മലയാളത്തിലെ ഇസ്ലാമിക സാഹിത്യ ചരിത്രം വിവരിക്കുകയോ, പ്രസിദ്ധം ചെയ്യപ്പെട്ട ഗ്രന്ഥ ങ്ങളുടെ പട്ടിക നിരത്തുകയോ അല്ല, നമ്മുടെ സാഹിത്യങ്ങളെ കുറിച്ചുള്ള ചെറിയ നിരീക്ഷണങ്ങള്‍ മാത്രം..
രണ്ടു ചിന്താധാരകളാണ് കേരള മുസ്ലിംകള്‍ക്കിടയില്‍ പ്രധാനമായുള്ളത്: പാരമ്പര്യവാദം, പരിഷ്കരണ വാദം. ഇസ്ലാമിക സാഹിത്യം കൂടുതല്‍ കാണപ്പെടുന്നത് പരിഷ്കരണ വാദികളായ മുസ്ലിംകളോ സംഘടനകളോ സംഭാവന ചെയ്തവയാണ്. പാരമ്പര്യ വാദികളെ സ്വാധീനിച്ച ചില പാരമ്പര്യ ഘടകങ്ങള്‍ ഇനി പറയുന്നവ ആകാനിടയുണ്ട്.
1. സമ്മര്ദ്ധ സാഹചര്യം പതിവുകളില് പരിവര്ത്തനം വരുത്തുകയായിരുന്നു.
ഇസ്‌ലാമിക സമൂഹത്തെ സമ്മര്‍ദ്ധ സാഹചര്യം ഗ്രന്ഥ രചനയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നുവല്ലോ.. “കിതാബ്” എന്ന് പേരുണ്ടായിട്ടുപോലും വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥരൂപം പ്രാപിക്കുന്നതും വിവിധ കോപ്പികള്‍ പകര്‍ത്തപ്പെടുന്നതും സാഹചര്യത്തിന്റെ സമ്മര്‍ദ്ധഫലമായിട്ടായിരുന്നു.. അന്ത്യദൂതരുടെ – സ്വല്ലല്ലാഹു അലൈഹിവസല്ലം- മൗന- വാചാ- കര്‍മ്മ രൂപേണയുള്ള അദ്ധ്യാപനങ്ങള്‍, അവിടുത്തെ പല ശിഷ്യന്മാരുടെയും ‘കുറിപ്പുകളില്‍’ രേഖപ്പെടുത്തി യിരുന്നത്, അടുക്കിലും ചിട്ടയിലുമായി ഗ്രന്ഥ രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടതും ഒരു സമ്മര്‍ദ്ധ സാഹചര്യത്തിലാണ്. ഇസ്ലാമിന്‍റെ മൂലപ്രമാണങ്ങളായ ഇവ രണ്ടും ‘ഗ്രന്ഥരൂപ”ത്തിലാക്കാന്‍, അതതുകാലത്തെ ജ്ഞാന നേതൃത്വങ്ങള്‍ക്ക് പല വട്ടം ആലോചിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്; “ഗ്രന്ഥ രൂപവല്‍ക്കരണ’ത്തെ ബിദ്അത്ത് എന്ന് വിളിച്ചവരുണ്ട്; സമുദായം അറച്ചറച്ചാണ് ഗ്രന്ഥ സാഹിത്യങ്ങളിലേക്കു കടന്നു വന്നത്; മൂലപ്രമാണങ്ങളുടെ കാര്യത്തില്‍ പോലും.
അടിസ്ഥാനപരവും പ്രാഥമികവുമായ അറിവുകള്‍ ഗുരു മുഖത്തുനിന്നും കേള്‍ക്കുക, ഭാഷാ കലകള്‍ അഭ്യസിച്ച ശേഷം വേദവും പ്രവാചക വ്യാഖ്യാനവും നേരിട്ടു ഗുരുവില്‍ നിന്നും ഓതിപഠിക്കുക, പിന്നീട് സ്വന്തമായി ഉയര്‍ന്ന വായനകള്‍ നടത്തുക എന്ന രീതിയാണ് ഇസ്ലാമിക വിജ്ഞാന പ്രചാരണത്തിന് അവലംബിച്ചു പോന്നിട്ടുള്ളത്. മൂലപ്രമാണങ്ങളില്‍ നിന്നും വിശ്വാസം, കര്‍മ്മം, ധര്‍മം എന്നീ ജ്ഞാനത്രയങ്ങള്‍ പൂര്‍ണ്ണമായി മനന ഖനനം ചെയ്തെടുക്കാന്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ പഠിതാവിനു സാധിക്കില്ല എന്ന തിരിച്ചറിവ് ഉണ്ടായിരുന്നവര്‍, ആ വക വിജ്ഞാനങ്ങള്‍ ക്രോഡീകരിച്ച മുന്‍കാല രചനകള്‍ നേരിട്ട് ഗുരുമുഖത്തു നിന്നും പഠിച്ചെടുക്കുന്ന രീതിയാണ് അവലംബിച്ചത്. അവര്‍ക്ക് അറബി ഭാഷയില്‍ നിന്നും ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അടിസ്ഥാന കലകളില്‍ നൈപുണ്യം നേടാത്ത, അടിസ്ഥാന വിശ്വാസകാര്യങ്ങളും വിധിവിലക്കുകളും ഗുരു മുഖത്ത് നിന്നും വശമാക്കാത്ത പൊതു ജനങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ ഗ്രന്ഥം എഴുതി ഇവയെല്ലാം പഠിപ്പിക്കാം എന്ന ധാരണ അവരാരും വെച്ച് പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ മലയാളത്തിലെ പഴമക്കാര്‍ മൂന്നു തരത്തിലുള്ള ഗ്രന്ഥങ്ങള്‍ മാത്രമേ എഴുതിയുള്ളൂ.. ഒന്ന്, അറിവ് നേടിയവരെ ഉയര്‍ന്ന അവബോധത്തിലേക്ക് നയിക്കുന്ന അറബി ഗ്രന്ഥങ്ങള്‍. രണ്ട്, പഠിതാക്കളെ ലക്‌ഷ്യം വെച്ചുള്ള അറബി പാഠപുസ്തകങ്ങള്‍. മൂന്ന്, സാധാരണക്കാരില്‍ ദൈവഭക്തിയുജ്ജ്വലമാക്കുന്ന ഉപദേശങ്ങള്‍, പ്രവാചക സ്നേഹം വര്‍ദ്ധിപ്പിക്കുന്ന പ്രകീര്‍ത്തനങ്ങള്‍, ഭക്തജനങ്ങളോടും ഗുരുവര്യന്മാരോടും ബഹുമാനം ഉണ്ടാക്കുന്ന മനാഖിബുകള്‍ (മാല മൌലിദ്കള്‍). പില്‍ക്കാലത്ത് പേര്‍ഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകളില്‍ മുസ്ലിംകളെ ലക്ഷ്യമാക്കിയുള്ള രചനകള്‍ പല നാടുകളിലും പിറന്നു. മലയാളി മുസ്ലിംകള്‍ ‘മാപ്പിള മലയാള’ത്തിലും, തമിഴ് മുസ്ലിംകള്‍ അര്‍വി യിലും ഈ ദൗത്യം നിര്‍വഹിച്ചു. ഗ്രന്ഥങ്ങള്‍ വഴി ഇസ്ലാമിക വിശ്വാസ കര്‍മങ്ങള്‍ പഠിപ്പിക്കുവാനുള്ള ശ്രമം അറബി മലയാളത്തില്‍ പോലും വളരെ വൈകിയാണ് കാണപ്പെടുന്നത്. കൂട്ടമായ മതപരിവര്‍ത്തനം കാരണം, പാഠശാല കളിലേക്ക് വരാത്ത ‘പൊതു(പുതു)ജനം’ വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു അത്. സംസ്കൃത മലയാളത്തിലെ എഴുത്ത് പാരമ്പര്യ വാദികള്‍ക്കിടയില്‍ കുറഞ്ഞുപോകാന്‍ ഇപ്പറഞ്ഞ ‘പാരമ്പര്യാനുഭവം’ ഒരു നിമിത്തമായിട്ടുണ്ട്.
2. അമുസ്ലിംകളെ ഇസ്ലാം പഠിപ്പിക്കാന്‍ മുന്‍ഗാമികള്‍ ഗ്രന്ഥം രചിച്ചില്ല..
