മാപ്പിള സാഹിത്യത്തിന് പാടൂര്‍ തെക്കുംതറ വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍ സംഭാവന ചെയ്ത മഹിത രചനകളിലൊന്നാണ് ഫൈളുല്‍ബാരി എന്ന പരോപകാരി. ഗ്രന്ഥത്തെ ഹ്രസ്വമായി പരിചയപ്പെടാം.
“ഹിജ്ര എണ്ണൂറില്‍ ബഹുമാനപെട്ട സൈനുദ്ധീന്‍ മഖ്ദൂം തങ്ങള്‍ പൊന്നാനി വന്ന് പള്ളി എടുപ്പിച്ചു. ജനങ്ങള്‍ക്ക് ഉപകാരമായ ഇല്മിനെ ആ പള്ളിയില്‍ ദര്‍സ് വെച്ചു….. കലാമിന്റെ ഇല്മും മന്തിഖും പഠിക്കുന്നതിനെ അവര്‍ വിരോധിച്ചു. അവരുടെ ബൈത്താവിദ്: ‘നമ്മുടെ ഇ കാലക്കാര്‍ മന്തിഖിലും കലാമിന്റെ ഇല്മിലും പ്രവേശിക്കുന്നത് കണ്ട് നീ ചതിപ്പെട്ടു പോകരുത്.’ (അദ്കിയയിലെ വരിയുടെ അര്‍ഥം-ലേ). മലബാര്‍ മുസ്ലിം സഹോദരങ്ങള്‍ പല രാജ്യങ്ങളില്‍ നിന്നും അവിടെവന്ന് ഇല്മിനെ പഠിച്ചു പോകുനവരായി. അതിനാല്‍ കേരള മുസ്ലിംകള് ഏക വിശ്വാസികളായും അഹ്ലുസ്സുന്നത്തി വല്‍ ജമാഅ എന്ന സാധവഴിസംഘക്കരായും നടന്നുപോന്നു. പല ഔലിയാക്കളും സ്വാലിഹീങ്ങളും അവരില്‍ കഴിഞ്ഞു പോകുകയും ചെയ്തു..”
പിന്നീട് എന്തുണ്ടായി? കേരള മുസ്ലിം ഉലമാക്കള്‍ക്കിടയില്‍ ശൈഥില്യവും (ഇഫ്തിരാഖ്), മുസ്ലിം സാമാന്യ ജനങ്ങളില്‍ വിശ്വാസ ചാപല്യവും വളഞ്ഞ ചിന്തകളും ഉടലെടുക്കാനിടയായ മൂല കാരണങ്ങളിലേക്ക്, സമുദായത്തിന്റെ ഗതിവിഗതികള്‍ക്ക് സാക്ഷിയായ ഗ്രന്ഥകാരന് സങ്കടത്തോടെയും അമര്‍ഷത്തോടെയും വെളിച്ചമടിക്കുന്നു:
“ഹിജ്ര ആയിരത്തി മുന്നൂറിന്നു ശേഷം വേലൂര്‍ മുതലായ രാജ്യങ്ങളില്‍ നിന്ന് മേല്പറഞ്ഞ ഇല്മു പഠിച്ചു വന്നു നമ്മുടെ മലബാറില്‍ ചിലര്‍ അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തും ദീനിയായ അഹ്കാമുകളും ഗ്രഹിക്കാതെ ഈ ഇല്മു കൊണ്ട് ചതിപ്പെട്ടു. എന്നാല്‍ മുമ്പ് മുസ്ലിം സഹോദരങ്ങള്‍ ഇംഗ്ലീഷ് വര്ജ്ജിച്ചവരായിരുന്നു. ഇപ്പോള്‍ ദീനിയ്യായ അഹ്കാമുകള്‍ പഠിക്കാതെ ഇംഗ്ലീഷ് മുതലായതില്‍ പ്രവേശിച്ചു. അതില്‍ ഫല്‍സഫയുടെ ഭാഗം ഗ്രഹിച്ചു അവരും വന്നു രണ്ടു ഗ്രഹിതവും മലബാറില്‍ ശക്തിപ്പെട്ടു ദീനിയ്യായ ഗ്രഹിതം ചുരുങ്ങി വന്നു. അതിനാല്‍ മലബാര്‍ മുസ്ലിം സഹോദരങ്ങള്‍ ഇപ്പോള്‍ പല അഭിപ്രായക്കാരും സംഘക്കാരുമായിത്തീര്ന്നു…” (പരോപകാരി, പുറം 46)
1932/ 1351 ലാണ് പരൂര് തെക്കുംതറ വെളിയത്ത് കുഞ്ഞഹ്മദ് മൌലവി സ്വന്തം ചെലവില്‍ പൊന്നാനി നൂറുല്‍ ഹുദാ അച്ചുകൂടത്തില്‍ ‘പരോപകാരി’ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്യുന്നത്. അക്കാലത്തെ പ്രസിദ്ധ ജ്ഞാനനേതൃത്വങ്ങളില് നിന്നും വിദ്യ അഭ്യസിച്ച മൌലവിയുടെ പ്രധാന ഗുരൂ വെളിയങ്കോട് തട്ടാങ്കര കുട്ടി അഹ്മദ് മുസ്ല്യാര്‍ ആയിരുന്നു. നല്ലൊരു മുദരിസും സൂഫിയും അതോടൊപ്പം ഒന്നാം കിട ഗ്രന്ഥകാരനുമായിരുന്നു അദ്ദേഹം. പദ്യരചനയില്‍ മിടുക്ക് തെളിയിച്ച അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും പദ്യരൂപത്തിലാണ്. കേരളം കാണാതെ പോയ അതി നിപുണനായ ഹദീസ് ശാസ്ത്ര വിദഗ്ധന്‍ കൂടിയാണ് വെളിയത്ത്. ഗദ്യമായും അറബ്യേതര ഭാഷയിലും ‘പരോപകാരി’ മാത്രം. മൌലവിയുടെ അവസാനത്തെ രചനയായ പരോപകാരി അറബി മലയാളത്തിലാണ്.
