സ്വഹാബത്തിനിടയിലെ രാഷ്ട്രീയപരമായ വീക്ഷണ വൈജാത്യം മൂലം സംഭവിച്ചുപോയ സായുധ സംഘട്ടനങ്ങളുടെ കഥ അനുസ്മരിക്കരുതെന്നും അഥവാ അവരെ തെറ്റിദ്ധരിപ്പിക്കാത്ത വിധം ആകണമെന്നും അവര്‍ക്കിടയിലെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ നിതാന്തമായ നിമിഷങ്ങള്‍ അയവിറക്കുകയാണ് വേണ്ടതെന്നും അഹ്ലുസ്സുന്നത്തി വല്‍ ജമാഅ തീരുമാനിച്ചതിനുപിന്നിലെ ചേതോവികാരം വ്യക്തമാണ്. വിശുദ്ധ ദീനിനെ സംരക്ഷിക്കുവാനുള്ള വലിയൊരു ജാഗ്രതയാണത്. അന്ത്യകാലം വരേക്കുമുള്ള മുസ്ലിംകളുടെ മാതൃകാ പുരുഷന്മാരാണ് സ്വഹാബികള്‍. പൊതു മുസ്ലിംകള്ക്കിടയില് അവരോടുള്ള സ്നേഹ ബഹുമാനത്തിനുപകരം നീരസം വളര്‍ന്നാല്‍, അതുവഴി ഇസ്ലാമിക സത്യത്തോടുതന്നെ ക്രമേണ അസംതൃപ്തി നുഴഞ്ഞു കയറുമെന്ന തിരിച്ചറിവില്‍ നിന്നാണ് ആ ജാഗ്രത ഉടലെടുക്കുന്നത്. ഋജു രേഖയില്‍ നിന്നും വളഞ്ഞു പോയ സകല പിഴവാദികള്ക്ക് സംഭവിച്ചതും അതുതന്നെ, സ്വഹാബതിനോടുള്ള വെറുപ്പും വിയോജിപ്പും..
സാധാരണക്കാരെ സംബന്ധിച്ച് ജ്ഞാനികളാണ് സര്വമാതൃക.
സ്വഹാബത്ത് മുഴുകാലത്തെയും മുസ്ലിംകള്ക്ക് അവലംബമെന്നപോലെ, ജ്ഞാനികള്‍ അതാതു കാലത്തെ/ ദേശത്തെ മുസ്ലിംകള്‍ക്കെങ്കിലും മാതൃകയും ആലംബവുമാണ്. സ്വഹാബത്തിന്റെ സദുദ്ധേശ്യ സംഘട്ടന സംഭവങ്ങള്‍ തെറ്റായി അനുസ്മരിക്കുന്നത് പോലും സമുദായത്തിന്റെ വിശ്വാസവീര്യം കെടുത്തുമെങ്കില്‍, കണ്മുന്നില് ജ്ഞാനികള്‍ വാക്കിലും ഊക്കിലും രക്തം ചീറ്റുന്നത് സമുദായത്തെ എത്രമാത്രം ദീനില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കണം? ഇക്കാലത്ത് പടര്‍ന്നു വ്യാപകമായിക്കൊണ്ടിരിക്കുന്ന ‘താന്തോന്നിത്ത മതം’ നമ്മെ ഉണര്‍ത്തുന്നത് മറ്റെന്താണ്? മത നിയമങ്ങള്‍ നിര്‍വികാരം തള്ളിപ്പറയാനും, മതേതരനായും മതനിഷേധിയായും വളരാനും, മത വീര്യം പാടെ കുറഞ്ഞുപോകാനും നിമിത്തമായി വര്‍ത്തിച്ച ഘടകങ്ങളില്‍ മുഖ്യം, കണ്മുന്നിലെ ജ്ഞാനികളില്‍ നിന്നും കിട്ടുന്ന അനുഭവങ്ങളുടെ പ്രതിപ്രവര്‍ത്തനം തന്നെയല്ലേ? മാതൃകകള്‍ വികലമായാല്‍ അനുകര്‍ത്താക്കള്‍ ഋജുവാകുമോ? നാട്ട വളഞ്ഞാല്‍ നിഴലെന്താകും?!!