ഇസ്‌ലാമിന്‍റെ പുറത്തുള്ളവര്‍ക്ക് അതായത് മുസ്‌ലിം എന്ന വിശാല വൃത്തത്തിനകത്ത് പ്രവേശിക്കാത്തവര്‍ക്ക്, ഇസ്‌ലാമിനെ സംക്ഷിപ്തമായോ സമഗ്രമായോ ഭാഗികമായോ പരിചയപ്പെടുത്തുവാനുദ്ദേശിച്ചുള്ള ഇസ്ലാമിക സാഹിത്യങ്ങള്‍ അറബി ഭാഷയിലോ അറബേതര ഭാഷകളിലോ കഴിഞ്ഞുപോയ ആദ്യത്തെ പത്തു നൂറ്റാണ്ടു കാലം ലോകത്തെവിടെയും രചിക്കപ്പെട്ടതായി അറിയാന്‍ സാധിച്ചിട്ടില്ല. അതുണ്ടാകാന്‍ വഴിയുമില്ല. ഇസ്ലാമിനെയും മുസ്ലിംകളെയും ഗ്രന്ഥ രൂപേണ വിമര്‍ശിക്കുകയോ ഗ്രന്ഥമെഴുതി വികലമാക്കുകയോ ചെയ്തതിനെ പ്രതിയായിട്ടായിരുന്നു മുസ്ലിം ലോകത്ത് ‘പ്രബോധന’ സ്വഭാവമുള്ള ഇസ്ലാമിക സാഹിത്യങ്ങള്‍ പിറക്കുന്നത്. ഇസ്‌ലാം കടന്നുചെന്ന, മുസ്ലിംകള്‍ വ്യാപിച്ച ഒരു നാട്ടിലും ‘അല്‍ ഇസ്‌ലാം’/ ‘ഇസ്ലാം മതം’ / ‘ഇസ്ലാം സമഗ്രമായി’/ ‘ഇസ്ലാമിലെ ജിഹാദ്’ / ‘ഇസ്ലാമിലെ രാഷ്ട്രീയം’/ ‘ഇസ്ലാമിക ധന തത്വശാസ്ത്രം’ തുടങ്ങിയ തരത്തിലുള്ള ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതായി കാണുന്നില്ല. വിശിഷ്യാ മൂലപ്രമാണങ്ങള്‍ അപ്പാടെയോ വലിയൊരു ഭാഗമായോ അന്യര്‍ക്ക് വായിക്കാന്‍ സൌകര്യപ്പെടുത്തിയ സംഭവം. അമുസ്ലിംകള്‍ക്ക് അറബി ഭാഷയിലുള്ള മുസ്ഹഫ് വില്‍ക്കാന്‍ പാടില്ലെന്ന് പഠിപ്പിക്കുന്ന ശാഫിഈ മദ്ഹബ്കാരാണ് കേരള മുസ്ലിംകളില്‍ ഏറെയും. എന്നിട്ടല്ലേ, അതിന്‍റെ പരിഭാഷ?! അധികാരം, ജീവിത മാതൃക, കരാമത്ത് എന്ന അത്ഭുത സംഭവങ്ങള്‍, ആളുകള്‍ കൂടുന്നിടങ്ങളിലെ പ്രസംഗം, നേരിട്ടുള്ള പരിചയപ്പെടുത്തല്‍, കത്തെഴുത്ത് തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു അക്കാലം വരെയുമുള്ള ഇസ്ലാമിക പ്രബോധന മാര്‍ഗ്ഗങ്ങള്‍. വിവിധ രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്കും ഗോത്ര മുഖ്യന്മാര്‍ക്കും നബി സ്വ അയച്ച സന്ദേശങ്ങള്‍ക്കൊപ്പം അവര്‍ക്ക് ‘വായിച്ചു പഠിക്കാനും വിലയിരുത്താനും’ അതുവരെ അവതരിച്ച ഖുറാന്‍ സൂക്തങ്ങള്‍ ക്രോഡീകരിച്ചു സമ്മാനമായി കൊടുത്തയച്ചുമില്ല. തുടര്‍ന്ന്‍ ഖുലഫാഉറാശിദ്കളുടെയും പില്‍ക്കാലത്തുള്ള ഉമവീ- അബ്ബാസീ ഖലീഫമാരുടെയും കാലഘട്ടങ്ങളില്‍ എത്രയോ നാടുകളില്‍ ഇസ്ലാം വ്യാപിച്ചു. ഒട്ടേറെ നാട്ടധികരികളുമായി അവര് ബന്ധപ്പെട്ടിട്ടുണ്ട്. സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അധികാര മാര്‍ഗ്ഗത്തിലൂടെ സൂഫികള്‍ വഴിയും അല്ലാതെയും ഒരുപാട് നാടുകളില്‍ ഇസ്‌ലാം വളര്‍ന്നിട്ടുണ്ടല്ലോ. ഗ്രന്ഥം നല്‍കി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന രീതി അവരാരും സ്വീകരിച്ചതായി എവിടെയും പരാമര്ശിക്കപ്പെട്ടിട്ടില്ല.
‘പ്രതിരോധ’ പ്രബോധന ആവശ്യാര്‍ത്ഥം ബഹുമാന്യനായ സയ്യിദ് സനാഉല്ലാ മക്തി അവര്‍കളുടെ തൃക്കരങ്ങളാല്‍ (1886) എഴുതപ്പെട്ട ‘കഠോര കുടാര’മത്രേ സംസ്കൃത മലയാള ലിപി പൂണ്ട ആദ്യത്തെ ഇസ്ലാമിക സാഹിത്യം. മലയാള ഭാഷയില്‍ ക്രിസ്ത്യന്‍ മിഷനറിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഇസ്ലാം- ഹിന്ദു മത വിമര്‍ശനത്തെ പ്രതിരോധിക്കുകയായിരുന്നു മക്തി തങ്ങളുടെ മിക്ക കൃതികളും. മലയാള ലിപിയിലേക്ക് ഇസ്ലാമിക രചന വഴിമാറാന്‍ അടിയന്തിര നിമിത്തമായത് തല്‍ ലിപിയില്‍ വന്ന വിമര്‍ശനങ്ങളായിരുന്നു. വിമര്‍ശനങ്ങളില്‍ അടങ്ങിയ വിഷയങ്ങള്‍ക്കപ്പുറം വിഷയ വിശാലതയോ സമഗ്രതയോ അവയ്ക്കില്ലായിരുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്താനുള്ള സമുദായത്തിന്‍റെ ഇനീശ്യെറ്റിവ് ആയിരുന്നില്ല അവ.
3. പ്രോട്ടസ്ടന്റ്റ് താല്പര്യങ്ങള്‍ക്ക് സമുദായം കീഴ്പ്പെടുകയായിരുന്നു..
‘മത പ്രമാണങ്ങളും മത മന്ത്രങ്ങളും മനുഷ്യരുടെ മാതൃ ഭാഷയിലേക്ക് മാറ്റണം’’ എന്ന ആഹ്വാനവുമായി പ്രോട്ടസ്ടന്റ്റ് ക്രിസ്ത്യാനികള്‍ രംഗത്തുവന്നു. അവരുടെ പരിഷ്കരണസന്ദേശം ബ്രിട്ടന്‍റെ ആധിപത്യമുള്ള നാടുകളില്‍ പൊടുന്നനെ പ്രചരിച്ചു. പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്തും ജപ മന്ത്രങ്ങള്‍ പരിഭാഷപ്പെടുത്തിയും അവര്‍ ആ യജ്ഞത്തില്‍ മുന്നേറി. മത പ്രചരണത്തിന് അധികാരത്തിനു പുറമേ ഗ്രന്ഥങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ജനങ്ങളെ ബൈബിള്‍ വായിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അവര്‍ പ്രാദേശിക ഭാഷകള്‍ പഠിക്കുകയും അവയെ പരിഷ്കരിക്കുകയും ചെയ്തു.
കേരളത്തില്‍ ജനങ്ങളുടെ പൊതു ഭാഷയായ മലയാളം ക്രിസ്ത്യന്‍ മിഷനറിമാര്‍ വശത്താക്കുകയും മലയാളത്തില്‍ ബൈബിള്‍ തുടങ്ങിയ ക്രിസ്ത്യന്‍ സാഹിത്യങ്ങള്‍ അടിച്ചിറക്കുകയും ചെയ്തു. മലയാളികളെ മലയാളം പഠിപ്പിക്കാനുള്ള തീവ്ര ശ്രമത്തില്‍ ഗവണ്മെന്റും മിഷനറിമാരും ഒറ്റക്കെട്ടായി ഏര്‍പ്പെട്ടു, ഗവണ്മെന്റും മിഷനറി സംഘങ്ങളും സ്കൂളുകള്‍ ആരംഭിച്ചു. ആദ്യം ക്രിസ്ത്യാനികളെയും സവര്‍ണ്ണ ഹിന്ദുക്കളെയും തുടര്‍ന്ന് അവര്‍ണ്ണരെയും മുസ്ലിംകളെയും മലയാളം പഠിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. കൂടെ ഇംഗ്ലീഷും . രാജ ഭാഷയായി ഇംഗ്ലീഷും രാജ്യ ഭാഷയായി മലയാളവും പഠിക്കാന്‍ കേരള ജനത നിര്‍ബന്ധിതരായി. ആദ്യമാദ്യം മടിച്ചു നിന്നെങ്കിലും നല്ല ശമ്പളവും അന്തസ്സും ജീവിത നിലവാരവും സമ്മാനിക്കുന്ന ഉദ്യോഗം ലഭിക്കുമെന്നതിനാല്‍, കാലാന്തരത്തില്‍ മുസ്ലിംകളും ‘വിദ്യാഭ്യാസം’ നേടുകയും ഉദ്യോഗം വരിക്കുകയും ‘സംസ്കാര സമ്പന്നര്‍’ ആകുകയും ചെയ്തു. കേരള ജനതയെ അടിമുടി ‘വെളുപ്പിച്ച’ ‘സാംസ്കാരിക മാറ്റങ്ങള്‍’ കുലം കുത്തിയൊഴുകിയ 1860 മുതല്‍ 1910 വരെയുള്ള കാലഘട്ടത്തില്‍, ചുറ്റും നടക്കുന്ന മാറ്റങ്ങളിലേക്ക് തള്ളിയിടുവാനുള്ള ‘നവോഥാന’ ശ്രമങ്ങള്‍ കൂടിയായപ്പോള്‍, അതില്‍ ലയിക്കാതിരിക്കാന്‍ സമുദായത്തിന് കഴിഞ്ഞില്ല. പക്ഷേ, അപ്പോഴേക്കും കാലം ഒരുപാട് വൈകിയിരുന്നു.