സമുദായത്തിന്റെ ഐക്യവും വിശ്വാസ ചൈതന്യവും തകര്‍ത്തതില്‍, ഇസ്ലാമിക ഫല്സഫ എന്ന പേര്‍ഷ്യന്‍ തത്വജ്ഞാനങ്ങളുടെയും, ഇംഗ്ലീഷ് ഭാഷാഭ്യസനത്ത്തിന്റെ ഭാഗമായിരുന്ന യൂറോപ്യന്‍ ഫിലോസഫിയുടെയും ദുസ്വാധീനത്തെക്കുറിച്ച് വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍( 1297- 1387) എന്ന സാത്വികനല്ലാതെ മറ്റാരെങ്കിലും വിശകലനം ചെയ്തതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇല്‍മുല്‍കലാമും മന്തിഖും ഫിഖ്ഹിന്റെയും തസവ്വുഫിന്റെയും ആര്‍ദ്രതയെ പുകയാക്കി വിട്ടപ്പോള്‍ ഉലമാക്കള്‍ക്കിടയില്‍ ‘ഇസ്ലാമിക യുക്തി’ തളിര്ത്തുവളരുകയും സ്വരഭിന്നത വര്ദ്ധിക്കുകയുമായിരുന്നല്ലോ.
കേരള മുസ്ലിംകല്കിടയില് സംജാതമായ സാമൂഹ്യപരിവര്ത്തനങ്ങളെക്കുറിച്ച്, മാപ്പിളയുടെ സാംസ്കാരിക അടയാളങ്ങളില്‍ വന്ന വ്യതിയാനങ്ങളെ സംബന്ധിച്ച് ഗ്രന്ഥകാരന് വിലപിക്കുന്നത് കേട്ടോളൂ :
“ആയിരത്തി മുന്നൂറിന്നു മുമ്പ് മുസ്ലിം സഹോദരങ്ങള്ക്കാര്ക്കും കുടുമ വെക്കുന്ന പതിവില്ല. അഥവാ ഒരുത്തന് കുടുമ വെച്ചെങ്കില്‍ അവനെ കുറിച്ച് മുസ്ലിമെന്ന് ഒരുത്തരും പറയുകയില്ല. അതുവിട്ട് ഇപ്പോള്‍ കുടുമ ഏതാനും സ്ഥലങ്ങളില്‍ പതിവായി അതിനാല്‍ ഒരുത്തര്‍ക്കും ആക്ഷേപം ഇല്ലാതായി. ആയിരത്തി മുന്നൂറിന്നു മുമ്പ് മലബാറില്‍, കുടുമ വെക്കുന്ന കാഫിറിന്നല്ലാതെ, മുസ്ലിം സഹോദരങ്ങള്‍ക്ക് താടി വടിക്കല്‍ പതിവില്ല. അഥവാ ഒരുത്തന് താടി വടിച്ചെങ്കില് നാണക്കേടാല്‍ ജനസമൂഹത്തില്‍ വരാന്‍ ആവതാവുകയില്ല… ആയിരത്തി മുന്നൂറിന്നു മുമ്പ്, കുടുമ വെക്കുന്ന കാഫിറിന്നല്ലാതെ, തുണി കുശിയുടുത്ത് ഞെരിയാണിക്ക് താഴെ താഴ്ത്തിടല് പതിവുണ്ടായിരുന്നില്ല. ഇപ്പോള്‍ അതും മുസ്ലിം സഹോദരങ്ങള്‍ക്ക് പതിവായി. ഏതാനും മുസ്ലിമിനെ കണ്ടാല്‍ കാഫിരാണെന്ന് ഊഹിക്കാന്‍ ഇടയായി.” (പുറം 14, 15)
സമുദായത്തിന്റെ വൈജ്ഞാനിക- സാമൂഹ്യ – രാഷ്ട്രീയ ചലന നിശ്ചലനങ്ങളെ ‘തുറിച്ചു നോക്കുന്ന’ പണ്ഡിതനായിരുന്നു വെളിയത്ത്. ഒരു സമഗ്ര സമുദായമെന്ന നിലയില്‍ മുസ്ലിംകളുടെ ഉള്ളും പുറവും ചുറ്റുപാടുകളും വൃത്തിയായിരിക്കണം എന്ന് ആ സ്വൂഫിവര്യന്‍ ‘രൂക്ഷമായി’ നിരീക്ഷിച്ചു. ബ്രിടീഷ് ഭരണത്തിനെതിരെ അഖിലേന്ത്യാ തലത്തില്‍ ‘മുഹമ്മദലിയും ഗാന്ധിജിയും കൈകോര്‍ത്തു സൌഹൃദം പാടി’യപ്പോള്‍, അത് കേരളത്തിലേക്കും പടര്‍ന്നു കയറിയതിന്റെ ഭീകര ദുരന്തം മലബാര്‍ മുസ്ലിംകളെ പ്രകമ്പനം കൊള്ളിച്ച കാലമായിരുന്നല്ലോ കുഞ്ഞഹ്മദ് മുസ്ല്യാരുടെത്. ഗാന്ധിയുടെ സഹകരണ ത്യാഗവും ഖിലാഫത്ത് പ്രേമവും മുസ്ലിംകളെ യുദ്ധമുഖത്തേക്ക് തള്ളിയിടാനുള്ള ഗൂഡ പരിപാടിയായി അതിന്റെ തുടക്കത്തിലേ മണത്തറിഞ്ഞ ജ്ഞാനികള്‍ ഉണ്ടായിരുന്നു. അത്തരം, സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷകരായിരുന്ന ഒട്ടേറെ കേരള ഉലമാക്കളില്‍ ഒരാളായിരുന്നു വെളിയത്ത്. സര്‍വ മതവിശ്വാസികള്‍ക്കും സ്വാതന്ത്ര്യമുള്ള ‘മതപക്ഷമില്ലാത്ത’ ഇന്ത്യ പിറക്കുന്നതിനു മുമ്പ്, ഗാന്ധിജി രാഷ്ട്രപിതാവാകുന്നതിന് മുമ്പ്, ഗാന്ധിയെയും അദ്ദേഹത്തിന്റെ ഹിന്ദു മുസ്ലിം ‘സൌഹൃദച്ഛായ’ യെയും വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍ വിലയിരുത്തുന്ന വരികള്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇവിടെ പകര്‍ത്താം:
“ഈ സമാനിന്റെ അഹ്ലുകാര്‍ അല്ലാഹു തആലാന്റെയും റസൂലിന്റെയും കല്പനയെ ലംഘിച്ച്, കാഫിറുമായി സഹവാസവും ഐകമത്യവും ചെയ്തു. ഗാന്ധി എന്നൊരു കാഫിര്‍ വെളിപ്പെട്ടു. കാഫിറും മുസ്ലിമും തമ്മില്‍ യോജിപും ഐകമത്യവും വേണമെന്ന് ഉപദേശിച്ചു. ഖിലാഫത്തെന്നൊരു വലവീശി അല്ലാഹു തആലായുടെ കല്പനയെ തീരെ മറന്നു. ആ കാഫിറിന്റെ വലയില്‍ പെട്ടു. അതിനാല്‍ മുസ്ലിംകള്ക്ക് എത്തിയ നാശവും അനര്‍ത്ഥവും ഇത്രത്തോളമെന്നു ക്ലിപ്തപെടുത്താന് തരമില്ലാത്ത വിധത്തില്‍ വന്നു വശായി. ഇന്നും മുസ്ലിമീങ്ങള്‍ ആ അനര്‍ത്ഥത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഇതെല്ലാം കണ്ടിട്ടും മുസ്ലിംങ്ങള്‍ ഉണരുന്നില്ല.! കാഫിറിന്റെ സഹവാസത്തില്‍ നിന്നും ഒട്ടും പിന്മാറുന്നില്ല. അടിയന്തരങ്ങളുടെ നിറവേറ്റം കാഫിറിനെ കൊണ്ടാണെന്ന് വെച്ച് കാഫിറില്ലാതെ അടിയന്തിരങ്ങള്‍ കഴിക്കുന്നില്ല. എന്തു ചെയ്യട്ടെ, ആദരവായ റസൂല്‍ പറഞ്ഞ കാര്യങ്ങള്‍ അതാതിന്റെ കാലങ്ങളില്‍ പുലരാതെ കഴിയുമോ?!” (പരോപകാരി പുറം, 16, 17). ഇന്ത്യന്‍ മുസ്ലിംകളുടെ രക്ഷകനായി ഗാന്ധിയെ അവതരിപ്പിച്ച അന്നത്തെ കൊണ്ഗ്രെസ്സ് മൌലവിമാരുടെ തലമണ്ട ഉന്നം പിടിച്ചുള്ള വെളിയത്തിന്റെ ഏറു കൊള്ളാം. ഇന്നത്തെ ചില ‘മദ’ മൈത്രിക്കാരുടെ നെഞ്ചത്ത് തുളച്ചു കയറാനും ഈ വാക് ശരങ്ങള്‍ക്ക് ഊക്കുണ്ട്.
മേല്‍ പരാമര്‍ശങ്ങള്‍ വായിക്കുന്ന അനുവാചകര്‍, മലബാര്‍ മുസ്ലിംകളുടെ മത സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങള്‍ ആനുഷംഗികമായി ചര്‍ച്ച ചെയ്യുന്ന ഒരു ‘ഉപദേശ’ രചനയായി ‘പരോപകാരി’യെ മനസ്സിലാക്കിയെങ്കില്‍ പിഴച്ചു. ‘പരോപകാരി’ അതൊന്നുമല്ല. പരോപകാരിയുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലെ പ്രതിപാദന രീതിയെസംബന്ധിച്ചും ഗ്രന്ഥകാരന് ആമുഖത്തില്‍ പറയുന്നത് വായിക്കാം:
“ .. ഭൂമിയിലുള്ള സര്‍വ്വ സാധനങ്ങളും നമുക്ക് വേണ്ടി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി പുലര്ന്നിരിക്കെ, അതാത് സാധനങ്ങളെ കൊണ്ടുള്ള ഉപയോഗം എന്താണെന്നു നാം ഗ്രഹിക്കാത്തത് വിഡ്ഢിത്തവും വൈഭവ ദൂഷ്യവുമാണെന്ന് സ്പഷ്ടമാണ്. അതുകൊണ്ട് ജീവികളെ കാരണിച്ചു പല വിവരങ്ങള്‍ അഗാധമായ സമുദ്രത്തില്‍ പൂണ്ടു കിടക്കയാല്‍ അവയുടെ നാമ ചിന്തനദ്വാരാ പല അത്യാവശ്യ വിവരങ്ങളെ ഉള്‍പ്പെടുത്തി അവയുടെ ഗുണാഗുണങ്ങള്‍, അത് സംബന്ധമായ ചില അത്ഭുത കഥകള്‍, ചികിത്സകള്‍, സ്വപ്ന ഫലങ്ങള്‍, ഇഛസാധ്യ വഴി, ഈമാന്‍ സലാമത്ത് വഴി, മാപ്പ് വഴി, കര്‍മ്മ ഭാഗം, പല അദ്കാര്‍-ദുആ-സ്വലാത്ത്- ഇസ്തിഗ്ഫാര്‍ മുതലായ മുക്തിമാര്‍ഗ്ഗം, നസ്വീഹത്ത് എന്ന ഗുണപദേശം, തൌഹീദ് എന്ന ഏകത്വ വിശ്വാസം, തസവ്വുഫ് എന്ന ശുദ്ധി മുറ, അഖാഇദ് എന്ന വിശ്വാസ മുറ, ഫിഖ്ഹിയ്യായ പല മസ് അല, സുഹ്ദ് എന്ന തപസ്സ്, ഖൗഫ് എന്ന ഭയം, ത്വാ അത്ത് എന്ന വണക്കം, തവസ്സുല്‍ എന്ന ഇടതേട്ടം, ഖബ്രുങ്കല് ഓതല്‍, സിയാറത്ത്, ഖബറിലെ അദാബ്, നാല് മദ്ഹബില്‍ ഒരു മദ് ഹബ് കൊണ്ട് പിടിച്ചു നില്ക്കല്, ഖിയാമത്തിന്റെ അലാമത്ത്, ഔലിയാക്കളുടെ കറാ മതത്, ഖുലഫാഉല്‍ അര്‍ബഅ മുതല്‍ അബ്ബാസിയ്യ ഖിലാഫത്ത് പര്യന്തമുള്ള ചരിത്രം, സദുപദേശങ്ങള്‍ ഇതുകളും ഇത്യാദി പല അറിവുകളെ കുറിച്ചുള്ള വിചിന്തനങ്ങളും, എന്നുവെച്ചാല്‍: ഒരു മനുഷ്യന്ന് ഇഹപര പുണ്യ ലാഭത്തിനായി എന്തെല്ലാം ഗ്രാഹ്യം വേണ്ടിവരുന്നുവോ ആ വക മിക്ക ഗ്രാഹ്യങ്ങളും…” ഇതില്‍ ഉള്‍പ്പെടുത്തുകയാണ് രചയിതാവിന്റെ ഉദ്ദേശം.
അറബി ഭാഷയില്‍ അല്ലാമാ ദമീരി റഹി രചിച്ച ‘ഹയാത്തുല്‍ ഹയവാന്‍’ മാതൃകയാക്കിയുള്ള വിശിഷ്ട രചനയാണ് ഫൈളുല്‍ ബാരി എന്ന പരോപകാരി. . അറബി അക്ഷരമാല ക്രമത്തില്‍ ഓരോ ജീവികളെയും പരിചയപ്പെടുത്തുന്ന വേറിട്ട രചനയാണ് ‘ഹയാത്തുല്‍ ഹയവാന്‍. ജീവിയുടെ വര്‍ഗ്ഗ സ്വഭാവം, അതിന്റെ വൈദ്യ മൂല്യവും ഉപയോഗ ക്രമവും വിശദീകരിക്കും. അതിനെ വ്യത്യസ്ത രൂപത്തില്‍ സ്വപ്നം കാണുന്നതിന്റെ വ്യാഖ്യാനം പറയും. അതിനെ ഭക്ഷിക്കാമോ ഇല്ലയോ എന്ന ഫിഖ്ഹു വിവരിക്കും. ആ ജീവി നാമം ഉള്‍കൊള്ളുന്ന അറബി ഭാഷയിലെ ഉപമകളും അലങ്കാരങ്ങളും പരിചയപ്പെടുത്തും. പ്രസ്തുത ജീവി ഏതെങ്കിലും നിലയില്‍ കടന്നുവരുന്ന വിശുദ്ധ ഖുരാനിലെയും തിരു പ്രവാചക ജീവിതത്തിലെയും മഹത്തുക്കളുടെ ജീവിതത്തിലെയും രംഗങ്ങള്‍ സവിസ്തരമായി പ്രതിപാദിക്കും. ഒരു വിഷയത്തില്‍ നിന്നും അടുത്തതിലേക്ക് ചാടാന്‍ അവതമ്മില്‍ വളരെ വിദൂര ബന്ധം ഉണ്ടായാല്‍ മതി. അതാണ് ഹയാത്തുല്‍ ഹയവാനിലെ പ്രതിപാദ്യ രീതി. ‘അസദ്’ (സിംഹം) മുതല്‍ ………. വരെ യുള്ള ജീവികളെ കേന്ദ്ര ചര്‍ച്ചയായി മുന്‍ചൊന്ന വിവിധ വശങ്ങളിലേക്ക് വികസിക്കുന്ന ഹയാത്തുല്‍ ഹയവാന്‍ തടിച്ച രണ്ടു വാള്യങ്ങള്‍ ഉള്ള കനപ്പെട്ട രചനയാണ്. അതിലെ ‘അ’ അദ്ധ്യായത്തിന്റെ ഏതാണ്ട് പരിഭാഷതന്നെയാണെങ്കിലും പരോപകാരിയില്‍ സമകാലികവും പ്രാദേശികവുമായ കാര്യങ്ങള്‍ക്കൊപ്പം ഗ്രന്ഥകര്‍ത്താവിന്റെ അന്യ വിശദീകരണങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതാണ് ‘പരോപകാരി’ യുടെ ആകര്‍ഷണീയത. വിശിഷ്യാ, വിശ്വാസം, തസവ്വുഫ് എന്നീ വിഷയങ്ങള്‍ സ്പര്‍ശിക്കുന്ന വിശദീകരണങ്ങള്‍.
‘പരോപകാരി’ 288 പേജുകളുണ്ട്. അത്രയും വായിക്കാന്‍ അവസരം കിട്ടിയ ഏതൊരു വിജ്ഞാന ദാഹിയും തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുഞ്ഞഹ്മദ് മുസ്ല്യാര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കാതിരിക്കില്ല.
