സമത്വവും നീതിയും ഒന്നല്ല.
സമത്വം പ്രായോഗികവുമല്ല.
കാരണം അത് പ്രാപഞ്ചികമല്ല.
സാമൂഹ്യശാസ്ത്രമോ നരവംശ ശാസ്ത്രമോ ഇത് നിരാകരിക്കില്ല.
പ്രപഞ്ച കര്‍ത്താവിന്‍റെ നിയമസംഹിതയും.

മനുഷ്യരെല്ലാം സമന്മാരല്ല. സ്ത്രീ പുരുഷ വൈജാത്യം മാത്രമല്ല, ശരീര ഘടന, ആരോഗ്യം+ശക്തി , അറിവ്+ കഴിവ് , സമ്പത്ത്, സാമൂഹ്യപദവി, ഭക്തി+ സദാചാരം, തൊഴില്‍, സ്വഭാവം, ശീലം, അഭിരുചി തുടങ്ങിയ വൈജാത്യങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ട്. മനുഷ്യന്‍ ഹോമോസാപ്പിയന്‍സ് എന്ന നിലയ്ക്ക് പരസ്പരം പൊരുത്തമുള്ളവരാണ്. ശരീരം, ആത്മാവ്, മനസ്സ്, ശിരസ്സ്, പഞ്ചേന്ദ്രിയങ്ങള്‍, ആന്തരിക അവയവങ്ങള്‍, കൈകാലുകള്‍, പ്രത്യുല്പാദന രീതി… ഇങ്ങനെയിങ്ങനെ.. അതായത്, ആദമിന്‍റെ പുത്രന്മാര്‍ എന്ന നിലയ്ക്ക് വംശീയമായ പൊരുത്തം ഉണ്ടെന്നല്ലാതെ , മനുഷ്യര്‍ വ്യത്യസ്തരാണ്. പല കാരണങ്ങളാല്‍..

മനുഷ്യര്‍ വിവിധ തട്ടുകളില്‍ ആവുകയെന്നതാണ് പ്രകൃതിയുടെ തേട്ടം. എല്ലാവരും ഒരുപോലെ, എല്ലാവര്‍ക്കും ഒരുപോലെ, എല്ലാവരും തമ്മിലും ഒരുപോലെ എന്ന മുദ്രാവാക്യങ്ങള്‍ കേവല ഉട്ടോപ്യന്‍ സ്വപ്‌നങ്ങള്‍ മാത്രമാണ്.മാനവ ചരിത്രത്തില്‍ ഇന്നുവരെ സാധിക്കാത്തത്, ഇനിയും സാധിക്കാത്തത്.

ഓരോ മനുഷ്യനും അവനവന്‍റെ കര്‍മ്മഫലം മാത്രമല്ല ഭൂമിയില്‍ അനുഭവിക്കുക. മനുഷ്യര്‍ സാമൂഹ്യ ജീവിയാണ് എന്ന് വരുമ്പോള്‍ ഇക്കാര്യം കൂടി അതിനകത്ത് വരുന്നു. ഒരാളുടെ പൈതൃക- താവഴി അയാളുടെ ഐഡന്റിറ്റിയെ അടയാളപ്പെടുത്തും. ബന്ധുക്കളുടെ നടപ്പും ചരിതവും ഒരാളുടെ വ്യക്തിത്വത്തെ വിലമതിക്കാനും അവമതിക്കാനും കാരണമാകും. താന്‍ ഒരു തികഞ്ഞവന്‍ എന്നൊരാള്‍ക്ക് തലയുയര്‍ത്തി പറയാന്‍ കഴിയണമെങ്കില്‍, അയാളുടെ വേരും ‘പൊക്കിള്‍കൊടി’യും പരിശോധിക്കണം. കുടുംബം, ബന്ധുക്കള്‍ , കുലം, വംശം എന്നിവയെല്ലാം പരിഗണിക്കുന്നതിന് കാരണം അതാണ്‌.. അവരുമായുള്ള മനുഷ്യ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടതും നിര്‍വചിക്കപ്പെട്ടതും അതിന്‍റെ അടിസ്ഥാനത്തിലാണ്.  മനുഷ്യരെ ഒരു വൃക്ഷമായി കണ്ടാല്‍, അതിന്‍റെ തായ് വേര് തന്‍റെ നേര്‍ക്കുനേര്‍ ഉള്ള വേരും, അനുബന്ധ വേരുകള്‍ ബന്ധുക്കളും ആയിക്കാണാം. അവയാണ് ആ വൃക്ഷത്തിന്‍റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്. വര്‍ഗ്ഗം കൊണ്ട് വൃക്ഷമാണെങ്കിലും എല്ലാ വൃക്ഷവും ഒരേ വംശമല്ല, ഒരേ കുടുംബമല്ല, കുലമല്ല, ഒരേ വ്യക്തിത്വമല്ല. ജന്തു വര്‍ഗ്ഗത്തെ എടുത്താലും ഇതുതന്നെ അവസ്ഥ.