രാജ ഭക്തിയുടെ ഭാഗമായും ജിവിത സുസ്ഥിരതയ്ക്ക് ആവശ്യമായത് എന്ന നിലയ്ക്കും സമുദായം ഇംഗ്ലീഷും മലയാളവും അഭ്യസിക്കല്‍ വാജിബ് ആണെന്ന സിദ്ധാന്തം സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു മക്തി തങ്ങളുടെ ഒരു കൂട്ടം രചനകള്‍. മക്തി തങ്ങളെപ്പോലെ സ്കൂളില്‍ പോകാന്‍ അഹമഹമികയാ മുന്നോട്ടു വന്ന പുരോഗമന മുസ്‌ലിംകള്‍ തുടര്‍ന്ന് മലയാളത്തില്‍ മൗലിക രചനകള്‍ നടത്തുകയുണ്ടായി; പരിഭാഷകളും. തെക്കന്‍ കേരളത്തില്‍ നിന്നാണ് ഇക്കാര്യത്തില്‍ ആവേശം പ്രകടമായത്. മദ്ധ്യ വടക്കന്‍ പ്രദേശങ്ങളില്‍, വിശിഷ്യാ മലബാറില്‍ , മലയാള രചനകള്‍ പിന്നെയും വൈകുകയുണ്ടായി. എന്നാല്‍, അറബി ലിപിയിലുള്ള മലയാളം കൈവെടിഞ്ഞ് ആര്യ ലിപിയിലുള്ള മലയാളം പഠിക്കാന്‍ വൈമുഖ്യം കാണിച്ചു കുറച്ചു കാലം മടിച്ചു നിന്ന പാരമ്പര്യ വാദികളുടെ ഭാഗത്ത് നിന്നും , അവര്‍ക്കിടയില്‍ ‘ആര്യ ലിപി’ പഠിച്ചവര്‍ വര്‍ദ്ധിക്കുവോളം സംസ്കൃത മലയാളത്തില്‍ ഇസ്ലാമിക സാഹിത്യങ്ങള്‍ കാര്യമായി ഒന്നും തന്നെ പിറന്നില്ല. ഏതാണ്ട് 1950 വരെയും. അവര്‍ അതുവരെയും അറബി മലയാളത്തില്‍ പ്രൌഡമായ രചനകളില്‍ മുഴുകുകയായിരുന്നു.
4. വളര്‍ത്തുപുത്രനെ ഓമനിക്കാന്‍ സ്വന്തം കുഞ്ഞിനെ കഴുത്തറുക്കാന്‍ പ്രേരിതരായി.
നൂറുകണക്കിന് അമൂല്യ രചനകളുടെ സ്വന്തം ഭാഷയായ, അറബി ലിപിയിലുള്ള ‘മാപ്പിള മലയാളം’ സാധാരണക്കാരായ മുസ്ലിം സ്ത്രീ പുരുഷന്മാരുടെ വൈജ്ഞാനിക ഭാഷയായിരുന്നു. നൂറു ശതമാനം സാക്ഷരരായിരുന്ന മുസ്ലിം സമുദായത്തിന്‍റെ ‘അടുക്കള’യിലുള്ള അനുവാചകരെ മുന്നില്‍ കണ്ട് മാത്രം എത്രയെത്ര സാഹിത്യങ്ങള്‍, അച്ചടി സംവിധാനം മലബാറില്‍ വരുന്നതിനു മുമ്പും ശേഷവും ആ ‘അസംസ്കൃത മലയാളത്തി’ല്‍ രചിക്കപ്പെട്ടു?!! ഒരു ദേശത്തിന്‍റെ ഭാഷയാകാന്‍ മാത്രം സ്വാധീനം നേടി വരികയായിരുന്ന ‘,മാപ്പിള മലയാളം’ അലമാരയില്‍ ഒളിക്കുകയും പിന്നീട് അഗ്നിക്കിരയാക്കപ്പെടുകയും പയ്യെപ്പയ്യെ ആര്യ വര്‍ഗ്ഗത്തിന്‍റെ സംസ്കൃത മലയാളം ‘അടുക്കള’ കയ്യേറുകയും ചെയ്തു. സ്വന്തമായുണ്ടായിരുന്ന ഒരു ഭാഷയെ അടുപ്പില്‍ തള്ളിയാണ് മലയാളി മാപ്പിള മറ്റൊരു ഭാഷ പഠിച്ചു ‘സംസ്കൃതനായത്. ഇതുപോലൊരു ‘നഷ്ടക്കച്ചവടം’ കേരളത്തിലെ ഇതര സമുദായങ്ങള്‍ നടത്തിയതായി അറിവില്‍ പെട്ടിട്ടില്ല. ഭാഷ ഒരു സാംസ്കാരിക വസ്ത്രമാകുന്നു എന്ന സാമൂഹ്യ ശാസ്ത്ര പ്രകാരം, പഴയ കുപ്പായം അഴിച്ചുവെക്കുക തന്നെയാണ് പുതിയ സ്യൂട്ടും കോട്ടും ധരിക്കുന്നവര്‍ക്ക് ‘നിലവാരമുള്ള’ വഴി. ഏതായാലും കേരള ജനത മലയാള ലിപിയില്‍ ഏറെക്കുറെ സാക്ഷരര്‍ ആയതോടെ ഇസ്ലാമിക സാഹിത്യങ്ങള്‍ ആ ലിപിയിലേക്ക് പൂര്‍ണ്ണമായും വഴിമാറി. ഇക്കാരണത്താല്‍, കുഞ്ഞിനെ കൊല്ലാന്‍ മടിച്ചവര്‍ പിന്നിലായിപ്പോയി..
**************************************************************************************************
സംസ്കൃത മലയാളത്തിലെ ഇസ്‌ലാമിക രചനകളെ സൂക്ഷ്മ പരിശോധന ചെയ്യുമ്പോള്‍ ചുരുളഴിയുന്ന ചില രഹസ്യങ്ങള്‍ ഇനി പറയാം:
5. മലയാള ലിപിയിലെ ഇസ്ലാമിക സാഹിത്യങ്ങളെ മൂന്നായി തിരിക്കാം..
ഒന്ന്, മദ്ഹബ് പക്ഷം ചേര്‍ന്നുള്ളവ: അഖീദയില്‍ അശഅരി മദ്ഹബും, കര്‍മ്മങ്ങളില്‍ ശാഫിഈ മദ്ഹബും (ഭൂരിഭാഗം), തസവുഫില്‍ ജുനൈദി മദ്ഹബും അടിസ്ഥാനമാക്കിയുള്ള രചനകള്‍. സമുദായത്തിലെ മഹാഭൂരിഭാഗം അംഗങ്ങളും ഈ ധാരയെ പിന്തുടരുന്നു. മലയാള ലിപി യില്‍ എഴുതാന്‍ കുറെ കാലം വിമുഖത കാണിച്ചവര്‍ ഇക്കൂട്ടരാണ്.. മദ്ഹബ് കാഴ്ചക്കപ്പുറം സ്വതന്ത്രമായ അന്വേഷണങ്ങള്‍ ഒട്ടും ഇവരുടെ രചനകളില്‍ കാണില്ല. മദ്ഹബിനകത്ത് നില്ക്കാന്‍ ആഗ്രഹിക്കുന്ന തബ്ലീഗ് പ്രവര്‍ത്തകരുടെ രചനകള്‍ ഇതില്‍ ഉള്‍പെടുത്താം.
രണ്ട്, മദ്ഹബ് വിരുദ്ധ പക്ഷം :ഖുറാന് സുന്നത്ത് എന്ന പ്രമാണദ്വയങ്ങളിലേക്ക് തിരിച്ചു സഞ്ചരിക്കുക എന്ന ആഹ്വാനവുമായി പ്രവര്ത്തിച്ചവരുടെ രചനകള്.. ആധുനിക ജ്ഞാന ശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും അനുരക്തരായി മാറുന്ന സാമാജികര്ക്ക് മുന്നില്‍ ഇസ്ലാമിനെ ‘തൃപ്തികരമായി’ അവതരിപ്പിക്കാന്‍ പരമ്പരാഗത മദ്ഹബ്കള്‍ക്ക് കഴിയില്ലെന്ന് ധരിച്ചവരായിരുന്നു ഇവര്‍. മലയാള ലിപി മുന്നേ വശമാക്കിയവര്‍. ലൗകിക വിദ്യാ സമ്പന്നര്‍. അടിസ്ഥാനപരമായി തഖ്ലീദ് നിഷേധിക്കുന്ന സിമി, ‘എന്‍ ഡി എഫ്/ പോപ്പുലര്‍ ഫ്രന്റ്റ് തുടങ്ങിയ സംഘടനകളെയും ഈ ഗണത്തില്‍ പെടുത്തുന്നു. ഇവരുടെ രചനകളില്‍ മുഖ്യമായും സ്വതന്ത്ര ചിന്തയുടെ ആരവവും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളും ഇരമ്പുന്നു.