അസദ്(സിംഹം). ഇബില്‍ (ഒട്ടകം), അത്താന്(പെങ്കഴുത), അര്‍നബ് (മുയല്), അര്‍വാ (മലയാട്), അസ് വദ് സാലിഖ്(കരിമ്പാമ്പ്), അഫ്ആ (സര്‍പം), ഇന്സാന് (മനുഷ്യന്), ഇവസ്സ്(ബത്ത്) എന്നീ എട്ടു ജീവികളെ കേന്ദ്രവിഷയമാക്കിയുള്ള വിശദാംശങ്ങളേ ‘പരോപകാരി’ യില്‍ ഉള്ളൂ. ഇവയില്‍ ‘സിംഹം’ അദ്ധ്യായത്തിലാണ് പരോപകാരിയിലെ കനപ്പെട്ട വിജ്ഞാനങ്ങള്‍ സിംഹഭാഗവും. കടന്നുവരുന്നത്. എന്നാല്‍, ഗ്രന്ഥത്തിന്റെ 138 ആം പേജില്‍ തുടങ്ങുന്ന ഇവസ്സ്(ബത്ത്) അദ്ധ്യായം ഗ്രന്ഥത്തിന്റെ അവസാനം വരെയും കവര്‍ന്നെടുത്തു.. ഈ അദ്ധ്യായത്തിലാണ് സുദീര്‍ഘമായ ഇസ്ലാമിക ഖിലാഫത്ത് ചരിത്രം കടന്നുവരുന്നത്. തിരുദൂതര്‍ സ്വ യുടെ ഭരണം ഹ്രസ്വമായി പരിചയപ്പെടുത്തിയ ശേഷം അബൂബകര്‍, ഉമര്‍ ഉസ്മാന്, അലി എന്നീ ഖുലഫാഉ റാശിദുകളുടെ വ്യക്തിത്വവും അവരുടെയും സ്വഹാബത്തിന്റെയും മഹത്വവും ഭരണ ചരിത്രവും വിവരിക്കുന്നു. അമീറുല്‍ മുഅമിനീന്‍ മുആവിയ റ , മകന് യസീദ്, രണ്ടാം ഉമര്‍ അഥവാ അഞ്ചാം ഖലീഫ എന്ന് വാഴ്ത്തപ്പെട്ട ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് റഹി, ഹാറൂന്‍ റഷീദ് തുടങ്ങിയ ഉമവി- അബ്ബാസി ഭരണാധികാരികളിലൂടെ കടന്നുപോകുന്ന ആ വിവരണം , ഹി 859 ല്‍ ഭരണസാരഥ്യം ഏറ്റെടുത്ത അബ്ബാസീ ഖലീഫ അല്‍ മുസ്തന്‍ജിദ് ബില്ലാഹിയുടെ ചരിത്രം വരെ നീണ്ടുപോകുന്നു.
“മുത്തുനബിയുടെ ഉമ്മത്തികളില്‍ ഒരുവനും അവരുടെ മഖാമില്‍ എത്തിയിട്ടില്ല” എന്നിങ്ങനെ സ്വിദ്ധീഖുല്‍ അക്ബര്‍ റ ന്റെ മഹത്ത്വം പറയുമ്പോള്‍, അദ്ദേഹത്തോടുള്ള ശിയാക്കളുടെ വിരോധത്തിന്റെ തീവ്രത കാണിക്കുന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. സ്വിദ്ധീഖുല്‍ അക്ബറിനെ സ്നേഹിക്കുന്നു എന്ന കാരണത്താല്‍, ഒരു യാചകനെ ശിയാ നേതാവ് കെട്ടിയിട്ടു തല്ലിയതും നാക്കു മുറിച്ചതും അക്കാരണത്താല്‍ ആ ശിയാ നേതാവ് കുരങ്ങിന്റെ കോലമായി മാറിയതുമാണ് സംഭവം. യസീദിനെയും കര്‍ബലയെയും പരാമര്‍ശിക്കുമ്പോള്‍ വാസ്തവനിഷ്ടമായ വിവരങ്ങള്‍ മാത്രമാണ് നിരത്തുന്നത്. ഹുസൈന് തങ്ങളുടെ റ ഘാതകന് ശമിര്‍ ബിന്‍ ജൌശന്‍ ആകൂന്നുവെന്ന ചരിത്രമാണ് വെളിയത്ത് പ്രബലമായി കാണുന്നത്.
കര്‍ബല വിവരണത്തില്‍ നിന്നും : “..ഇതെല്ലാം യസീദ് കേട്ടപ്പോള്‍ രണ്ടു കണ്ണില്‍ നിന്ന് കണ്ണുനീര് ഒലിച്ചു.ഇപ്രകാരം പറഞ്ഞു: ‘ഹുസൈന് റ എന്നവരെ കൊന്നത് എനിക്കൂ ഒട്ടും തൃപ്തിപ്പെട്ടില്ല. അതല്ലാതെ കാര്യങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു. ഞാന്‍ അവിടെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് മാപ്പ് ചെയ്യുമായിരുന്നു’. അതിന്നു ശേഷം ‘അബ്ദുള്ള എന്നവരുടെ ബാപ്പ ഹസന് എന്നവര്‍ക്ക് അല്ലാഹൂ ഗുണം ചെയ്യട്ടെ എന്ന് പ്രാര്‍ഥിച്ചു. ഹസന് എന്നവരുടെ മകളെ അവന്റെ സ്ത്രീകളുടെ വീട്ടിലേക്ക് അയച്ചു കൊടുപ്പാന്‍ കല്പിച്ചു. അവന്നു ഭക്ഷണം കൊണ്ടുവന്നാല്‍ ഹസന് എന്നവരുടെ മക്കള്‍ അലി, ഉമര്‍ എന്നീ രണ്ടു കുട്ടികളെ വിളിച്ച് കൂടെയിരുത്തി ഭക്ഷിപ്പിക്കുന്നതാണ്. അതിനു ശേഷം അലിയെന്ന കുട്ടിയെ തുണക്ക് ഒരാളെയും കൂട്ടി മുപ്പത് കുടിക്കാരോട് കൂടി മദീനയിലേക്ക് അയച്ചു കൊടുത്തു. മദീന എത്തുന്നവരെ കുട്ടിയെ മുന്നില്‍ നടത്തി ക്കൊണ്ട് പോയിരിക്കുന്നു..” (പുറം 192)