മനുഷ്യനെ ഇപ്രകാരം സൃഷ്ടിച്ച പ്രപഞ്ച കര്‍ത്താവ്, ജീവിത നിയമം പഠിപ്പിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച പൊരുത്തത്തെയും പൊരുത്തക്കേടുകളെയും പരിഗണിച്ചിട്ടുണ്ട്.

വിവാഹത്തിലെ പൊരുത്തവും ജാതിയും
===========

വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആജീവനാന്ത ബന്ധമാണ്. ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് അയാളുടെ വേരും ചുറ്റുപാടുകളും ആണ്. അതിനാല്‍ തന്നെ, വിവാഹം ഇണയും തുണയും തമ്മിലുള്ള ബന്ധത്തിനപ്പുറം രണ്ട് വേരുകള്‍ തമ്മിലുള്ള, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള, രണ്ട് ബന്ധുക്കള്‍ തമ്മിലുള്ള, രണ്ട് ചുറ്റുപാടുകള്‍ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം സുദൃഡമാകാന്‍ ആവശ്യമായ കരുതിവെപ്പുകള്‍ ഇരു പക്ഷത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. മനുഷ്യാനുഭവങ്ങള്‍ മുന്നില്‍ വെച്ചു കൊണ്ട് മനുഷ്യര്‍ക്ക്‌ തന്നെ ബോധ്യമായ സംഗതികള്‍ക്കൊപ്പം അരുതാത്ത ബന്ധങ്ങള്‍, സാധുവാകാത്ത ബന്ധങ്ങള്‍, അനുവാദം ഉണ്ടെങ്കിലും അനുചിതമായ ബന്ധങ്ങള്‍, അനുവദനീയമായ ഉത്തമമായ ബന്ധങ്ങള്‍ ഏതെല്ലാമെന്ന് മനുഷ്യരുടെ കാരുണ്യവാന്‍ ആയ തമ്പുരാന്‍ മുന്‍കൂട്ടി വഴി കാണിച്ചു. ദമ്പതികളുടെ ജീവിത സുരക്ഷയാണ് അതിന്‍റെ മര്‍മ്മം. വിശേഷിച്ചും പെണ്‍കുട്ടിയുടെ രക്ഷിതാവാണ്‌ ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.  അരുതാത്ത/ അസാധുവായ ബന്ധങ്ങള്‍ മാത്രമാണ് മതത്തിന് നിയന്ത്രിക്കാന്‍ കഴിയൂ. അനുവദനീയമായ ഏതു രൂപവും ആര്‍ക്കും ചെയ്യാം. അവനവന്‍റെ ഇഷ്ടംപോലെ. കൂടുതല്‍ നല്ല ബന്ധങ്ങള്‍ ആയിരിക്കാന്‍ ശ്രമിക്കേണ്ടത് ഓരോരുത്തരുടെയും ജാഗ്രതാബോധം അനുസരിച്ചാണ്..