6. വക്കം മൌലവി മുതല് ശക്തിപ്പെട്ട മദ്ഹബ്/തഖ്ലീദ് വിരുദ്ധരുടെ മുന്നില്‍ രണ്ടു ബാധ്യതകള്‍ ഉണ്ടായിരുന്നു:
ഇസ്ലാം വിരുദ്ധരെ പ്രതിരോധിക്കുവാനോ മാപ്പിളമാര്‍ക്ക് രാജഭക്തി പഠിപ്പിക്കാനോ അവരെ മത പാഠശാലകളില്‍ നിന്നും അടര്‍ത്തി സ്കൂളിലേക്ക് പായിക്കാനോ ധാരാളം എഴുതിയപ്പോഴും മക്തി തങ്ങള്‍ ‘ശാഫിഈ’ മദ്ഹബ് , അശഅരി വിശ്വാസം, ശാദുലി തരീഖത്ത് എന്നീ പാരമ്പര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ചില ശിഷ്യന്മാരും സമകാലികനായ വക്കം മൗലവിയും മദ്ഹബ് വിരുദ്ധ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അവര്‍ സ്വയം ഏറ്റെടുത്ത രണ്ടു ബാധ്യതകള്‍ :
ഒന്ന്, മലയാളത്തില്‍ മിഷനറി പരത്തിയ തെറ്റുദ്ധാരണകള്‍ / ആരോപണങ്ങള്‍ പൊതു മലയാളിയുടെ മുന്നില്‍ തിരുത്തണം. ഇസ്ലാം വാള്‍ കൊണ്ടു പ്രചരിച്ചു, ഇസ്ലാമിലെ സ്ത്രീ സ്വതന്ത്രയല്ല തുടങ്ങിയ ആക്ഷേപങ്ങളില്‍ അടങ്ങിയ കുതന്ത്രങ്ങളെ മക്തി തങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതിനനുസരിചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. “അതേ, ആവശ്യത്തിനു വാള്‍ എടുക്കാറുണ്ട്”; “സ്ത്രീകള്‍ക്ക് അവരുടെ പ്രകൃതമനുസരിച് അത്ര സ്വാതന്ത്ര്യമേ വേണ്ടൂ” എന്നെല്ലാം മക്തി തങ്ങള്‍ തിരിച്ചടിച്ചു. മക്തി തങ്ങളുടെ ‘നാരി നരാഭിചാരി’, ‘മൂസക്കുട്ടിക്കുത്തരം’, ‘മൂസക്കുട്ടിക്കൊരു മൂക്കുത്തി’ (ഈ രണ്ടു കൃതികളും കണ്ടുകിട്ടിയെങ്കിലും മക്തി തങ്ങളുടെ ഗ്രന്ഥ സമാഹാരത്തില്‍ സമ്പാദകനും പ്രസാധകരും ഉള്പെടുത്തിയിട്ടില്ല) തുടങ്ങിയ കൃതികള്‍ ശാഫിഈ മദ്ഹബ് വീക്ഷണത്തില്‍ ഉറച്ചുനിന്നു കൊണ്ട് പാശ്ചാത്ത്യ പരിഷ്കാരികള്‍ മുന്നോട്ടു വെച്ച ആക്ഷേപങ്ങളെ തടുക്കുന്ന ഗംഭീര രചനകളായിരുന്നു. എന്നാല്‍, വക്കം മൗലവിയും ശിഷ്യന്മാരും മദ്ഹബ് പരിധികള്‍ക്കതീതമായി ഇസ്ലാമിനെ പ്രതിരോധിക്കുവാനാണ് ശ്രമിച്ചത്. ഇസ്ലാമിനോട് ബഹുമാനം ഉണ്ടാകട്ടെ യെന്ന മഹിത ലക്ഷ്യമായിരുന്നെങ്കിലും ഒരുതരത്തിലുള്ള ‘വണക്കസാഹിത്യ’ങ്ങള്‍ക്ക് വഴിതുറക്കലായി അത് മാറി. ഇസ്ലാമിനെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കുമ്പോഴും ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോഴും അനുവാചകരുടെ മുന്നില്‍ സമകാലികരായ മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി കൂപ്പുകയ്യോടെ നില്‍ക്കാന്‍ പിന്‍ഗാമികള്‍ പഠിപ്പിച്ചത് അവരില്‍ നിന്നായിരുന്നു. അടുത്ത കാലത്തായി ഈയൊരു ക്ഷമാപണ സാഹിത്യം മദ്ഹബ് അംഗീകരിക്കുന്നവരിലും വ്യാപകമായി വരുന്നുണ്ട്. മതേതരത്വത്തിന്‍റെ ഭയപ്പാടുകള്‍ ഇത്തരം കൃതികളില്‍ നിഴലിച്ചു കാണാം.
ബാധ്യത രണ്ട്: മദ്ഹബ് പക്ഷപാതിത്വം കാരണം ‘ശിര്‍ക്കി’ല്‍ അകപ്പെട്ട സമുദായത്തെ അതില്‍ നിന്നും രക്ഷപ്പെടുത്തുകയും ഖുറാന്‍ സുന്നത്തില്‍ നിന്നും ഇസ്ലാം ദീന്‍ സ്വതന്ത്രമായി കണ്ടുപിടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകഎന്ന ബാധ്യതയാണ് ഇവര്‍ മുഖ്യമായും ചുമലിലേറ്റിയത്. മുസ്ലിം സാമാന്യ ജനത്തെ ‘അന്ധ വിശ്വാസങ്ങളില്‍’ നിന്നും രക്ഷപ്പെടുത്താന്‍ അവരെ നയിക്കുന്ന ആചാര്യന്മാരെ പരമാവധി ആക്ഷേപിക്കുക എന്ന മാര്‍ഗ്ഗവും അവര്‍ സ്വീകരിച്ചു. വക്കം മൗലവിയുടെയും ശിഷ്യന്മാരുടെയും മലയാള രചനകള്‍ ഈ ലക്ഷ്യത്തിലേക്ക് സാധ്യമാകുന്നത്ര കുതിച്ചു. മലബാറില്‍ ഐക്യ സംഘവും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടു വെച്ചതും മദ്ഹബ് മുക്തവും ഇജ്തിഹാദ് സാധ്യത നിലനില്‍ക്കുന്നതുമായ ഇത്തരം ഇസ്ലാമിനെ’യായിരുന്നു.
മദ്ഹബ് പക്ഷക്കാരുടെ മുന്നില്‍ സ്വാഭാവികമായും ഒരു മുഖ്യബാധ്യത വന്നു ചേര്‍ന്നു. മദ്ഹബ് സംരക്ഷിക്കുക. അഇമ്മത്തുകള്‍ എഴുതിവെച്ച മത ദര്‍ശനങ്ങള്‍, വിധി വിലക്കുകള്‍ സംരക്ഷിക്കുക. ‘ആളുകളുടെ പണം അന്യായമായി തിന്നുന്ന ‘തീറ്റപ്പണ്ടാരങ്ങള്‍’, ‘പുരോഹിതന്മാര്‍’ , ‘വിവരം നാലയലത്ത് പോലും വാസനിക്കാത്തവര്‍’ എന്നെല്ലാമുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയെന്ന ഒരു അനുബന്ധ ഉത്തരവാദിത്തം കൂടി അവരുടെ ചുമലില്‍ വന്നു. മതേതരത്ത്വം, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയ സാമൂഹ്യപദാവലികള്‍ അവര്‍ ഒട്ടും ഗൌനിച്ചേ ഇല്ല. ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഒഴിച്ചാല്‍. അവര്‍ സ്വയം പ്രതിരോധ സാഹിത്യങ്ങളിലായിരുന്നു അടുത്തകാലം വരെയും. മലയാള സാഹിത്യം വഴങ്ങിയവര്‍ കൂട്ടത്തില്‍ കുറവായിരുന്നതിനാല്‍ ആ പക്ഷത്തിന്‍റെ രചനകള്‍ കുറെ കാലത്തേക്ക് അത്ര ഭാഷാ രുചി ഇല്ലാത്തവയായിരുന്നു.
7. എന്നിട്ടും ഖുറാന്‍ പരിഭാഷ ഒരുപാട് വൈകി
പരിഭാഷകള് വായിച്ച് ഖുറാന് മനസ്സിലാക്കുന്നത് അപകടകരമാണെന്ന് മക്തി തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഖുറാന്‍ മലയാള ഭാഷയില്‍ ഇറക്കാത്തത് അതിലെ പൊളിവാദങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുമെന്നതിനാലാകുന്നുവെന്ന മിഷനറിമാരുടെ ആക്ഷേപത്തിലെ ‘സമ്മര്‍ദ്ധ തന്ത്ര’ത്തെ തിരിച്ചറിഞ്ഞ തങ്ങള്‍ അവര്‍ക്ക് ചുട്ട മറുപടി നല്‍കി: വേദ പരിഭാഷയല്ല ഒരു സത്യാര്‍ഥി തെരയേണ്ടത്. പ്രമാണത്തെ ഗ്രഹിക്കാന്‍ പാകത്തില്‍ അനിവാര്യമായ കലാശാസ്ത്രങ്ങളില്‍ അവഗാഹം നേടിയ ശേഷം വേദം ഗുരുവില്‍ നിന്നും കേട്ടു പഠിക്കുക., അതാണ് വഴി. തങ്ങളുടെ വരികള്‍ : “ആത്മ രക്ഷയെ ആഗ്രഹിച്ചന്വേഷിക്കുന്ന സത്യാര്‍ഥിക്ക് ധരിപ്പാന്‍ എളുപ്പം കേള്‍വി തന്നെ. തത്സമയം ഉണ്ടാകുന്ന സംശയങ്ങളെ തീര്‍ക്കാവുന്നതാണ്. എല്ലാ മതങ്ങളും കേള്‍വി കൊണ്ട് വിശ്വസിക്കപ്പെട്ടു വര്‍ദ്ധിച്ചതാണ്” (തണ്ടാന്‍ കണ്ട മാല). പി ഒ മാത്തന്‍ എന്നു പേരുള്ള ക്രിസ്ത്യന്‍ മിഷനറി ഇസ്ലാമിനെ ആക്ഷേപിചെഴുതിയ രണ്ടു ലേഖനങ്ങള്‍ക്കുള്ള മറുപടിയില്‍ മക്തി തങ്ങള്‍ എഴുതുന്നു: “ ഈ മനുഷ്യന്‍ ഇന്നുവരെ ഖുറാന്‍ കണ്ടിട്ടില്ല. കാണ്മാന്‍ കഴിയുന്നതും അല്ല. ഖുറാന്‍ ഭാഷയായ അറബി ഭാഷയുടെ ഉച്ചാരണം എങ്ങനെ എന്ന് കേട്ടിട്ടും ഇല്ല. ഈ നിലയില്‍ അതിനെ കുറിച്ച് സംസാരിപ്പാന്‍ ഈ മനുഷ്യന് അവകാശം എവിടെ?” ഖുറാന്‍ പരിഭാഷകള്‍ കൊണ്ട് പ്രബോധനം സാധ്യമല്ല എന്ന തിരിച്ചറിവ് നേടിയ അനുഭവജ്ഞാനാനിയാണ് മക്തി തങ്ങള്‍. ജോസഫ് ഇടമറുക് ഇസ്ലാമിനെ വിമര്‍ശിചെഴുതിയപ്പോള്‍, അയാളുടെ അയോഗ്യത ചോദ്യം ചെയ്തുകൊണ്ട് ബഹു ഒ അബ്ദുറഹ്മാന്‍ പ്രതികരിച്ചതും മക്തി തങ്ങളുടെ അതേ ന്യായങ്ങള്‍ വെച്ചാണ്.