അസദ് അദ്ധ്യായത്തില്‍ വിജ്ഞാനപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ ഉള്കൊള്ളിച്ചിചിട്ടുണ്ട്. അന്ത്യ നാളോടടുക്കുമ്പോള് ഈസാ നബി അ ഒരു സിംഹത്തിന്റെ തോളില്‍ കൈവെച്ചാണ് വരികയെന്ന എന്ന സംഗതിയില്‍ നിന്നും അന്ത്യനാളിനെ ക്കുറിച്ചുള്ള വിവരണത്തിലേക്ക് തിരിയുകയായി. അതിനിടയിലാണ് (ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച) മാപ്പിളമാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു വരുന്ന ‘അന്ത്യകാലലക്ഷണങ്ങള്’ കയറിവരുന്നത്. തന്നെ ആക്രമിക്കാന്‍ വന്ന സിംഹത്തോട് ‘ഞാന്‍ തിരുനബിയുടെ അനുചരനാകുന്നു’ എന്ന് സ്വഹാബിവര്യനായ സഫീന റ പറഞ്ഞപ്പോള്‍ സിംഹം പിന്തിരിഞ്ഞു പോയ കഥയില്‍ നിന്നാണ് ‘കറാമത്ത്’ ചര്‍ച്ചയിലേക്ക് തെന്നുന്നത്. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുന്നവര്‍ ‘ദാനിയാല്‍ നബിയോട് അഭയം തേടട്ടെ’ എന്ന പ്രവാചക നിര്‍ദ്ദേശത്തെ വിസ്തരിക്കവേ, തവസ്സുല്‍ ചര്‍ച്ച ചെയ്യുന്നു, മരണാന്തര കഴിവുകള്‍ വിവരിക്കുന്നു. ‘സിംഹത്തില്‍ നിന്നും ഓടിയകലുന്നപോലെ കുഷ്ഠ രോഗിയില്‍ നിന്നും പാഞ്ഞകലുക’യെന്ന തിരുനിര്ദ്ധേശം മുന്നില്‍വെച്ച് ‘പകരല്‍’ (അദവാ) എന്ന പ്രശ്നം വിവരിക്കുകയായി.രോഗം സ്വയം പകരില്ലെന്നും എന്നാല്‍ ‘പകര്‍ച്ച വ്യാധി’യെ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, ‘ബിസ്മില്ലാഹി സിഖത്തന് ബില്ലാഹി വ തവക്കുലന് അലൈഹി’ യെന്നു ചൊല്ലി നബി സ്വ ഒരു കുഷ്ടരോഗിയുടെ കൈപിടിച്ചതും ഉദ്ധരിക്കുന്നു. ‘ഇല്‍മുല്‍ കലാമില്‍ നിന്നും, സിംഹത്തെ കണ്ടാലെന്ന പോലെ, ഓടിയകലണം’ എന്ന ഇമാമുനാ ശാഫിഈ റഹി യുടെ പ്രസ്താവനയെ അധികരിച്ച് ഇല്‍മുല്‍ കലാം, മന്തിഖ് തുടങ്ങിയ ‘പുതിയ ഫന്നു’കളെ കുറിച്ച് സാമാന്യം വിശദമായിത്തന്നെ പരോപകാരിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവ്വിഷയകമായി വെളിയത്ത് തന്നെ രചിച്ച ‘മുള്ഹിറുല്‍ ഹഖ്’ എന്ന പദ്യ കൃതിയിലെ പതിനാലു വരികള്‍ ഉദ്ധരിച്ച് സാരം വിവരിച്ചിട്ടുണ്ട്.(ഈ ഗ്രന്ഥം കണ്ടെത്താന്‍ സാധിച്ചിട്ടില്ല).
ഇത്തരുണത്തില്‍, തൗഹീദിനറെ രണ്ടു തൊലികളും കാമ്പും വിവരിച്ചശേഷം, ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്’ എന്ന കലിമകളുടെ പരിധിയില്‍ പെടുന്ന വിശ്വാസ കാര്യങ്ങള്‍, വിശ്വാസിക്കൂ തെളിവ് ബോധ്യമാകല്‍ അഥവാ അറിവാളനെ അംഗീകരിക്കല്‍(തഖലീദ്) തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ അതിന്റെ ഗൗരവത്തില്‍ തന്നെ പ്രതിപാദിക്കുന്നു. ഇവ്വിഷയത്തില്‍ താന്‍ രചിച്ച ‘ജാമിഅത്തുല്‍ ഫവാഇദ് ഫീ ഇല്മില് അഖാഇദ്’ എന്ന പ്രൌഡമായ കൃതി സന്ദര്ഭോചിമായി ‘പരസ്യപ്പെടുത്തുവാന്’ അദ്ദേഹം മറന്നില്ല.