വിവാഹ ബന്ധത്തില്‍ സുപ്രധാനമായി കാണുന്ന ഒരു സുരക്ഷാ നിര്‍ദ്ദേശമാണ് കഫാഅത്ത് അഥവാ ദമ്പതികളുടെ പരസ്പര പൊരുത്തം. പൊരുത്തം ഉറപ്പുവരുത്തേണ്ടത് പെണ്‍കുട്ടിയുടെ അഥവാ അവളുടെ രക്ഷിതാവിന്‍റെ കടമയാണ്. പൊരുത്തക്കേട് വിവാഹത്തിന്‍റെ സാധുതയെ ബാധിക്കില്ലെങ്കിലും അപമാനം തടുക്കാനും ബന്ധം ഊട്ടിയുറപ്പിക്കാനും വേണ്ടി പൊരുത്തം പരിഗണിച്ചു പ്രവര്‍ത്തിക്കണം.. കാര്യബോധമുള്ള പെണ്‍കുട്ടിയുടെ  അനുവാദം ഉണ്ടെങ്കില്‍ അവളുടെ രക്ഷിതാവിന് പൊരുത്തം അവഗണിക്കാവുന്നതാണ്..

ഇണകളുടെ വൈക്തികമായ യോഗ്യതകള്‍, അവരുടെ കുടുംബപരമായ യോജിപ്പുകള്‍, അവരുടെ തൊഴില്‍ അഥവാ സമ്പാദ്യമാര്‍ഗ്ഗം സംബന്ധമായ നിലവാരപ്പൊരുത്തം എന്നിക്കാര്യങ്ങള്‍ പൊരുത്തപരിശോധനയില്‍ കടന്നുവരുന്നു.
വരന്‍റെ വ്യക്തിപരമായ യോഗ്യതകളില്‍ മുഖ്യം നല്ല നടപ്പ് തന്നെ. അവിശ്വാസിയും വിശ്വാസിനിയും തമ്മിലുള്ള വിവാഹം സാധുവല്ല. അധര്‍മ്മിയായ വരന്‍ സദാചാരിയായ ഒരുത്തിക്ക് യോജിക്കില്ല. ആരോഗ്യ സ്ഥിതിയാണ് മറ്റൊന്ന്. ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ അറപ്പ് ഉണ്ടാക്കുന്ന രോഗമുള്ള ഒരുത്തനെ അതില്ലാത്തവള്‍ക്ക് യോജിക്കില്ല. ആ വക രോഗമുള്ളവള്‍ക്കും അനുയോജ്യമല്ല. അവളില്‍ അതുണ്ടെങ്കിലും താനുമായി അടുത്തിടപഴകുന്ന ഭര്‍ത്താവില്‍ അത് കാണുമ്പോള്‍ സ്വാഭാവികമായ അറപ്പും വെറുപ്പും ഉണ്ടാകും. പെണ്ണിന് അതിഷ്ടമല്ലെങ്കില്‍ ഒഴിവാക്കണം. കാരണം, അവളുടെ ഇഷ്ടമാണ് പൊരുത്തത്തില്‍ പ്രധാനം.

മത പണ്ഡിതയെ കെട്ടാന്‍ ഒരു ജാഹിലിന് യോഗ്യതയില്ല. അവള്‍ ഏതു താഴ്ന്ന കുലത്തില്‍ പിറന്നവള്‍ ആണെങ്കിലും ശരി. ജാഹില്‍ എത്ര ഉന്നത കുടുംബത്തിലെ മോനാണെങ്കിലും ശരി.
ലിംഗം മുറിഞ്ഞവന്‍, ഉദ്ധാരണശേഷി ഇല്ലാത്തവന്‍  യോജിപ്പില്ലാത്തവനായി ഗണിക്കപ്പെടുന്നു.. പെണ്ണിന് വേണമെങ്കില്‍ അവനെ  സ്വീകരിക്കാം. അന്ധത, അംഗ വൈകല്യം, വൈരൂപ്യം എന്നിവ പൊരുത്ത ചര്‍ച്ചയില്‍ വരുന്നില്ല. തനി കിഴവന്‍ യുവതിക്ക് ചേരില്ലെന്ന ഒരു അപ്രബല പക്ഷമുണ്ട്.
അടിമത്തമാണ്‌ മറ്റൊരു വിയോജിപ്പ്‌. സ്വതന്ത്ര സ്ത്രീക്ക് അടിമചെക്കന്‍ ചേരില്ല. അടിമത്തം ഇപ്പോള്‍ ഇല്ല, മോചിതനായിട്ടുണ്ട്, താനല്ല തന്‍റെ പിതാവായിരുന്നു അടിമ എന്ന് വന്നാലും ഇതുതന്നെ വിധി. ഇവിടെ വ്യക്തിയുടെ കാര്യം അവന്‍റെ വേരുകളിലേക്ക് നീളുന്നു..

