അല്‍ ഫാത്തിഹ….

മക്തി തങ്ങളുടെ പേരില്‍ ഒരു ഫാത്തിഹ ഓതി തുടങ്ങാം…

സയ്യിദ് ആയിട്ടാണ് മക്തി തങ്ങള്‍ അറിയപ്പെടുന്നത്. സഖാഫ് ഖബീല. കൃത്യമായ വിവരം ഇല്ല. മുന്‍ഗാമികളെ കുറിച്ചും കൂടുതലൊന്നും അറിയില്ല. പിന്‍ഗാമികള്‍ ഉണ്ടായുമില്ല. 1912 sep 19 നാണ് വഫാത്ത്. കൊച്ചി മട്ടാഞ്ചേരിയില്‍.

ശാദുലി ത്വരീഖത്ത്കാരനായ സയ്യിദ് സനാഉല്ലാഹ് എന്ന മക്തിതങ്ങള്‍ ഒരു വഹാബി ആയിരുന്നില്ല. അദ്ദേഹത്തിന് വഹാബിസം ഒരു കേട്ട്കേള്‍വി മാത്രം. അശഅരി ധാരയില്‍ വിശ്വസിക്കുന്ന ശാഫിഈ മദ്ഹബ് കാരനായിരുന്നു. സമകാലിക മതപണ്ഡിതന്മാരുമായി നയപരമായി ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ സമകാലിക പണ്ഡിതന്മാരുടെതിനേക്കാള്‍ ‘പുരോഗമന’ പരമായിരുന്നു; മറ്റു ചിലതില്‍ അന്നുള്ളവരേക്കാള്‍ അറുപിന്തിരിപ്പനും ആയിരുന്നു. വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി, പി കെ മൂസക്കുട്ടി സാഹിബ്, ശുജാഈ മൊയ്തു മുസല്യാര്‍, പൊന്നാനി ഉലമാക്കള്‍ തുടങ്ങിയ സമകാലികരായ ‘പുരോഗമന’ വാദികളുമായി ഒത്തുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതായത് അവര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില തീവ്രവാദങ്ങള്‍’ മക്തി തങ്ങള്‍ക്കുണ്ടായിരുന്നു. ഇക്കാരണത്താല്‍, തന്‍റെ സുപ്രധാന ദൗത്യനിര്‍വ്വഹണം  പോലും വളരെ ക്ലിഷ്ടമായി.

ബ്രിടീഷ് ഭരണത്തെ പിന്തുണക്കുക, ബ്രിടീഷ് രാജ്ഞിയെ ആദരിക്കുക, മാതൃഭൂമിയുടെ ഭര്‍ത്താവായ ഭരണ സംവിധാനത്തെ സേവിക്കാന്‍ വിദ്യ നേടി ഉദ്യോഗം വരിക്കുക, അതിനായി മലയാളവും ഇംഗ്ലീഷും പഠിക്കുക, വ്യാപാര കൃഷി മേഖലകളില്‍ മുഴികിയിരുന്ന സമുദായം അതുപേക്ഷിച് സര്‍ക്കാര്‍ സര്‍വീസില്‍ കയറുക, മത പഠനം അതിനു തടസ്സമാകയാല്‍ ഒന്നോ രണ്ടോ പേര്‍ മാത്രം ഒരു നാട്ടില്‍ മതം പഠിച്ച് ബാക്കിയുള്ളവര്‍ മലയാളത്തില്‍ താന്‍ തയ്യാറാക്കിയ ആറു മാസത്തെ മദ്രസ കോഴ്സ് മാത്രം പഠിച്ചു കുത്തനെ സ്കൂളില്‍ പോയി, നിര്‍ബന്ധ ബൈബിള്‍ പഠനത്തിനിരിക്കുക, ബൈബിള്‍ പഠിച്ചും സുവിശേഷകരുടെ ദുര്ബോധനത്തില്‍ പെട്ടും ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കുന്നവരെ തിരുത്താന്‍ താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ വായിച്ചും വിതരണം ചെയ്തും സഹകരിക്കുക ഇതെല്ലാമായിരുന്നു തന്‍റെ മുഖ്യ ആഹ്വാനങ്ങള്‍.