ദികൃന്റെ മഹത്ത്വം , അത് ചൊല്ലേണ്ടതും ധ്യാനിക്കേണ്ടതുമായ രീതി- മര്യാദകള്‍, ആധ്യാത്മിക വളര്‍ച്ചയും പദവികളും, ശൈഖിനെ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത, കള്ള ശൈഖന്മാര്, യോഗ്യരായ ഗുരുവിനെ കാണിച്ചു തരാന്‍ പ്രാര്‍ത്ഥന, കണ്ടെത്തിയില്ലെങ്കില്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍, ശൈഖുമായുള്ള സഹവാസ മര്യാദകള്‍, ഫിക്രിന്റെ പോരിശ… അങ്ങനെ ധാരാളം സംഗതികളെ ക്കുറിച്ച് നല്ല വിവരണങ്ങളാണ് വെളിയത്ത് നല്‍കുന്നത്. നഫ്സിന്റെ ചീത്ത സ്വഭാവങ്ങളെല്ലാം നീങ്ങുന്നതിനാണ് ഫനാ എന്ന് പറയുക. ജാഹ് എന്ന മേല്മ, മഹ്മിദ എന്ന സ്തുതി, സ്വീത്ത് എന്ന കീര്‍ത്തി, രിയാസത്ത് എന്ന മൂപ്പത്തരം, ശഹവാത്ത് എന്ന ഇച്ഛകള്‍ മുതലായവ ഇഷ്ടപ്പെടല്‍, കിബ്ര് എന്ന ഡംഭു, രിയാ എന്ന ലോകമാന്യം, ഉജ്ബ് എന്ന അഹംഭാവം, ഹസദ് എന്ന അസൂയ, ഹിഖ്ദ് എന്ന പോര്, നിഫാഖ് എന്ന കപടം, ഗുറൂര് എന്ന ചതി, ബുഗ്ള് എന്ന ക്രോധം തുടങ്ങിയവയാണ് നഫ്സില്‍ നിന്നും നീക്കം ചെയ്യേണ്ട ചീത്ത സ്വഭാവങ്ങള്‍.
ഇബില്‍ എന്ന ഒട്ടകത്തെ ക്കുറിച്ച് വിവരിക്കവേ, ഒരു മുസ്ലിമിനെ വധിച്ചാല്‍ അതിനുള്ള പിഴയായി നൂറു ഒട്ടകം നിശ്ചയിക്കപ്പെട്ട മതനിയമത്തെ കാണിച്ച്, മനുഷ്യന്റെ നൂറിലൊന്നു മഹത്ത്വമുള്ള ജീവിയാണ് ഒട്ടകമെന്നു സമര്‍ത്തിക്കുന്നു. കെട്ടിയിടപ്പെട്ട ഒട്ടകം കണക്കെയാണ് ഹൃദയത്തിലുള്ള ഖുര്‍ആന്‍ എന്ന ഹദീസ് സ്മരിക്കവേ, ഖുറാന് പാരായണത്തിന്റെ മഹത്ത്വം വിവരിക്കൂന്നു. ഒട്ടകത്തിന്റെ സകാത്ത് രീതി പറയുന്നു. അത്താന് എന്ന പെണ് കഴുതയുടെ അദ്ധ്യായത്തില്‍ കിബ്ര് ഒരൂ പ്രധാന ചര്‍ച്ചയാണ്. ഗ്രന്ഥകാരന്റെ പ്രസിദ്ധ ‘മഅദിനുല്‍ ഫലാഹ്’ എന്ന തസവ്വൂഫ് കൃതിയില്‍ നിന്നും കിബ്ര് ലക്ഷണം, ചികിത്സ എന്നിക്കാര്യങ്ങള് ഉദ്ധരിച്ചാണ് വിവരണം. മനുഷ്യ സ്ത്രീകള്‍ക്ക് പുറമേ കലമാന്‍, നരിച്ചീറു, മുയല് എന്നീ ജീവികള്‍ക്ക് ഹൈള് ഉണ്ടാകാറുണ്ടെന്നു ‘അര്‍നബ് എന്ന മുയല്; അദ്ധ്യായത്തില്‍ വെളിപ്പെടുത്തുന്നു. പതിനഞ്ചു വയസ്സാകുവോളം സ്ത്രീ സ്വഭാവത്തില്‍ വളരുകയും പിന്നീട് അവള്‍ക്ക് പുരുഷ ലിംഗം വളര്‍ന്നു വരുകയും അങ്ങനെ ഇരട്ട ലിംഗത്തോടെ ജീവിക്കുകയും ചെയ്ത സ്വഫിയ്യ എന്നുപേരുള്ള പെണ്‍കുട്ടിയുടെ അത്ഭുത കഥയും ഇതില്‍ വായിക്കാം. ‘അര്‍വാ എന്ന മലയാട്’ അദ്ധ്യായത്തില്‍ യൂനുസ് നബി കടലില്‍ നിന്ന് രക്ഷപ്പെട്ടു കരപറ്റിയപ്പോള്‍ മലയാട് നിത്യവും പാല്ച്ചുരത്തിക്കൊടുത്ത കഥ പറയുന്നു. മലയാട് വല്ലാത്ത വാത്സല്യവും മാതൃ പിതൃ സ്നേഹവുമുള്ള ജീവിയാണത്രെ. മാതാപിതാക്കളോടുള്ള കടമകള്‍ വിവരിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
രാത്രിയില്‍ യാത്ര ചെയ്യുന്നവരോട് തിരുനബി നിര്‍ദ്ദേശിച്ച പ്രാര്‍ഥനാ വചനത്തില്‍ ‘ മിന് അസ്വ ദ’ യെന്നുകാണാം. കരിമ്പാമ്പ് ചര്‍ച്ചയാകുന്നത് ഈ അടിസ്ഥാനത്തിലാണ്. സ്വകാര്യമായ ഒരു നീചവൃത്തി സ്ഥിരമായി ചെയ്തിരുന്ന വ്യക്തി മരിച്ചപ്പോള്‍ അയാള്‍ക്കുവേണ്ടി ഖബ്ര്‍ കുഴിച്ചപ്പോള്‍ അതില്‍ കരിമ്പാമ്പിനെ കണ്ടു, അപ്പുറത്ത് കുഴിച്ചപ്പോള്‍ അവിടെയും കണ്ടു, വീണ്ടും അതെ അനുഭവം തന്നെ. ഈ സംഭവം വിവരിച്ചാണ്, ഖബ്ര്‍ ശിക്ഷയുടെ ചര്‍ച്ചയിലേക്ക് കടക്കുന്നത്. തുടര്‍ന്ന്, മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുറാന് പാരായണം ചെയ്തു ‘ഓശാരമാക്ക’ലിന്റെ (ഹദ് യ ചെയ്യുന്നതിന്റെ) നിയമ വശം വിസ്തരിക്കുന്നു. അറബ് അരബേതര രാജ്യങ്ങളിലെ മുസ്ലിംകള്ക്കിടയില് എക്കാലത്തും നടന്നുവരുന്ന ആചാരമാണ് ഇത്, ഈജിപ്തില്‍ വലിയ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് പരേതനു വേണ്ടി ഖുറാന് ഓതുന്ന പതിവുണ്ട് എന്നെല്ലാം തെളിവ് സഹിതം വിവരിക്കുന്നു. ‘മനുഷ്യന്ന് അവന് പ്രയത്നിച്ചതല്ലാതെ ഇല്ല’ എന്ന വിശുദ്ധ സൂക്തം വിശകലനം ചെയ്യുന്നു.