കുടുംബത്തെ മാതൃകകളാണ് മുതിര്‍ന്നവരും മാതാപിതാക്കളും. അവരില്‍ നിന്നും സംഘട്ടനത്തിന്റെ , അസഹിഷ്ണുതയുടെ പാഠങ്ങള്‍ കണ്ടും കേട്ടും രുചിച്ചും വളരുന്ന, ബോധം വികസിച്ചു വരുന്ന മക്കള്‍ എങ്ങോട്ടാണ് ചായുക? രാജാവിന് കീഴിലെ പ്രജയാകട്ടെ, മാതാപിതാക്കള്‍ക്ക് കീഴിലെ മക്കളാകട്ടെ, ഗുരു മുഖത്തെ പഠിതാക്കള്‍ ആകട്ടെ, ആചാര്യന്മാരെ ‘നോക്കുന്ന’ സമാജമാകട്ടെ, ‘കീഴില്‍’ കഴിയുന്നവരുടെ മുന്നിലുള്ളത് രണ്ടുവഴികളാണ്; രണ്ടുതരം പ്രതിഫലനങ്ങള്‍. ഒന്ന്, അപ്പടി അനുകരിക്കുക, അനുസരിക്കുക. അനുകരണീയ /വികല മാതൃകകള്‍ ഇവരിലൂടെ പുനര്‍ജനിച്ചു കൊണ്ടിരിക്കും. രണ്ട്, നേര് വിപരീത ദിശയിലേക്ക് ‘പ്രതിഷേധി’ക്കുക. അവര്‍ ‘അധികാര’ ഘടകങ്ങളോട് വിഘടിക്കുക മാത്രമല്ല, അതിന്റെ വൈരികളാകുക പോലും ചെയ്യും. വ്യക്തിഗതമായ വീര്യ വ്യത്യാസത്തിനനുസരിച്ച് ‘പ്രതിഷേധ’ വഴികളുടെ വീര്യവും ഏറിയും കുറഞ്ഞുമിരിക്കും..
സംഘട്ടനങ്ങളുടെ കഥയായാലും കണ്മുന്നിലെ അനുഭവങ്ങളായാലും അത് മക്കളില്‍, ശിഷ്യരില്‍, സമുദായത്തില്‍ നല്ലൊരു വിഭാഗത്തെ ഇടത്തോട്ടു വളയാന്‍ പ്രേരിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. ഇമാം സുബ്കി റഹി ‘മുഈദ്ന്നിഅമി’ല്‍ ഇക്കാര്യം ഉണര്‍ത്തുന്നു: “ ജ്ഞാനികളെ, ‘വീക്ഷണ പക്ഷപാതം’ നിങ്ങള്‍ക്കിടയിലെ അഭിപ്രായ ശിഥിലതയിലേക്ക് നയിക്കും. പമാരന്മാര്/ അല്പജ്ഞന്മാര് നിങ്ങള്‍ക്കുമേല്‍ വാഴുവാന്‍ ഇടവരുത്തും. പൊതുജനങ്ങള്‍ക്കിടയില്‍ നിങ്ങളോടുണ്ടാകേണ്ട ‘ബഹുമാനം’ തകര്‍ത്തുകളയും. നിങ്ങളുടെ വ്യക്തിത്വത്തെയും അഭിമാനത്തെയും വകവരുത്തുന്ന അനാവശ്യ ചര്‍ച്ചയിലേക്ക് അവര്‍ ആണ്ടുപോകും. അങ്ങനെ നിങ്ങളെ ദുഷിച് പറഞ്ഞും ചിന്തിച്ചും ആ വിഡ്ഢികള്‍ നാശമയുവാന് ഇതെല്ലാം കാരണമാകും. കാരണം, ഇതു നിലക്കും നിങ്ങളുടെ മാംസം വിഷമാണ്. കാരണം നിങ്ങള്‍ ഉലമാക്കള്‍ ആണ്. ഗൗരവമേറിയ അശ്രദ്ധകള്‍ നിമിത്തം നിങ്ങളും നിങ്ങളെ സ്വയം നശിപ്പിക്കുകയാണ്..”