പാരമ്പര്യം (പിതൃവഴി മാത്രമേ പരിഗണിക്കൂ) പരിശോധിച്ച് യോജിപ്പ് കണ്ടെത്തുമ്പോള്‍ മുസ്ലിമായിട്ട് എത്ര പഴക്കമുണ്ടോ അതിനനുസരിച്ച് ആ കുടുംബത്തിന് മാര്‍ക്ക് കൂടും, പരിഗണനയും. മുസ്ലിം പിതാവിന് പിറന്ന പെണ്‍കുട്ടിക്ക് ജന്മനാ മുസ്ലിമല്ലാത്ത പയ്യന്‍ ഫിറ്റല്ല. പൂസ്ലാന്‍മാരോട്  ജാതീയമായി സമീപിക്കുന്നതായി ചിലര്‍ പരാതിപ്പെടുന്നത് ഇതിനെക്കുറിച്ചായിരിക്കണം. പൂസ്ലാന്‍ എന്നതിന്‍റെ പര്യായമായി  ‘മുക്കുവന്‍’ മാറി. മലബാര്‍ ദേശത്തെ മുക്കുവന്മാരില്‍ നല്ലൊരു വിഭാഗം സാമൂതിരി ഭരണ കാലത്തെ ‘പുതു മുസ്ലിംകള്‍’ ആണെന്നത് കൊണ്ടായിരിക്കണം ഇങ്ങനെ വ്യവഹരിക്കപ്പെട്ടത്. സത്യത്തില്‍ മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ചവരോടുള്ള സമീപനം ആയിരുന്നില്ല അത്. കടല്‍ തീരപ്രദേശങ്ങളിലാണ് കേരളത്തിലെ പാരമ്പര്യ മുസ്ലിംകള്‍ കൂടുതല്‍ നിവസിക്കുന്നത്. കിഴക്കോട്ടു പോകുന്തോറും പൂസ്ലാന്മാര്‍ കൂടുന്നു.

ഒരു വിജ്ഞാന സദസ്സില്‍ നേരത്തെ എത്തി മുന്നില്‍ തന്നെ ഇരിപ്പിടം ലഭിച്ചവന്, സംഘ നിസ്കാരത്തിന് നേരത്തെ വന്ന് ഇമാമിനോട്‌ കൂടുതല്‍ അടുത്തുള്ള വരിയില്‍ സ്ഥലം പിടിച്ചവന് ലഭിക്കുന്ന മഹത്വം സുവിദിതമാണല്ലോ. അതുപോലെയാണ്, ഇസ്ലാമിക വിശ്വാസം ഏറ്റെടുക്കുവാന്‍ നേരത്തെ അവസരം ലഭിച്ചവന് കല്പിക്കുന്ന മഹത്വം. ഓരോ പഴയ മുസ്ലിമിനും പിന്നീട് വന്ന പുതിയ മുസ്‌ലിം പൂസ്ലാന്‍ ആണെന്ന് ഓര്‍ക്കണം. അതായത്, പൂസ്ലാന്ന് ജനിക്കുന്ന മക്കള്‍ പാരമ്പര്യ മുസ്‌ലിം ആയി പരിഗണിക്കപ്പെടുന്നു. പൂസ്ലാന്മാര്‍ കാലക്രമേണ പാരമ്പര്യ മുസ്ലിം ആയിമാറുന്നു. ഈ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും. അല്ലാതെ പൂസ്ലാന്‍ എന്നത് ഒരു ജനവിഭാഗത്തിന്‍റെ ഒഴിഞ്ഞു പോകാത്ത ജാതിപ്പേരല്ല. സത്യവിശ്വാസത്തിന്റെ പരിശുദ്ധി മുന്നേത്തന്നെ അനുഭവിക്കുന്ന ജീനും രക്തവും കൂടുതല്‍ മഹത്വം ഉള്ളതു തന്നെയായിരിക്കും. രക്തവും ജീനും കൈമാറ്റം ചെയ്യപ്പെടുന്ന/ സങ്കലനം ചെയ്യപ്പെടുന്ന വിവാഹ ബന്ധത്തില്‍ ഇസ്ലാമിക പാരമ്പര്യത്തിന് മേന്മ കല്‍പിച്ചത്‌ യുക്തിസഹമാണ്. ഇതും പെണ്ണിന് വേണേല്‍ അവഗണിക്കാം.
ഇതുപോലെത്തന്നെ, അറബി വംശജയെ കെട്ടാന്‍ അനറബി പുരുഷന്‍ പോരാ. അതിനാല്‍ ഇന്ത്യക്കാരന് ഒരറബി വനിതയെ വേള്‍ക്കാന്‍ ആഗ്രഹിച്ചാല്‍ ‘അന്തസ്സ്’ ഉള്ളവര്‍ അതിനു കൂട്ടാക്കില്ല. അതേസമയം , അറബി ഒരു മലബാരി പെണ്ണിനെ കെട്ടിയാലോ, അവളുടെ മക്കള്‍ക്ക് അറബി മഹത്വം ലഭിക്കുകയും ചെയ്യും. ഇതൊരു വംശീയതയാണോ?! പൂസ്ലാനെ ‘രണ്ടാം പൌരനാക്കി’ എന്ന് പരാതിപ്പെടുന്നവര്‍ അറബികള്‍ക്ക് ഇസ്ലാം കല്പിക്കുന്ന മഹത്വത്തെ വംശീയത എന്നും ആരോപിച്ചേക്കാം. പക്ഷേ, ഇസ്ലാമിക നിയമം അതാണ്‌. മനുഷ്യരിലെ വംശ വൈജാത്യത്തെ അല്ലാഹുവിനു നന്നായറിയാം. ഇതും വിവാഹത്തിന്‍റെ സാധുതയെ ബാധിക്കുന്ന കാര്യമല്ല.