ഇവിടെ നിന്നും ചര്‍ച്ച ഖബ്ര്‍ സിയാരത്തിലേക്ക് പരക്കുകയാണ്. സിയാറത്തിന്റെ സ്ത്രീ പുരുഷ സംബന്ധമായ ഹുക്മു പറഞ്ഞ ശേഷം, തിരുനബിയെ സിയാറത്ത് ചെയ്യാന്‍ ഉദ്ദേശിച്ച് മദീനയിലേക്ക് യാത്ര ചെയ്യ്ന്നതിനെ സംബന്ധിച്ച പ്രശ്നത്തിലേക്ക് കടക്കുന്നു. ഇബ്നു തൈമിയ്യ സ്വാഭാവികമായും ഇവിടെ നിരൂപിക്കപ്പെടുന്നു. തുടര്‍ന്ന്, മരിച്ചവരോട് ‘ഉതക്കത്തെ തേടല്‍’ ശിര്ക്കോ തൌഹീദോ എന്ന വിശകലനം ചെയ്യുന്നു. ഇവിടെയെല്ലാം ഗ്രന്ഥകാരന്റെ ജ്ഞാന വൈഭവം ശ്രദ്ധേയമാണ്.
‘ഇന്സാന് എന്ന മനുഷ്യന്’ ഒരദ്ധ്യായമാണേങ്കിലും പ്രസക്തമായ വിവരണങ്ങള്‍ കൂടുതല്‍ അതിലില്ല. അല്ലാഹുവിന്റെ സ്വിഫത്തുകള്‍ പ്രകടമായ അവന്റെ ഏറ്റവും ഉന്നതമായ സൃഷ്ടിയാണ് മനുഷ്യന് എന്ന വിവരണത്തിന് ശേഷം, മനുഷ്യരുടെ വിഭിന്ന ജീവിത പ്രയാസങ്ങളും വിവിധ ആവശ്യങ്ങളും പരിഹരിക്കാന്‍ ഉതകുന്ന ഒട്ടേറെ ദുആ ദിക്രുകളാണ് പഠിപ്പിക്കുന്നത്. ഇസ്മുല്‍ അഅളം’ എന്ന മഹാനാമത്തെക്കുറിച് ഇവിടെ വായിക്കാം. കൂട്ടത്തില്‍ ‘അക്ഷര വിദ്യ’യില്‍പെട്ട ഏതാനും മുറകളും നിര്‍ദ്ദേശിക്കുന്നു. വിഷയത്തോട് അടുപ്പമുള്ള ജീവികളെ കുറിച്ച് വിവരിക്കുന്ന അദ്ധ്യായത്തില്‍ കൂടുതല്‍ പറയണമെന്ന ആഗ്രഹം ഗ്രന്ഥകാരന് പലയിടത്തും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനുള്ള ഉതവി ലഭിച്ചില്ലല്ലോ.
വളരെ ജ്ഞാന സമ്പന്നമായ ഒരു രചനയാണ് ‘പരോപകാരി’. ഉദ്ധരണികള്‍ക്ക് അപ്പപ്പോള്‍ അതാതിന്റെ സ്രോതസ്സ് വ്യക്തമാക്കുന്നത് മൂലം ഒട്ടേറെ ഗ്രന്ഥങ്ങള്‍ പരിചയപെടാന്‍ അവസരം ലഭിക്കുന്നു. അല്ലാമാ സയ്യിദുല്‍ ബകരി റഹി യുടെ ‘അല്‍ഫിയ്യ ഫി ത്തസവ്വുഫ്’ എന്ന പദ്യ കൃതിയെ ക്കുറിച്ച് അറിവ് ലഭിക്കുന്നത് പരോപകാരിയില്‍ നിന്നാണ്. ഗ്രന്ഥകാരന്റെ തന്നെ, മുള്ഹിറുല്‍ ഹഖ്’ മറ്റൊരുദാഹരണം. നെല്ലിക്കുത്ത് മുഹമ്മദലി മുസ്ല്യാരെഴുതിയ ജീവചരിത്ര കുറിപ്പില്‍ പോലും ആ കൃതി പരാമര്‍ശിക്കുന്നില്ല. പഴമക്കാരുടെ മഹാഭാഗ്യമെന്ന് പറയാം. ജ്ഞാനികളുടെ അവലംബ യോഗ്യമായ ഗ്രന്ഥങ്ങള്‍, പ്രൌഡ രചനകള്‍ എത്രയെത്രയാണ് അവര്‍ക്ക് വായിക്കാനായത്.?! ഗ്രന്ഥ രചനയിലൂടെ ജ്ഞാനപ്രസരണം ചെയ്യുന്നതിന്റെ പോരിശ പറയുന്ന വെളിയത്ത് കുഞ്ഞഹ്മദ് മുസ്ല്യാര്‍, സ്വന്തം ചെലവില്‍ ആയിരം കോപ്പിയാണ് അന്നത്തെ അനുവാചകരെ മുന്നില്‍ കണ്ടു അച്ചടിച്ചതെന്നോര്ക്കുക.