ആശ്ചര്യകരം എന്ന് പറയാം, വിപ്ലവകരമായ സ്വതന്ത്ര ആശയം പ്രചരിപ്പിച്ചവര്‍/ അന്യരെ ഇസ്ലാം പഠിപിക്കുക + അവരുടെ ധാരണ തിരുത്തുകയെന്ന ഭരിച്ച ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തവര്‍, ‘മനുഷ്യരിലേക്ക് ഇറക്കപ്പെട്ട’ വേദത്തിന്‍റെ സമ്പൂര്‍ണ്ണ മലയാള പതിപ്പ് ഇറക്കുന്നത് ഒരുപാട് കാലം കഴിഞ്ഞാണ്. അതുവരെയും അനുയായികള്‍ക്ക് ഇസ്ലാമിനെ പഠിക്കാനും അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ കണ്ടെത്താനും മൌലവിമാരുടെ രചനകള്‍ വിശ്വസിക്കണമായിരുന്നു. നവോഥാന സംരംഭകരുടെ ആദ്യത്തെ പ്രസാധനം “ഖുറാന്‍- സുന്നത്ത് സമ്പൂര്‍ണ്ണ മലയാളപരിഭാഷ’ ആയിരിക്കാമെന്ന് ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ടാകണം. മലയാള ഭാഷാ അഭ്യാസിയായിരുന്ന മക്തി തങ്ങളോ സ്വന്തമായി പ്രസ് വാങ്ങി പത്രം നടത്തിയ വക്കം മൌലവിയോ ഖുറാന്‍ പരിഭാഷയോ സുന്നത് പരിഭാഷയോ എഴുതിയിട്ടില്ല എന്ന സത്യം പലര്‍ക്കും അറിയില്ല.
1930 കളില്‍ വക്കം പി മുഹമ്മദ് മൈതീന്‍ തുടങ്ങിവെച്ച ഖുറാന്‍ പരിഭാഷയോ, ഏതാണ്ട് അതേ കാലയളവില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ ഖുറാന്‍ പരിഭാഷ സംരംഭത്തിന്‍റെ ഭാഗമായി കെഎം മൗലവി, പി കെ മൂസാ മൗലവി , എം സി സി അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ തുടങ്ങിവെച്ച (ഫാത്തിഹ, അല്‍ബഖര) ഖുര്‍ആന്‍ തര്‍ജമയോ പൂര്‍ത്തികരിക്കാന്‍ ഔദ്യോഗിക നേതൃത്വം 1960 വരെയും ശ്രമിച്ചില്ല. കെ ഉമര്‍ മൗലവി അറബി മലയാളത്തില്‍ എഴുതിയ ഖുര്‍ആന്‍ പരിഭാഷ 1958 ല്‍ പുറത്തിറക്കിയിരുന്നുവെങ്കിലും മലയാള ലിപിയിലേക്ക് പുരോഗമിച്ചവര്‍ക്ക് അതൊട്ടും ഉപകാരപ്പെട്ടില്ല. 1961 ലാണ് സി എന്‍ അഹ്മദ് മൗലവിയുടെ ഖുറാന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ (അഞ്ചു വാള്യം) ഇറങ്ങുന്നത്. മൌലാനാ മൌദൂദി യുടെ തഫ്ഹീമിന്‍റെ മലയാളമൊഴി ഒന്നാം വാല്യം 1972 ല്‍ ഇറങ്ങിയെങ്കിലും അവസാന ഭാഗം പിന്നെയും ഇരുപത്താറു വര്‍ഷങ്ങള്‍ കഴിഞ് 1998 ലാണ് മലയാളി കാണുന്നത്. ഐക്യ സംഘം ഖുറാനിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തിട്ട് അറുപത്തിമൂന്നു വര്‍ഷമെടുത്തു- മലയാളം വശമുണ്ടായിട്ടു പോലും- അവരുടെ അനുയായികള്‍ക്ക് മലയാളത്തില്‍ ഖുറാന്‍ പഠനത്തിനു അവസരം സൃഷ്ടിക്കാന്‍. 1985 ലാണ് അമാനി മൌലവിയുടെ ഖുറാന്‍ വ്യാഖ്യാനം പൂര്‍ത്തിയാകുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അമ്പത്തി നാല് വര്‍ഷവും. അക്ഷരം പഠിച്ചു മലയാളത്തില്‍ എഴുതാന്‍ തുടങ്ങിയ യാഥാസ്ഥിതികര്‍ അവരുടെ മലയാള രംഗ പ്രവേശത്തിന്റെ ഇരുപതാം വര്‍ഷത്തില്‍, 1972 ല്‍, ഏതാനും പണ്ഡിതരുടെ എതിര്‍പ്പുണ്ടായിട്ടും, സാമാന്യം വലിയൊരു ഖുര്‍ആന്‍ വ്യാഖ്യാനം പുറത്തിറക്കി. കെവി മുഹമ്മദ് മുസ്ല്യാരുടെത്. അടുത്ത വര്‍ഷത്തില്‍ തന്നെ,1973 ല്‍, എതിര്‍പ്പുകള്‍ ഒട്ടുമില്ലാതെ, മാട്ടൂല്‍ അബ്ദുള്ള മൗലവി തഫ്സീര്‍ ജലാലൈനി യുടെ പരിഭാഷയും ഇറക്കി.
8. ഖുറാന് പരിഭാഷകള്‍ പരസ്പരം തിരുത്തുകയായിരുന്നു, ഐക്യം തകര്‍ക്കുകയായിരുന്നു..
കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടെ പുറത്തിറക്കിയ സി എന്‍ പരിഭാഷ ഗംഭീരമായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍, ഖുറാനിലേക്ക് മടങ്ങ്ങി സ്വതന്ത്രമായി ചിന്തിക്കാന്‍ ആഹ്വാനം ചെയ്ത കേരളത്തിലെ മുജാഹിദ്- ജമാഅത്തെ ഇസ്ലാമി കക്ഷികള്‍ക്ക് പോലും പോലും സംതൃപ്തി ആയില്ല. ഒരു ഖുറാന്‍ അതിനൊരു പരിഭാഷ എന്നിടത്ത് നില്‍ക്കാന്‍ ‘ഖുറാന്‍ സുന്നത്ത് വാദികള്‍ക്ക് കഴിഞ്ഞില്ല. സി എന്‍ പരിഭാഷ ഇറങ്ങിയ ശേഷമാണ് ഖുറാന്‍ പരിഭാഷകള്‍ മലയാളത്തില്‍ മത്സരിച്ചിരങ്ങിയത്. പിന്നീട് ഇറങ്ങിയ ഖുറാന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും സി എന്‍ പരിഭാഷയ്ക്ക് തിരുത്തായിരുന്നു?! (ഒട്ടേറെ ഖണ്ടന പുസ്തകങ്ങളും സി എന്നിനെ തിരുത്താനായി എഴുതപ്പെട്ടിട്ടുണ്ട്.) ഓരോരുത്തരുടെയും പേനയില്‍ ഇറങ്ങുന്നത് വേറെ വേറെ പരിഭാഷകളും വ്യാഖ്യാനങ്ങളും ആകയാല്‍, ഗവേഷണം സജീവമായി. സി എന്‍ പരിഭാഷയുടെ ഭീഷണി മുന്നില്‍കണ്ട് 1960 ല്‍ കെ എം മൗലവിയുടെ മേല്‍നോട്ടത്തില്‍ മുഹമ്മദ് അമാനി മൗലവി, പി കെ മൂസാ മൗലവി, എ അലവി മൗലവി എന്നിവര്‍ വിശുദ്ധ ഖുറാന്‍ വിവരണം ചേര്‍ന്നെഴുതാന്‍ തുടങ്ങിയിരുന്നു. 1963 ല്‍ അതിന്‍റെ ഒന്നാം വാല്യം വെളിച്ചം കണ്ടു. രണ്ടു വ്യാഴ വട്ടക്കാലം സമയമെടുത്തു അതിന്‍റെ അവസാനഭാഗം 1985 ല്‍ പുറം ലോകം കാണാന്‍. സി എന്‍ പരിഭാഷയെ ആക്രമിച്ച് ഒതുക്കേണ്ടത് വലിയ ബാധ്യതയായി ഗ്രന്ഥ കര്‍ത്താക്കള്‍ ഏറ്റെടുത്തതിന്റെ അടയാളങ്ങള്‍ വിവരണത്തില്‍ എമ്പാടും കാണാം. പരിഭാഷ പ്രതിസന്ധി പരിഹരിക്കാമെന്ന് കരുതി മുട്ടാണിശ്ശേരി എം കോയക്കുട്ടി മൌലവി 1965 ല്‍ മറ്റൊരു പരിഭാഷ ഇറക്കിയിരുന്നു. പക്ഷേ അതിനു സംഘടനാ പിന്തുണ ലഭിക്കാത്തതിനാല്‍ ലക്‌ഷ്യം വേണ്ടപോലെ സഫലമായില്ല. സി എന്നിനെ മാത്രം മുന്നില്‍ കണ്ടെഴുതിയത് എന്നൊരു അപഖ്യാതി കെവിയുടെ വ്യാഖ്യാനത്തിനു ലഭിച്ചു. അന്യരെ കുറച്ചെങ്കിലും സംതൃപ്തിപ്പെടുത്തുന്ന ഖുര്‍ആന്‍ വായന, ഉറുദുവില്‍ നിന്നും ഇറക്കുമതി ചെയ്തതിനാല്‍, തഫ്ഹീം മാത്രമായിരിക്കും മലയാളത്തില്‍.