ഇവിടെയൊരു സംശയം ഉയരാം. “അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല” എന്ന തിരുപ്രസ്താവനയുണ്ടല്ലോ?! അതെ. അത് അറബികളുടെ വംശീയ മഹത്വം നിഷേധിക്കുകയല്ല. തുടര്‍ന്ന് പറയുന്ന ഭക്തിയാണ് മഹത്ത്വത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്ന് പഠിപ്പിക്കുകയാണ്. അതായത്, ഭക്തിയില്ലെങ്കില്‍ അറബിയായാലും പരിഗണിക്കില്ലെന്ന്..

അറബികളില്‍ തന്നെ കുല മഹിമയില്‍ ഉന്നതരാണ് ഖുറൈശികള്‍. ഖുറൈഷി പെണ്ണിന് ഖുറൈശി അല്ലാത്ത ഒരു അറബി ചേരില്ല. വീണ്ടും മഹത്വത്തിന്റെ വൃത്തം ചുരുങ്ങുന്നു: ഖുറൈശികളിലെ ബനൂഹാശിം, ബനൂ മുത്വലിബ്  തറവാട്ടുകാരിയെ പരിണയിക്കാന്‍ മറ്റു ഖുറൈശി തറവാട്ടുകാര്‍ കൊള്ളില്ല. ഇത്തരത്തിലുള്ള മനുഷ്യമഹത്വ ശ്രേണിയും ‘സംവരണ’വും അല്ലാഹു നിശ്ചയിച്ചതാണ്. നബി സ്വ പറയുന്നു: അല്ലാഹു അറബികളില്‍ കിനാന വിഭാഗത്തെ തിരഞ്ഞെടുത്തു, അവരില്‍ നിന്നും ഖുറൈഷികളെ തെരഞ്ഞെടുത്തു, അവരില്‍ നിന്നും ബനൂ ഹാഷിമിനെയും.” (മുസ്‌ലിം). മനുഷ്യരെ ജന്മനാലുള്ള മഹത്വത്തില്‍ സമന്മാരായി കാണുന്നില്ലെന്ന് വ്യക്തം.

