രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ശിഈ സംഘം മുസ്ലിംകള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു പോന്നു. ബനൂ ഹാശിം, ബനൂ ഉമയ്യത്ത് തമ്മിലുള്ള സംഘട്ടനമായി എല്ലാം വ്യാഖ്യാനിച്ചു. അതിനുവേണ്ടി ചരിത്രങ്ങള്‍ നിര്‍മ്മിച്ചു, അതിലേറെ ഹദീസുകളും കൂടെ ഖുറാന്‍ ദുര്‍വ്യാഖ്യാനങ്ങളും. കര്‍ബലയെ കാണിച്ചാണ് ഇസ്ലാമിക സമൂഹത്തെ പിളര്‍ത്താന്‍ അവര്‍ രാഷ്ട്രീയവ്യാഖ്യാനങ്ങള്‍ പടച്ചത്. മുആവിയ റ ന്റെ  പുത്രന്‍ യസീദിനെ പ്രതിയാക്കി ആരംഭിക്കുന്ന പൊളിട്രിക്‌സ് (പൊളി= കള്ള) പക്ഷേ ഒരുകാലത്തെയും അഹ്ലുല്‍ ബൈത്ത് സാദാത്തുക്കള്‍ അംഗീകരിച്ചു കൊടുത്തില്ല. കര്‍ബലയ്ക്കു ശേഷം യസീദ്മായും ബനൂ ഉമയ്യത്തുമായും അഹ്ലുല്‍ ബൈത്ത് പ്രമുഖര്‍ തുടര്‍ന്നുവന്ന മാതൃകാപരമായ അടുപ്പം ശിയാ രാഷ്ട്രീയ താല്‍പര്യങ്ങളെ തെല്ലൊന്നുമല്ല ദുര്ബ്ബലമാക്കിയത്.
സ്വഹാബികളില്‍ അപ്രധാനിയല്ലാത്ത മുആവിയ റ ന്റെ പുത്രനാണ് യസീദ്. ഖുറൈശികളില്‍ പ്രമുഖരും ഉന്നത ‘അധികാര സ്ഥാന’ ങ്ങളില്‍ നബി സ്വ അവരോധിക്കുകയും ചെയ്ത ബനൂ ഉമയ്യക്കാരില്‍പെട്ട അബൂസുഫയാന്റെ പുത്രനാണ് മുആവിയ. ഖുറൈശി പ്രമുഖരില്‍ അബ്ദുമനാഫിന്റെ മക്കളാണ് ഹാശിം, മുത്വലിബ്, അബ്ദുശംസ്, നൗഫല്‍ എന്നിവര്‍. ഇവരില്‍ ഹാശിം, മുത്വലിബ് സന്തതികളില്‍ പെട്ട വിശ്വാസികളാണ് അഹ്ലുല്‌ബൈത്ത് എന്നറിയപ്പെടുന്നത്. അവരില്‍ തന്നെ സവിശേഷ വ്യക്തിത്വങ്ങളാണ് ഫാത്വിമ റ, അലി റ, ഹസന്‍ റ , ഹുസൈന്‍ റ എന്നിവര്‍. ഹുസൈന്‍ തങ്ങളുമായി മുആവിയ റ അടുത്ത ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തെ വല്ലാതെ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഹുസൈന്‍ റ മുആവിയയുടെ പാരിതോഷികങ്ങള്‍ സസന്തോഷം സ്വീകരിക്കാരുണ്ടായിരുന്നു. ഹസന്‍ റ ഖിലാഫത്ത് മുആവിയക്ക് വിട്ടുകൊടുത്തതിനു ശേഷം, ജ്യേഷ്ഠ സഹോദരനോടൊപ്പം ഹുസൈന്‍ റ മുആവിയയെ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. ‘മര്ഹബന്‍ അഹ്ലന്‍’ പറഞ്ഞു സാവേശം മുആവിയ അവരെ സ്വീകരിക്കാറുണ്ട്. അവര്‍ക്ക് അര്‍ഹമായ കനപ്പെട്ട പാരിതോഷികങ്ങള്‍ നല്കാറുണ്ട്. ഒരു പ്രാവശ്യം രണ്ടുലക്ഷം പണമാണ് നല്‍കിയത്. ഹസന്‍ തങ്ങളുടെ വിയോഗാനന്തരം ഹുസൈന്‍ തങ്ങള്‍ തനിച്ചും മുആവിയയെ സന്ദര്‍ശികുകയും സ്‌നേഹബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ മഹിത മാതൃക മുആവിയ റ തന്റെ പുത്രന്‍ യസീദിനു പഠിപ്പിക്കുകയും അവരുമായി ഇടപഴകാനും ബന്ധം പുലര്‍ത്താനും അവസരം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
തുര്‍ക്കിയിലെ കൊന്‍സ്ടാന്റിനോപ്പിള്‍ കീഴടക്കാന്‍ മുആവിയ അയച്ച യസീദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തില്‍ ഹസന്‍ ഹുസൈന്‍ റ എന്നിവര്‍ പങ്കെടുത്തിരുന്നു. പിന്നീട് ഹസന്‍ റ മരണപ്പെട്ടതിനു ശേഷം, ഇബ്‌നു അബ്ബാസ് റ മുആവിയയെ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ മുആവിയ മകനെ വിളിച്ചു ഇബ്‌നു അബ്ബാസുമായി ബന്ധപ്പെടാനും ഹസന്‍ റ ന്റെ വിയോഗത്തില്‍ തഅസിയത്ത് ചെയ്യാനും ഉപദേശിച്ചു. യസീദ് കടന്നുവന്നപ്പോള്‍ ഇബ്‌നു അബ്ബാസ് റ മര്‍ഹബ ചൊല്ലി ബഹുമാനിച്ചു. യസീദ് അവരുടെ മുന്നില്‍ ഇരുന്നു. കയറി ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യസീദ് സസ്‌നേഹം അത് നിരസിച്ചു. ‘ഞാന്‍ ആശംസിക്കാന്‍ അല്ല, ആശ്വസിപ്പിക്കാന്‍ വന്നതാണല്ലോ’ എന്നൊരു കൊച്ചുതമാശക്ക് ശേഷം യസീദ് ഹസന്‍ റ ന്റെ വിയോഗത്തില്‍ സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: അബൂ മുഹമ്മദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ; ഏറ്റം വിശാലമായ അനുഗ്രഹം. അങ്ങേക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കട്ടെ. നഷ്ടത്തിന് പകരം തന്ന് അനുഗ്രഹിക്കട്ടെ…’ (4)
അഹ്ലുല്‍ബൈതുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ യസീദിനെ പ്രത്യേകം ഉപദേശിച്ചു. ഒരിക്കല്‍ മുആവിയ യസീദിനോടു പറഞ്ഞു: ”മകനേ, എനിക്ക് മദീനയില്‍ ഒരു പ്രിയ സുഹൃത്തുണ്ട്. നീ അദ്ദേഹത്തെ ആദരിക്കണട്ടോ.” ”ആരാണത്?”, യസീദ് അന്വേഷിച്ചു. അബ്ദുല്ലാഹി ബിന്‍ ജഅഫര്‍, മുആവിയ വെളിപ്പെടുത്തി. അങ്ങനെ, മുആവിയയുടെ വിയോഗാനന്തരം അബ്ദുല്ലാഹ് യസീദിനെ സന്ദര്‍ശിച്ചപ്പോള്‍, പിതാവ് അവര്‍ക്ക് നല്‍കാറുള്ള പാരിതോഷികം ഇരട്ടിയായി യസീദ് നല്‍കുകയുണ്ടായി. മുആവിയ നല്‍കിയിരുന്നത് ആറുലക്ഷം ആയിരുന്നു; യസീദ് അതിനുപകരം പത്തുലക്ഷമാണ് നല്‍കിയത്. ‘ ഹോ എന്താണിതൊക്കെ’ എന്നാശ്ചാര്യപ്പെട്ട അതിഥിക്ക് വീണ്ടും ഒരു പത്തുലക്ഷം സമ്മാനിച്ചു. അബ്ദുല്ലാഹ് മനം നിറഞ്ഞു പറഞ്ഞു: ‘താങ്കള്‍ക്കു ശേഷം ഇതുപോലെ മനം കുളിര്‍പ്പിക്കാന്‍ ഒരാളും ഉണ്ടാകില്ല”. അദ്ദേഹം തിരിച്ചുപോകുമ്പോള്‍ വീണ്ടും ഇരുപത് ലക്ഷം നല്‍കി യസീദ് പിതാവിന്റെ പ്രിയ സുഹൃത്തിനെ കഴിയുവോളം ആദരിച്ചു. അബ്ദുല്ലാഹ് ഇറങ്ങി വരുമ്പോള്‍ യസീദിന്റെ കൊട്ടാര വാതില്‍ക്കല്‍ ഖുറാസാനില്‍ നിന്നും സമ്മാനങ്ങളുമായി വന്ന വാഹനങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ അബ്ദുല്ലാഹ് വീണ്ടും യസീദിന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് ‘ഹജ്ജ് ഉംറ യാത്രക്ക് ഉപയോഗിക്കാന്‍ വാഹനം’ വേണമെന്ന് ആവശ്യപ്പെട്ടു. ഉടനെ ഉത്തരവാദപ്പെട്ടവരെ വിളിപ്പിച്ചു. നാനൂറു വാഹനങ്ങള്‍ നിറയെ വിവിധങ്ങളായ സമ്മാനങ്ങളാണ് വന്നിട്ടുള്ളതെന്ന് വിവരം കിട്ടി. അതപ്പടി അബ്ദുല്ലാഹ് ബിന്‍ ജഅഫറിനു നല്‍കാന്‍ യസീദ് നിശ്ശങ്കം കല്പിച്ചു. ”ഈ മനുഷ്യനെക്കുറിച്ച് നല്ലതു വിചാരിക്കുന്നതിനാണോ എന്നെ നിങ്ങള്‍ ആക്ഷേപിക്കുന്നത്?”, അബ്ദുല്ലാഹ് റ പലപ്പോഴും പറയാറുണ്ടായിരുന്നു.