മൂല ഭാഷയിലോ മാതൃഭാഷയിലോ ഖുറാന്‍ പരിശോധിക്കാന്‍ സാധിച്ചവരെല്ലാം, ആഹ്വാനം ചെയ്യപ്പെട്ട സ്വതന്ത്ര അന്വേഷണത്തില്‍ ഒട്ടും അമാന്തിച്ചില്ല. ഖുറാന്‍ മുറുകെ പിടിച്ചു കൊണ്ട്തന്നെ ‘ഖുറാന്‍ പണ്ഡിതന്മാര്‍’ തമ്മില്‍ കൂട്ടം പിരിഞ്ഞുകൊണ്ടിരുന്നു. മലയാളത്തില്‍ ഖുറാന്‍ ഓതിയവര്‍, സ്വന്തമായി ഗോള്‍ അടിക്കണമെന്ന താല്‍പര്യക്കാരെപ്പോലെ, ആര്‍ക്കും വഴങ്ങാതെ മുന്നോട്ടുപോയ്ക്കൊണ്ടിരുന്നു. “അല്ലാഹുവിന്‍റെ പാശം മുറുകെപ്പിടിച്ചു ഐക്യപ്പെടുക’ എന്ന സ്വപനം മരീചിക പോലെ അകലെ അകലെ നിലകൊള്ളുന്നു..
9. മദ്ഹബ് പക്ഷക്കാരുടെ ഖുറാന് ഭാഷ്യങ്ങള്: അമുസ്ലിമ്കള്‍ ലക്ഷ്യമല്ല.
“പരിശുദ്ധ ഖുര്‍ആന്റെ ഒരാശയ വിവര്‍ത്തനം അറബി മൂലത്തോടുകൂടി മലയാളത്തില്‍ പുറപ്പെടുവിക്കുവാന്‍ തന്നെ പ്രേരിപ്പിച്ച” കാരണം മാട്ടൂല്‍ അബ്ദുള്ള മൗലവി പറയുന്നുണ്ട്. ഒന്ന്, മുന്‍കാലങ്ങളില്‍ പള്ളി ദര്സുകളില്‍ വെച്ചു ഫത്ഹുല്‍ മുഈനും ജലാലൈനിയുമെങ്കിലും ഓതി പഠിക്കാത്തവര്‍ മുസ്ലിം സാമാന്യ ജനങ്ങളില്‍ അപൂര്‍വ്വമായിരുന്നു. മുസ്ലിം ധനാഢ്യരും അക്കാലങ്ങളില്‍ അതൊരു അത്യാവശ്യ കാര്യമായും തങ്ങളുടെ അന്തസ്സിനു ഹാനികരമല്ലാത്തതായും ധരിച്ചു പോന്നിരുന്നു. കാലക്രമത്തില്‍ ഭൌതികത്തില്‍ മതി മറന്ന മുസ്ലിം സമുദായം പള്ളിദര്സുമായുള്ള ബന്ധം ക്രമേണ വേര്‍പ്പെടുത്തുകയും, ധനിക വര്‍ഗ്ഗം തങ്ങളുടെ സന്താനങ്ങളെ ദര്സിലയച്ച്ചു പഠിപ്പിക്കുന്നത് അന്തസ്സിനും ആഭിജാത്യത്തിനും നിരക്കുന്നതല്ലെന്ന് ധരിച്ചുവശാവുകയും തദ്വാരാ പരിശുദ്ധ ഖുറാനും ദീനീ വിജ്ഞാനവുമായുള്ള ബന്ധം പരിമിതപ്പെടുവാന്‍ കാരണമാവുകയും ചെയ്തു.”
മറ്റൊരു പ്രേരകം ഇതായിരുന്നു : “ മുസ്ലിം സാമാന്യ ജനങ്ങളില്‍ കേരള മുസ്ലിംകളുടെ പ്രത്യേക ലിപിയായ അറബി മലയാളത്തോടുള്ള അഭിരുചി കുറയുകയും മലയാള വായനയില്‍ സര്‍വത്ര വാസന വര്‍ദ്ധിക്കുകയും ചെയ്തു.” മൂന്നാമത്തെ പ്രേരകം, “ കേള്‍ക്കുന്നതിനൊക്കെ ആയത്തുണ്ടോ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചു തുടങ്ങി”യ പ്രതിസന്ധി. “മറ്റൊരു സുപ്രധാന കാരണം” കൂടി അദ്ദേഹം പറയുന്നു: അടുത്ത കാലത്തായി കേരളക്കരയില്‍ പ്രസിദ്ധീകൃതമായ അറബി മലയാളത്തിലും മലയാളത്തിലും ഉള്ളതായ വിവര്‍ത്തനങ്ങളില്‍ സുന്നത്ത് ജമാ അത്തിനു എതിരും ഖുര്‍ആന്റെ അദ്ധ്യപനങ്ങള്‍ക്ക് കടക വിരുദ്ധവുമായ പല നവീന വാദങ്ങളും സ്ഥലം പിടിച്ചിരിക്കുന്നു”.. അതായത്, ആകപ്പാടെ തിരുത്ത് സാഹിത്യങ്ങളാണ് എല്ലാവരും ചേര്‍ന്ന് സമ്പന്നമാക്കിയത് എന്ന് പറയാം.
അമുസ്ലിംകളെ ഇസ്‌ലാം പരിചയപ്പെടുത്താനുള്ള മാര്‍ഗ്ഗമായോ, മുസ്ലിംകള്‍ക്ക് വിശ്വാസ കാര്യങ്ങളും വിധിവിലക്കുകളും പഠിക്കാനുള്ള പാഠപുസ്തകമായോ പരിഭാഷകന്‍ ഖുര്‍ആന്‍ പരിഭാഷയെ കാണുന്നില്ല. 1973 ല്‍ പോലും മദ്ഹബ് പക്ഷക്കാര്‍ അങ്ങനെയായിരുന്നു എന്ന ചരിത്രം കൌതുകമുണര്‍ത്തുന്നു. അബ്ദുള്ള മൗലവിയുടെ ജലാലൈനി പരിഭാഷയില്‍ ഇങ്ങനെ വായിക്കാം: “ ഈ പരിഭാഷ മുസ്ലിംകളെ മാത്രം ഉദ്ദേശിച് എഴുതപ്പെട്ടതാണ്. അതിനാല്‍, കച്ചവടം മുഖേനയോ മറ്റു വിധത്തിലോ അമുസ്ലിംകള്‍ക്ക് ഇത് കൊടുക്കരുതെന്നും അവരുടെ കരങ്ങളില്‍ എത്തിച്ചേരുവാന്‍ ഇടവരുത്തരുതെന്നും നല്ലവരായ എല്ലാവരോടും ഉല്‍ബോധിപ്പിച്ചു കൊള്ളുന്നു.” അതിനു മുമ്പിറങ്ങിയ കെ വി യുടെ വ്യാഖ്യാനം അമുസ്ലിംകളുടെ കൈവശം എത്തിപ്പെടരുതേ എന്ന് ഏതൊരു ഖുറാന്‍ സ്നേഹിയും ആഗഹിച്ചുപോകും.
10. ഖുര്‍ആന്‍ പരിഭാഷകള്‍ : മൂന്നാം നിരയില്‍ കേവല പകര്‍പ്പുകള്‍ മാത്രം.
സാമാന്യം ഉയര്ന്ന പണ്ഡിതന്മാര് തയ്യാറാക്കിയ ഈ വക പരിഭാഷകള് കൊണ്ടും ഖുറാന്‍ പരിഭാഷയും ഗവേഷണവും നിലച്ചുപോയില്ല. ഇറങ്ങിയതൊന്നും കൊള്ളില്ല എന്ന തോന്നല്‍ പുതിയതിറങ്ങാന്‍ കാരണമായി. എന്നാല്‍, പിന്നീട് ഇറങ്ങിയതെല്ലാം കേവല പകര്‍പ്പുകള്‍ ആയിപ്പോയി. നല്ലൊരു പര്യായ നിഘണ്ടു കൈവശം ഉള്ള ആര്‍ക്കും പുതിയ പുതിയ ഖുറാന്‍ പരിഭാഷകള്‍ സാധിക്കുമെന്ന് തെളിയിച്ചു. കച്ചവട സാധ്യത മുതലെടുത്തവര്‍ ഇറക്കി വിട്ടിട്ടുള്ള ഖുറാന്‍ പരിഭാഷകള്‍, ആ മഹാ ഗ്രന്ഥത്തിന്‍റെ വെളിച്ചം കെടുത്തിക്കളഞ്ഞ അപരാധങ്ങള്‍ ആയിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. അറബി ഭാഷയിലെ ഫീ ളിലാലില്‍ ഖുറാന്‍ പരിഭാഷ മെച്ചപ്പെട്ടത് തന്നെ പുരാതനവും ആധികാരികവുമായ തഫ്സീര്‍ റാസി സംഗ്രഹ പരിഭാഷ ചെയ്തവര്‍ കുട്ടിക്കളിയായി അതിനെ കണ്ടപോലെ യുണ്ട്. ഉബൈദ് മൗലവി ചെയ്തുവരുന്ന ‘ഖുറാന്‍ ബോധനം’ തീര്‍ത്തും മൌലികമാണ്; സമുദായത്തിന് ഉപകാരപ്പെടും; ഒരു അര്‍ദ്ധ സി എന്‍ ആകാനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിക്കുമെങ്കില്‍. അങ്ങനെ വന്നാല്‍, വീണ്ടും സമുദായം പ്രതിരോധ സമ്മര്‍ദ്ധത്തില്‍ വീണു പോകാനിടയുണ്ട്.
11. സുന്നത്ത് ഇതുവരെയും വെളിച്ചം കണ്ടില്ല.?!!