ഈ വംശീയ/ കുലപര വിഭജനം അറബികളില്‍ ഒതുങ്ങുന്നില്ല. അറബേതര സമൂഹത്തിലും ഇത് മാതൃകയാക്കാം. ഇസ്രയേലീ പാരമ്പര്യമുള്ള മുസ്ലിം സ്ത്രീക്ക് ഖിബ്തി ചെക്കന്‍ ചേരില്ല. പേര്‍ഷ്യക്കാരി പെണ്‍കുട്ടിയെ കെട്ടാന്‍ ഇന്ത്യക്കാരന്‍ പോരാ. അതിനാല്‍, പേര്‍ഷ്യന്‍ പാരമ്പര്യമുള്ള ഇന്ത്യന്‍ മുസ്ലിംകള്‍ അത്ര പാരമ്പര്യ മഹത്വമില്ലത്ത ഇന്ത്യക്കാരന് പെണ്‍കുട്ടികളെ കെട്ടിക്കാറില്ല. ഇത് കേരളത്തിന് പുറത്ത് ‘ജാതീയത’യായി തെറ്റുദ്ധരിക്കപ്പെട്ടു. കേരളത്തില്‍ ജീവിക്കുന്ന അറബ് രക്തമുള്ള കുടുംബങ്ങള്‍ മലബാരിക്ക് മകളെ നല്‍കാത്തത് ജാതീയതയല്ല. പറഞ്ഞല്ലോ, ഈ പൊരുത്ത പ്പരിശോധന വിവാഹം സാധുവാകാനുള്ള അനിവാര്യതയല്ല. പെണ്‍കുട്ടിയുടെ സാമൂഹ്യ മഹത്വം കാത്തു സൂക്ഷിക്കുന്ന കരുതല്‍ ഉപദേശം മാത്രമാണ്. ഇത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പരമാധികാരം പെണ്ണിന് തന്നെയാണ്.

നല്ലനടപ്പ്‌ മുഖ്യ യോഗ്യതയാണെന്ന് മുകളില്‍ പറഞ്ഞു. വരന്‍റെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല, അവന്‍റെ പിതാക്കന്മാരിലേക്കും നല്ല നടപ്പ് പരിശോധന നീളും. പാരമ്പര്യമായി വന്‍ ദോഷങ്ങള്‍ പരസ്യമായി ചെയ്യാറുള്ളവര്‍ ആണെങ്കില്‍, അത്തരമൊരു കുടുംബത്തിലേക്ക് പെണ്കുട്ടിയെ പറഞ്ഞയക്കരുതെന്നാണ് ഇസ്ലാം ഉണര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ പ്രീതിയില്ലാതെ വല്ല ബാങ്കുദ്യോഗസ്തന്നോ മദ്യപാനിക്കോ കൂട്ടിക്കൊടുപ്പുകാരന്നോ മറ്റോ കെട്ടിച്ചയക്കാന്‍ രക്ഷിതാക്കള്‍ക്ക് അധികാരമില്ല. ദുര്‍ന്നടപ്പില്‍ പ്രധാനമാണ് പുത്തന്‍ വിശ്വാസം. ഉമര്‍ ഖാസി പറഞ്ഞപോലെ, ഒരു സുന്നി പെണ്‍കുട്ടിയെ ബിദ് അത്തുകാരന് കെട്ടിച്ചയക്കുന്നത് ‘പൊരുത്ത’മില്ലാത്ത പണിയാണ്.