പൊതുജനത്തിന്റെ ഇരുലോകവും നശിക്കാതിരിക്കാന്‍, സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും, അടിസ്ഥാന സത്യങ്ങള്ക്കനുബന്ധമായ ഭിന്നഭിപ്രായങ്ങളെ പരസ്പരം സഹിക്കുന്ന വിശാലതയുടെയും മഹിത മാതൃകകള്‍ ജ്ഞാനികളില്‍ നിന്നും പുറത്തുവരട്ടെ.. ജനത്തെ നന്നാകാന്‍ അനുവദിക്കണമെന്ന ഉത്കൃഷ്ട ബോധമുള്ളവര്‍ , പുന്നാര തിരുനബി സ്വ യുടെ – “ഇങ്ങോട്ടെന്നപോലെ അങ്ങോട്ടും പ്രതികരിക്കുന്നവന്/ ബന്ധം കാണിക്കുന്നവന് അല്ല ബന്ധം ചേര്‍ക്കുന്ന വാസ്വില്‍; ഇങ്ങോട്ട് നല്ല നിലയില്‍ ഇടപെട്ടില്ലെങ്കിലും അങ്ങോട്ട് നല്ല നിലയില്‍ ബന്ധം സ്ഥാപിക്കുന്നവനാണ് വാസ്വില്‍”- എന്ന മഹദ്വചനം പകര്‍ത്തുവാന്‍ തയ്യാറാകുമെന്നാശിചോട്ടെ.; മസില് പിടിക്കാതെ, ചമ്മലിന് കീഴ്പ്പെടാതെ, മനുഷ്യസഹജമായ പാളിച്ചകള്‍ പരസ്പരം മറന്ന്, നമ്മുടെ കരളിന്റെ കഷ്ണമായ മുത്തുനബിയുടെ/ ആരമ്പപ്പൂവിന്റെ ഉമ്മത്തിനെ ഭീകര അപകടത്തില്‍’ നിന്നും രക്ഷപ്പെടുത്തുകയെന്ന ഉദാത്ത ലക്ഷ്യത്തിനു മുന്നില്‍ എല്ലാം മറന്ന്, ഒത്തൊരുമയോടെ നീങ്ങാന്‍ ആവശ്യമായ കാര്യങ്ങളെ കുറിച്ചു ചടുലമായി ചിന്തിക്കാന്‍ തയ്യാറാകണേ..
ആരും ആരെയും കാത്തു നില്‍ക്കാതെ , ഇരു വിഭാഗത്തിലുമുള്ള നേതാക്കളും അനുയായികളും പ്രതിപക്ഷത്തുള്ളവരുമായി അടുപ്പത്തിന്റെ വഴികള്‍ തുടങ്ങുക തന്നെ. ഫോണ്‍ വിളിച്ചും വീട് സന്ദര്‍ശിച്ചും മറ്റും മറ്റും അത് തുടങ്ങട്ടെ. ഔദ്യോഗിക ചര്‍ച്ചകള്‍ പിന്നാലെ നടന്നോളും. നമ്മുടെ നേതാക്കളായ അലിയാര് തങ്ങളും ഹസന് തങ്ങളും നമ്മുടെ ആഇശ ബീവിയും മുആവിയ അവര്‍കളും മറ്റും കാണിച്ചു തന്നത് ‘അത്ഭുതകരമായ സാഹോദര്യം’ ആയിരുന്നുവെന്ന് കലുഷമായ ഈ കാലത്തിന് ഒരിക്കല്‍ കൂടി കാണിച്ചുകൊടുക്കാന്‍ നമ്മുടെ ബഹുമാന്യരായ ഉലമാക്കള്‍ രംഗത്തുവരുമെന്ന പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ..
ഹസന് തങ്ങള്‍ ഖിലാഫത്ത് അധികാരമാണ് മുആവിയ റ അവര്‍കള്‍ക്ക് വിട്ടു കൊടുത്തത്. അതിലും വലിയൊരു സഹിഷ്ണുതയുണ്ടോ? വിട്ടു വീഴ്ചയുണ്ടോ? സാഹോദര്യമുണ്ടോ? മറുപക്ഷത്തുള്ള ആള്‍ക്ക് ഇസ്ലാമിക സാമ്രാജ്യം മൊത്തം വിട്ടുകൊടുക്കുമ്പോള്‍, (ഏതാനും മസ്ജിദുകളോ അത്രതന്നെ മദ്രസകളോ മറ്റോ അല്ല,) അവരത് കുളമാക്കും, അതിനര്‍ഹത അവര്‍ക്കില്ല എന്നിത്യാദി ചിന്തകള്‍ ഹസന് തങ്ങളെ ഭരിച്ചില്ല. ലോകത്തെ ഇസ്ലാമിനെ മൊത്തമായി മുആവിയ റ നെ ഏല്പിച്ച് ഹസന് തങ്ങള്‍ വൈജ്ഞാനിക സേവനങ്ങളില്‍ മുഴുകുകയായിരുന്നു. ഇവിടെ ഹസന് തങ്ങളായി പുനര്‍ജനിക്കുക ആരായിരിക്കും? ഇന്‍ശാ അല്ലാഹ്, “എന്റെ ഈ പുന്നാരമോന്, സംഘട്ടനം ചെയ്യുന്ന ഇരു വിഭാഗം സത്യവിശ്വാസികള്‍ക്കിടയില്‍ രമ്യത തീര്‍ക്കുന്നതാണ്’ എന്ന് ഹസന് തങ്ങളെ കുറിച്ചു പ്രവചിക്കുമ്പോള്‍ മുത്തുനബി സ്വ എത്രമാത്രം ആത്മാഭിമാനം അനുഭവിച്ചോ, അത്രയില്ലെങ്കിലും മുസ്ലിംകളുടെ ‘വെടിനിര്‍ത്തല്‍’ ആ വിശുദ്ധ മനസ്സില്‍, ഒരുപാടൊരുപാട് സന്തോഷം ഉണ്ടാക്കില്ലേ? ഇക്കാലഘട്ടത്തില്‍ ഇതിലും മഹത്തായ എന്തൊരു നന്മ ചെയ്തിട്ടാണോ നമുക്ക് മുത്തുനബിയെ സന്തോഷിപ്പിക്കാന്‍ കഴിയുക ?!! ഒരാളുടെത് മൊത്തം മറ്റേ കക്ഷിയെ ഏല്പിക്കണം എന്നോ ഒരാള്‍ ജ്ഞാന മേഖലയിലും മറ്റെയാള്‍ ‘സംഘാടന’ മേഖലയിലും ഒതുങ്ങട്ടെ എന്നും ഇതിനര്‍ത്ഥം കല്‍പിക്കില്ലെന്ന് വിശ്വസിക്കട്ടെ.
സംഘടനാ ലയനം സാധ്യമല്ലെന്ന് വന്നാല്‍ പോലും, (ഹസന് റ നെ പ്പോലെ ചിന്തിച്ചാല്‍ അത് നിഷ്പ്രയാസകരം), പരസ്പരം വെടിനിറുത്തല്‍ പ്രഖ്യാപിക്കാനും , നുഴഞ്ഞു കയറിയ ‘ഖാരിജുകളെയും’ ‘ശീഇകളെയും’ (കുളമാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നര്‍ത്ഥം) തിരിച്ചറിഞ്ഞ് വ്യക്തിഗത ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സാധിക്കാതിരിക്കുന്നത് എങ്ങനെ? ‘അവരുമായി’ അടുക്കാതിരിക്കാന്‍ സൂത്രങ്ങളുമായെത്തുന്ന സ്വന്തം അടുപ്പക്കാരുണ്ടല്ലോ, അവരെ തിരിച്ചറിയാന്‍ ജ്ഞാനികളെ, സാത്വികരെ നിങ്ങള്‍ക്ക് സാധിക്കട്ടെ.
അലിയാര് തങ്ങള്‍ക്കെതിരെ മഹാന്മാരായ ഉമ്മ ആഇശയും റ ത്വല്‍ഹയും റ സുബൈറും റ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. അവര്‍ക്കതില്‍ ഖേദം ഉണ്ടായി. അന്നവരുടെ മുന്നിലെ ‘ആദര്‍ശം/ സുന്നത്ത് ജമാഅത്ത്’ സയ്യിദ്നാ ഉസ്മാന് റ ആയിരുന്നു. ആദര്‍ശമായിരുന്നു ഇരുവരുടെയും ഇന്ധനം. അധികാര മോഹമാണ് പ്രചോദനം എന്ന പ്രചാരണം ശിഈകള്‍ ഉണ്ടാക്കിയതാണ്. ആദര്‍ശത്തെ നിഹനിച്ചത് ആര് , സംരക്ഷിച്ചത് ആര് എന്ന തര്‍ക്കം വിടുക. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ അവസാനിപ്പിക്കുക. മുആവിയ റ വും അലിയാര് തങ്ങളും ഇക്കാര്യത്തില്‍ ധര്‍മ സമരത്തില്‍ ഏര്‍പ്പെട്ട പോലെ കുറെ കാലമായല്ലോ സംഘട്ടനം. കുറെ രക്തം ആവശ്യത്തിനു/ അനാവശ്യത്തിന് ചിന്തി. ജീവന് നഷ്ടപ്പെട്ടവരെ വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ. ജീവന് എടുത്തവര്‍ക്ക് നിയ്യത്ത് നന്നെങ്കില്‍ അവരെ അല്ലാഹു പരാജിതരില്‍ പെടുത്താതിരിക്കട്ടെ.