ഖുറാന്‍ സുന്നത് പക്ഷക്കാര്‍ വളരെ ഗൗരവമര്‍ഹിക്കുന്ന ഒരു അപരാധം ഇപ്പോഴും ചെയ്തുവരുന്നു. ഏതൊരു പ്രവാചക സന്ദേശം വായിച്ചാണോ അന്യ സമുദായം ഇസ്ലാമിനെ വിലയിരുത്തേണ്ടത്, ഏതൊരു സുന്നത്തിലേക് മടങ്ങിയാണോ സമുദായം നേര്‍വഴി പ്രാപിക്കേണ്ടത്, ഞെട്ടിക്കുന്ന വസ്തുത പറയട്ടെ, നവോഥാനത്തിന്‍റെ നൂറ്റാണ്ടു ആഘോഷിച്ചു കഴിഞ്ഞ ഇക്കാലം വരെയും അത്തരമൊരു സുന്നത്ത് മലയാളത്തില്‍ പുറത്തുവന്നിട്ടില്ല. അന്ത്യദൂതരുടെ മൗന- വാചാ- കര്‍മ്മ രൂപേണയുള്ള അദ്ധ്യാപനങ്ങളാണല്ലോ പ്രമാണങ്ങളുടെ ഗണത്തില്‍ എണ്ണപ്പെടുന്ന സാങ്കേതികമായ സുന്നത്ത്. ഇസ്ലാമിന്‍റെ മൂലപ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുവാനുള്ള പ്രഥമവും പ്രധാനവുമായ വഴി സുന്നത്താണ്. വ്യവസ്ഥാപിതമായി ഇവ ക്രോഡീകരിക്കപ്പെടുന്നത് ഹിജ്ര 150 ഓടു കൂടിയാണ്. അന്വേഷണ ഗവേഷണ പടുക്കള്‍ പലരും അവ ശേഖരിച് കുറച്ചൊക്കെ ഗ്രന്ഥ രൂപത്തില്‍ എഴുതിവെച്ചു. നബി സ്വ യുടെ പ്രാമാണിക സ്വഭാവമുള്ള അവസാനത്തെ ഇരുപത്തി മൂന്നു വര്‍ഷം മുഴുവനും പക്ഷേ, ഇപ്പോള്‍ ലഭ്യമായ ഹദീസ് സമാഹാരങ്ങളില്‍ ഇല്ല. കര്‍മ ശാസ്ത്ര രംഗത്തെയും ഹദീസ് ശാസ്ത്ര മേഖലയിലെയും അമ്മത്തുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്ത ദശലക്ഷം ഹദീസുകള്‍ പിന്ഗാമികള്‍ക്ക് അക്ഷരമായി ലഭിച്ചില്ല. അവയിലെ പാഠങ്ങള്‍ അവര്‍ സമുദായത്തിന് പകര്‍ന്നുവെങ്കിലും. ഒരാളുടെ അറിവില്‍ വരുന്നതെല്ലാം അയാള്‍ക്ക് ഗ്രന്ഥമാക്കാന്‍ സാധിക്കുക അസാധാരണ സംഭവമായിരിക്കുമല്ലോ. മദ്ഹബ് ഉപേക്ഷിച്ച് സുന്നത്തിലേക്ക് തിരിച്ചുപോയി ഇസ്ലാമിനെ സ്വയം കണ്ടെത്താന്‍ പ്രേരിപ്പിച്ചവരുടെ മുന്നിലെ ഭീകര പ്രതിസന്ധി അതായിരുന്നു. വളരെ കുറച്ച് ഹദീസുകള്‍ മാത്രമേ ഗ്രന്ഥരൂപത്തില്‍ ഇക്കാലത്ത് ലഭിക്കാനുള്ളൂ. വിശുദ്ധ ഖുറാന്‍ എന്നപോലെ രണ്ടാം പ്രമാണം ഒരു ‘പുസ്തക’മായി ആരുടെ മുന്നിലുമില്ല. അതിനാല്‍, സമ്പൂര്‍ണ്ണ സുന്നത്തിന്‍റെ ഒരു കോപ്പി കണ്ടെത്തുക സാധ്യവുമല്ല. എന്നാല്‍ , ഇക്കാലത്ത് ലഭ്യമായ ഹദീസുകള്‍ എങ്കിലും മലയാളിക്ക് ഇതുവരെ വായിക്കാന്‍ സാധിച്ചോ? അതുമില്ല.
മലയാളത്തിലേക്ക് ആദ്യമായി സ്വഹീഹുല്‍ ബുഖാരി പരിഭാഷപ്പെടുത്തിയത് കെ അലവി മൗലവി, 1967 ല്‍ അത് മൂന്നു വാല്യങ്ങളായി പുറത്തിറങ്ങി. താമസിയാതെ, 1970 ല്‍ സി എന്‍ അഹ്മദ് മൗലവിയുടെ ബുഖാരി പരിഭാഷയും വന്നു. എ അബുസ്സലാം മൗലവിയും മൂന്നു വാല്യങ്ങളിലായി ബുഖാരി ഭാഷ്യം പ്രസിദ്ധീകരിച്ചു. ഇവ ബുഖാരിയുടെ പ്രാമാണികത ഉറപ്പിക്കുന്നതിലേറെ ബുഖാരിയെയും ഹദീസ് പ്രസ്ഥാനത്തെയും അവിശ്വസിക്കാനുള്ള പ്രേരണ ഉണ്ടാക്കുന്നതിലാണ് വിജയിച്ചത്. സ്വാദിഖ് അന്‍വരി രചിച്ച ബുഖാരി സംഗ്രഹ ഭാഷ്യം അടുത്തിറങ്ങിയതാണ്. ജമാഅത്തെ ഇസ്ലാമി യുടെ ഭാഗത്ത് നിന്നും രണ്ടു വര്ഷം മുമ്പാണ് ഒരു ‘സുന്നത്ത്’ ഇറങ്ങുന്നത്; ബുഖാരിയുടെ സംഗ്രഹ പരിഭാഷ. 1978 ല്‍ കെ അലവി മൗലവിയുടെ സ്വഹീഹ് മുസ്ലിം ഒന്നാം വാല്യം വെളിച്ചം കണ്ടു. ബാക്കി ഭാഗങ്ങള്‍ വെളിച്ചം കണ്ടതായി അറിവില്ല. 1988 ല്‍ ഇബ്രാഹീം പുത്തൂര്‍ ഫൈസിയുടെയും അതിനു ശേഷം സി പി സ്വലാഹുദ്ധീന്‍ സ്വലാഹിയുടെയും ബുഖാരി മുസ്ലിം സംയുക്ത ഹദീസ് പരിഭാഷയും പ്രസിദ്ധീകൃതമായി. ഇവയില്‍ ഒന്ന് പോലും അതതു ഗ്രന്ഥങ്ങളുടെ പൂര്‍ണ്ണ രൂപത്തില്‍ അല്ലായിരുന്നു. അവയില്‍ തന്നെ മത്നുകള്‍ അല്ലാതെ സനദ് ഒട്ടും പരിഗണിക്കപ്പെട്ടില്ല.. തിര്‍മിദി, അബൂ ദാവൂദ്, നസാഈ , ഇബ്നു മാജ തുടങ്ങിയ ‘സുന്നത്ത് സമാഹാരങ്ങള്‍’ ‘മലയാളി’ ഇക്കാലമത്രയും കണ്ടിട്ടുപോലുമില്ല. മൈലാപ്പൂര്‍ ഷൌഖത്ത് മൌലവി മിശ്കാത്ത് പരിഭാഷ ഒരു ഭാഗം ഇറക്കിയെങ്കിലും മുന്നോട്ടു പോയില്ല. അതിനിടെ സ്വിഹാഹ് സിത്തയിലെ ഹദീസുകളുടെ ആവര്‍ത്തനരഹിത സമാഹാരം ഡോ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇമാം ബുഖാരിയുടെ അല്‍അദബുല്‍ മുഫ്രദ് വിവരണ സഹിതമുള്ള ഡോ ബഹാഉദ്ധീന്‍ നദ്വിയുടെ പരിഭാഷ സവിശേഷമായ രചനയാണ്. ഇമാം നവവിയുടെ രിയാളു സ്വാലിഹീന്‍, ഇബ്നു ഹജറില്‍ അസ്ഖലാനിയുടെ ബുലൂഗുല്‍ മറാം എന്നിവയാണ് മറ്റു ഹദീസ് പരിഭാഷകള്‍. ഇവ ഓരോന്നിനും ഒന്നിലേറെ പരിഭാഷകളുണ്ട്. ഇമാം നവവിയുടെ നാല്പത് ഹദീസുകള്‍ പലരും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ ലഭ്യമായ സൗകര്യം അവലംബിച്ച്ചുകൊണ്ട് ഖുര്‍ആനും സുന്നത്തിലേക്കും തിരിച്ചു നടക്കാന്‍ ഉദ്യുക്തരാകുന്ന യുവപണ്ഡിതന്മാരുടെ സ്വതന്ത്ര ഗവേഷണത്തിന്‍റെ ബഹളവും ആരെയും ധിക്കരിക്കാനുള്ള ധീരതയും സമകാല കേരള മുസ്ലിംകളുടെ ‘സൌഭാഗ്യ’ങ്ങളായി ഗണിക്കാം. അപ്പോള്‍, സുന്നത്ത് പ്രമാണം എല്ലാം ലഭിച്ചിരുന്നെങ്കില്‍ !! ഭയമാകുന്നു, നമ്മുടെ സ്ഥിതി എന്താകുമെന്നോര്‍ത്ത്.
12. ഇസ്ലാമിനെ സമഗ്രമായി ആരും ഇനിയും പരിചയപ്പെടുത്തിയിട്ടില്ല.