ഈ വക ‘മക്തിവാദ’ങ്ങളെ സമുദായം എങ്ങനെ കാണുമെന്ന് പറയേണ്ടതില്ലല്ലോ. ആഗ്രഹവും ആവേശവും ഉജ്ജ്വലമായിരുന്നെങ്കിലും മക്തി തങ്ങളുടെ സമീപനരീതി , അന്നത്തെ വെള്ളക്കാരെപ്പോലും തോല്‍പ്പിച്ച് കളഞ്ഞു. പ്രകോപനമായിരുന്നു തങ്ങളുടെ പ്രബോധനത്തിന്‍റെ മുഖമുദ്ര. അതിശയോക്തി നിറഞ്ഞു തുളുമ്പുന്ന പ്രസ്താവനകളും. അങ്ങോരുടെ കുഫ്ര് ഫത് വക്ക് യാതൊരു മുട്ടും ഇല്ലായിരുന്നു. നാടന്‍ മലയാളം ഉപയോഗിച്ചാല്‍ അത് സംസ്കൃത നിഘണ്ടു വിലെ അര്‍ത്ഥ പ്രകാരം ‘ഇസ്ലാമില്‍ നിന്നും പുറത്തുപോകുന്ന അശുദ്ധ മലയാള’ മായി പ്രസ്താവിച്ചു കളയും!. അന്ന് സ്കൂളില്‍ പോയി നാലക്ഷരം പഠിച്ചവരില്‍ പൊതുവേ കണ്ടിരുന്ന ഒരു ‘ദുഷ്പ്രവണത’ യായിരുന്നല്ലോ അത്.    ഒരുപക്ഷേ, അത്കൊണ്ടായിരിക്കാം അദ്ദേഹത്തെ ‘വഹാബി’ യായി ചിലരെങ്കിലും തെറ്റ്ദ്ധരിച്ചത്.  ഒറ്റയാന്‍ പോരാളി എന്നൊക്കെ മഹത്വ വിശേഷണം നല്‍കാമെങ്കിലും അതൊരു ന്യൂനതയായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ തങ്ങളുടെ നിലപാട് രാജാവിനെ ത്രിപ്തിപ്പെടുത്തുന്നതായിരുന്നെങ്കിലും അതിനെതിരെ സമുദായത്തില്‍ നിന്നും പറയത്തക്ക  പ്രതിഷേധങ്ങള്‍ ഉണ്ടായില്ല.  മക്തി തങ്ങളെ ആക്രമിക്കുന്ന ഒരു ചെറു രചന പോലും അന്നത്തെ സമുദായ നേതൃത്വങ്ങളില്‍ നിന്നുമുണ്ടായില്ല. എന്നാല്‍  സ്ത്രീവിദ്യാഭ്യാസം, സ്ത്രീരംഗപ്രവേശം, സ്ത്രീ തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ മക്തി തങ്ങള്‍ മതത്തോടൊപ്പമായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു രംഗത്തുണ്ടായിരുന്ന പി കെ മൂസക്കുട്ടി സാഹിബുമായി മക്തി തങ്ങള്‍ നടത്തിയ പോരാട്ടം, അദ്ദേഹം ക്രിസ്ത്യന്‍ മിഷനറി മാരുമായി നടത്തിയ പോരാട്ടം പോലെ പ്രസക്തമായിരുന്നു.