ധര്‍മ പോരാട്ടങ്ങള്‍ നടക്കുമ്പോഴും അവര്‍- അലിയാര് തങ്ങളും മുആവിയ എന്നവരും- പരസ്പര സ്നേഹ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചു. ചീത്ത പറയാന്‍ അനുവദിച്ചില്ല. (മുആവിയ റ അലിയാരെ ചീത്ത പറയിപ്പിച്ചുവെന്ന കെട്ടുകഥ ശീഇകളുടെ വകയാണ്).കാരണം, “അവരുടെ നെഞ്ചകത്തുള്ള വിദ്വേഷം നാം നീക്കം ചെയ്തിരിക്കുന്നു”(ഹിജ്ര്/47) എന്ന് അവരെക്കുറിച്ച് അല്ലാഹു പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
ഒരാള്‍ വന്നു മുആവിയയോട് ഒരു മസ്അല ചോദിച്ചു. അദ്ദേഹം പറഞ്ഞു, അലിയോട് ചോദിക്കൂ, അദ്ദേഹമാണ് കൂടുതല്‍ അറിയുക”. അയാള്‍ പറഞ്ഞു: ‘താങ്കളുടെ മറുപടിയാണ് എനിക്ക് അലിയുടെ മറുപടിയേക്കാള്‍ സ്വീകാര്യം’. അതുകേട്ടപ്പോള്‍ മുആവിയ റ യുടെ ‘സ്വഭാവം’ മാറി. ‘നബി സ്വ ജ്ഞാനമഹത്വം വിളംബരപ്പെടുത്തിയ മഹാനെയാണോ നീ വെറുക്കുന്നത്?! ‘അലീ, മൂസയ്ക്ക് ഹാറൂന്‍ എന്നപോലെയാണ് നീ എനിക്ക്; എന്നാല്‍ എനിക്ക് ശേഷം ഒരു നബിയില്ലട്ടോ’ എന്ന് പറഞ്ഞു ആദരിച്ചയാളെ യാണടോ നീ അവമതിക്കുന്നത്? ഹസ്രത്ത് ഉമര്‍ റ പോലും സങ്കീര്‍ണ്ണ മസ്അല വന്നാല്‍ അലിയാരെയാണ് സമീപിച്ചിരുന്നത്, നിനക്കറിയുമോടാ? എണീറ്റു പോടാ ഇവിടെന്ന്’ എന്നും പറഞ്ഞു അയാളെ വെറുതെ വിടുകയായിരുന്നില്ല. അയാളുടെ റേഷന്‍/ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തിക്കളയുകയായിരുന്നു ഹസ്രത്ത് മുആവിയ റ.(അഹ്മദ്). ഇതാണ് അവരുടെ മനസ്സ്.
മേല്സൂക്തതില് തുടര്‍ന്ന് പറഞ്ഞ പോലെ ,“സഹോദരങ്ങള്‍’ ആയി അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമാവണം” ഇനി. മനസ്സില്‍ പകയില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമ്പോള്‍ ഐക്യത്തിന്റെ കട്ടിലുകളില്‍ അവര്‍ പരസ്പരം അഭിമുഖീകരിക്കും, ഇന്ഷാ അല്ലാഹ്..
ഇവിടെ ആരാണ് അലി ആരാണ് മുആവിയ എന്നൊന്നും നാം താരതമ്യം ചെയ്യാന്‍ തുനിയണ്ട. അവര്‍ ഓരോരുത്തരും ചിന്തിക്കട്ടെ, ഞാനാകുന്നു മുആവിയ റ എന്ന്. ‘ഇജ്തിഹാദില്‍’ പിഴച്ചത് എനിക്കാകുന്നുവെന്നു…. ഇരുപക്ഷത്തുള്ള സ്വഹാബി പ്രമുഖരും രക്ഷപ്പെടും, അവരവരുടെ വീക്ഷണ ന്യായങ്ങള്‍ അവര്ക്കുണ്ടായതിനാല്. കുടുങ്ങിപ്പോകുക അവരെ നിരൂപിക്കാന്‍ നില്ക്കുന്ന സാധു മനുഷ്യരാണ്. നാം ബഹുമാനിക്കുന്ന ജ്ഞാനികള്‍ നമ്മെ രക്ഷപ്പെടുത്തുമാറാകട്ടെ.. ആമീന്‍.. .