മുആവിയ മകനു നല്‍കിയ അന്ത്യോപദേശങ്ങളില്‍ ഇങ്ങനെ കാണുന്നു: ”തിരുദൂതരുടെ പുത്രി ഫാത്വിമയുടെ മകന്‍ അലിയുടെ പുത്രന്‍ ഹുസൈനെ നീ നോക്കണം. നിശ്ചയമായും, അദ്ദേഹം ജനങ്ങള്‍ക്ക് അവരില്‍ ഏറ്റവും സ്‌നേഹമുള്ള മഹാ വ്യക്തിയാണ്. അതിനാല്‍ നീ അദ്ദേഹവുമായുള്ള കുടുംബബന്ധം ഉറപ്പിച്ചു പെരുമാറുക. അദ്ദേഹത്തോട് മാന്യമായും മാര്‍ദ്ധവമായും പെരുമാറണം. എന്നാല്‍, അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നേരാം നിലയില്‍ വന്നുകൊള്ളും. ഇനി വല്ലതും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പക്ഷം അത്, നിശ്ചയമായും ഞാന്‍ പ്രതീക്ഷിക്കുന്നത്, അദ്ദേഹം തന്റെ പിതാവിനെ വധിച്ചവരെയും സഹോദരനെ ചതിച്ചവരെയും കൂട്ടി നിനക്കെതിരെ സംഘടിക്കുക മാത്രമായിരിക്കും.”
മുആവിയ തന്റെ അന്ത്യോപദേശത്തില്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. ‘ ഖുറൈശികളില്‍ നിന്നും മൂന്നുപേരെ മാത്രം ഞാന്‍ ഭയക്കുന്നു. ഹുസൈന്‍ ബിന്‍ അലി, അബ്ദുല്ലാഹി ബിന്‍ ഉമര്‍, അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ എന്നിവരെ മാത്രം. ഇവരില്‍ ഇബ്‌നു ഉമര്‍, ദീന്‍ കാര്യത്തില്‍ മുഴുകിയ മനുഷ്യനാണ്. ഇതിനു മുമ്പ് അദ്ദേഹം ഭരണപരമായ ഒന്നും ആഗ്രഹിച്ചിട്ടില്ല. പിന്നെ ഹുസൈന്‍. അദ്ദേഹം മറ്റുള്ളവരുടെ പ്രേരണയില്‍ വീഴുന്ന ഒരാളാണ്. തന്റെ പിതാവിനെ വധിച്ചവരെയും സഹോദരനെ തരംതാഴ്ത്തിയവരെയും കൂട്ടി അദ്ദേഹം നിനക്കെതിരെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹവുമായി നിനക്ക് ആഴമുള്ള രക്തബന്ധമുണ്ട്. കനത്ത കടപ്പാടുണ്ട് നിനക്ക് അദ്ദേഹത്തോട്. മുഹമ്മദ് നബി സ്വ യുമായുള്ള രക്തബന്ധവും ഉണ്ട് അദ്ദേഹത്തിന്. ഇറാഖുകാര്‍ അദ്ദേഹത്തെ പിടിച്ചിറക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. നിനക്ക് സാധിക്കുമെങ്കില്‍ അദ്ദേഹത്തോട് വിട്ടു വീഴ്ച ചെയ്യുക. നിശ്ചയമായും ഞാന്‍ ആയിരുന്നെങ്കില്‍ അദ്ദേഹത്തിനു മാപ്പ് നല്‍കുന്നതാണ്..”
പിതാവിന്റെ ഉപദേശം യസീദ് പാലിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു..യസീദ് ഖലീഫ സ്ഥാനത്ത് കയറിയപ്പോള്‍ അതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു വിട്ടുനിന്ന ഹുസൈന്‍ ബിന്‍ അലീ ,അബ്ദുല്ലാഹി ബിന്‍ സുബൈര്‍ റ എന്നിവര്‍ക്കെതിരെ യസീദ് ശക്തമായ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. അവര്‍ അങ്ങനെ തുടരട്ടെ എന്നായിരിക്കണം യസീദ് തീരുമാനിച്ചിട്ടുണ്ടാവുക. റജബില്‍ അധികാരത്തില്‍ കയറിയ യസീദ് അപ്പോള്‍ തന്നെ ‘വിഘടന’ വാദികളെ അടക്കിയിരുത്താന്‍ ശ്രമിക്കാമായിരുന്നു. എന്നാല്‍ ശഅബാന്‍, റമദാന്‍, ശവ്വാല്‍, ദുല്‍ഖഅദ എന്നീ നാലുമാസങ്ങള്‍ കഴിഞ്ഞ ദുല്‍ഹിജ്ജ എട്ടിന്, മക്കയില്‍ ഹജ്ജുകര്‍മ്മത്തിനു ഒത്തുകൂടിയ വിശ്വാസികള്‍ മിനായില്‍ സംഘടിച്ച ‘യൌമുത്തര്‍വിയ’ യിലായിരുന്നല്ലോ ഹുസൈന്‍ തങ്ങളുടെ ‘പുറപ്പാട്’. അഹ്ലുല്‍ബൈത്തിനെ നശിപ്പിക്കുകയെന്ന അമവീ ഗൂഡാലോചന നടപ്പിലാക്കാന്‍ യസീദിന്റെ സൈന്യം മദീനയില്‍ ഇരച്ചുകയറിയതായിരുന്നില്ല. ഇറാഖുകാരുടെ പിന്തുണയില്‍ ഒരു വിപ്ലവത്തിനുള്ള തയ്യാറെടുപ്പോടെഹുസൈന്‍ തങ്ങള്‍ വരുന്നു – ഏറ്റവും അര്‍ഹനായ തന്നെ തഴഞ്ഞുവെന്ന മതപരമായ ന്യായം അദ്ദേഹത്തിനുണ്ടായിരിക്കാം- എന്നറിഞ്ഞപ്പോഴും , ഹുസൈന്‍ തങ്ങള്‍ കൂഫക്കാരുമായി സന്ധിക്കാതിരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും ഹുസൈന്‍ സംഘത്തെ തടഞ്ഞുവെക്കാന്‍ കല്‍പിക്കുകയും അല്ലാതെ ഹുസൈനയോ സംഘത്തേയോ വധിക്കാന്‍ യസീദ് ഉത്തരവിറക്കിയില്ല. ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ആ വക ജാഗ്രതകള്‍ അനിവാര്യവുമാണ്. ദമസ്‌കസും കൂഫയും തമ്മില്‍ രണ്ടാഴ്ചത്തെ വഴിദൂരമുണ്ട്. തന്റെ കല്പനയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം അപ്പപ്പോള്‍ അറിയാനുള്ള വഴിയില്ലായിരുന്നു. അലി സൈനുല്‍ ആബിദീന്‍ തങ്ങളോട് ഈ നിസ്സഹായത യസീദ് കര്‍ബലക്ക് ശേഷം എടുത്തുപറഞ്ഞത് കാണാം. മാത്രമല്ല, പിന്നീട് പ്രതികാരത്തിന് രംഗത്തുവന്ന ‘തവ്വാബൂന്‍’ സംഘം പകവീട്ടിയത് ഇബ്‌നു സിയാദ് മുതല്‍ താഴോട്ടുള്ള വധപങ്കാളികളോടായിരുന്നുവല്ലോ..