പൊരുത്ത നിര്‍ണ്ണയത്തില്‍ വരന്‍റെ വരുമാനമാര്‍ഗ്ഗം/തൊഴില്‍ ഒരു ഘടകമാണ്. ഉയര്‍ന്ന ‘ക്ലാസ്’ ജോലി യുള്ളവന്റെ പുത്രിയെ ‘നാലാം ക്ലാസ്’ ജോലിയുള്ളവന് യോജിക്കില്ല. പണ്ഡിത/ഖാസി കുടുംബത്തിലെ പെണ്ണിന് പലചരക്ക് വില്പനക്കാരനോ തുണി വ്യാപാരിയോ പോരാ. (പണ്ഡിതന്‍/ ഖാസി ദുര്‍ന്നടപ്പുകാരന്‍ ആണെങ്കില്‍ അറിവിന്‌ കല്പിച്ച ആ മഹത്വം പരിഗണിക്കില്ല.) ഇവരുടെ മകളെ കെട്ടാന്‍ ടൈലര്‍ യോജിക്കില്ല.  ടൈലറുടെ മകളെ കെട്ടാന്‍ സ്വീപര്‍ ചെക്കനോ ബാര്‍ബറോ ഗേറ്റ്മാനോ ധോബിയോ ഇടയനോ ആഗ്രഹിക്കുന്നുവെങ്കില്‍ പെണ്ണ് സമ്മതിക്കണം. അതിനര്‍ത്ഥം, ഇതൊരു ജാതീയ വിഭജനമല്ല എന്നതാണ്. ജോലികളെ ഒന്നാംതരം മുതല്‍ പത്താം തരം വരെ തട്ടാക്കുന്ന സമ്പ്രദായം ഏതു സമൂഹത്തിലും കാണും. ഉന്നത ജോലിക്കാരന്‍ താഴ്ന്ന ജോലിയിലേക്ക് താഴുന്നതും താഴ്ന്ന ജോലിക്കാരന്‍ ഉയര്‍ന്ന ജോലിയിലേക്ക് ഉയരുന്നതും സംഭവ്യമാണ്. അതോടെ അവരുടെ പദവി മാറുകയും ചെയ്യുന്നു. അതത്രേയുള്ളൂ. വിവാഹത്തിന്‍റെ സാധുതയെ ബാധിക്കായ്കയാല്‍ വിവാഹാനന്തരം സംഭവിക്കുന്ന തൊഴില്‍ രംഗത്തെ ഉയര്‍ച്ച താഴ്ചകള്‍ ഒരു ചോദ്യമായി അവശേഷിക്കുന്നില്ല. കൃഷിയും കച്ചവടത്തെയും ഉന്നത ജോലികളായി കണക്കാക്കുന്നു. നേര്‍ക്കുനേര്‍ നജസുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ( കശാപ്പ്, ടോയിലെറ്റ് ക്ലീനിംഗ്) ചെയ്യുന്നവര്‍ അത് ചെയ്യാത്ത വ്യക്തിയുടെ മകള്‍ക്ക് യോജിപ്പില്ല. മുസ്ലിംകള്‍ അവരുടെ അന്തസ്സ് ഉയര്‍ത്താന്‍ ശ്രദ്ധിക്കേണ്ടവര്‍ ആയതിനാല്‍, സമൂഹം പൊതുവേ താഴ്ന്നതെന്ന് കണക്കാക്കുന്ന ജോലികള്‍ ഒഴിവാക്കി ഉയര്‍ന്ന ജോലികളിലേക്ക് ഉയരാനാണ് ശ്രമിക്കേണ്ടത്.

മുന്‍കാലങ്ങളില്‍ പദവി കല്‍പിച്ചു പോരുന്ന ഈ തൊഴിലുകള്‍ അല്ലാത്ത തൊഴിലുകള്‍ക്ക് പദവി കണക്കാക്കേണ്ടത് അതതു കാലത്തെ , ദേശത്തെ നാട്ടു നടപ്പാണ്. സര്‍ക്കാര്‍ തിരിച്ചിട്ടുള്ള തൊഴില്‍ പദവി വിഭജനം ഒരു മാനദണ്ഡമായി എടുക്കാം.

ഇന്ന് കമ്പോളത്തില്‍ കാണുന്നപോലെ സൗന്ദര്യം, ധനം. വ്യാജ ആഭിജാത്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവാഹ ബന്ധങ്ങള്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല.. എന്നാല്‍ അത് തടയുന്നുമില്ല. നിരുല്‍സാഹപ്പെടുത്തുക മാത്രം. തികച്ചും വിവാഹ സംബന്ധമായ കര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ പഠിപ്പിക്കുന്ന, കേരളീയ മുസ്ലിംകളുടെ ഇസ്ലാമിക കര്‍മ്മങ്ങള്‍ രൂപീകരിച്ച ഫത്ഹുല്‍ മുഈന്‍ പറയുന്നത്, “ധന വിശാലത പൊരുത്ത കാര്യത്തില്‍ പരിഗണിക്കപെടില്ല എന്ന നിലപാടാണ് കൂടുതല്‍ ശരി, കാരണം, ധനം മാഞ്ഞു പോകുന്ന നിഴല്‍ മാത്രമാണ്; മാന്യന്മാരും അകക്കണ്ണ്‍ഉള്ളവരും ധനം കാണിച്ച് ഗര്‍വു കാണിക്കില്ല” എന്നത്രേ. അതിസുന്ദരിയെ വിവാഹം ചെയ്യുന്നത് അനുചിതമായിട്ടാണ് കാണുന്നത്.

