചാണ്. ഹറം ഭരിക്കുന്ന സംഘം എന്നതാണ് ഈ പകയുടെ അടിസ്ഥാന ഹേതു. വഹാബികളില്‍ നിന്നും അതിനാല്‍, അവര്‍ക്ക് ഹറം പിടിച്ചെടുക്കണം. ഇക്കാര്യം, കേരളത്തില്‍ തുടക്കം കുറിച്ച അരീക്കോട്ടെ ഷിയാ സംവിധാനം തുടക്കത്തില്‍ പുറത്തിറക്കിയ ‘കഅബാലയത്തിലെ വിഗ്രഹം’ എന്ന ലഘുലേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. ‘ വിശുദ്ധ കഅബാലയത്തെ കയ്യടക്കി വെച്ചിട്ടുള്ള വൃത്തികെട്ട കൈകളെ തട്ടിമാറ്റി യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ അതിന്റെ സംരക്ഷണം ഏറ്റെടുക്കണം. അത്തരമൊരു ശുഭാവസ്ഥയിലെക്കുള്ള ചൂണ്ടുപലകയാണ് ഇറാനികളുടെ പ്രകടനം”.
ഖുമൈനിയുടെ അന്ത്യമൊഴിയിലും സഊദികളോടുള്ള വിരോധം പൊട്ടിഒലിക്കുന്നതു കാണാം. കര്‍ബലാ അനുസ്മരണത്തില്‍ യസീദിനെയും ഉമവികളെയും സ്വഹാബികളെയും ശപിച്ചാല്‍ മാത്രം പോരാ. : ”ഇമാമുകളുടെ അപദാനങ്ങളും അവരെകുറിച്ചുള്ള വിലാപ കാവ്യങ്ങളും ആലപിക്കുന്ന സദസ്സുകളില്‍.. അല്ലാഹുവിന്റെ വിശുദ്ധ ഹറമിനോട് വഞ്ചനയും അവഹേളനവും കാട്ടുന്ന സൌദീരാജ കുടുംബമുള്‍പ്പടെ (അല്ലാഹുവും മലക്കുകളും പ്രവാചകന്മാരും ഇവരെ ശപിക്കട്ടെ) .. ഈയവസ്ഥ ഹൃദയ സ്പ്രുക്കായി വിവരിക്കുകയും അവരുടെമേല്‍ ശാപകോപങ്ങള്‍ വര്‍ഷിക്കുകയും വേണം. മുസ്ലിംകളുടെ, വിശിഷ്യാ പന്ത്രണ്ടു ഇമാമുകളെ പിന്തുടരുന്ന ശിയാ സമൂഹത്തിന്റെ വ്യക്തിത്വം പരിരക്ഷിക്കുകയും അന്തസ്സ് നിലനിര്‍ത്തുകയും ചെയ്യുന്ന ഇത്തരം രാഷ്ട്രീയ ചടങ്ങുകള്‍ അവരുടെ പരസ്പര ഐക്യത്തിനും ഒരുമയ്ക്കും ഉറപ്പ് നല്‍കുന്നതാണ് എന്നുകൂടി മനസ്സിലാക്കുക..” (ഇമാം ഖുമൈനിയുടെ അന്ത്യമൊഴി/ സി ഹംസ ,പുറം 24)
കര്‍ബലാ അനുസ്മരണം/ ഹുസൈന് ഡേ/ മുഹറം സദസ്സുകള്‍/ വിലാപ പ്രകടനം, ‘കണ്ണീര്’ സദസ്സുകള്‍. ഇവയുടെയെല്ലാം ഗതി എവിടെക്കാണെന്നു തിരിച്ചറിയാന്‍ സുന്നികള്ക്കെങ്കിലും കഴിയേണ്ടതുണ്ട്.. ചില ‘ഭീഷണമായ’ തുടക്കങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നു..
കൂടുതല്‍ വായനക്ക്:
ഹുസൈന് കുടുംബവും യസീദും
യസീദ്: മൗനം ഭൂഷണം
https://salihnizami.blogspot.com/2018/09/blog-post.html
Unknown
says:Good
ഐന്മീം
says:informative article