പ്രസക്തമായ ഒരു ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു. ഹുസൈന്‍ തങ്ങള്‍ മദീനയിലേക്ക് ഒളിച്ചോടിയത് കൂഫക്കാരുടെ ആഹ്വാനപ്രകാരമാണോ? പറയാം. ഇറാഖിലേക്ക് പുറപ്പെടുന്നതിനു മുമ്പ്, മദീനയില്‍ നിന്നും മക്കത്തെക്ക് ഇബ്‌നു സുബൈറും ഹുസൈനും ഒളിച്ചു കടക്കുവാന്‍ ഇടയായ പശ്ചാത്തലം ഉണ്ടായത്, യസീദിന്റെ നേര്‍ക്കുനേര്‍ ഉള്ള കല്പന മൂലം അല്ലായിരുന്നു. ഇബ്‌നു ഖല്ദൂന്‍ തന്റെ താരീഖില്‍ കുറിക്കുന്നത് കാണുക: ഖലീഫയായി അവരോധിതനായ ഉടന്‍, പിതാവിന്റെ കാലത്തുതന്നെ തന്റെ തുടര്‍വാഴ്ച അംഗീകരിക്കാത്ത മദീനക്കാരെ പിടിച്ച് ബൈഅത്ത് ചെയ്യിപ്പിക്കാന്‍ യസീദ് ഉത്തരവിട്ടിരുന്നു. മദീനയില്‍ അബൂ സുഫയാന്‍ മകന്‍ ഉത്ബത് മകന്‍ വലീദ് ആയിരുന്നു ഗവര്‍ണര്‍. ഉത്തരവ് നടപ്പാക്കുന്നതില്‍ മര്‍വാന് ബ്‌നുല്‍ വലീദ് ഇടപെട്ടു. ഇപ്പൊ ത്തന്നെ അവരെ വരുത്തി ബൈഅത്ത് ചെയ്യിപ്പിക്കണമെന്നും വിസമ്മതിച്ചാല്‍ വധിക്കണമെന്നും മര്‍വാന് വാശി. ആ സമയത്ത് മുആവിയയുടെ മരണ വാര്‍ത്ത മദീനക്കാര്‍ അറിഞ്ഞിരുന്നില്ല. വലീദ് അപ്പോള്‍ തന്നെ ചെറുപ്പക്കാരനായ അബ്ദുല്ലാഹി ബ്‌നു അമ്ര് ബിന്‍ ഉസ്മാനെ പറഞ്ഞയച്ചു, ഹുസൈനെയും ഇബ്‌നു സുബൈറിനെയും വിളിക്കാന്‍. അമീര്‍ വിളിക്കുന്ന കാര്യം അയാള്‍ ഇരുവരെയും അറിയിച്ചു. തന്റെ വാല്യക്കാരെയും വീട്ടുകാരെയും കൂട്ടി ഹുസൈന്‍ തങ്ങള്‍ അമീറിന്റെ സമീപത്തെത്തി. അമീറിന്റെ അരികില്‍ മര്‍വാന്‍ ഉണ്ടായിരുന്നു. ഹുസൈന്‍ റ ഇരുവര്‍ക്കും സലാം പറഞ്ഞു. ബന്ധങ്ങളില്‍ ഇടക്കാലത്ത് ചില മുറിവുകള്‍ സംഭവിച്ചുവെങ്കിലും കുടുംബ ബന്ധം വീണ്ടും പുനസ്ഥാപിക്കുന്ന ഈ ക്ഷണത്തിനു ഇരുവര്‍ക്കും ഹുസൈന്‍ നന്ദിപറഞ്ഞു. വിളിപ്പിച്ച കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. ‘സല്കരിക്കാന്‍’ ആയിരിക്കുമെന്ന നിലയിലാണ് അദ്ദേഹം സംസാരം തുടങ്ങിയത്. അപ്പോള്‍ വലീദ് മുആവിയയുടെ മരണ വാര്‍ത്ത വായിക്കുകയും യസീദിന്നു ബൈഅത്ത് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹം ഇന്നാലില്ലാഹി ചൊല്ലുകയും മുആവിയക്ക് വേണ്ടി അനുഗ്രഹ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഹുസൈന്‍ റ പറഞ്ഞു: ‘ എന്നെപ്പോലുള്ള ഒരാള്‍ സ്വകാര്യമായി ബൈഅത്ത് ചെയ്യുന്നതില്‍ ഫലമില്ല. ഞാന്‍ മാത്രം ബൈഅത്ത് ചെയ്താല്‍ പോരല്ലോ. അതിനാല്‍ ജനങ്ങളെ എല്ലാവരെയും വിളിച്ചു വിവരം പറയുക, ഞാന്‍ ഒന്നാമതായി ഉത്തരം ചെയ്യുന്നതാണ്”. വലീദ് അത് സമ്മതിച്ചു. ‘എന്നാല്‍ പൊയ്‌ക്കോളൂ’ , അയാള്‍ അനുവദിച്ചു. പക്ഷേ, അരികില്‍ ഉണ്ടായിരുന്ന മര്‍വാന്‍ ഇടങ്കോലിട്ടു. അയാള്‍ വലീടിനോട് ഹുസൈന്‍ റ കേള്‍ക്കെ പറഞ്ഞു: ”അത് പ്രായോഗികമല്ല, ജനങ്ങളുമായി നല്ല യുദ്ധം ആവശ്യമാകും, നിങ്ങളിലെയും അവരിലെയും ‘ശവങ്ങള്‍’ പെരുകുന്നതുവരെ ജനങ്ങളെ അനുസരിപ്പിക്കാന്‍ ആവില്ലട്ടോ. അതിനാല്‍, ഇവനെ ഇപ്പോള്‍ തന്നെ നിര്‍ബന്ധിക്കൂ, വിസമ്മതിച്ചാല്‍ കഴുത്തറക്കാന്‍ നോക്ക്.” അതുകേട്ടപാടെ ഹുസൈന്‍ റ ചാടി എഴുന്നേറ്റു. ”നീയെന്നെ കൊല്ലുമെന്നോ, അതോ അയാളോ? അല്ലാഹുവാണ നീ കളവാണ് പറയുന്നത്.” അതും പറഞ്ഞ് അദ്ദേഹം അവിടം വിട്ടു. മര്‍വാന്‍ വലീദിനെ പ്രകോപിപ്പിക്കുന്നതില്‍ മുഴുകി. ഹുസൈനെ വധിക്കാന്‍ പ്രേരിപ്പിച്ചു. ഹുസൈന്‍ റ നെ ഭീതിയിലാക്കിയതും നാടുവിടാന്‍ പ്രേരിപ്പിച്ചതും മര്‍വാന്റെ ഈ ഇടപെടലായിരുന്നു. യസീദിനു അത്ര നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ മക്കയില്‍ ഹുസൈന്‍ റ നെ ശല്യപ്പെടുത്തുമായിരുന്നുവല്ലോ..

അഹ്ലുല്‍ ബൈത്തും യസീദും കര്‍ബലക്ക് ശേഷം
============================================
അറബി മലയാളത്തില്‍ ആധികാരികമായ ഇസ്ലാമിക ചരിത്രം എഴുതിയ അണ്ടത്തോട് ശുജാഈ മൊയ്തു മുസ്ല്യാരുടെ ‘ഫത്ഹുല്‍ ഫത്താഹ്’ മൂന്നാം വോള്യം 179, 180 പുറങ്ങളില്‍ ഇങ്ങനെ കാണാം.
” ഹുസൈന്‍ അവര്‍കളുടെ മക്കള്‍, അഹ്ലുകാര്‍, ഖാദിമീങ്ങള്‍ അവര്‍കളെ ദിമിശ്ഖില്‍ യസീദിന്നു അയച്ചു. യസീദ് അവരെ ബഹുമാനിച്ചു..”
”ഹുസൈന്‍ തങ്ങളുടെ തല യസീദിന്നു എത്തി. ശമിര്‍ ബിന്‍ ദില്‍ ജൌശന്‍ വിവരം പറഞ്ഞാരെ, യസീദിന്നു കണ്ണുനീര്‍ ഒലിച്ചു. അവനോട് അനിഷ്ട വാചകം പറഞ്ഞു. പിന്നെ ഹുസൈന്‍ എന്നവരെ കുട്ടികളെയും സ്ത്രീകളെയും യസീദുടെ സ്ത്രീകളെ വീട്ടില്‍ കടത്തി. ആദരിച്ചു. യസീദിന്നു ഭക്ഷണം കൊണ്ടുവന്നാല്‍ ഹുസൈന്‍ അവര്‍കളുടെ മക്കള്‍ അലി, ഉമര്‍ അവര്‍കള്‍ ഒരുമിച്ചല്ലാതെ കഴിക്കയില്ല.പിന്നെ അവര്‍കളെയെല്ലാം മദീന കൊള്ളെ കാവല്‍ക്ക് കുതിരക്കാര്‍ മുമ്പും പിമ്പും അണിനിറുത്തി അയച്ചു കൊടുത്തു…’ വസ്തുനിഷ്ടമായ ചരിത്രം ഇതുതന്നെയാണെന്ന് കാണാം. ഇക്കാര്യം വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാരുടെ പരോപകാരിയിലും കാണാം.