പെണ്ണിന്‍റെ ജീവിത സുരക്ഷിതത്വത്തിനും സാമൂഹ്യ അന്തസ്സിനും നിര്‍ദ്ദേശിച്ച ഈ കരുതല്‍ നടപടികള്‍ പക്ഷേ , മനുഷ്യരെ അവജ്ഞയോടെ കാണാനും ദുരാഭിജാത്യം കാണിക്കാനും ചിലര്‍ ദുരുപയോഗപ്പെടുത്തിയതിന് മതമോ മത നേതൃത്വമോ ഉത്തരവാദിയല്ല. മഹിത പാരമ്പര്യം കാണിച്ച് നിഗളിക്കാനും മറ്റുള്ളവരെ അധമരായി അവജ്ഞയോടെ കാണാനും തുടങ്ങിയ ചില തറവാടികളെ ഉമര്‍ ഖാസി നിശിതമായി ആക്രമിച്ചത് ചരിത്രം. “തറവാട് മഹിമ പറഞ്ഞ് അഹന്ത കാണിക്കുന്ന മനുഷ്യാ, എന്തുവകയിലാണ് നീ അങ്ങനെ ദുരാഭിജാത്യം പ്രകടിപ്പിക്കുന്നത്! നിന്‍റെ പൂര്‍വ്വികര്‍ തിയ്യരോ നായരോ ആശാരിയോ മൂശാരിയോ മണ്ണാനോ പറയരോ.. അല്ലായിരുന്നോ?!”.

മത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്ന ജനങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. മരുമക്കത്തായ സമ്പ്രദായം ഉദാഹരണം. സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ എഴുതിയതെന്ന് കരുതുന്ന തുഹ്ഫയില്‍ പോലും അക്കാലത്തെ മരുമക്കത്തായ സമ്പ്രദായത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഉലമാക്കള്‍ പലരും അതിനെതിരെ പട പൊരുതുകയുണ്ടായി. എന്നിട്ടും, മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബിന്‍റെ ജീവ ചരിത്രത്തില്‍ കാണുന്നപോലെ, ചില ‘തറവാടികള്‍’ അതുപേക്ഷിക്കാതെ ദുരഭിമാനപൂര്‍വ്വം അത് നിലനിര്‍ത്തുകയായിരുന്നു.

പൂസ്ലാന്മാരോടും ഒസ്സാന്മാരോടും മുസ്ലിം പാമര ജനങ്ങള്‍, അവരില്‍ പലരും ഉയര്‍ന്ന തറവാടികള്‍ ആകാം, ചിലരെങ്കിലും തികഞ്ഞ അവജ്ഞയോടെ പെരുമാറിയിട്ടുണ്ട് എന്ന ചരിത്രാനുഭവം അനിഷേധ്യമാണ്. പക്ഷേ, ഒരു മതത്തിന്‍റെ/ പ്രത്യയ ശാസ്ത്രത്തിന്‍റെ ആധികാരിക നേതൃത്വം എന്ത് പറയുന്നു എന്ന് മനസ്സിലാക്കാതെ പ്രസ്ഥാനത്ത്തിന്‍റെ നെഞ്ചത്തേക്ക് വെടിവേക്കുന്നത് ശരിയായ സമീപനമല്ല. അതോടൊപ്പം, മത നിയമങ്ങളെയും അതിലടങ്ങിയ പൊരുളുകളെയും ശരിയായ സ്രോതസ്സില്‍ നിന്നും മനസ്സിലാക്കാതെ, ഇസ്ലാമിനെയും സമൂഹത്തെയും സോഷ്യലിസ്റ്റ് ചിന്തയുടെ പരിമിതികളിലേക്ക്‌ ചുരുട്ടി ഒതുക്കാന്‍ ശ്രമിക്കുന്നതും നല്ല രീതിയല്ല. ഒരുതരം കീഴടങ്ങലിന്‍റെ ദൈന്യത അവരുടെ മുഖത്ത് പ്രകടമാണ്. ‘ചെരുപ്പിനൊപ്പിച്ച് കാല്‍ കഷണിക്കുന്ന’ അവിവേകമാണ് അവരുടെ ആ ‘വീരകൃത്യങ്ങൾ..

Leave a Reply