ഇതിനിടെ സംഭവിച്ചത് അതായിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് പഥ്യമുള്ള ഇസ്ലാമികാംശത്തെ തോരണം ചാര്‍ത്തി. രാഷ്ട്രീയം + സാമൂഹ്യം വിഷയീഭവിച്ചാല്‍ സമഗ്രമായി എന്ന് കരുതുന്നവര്‍ ആത്മീയം വിസ്മരിച്ചു പരലോകത്തിലെ ജീവിത വിജയ പദ്ധതിയാണ് ഇസ്ലാം എന്ന് ശഠിക്കുന്നവര്‍ ഇഹലോകത്തിലെ ജീവിത പദ്ധതികള്‍ക്ക് വിധേയപ്പെട്ടുജീവിച്ചു. ആത്മീയം പരമ പ്രധാനമായി പ്രഘോഷിക്കുന്നവര്‍ ഭൗതിക ലോകത്തിലെ രാഷ്ട്രീയ – സാമൂഹ്യമാറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചു. സമഗ്രമായ ഇസ്ലാമിക ദര്‍ശനം ലഭിക്കണമെങ്കില്‍ എല്ലാം ഒന്നിച്ചു വായിക്കണം എന്ന ഗതികേട്. ഒന്നിച്ചു വായിച്ചാലോ, അനുവാചകന്‍ അന്ധാളിച്ചു പോകും. കാരണം, ഒന്ന് മറ്റൊന്നിന്‍റെ തിരുത്താണ്. പൂരണമല്ല. ഹുജ്ജത്തുല്ലാഹില്‍ ബാലിഗ പോലുള്ള സമഗ്ര രചനകളുടെ സമകാലിക ആവിഷ്കാരം മലയാളത്തില്‍ ഇക്കാലമത്രയും ഉണ്ടായില്ല. അതിന്‍റെ പരിഭാഷ ഇറങ്ങിയിട്ടുണ്ടെങ്കിലും ശരി.
ഇസ്ലാമിലെ അദ്ധ്യാത്മികത വിശദമാക്കുന്ന ഇമാം ഗസാലിയുടെ ഇഹ്യാ ഉലൂമിദ്ധീന്‍ മുതല്‍ അല്‍കശ്ഫ് വരെയുള്ള കൃതികള്‍ മഹത്തായ പങ്കുവഹിക്കുന്നുവെങ്കിലും, കര്‍മ്മ ശാസ്ത്രവും വിശ്വാസ ശാസ്ത്രവും മലയാളിയെ വായിപ്പിക്കാന്‍ കൊള്ളുന്ന ഏതു പുസ്തകമുണ്ട് മലയാളത്തില്‍?! ഫത് ഹുല്‍ മുഈന്‍ , ശറഹുല്‍ അഖാഇദ് തുടങ്ങിയ പഴയ കിതാബുകളുടെ പരിഭാഷകള്‍ കൊണ്ട് അവ പരിചയപ്പെടുത്തിയാല്‍ സാമാന്യ നിലവാരമുള്ള മലയാളിക്ക് മുഷിയും. സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നയും ഖര്‍ദാവിയുടെ ‘വിധി വിലക്കുകള്‍’ എന്ന പുസ്തകവും ഘടന കൊണ്ട് നന്നെന്നു പറയാമെങ്കിലും ഉള്ളടക്കം കര്‍മ ശാസ്ത്രത്തിന്‍റെ സമഗ്രതയെ സമീപിക്കുന്നതായില്ല. ഇസ്ലാമിലെ ജിഹാദ്, രാഷ്ട്രീയം, പ്രബോധനം എന്നീ വിഷയങ്ങളില്‍ ജമാഅത്ത് സാഹിത്യങ്ങള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു, അവരുടെതായ വീക്ഷണങ്ങള്‍ ഉറപ്പിച്ചുകൊണ്ടുതന്നെ. എന്നാല്‍, ഇവ്വിഷയങ്ങളില്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് കാര്യമായ സംഭാവന അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എന്തിനു പറയണം, ഒരു നൂറ്റാണ്ടു കാലമായി നാം കവലകളില്‍ തൗഹീദ് തല്ലിപ്പൊളിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടോ, തൗഹീദ് പോലും അതിന്‍റെ സാകല്യ ഭാവത്തില്‍ അവതരിപ്പിച്ച മലയാള പുസ്തകം കിട്ടാനുണ്ടോ?!
13. സ്വതന്ത്ര ചിന്തകര്‍ മാനം മുട്ടി.. മുഖല്ലിദ്കള്‍ ഭൂമിയില്‍ അടിയിളകുന്നു?!
മദ്ഹബ് വിരുദ്ധര്‍ വലിച്ചിടുന്ന വിവാദങ്ങളില്‍ ഏറെക്കാലം കുടുങ്ങിപ്പോയ മദ്ഹബ് പക്ഷക്കാര്‍, ഭാഷാനൈപുണ്യത്തിലും വിഷയ വൈവിധ്യത്തിലും അവതരണ പാടവത്തിലും സമകാലിക ലോകവീക്ഷണങ്ങളിലും ലൗകിക അവബോധത്തിലും മികച്ച പുരോഗതി നേടുന്നതും അതവരുടെ സാഹിത്യങ്ങളില്‍ പ്രകടമായി വരുന്നതും സന്തോഷ ദായകമാണ്. മദ്ഹബ് പക്ഷത്തു നിന്നുകൊണ്ട് തന്നെ, സമഗ്രമായ കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്ന രചനകള്‍ അവര്‍ സമ്മാനിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. എന്നാല്‍, അവരുടെ തന്നെ ആദര്‍ശ പ്രകാരം ഇസ്‌ലാമിനെ മദ്ഹബ് ഗ്രന്ഥങ്ങളില്‍ നിന്നും വായിക്കുന്നതിനു പകരം മദ്ഹബേതര- മതേതര- മതവിരുദ്ധ സ്രോതസ്സുകളില്‍ നിന്നും വായിച്ചെടുത്ത് ‘ഉയരാനുള്ള’ തിടുക്കം സംഘ ബോധത്തോടെ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നത് സ്വയം കുഴിവെട്ടുന്ന ഏര്‍പ്പാടായി ഭവിക്കാനിടയുന്ദ്. എന്നാല്‍, നേരത്തെ പുരോഗമിച്ചവരുടെ ജ്ഞാന വളര്‍ച്ചയും സാഹിത്യ വളര്‍ച്ചയും ‘മാനം മുട്ടി’യതായി തോന്നുന്നു. അവരില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ ഒന്നും ജനിക്കുന്നില്ല.
14. ആഭ്യന്തര വിവാദങ്ങള് അടങ്ങിയ ഗ്രന്ഥങ്ങള്‍ സംഘടനാ ചാനലുകളിലൂടെ വിതരണം ചെയ്യപ്പെട്ടിരുന്നെങ്കില്‍ ..
എന്നും ആശിച്ചു പോകുന്നു..
naseem ugrapuram
says:മേല്‍പറഞ്ഞ ലേഖനത്തിന് വിമര്‍ശനം എന്ന നിലയില്‍ പറയുകയല്ല.മുകളില്‍ ഖുര്‍ആന്‍ പരിഭാഷകള്‍ ഉണ്ടാക്കിയ അബദ്ധങ്ങളും അപകടങ്ങളും സമൂഹത്തിന് അതുമൂലം ഉണ്ടായ നഷ്ടങ്ങളും സൂചിപ്പിക്കുകയുണ്ടായി. ഒരു സംശയം മാത്രം. മലയാളത്തില്‍ ഉണ്ടായ translations മാത്രമാണോ അപകടകാരി അതോ ലോകത്ത് ഇന്നേവരെ ഒട്ടനേകം ഭാഷകളില്‍ ഖുര്‍ആന്‍,ഹദീസ്,ഫിഖ്‌ഹില്‍,ഉസൂലുകളില്‍,തുടങ്ങി മത്വിഖ് മുതാലയവയില്‍ വരെ പരിഭാഷകള്‍ ഉണ്ട്. മലയാളത്തിനു പറഞ്ഞ ഈ പരിഭാഷാ എന്ന അബദ്ധം എല്ലാ ഭാഷകളിലും ഭാഷക്കാര്‍ക്കും ഉണ്ടായിട്ടുണ്ടാകുമല്ലോ??. അതോ മലയാളികള്‍ക്ക് മാത്രമേ ഈ അപകടം ഉണ്ടാവൂ.. മുസ്ലീംകളില്‍ ആദ്യമായി അറിയപ്പെട്ട പരിഭാഷ ഇമാം ത്വബരി (മ. ക്രി: 923) യുടെതാണ്. പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു.പിന്നീട് തുര്‍കി,ഉറുദു,മലയ,ചൈനീസ്,ബന്കാളി,യൂറോപ്യന്‍ ഭാഷകള്‍… തുടങ്ങി ഒട്ടനേകം പരിഭാഷകള്‍ വന്നു. ഇവര്‍ക്കെല്ലാം ഈ വിപത്ത് ഉണ്ടായിട്ടുണ്ടോ?. അറബിയില്‍ വായിച്ചു മനസ്സിലാക്കാന്‍ പ്രയാസം തോന്നിയപ്പോള്‍ ഖലീഫ മന്‍സൂര്‍ ബിന്‍ നൂഹ്(ക്രി 961-976) ആയിരുന്നു അത് പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യിക്കാന്‍ ഉദ്ദേശിച്ചത്. പരിഭാഷപ്പെടുത്തല്‍ അനുവദനീയമാണോ എന്നു അദ്ദേഹം പേര്‍ഷ്യന്‍ പ്രദേശത്തുള്ള പണ്ഡിതന്മാരോട് വിധിയന്വേഷിച്ചു. 'ഒരു പ്രവാചകനെയും തന്റെ ജനതയുടെ ഭാഷയിലല്ലാതെ നാം നിയോഗിച്ചിട്ടില്ല; അവര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടി' (ഇബ്‌റാഹീം: 4) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍ അറബി അറിയാത്തവരുടെ പ്രയോജനത്തിനുവേണ്ടി അത് പരിഭാഷപ്പെടുത്തല്‍ അനുവദനീയമാണെന്നു അവര്‍ വിധി നല്‍കുകയും ചെയ്തു. വക്കം മൌലവിക്ക് എത്രയോ മുമ്പല്ലേ ഇതല്ലാം… പിന്നെ മക്തി തങ്ങളുടെ വിഷയത്തിലുള്ള താല്‍പര്യം അദ്ദേഹം കാണിച്ച തൌഹീദില്‍ ഉണ്ടായിരുന്നുവെങ്കില്‍ ബാക്കിയെല്ലാം ഒപ്പിക്കാവുന്നതാനെന്നതാണ്.