ദാരുണമായ കര്‍ബല വാര്‍ത്ത എത്തിയപ്പോള്‍ യസീദ് ദൂതരോട് വളരെ ദുഖത്തോടും പ്രതിഷേധ സ്വരത്തിലുമാണ് പ്രതികരിച്ചത് : ഇറാഖുകാരെ, ഹുസൈനെ വധിക്കാതെ തന്നെ, നിങ്ങളുടെ ‘അനുസരണം’ ഞാന്‍ ത്രിപ്തിപ്പെടുമായിരുന്നു. ഇങ്ങനെയാണ് അതിക്രമത്തിന്റെയും അനുസരണക്കേടിന്റെയും അന്ത്യഫലം.! ഇബ്‌നു മര്‍ജാനെയെ(ഉബൈദുള്ള) അല്ലാഹു ശപിക്കട്ടെ.അവന്‍ ഹുസൈനെ അകന്ന രക്തബന്ധമായി കണ്ടു?! അല്ലാഹുവാണ, ഞാനായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കില്‍ ഞാന്‍ ഹുസൈന് മാപ്പ് നല്‍കുമായിരുന്നു..അല്ലാഹു ഹുസൈന് റഹ്മത്ത് ചെയ്യട്ടെ.” (9) മറ്റൊരു നിവേദനത്തില്‍ ‘ അല്ലാഹുവാണ ഞാനായിരുന്നുവെങ്കില്‍ എന്റെ ആയുസ്സിന്റെ അല്പം നല്കിയിട്ടെങ്കിലും അദ്ദേഹത്തെ വധിക്കുന്നത് തടയുമായിരുന്നു,” എന്ന് കാണാം.
യുദ്ധത്തടവുകാരെ നല്ല നിലയില്‍ ഉടന്‍ അയക്കാനുള്ള ഉത്തരവയച്ചു. ഉബൈദുള്ള ഉടനെത്തന്നെ ദക് വാനെ(മിഹ് ഫസ് ബിന്‍ സഅലബ യാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.) അവരുമായി പറഞ്ഞയച്ചു. അവര്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിനായിരം ദിര്‍ഹം കയ്യില്‍ കൊടുത്തു. യസീദിനു താന്‍ ചെയ്ത അപരാധം ഇഷ്ടമായിട്ടില്ല എന്ന് ഉബൈദുള്ള ഉള്‌കൊണ്ടുവെന്നു മനസിലാക്കാം. തടവിലായ സ്ത്രീകളെയും പരിചാരകരേയും കുട്ടികളെയും ‘അടിമകളാക്കി’യെന്നും അവരെയും കൊണ്ട് നാട് നീളെ ചുറ്റി ക്കറങ്ങി ആഹ്ലാദിച്ചു എന്നും ചിലര്‍ എഴുതിവെച്ചത് ശുദ്ധ അസംബന്ധമാണ്.
യസീദിന്റെ അരികില്‍ എത്തിയപ്പോള്‍ ഹുസൈന്‍ തങ്ങളുടെ പുത്രി ഫാത്വിമ ചോദിച്ചു: ‘യസീദ്, റസൂലുല്ലാഹി സ്വ യുടെ പെണ്‍കുട്ടികളെ തടവ് അടിമകള്‍ ആക്കുമോ? യസീദ് പറഞ്ഞു: ‘ ഇല്ലയില്ല, നിങ്ങള്‍ ബഹുമാന്യരായ സ്വതന്ത്രര്‍ ആകുന്നു, കടന്നു വരുവീന്‍, നിങ്ങളുടെ പിതൃവ്യരുടെ പെണ്മക്കളുടെ അടുത്തേക്ക് കടന്നു ചെല്ലുവീന്‍..നിങ്ങളെ അവര്‍ പരിച്ചരിച്ചുകൊള്ളും.” ആ അനുഭവം ഫാത്വിമ പങ്കുവെക്കുന്നു: ”ഞാന്‍ അവരുടെ അടുത്ത് കടന്നു ചെന്നു. അവിടെ സുഫയാനീ പാരമ്പര്യമുള്ള സകല സ്ത്രീകളും കരയുകയാണ്, കരച്ചിലോടു കരച്ചില്‍..” (10) അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നറിയാന്‍ ആളെ നിയോഗിച്ചു. എന്തൊക്കെ ആവശ്യപ്പെട്ടുവോ അതിന്റെ ഇരട്ടി നല്‍കി അവരെ യസീദ് ആദരിക്കുകയായിരുന്നു.
അലിസൈനുല്‍ആബിദീന്‍ റ തന്റെ അനുഭവം പറയുന്നു: ഞങ്ങള്‍ പന്ത്രണ്ട് ആണുങ്ങള്‍ യസീദിന്റെ അരികിലേക്ക് കടന്നുചെന്നപ്പോള്‍, അയാള്‍ തന്റെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞു. ഹുസൈന്‍ റ മക്കയില്‍ നിന്നും യാത്ര തിരിച്ചതും കര്‍ബലയില്‍ കൊല്ലപ്പെട്ടതും രണ്ടും സംഭവം ഉണ്ടായ ശേഷമാണ് അയാള്‍ അറിഞ്ഞതെന്ന്. അതുകേട്ടപ്പോള്‍ നുഉമാന്‍ ബിന്‍ ബശീര്‍ അയാളോട്പറഞ്ഞു: ഈ ബഹുമാന്യ വ്യക്തികളോട് നബി സ്വ വര്‍ത്തിച്ചതുപോലെ, കല്പിച്ചപോലെ നിങ്ങളും ചെയ്യുവീന്‍”. അതുകേട്ടപ്പോള്‍ യസീദ് കരഞ്ഞുപോയി. വല്ലാത്ത കരച്ചില്‍. വീട്ടുകാര്‍ എല്ലാരും കരഞ്ഞുപോയി. കരച്ചിലിന്റെ ശബ്ദം ഉയര്‍ന്നു. കുളിക്കാനും വസ്ത്രം മാറ്റാനും വിശ്രമിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ പൊടുന്നനെ ഏര്‍പ്പെടുത്തുകയുണ്ടായി. ഭക്ഷണവും വസ്ത്രവും ധാരാളം സമ്മാനങ്ങളും അവിടെ തയ്യാറായി.
സൈനുല്‍ ആബിദീന്‍ റ തുടരുന്നു: ഞാനായിരുന്നു ആ സംഘത്തില്‍ മുന്നില്‍. കടന്നുചെല്ലുമ്പോള്‍ യസീദിന്റെ വാതില്‍ക്കല്‍ നിറയെ ആളുകള്‍. ഞാന്‍ സലാം പറഞ്ഞു. എന്നോട് അടുത്തുചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അടുത്തുചെന്നു. അയാള്‍ എന്നെ അണച്ചുപിടിച്ചു. എന്നോട് പറഞ്ഞു: അല്ലാഹുവാണ, താങ്കളുടെപിതാവ് ഇവിടെ വന്നിരുന്നെങ്കില്‍ ഞാന്‍ നാംതമ്മിലുള്ള കുടുംബബന്ധം പാലിക്കുമായിരുന്നു. അവര്‍ക്ക്ഞാന്‍ ചെയ്യേണ്ടതായി എന്തെല്ലാം ഉണ്ടോ അത് വീട്ടുമായിരുന്നു. എന്തുപറയാന്‍, ആഇബ്‌നുസിയാദ് എടുത്തുചാടി വേണ്ടാത്തത് ചെയ്തു. അവനെ അല്ലാഹു വധിക്കട്ടെ. അപ്പോള്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ പറഞ്ഞു: അമീറുല്‍മുഅമിനീന്‍, ഞങ്ങള്‍ ശരിക്കും അന്യരെപ്പോലെ ആരുമില്ലാത്തവരെപ്പോലെ കൈകാര്യം ചെയ്യപ്പെട്ടു യസീദ്‌സമാധാനിപ്പിച്ചു: ആ അന്യത്ത്വം അള്ളാഹു നീക്കിത്തരട്ടെ. അപ്പോള്‍ തങ്ങള്‍ തുടര്‍ന്നു: ഞങ്ങളുടെ സമ്പത്ത് തട്ടിപ്പറിച്ചു. അത് തിരികെ എത്തിക്കാന്‍ ഉടനെ യസീദ് കല്പിച്ചു. ഞങ്ങളോട് അവിടെ ജീവിച്ചുകൊള്‌ലാന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, അടുത്തബന്ധുക്കളോടൊപ്പം മദീനയില്‍ ജീവിക്കാനാണ് താല്പര്യമെന്ന് ഞാന്‍ അറിയിച്ചു. എന്റെ കൂടെയുള്ളവര്‍ സന്തുഷ്ടരായിരുന്നു. അവര്‍ അല്ലാഹുവിനെസ്തുതിച്ചു.(11)
മദീനയിലേക്ക് ആളെ അയച്ചു ബനൂഹാശിം കുടുംബത്തിലെയും ബനൂ അലീ വീട്ടിലെയും പ്രായം ചെന്ന ‘വിമോചിത അടിമകളെ’ വരുത്തി. മദീനയില്‍ നിന്നും അവര്‍ എത്തുന്നതുവരെ, ഏതാണ്ട് ഒരുമാസക്കാലം അവര്‍ യസീദിന്റെ കൊട്ടാരത്തില്‍ സസന്തോഷം, സര്‍വാദരങ്ങളും അനുഭവിച്ച് ജീവിച്ചു. പോകുമ്പോള്‍ അവര്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കുകയും മദീനയില്‍ എത്തിയാല്‍ എന്ത് ആവശ്യങ്ങള്‍ ഉണ്ടായാലും അത് അനുവദിക്കാന്‍ ‘അധികാരപ്പെടുത്തുകയും ചെയ്തു. അവരുടെ കൂടെ യാത്രചെയ്യാന്‍ നുഉമാന് ബിന്‍ ബഷീറിനെ വിടുകയും ചെയ്തു. എന്നാല്‍ അവരെ പറഞ്ഞയക്കുകയായിരുന്നില്ല; മദീനയിലേക്ക് തിരികെ പോകണം എന്ന അവരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. യസീദ് വീണ്ടും സൈനുല്‍ ആബിദീന്‍ തങ്ങളോട് പറഞ്ഞു : ”അങ്ങോര്‍ക്ക് ഇഷ്ടമാണെങ്കില്‍ ഇവിടെ ഞങ്ങളോടൊപ്പം ജീവിക്കാം. അങ്ങയോടുള്ള രക്തബന്ധം ഞങ്ങള്‍ പാലിച്ചുകൊള്ളാം. അങ്ങയുടെ മുഴുവന്‍ അവകാശങ്ങളും അനുവദിക്കാം..
ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥരായി തിരികെ നാട്ടിലേക്ക് പോകുന്ന അവരുടെ മനോവേദന മനസ്സിലാക്കിയ യസീദ് , തന്റെ നിരപരാധിത്വം വെളിപ്പെടുത്തിയും സംഭവിച്ച ദുരന്തത്തിലുള്ള ദുഖവും പ്രതിഷേധവും പ്രകടിപ്പിച്ചും അവരോട് പറഞ്ഞു: ‘ ഇബ്‌നു മര്‍ജാനെയെ അല്ലാഹു ശപിക്കട്ടെ. അല്ലാഹുവാണ, ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എന്ത് ചോദിച്ചാലും ഞാനത് നല്‍കുമായിരുന്നു/ അനുവദിക്കുമായിരുന്നു. അദ്ദേഹത്തിന് ജീവനാശം സംഭവിക്കാതിരിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമായിരുന്നു. അതിനു വേണ്ടി എന്റെ ചില മക്കളെ കുരുതി കൊടുക്കേണ്ടിവന്നാല്‍ പോലും. എന്നാല്‍, നിങ്ങള്‍ മനസ്സിലാക്കിയ പോലെ അല്ലാഹുവിന്റെ വിധി നടപ്പിലാവുകയാണുണ്ടായത്. എന്ത് ആവശ്യമുണ്ടെങ്കിലും എനിക്ക് എഴുതണേ..” (

യസീദ് അവരെ യാത്രയാക്കി. ശാമിലെ പ്രഗല്‍ഭരായ രണ്ടുപേരെയും (ഒരാള്‍ മിഹ്‌റസ് ബിന്‍ ഹരീസ് അല്‍കല്‍ബി, രണ്ടാമന്റെ പേര് ലഭിച്ചിട്ടില്ല,) ബനൂ സുഫയാന്‍ കുടുംബത്തിലെ ‘മോചിതരായ’ മുപ്പത് കുതിരപ്പടയാളികളെയും അവര്‍ക്കൊപ്പം കാവലിന് പറഞ്ഞയച്ചു. അവര്‍ എവിടെ എപ്പോള്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നുവോ അവിടെ ഇറക്കണമെന്നും മറ്റെല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും നിയുക്ത കാവല്‍ ഭടന്മാരെ ഉപദേശിക്കാന്‍ യസീദ് മറന്നില്ല. ഇബ്‌നു കസീര്‍ വിലയിരുത്തുന്നു: ‘ ഹുസൈന്‍ കുടുംബം ആദരിക്കപ്പെട്ടു. അവര്‍ക്ക് നഷ്ടപ്പെട്ടതും അതിലേറെയും തിരിച്ചുകൊടുത്തു. അവരെ മദീനയിലേക്ക് സര്‍വ്വ ബഹുമാനത്തോടെയും സജ്ജീകരണങ്ങളോടെയും തിരിച്ചയച്ചു. ഹുസൈന്റെ അഭാവത്തില്‍ ബന്ധുക്കള്‍ വിലപിച്ചു…’
കര്‍ബലക്ക് ശേഷം അഹ്ലുല്‍ബൈത്തിന് യസീദില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍ അവര്‍ തന്നെ അനുസ്മരിച്ചത് വിശദമായി ഉദ്ധരിച്ച ശേഷം ഇബ്‌നു ത്വൂലൂന്‍ പ്രസ്താവിച്ചു: ഇതെല്ലാം വിശ്വസ്തരായ മുഹദ്ദിസുകള്‍ ഉദ്ധരിച്ചവയാണ്. എന്നാല്‍, അബൂ മിഹ്നഫ് പോലുള്ള റാഫിദികള്‍ പ്രചരിപ്പിക്കുന്നവ ഗൌനിക്കരുത്. ഈ സംഭവം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ഹാഫിള് ഇബ്‌നു അബിദുന്‍യാ യെ പ്പോലുള്ളവരെ മാത്രം അവലംബിക്കുക.”
കര്‍ബല ദുരന്തം കഴിഞ്ഞു അടുത്തവര്‍ഷം ഹിജറ 62 ല്‍, അഹ്ലുല്‌ബൈത്ത് പ്രമുഖനും അലി റ ന്റെ പുത്രനുമായ അബുല്‍ഖാസിം മുഹമ്മദ് ബിന്‍ ഹനഫിയ്യ റ യസീദിന്റെ ക്ഷണപ്രകാരം അവിടെ സന്ദര്‍ശിച്ചത്, ഇരുപക്ഷവും തമ്മിലുള്ള കര്‍ബലാനന്തര അടുപ്പം വ്യക്തമാക്കുന്ന മികച്ച ഉദാഹരണമാണ്. യസീദ് അന്ത്യസമയത്ത് ”അല്ലാഹുവേ, ഞാന്‍ ഇഷ്ടപ്പെടാത്തതും ഉദ്ധേശിക്കാത്തതുമായ സംഭവങ്ങള്‍ കാരണം നീഎന്നെ ശിക്ഷിക്കരുതേ, ഇബ്‌നുസിയാദും ഞാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നീ വിധിതീര്‍പ്പാക്കണേ” എന്നിങ്ങനെ പ്രാര്‍ത്തിച്ചതായി വന്നിട്ടുണ്ട്. ഇബ്‌നു അസാകിര്‍ രേഖപ്പെടുത്തുന്നു: ബഹ്രൈനിയിലെ ഖാസിയായിരുന്ന അബുല്‍ ഫള്ല്‍ യസീദിനെ സ്വപ്നം കണ്ടു. ”നിനക്ക് ഹുസൈന്‍ വധത്തില്‍ പങ്കുണ്ടോ?”
‘ഇല്ല”.
”നിനക്ക് അല്ലാഹു പൊറുത്തു തന്നുവോ?”
”അതെ, എന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചു”..
ഇബ്‌നുല്‍ ജൌസി, അല്ലാമാ തഫ്താസാനി, സുയൂത്ത്വി, ആലൂസി തുടങ്ങിയ പ്രമുഖരായ പല ഉലമാക്കളും യസീദിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നുവെങ്കിലും , ഹുസൈന്‍ തങ്ങളുടെ വധത്തില്‍ യസീദിന് നേര്‍ക്കുനേര്‍ പങ്കില്ലായിരുന്നുവെന്ന ചരിത്രവിധിതീര്‍പ്പ് പ്രബലമാണ്. ഹുസൈന്‍ തങ്ങളുടെ ഘാതകന്‍ എന്ന നിലക്ക് യസീദിനെതിരെ ശാപ പ്രാര്‍ത്ഥന അനുവദനീയമോ എന്ന അന്വേഷണത്തിന് ഇമാം അബൂ ഹാമിദ് അല്ഗസ്സാലി റഹി ശാപം അരുതെന്ന് പ്രതികരിക്കുവാനുള്ള ന്യായം, വധത്തില്‍ യസീദ് പങ്കെടുത്തതായോ അതിനു കല്പിച്ചുവെന്നോ വധിക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ അതില്‍ സംതൃപ്തി പ്രകടിപ്പിച്ചതോ ചരിത്രത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന സംഗതിയാണ്. ഇമാം ഗസാലിയുടെ ഈ ഫതവ ഇമാം ഇബ്‌നു ഹജറിന്റെ മുമ്പാകെ പരിശോധനക്ക് വെച്ചപ്പോള്‍, അദ്ദേഹവും അതേ ന്യായങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഗസാലിയെ പിന്തുണച്ചു. യസീദിനെയും സഹായികളെയും ശപിച്ച അല്ലാമാ തഫ്താസാനിയുടെ നിലപാട് വിശകലനം ചെയ്തുകൊണ്ട് അല്ലാമ അബ്ദുല്‍ അസീസ് ഫര്‍ഹാറവി ‘നിബ്രാസി’ല്‍ പറയുന്നു: ‘ തഫ്താസനിയുടെ നിലപാട് തഹ്ഖീഖിനു വിരുദ്ധമാണ്; (ശാപം ഒഴിവാക്കുകയെന്ന നിലപാടാണ് തഹ്ഖീഖ്.) അതിനാല്‍ ഈ തഹ്ഖീഖ് താങ്കള്‍ കരുതിവെക്കുക. മതത്തിന്റെ ഖവാഇദ് പരിഗണിക്കാത്തവരുടേയും യസീദിനെ ശപിക്കുന്നത് തടയുന്നവരെ ഖാരിജിയായി വിധി പ്രഖ്യാപിക്കുന്നവരുടേയും ഗണത്തില്‍ താങ്കള്‍ പെട്ടുപോകണ്ട’.