 ‘മുസ്ലിം സ്ത്രീകള്‍ ആധുനിക വിദ്ധ്യാഭ്യാസം മുഖേന പുരോഗതി നേടണ’ മെന്ന മൂസക്കുട്ടിയുടെ ആഹ്വാനത്തെ ഖണ്ഡിച്ചു കൊണ്ട് മക്തി തങ്ങള്‍ തന്‍റെ ‘നാരീ നരാഭിചാരി’ യെന്ന പ്രസിദ്ധ കൃതി രചിച്ചു. അതിന് വക്കം മൌലവിയുടെ സ്വദേശാഭിമാനി’യിലാണ് മൂസക്കുട്ടി മറുപടി എഴുതുന്നത്! അന്നത്തെ ഒരു നവോഥാന പത്രം മറ്റൊരു നവോഥാന നായകനു മറുപടി പറയാന്‍ താളുകള്‍ നല്‍കിയെന്നത് കേള്‍ക്കാന്‍ കൌതുകമുള്ള വാര്‍ത്തയാണ്. തങ്ങള്‍ വിട്ടു കൊടുത്തില്ല. “അതോടു കൂടി തങ്ങളവര്കളും മൂസക്കുട്ടി സാഹിബും പരസ്പരം ലേഖന- ലഘുലേഖ മത്സരം നടന്നു.” മക്തി തങ്ങള്‍ ഒരു വ്യക്തിയെ പേരെടുത്ത് വിമര്‍ശിക്കുന്ന രണ്ട് കൃതികളാണ് എഴുതിയിട്ടുള്ളത്. രണ്ടും ഈ ‘പരിഷ്കാരിയായ’ മൂസക്കുട്ടിയെ ആക്രമിക്കുന്നതായിരുന്നു. ഒന്ന്, ‘മൂസക്കുട്ടിക്കുത്തരം’, മറ്റൊന്ന്, ‘മൂസക്കുട്ടിക്കൊരു മൂക്കുകുത്തി’. നിര്‍ഭാഗ്യവശാല്‍, നവോഥാന ചരിത്ര നിര്‍മ്മാതാക്കള്‍ അത് പൂഴ്ത്തിക്കളഞ്ഞു!! അവ കയ്യില്‍ കിട്ടിയിട്ടും പ്രസിദ്ധീകരിക്കാതെ ഒളിപ്പിച്ചു വെക്കുകയായിരുന്നു: “ ഇക്കാലത്തെക്ക് ആവശ്യമില്ലെന്ന് തോന്നിയത് നിമിത്തം ആ രണ്ടു ലഘു പുസ്തകങ്ങളും ഞാന്‍ മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തീട്ടില്ല.” (കെകെ കരീം, മക്തി തങ്ങളുടെ ജീവചരിത്രം,, പുറം 67, പ്രസാ. കിം തിരൂര്‍… 97 ല്‍ യുവത ഇറക്കിയ ഇതേ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പില്‍ ഉദ്ധൃത വരിയും കാണില്ല, പൂഴ്ത്തി!!).

നേരിയ കൈക്രിയകളോടെ യാണെങ്കിലും തങ്ങളുടെ ‘നാരീ നരാഭിചാരി’ പ്രസിദ്ധം ചെയ്തത് വലിയ സംഭവം തന്നെ! അത് പുതിയ കാലത്ത് ആവര്‍ത്തിച്ചു വായിക്കപ്പെടണം. (ഈ ബ്ലോഗില്‍ അത് കൊടുക്കാന്‍ ശ്രമിക്കാം.) 

 മക്തി തങ്ങളുടെ നിലപാടിലേക്ക് , അദ്ദേഹത്തെ വഴിയിലുപേക്ഷിച്ചവര്‍ തിരിച്ചുപോകുകയാണ് എന്ന വിശേഷം ഈയ്യിടെയായി സംഭവിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കപ്പെടുന്നു;  ഹിജാബ് പാലിക്കുന്നു ; ജോലികളില്‍ നിന്നും പതിയെപ്പതിയെ ഉള്‍വലിയുന്നു.. എന്നാല്‍, അന്നത്തെ പച്ചപ്പരിഷ്കാരി മൂസക്കുട്ടിയെ,  ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇന്നത്തെ യാഥാസ്ഥിതികര്‍. സ്ത്രീ ഭൗതികവിദ്യാഭ്യാസം ‘ഞങ്ങളുടെ’ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു..

തങ്ങളേ മാപ്പ്!!
Leave a Reply