യസീദിന്റെ ഇക്കാര്യത്തിലുള്ള നിരപരാധിത്വം സ്ഥിരീകരിക്കുന്ന പ്രധാന സംഗതി ഹുസൈന്റെ സഹോദരന്‍ അബുല്‍ ഖാസിം മുഹമ്മദ് യസീദിനെ അടുത്തവര്‍ഷം സന്ദര്‍ശിച്ചതുതന്നെയാണെന്ന് അല്ലാമ സബീദി ഇത്ഹാഫില്‍ വിവരിക്കുന്നു. അബുല്‍ഖാസിം മുഹമ്മദ് റ കടന്നുവന്നപ്പോള്‍ യസീദ് കഴിഞ്ഞ വര്ഷം ഉണ്ടായ ദാരുണമായ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.യസീദ് പറഞ്ഞു: ”ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ സംഭവിച്ചതൊന്നും സംഭവിക്കില്ലായിരുന്നു”. അപ്പോള്‍ അലിയാരുടെ പുത്രന്‍ മുഹമ്മദ് പ്രതിവചിച്ചു: ‘എന്റെ പ്രിയ സഹോദരനെ കുറിച്ച് നല്ലത് മാത്രം കേള്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. താങ്കള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ അതൊന്നും സംഭവിക്കില്ലായിരുന്നു എന്ന കാര്യത്തില്‍ എനിക്കൊട്ടും സന്ദേഹമില്ല. എന്നാല്‍, ഓരോരുത്തര്‍ക്കുമുള്ള ആയുസ്സ് രേഖപ്പെട്ടു കഴിഞ്ഞതാണല്ലോ.” ഇബ്‌നു അബ്ദില്‍ ബര്‍്ര തന്റെ തംഹീദില്‍ സ്വഹീഹായ റിപ്പോര്‍ട്ട് സഹിതം, ഹുസൈന്‍ തങ്ങളെ അന്വേഷിച്ച് കണ്ടെത്തി പിടിച്ചു തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ മാത്രമേ യസീദ് കല്പ്ചിട്ടുള്ളൂ എന്ന് പ്രസ്താവിക്കുന്നു. അതിനാല്‍ വധക്കുറ്റം യസീദിനുമേല്‍ ചുമത്താന്‍ ന്യായമില്ലെന്ന പക്ഷമാണ് അദ്ദേഹത്തിന്റേത്. അഹ്ലുല്‍ബൈത്ത് അംഗം കൂടിയായ അല്ലാമാ സയ്യിദ് സബീദി റ തുടരുന്നു: ‘ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ തന്റെ കിതാബുല്‍ ഫുര്‍ഖാനില്‍ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ഹുസൈനെ വധിക്കാന്‍ യസീദ് കല്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകളൊന്നും സ്ഥിരപ്പെട്ടതല്ല. നിശ്ചയമായും അദ്ദേഹത്തിന്റെ വധം, അത് ഇബ്‌നു സിയാദിന്റെ സ്വന്തം തീരുമാനമാണ്.” (19) ഹുസൈന്‍ വധത്തില്‍ യസീദിന് പങ്കുണ്ടെന്ന തരത്തിലുള്ള ശിയാ തല്പരരുടെ പ്രചാരണത്തിന് വേണ്ടപോലെ പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്നാണ് മനസ്സിലാകുന്നത്.

ഹര്‍റ കാലത്ത് യസീദും അഹ്ലുല്‍ബൈത്തും
=========================================
ഹിജ്ര 63 ല്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ ഹര്‍റ ദുരന്തസമയത്ത് യസീദ് അഹ്ലുല്‍ബൈത്തിനോട് കാണിച്ച ബഹുമാനം പ്രസ്താവ്യമാണ്. മദീനയില്‍ യസീദ് ഗവര്‍ണര്‍ ആയി നിയമിച്ച ഉസ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അബീ സുഫയാന്‍ ഭരണ നൈപുണ്യം ഒട്ടും ഇല്ലാത്ത ചെറുപ്പക്കാരന്‍ ആയിരുന്നു. അതില്‍ പ്രതിഷേധിച്ച് അബ്ദുല്ലാഹി ബിന്‍ ഹന്‌ളല, മുന്‍ദിര്‍ ബിന്‍ സുബൈര്‍, തുടങ്ങിയ മദീനയിലെ പൌരപ്രമുഖരില്‍ ചിലര്‍ ദമാസ്‌കസില്‍ പോയി പരാതിപ്പെട്ടു.അവരെ യസീദ് മാന്യമായി സ്വീകരിക്കുകയും വലിയ പാരിതോഷികങ്ങള്‍ നല്‍കി ആദരിക്കുകയും അവരുടെ പരാതി സ്വീകരിക്കുകയും ചെയ്തു. അവര്‍ മദീനയില്‍ വന്ന് ചില ‘രഹസ്യങ്ങള്‍’ പറഞ്ഞുപരത്താന്‍ തുടങ്ങി. ”അറിയുമോ!ഞങ്ങള്‍ വരുന്നത് ദീന്‍ ഒട്ടും പുലര്‍ത്താത്ത, മദ്യപാനിയായ, വീണ വായിച്ചു രസിക്കുന്ന, തന്റെ മുന്നില്‍ നൃത്തം വെക്കുന്ന നര്‍ത്തകികളെ ആസ്വദിക്കുന്ന, നായകളുമായി വിനോദത്തില്‍ മുഴുകുന്ന, കള്ളന്മാര്‍ കൂടെ അന്തിയുറങ്ങുന്ന ഒരു മനുഷ്യന്റെ അരികില്‍ നിന്നാകുന്നു.. ഞങ്ങള്‍ അയാളുമായുള്ള ഉടമ്പടി പിന്‍വലിക്കുകയാണ്.” ഇബ്‌നു ഹന്‌ളല പറഞ്ഞു: അത് സ്ഥിരീകരിക്കാന്‍ മാത്രമാണ് ഞാന്‍ അയാളുടെ സമ്മാനം സ്വീകരിച്ചത്”. ഇബ്‌നു സുബൈര്‍ കൂട്ടിച്ചേര്‍ത്തു: നിശ്ചയം, അയാള്‍ എനിക്ക് ഒരു ലക്ഷം പണം തന്നിട്ടുണ്ട്. അയാള്‍ എന്നോട് നല്ല നിലയില്‍ ഇടപഴകി എന്നത്, ഞാന്‍ കണ്ട കാര്യം പറയുന്നതില്‍ എന്നെ തടയില്ല. ഞാന്‍ നിങ്ങളോട് സത്യം ചെയ്തു പറയുന്നു, അയാള്‍ മദ്യപിക്കാറുണ്ട്. അല്ലാഹുവാണ , നിസ്‌കാരം പോലും ഉപേക്ഷിക്കേണ്ട പരുവത്തില്‍ അയാള്‍ കുടിച്ചു ലക്കുകെടാറുണ്ട്.”
ഈ വാര്‍ത്ത പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് യസീദിനെ സന്ദര്‍ശിച്ച അഹ്ലുല്‍ബൈത്ത് പ്രമുഖന്‍ മുഹമ്മദ് ഇബ്‌നുല്‍ ഹനീഫിയ്യ നിഷേധിക്കുന്നുണ്ടായിരുന്നു. ഇബ്‌നു സുബൈറിന്റെ അനുയായികളില്‍ പെട്ട അബ്ദുല്ലാ ബിന്‍ മുത്വീഉം സംഘവും മുഹമ്മദ് റ നെ സമീപിച്ചു യസീദുമായുള്ള ബൈഅത്ത് പിന്‍വലിക്കുന്ന കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം അതിനു സമ്മതിച്ചില്ല. ”അവന്‍ ശാരിബുല്‍ ഖംറും താരികുസ്സ്വലാത്തും ശരീഅത്ത് നിയമങ്ങളെ അതിര്‍ലംഘിക്കുന്നവനുമാണ്”, ഇബ്‌നുല്‍ മുത്വീഉം സംഘവും തങ്ങളുടെ കാരണം വ്യക്തമാക്കി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം അതെല്ലാം ഏറ്റു പിടിക്കുന്നവരോട് മുഹമ്മദ് റ പറഞ്ഞു: ”നിങ്ങളിപ്പറയുന്നതൊന്നും ഞാന്‍ അയാളില്‍ കണ്ടിട്ടില്ല. ഞാന്‍ അവിടെ പോയ ആളാണ്. അവിടെ ദിവസങ്ങളോളം പാര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം യസീദ് കൃത്യമായി നിസ്‌കരിച്ചിരുന്നു, ഖൈറായ കാര്യങ്ങളില്‍ ആവേശം കാണിച്ചിരുന്നു. മതപരമായ അറിവുകള്‍ ചോദിച്ചു പഠിച്ചിരുന്നു, സുന്നത്ത് നിഷ്ഠയോടെ പാലിച്ചിരുന്നു… ഇതെല്ലാമാണ് എന്റെ അനുഭവം”. അപ്പോള്‍ അവര്‍ പറഞ്ഞു: ”അതെല്ലാം അങ്ങയുടെ മുന്നില്‍ കൃത്രിമമായി കാണിച്ചതായിരിക്കണം.” മുഹമ്മദ് റ അവരെ ഇങ്ങനെ ചിന്തിപ്പിച്ചു: ‘ ഭക്തി കാണിച്ച് എന്നെ ഭയക്കുകയോ ത്രിപ്തിപ്പെടുത്തുകയോ ചെയ്യേണ്ട കാര്യമെന്താണ് യസീദിന്നു? എന്നിട്ട് നിങ്ങളുടെ മുമ്പാകെ അയാള്‍ മദ്യപിക്കുകയും മറ്റും ചെയ്തുവെന്നോ?! അപ്പോള്‍ നിങ്ങളുടെ മുന്നില്‍ അതെല്ലാം ചെയ്തുവെങ്കില്‍ നിങ്ങളും അതില്‍ പങ്കാളികള്‍ ആയല്ലോ! അല്ല, നിങ്ങള്‍ അതൊന്നും കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ക്ക് നിങ്ങളെന്തിന് സാക്ഷിനില്‍ക്കണം.? അപ്പോഴും അവര്‍ പറഞ്ഞു, ‘ഞങ്ങള്‍ കണ്ടിട്ടില്ലെങ്കിലും അതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ മുഹമ്മദ് റ അവസാനമായി പറഞ്ഞു: ”നിങ്ങളുടെ ഈ വിപ്ലവത്തിന് ഞാനില്ല” . അവര്‍ വിട്ടില്ല. താങ്കള്‍ പിതാവിനുവേണ്ടി യുദ്ധം ചെയ്തിരുന്നല്ലോ എന്നായി അവരുടെ ചോദ്യം. ‘അതെ, പിതാവിനെപ്പോലത്തെ ഖലീഫയെ തരൂ, ഞാനും ഇറങ്ങാം’ അവര്‍ പ്രതികരിച്ചു. മകന്‍ ഖാസിമിനെ വിട്ടുകൊടുക്കണം എന്നായി. അതിനും സമ്മതിച്ചില്ല. എന്നാല്‍, താങ്കള്‍ ഇറങ്ങിയില്ലെങ്കില്‍ വേണ്ട, ജനങ്ങളെ യുദ്ധത്തിനു പ്രേരിപ്പിക്കുന്ന ഒരു ‘സാന്നിധ്യം’ ഉണ്ടായാല്‍ മതി എന്ന് പറഞ്ഞു നോക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ സുബ്ഹാനല്ലാഹ്! ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തിനു ജനങ്ങളെ പ്രേരിപ്പിക്കാന്‍ എന്നെ കിട്ടില്ല.” ഒടുവില്‍ അവര്‍ പറഞ്ഞു: ”ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു”. അദ്ദേഹം പറഞ്ഞു: ‘ എങ്കില്‍, അല്ലാഹുവിനെ ഭയന്ന് ജീവിക്കാന്‍ ഞാന്‍ ജനങ്ങളെ ഉപദേശിക്കുന്നു; സ്രഷ്ടാവിന്റെ വെറുപ്പ് സമ്പാദിച്ച് സൃഷ്ടികളുടെ ഇഷ്ടം തേടരുതെന്നും അവരെ ഉണര്‍ത്തുന്നു” (20)
മുഹമ്മദ് റ യസീദിനെ സന്ദര്‍ശിച് തിരിച്ചുപോരുന്ന സമയത്ത് അവര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യസീദ് പറഞ്ഞു: ‘ അബുല്‍ ഖാസിം, എന്നില്‍ നിന്നും അനിഷ്ടകരമായ വല്ല സ്വഭാവ ദൂഷ്യവും താങ്കള്‍ കണ്ടുവെങ്കില്‍ അത് പറയുകയും അതുപേക്ഷിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്യണേ”. അപ്പോള്‍ അബുല്‍ഖാസിം റ പ്രതിവചിച്ചു: ‘ അങ്ങനെ വല്ല തെറ്റും ഞാന്‍ കണ്ടിരുന്നുവെങ്കില്‍ അതപ്പോള്‍ തന്നെ തടയുകയാണ് എന്റെ രീതി. അല്ലാഹുവില്‍ സത്യം, ഞാന്‍ പറയട്ടെ, ജനങ്ങള്‍ക്ക് സത്യം വെളിപ്പെടുത്താതിരുന്നാല്‍ അല്ലാഹു ജ്ഞാനികളെ പിടികൂടുമല്ലോ. ഞാന്‍ താങ്കളില്‍ നിന്നും ഖൈര്‍ അല്ലാത്ത ഒന്നും തന്നെ കണ്ടിട്ടില്ല”
ഇമാം അബൂ ജഅഫര്‍ അല്‍ബാഖിര്‍ റ പറയുന്നു: ”ആല് ത്വാലിബില്‍ പെട്ടവരോ ബനൂ അബ്ദില്‍ മുത്വലിബില്‍ പെട്ടവരോ ആയ ഒരാളും ഹര്‍റ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ല” (22). എന്നാല്‍, മദീനക്കാര്‍ അഹ്ലുല്‍ബൈത്തിന്റെ സാക്ഷ്യത്തെയല്ല മുഖവിലക്കെടുത്തത്. അവര്‍ മറ്റു പ്രചാരണങ്ങള്‍ കേട്ടു പ്രകോപിതരായി.. അവര്‍ യസീദുമായുള്ള ഉടമ്പടി പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. യസീദിന്റെ ഗവര്‍ണറെ പുറത്താക്കി, ‘സ്വകാര്യ വാര്‍ത്ത’ വിളംബരം ചെയ്ത അബ്ദുല്ലാ ബിന്‍ ഹന്‌ളലയെ ബൈഅത്ത് ചെയ്തു. മദീനയില്‍ മര്‍വാന്റെ വീട്ടില്‍ പാര്‍ത്തിരുന്ന ബനൂ ഉമയ്യത്തുകാരെ ഉപരോധിച്ചു. അവര്‍ യസീദിന്റെ സഹായം തേടി. അക്കാലത്തെ ഏറ്റവും ഉയര്‍ന്ന ജ്ഞാനിയായ ഇബ്‌നു ഉമര്‍ റ വും ബൈഅത്ത് പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. ഇബ്‌നു ഉമര്‍ റ തന്റെ വീട്ടുകാരെ വിളിച്ചുകൂട്ടി ഇങ്ങനെ ഉണര്‍ത്തി: നിശ്ചയമായും നാം യസീദിന്നു ബൈഅത്ത് ചെയ്തതാണല്ലോ. അല്ലാഹുവിന്റെയും തിരുദൂതരുടെയും മാര്‍ഗ്ഗത്തിലുള്ള ഉടമ്പടിയായിരുന്നു അത്. ”വഞ്ചകനെ വഞ്ചിച്ച വസ്തുവുമായി അന്ത്യനാളില്‍ കൊണ്ടുവരുമെന്ന്” അല്ലാഹുവിന്റെ റസൂല്‍ സ്വ പ്രസ്താവിച്ചത് ഞാന്‍ കേട്ടിട്ടുണ്ട്. വഞ്ചനയില്‍ ഏറ്റവും കടുപ്പമേറിയത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകുന്നു… നിങ്ങളാരും തന്നെ യസീദിന്നുള്ള ബൈ അത്ത് പിന്‍വലിക്കരുത്. ഇക്കാര്യത്തില്‍ നിങ്ങള്‍ ആരും തന്നെ പങ്കെടുക്കരുത്. നാമും യസീദും ഇക്കാര്യത്തില്‍ ‘യുദ്ധമില്ലാകരാറില്‍’ ആകുന്നു..”
ഒരു ഖലീഫയെ സംബന്ധിച്ചിടത്തോളം ഭീകരവും ഗൌരവതരവുമായ പ്രശ്‌നങ്ങളാണ് അവിടെ ഉണ്ടായത്. ഖലീഫയുടെ വ്യക്തിത്വം കളങ്കപ്പെട്ടു, അയാളെ കുറിച്ച് ആരോപണങ്ങള്‍ പരത്തി, മാന്യവും സമുചിതവുമായി ആദരിച്ചു പറഞ്ഞയച്ചവര്‍ തന്നെ അത് ചെയ്തു, അവര്‍ ബൈഅത്ത് പിന്‍വലിച്ചു, ഗവര്‍ണറെ പുറത്താക്കി, ആരോപകനെ ത്തന്നെ നാട്ടുഭരണം ഏല്പിച്ചു, പുറമേ ബനൂ ഉമയ്യക്കാരെ ഉപരോധിച്ചു. സ്വാഭാവികമായും എന്താണ് സംഭവിക്കുക?! വാര്‍ത്ത ലഭിച്ചയുടന്‍ പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വന്‍ പടയെ മുസ്ലിം ബിന്‍ ഉഖ്ബയുടെ നേതൃത്വത്തില്‍ മദീനയിലേക്ക് വിട്ടു. ”മൂന്നു തവണ അവരെ വിളിക്കുക. അനുസരിച്ചാല്‍ വിട്ടേക്കുക. അല്ലാത്തപക്ഷം, യുദ്ധം ചെയ്യുക. മൂന്നു നാള്‍ എല്ലാം പിടിച്ചടക്കാം. സമ്പത്തും മൃഗങ്ങളും ആയുധവും ഭക്ഷണവും സൈന്യത്തിനെടുക്കാം. മൂന്നു ദിവസം പിന്നിട്ടാല്‍ പിന്നെ ജനങ്ങളെ വിട്ടേക്കുക. ഹര്‍റ എന്ന മദീനയുടെ അരികത്തുള്ള ഗ്രാമത്തില്‍ വെച്ച് ഘോര പോരാട്ടം നടന്നു. ഹിജ്‌റ അറുപത്തി മൂന്നില്‍. മദീനയുടെ പക്ഷത്തു നിന്ന ഏതാനും സ്വഹാബികളും കുറെ താബിഉകളും അവിടെ കൊല്ലപ്പെട്ടു. ഉമ്മുല്‍ മുഉമിനീന്‍ ഉമ്മു സലമ റ മരണപ്പെടുന്നത് ആ സമയത്താണ്. നബി സ്വ യുടെ വിശുദ്ധ ഹറമിന്റെ ബഹുമാനം തകര്‍ക്കുന്നതായിരുന്നു പട്ടാളത്തിന്റെ മൂന്നുദിവസത്തെ പരാക്രമണം. എന്നാല്‍, ആഹ്ലുല്‍ബൈത്തില്‍ പെട്ട ആരെയും ദ്രോഹിച്ചില്ല. അവര്‍ ആരും മദീനയുടെ പക്ഷത്ത് ചേര്‍ന്ന് ആയുധമണിഞ്ഞിരുന്നില്ല. അന്നവിടെ മുഹമ്മദ് ബിന്‍ അലി, അലി സൈനുല്‍ ആബിദീന്‍, അബുല്ലാഹി ബ്‌നു ജഅഫര്‍ തുടങ്ങിയ പ്രമുഖ അഹ്ലുല്‍ ബൈത്ത് അംഗങ്ങള്‍ ഉണ്ടായിരുന്നു. യസീദിന്റെ പ്രത്യേക കല്പനയുണ്ടായിരുന്നു, അലി സൈനുല്‍ ആബിദീന്‍ തുടങ്ങിയവരെ സംരക്ഷിക്കാനും അവരോടു നല്ല നിലയില്‍ വര്‍ത്തിക്കാനും അവരെ മറ്റു ജനങ്ങളുടെ കൂട്ടത്തില്‍ അകപ്പെടുത്താതിരിക്കാനും. ഇമാം അബൂ ജഅഫര്‍ റ പറഞ്ഞു: ”യസീദ് സൈന്യത്തിന്റെ അമീര്‍ മുസ്ലിം ബിന്‍ ഉഖ്ബ എന്റെ പിതാവിനെ ആദരിക്കുകയും അയാളുടെ മജ്‌ലിസില്‍ സംരക്ഷിക്കുകയും ചെയ്തു. സുരക്ഷാ പത്രം നല്‍കുകയും ചെയ്തു.”
അഹ്ലുല്‍ ബൈത്തിന്റെ വേരു പിഴുതെറിയണം എന്ന ദുഷ്ടലാക്ക് ബനൂ ഉമയ്യത്തിനോ യസീദിനോ ഉണ്ടായിരുന്നെങ്കില്‍ , കര്‍ബലയില്‍ ‘രക്ഷപ്പെട്ട’ അവശേഷിക്കുന്ന ഏതാനും പേരെ നിഷ്പ്രയാസം മദീനയിലെ ആ നരനായാട്ടില്‍ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍, മുആവിയയുടെ മകന്‍ യസീദ് അവര്‍ക്ക് പ്രത്യേകം സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു. പിന്നീട് മക്കയില്‍ ഇബ്‌നു സ്സുബൈറിനെതിരെ പട്ടാളത്തെ ഇറക്കിയപ്പോഴും അഹ്ലുല്‍ബൈത്തില്‍ പെടുന്നവരെ അപായപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചതുകാണാം. കര്‍ബലയില്‍ സംഭവിച്ചത് ഒരബദ്ധമായിരുന്നുവെന്ന് -ചുരുങ്ങിയത്, അതില്‍ കുറ്റബോധം ഉണ്ടായി എന്നെങ്കിലും- മദീനയിലെയും മക്കയിലെയും യസീദിന്റെ സൈനിക നടപടികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പുണ്യ മദീനയില്‍ അഴിഞ്ഞാടാന്‍ പട്ടാളത്തെ അനുവദിച്ചത്, യസീദിന്നു മേല്‍ മായാതെ കിടക്കുന്ന മഹാ അപരാധമാണ്.
കര്‍ബലയിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവര്‍ക്കെതിരെ യസീദ് നിയമ നടപടികള്‍ എടുത്തില്ല എന്നപ്രശ്‌നം അവശേഷിക്കുന്നു. ഇബ്‌നു സിയാദിനെ എന്തുകൊണ്ട് യസീദ് പ്രതിക്രിയക്ക് വിധേയമാക്കിയില്ല? തന്റെ സൈന്യത്തില്‍ ഉസ്മാന്‍ റ ന്റെ ഘാതകര്‍ ഉണ്ടായിരുന്നിട്ടും അവരെ ‘അത്ര പെട്ടന്ന് കോടതി കയറ്റാന്‍’ രാഷ്ട്രീയ സാഹചര്യം സയ്യിദുനാ അലി റ നെ അനുവദിക്കാതിരുന്ന പോലെ എന്തെങ്കിലും ‘രാഷ്ട്രീയരഹസ്യം’ അതിനു പിന്നില്‍ ഉണ്ടായിരിക്കാമെന്നെ നമുക്ക് പറയാനാകൂ. എന്നാലും യസീദ് എന്തെങ്കിലും ചെയ്യാത്തതില്‍ അഹ്ലുല്‍ബൈത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ടാവുക സ്വാഭാവികം. വിശിഷ്യാ, ഉസ്മാന്‍ റ നെ വധിച്ചവരേ ഉടന്‍ നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ച് അലി റ നോട് വിയോജിക്കുകയും യുദ്ധം പോലും നയിക്കുകയും ചെയ്ത മുആവിയയുടെ മകന്‍ എന്ന നിലക്ക് യസീദില്‍ നിന്നും അത് പ്രതീക്ഷിച്ചതായിരുന്നു.
അലിയുടെ കാലത്തും യസീദിന്റെ കാലത്തും ഇറാഖികള്‍ അഥവാ കൂഫക്കാര്‍ തന്നെയായിരുന്നു ഇസ്ലാമിക രാഷ്ട്രത്തിന് മഹാഭീഷണി. ഹുസൈന്‍ തങ്ങളെ കത്തെഴുതി വരുത്തിയ ‘വീരന്മാര്‍’ അടക്കമുള്ള കൂഫക്കാരായിരുന്നു ഇബ്‌നു സിയാദിന്റെ പട്ടാളക്കാരില്‍ ഏറിയപങ്കും. അവരാണ് ഇബ്‌നു സിയാദിനെപ്പോലും തെറ്റിദ്ധരിപ്പിച്ച് വധകല്പന തരപ്പെടുത്തിയതും സൈന്യാധിപനായ ഉമര്‍ ബിന്‍ സഅദിനേക്കള്‍ വലിയ രാജഭക്തി’ കാട്ടി യുദ്ധത്തിന് ധൃതികാണിച്ചതും ഹുസൈന്‍ തങ്ങളോടും കുടുംബത്തോടും മൃഗീയമായി പെരുമാറിയതും.. അലിയുടെ കൂഫയിലെ ഭാര്യ ഉമ്മുല്‍ ബനീന്‍ എന്നവരുടെ പിതൃ സഹോദരനാണല്ലോ കര്‍ബലയിലെ പ്രധാന വില്ലന്‍ ശമിര്‍ ബിന്‍ ജൌശന്‍. അയാളുടെ ‘സ്വകാര്യനീക്കങ്ങള്‍’ ഇല്ലായിരുന്നെങ്കില്‍ കര്‍ബല എന്ന ദാരുണ ചരിത്രം പോലും സംഭവിക്കില്ലായിരുന്നു എന്ന് ചരിത്രം വിലയിരുത്തുന്നു.. എല്ലാം അല്ലാഹുവിന്റെ വിധി.

കൂടുതല്‍ വായനക്ക്‌:

കര്‍ബല അനുസ്മരണം ഒരു രാഷ്ട്രീയം

Leave a Reply